Tuesday, December 25, 2007

നിറഞ്ഞെങ്കിലീ നിശ്വാസങ്ങള്‍ മനസ്സില്‍...


"ഒരു കൊച്ചു പൂവിന്റെ നിശ്വാസങ്ങള്‍ ഒരു മനുഷ്യന്റെ സുഖ-ദുഃഖങ്ങളേയും ചിലപ്പോള്‍ ആ മനുഷ്യനെത്തന്നേയും അതിജീവിക്കും "

-ഇവാന്‍ തുര്‍ഗനേവ്‌

ഈ പുതുവര്‍ഷത്തില്‍ എല്ലാമണ്ണിലും മനസ്സിലും ഏതെങ്കിലുമൊരു കൊച്ചുപൂവിന്റെ നിശ്വാസം നിറഞ്ഞെങ്കിലെന്ന്‌ നമുക്ക്‌ ആത്മാര്‍ത്ഥമായി ആശിക്കാം അല്ലേ ആതിരേ....

......
.......
ഇനിയൊരു

'പഥേര്‍ പാഞ്ജലി '



'നിത്യജീവിത ദുഷ്ക്കരപ്പദപ്രശ്ന'ക്കള്ളികള്‍ നിറഞ്ഞ
കലണ്ടര്‍ത്താളുകള്‍ പന്ത്രണ്ടും മുഖം പൂഴ്ത്തുന്നു
നിര്‍ലജ്ജം ചുവരിന്‍ നെഞ്ചിലേയ്ക്ക്‌...

.................
(വിടകൊള്ളുന്നത്‌ കരുണയറ്റൊരാണ്ട്‌ ,
വരവാകുന്നത്‌ കഠിനദുരിതവര്‍ഷം...)

...............
കാമനകള്‍ക്കാരണ്യകാണ്ഡവും
നിനവുകള്‍ക്കജ്ഞാതവാസവും
വിധിച്ചു,ന്മത്ത,മത്ഥരാതന്ത്രങ്ങള്‍
കാലമുരുക്കഴിക്കുമ്പോ,ളോര്‍മ്മയില്‍-
പ്പൊലിയുന്നു,കള്ളി-കറുപ്പു,ചെമപ്പക്ഷരങ്ങളും
രാശി,യുദയാസ്തമയ,നിസ്ക്കര സമയങ്ങളും
വിശേഷദിനക്കുറിപ്പുകളുമില്ലാത്തൊ-
രതിജീവനക്കലണ്ടര്‍....;

പങ്കുവയ്ച്ചിട്ടും പാതി ബാക്കിയാവുന്ന
ഭയ-സംത്രാസങ്ങള്‍ തലക്കുറിയാകുന്ന,
പകര്‍ത്തി,പ്പറയാതിരുന്ന ദിനവൃത്താന്തക്കുറിപ്പുകള്‍....


-പ്രണയം പകുത്തുനല്‍കാനാവാതുഴറി-
ക്കിതച്ചു,വന്ധ്യമായ്ത്തീര്‍ന്ന ദിനരാത്രങ്ങള്‍.....
-സ്നേഹം വഴിമാറിയൊഴുകി,യൂഷരമായ്‌-
ത്തുടരുന്ന മനഃഭൂമികള്‍....
-കരുണ തളിര്‍,ത്തുടന്‍കരിഞ്ഞുണങ്ങിയ
കണ്ണെത്താ സ്വാര്‍ത്ഥതപ്പൊന്തകള്‍...
-വെറുപ്പിന്നാന്ധ്യം തെഴുത്തുകൊഴുത്ത
വിചാരണശൈലങ്ങള്‍...
-വിശപ്പാളി,ക്കുടല്‍കരിഞ്ഞുണങ്ങിയ
വിഭ്രാത്മക കൂടിക്കാഴ്ച്ചകള്‍...
-തൊട്ടടുത്തുണ്ടായിട്ടും തിരിച്ചറിയാനാവാ-
തൊടുങ്ങിയ ആഗ്രഹനിലവിളികള്‍...
-ഹ്രസ്വനിദ്രയെ ഞെരിച്ചു,ഞെട്ടിച്ചുണര്‍ത്തിയ
ബീഭല്‍സ സ്വപ്നക്കാഴ്ച്ചകള്‍...


-കഠിനമീ,ക്കൊടിയ,ക്കരിമ്പാറ-
ക്കെട്ടുകള്‍ക്കിടയില്‍ നിന്നും
കൃപാര്‍ദ്രം ,കന്മദസൗമ്യം കിനിഞ്ഞിറങ്ങിയ
നീയാം നിറകണ്‍ചിരി,
സാന്ത്വന,പ്പുണ്യ, പ്രചോദനം....


നീയെന്നും പുതുവര്‍ഷം ,നിറഹര്‍ഷം ;
ഞാനേകന്‍ ,കരിപൂശിയ വാവ്‌...!

.............
നീയെനിക്കെന്നുമെന്റെ ,യാര്‍ദ്ര...!
ധൂമകേതുക്കള്‍ പുളയ്ക്കുമെന്‍
ജീവിതാംബരത്തെ,ത്തുടുപ്പി-
ച്ചുന്മത്തമാക്കിയോ,രാതിര,ത്താരകം....
നിനക്കാകട്ടെ
ശാന്തി
സൗഖ്യം
കരയാക്കരളും....


('പതേര്‍ പാഞ്ചാലി' എന്നുവിളിച്ചും വിശേഷിപ്പിച്ചും വിശ്രുതമായൊരു ബംഗാളി നോവലിനേയും നോവലിസ്റ്റിനേയും ഫിലിം മേക്കറേയും അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്‌ സാക്ഷരരെന്ന്‌ അഹംഭാവം കാട്ടുന്ന ഇന്ത്യന്‍ സാഹിത്യസത്വങ്ങള്‍..! മനസ്സില്‍ 'പാഞ്ചാലിത്തം'കൊണ്ടുനടക്കുന്നവരില്‍ നിന്ന്‌ ഇതിലും ലഘുവായതെന്താണ്‌ പ്രദര്‍ശിപ്പിക്കപ്പെടുക..? അല്ലേ..! കഷ്ടം !!.'പഥേര്‍ പാഞ്ജലി 'യെന്നാല്‍ 'പാതയിലെ പാട്ട്‌ 'എന്നര്‍ത്ഥം )

Sunday, December 23, 2007

അലസിപ്പോകുന്ന ഗര്‍ഭം........


രക്ഷകപ്പിറവിയുടെ സ്മരണകള്‍
മദ്യമായും മൃഗമാംസമായും
( വാഹനാപകട) മരണമായും
പതഞ്ഞുയരുന്ന ലഹരിയായി
ആതിരേ ,
ഒരു ക്രിസ്മസ്‌ കൂടി...

മോചനത്തിന്റെ
ക്ഷമയുടെ
സ്നേഹത്തിന്റെ
സൗമ്യതയുടെയൊക്കെ
സുവിശേഷവുമായി
ദൈവപുത്രന്‍
തച്ചന്റെ മകനായി
കാലിത്തൊഴുത്തില്‍ പിറന്ന്‌
വളര്‍ന്ന്‌
കുരിശില്‍ മരിച്ച്‌
മൂന്നാം നാളുയര്‍ത്തെഴുന്നേറ്റിട്ട്‌
എന്തു മാറ്റമാണാതിരേ
ക്രിസ്തുവിശ്വാസികളില്‍ പോലും
കാണാന്‍ കഴിയുന്നത്‌ ?

മാര്‍ക്സ്‌ പറഞ്ഞതാണ്‌ ശരി :
" അലസിപ്പോകുന്ന ഗര്‍ഭം ഒന്നിനും
ജന്മം നല്‍കുന്നില്ല ; അത്‌
മാതാവിന്റെ ശരീരത്തെ
ക്ഷീണിപ്പിക്കുന്നതേയുള്ളു.."

എന്നിട്ടും ക്രിസ്മസ്‌ ആഘോഷിക്കപ്പെടുന്നു.......!

"പുരുഷന്‍ തൊടാതെ കന്യക ഗര്‍ഭിണി "യാകുന്നതിന്റെ
'നോ-ഹൗ 'മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ദാമ്പത്യം എന്ന സ്ഥാപനവും
അതിന്റെയുള്ളില്‍ നടക്കുന്ന
സ്ത്രിധന സമ്പ്രദായം ,
സ്ത്രിധനപീഡനം ,
ഇഷ്ടമില്ലാത്ത രതി ,
ഇഷ്ടമില്ലാത്ത ഗര്‍ഭധാരണം ,
അന്യോന്യ വെറുപ്പ്‌, വഴക്ക്‌ ,
വ്യഭിചാരം,അറസ്റ്റ്‌ ,
വീട്ടമ്മയുടെ ആത്മഹത്യ,
വിവാഹിതരുടെ ഒളിച്ചോട്ടം ,
വിഷം കഴിച്ച്‌ കമിതാക്കളുടെ
ലോഡ്ജിലെ മരണം ;
വിവാഹ മോചനം, കോടതിനടപടികള്‍ ,
ജീവനാംശം നല്‍കല്‍,
അനാഥമക്കപ്പെടുന്ന ,
ശൈശവ-ബാല്യ-കൗമാരങ്ങള്‍ ,
അവരില്‍നിന്ന്‌ പരിണതികൊളുന്ന
ക്രിമിനല്‍ സമൂഹം
തുടങ്ങിയ ശാപങ്ങളില്‍ നിന്ന്‌
മനുഷ്യരാശിക്ക്‌ മോചനം
ലഭിക്കുമായിരുന്നില്ലേ, ആതിരേ ?........

തന്നതില്ല,പരനീ,യുപായം
തിരഞ്ഞറിയാന്‍ മന,സ്സീശന്‍...

അതുകൊണ്ട്‌
ഈ ക്രിസ്മസിന്‌
എനിക്ക്‌ പങ്കുവയ്ക്കാനുള്ളത്‌
കവി യെറ്റ്സിന്റെ ആശങ്കയാണ്‌ ആതിരേ

" പിറക്കാന്‍ സമയമടുത്ത
ഏതുപരുക്കന്‍ മൃഗമാണിനി
ബേത്ലഹേമിലേയ്ക്ക്‌ പതുങ്ങിയെത്തുന്നത്‌..."? !!!!!!!

Wednesday, December 19, 2007

ദൈവത്തിന്റെ തെറ്റ്‌













ഇവിടെ, ഇപ്പോഴും
മഴ ചാറുകയാണാതിരേ
ഋതുനിര്‍ണയങ്ങളെ
കബളിപ്പിച്ചെത്തിയ
ധനുമഴക്കുളിരുമായി
ഒരു ബലിപെരുന്നാള്‍ ദിനം കൂടി...
ആഘോഷങ്ങളിലേയ്ക്ക്‌
പ്രതീക്ഷകള്‍ മിഴിതുറക്കാന്‍
‍യാമങ്ങള്‍ രണ്ടുമാത്രം ബാക്കി .
ഇപ്പോള്‍, എന്റെ നിര്‍നിദ്രയിലേയ്ക്ക്‌
അലച്ചെത്തുന്നത്‌
അറവുമാടുകളുടെ
ഒടുവിലത്തെപ്പിടച്ചിലും
അവസാനത്തെ നിശ്വാസവും.....
അതേ, കുട്ടി
ബലിപെരുന്നാള്‍ അടിപൊളിയാവുകയാണ്‌.
ആതിരേ ,
മനുഷ്യനിലെ മൃഗീയതയ്ക്ക്‌
അനുഷ്ഠാനത്തിന്റെ കാര്‍ക്കശ്യവും
ആചാരത്തിന്റെ നിഷ്ഠാബദ്ധതയും കല്‍പ്പിച്ച്‌
പുരോഹിതവര്‍ഗ്ഗം അടിച്ചേല്‍പ്പിച്ച
മനുഷ്യബലിയുടെ
നിണച്ചൂരു
നീക്കാന്‍ദൈവത്തിനുപോലും
മൃഗബലിയെന്ന
നീതിനിഷേധ‍ത്തില്‍
‍മനസ്സും കാമനകളും
ഒളിപ്പിക്കേണ്ടിവന്നു..!
- അത്രയ്ക്കായിരുന്നു
വൈദീക ധര്‍ഷ്ട്യം....
-അത്രയ്ക്കായിരുന്നു
ദൈവീക ദൈന്യം..!!
എതിര്‍ക്കാനാവാതെ
സൃഷ്ടിക്കു(?) മുന്നില്‍സ്രഷ്ടാവ്‌ (? )
കീഴടങ്ങിയ
ധാതുക്ഷയ-നിസ്സഹായത.....!!
ദൈവത്തിന്റെ ആ തെറ്റ്‌
നൂറ്റാണ്ടുകളായി ,
മാറ്റമില്ലാതെ മനുഷ്യന്‍ കൊണ്ടാടുമ്പോള്‍
‍കേള്‍ക്കുന്നില്ലേ ,
ആതിരേ
( നിന്റെ സുഷുപ്‌തിയിലേയ്ക്ക്‌ -
ഈ പുലരിയില്‍പെയ്തുപൊലിയുന്ന )
ബലിപെരുന്നാളാഘോഷങ്ങളില്‍
‍രുചികര- വിഭവമാകാന്‍- വിധിക്കപ്പെട്ട
ഒടുവിലത്തെ
അറവുമാടിന്റെ
ഒടുങ്ങാത്ത രോദനം.....?
ഹോ...,
മനുഷ്യന്‍
എത്ര
മൃഗീയപദം....

Friday, December 14, 2007

അര്‍ദ്ധ ശതാബ്ധിപ്പൂക്കള്‍ മിഴിതുറക്കാതിരുന്നെങ്കില്‍



ഇല്ലിക്കാടുകള്‍ വീണ്ടും പൂത്തത്‌

അറിഞ്ഞോ ആതിരേ..?

കുട്ടിയുടെ അര്‍ദ്ധശതാബ്ധിപ്പൂക്കള്‍വിരിഞ്ഞുലഞ്ഞത്‌

അറിഞ്ഞില്ലെന്നോ..?

എങ്ങനെ അറിയും...!

കാളക്കൂറ്റന്മാരും പന്നിക്കുട്ടന്മാരും നിയന്ത്രിക്കുന്ന

ധനാധിവേശത്തിന്റെ ശാപമായ ന്യൂ ജനറേഷന്‍ ബാങ്കിലെ ജോലിയും

മിതശീതോഷ്ണ ജീവിത സാഹചര്യവും

ഡോളര്‍ നിരക്കിലുള്ള ശമ്പളവും

മനസിന്റെ ആര്‍ദ്രഭാവങ്ങളെ ഊഷരമാക്കുമ്പോള്‍

ഒരുകാട്ടുചെടി പുഷ്പിണിയാകുന്നത്‌ എന്തിനറിയണമല്ലേ....

എന്‍ ആര്‍ കെ , എന്‍ ആര്‍ ഐ മലയാളികളില്‍

ഭൂരിപക്ഷത്തേയുംബാധിച്ചിട്ടുള്ള പൊതു സ്വഭാവമാണല്ലോ

ഇത്തരം മുഖംതിരിക്കലുകള്‍

ചൊടിക്കേണ്ട ,

കുറ്റപ്പെടുത്തിയതല്ല..

" ഉദരം നിമിത്തം ബഹുകൃത വേഷം ..' .

സമ്മതിച്ചു..

മലയാളിക്ക്‌ സാഹചര്യമനുസരിച്ച്‌ മാറാം.

മുളകള്‍ക്കങ്ങനെ പറ്റില്ലല്ലോ കുട്ടി..!!

മാറ്റം അനിവാര്യമായിരിക്കാം.എന്നാല്‍ ,

മറവി അപരാധം തന്നെയാണ്‌..

അതുകൊണ്ട്‌ ഓര്‍മിപ്പിക്കട്ടെ

ഇല്ലിക്കാടുകള്‍ വീണ്ടും പൂത്തു,ആതിരേ...

മുപ്പത്തിയേഴ്‌ കിലോമീറ്റര്‍ കൊടും വനത്തിലൂടെ,

ആനച്ചൂരും കരടിപ്പേടിയും മുള്ളന്‍പന്നിഭീഷണിയും വകഞ്ഞു നടന്ന്‌ നാം ആദിവസിക്കുടിയിലെത്തിയതിന്റേയും

അന്നവിടെ നിന്നുകഴിച്ച മുളയരിക്കഞ്ഞിയുടേയും

ചുട്ടെടുത്ത കാട്ടുകാച്ചിലില്‍ , ചുട്ട തേനൊഴിച്ചുണ്ടാക്കിയ കാട്ടുപലഹാരത്തിന്റേയും

രുചിയോര്‍മ്മകള്‍ ഈ പാതിരാത്രിയിലും

എന്റെ രസമുകുളങ്ങളെ കോരിത്തരിപ്പിക്കുന്നുണ്ടാതിരേ...

അന്ന്‌ ആ ആദിവസിമൂപ്പന്‍ പറഞ്ഞത്‌

കുട്ടിയിപ്പോള്‍ ഓര്‍മ്മിക്കുന്നുണ്ടാകണം :

" പൂത്തുലയുന്ന ഇല്ലിക്കാടിന്റെ നെറുകയില്‍ നിന്നിറങ്ങി

പട്ടിണിയും പരിവട്ടവും മരണവും, കാട്‌ കടന്ന്‌ കുടികളിലെത്തുന്നു "

അയാള്‍ പിന്നെയും പറഞ്ഞു :

" അന്‍പതാണ്ടുകൂടുമ്പോള്‍ ഇല്ലിക്കാടുകള്‍ കൂട്ടമായി പൂക്കും...

പൂത്തു കഴിഞ്ഞാല്‍ പിന്നെ കൂട്ടത്തോടെ നശിക്കുകയും ചെയ്യും "

അപ്പോള്‍ കുട്ടിയെന്റെ ചെവിയില്‍ മന്ത്രിച്ചു :

" അര്‍ത്ഥശതാബ്ധിപ്പൂക്കള്‍ ...! രസമുണ്ടല്ലേ കേള്‍ക്കാന്‍...?

ദേ , ഈ അര്‍ദ്ധശതാബ്ധിപ്പൂക്കള്‍ അത്രയ്ക്ക്‌ അപരധികളാണെന്ന്‌

ഞാന്‍ വിശ്വസിക്കാനൊന്നും പോകുന്നില്ല മാഷേ...

ആദിവാസികളുടെ മനസ്സിത്രക്കും തരളമാകാനും പാടില്ല "

ഓര്‍മ്മയുണ്ടോ ആ സന്ധ്യ..?

ആ യാത്ര...?


ആതിരേ , ആ ആദിവാസി മൂപ്പനാണ്‌ അന്നും ഇന്നും ശരിയെന്ന്‌

മിസോറമില്‍ നിന്നുള്ള വാര്‍ത്തകള്‍ സമര്‍ത്ഥിക്കുന്നു .

അന്‍പതാണ്ടിന്‌ ശേഷം അവിടെ വീണ്ടും ഇല്ലിക്കാടുകള്‍ പൂത്തിരിക്കുന്നു.

ഇല്ലിയരി മനുഷ്യര്‍ക്കെന്ന പോലെ എലികള്‍ക്കും വിശിഷ്ട ഭോജ്യമാണ്‌ .

' പ്രോട്ടിന്‍ റിച്ച്‌ ' ആയ ഇല്ലിയരി എലികളുടെ പ്രജനന ശേഷി

മൂന്നും നാലും ഇരട്ടി വര്‍ദ്ധിപ്പിക്കും.

എലികള്‍ പെറ്റുപെരുകും.

എലിക്കൂട്ടങ്ങളപ്പോള്‍ നെല്ലുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ തിന്നുമുടിക്കും...

തന്‍ഗ്ലൂര എന്ന കര്‍ഷകന്‍ പറഞ്ഞത്‌ കേള്‍ക്കുക :

" 150 ക്വിന്റല്‍ നെല്ലുകിട്ടേണ്ട സ്ഥാനത്ത്‌ ഇപ്രാവശ്യം കിട്ടിയത്‌ വെറും 15 കിലോ

"നോക്ക്യേ ആതിരേ ,

പുഷ്പിണിയാകുമ്പോള്‍ പെണ്ണിന്‌ പുത്തന്‍ ജീവിതം ..

മുളങ്കാടുകള്‍ക്ക്‌ ജീവനനാശം ;

ഇല്ലിക്കാടുകള്‍ പൂക്കുമ്പോള്‍ നഗരവാസിയില്‍ പ്രണയാര്‍ദ്രത...

എലികളില്‍ പ്രജനനാസക്തി..;

അപ്പോഴും എപ്പോഴും

ആദിവാസിക്ക്‌ പട്ടിണിയും പരിവട്ടവും

ദുരിതവും മരണവും...!!!


ആതിരേ

ഇല്ലിക്കാടുകള്‍ പൂക്കാതിരുന്നെങ്കില്‍...!!!

Monday, December 10, 2007

നിഷ്കാസിതന്റെ സുവിശേഷം


ഗര്‍ഭപാത്രം മുതല്‍

കശക്കിയുടയ്ക്കപ്പെടുന്ന ,

കുടിയിറക്കപ്പെടുന്ന ,

കുറ്റവാളികളാക്കപ്പെടുന്നവര്‍ക്കായി ........


കനിവിന്റെ ഏദന്‍തോട്ടത്തില്‍ നിന്നാട്ടിപ്പായിക്കപ്പെട്ട്‌ ,

കൈയൂക്കുള്ളവന്റെ സുഭിക്ഷതയ്ക്കു ചാരെ

ചേരിനിവാസികളാക്കപ്പെടുന്നവര്‍ക്കു വേണ്ടി.........


രതിച്ചന്തയില്‍ ചരക്കുകളായും

ആയുധപ്പന്തയത്തില്‍ ബലിയാടുകളായും

അവയവ വ്യാപാരത്തെരുവിലെ ഇരകളായും

മാറ്റപ്പെടുന്നവരെ ഓര്‍ത്ത്‌........


കുടുംബത്തിലെ ശാപമായി ,

മതത്തിലെ പാപികളായി ,

സമുദായത്തിലെ തലതിരിഞ്ഞവരായി,

സമൂഹത്തിലെ ഭ്രഷ്ടരായി ,

മുദ്രചാര്‍ത്തപ്പെടുന്ന

സര്‍വ മനുഷ്യര്‍ക്കുമായി


ഈ കുരുന്ന്‌ കണ്ണീര്‍ത്തുള്ളി...


ആതിരേ ,

ഇന്ന്‌ ഡിസംബര്‍ പത്ത്‌-

വിശ്വ മനുഷ്യവകാശ ദിനം...!


ആസൂത്രിതമായ മറ്റൊരു

ആഗോളച്ചതി,

മുതലെടുപ്പ്‌,

തമസ്ക്കരണം...!!

ഒന്ന്‌ കാര്‍ക്കിച്ചുതുപ്പാന്‍ പോലും

നമുക്ക്‌ കഴിയാതെ പോകുന്നതെന്തു കൊണ്ട്‌...?????????

Friday, December 7, 2007

ഇരകളുടെ രോദനം


കലണ്ടെറിലൊരു ചുവന്ന അക്കം; അവധിദിനം..

ബക്രിദ്‌-ബലി പെരുന്നാള്‍...

ഹിമകണങ്ങളായി ഹൃദങ്ങളില്‍ വിശുദ്ധി പെയ്തു നിറയേണ്ട ഈ സൗമ്യദിനങ്ങളില്‍, ആതിരേ, കുലംകുത്തിയൊഴുകിയെത്തുന്നത്‌ നിലവിളികളും നിണച്ചാലുകളുമാണല്ലോ ...!

ഒന്നര ദശാബ്ധം മുന്‍പ്‌ ചൊരിയപ്പെട്ടതും ഇപ്പോള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നതുമായ നിരപരാധികളുടെ ചുടുചോരക്കടലാണല്ലോ കുട്ടീ എന്റെ ചുറ്റിലും..

