Sunday, August 7, 2011

പെണ്‍വാണിഭം: കുഞ്ഞാലിക്കുട്ടിയും ജേക്കബ്‌ പുന്നൂസും കളി തുടങ്ങി

കുഞ്ഞാപ്പയെപ്പോലെ കൗശലശാലിയായ ഒരു മന്ത്രിയെ ധിക്കരിക്കാനാവാതെ നിസ്സഹായനായി കുഞ്ഞൂഞ്ഞ്‌ തലകുമ്പിട്ട്‌ നില്‍ക്കുന്നത്‌ പറവൂര്‍ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പൊതു സമൂഹം കാണുന്നുണ്ട്‌. നാണം കെട്ടവനെ ചുമന്നാല്‍ ചുമക്കുന്നവനും നാണം കെടുമെന്ന്‌ ഇനി എന്നാണാവോ ഉമ്മന്‍ചാണ്ടിക്ക്‌ ബോധ്യമാവുക. ആങ്ങളമാരില്ലാത്ത, പീഡകരുടെ സ്വന്തം സംസ്ഥാനമായി മാറിയിരിക്കുകയാണ്‌ കേരളം ഇപ്പോള്‍.


ആതിരേ,കുപ്രസിദ്ധായ പറവൂര്‍ പെണ്‍വാണിഭ കേസിന്റെ അന്വേഷണ സംഘത്തില്‍ നിന്ന്‌ 15 ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട്‌ പെണ്‍വാണിഭക്കേസുകള്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫിസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക്‌ കുഞ്ഞാലിക്കുട്ടി ചുക്കാന്‍ പിടിക്കാന്‍ തുടങ്ങി.
കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നിന്ന്‌ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയത്പിണറായി വിജയനും അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ പീഡനക്കേസില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുകയും ചെയ്ത പി.ശശിയുമായിരുന്നു. അന്ന്‌ ഈ വര്‍ഗ്ഗ ദ്രോഹികള്‍ ചെയ്ത ഉപകാരത്തിന്‌ പ്രത്യുപകാരമായിട്ടാണ്‌ പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി കരുക്കള്‍ നീക്കിയിരിക്കുന്നത്‌.
ലീഗിന്റെ എറണാകുളം ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അമീര്‍ അലിയുടെ മകനും മൂവാറ്റുപുഴയിലെ സ്വര്‍ണവ്യാപാരിയുമായ മുഹമ്മദ്‌ സലാഹ്‌, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളായ സി.പി.എം. മഴുവന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി തോമസ്‌ വര്‍ഗീസ്‌, കൊച്ചിന്‍ റിഫൈനറിയിലെ ട്രേഡ്‌ യൂണിയന്‍ നേതാവ്‌ കെ.എം.എല്‍ദോ എന്നിവരടക്കം സമൂഹത്തിലെ നിരവധി പകല്‍ മാന്യന്മാരാണ്‌,ആതിരേ, കൗമാരപ്രായക്കാരിയായ പറവൂരിലെ പെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞത്‌.
100-ല്‍ അധികം പീഡകരും 20 ഇടനിലക്കാരും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ മൈസൂര്‍, ബാംഗ്ലൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തിരുവനന്തപുരം, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ അതിനീചവും നിഷ്ഠൂരവുമായ രീതിയില്‍ ലൈംഗികമായി ചൂഷണം ചെയ്ത കേസ്‌, ആതിരേ, ലോക്കല്‍ പോലീസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറിയത്‌. എസ്‌.പി ഉണ്ണിരാജയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്‌.പി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിലാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉന്നതന്മാരുടെ പേരുകള്‍ പുറത്തു വന്നുകൊണ്ടിരുന്നത്‌. ഇവരുടെ അന്വേഷണം ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ ഇനിയും കുറേ പകല്‍ മാന്യന്മാരോടുകൂടി മുഖം മൂടി വലിച്ചു കീറപ്പെടുമെന്ന അവസ്ഥ എത്തിയപ്പോഴാണ്‌ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട്‌ കേസ്‌ അട്ടിമറിക്കാന്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഉളുപ്പില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
വിതുര കേസിന്റെ വിചാരണയ്ക്കും തൃശൂരിലെ കൊലക്കേസ്‌ അന്വേഷണത്തിനും എന്ന വ്യാജേനയാണ്‌, പറവൂര്‍ പീഡനക്കേസ്‌ അന്വേഷിക്കാന്‍ നിയമിച്ച 20 പോലീസ്‌ ഉദ്യോഗസ്ഥരില്‍ 15 പേരെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്‌. കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്ത ആദ്യഘട്ടത്തില്‍ തന്നെ ആവശ്യത്തിന്‌ ഉദ്യോഗസ്ഥരെ നല്‍കാതെ അന്വേഷണ സംഘത്തെ ശ്വാസം മുട്ടിക്കാനാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌. ഇത്‌ വിവാദമായതോടെയാണ്‌ 20 പേരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്‌. അവരില്‍ 15 പേരെയാണ്‌ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്‌.ആതിരേ, അന്വേഷണത്തിന്റെ വേഗം കുറച്ച്‌ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമമാണിത്‌ .
കോടികള്‍ വലിച്ചെറിഞ്ഞ്‌ അന്ന്‌ ഭരണത്തിലിരുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെയും നേതാക്കളെയും ഒപ്പം നിര്‍ത്തിയുംജഡ്ജിമാരെ സ്വാധീനിച്ചും ഇരകളെ മൊഴി മാറ്റി പറയിച്ചുമൊക്കെയാണ്‌ ആതിരേ,കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അട്ടിമറിച്ച്‌ തലയൂരിയത്‌. അതേ തന്ത്രങ്ങള്‍ പറവൂര്‍ പീഡനക്കേസിലും പയറ്റാന്‍ പീഡകര്‍ക്ക്‌ അവസരം ഒരുക്കുക കൂടിയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും ചെയ്യുന്നത്‌. രാഷ്ട്രീയമായി വന്‍ സ്വാധീനമുള്ള സ്രാവുകളാണ്‌ ഇനി ഈ കേസില്‍ വലയിലാകാനുളളത്‌. ഇവരിലേക്ക്‌ അന്വേഷണം നീളുന്നതിനു മുന്‍പ്‌ അന്വേഷണ സംഘത്തെ ചിതറിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിയും യു.ഡി.എഫും കൈക്കൂലി വീരന്മാരായ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും വിജയിച്ചിരിക്കുകയാണിപ്പോള്‍. തന്റെ കീഴിലുള്ള പോലീസ്‌ സേനയെ, ഇത്തരത്തിലുള്ള നികൃഷ്ടമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ പൊതു സമൂഹമധ്യേ പരിഹാസപാത്രങ്ങളാക്കി മാറ്റുന്നത്‌ കണ്ടിട്ടും എതിര്‍ത്ത്‌ ഒരു വാക്ക്‌ ഉരിയാടാന്‍ കഴിയാതെ അധികാര ഷണ്ഡനായി നാണം കെട്ട്‌ നില്‍ക്കുകയാണ്‌, ആതിരേ, ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌. കേരളം കണ്ട ഏറ്റവും ദുഷ്ടത നിറഞ്ഞ പോലീസ്‌ ശാപമാണ്‌ ജേക്കബ്‌ പുന്നൂസ്‌. ഈ നീചന്റെ കൂടി സഹായത്തോടെയാണ്‌ പറവൂര്‍ പീഡനക്കേസ്‌ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്‌.
മൂന്ന്‌ സംസ്ഥാനങ്ങളിലായി 28 സ്ഥലങ്ങളില്‍ 100-ല്‍ അധികം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്‌ അന്വേഷിക്കാന്‍ ഇപ്പോള്‍ ആറുപേര്‍ മാത്രമാണ്‌ സംഘത്തിലുള്ളത്‌. വിദേശത്തും അന്യസംസ്ഥാനങ്ങളിലുമായി പ്രതികളില്‍ നിരവധി പേര്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്‌ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട്‌, ഈ കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തിയ ഡിവൈ.എസ്‌.പി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള പോലീസ്‌ ഉദ്യോഗസ്ഥരെയും ഭരണകൂടം വന്ധീകരിച്ചിരിക്കുന്നത്‌.
ശ്രദ്ധിക്കണം, ആദ്യഘട്ടത്തില്‍ പ്രതികള്‍ വിദേശത്തേക്ക്‌ കടക്കാതിരിക്കാന്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ വിമാനത്താവളങ്ങളില്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച്‌ സംഘം തീരുമാനിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ അഭാവം ഇതിന്‌ തിരിച്ചടിയായി. ഇതു മുതലെടുത്താണ്‌ പ്രതികളില്‍ പലരും വിദേശത്തേക്ക്‌ കടന്നത്‌. ഇനിയുള്ള പ്രതികളെല്ലാം വേഗത്തില്‍ പിടികൂടാന്‍ കഴിയാത്ത വണ്ണം രാഷ്ട്രീയ സ്വാധീനം ഉള്ളവരാണെന്ന്‌ അന്വേഷണ സംഘം തന്നെ സമ്മതിക്കുന്നുണ്ട്‌. ഇക്കാര്യങ്ങളെല്ലാം നന്നായി അറിയാവുന്ന ആഭ്യന്തരവകുപ്പാണ്‌ ഇപ്പോള്‍ ഉദ്യോഗസ്ഥരെ ചിതറിച്ച്‌ കേസ്‌ അട്ടിമറിച്ചിരിക്കുന്നത്‌.
ആതിരേ, കുഞ്ഞാപ്പയെപ്പോലെ കൗശലശാലിയായ ഒരു മന്ത്രിയെ ധിക്കരിക്കാനാവാതെ നിസ്സഹായനായി കുഞ്ഞൂഞ്ഞ്‌ തലകുമ്പിട്ട്‌ നില്‍ക്കുന്നതും, ഈ കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പൊതു സമൂഹം കാണുന്നുണ്ട്‌. നാണം കെട്ടവനെ ചുമന്നാല്‍ ചുമക്കുന്നവനും നാണം കെടുമെന്ന്‌ ഇനി എന്നാണാവോ ഉമ്മന്‍ചാണ്ടിക്ക്‌ ബോധ്യമാവുക. ആങ്ങളമാരില്ലാത്ത, പീഡകരുടെ സ്വന്തം സംസ്ഥാനമായി മാറിയിരിക്കുകയാണ്‌ കേരളം ഇപ്പോള്‍.

No comments: