Thursday, August 16, 2012

തോമസ്‌ പ്രഥമന്‍ ബാവ വര്‍ഗ്ഗീയ വാദിയാണെന്നോ...?

വിളപ്പില്‍ശാല മുതല്‍ കേരളത്തില്‍ പുതിയൊരു സമരസജ്ജത രൂപം കൊള്ളുന്നത്‌ ഈ മൂഢന്മാര്‍ തിരിച്ചറിയുന്നില്ല. മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലം ഇല്ലാതെ തന്നെ അവകാശസമരങ്ങള്‍ ജനകീയമാക്കുന്ന പങ്കാളിത്തവും ഉത്തരവാദിത്ത ബോധവുമാണ്‌ ഇത്തരം അവസരങ്ങളില്‍ ദൃശ്യമാകുന്നത്‌,ദൃഢമാകുന്നത്‌ .അവയെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ച്‌ അമര്‍ത്താന്‍ ശ്രമിച്ചത്‌ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക ദിനത്തിലായതു കൊണ്ട്‌ ചില ചിന്തകള്‍ ഉയരുന്നുണ്ട്‌. സ്വാതന്ത്ര്യത്തിന്റെ 66-ാ‍ം പിറന്നള്‍ ദിനത്തിലും മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും അധികാരത്തിന്റെയും ചൂഷണത്തിന്റേയും ഹുങ്കിനെ ചെറുത്ത്‌ നിസ്വരും നിസ്സഹായരുമായ നഴ്സുമാര്‍ക്ക്‌ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആത്മഹത്യാമുനമ്പില്‍ എത്തി നില്‍ക്കേണ്ടി വരുമ്പോള്‍ ഷിബുമാരുടേയും കുരുവിളമാരുടേയും പ്രഥമന്മാരുടേയും ചൂഷണത്തല തകര്‍ക്കുന്ന ജനകീയ മുന്നേറ്റം ഇനിയും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ്‌ കോതമംഗലത്ത്‌ ആഗസ്റ്റ്‌ 15-ന്‌ നടന്ന സംഭവങ്ങള്‍ അടിവരയിട്ട്‌ സ്ഥാപിക്കുന്നത്‌.
ആതിരേ,കൊടിയ ചൂഷണത്തിനെതിരെ പിടഞ്ഞെതിര്‍ക്കുന്ന കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയിലെ നഴ്സുമാരുടെ ശൗര്യം ഭീഷണമായ സമര മാര്‍ഗം അവലംബിക്കാന്‍ നിര്‍ബന്ധിതമായതും അതിനെ തകര്‍ക്കാന്‍ പോലീസ്‌ ഭീകരസത്വങ്ങളാകുന്നതുമായ ബീഭത്സതയാണ്‌ സ്വാതന്ത്ര്യത്തിന്റെ 66-ാ‍ം പിറന്നാള്‍ ദിനത്തില്‍ കേരളം കണ്ടത്‌. ജീവിക്കാന്‍ വേണ്ടിയുള്ള ഒരു കൂട്ടം നഴ്സുമാരുടെ ന്യായമായ സമരത്തെ 115 ദിവസം വലിച്ചു നീട്ടി അവരെ ആലംബഹീനരും അഭയാര്‍ത്ഥികളുമാക്കി കാല്‍ക്കീഴിലെത്തിക്കാന്‍ ആശുപത്രി സെക്രട്ടറി അഡ്വ. ഷിബു കുര്യാക്കോസ്‌ നടത്തിയ നീചമായ വര്‍ഗ്ഗീയ നീക്കങ്ങള്‍ക്ക്‌ യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ തോമസ്‌ പ്രഥമന്‍ ബാവയും സഭാംഗമായ സ്ഥലം എംഎല്‍എ ടി.യു.കുരുവിളയും പിന്നെ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നല്‍കിയ പിന്‍ബലമാണ്‌ മൂന്ന്‌ നഴ്സുമാരെ ആത്മഹത്യാഭീഷണി മുഴക്കേണ്ട ഗതികേടില്‍ കൊണ്ടെത്തിച്ചത്‌. കേരളത്തില്‍ ഒട്ടുമിക്ക ആശുപത്രികളിലും മാന്യമായ സേവനവേതന വ്യവസ്ഥകള്‍ക്കായി നഴ്സുമാര്‍ സമരം ചെയ്യുകയും തത്വത്തിലെങ്കിലും അത്‌ നേടിയെടുക്കുകയും ചെയ്തപ്പോഴാണ്‌, ആതിരേ, കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രി മാനേജ്മെന്റ്‌ മാത്രം നഴ്സുമാരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കില്ല എന്ന മുഠാളത്വം പ്രദര്‍ശിപ്പിച്ചതും എല്ലാ മാന്യതകളും പിച്ചിചീന്തി ഒത്തു തീര്‍പ്പ്‌ ചര്‍ച്ചകള്‍ അലസിപ്പിച്ചതും. ഈ അശ്ലീലതയ്ക്ക്‌ കോതമംഗലം സിഐ കെ.