Tuesday, July 26, 2011

പഴയ ശൂദ്രന്റെ അപകര്‍ഷതയും അധികാരക്കൊതിയും; പുതിയ ശൂദ്രന്മാരുടെ വിഢിത്തവും വിധേയത്വവും

ഈ നിധി രാജകുടുംബാംഗങ്ങളോ പത്മനാഭസ്വാമിയുടെ ഭക്തരോ കാണിക്കയായി അര്‍പ്പിച്ചതല്ല മറിച്ച്‌, സൈനിക ആക്രമണങ്ങളിലൂടെ വെട്ടിപ്പിടിച്ചതും അവര്‍ണ്ണ ജനവിഭാഗങ്ങളുടെ മേല്‍ അപരിഷ്കൃതവും ക്രൂരവും നീതി രഹിതവുമായ നികുതി അടിച്ചേല്‍പ്പിച്ചും സ്വരുക്കൂട്ടിയതാണ്‌. അതുകൊണ്ട്‌ ഈ സ്വത്ത്‌ രാജ്യത്തിന്‌ അവകാശപ്പെട്ടതാണ്‌. ഈശ്വരന്‌ അവകാശപ്പെട്ടതല്ല. ഇതൊന്നും ഗ്രഹിക്കാതെയാണ്‌ ഈഴവരുടെ പുതിയ രക്ഷകനായ ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ മുഴുവനും വിശുദ്ധവും ഈശ്വരാര്‍ച്ഛിതവുമാണെന്ന്‌ വിധിച്ചിരിക്കുന്നത്‌. ഒരു ശ്രൂദ്രന്റെ അപകര്‍ഷതയും അതില്‍ നിന്ന്‌ ഉയിര്‍ക്കൊണ്ട അധികാരക്കൊതിയും നടത്തിയ ചൂഷണത്തെ ആധുനിക ശൂദ്രന്‍ തന്റെ ചരിത്രപരമായ വിഡ്ഢിത്തം കൊണ്ട്‌ ന്യായീകരിക്കുമ്പോള്‍ തമസ്കരിക്കപ്പെടുന്നത്‌ ചൂഷണത്തിന്‌ വിധേയമായ ഒരു ജനതയുടെ കണ്ണുനീരില്‍ നിന്നും രക്തത്തില്‍ നിന്നും കാച്ചിക്കുറുക്കിയെടുത്ത ധനശേഖരത്തിന്റെ ഉള്ളുപൊള്ളിക്കുന്ന സത്യങ്ങളാണ്‌.ലോകത്ത്‌ കണ്ടെടുത്തിട്ടുള്ള സ്വര്‍ണ്ണ നിധികളെയെല്ലാം കവച്ചുവയ്ക്കുന്നതാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെന്നാണ്‌ ഇതുവരെ പുറത്ത്‌ വന്നിട്ടുള്ളയുള്ള വിവരങ്ങള്‍, ആതിരേ, വ്യക്തമാക്കുന്നത്‌. 5000 കിലോ സ്വര്‍ണ്ണമാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരമായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്‌.
ഇതിനുമുന്‍പ്‌ മംഗോളിയന്‍ രാജാവിന്റെ ശവകുടീരത്തില്‍ നിന്ന്‌ ലഭിച്ച 3000 കിലോ സ്വര്‍ണ്ണമായിരുന്നു റെക്കോര്‍ഡ്‌ ശേഖരം. ഈജിപ്തിലെ പിരമിഡില്‍ 2000 കിലോയും ട്രോയി നഗരത്തിലെ നിധിയില്‍ 1600 കിലോയും സ്വര്‍ണ്ണശേഖരമുണ്ടായിരുന്നു. (ചരിത്രത്തില്‍ ഇതുവരെ കണ്ടെത്താത്ത നിധിയായിട്ട്‌ കരുതപ്പെടുന്നത്‌ മംഗോളിയന്‍ രാജാവായ ചെങ്കിസ്ഖാന്റേതാണ്‌. ചെങ്കിസ്ഖാന്റെ ശവകുടീരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശവസംസ്കാരത്തില്‍ പങ്കെടുത്ത്‌ നിധി ഒളിച്ചു വയ്ക്കുന്നതിന്‌ സാക്ഷികളായ 500 പേരെ വധിച്ചിരുന്നു. അതുകൊണ്ടാണത്രേ ഇന്നും ആ നിധി കണ്ടെടുക്കപ്പെടാതെ കിടക്കുന്നത്‌)
ഇത്രയും വലിയ സ്വര്‍ണ്ണശേഖരം മാര്‍ത്താണ്ഡവര്‍മയും പിന്നീട്‌ വന്ന രാജകുടുംബാംഗങ്ങളും പത്മനാഭസ്വാമി ഭക്തരും കാണിക്കയിട്ട വകയില്‍പ്പെട്ടതാണെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍,ആതിരേ, അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌. കാരണം,പതിനൊന്നാം നൂറ്റണ്ടില്‍ വേണാട്ടില്‍ ഭരണം നടത്തിയ 'ആയ്‌ 'വംശത്തിന്റേത്‌ മുതല്‍ ഒന്‍പത്‌ നൂറ്റാണ്ടിലധികം നീണ്ട രാജഭരണകാലത്തെ എല്ലാ ഭരണ വൈകൃതങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ചൂഷണങ്ങളുടെയും നിഷ്ഠൂര നികുതി നിര്‍ണയങ്ങളുടേയും നീക്കിയിരിപ്പാണ്‌ ഈ 5000 കിലോ സ്വര്‍ണ്ണം.
വേണാട്‌ രാജപരമ്പരയാണ്‌ പില്‍ക്കാലത്ത്‌ തിരുവിതാംകൂറിന്റേയും ഭരണത്തിലേറിയത്‌. വേണാട്‌ അന്ന്‌ ' ആയ്‌ ' വശത്തില്‍ പെട്ട ശൂദ്ര രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. വേണാട്‌ തിരുവിതാംകോടും പിന്നീട്‌ തിരുവിതാംകൂറുമായി പരിണമിച്ചെങ്കിലും രാജവംശത്തിന്റെ ശൂദ്രത്വം പരിണാമമില്ലാതെ നിലനിന്നു പോന്നു.
ജനനം കൊണ്ട്‌ ക്ഷത്രിയനായ വീരപുരുഷനാണ്‌ രാജഭരണം അവകാശപ്പെട്ടത്‌. എന്നാല്‍, ജന്മംകൊണ്ട്‌ ശൂദ്രരായ രാജാക്കന്മാരുടെയും പിന്‍ഗാമികളുടെയും അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉരുവം കൊണ്ട അധികാര കൊതിയുടെ കുതന്ത്രങ്ങള്‍, വെട്ടിയും കൊന്നും കവര്‍ന്നെടുത്തതാണ്‌ ഈ 5000 കിലോ സ്വര്‍ണ്ണം എന്ന്‌ ചരിത്രം സാക്ഷ്യം.
ഇതിന്റെ വാസ്തവം അറിയണമെങ്കില്‍ ,ആതിരേ, അല്‍പ്പം ഭൂതകാലം ചികയേണ്ടതുണ്ട്‌. താരതമ്യേന ചെറിയ രാജ്യമായിരുന്ന തിരുവിതാംകൂറിന്‌ ഇത്ര വലിയ സമ്പദ്‌ ശേഖരം എങ്ങനെയുണ്ടായി എന്ന ചോദ്യത്തില്‍ നിന്നുവേണം അന്വേഷണം ആരംഭിക്കാന്‍ ഇതിനുള്ള ഉത്തരം ചരിത്ര രേഖകളില്‍ കൃത്യമായി ഇല്ലാത്തതുകൊണ്ട്‌ ചില അനുമാനങ്ങള്‍ മാത്രമേ ഇപ്പോള്‍ സാധ്യമാകൂ. അതിലൊന്ന്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ട കാലത്ത്‌ മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നും അവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്നും കൊള്ളയടിച്ച മുതല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കാം എന്നതാണ്‌. മറ്റൊന്ന്‌ തിരുവിതാംകൂറില്‍ നിന്ന്‌ കയറ്റി അയച്ച ചരക്കുകളുടെ വിലയായി സ്വീകരിച്ചതാവാം ഈ സ്വര്‍ണ്ണത്തില്‍ ഭൂരിഭാഗവും.ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ലക്ഷ്മിബായ്‌, സുരക്ഷിതത്വം മുന്‍ നിര്‍ത്തി നാടിന്റെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ക്ഷേത്ര ഭണ്ഡാരത്തിലേക്ക്‌ മുതല്‍ക്കൂട്ടിയതാവാം എന്നതാണ്‌ മറ്റൊരു അനുമാനം.
ധര്‍മ്മരാജാവ്‌ എന്ന്‌ വാഴ്ത്തപ്പെടുന്ന തിരുവിതാംകൂര്‍ രാജ്യാധികാരി പക്ഷേ,ആതിരേ, അത്രയ്ക്കൊന്നും ധാര്‍മ്മികനായിരുന്നില്ല എന്നാണ്‌ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌. ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനവിഭാഗങ്ങളെക്കൊണ്ട്‌ അടിമകളെപ്പോലെ 'ഊഴിയവേല'യെടുപ്പിച്ചും തലക്കരവും മുലക്കരവും പോലെയുള്ള അധാര്‍മ്മിക നികുതികള്‍ അടിച്ചേല്‍പ്പിച്ച്‌ പിരിച്ചുമാണ്‌ 'ധര്‍മ്മരാജാക്കന്മാര്‍' രാജ്യം പരിപാലിച്ചു പോന്നത്‌.
പത്മനാഭസ്വാമിയുടെ ധര്‍മ്മ രാജ്യത്തെപ്പറ്റി 1931-ലെ സെന്‍സസ്‌ കമ്മീഷണര്‍ രേഖപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌: "ഇന്ത്യയിലെ തന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവും അധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌." (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931 പുറം 364).
ഇങ്ങനെ ജാതി ചിന്ത അതിന്റെ ഏറ്റവും മ്ലേച്ഛാവസ്ഥയില്‍ നിന്ന അക്കാലത്തെ ഭരണാധികാരികള്‍ സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിയിരുന്നു എന്നു പറയുമ്പോള്‍ ഞെട്ടിയിട്ട്‌ കാര്യമില്ല, ആതിരേ.. അവര്‍ണ്ണ സമുദായാംഗങ്ങളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നായിരുന്നു ധര്‍മ്മരാജാക്കന്മാര്‍ കരുതിയിരുന്നത്‌.
അറിയുക,അവര്‍ണര്‍ അടക്കമുള്ള ഭൂരിപക്ഷം ജനങ്ങളെ ഊറ്റിപ്പിഴിയാന്‍ നൂറില്‍ അധികം നികുതികളാണ്‌ അക്കാലത്ത്‌ നിലവിലുണ്ടായിരുന്നത്‌. രൂപാവരി, ആണ്ടക്കാഴ്ച, കുപ്പക്കാഴ്ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശ്ശേരി വേലികെട്ട്‌, മുണ്ടുവെച്ച്‌ തൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണ്‌ ഈ നികുതികള്‍ പിരിച്ചിരുന്നത്‌.
തലക്കരം വര്‍ഷത്തില്‍ ഒരിക്കലാണ്‌ പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസ്സുള്ള അവര്‍ണ്ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. മരിച്ചുപോയവര്‍ക്കുവരെ തലക്കനം ഈടാക്കിയിരുന്നു. തലവരി ഇനത്തില്‍ ഈഴവരില്‍ നിന്നും ചാന്നാന്മാരില്‍ നിന്നും പ്രതിവര്‍ഷം 88044 രൂപയും മറ്റ്‌ ഏഴ്‌ ജാതികളില്‍നിന്ന്‌ 4624 രൂപയും പിരിച്ചെടുത്തിരുന്നു. മുടി ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റ്‌ ഹീനജാതിക്കാരില്‍നിന്ന്‌ പിരിച്ചെടുത്തിരുന്നത്‌. 1861-ല്‍ നാല്‌ മണ്ഡപത്തും വാതില്‍ക്കലായി (റവന്യൂ വിഭാഗം) 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്ക്കാല്‍ പണം പിരിച്ചതായും കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകളോളം ഈ കൊള്ള നിലനിന്നിരുന്നു. അവര്‍ണ്ണന്റെ കണ്ണീരില്‍ കുതിര്‍ന്ന ഈ പണവും പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.( നായന്മാരെയും മാപ്പളിമാരെയും കോംഗ്ങ്ങിണികളെയും ഒഴിവാക്കിയിരുന്നു )
അവര്‍ണ്ണ സ്ത്രീകള്‍ക്ക്‌ മുലക്കരം ഏര്‍പ്പെടുത്തിയിരുന്നു എന്ന്‌ സൂചിപ്പിച്ചുവല്ലോ. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്ത്രീ മുലക്കരം വാങ്ങാന്‍ വന്ന ഉദ്യോഗസ്ഥന്റെ മുന്നില്‍ പ്രതിഷേധ സൂചകമായി തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രവും, ആതിരേ, ഈ ധര്‍മ്മരാജ്യത്തിനും പത്മനാഭസ്വാമി ദാസന്മാര്‍ക്കും പറയാനുണ്ട്‌. മുലച്ചിപറമ്പ്‌ എന്നാണ്‌ ആ സ്ത്രീയുടെ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതൊന്നും ഗ്രഹിക്കാതെയാണ്‌ ഈഴവരുടെ പുതിയ രക്ഷകനായ ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ മുഴുവനും വിശുദ്ധവും ഈശ്വരാര്‍ച്ഛിതവുമാണെന്ന്‌ വിധിച്ചിരിക്കുന്നത്‌. ഒരു ശ്രൂദ്രന്റെ അപകര്‍ഷതയും അതില്‍ നിന്ന്‌ ഉയിര്‍ക്കൊണ്ട അധികാരക്കൊതിയും നടത്തിയ ചൂഷണത്തെ ആധുനിക ശൂദ്രന്‍ തന്റെ ചരിത്രപരമായ വിഡ്ഢിത്തം കൊണ്ട്‌ ന്യായീകരിക്കുമ്പോള്‍ തമസ്കരിക്കപ്പെടുന്നത്‌ ചൂഷണത്തിന്‌ വിധേയമായ ഒരു ജനതയുടെ കണ്ണുനീരില്‍ നിന്നും രക്തത്തില്‍ നിന്നും കാച്ചിക്കുറുക്കിയെടുത്ത ധനശേഖരത്തിന്റെ ഉള്ളുപൊള്ളിക്കുന്ന സത്യങ്ങളാണ്‌.
ആതിരേ, ജന്മം കൊണ്ട്‌ ശൂദ്രന്മാരായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ തങ്ങളുടെ രാജസ്ഥാനം നിലനിര്‍ത്താനും തങ്ങളുടെ ആര്‍ജിത ക്ഷത്രിയത്വം ഈശ്വരേച്ഛാപരമാണെന്ന്‌ വരുത്തി തീര്‍ക്കാനും അന്നത്തെ ബ്രാഹ്മണന്മാരെ ഒപ്പം നിര്‍ത്തേണ്ടത്‌ ആവശ്യമായിരുന്നു. ഇതിനായി നിരവധി ചടങ്ങുകളാണ്‌ നടത്തിയിരുന്നത്‌. ഹിരണ്യ ഗര്‍ഭം, മുറജപം തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ ആരംഭിച്ച (പ്രതീകാത്മക ക്ഷത്രീയത്വം ആര്‍ജിക്കാനുള്ള ) ചടങ്ങുകള്‍ക്ക്‌ വമ്പിച്ച സ്വത്ത്‌ സംഭരിച്ചു വയ്ക്കാന്‍ തിരുവിതാംകൂറിലെ ശൂദ്ര രാജാക്കന്മാര്‍ നിര്‍ബന്ധിതരായി. ഇതിനായി ഇവര്‍ ആരംഭിച്ച ചടങ്ങുകളെ ബ്രാഹ്മണര്‍ ക്രമേണ ഷോടശദാനങ്ങളായും ഊട്ടു പുരകളായും വികസിപ്പിച്ചെടുക്കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
തുലാപുരുഷ ദാനം, ബ്രഹ്മാണ്ഡദാനം, കല്‍പ്പപാദദാനം, ഗോസഹസ്രദാനം, ഹിരണ്യകാമധേനുദാനം, ഹിരണ്യാശ്വദാനം, ഹിരണ്യാശ്വരഥദാനം, ഹേമഹസ്തിരഥദാനം, ചഞ്ചലാംഗലകദാനം, ധാരദാനം, വിശ്വചക്രദാനം, കല്‍പലതാദാനം, സപ്തസാഗരദാനം, രഥധേനുദാനം, മഹാഭൂതഘടദാനം എന്നിവയായിരുന്നു ബ്രാഹ്മര്‍ക്കായി ഒരുക്കിയിരുന്ന പതിനാറു ദാനങ്ങള്‍. കൂടാതെ സ്ഥിരം ഊട്ടു പുരകളിലൂടെ സൗജന്യ ഭക്ഷണവും നല്‍കിയിരുന്നു. ഇങ്ങനെ ശൂദ്രന്മാരായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ജന്മസിദ്ധ ക്ഷത്രിയതയ്ക്കായി ബ്രാഹ്മണദാന രാജ്യമാക്കി തിരുവിതാംകൂറിനെ മാറ്റിയെടുക്കുകയായിരുന്നു.
ഇതിന്‌ ആവശ്യമായ സ്വര്‍ണ്ണവും പണവും പണ്ടങ്ങളും കണ്ടെടുത്തത്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈനികാക്രമണങ്ങളിലൂടെയും നേരത്തെ സൂചിപ്പിച്ച നീചമായ നികുതി ഘടനകളിലൂടെയുമായിരുന്നു. മാത്രമല്ല, ബ്രാഹ്മണര്‍ക്കായി നടത്തിയിരുന്ന 16 മഹാദാന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്ന മറ്റ്‌ നാട്ടു രാജാക്കന്മാരും കിലോ കണക്കിന്‌ സ്വര്‍ണം തിരുവിതാംകൂറിലെ രാജാക്കന്മാര്‍ക്ക്‌ കാഴ്ചയായും സമ്മാനമായും നല്‍കിയിരുന്നു. ഇതെല്ലാം കൂടി ചേര്‍ന്നതാണ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവുംവലിയ ക്ഷേത്ര സമ്പത്തായി ഇപ്പോള്‍ ഗണിക്കപ്പെട്ടിട്ടുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി.
ആവര്‍ത്തിക്കട്ടെ, ഈ നിധി രാജകുടുംബാംഗങ്ങളോ പത്മനാഭസ്വാമിയുടെ ഭക്തരോ കാണിക്കയായി അര്‍പ്പിച്ചതല്ല മറിച്ച്‌, സൈനിക ആക്രമണങ്ങളിലൂടെ വെട്ടിപ്പിടിച്ചതും അവര്‍ണ്ണ ജനവിഭാഗങ്ങളുടെ മേല്‍ അപരിഷ്കൃതവും ക്രൂരവും നീതി രഹിതവുമായ നികുതി അടിച്ചേല്‍പ്പിച്ചും സ്വരുക്കൂട്ടിയതാണ്‌. അതുകൊണ്ട്‌ ഈ സ്വത്ത്‌ രാജ്യത്തിന്‌ അവകാശപ്പെട്ടതാണ്‌. ഈശ്വരന്‌ അവകാശപ്പെട്ടതല്ല.
മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിനെ പത്മനാഭസ്വാമിക്ക്‌ അടിമവച്ചതിന്റെ പിന്നിലും വലിയൊരു കൗശലം ഉണ്ടായിരുന്നു, ആതിരേ... ഉയര്‍ന്നു വരുന്ന ജനസാക്ഷരതയ്ക്കു മുമ്പില്‍ ശൂദ്ര രാജാക്കന്മാരുടെ കള്ളക്കളി പൊളിയുമെന്ന്‌ വ്യക്തമായപ്പോള്‍. രാജ്യം ശ്രീപത്മനാഭന്‌ അടിമവച്ചു കൊണ്ട്‌ രാജഭരണം ഈശ്വരനിശ്ചയമാണെന്ന്‌ വരുത്തി തീര്‍ക്കുകയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. ഓര്‍ക്കണം ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവ്‌ ക്ഷേത്ര പ്രവേശന വിളമ്പരം പുറപ്പെടുവിക്കുന്നതുവരെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണ ജാതിക്കാര്‍ക്ക്‌ പ്രവേശനം ഇല്ലായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലായിരുന്നു എന്നു മാത്രമല്ല, ക്ഷേത്രത്തിലേക്കുള്ള പാതയിലൂടെയോ പൊതു വീഥിയിലൂടെയോ സഞ്ചരിക്കാനും അവകാശമുണ്ടായിരുന്നില്ല. ഇത്തരത്തില്‍ ജാതിയമായി അകറ്റി നിര്‍ത്തിയ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനവിഭാഗത്തിന്റെമേല്‍ മുന്‍പെ സൂചിപ്പിച്ച തലക്കരവും മുലക്കരവും കുടിക്കരവും ഒക്കെ അടിച്ചേല്‍പ്പിച്ച്‌ സ്വരൂപിച്ചതാണ്‌ ഇന്ന്‌ നാരായണപണിക്കരും വെള്ളാപ്പള്ളിയും കുമ്മനം രാജശേഖരനും വി.മുരളീധരനും ഒക്കെയടങ്ങുന്ന ഹൈന്ദവ നേതാക്കന്മാര്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന ശ്രീ പത്മനാഭസ്വാമിയുടെ സ്വത്ത്‌.
ഇവിടെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്‌. കൊച്ചി രാജാവ്‌ ശ്രീ പൂര്‍ണ്ണത്രയേശ ക്ഷേത്രത്തിലെ നടവരവും സമ്പാദ്യവും ഉപയോഗിച്ചാണ്‌ ഷൊര്‍ണ്ണൂരില്‍നിന്ന്‌ കൊച്ചി വരെ റെയില്‍വേ പാത നിര്‍മ്മിച്ചത്‌. അതായത്‌ അന്ന്‌ തന്നെ ക്ഷേത്ര സ്വത്ത്‌ ഈശ്വരനു മാത്രമുള്ളതല്ലെന്നും അത്‌ രാജ്യത്തിനും അതിലെ പ്രജകള്‍ക്കും അവകാശപ്പെട്ടതാണെന്നും ഒരു രാജാവ്‌ ജനക്ഷേമകരമായ ഒരു പ്രവൃത്തിയിലൂടെ തെളിയിച്ചതാണ്‌.
ഇവിടെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു മഹത്വം നാം കാണാതെ പോയിക്കൂട. ജനാധിപത്യ ഭരണക്രമത്തില്‍ ജയലളിതയെപ്പോലെയും മായാവതിയെപ്പോലെയുമുള്ള ഭരണാധികാരികള്‍ ദത്തുപുത്രന്മാരുടെയും മറ്റും വിവാഹത്തിനും മറ്റ്‌ ആഢംഭരങ്ങള്‍ക്കുമായി കോടികള്‍ ചെലവഴിച്ചപ്പോള്‍ അത്തരം ധൂര്‍ത്തിനായി ഈ സ്വത്ത്‌ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചില്ല എന്നതാണ്‌ അത്‌. ഒന്നാം ലോക മഹായുദ്ധത്തിന്‌ ശേഷം കടുത്ത ക്ഷാമവും മറ്റും ഉണ്ടായപ്പോള്‍ പോലും ഈ സ്വത്തില്‍ കൈവയ്ക്കാന്‍ അവര്‍ താല്‍പര്യമോ ധൈര്യമോ കാട്ടിയില്ല എന്നത്‌ തീര്‍ച്ചയായും അഭിനന്ദം അര്‍ഹിക്കുന്ന മാനസിക ഭാവം തന്നെയായിരുന്നു. ഇത്‌ ഒഴിവാക്കിയാല്‍ ഇന്ന്‌ തിട്ടപ്പെടുത്തിയിട്ടുള്ള ഒരു ലക്ഷം കോടി രൂപയുടെ സ്വത്ത്‌ ഇന്നാട്ടിലെ സാധാരണക്കാരന്റെ വിയര്‍പ്പിന്റെ വിലയാണ്‌. അതുകൊണ്ട്‌ ആ പണം ആ നിലയ്ക്ക്‌ ഉപയോഗിക്കുമ്പോഴാണ്‌ അതിന്റെ മൂല്യവും വിശുദ്ധിയും വര്‍ധിക്കുക. അല്ലാതെ ആ സ്വത്ത്‌ അത്രയും ശ്രീ പത്മനാഭന്റെ നിധിയാണെന്ന്‌ അവകാശപ്പെട്ട്‌ അത്‌ സൂക്ഷിക്കാന്‍ വീണ്ടും ജനങ്ങളുടെ നികുതി പണം ചിലവഴിക്കുമ്പോള്‍, ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും പഴയ ശൂദ്രരാജാക്കന്മാരുടെ അപകര്‍ഷതയുടെ പങ്കു പറ്റുകയാണെന്ന്‌ പറഞ്ഞേ മതിയാകൂ.

Thursday, July 14, 2011

അടിക്കണം ചാട്ടവാറുകൊണ്ട്‌,പവ്വത്തിലിനെയും താഴത്തിനേയും

വിശ്വാസത്തിന്റെയും സഭാ സ്ഥാനങ്ങളുടെയും മറവില്‍ വിശ്വാസികളെ ഇത്ര നാളും ചൂഷണം ചെയ്ത്‌ വഞ്ചിച്ച സഭാ വിരുദ്ധരും ക്രിസ്തു വിരുദ്ധരുമാണ്‌ പവ്വത്തിലും താഴത്തും. നിസ്വരും വിദ്യാഭ്യാസ രംഗത്ത്‌ ഔന്നത്യം ആഗ്രഹിക്കുന്നവരുമായ സാധാരണ വിശ്വാസികള്‍ക്കും അവരുടെ മക്കള്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികങ്ങളായ അവകാശങ്ങള്‍ പോലും സഭാ പിതാക്കന്മാരെന്ന്‌ അഹന്തയില്‍ ഉന്മൂലനം ചെയ്തിട്ടുള്ള ചൂഷക പരിഷകളാണ്‌ ഈ മെത്രാന്മാര്‍. അതുകൊണ്ട്‌ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ പ്രവേശന-പഠന സംവിധാനം പുനഃസ്ഥാപിക്കപ്പെടണമെങ്കില്‍ ജോസഫ്‌ പവ്വത്തിനെയും ആന്‍ഡ്രൂസ്‌ താഴത്തിലിനെയും പോലുള്ള ചൂഷക പ്രമാണിമാരെ സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉച്ഛാടനം ചെയ്യേണ്ടത്‌ അനുപേക്ഷണീയവും അനിവാര്യവുമാണ്‌.എംഇഎസിന്റെ ഫസല്‍ ഗഫൂര്‍ പറഞ്ഞതാണ്‌ സത്യം- ഈ മെത്രാന്മാരും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലുമാണ്‌ ഇന്ന്‌ കേരളത്തിലെ സോഷ്യല്‍ എനിമി നംബര്‍ വണ്‍.

യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അനുയായികളാണ്‌ കേരളത്തിലെ ക്രൈസ്തവരെങ്കില്‍, അവരിപ്പോള്‍ ചെയ്യേണ്ടത്‌ മെത്രാന്മാരായ ജോസഫ്‌ പവ്വത്തിലിനെയും ആന്‍ഡ്രൂസ്‌ താഴത്തിനേയും ചാട്ടവാറുകൊണ്ട്‌ അടിക്കുകയാണ്‌.
ഒരു കരണത്ത്‌ അടിച്ചാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കണമെന്ന്‌ ഉദ്ബോധിപ്പിച്ച ക്രിസ്തു തന്നെയാണ്‌, 'തന്റെ പിതാവിന്റെ ആലയമായ' യരുശലേം ദേവാലയം കച്ചവട കേന്ദ്രമാക്കിയ വാണിക്കുകളെ ചാട്ടവാറുകൊണ്ട്‌ അടിച്ച്‌ പുറത്താക്കിയത്‌. ആ വാണിക്കുകളെയും ലജ്ജിപ്പിക്കുന്ന ലാഭക്കൊതിയോടെയാണ്‌ പവ്വത്തിലും താ ഴത്തും രക്ഷകര്‍തൃത്വം നല്‍കുന്ന ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഇപ്പോള്‍ കേരളത്തില്‍, പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയെ കച്ചവട ചരക്കാക്കി, സ്ഫോടനാത്മകമാക്കിയിരിക്കുന്നത്‌.
നിലവിലിരിക്കുന്ന നിയമങ്ങളെയും കീഴ്‌വഴക്കങ്ങളെയും അഹന്തയോടെ ലംഘിച്ചുകൊണ്ട്‌, ദുഃശാഠ്യം നിറഞ്ഞ നിലപാടുകളോടെ പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ എല്ലാ വിദ്യാഭ്യാസ വര്‍ഷവും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ്‌ ഇവരുടെ പ്രഥമ അജണ്ട. വഞ്ചനയുടെ ആ നിലപാട്‌, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്‌ ഈ മെത്രാന്മാരും ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലും. മെഡിക്കല്‍ പി.ജി. വിദ്യാഭ്യാസ രംഗത്തെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു നല്‍കണമെന്ന കീഴ്‌വഴക്കവും എം.ബി.ബി.എസ്‌ എഞ്ചിനീയറിംഗ്‌ പ്രവേശനത്തിലെ കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട്‌, അഹങ്കാരത്തിന്റേയും മുതലെടുപ്പിന്റെയും കിരീടമണിഞ്ഞ ഷൈലോക്കുമാരായി പരിണമിച്ചിരിക്കുകയാണ്‍ീ‍ മെത്രാന്മാരും ഇന്റര്‍ ചര്‍ച്കൗണ്‍സിലും
കേരളത്തില്‍ പൊതുവിദ്യാഭ്യാസം സര്‍വ്വസാധാരണമാക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വഹിച്ച അഭിമാനാര്‍ഹവും അനന്യവുമായ പാരമ്പര്യത്തിന്‌ കത്തി വയ്ക്കുകയാണ്‌ ഈ മെത്രാന്മാര്‍. കേരളത്തിലെ സാധാരണക്കാരുടെ കുട്ടികളെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന്‌ അകറ്റി നിര്‍ത്തി സമ്പന്ന വിഭാഗത്തിന്റെ തോന്ന്യാസങ്ങള്‍ക്ക്‌ കൂട്ടു നില്‍ക്കാനുള്ള ജുഗുപ്സാവഹമായ നിലപാടിനാണ്‌ പവ്വത്തിലും താഴത്തും ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്‌. സ്വാശ്രയ വിദ്യഭ്യാസ കച്ചവട താല്‍പര്യത്തിന്‌ ഈ മെത്രാന്മാരും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലും സര്‍ക്കാരിനെയും ഇവിടുത്തെ സാധാരണക്കാരെയും വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത്‌ ക്രൈസ്തവ സമുദായത്തിന്‌ അഭിമാനമായിരുന്ന മിഷനറി പാരമ്പര്യമാണ്‌.
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി കോടികള്‍ ഉണ്ടാക്കിയെടുത്ത്‌ ക്രിസ്തുവിനെ പ്രീതിപ്പെടുത്തുകയല്ല മറിച്ച്‌, സഭാ വിശ്വാസികളുടെ ആദ്ധ്യാത്മിക ജീവിതം പരിപോഷിപ്പിക്കുകയാണ്‌ ഈ മെത്രാന്മാരടക്കമുള്ള വൈദികരുടെ പ്രഥമവും പ്രാധാന്യമാര്‍ന്നതുമായ ധര്‍മ്മവും നിയോഗവും. 'രണ്ടുള്ളവന്‍ ഒന്ന്‌ ഇല്ലാത്തവന്‌ കൊടുക്കട്ടെ' എന്ന ക്രിസ്തു വചനം പുള്‍പ്പിറ്റില്‍ നിന്ന്‌ പ്രസംഗിക്കുന്നവരാണ്‌ പ്രഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ 50 ശതമാനം സീറ്റ്‌ സര്‍ക്കാരിന്‌ നല്‍കാന്‍ തയ്യാറാകാതെ, ന്യൂനപക്ഷ അവകാശങ്ങളുടെ മറവില്‍ വെല്ലുവിളി ഉയര്‍ത്തുന്നതും കേരളത്തില്‍ സാമുദായിക ഏറ്റുമുട്ടലിന്‌ കളമൊരുക്കുന്നതും നിയമവാഴ്ച തകര്‍ക്കുന്നതും.
ശ്രദ്ധിക്കണം പരിവര്‍ത്തിത ക്രൈസ്തവരും തീരദേശ മേഖലയിലുള്ള പിന്നാക്ക ക്രൈസ്തവരുമടക്കമുള്ളവര്‍ വിവിധങ്ങളായ അവകാശ ലംഘന പ്രശ്നങ്ങളില്‍ പ്രതിഷേധാര്‍ഹമായ മൗനം പാലിക്കുന്ന മെത്രാന്മാരും സഭയും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലുമാണ്‌ സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ രക്ഷകരായി അവതരിക്കാന്‍ ശ്രമിക്കുന്നത്‌. ബിസിനസ്‌ താല്‍പര്യങ്ങള്‍ക്ക്‌ കോട്ടം ഏല്‍ക്കുമ്പോള്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തിലിനേയും ജോസഫ്‌ പവ്വത്തിലിനേയും പോലുള്ളവര്‍ വിശ്വാസികളുടെ മഹാസമ്മേളനം വിളിച്ചു കൂട്ടി, രണ്ടാം വിമോചന സമരത്തിന്‌ ആഹ്വാനം ചെയ്യുമ്പോള്‍ ഇവര്‍ നടത്തുന്ന നീക്കങ്ങള്‍ കേരളത്തിലെ സാമുദായിക മൈത്രിക്ക്‌ ക്ഷതം ഏല്‍പ്പിക്കുകയാണെന്ന്‌ വിവേകമുള്ളവര്‍ തിരിച്ചറിയുന്നുണ്ട്‌.
കല്‍പിത സര്‍വ്വകലാശാലയായ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കടുംപിടുത്തങ്ങളെ അധിക്ഷേപിക്കുന്ന മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പക്ഷേ, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ പകുതി സീറ്റ്‌ സര്‍ക്കാരിന്‌ നല്‍കി മാതൃക കാണിക്കാന്‍ വെല്ലുവിളിക്കുകയാണ്‌.
മെത്രാന്മാരുടെയും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെയും അഹന്ത നിറഞ്ഞ ഈ പ്രതിലോമ നിലപാട്‌ കേരളത്തില്‍ ഇപ്പോള്‍ നിയമവാഴ്ചയ്ക്കുപോലും വെല്ലുവിളിയായിരിക്കുന്നു.സിഎസ്‌ഐ സഭയുടെ ഉടമസ്ഥതയിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്‌ അഡ്മിഷന്‌ 50 ലക്ഷം രൂപ തലവരിപ്പണം ഈടാക്കിയ വിവരം റിപ്പോര്‍ട്ട്‌ ചെയ്ത ഏഷ്യാനെറ്റ്‌ ലേഖകനേയും ക്യാമറമാനേയും തിരുവനതപുരത്ത്‌ എല്‍എംഎസ്‌ ബിഷപ്‌ ഹൗസിലെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയും വിഡിയോ ടേപ്പ്‌ കൈക്കലാക്കുകയും ചെയ്തു.ഇതില്‍ പ്രതിഷേഢിച്ച മധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ സഭ ഗുണ്ഡകള്‍ക്കൊപ്പം ചേര്‍ന്ന്‌ പൊലീസുകാരും മര്‍ദ്ദനം അഴ്ഗിച്ചുവിട്ടു.ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ തല പൊലീസ്‌ തല്ലിപ്പൊട്ടിച്ചു..! സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനു പോലും ഭീഷണിയായിരിക്കുകയാണ്‌ സ്വാശ്രയ വിദ്യാഭ്യാസ വാണിക്കുകളുടെ തോന്ന്യാസങ്ങള്‍.ഇത്തരം ജനവിരുദ്ധതയ്ക്കെതിരായി സി.പി.എം-ന്റെയും സി.പി.ഐയുടെയും ബി.ജെ.പിയുടെയും വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരങ്ങളെ അടിച്ചൊതുക്കി രക്തത്തില്‍ മുക്കിക്കൊല്ലാനാണ്‌ പക്ഷെ ഉമ്മന്‍ ചാണ്ഡിയുടെ പൊലീസ്‌ ശ്രമിച്ചത്‌..
2006-ല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ വിദ്യാര്‍ത്ഥി പ്രവേശനം നടത്തുകയും അന്ന്‌ അംഗീകരിച്ച ഫീസ്‌ അനുസരിച്ച്‌ അഞ്ചു വര്‍ഷം പഠനം നടത്തുകയും ചെയ്ത ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലാണ്‌ ഭരണ മാറ്റത്തോടെ കൂടുതല്‍ ഫീസ്‌ ആവശ്യപ്പെട്ടും മെഡിക്കല്‍ പി.ജി. സീറ്റുകള്‍ ഒന്നുപോലും സര്‍ക്കാരിന്‌ വിട്ടു കൊടുക്കില്ലെന്ന്‌ ശാഠ്യം പിടിച്ചും വിദ്യാഭ്യാസ മേഖല പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്‌. അന്ന്‌ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക്‌ വഴങ്ങുമ്പോള്‍ നഷ്ടം ഉണ്ടാകാതിരുന്ന ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്‌ ഇപ്പോള്‍ എങ്ങനെയാണ്‌ മുഹമ്മദ്‌ കമ്മിറ്റി നിശ്ചയിച്ച ഫീസ്‌ നിരക്കില്‍ വിദ്യാര്‍ത്ഥി പ്രവേശനം നടത്തിയാല്‍ നഷ്ടമുണ്ടാകുന്നതെന്ന്‌ എത്ര ആലോചിച്ചിട്ടും ബോധ്യമാകുന്നില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമല്ലാത്ത പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന്‌ സമര പങ്കിലമാക്കുന്ന കാര്യത്തില്‍ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടയിലെ യു.ഡി.എഫ്‌ ഭരണത്തിനുള്ള പങ്ക്‌ കൂടി ഇവിടെ കൂട്ടി വായിക്കണം. ടി.എം.ജേക്കബ്‌ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാള്‍ കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡ്‌ എന്ന തട്ടിപ്പില്‍ നിന്ന്‌ ആരംഭിക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ, രക്ഷകര്‍തൃദ്രോഹ നടപടികള്‍. ഇ.ടി.മുഹമ്മദ്‌ ബഷീറിലൂടെ കടന്ന്‌ അബ്ദുറബ്ബില്‍ എത്തി നില്‍ക്കുമ്പോള്‍ അത്‌ സ്വാശ്രയ മേഖലയിലെ ന്യൂനപക്ഷ മാനേജുമെന്റുകള്‍ക്ക്‌ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നിടത്തോളം വഷളായിരിക്കുകയാണ്‌.
ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി വിഭാഗങ്ങളും ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയും നടത്തുന്ന സമരത്തിന്‌ ന്യായമുണ്ടെന്ന്‌ പറയാം. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം മാനേജ്മെന്റുകളുടെ വാണിക്ക്‌ താല്‍പര്യങ്ങള്‍ക്ക്‌ വളം ഇടുന്ന നയമായിരുന്നു എല്‍.ഡി.എഫ്‌ സര്‍ക്കാരും വിദ്യാഭ്യാസമന്ത്രിയും എം.എ.ബേബിയും കൈക്കൊണ്ടത്‌. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥി പ്രവേശനം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ന വ്യാജേന കൊണ്ടു വന്ന ബില്ല്‌ പ്രതിപക്ഷത്തിന്റെ നിയമസഭയില്‍ സഹായത്തോടെ പാസാക്കാന്‍ കഴിഞ്ഞെങ്കിലും ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും ബില്ല്‌ റദ്ദാക്കുന്ന തിരിച്ചടിയാണ്‌ ക്ഷണിച്ചു വരുത്തിയത്‌. ഇത്‌ മാനേജ്മെന്റുകളുമായി വിദ്യാഭ്യാസമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തിയ ഗൂഢാലോചനകളുടെയും അഡ്ജസ്റ്റുമെന്റുകളുടെയും പരിണതിയായിരുന്നു. അപ്പോള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക്‌ ഉത്തരവാദികള്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയുമാണെന്ന്‌ വ്യക്തം. വാസ്തവം ഇതായിരിക്കെ എസ്‌.എഫ്‌.ഐയും എ.ഐ.എസ്‌.എഫും നടത്തുന്ന രക്തരൂക്ഷിതമായ സമരാഭാസങ്ങള്‍ വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും വഞ്ചിക്കാനുള്ള കുതന്ത്രം മാത്രമാണ്‌. ഈ താന്തോന്നിത്തത്തിന്‌ അനുമതി നല്‍കുക വഴി പ്രതിപക്ഷവും ഇടതുപക്ഷ പാര്‍ട്ടികളും തങ്ങളുടെ സാമൂഹിക വിരുദ്ധ നിലപാടുകള്‍ക്ക്‌ മറ്റൊരു പരിപ്രേഷ്യം ചമയ്ക്കുകയുമാണ്‌.
എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ വിദ്യഭ്യാസ നയങ്ങള്‍ വഞ്ചനാപരം എന്ന്‌ വിശേഷിപ്പിച്ച്‌ അന്ന്‌ നഖശിഖാന്തം എതിര്‍ത്ത യു.ഡി.എഫ്‌ അധികാരത്തിലെത്തിയപ്പോള്‍ കൊടും വഞ്ചനയുടെ നയങ്ങളാണ്‌ അവലംബിച്ചത്‌. മാനേജ്മെന്റുകളുമായി ക്രിയാത്മകമായി ചര്‍ച്ച ചെയ്യാന്‍ സമയം ലഭിച്ചിട്ടില്ലെന്നും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം കണ്ടെത്തുമെന്നുമാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും "ഉറപ്പു നല്‍കുന്നത്‌ ". എന്നാല്‍, അധികാരത്തിലേറിയ ഉടന്‍ തന്നെ കോട്ടയത്ത്‌ സഭാ മേലധ്യക്ഷന്മാരുമായി രഹസ്യ ചര്‍ച്ച നടത്തി അവരുടെ ഹിഡന്‍ അജണ്ടകള്‍ക്ക്‌ സംരക്ഷണം നല്‍കിയത്‌ കെ.എം.മാണിയായിരുന്നു. അതായത്‌, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ന്‌ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും നേരിടുന്ന ദുഃസഹ പ്രശ്നങ്ങള്‍ക്ക്‌ യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ ഉത്തരവാദികളാണെന്ന്‌ വ്യക്തം.
ഈ പശ്ചാത്തലം പക്ഷെ പവ്വത്തിലിനും താഴത്തിനും ഇന്റര്‍ ചര്‍ച്‌ കൗണിസിലിനും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നില്ല.വിശ്വാസത്തിന്റെയും സഭാ സ്ഥാനങ്ങളുടെയും മറവില്‍ വിശ്വാസികളെ ഇത്ര നാളും ചൂഷണം ചെയ്ത്‌ വഞ്ചിച്ച സഭാ വിരുദ്ധരും ക്രിസ്തു വിരുദ്ധരുമാണ്‌ പവ്വത്തിലും താഴത്തും. നിസ്വരും വിദ്യാഭ്യാസ രംഗത്ത്‌ ഔന്നത്യം ആഗ്രഹിക്കുന്നവരുമായ സാധാരണ വിശ്വാസികള്‍ക്കും അവരുടെ മക്കള്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികങ്ങളായ അവകാശങ്ങള്‍ പോലും സഭാ പിതാക്കന്മാരെന്ന്‌ അഹന്തയില്‍ ഉന്മൂലനം ചെയ്തിട്ടുള്ള ചൂഷക പരിഷകളാണ്‌ ഈ മെത്രാന്മാര്‍. അതുകൊണ്ട്‌ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ പ്രവേശന-പഠന സംവിധാനം പുനഃസ്ഥാപിക്കപ്പെടണമെങ്കില്‍ ജോസഫ്‌ പവ്വത്തിനെയും ആന്‍ഡ്രൂസ്‌ താഴത്തിലിനെയും പോലുള്ള ചൂഷക പ്രമാണിമാരെ സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉച്ഛാടനം ചെയ്യേണ്ടത്‌ അനുപേക്ഷണീയവും അനിവാര്യവുമാണ്‌.
എംഇഎസിന്റെ ഫസല്‍ ഗഫൂര്‍ പറഞ്ഞതാണ്‌ സത്യം- ഈ മെത്രാന്മാരും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലുമാണ്‌ ഇന്ന്‌ കേരളത്തിലെ സോഷ്യല്‍ എനിമി നംബര്‍ വണ്‍.

Friday, July 1, 2011

സി.പി.എം.: സെന്‍ട്രലൈസ്ഡ്‌ പെണ്‍വാണിഭ മാഫിയയോ...?


പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളാണ്‌ കേരളം കണ്ട ഏറ്റവും കുപ്രസിദ്ധമായ പീഡനക്കേസുകളില്‍ പ്രതികളായിട്ടുള്ളത്‌. ഇവരെ സംരക്ഷിക്കുന്നതില്‍ പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്നതും കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും ഇ.പി.ജയരാജനും പി.കെ.ശ്രീമതിയുമൊക്കെ ശക്തി പകരുന്നതുമായ ഔദ്യോഗിക വിഭാഗം പുലര്‍ത്തുന്ന ജാഗ്രതയും തീക്ഷ്ണതയും മറ്റു ചിലതെല്ലാമാണ്‌ പാര്‍ട്ടി അണികളുടെ മനസ്സിലും പൊതു സമൂഹത്തിന്റെ ചിന്തയിലും രാകിമൂര്‍ച്ച വരുത്തുന്നത്‌.ആരും മറന്നിട്ടില്ല ആതിരേ, പാര്‍ട്ടിയുടെ സമുന്നതനായ സംസ്ഥാന നേതാവ്‌ പുറം കടലില്‍,. കപ്പലില്‍ റഷ്യന്‍ സുന്ദരിമാരുമൊത്ത്‌ മദനോത്സവം നടത്തിയത്‌. അദ്ധ്വാനിക്കുന്ന ജനവിഭാഗം അടക്കമുള്ള അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന ഒരു കേഡര്‍ പാര്‍ട്ടിയിലെ വര്‍ത്തമാനകാല നേതൃത്വമാണ്‌ ഇത്തരത്തില്‍ പൊതു സമൂഹമധ്യേ നഗ്നരായി നില്‍ക്കുന്നത്‌.ആതിരേ, സി.പി.എം എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) എന്നല്ല മറിച്ച്‌, സെന്‍ട്രലൈസ്ഡ്‌ പെണ്‍വാണിഭ മാഫിയ എന്നാണെന്ന്‌ ആരോപിക്കുമ്പോള്‍, അറിയാം ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റി ലാളിക്കുന്ന പതിനായിരക്കണക്കിന്‌ സാധാരണക്കാരായ അണികളുടെ കരളിലേക്കാണ്‌ കൂരമ്പെയ്യുന്നതെന്ന്‌.
എന്നാല്‍,ആതിരേ, വര്‍ത്തമാനകാല സി.പി.എം നേതാക്കന്മാരുടെ ചൊല്ലും ചെയ്തികളും വിലയിരുത്തുമ്പോള്‍ പെണ്‍വാണിഭം അടക്കമുള്ള എല്ലാ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നവരാണ്‌ ഈ പാര്‍ട്ടിയിലെ പ്രമുഖരായ നേതാക്കളില്‍ പലരുമെന്ന്‌ വ്യക്തമാകുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകളില്‍ നിറയുന്നത്‌ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത്‌ സുഖ തൃഷ്ണകള്‍ക്കു പിന്നാലെ പായുന്ന ഇത്തരം നേതാക്കന്മാരുടെ ഓക്കാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും ചിത്രങ്ങളുമാണ്‌.
ഇന്ന്‌ ഏറെ കുപ്രസിദ്ധി നേടിയ പറവൂര്‍ പെണ്‍വാണിഭ കേസിലെ പ്രതികളില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ എറണാകുളം ജില്ലയിലെ ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ പ്രതികളാണ്‌. മഴുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി തോമസ്‌ വര്‍ഗീസ്‌, പുത്തന്‍കുരിശ്‌ ലോക്കല്‍ കമ്മിറ്റി അംഗം കെ.എം.എല്‍ദോ എന്നിവര്‍ പാര്‍ട്ടിക്കും അണികള്‍ക്കും നാണക്കേടുണ്ടാക്കിയാണ്‌ പെണ്‍വാണിഭ വാര്‍ത്തയില്‍ നിറഞ്ഞത്‌. ഇരുവരെയും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി മുഖം രക്ഷിച്ചിട്ടുണ്ടെങ്കിലും അണികളുടെയും പൊതുസമൂഹത്തിന്റെയും ചോദ്യങ്ങള്‍ക്കു മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്‌ പിണറായി വിജയന്‍ അടക്കമുള്ള നേതൃത്വം.
പെണ്‍വിഷയത്തില്‍ പാര്‍ട്ടി പൊതുസമൂഹമദ്ധ്യേ ഏറ്റവും കൂടുതല്‍ കരിതേക്കപ്പെട്ടത്‌ ആതിരേ, ഇവരിലൂടെയല്ല.മറിച്ച്‌ പി.ശശിയിലൂടെയാണ്‌.എം.എ.ബേബിയിലൂടെയാണ്‌.കോടിയേരിയുടെ പുത്രനിലൂടെയാണ്‌.എം.എ.ബേബിയുടെ മകനിലൂടെയാണ്‌.തോമസ്‌ ഐസക്കിലൂടെയാണ്‌.
കണ്ണൂര്‍ ജില്ല സെക്രട്ടറിയും ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി.ശശിയുടെ പേരില്‍ ഉയര്‍ന്നിട്ടുള്ള ലൈംഗിക പീഡനക്കേസ്‌, ആതിരേ പാര്‍ട്ടിക്കും അണികള്‍ക്കും ഇതുവരെയുണ്ടായ നാണക്കേടില്‍ ഏറ്റവും ദുര്‍ഗന്ധം നിറഞ്ഞതാണ്‌. കണ്ണൂരിലെ ഡിവൈ.എഫ്‌.ഐ നേതാവ്‌ അജേഷിന്റെ ഭാര്യയെ കാസര്‍കോട്ടെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ ശശി ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചതും സി.പി.എം എം.എല്‍.എ പത്മനാഭന്റെ പുത്രിയെ പാര്‍ട്ടി മന്ദിരത്തില്‍വെച്ച്‌ പീഡിപ്പിച്ചതുമടക്കം കെട്ടുനാറുന്ന ആരോപണങ്ങള്‍ നിരവധിയാണ്‌ ശശിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്‌. (ശശിയുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രകാശ്‌ കാരാട്ട്‌ പുറത്താക്കിയ പഞ്ചാബ്‌ സംസ്ഥാന സെക്രട്ടറി ബല്‍വന്ത്‌ സിംഗിനും,സിഐടിയു അഖിലേന്ത്യ സെക്രട്ടറി തമിഴ്‌നാട്ടുകാരനായ വരദരാജനും എതിരായി ഉയര്‍ന്ന ലൈംഗീക ആരോപണങ്ങള്‍ എത്ര നിസ്സാരം
ഒരു വിധവയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ബല്‍വന്ത്‌ സിംഗിനെതിരെ പ്രകാശ്‌ കാരട്ടും കൂട്ടരും തിടുക്കപ്പെട്ട്‌ നടപടിയെടുത്തത്‌.1969 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ബല്‍വന്ത്‌ സിംഗ്‌ 15 വര്‍ഷം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.സിഐടിയു വിന്റെ പഞ്ചാബ്‌ സ്റ്റേറ്റ്‌ വൈസ്‌ പ്പ്രസിഡന്റ്‌, പാര്‍ട്ടി പത്രമായ ' ദേശ സേവക്‌'-ന്റെ മാനേജിംഗ്‌ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബല്‍വന്ത്‌ സിംഗ്‌ മുന്‍ അഖിലേന്ത്യ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ്‌ സുര്‍ജിത്തിന്റെ ഏറ്റവും അടുത്ത സഖാവ്‌ ആയിരുന്നു.തനിക്കെതിരെ ഉയര്‍ത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ ബെല്‍വന്തിന്റെ വാദം മുഖവിലയ്ക്കു പോലും പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം എടുത്തില്ല.
ഒരു വനിത അഭിഭാഷകയ്ക്ക്‌ അശ്ലീല എസ്‌എംഎസ്‌ അയച്ചു എന്നതായിരുന്നു വരദ രാജനെതിരായ പരാതി.സിഐടിയു അഖിലേന്ത്യ സെക്രട്ടറി, സിപിഎം കേന്ദ്ര-സംസ്ഥാനകമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വരദ രാജനെ 2009-ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയാണ്‌ പുറത്താക്കിയത്‌.ആ യോഗത്തില്‍ പങ്കെടുത്ത ശേഷം ചെന്നയില്‍ തിരിച്ചെത്തിയ വരദ രാജന്‍ രണ്ട്‌ കത്തുകള്‍ എഴുതി വച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.കത്തുകളില്‍ ഒന്നില്‍ തന്റെ ഭാഗം പാര്‍ട്ടി കെട്ടില്ലെന്ന്‌ വരദ രാജന്‍ എഴുതിയിട്ടുണ്ട്‌.സദാചാര സംരക്ഷണം സംബന്ധിച്ച്‌ ഇത്ര കടുത്ത നിലപാടുള്ള പാര്‍ട്ടിയാണ്‌, ആതിരേ കേരളത്തിലെ വിഷയാസക്തരായ വിപ്ലവകാരികള്‍ക്കെതിരെ, പ്രത്യേകിച്ച്‌ പി.ശശിക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്നതെന്നോര്‍ക്കണം
നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കാലത്ത്‌, കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ പ്രതികളെ ബ്ലാക്ക്മെയില്‍ ചെയ്ത്‌ പാര്‍ട്ടിയുടെയും തന്റെയും പോക്കറ്റ്‌ വീര്‍പ്പിച്ച കൗശലക്കാരനാണ്‌ പി.ശശി.സംസ്ഥാനത്ത്‌ പാര്‍ട്ടിക്ക്‌ ഏറെ അപമാനമുണ്ടാക്കിയിട്ടും , ശശിക്കെതിരെ മാതൃകാപരമായ നടപടിയെടുക്കാതെ അദ്ദേഹത്തെ സംരക്ഷിക്കാനാണ്‌ പ്രകാശ്‌ കാരാട്ടും പിണറായി വിജയനുമടക്കമുള്ള പാര്‍ട്ടിയുടെ കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌(ഇതെഴുതുമ്പോള്‍ ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന്‌ സസ്പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചിട്ടേയുള്ളൂ; നടപടിയായിട്ടില്ല)തെങ്കിലും.ഈ അമിത സംരക്ഷണത്വര്യക്കു പിന്നില്‍ സവിശേഷമായ ഒരു കാരണമുണ്ട്‌, ആതിരെ. ശശിയെ പിണക്കിയാല്‍ ' നഗ്നമായ ' അരമന രഹസ്യങ്ങള്‍ പലതും അങ്ങാടിപ്പാട്ടാകുമെന്ന്‌ പിണറായി അടക്കമുള്ളവര്‍ ഭയക്കുന്നു.
ആതിരേ, പെണ്‍വിഷയത്തില്‍ വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ്‌ നേതാക്കളും അവരുടെ മക്കളും ഒട്ടും മോശക്കാരല്ല.കോളിളക്കമുണ്ടാക്കിയ കിളിരൂര്‍-കവിയൂര്‍ പീഡന കേസുകളില്‍ എം.എ.ബേബി, ബേബിയുടെ പുത്രന്‍, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ തുടങ്ങിയവര്‍ പ്രതികളായിരുന്നു എന്നതിന്‌ തെളിവുകള്‍ ലഭിച്ചിട്ടും പാര്‍ട്ടി അവരെ സംരക്ഷിക്കുകയായിരുന്നു.എല്ലാ പെണ്‍-വ്വാണിഭക്കേസിലും ഇടനിലക്കാരികളായി മദ്ധ്യ വയസ്ക്കകള്‍ ഉള്ളത്‌ പോലെ ബേബിയേയും മന്ത്രിപുത്രന്മാരേയും സംരക്ഷിക്കാന്‍ പി.കെ.ശ്രീമതിബദ്ധ ശ്രദ്ധയായി രംഗത്തുണ്ടായിരുന്നു.കിളിരൂര്‍ കേസിലെ " വിഐപി "യായും കവിയൂര്‍ കേസില്‍ അനഘ പീഡിപ്പിക്കപ്പെട്ടിരുന്നില്ല, കന്യകയാണ്‌ എന്ന പ്രസ്താവനയിറക്കിയും സ്രീമതിയും ഈ കാമകിങ്കരന്മാരെ സംരക്ഷിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.കിളിരൂര്‍-കവിയൂര്‍ കേസുകള്‍ അന്വേഷിച്ച ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും എന്തിനധികം സിബിഐയും ഈ സത്യങ്ങള്‍ തമസ്ക്കരിക്കുകയായിരുന്നു.കവിയൂര്‍ കേസില്‍ ഇവരുടെ പങ്കാളിത്തം അടക്കമുള്ള വിഷയങ്ങള്‍ പുനരനേഷിക്കണം എന്ന്‌ ജൂണ്‍ 20ന്‌ സിബിഐ സ്പെഷല്‍ കോടതി വിധിച്ചത്‌ അതു കൊണ്ടാണ്‌ ആതിരേ...
യുനെസ്കോ പുരസ്ക്കാരം ലഭിച്ച ചിത്രകാരനാണ്‌ മോഹന്‍ കുമാര്‍.2007-ല്‍ അദ്ദേഹം ' മംഗളം 'വിശേഷാല്‍ പതിപ്പില്‍ എഴുതിയ ഒരു കുറിപ്പില്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന 'ക്യൂബന്‍ സോളിഡാരിറ്റി' നേതാവിന്റെ തനിനിറം വ്യക്തമാക്കിയിട്ടുണ്ട്‌.ഒരിക്കല്‍ ഈ മന്ത്രി മോഹന്‍ കുമാറിന്റെ വീട്ടില്‍ എത്തിയപ്പോള്‍, മോഹന്‍കുമാറിന്റെ ചിത്രങ്ങളുടെ ആരാധികയായ ഒരു വിദേശ വനിതയും അവിടുണ്ടായിരുന്നു.അവരെ കണ്ടതും വിപ്ലവകാരിയുടെ ഞെരമ്പുകള്‍ വിജൃംഭിതമായി...;തിളച്ചൂ, ചോര ഞെരമ്പുകളില്‍....! അവരെ പരിചയപ്പെടുത്തണമെന്നും തന്റെ 'ഇംഗിതം'അറിയിക്കണമെന്നുമായി മന്ത്രി പുംഗവന്‍.എന്നാല്‍ " താനൊരു ചിത്രകാരനാണെന്നും കൂട്ടിക്കൊടുപ്പുകാരനല്ലെന്നു"മായിരുന്നു മുഖത്തിടിച്ചതു പോലെ മോഹന്‍ കുമാറിന്റെ മറുപടി. .ആ വര്‍ഷം മോഹന്‍ കുമാറിന്‌ ഉറപ്പായിരുന്ന സംസ്ഥാന ലളിതകല അക്കാഡമി അവാര്‍ഡ്‌ നിഷേധിച്ചു കൊണ്ടാണ്‌ സ്ത്രീജിതനായ ഈ മന്ത്രി പ്രതികാരം നിര്‍വഹിച്ചത്‌.
കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന സാമ്പത്തിക വിശാരദനായ മന്ത്രിയുടെ അപഥസഞ്ചാരത്തില്‍ മനം നൊന്താണ്‌, ആതിരേ ഭാര്യ അയാളെ ഉപേക്ഷിച്ചത്‌.കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ വനിതാ അംഗവുമായിട്ടായിരുന്നു കണ്ണുര്‍ ലോബിയിലെ അന്നത്തെ ശക്തനായ മന്ത്രിയുടെ ഊരുചുറ്റലും വെടിവട്ടവും.
കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലം.പോളിറ്റ്‌ ബ്യൂറോ അംഗമായ പ്രമുഖന്റെ ഭാര്യയെ അന്നു തട്ടിയെടുത്തതാകട്ടെ ഡിവൈഎഫ്‌ഐ നേതാവും.ആഴ്ചകളോളം അന്യ സംസ്ഥാനത്ത്‌ യുവ നേതാവിനോപ്പം മദിച്ചാടിയ ഭാര്യയെ വീണ്ടെടുത്തു തരണം എന്ന ആവശ്യവുമായി പോളിറ്റ്‌ ബ്യൂറോ അംഗം കരുണാകരന്റെ സഹായം തേടി.അന്ന്‌ കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം നേതാവിന്‌ ഭാര്യയെ വീണ്ടെടുത്ത്‌ നല്‍കിയത്‌ രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു.
ഇങ്ങനെ നീളുന്നു, ആതിരേ വിപ്ലവ വായടികളുടെ വിഷയാസക്തി ചരിതം
അതേ സമയം പൊതുപ്രവര്‍ത്തകരെ സമൂഹമദ്ധ്യേ താറടിച്ചു കാണിക്കാനുള്ള തുറുപ്പു ചീട്ടാണ്‌, പെണ്‍വിഷയം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇപ്പോഴും തുടരുന്ന ആക്രമണങ്ങള്‍ ഓര്‍ക്കുക. വൈര്യനിര്യാതന ബുദ്ധിയിലുടെലെടുക്കുന്ന ലജ്ജാകരമായ ഇത്തരം പ്രവര്‍ത്തികള്‍ പാര്‍ട്ടിയുടെ മുഖ്യ അജന്‍ഡയാണെന്ന്‌ പറയേണ്ടി വരുന്നു.. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പി.ഡി.പി ബന്ധത്തെ നിശിതമായി വിമര്‍ശിച്ചതിന്റെ പേരിലാണല്ലോ, പിഡിപിക്കാരോടൊപ്പം ചേര്‍ന്ന്‌ രാജ്മോഹന്‍ ഉണ്ണിത്താനെ പെണ്‍കേസില്‍ കുടുക്കി നാണം കെടുത്തിയത്‌. കേസ്‌ കോടതിയില്‍ എത്തിയപ്പോള്‍ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി വെട്ടിവിയര്‍ത്തത്‌ പൊതുസമൂഹം കണ്ടതാണ്‌.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ പിരിഞ്ഞ്‌ കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ താറടിക്കാനും സമാന സ്വഭാവമുള്ള ഒരു സംഭവം പാര്‍ട്ടി പൊക്കിക്കൊണ്ടു വന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മറ്റൊരാളുടെ ഭാര്യയുമായി പൊന്‍മുടിയിലെ സുഖവാസ കേന്ദ്രത്തിലേക്ക്‌ പോയി എന്നതായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരെ നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ആരോപണം. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ മുന്നിലും നിയമസഭയിലും പൊതു സമൂഹമദ്ധ്യത്തിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ നാണം കെട്ട്‌ പിന്മാറേണ്ടി വന്നു.
ആതിരേ, സദാചാര പോലീസ്‌ ചമഞ്ഞ്‌ പൊതുപ്രവര്‍ത്തകരെ ഇങ്ങനെ പ്രതികാരദാഹത്തോടെ ആക്രമിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളാണ്‌ ഇപ്പോള്‍ കേരളം കണ്ട ഏറ്റവും കുപ്രസിദ്ധമായ പീഡനക്കേസുകളില്‍ പ്രതികളായിട്ടുള്ളത്‌. ഇവരെ സംരക്ഷിക്കുന്നതില്‍ പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്നതും കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും ഇ.പി.ജയരാജനും പി.കെ.ശ്രീമതിയുമൊക്കെ ശക്തി പകരുന്നതുമായ ഔദ്യോഗിക വിഭാഗം പുലര്‍ത്തുന്ന ജാഗ്രതയും തീക്ഷ്ണതയും മറ്റു ചിലതെല്ലാമാണ്‌ പാര്‍ട്ടി അണികളുടെ മനസ്സിലും പൊതു സമൂഹത്തിന്റെ ചിന്തയിലും രാകിമൂര്‍ച്ച വരുത്തുന്നത്‌.
ആരും മറന്നിട്ടില്ല ആതിരേ, പാര്‍ട്ടിയുടെ സമുന്നതനായ സംസ്ഥാന നേതാവ്‌ പുറം കടലില്‍,. കപ്പലില്‍ റഷ്യന്‍ സുന്ദരിമാരുമൊത്ത്‌ മദനോത്സവം നടത്തിയത്‌.
അദ്ധ്വാനിക്കുന്ന ജനവിഭാഗം അടക്കമുള്ള അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന ഒരു കേഡര്‍ പാര്‍ട്ടിയിലെ വര്‍ത്തമാനകാല നേതൃത്വമാണ്‌ ഇത്തരത്തില്‍ പൊതു സമൂഹമധ്യേ നഗ്നരായി നില്‍ക്കുന്നത്‌. ഈ പശ്ചാത്തലത്തിലാണ്‌ ആദ്യം ഉന്നയിച്ച ചോദ്യം ഏറെ പ്രസക്തമാകുന്നത്‌:
ആതിരേ, സി.പി.എം.: സെന്‍ട്രലൈസ്ഡ്‌ പെണ്‍വാണിഭ മാഫിയയോ...?