Thursday, August 18, 2011

ANNA HAZARE vs TEAM SONIA അഥവ മന്‍മോഹനും കൂട്ടരും നഗ്നരാണ്‌

അഴിമതി നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ്‌ 'ജന്‍ ലോക്പാല്‍ ബില്ല്‌'ന്‌ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ( സംശയിക്കേണ്ട,ടീം സോണിയയുടെ യുപിഎ സര്‍ക്കാരല്ല ) തീരുമാനിച്ചത്‌. 'സിറ്റിസണ്‍സ്‌ ഓംബുഡ്സ്മാന്‍ ബില്‍' എന്നു കൂടി അപരനാമമുള്ള, ഇന്ത്യയിലെ പൊതു ജീവിതം സുതാര്യവും അഴിമതിമുക്തവുമാക്കുന്നതിന്‌ അനിവാര്യവുമായ ഈ ബില്‍ ആദ്യമായി അവതരിപ്പിച്ചത്‌ 1969-ലാണ്‌. എന്നാല്‍, അഞ്ച്‌ ദശാബ്ദം കഴിഞ്ഞിട്ടും ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കാന്‍ മാറി മാറി കേന്ദ്രം ഭരിച്ച ഒരു കക്ഷിക്കും സാധിച്ചില്ല. ഒരു കക്ഷിക്കും സാധിച്ചില്ല എന്നു പറയുമ്പോള്‍ കുറ്റപ്പെടുത്തലിന്റെ മൂന്നു വിരലുകളും തീര്‍ച്ചയായും ചൂണ്ടപ്പെടുന്നത്‌ കോണ്‍ഗ്രസിന്‌ നേരെയാണ്‌. നേരിയ ചില ഇടവേളകള്‍ ഒഴിച്ചാല്‍ സ്വതന്ത്ര ഭാരതത്തിന്റെ ഭരണ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള ദൗത്യവും അവകാശവും അധികാരവും കോണ്‍ഗ്രസിനായിരുന്നു ലഭിച്ചിരുന്നത്‌. എന്നാല്‍, അധികാര ദുര്‍മദത്തിന്റേയും അഴിമതിയുടെയും അഴിഞ്ഞാട്ടങ്ങളുടെയും കൂത്തരങ്ങായി കോണ്‍ഗ്രസും അതിന്റെ നേതൃത്വവും അധഃപതിച്ചതോടെ രാഷ്ട്രിയ നേതാക്കളുടെ പൊതു ജീവിതവും ഭരണ ജീവിതവും നിയമവിധേയവും സുതാര്യവുമാക്കാനുള്ള അവസരമാണ്‌ തുലഞ്ഞ്‌ പോയത്‌.

ആതിരേ,ഇന്ദിരയുടെയും അവര്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെയും അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെയും അമിതാധികാരത്വരയും ജനാധിപത്യ-പൗരാവകാശ ലംഘനക്കൊതിയും വ്യക്തമാക്കാന്‍ ജയപ്രകാശ്‌ നാരായണ്‍ എങ്ങനെ നിമിത്തമായോ അതുപോലെ ടീം സോണിയയുടെ അധികാര ഭ്രാന്തും അഴിമതിക്കാരോടും കള്ളപ്പണക്കാരോടുമുള്ള അമിത വാത്സല്യവും എത്രയെന്ന്‌ ബോധ്യപ്പെടാന്‍ അണ്ണാ ഹസാരെ കാരണമായിരിക്കുന്നു.
രാജ്യം നേരിടുന്ന മൗലികങ്ങളും വിവിധങ്ങളുമായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാനും പരിഹാരം കണ്ടെത്തി തരണം ചെയ്യാനും ടീം സോണിയയ്ക്കുള്ള ഭരണപരവും തന്ത്രപരവുമായ കഴിവില്ലായ്മയും അണ്ണാ ഹസാരയിലൂടെ രാജ്യത്തെ പൊതുസമൂഹം വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു.
അഴിമതിയും കള്ളപ്പണവുമാണ്‌ വര്‍ത്തമാനകാല ഇന്ത്യയിലെ പൊതുജീവിതത്തിലെ ഏറ്റവും മൂര്‍ത്തവും രൂക്ഷവുമായ സമസ്യകള്‍. രാഷ്ട്രീയ നേതാക്കളും ബിസിനസ്‌ മാഗ്നറ്റുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇവരുടെയെല്ലാം കങ്കാണിമാരും ചേര്‍ന്ന ഒരു ദൂഷിത സംഘം, ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക്‌ വിഭാവനം ചെയ്തിട്ടുള്ള എല്ലാ മൗലികാവകാശങ്ങളും ലംഘിച്ചുകൊണ്ട്‌,അഴിമതിയിലും കള്ളപ്പണ സമൃദ്ധിയിലും മദിച്ചു വാഴുകയാണ്‌. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌, കേവല മനുഷ്യരായി മാന്യതയോടെ കഴിയാനുള്ള സ്വാതന്ത്ര്യം പോലും ഇവര്‍ അനുവദിക്കുന്നില്ല എന്നതാണ്‌ ഏറെ ക്ഷോഭജനകമായ വാസ്തവം. സുതാര്യവും അഴിമതി വിരുദ്ധവുമായ ഭരണത്തിലൂടെ രാജ്യ പുരോഗതിയും പൗരന്മാരുടെ സമഗ്രമായ വികസനവും ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ ഭരണ കര്‍ത്താക്കള്‍ അടക്കമുള്ള അധികാര വര്‍ഗ്ഗമാണ്‌ ഇങ്ങനെ അഴിമതിയിലാണ്ട്‌, ഭരണഘടനാ ലംഘനങ്ങള്‍ നടത്തി ഇന്ത്യയിലെ സാധാരണക്കാരെ വഞ്ചിക്കുന്നതും അവര്‍ക്കു നേരെ നിരന്തരം കൊഞ്ഞനം കുത്തി തങ്ങളുടെ സുഖദജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അനാവശ്യമായ നികുതികളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്നതും.
അഴിമതിക്കാരും കള്ളപ്പണക്കാരും ചേര്‍ന്ന സമാന്തര സാമ്പത്തിക ഭരണശക്തിയാണ്‌, ആതിരേ, ഇന്ന്‌ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത്‌. ഇവരെ ഉന്മൂലനം ചെയ്യാന്‍ പോയിട്ട്‌ നിയന്ത്രിക്കാന്‍ പോലുമുള്ള ഇച്ഛാശക്തിയില്ലാതെ ജനവഞ്ചനയിലഭിരമിക്കുകയാണ്‌ ടീം സോണിയ. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ 200 സീറ്റ്‌ നല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസിനെ തെരഞ്ഞെടുക്കുകയും മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്‌ ഭരണത്തിന്റെ രണ്ടാം ഊഴം സമ്മാനിക്കുകയും ചെയ്ത ഇന്ത്യയിലെ സമ്മതിദായകരെ ആ നിമിഷം മുതല്‍ വിഡ്ഢികളാക്കുന്ന നയങ്ങളും നടപടികളും സ്വീകരിച്ച്‌ അഴിമതിക്കോമരങ്ങള്‍ക്കും കള്ളപ്പണ ഭീകരന്മാര്‍ക്കും വിടുപണി ചെയ്യുകയാണ്‌ ടീം സോണിയ.
ഇതിനെതിരെയും ദശാബ്ദങ്ങളായി ഇന്ത്യയിലെ സാധാരണക്കാരുടെ മൗലികങ്ങളായ അവകാശങ്ങള്‍ കവര്‍ന്നെടുത്ത്‌ കൊഴുത്തു വളര്‍ന്ന അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും എതിരായും ജനമനസ്സുകളില്‍ രൂപം കൊണ്ട പ്രതിഷേധത്തിന്റെ സൂചികയും പര്യായവുമാണ്‌ ഗാന്ധിയന്‍ അണ്ണാ ഹസാരെ.
ആതിരേ, അഴിമതി നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ്‌ 'ജന്‍ ലോക്പാല്‍ ബില്ല്‌'ന്‌ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ( സംശയിക്കേണ്ട,ടീം സോണിയയുടെ യുപിഎ സര്‍ക്കാരല്ല ) തീരുമാനിച്ചത്‌. 'സിറ്റിസണ്‍സ്‌ ഓംബുഡ്സ്മാന്‍ ബില്‍' എന്നു കൂടി അപരനാമമുള്ള, ഇന്ത്യയിലെ പൊതു ജീവിതം സുതാര്യവും അഴിമതിമുക്തവുമാക്കുന്നതിന്‌ അനിവാര്യവുമായ ഈ ബില്‍ ആദ്യമായി അവതരിപ്പിച്ചത്‌ 1969-ലാണ്‌. എന്നാല്‍, അഞ്ച്‌ ദശാബ്ദം കഴിഞ്ഞിട്ടും ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കാന്‍ മാറി മാറി കേന്ദ്രം ഭരിച്ച ഒരു കക്ഷിക്കും സാധിച്ചില്ല. ഒരു കക്ഷിക്കും സാധിച്ചില്ല എന്നു പറയുമ്പോള്‍ കുറ്റപ്പെടുത്തലിന്റെ മൂന്നു വിരലുകളും തീര്‍ച്ചയായും ചൂണ്ടപ്പെടുന്നത്‌ കോണ്‍ഗ്രസിന്‌ നേരെയാണ്‌. നേരിയ ചില ഇടവേളകള്‍ ഒഴിച്ചാല്‍ സ്വതന്ത്ര ഭാരതത്തിന്റെ ഭരണ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള ദൗത്യവും അവകാശവും അധികാരവും കോണ്‍ഗ്രസിനായിരുന്നു ലഭിച്ചിരുന്നത്‌. എന്നാല്‍, അധികാര ദുര്‍മദത്തിന്റേയും അഴിമതിയുടെയും അഴിഞ്ഞാട്ടങ്ങളുടെയും കൂത്തരങ്ങായി കോണ്‍ഗ്രസും അതിന്റെ നേതൃത്വവും അധഃപതിച്ചതോടെ രാഷ്ട്രിയ നേതാക്കളുടെ പൊതു ജീവിതവും ഭരണ ജീവിതവും നിയമവിധേയവും സുതാര്യവുമാക്കാനുള്ള അവസരമാണ്‌ തുലഞ്ഞ്‌ പോയത്‌.
ഇതിനെതിരെ, കഴിഞ്ഞ അഞ്ച്‌ പതിറ്റാണ്ടു കാലം പൗരചിന്തകളില്‍ രൂപം കൊണ്ട പ്രതിഷേധവും അമര്‍ഷവും പ്രക്ഷോഭ ശക്തിയുമാണ്‌ അണ്ണാ ഹസാരയിലൂടെ ഇപ്പോള്‍ പ്രകടമായിരിക്കുന്നത്‌. ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റ്‌ പാസാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ജൂലൈ നാലാം തീയതി ഗാന്ധിയനായ അണ്ണാ ഹസാരെ മരണം വരെ നിരാഹാര സത്യഗ്രഹത്തിന്‌ തയ്യാറായപ്പോള്‍, ഗത്യന്തരമില്ലാതെ, ജനരോഷം ഭയന്നാണ്‌ ടീം സോണിയ ജന്‍ ലോക്പാല്‍ ബില്ലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനും അത്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ ബില്ല്‌ ആക്കാനുമുള്ള ദുര്‍ബലമായ ശ്രമം ആരംഭിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തല്‍ അണ്ണാ ഹസാരെ നേതൃത്വം നല്‍കുന്ന പൗരസമൂഹവുമായി ഭരണസമൂഹം പേരിനൊരു ചര്‍ച്ച നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ഡ്രാഫ്റ്റ്‌ തയ്യാറാക്കുകയായിരുന്നു.
എന്നാല്‍,ആതിരേ, അണ്ണാ ഹസാരെയും പൗരസമൂഹവും ആവശ്യപ്പെട്ട അടിസ്ഥാനപരവും അനുപേക്ഷണീയവും നിര്‍ണായകവുമായ പല നിര്‍ദ്ദേശങ്ങളും ചവറ്റു കുട്ടയില്‍ തള്ളിക്കൊണ്ടാണ്‌ ടീം സോണിയ ജന്‍ ലോക്പാല്‍ ബില്‍ ലോക്സഭയില്‍ കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ചത്‌. പ്രധാനമന്ത്രി, ന്യായാധിപന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങി ജനാധിപത്യ സ്ഥാപനങ്ങളുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ബില്ലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിക്കൊണ്ടാണ്‌ ടീം സോണിയ ജന്‍ ലോക്പാല്‍ ബില്ലിന്‌ രൂപം നല്‍കിയത്‌. ഇതിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളെ പമ്പര വിഡ്ഢികളാക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും നിയമമന്ത്രിയും കപില്‍ സിബലും ഇവര്‍ക്ക്‌ വിദഗ്ധോപദേശം നല്‍കിയ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും എ.കെ.ആന്റണിയും മറ്റും.
ഈ പ്രതിലോമ നിലപാടിനെതിരെയാണ്‌, 65-ാ‍ം സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന്‌ ഡല്‍ഹിയില്‍ മരണം വരെനിരാഹാര സത്യഗ്രഹം നടത്താന്‍ അണ്ണാ ഹസാരെയും പൗരസമൂഹവും തയ്യാറായത്‌. മുന്‍കൂട്ടി പ്രഖ്യാപിച്ചതായിരുന്നു ഈ സമരം. എന്നാല്‍, സമാധാനപരമായി സമരം ചെയ്യാനുള്ള ഇന്ത്യന്‍ പൗരന്റെ ഭരണഘടനാ ദത്തമായ അവകാശം അട്ടിമറിച്ചുകൊണ്ട്‌ അണ്ണാ ഹസാരയെയും പൗരസമൂഹ പ്രമുഖരെയും അറസ്റ്റ്‌ ചെയ്ത്‌ അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളെ അനുസ്മരിപ്പിക്കുന്ന നടപടികള്‍ക്കാണ്‌ ടീം സോണിയ തയ്യാറായത്‌.
അണ്ണാ ഹസാരെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എല്ലാം അതേപടി അംഗീകരിക്കണമെന്ന വാദമല്ല, ആതിരേ, ഇവിടെ ഉന്നയിക്കുന്നത്‌. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ഗാന്ധിയനായ അദ്ദേഹത്തിന്റെ സമര സന്നദ്ധതയെ മുതലെടുക്കുന്ന തല്‍പ്പര കക്ഷികളാണ്‌ ഇപ്പോള്‍ അദ്ദേഹത്തോടൊപ്പമുള്ളതെന്നും തിരിച്ചറിയുന്നുണ്ട്‌. പൊതു രംഗത്തെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കി ഭരണം സുതാര്യവും ജനക്ഷേമകരവും ജനഹിതകരവുമാക്കേണ്ടത്‌ അനുപേക്ഷണീയമാണെന്ന, ഇന്ത്യയിലെ കോടിക്കണക്കിന്‌ വരുന്ന നികുതിദായകരുടേയും സമ്മതിദായകരുടേയും ആഗ്രഹത്തിനെതിരെ പുച്ഛത്തോടെ മുഖം മറച്ച്‌ ടീം സോണിയ നില്‍ക്കുമ്പോഴാണ്‌ അണ്ണാ ഹസാരയുടെ പ്രക്ഷോഭ രീതികളെ അംഗീകരിക്കേണ്ടി വരുന്നത്‌. അണ്ണാ ഹസാരയ്ക്ക്പിന്തുണ നല്‍കി രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും യുവജനങ്ങള്‍ അടക്കമുള്ള പൗരസമൂഹം മുന്നോട്ടു വന്നതിന്റെ അര്‍ത്ഥം കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ ഗ്രസിച്ചിട്ടുള്ള അഴിമതിക്കും കള്ളപ്പണവിളയാട്ടത്തിനുമെതിരായി വന്‍ ജനശക്തി രൂപം കൊള്ളുന്നു എന്നാണ്‌..
