Wednesday, August 8, 2012
വിളപ്പില്‍ശാലക്കാരുടെ പ്രതിഷേധവും 'അഞ്ചാം മന്ത്രി' എന്ന അഞ്ചാംപത്തിയും
വിളപ്പില്‍ശാല അടക്കമുള്ള കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജന കേന്ദ്രങ്ങള്‍ നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ മുന്നോട്ട് വച്ച ബൃഹത്തായതും അതേസമയം ചെലവ് തീരെ കുറഞ്ഞതുമായ ഒരു പദ്ധതിക്ക് പാരവച്ചത് മാലിന്യ നിര്‍മ്മാര്‍ജ്ജനം ഭരണപരമായ ഉത്തരവാദിത്തമായി നിക്ഷിപ്തമായിരിക്കുന്ന മന്ത്രി മഞ്ഞളാംകുഴി അലിയും, അലിയുടെ നേതാവ് കുഞ്ഞാലിക്കുട്ടിയും പാറശാല എംഎല്‍എ എ.ടി.ജോര്‍ജും ഒരു ആള്‍ദൈവവും അടങ്ങിയ ഗൂഢസംഘമാണ്. മാലിന്യസംസ്കരണത്തിന്റെയും അതിനുവേണ്ട പ്ലാന്റുകളുടെ നിര്‍മ്മാണത്തിന്റെയും പേരില്‍ കോടികള്‍ അടിച്ചു മാറ്റാന്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരം നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ പദ്ധതി ഭരണമുന്നണി കൃമികള്‍ അട്ടിമറിച്ചത്. മലത്തിലെ അരി തിരയുന്നവനെക്കാള്‍ നീചരും നിന്ദ്യരും സമൂഹവിരുദ്ധരും ലാഭക്കൊതിയന്മാരുമാണ് കുഞ്ഞാലിക്കുട്ടിയും മഞ്ഞളാംകുഴി അലിയും എ.ടി.ജോര്‍ജും അടങ്ങുന്ന രാഷ്ട്രീയ നേതാക്കളും ഭരണകൂടവും അവരെ സംരക്ഷിക്കുന്ന ഭരണ സംവിധാനവും. ഈ സംവിധാനം തകര്‍ക്കാത്ത കാലത്തോലം മാലിന്യത്തില്‍ നിന്നുപോലും കേരളത്തിന് മുക്തിയുണ്ടാവുകയില്ല. ചീഞ്ഞ് നാറുന്ന പരിസരങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് വലഞ്ഞ് വലഞ്ഞ് ഒടുങ്ങാനാണ്, കേരളീയന്റെ വിധി.
ആതിരേ,.ഭരണകൂടത്തെയും കോടതികളെയും വെല്ലുവിളിച്ച് തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാലയിലെ ജനങ്ങള്‍ നടത്തുന്ന സമരം നിരവധി തലങ്ങളില്‍ സവിശേഷമാണ്.
നഗരവാസിയുടെ മാലിന്യം തങ്ങളുടെ ആവാസകേന്ദ്രത്തില്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ല എന്ന പ്രതിജ്ഞയോടെയുള്ള ഈ ജനകീയ സമരം നഗരവാസിയുടെ തോന്ന്യാസങ്ങള്‍ക്കെതിരായുള്ള ഗ്രാമങ്ങളുടെ സംഘടിത ചെറുത്തു നില്‍പ്പാണ്. വര്‍ത്തമാനകാല ജീവിതത്തിലെ ദുര്‍ഗന്ധപൂരിത വാസ്തവമായ മാലിന്യനിര്‍മ്മാര്‍ജനവും അത് ശാസ്ത്രീയമായി നടപ്പിലാക്കുന്നതില്‍ തദ്ദേശഭരണകൂടങ്ങള്‍ വരുത്തുന്ന ക്രിമിനല്‍ സ്വഭാവത്തോടുകൂടിയ അലംഭാവവുമെല്ലാം വിളപ്പില്‍ശാലയില്‍ പ്രദര്‍ശന വസ്തുക്കളാകുകയാണ്. അധികാരത്തിന്റെയും സൗകര്യത്തിന്റെയും അഹങ്കാരത്തിന്റെയും മറവില്‍ തന്റെ മാലിന്യവും ഉച്ഛിഷ്ടവും അന്യന്റെ പറമ്പിലേ നിക്ഷേപിക്കൂ എന്ന മലയാളിയുടെ ദുഷ്ടത നിറഞ്ഞ സ്വാര്‍ത്ഥ ചിന്തയ്ക്കൊപ്പം ഭരണസംവിധാനങ്ങളും നീതിന്യായ പീഠങ്ങളും കൈകോര്‍ത്തപ്പോള്‍ ആ ഭരണകൂടഭീകരതയ്ക്കെതിരായ പച്ചമനുഷ്യന്റെ ജൈവസ്വത്വം നിറഞ്ഞ പ്രതിരോധവും പ്രതിഷേധവുമാണ് വിളപ്പില്‍ശാലയും സമാന സ്വഭാവത്തില്‍ കേരളത്തില്‍ എല്ലായിടത്തുമുള്ള പ്രതിഷേധങ്ങളും. മാലിന്യനിര്‍മ്മാര്‍ജ്ജന കാര്യത്തില്‍ തോന്ന്യാസിയായ നഗരവാസിയെക്കാള്‍ ഈ ഭൂമിയില്‍ താമസിക്കാനും സന്തതി പരമ്പരകളെ സൃഷ്ടിച്ച് മരിക്കാനും തങ്ങള്‍ക്കാണ് അവകാശമേറെയെന്ന പ്രഖ്യാപനം കൂടിയാണ് ഈ പ്രതിഷേധം. വികസനമെന്നാല്‍ മെട്രോ റെയിലും മോണോ റെയിലും മേല്‍പ്പാലങ്ങളും നാലുവരിപ്പാതകളും വിമാനത്താവളങ്ങളും സ്മാര്‍ട്ട് സിറ്റികളുമാണെന്ന് വികൃതമായി വിശ്വസിക്കുന്ന ഭരണകര്‍ത്താക്കള്‍ക്കെതിരായുള്ള സമ്മതിദായകന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വിളപ്പില്‍ശാല പോലെയുള്ള ജനകീയ സമരങ്ങള്‍.
ഇന്ന് തദ്ദേശ ഭരണകൂടങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനു തന്നെയും പരിഹാരം കാണാനാവാത്ത വിധം ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം പരത്തുന്നതാണ് മാലിന്യ പ്രശ്നം. ബോധവല്‍ക്കരണങ്ങളുടെ മറ പിടിച്ച് നഗരവാസിയുടെ മാലിന്യങ്ങള്‍ ഗ്രാമീണന്റെ കിടപ്പറയില്‍വരെ കൊണ്ടു തള്ളുന്ന ഭരണപരമായ പിതൃരാഹിത്യം വരെ നടക്കുന്നുണ്ട്, പരസ്യത്തിലെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍. മാലിന്യം അലക്ഷമായി വലിച്ചെറിയുന്ന നഗരവാസിക്ക് എതിരെ നടപടി എടുക്കാനോ അവനെ മാതൃകാപരമായി ശിക്ഷിക്കാനോ തയ്യാറാകാത്ത ഭരണകൂടവും നീതിന്യായ സംവിധാനവും സാധാരണ പൗരന്റെ തലയില്‍ കയറിയിരുന്ന് ഇനി നിരങ്ങാന്‍ അനുവദിക്കില്ല എന്ന ജനകീയ പ്രഖ്യാപനം കൂടിയാകുന്നിടത്താണ് ആതിരേ,വിളപ്പില്‍ശാല കേരള സാമൂഹിക ജീവിത പരിസരത്ത് പ്രതീക്ഷയുടെയും നന്മയുടെയും പ്രതീകമാകുന്നത്.
ഇങ്ങനെ ദുരിതമായി മാറിയ മാലിന്യ നിര്‍മ്മാര്‍ജന പ്രശ്നം, രാഷ്ട്രീയക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, രമ്യമായി പരിഹരിക്കാനും നഗരവാസിക്കും ഗ്രാമീണനും ഒരുപോലെ ഗുണകരമാകുന്നതുമായ ഒരു പദ്ധതി ആവിഷ്കരിക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വഴികള്‍ ഇല്ലാഞ്ഞിട്ടല്ല. ഉപായങ്ങള്‍ അറിയാത്തതുകൊണ്ടുമല്ല. കമിഴ്‌ന്നു വീണാല്‍ കാല്‍പ്പണം എന്ന ഗ്രാമ്യ ചൊല്ലിനെ ലജ്ജിപ്പിക്കുന്ന രീതിയില്‍ മാലിന്യത്തില്‍ നിന്നുപോലും ലക്ഷങ്ങള്‍ തപ്പിയെടുക്കാനുള്ള രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ആസുരമായ ലാഭക്കൊതിമൂലമാണ് നമ്മുടെ തെരുവോരങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ചീഞ്ഞുനാറി അന്തരീക്ഷം ദുര്‍ഗന്ധപൂരിതമാക്കുന്നതും പരിസരം പകര്‍ച്ചവ്യാധികളുടെ നഴ്സറികളാക്കുന്നതും.
ഇത് തിരിച്ചറിഞ്ഞ് വിവേകവും സാമൂഹികബോധവുമുള്ള വ്യക്തികളും സംഘടനകളും നിരവധി മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നേരത്തെ സൂചിപ്പിച്ച ലാഭക്കൊതിയാണ് ആതിരേ, ഇതെല്ലാം തട്ടിത്തെറിപ്പിച്ച് അവയ്ക്കു പിന്നിലെ സാമൂഹിക ബോധത്തെപ്പോലും തെരുവോരത്തെ കുപ്പത്തൊട്ടിയില്‍ അഴുകി നാറാന്‍ വിധിച്ചിരിക്കുകയാണ് .
വിളപ്പില്‍ശാല അടക്കമുള്ള കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജന കേന്ദ്രങ്ങള്‍ നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ മുന്നോട്ട് വച്ച ബൃഹത്തായതും അതേസമയം ചെലവ് തീരെ കുറഞ്ഞതുമായ ഒരു പദ്ധതിക്ക് പാരവച്ചത് മാലിന്യ നിര്‍മ്മാര്‍ജ്ജനം ഭരണപരമായ ഉത്തരവാദിത്തമായി നിക്ഷിപ്തമായിരിക്കുന്ന മന്ത്രി മഞ്ഞളാംകുഴി അലിയും, അലിയുടെ നേതാവ് കുഞ്ഞാലിക്കുട്ടിയും പാറശാല എംഎല്‍എ എ.ടി.ജോര്‍ജും ഒരു ആള്‍ദൈവവും അടങ്ങിയ ഗൂഢസംഘമാണ്.
സംസ്ഥാനത്തെ തുറന്ന ജയിലായ തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരിയില്‍ ജയിലിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാമെന്ന ഏറ്റവും ക്രിയാത്മകമായ നിര്‍ദ്ദേശത്തെയാണ് ഈ ഭരണകക്ഷി കൃമികള്‍ അട്ടിമറിച്ചത്. കൃമികളാണല്ലോ മാരകരോഗങ്ങള്‍ വരുത്തുന്നതും വ്യാപകമാക്കുന്നതും. തലസ്ഥാനത്ത് നിന്ന് അകന്ന് സര്‍ക്കാര്‍ ഉടമസ്ഥയില്‍ ജനവാസമില്ലാതെ കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഭൂമിയാണ് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റേത്. ഈ സ്ഥലം മുഴുവന്‍ ജയിലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ല. അതുകൊണ്ട് ഇവിടെ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് നിര്‍മ്മിക്കാമെന്നും അങ്ങനെ ചെയ്താല്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളോ എതിര്‍പ്പോ ഉണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബാണ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഡിജിപി ജേക്കബ് പുന്നൂസ് വഴി സമര്‍പ്പിച്ച ഈ പദ്ധതി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തതാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ടറിയാന്‍ ജയില്‍ എഡിജിപിയെ മന്ത്രിസഭാ യോഗത്തിലേക്ക് പ്രത്യേകം വിളിച്ചു വരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ വിവരണം കേട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ യോഗത്തില്‍ വച്ചു തന്നെ അദ്ദേഹത്തെ അഭിനന്ദിക്കുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തതാണ്.
ഇത്രയും ആയപ്പോഴാണ് ആതിരേ,മഞ്ഞളാംകുഴി അലിയും എ.ടി.ജോര്‍ജും പ്രാദേശിക ആള്‍ ദൈവവും പാരയുമായി എത്തിയത്. പദ്ധതിയെ എതിര്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ വക ഭൂമി സ്വന്തം പേരില്‍ പതിച്ചു നല്‍കണമെന്നായിരുന്നു എംഎല്‍എ എ.ടി.ജോര്‍ജിന്റെ ആവശ്യം. തനിക്ക് ആശ്രമം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ വക 10 ഏക്കര്‍ ഭൂമി കുറഞ്ഞ വിലയ്ക്ക് പാട്ടത്തിന് നല്‍കണമെന്നതായിരുന്നു ആള്‍ ദൈവത്തിന്റെ ഡിമാന്റ്. ഇല്ലെങ്കില്‍ നെട്ടുകാല്‍ത്തേരിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റിനെതിരെ ജനകീയ സമരം ഇളക്കിവിടും എന്നാണ് ഇവര്‍ ഭീഷണിമുഴക്കിയത്. തിരുവനന്തപുരം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ ജൈവമാലിന്യങ്ങളും ഇവിടെ സംസ്കരിച്ച് വളമാക്കി മാറ്റാവുന്നതായിരുന്നു പദ്ധതി. അതിനുള്ള സ്ഥല സൗകര്യം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നെട്ടുകാല്‍ത്തേരിയില്‍ ഉണ്ടായിരുന്നിട്ടും ആ പദ്ധതി നടപ്പിലാക്കാതിരുന്നത് എംഎല്‍എയുടെയോ ആള്‍ ദൈവത്തിന്റെയോ ഭീഷണി കൊണ്ടു മാത്രമായിരുന്നില്ല. മറിച്ച്, മാലിന്യസംസ്കരണത്തിന്റെയും അതിനുവേണ്ട പ്ലാന്റുകളുടെ നിര്‍മ്മാണത്തിന്റെയും പേരില്‍ കോടികള്‍ അടിച്ചു മാറ്റാന്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരം നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ പദ്ധതി ഭരണമുന്നണി കൃമികള്‍ അട്ടിമറിച്ചത്. മലത്തിലെ അരി തിരയുന്നവനെക്കാള്‍ നീചരും നിന്ദ്യരും സമൂഹവിരുദ്ധരും ലാഭക്കൊതിയന്മാരുമാണ് കുഞ്ഞാലിക്കുട്ടിയും മഞ്ഞളാംകുഴി അലിയും എ.ടി.ജോര്‍ജും അടങ്ങുന്ന രാഷ്ട്രീയ നേതാക്കളും ഭരണകൂടവും അവരെ സംരക്ഷിക്കുന്ന ഭരണ സംവിധാനവും. ഈ സംവിധാനം തകര്‍ക്കാത്ത കാലത്തോലം മാലിന്യത്തില്‍ നിന്നുപോലും കേരളത്തിന് മുക്തിയുണ്ടാവുകയില്ല. ചീഞ്ഞ് നാറുന്ന പരിസരങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് വലഞ്ഞ് വലഞ്ഞ് ഒടുങ്ങാനാണ്, ആതിരേ, കേരളീയന്റെ വിധി.
Subscribe to:
Post Comments (Atom)
No comments:
Post a Comment