Tuesday, July 31, 2012

കണ്ണീര്‍ നനവുകളായ അമ്മമാര്‍ക്കും മുലപ്പാല്‍ നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും

വര്‍ത്തമാനകാലത്ത്‌ നല്ലൊരു വിഭാഗം അമ്മമാരും പരിഷ്കാരത്തിന്റേയും സൗന്ദര്യഭ്രമത്തിന്റേയും പേരില്‍ മുലയൂട്ടുന്നതില്‍ നിന്നും മുഖംതിരിക്കുന്നു എന്ന്‌ വിലപിക്കുന്ന കുഞ്ഞുങ്ങളെത്രയെത്ര!മുലപ്പാലിന്റെ അഭാവത്തില്‍ സംഭവിക്കുന്ന പോഷണക്കുറവിനാലുണ്ടാവുന്ന ശിശുമരണത്തിന്റെ ആധിക്യം ഭീകരമാണെന്ന്‌ ലോകാരോഗ്യസംഘടന കണക്ക്‌ നിരത്തിയിട്ടും 'ന്യൂ ജനറേഷന്‍ മമ്മി 'മാരുടെ സമീപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഈ വിഷയത്തിലുണ്ടാവുന്നില്ല !!മുലപ്പാല്‍ ലഭിക്കാത്തതു കൊണ്ട്‌ രോഗബാധിതമായി അകാലത്തില്‍ കൊഴിഞ്ഞു പോകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ലക്ഷങ്ങളാണ്‌! പ്രതിവര്‍ഷം പതിനഞ്ച്‌ ലക്ഷത്തിലധികം പിഞ്ചോമനകള്‍ ഇങ്ങനെ എന്നേയ്ക്കുമായി കണ്ണടയ്ക്കുന്നുണ്ടത്രെ... കേവലം ആചാരാമായി മാറുന്ന ലോക മുലയൂട്ടല്‍ വാരം ഒരു കുഞ്ഞിനും ഗുണപ്രദമാകുന്നില്ല,മറിച്ച്‌ അത്‌ മാതൃത്വത്തെ അവഹേളിക്കുന്നതേയുള്ളൂ
ആതിരേ,"പെറ്റിട്ട തിരുവയറ്‌ പോലും തിരിഞ്ഞ്‌ നോക്കാതെ "( ഭാരതീയം-മധുസൂദനന്‍ നായര്‍ )ഉപേക്ഷിക്കപ്പെട്ടവരൊഴിച്ചുള്ളവരുടെയെല്ലാം മനസ്സില്‍ അമ്മ മുലപ്പാല്‍ മധുരമായിരിക്കണം. പക്ഷെ എനിക്കോ..? പറഞ്ഞ്‌ കേട്ടതിങ്ങനെ: പതിനേഴാം വയസ്സില്‍ ആദ്യ ഗര്‍ഭം പേറിയ നിമിഷം മുതല്‍ അമ്മയ്ക്ക്‌ പ്രശ്നങ്ങളായിരുന്നു.നിരന്തരം ഡോക്ടറുടെ ചികിത്സ വേണ്ടിയിരുന്ന അവസ്ഥ.അതീവ ക്ലേശം നിറഞ്ഞ പ്രസവം.കരയാതെ,തൊണ്ടക്കുഴിയില്‍ ഇത്തിരി മിടിപ്പുമായുള്ള എന്റെ ജനനം.ജീവിക്കുമെന്നല്ല മരിക്കുമെന്നാണ്‌ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിച്ചത്‌.രണ്ട്‌ ദിവസം അതേ കിടപ്പ്‌.മുന്നാം നാള്‍ ശബ്ദമില്ലതെ കരഞ്ഞ്‌ കണ്ണ്‌ തുറന്നപ്പോള്‍ വരണ്ട ചൊരിവായിലിറ്റിച്ചു തന്നത്‌ മുലപ്പാലായിരുന്നില്ല.മാറിടത്തില്‍ നീരും ശ്വാസകോശത്തില്‍ ന്യുമോണിയയുമായി അമ്മ കരഞ്ഞുകരഞ്ഞുകരഞ്ഞു തളര്‍ന്നു പോയിരുന്നല്ലോ.. എന്നിട്ടും ഞാന്‍ വളര്‍ന്നു.ഇന്ന്‌ മുതിര്‍ന്ന രണ്ട്‌ കുഞ്ഞുങ്ങളുടെ പിതാവായിട്ടും അമ്മയെ ഓര്‍ക്കുമ്പോള്‍ കണ്ണു നിറയും.മുലപ്പാല്‍ കുടിക്കാ കഴിയാതിരുന്നത്‌ കൊണ്ട്‌ നിരന്തരരോഗപീഡിതമായ എന്റെ ശൈശവ ബാല്യങ്ങളിലേയ്ക്ക്‌ അമ്മക്ക്‌ ചുരത്താനുണ്ടായിരുന്നത്‌ കണ്ണീരായിരുന്നല്ലോ.കണ്ണീര്‍നനവുകളാണ്‌ എനിക്കമ്മ.ഇന്നിത്രയും എഴുതാന്‍ എന്നെ പ്രാപ്തനാക്കുന്നതും ആ മിഴിനീര്‍ നിനവുകള്‍ തന്നെ ആപാദമധുരം സംഗീതമായ്‌ അമ്മ.. ആലോചനാമൃതം അക്ഷരങ്ങളായും അമ്മ... ********** ആതിരേ, എന്റെ അമ്മയില്‍ നിന്ന്‌ ഒഎന്‍വിയുടെ 'അമ്മ'യിലേക്ക്‌. " ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മ പെറ്റവരായിരുന്നു ഒന്‍പതു പേരും അവരുടെ നാരിമാ രൊന്‍പതും ഒന്നിച്ചു വാണിരുന്നു.. കല്ലുകള്‍ ചെത്തി പടുക്കുമ ക്കൈകള്‍ക്ക്‌ കല്ലിനെക്കാള്‍ ഉറപ്പായിരുന്നു നല്ല പകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു .." എന്നെഴുതി കവി അനുവാചകനെ കൂട്ടുകൊണ്ടു പോകുന്നത്‌ , കരിമ്പാറയ്ക്കുള്ളില്‍ നിന്നൂറിവരുന്ന കന്മദം പോലെ വിശുദ്ധിസമ്പൂര്‍ണമായ മാതൃത്വത്തിന്റെ ത്യാഗസുരഭിലതയിലേയ്ക്കാണല്ലോ. ഒരേ മനസ്സോടെ ഒന്‍പതു പേരും ചേര്‍ന്ന്‌ കോട്ടയും കൊത്തളവും നിര്‍മിച്ചു. " കോട്ട മതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈ കോര്‍ത്തതത്രേ." പക്ഷെ കോട്ടയ്ക്കുമുന്നിലെ ഗോപുരം ,ഒന്‍പത്‌ പേരും കിണഞ്ഞ്‌ പരിശ്രമിച്ചിട്ടും ഉറയ്ക്കാതായപ്പോഴാണ്‌ "എന്താണ്‌ പോംവഴിയെന്നൊരൊറ്റ ച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ വെളിപാട്‌ കൊണ്ടാരോ ചൊല്ലിയത്രെ, അധികാരമുള്ളോരതേറ്റ്‌ ചൊല്ലി.. ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍ ആ മതില്‍ മണ്ണില്‍ ഉറച്ചു നില്‍കും ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും.." അതിനാരെ നല്‍കും.ഒട്ടേറേ കൂട്ടിക്കിഴിക്കലുകള്‍ക്ക്‌ ശേഷം മൂത്തയാള്‍ ചൊല്ലി, ആന്നുച്ചയ്ക്ക്‌ കഞ്ഞിയുമായി ആരു വരുന്നോ അവരെ ചേര്‍ത്ത്‌ ഗോപുരം പണിയാം.എട്ടു പേരും അത്‌ സമ്മതിച്ചു.അന്നുച്ചയ്ക്ക്‌ കഞ്ഞിയുമായെത്തിയത്‌ മൂത്തയാളുടെ ഭാര്യയായിരുന്നു.എങ്ങനെയായിരിക്കും അവര്‍ വിഷയം ആ സാധ്വിയോട്‌ അറിയിച്ചതെന്ന്‌ നമുക്കൂഹിക്കാനാകും.അതു കേട്ടവര്‍ തളര്‍ന്നില്ല,മറിച്ച്‌ ബലിയാകാന്‍ തയ്യാറാകുകയായിരുന്നു. ഒരപേക്ഷയേ ആ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ " ഭിത്തിയുറക്കാനി പെണ്ണിനേയും ചെത്തിയ കല്ലിന്നിടയ്ക്ക്‌ നിര്‍ത്തി കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്‌ ഒറ്റ ഒരാഗ്രഹം കേട്ട്‌ കൊള്‍വിന്‍ കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ചം കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും.. എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെ അടുത്തേക്ക്‌ കൊണ്ട്‌ പോരൂ ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ.." ആതിരേ,നിറയുന്നില്ലേ കണ്ണുകള്‍? ചിലമ്പുന്നില്ലേ ഉള്ളില്‍ അമ്മയെ ഓര്‍ത്തൊരു വിതുമ്പല്‍... *************** ഒഎന്‍വിയുടെ അമ്മയില്‍ നിന്ന്‌ ലോക മുലയൂട്ടല്‍ വാരത്തിലേയ്ക്ക്‌ കുഞ്ഞുങ്ങളെ മുലയൂട്ടേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവന്മാരക്കാന്‍ ,ഇന്നു മുതല്‍ ഏഴാം തിയതി വരെ ( ഓഗസ്റ്റ്‌1-7 ) ലോകമെമ്പാടും മുലയൂട്ടല്‍ വാരം ആഘോഷിക്കുകയാണ്‌ . ലോകാരോഗ്യ സംഘടന ,ഐക്യ രാഷ്ട്ര ശിശു ക്ഷേമ സമതി എന്നിവയുടെ സഹകരണത്തോടെ , മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോക സഖ്യം (ഠവല ണീൃ‍ഹറ അഹഹശമിരല ളീൃ‍ ആൃ‍ലമെ‍ളേലലറശിഴ അരശ്ി‍: ണഅആഅ), ഈ പ്രവ?ത്തനങ്ങളെ ഇന്ത്യയുള്‍പ്പെടെ 170 രാഷ്ട്രങ്ങളില്‍ ഏകോപിപ്പിക്കുന്നു. പറഞ്ഞ്‌ പഴകിയിട്ടും പ്രാധാന്യം മനസ്സിലാക്കാത്ത ചില വാസ്തവങ്ങളിലേയ്ക്ക്‌:ശിശുക്കള്‍ക്ക്‌ പ്രകൃതി നല്‍കുന്ന ഒരു സമ്പൂര്‍ണ ആഹാരമാണ്‌ അമ്മയുടെ മുലപ്പാല്‍. പ്രകൃതിയുടെ ഒരു നൈസ്സര്‍ഗ്ഗിക പ്രക്രിയയാണ്‌ മുലയൂട്ടല്‍. പ്രസവശേഷം അര മണിക്കൂരിനുള്ളില്‍ തന്നെ ശിശുവിനെ മുലയൂട്ടി തുടങ്ങണം. കൊളസ്ട്രം (ഇളം മഞ്ഞ നിറത്തിലുള്ള പ്രഥമ മുലപ്പാല്‍ ) രോഗ പ്രതിരോധ ശേഷിയുള്ളതാണ്‌ . കുഞ്ഞിനു ആവശ്യമുള്ള വിറ്റാമിന്‍ എ , മാംസ്യം എന്നിവയും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്‌. കേള്‍ക്കുമോ ആതിരേ,വിവേകത്തിന്റെ ഈ സ്വരം ..? അതോ ബേബി ഫുഡ്‌ പരസ്യക്കാരന്റെ വഞ്ചനയ്ക്ക്‌ കാതോര്‍ക്കുമോ..? ************* മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോക സഖ്യം (The World Alliance for Breastfeeding Action: WABA),,,, 2010 ലെ വാരാചരണത്തിനു പ്രഖ്യാപിച്ച ആ പത്തു നടപടികള്‍ ഇന്നും പ്രസക്തമാണ്‌ 1)ലിഖിതമായ ഒരു മുലയൂട്ടല്‍ നയം രൂപീകരിച്ച്‌ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും അറിയിക്കുക . 2)ഈ നയം നടപ്പാക്കുന്നതിന്‌ വേണ്ട കഴിവ്‌ ലഭിക്കുന്നതിനു വേണ്ടി എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുക. 3ാ‍മുലയൂട്ടലിന്റെ ഗുണങ്ങള്‍,രീതികള്‍ എന്നിവയെക്കുറിച്ച്‌ എല്ലാ ഗര്‍ഭിണികളെയും പരിശീലിപ്പിക്കുക. 4)കുഞ്ഞു ജനിച്ച്‌ അര മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ തുടങ്ങുവാനായി അമ്മമാരെ സഹായിക്കുക . 5)അമ്മമാര്‍ കുഞ്ഞുങ്ങളില്‍നിന്നും വിട്ടു നിന്നാല്‍ക്കൂടി മുലയൂട്ടലും മുലചുരത്തലും എങ്ങനെ ആണെന്ന്‌ കാണിച്ചു കൊടുക്കണം 6)ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ മുലപ്പാല്‍ അല്ലാതെ മറ്റു ആഹാരമോ പാനീയമോ ശിശുവിന്‌ നല്‍കാന്‍ പാടുള്ളൂ. 7)24 മണിക്കൂറും അമ്മയും കുഞ്ഞും ഒരുമിച്ചു കഴിയാന്‍ അനുവദിക്കുക . 8)ശിശു ആവശ്യപ്പെടുമ്പോള്‍ ഒക്കെയും മുലയൂട്ടണം 9)കൃത്രിമ നിപ്പളുകാലോ മറ്റൊന്നും തന്നെ കുഞ്ഞിനു കടിക്കുവാനായി നല്‍കരുത്‌ . 10ാ‍മുലയൂട്ടല്‍ പോഷിപ്പിക്കുന്ന സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അവിടേക്ക്‌ ആശുപത്രി വിടുന്ന അമ്മമാരെ നയിക്കുകയും ചെയ്യുക കുഞ്ഞുങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌,മുലയൂട്ടലിന്‌ വളരെ പ്രാധാന്യമുണ്ട്‌.പിഞ്ചോമനകളുടെ ആരോഗ്യത്തിനും നിലനില്‍പിനും,പോഷകാഹാരലഭ്യതക്കും മുലയൂട്ടല്‍ അനിവാര്യമാണ്‌ . എന്നാല്‍ ലോകത്ത്‌ പിറന്ന്‌ വീഴുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം ഈ സൗഭാഗ്യം സുലഭമായി നുകരാനാവുന്നുണ്ടോ,ആതിരേ? ************** വര്‍ത്തമാനകാലത്ത്‌ നല്ലൊരു വിഭാഗം അമ്മമാരും പരിഷ്കാരത്തിന്റേയും സൗന്ദര്യഭ്രമത്തിന്റേയും പേരില്‍ മുലയൂട്ടുന്നതില്‍ നിന്നും മുഖംതിരിക്കുന്നു എന്ന്‌ വിലപിക്കുന്ന കുഞ്ഞുങ്ങളെത്രയെത്ര!മുലപ്പാലിന്റെ അഭാവത്തില്‍ സംഭവിക്കുന്ന പോഷണക്കുറവിനാലുണ്ടാവുന്ന ശിശുമരണത്തിന്റെ ആധിക്യം ഭീകരമാണെന്ന്‌ ലോകാരോഗ്യസംഘടന കണക്ക്‌ നിരത്തിയിട്ടും 'ന്യൂ ജനറേഷന്‍ മമ്മി 'മാരുടെ സമീപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഈ വിഷയത്തിലുണ്ടാവുന്നില്ല !! മുലപ്പാല്‍ ലഭിക്കാത്തതു കൊണ്ട്‌ രോഗബാധിതമായി അകാലത്തില്‍ കൊഴിഞ്ഞു പോകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ലക്ഷങ്ങളാണ്‌! പ്രതിവര്‍ഷം പതിനഞ്ച്‌ ലക്ഷത്തിലധികം പിഞ്ചോമനകള്‍ ഇങ്ങനെ എന്നേയ്ക്കുമായി കണ്ണടയ്ക്കുന്നുണ്ടത്രെ... രണ്ട്‌ വയസ്സ്‌ വരെ കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജത്തിന്റെയും പോഷകങ്ങളുടെയും അതുല്യമായ കലവറയാണ്‌ പ്രകൃതി ദത്തമായി മാതാവ്‌ ചുരത്തുന്ന ഈ അമൃത്‌.ആസ്തമ ,എക്സിമ, അലര്‍ജി എന്നിവയെ തടയുന്നതോടൊപ്പം മുഖസൗന്ദര്യം,രൂപഭംഗി എന്നിവ ചിട്ടപ്പെടുത്തുകയും ഐ ക്യു ഉയര്‍ത്തുകയും ചെയ്യുന്നതില്‍ സുപ്രധാനപങ്ക്‌ വഹിക്കുകയും ചെയ്യുന്നു മുലപ്പാല്‍. ശാരീരികാരോഗ്യത്തെക്കാള്‍ മാനസീകമായ പക്വതയും മുലപ്പാല്‍ നല്‍കുന്നു, കുഞ്ഞുങ്ങള്‍ക്ക്‌.പുതു ലോകത്തെ സംഘര്‍ഷഭരിതമായ മാനസീകാവസ്ഥയില്‍,മുതിര്‍ന്ന മനുഷ്യര്‍ വരെ മാനസീക പിരിമുറുക്കവും വിഷാദം പോലുള്ള മാനസീകാസുഖങ്ങളും പേറിനടക്കുന്നതിന്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ കുഞ്ഞുന്നാളിലെ മുലയൂട്ടലില്‍ സംഭവിക്കുന്ന പിഴവിലേക്കാണ്‌ ! ടിന്നിലടച്ച ഇന്‍സ്റ്റന്റ്‌ മില്‍ക്‌ നല്‍കി കുഞ്ഞുങ്ങളെ അനാരോഗ്യമുള്ളവരാക്കണോ,അല്ല പ്രകൃതി ദത്തമായ മുലപ്പാലൂട്ടി ആരോഗ്യദൃഢഗാത്രരാക്കി വളരാന്‍ അനുവദിക്കണമോ ? ആതിരേ,എല്ലാ മുലയൂട്ടല്‍ വാരവും നമ്മോട്‌ ചോദിക്കുന്നത്‌ ഇതൊന്നു മാത്രം..... വീട്ടില്‍ പെറ്റു വളരുന്ന പൂച്ചക്കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ ! എന്തൊരു സന്തോഷമാണ്‌ അവ നുകരുന്നത്‌..ഈ കുറുഞ്ഞികള്‍ അമ്മിഞ്ഞ നുകരുമ്പോള്‍,അമ്മയും കുഞ്ഞുങ്ങളുമൊക്കെ കണ്ണടച്ചു കിടക്കുന്നത്‌ കണ്ടിട്ടില്ലേ..അവാച്യമായ ഏതോ നിര്‍വൃതിയില്‍ ലയിച്ചുലയിച്ചങ്ങനെ.. ************** ഇത്രയും പറഞ്ഞു കഴിഞ്ഞിട്ടും എന്റെ മനസ്സിലേയ്ക്കെത്തുന്നത്‌ ശറഫുന്നീസയുടെ ' കരഞ്ഞുപെയ്യുന്ന മഴ 'എന്ന കവിതയാണ്‌. "കരഞ്ഞ്‌ കരഞ്ഞ്‌ തെരുവിലൊരു കുട്ടി മഴയത്തൊലിച്ചുപോയി മുലപ്പാല്‍ കൊടുക്കേണ്ടവള്‍ വാരിപ്പുതച്ചോടി വരുമ്പോഴേയ്ക്കും തെരുവും ഒലിച്ചു പോയി കരഞ്ഞ്‌ കരഞ്ഞ്‌ തെരുവിലൊരു കുട്ടി മഴയത്തൊലിച്ചുപോയി മുലപ്പാല്‍ കൊടുക്കേണ്ടവള്‍ വാരിപുതച്ചോടി വരുമ്പോഴേയ്ക്കും തെരുവും ഒലിച്ചു പോയി.." എല്ലാ മുലയുട്ടല്‍ വാരാചരണവും അതിന്റെ ലക്ഷ്യങ്ങളും ഇങ്ങനെ ഒലിച്ചു പോകുകയല്ലേ..? കേവലം ആചാരാമായി മാറുന്ന ലോക മുലയൂട്ടല്‍ വാരം ഒരു കുഞ്ഞിനും ഗുണപ്രദമാകുന്നില്ല,മറിച്ച്‌ അത്‌ മാതൃത്വത്തെ അവഹേളിക്കുന്നതേയുള്ളൂ ആതിരേ..!