അന്നും പിന്നീടും ഇരകളാക്കപ്പെട്ടവരുടെ രോദനമാണല്ലോ ആതിരേ കര്‍ണപുടങ്ങളില്‍ ദാരുണമായി നിറയുന്നത്‌...

ബക്രിദിന്റെ നന്മ നിറയേണ്ട ചേതനയില്‍ ബലിയാക്കപ്പെടുന്ന പതിനായിരങ്ങളുടെ നിസ്സഹായതയണല്ലോ ക്രൂരമായി ഘനീഭൂതമാകുന്നത്‌..

ആതിരേ ഇന്ന്‌ ഡിസംബര്‍ ആറ്‌

ഭാരതവും ഭാരതീയരും നൂറ്റാണ്ടുകളോളം ഹൃദയധമനിപോലെ സൂക്ഷിച്ച മതനിരപേക്ഷത,മതസൗഹാര്‍ദ്ദം,മതേതരത്വം വെട്ടിനുറുക്കപ്പെട്ട ദുര്‍ദ്ദിനം..

സംഘപരിവാര ഭീകരവാദത്തിന്റെ പിക്‌ ആക്സുകളും ത്രിശൂലങ്ങളും ആക്രമണോത്സുകതയും വര്‍ഗവെറിയും അന്ന്‌ തകര്‍ത്തുതരിപ്പണമാക്കിയത്‌ ഗംഗയാറൊഴുകുന്ന നാടിന്റെ സാമുദായികൈക്യത്തിന്റെ കുംഭഗോപുരങ്ങളായിരുന്നു..

തല കുടയേണ്ട,

നമുക്കല്‍പം പിന്നാക്കം നടക്കാം

ചരിത്രവീഥിയില്‍ നശിക്കതെ നില്‍ക്കുന്ന അടയാളങ്ങള്‍ കാണാം..

പ്രചീന സെമിറ്റിക്‌ മതങ്ങളില്‍ ആചരവും അനുഷ്ഠാനവുമായി തിമിര്‍ത്താടിയ മനുഷ്യ ബലിക്കു വിരാമമിടാനായിരുന്നു യഹോവ (അള്ള)അബ്രാഹമിനോട്‌ (ഇബ്രാഹിമിനോട്‌ )സ്വന്തം പുത്രനെ ബലികഴിക്കാന്‍ ആവശ്യപ്പെട്ടതും അതിനു തയ്യാറായപ്പോള്‍ അതില്‍ നിന്ന്‌ അദ്ദേഹത്തെ പിന്തിരിപ്പിച്ചതും പിന്നെ ബലിയര്‍പ്പിക്കന്‍ ഒരു ആട്ടിന്‍ കുട്ടിയെ നല്‍കിയതും...

പ്രാകൃതനില്‍ നിന്ന്‌ ആധുനികനിലേയ്ക്കുള്ള മനുഷ്യ പരിണാമത്തിലെ നാഴികക്കല്ലായിരുന്നു ആ ബക്രിദ്‌...!

ആതിരേ ഇന്നാബക്രിദിന്റെ പിറ കാണാന്‍ കത്തിരിക്കുന്ന ഒരു സമുദായത്തിന്റെ മിഴികളില്‍ വിശുദ്ധമാസശാന്തിയല്ല മറിച്ച്‌ ഇരയക്കപ്പെടുന്നതിന്റെ ഭീതിയും ഭയ-സംത്രാസങ്ങളുമാണ്‌ ഒളിമിന്നുന്നത്‌...

ആരുമറിയാതെ,അതിഗൂഢമയിട്ടല്ലായിരുന്നല്ലോ ആതിരേ ബാബറി മസ്ജിദ്‌ തകര്‍ത്തത്‌....!ഭാരതത്തിലെ ഏഴു ലക്ഷം ഗ്രാമങ്ങളില്‍ നിന്ന്‌ വന്‍ പ്രചാരണകോലാഹലത്തോടെയായിരുന്നല്ലോ ശിലന്യാസത്തിനുള്ള ചുടുകട്ടകള്‍ അയോദ്ധ്യയിലെത്തിച്ചെത്‌...

എന്നിട്ടും നമ്മുടെ ഇന്റലിജെന്‍സ്‌ ബ്യുറോയ്ക്ക്‌ എന്താണ്‌ നടക്കാന്‍ പോകുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കഴിയാതെ പോയത്‌ എന്തുകൊണ്ടാണാതിരേ..

ഭരണവര്‍ഗ്ഗ-ഭൂരിപക്ഷ- വര്‍ഗ്ഗീയ- ഭീകരവാദത്തിന്‌ ഇതിലധികം എന്ത്‌ തെളിവാണ്‌ കുട്ടിക്ക്‌ വേണ്ടത്‌..?

എന്നിട്ടും മുറുമുറുപ്പ്‌ തീര്‍ന്നിട്ടില്ലല്ലോ,സവര്‍ണ ഭൂരിപക്ഷ രാക്ഷസീയതയ്ക്ക്‌ !

ഓരോ ഡിസംബര്‍ ആറിനും നാടാകെ പോലിസ്‌-സൈനിക സുരക്ഷ സുശക്തമാക്കി ഇടതുപക്ഷ ഭരണകൂടങ്ങള്‍ പോലും നല്‍കുന്ന സൂചന എന്താണാതിരേ..

മുസ്ലീങ്ങള്‍ ഭീകരന്മാരാണെന്നല്ലേ..?

ജോര്‍ജ്‌ ബുഷിന്റെ നരക നാക്കോടുകൂടി സംസാരിക്കാന്‍ ഇവര്‍ക്കെന്തുത്സാഹം..വ്യഗ്രത !!

ബുഷിന്‌ അങ്ങനെ പറയേണ്ടതുണ്ട്‌.എങ്കില്‍ മാത്രമല്ലേ ഗള്‍ഫിലെ എണ്ണപ്പടങ്ങളിലേയ്ക്കും മൂന്നാം ലോക മാര്‍ക്കറ്റുകളിലേയ്ക്കും യാങ്കിയധിനിവേശത്തിന്റെ കഴുകന്‍ താത്പര്യങ്ങള്‍ക്ക്‌ പറന്നിറങ്ങാന്‍ പറ്റൂ

പക്ഷെ 'ലോകബാങ്ക്‌ സിങ്ങും ' 'മദാമ ഗാന്ധിയും ' എന്തിനാണ്‌ ആതിരേ ഭാരതത്തിലെ മുസ്ലിം സഹോദരങ്ങളെ ഭീകരന്മാരയി ഓരോ ഡിസംബര്‍ ആറിനും പരോക്ഷമായി മുദ്ര കുത്തുന്നത്‌ ?

ഇരകളാക്കി വേട്ടയാടുന്നത്‌ ?

പ്രാന്തവത്ക്കരിക്കപ്പെടുമ്പോള്‍,മാന്യമായി ജീവിക്കനുള്ള അവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍, നിരന്തരം പ്രകോപിപ്പിക്കപ്പെടുമ്പോള്‍ ആരെങ്കിലുമൊക്കെ പ്രതികരിക്കും. അപ്പോള്‍ ആ ആര്‍ജവത്വത്തെ ഭീകരവാദമായി ചിത്രികരിച്ച്‌ ആഞ്ഞടിക്കാമെന്നുള്ള കണക്കുകൂട്ടലല്ലേ ഇത്തരം ഹീനനീക്കങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌..?

ഒരുസമുദായത്തെ മുഴുവന്‍ വെടക്കാക്കി വെടിവച്ചുകൊല്ലനുള്ള ഗര്‍ഹണീയമായ ഹോം വര്‍ക്കല്ലേ ഇതെല്ലം ആതിരേ...?

അതുകൊണ്ട്‌ സുഹൃത്തേ നീയെങ്കിലും അറിയുക, പതിനഞ്ചുവര്‍ഷം മുന്‍പ്‌ എന്റേയും നിന്റേയും രാഷ്ട്രവും കുറെ സംഘപരിവര ഭീകരന്മാരും നടത്തിയ കൊടുംപതാകത്തിന്‌ ഓരോ മുസ്ലിം സഹോദരനോടും ക്ഷമചോദിക്കാനുള്ള വിനയവും വിവേകവും സ്വാംശീകരിക്കുമ്പോള്‍മാത്രമേ ഈ ബലിപെരുന്നാളിനെങ്കിലും ,ആതിരേ നാം ആദ്യമായി മനുഷ്യനും ആത്യന്തികമായി ഭാരതീയനുമാകുകയുള്ളു

കുട്ടി...അതിനുള്ള മനസ്സ്‌ നിനക്കുണ്ടാകുമെന്ന്‌ വിശ്വസിക്കാമോ എനിക്ക്‌...

Monday, December 3, 2007

മെട്രാസുരം

( പ്രഥമ ഖണ്ഡം )


ഡിസംബര്‍ രണ്ടിന്റെ

രാപ്പാതി കഴിഞ്ഞിട്ടേറെ നേരമായി;

ആതിരേ,ഇനിയും ഞാനുറങ്ങിയിട്ടില്ല.

തീര്‍ച്ച, കുട്ടിയിപ്പോള്‍ രണ്ടുറക്കമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും,ല്ലേ ?

സംഘര്‍ഷം അകന്ന മനസ്സ്‌-

സ്വച്ഛവും സുന്ദരവുമായ സുഷുപ്തി-

കാതരമാക്കാന്‍ കുങ്കുമപ്പൂക്കള്‍ വിരിഞ്ഞുലയുന്ന തങ്കക്കിനാക്കള്‍-

ആതിരേ, അതെല്ലാവര്‍ക്കും വിധിച്ചിട്ടില്ലെല്ലോ...!

പുലരാന്‍ ഇനി ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം....

പക്ഷേ കുട്ടി, ആഗാമിയാകുന്ന പകലിന്‌ മീതൈല്‍ ഐസൊസൈനേറ്റിന്റെ രൂക്ഷ ഗന്ധം...

ഭോപ്പല്‍ ദുരന്തത്തിന്റെ മൃത്യുശൈത്യം.....

ഓര്‍മയുണ്ടാകണം-

ഇരുപത്തിമൂന്ന്‌ വര്‍ഷം മുന്‍പ്‌,

1984 ഡിസംബര്‍ മൂന്നിന്റെ പുലരിത്തണുപ്പിലേയ്ക്ക്‌,

യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ നിന്നും പതഞ്ഞുപരന്ന ലാഭക്കൊതിയുടെ വിഷധൂമം....

ഭാസുരമായിരിക്കില്ലെന്നറിഞ്ഞിട്ടും ഒരു ഭാവി സ്വപ്നം കണ്ടുറങ്ങിയ ദരിദ്രസമൂഹത്തിനുമേല്‍ മരണതാണ്ഡവമാടിയ വികല വ്യവസായവികസനത്തിന്റേയും മൂലധനാധിനിവേശത്തിന്റേയും മാരണഭൂതം...

15,000 പേര്‍ മരിച്ചെന്നും, 3,000,00 പേര്‍ ദുരന്തത്തിന്റെ യാതനകള്‍ അനുഭവിച്ചെന്നും 'ഒഫിഷ്യല്‍ റിപ്പോര്‍ട്ട്‌ '...!

സത്യം അതൊന്നുമായിരുന്നില്ല, ആതിരേ..

33,000-ത്തിലധികം ഭാഗ്യഹീനര്‍ ആ പ്രഭാതത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ശ്വാസം മുട്ടി മരിച്ചു...!!

മൂന്നിന്റെ ഇരട്ടിയിലധികം ലക്ഷം ഭോപ്പാല്‍ നിവാസികള്‍ , കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങളാല്‍ അവരുടെ അന്ത്യശ്വാസം വരെ പീഡിപ്പിക്കപ്പെട്ടു....!!!ആതിരേ, ഒരു ' ശിശുപ്പിറവി ' യുടെ വിശുദ്ധി ലോകമെമ്പാടും കൊണ്ടാടുന്ന ഡിസംബറില്‍, അന്ന്‌ ഭോപ്പാലില്‍ ഗര്‍ഭസ്ഥശിശുക്കള്‍ പോലും വികലാംഗരാക്കപ്പെട്ടു, ....!!!!

ഇന്നും ശാരീരിക വൈകല്യങ്ങളോടെ പിറക്കുന്നുണ്ട്‌, നിരപരാധികളും നിസ്സഹായരുമായ ശിശുക്കളവിടെ... ( ഓരോ ശിശുരോദനത്തിലും കേള്‍ക്കുന്നില്ലേ ആതിരേ , ഒരുകോടി ഈശ്വര വിലാപം ? )

അന്ന്‌ മലീമസമാക്കപ്പെട്ട ജലസ്രോതസ്സുകള്‍ ആയിരക്കണക്കിന്‌ സാധുക്കള്‍ക്ക്‌ മരണക്കെണി ഒരുക്കി.ആ ജലസ്രോതസ്സുകള്‍ ഇനിയും വിഷമുക്തമാക്കപ്പെട്ടിട്ടില്ല....!!!!!

1989-ല്‍ 45 കോടി രൂപ , ദുരിതബാധിതര്‍ക്ക്‌, നല്‍കി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി ' മൂടും തട്ടിപ്പോയി '.

അവരെ രക്ഷപെടുത്താന്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും ' അഹമഹമിഹയ ' മല്‍സരിക്കുകയും ചെയ്തു....

ഈ ദുഷ്ടക്കൂട്ടങ്ങളുടെ പിന്തുണയോടെ രാഷ്ട്രാന്തര മൂലധനച്ചെകുത്തന്മാര്‍

വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ളിലും വ്യക്തി ബന്ധങ്ങളിലും വര്‍ഗ്ഗബോധങ്ങളിലും സിംഗൂരും നന്ദിഗ്രാമും സ്പെഷല്‍ ഇക്കണോമിക്‌ സോണുകളും ചിന്നക്കനാലുകളും സ്മാര്‍ട്ട്‌ സിറ്റികളും സൃഷ്ടിക്കുമ്പോള്‍-നിസ്വന്റേയും നിസ്സഹായന്റേയും ദുര്‍ബലന്റേയും പ്രാന്തവത്ക്കരിക്കപ്പെടുന്നവന്റേയും കുടിയിറക്കപ്പെടുന്നവന്റേയും ജീവിതാവസ്ഥകളിലേക്ക്‌ മിഴിതുറക്കാതെ ,

നിനക്കെങ്ങനെ സുഖമായുറങ്ങാന്‍ കഴിയുന്നു,ആതിരേ...?