Friday, August 28, 2009
ഇനി പാറ്റൂര്‍ ലളിതയുടെയും ആറ്റിങ്ങല്‍ റംലയുടെയും കാലമോ
ഇന്ന് കേരളത്തില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ ഏതെന്ന് ചോദിച്ചാല്‍ ആതിരേ, കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ ഒരേ സ്വരത്തില്‍ പറയും അത് 'ഗുണ്ടയും' ക്വട്ടേഷനുമാണെന്ന്. അത്രയ്ക്ക് ചിരപരിചിതമായി കഴിഞ്ഞു കേരളീയര്‍ക്ക് ഈ ഭീകരതകള്‍. തമ്മനം ഷാജിയും ഗുണ്ടുകാട് സാബുവും മൃഗം സാജുവും ഓം പ്രകാശും പുത്തന്‍പാലം രാജേഷും തുടങ്ങി ഈ രംഗത്തുള്ള സൂപ്പര്‍ താരങ്ങളെ വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് പരിചിതമാണ്. ഇവര്‍ കേരളത്തില്‍ സ്വൈരവിഹാരം നടത്തുമ്പോഴും കൂലിക്ക് വെട്ടിയും കൊന്നും ചോരപ്പുഴ ഒഴുക്കുമ്പോഴും ഒന്നുമറിയാത്തവരായി പക്ഷെ, രണ്ടുപേരുണ്ട്-ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണും ഡിജിപി ജേക്കബ് പുന്നൂസും.
ഈ ഗുണ്ടാനേതാക്കളെപ്പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതനാണിപ്പോള്‍ 'ആ മന്ത്രിപുത്രന്‍'. കേരളത്തില്‍ എന്ത് അക്രമം നടന്നാലും അതുമായി ബന്ധപ്പെട്ട് ഈ 'ഇതിഹാസ യുവാവിന്റെ'യും പേരും പൊങ്ങിവരും. കിളിരൂര്‍ കവിയൂര്‍ പെണ്‍വാണിഭകേസില്‍ തുടങ്ങിയ ഈ കുപ്രസിദ്ധി സന്തോഷ് മാധവന്‍ കേസ്, ടോട്ടല്‍ തട്ടിപ്പ്, മഠത്തില്‍ രഘുവിന്റെ വിമാനത്താവളത്തിലെ പരാക്രമം എന്നിവ കടന്ന് ഇപ്പോള്‍ മുത്തൂറ്റ് പോള്‍ ജോര്‍ജ് വധം വരെ എത്തിനില്‍ക്കുന്നു.
ആതിരേ, പോള്‍ ജോര്‍ജ് വധം സംബന്ധിച്ച് പോലീസ് തയ്യാറാക്കിയ തിരക്കഥയിലെ ലൂപ് ഹോളുകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ചൂടുള്ള വാര്‍ത്തകളും ചര്‍ച്ചാവിഷയങ്ങളും. ചങ്ങനാശേരി ക്വട്ടേഷന്‍ ഗ്രൂപ്പിലെ കാരി സതീഷ് എന്ന ഒരംഗമാണ് പോളിനെ കൊന്നതെന്ന്, കൊല്ലാന്‍ ഉപയോഗിച്ച 'എസ്' ആകൃതിയിലുള്ള കത്തി വരെ കണ്ടെത്തി പോലീസ് വെളിപ്പെടുത്തുമ്പോള്‍ 15 ലക്ഷം രൂപ നല്‍കിയാണ് സതീഷിനെ കൊണ്ട് ഈ കുറ്റം സമ്മതിപ്പിച്ചത് എന്നാണ് അമ്മയടക്കമുള്ള ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കീഴടങ്ങിയ സതീശനെ അറസ്റ്റ് ചെയ്ത് എന്ന് മേനി നടിക്കുന്ന പോലീസിന്റെ കള്ളക്കളിയാണ് സതീശന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് ദിവസം സതീശന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വാടക വീട് അരിച്ചുപെറുക്കിയിട്ടും കിട്ടാതിരുന്ന കത്തി വ്യാഴാഴ്ച കണ്ടെത്തിയതിലെ യുക്തിയില്ലായ്മയാണ് ബന്ധുക്കള്‍ ചോദ്യം ചെയ്യുന്നത്.
ഓംപ്രകാശും പുത്തന്‍പ്പാലം രാജേഷും പോളിനോടൊപ്പം ഉണ്ടായിരുന്നുവെന്നും സീരിയല്‍ - സിനിമ - ഉത്തരേന്ത്യന്‍ സുന്ദരിമാരും കൂടെ യാത്രചെയ്തിരുന്നുവെന്നും 40 ലക്ഷം രൂപയും സ്വര്‍ണവും ഒക്കെയായിട്ടായിരുന്നു ഇവരുടെ യാത്രയെന്നും ഇപ്പോള്‍ വാര്‍ത്തകള്‍ ചോര്‍ന്ന് വരുന്നുണ്ട്. ഇതൊന്നും പോലീസ് സമ്മതിക്കുകയില്ലെങ്കിലും പോള്‍ വധം സംബന്ധിച്ച് പോലീസ് പറയുന്ന കഥകള്‍ ഇത്രയും പോലും വിശ്വസനീയമല്ല എന്നതാണ് ആതിരേ, ജേക്കബ് പുന്നൂസിന്റെയും വിന്‍സന്‍ എം. പോളിന്റെയും തൊപ്പിയില്‍ തൂവല്‍ ചാര്‍ത്തുന്നത്.
ഈ ഗുണ്ടകള്‍ക്ക് എസ്‌എഫ്‌ഐ നേതാക്കള്‍ മുതല്‍ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ വരെയും മന്ത്രിപുത്രന്‍ മുതല്‍ പോലീസിലെ ഉന്നതന്മാര്‍ വരെയും ഉള്ള ബന്ധം മൂലമാണ് സത്യം പറയാന്‍ ജേക്കബ് പുന്നൂസിന്റെ പോലീസിന് കഴിയാതെ പോകുന്നത്. വിദേശത്തായിരുന്ന ഓംപ്രകാശ് നാട്ടിലെത്തിയത് മന്ത്രിപുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന് വ്യകതമായിട്ടുണ്ട്. . എന്നിട്ടും കോടിയേരിക്കും ജേക്കബ് പുന്നൂസിനും കേരളാ പോലീസിനും ഉളുപ്പില്ല. കാരണം ഈ ആരോപണങ്ങളുടെയും ഗുണ്ടകളുടെയും പിറകേ പോയാല്‍ സര്‍ക്കാരിലെയും പോലീസിലെയും പാര്‍ട്ടിയിലെയും പല പകല്‍മാന്യന്മാരുടെയും തനിനിറം പുറത്തുവരുമെന്ന് അവര്‍ക്കറിയാം.
അതുകൊണ്ടുതന്നെ മുത്തൂറ്റ് പോളിന്റെ കൊലപാതകം നരഹത്യയാക്കിമാറ്റി കേസും വിവാദങ്ങളും എത്രയും പെട്ടെന്ന് ഇല്ലാതാക്കാനാണ് പോലിസിന്റെ ശ്രമം. അതിന്റെ ഭാഗമായിട്ടാണ് മാധ്യമങ്ങള്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തണ്ട എന്ന ഉദ്ബോധനം കോടിയേരി ബാലകൃഷ്ണില്‍ നിന്നുണ്ടായത്.
ഈ കേസില്‍ ഉള്‍പ്പെട്ട ഗുണ്ടകള്‍ക്ക് ആതിരേ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി മാത്രമല്ല ബന്ധമുള്ളത്. ബിജെപിയും കോണ്‍ഗ്രസും ഗുണ്ടാബന്ധങ്ങളില്‍ ഒട്ടും പിന്നിലല്ലെന്നോര്‍ക്കണം. പോള്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന നാലുകോടി കുന്നേല്‍ ജയന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ്. പുത്തന്‍പാലം രാജേഷിന്റെ ഗുണ്ടകളില്‍ ചിലര്‍ സിഐടിയു ചുമട്ടുതൊഴിലാളികളാണ്. പ്രായം ചെല്ലുമ്പോള്‍ ജോലി ചെയ്യാന്‍ കഴിവില്ലാത്ത ചുമട്ടുതൊഴിലാളികളില്‍ നിന്ന് 50,000 മുതല്‍ ഒരുലക്ഷം രൂപ വരെ നല്‍കി അവരുടെ ബാഡ്ജ് വാങ്ങി നല്‍കിയാണ് സംഘാംഗങ്ങളെ ചുമട്ടുതൊഴിലാളികളാക്കി രാജേഷ് തന്റെ കൗശലം നടപ്പാക്കിയത്.
ആതിരേ, കേരളത്തില്‍ ഇന്ന് ക്വട്ടേഷന്‍ സംഘങ്ങളാണ് നിയമപാലനം നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തണലും ആശ്രയവുമാകുന്നത് രാഷ്ട്രീയക്കാരും. പ്രതിയേഗികളെ ഒതുക്കാനും ആത്മരക്ഷയ്ക്കും തോക്കും ഉണ്ടയും കൊണ്ടുനടക്കുന്നത് കൂടാതെ ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റുന്നവരാണ് ഇവരില്‍ പല നേതാക്കന്മാരും. കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടാനേതാക്കന്മാരുടെ തലതൊട്ടപ്പന്മാര്‍ ഇവരാണ്. ഇവര്‍ക്ക് പുറമേയാണ് പെണ്‍വാണിഭം, കള്ളക്കടത്ത്, മണല്‍ ഖാനനം, ഹവാല, വാഹനവായ്പ സംഘങ്ങള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍ തുടങ്ങിയവ സ്വന്തം ഗുണ്ടാസംഘത്തെ പുലര്‍ത്തുന്നത്. ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പോലീസിലെ പല ഉന്നതന്മാരും ഇവരാണ് ഗുണ്ടകള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കുന്നത്. പോള്‍ വധകേസില്‍ സംശയിക്കപ്പെടുന്ന ഓംപ്രകാശിന് രക്ഷപ്പെടാന്‍ വഴികളൊരുക്കിയത് കൊല്ലത്തെ ഒരു ഡിവൈഎസ്പിയാണെന്ന് വിന്‍സന്‍ എം പോള്‍ അടക്കമുള്ളവര്‍ക്ക് അറിയാം. ഓം പ്രകാശും രാജേഷും സഞ്ചരിച്ച വാഹനം വിട്ടുകൊടുക്കാന്‍ ഒത്താശ ചെയ്തത് ചവറ സിഐ ആണെന്നും ഡിജിപിയടക്കമുള്ളവര്‍ക്കറിയാം.എന്നിട്ടെന്ത്
അതാണ് ആതിരേ മന്ത്രിപുത്രന്റെ മിടുക്ക്.ആനുഷംഗീകമായി പറയട്ടെ, യുഡിഎഫ് ഭരണകാലത്ത് തോന്ന്യാസം കാണിക്കുന്ന മന്ത്രിപുത്രന്മാരുണ്ടായിരുന്നു.എന്നാല്‍ അവരാരും കോടിയേരിയുടേയും ശ്രീമതിയുടേയും പുത്രന്മാരെപൊലെ തലതെറിച്ചവരായിരുന്നില്ല
കേരളത്തില്‍ ഇതുവരെ 548 പേര്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, ഇവരില്‍ 200ല്‍ താഴെ പേരെ മാത്രമാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. മറ്റുള്ളവര്‍ എവിടെ പോയി എന്നുചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ കഴിയുന്നത് മന്ത്രിപുത്രനും ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ്. ഒരു ഓണത്തലേന്ന്, ജോലി കഴിഞ്ഞ് പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന യുവാവിനെ കൂട്ടിക്കൊണ്ടുപോയി ഉരുട്ടിക്കൊന്ന വീര്യമൊന്നും ഗുണ്ടകളുടെ നേരെ എടുക്കാന്‍ കേരളപോലീസിന് ധൈര്യം പോര. കാരണം, ഇവരില്‍ നിന്ന് നല്‍കുന്ന മാസപ്പടി സര്‍ക്കാര്‍ ശമ്പളത്തേക്കാള്‍ എത്രയോ ഇരട്ടിയാണ്. ഇനി ആരെങ്കിലും ആളുമാറി ഗുണ്ടകളിലൊരാളെ കസ്റ്റഡിയിലെടുത്താല്‍ വിട്ടയക്കാന്‍ അടുത്ത നിമിഷം തന്നെ മുകളില്‍ നിന്ന് വിളിവരും. അതുകൊണ്ട് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നിലപാടാണ് പോലീസിലെ ഭൂരിപക്ഷം പേരും, ഗുണ്ടകളുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്.
പുരുഷ ഗുണ്ടകള്‍ അരങ്ങുവാഴുന്ന രംഗത്തേയ്ക്ക് ആതിരേ, സ്ര്തീകളും എത്തിക്കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടായായി പ്രഖ്യാപിക്കപ്പെട്ടത് ശോഭ ജോണാണ്. കുപ്രസിദ്ധമായ തന്ത്രികേസിലെ പ്രധാന സൂത്രധാരയായിരുന്നു ശോഭ ജോണ്‍. ഇവരുടെ പേരില്‍ വ്യാജ രേഖ ചമയ്ക്കല്‍ മുതല്‍ കൊലപാതക കേസുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുമായുള്ള ചങ്ങാത്തമാണ് ശോഭ ജോണിന്റെ ബിസിനസ് വികസിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല എന്നോര്‍ക്കണം.
ശോഭ ജോണിന് പിന്നാലെയാണ് 50 ഓളം അബ്കാരി കേസുകളില്‍ പ്രതിയായ പാറ്റൂര്‍ ലളിതയും ആറ്റിങ്ങള്‍ റംലയും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളത്. പുരുഷ ഗുണ്ടകള്‍ കൈവെച്ച മേഖലകളിലെല്ലാം തന്നെ ഇവരും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു.
മാവേലി നാട് വാണിരുന്ന കേരളത്തിലിനി ആണ്‍ഗുണ്ടകുളടെയും പെണ്‍ഗുണ്ടകളുടെയും കാലം. ജനജീവിതം ഇനി ഇവരായിരിക്കും നിയന്ത്രിക്കുക. പോലീസും നിയമവും നോക്കുകുത്തികളാവും. ഭരിക്കുന്നത് ഈ ഗുണ്ടകളുടെ പിണിയാളുകളായിരിക്കും. എതിര്‍ക്കുന്നവര്‍ അവശേഷിക്കാത്ത ഒരു സമ്പൂര്‍ണ ആധിപത്യം അതിന്റെ തുടക്കമാണ് ചങ്ങനാശേരിയുടെ തെരുവില്‍ ഒരു ക്വട്ടേഷന്‍ സംഘം മൊബെയില്‍ നമ്പര്‍ അടക്കമുള്ള പരസ്യം നല്‍കിയത്.
ഗുണ്ടകളുടെ സ്വന്തം നാട്ടിലേയ്ക്ക് വെച്ചടി വെച്ചടി കയറുകയാണ് ആതിരേ മാവേലിയുടെയും ദൈവത്തിന്റെയും സ്വന്തം നാട്.
ഒന്നാം മുറിവ്:പോള്‍ വധാന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കുകയാണേന്നും പോളിനെ കുത്തിയ ഗൂണ്ടയ്ക്ക് ആര്‍എസ്‌എസ് ബന്ധമുണ്ടെന്നും മാധ്യമങ്ങള്‍ കേസന്വേഷണം വഴിതെറ്റിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പുത്രന്‍ എന്നു പറയാതെ ഏതു മന്ത്രിയുടെ പുത്രന്‍ എന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയന്‍ പത്രസമ്മേളനം നടത്തിക്കഴിഞ്ഞു.
ഇനി ഓംപ്രകാശിനും രാജേഷിനും കോടിയേരിക്കും ലേക്കബ് പുന്നൂസിനും ബിനീഷ് കോടിയേരിക്കും വിന്‍സന്‍ എം. പോളിനും ധൈര്യമായി ശ്വാസം വിടാം
Subscribe to:
Post Comments (Atom)
1 comment:
ആരാണീ ആതിര.
Post a Comment