Tuesday, July 26, 2011

പഴയ ശൂദ്രന്റെ അപകര്‍ഷതയും അധികാരക്കൊതിയും; പുതിയ ശൂദ്രന്മാരുടെ വിഢിത്തവും വിധേയത്വവും

ഈ നിധി രാജകുടുംബാംഗങ്ങളോ പത്മനാഭസ്വാമിയുടെ ഭക്തരോ കാണിക്കയായി അര്‍പ്പിച്ചതല്ല മറിച്ച്‌, സൈനിക ആക്രമണങ്ങളിലൂടെ വെട്ടിപ്പിടിച്ചതും അവര്‍ണ്ണ ജനവിഭാഗങ്ങളുടെ മേല്‍ അപരിഷ്കൃതവും ക്രൂരവും നീതി രഹിതവുമായ നികുതി അടിച്ചേല്‍പ്പിച്ചും സ്വരുക്കൂട്ടിയതാണ്‌. അതുകൊണ്ട്‌ ഈ സ്വത്ത്‌ രാജ്യത്തിന്‌ അവകാശപ്പെട്ടതാണ്‌. ഈശ്വരന്‌ അവകാശപ്പെട്ടതല്ല. ഇതൊന്നും ഗ്രഹിക്കാതെയാണ്‌ ഈഴവരുടെ പുതിയ രക്ഷകനായ ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ മുഴുവനും വിശുദ്ധവും ഈശ്വരാര്‍ച്ഛിതവുമാണെന്ന്‌ വിധിച്ചിരിക്കുന്നത്‌. ഒരു ശ്രൂദ്രന്റെ അപകര്‍ഷതയും അതില്‍ നിന്ന്‌ ഉയിര്‍ക്കൊണ്ട അധികാരക്കൊതിയും നടത്തിയ ചൂഷണത്തെ ആധുനിക ശൂദ്രന്‍ തന്റെ ചരിത്രപരമായ വിഡ്ഢിത്തം കൊണ്ട്‌ ന്യായീകരിക്കുമ്പോള്‍ തമസ്കരിക്കപ്പെടുന്നത്‌ ചൂഷണത്തിന്‌ വിധേയമായ ഒരു ജനതയുടെ കണ്ണുനീരില്‍ നിന്നും രക്തത്തില്‍ നിന്നും കാച്ചിക്കുറുക്കിയെടുത്ത ധനശേഖരത്തിന്റെ ഉള്ളുപൊള്ളിക്കുന്ന സത്യങ്ങളാണ്‌.ലോകത്ത്‌ കണ്ടെടുത്തിട്ടുള്ള സ്വര്‍ണ്ണ നിധികളെയെല്ലാം കവച്ചുവയ്ക്കുന്നതാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെന്നാണ്‌ ഇതുവരെ പുറത്ത്‌ വന്നിട്ടുള്ളയുള്ള വിവരങ്ങള്‍, ആതിരേ, വ്യക്തമാക്കുന്നത്‌. 5000 കിലോ സ്വര്‍ണ്ണമാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരമായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്‌.
ഇതിനുമുന്‍പ്‌ മംഗോളിയന്‍ രാജാവിന്റെ ശവകുടീരത്തില്‍ നിന്ന്‌ ലഭിച്ച 3000 കിലോ സ്വര്‍ണ്ണമായിരുന്നു റെക്കോര്‍ഡ്‌ ശേഖരം. ഈജിപ്തിലെ പിരമിഡില്‍ 2000 കിലോയും ട്രോയി നഗരത്തിലെ നിധിയില്‍ 1600 കിലോയും സ്വര്‍ണ്ണശേഖരമുണ്ടായിരുന്നു. (ചരിത്രത്തില്‍ ഇതുവരെ കണ്ടെത്താത്ത നിധിയായിട്ട്‌ കരുതപ്പെടുന്നത്‌ മംഗോളിയന്‍ രാജാവായ ചെങ്കിസ്ഖാന്റേതാണ്‌. ചെങ്കിസ്ഖാന്റെ ശവകുടീരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശവസംസ്കാരത്തില്‍ പങ്കെടുത്ത്‌ നിധി ഒളിച്ചു വയ്ക്കുന്നതിന്‌ സാക്ഷികളായ 500 പേരെ വധിച്ചിരുന്നു. അതുകൊണ്ടാണത്രേ ഇന്നും ആ നിധി കണ്ടെടുക്കപ്പെടാതെ കിടക്കുന്നത്‌)
ഇത്രയും വലിയ സ്വര്‍ണ്ണശേഖരം മാര്‍ത്താണ്ഡവര്‍മയും പിന്നീട്‌ വന്ന രാജകുടുംബാംഗങ്ങളും പത്മനാഭസ്വാമി ഭക്തരും കാണിക്കയിട്ട വകയില്‍പ്പെട്ടതാണെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍,ആതിരേ, അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌. കാരണം,പതിനൊന്നാം നൂറ്റണ്ടില്‍ വേണാട്ടില്‍ ഭരണം നടത്തിയ 'ആയ്‌ 'വംശത്തിന്റേത്‌ മുതല്‍ ഒന്‍പത്‌ നൂറ്റാണ്ടിലധികം നീണ്ട രാജഭരണകാലത്തെ എല്ലാ ഭരണ വൈകൃതങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ചൂഷണങ്ങളുടെയും നിഷ്ഠൂര നികുതി നിര്‍ണയങ്ങളുടേയും നീക്കിയിരിപ്പാണ്‌ ഈ 5000 കിലോ സ്വര്‍ണ്ണം.
വേണാട്‌ രാജപരമ്പരയാണ്‌ പില്‍ക്കാലത്ത്‌ തിരുവിതാംകൂറിന്റേയും ഭരണത്തിലേറിയത്‌. വേണാട്‌ അന്ന്‌ ' ആയ്‌ ' വശത്തില്‍ പെട്ട ശൂദ്ര രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. വേണാട്‌ തിരുവിതാംകോടും പിന്നീട്‌ തിരുവിതാംകൂറുമായി പരിണമിച്ചെങ്കിലും രാജവംശത്തിന്റെ ശൂദ്രത്വം പരിണാമമില്ലാതെ നിലനിന്നു പോന്നു.
ജനനം കൊണ്ട്‌ ക്ഷത്രിയനായ വീരപുരുഷനാണ്‌ രാജഭരണം അവകാശപ്പെട്ടത്‌. എന്നാല്‍, ജന്മംകൊണ്ട്‌ ശൂദ്രരായ രാജാക്കന്മാരുടെയും പിന്‍ഗാമികളുടെയും അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉരുവം കൊണ്ട അധികാര കൊതിയുടെ കുതന്ത്രങ്ങള്‍, വെട്ടിയും കൊന്നും കവര്‍ന്നെടുത്തതാണ്‌ ഈ 5000 കിലോ സ്വര്‍ണ്ണം എന്ന്‌ ചരിത്രം സാക്ഷ്യം.
ഇതിന്റെ വാസ്തവം അറിയണമെങ്കില്‍ ,ആതിരേ, അല്‍പ്പം ഭൂതകാലം ചികയേണ്ടതുണ്ട്‌. താരതമ്യേന ചെറിയ രാജ്യമായിരുന്ന തിരുവിതാംകൂറിന്‌ ഇത്ര വലിയ സമ്പദ്‌ ശേഖരം എങ്ങനെയുണ്ടായി എന്ന ചോദ്യത്തില്‍ നിന്നുവേണം അന്വേഷണം ആരംഭിക്കാന്‍ ഇതിനുള്ള ഉത്തരം ചരിത്ര രേഖകളില്‍ കൃത്യമായി ഇല്ലാത്തതുകൊണ്ട്‌ ചില അനുമാനങ്ങള്‍ മാത്രമേ ഇപ്പോള്‍ സാധ്യമാകൂ. അതിലൊന്ന്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ട കാലത്ത്‌ മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നും അവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്നും കൊള്ളയടിച്ച മുതല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കാം എന്നതാണ്‌. മറ്റൊന്ന്‌ തിരുവിതാംകൂറില്‍ നിന്ന്‌ കയറ്റി അയച്ച ചരക്കുകളുടെ വിലയായി സ്വീകരിച്ചതാവാം ഈ സ്വര്‍ണ്ണത്തില്‍ ഭൂരിഭാഗവും.ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ലക്ഷ്മിബായ്‌, സുരക്ഷിതത്വം മുന്‍ നിര്‍ത്തി നാടിന്റെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ക്ഷേത്ര ഭണ്ഡാരത്തിലേക്ക്‌ മുതല്‍ക്കൂട്ടിയതാവാം എന്നതാണ്‌ മറ്റൊരു അനുമാനം.
ധര്‍മ്മരാജാവ്‌ എന്ന്‌ വാഴ്ത്തപ്പെടുന്ന തിരുവിതാംകൂര്‍ രാജ്യാധികാരി പക്ഷേ,ആതിരേ, അത്രയ്ക്കൊന്നും ധാര്‍മ്മികനായിരുന്നില്ല എന്നാണ്‌ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌. ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനവിഭാഗങ്ങളെക്കൊണ്ട്‌ അടിമകളെപ്പോലെ 'ഊഴിയവേല'യെടുപ്പിച്ചും തലക്കരവും മുലക്കരവും പോലെയുള്ള അധാര്‍മ്മിക നികുതികള്‍ അടിച്ചേല്‍പ്പിച്ച്‌ പിരിച്ചുമാണ്‌ 'ധര്‍മ്മരാജാക്കന്മാര്‍' രാജ്യം പരിപാലിച്ചു പോന്നത്‌.
പത്മനാഭസ്വാമിയുടെ ധര്‍മ്മ രാജ്യത്തെപ്പറ്റി 1931-ലെ സെന്‍സസ്‌ കമ്മീഷണര്‍ രേഖപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌: "ഇന്ത്യയിലെ തന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവും അധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌." (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931 പുറം 364).
ഇങ്ങനെ ജാതി ചിന്ത അതിന്റെ ഏറ്റവും മ്ലേച്ഛാവസ്ഥയില്‍ നിന്ന അക്കാലത്തെ ഭരണാധികാരികള്‍ സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിയിരുന്നു എന്നു പറയുമ്പോള്‍ ഞെട്ടിയിട്ട്‌ കാര്യമില്ല, ആതിരേ.. അവര്‍ണ്ണ സമുദായാംഗങ്ങളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നായിരുന്നു ധര്‍മ്മരാജാക്കന്മാര്‍ കരുതിയിരുന്നത്‌.
അറിയുക,അവര്‍ണര്‍ അടക്കമുള്ള ഭൂരിപക്ഷം ജനങ്ങളെ ഊറ്റിപ്പിഴിയാന്‍ നൂറില്‍ അധികം നികുതികളാണ്‌ അക്കാലത്ത്‌ നിലവിലുണ്ടായിരുന്നത്‌. രൂപാവരി, ആണ്ടക്കാഴ്ച, കുപ്പക്കാഴ്ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശ്ശേരി വേലികെട്ട്‌, മുണ്ടുവെച്ച്‌ തൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണ്‌ ഈ നികുതികള്‍ പിരിച്ചിരുന്നത്‌.
തലക്കരം വര്‍ഷത്തില്‍ ഒരിക്കലാണ്‌ പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസ്സുള്ള അവര്‍ണ്ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. മരിച്ചുപോയവര്‍ക്കുവരെ തലക്കനം ഈടാക്കിയിരുന്നു. തലവരി ഇനത്തില്‍ ഈഴവരില്‍ നിന്നും ചാന്നാന്മാരില്‍ നിന്നും പ്രതിവര്‍ഷം 88044 രൂപയും മറ്റ്‌ ഏഴ്‌ ജാതികളില്‍നിന്ന്‌ 4624 രൂപയും പിരിച്ചെടുത്തിരുന്നു. മുടി ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റ്‌ ഹീനജാതിക്കാരില്‍നിന്ന്‌ പിരിച്ചെടുത്തിരുന്നത്‌. 1861-ല്‍ നാല്‌ മണ്ഡപത്തും വാതില്‍ക്കലായി (റവന്യൂ വിഭാഗം) 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്ക്കാല്‍ പണം പിരിച്ചതായും കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകളോളം ഈ കൊള്ള നിലനിന്നിരുന്നു. അവര്‍ണ്ണന്റെ കണ്ണീരില്‍ കുതിര്‍ന്ന ഈ പണവും പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.( നായന്മാരെയും മാപ്പളിമാരെയും കോംഗ്ങ്ങിണികളെയും ഒഴിവാക്കിയിരുന്നു )
അവര്‍ണ്ണ സ്ത്രീകള്‍ക്ക്‌ മുലക്കരം ഏര്‍പ്പെടുത്തിയിരുന്നു എന്ന്‌ സൂചിപ്പിച്ചുവല്ലോ. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്ത്രീ മുലക്കരം വാങ്ങാന്‍ വന്ന ഉദ്യോഗസ്ഥന്റെ മുന്നില്‍ പ്രതിഷേധ സൂചകമായി തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രവും, ആതിരേ, ഈ ധര്‍മ്മരാജ്യത്തിനും പത്മനാഭസ്വാമി ദാസന്മാര്‍ക്കും പറയാനുണ്ട്‌. മുലച്ചിപറമ്പ്‌ എന്നാണ്‌ ആ സ്ത്രീയുടെ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതൊന്നും ഗ്രഹിക്കാതെയാണ്‌ ഈഴവരുടെ പുതിയ രക്ഷകനായ ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ മുഴുവനും വിശുദ്ധവും ഈശ്വരാര്‍ച്ഛിതവുമാണെന്ന്‌ വിധിച്ചിരിക്കുന്നത്‌. ഒരു ശ്രൂദ്രന്റെ അപകര്‍ഷതയും അതില്‍ നിന്ന്‌ ഉയിര്‍ക്കൊണ്ട അധികാരക്കൊതിയും നടത്തിയ ചൂഷണത്തെ ആധുനിക ശൂദ്രന്‍ തന്റെ ചരിത്രപരമായ വിഡ്ഢിത്തം കൊണ്ട്‌ ന്യായീകരിക്കുമ്പോള്‍ തമസ്കരിക്കപ്പെടുന്നത്‌ ചൂഷണത്തിന്‌ വിധേയമായ ഒരു ജനതയുടെ കണ്ണുനീരില്‍ നിന്നും രക്തത്തില്‍ നിന്നും കാച്ചിക്കുറുക്കിയെടുത്ത ധനശേഖരത്തിന്റെ ഉള്ളുപൊള്ളിക്കുന്ന സത്യങ്ങളാണ്‌.
ആതിരേ, ജന്മം കൊണ്ട്‌ ശൂദ്രന്മാരായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ തങ്ങളുടെ രാജസ്ഥാനം നിലനിര്‍ത്താനും തങ്ങളുടെ ആര്‍ജിത ക്ഷത്രിയത്വം ഈശ്വരേച്ഛാപരമാണെന്ന്‌ വരുത്തി തീര്‍ക്കാനും അന്നത്തെ ബ്രാഹ്മണന്മാരെ ഒപ്പം നിര്‍ത്തേണ്ടത്‌ ആവശ്യമായിരുന്നു. ഇതിനായി നിരവധി ചടങ്ങുകളാണ്‌ നടത്തിയിരുന്നത്‌. ഹിരണ്യ ഗര്‍ഭം, മുറജപം തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ ആരംഭിച്ച (പ്രതീകാത്മക ക്ഷത്രീയത്വം ആര്‍ജിക്കാനുള്ള ) ചടങ്ങുകള്‍ക്ക്‌ വമ്പിച്ച സ്വത്ത്‌ സംഭരിച്ചു വയ്ക്കാന്‍ തിരുവിതാംകൂറിലെ ശൂദ്ര രാജാക്കന്മാര്‍ നിര്‍ബന്ധിതരായി. ഇതിനായി ഇവര്‍ ആരംഭിച്ച ചടങ്ങുകളെ ബ്രാഹ്മണര്‍ ക്രമേണ ഷോടശദാനങ്ങളായും ഊട്ടു പുരകളായും വികസിപ്പിച്ചെടുക്കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
തുലാപുരുഷ ദാനം, ബ്രഹ്മാണ്ഡദാനം, കല്‍പ്പപാദദാനം, ഗോസഹസ്രദാനം, ഹിരണ്യകാമധേനുദാനം, ഹിരണ്യാശ്വദാനം, ഹിരണ്യാശ്വരഥദാനം, ഹേമഹസ്തിരഥദാനം, ചഞ്ചലാംഗലകദാനം, ധാരദാനം, വിശ്വചക്രദാനം, കല്‍പലതാദാനം, സപ്തസാഗരദാനം, രഥധേനുദാനം, മഹാഭൂതഘടദാനം എന്നിവയായിരുന്നു ബ്രാഹ്മര്‍ക്കായി ഒരുക്കിയിരുന്ന പതിനാറു ദാനങ്ങള്‍. കൂടാതെ സ്ഥിരം ഊട്ടു പുരകളിലൂടെ സൗജന്യ ഭക്ഷണവും നല്‍കിയിരുന്നു. ഇങ്ങനെ ശൂദ്രന്മാരായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ജന്മസിദ്ധ ക്ഷത്രിയതയ്ക്കായി ബ്രാഹ്മണദാന രാജ്യമാക്കി തിരുവിതാംകൂറിനെ മാറ്റിയെടുക്കുകയായിരുന്നു.
ഇതിന്‌ ആവശ്യമായ സ്വര്‍ണ്ണവും പണവും പണ്ടങ്ങളും കണ്ടെടുത്തത്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈനികാക്രമണങ്ങളിലൂടെയും നേരത്തെ സൂചിപ്പിച്ച നീചമായ നികുതി ഘടനകളിലൂടെയുമായിരുന്നു. മാത്രമല്ല, ബ്രാഹ്മണര്‍ക്കായി നടത്തിയിരുന്ന 16 മഹാദാന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്ന മറ്റ്‌ നാട്ടു രാജാക്കന്മാരും കിലോ കണക്കിന്‌ സ്വര്‍ണം തിരുവിതാംകൂറിലെ രാജാക്കന്മാര്‍ക്ക്‌ കാഴ്ചയായും സമ്മാനമായും നല്‍കിയിരുന്നു. ഇതെല്ലാം കൂടി ചേര്‍ന്നതാണ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവുംവലിയ ക്ഷേത്ര സമ്പത്തായി ഇപ്പോള്‍ ഗണിക്കപ്പെട്ടിട്ടുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി.
ആവര്‍ത്തിക്കട്ടെ, ഈ നിധി രാജകുടുംബാംഗങ്ങളോ പത്മനാഭസ്വാമിയുടെ ഭക്തരോ കാണിക്കയായി അര്‍പ്പിച്ചതല്ല മറിച്ച്‌, സൈനിക ആക്രമണങ്ങളിലൂടെ വെട്ടിപ്പിടിച്ചതും അവര്‍ണ്ണ ജനവിഭാഗങ്ങളുടെ മേല്‍ അപരിഷ്കൃതവും ക്രൂരവും നീതി രഹിതവുമായ നികുതി അടിച്ചേല്‍പ്പിച്ചും സ്വരുക്കൂട്ടിയതാണ്‌. അതുകൊണ്ട്‌ ഈ സ്വത്ത്‌ രാജ്യത്തിന്‌ അവകാശപ്പെട്ടതാണ്‌. ഈശ്വരന്‌ അവകാശപ്പെട്ടതല്ല.
മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിനെ പത്മനാഭസ്വാമിക്ക്‌ അടിമവച്ചതിന്റെ പിന്നിലും വലിയൊരു കൗശലം ഉണ്ടായിരുന്നു, ആതിരേ... ഉയര്‍ന്നു വരുന്ന ജനസാക്ഷരതയ്ക്കു മുമ്പില്‍ ശൂദ്ര രാജാക്കന്മാരുടെ കള്ളക്കളി പൊളിയുമെന്ന്‌ വ്യക്തമായപ്പോള്‍. രാജ്യം ശ്രീപത്മനാഭന്‌ അടിമവച്ചു കൊണ്ട്‌ രാജഭരണം ഈശ്വരനിശ്ചയമാണെന്ന്‌ വരുത്തി തീര്‍ക്കുകയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. ഓര്‍ക്കണം ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവ്‌ ക്ഷേത്ര പ്രവേശന വിളമ്പരം പുറപ്പെടുവിക്കുന്നതുവരെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണ ജാതിക്കാര്‍ക്ക്‌ പ്രവേശനം ഇല്ലായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലായിരുന്നു എന്നു മാത്രമല്ല, ക്ഷേത്രത്തിലേക്കുള്ള പാതയിലൂടെയോ പൊതു വീഥിയിലൂടെയോ സഞ്ചരിക്കാനും അവകാശമുണ്ടായിരുന്നില്ല. ഇത്തരത്തില്‍ ജാതിയമായി അകറ്റി നിര്‍ത്തിയ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനവിഭാഗത്തിന്റെമേല്‍ മുന്‍പെ സൂചിപ്പിച്ച തലക്കരവും മുലക്കരവും കുടിക്കരവും ഒക്കെ അടിച്ചേല്‍പ്പിച്ച്‌ സ്വരൂപിച്ചതാണ്‌ ഇന്ന്‌ നാരായണപണിക്കരും വെള്ളാപ്പള്ളിയും കുമ്മനം രാജശേഖരനും വി.മുരളീധരനും ഒക്കെയടങ്ങുന്ന ഹൈന്ദവ നേതാക്കന്മാര്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന ശ്രീ പത്മനാഭസ്വാമിയുടെ സ്വത്ത്‌.
ഇവിടെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്‌. കൊച്ചി രാജാവ്‌ ശ്രീ പൂര്‍ണ്ണത്രയേശ ക്ഷേത്രത്തിലെ നടവരവും സമ്പാദ്യവും ഉപയോഗിച്ചാണ്‌ ഷൊര്‍ണ്ണൂരില്‍നിന്ന്‌ കൊച്ചി വരെ റെയില്‍വേ പാത നിര്‍മ്മിച്ചത്‌. അതായത്‌ അന്ന്‌ തന്നെ ക്ഷേത്ര സ്വത്ത്‌ ഈശ്വരനു മാത്രമുള്ളതല്ലെന്നും അത്‌ രാജ്യത്തിനും അതിലെ പ്രജകള്‍ക്കും അവകാശപ്പെട്ടതാണെന്നും ഒരു രാജാവ്‌ ജനക്ഷേമകരമായ ഒരു പ്രവൃത്തിയിലൂടെ തെളിയിച്ചതാണ്‌.
ഇവിടെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു മഹത്വം നാം കാണാതെ പോയിക്കൂട. ജനാധിപത്യ ഭരണക്രമത്തില്‍ ജയലളിതയെപ്പോലെയും മായാവതിയെപ്പോലെയുമുള്ള ഭരണാധികാരികള്‍ ദത്തുപുത്രന്മാരുടെയും മറ്റും വിവാഹത്തിനും മറ്റ്‌ ആഢംഭരങ്ങള്‍ക്കുമായി കോടികള്‍ ചെലവഴിച്ചപ്പോള്‍ അത്തരം ധൂര്‍ത്തിനായി ഈ സ്വത്ത്‌ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചില്ല എന്നതാണ്‌ അത്‌. ഒന്നാം ലോക മഹായുദ്ധത്തിന്‌ ശേഷം കടുത്ത ക്ഷാമവും മറ്റും ഉണ്ടായപ്പോള്‍ പോലും ഈ സ്വത്തില്‍ കൈവയ്ക്കാന്‍ അവര്‍ താല്‍പര്യമോ ധൈര്യമോ കാട്ടിയില്ല എന്നത്‌ തീര്‍ച്ചയായും അഭിനന്ദം അര്‍ഹിക്കുന്ന മാനസിക ഭാവം തന്നെയായിരുന്നു. ഇത്‌ ഒഴിവാക്കിയാല്‍ ഇന്ന്‌ തിട്ടപ്പെടുത്തിയിട്ടുള്ള ഒരു ലക്ഷം കോടി രൂപയുടെ സ്വത്ത്‌ ഇന്നാട്ടിലെ സാധാരണക്കാരന്റെ വിയര്‍പ്പിന്റെ വിലയാണ്‌. അതുകൊണ്ട്‌ ആ പണം ആ നിലയ്ക്ക്‌ ഉപയോഗിക്കുമ്പോഴാണ്‌ അതിന്റെ മൂല്യവും വിശുദ്ധിയും വര്‍ധിക്കുക. അല്ലാതെ ആ സ്വത്ത്‌ അത്രയും ശ്രീ പത്മനാഭന്റെ നിധിയാണെന്ന്‌ അവകാശപ്പെട്ട്‌ അത്‌ സൂക്ഷിക്കാന്‍ വീണ്ടും ജനങ്ങളുടെ നികുതി പണം ചിലവഴിക്കുമ്പോള്‍, ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും പഴയ ശൂദ്രരാജാക്കന്മാരുടെ അപകര്‍ഷതയുടെ പങ്കു പറ്റുകയാണെന്ന്‌ പറഞ്ഞേ മതിയാകൂ.

No comments: