Wednesday, December 19, 2007

ദൈവത്തിന്റെ തെറ്റ്‌













ഇവിടെ, ഇപ്പോഴും
മഴ ചാറുകയാണാതിരേ
ഋതുനിര്‍ണയങ്ങളെ
കബളിപ്പിച്ചെത്തിയ
ധനുമഴക്കുളിരുമായി
ഒരു ബലിപെരുന്നാള്‍ ദിനം കൂടി...
ആഘോഷങ്ങളിലേയ്ക്ക്‌
പ്രതീക്ഷകള്‍ മിഴിതുറക്കാന്‍
‍യാമങ്ങള്‍ രണ്ടുമാത്രം ബാക്കി .
ഇപ്പോള്‍, എന്റെ നിര്‍നിദ്രയിലേയ്ക്ക്‌
അലച്ചെത്തുന്നത്‌
അറവുമാടുകളുടെ
ഒടുവിലത്തെപ്പിടച്ചിലും
അവസാനത്തെ നിശ്വാസവും.....
അതേ, കുട്ടി
ബലിപെരുന്നാള്‍ അടിപൊളിയാവുകയാണ്‌.
ആതിരേ ,
മനുഷ്യനിലെ മൃഗീയതയ്ക്ക്‌
അനുഷ്ഠാനത്തിന്റെ കാര്‍ക്കശ്യവും
ആചാരത്തിന്റെ നിഷ്ഠാബദ്ധതയും കല്‍പ്പിച്ച്‌
പുരോഹിതവര്‍ഗ്ഗം അടിച്ചേല്‍പ്പിച്ച
മനുഷ്യബലിയുടെ
നിണച്ചൂരു
നീക്കാന്‍ദൈവത്തിനുപോലും
മൃഗബലിയെന്ന
നീതിനിഷേധ‍ത്തില്‍
‍മനസ്സും കാമനകളും
ഒളിപ്പിക്കേണ്ടിവന്നു..!
- അത്രയ്ക്കായിരുന്നു
വൈദീക ധര്‍ഷ്ട്യം....
-അത്രയ്ക്കായിരുന്നു
ദൈവീക ദൈന്യം..!!
എതിര്‍ക്കാനാവാതെ
സൃഷ്ടിക്കു(?) മുന്നില്‍സ്രഷ്ടാവ്‌ (? )
കീഴടങ്ങിയ
ധാതുക്ഷയ-നിസ്സഹായത.....!!
ദൈവത്തിന്റെ ആ തെറ്റ്‌
നൂറ്റാണ്ടുകളായി ,
മാറ്റമില്ലാതെ മനുഷ്യന്‍ കൊണ്ടാടുമ്പോള്‍
‍കേള്‍ക്കുന്നില്ലേ ,
ആതിരേ
( നിന്റെ സുഷുപ്‌തിയിലേയ്ക്ക്‌ -
ഈ പുലരിയില്‍പെയ്തുപൊലിയുന്ന )
ബലിപെരുന്നാളാഘോഷങ്ങളില്‍
‍രുചികര- വിഭവമാകാന്‍- വിധിക്കപ്പെട്ട
ഒടുവിലത്തെ
അറവുമാടിന്റെ
ഒടുങ്ങാത്ത രോദനം.....?
ഹോ...,
മനുഷ്യന്‍
എത്ര
മൃഗീയപദം....

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രകൃതിയുടെ സംതുലിതാവസ്ഥയ്ക്ക്‌ ചില നിയമങ്ങളുണ്ട്‌. അതു അതിരുകടക്കുമ്പൊഴാ പ്രശ്നം

chithrakaran ചിത്രകാരന്‍ said...

അസുരാ...
മഹനീയ ചിന്തകള്‍.
ദൈവത്തിനു മൂക്കുമുട്ടെ
രക്തം കുടിക്കുന്നത് ഇഷ്ടമാണെന്ന്
വിശ്വസിക്കുന്നതേ തെറ്റ്.
ദൈവത്തെ പിശാചായും,
പിശാചിനെ ദൈവമായും
കാണുക എന്നത് മനുഷ്യന്റെ
ബുദ്ധിയുടേയും,ശീലങ്ങളുടേയും ഒരു
പരിമിതിയായിരിക്കണം.
ബലിയുടെ പേരില്‍ നടത്തുന്ന
ഈ ദുരാചാരം മനസ്സിലാക്കാന്‍ എത്രകാലമെടുക്കും?
കൊന്നതിനെ തിന്നാല്‍ സഹിക്കാമായിരുന്നു.
സൌദി അറേബ്യ്യയില്‍ പതിനഞ്ചുലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ ഹജ്ജു ചെയ്തെന്നാണ് കേട്ടത്.
അത്രയും നാല്‍ക്കാലികളെ അവിടെ വെട്ടിയിരിക്കില്ലേ?
നാല്‍ക്കാലികള്‍ക്കു പകരം കോഴിയാക്കിയിരുന്നെങ്കില്‍
പരിസ്ഥിതിപ്രശ്നം കുറയുമായിരുന്നേനെ.