Thursday, July 26, 2012

നിര്‍ത്താം, ഈ ശവഭോജനം

ഭക്ഷണക്രമത്തില്‍ മറ്റാരെയും തോല്‍പ്പിക്കുന്ന വ്യതിയാനങ്ങള്‍ക്കും പ്രകൃതിവിരുദ്ധ രീതികള്‍ക്കും പേരുകേട്ടവരാണ്‌ മലയാളികള്‍. തിരിച്ചു കടിക്കാത്തതെന്തിനേയും തിന്നുമെന്ന അഹന്തയോടെയാണ്‌ മനുഷ്യശരീരത്തിന്‌ ദോഷകരമായ മത്സ്യമാംസാദികള്‍ വെട്ടിവിഴുന്നത്‌. ഈ സ്വഭാവത്തിന്‌ കിട്ടിയ തിരിച്ചടിയാണ്‌ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത്‌ ഷവര്‍മ്മ കഴിച്ചുണ്ടായ മരണം. മതവിശ്വാസത്തില്‍ എന്നപോലെ ഭക്ഷണകാര്യത്തിലും വിവേകത്തിന്റെ സ്വരങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ താല്‍പര്യ രഹിതമായ മനസ്സാണ്‌ , ,മലയാളിക്ക്‌ പൊതുവെ ഉള്ളത്‌. ആവശ്യത്തിന്‌ ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള അനാരോഗ്യവും മരണവും ഒരുഭാഗത്ത്‌ നടക്കുമ്പോഴാണ്‌ പ്രകൃതി വിരുദ്ധമായ ഭക്ഷണക്രമം മൂലമുള്ള വിഷബാധയും മരണങ്ങളും രോഗങ്ങളും മറുവശത്ത്‌ വ്യാപകമാകുന്നത്‌. മനുഷ്യനിലെ അക്രമവാസന വളര്‍ത്തുന്നതില്‍ മദ്യത്തിനൊപ്പം മാംസഭക്ഷണങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന്‌ നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്‌. പക്ഷേ, ആരു കേള്‍ക്കാന്‍, ആര്‌ സ്വീകരിക്കാന്‍.
ആതിരേ, മനുഷ്യന്റെ ആമാശയവും പചനന പ്രക്രിയയും വായും നാവും പല്ലുകളും ശരീരഘടനപോലും സസ്യഭുക്കിന്റേതാണ്‌. പ്രകൃതി ജീവജാലങ്ങള്‍ക്കെല്ലാം ഇത്തരം സവിശേഷതകള്‍ അവയുടെ ശരീരത്തിലും രക്തചംക്രമണം ഉള്‍പ്പെടെയുള്ള ആന്തരിക പ്രവര്‍ത്തനങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുള്ളത്‌ വ്യക്തമായ ലക്ഷ്യത്തോടെയാണ്‌. ഓരോ ജീവജാലത്തിന്റെയും നിലനില്‍പ്പിനും പ്രജനനത്തിനും ഈ നിര്‍ബന്ധവും നിഷ്ഠകളും അനുപേക്ഷണീയമാണ്‌. പ്രകൃതിയുമായി ഇണങ്ങിപ്പോകുമ്പോഴാണ്‌ ജീവജാലങ്ങള്‍ക്ക്‌ സ്വാഭാവികമായ വളര്‍ച്ചയും വംശ വൃദ്ധിയും ഉണ്ടാകുക. അതിന്‌ വിരുദ്ധമായിട്ടുള്ള വ്യതിയാനങ്ങള്‍ ഉണ്ടായാല്‍ അത്‌ ആ ജീവജാലകുടുംബത്തിന്റെ നാശത്തിനും ആ വംശത്തിന്റെ തന്നെ ഉന്മൂലനത്തിനും കാരണമായി തീരും. മനുഷ്യന്‍ ഒഴിച്ചുള്ള മറ്റു മൃഗജാലങ്ങളെല്ലാം പ്രകൃതി അവയ്ക്ക്‌ അനുശാസിച്ചിട്ടുള്ള ഭക്ഷണക്രമം പാലിച്ചാണ്‌ ജീവിക്കുന്നത്‌. പുല്ലു തിന്നുന്ന പുലിയെയും ഇരയുടെ മാംസം കഴിക്കുന്ന പശുവിനെയും പ്രകൃതിയില്‍ കാണാന്‍ കഴിയാത്തത്‌ നിഷ്ഠയോടെയുള്ള ഈ പ്രകൃതി നിയമപാലനം കൊണ്ടാണ്‌. ഇതാണ്‌ ഓരോ വംശത്തിന്റെയും ആരോഗ്യകരമായ നിലനില്‍പ്പിന്റെ അടിസ്ഥാനവും. പ്രകൃതിയുടെ ഈ നിഷ്ഠകളെല്ലാം ലംഘിച്ച്‌ സ്വാര്‍ത്ഥതയും ക്ഷണിക താല്‍പര്യ സംരക്ഷണവും നിറഞ്ഞ ജീവിത ശൈലിയാണ്‌ മനുഷ്യന്‍ തുടര്‍ന്നു പോരുന്നത്‌. മിശ്രഭുക്കായി അവന്‍ മാറിയതും ഈ വ്യതിയാനത്തില്‍ നിന്നാണ്‌. ഇത്‌ മനുഷ്യന്റെ ആന്തരിക ഘടനയിലും അവയുടെ പ്രവര്‍ത്തനങ്ങളിലും വന്‍ വ്യത്യാസങ്ങള്‍ വരുത്തുകയും അത്‌ സ്വഭാവത്തില്‍ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്‌. ചെയ്യുന്നുമുണ്ട്‌. സസ്യഭുക്കായി ജീവിക്കേണ്ട മനുഷ്യന്‍ മാംസഭുക്കുകൂടിയാകുന്നതുകൊണ്ടാണ്‌ ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും സ്വഭാവ വൈചിത്ര്യങ്ങള്‍ക്കും കാരണമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. എന്നാല്‍, മതവിശ്വാസത്തില്‍ എന്നപോലെ ഭക്ഷണകാര്യത്തിലും വിവേകത്തിന്റെ സ്വരങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ താല്‍പര്യ രഹിതമായ മനസ്സാണ്‌ , ആതിരേ,മലയാളിക്ക്‌ പൊതുവെ ഉള്ളത്‌. ആവശ്യത്തിന്‌ ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള അനാരോഗ്യവും മരണവും ഒരുഭാഗത്ത്‌ നടക്കുമ്പോഴാണ്‌ പ്രകൃതി വിരുദ്ധമായ ഭക്ഷണക്രമം മൂലമുള്ള വിഷബാധയും മരണങ്ങളും രോഗങ്ങളും മറുവശത്ത്‌ വ്യാപകമാകുന്നത്‌. മനുഷ്യനിലെ അക്രമവാസന വളര്‍ത്തുന്നതില്‍ മദ്യത്തിനൊപ്പം മാംസഭക്ഷണങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന്‌ നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്‌. പക്ഷേ, ആരു കേള്‍ക്കാന്‍, ആര്‌ സ്വീകരിക്കാന്‍. ഭക്ഷണക്രമത്തില്‍ മറ്റാരെയും തോല്‍പ്പിക്കുന്ന വ്യതിയാനങ്ങള്‍ക്കും പ്രകൃതിവിരുദ്ധ രീതികള്‍ക്കും പേരുകേട്ടവരാണ്‌ മലയാളികള്‍. തിരിച്ചു കടിക്കാത്തതെന്തിനേയും തിന്നുമെന്ന അഹന്തയോടെയാണ്‌ മനുഷ്യശരീരത്തിന്‌ ദോഷകരമായ മത്സ്യമാംസാദികള്‍ വെട്ടിവിഴുന്നത്‌. ഈ സ്വഭാവത്തിന്‌ കിട്ടിയ തിരിച്ചടിയാണ്‌ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത്‌ ഷവര്‍മ്മ കഴിച്ചുണ്ടായ മരണം. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക്‌ നിയതമായ ഒരുനിലവാരം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ക്കും ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിനും എതിരാകുന്ന ഒരു പദാര്‍ത്ഥവും ഭക്ഷണസാധനങ്ങളില്‍ കലര്‍ത്തരുതെന്നും പഴകിയ ഭക്ഷണം ഉപയോഗിക്കരുതെന്നുമുള്ളത്‌ ആരോഗ്യപരിപാലനത്തിന്റെ അടിസ്ഥാന തത്വമാണ്‌. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന സര്‍ക്കാരിന്‌ തന്നെയാണ്‌ ഈ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും. എന്നാല്‍, ഭരണം രാഷ്ട്രീയ പാര്‍ട്ടികളുടെ വീതംവയ്പ്പായി മാറിയപ്പോള്‍ നിയമങ്ങളെയും ചട്ടങ്ങളെയും സമ്പത്തിന്റെ ബലത്തില്‍ മറികടക്കാന്‍ കഴിഞ്ഞപ്പോള്‍ വിഷലിപ്തമായ വെള്ളം കുടിക്കാനും വിഷം കലര്‍ന്നതോ വിഷമായി തീര്‍ന്നതോ ആയ ഭക്ഷണങ്ങള്‍ കഴിക്കാനും വിധിക്കപ്പെട്ടിരിക്കുകയാണ്‌, ആതിരേ, മലയാളികള്‍. കേരളത്തില്‍ 50,000ത്തിലധികം ഹോട്ടലുകളും റെസ്റ്ററന്റുകളും ഉണ്ടെന്നാണ്‌ കണക്ക്‌. ഇവയില്‍ വിരലില്‍ എണ്ണാവുന്നവ ഒഴിച്ചുള്ളിടത്ത്‌ അനാരോഗ്യകരവും അപായകരവുമായ സാഹചര്യങ്ങളിലാണ്‌ ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും വിളമ്പുന്നതും. പഴകിയ ഭക്ഷണവും ശരീരത്തിന്‌ ഹാനികരമായ നിറങ്ങളും രാസവസ്തുക്കളും ആമാശയത്തില്‍ എത്തിയാല്‍ അവ ശരീരത്തില്‍ വിഷമായി മാറുകയാണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌. പാശ്ചാത്യഭക്ഷണം എന്ന രീതിയില്‍ മസാലകളും നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത്‌ പഴകിയ ഭക്ഷണം രുചികരവും കാഴ്ചയ്ക്ക്‌ സ്വീകാര്യവുമാക്കി മാറ്റുമ്പോള്‍ സംഭവിക്കുന്നത്‌ ആമാശയത്തിനുള്ളില്‍ വിഷഫാക്ടറിയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുക എന്നതാണ്‌. ഇത്തരത്തിലുണ്ടാകുന്ന ഭക്ഷണത്തിലെ വിഷാംശത്തെ ചെറുക്കാനും അവയുടെ പ്രഹരശേഷി കുറയ്ക്കാനും ശരീരത്തിന്റെ സ്വാഭാവികമായ ഹോര്‍മോണല്‍ പ്രവര്‍ത്തനം കൊണ്ട്‌ സാധിക്കുന്നു. അതുകൊണ്ടാണ്‌ മത്സ്യമാംസ ഭക്ഷണങ്ങള്‍ മൂലം ആമാശയത്തില്‍ ഉണ്ടാകുന്ന വിഷവസ്തുക്കള്‍ ശരീരത്തിന്‌ ഹാനികരമാക്കാത്ത രീതിയില്‍ വിസര്‍ജിക്കപ്പെടുന്നത്‌. ഈ പ്രക്രിയയ്ക്ക്‌ ഭംഗം സംഭവിക്കുമ്പോഴാണ്‌ ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നത്‌. രോഗകാരികളല്ലാത്തതും സ്വാഭാവികമായതുമായ ഭക്ഷണം ഉപഭോക്താവിന്‌ നല്‍കണമെന്നാണ്‌ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിക്കുക എന്നതാണ്‌ സ്റ്റാര്‍ ഹോട്ടല്‍ അടക്കമുള്ള ഭക്ഷണവിതരണ ശൃംഖലയിലുള്ള മാഫിയകളുടെ ലക്ഷ്യം. ഇതുമൂലം ഭക്ഷ്യവിഷബാധ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. അറേബ്യന്‍ നാടുകളില്‍ നിന്ന്‌ ഇറക്കുമതി ചെയ്ത പുതിയ രുചിയായ ഷവര്‍മ്മ മലയാളികളെ കീഴടക്കിയത്‌ വളരെ പെട്ടെന്നായിരുന്നു. എന്നാല്‍, ചീഞ്ഞമാംസമാണ്‌ ഷവര്‍മ്മ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതെന്ന്‌ ഒരു മരണം സംഭവിച്ച ശേഷമാണ്‌ കേരളത്തിലെ ആരോഗ്യവകുപ്പിന്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. ഭക്ഷണത്തിന്റെ നിലവാരം സംരക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനവും നിയമങ്ങളും ചട്ടങ്ങളും ഉള്ള നാട്ടിലാണ്‌ ഭക്ഷ്യവിഷബാധ ഒരു വാര്‍ത്തപോലും അല്ലാതെയായിരിക്കുന്നത്‌. ഹോട്ടലുകളില്‍ നിന്നു മാത്രമല്ല, കീറ്ററിങ്ങ്‌ സര്‍വ്വീസുകള്‍ നടത്തുന്ന വിവാഹസദ്യകളില്‍ നിന്നു വരെ ഭക്ഷ്യവിഷബാധ കേരളത്തില്‍ വ്യാപകമായിരിക്കുകയാണ്‌. ആരോഗ്യവകുപ്പും സര്‍ക്കാരുമാണ്‌ പ്രാഥമികമായി നല്ല ഭക്ഷണം ഉപഭോക്താവിന്‌ ഉറപ്പുവരുത്തേണ്ട ഏജന്‍സി എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, മാറി വരുന്ന ഭക്ഷണ രീതികളും പാശ്ചാത്യ ഭക്ഷണ രീതികളോടുള്ള അതിരുവിട്ട ആസക്തിയും ലാഭക്കൊതിയും ഒന്നിക്കുമ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ ഭക്ഷണവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച്‌ വിതരണം ചെയ്യാനുള്ള ത്വര ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉണ്ടാകുന്നത്‌ സ്വാഭാവികം. ഇവരെ നിരന്തര നിരീക്ഷണത്തിലൂടെയും കര്‍ശന പരിശോധനയിലൂടെയും വരുതിക്ക്‌ നിര്‍ത്തണം എന്നത്‌ പറയാന്‍ കൊള്ളാവുന്ന കാര്യം മാത്രമാണ്‌ ഇന്ന്‌ കേരളത്തില്‍. നിയമങ്ങള്‍ ലംഘിക്കാനാണ്‌ മലയാളിക്ക്‌ താല്‍പര്യം. അതുകൊണ്ട്‌ ഭക്ഷണങ്ങളുടെ നിലവാരം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും ഉദ്യോഗസ്ഥ വിഭാഗത്തിനും ഏല്‍പ്പിക്കുന്നതിലും നല്ലത്‌ മനുഷ്യന്‌ സ്വാഭാവികമായ രീതിയില്‍ ആവശ്യമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നതാണ്‌ അഭികാമ്യം. മത്സ്യമാംസങ്ങളോട്‌ വിടപറഞ്ഞാല്‍ വര്‍ത്തമാനകാലത്തിന്റെ ഭീഷണിയായ പ്രമേഹം, കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക്‌ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പാടെ ഒഴിവാക്കാന്‍ സാധിക്കും. അതുകൊണ്ട്‌ ഹോട്ടല്‍ ഭക്ഷണങ്ങളുടെ നിലവാരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ആഹ്വാനം ചെയ്യുന്നതിനു പകരം മത്സ്യമാംസങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ ഗുണകരം. ശവം തിന്നുന്നത്‌ മനുഷ്യന്റെ ശരീരത്തിനും സ്വഭാവത്തിനും ചേര്‍ന്നതല്ല എന്ന്‌ പ്രകൃതി പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്നതാണ്‌, ആതിരേ, അടിക്കടിയുണ്ടാകുന്ന ഭക്ഷ്യവിഷബാധയും അതുമായി ബന്ധപ്പെട്ട ദുരന്തങ്ങളും. വിവേകമുള്ളവര്‍ ഇത്‌ മനസ്സിലാക്കട്ടെ,ല്ലേ..!.

Monday, July 23, 2012

അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണം

സെന്‍ട്രല്‍ കമ്മിറ്റി തീരുമാനം ഇനി കീഴ്ഘടകങ്ങളിലേക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുണ്ട്‌. അപ്പോള്‍ അണികളുടെയും രണ്ടാംനിര നേതാക്കന്മാരുടെയും ചോദ്യങ്ങള്‍ക്ക്‌ യുക്തിഭദ്രമായ മറുപടി നല്‍കാനാവാതെ പിണറായി വിജയനും കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി പക്ഷത്തിനേറ്റ ഈ പ്രഹരത്തെക്കാള്‍ ദേശീയ നേതൃത്വത്തിന്റെ നിസ്സഹായതയാണ്‌ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നത്‌. പാര്‍ട്ടിയുടെ അച്ചടക്കം തുടരെത്തുടരെ ലംഘിച്ചിട്ടും വിഎസിനെതിരെ ഇപ്പോഴും മാതൃകാപരമായ നടപടി എടുക്കാനാവാതെ കുഴങ്ങുകയാണ്‌ നേതൃത്വം . ഇതിന്‌ ഒരു മറുവശം കൂടിയുണ്ട്‌. ഇന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ തന്നെ, എ.കെ.ഗോപാലന്‌ ശേഷം ജനമനസ്സുകളെ കീഴടക്കാന്‍ കാലിബറുള്ള ഒരേഒരു നേതാവേ ഉള്ളൂ. അത്‌ വി.എസ്‌.അച്യുതാനന്ദനാണ്‌. നിസ്സഹായതയിലൂടെ ആണെങ്കിലും ദേശീയ നേതൃത്വം ഈ വാസ്തവം അംഗീകരിച്ചുകഴിഞ്ഞു. ഇനി പിണറായി വിജയന്റെയും കൂട്ടരുടെയുമാണ്‌ ഊഴം. വിഎസിനെ അംഗീകരിച്ച്‌ പിണറായി വിജയനും വിഎസിന്‌ വാരിക്കുഴി തോണ്ടിയ സംസ്ഥാന സെക്രട്ടേറിയറ്റും രാജിവച്ച്‌ ഒഴിയുന്നതാണ്‌ രാഷ്ട്രീയ മാന്യത; ധാര്‍മ്മിക സുതാര്യത. അത്‌ പിണറായിക്കുണ്ടോ എന്നതാണ്‌ അണികള്‍ ഇനി ഉന്നയിക്കാന്‍ പോകുന്ന ചോദ്യം.
ആതിരേ, പാര്‍ട്ടിയെക്കുറിച്ച്‌ പിണറായി വിജയന്റെ സുപ്രസിദ്ധമായ ആ വിലയിരുത്തലുണ്ടല്ലോ- "ഈ പാര്‍ട്ടിയെക്കുറിച്ച്‌ നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല" എന്നത്‌- അതിപ്പോള്‍ പിണറായിക്കു നേരെ ബൂംറാങ്ങ്‌ ആയിരിക്കുകയാണ്‌. പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചും വി.എസ്‌.അച്യുതാനന്ദന്റെ വിലയെക്കുറിച്ചും ഒരു ചുക്കും അറിയാത്ത സംസ്ഥാന സെക്രട്ടറിയാണ്‌ പിണറായി വിജയനെന്ന്‌ തെളിയിക്കപ്പെട്ടു കഴിഞ്ഞു. അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയുകയാണ്‌ പിണറായി വിജയന്‍ ഇനി ചെയ്യേണ്ടത്‌. പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക്‌ പരിപൂര്‍ണ്ണ പരാജയമാണ്‌ പിണറായി വിജയന്‍ എന്ന്‌ ഞായറാഴ്ച പോളിറ്റ്‌ ബ്യൂറോയും സെന്റ്രല്‍ കമ്മിറ്റിയും വ്യക്തമാക്കി. പിണറായി വിജയന്റെയും കണ്ണൂര്‍ ലോബി അടക്കം പിണറായിയെ പിന്‍താങ്ങുന്ന വൈതാളികന്മാരുടെയും വിലയിരുത്തലില്‍ ഇത്രയേറെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടി ദ്രോഹവും ചെയ്തിട്ടുള്ള വി.എസ്‌.അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാന്‍ കഴിഞ്ഞില്ലെന്നതുപോയിട്ട്‌ പാര്‍ട്ടിയുടെ അധികാര ഘടനയില്‍ ഒരു പടി താഴ്ത്തി നിര്‍ത്താന്‍ പോലും കഴിവില്ലാത്ത ഒരു സെക്രട്ടറി എന്തിനാണ്‌ കേരളത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌?ആതിരേ, ഇതാണിപ്പോള്‍ അണികള്‍ അന്യോന്യം ചോദിക്കുന്നത്‌ കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ നിരീക്ഷകരെയും പൊതുസമൂഹത്തെയും പിണറായി നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷം വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയുടെ അച്ചടക്കം നിരവധി തവണ ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ എതിരാളികള്‍ക്ക്‌ പാര്‍ട്ടിയെ അപഹസിക്കാന്‍ അനവധി അവസരങ്ങള്‍ ഒരുക്കുകയും ചെയ്ത വി.എസ്‌.അച്യുതാനന്ദന്‌ എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു ഇവരെല്ലാം പ്രചരിപ്പിച്ചിരുന്നത്‌. അങ്ങനെ സംഭവിച്ചാല്‍ വി.എസ്‌. പാര്‍ട്ടി വിട്ട്‌ പുറത്തുവരുമെന്നും തങ്ങള്‍ ഉള്‍പ്പെടുന്ന 'കുലംകുത്തികള്‍ക്ക്‌' നേതൃത്വം നല്‍കി പുതിയൊരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ മനപ്പായസം ഉണ്ടത്‌. വി.എസ്‌ പുറത്തുവന്നാല്‍ സ്വീകരിക്കാന്‍ , കഴിഞ്ഞ സംസ്ഥാന സമ്മേളനം മുതല്‍ സിപിഎം-ഉം ചുവന്ന പരവതാനി വിരിച്ച്‌ കാത്തിരിക്കുകയായിരുന്നു. സിപിഎം-നെ അടിമുടി തളര്‍ത്തുന്ന അത്തരം ഒരു നടപടി യുഡിഎഫും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ്‌ മാണിയെപ്പോലെയുള്ളവര്‍ വി.എസ്‌ പാര്‍ട്ടി വിട്ട്‌ പുറത്തു വരണം എന്ന്‌ 'ഉപദേശിക്കുക' പോലും ഉണ്ടായത്‌. വി.എസ്‌ പുറത്തുവന്നാല്‍ സ്വീകരണം നല്‍കാന്‍ കോഴിക്കോട്‌ മുതലക്കുളം മൈതാനം റവല്യൂഷനറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ നേരത്തെ ബുക്ക്‌ ചെയ്യുകയും ഉണ്ടായി. ഇങ്ങനെ 1964-നെ അനുസ്മരിപ്പിക്കുന്ന ഐതിഹാസികമായ മറ്റൊരു ഇറങ്ങിപ്പോക്ക്‌ വി.എസില്‍ നിന്നുണ്ടാകുമെന്ന്‌ കേരളത്തിലെ പൊതുസമൂഹവും മാധ്യമ സമൂഹവും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ആതിരേ, സിപിഎം-ന്റെ മേഖലാ റിപ്പോര്‍ട്ടിങ്ങുകളിലും താഴെത്തട്ടിലും ആഴ്ചകളായി പിണറായി വിജയനും പിണിയാളുകളും അണികളെ സജ്ജരാക്കുന്ന പ്രക്രിയയിലായിരുന്നു. ഒന്നുകില്‍ വിഎസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും. അല്ലെങ്കില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സ്വീകരിക്കുന്ന അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച്‌ വിഎസ്‌ പാര്‍ട്ടി വിട്ട്‌ പുറത്തു പോകും. ഈ ഘട്ടത്തില്‍ പാര്‍ട്ടിയുടെ ഘടന തകരാതെ സൂക്ഷിക്കാന്‍ അണികളെ ഒപ്പം നിറുത്താനും വിഎസിനൊപ്പം പോകുന്നവര്‍ പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കാതിരിക്കാനും കനത്ത കാവലും സജ്ജീകരണങ്ങളുമായിരുന്നു നടത്തിക്കൊണ്ടിരുന്നത്‌. ഇതെല്ലാം കണ്ട്‌ ആതിരേ, കടുത്ത വിഎസ്‌ അനുഭാവികള്‍പോലും അരുതാത്തത്‌ ചിലതെല്ലാം സംഭവിക്കുമെന്ന്‌ സന്ദേഹിക്കുകയും ചെയ്തു. ലഭിച്ച വേദികളില്‍ എല്ലാം വിഎസിനെ പാര്‍ട്ടി വിരുദ്ധനായി മുദ്രയടിച്ച്‌ ഒറ്റപ്പെടുത്തി ഉന്മൂലനം ചെയ്യാനുള്ള പ്രചാരണ പരിപാടികളായിരുന്നു കഴിഞ്ഞ കുറെ ആഴ്ചകളായി ഔദ്യോഗിക പക്ഷം തുടര്‍ന്നു പോന്നിരുന്നത്‌. സെന്‍ട്രല്‍ കമ്മിറ്റി മീറ്റിങ്ങില്‍പോലും, വിഎസ്‌ വിജയരാഘവനെപ്പോലെയുള്ള പിണറായിയുടെ 'തൊമ്മി'മാര്‍ വിഎസിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയേ തീരൂ എന്ന്‌ ശഠിച്ചിരുന്നു. കേരളത്തില്‍ നിന്ന്‌ പി.കെ.ഗുരുദാസനും എം.സി.ജോസഫൈനും മാത്രമാണ്‌ അച്യുതാനന്ദനെ അനുകൂലിക്കാന്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നുള്ളൂ. ഡോ. തോമസ്‌ ഐസക്‌ സ്വീകരിച്ച ഔദ്യോഗികവിരുദ്ധമായ നിലപാടും ഉത്തരേന്ത്യയില്‍ നിന്ന്‌ പ്രത്യേകിച്ച്‌ ബംഗാളില്‍ നിന്നും തൃപുരയില്‍ നിന്നുമുള്ള സഖാക്കളുടെ ചായ്‌വും മാത്രമായിരുന്നു വിഎസിന്‌ കേന്ദ്രകമ്മിറ്റിയിലെ പിടിവള്ളി. ഔദ്യോഗിക പക്ഷത്തിന്റെ പടയൊരുക്കം കണ്ടിട്ടാവണം, ആതിരേ, തനിക്കെതിരെ കര്‍ശന നടപടി എടുത്താല്‍ അത്‌ അംഗീകരിക്കുന്ന പ്രശ്നമില്ല എന്ന്‌ സെന്‍ട്രല്‍ കമ്മിറ്റി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകും മുന്‍പ്‌ വിഎസ്‌ മാധ്യമപ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തിയത്‌. സെന്‍ട്രല്‍ കമ്മിറ്റിയില്‍ വിഎസ്‌ ഏകനായി ഒരുവശത്തും കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മറുവശത്തും നിന്ന്‌ ശക്തമായി തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചപ്പോള്‍ അതുസംബന്ധിച്ച വാര്‍ത്തകള്‍ ചോര്‍ന്നു പുറത്തെത്തിയപ്പോള്‍ വിഎസിനെതിരെ നടപടി തീര്‍ച്ചയാണെന്ന്‌ കേരള സമൂഹം വിധി എഴുതി. സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്ന്‌ ചവിട്ടി പുറത്താക്കി വിഎസിനെ ആലപ്പുഴ ഏരിയ കമ്മിറ്റിയിലേയ്ക്കോ അമ്പലപ്പുഴ ബ്രാഞ്ച്‌ കമ്മിറ്റിയിലേക്കോ തരം താഴ്ത്തും എന്നായിരുന്നു ഔദ്യോഗികപക്ഷം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്‌. നേരത്തെ സൂചിപ്പിച്ചതുപോലെ ലഭിച്ച വേദികളില്‍ പിണറായി പക്ഷ നേതാക്കള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ചാനലുകളും സംഭവം പൊലിപ്പിച്ചെടുത്തു. അങ്ങനെ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്‌ പിണറായി വിജയന്‍ അടക്കമുള്ളവരുടെ കണക്കു കൂട്ടലുകളും പ്രതീക്ഷകളും ചിതറിച്ചുകൊണ്ട്‌ കേന്ദ്രകമ്മിറ്റി തീരുമാനം പ്രകാശ്‌ കാരാട്ട്‌ മാധ്യമങ്ങളെ അറിയിച്ചത്‌. പരസ്യശാസനയില്‍ വിഎസിനെതിരെയുള്ള നടപടി ഒതുക്കുമെന്ന്‌ പറഞ്ഞ കാരാട്ട്‌ പക്ഷേ, ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ സംസ്ഥാന ഘടകം സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്യുകയും പിണറായിയുടെ വിശ്വസ്ത വിധേയനായ എം.എം.മണിയുടെ പ്രഖ്യാപനത്തിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന്‌ നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ സംഭവങ്ങളെല്ലാം ആന്റി ക്ലൈമാക്സില്‍ അവസാനിക്കുകയായിരുന്നു. പിണറായി വിഭാഗത്തിന്‌ പൊതുവെയും പിണറായി വിജയന്‌ പ്രത്യേകിച്ചും പ്രഹരമേല്‍പ്പിക്കുന്നതായിരുന്നു, ആതിരേ, സെന്‍ട്രല്‍ കമ്മിറ്റി തീരുമാനം. ഈ തീരുമാനം ഇനി കീഴ്ഘടകങ്ങളിലേക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുണ്ട്‌. അപ്പോള്‍ അണികളുടെയും രണ്ടാംനിര നേതാക്കന്മാരുടെയും ചോദ്യങ്ങള്‍ക്ക്‌ യുക്തിഭദ്രമായ മറുപടി നല്‍കാനാവാതെ പിണറായി വിജയനും കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി പക്ഷത്തിനേറ്റ ഈ പ്രഹരത്തെക്കാള്‍ ദേശീയ നേതൃത്വത്തിന്റെ നിസ്സഹായതയാണ്‌ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നത്‌. പാര്‍ട്ടിയുടെ അച്ചടക്കം തുടരെത്തുടരെ ലംഘിച്ചിട്ടും വിഎസിനെതിരെ മാതൃകാപരമായ നടപടി എടുക്കാനാവാതെ കുഴങ്ങുകയാണ്‌ നേതൃത്വം ഇപ്പോഴും. ഇതിന്‌ ഒരു മറുവശം കൂടിയുണ്ട്‌. ഇന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ തന്നെ, എ.കെ.ഗോപാലന്‌ ശേഷം ജനമനസ്സുകളെ കീഴടക്കാന്‍ കാലിബറുള്ള ഒരേഒരു നേതാവേ ഉള്ളൂ. അത്‌ വി.എസ്‌.അച്യുതാനന്ദനാണ്‌. നിസ്സഹായതയിലൂടെ ആണെങ്കിലും ദേശീയ നേതൃത്വം ഈ വാസ്തവം അംഗീകരിച്ചുകഴിഞ്ഞു. ഇനി പിണറായി വിജയന്റെയും കൂട്ടരുടെയുമാണ്‌ ഊഴം. വിഎസിനെ അംഗീകരിച്ച്‌ പിണറായി വിജയനും വിഎസിന്‌ വാരിക്കുഴി തോണ്ടിയ സംസ്ഥാന സെക്രട്ടേറിയറ്റും രാജിവച്ച്‌ ഒഴിയുന്നതാണ്‌ രാഷ്ട്രീയ മാന്യത; ധാര്‍മ്മിക സുതാര്യത. അത്‌ പിണറായിക്കുണ്ടോ എന്നതാണ്‌ അണികള്‍ ഇനി ഉന്നയിക്കാന്‍ പോകുന്ന ചോദ്യം.

Wednesday, July 18, 2012

വീരപ്പന്‍ പാവം:കൊലപാതകം,ബലത്സംഘം ആനക്കൊമ്പ്‌ മോഷണം-വീരപ്പന്റെ പേരില്‍

ശരിയാണ് ,വീരപ്പന്‍ ആനയെക്കൊന്നിട്ടുണ്ട്‌. ചന്ദനം മുറിച്ചു വിറ്റിട്ടുമുണ്ട്‌. പക്ഷേ, ഇതിനെല്ലാം അദ്ദേഹത്തിന്‌ തുച്ഛമായ തുക മാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇടനിലക്കാരും അവരുടെ മേലാളന്മാരുമാണ്‌ ഇതിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുള്ളത്‌. കര്‍ണാടകയിലെ പ്രമുഖ സിനിമാതാരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വീരപ്പന്‍ 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍. ഇത്രയധികം രൂപ കൈവശമുള്ള വീരപ്പന്‌ എന്തുകൊണ്ട്‌ ആധുനിക ആയുധങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ല എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ വീരപ്പന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള വീരകൃത്യങ്ങളെല്ലാം മറ്റ്‌ ചിലരുടെ ലാഭക്രിയകളായിരുന്നുവെന്നും വീരപ്പന്‌ ഇതിലൊന്നും പങ്കില്ലെന്നും വ്യക്തമാകുന്നത്‌. കൊല്ലപ്പെടുമ്പോഴും വീരപ്പന്റെ കൈവശം ഉണ്ടായിരുന്നത്‌ 303 റൈഫിള്‍ മാത്രമായിരുന്നു
ആതിരേ,നമ്മുടെയൊക്കെ ധാരണകളും വിശ്വാസങ്ങളും ശുഷ്കവും വസ്തുതാവിരുദ്ധവുമാണെന്ന്‌ സമ്മതിച്ചേ തീരൂ. കാട്ടുകള്ളനെന്നും ആനക്കൊമ്പ്‌ മോഷ്ടാവെന്നും ചന്ദനക്കടത്തുകാരനെന്നുമൊക്കെ വിശേഷിപ്പിച്ച്‌ വീരപ്പനെ ഏറ്റവും ക്രുദ്ധനും ക്രൂരനുമായ കഥാപാത്രമായി അവതരിപ്പിച്ചതിനു പിന്നില്‍ പോലീസ്‌ സേനയിലെ ചില ഉന്നതന്മാരുടെ നീചലക്ഷ്യങ്ങളുണ്ടായിരുന്നു എന്നറിയുമ്പോള്‍ ഞെട്ടരുത്‌. ശരിയായിരുന്നു വീരപ്പന്‍ ആനകളെ കോന്നിട്ടുണ്ട്‌. ആളുകളെയും കോന്നിട്ടുണ്ട്‌. എന്നാല്‍, വീരപ്പന്‍ ചെയ്തതിന്റെ നൂറ്‌ ഇരട്ടി ക്രൂരതകളാണ്‌ വീരപ്പന്‍ വേട്ടയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ട സ്പെഷല്‍ ടാസ്ക്‌ ഫോഴ്സിലെ അംഗങ്ങളും അതിന്റെ തലവന്മാരും നടത്തിയിട്ടുള്ളത്‌. വീരപ്പന്‍ നടത്തി എന്ന്‌ ആരോപിക്കപ്പെട്ടിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഈ ഓഫീസര്‍മാര്‍ നടത്തിയിട്ടുണ്ട്‌. വീരപ്പന്റെ പേരില്‍ സ്ത്രീകളെ അധിക്ഷേപിച്ച ഒരു കേസുപോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, വീരപ്പനെ കുടുക്കാനായി ഇറങ്ങിത്തിരിച്ച സംഘത്തിന്റെയും തലവന്മാരുടെയും ഏറ്റവും ഇഷ്ടപ്പെട്ട മൃഗയാ വിനോദമായിരുന്നു ആന്ധ്രപ്രദേശിലെ ആദിവാസി സ്ത്രീകളെ രാപ്പകലില്ലാതെ ബലാത്സംഗം ചെയ്യുക എന്നത്‌. ഇക്കാര്യത്തില്‍ ഇപ്പോള്‍ ശിക്ഷണ നടപടിക്ക്‌ വിധേയനായി പുറത്തു നില്‍ക്കുന്ന കര്‍ണാടക ഡിജി ആന്റ്‌ ഐജിപി ശങ്കര്‍ മഹാദേവ്‌ ബിദരി ഐപിഎസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിന്റെ നടപടികള്‍ കുപ്രസിദ്ധവും കോടതികളുടെ നിശിത വിമര്‍ശനത്തിന്‌ ഇരയായതുമാണ്‌. കര്‍ണാടകയിലെ ക്വാറി മാഫിയയ്ക്കുവേണ്ടി അവിടത്തെ ആദിവാസികളെ വെടിവച്ചുകൊന്നും അവരുടെ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തുമാണ്‌ ആതിരേ, ബദരിയുടെ സംഘം അര്‍മാദിച്ചത്‌. ഈ കൊലപാതകങ്ങളും ബലാത്സംഗങ്ങളും വീരപ്പന്റെ തലയില്‍ കെട്ടിവച്ച്‌ പൊതുസമൂഹത്തില്‍ മാന്യന്മാരായി ചമഞ്ഞിരുന്ന ഇവരുടെ മുഖം മൂടിയാണിപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നത്‌. വീരപ്പനും കാട്ടിലെ ആദിവാസികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു അല്ലെങ്കില്‍ വീരപ്പന്‍ സംഘാംഗങ്ങളുടെ ബലാത്സംഗത്തിന്‌ ഇരയായി എന്നൊക്കെ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളുടെ ഉത്തരവാദികള്‍ ബദരിയുടെ സംഘാംഗങ്ങളാണെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. വീരപ്പന്‍ വെടിവച്ചു കൊന്നു എന്ന്‌ പോലീസ്‌ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളില്‍ പലതിലും കൊല്ലപ്പെട്ടവര്‍ക്ക്‌ പോയിന്റ്‌ ബ്ലാങ്കില്‍ നിന്നാണ്‌ വെടിയേറ്റിട്ടുള്ളത്‌. മുന്നില്‍ നിന്നും പിന്നില്‍ നിന്നും വെടിയേറ്റാണ്‌ പലരും കൊല്ലപ്പെട്ടിട്ടുള്ളത്‌. ഇവരുടെ ഭാര്യമാരും അമ്മമാരും പെണ്‍മക്കളുമാണ്‌ അന്വേഷണ സംഘത്തിന്റെ അപമാനപ്പെടുത്തലിനും ബലാത്സംഗത്തിനും വിധേയരായിട്ടുള്ളത്‌. ബദരിയുടെ സാന്നിദ്ധ്യത്തിലാണ്‌ ആദിവാസി യുവതികളെ സംഘാംഗങ്ങള്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തിട്ടുള്ളതും ചോദ്യം ചെയ്യലിന്റെ പേരില്‍ നഗ്നരാക്കി നിര്‍ത്തി പല വിധത്തില്‍ അപമാനിച്ചിട്ടുള്ളതും. ആതിരേ,ആദിവാസി യുവതികള്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളുടെ പെരുംകാമത്തിന്നിരയായി പിടയുമ്പോഴും ചോദ്യം ചെയ്യലിന്റെ ഭാഗമായി അവരുടെ ഗുഹ്യപ്രദേശങ്ങളില്‍ ഷോക്കടിപ്പിക്കുമ്പോഴും അതെല്ലാം കണ്ടു രസിക്കാന്‍ ബദരി തൊട്ടടുത്തുണ്ടായിരുന്നു. ഇങ്ങനെ അന്വേഷണസംഘം നടത്തിയ ക്രൂരതകളെല്ലാം ഇതുവരെ വീരപ്പന്റെയും വീരപ്പന്റെ സംഘാംഗങ്ങളുടെയും പേരില്‍ കുറിച്ചുവച്ച്‌ മാന്യന്മാരായി ചമഞ്ഞവരാണ്‌ ഇപ്പോള്‍ നിയമത്തിനും പൊതുസമൂഹത്തിനും മുന്നില്‍ കുറ്റവാളികളായി നില്‍ക്കുന്നത്‌. അന്വേഷണസംഘത്തിന്റെ അതിരുവിട്ട ഇടപെടലിനെക്കുറിച്ച്‌ നടത്തിയ സദാശിവന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. മനുഷ്യത്വം മരവിക്കുന്ന ക്രൂരതകളാണ്‌ ഇവര്‍ ആദിവാസികളോട്‌ കാണിച്ചത്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 66 കൊലപാതക കേസില്‍ 30 എണ്ണത്തില്‍ മാത്രമാണ്‌ വീരപ്പനോ വീരപ്പന്റെ സംഘാംഗങ്ങള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സംശയിക്കാവുന്ന സൂചനകള്‍ ഉള്ളത്‌. ബാക്കി 36 എണ്ണവും വീരപ്പന്‍ സംഘവുമായി ബന്ധമില്ലാത്തവരുടെ അതിക്രമങ്ങളുടെ ഫലമായി ഉണ്ടായ ഏറ്റുമുട്ടല്‍ മരണങ്ങളായിരുന്നു ഇതുസംബന്ധിച്ച കേസുകള്‍ കോടതിയില്‍ എത്തിയപ്പോള്‍ വീരപ്പന്‌ ഇതില്‍ പങ്കില്ലെന്നും ദൗത്യസേനയ്ക്കുള്ള പങ്ക്‌ മറച്ചു വയ്ക്കാനാവില്ലെന്നും വ്യക്തമായതോടെ ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഏതാണ്ട്‌ 60 കോടിയോളം രൂപയാണ്‌ ഇങ്ങനെ നഷ്ടപരിഹാരമായി നല്‍കിയത്‌. അപ്പോള്‍ ഊഹിക്കാവുന്നതേയുള്ളൂ പ്രത്യേക ദൗത്യസേന നടത്തിയ ക്രൂരതയുടെ ആഴവും പരപ്പും. കര്‍ണാടകയിലെ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായ റെഡ്ഡി സഹോദരന്മാര്‍ അടക്കം നിരവധി ഉന്നതര്‍ക്ക്‌ കര്‍ണാടകയില്‍ ക്വാറി ബിസിനസ്‌ ഉണ്ട്‌. ക്വാറി മാഫിയയാണ്‌ കര്‍ണാടകത്തില്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. പ്രതിദിനം ശതകോടിയുടെ ബിസിനസ്‌ നടത്തുന്ന ഈ മാഫിയയെ സംരക്ഷിക്കാനാണ്‌ പ്രത്യേക ദൗത്യ സേന കര്‍ണാടക വനങ്ങളിലെ ആദിവാസികളെ വെടിവച്ചു കൊന്നതും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്തതും. സ്ക്വയര്‍ ഫീറ്റിന്‌ ലക്ഷങ്ങള്‍ വരുന്ന ഗ്രനൈറ്റുകളാല്‍ സമ്പന്നമാണ്‌ കര്‍ണാടകയിലെ വനങ്ങള്‍. ഈ വനങ്ങളില്‍ കഴിയുന്ന ആദിവാസികളുടെ പരമ്പരാഗത വിശ്വാസവുമായി ബന്ധപ്പെട്ട ഈശ്വര സാന്നിദ്ധ്യ സ്ഥാനങ്ങളിലാണ്‌ ഇത്തരത്തിലുള്ള ഗ്രനൈറ്റ്‌ നിക്ഷേപങ്ങള്‍ ഉള്ളത്‌. ഇവിടെ ഖാനനം നടത്താന്‍ ആദിവാസികള്‍ ആരെയും അനുവദിക്കുകയില്ല. തങ്ങളുടെ ദൈവങ്ങളെയും അവരുടെ ഇരിപ്പിടങ്ങളെയും കവര്‍ന്നെടുക്കാന്‍ അനുവദിക്കാതെ ആദിവാസി സമൂഹം ഒറ്റക്കെട്ടായി ഖാനന പ്രക്രിയയെ തടഞ്ഞിരുന്നു വിശ്വാസ ദൃഢതയും അത്‌ സംരക്ഷിക്കാനുള്ള ത്വരയും മാത്രമേ ആദിവാസികള്‍ക്ക്‌ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ക്വാറി മാഫിയയ്ക്ക്‌ എന്തും ചെയ്യാന്‍ മടിയില്ലാത്ത ഗുണ്ടകളും ഏറ്റവും ആധുനിക സ്ഫോടക വസ്തുക്കളും ആയുധങ്ങളുമുണ്ടായിരുന്നു. ഇവ കൊണ്ട്‌ ആദിവാസികളെ നിശബ്ദരാക്കിയിട്ടാണ്‌ കര്‍ണാടകയില്‍ ഇപ്പോഴും ഗ്രാനൈറ്റ്‌ ഖാനനം നടക്കുന്നത്‌. ഈ മാഫിയ നടത്തിയിട്ടുള്ള മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങളും ,ആതിരേ,വീരപ്പന്റെയും വീരപ്പന്‍ സംഘാംഗങ്ങളുടെയും തലയിലാണ്‌ കെട്ടിവച്ചിട്ടുളത്‌. ആതിരേ,കാട്ടുകള്ളനും ചന്ദനക്കൊള്ളക്കാരനും ആനക്കൊമ്പ്‌ മോഷ്ടാവുമായി അറിയപ്പെടുന്നതിന്‌ മുന്‍പ്‌ മറ്റൊരു ഭൂതകാലം വീരപ്പനുണ്ടായിരുന്നു. കര്‍ണാടക വനങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ ഖാനനം നടത്താന്‍ എത്തുന്ന സംഘത്തെ തടയുന്ന ആദിവാസികളെ അനു നയിപ്പിക്കാനും അതിന്‌ തയ്യാറാകാത്തവരെ ഉന്മൂലനം ചെയ്യാനുമുള്ള ക്വാറി മാഫിയയുടെ ഗുണ്ടാ തലവനായിരുന്നു വീരപ്പന്‍. തന്റെ ആജ്ഞയ്ക്ക്‌ വഴങ്ങിയില്ലെങ്കില്‍ അവരെ വെടിവച്ചു കൊല്ലുക എന്ന ഒറ്റ ഉപാധിമാത്രമേ വീരപ്പന്‌ ഉണ്ടായിരുന്നുള്ളൂ. ആദ്യ കാലങ്ങളില്‍ ക്വാറി മാഫിയയ്ക്കു വേണ്ടി വീരപ്പന്‍ ഇത്തരം നിരവധി ഹീനകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്നാല്‍ പില്‍ക്കാലത്ത്‌ ക്വാറി മാഫിയയുമായി തെറ്റിപ്പിരിഞ്ഞതോടുകൂടിയാണ്‌ വീരപ്പന്‍ കാട്ടിനുള്ളിലേക്ക്‌ കയറുന്നതും കാട്‌ സാമ്രാജ്യമാക്കി കൊള്ളകളാരംഭിക്കുന്നതും. ആനയെ കൊന്ന്‌ കൊമ്പെടുത്ത്‌ വിറ്റും ചന്ദനമരങ്ങള്‍ വെട്ടിമുറിച്ച്‌ അതിര്‍ത്തി കടത്തി വില്‍പ്പന നടത്തിയും വീരപ്പന്‍ കോടികള്‍ സമ്പാദിച്ചു എന്നാണ്‌ മാധ്യമ വാര്‍ത്തകള്‍. മാത്രമല്ല, സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയി കോടിക്കണക്കിന്‌ രൂപയുടെ മോചന ദ്രവ്യം നേടിയെടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്‌. എന്നാല്‍, കര്‍ണാടക വനങ്ങളില്‍ നടക്കുന്ന ക്വാറി മാഫിയയുടെ പോകൃത്തരങ്ങളുടെ ഉള്ളറിയുമ്പോള്‍ വീരപ്പന്റെ പേരില്‍ പ്രചരിക്കുന്ന കഥകളില്‍ 10 ശതമാനംപോലും സത്യമില്ലെന്ന്‌ വ്യക്തമാകും. അതേ ആതിരേ വീരപ്പന്‍ ആനയെക്കൊന്നിട്ടുണ്ട്‌. ചന്ദനം മുറിച്ചു വിറ്റിട്ടുണ്ട്‌. പക്ഷേ, ഇതിനെല്ലാം അദ്ദേഹത്തിന്‌ തുച്ഛമായ പണം മാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇടനിലക്കാരും അവരുടെ മേലാളന്മാരുമാണ്‌ ഇതിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുള്ളത്‌. കര്‍ണാടകയിലെ പ്രമുഖ സിനിമാതാരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വീരപ്പന്‍ 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍. ഇത്രയധികം രൂപ കൈവശമുള്ള വീരപ്പന്‌ എന്തുകൊണ്ട്‌ ആധുനിക ആയുധങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ല എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ വീരപ്പന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള വീരകൃത്യങ്ങളെല്ലാം മറ്റ്‌ ചിലരുടെ ലാഭക്രിയകളായിരുന്നുവെന്നും വീരപ്പന്‌ ഇതിലൊന്നും പങ്കില്ലെന്നും വ്യക്തമാകുന്നത്‌. കൊല്ലപ്പെടുമ്പോഴും വീരപ്പന്റെ കൈവശം ഉണ്ടായിരുന്നത്‌ 303 റൈഫിള്‍ മാത്രമായിരുന്നു. കോടിക്കണക്കിന്‌ രൂപ സമ്പാദിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍,പ്രചരിപ്പിക്കുന്നത്‌ പോലെ രഹസ്യമായി മുംബൈയില്‍ വ്യാപാരാര്‍ത്ഥം എത്തിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഏറ്റവും പുതിയ ആയുധങ്ങള്‍ വീരപ്പന്‍ വാങ്ങിയിരുന്നേനെ. പക്ഷേ, അതുണ്ടായിട്ടില്ല. അതില്‍ നിന്ന്‌ മനസ്സിലാകുന്നത്‌ ആനക്കൊമ്പ്‌ മോഷ്ടിച്ചും ചന്ദനം വെട്ടി വിറ്റും വിഐപികളെ തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടും പറയുന്നതുപോലെ കോടികളോ ലക്ഷങ്ങളോ വീരപ്പന്‍ സമ്പാദിച്ചിട്ടില്ല എന്നു തന്നെയാണ്‌. വീരപ്പനെ മറയാക്കി കര്‍ണാടക രാഷ്ട്രീയത്തിലെ ഉന്നതന്മാരും പോലീസ്‌ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ്‌ ചന്ദനത്തടികള്‍ മോഷ്ടിച്ചത്‌,ആനയെ കൊന്ന്‌ കൊമ്പെടുത്തിട്ടുള്ളത്‌, കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തിയിട്ടുള്ളത്‌. ഈ അധോലോകപ്രവര്‍ത്തനത്തിന്‌ കൂട്ടുനിന്ന ബദരിയെ കര്‍ണാടക ഡിജി ആന്റ്‌ ഐജിപി ആയി നിയമിച്ചതിനെ ചോദ്യം ചെയ്ത്‌ അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണലില്‍ വന്ന പരാതിയുടെ വിചാരണക്കിടയിലാണ്‌ ബിദരിയുടെ കൊടും ക്രൂരതയുടെ കഥകള്‍ പുറത്തു വന്നത്‌ പൈശാചികമായ കൊള്ളയ്ക്കും കൊലയ്ക്കും കൂട്ടുനിന്ന ബിദരിയുടെ നിയമനം റദ്ദാക്കിക്കൊണ്ട്‌ ജസ്റ്റിസ്‌ ഡോ. കെ.ബി.സുരേഷ്‌ വിധിപ്രഖ്യാപിച്ചതോടെയാണ്‌ ബിദരിയുടെ പതനം ആരംഭിച്ചത്‌.വീരപ്പന്റെ വാസ്തവങ്ങള്‍ വെളിവായതും ആ കഥകള്‍ പിന്നാലെ

Sunday, July 15, 2012

" തപ: സ്വാദ്ധ്യായ നിരതം, തപസ്വീ വഗ്വ്വിദാംവദം.."

ഋതുക്കള്‍ക്ക്‌ ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയും. ഈ വിശ്വാസത്തിലാകണം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്‌.അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ വറ്റാത്ത സ്രോതസ്സല്ലേ രാമായണം..!രാമായണ പാരായണം രാമകഥാപാരാവാര പര്യവേഷണമാണല്ലോ.എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്‌ രാമന്‍.പച്ചയായ മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുമ്പോഴും സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ്‌ രാമന്‍ ആവിഷ്കരിക്കുന്നത്‌.ആ ആവിഷ്ക്കാരങ്ങളിലൂടെയുള്ള ജാഗ്രതാപൂര്‍വമായ പര്യടനമാണ്‌ രാമായണ പാരായണം. അതേ,മാനസിനെ സ്ഫുടം ചെയ്തെടുക്കലാകുന്നു രാമായണ പാരായണം.
ആതിരേ വറുതി പിടിമുറുക്കുന്ന ആടി മാസം ഇടമുറിയാതെ മഴ പെയ്തിറങ്ങുന്ന കര്‍ക്കിടകം ദക്ഷിണായന രാശിയില്‍ സൂര്യസഞ്ചാരം ദക്ഷിണായനം ദേവന്മാരുടെ രാശി. ദക്ഷിണായനത്തില്‍ ദേവന്മാര്‍ നിദ്ര കൊള്ളുന്നു എന്ന്‌ വിശ്വാസം. ദേവന്മാര്‍ നിദ്ര കൊള്ളുമ്പോള്‍ ജീവജാലങ്ങളിലെ ചൈതന്യത്തിന്‌ ലോപം സംഭവിക്കും. കാരണം ജീവജാലങ്ങളിലെ ചൈതന്യമാണല്ലോ ദേവന്‍ . സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നതും ദേവന്മാര്‍ നിദ്ര കൊള്ളുന്നതും ദോഷകരമെന്ന്‌ മറ്റൊരു വിശ്വാസം. ഈ ദോഷ പരിഹാരത്തിന്‌ ആദ്ധ്യാത്മിക ചിന്തകള്‍ അനിവാര്യമെന്ന്‌ ആചാര്യ മതം. അതു കൊണ്ടാണ്‌, ആതിരേ, ഹൈന്ദവര്‍ പ്രത്യേകിച്ചും മലയാളികള്‍ പൊതുവായും കര്‍ക്കിടകത്തെ രാമായണ മാസമായി, പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളായി സ്വീകരിക്കുന്നതും ശ്രദ്ധയോടുകൂടി ആധ്യാത്മിക ചിന്തകളില്‍ ആമഗ്നരാകുന്നതും ആതിരേ,ജലരാശിയാണ്‌ കര്‍ക്കിടകം. ജലരാശിയില്‍ സഞ്ചരിക്കുമ്പോള്‍ സൂര്യന്‌ ഹാനി സംഭവിക്കും. സുര്യന്റെ ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കും. ഇതിന്‌ പരിഹാരമായാണ്‌ രാമായണ പരായാണം വിധിച്ചിരിക്കുന്നത്‌. കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ്‌ വിശ്വാസം. സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തത്തോടെ വേണം രാമായണ പാരായണം ആരംഭിക്കണ്ടത്‌. ആതിരേ,ദശപുഷ്പങ്ങള്‍ വച്ച്‌ ശ്രീഭഗവതിയെ രാവിലെ വീട്ടിലേക്ക്‌ , എതിരേല്‍ക്കുന്ന ധന്യമായ ചടങ്ങ്‌ മലബാറിന്‌ മാത്രം സ്വന്തം.കുളിച്ച്‌ വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസൃതവും വയ്ക്കുന്നു. വൈകീട്ടേ ഇത്‌ എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരും ആതിരേ,ഋതുക്കള്‍ക്ക്‌ ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയും. ഈ വിശ്വാസത്തിലാകണം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്‌.അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ വറ്റാത്ത സ്രോതസ്സല്ലേ രാമായണം..!രാമായണ പാരായണം രാമകഥാപാരാവാര പര്യവേഷണമാണല്ലോ.എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്‌ രാമന്‍.പച്ചയായ മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുമ്പോഴും സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ്‌ രാമന്‍ ആവിഷ്കരിക്കുന്നത്‌.ആ ആവിഷ്ക്കാരങ്ങളിലൂടെയുള്ള ജാഗ്രതാപൂര്‍വമായ പര്യടനമാണ്‌ രാമായണ പാരായണം. അതേ,മാനസിനെ സ്ഫുടം ചെയ്തെടുക്കലാകുന്നു രാമായണ പാരായണം. ?തപ: സ്വാദ്ധ്യായ നിരതം, തപസ്വീ വഗ്വ്വിദാംവദം, നാരദം പരിപപ്രച്ഛ? ്‌ വാല്‍മീകിമഹര്‍ഷി രാമായണം തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. തപസ്സിനാണ്‌ ,ധ്യാനത്തിനാണ്‌ , ആദ്ധ്യാത്മിക മനനങ്ങള്‍ക്കാണ്‌ രാമായണമാസം പ്രധാന്യം നല്‍കുന്നത്‌. അതു കൊണ്ടാണ്‌ രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ്‌ വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച്‌ പറഞ്ഞത്‌. *************** ആതിരേ,കൊടും വേനലില്‍ നിന്ന്‌ പൊടുന്നനെ മഴത്തിമിര്‍പ്പിലേക്ക്‌ ... അതിനോട്‌ പെട്ടെന്ന്‌ പൊരുത്തപ്പെടാന്‍ ശരീരത്തിന്‌ കഴിയില്ല. മഴത്തണുപ്പിന്റെ മൂന്നു മാസത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കും. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുമ്‌. ശക്തി കുറഞ്ഞ ശരീരം അതിന്‌ അടിപ്പെടും -ഒക്കെ സ്വാഭാവികം. മഴത്തുള്ളികളില്‍ത്തൂങ്ങി രോഗാണുക്കളും പെയ്തു നിറയും, കാലവര്‍ഷക്കാലത്ത്‌.. ഈയൊരു അവസ്ഥയിലാണ്‌ സുഖ ചികിത്സ പ്രസക്തമാവുന്നത്‌. ആതിരേ,കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നല്ലേ ആയുര്‍ വേദത്തിന്റെ ശാന്തിമന്ത്രം.ആയുര്‍ വേദത്തിന്‍റെ മഹിമ,ആചാര സൂക്തങ്ങളുടെ കുളിര്‍മ ഒക്കെ അനുഭവവേദ്യമാവുന്നത്‌ കര്‍ക്കിടക മാസത്തിലെ ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയുമാണ്‌ . ഈ കാലം ആയുര്‍വേദത്തില്‍ വിസര്‍ഗ്ഗ കാലമാണ്‌ .അതായത്‌ സൂര്യന്‍ തന്റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക്‌ വിട്ടുകൊടുക്കുന്ന കൃപാകരകാലം.ം. ഇക്കാലത്തു വേണം ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍. അതു കൊണ്ടാണ്‌ കേരളീയര്‍ പണ്ട്‌ മുതലേ കര്‍ക്കിടകം 16ന്‌ ഔഷധസേവ തുടങ്ങിയിരുന്നത്‌.നിഷ്ഠാബദ്ധമായ ആരോഗ്യപരിപാലനാചാരണമാണിത്‌. ഇതില്‍ വൈദ്യവും ജ്യോത്സ്യവും ഒത്തുചേര്‍ന്നിട്ടുണ്ട്‌ .അതാണ്‌ ഏറ്റവും പ്രാധാന്യം. ആയുര്‍ശാസ്ത്രസംബന്ധിയായ എല്ലാവിധ ചികിത്സയ്ക്കും നല്ലത്‌ മഴക്കാലമാണ്‌. കാരണം, രോഗകാരണങ്ങളായ ദോഷങ്ങളെ ശരീരത്തില്‍ നിന്ന്‌ പുറത്ത്‌ കളയാന്‍ താരതമ്യേന എളുപ്പം ഈ കാലത്താണ്‌. കൂടാതെ മഴക്കാലത്ത്‌ ദഹനശക്തി കുറയുന്നു. അഗ്നിമാന്ദ്യം ഉണ്ടാകുന്നു എന്ന്‌ ആയുര്‍വേദം .ഇതിനാണ്‌ കര്‍ക്കിടകമാസ മധ്യത്തില്‍ ശോധന ചികിത്സ കഴിഞ്ഞ്‌ ഔഷധസേവ വിധിച്ചിട്ടുള്ളത്‌. ഔഷധസേവയില്‍ പ്രധാനമായി കഴിക്കുന്നത്‌ കൊടുവേലിക്കിഴങ്ങാണ്‌. ഇതിന്‌ അഗ്നി എന്നാണ്‌ ആയുര്‍വേദികമായ പേര്‌. കുളിച്ച്‌ ദേഹശുദ്ധി വരുത്തിയശേഷം പറിച്ചുകൊണ്ടുവരുന്ന കൊടുവേലിക്കിഴങ്ങ്‌ കഴുകി ഉരച്ച്‌ വൃത്തിയാക്കി ഒരു രാത്രി ചുണ്ണാമ്പു വെള്ളത്തില്‍ ഇട്ടുവച്ച്‌ ശുദ്ധിചെയ്ത്‌ വീണ്ടും വൃത്തിയാക്കി തോല്‍കളഞ്ഞ ശേഷമാണ്‌ ഉപയോഗിക്കുന്നത്‌. കേരളീയ ആചാരപ്രകാശം കൊടുവേലിക്കിഴങ്ങ്‌ ഭവനങ്ങളുടെ മുഖ്യകവാടത്തിലൂടെ കയറ്റാറില്ല. ജനല്‍ വഴിയോ മറ്റോ ആണ്‌ വീടിനുള്ളില്‍ കൊണ്ടുവരാറ്‌. ഔഷധസേവാ ദിനത്തില്‍ കഴിക്കുന്ന മരുന്ന്‌ വയമ്പും ഇരട്ടിമധുരവും ചേര്‍ത്ത്‌ വെണ്ണപോലെ അരച്ച്‌ നെയ്യില്‍ ചേര്‍ത്താണ്‌ നിര്‍മിക്കുന്നത്‌. ശരീരത്തില്‍ അഗ്നി (ദഹനം) വര്‍ധിക്കുന്നതിനും ബുദ്ധിശക്തി ഉണര്‍ത്തുന്നതിനും സ്വരമാധുരി ഉണ്ടാകുന്നതിനും ഈ ഔഷധക്കൂട്ട്‌ ഏറെ ഫലപ്രദമാണ്‌. ആചാരപ്രകാരം ക്ഷേത്രങ്ങളിലാണ്‌ ഈ ചടങ്ങ്‌ നടത്താറ്‌. ആയുര്‍വേദത്തിലെ ഔഷധസൂക്തം പലതവണചൊല്ലി ഔഷധത്തെ വീര്യവത്താക്കി തീര്‍ക്കുന്നു. പുരുഷസൂക്തം മുതലായ മന്ത്രങ്ങള്‍ ജപിച്ച്‌ മന്ത്രപൂതമാക്കുന്ന ഈ ഔഷധം വളരെകുറച്ച്‌ അളവില്‍ മാത്രമേ കഴിക്കാവൂ. ഏതാണ്ട്‌ 3 ഗ്രാം മുതല്‍ 5 ഗ്രാം വരെ. അതാണ്‌ വിധി. ആതിരേ,ഔഷധസേവയ്ക്ക്‌ കര്‍ശനമായ പഥ്യം നിര്‍ബന്ധം. . ഒഴിഞ്ഞ വയറിലാകണം ഔഷധം കഴിക്കേണ്ടത്‌. കുളിച്ച്‌ ദേഹശുദ്ധി വരുത്തി ശുദ്ധവും നിര്‍മലവുമായ മനസോടു കൂടി പ്രഭാതത്തില്‍ ഔഷധം കഴിക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. മത്സ്യം, മാംസം, മുട്ട, തൈര്‌, വറുത്തത്‌ എന്നിവ കഴിക്കരുത്‌. 16ന്‌ കാലത്ത്‌ ഔഷധകഞ്ഞി കഴിക്കുന്നതാണ്‌ ഉത്തമം. പകല്‍ ഉറങ്ങരുത്‌ രാത്രി നന്നായുറങ്ങണം. ഫ്രിഡ്ജില്‍ വച്ചതും പഴയതുമായവ കഴിക്കരുത്‌. മനുഷ്യന്റെ ആധ്യാത്മികവും അതിഭൗതികവും അതിദൈവികവുമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമത്രേ ഔഷധസേവാദിനത്തിലെ ഔഷധസേവ. ഇങ്ങനെ മനവും തനുവും സ്ഫുടം ചെയ്തെടുത്തുകഴിയുമ്പോള്‍ പൊന്നിന്‍ കതിര്‍ക്കുലയേന്തി മെല്ലേ മെല്ലേ ചിങ്ങമാസവുമിങ്ങെത്തും പഞ്ഞക്കാലത്തിന്‌ വിട.. ആതിരേ,ഇനി പൂവിളികള്‍.. പൂക്കളങ്ങള്‍.. പൊന്നോണപ്രഹര്‍ഷങ്ങള്‍ (ആചാര-ആയുര്‍വേദ വിധികള്‍ അവലംഭം)

Thursday, July 12, 2012

പി.സി.ജോര്‍ജും ഗണേഷ്കുമാറും കത്തുന്ന ഈ സത്യം കാണാത്തതെന്ത്‌ ?

ആവശ്യത്തിന്‌ ഭക്ഷണമോ വസ്ത്രമോ നല്‍കാതെയുള്ള കൊടിയ ചൂഷണത്തിന്റെ ഇരകളാണ്‌ തോട്ടം മേഖലയിലെ പട്ടിണി ലയങ്ങളിലെ ഈ പരിതാപ ജന്മങ്ങള്‍. ജനിച്ചുപോയതുകൊണ്ടും ജനിച്ച ഉടന്‍ മരിക്കാതിരുന്നതുകൊണ്ടും പെണ്ണായി പിറന്നതുകൊണ്ടും പിഞ്ചുപ്രായത്തിലെ നിരന്തര ചൂഷണത്തിന്‌ വിധേയമാക്കപ്പെടുന്ന ഈ സ്ത്രൈണതകളും പി.സി.ജോര്‍ജും ഗണേഷ്കുമാറും ഉമ്മന്‍ ചാണ്ടിയുമൊക്കെ ഉള്‍പ്പെടുന്ന ജനാധിപത്യ വ്യവസ്ഥയിലെ പൗരഗണത്തില്‍പ്പെടുന്നവരാണ്‌.ഇവരുടെ ഇല്ലായ്മയില്‍ നിന്നും വല്ലായമയില്‍ നിന്നുമൂറ്റിയെടുക്കുന്ന നികുതിപ്പണം കൂടിയടങ്ങുന്നതാണ്‌ ചീഫ്‌ വിപ്പിന്റേയും വനം മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയുമൊക്കെ ശമ്പളം.അതാരും മറക്കണ്ട. മൂന്നുനേരം ഭക്ഷണം കഴിക്കാനുള്ള വക പോലും നല്‍കാതെ തോട്ടമുടമകളും മുതലാളി വര്‍ഗ്ഗവും തൊഴിലാളികളെ പീഡിപ്പിച്ചും ചൂഷണം ചെയ്തും സ്വത്ത്‌ സ്വരുക്കൂട്ടുന്നതിന്റെ കണ്ണീരുറയുന്ന ബാക്കി പത്രങ്ങളാണ്‌ ,സംസ്ഥാനാന്തര രതിവിപണിയില്‍ വിലപേശിവില്‍ക്കപ്പെടുന്ന,തോട്ടമ്മേഖലയില്‍ നിന്നുള്ള നിസ്സഹായ ബാല്യ-കൗമാരങ്ങള്‍. ശരീരം മാത്രമായി അവരെ കണ്ട്‌ ലൈംഗിക ദാഹം ശമിപ്പിക്കാനാണ്‌ രാഷ്ട്രീയക്കാരടക്കമുള്ള സമൂഹത്തിലെ ഉന്നത വിഭാഗത്തിന്‌ താല്‍പര്യം
ആതിരേ,തോട്ടംതൊഴിലാളികളുടെ ദയനീയത വിവരിച്ച്‌ തോട്ടം മാഫിയയെ സംരക്ഷിക്കാന്‍ നിയമസഭയ്ക്ക്‌ അകത്തും പുറത്തും ചക്കളത്തിപ്പോരാട്ടം നടത്തുന്ന ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജും വനംമന്ത്രി കെ.ബി.ഗണേഷ്‌ കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കാണാതെ പോകുന്ന അല്ലെങ്കില്‍ കാണാന്‍ കൂട്ടാക്കാത്ത പൊള്ളിക്കുന്ന സത്യമായി പീരുമേട്ടിലെ ലാന്‍ഡ്രം സ്വദേശി ചന്ദ്രന്റെ മകള്‍ സത്യ നില്‍ക്കുന്നു. തൃച്ചിയിലെ എംഎല്‍എയുടെ വീട്ടിലേക്ക്‌ ജോലിക്കെന്ന്‌ പറഞ്ഞു കൊണ്ടുപോയ സത്യ, ദുരൂഹ സാഹചര്യത്തില്‍ ഒരാഴ്ച മുന്‍പ്‌ മരണമടഞ്ഞു. തൃച്ചിയിലെ എംഎല്‍എ ആരാണെന്നോ കൃത്യസ്ഥലം എവിടെയാണെന്നോ സത്യയുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ അറിയില്ല. മൂവായിരം രൂപ ശമ്പളത്തിന്‌ ജോലിക്ക്‌ കൊണ്ടുപോയ സത്യയെ പോസ്റ്റ്മോര്‍ട്ടത്തിനായി വെട്ടിമുറിച്ച്‌ തുന്നിക്കൂട്ടി വെള്ളത്തുണിയില്‍ പൊതിഞ്ഞാണ്‌ പിന്നീട്‌ വീട്ടില്‍ എത്തിച്ചത്‌. തോട്ടം മേഖലയില്‍ പൊതുസമൂഹം അറിയാതെ നടക്കുന്ന ലൈംഗിക മുതലെടുപ്പിന്റെയും പെണ്‍വാണിഭ റാക്കറ്റ്‌ പ്രവര്‍ത്തനത്തിന്റെയും ഒടുവിലത്തെ ഇരയാണ്‌, ആതിരേ, സത്യ. പിഞ്ചു കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന തോട്ടം മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അന്യസംസ്ഥാന സെക്സ്‌ റാക്കറ്റുകള്‍ക്ക്‌ മാതാപിതാക്കള്‍ തന്നെ കൈമാറുന്ന ദാരുണമായ അവസ്ഥയാണുള്ളത്‌. സത്യയെയും മാതാപിതാക്കള്‍ അയ്യായിരം രൂപയ്ക്ക്‌ വിക്കുകയായിരുന്നു എന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. തോട്ടം മേഖലയിലെ തൊഴിലാളികളെ ഗ്രസിച്ചിട്ടുള്ള തൊഴിലില്ലായ്മയും അതിന്റെ ഉപോദ്പന്നമായ ദാരിദ്ര്യവുമാണ്‌ സത്യയെപ്പോലെയുള്ള ദരിദ്ര ജീവിതങ്ങളെ സൃഷ്ടിക്കുന്നതെന്ന്‌ തിരിച്ചറിയാനോ, ഇവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനോ മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മനസ്സില്ല. പാര്‍ട്ടികളുടെ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെല്ലാം ഈ റാക്കറ്റില്‍ നിന്ന്‌ പടി പറ്റുന്നവരും തോട്ടം മേഖലയിലെ ബാല്യ കൗമാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന അധോലോക സംവിധാനത്തിന്റെ അഞ്ചാം പത്തികളുമാണ്‌! ആതിരേ, പട്ടിണി കൊടികുത്തി വാഴുന്ന തോട്ടം ലയങ്ങളില്‍ പിറന്നു വീഴുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌, ഇങ്ങനെ പിഞ്ചുപ്രായത്തില്‍ തന്നെ പീഡനങ്ങള്‍ക്ക്‌ വിധേയരായി ഊരും പേരും അറിയാത്ത നാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടാനാണ്‌ നിയോഗം. വീട്ടിലെ പട്ടിണി മാറ്റാനെന്നോണം വീട്ടുജോലിക്കെന്നു പറഞ്ഞ്‌ ഏജന്റുമാര്‍ ലയങ്ങളില്‍ നിന്ന്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നത്‌ സംസ്ഥാനാന്തര സെക്സ്‌ റാക്കറ്റിന്റെ വലയിലേയ്ക്കാണ്‌. ഉന്നത രാഷ്ട്രീയ-പോലീസ്‌ നേതാക്കളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അധോലോക മാഫിയയുടെ കൈയ്യില്‍ നിന്ന്‌ പട്ടിണി ലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്‌ മോചനമില്ലെന്ന്‌ സത്യ തന്റെ ജീവിതം കൊണ്ട്‌ അടിവരയിടുന്നു. തോട്ടം മേഖലയിലെ പ്രതിസന്ധിയും ദാരിദ്ര്യവും മുതലാക്കാന്‍ രതിവിപണിയിലെ ദല്ലാള്‍മാരുടെ നീരാളി കൈകള്‍ നീളുമ്പോള്‍,ആതിരേ, അവരുടെ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക്‌ ആകുന്നില്ല.വിശപ്പിന്‌ മുന്നില്‍ ഈശ്വരന്‍ പോലും ഭക്ഷണമായി അവതാരമെടുക്കാത്തിടത്ത്‌ ഈ നിസ്സഹായരുടെ ധാര്‍മീകമൂല്യങ്ങള്‍ ബാഷ്പീകരിക്കപ്പെടുന്നെങ്കില്‍ എങ്ങനെയാണ്‌ നമുക്കവരെ കുറ്റപ്പെടുത്താന്‍ കഴിയുക..? സത്യയെ മാതാപിതാക്കള്‍ അയ്യായിരം രൂപയ്ക്ക്‌ വിറ്റതുകൂടാതെ മറ്റു സഹോദരിമാരേയും തമിഴ്‌നാടിന്റെ പല ഭാഗത്തും വീട്ടുവേലയ്ക്കായി അയച്ചിട്ടുണ്ടത്രേ!. അവരുടെ നോവും നീറ്റലും അവര്‍ക്ക്‌ മാത്രമറിയാം. കൊല്ലപ്പെട്ടിട്ടില്ലാത്തതുകൊണ്ട്‌ അവരെക്കുറിച്ച്‌ ആരും തിരക്കുന്നില്ല. അവരുടെ നൊമ്പരങ്ങളാര്‍ക്കും അറിയേണ്ടതുമില്ല. സത്യയുടെ സഹോദരി നിത്യയെ പണക്കൊതിമൂത്ത ഇടനിലക്കാര്‍ കെണിയിലാക്കിയത്‌ ഒരു വിവാഹത്തിലൂടെയാണ്‌. പിതാവ്‌ ചന്ദ്രന്‌ അരലക്ഷം രൂപ നല്‍കിയാണ്‌ മൂത്ത മകള്‍ നിത്യയെ തമിഴ്‌നാട്ടിലെ ഇറോഡ്‌ പുതുക്കുളം സ്വദേശി വൃദ്ധന്‌ വിവാഹം ചെയ്തു കൊടുത്തത്‌. കല്യാണം കഴിഞ്ഞാല്‍ മകളുടെ കാര്യം തിരക്കരുതെന്നും കാണാന്‍ ശ്രമിക്കരുതെന്നുമുള്ള നിബന്ധനയോടെയാണ്‌ അരലക്ഷം കൈമാറിയത്‌. അതുകൊണ്ട്‌ നിത്യയുടെ അവസ്ഥ എന്താണെന്ന്‌ ചന്ദ്രനോ ബന്ധുക്കള്‍ക്കോ അറിയില്ല. ഏത്‌ സെക്സ്‌ റാക്കറ്റിന്റെ വില്‍പ്പന ചരക്കാണിന്ന്‌ നിത്യയെന്നൂഹിക്കാന്‍ പോലും ആകാത്തവിധം വ്യാപകവും നിഗൂഢവുമാണ്‌ ഇത്തരം റാക്കറ്റുകളുടെ പ്രവര്‍ത്തനം. തോട്ടം മേഖലയിലെ പട്ടിണിയും പരിവട്ടവും മുതലെടുത്ത്‌ . കഴിഞ്ഞ ആറുമാസത്തിനിടയില്‍ പീരുമേട്ടില്‍ നിന്നു മാത്രം 12ലേറെ പെണ്‍കുട്ടികളെയാണ്‌ ഇടനിലക്കാര്‍ വലയിലാക്കിയത്‌. പ്രതിമാസം 10000 രൂപ വരെ ശമ്പളവും ഭക്ഷണം- താമസസൗകര്യവും വാഗ്ദാനം ചെയ്ത്‌ മാതാപിതാക്കളെയും പ്രലോഭിപ്പിച്ചാണ്‌ ഇടനിലച്ചെകുത്താന്മാര്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത്‌. ആതിരെ,തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെയും തോട്ടമുടമകളായ കോടീശ്വരന്മാരുടെയും വീടുകളിലേക്കാണ്‌ ഈ സാധു കുട്ടികളെ റിക്രൂട്ട്‌ ചെയ്യുന്നത്‌. ഒരു കുട്ടിയെ എത്തിക്കുന്ന ഇടനിലക്കാരന്‌ പ്രതിഫലം, വിശ്വസിക്കുക, 50000 രൂപയാണ്‌. ഇതില്‍ നിന്ന്‌ എന്താണ്‌ വായിച്ചെടുക്കാന്‍ സാധിക്കുക? വീട്ടുവേലയ്ക്കായി ഒരു പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കുന്നതിന്‌ ഇത്രയും കമ്മീഷന്‍ നല്‍കേണ്ടതുണ്ടോ? ഇല്ല. അപ്പോള്‍ പിന്നെ പട്ടിണി ലയങ്ങളില്‍ നിന്നുള്ള പിഞ്ചു പെണ്‍കുട്ടികള്‍ എത്തപ്പെടുന്നത്‌ എവിടെയാണെന്ന്‌ ഊഹിക്കാന്‍ ഏറെയൊന്നും ബുദ്ധിമുട്ടേണ്ടതില്ല. പാമ്പനാര്‍, ഏലപ്പാറ, വണ്ടിപ്പെരിയര്‍ മേഖലകളില്‍ നിന്ന്‌ ഇങ്ങനെ നിരവധി പെണ്‍കുട്ടികളാണ്‌ അന്തര്‍സംസ്ഥാന സെക്സ്‌ റാക്കറ്റിന്റെ വലയില്‍പ്പെട്ടിട്ടുള്ളത്‌. ഏജന്റുമാര്‍ 5000 രൂപ നല്‍കിയാണ്‌ പെണ്‍കുട്ടികളെ മാതാപിതാക്കളില്‍ നിന്ന്‌ 'വാങ്ങുന്നത്‌'. തുടര്‍ വിദ്യാഭ്യാസം വരെ വാഗ്ദാനം ചെയ്ത്‌ ചതിയില്‍പ്പെടുത്തിയാണ്‌ ചിലര്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത്‌. വീട്ടുജോലിക്കൊപ്പം മറ്റു പല ജോലികളും ഇവരെക്കൊണ്ട്‌ ചെയ്യിച്ച ശേഷമാണ്‌ ലൈംഗികമായും മുതലെടുക്കുന്നത്‌. ആവശ്യത്തിന്‌ ഭക്ഷണമോ വസ്ത്രമോ നല്‍കാതെയുള്ള കൊടിയ ചൂഷണത്തിന്റെ ഇരകളാണ്‌ തോട്ടം മേഖലയിലെ പട്ടിണി ലയങ്ങളിലെ ഈ പരിതാപ ജന്മങ്ങള്‍. ജനിച്ചുപോയതുകൊണ്ടും ജനിച്ച ഉടന്‍ മരിക്കാതിരുന്നതുകൊണ്ടും പെണ്ണായി പിറന്നതുകൊണ്ടും പിഞ്ചുപ്രായത്തിലെ നിരന്തര ചൂഷണത്തിന്‌ വിധേയമാക്കപ്പെടുന്ന ഈ സ്ത്രൈണതകളും പി.സി.ജോര്‍ജും ഗണേഷ്കുമാറും ഉമ്മന്‍ ചാണ്ടിയുമൊക്കെ ഉള്‍പ്പെടുന്ന ജനാധിപത്യ വ്യവസ്ഥയിലെ പൗരഗണത്തില്‍പ്പെടുന്നവരാണ്‌.ഇവരുടെ ഇല്ലായ്മയില്‍ നിന്നും വല്ലായമയില്‍ നിന്നുമൂറ്റിയെടുക്കുന്ന നികുതിപ്പണം കൂടിയടങ്ങുന്നതാണ്‌ ചീഫ്‌ വിപ്പിന്റേയും വനം മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയുമൊക്കെ ശമ്പളം.അതാരും മറക്കണ്ട. മൂന്നുനേരം ഭക്ഷണം കഴിക്കാനുള്ള വക പോലും നല്‍കാതെ തോട്ടമുടമകളും മുതലാളി വര്‍ഗ്ഗവും തൊഴിലാളികളെ പീഡിപ്പിച്ചും ചൂഷണം ചെയ്തും സ്വത്ത്‌ സ്വരുക്കൂട്ടുന്നതിന്റെ കണ്ണീരുറയുന്ന ബാക്കി പത്രങ്ങളാണ്‌ ,സംസ്ഥാനാന്തര രതിവിപണിയില്‍ വിലപേശിവില്‍ക്കപ്പെടുന്ന,തോട്ടമ്മേഖലയില്‍ നിന്നുള്ള നിസ്സഹായ ബാല്യ-കൗമാരങ്ങള്‍. ശരീരം മാത്രമായി അവരെ കണ്ട്‌ ലൈംഗിക ദാഹം ശമിപ്പിക്കാനാണ്‌ രാഷ്ട്രീയക്കാരടക്കമുള്ള സമൂഹത്തിലെ ഉന്നത വിഭാഗത്തിന്‌ താല്‍പര്യം . ഇത്തരം കൊടിയ ചൂഷണങ്ങള്‍ക്ക്‌ നേരെ കണ്ണടച്ചിട്ടാണ്‌ തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതും വന്‍ തോട്ടമുടമകള്‍ക്ക്‌ വനഭൂമി പങ്കിട്ട്‌ നല്‍കാന്‍ തോട്ടം തൊഴിലാളികളുടെ നിസ്സഹായത മറയാക്കുന്നതും. ഈ ഭരണകൂട മാഫിയയും ഇത്തരം പെണ്‍കുഞ്ഞുങ്ങളെ കടിച്ചു കുടയാറുണ്ട്‌. അങ്ങനെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ സംസ്കരിക്കാന്‍ ആറടി മണ്ണുപോലും സ്വന്തമായില്ലാത്ത തോട്ടം തൊഴിലാളികളുടെ വര്‍ത്തമാനകാല ദാരുണതയുടെ പൊള്ളിക്കുന്ന സാക്ഷ്യമായി സത്യ മരിച്ച്‌ മരവിച്ച്‌ കിടക്കുന്നത്‌ കാണാന്‍,ആതിരേ എത്രപേര്‍ക്ക്‌ കണ്ണുണ്ട്‌..!? കണ്ണേ മടങ്ങരുത്‌......

Friday, July 6, 2012

ഹിഗ്സ്‌ ബോസണ്‍:ശാസ്ത്രം ജയിച്ചു;ദൈവം തോറ്റു

ആറായിരം വര്‍ഷം മുന്‍പ്‌ ആര്‍ഷഭാരതം മുന്നോട്ടുവച്ച ഒരു ശാസ്ത്രീയ നിഗമനത്തിന്റെ സാക്ഷാത്കാരമാണ്‌, ആതിരേ, ഹിഗ്സ്‌ ബോസണ്‍ കണികയുടെ കണ്ടെത്തലിലൂടെ നടന്നിരിക്കുന്നത്‌. ഗണിതശാസ്ത്രത്തിന്‌ പൂജ്യവും സസ്യജാലങ്ങള്‍ക്ക്‌ ജീവനുണ്ടെന്ന സിദ്ധാന്തവും ലോകത്തിന്‌ മുമ്പില്‍ അവതരിപ്പിച്ച ഭാരതഋഷിപാരമ്പര്യത്തിന്റെ വിജയമായിട്ട്‌ വേണം ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കേണ്ടത്‌. ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ ഉപജ്ഞാതാവ്‌ എന്ന്‌ ആദരിക്കപ്പെടുന്ന സത്യേന്ദ്ര നാഥ്‌ ബോസിന്റെയും വിശ്രുത ബ്രിട്ടീഷ്‌ ഊര്‍ജതന്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സിന്റെയും പേരില്‍ നിന്നാണ്‌ ദൈവകണത്തിന്‌ ഹിഗ്സ്‌ ബോസണ്‍ എന്ന പേര്‌ ശാസ്ത്രജ്ഞര്‍ നല്‍കിയത്‌. ഈ വിളിപ്പേരിട്ടത്‌ ലിയോണ്‍ എം. ലഡര്‍മാന്‍ എന്ന ശാസ്ത്രജ്ഞനും. ദൈവകണത്തിന്റെ കണ്ടെത്തല്‍ പ്രഞ്ചോല്‍പത്തി വിശ്വാസങ്ങളുമായി (മതങ്ങളുടേതല്ല) ബന്ധപ്പെടുത്താന്‍ സമയമായിട്ടില്ല എന്നാണ്‌ ശാസ്ത്രലോകം ഇപ്പോള്‍ പറയുന്നത്‌. എങ്കില്‍പോലും , ആതിരേ, ഐന്‍സ്റ്റൈന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ ശാസ്ത്രീയ കണ്ടെത്തലുകളെ പൊളിച്ചെഴുതി പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ പിണ്ഡത്തെക്കുറിച്ചും വസ്തുക്കളുടെ പിണ്ഡമാനത്തെക്കുറിച്ചും വിപ്ലവകരമായ കണ്ടെത്തല്‍ നടത്താന്‍ അധികം താമസമില്ല എന്നാണ്‌ ഹിഗ്സ്‌ ബോസണ്‍ കണികയുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌.
സൃഷ്ടി സ്ഥിതി സംഹാരമാണ്‌ ആതിരേ, ഈശ്വരന്റെ പ്രത്യേകാധികാരവും അവകാശവുമായി മതങ്ങള്‍ വ്യാഖ്യാനിക്കുന്നത്‌. ഈ അവകാശത്തെ 'ചോദ്യം ചെയ്തുകൊണ്ടാണ്‌' മനുഷ്യന്റെ യുക്തിബോധവും ശാസ്ത്രാഭിമുഖ്യവും നൂറ്റാണ്ടുകളായി വളര്‍ന്നുകൊണ്ടിരിക്കുന്നത്‌. എന്ത്‌, എങ്ങനെ, എന്തിന്‌, എവിടെ എന്ന ചോദ്യത്തില്‍ നിന്നാണ്‌ മനുഷ്യന്‍ അവനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ സത്യങ്ങള്‍ ഗ്രഹിച്ചുകൊണ്ടിരിക്കുന്നത്‌. വിശകലനവും നിരീക്ഷണവും നിരാസവും ചേര്‍ന്ന ഒരു പ്രക്രിയ ഇതിനു പിന്നിലുണ്ട്‌. ആ പ്രക്രിയയുടെ ഇങ്ങേ തലയ്ക്കല്‍ നില്‍ക്കുന്ന മനുഷ്യന്‍ 'ഹിഗ്സ്‌ ബോസണ്‍' എന്ന ദൈവകണത്തിന്റെ കണ്ടുപിടിത്തം നടത്തിയിരിക്കുന്നു.ആതിരേ, നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കുതിപ്പായി രേഖപ്പെടുത്താന്‍ പോകുന്ന നേട്ടം. സൃഷ്ടി സ്ഥിതി സംഹാരത്തെ തിരിച്ചിട്ടുകൊണ്ടാണ്‌ മനുഷ്യന്‍ ഈശ്വരനെ നേരിട്ടത്‌ . ആതിരേ, ഇവിടെ ഈശ്വരന്‍ എന്ന്‌ വിവക്ഷിക്കുന്നത്‌ മതബോധങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള അന്ധവിശ്വാസത്തെയാണ്‌. സംഹാരം സ്ഥിതി, സൃഷ്ടി എന്നാണ്‌ മനുഷ്യന്റെ കണ്ടുപിടിത്തങ്ങളുടെ പോക്ക്‌. യുദ്ധങ്ങള്‍ എന്നും നാശത്തിന്‌ കാരണമായിരുന്നെങ്കിലും ഹിരോഷിമയിലും നാഗസാക്കിലും ആറ്റംബോംബ്‌ വര്‍ഷിച്ചുകൊണ്ട്‌ മാനവരാശിയെ മുഴുവന്‍ സംഹരിക്കാനുള്ള ശേഷി മനുഷ്യന്‍ തെളിയിച്ചു. ആറ്റംബോംബില്‍ നിന്ന്‌ ഹൈഡ്രജന്‍ ബോംബിലേക്കും അതില്‍ നിന്ന്‌ രാസബോംബുകളിലും ആണവായുധങ്ങളിലും എത്തി നില്‍ക്കുന്ന നാശത്തിന്റെ നേട്ടം ഒരു സുപ്രഭാതത്തില്‍ ഭൂമുഖത്തു നിന്ന്‌ മനുഷ്യരാശിയെ മുഴുവന്‍ തുടച്ചു നീക്കാനുള്ള ആയുധങ്ങള്‍ മനുഷ്യനേകിയിരിക്കുന്നു. 1967-ല്‍ ഡോക്ടര്‍ ക്രിസ്ത്യന്‍ ബര്‍ണാഡ്‌ ദക്ഷിണാഫ്രിക്കയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതോടെ ഈശ്വരന്റെ സ്ഥിതി എന്ന അധികാരവും മനുഷ്യന്‍ കൈയ്യടക്കി. ഇന്ന്‌ അവയവ മാറ്റങ്ങളിലൂടെ, കൃത്രിമാവയവ നിര്‍മ്മിതിയിലൂടെ മരണത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ മനുഷ്യന്‌ കഴിയുന്നു. കൃത്രിമ ബീജസങ്കലനത്തില്‍ തുടങ്ങിയ സൃഷ്ടിയുടെ രഹസ്യം തേടിയുള്ളയാത്ര 1978 ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിനെ സൃഷ്ടിച്ച്‌ -ല്‍ വിജയിച്ചപ്പോള്‍ സൃഷ്ടിയുടെ മേഖലയും മനുഷ്യന്‌ കരഗതമായി. 1952 ല്‍ തവളയുടെ ക്ലോണ്‍ ഉണ്ടാക്കിയ ശാസ്ത്രനേട്ടം 2012-ലെ നൂറി എന്ന പഷ്മിന ആടിന്റെ ക്ലോണിംഗില്‍ വിജയക്കൊടി പാറിച്ച്‌ നില്‍ക്കുന്നു.മനുഷ്യന്റെ ക്ലോണ്‍ ഉണ്ടാക്കാന്‍ നിലവിലുള്ള ഈശ്വര വിശ്വാസവും ധാര്‍മിക ചിന്തകളും മനുഷ്യനെ തത്ക്കാലം വിലക്കുന്നുണ്ടെങ്കിലും ഈ നൂറ്റാണ്ടവസാനിക്കും മുന്‍പ്‌ മനുഷ്യന്‍ ആനേട്ടവും കൈവരിക്കുമെന്നു തന്നെയാണ്‌ എന്റെ ഉറച്ച വിശ്വാസം.വയലാര്‍ പാടിയതുപോലെ , ഈ മനുഷ്യനെ നോക്കി, " ദ്യോവിലെ ദിഗ്മുഖ ദേവാലയാങ്കണപൂമുഖത്തെത്തി യഹോവ വിക്ഷണ്ണനായി.." എന്ന്‌ പറയേണ്ടി വരുന്നു. ആതിരേ, മനുഷ്യന്റെ അന്വേഷണ ത്വര, ശാസ്ത്രാഭിമുഖ്യം അവിടെ അവസാനിച്ചില്ല. കൂലങ്കക്ഷമായ ചിന്തകളും വിശകലനങ്ങളും പരീക്ഷണങ്ങളുമായി മുന്നേറിയ ആ മനീഷയാണ്‌ സ്വിസര്‍ലണ്ടിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 'കൊളൈഡര്‍' സ്ഥാപിച്ച്‌ കണികാ പരീക്ഷണം നടത്തി ഇപ്പോള്‍ ഹിഗ്സ്‌ ബോസണ്‍ എന്ന ദൈവകണത്തെ കണ്ടെത്തിയിരിക്കുന്നത്‌. പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും പ്രപഞ്ചത്തിലെ വസ്തുക്കളുടെ പിണ്ഡത്തെക്കുറിച്ചും ഇതുവരെയുണ്ടായിരുന്ന ശാസ്ത്രബോധങ്ങളെ അടിമുടി തിരുത്തുന്നതായിരിക്കും ഈ പുതിയ കണ്ടുപിടുത്തമെന്നാണ്‌, ആതിരേ, ശാസ്ത്രലോകം നല്‍കുന്ന സൂചന. തീപ്പെട്ടിപോലും കണ്ടു പിടിക്കുംമുന്‍പ്‌ മനുഷ്യന്‍ അവന്റെ അനുഭവങ്ങളില്‍ നിന്നും ആശങ്കകളില്‍ നിന്നും ഭയവിഹ്വലതകളില്‍ നിന്നും രൂപംകൊടുത്ത ഈശ്വരന്റെ അസ്തിത്വവും ഇതിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്‌. ആറായിരം വര്‍ഷം മുന്‍പ്‌ ആര്‍ഷഭാരതം മുന്നോട്ടുവച്ച ഒരു ശാസ്ത്രീയ നിഗമനത്തിന്റെ സാക്ഷാത്കാരമാണ്‌, ആതിരേ, ഹിഗ്സ്‌ ബോസണ്‍ കണികയുടെ കണ്ടെത്തലിലൂടെ നടന്നിരിക്കുന്നത്‌. ഗണിതശാസ്ത്രത്തിന്‌ പൂജ്യവും സസ്യജാലങ്ങള്‍ക്ക്‌ ജീവനുണ്ടെന്ന സിദ്ധാന്തവും ലോകത്തിന്‌ മുമ്പില്‍ അവതരിപ്പിച്ച ഭാരതഋഷിപാരമ്പര്യത്തിന്റെ വിജയമായിട്ട്‌ വേണം ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കേണ്ടത്‌. ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ ഉപജ്ഞാതാവ്‌ എന്ന്‌ ആദരിക്കപ്പെടുന്ന സത്യേന്ദ്ര നാഥ്‌ ബോസിന്റെയും വിശ്രുത ബ്രിട്ടീഷ്‌ ഊര്‍ജതന്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സിന്റെയും പേരില്‍ നിന്നാണ്‌ ദൈവകണത്തിന്‌ ഹിഗ്സ്‌ ബോസണ്‍ എന്ന പേര്‌ ശാസ്ത്രജ്ഞര്‍ നല്‍കിയത്‌. ഈ വിളിപ്പേരിട്ടത്‌ ലിയോണ്‍ എം. ലഡര്‍മാന്‍ എന്ന ശാസ്ത്രജ്ഞനും. ദൈവകണത്തിന്റെ കണ്ടെത്തല്‍ പ്രഞ്ചോല്‍പത്തി വിശ്വാസങ്ങളുമായി (മതങ്ങളുടേതല്ല) ബന്ധപ്പെടുത്താന്‍ സമയമായിട്ടില്ല എന്നാണ്‌ ശാസ്ത്രലോകം ഇപ്പോള്‍ പറയുന്നത്‌. എങ്കില്‍പോലും , ആതിരേ, ഐന്‍സ്റ്റൈന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ ശാസ്ത്രീയ കണ്ടെത്തലുകളെ പൊളിച്ചെഴുതി പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ പിണ്ഡത്തെക്കുറിച്ചും വസ്തുക്കളുടെ പിണ്ഡമാനത്തെക്കുറിച്ചും വിപ്ലവകരമായ കണ്ടെത്തല്‍ നടത്താന്‍ അധികം താമസമില്ല എന്നാണ്‌ ഹിഗ്സ്‌ ബോസണ്‍ കണികയുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌. ദൈവകണം പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടാല്‍ ഭൗതികശാസ്ത്രത്തില്‍ വന്‍ കുതിച്ചുചാട്ടമാണ്‌ ഉണ്ടാവുക. ആറ്റത്തില്‍ അടങ്ങിയിട്ടുള്ള ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയവയുടെ വ്യത്യസ്ത ദ്രവ്യമാനങ്ങള്‍ വിശദീകരിക്കാന്‍ ദൈവകണത്തിലൂടെ സാധിക്കും. കണികാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായ പ്രകാരം ഹിഗ്സ്‌ ഫീല്‍ഡ്‌ എന്ന ഊര്‍ജ്ജം കൊണ്ടാണ്‌ പ്രപഞ്ചം നിറഞ്ഞിരിക്കുന്നത്‌. ഈ ഊര്‍ജ്ജമണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന കണങ്ങളുടെ പ്രതിപ്രവര്‍ത്തന ഫലമായാണ്‌ അവയ്ക്ക്‌ പിണ്ഡം ലഭിക്കുന്നതെന്ന്‌ ഹിഗ്സ്‌ മെക്കാനിസം വിശദീകരിക്കുന്നു. അപ്പോള്‍ ദൈവകണത്തിന്റെ കണ്ടെത്തല്‍ പൂര്‍ണ്ണമാകുമ്പോള്‍ പിണ്ഡത്തെക്കുറിച്ച്‌-മാറ്റര്‍- ഇതുവരെയുണ്ടായിരുന്ന സിദ്ധാന്തങ്ങള്‍ തിരുത്തി എഴുതപ്പെടുകയും പുതിയ ശാസ്ത്ര സത്യങ്ങളിലൂടെ, കണ്ടെത്തലിന്റെയും ഗവേഷണത്തിന്റെയും പാതയിലൂടെ ഇന്ന്‌ മനുഷ്യന്‌ അസാധ്യമെന്ന്‌ ഇപ്പോള്‍ കരുതുന്ന മരണത്തെപ്പോലും തിരുത്തിക്കുറിക്കാന്‍ സാധിക്കുന്ന ഒരു കാലം വരും എന്നാണ്‌ ഹിഗ്സ്‌ ബോസണ്‍ കണിക നല്‍കുന്ന പ്രതീക്ഷ. ഇപ്പോള്‍ തന്നെ ശ്വാസം നിലച്ചുപോയ ഒരു വ്യക്തിക്ക്‌ പ്രത്യേക മോളിക്യൂള്‍ രൂപത്തില്‍ ദ്രവ ഓക്സിജന്‍ നല്‍കിയാല്‍ പൂര്‍ണ മരണത്തെ അരമണിക്കൂര്‍ വരെ വൈകിപ്പിക്കാമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരം പുതിയ പുതിയ കണ്ടെത്തലുകള്‍ക്കും ഭൗതിക ശാസ്ത്ര വളര്‍ച്ചയ്ക്കും അതിലൂടെ മനുഷ്യന്റെ വിശ്വവീക്ഷണ വിപ്ലവത്തിനും ഹിഗ്സ്‌ ബോസണ്‍ പുതിയ പരിപ്രേക്ഷ്യം ചമയ്ക്കാന്‍ പോകുകയാണ്‌. വാഹന ഗതാഗതത്തിലും ബഹിരാകാശ സഞ്ചാരത്തിലും ഹിഗ്സ്‌ ബോസണ്‍ സൃഷ്ടിക്കാവുന്ന വിപ്ലവം ഇപ്പോള്‍ തന്നെ പ്രവചിക്കപ്പെട്ടിട്ടുണ്ട്‌. ഹിഗ്സ്‌ ബോസണ്‍ പൂര്‍ണമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ 200 ടണ്‍ ഭാരമുള്ള ഒരു വാഹനത്തിന്റെ ഭാരം 20 ആയി കുറയുകയും ആനുപാതികമായി അതിന്റെ വേഗവും ഇന്ധനക്ഷമതയും വര്‍ദ്ധിക്കുകയും ചെയ്യും. ചികിത്സാ രംഗത്തും വിപ്ലവകരമായ മാറ്റം ഈ കണിക കൊണ്ടുവരും. മനുഷ്യാവയവങ്ങളുടെ വിശകലനത്തിന്‌ ഇന്നുപയോഗിക്കുന്ന മാഗ്നറ്റിക്‌ റസണന്‍സ്‌ ഇമേജിങ്ങിനെ അത്‌ അടിമുടി മാറ്റിമറിക്കുകയും മനുഷ്യ ശരീരത്തിലെ ഒരു കോശത്തിലെ ഒരു അണുവിന്റെ പൂര്‍ണ്ണരൂപം കണ്ടെത്തി രോഗനിര്‍ണ്ണയം നടത്താനും ഹിഗ്സ്‌ ബോസണ്‍ മനുഷ്യനെ സഹായിക്കുമെന്നാണ്‌ ശാസ്ത്രമതം. അന്ധകാരത്തിന്റെ ശക്തികള്‍ക്ക്‌ വശംവദരായി യുദ്ധവും നാശവും വര്‍ഗ്ഗീയ വൈരവും അധോലോക പ്രവര്‍ത്തനവും നടത്തുന്ന മനുഷ്യന്റെ മറുപുറത്താണ്‌ ശാസ്ത്രാഭിമുഖ്യമുള്ള മാനവീകത ത്തിന്റെ ഈ ദൈവകണം സൃഷ്ടിച്ചെടുന്നത്‌. ആ പ്രതീക്ഷയില്‍ കണ്ണ നട്ട്‌, ആതിരേ, നമുക്ക്‌ പറയാന്‍ കഴിയും മനുഷ്യന്‍, ഹാ എത്ര സുന്ദര പദം.

Wednesday, July 4, 2012

നാടന്‍ മീന്‍ രുചികളും കവര്‍ന്നെടുക്കപ്പെടുമ്പോള്‍

കരിമീന്‍, കണമ്പ്‌, തിരുത, വറ്റ, കട്ല, ചെമ്പല്ലി, പുഴനാരന്‍, ചെമ്മീന്‍ തുടങ്ങിയവയായിരുന്നു കായലില്‍ നിന്നും ലഭിച്ചിരുന്ന നാടന്‍ മീനുകള്‍. വാള, മഞ്ഞക്കൂരി, ഏട്ട, കറൂപ്പ്‌, കാരി, വരാല്‍, കുറുവ, പള്ളത്തി, കോലുവ, ആരോന്‍, ചെമ്മീന്‍ തുടങ്ങിയവയായിരുന്നു പുഴകളിലും തോടുകളിലും നിന്ന്‌ ലഭിച്ചിരുന്ന നാടന്‍ പുഴ മീനുകള്‍. മലയാളിയുടെ രുചിഭേദങ്ങളില്‍ ഈ നാടന്‍ മത്സ്യങ്ങള്‍ മാത്രം സ്വാദിന്റ സമ്പുഷ്ടതയായി സാന്നിദ്ധ്യമറിയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു നേരമെങ്കിലും ഈ മീനുകളില്‍ ഒന്നിന്റെ കറി കൂട്ടാതെ മലയാളി ഭക്ഷണം കഴിച്ചിരുന്നുമില്ല. കാലചക്രത്തിരിവില്‍ മലയാളിക്ക്‌ നഷ്ടപ്പെട്ട അനേകം നന്മകളില്‍ ഈ നാടന്‍ മീന്‍രുചികളും ഇപ്പോള്‍ ഉള്‍പ്പെടുന്നു. വയല്‍ നികത്തിയും തണ്ണീര്‍ തടങ്ങള്‍ തൂര്‍ത്തും ജലാശയങ്ങളിലെ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അര്‍മാദം വര്‍ദ്ധിച്ചപ്പോള്‍ കായലും പുഴയും അവയുടെ നന്മയായിരുന്ന മീനുകളും, ഓര്‍മ്മയായി തീരുകയാണ്‌ മലയാളികള്‍ക്ക്‌.
ആതിരേ,മഴക്കാലത്തുടക്കത്തില്‍ ആറ്റു തീരങ്ങളും പുഴയോരങ്ങളും ആരവങ്ങള്‍ കൊണ്ട്‌ നിറയും. പുതുവെള്ളത്തില്‍ നീന്തിത്തുടിച്ചെത്തുന്ന ഊത്തപിടിക്കുന്നവരുടെ ആരവമാണത്‌. മഴക്കാലകേരളത്തിന്റെ സവിശേഷതയാണത്‌. എന്നാല്‍, ഈ വര്‍ഷം വയനാട്‌ ജില്ലയൊഴിച്ച്‌ മറ്റൊരിടത്തുനിന്നും ഈ ആരവമുയര്‍ന്നില്ല; കാരണം, മറ്റൊരു ജില്ലയിലും ഇത്തവണ ഊത്തകള്‍ എത്തിയില്ല. പ്രകൃതിയില്‍ മനുഷ്യന്‍ ഏല്‍പ്പിച്ച ആഘാതങ്ങളുടെ തിരിച്ചടിയായി ഊത്തകളും അപ്രത്യക്ഷമായിരിക്കുന്നു. ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌ അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ മീനുകളും ഊണ്‌ മേശകളില്‍ അവ സമൃദ്ധമാക്കിയിരുന്ന രുചികളും. അതിരേ,കരിമീന്‍, കണമ്പ്‌, തിരുത, വറ്റ, കട്ല, ചെമ്പല്ലി, പുഴനാരന്‍, ചെമ്മീന്‍ തുടങ്ങിയവയായിരുന്നു കായലില്‍ നിന്നും ലഭിച്ചിരുന്ന നാടന്‍ മീനുകള്‍. വാള, മഞ്ഞക്കൂരി, ഏട്ട, കറൂപ്പ്‌, കാരി, വരാല്‍, കുറുവ, പള്ളത്തി, കോലുവ, ആരോന്‍, ചെമ്മീന്‍ തുടങ്ങിയവയായിരുന്നു പുഴകളിലും തോടുകളിലും നിന്ന്‌ ലഭിച്ചിരുന്ന നാടന്‍ പുഴ മീനുകള്‍. മലയാളിയുടെ രുചിഭേദങ്ങളില്‍ ഈ നാടന്‍ മത്സ്യങ്ങള്‍ മാത്രം സ്വാദിന്റ സമ്പുഷ്ടതയായി സാന്നിദ്ധ്യമറിയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു നേരമെങ്കിലും ഈ മീനുകളില്‍ ഒന്നിന്റെ കറി കൂട്ടാതെ മലയാളി ഭക്ഷണം കഴിച്ചിരുന്നുമില്ല. കാലചക്രത്തിരിവില്‍ മലയാളിക്ക്‌ നഷ്ടപ്പെട്ട അനേകം നന്മകളില്‍ ഈ നാടന്‍ മീന്‍രുചികളും ഇപ്പോള്‍ ഉള്‍പ്പെടുന്നു. അനിയന്ത്രിതവും അശാസ്ത്രീയവും ആസുരവുമായ ലാഭക്കൊതിയോടെ പുഴകളില്‍ നിന്ന്‌ മണല്‍വാരി വിറ്റ്‌ പോക്കറ്റ്‌ നിറച്ചതിന്റെ തിരിച്ചടിയായി കേരളത്തിലെ കായലുകളും പുഴകളും നദികളും ശോഷിക്കുന്നതിനൊപ്പം ഈ നാടന്‍ മീനുകളും അന്യം നിന്നുകൊണ്ടിരിക്കുകയാണ്‌. വയല്‍ നികത്തിയും തണ്ണീര്‍ തടങ്ങള്‍ തൂര്‍ത്തും ജലാശയങ്ങളിലെ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അര്‍മാദം വര്‍ദ്ധിച്ചപ്പോള്‍ കായലും പുഴയും അവയുടെ നന്മയായിരുന്ന മീനുകളും, ആതിരേ ഓര്‍മ്മയായി തീരുകയാണ്‌ മലയാളികള്‍ക്ക്‌. സംസ്ഥാനത്ത്‌ പ്രതിവര്‍ഷം 75000-100000 ടണ്‍ വരെയായിരുന്നു നാടന്‍ മീനുകളുടെ ഉല്‍പ്പാദനം. എറണാകുളം ജില്ലയില്‍ മാത്രം പ്രതിമാസം 1000 ടണ്‍ നാടന്‍ മീന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തെ നദീഖനനം മൂലം എറണാകുളം ജില്ലയില്‍ മാത്രം ഉള്‍നാടന്‍ മത്സ്യസമ്പത്ത്‌ 40 ശതമാനമാണ്‌ കുറഞ്ഞിരിക്കുന്നത്‌. ഇപ്പോള്‍ കൊച്ചി കായലിലും വേമ്പനാട്ട്‌ കായലിലും നിന്നും ചെമ്മീന്‍ കെട്ടുകളില്‍ നിന്നും പൊക്കാളി കെട്ടുകളില്‍ നിന്നും ഒരു മാസം കഷ്ടിച്ച്‌ 200 ടണ്‍ നാടന്‍ മത്സ്യമാണ്‌ ലഭിക്കുന്നത്‌. ആതിരേ,മണല്‍വാരി മണിമാളികകളും ബഹുനില മന്ദിരങ്ങളും ഷോപ്പിംഗ്‌ കോംപ്ലക്സുകളും നിര്‍മ്മിച്ച്‌ അഹങ്കരിക്കുന്നതിന്‌ ആനുപാതികമായി കായലിന്റെയും നദിയുടെയും പുഴയുടെയും അടിത്തട്ട്‌ ചെളികൊണ്ട്‌ നിറയുകയാണ്‌. അടിത്തട്ടിലെ മണലിലാണ്‌ നാടന്‍ മീനുകള്‍ മുട്ടയിട്ട്‌ പെരുകുക. ചെളിയില്‍ ഇടുന്ന മുട്ടകളില്‍ 90 ശതമാനവും നശിച്ചുപോകുന്നതുകൊണ്ടാണ്‌ ഉള്‍നാടന്‍ മത്സ്യസമ്പത്തില്‍ ഇത്രയധികം ഇടിവ്‌ സംഭവിച്ചിട്ടുള്ളത്‌. വാള ഒരു മണ്‍സൂണ്‍ കാലത്ത്‌ പതിനായിരത്തിലേറെ മുട്ടയാണ്‌ ജലാശയങ്ങളില്‍ നിക്ഷേപിക്കുക. മറ്റു മത്സ്യങ്ങള്‍ അയ്യായിരത്തില്‍ കുറയാത്തതും. ഇപ്പോള്‍ വാളയുടെയും മറ്റു മത്സ്യങ്ങളുടെയും എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ്‌ അവയുടെ പുതുതലമുറയുടെ എണ്ണത്തിലും ആനുപാതികമായ കുറവ്‌ വരുത്തിയിരിക്കുകയാണ്‌. കായലും നദികളും കഴിഞ്ഞാല്‍ തോടുകളും ചാലുകളും പാടശേഖരങ്ങളുമായിരുന്നു ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ നഴ്സറി. എന്നാല്‍, വ്യാപകമായി നിലം നികത്തിയതോടെ ഇടതോടുകളും പുഴകളും പായലും പുല്ലും പിടിച്ച്‌ ഒഴുക്കു നിലച്ച്‌ നശിച്ച അവസ്ഥയിലാണ്‌. നീര്‍ത്തടങ്ങളുടെയും നീര്‍ച്ചാലുകളുടെയും വിസ്തൃതി കുറഞ്ഞു. നെല്‍പ്പാടങ്ങള്‍ അപ്രത്യക്ഷമായതോടെ അവയ്ക്ക്‌ ഓരം ചേര്‍ന്ന്‌ ഒഴുകിയിരുന്ന ചെറുചാലുകളും ഇല്ലാതായി. പലയിടത്തും ഈ ചാലുകള്‍ നികത്തിയാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. തോടുകളും നദികളും ഭൂമാഫിയയുടെ കൈയ്യേറ്റത്തിനിരയായി ശോഷിച്ചുശോഷിച്ചില്ലാതെയായി. വെള്ളത്തില്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ്‌ മീനുകള്‍ക്ക്‌ ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായി. ഇന്ന്‌ നഗരവല്‍കൃത ജീവിതത്തിന്റെ അനിവാര്യതയായ ഗൃഹമാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും സെപ്റ്റിക്‌ ടാങ്ക്‌ മാലിന്യങ്ങളും അറവ്‌ അവശിഷ്ടങ്ങളും കൊണ്ടു തള്ളുന്നത്‌ ഈ ചാലുകളിലും നദികളിലുമാണ്‌. ആ രീതിയിലും മലിനീകരിക്കപ്പെട്ടു കഴിഞ്ഞു പുഴജലവും നദീജലവും. ഓക്സിജന്റെ അളവ്‌ ക്രമാതീതമായി കുറയുകയും വിഷവായുക്കള്‍ ജലത്തില്‍ കലരുകയും ചെയ്തതോടെ ആതിരേ, ഉള്‍നാടന്‍ മത്സ്യസമ്പത്തിലെ അംഗങ്ങള്‍ ഒന്നൊന്നായി നശിച്ചുകൊണ്ടിരിക്കുന്നു; അവശേഷിക്കുന്നവ അന്യം നില്‍പ്പിന്റെ ഭീഷണി നേരിടുന്നു. വ്യവസായങ്ങളുടെ വളര്‍ച്ചയും വികാസവും നാടിന്റെ പുരോഗതിയുടെ ആണിക്കല്ലും സൂചികയും ആകുമ്പോള്‍ തന്നെ അവ സൃഷ്ടിക്കുന്ന മലിനീകരണം മനുഷ്യര്‍ം മൃഗങ്ങളേയും മാത്രമല്ല നദിയിലെ ഈ ചെറു മീനുകളെപ്പോലും ശ്വാസം മുട്ടിച്ച്‌ കൊല്ലുകയാണ്‌. നിയന്ത്രണമില്ലാതെ വ്യവസായ ശാലകളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങളും മറ്റ്‌ മാലിന്യങ്ങളും ഇന്ന്‌ നദികളിലാണ്‌ തള്ളുന്നത്‌. ഇത്തരം മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും റീസൈക്കിള്‍ ചെയ്യാനും നിരവധി ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ട്‌. നദീജല സംരക്ഷണത്തിനായി പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്‌ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്‌. എന്നാല്‍, അക്രമോത്സുകമായ ലാഭക്കൊതിയില്‍ ഇതെല്ലാം അവഗണിച്ച്‌ മാലിന്യങ്ങള്‍ നദിയിലും തോട്ടിലും കായലിലും തള്ളി ഞെളിയുന്ന സാമൂഹിക വിരുദ്ധതയുടെ ബലി മൃഗങ്ങളാണ്‌ ഈ കുഞ്ഞുമത്സ്യങ്ങള്‍. പെരിയാറിലെ ജലത്തിന്റെ നിറവ്യത്യാസവും രാസമാലിന്യങ്ങള്‍ കലര്‍ന്ന്‌ ഓക്സിജന്‍ കുറയുന്നതുമെല്ലാം വാര്‍ത്തയും ചിത്രങ്ങളും മാത്രമാണ്‌ നമുക്ക്‌. മലിനീകരിക്കപ്പെട്ട ഈ ജലത്തില്‍ ചത്തുപൊന്തുന്ന മീനുകളും കേവല കാഴ്ചകളായി പരിണമിച്ചു കഴിഞ്ഞു. പ്രകൃതിയെ നശിപ്പിച്ചും പ്രകൃതി വിഭവങ്ങള്‍ അന്യായമായി ചൂഷണം ചെയ്തും സ്വാര്‍ത്ഥതയുടെ കരാള രൂപങ്ങളായി മനുഷ്യന്‍ മാറുമ്പോള്‍ അവന്റെ ലാഭപ്പെരുക്ക പരിപാടികള്‍ അവനും അയല്‍വാസിക്കും മൃഗജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും പാപവും ശാപവുമായി പതിച്ചുകൊണ്ടിരിക്കുന്നതിന്റെ പരിണതികൂടിയാണ്‌ ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ അപായകരമായ ഈ കുറവ്‌. ഉള്‍നാടന്‍ മത്സ്യസമ്പത്ത്‌ ഉപജീവന മാര്‍ഗ്ഗമാക്കിയ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ എറണാകുളം ജില്ലയില്‍ മാത്രമുണ്ട്‌. മുന്‍കാലങ്ങളില്‍ പ്രതിദിനം രണ്ടായിരം രൂപ വരെ മീന്‍ വിറ്റ്‌ സമ്പാദിച്ചിരുന്ന ഇവര്‍ക്ക്‌ ഇന്ന്‌ ദിവസേന 50 രൂപ പോലും ലഭിക്കുന്നില്ല. ക്രൂരതമുറ്റിയ ലാഭക്കൊതിയോടെ ജലാശയങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ ഇങ്ങനെ സമൂഹത്തിലെ അടിത്തട്ടിലെ ഒരു വിഭാഗം മാത്രമല്ല, കായലിലേയും നദിയിലേയും പുഴയിലേയും ചെറുചാലിലെയും വയലിലെയും ചെറു മത്സ്യങ്ങളും വരെയാണ്‌ എന്നേയ്ക്കുമായി നശിപ്പിക്കപ്പെടുന്നത്‌. ലാഭക്കൊതി മൂക്കുമ്പോള്‍ നഷ്ടപ്പെടുന്ന പ്രകൃതിയുടെ നന്മകളില്‍, ആതിരേ, ഇന്ന്‌ നിറയുന്നത്‌ നാടന്‍ പുഴ മീനിന്റെ കൊതിയൂറുന്ന രുചികളാണല്ലോ....

Monday, July 2, 2012

അബ്ദു റബ്ബിനെന്താ കൊമ്പുണ്ടോ...?( മുടിയാന്‍ നേരത്ത്‌ മുച്ചീര്‍പ്പന്‍ പിറക്കും )

തൊട്ടതെല്ലാം വിവാദമാക്കി പാര്‍ട്ടിയുടെയും മുന്നണിയുടെയും മന്ത്രിസഭയുടെയും ഇമേജിനെ വികൃതമാക്കിയതു പോരാഞ്ഞിട്ടാണെന്ന്‌ തോന്നുന്നു എയ്ഡഡ്‌ വിഷയത്തില്‍ മുഖ്യമന്ത്രിയെ ധിക്കരിച്ച്‌ ഏകപക്ഷീയമായ തീരുമാനം നിയമസഭയില്‍ പ്രഖ്യാപിച്ചത്‌. ബോധപൂര്‍വ്വമുള്ള നശീകരണ പ്രവര്‍ത്തനമാണിത്‌. അല്ലെങ്കില്‍ തുടര്‍ച്ചയായി ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുമായിരുന്നില്ല. മന്ത്രിസഭയെ ഹൈജാക്ക്‌ ചെയ്യാന്‍ കഴിയും എന്ന അംഗബലത്തിന്റെ തിണ്ണമിടുക്കും വിവരക്കേടും അഹങ്കാരവും അഴിമതിയോടുള്ള ആഭിമുഖ്യവും ഒക്കെയാണ്‌ അബ്ദു റബ്ബിനെ ഇത്തരത്തില്‍ വിവാദവിഷയങ്ങളുടെ കേന്ദ്രസ്ഥാനത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. കേരളം കണ്ട ഏറ്റവും വൃത്തികെട്ട വിദ്യാഭ്യാസമന്ത്രി എന്ന പേര്‌ ഇപ്പോള്‍ തന്നെ അബ്ദു റബ്ബിന്‌ ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള നാലുവര്‍ഷം എന്തെല്ലാം കേള്‍ക്കേണ്ടി വരും, കാണേണ്ടി വരുമെന്ന്‌ ഇപ്പോള്‍ ഊഹിക്കാന്‍ ആവില്ല. പക്ഷേ ഒന്നു പറയാന്‍ കഴിയും പിഞ്ഞാണക്കടയില്‍ കയറിയ കാളക്കൂറ്റനെപ്പോലെ വിദ്യാഭ്യാസ രംഗം പൊളിച്ചടുക്കിയതിനുശേഷമേ അബ്ദു റബ്ബ്‌ മന്ത്രിസ്ഥാനത്തുനിന്ന്‌ പിന്‍മാറുകയുള്ളൂ.
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ ജൗളി വ്യാപാരിയെ നിയമിക്കാനുള്ള തൊലിക്കട്ടി പ്രദര്‍ശിപ്പിച്ച വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്‌, ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഒരുവര്‍ഷത്തെ ഭരണത്തിനിടയില്‍ അര ഡസന്‍ വിവാദങ്ങളാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മന്ത്രിസഭാ തീരുമാനത്തെ ഈ ഒരു വര്‍ഷത്തിനിടയില്‍ കോടതി കയറ്റി അപമാനിച്ചു എന്ന ബഹുമതിയും അങ്ങോര്‍ക്കു തന്നെ. എംജി സര്‍വ്വകലാശാലയിലേയ്ക്ക്‌ മലപ്പുറത്തു നിന്ന്‌ എംഎസ്‌എഫ്‌ നേതാവിനെ ഇറക്കുമതി ചെയ്ത്‌ കെഎസ്‌യു പിള്ളേരെ പ്രകോപിപ്പിച്ച്‌ തെറി കേട്ടതും അബ്ദു റബ്ബ്‌ തന്നെ. അല്ല,ആതിരെ, ഇങ്ങനൊക്കെ ഞെളിയാന്‍ അബ്ദു റബ്ബിനെന്താ കൊമ്പുണ്ടോ? മന്ത്രിസഭ കൂട്ടായി തീരുമാനിക്കേണ്ട എയ്ഡഡ്‌ സ്കൂള്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സ്വാധീനവലയത്തിലുള്ളവരെ പ്രീണിപ്പെടുത്താന്‍ തന്നിഷ്ടപ്രകാരം തീരുമാനം എടുത്ത്‌ നിയമസഭയില്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രിയെ വെട്ടിലാക്കി കേരളത്തില്‍ പുതിയ സാമുദായിക ധ്രുവീകരണത്തിന്‌ കളമൊരുക്കിയതും അബ്ദുറബ്ബ്‌. 35 സ്കൂളുകള്‍ക്ക്‌ എയ്ഡഡ്‌ പദവി നല്‍കാനുള്ള തീരുമാനത്തിന്റെ പ്രതിഷേധവും ആരോപണങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിക്കുമ്പോള്‍ അതിനുമീതെയാണ്‌ മേഘ ഗര്‍ജനം പോലെ എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി ഐക്യത്തിന്റെ വര്‍ഗീയ ഭീഷണി മുഴങ്ങുന്നത്‌. ഭരണഘടനാദത്തമായ അവകാശവും അധികാരവും സാമുദായിക സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കാന്‍ ഉപയോഗിക്കേണ്ടിടത്താണ്‌ സംഘര്‍ഷത്തിന്റെയും പ്രക്ഷോഭത്തിന്റെയും സങ്കീര്‍ണ സാഹചര്യം അബ്ദു റബ്ബ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഭരണ മുന്നണിയിലെ അംഗബലത്തിന്റെ സങ്കീര്‍ണത മൂലം അബ്ദു റബ്ബിന്റെ തോന്ന്യാസങ്ങള്‍ നിയന്ത്രിക്കാനാവാതെ നിസഹായനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെയും ഭരണ മുന്നണിയെയും വീണ്ടും വീണ്ടും വെട്ടിലാക്കാന്‍ കുതന്ത്രങ്ങള്‍ ഒപ്പിക്കുകയാണ്‌ അബ്ദു റബ്ബ്‌ എന്ന വിദ്യാഭ്യാസമന്ത്രി. ആതിരേ,ഒരു വൈരുദ്ധ്യത്തില്‍ നിന്നുവേണം അബ്ദു റബ്ബിന്റെ തന്നിഷ്ടങ്ങളിലേക്ക്‌ ചെന്നെത്താന്‍ എന്നുള്ളത്‌ രസകരമായ രാഷ്ട്രീയ പരിസരമാണ്‌. ശമ്പളമില്ലാത്ത അദ്ധ്യാപകര്‍ക്ക്‌ ശമ്പളം നല്‍കാന്‍ തീരുമാനിച്ചതും അധ്യാപക പാക്കേജ്‌ ഉണ്ടാക്കിയതും വിദ്യാര്‍ത്ഥികള്‍ക്ക്‌ യൂണിഫോമും പുസ്തകങ്ങളും അധ്യയന വര്‍ഷം തുടങ്ങും മുന്‍പ്‌ എത്തിച്ചു കൊടുത്തതുമെല്ലാം വിദ്യാഭ്യാസമന്ത്രിയുടെയും സര്‍ക്കാരിന്റെയും മികച്ച നേട്ടങ്ങളായി സ്വീകരിക്കപ്പെടുന്നതിന്‌ മറുപുറത്താണ്‌ വിവാദങ്ങളുടെ വാരിക്കുഴികള്‍ തീര്‍ത്ത്‌ ഭരണമുന്നണിയെയും പ്രത്യേകിച്ച്‌ മുഖ്യമന്ത്രിയെയും അബ്ദു റബ്ബ്‌ വീഴ്ത്തുന്നത്‌. കാലിക്കറ്റ്‌ വിസിയായി ഒരു പഞ്ചായത്ത്‌ പ്രസിഡണ്ടിനെ നിയമിക്കാന്‍ തീരുമാനിക്കുന്നതിലൂടെയാണ്‌ ആതിരേ, അബ്ദു റബ്ബ്‌ എന്ന വിവാദ വിദ്യാഭ്യാസ മന്ത്രി വാര്‍ത്തകളില്‍ ഇടം നേടിയത്‌. വിസി സ്ഥാനത്തുനിന്ന്‌ മാറിയ അന്‍വര്‍ ജഹാന്‍ സുബേരിക്കു പകരം മുന്‍ പിഎസ്സി അംഗം, സിന്തിക്കേറ്റ്‌ അംഗം, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ച അബ്ദുള്‍ ഹമീദിന്റേതായിരുന്നു. വിവേചന ബുദ്ധിയില്ലാതെ അബ്ദുള്‍ ഹമീദിനെ നിയമിക്കണമെന്ന്‌ അബ്ദു റബ്ബ്‌ വാശിപിടിച്ചപ്പോള്‍ പ്രശ്നത്തിലേക്ക്‌ മുഖ്യമന്ത്രി വലിച്ചിഴക്കപ്പെട്ടു. പ്രതിപക്ഷവും കെഎസ്‌യു അടക്കമുള്ള കോണ്‍ഗ്രസിലെ യുവജന വിദ്യാര്‍ത്ഥി സംഘടനകളും ഈ തോന്ന്യാസത്തിനെതിരെ രംഗത്തു വന്നിട്ടും അബ്ദു റബ്ബ്‌ കുലുങ്ങിയില്ല. ഒടുവില്‍ മുഖ്യമന്ത്രിക്ക്‌, മന്ത്രിസഭയുടെ മാന്യത നിലനിര്‍ത്താന്‍, അബ്ദുള്‍ ഹമീദിന്റെ ഒഴിവാക്കേണ്ടി വന്നു. ഇതിനു പിന്നാലെയാണ്‌ ഭൂമിദാനവിവാദം വാര്‍ത്തകളില്‍ നിറഞ്ഞത്‌. പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റിനും മന്ത്രി മുനീറിന്റെ ബന്ധു നേതൃത്വം നല്‍കുന്ന സംഘടനയ്ക്കും ഒക്കെയായി കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ഏക്കറുകണക്കിന്‌ ഭൂമി എഴുതി കൊടുക്കാന്‍ എടുത്ത തീരുമാനമായിരുന്നു അത്‌. കടലാസ്‌ സംഘടനകള്‍ക്കുപോലും കോടികള്‍ വിലയുള്ള യൂണിവേഴ്സിറ്റി ഭൂമി എഴുതി നല്‍കാന്‍ അബ്ദു റബ്ബ്‌ കാണിച്ച 'തന്റേടം' പാര്‍ട്ടിയെ പോലും വെട്ടിലാക്കി. കുഞ്ഞാലിക്കുട്ടിയുടെയും ഇ.അഹമ്മദിന്റെയും ഒക്കെ നയതന്ത്രജ്ഞത മൂലമാണ്‌ വന്‍ അഴിമതിയായി തീരാമായിരുന്ന ഈ വിഷയത്തില്‍ നിന്ന്‌ പാര്‍ട്ടിയുടെ മുഖം രക്ഷിച്ചെടുത്തത്‌. അബ്ദു റബ്ബിന്‌ അനുവദിച്ച ഔദ്യോഗിക വീടിന്റെ പേര്‌ മാറ്റിക്കൊണ്ട്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്‌ സൈറ്റിലെ അപഹാസ്യ പാത്രമായി അബ്ദു റബ്ബ്‌ ഞെളിഞ്ഞു നിന്നതും അടുത്തകാലത്താണ്‌ ഗംഗ എന്ന പേരു മാറ്റി വീടിന്‌ ഗ്രേസ്‌ എന്ന്‌ നാമകരണം ചെയ്തതാണ്‌ പ്രശ്നമായത്‌. നേരത്തെ സൂചിപ്പിച്ച ഭൂമിദാന വിവാദത്തില്‍പ്പെട്ടതും പാണക്കാട്‌ ഹൈദ്രലി ശിഹാബ്‌ തങ്ങള്‍ രക്ഷാധികാരിയായി ഇരിക്കുന്നതുമായ ട്രസ്റ്റിന്റെ പേരും ഗ്രേസ്‌ എന്നായിരുന്നു. ഈ പേരുമാറ്റത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്‌ ഇന്‍സൈറ്റില്‍ പതിനായിരങ്ങളാണ്‌ ആക്രമിച്ചത്‌. ഹൈന്ദവ നാമം പേറുന്ന മിഷിനുകളും ഉല്‍പ്പന്നങ്ങള്‍ക്കും മുസ്ലീം നാമം കൊടുത്ത്‌ അബ്ദു റബ്ബ്‌ മലപ്പുറം ഹാജി മഹാനായ ജോജിയായി മാറുമെന്നുവരെ പരിഹസിക്കപ്പെട്ടു. ആതിരേ,കഴിഞ്ഞ സര്‍ക്കാരിനെ ഏറെ ശ്വാസം മുട്ടിച്ച പാഠഭാഗമായിരുന്നു ഏഴാംക്ലാസിലെ സാമൂഹിക പാഠപുസ്തകത്തിലെ 'മതമില്ലാത്ത ജീവന്‍' എന്ന അധ്യായം. ക്രിസ്ത്യന്‍ മുസ്ലീം ന്യൂനപക്ഷ സ്കൂളുകളിലേക്ക്‌, വിദ്യാര്‍ത്ഥികളിലേക്ക്‌ നിരീശ്വര വാദം സന്നിവേശിപ്പിക്കാനുള്ള വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയുടെയും ഇടതുമുന്നണിയുടെയും ഹീനമായ നീക്കമാണ്‌ ഈ പാഠഭാഗം എന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധസമരത്തില്‍ ഒരു അദ്ധ്യാപകന്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ നിലമ്പൂര്‍ എംഎല്‍എ കെ.പി.ബഷീറിന്റെ 2009-ലെ കൊലവിളി വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞത്‌. ഇത്തരത്തില്‍ പൊള്ളുന്ന ഒരു വിഷയം വീണ്ടും വിവാദമാക്കാന്‍ അബ്ദു റബ്ബിനല്ലാതെ മറ്റൊരാള്‍ക്കും കഴിയുകയില്ല. ഈ സ്കൂള്‍ വര്‍ഷം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്ത പാഠപുസ്തകങ്ങളില്‍ മതമില്ലാത്ത ജീവനും ഉള്‍പ്പെട്ടിരുന്നു. എങ്ങനെ ആര്‌ എന്തിന്‌ ഇതു ചെയ്തു എന്ന ചോദ്യങ്ങള്‍ക്ക്‌ അബ്ദു റബ്ബ്‌ തന്നെ മറുപടി പറയേണ്ടതുണ്ട്‌. ആ വിഷയവും ഇപ്പോള്‍ സജീവമാണ്‌. ഇങ്ങനെ തൊട്ടതെല്ലാം വിവാദമാക്കി പാര്‍ട്ടിയുടെയും മുന്നണിയുടെയും മന്ത്രിസഭയുടെയും ഇമേജിനെ വികൃതമാക്കിയതു പോരാഞ്ഞിട്ടാണെന്ന്‌ തോന്നുന്നു എയ്ഡഡ്‌ വിഷയത്തില്‍ മുഖ്യമന്ത്രിയെ ധിക്കരിച്ച്‌ ഏകപക്ഷീയമായ തീരുമാനം നിയമസഭയില്‍ പ്രഖ്യാപിച്ചത്‌. ബോധപൂര്‍വ്വമുള്ള നശീകരണ പ്രവര്‍ത്തനമാണിത്‌. അല്ലെങ്കില്‍ തുടര്‍ച്ചയായി ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുമായിരുന്നില്ല. മന്ത്രിസഭയെ ഹൈജാക്ക്‌ ചെയ്യാന്‍ കഴിയും എന്ന അംഗബലത്തിന്റെ തിണ്ണമിടുക്കും വിവരക്കേടും അഹങ്കാരവും അഴിമതിയോടുള്ള ആഭിമുഖ്യവും ഒക്കെയാണ്‌ അബ്ദു റബ്ബിനെ ഇത്തരത്തില്‍ വിവാദവിഷയങ്ങളുടെ കേന്ദ്രസ്ഥാനത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. കേരളം കണ്ട ഏറ്റവും വൃത്തികെട്ട വിദ്യാഭ്യാസമന്ത്രി എന്ന പേര്‌ ഇപ്പോള്‍ തന്നെ അബ്ദു റബ്ബിന്‌ ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള നാലുവര്‍ഷം എന്തെല്ലാം കേള്‍ക്കേണ്ടി വരും, കാണേണ്ടി വരുമെന്ന്‌ ഇപ്പോള്‍ ഊഹിക്കാന്‍ ആവില്ല. പക്ഷേ ഒന്നു പറയാന്‍ കഴിയും പിഞ്ഞാണക്കടയില്‍ കയറിയ കാളക്കൂറ്റനെപ്പോലെ വിദ്യാഭ്യാസ രംഗം പൊളിച്ചടുക്കിയതിനുശേഷമേ അബ്ദു റബ്ബ്‌ മന്ത്രിസ്ഥാനത്തുനിന്ന്‌ പിന്‍മാറുകയുള്ളൂ. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌ അദ്ധ്യാപികമാരെ 'പച്ച'യാക്കാന്‍ നടത്തിയ ശ്രമം.ജൂലൈ മൂന്നാം തീയതി എറണാകുളത്ത്‌ നടാക്കാനിരുന്ന സര്‍വശിക്ഷ അഭിയാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥ്ഹന തല ഉദ്ഘാടനത്തിനെത്തുന്ന അദ്ധ്യാപികമാര്‍ പച്ച ബ്ലൗസും സെറ്റ്‌ സാരിയുമുടുക്കണമെന്ന നിര്‍ദേശം,വിവരം പുറത്താവുകയും വിവാദം കൊഴുക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ ചടങ്ങ്‌ തന്നെ ബഹിഷ്ക്കരിക്കേണ്ട ഗതികേടാണ്‌ സംഘാടകര്‍ക്കുണ്ടായത്‌ ആല്ല,ആതിരേ,ഇങ്ങനെയൊക്കെ പെരുമാറാനും തീരുമാനങ്ങള്‍ എടുക്കാനും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനും അബ്ദു റബ്ബിനെന്താ കൊമ്പുണ്ടോ...?