പി.ജോസിന്റെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിച്ചപ്പോള്‍ ഗുണ്ടാത്തലവനായിട്ടാണ്‌ അഡ്വ. ഷിബു കുര്യാക്കോസ്‌ സമരം ചെയ്യുന്ന നഴ്സുമാരെയും അവര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ റിലേ സമരം നടത്തിയ പിഡിപി പ്രവര്‍ത്തകരെയും തല്ലിച്ചതച്ചതും സമരപ്പന്തല്‍ തകര്‍ത്തതും നഴ്സസ്‌ ഹോസ്റ്റലിലെ മുറികള്‍ കുത്തിയിളക്കി താമസയോഗ്യമല്ലാതാക്കിയതും ഹോസ്റ്റല്‍ കാന്റീന്‍ അടച്ചുപൂട്ടി നഴ്സുമാരെ പട്ടിണിക്കിട്ട്‌ കൊല്ലാന്‍ തന്ത്രങ്ങള്‍ മെനഞ്ഞതും. കഴിഞ്ഞ 115 ദിവസത്തിനിടയില്‍ ലേബര്‍ കമ്മീഷണറും ആര്‍ഡിഒയും തഹസില്‍ദാരും ജില്ലാ കളക്ടറും പലവട്ടം കൂടിയാലോചന നടത്തി അനുരഞ്ജനത്തിലും സമവായത്തിലും എത്തിച്ചേര്‍ന്നതാണ്‌. മാര്‍ച്ച്‌ അഞ്ചാം തീയതി സമരക്കാരും ആശുപത്രി മാനേജ്മെന്റും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന അനിഷ്ട സംഭവങ്ങളാണ്‌ സ്വാതന്ത്ര്യദിനത്തില്‍ കോതമംഗലത്ത്‌ അരങ്ങേറിയത്‌. ഓരോ ചര്‍ച്ചയിലും തീരുമാനമാകുന്ന ധാരണ അംഗീകരിച്ച്‌ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അതിനെ നിഷേധിക്കുന്ന, നഴ്സുമാരുടെ അവകാശങ്ങളെ അധിക്ഷേപിക്കുന്ന തെമ്മാടിത്തമായിരുന്നു അഡ്വ. ഷിബു കുര്യാക്കോസ്‌ തുടര്‍ന്നു പോന്നത്‌.മിസ്രയീമില്‍ നിന്ന്‌ ഇസ്രായേല്‍ ജനതയെ മോചിപ്പിക്കുന്ന കാര്യത്തില്‍ മോശയും ഫറവോനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക്‌ ശേഷവും ഫറവോന്‍ സ്വീകരിച്ച ചെറ്റത്തരത്തെ അനുസ്മരിപ്പിക്കുന്നതാണ്‌ ഷിബു കുര്യാക്കോസിന്റെ കസര്‍ത്തുകള്‍ ആതിരേ,യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയായതുകൊണ്ട്‌ ക്രൈസ്തവ ന്യൂനപക്ഷമെന്ന കാര്‍ഡിറക്കി കളിക്കാം എന്നായിരുന്നു ഷിബുവിന്റെ ശൃഗാലബുദ്ധിയില്‍ ഉദിച്ച കുതന്ത്രം. അത്‌ അദ്ദേഹം കൗശലപൂര്‍വ്വം നടപ്പിലാക്കുകയും ചെയ്തു. അതിന്റെ ഭാഗമായിട്ടാണ്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പിഡിപി പ്രവര്‍ത്തകര്‍ റിലേ സത്യഗ്രഹം അനുഷ്ഠിച്ചപ്പോള്‍ പള്ളി ഗുണ്ടകളെ ഇറക്കി അവരെ ആക്രമിച്ചതും സമരപ്പന്തല്‍ അടിച്ചു തകര്‍ത്തതും. ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ച്‌ മുസ്ലീം മതവിഭാഗത്തെയും മുസ്ലീങ്ങളിലെ തീവ്രവാദികളെയും പ്രകോപിപ്പിച്ച്‌ തിരിച്ചടിക്ക്‌ അവസരം ഒരുക്കി അതില്‍ നിന്ന്‌ വര്‍ഗ്ഗീയ നേട്ടം കൊയ്യാനായിരുന്നു ഷിബു ശ്രമിച്ചത്‌. രാജ്യദ്രോഹപരമായ ഈ നിലപാടിന്‌ കോതമംഗലം സിഐ കെ.പി.ജോസിന്റെ പിന്തുണകൂടി ലഭിച്ചപ്പോള്‍ സമരക്കാര്‍ക്കെതിരെ ഗുണ്ടായിസം നടത്തിയ തെമ്മാടികള്‍ രക്ഷപ്പെട്ടു. എന്നാല്‍, മുസ്ലീം സമുദായം മാന്യമായ സംയമനം പാലിച്ചതുകൊണ്ട്‌ ഷിബു കുര്യാക്കോസിന്റെ പൈശാചിക ചിന്ത ക്ലച്ചു പിടിച്ചില്ലെന്നു മാത്രം. എന്നാല്‍, തുടര്‍ന്ന്‌ നടന്ന ഓരോ ചര്‍ച്ചയും തകര്‍ക്കുന്നതില്‍ ഷിബു അനുവര്‍ത്തിച്ചത്‌ വര്‍ഗ്ഗീയ വിഷം കലര്‍ന്ന ഈ നിലപാടും തീരുമാനവുമായിരുന്നു,ആതിരേ. ഇത്തരത്തില്‍ ഒരു സമൂഹത്തെ മുഴുവന്‍ വെല്ലുവിളിച്ച്‌ നെഞ്ചൂക്ക്‌ കാട്ടാന്‍ ഷിബുവിന്‌ പ്രേരണയായത്‌ എംഎല്‍എ ടി.യു.കുരുവിളയുടെ പിന്തുണയും ബിഷപ്പ്‌ തോമസ്‌ പ്രഥമന്റെ അനുഗ്രഹവുമായിരുന്നു. വനം ഭൂമി കൈയ്യേറി സംരക്ഷിക്കുന്ന ദുഷ്ട സംതൃപ്തിയോടെയാണ്‌ തന്റെ മതത്തില്‍പ്പെട്ട ഷിബു കുര്യാക്കോസിനെ, ബസേലിയോസ്‌ ആശുപത്രിയിലെ നഴ്സുമാരുടെ സമരകാര്യത്തില്‍, ടി.യു.കുരുവിള അകമഴിഞ്ഞ്‌ പിന്തുണച്ചത്‌. ഒരിക്കല്‍ പോലും നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകാതിരുന്ന അദ്ദേഹം മറ്റൊരവസരത്തില്‍ മാനേജ്മെന്റിനുവേണ്ടി അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ തന്റെ വര്‍ഗീയ ചേരിതിരിവ്‌ വ്യക്തമാക്കുകയും ചെയ്തു. ആതിരേ,ഒരു സമുദായത്തെയും അതിന്റെ ആതുരസേവന പാരമ്പര്യത്തെയും ഷിബു കുര്യാക്കോസ്‌ എന്ന ഷൈലോക്ക്‌ വര്‍ഗ്ഗീയതയുടെ കരാളപശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ച്‌ ദരിദ്ര നഴ്സുമാരുടെ കഞ്ഞിയില്‍ മണ്ണുവാരി ഇട്ടപ്പോള്‍ അയാളെ തടയാനോ,ശാസിക്കാനോ സമരം ഒത്തു തീര്‍പ്പിലെത്തിക്കാനോ തോമസ്‌ പ്രഥമന്‍ ബാവ തയ്യാറായില്ല. ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചും ദരിദ്രരരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ഇടയലേഖനങ്ങള്‍ ഇറക്കുകയും പള്ളിപ്പെരുന്നാളുകളില്‍ ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്ന ഒരു സഭാദ്ധ്യക്ഷനില്‍ നിന്ന്‌ ഇത്രയും നികൃഷ്ടമായ ഒരു നിലപാട്‌ കേരളം ഒരിക്കലും പ്രതീക്ഷിച്ചതല്ല. പെണ്ണുപിടിയന്മാരും റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുമായി സഭയ്ക്കും സമൂഹത്തിനും ഭീഷണിയായ വൈദികരെ സംരക്ഷിക്കുന്ന അതേ തീക്ഷണതയോടെയാണ്‌ ഷിബു കുര്യാക്കോസിനെയും ഒളികാമറ അടക്കമുള്ള അയാളുടെ ക്രിമിനല്‍ രീതികളെയും സഭാദ്ധ്യക്ഷന്‍ തോമസ്‌ പ്രഥമന്‍ സംരക്ഷിച്ചതെന്ന്‌ ആരെങ്കിലും ആരോപിച്ചാല്‍ അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടോ ഗുണ്ടകളെ ഇറക്കിവിട്ട്‌ അക്രമം നടത്തിയിട്ടോ ഫലമില്ല. പള്ളികള്‍ പിടിച്ചെടുക്കുന്ന ഗുണ്ടായിസത്തിന്റെ പിന്‍ബലത്തിലാണ്‌ കൊടിയദാരിദ്ര്യത്തിന്റെ ഇരകളായ സാധു നഴ്സുമാരുടെ കഞ്ഞിക്കലം തട്ടിത്തെറിപ്പിച്ച്‌ ഷിബു കുര്യാക്കോസും ടി.വി.കുരുവിളയും തോമസ്‌ പ്രഥമന്‍ ബാവയും അര്‍മാദിച്ചത്‌. ആതിരേ,നഴ്സിംഗ്‌ പഠനത്തിനെടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുകൊണ്ട്‌ ജപ്തി നോട്ടീസ്‌ നേരിട്ടപ്പോഴാണ്‌ പ്രിയയും വിദ്യയും അനുവും ആത്മഹത്യാഭീഷണി മുഴക്കി 114 ദിവസം തുടര്‍ന്ന സമാധാനപരമായ സമരത്തിന്‌ പുതിയൊരു മൂര്‍ച്ച നല്‍കിയത്‌. ന്യായമായ ഈ ആവശ്യത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കോതമംഗലത്തെ പ്രബുദ്ധരായ ജനങ്ങളെ തല്ലിച്ചതച്ചൊതുക്കാനാണ്‌ സിഐ കെ.പി.ജോസിന്റെ നേതൃത്വത്തിലുള്ള ഷിബുവിന്റെ സേവകന്മാര്‍ തയ്യാറായത്‌. വിളപ്പില്‍ശാല മുതല്‍ കേരളത്തില്‍ പുതിയൊരു സമരസജ്ജത രൂപം കൊള്ളുന്നത്‌ ഈ മൂഢന്മാര്‍ തിരിച്ചറിയുന്നില്ല. മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലം ഇല്ലാതെ തന്നെ അവകാശസമരങ്ങള്‍ ജനകീയമാക്കുന്ന പങ്കാളിത്തവും ഉത്തരവാദിത്ത ബോധവുമാണ്‌ ഇത്തരം അവസരങ്ങളില്‍ ദൃശ്യമാകുന്നത്‌,ദൃഢമാകുന്നത്‌ .അവയെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ച്‌ അമര്‍ത്താന്‍ ശ്രമിച്ചത്‌ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക ദിനത്തിലായതു കൊണ്ട്‌ ചില ചിന്തകള്‍ ഉയരുന്നുണ്ട്‌. ഈ പരിഷകള്‍ക്ക്‌ അധികാരമിങ്ങനെ ദുര്‍വിനിയോഗം ചെയ്യാനായിരുന്നോ പതിനായിരക്കണക്കിന്‌ ദേശസ്നേഹികള്‍ ജീവന്‍ ബലിയര്‍പ്പിച്ച്‌ ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം നേടിക്കൊടുത്തത്‌? സ്വാതന്ത്ര്യത്തിന്റെ 66-ാ‍ം പിറന്നള്‍ ദിനത്തിലും മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും അധികാരത്തിന്റെയും ചൂഷണത്തിന്റേയും ഹുങ്കിനെ ചെറുത്ത്‌ നിസ്വരും നിസ്സഹായരുമായ നഴ്സുമാര്‍ക്ക്‌ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആത്മഹത്യാമുനമ്പില്‍ എത്തി നില്‍ക്കേണ്ടി വരുമ്പോള്‍ ഷിബുമാരുടേയും കുരുവിളമാരുടേയും പ്രഥമന്മാരുടേയും ചൂഷണത്തല തകര്‍ക്കുന്ന ജനകീയ മുന്നേറ്റം ഇനിയും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ആതിരേ, കോതമംഗലത്ത്‌ ആഗസ്റ്റ്‌ 15-ന്‌ നടന്ന സംഭവങ്ങള്‍ അടിവരയിട്ട്‌ സ്ഥാപിക്കുന്നത്‌.

No comments: