Tuesday, July 31, 2012

കണ്ണീര്‍ നനവുകളായ അമ്മമാര്‍ക്കും മുലപ്പാല്‍ നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും

വര്‍ത്തമാനകാലത്ത്‌ നല്ലൊരു വിഭാഗം അമ്മമാരും പരിഷ്കാരത്തിന്റേയും സൗന്ദര്യഭ്രമത്തിന്റേയും പേരില്‍ മുലയൂട്ടുന്നതില്‍ നിന്നും മുഖംതിരിക്കുന്നു എന്ന്‌ വിലപിക്കുന്ന കുഞ്ഞുങ്ങളെത്രയെത്ര!മുലപ്പാലിന്റെ അഭാവത്തില്‍ സംഭവിക്കുന്ന പോഷണക്കുറവിനാലുണ്ടാവുന്ന ശിശുമരണത്തിന്റെ ആധിക്യം ഭീകരമാണെന്ന്‌ ലോകാരോഗ്യസംഘടന കണക്ക്‌ നിരത്തിയിട്ടും 'ന്യൂ ജനറേഷന്‍ മമ്മി 'മാരുടെ സമീപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഈ വിഷയത്തിലുണ്ടാവുന്നില്ല !!മുലപ്പാല്‍ ലഭിക്കാത്തതു കൊണ്ട്‌ രോഗബാധിതമായി അകാലത്തില്‍ കൊഴിഞ്ഞു പോകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ലക്ഷങ്ങളാണ്‌! പ്രതിവര്‍ഷം പതിനഞ്ച്‌ ലക്ഷത്തിലധികം പിഞ്ചോമനകള്‍ ഇങ്ങനെ എന്നേയ്ക്കുമായി കണ്ണടയ്ക്കുന്നുണ്ടത്രെ... കേവലം ആചാരാമായി മാറുന്ന ലോക മുലയൂട്ടല്‍ വാരം ഒരു കുഞ്ഞിനും ഗുണപ്രദമാകുന്നില്ല,മറിച്ച്‌ അത്‌ മാതൃത്വത്തെ അവഹേളിക്കുന്നതേയുള്ളൂ
ആതിരേ,"പെറ്റിട്ട തിരുവയറ്‌ പോലും തിരിഞ്ഞ്‌ നോക്കാതെ "( ഭാരതീയം-മധുസൂദനന്‍ നായര്‍ )ഉപേക്ഷിക്കപ്പെട്ടവരൊഴിച്ചുള്ളവരുടെയെല്ലാം മനസ്സില്‍ അമ്മ മുലപ്പാല്‍ മധുരമായിരിക്കണം. പക്ഷെ എനിക്കോ..? പറഞ്ഞ്‌ കേട്ടതിങ്ങനെ: പതിനേഴാം വയസ്സില്‍ ആദ്യ ഗര്‍ഭം പേറിയ നിമിഷം മുതല്‍ അമ്മയ്ക്ക്‌ പ്രശ്നങ്ങളായിരുന്നു.നിരന്തരം ഡോക്ടറുടെ ചികിത്സ വേണ്ടിയിരുന്ന അവസ്ഥ.അതീവ ക്ലേശം നിറഞ്ഞ പ്രസവം.കരയാതെ,തൊണ്ടക്കുഴിയില്‍ ഇത്തിരി മിടിപ്പുമായുള്ള എന്റെ ജനനം.ജീവിക്കുമെന്നല്ല മരിക്കുമെന്നാണ്‌ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിച്ചത്‌.രണ്ട്‌ ദിവസം അതേ കിടപ്പ്‌.മുന്നാം നാള്‍ ശബ്ദമില്ലതെ കരഞ്ഞ്‌ കണ്ണ്‌ തുറന്നപ്പോള്‍ വരണ്ട ചൊരിവായിലിറ്റിച്ചു തന്നത്‌ മുലപ്പാലായിരുന്നില്ല.മാറിടത്തില്‍ നീരും ശ്വാസകോശത്തില്‍ ന്യുമോണിയയുമായി അമ്മ കരഞ്ഞുകരഞ്ഞുകരഞ്ഞു തളര്‍ന്നു പോയിരുന്നല്ലോ.. എന്നിട്ടും ഞാന്‍ വളര്‍ന്നു.ഇന്ന്‌ മുതിര്‍ന്ന രണ്ട്‌ കുഞ്ഞുങ്ങളുടെ പിതാവായിട്ടും അമ്മയെ ഓര്‍ക്കുമ്പോള്‍ കണ്ണു നിറയും.മുലപ്പാല്‍ കുടിക്കാ കഴിയാതിരുന്നത്‌ കൊണ്ട്‌ നിരന്തരരോഗപീഡിതമായ എന്റെ ശൈശവ ബാല്യങ്ങളിലേയ്ക്ക്‌ അമ്മക്ക്‌ ചുരത്താനുണ്ടായിരുന്നത്‌ കണ്ണീരായിരുന്നല്ലോ.കണ്ണീര്‍നനവുകളാണ്‌ എനിക്കമ്മ.ഇന്നിത്രയും എഴുതാന്‍ എന്നെ പ്രാപ്തനാക്കുന്നതും ആ മിഴിനീര്‍ നിനവുകള്‍ തന്നെ ആപാദമധുരം സംഗീതമായ്‌ അമ്മ.. ആലോചനാമൃതം അക്ഷരങ്ങളായും അമ്മ... ********** ആതിരേ, എന്റെ അമ്മയില്‍ നിന്ന്‌ ഒഎന്‍വിയുടെ 'അമ്മ'യിലേക്ക്‌. " ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മ പെറ്റവരായിരുന്നു ഒന്‍പതു പേരും അവരുടെ നാരിമാ രൊന്‍പതും ഒന്നിച്ചു വാണിരുന്നു.. കല്ലുകള്‍ ചെത്തി പടുക്കുമ ക്കൈകള്‍ക്ക്‌ കല്ലിനെക്കാള്‍ ഉറപ്പായിരുന്നു നല്ല പകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു .." എന്നെഴുതി കവി അനുവാചകനെ കൂട്ടുകൊണ്ടു പോകുന്നത്‌ , കരിമ്പാറയ്ക്കുള്ളില്‍ നിന്നൂറിവരുന്ന കന്മദം പോലെ വിശുദ്ധിസമ്പൂര്‍ണമായ മാതൃത്വത്തിന്റെ ത്യാഗസുരഭിലതയിലേയ്ക്കാണല്ലോ. ഒരേ മനസ്സോടെ ഒന്‍പതു പേരും ചേര്‍ന്ന്‌ കോട്ടയും കൊത്തളവും നിര്‍മിച്ചു. " കോട്ട മതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈ കോര്‍ത്തതത്രേ." പക്ഷെ കോട്ടയ്ക്കുമുന്നിലെ ഗോപുരം ,ഒന്‍പത്‌ പേരും കിണഞ്ഞ്‌ പരിശ്രമിച്ചിട്ടും ഉറയ്ക്കാതായപ്പോഴാണ്‌ "എന്താണ്‌ പോംവഴിയെന്നൊരൊറ്റ ച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ വെളിപാട്‌ കൊണ്ടാരോ ചൊല്ലിയത്രെ, അധികാരമുള്ളോരതേറ്റ്‌ ചൊല്ലി.. ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍ ആ മതില്‍ മണ്ണില്‍ ഉറച്ചു നില്‍കും ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും.." അതിനാരെ നല്‍കും.ഒട്ടേറേ കൂട്ടിക്കിഴിക്കലുകള്‍ക്ക്‌ ശേഷം മൂത്തയാള്‍ ചൊല്ലി, ആന്നുച്ചയ്ക്ക്‌ കഞ്ഞിയുമായി ആരു വരുന്നോ അവരെ ചേര്‍ത്ത്‌ ഗോപുരം പണിയാം.എട്ടു പേരും അത്‌ സമ്മതിച്ചു.അന്നുച്ചയ്ക്ക്‌ കഞ്ഞിയുമായെത്തിയത്‌ മൂത്തയാളുടെ ഭാര്യയായിരുന്നു.എങ്ങനെയായിരിക്കും അവര്‍ വിഷയം ആ സാധ്വിയോട്‌ അറിയിച്ചതെന്ന്‌ നമുക്കൂഹിക്കാനാകും.അതു കേട്ടവര്‍ തളര്‍ന്നില്ല,മറിച്ച്‌ ബലിയാകാന്‍ തയ്യാറാകുകയായിരുന്നു. ഒരപേക്ഷയേ ആ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ " ഭിത്തിയുറക്കാനി പെണ്ണിനേയും ചെത്തിയ കല്ലിന്നിടയ്ക്ക്‌ നിര്‍ത്തി കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്‌ ഒറ്റ ഒരാഗ്രഹം കേട്ട്‌ കൊള്‍വിന്‍ കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ചം കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും.. എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെ അടുത്തേക്ക്‌ കൊണ്ട്‌ പോരൂ ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ.." ആതിരേ,നിറയുന്നില്ലേ കണ്ണുകള്‍? ചിലമ്പുന്നില്ലേ ഉള്ളില്‍ അമ്മയെ ഓര്‍ത്തൊരു വിതുമ്പല്‍... *************** ഒഎന്‍വിയുടെ അമ്മയില്‍ നിന്ന്‌ ലോക മുലയൂട്ടല്‍ വാരത്തിലേയ്ക്ക്‌ കുഞ്ഞുങ്ങളെ മുലയൂട്ടേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവന്മാരക്കാന്‍ ,ഇന്നു മുതല്‍ ഏഴാം തിയതി വരെ ( ഓഗസ്റ്റ്‌1-7 ) ലോകമെമ്പാടും മുലയൂട്ടല്‍ വാരം ആഘോഷിക്കുകയാണ്‌ . ലോകാരോഗ്യ സംഘടന ,ഐക്യ രാഷ്ട്ര ശിശു ക്ഷേമ സമതി എന്നിവയുടെ സഹകരണത്തോടെ , മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോക സഖ്യം (ഠവല ണീൃ‍ഹറ അഹഹശമിരല ളീൃ‍ ആൃ‍ലമെ‍ളേലലറശിഴ അരശ്ി‍: ണഅആഅ), ഈ പ്രവ?ത്തനങ്ങളെ ഇന്ത്യയുള്‍പ്പെടെ 170 രാഷ്ട്രങ്ങളില്‍ ഏകോപിപ്പിക്കുന്നു. പറഞ്ഞ്‌ പഴകിയിട്ടും പ്രാധാന്യം മനസ്സിലാക്കാത്ത ചില വാസ്തവങ്ങളിലേയ്ക്ക്‌:ശിശുക്കള്‍ക്ക്‌ പ്രകൃതി നല്‍കുന്ന ഒരു സമ്പൂര്‍ണ ആഹാരമാണ്‌ അമ്മയുടെ മുലപ്പാല്‍. പ്രകൃതിയുടെ ഒരു നൈസ്സര്‍ഗ്ഗിക പ്രക്രിയയാണ്‌ മുലയൂട്ടല്‍. പ്രസവശേഷം അര മണിക്കൂരിനുള്ളില്‍ തന്നെ ശിശുവിനെ മുലയൂട്ടി തുടങ്ങണം. കൊളസ്ട്രം (ഇളം മഞ്ഞ നിറത്തിലുള്ള പ്രഥമ മുലപ്പാല്‍ ) രോഗ പ്രതിരോധ ശേഷിയുള്ളതാണ്‌ . കുഞ്ഞിനു ആവശ്യമുള്ള വിറ്റാമിന്‍ എ , മാംസ്യം എന്നിവയും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്‌. കേള്‍ക്കുമോ ആതിരേ,വിവേകത്തിന്റെ ഈ സ്വരം ..? അതോ ബേബി ഫുഡ്‌ പരസ്യക്കാരന്റെ വഞ്ചനയ്ക്ക്‌ കാതോര്‍ക്കുമോ..? ************* മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോക സഖ്യം (The World Alliance for Breastfeeding Action: WABA),,,, 2010 ലെ വാരാചരണത്തിനു പ്രഖ്യാപിച്ച ആ പത്തു നടപടികള്‍ ഇന്നും പ്രസക്തമാണ്‌ 1)ലിഖിതമായ ഒരു മുലയൂട്ടല്‍ നയം രൂപീകരിച്ച്‌ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും അറിയിക്കുക . 2)ഈ നയം നടപ്പാക്കുന്നതിന്‌ വേണ്ട കഴിവ്‌ ലഭിക്കുന്നതിനു വേണ്ടി എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുക. 3ാ‍മുലയൂട്ടലിന്റെ ഗുണങ്ങള്‍,രീതികള്‍ എന്നിവയെക്കുറിച്ച്‌ എല്ലാ ഗര്‍ഭിണികളെയും പരിശീലിപ്പിക്കുക. 4)കുഞ്ഞു ജനിച്ച്‌ അര മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ തുടങ്ങുവാനായി അമ്മമാരെ സഹായിക്കുക . 5)അമ്മമാര്‍ കുഞ്ഞുങ്ങളില്‍നിന്നും വിട്ടു നിന്നാല്‍ക്കൂടി മുലയൂട്ടലും മുലചുരത്തലും എങ്ങനെ ആണെന്ന്‌ കാണിച്ചു കൊടുക്കണം 6)ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ മുലപ്പാല്‍ അല്ലാതെ മറ്റു ആഹാരമോ പാനീയമോ ശിശുവിന്‌ നല്‍കാന്‍ പാടുള്ളൂ. 7)24 മണിക്കൂറും അമ്മയും കുഞ്ഞും ഒരുമിച്ചു കഴിയാന്‍ അനുവദിക്കുക . 8)ശിശു ആവശ്യപ്പെടുമ്പോള്‍ ഒക്കെയും മുലയൂട്ടണം 9)കൃത്രിമ നിപ്പളുകാലോ മറ്റൊന്നും തന്നെ കുഞ്ഞിനു കടിക്കുവാനായി നല്‍കരുത്‌ . 10ാ‍മുലയൂട്ടല്‍ പോഷിപ്പിക്കുന്ന സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അവിടേക്ക്‌ ആശുപത്രി വിടുന്ന അമ്മമാരെ നയിക്കുകയും ചെയ്യുക കുഞ്ഞുങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌,മുലയൂട്ടലിന്‌ വളരെ പ്രാധാന്യമുണ്ട്‌.പിഞ്ചോമനകളുടെ ആരോഗ്യത്തിനും നിലനില്‍പിനും,പോഷകാഹാരലഭ്യതക്കും മുലയൂട്ടല്‍ അനിവാര്യമാണ്‌ . എന്നാല്‍ ലോകത്ത്‌ പിറന്ന്‌ വീഴുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം ഈ സൗഭാഗ്യം സുലഭമായി നുകരാനാവുന്നുണ്ടോ,ആതിരേ? ************** വര്‍ത്തമാനകാലത്ത്‌ നല്ലൊരു വിഭാഗം അമ്മമാരും പരിഷ്കാരത്തിന്റേയും സൗന്ദര്യഭ്രമത്തിന്റേയും പേരില്‍ മുലയൂട്ടുന്നതില്‍ നിന്നും മുഖംതിരിക്കുന്നു എന്ന്‌ വിലപിക്കുന്ന കുഞ്ഞുങ്ങളെത്രയെത്ര!മുലപ്പാലിന്റെ അഭാവത്തില്‍ സംഭവിക്കുന്ന പോഷണക്കുറവിനാലുണ്ടാവുന്ന ശിശുമരണത്തിന്റെ ആധിക്യം ഭീകരമാണെന്ന്‌ ലോകാരോഗ്യസംഘടന കണക്ക്‌ നിരത്തിയിട്ടും 'ന്യൂ ജനറേഷന്‍ മമ്മി 'മാരുടെ സമീപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഈ വിഷയത്തിലുണ്ടാവുന്നില്ല !! മുലപ്പാല്‍ ലഭിക്കാത്തതു കൊണ്ട്‌ രോഗബാധിതമായി അകാലത്തില്‍ കൊഴിഞ്ഞു പോകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ലക്ഷങ്ങളാണ്‌! പ്രതിവര്‍ഷം പതിനഞ്ച്‌ ലക്ഷത്തിലധികം പിഞ്ചോമനകള്‍ ഇങ്ങനെ എന്നേയ്ക്കുമായി കണ്ണടയ്ക്കുന്നുണ്ടത്രെ... രണ്ട്‌ വയസ്സ്‌ വരെ കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജത്തിന്റെയും പോഷകങ്ങളുടെയും അതുല്യമായ കലവറയാണ്‌ പ്രകൃതി ദത്തമായി മാതാവ്‌ ചുരത്തുന്ന ഈ അമൃത്‌.ആസ്തമ ,എക്സിമ, അലര്‍ജി എന്നിവയെ തടയുന്നതോടൊപ്പം മുഖസൗന്ദര്യം,രൂപഭംഗി എന്നിവ ചിട്ടപ്പെടുത്തുകയും ഐ ക്യു ഉയര്‍ത്തുകയും ചെയ്യുന്നതില്‍ സുപ്രധാനപങ്ക്‌ വഹിക്കുകയും ചെയ്യുന്നു മുലപ്പാല്‍. ശാരീരികാരോഗ്യത്തെക്കാള്‍ മാനസീകമായ പക്വതയും മുലപ്പാല്‍ നല്‍കുന്നു, കുഞ്ഞുങ്ങള്‍ക്ക്‌.പുതു ലോകത്തെ സംഘര്‍ഷഭരിതമായ മാനസീകാവസ്ഥയില്‍,മുതിര്‍ന്ന മനുഷ്യര്‍ വരെ മാനസീക പിരിമുറുക്കവും വിഷാദം പോലുള്ള മാനസീകാസുഖങ്ങളും പേറിനടക്കുന്നതിന്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ കുഞ്ഞുന്നാളിലെ മുലയൂട്ടലില്‍ സംഭവിക്കുന്ന പിഴവിലേക്കാണ്‌ ! ടിന്നിലടച്ച ഇന്‍സ്റ്റന്റ്‌ മില്‍ക്‌ നല്‍കി കുഞ്ഞുങ്ങളെ അനാരോഗ്യമുള്ളവരാക്കണോ,അല്ല പ്രകൃതി ദത്തമായ മുലപ്പാലൂട്ടി ആരോഗ്യദൃഢഗാത്രരാക്കി വളരാന്‍ അനുവദിക്കണമോ ? ആതിരേ,എല്ലാ മുലയൂട്ടല്‍ വാരവും നമ്മോട്‌ ചോദിക്കുന്നത്‌ ഇതൊന്നു മാത്രം..... വീട്ടില്‍ പെറ്റു വളരുന്ന പൂച്ചക്കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ ! എന്തൊരു സന്തോഷമാണ്‌ അവ നുകരുന്നത്‌..ഈ കുറുഞ്ഞികള്‍ അമ്മിഞ്ഞ നുകരുമ്പോള്‍,അമ്മയും കുഞ്ഞുങ്ങളുമൊക്കെ കണ്ണടച്ചു കിടക്കുന്നത്‌ കണ്ടിട്ടില്ലേ..അവാച്യമായ ഏതോ നിര്‍വൃതിയില്‍ ലയിച്ചുലയിച്ചങ്ങനെ.. ************** ഇത്രയും പറഞ്ഞു കഴിഞ്ഞിട്ടും എന്റെ മനസ്സിലേയ്ക്കെത്തുന്നത്‌ ശറഫുന്നീസയുടെ ' കരഞ്ഞുപെയ്യുന്ന മഴ 'എന്ന കവിതയാണ്‌. "കരഞ്ഞ്‌ കരഞ്ഞ്‌ തെരുവിലൊരു കുട്ടി മഴയത്തൊലിച്ചുപോയി മുലപ്പാല്‍ കൊടുക്കേണ്ടവള്‍ വാരിപ്പുതച്ചോടി വരുമ്പോഴേയ്ക്കും തെരുവും ഒലിച്ചു പോയി കരഞ്ഞ്‌ കരഞ്ഞ്‌ തെരുവിലൊരു കുട്ടി മഴയത്തൊലിച്ചുപോയി മുലപ്പാല്‍ കൊടുക്കേണ്ടവള്‍ വാരിപുതച്ചോടി വരുമ്പോഴേയ്ക്കും തെരുവും ഒലിച്ചു പോയി.." എല്ലാ മുലയുട്ടല്‍ വാരാചരണവും അതിന്റെ ലക്ഷ്യങ്ങളും ഇങ്ങനെ ഒലിച്ചു പോകുകയല്ലേ..? കേവലം ആചാരാമായി മാറുന്ന ലോക മുലയൂട്ടല്‍ വാരം ഒരു കുഞ്ഞിനും ഗുണപ്രദമാകുന്നില്ല,മറിച്ച്‌ അത്‌ മാതൃത്വത്തെ അവഹേളിക്കുന്നതേയുള്ളൂ ആതിരേ..!

No comments: