Monday, August 27, 2012
ശെന്തിലിനു പകരം അറസ്റ്റ് ചെയ്യപ്പെട്ടത് ഒരു മുസ്ലീം ആയിരുന്നെങ്കില്‍...?
അറസ്റ്റിലായത് ശെന്തിലും സന്തോഷുമായതുകൊണ്ട് പ്രശ്നത്തിന്റെ തീവ്രത ഇവിടെ തീരുകയാണ്. അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആരെങ്കിലും ഒരാള്‍ ഒരു മുസ്ലീം ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു 'ജഗപൊഗ'? തടിയന്റവിട നസീര്‍ മുതല്‍ അല്‍ക്വയ്ദ വരെ നീളുന്ന ഭീകരവാദി ബന്ധത്തിന്റെ സ്തോഭജനകവും സ്ഫോടനാത്മകവുമായ വാര്‍ത്തകളാകുമായിരുന്നു മാധ്യമങ്ങളില്‍ നിറയുക. എന്നു മാത്രമല്ല, അറസ്റ്റ് ചെയ്യപ്പെടുന്ന മുസ്ലീം നാമധാരിയുടെ മാതാപിതാക്കളും സഹോദരീസഹോദരന്മാരും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക ഭ്രഷ്ടിന് വിധേയരാകുകയും അവര്‍ക്ക് പിന്നീട് ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കാനാവാത്ത സാഹചര്യം പോലീസും മാധ്യമങ്ങളും സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. എവിടെ ഒരു സ്ഫോടനമോ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിനെ ന്യൂനപക്ഷ ഭീകരതയുമായി സമീകരിക്കാനും മുസ്ലീം നാമധാരികളെ വേട്ടയാടാനും ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും അശ്ലീലം നിറഞ്ഞ താല്‍പര്യമാണ് നിലവിലുള്ളത്. ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമനാണ് എന്ന വികല യുക്തിയായിരിക്കും പോലീസും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരും ഇത്തരം വിഷയങ്ങളില്‍ പ്രയോഗിക്കുക. ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദികളാണെന്ന് എത്ര പെട്ടെന്നാണ് മുദ്രകുത്തി സമൂഹത്തിന്റെ മാന്യതയ്ക്കു പുറത്ത് നാം നിര്‍ത്തിയിരിക്കുന്നത്
ആതിരേ,എറണാകുളം കോട്ടയം റെയില്‍വേ ലൈനില്‍, വെള്ളൂരില്‍ ഡിറ്റനേറ്ററും ടൈമറും ഘടിപ്പിച്ച ചോറ്റുപാത്രം സൃഷ്ടിച്ച ഭയാനകതയില്‍ നിന്ന് ജനങ്ങള്‍ മുക്തരായിരിക്കുന്നു. സ്ഫോടകവസ്തു റെയില്‍വേ ലൈനില്‍വച്ച ഒന്നാംപ്രതി കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഡ്രൈവര്‍ മുളന്തുരുത്തി സ്വദേശി ശെന്തിലും മുഖ്യസൂത്രധാരന്‍ മാട്ടം സന്തോഷും അറസ്റ്റിലായതോടെയാണ് ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക് അറുതിയായത്.
ശെന്തിലും എറണാകുളം-ചെറുകര റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ തോമസും തമ്മിലുള്ള വൈരാഗ്യമാണ് റെയില്‍വേ ലൈനില്‍ സ്ഫോടക വസ്തു വയ്ക്കാന്‍ പ്രേരകമായത്. മുന്‍പ് ചെറുകര എറണാകുളം റൂട്ടിലെ സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്നു ശെന്തില്‍. അന്ന് ബസ് ഉടമയോട് അപമര്യാദയായി പെരുമാറിയതിന് ശെന്തിലിനെ ഉടമ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. പകരം തോമസിനെ നിയമിച്ചു. ഇത് തോമസും ശെന്തിലും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമായി. വെളിയനാട്ടു നടന്ന ഫുട്ബോള്‍ മത്സരത്തിനിടയില്‍ ശെന്തില്‍ തോമസിന്റെ കണ്ണില്‍ ആസിഡ് അംശമുള്ള ദ്രാവകം ഒഴിച്ചെന്നും ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്നും ഇപ്പോള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
റെയില്‍വേ ലൈനില്‍ സ്ഫോകട വസ്തു കണ്ടെത്തിയതോടെ ഊഹാപോഹങ്ങളാണ് നാട്ടിലാകെ പരന്നത്. ഇതു പരത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് കാണാതിരുന്നുകൂട. പോലീസ് നല്‍കിയ വിശദീകരണമായിട്ടാണ് ഇങ്ങനെ ചെയ്തതെങ്കിലും ഇതുമൂലം സാധാരണ ജനങ്ങളുടെ സമാധാന ജീവിതമാണ് കുറേ ദിവസത്തേക്കെങ്കിലും ഭഞ്ജിക്കപ്പെട്ടത്.
ആതിരേ,പോലീസില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് കൊടുംഭീകരന്മാരോ അവരുടെ ഏജന്റുമാരോ ആണ് സ്ഫോകട വസ്തുവിന് പിന്നിലെന്നാണ് പ്രചരിപ്പിക്കപ്പെട്ടതും ജനങ്ങള്‍ ഭയപ്പെട്ടതും. എറണാകുളം കളക്ട്രേട്ടിലെ ബോംബ് സ്ഫോടനവുമായി തുലനം ചെയ്തും നാട്ടില്‍ പലയിടത്തും നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലം വിവരിച്ചും വന്ന വാര്‍ത്തകള്‍ കുറച്ചൊന്നുമല്ല ജനങ്ങളുടെ സമാധാന ജീവിതത്തെ താറുമാറാക്കിയത്. താരതമ്യേന വര്‍ഗ്ഗീയ വൈരാഗ്യമോ സാമുദായിക സംഘട്ടനമോ ജാതീയ ഏറ്റുമുട്ടലുകളോ ഇല്ലാത്ത കേരളത്തില്‍ ഒരു പ്രത്യേക ഭീകരസംഘടന ആക്രമണം അഴിച്ചു വിടാനുള്ള ടെസ്റ്റ് ഡോസാണ് ഈ സ്ഫോടകവസ്തു എന്നായിരുന്നു പോലീസിന്റെയും ഭാഷ്യം. തീവ്രവാദികള്‍ നടത്തുന്ന സ്ഫോടന ട്രയലുമായും ഇതിനെ ബന്ധപ്പെടുത്തി പോലീസിന്റെ വിശദീകരണം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. അമോണിയം നൈട്രേറ്റാണ് സ്ഫോടക വസ്തുവില്‍ ഉപയോഗിച്ചതെന്ന് മനസ്സിലാക്കിയിട്ടും മുംബൈ, ഡല്‍ഹി സ്ഫോടനങ്ങളില്‍ ഉപയോഗിച്ച ആര്‍ഡിഎക്സ് ഇതില്‍ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടത്തി എന്ന് പോലീസ് പറഞ്ഞതോടെ ജനങ്ങളുടെ ഭയാശങ്ക ഇരട്ടിക്കുകയായിരുന്നു. മാത്രമല്ല, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചെറിയ അക്രമങ്ങള്‍ അരങ്ങേറിയതിന് പിന്നില്‍ ഒരു മുസ്ലീം തീവ്രവാദി സംഘടനയുടെ പേര് പറഞ്ഞു കേട്ടിരുന്നു. അവരായിരിക്കാം വെള്ളൂരിലെ സ്ഫോടക വസ്തുവിന് പിന്നിലെ സൂത്രധാരന്മാരെന്നും പ്രചരിപ്പിക്കപ്പെട്ടു.
എന്നാല്‍, പ്രചരിപ്പിച്ചതുപോലെയോ ഭയന്നതുപോലെയോ ആയിരുന്നില്ല ആതിരേ,സംഭവം. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരു വികലബുദ്ധി ഉപയോഗിച്ച കൗശലമാണ് ഇത്തരത്തില്‍ പ്രാദേശിക ഭീഷണിയായി മാറിയതും തീവ്രവാദി ബന്ധമായി വ്യാഖ്യാനിക്കപ്പെട്ടതും. .
ആതിരേ,അറസ്റ്റിലായത് ശെന്തിലും സന്തോഷുമായതുകൊണ്ട് പ്രശ്നത്തിന്റെ തീവ്രത ഇവിടെ തീരുകയാണ്. അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആരെങ്കിലും ഒരാള്‍ ഒരു മുസ്ലീം ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു 'ജഗപൊഗ'? തടിയന്റവിട നസീര്‍ മുതല്‍ അല്‍ക്വയ്ദ വരെ നീളുന്ന ഭീകരവാദി ബന്ധത്തിന്റെ സ്തോഭജനകവും സ്ഫോടനാത്മകവുമായ വാര്‍ത്തകളാകുമായിരുന്നു മാധ്യമങ്ങളില്‍ നിറയുക. എന്നു മാത്രമല്ല, അറസ്റ്റ് ചെയ്യപ്പെടുന്ന മുസ്ലീം നാമധാരിയുടെ മാതാപിതാക്കളും സഹോദരീസഹോദരന്മാരും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക ഭ്രഷ്ടിന് വിധേയരാകുകയും അവര്‍ക്ക് പിന്നീട് ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കാനാവാത്ത സാഹചര്യം പോലീസും മാധ്യമങ്ങളും സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. എവിടെ ഒരു സ്ഫോടനമോ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിനെ ന്യൂനപക്ഷ ഭീകരതയുമായി സമീകരിക്കാനും മുസ്ലീം നാമധാരികളെ വേട്ടയാടാനും ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും അശ്ലീലം നിറഞ്ഞ താല്‍പര്യമാണ് നിലവിലുള്ളത്. ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമനാണ് എന്ന വികല യുക്തിയായിരിക്കും പോലീസും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരും ഇത്തരം വിഷയങ്ങളില്‍ പ്രയോഗിക്കുക. ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദികളാണെന്ന് എത്ര പെട്ടെന്നാണ് മുദ്രകുത്തി സമൂഹത്തിന്റെ മാന്യതയ്ക്കു പുറത്ത് നാം നിര്‍ത്തിയിരിക്കുന്നത്. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്കും അതില്‍ തിടം വയ്ക്കുന്ന ന്യൂനപക്ഷ ഭീകരവാദത്തിനും വഴി മരുന്നിടുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഭരണകൂടങ്ങളും തല്‍പ്പര സാമ്പത്തിക ശക്തികളുമാണ്. സമൂഹത്തെ സാമുദായികമായും ജാതീയമായും വെട്ടിക്കീറി ശുഷ്കവും നീചവും നൈമിഷികവുമായ രാഷ്ട്രീയ-അധികാര നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇത്തരം ശാപവിത്തുകളെ സമൂഹത്തില്‍ വിതച്ച് ഭരണകൂടം വളര്‍ത്തി എടുക്കുന്നത്. പിന്നെ അവനെയും അവന്റെ കുടുംബത്തെയും സമുദായത്തെയും സാമൂഹിക ഭ്രഷ്ട് കല്‍പ്പിച്ചകത്തി നിര്‍ത്തുമ്പോള്‍ തീര്‍ച്ചയായും അവരുടെ ഉള്ളിലുണ്ടാകുന്ന ക്ഷോഭവും ആത്മനിന്ദയും വേദനയും ഒരു പൊട്ടിത്തെറിക്കും ഒരു സംഘടിതമായ ആക്രമണത്തിനും കാരണമാകുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ഭരണകൂടവും നീതനിര്‍വ്വഹണ വ്യവസ്ഥയും ഇവയെ ചെറുവിരലില്‍ ഇട്ട് അമ്മാനമാടുന്ന രാഷ്ട്രവിരുദ്ധ ശക്തികളും മാത്രമാണ്.
ഏതായാലും അത്തരം ഒരു ദുരന്തത്തിലേക്ക് വെള്ളൂരിലെ സ്ഫോടക വസ്തു സംഭവം കൊണ്ടെത്തിക്കാതെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയും നമുക്ക് മനസ്സ് തുറന്ന് അഭിനന്ദിക്കാം. ഒരു ചെറിയ പിഴ, ഒരു ചെറിയ മുന്‍വിധി മതിയായിരുന്നു ഈ സംഭവത്തിന്റെ സ്വഭാവമാകെ മാറ്റിമറിക്കാന്‍. അതുണ്ടാകാതെ കൃത്യവും നിശിതവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി കൈയ്യാമം വച്ച പോലീസ് ഡിപ്പാര്‍ട്ടുമെന്റ് യഥാര്‍ത്ഥത്തില്‍ ചെയ്തത് ഒരു വലിയ വര്‍ഗ്ഗീയ വിദ്വോഷം ജനിക്കാമായിരുന്ന സാഹചര്യം ഉന്മൂലനം ചെയ്യുകയായിരുന്നു. സാമൂഹിക ബോധവും തൊഴിലിനോടുള്ള പ്രതിബദ്ധതയും പ്രകടിപ്പിച്ച ആ പോലീസ് ഉദ്യോഗസ്ഥരെ ഒരിക്കല്‍ കൂടി നമുക്ക് ആദരത്തോടെ അഭിനന്ദിക്കാം
അതേസമയം, സ്ഫോടക വസ്തു കണ്ടെത്തിയ ഉടന്‍ സാധ്യതകളുടെ ഭീകരത പുറത്തുവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗ്ഗീയ വിദ്വേഷം ചീറ്റുന്ന രാജവെമ്പാലകളും വര്‍ഗ്ഗീയ വാദികളെയും ഭീകരപ്രവര്‍ത്തകരെയും സംരക്ഷിക്കുന്ന അധികാര ശക്തികളുടെ കങ്കാണിമാരും ഉണ്ടെന്ന് നാം അറിയണം. ഐപിഎസ് തലംമുതല്‍ ഭീകരവാദികളുമായി ബന്ധമുള്ള ഓഫീസര്‍മാരുടെ ലിസ്റ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ സര്‍ക്കാരിന് ഇച്ഛാശക്തിയോ സാമൂഹിക പ്രതിബദ്ധതയോ ഇല്ല. യഥാര്‍ത്ഥത്തില്‍ ആവണക്കണ്ണയില്‍ കാലൂന്നി നില്‍ക്കുന്ന ഭരണകൂടത്തിന്റെ വഴുവഴുപ്പന്‍ നയങ്ങളും സമീപനങ്ങളുമാണ് ഭീകരവാദികളെയും സാമുദായിക ഭ്രാന്തന്മാരെയും സൃഷ്ടിക്കുന്നത്. വെള്ളൂരിലെ സ്ഫോടക വസ്തു കണ്ടെത്തിയ പോലീസ് ഓഫീസര്‍മാരെ മാതൃകയാക്കി പോലീസ് സേനയിലെ സ്ഫോടക വസ്തുക്കളായ ഓഫീസര്‍മാരെയും സിവില്‍ ഓഫീസര്‍മാരെയും കണ്ടെത്തി ഇരുമ്പഴിക്കുള്ളില്‍ അടച്ചാല്‍ ആതിരേ,ഒരു പരിധിവരെ ഭീകരവാദ ഭീഷണിയില്‍ നിന്നെങ്കിലും കേരളത്തിന് മോചനമുണ്ടാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment