Monday, July 23, 2012
അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണം
സെന്‍ട്രല്‍ കമ്മിറ്റി തീരുമാനം ഇനി കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അപ്പോള്‍ അണികളുടെയും രണ്ടാംനിര നേതാക്കന്മാരുടെയും ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രമായ മറുപടി നല്‍കാനാവാതെ പിണറായി വിജയനും കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി പക്ഷത്തിനേറ്റ ഈ പ്രഹരത്തെക്കാള്‍ ദേശീയ നേതൃത്വത്തിന്റെ നിസ്സഹായതയാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നത്. പാര്‍ട്ടിയുടെ അച്ചടക്കം തുടരെത്തുടരെ ലംഘിച്ചിട്ടും വിഎസിനെതിരെ ഇപ്പോഴും മാതൃകാപരമായ നടപടി എടുക്കാനാവാതെ കുഴങ്ങുകയാണ് നേതൃത്വം . ഇതിന് ഒരു മറുവശം കൂടിയുണ്ട്. ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ തന്നെ, എ.കെ.ഗോപാലന് ശേഷം ജനമനസ്സുകളെ കീഴടക്കാന്‍ കാലിബറുള്ള ഒരേഒരു നേതാവേ ഉള്ളൂ. അത് വി.എസ്.അച്യുതാനന്ദനാണ്. നിസ്സഹായതയിലൂടെ ആണെങ്കിലും ദേശീയ നേതൃത്വം ഈ വാസ്തവം അംഗീകരിച്ചുകഴിഞ്ഞു. ഇനി പിണറായി വിജയന്റെയും കൂട്ടരുടെയുമാണ് ഊഴം. വിഎസിനെ അംഗീകരിച്ച് പിണറായി വിജയനും വിഎസിന് വാരിക്കുഴി തോണ്ടിയ സംസ്ഥാന സെക്രട്ടേറിയറ്റും രാജിവച്ച് ഒഴിയുന്നതാണ് രാഷ്ട്രീയ മാന്യത; ധാര്‍മ്മിക സുതാര്യത. അത് പിണറായിക്കുണ്ടോ എന്നതാണ് അണികള്‍ ഇനി ഉന്നയിക്കാന്‍ പോകുന്ന ചോദ്യം.
ആതിരേ, പാര്‍ട്ടിയെക്കുറിച്ച് പിണറായി വിജയന്റെ സുപ്രസിദ്ധമായ ആ വിലയിരുത്തലുണ്ടല്ലോ- "ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല" എന്നത്- അതിപ്പോള്‍ പിണറായിക്കു നേരെ ബൂംറാങ്ങ് ആയിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചും വി.എസ്.അച്യുതാനന്ദന്റെ വിലയെക്കുറിച്ചും ഒരു ചുക്കും അറിയാത്ത സംസ്ഥാന സെക്രട്ടറിയാണ് പിണറായി വിജയനെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയുകയാണ് പിണറായി വിജയന്‍ ഇനി ചെയ്യേണ്ടത്.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക് പരിപൂര്‍ണ്ണ പരാജയമാണ് പിണറായി വിജയന്‍ എന്ന് ഞായറാഴ്ച പോളിറ്റ് ബ്യൂറോയും സെന്റ്രല്‍ കമ്മിറ്റിയും വ്യക്തമാക്കി. പിണറായി വിജയന്റെയും കണ്ണൂര്‍ ലോബി അടക്കം പിണറായിയെ പിന്‍താങ്ങുന്ന വൈതാളികന്മാരുടെയും വിലയിരുത്തലില്‍ ഇത്രയേറെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടി ദ്രോഹവും ചെയ്തിട്ടുള്ള വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞില്ലെന്നതുപോയിട്ട് പാര്‍ട്ടിയുടെ അധികാര ഘടനയില്‍ ഒരു പടി താഴ്ത്തി നിര്‍ത്താന്‍ പോലും കഴിവില്ലാത്ത ഒരു സെക്രട്ടറി എന്തിനാണ് കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്?ആതിരേ, ഇതാണിപ്പോള്‍ അണികള്‍ അന്യോന്യം ചോദിക്കുന്നത്
കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ നിരീക്ഷകരെയും പൊതുസമൂഹത്തെയും പിണറായി നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷം വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയുടെ അച്ചടക്കം നിരവധി തവണ ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ എതിരാളികള്‍ക്ക് പാര്‍ട്ടിയെ അപഹസിക്കാന്‍ അനവധി അവസരങ്ങള്‍ ഒരുക്കുകയും ചെയ്ത വി.എസ്.അച്യുതാനന്ദന് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു ഇവരെല്ലാം പ്രചരിപ്പിച്ചിരുന്നത്. അങ്ങനെ സംഭവിച്ചാല്‍ വി.എസ്. പാര്‍ട്ടി വിട്ട് പുറത്തുവരുമെന്നും തങ്ങള്‍ ഉള്‍പ്പെടുന്ന 'കുലംകുത്തികള്‍ക്ക്' നേതൃത്വം നല്‍കി പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ മനപ്പായസം ഉണ്ടത്. വി.എസ് പുറത്തുവന്നാല്‍ സ്വീകരിക്കാന്‍ , കഴിഞ്ഞ സംസ്ഥാന സമ്മേളനം മുതല്‍ സിപിഎം-ഉം ചുവന്ന പരവതാനി വിരിച്ച് കാത്തിരിക്കുകയായിരുന്നു. സിപിഎം-നെ അടിമുടി തളര്‍ത്തുന്ന അത്തരം ഒരു നടപടി യുഡിഎഫും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് മാണിയെപ്പോലെയുള്ളവര്‍ വി.എസ് പാര്‍ട്ടി വിട്ട് പുറത്തു വരണം എന്ന് 'ഉപദേശിക്കുക' പോലും ഉണ്ടായത്. വി.എസ് പുറത്തുവന്നാല്‍ സ്വീകരണം നല്‍കാന്‍ കോഴിക്കോട് മുതലക്കുളം മൈതാനം റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ നേരത്തെ ബുക്ക് ചെയ്യുകയും ഉണ്ടായി. ഇങ്ങനെ 1964-നെ അനുസ്മരിപ്പിക്കുന്ന ഐതിഹാസികമായ മറ്റൊരു ഇറങ്ങിപ്പോക്ക് വി.എസില്‍ നിന്നുണ്ടാകുമെന്ന് കേരളത്തിലെ പൊതുസമൂഹവും മാധ്യമ സമൂഹവും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ആതിരേ, സിപിഎം-ന്റെ മേഖലാ റിപ്പോര്‍ട്ടിങ്ങുകളിലും താഴെത്തട്ടിലും ആഴ്ചകളായി പിണറായി വിജയനും പിണിയാളുകളും അണികളെ സജ്ജരാക്കുന്ന പ്രക്രിയയിലായിരുന്നു. ഒന്നുകില്‍ വിഎസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും. അല്ലെങ്കില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സ്വീകരിക്കുന്ന അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് വിഎസ് പാര്‍ട്ടി വിട്ട് പുറത്തു പോകും. ഈ ഘട്ടത്തില്‍ പാര്‍ട്ടിയുടെ ഘടന തകരാതെ സൂക്ഷിക്കാന്‍ അണികളെ ഒപ്പം നിറുത്താനും വിഎസിനൊപ്പം പോകുന്നവര്‍ പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കാതിരിക്കാനും കനത്ത കാവലും സജ്ജീകരണങ്ങളുമായിരുന്നു നടത്തിക്കൊണ്ടിരുന്നത്.
ഇതെല്ലാം കണ്ട് ആതിരേ, കടുത്ത വിഎസ് അനുഭാവികള്‍പോലും അരുതാത്തത് ചിലതെല്ലാം സംഭവിക്കുമെന്ന് സന്ദേഹിക്കുകയും ചെയ്തു. ലഭിച്ച വേദികളില്‍ എല്ലാം വിഎസിനെ പാര്‍ട്ടി വിരുദ്ധനായി മുദ്രയടിച്ച് ഒറ്റപ്പെടുത്തി ഉന്മൂലനം ചെയ്യാനുള്ള പ്രചാരണ പരിപാടികളായിരുന്നു കഴിഞ്ഞ കുറെ ആഴ്ചകളായി ഔദ്യോഗിക പക്ഷം തുടര്‍ന്നു പോന്നിരുന്നത്. സെന്‍ട്രല്‍ കമ്മിറ്റി മീറ്റിങ്ങില്‍പോലും, വിഎസ് വിജയരാഘവനെപ്പോലെയുള്ള പിണറായിയുടെ 'തൊമ്മി'മാര്‍ വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേ തീരൂ എന്ന് ശഠിച്ചിരുന്നു. കേരളത്തില്‍ നിന്ന് പി.കെ.ഗുരുദാസനും എം.സി.ജോസഫൈനും മാത്രമാണ് അച്യുതാനന്ദനെ അനുകൂലിക്കാന്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നുള്ളൂ. ഡോ. തോമസ് ഐസക് സ്വീകരിച്ച ഔദ്യോഗികവിരുദ്ധമായ നിലപാടും ഉത്തരേന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് ബംഗാളില്‍ നിന്നും തൃപുരയില്‍ നിന്നുമുള്ള സഖാക്കളുടെ ചായ്‌വും മാത്രമായിരുന്നു വിഎസിന് കേന്ദ്രകമ്മിറ്റിയിലെ പിടിവള്ളി.
ഔദ്യോഗിക പക്ഷത്തിന്റെ പടയൊരുക്കം കണ്ടിട്ടാവണം, ആതിരേ, തനിക്കെതിരെ കര്‍ശന നടപടി എടുത്താല്‍ അത് അംഗീകരിക്കുന്ന പ്രശ്നമില്ല എന്ന് സെന്‍ട്രല്‍ കമ്മിറ്റി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകും മുന്‍പ് വിഎസ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. സെന്‍ട്രല്‍ കമ്മിറ്റിയില്‍ വിഎസ് ഏകനായി ഒരുവശത്തും കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മറുവശത്തും നിന്ന് ശക്തമായി തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചപ്പോള്‍ അതുസംബന്ധിച്ച വാര്‍ത്തകള്‍ ചോര്‍ന്നു പുറത്തെത്തിയപ്പോള്‍ വിഎസിനെതിരെ നടപടി തീര്‍ച്ചയാണെന്ന് കേരള സമൂഹം വിധി എഴുതി. സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്ന് ചവിട്ടി പുറത്താക്കി വിഎസിനെ ആലപ്പുഴ ഏരിയ കമ്മിറ്റിയിലേയ്ക്കോ അമ്പലപ്പുഴ ബ്രാഞ്ച് കമ്മിറ്റിയിലേക്കോ തരം താഴ്ത്തും എന്നായിരുന്നു ഔദ്യോഗികപക്ഷം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ലഭിച്ച വേദികളില്‍ പിണറായി പക്ഷ നേതാക്കള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ചാനലുകളും സംഭവം പൊലിപ്പിച്ചെടുത്തു. അങ്ങനെ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പിണറായി വിജയന്‍ അടക്കമുള്ളവരുടെ കണക്കു കൂട്ടലുകളും പ്രതീക്ഷകളും ചിതറിച്ചുകൊണ്ട് കേന്ദ്രകമ്മിറ്റി തീരുമാനം പ്രകാശ് കാരാട്ട് മാധ്യമങ്ങളെ അറിയിച്ചത്. പരസ്യശാസനയില്‍ വിഎസിനെതിരെയുള്ള നടപടി ഒതുക്കുമെന്ന് പറഞ്ഞ കാരാട്ട് പക്ഷേ, ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ സംസ്ഥാന ഘടകം സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്യുകയും പിണറായിയുടെ വിശ്വസ്ത വിധേയനായ എം.എം.മണിയുടെ പ്രഖ്യാപനത്തിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ സംഭവങ്ങളെല്ലാം ആന്റി ക്ലൈമാക്സില്‍ അവസാനിക്കുകയായിരുന്നു.
പിണറായി വിഭാഗത്തിന് പൊതുവെയും പിണറായി വിജയന് പ്രത്യേകിച്ചും പ്രഹരമേല്‍പ്പിക്കുന്നതായിരുന്നു, ആതിരേ, സെന്‍ട്രല്‍ കമ്മിറ്റി തീരുമാനം. ഈ തീരുമാനം ഇനി കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അപ്പോള്‍ അണികളുടെയും രണ്ടാംനിര നേതാക്കന്മാരുടെയും ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രമായ മറുപടി നല്‍കാനാവാതെ പിണറായി വിജയനും കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി പക്ഷത്തിനേറ്റ ഈ പ്രഹരത്തെക്കാള്‍ ദേശീയ നേതൃത്വത്തിന്റെ നിസ്സഹായതയാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നത്. പാര്‍ട്ടിയുടെ അച്ചടക്കം തുടരെത്തുടരെ ലംഘിച്ചിട്ടും വിഎസിനെതിരെ മാതൃകാപരമായ നടപടി എടുക്കാനാവാതെ കുഴങ്ങുകയാണ് നേതൃത്വം ഇപ്പോഴും. ഇതിന് ഒരു മറുവശം കൂടിയുണ്ട്. ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ തന്നെ, എ.കെ.ഗോപാലന് ശേഷം ജനമനസ്സുകളെ കീഴടക്കാന്‍ കാലിബറുള്ള ഒരേഒരു നേതാവേ ഉള്ളൂ. അത് വി.എസ്.അച്യുതാനന്ദനാണ്. നിസ്സഹായതയിലൂടെ ആണെങ്കിലും ദേശീയ നേതൃത്വം ഈ വാസ്തവം അംഗീകരിച്ചുകഴിഞ്ഞു. ഇനി പിണറായി വിജയന്റെയും കൂട്ടരുടെയുമാണ് ഊഴം. വിഎസിനെ അംഗീകരിച്ച് പിണറായി വിജയനും വിഎസിന് വാരിക്കുഴി തോണ്ടിയ സംസ്ഥാന സെക്രട്ടേറിയറ്റും രാജിവച്ച് ഒഴിയുന്നതാണ് രാഷ്ട്രീയ മാന്യത; ധാര്‍മ്മിക സുതാര്യത. അത് പിണറായിക്കുണ്ടോ എന്നതാണ് അണികള്‍ ഇനി ഉന്നയിക്കാന്‍ പോകുന്ന ചോദ്യം.
Subscribe to:
Post Comments (Atom)
No comments:
Post a Comment