നിരാഹാര സത്യഗ്രഹം തുടങ്ങും മുന്‍പ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌, അഴിമതിവീരന്മാരായ എ.രാജ,സുരേഷ്‌ കല്‍മാഡി, കനിമൊഴി എന്നിവര്‍അടക്കമുള്ള കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലില്‍ അടച്ചതോടെ, ആതിരേ, മന്‍മോഹന്‍ സിംഗ്‌ നേതൃത്വം നല്‍കുന്ന യു.പി.എസര്‍ക്കാരിനും കോണ്‍ഗ്രസിനും രാജ്യം അഭിമുഖീകരിക്കുന്ന മൗലിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ കഴിവില്ലെന്നും ജനഹിതമനുസരിച്ച്‌ ഭരണം നടത്താന്‍ മനസ്സില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
65-ാ‍ം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്‌ രാഷ്ട്രത്തോട്‌ ചെയ്ത പ്രസംഗത്തില്‍ പ്രസിഡണ്ട്‌ ശ്രീമതി. പ്രതിഭാ ദേവിസിംഗ്‌ പട്ടേലും സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുകൊണ്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും അടിവരയിട്ട്‌ പറഞ്ഞത്‌ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ മാരകമായി അഴിമതി ഗ്രസിച്ചിട്ടുണ്ടെന്നും അഴിമതി നിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായെങ്കില്‍ മാത്രമേ രാജ്യ പുരോഗതി സാര്‍ത്ഥകമാകൂ എന്നുമാണ്‌. എന്നാല്‍, അഴിമതി ഇല്ലാതാക്കാന്‍ തന്റെ കൈയ്യില്‍ മാന്ത്രിക വടിയൊന്നുമില്ല എന്ന ഉദാസീനമായ പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയ ഇച്ഛാശക്തിയും നയങ്ങള്‍ നടപ്പിലാക്കാനുള്ള നട്ടെല്ലുറപ്പും തനിക്കില്ലെന്നും അടിവരയിട്ട്‌ വ്യക്തമാക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്‌. ഒപ്പം അണ്ണാ ഹസാരെയെ പരോക്ഷമായി പരിഹസിച്ചുച്ചുകൊണ്ട്‌ സത്യഗ്രഹ സമരത്തിലൂടെ അഴിമതി ഉന്മൂലനം ചെയ്യാന്‍ കഴിയുകയില്ല എന്നും മന്‍മോഹന്‍സിംഗ്‌ പറഞ്ഞുവെച്ചു. സത്യഗ്രഹത്തിലൂടെയും സഹനസമരത്തിലൂടെയും സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച്‌ ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം നേടി തന്ന മഹാത്മാവായ ഗാന്ധിജിയെ നീചമായി അധിക്ഷേപിക്കുകയായിരുന്നു, ആതിരെ, ഈ പരാമര്‍ശത്തിലൂടെ മന്‍മോഹന്‍സിംഗ്‌. ഗാന്ധിജിയെ തമസ്ക്കരിച്ച്‌ ഇന്ദിര മുതല്‍ രാഹുല്‍ വരെയുള്ള വ്യാജ ഗാന്ധിമാരെ എഴുന്നള്ളിക്കുന്ന മന്‍മോഹനെപ്പോലെയുള്ള ഒരു വ്യക്തിക്ക്‌ അണ്ണാ ഹസാരെയും പൗരസമൂഹവും ഉന്നയിക്കുന്ന പ്രശ്നത്തിന്റെ തീവ്രത ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നെങ്കില്‍ അതില്‍ അതിശയപ്പെടാനില്ല. വിപണി സമ്പദ്‌ വ്യവസ്ഥയുടെ ആചാര്യനും പ്രയോക്താവുമായ മന്‍മോഹന്‌ ഗാന്ധിജിയും കോണ്‍ഗ്രസും സ്വാതന്ത്ര്യസമര കാലത്ത്‌ ഇവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും അതിന്‌ ഇന്ത്യയിലെ കോടിക്കണക്കിന്‌ സാധാരണക്കാര്‍ നല്‍കിയ പിന്തുണയും ഐക്യദാര്‍ഢ്യവും, ഈ മാനസിക ഐക്യത്തിലൂടെ രൂപപ്പെട്ട പൊതുപ്രക്ഷോഭ ശക്തിയുമൊന്നും തിരിച്ചറിയാന്‍ കഴിയുകയില്ല.
ഈ കഴിവുകേടായിരുന്നു 65-ാ‍ം സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേദിവസം അണ്ണാ ഹസാരെയെ സത്യഗ്രഹസമരത്തില്‍ നിന്ന്‌ വിലക്കുകയും അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യുകയും തിഹാര്‍ ജയിലില്‍ അടക്കുകയും ചെയ്ത ഭരണപരമായ വിഡ്ഢിത്തത്തില്‍ പ്രകടമായത്‌. പ്രണാബ്‌ കുമാര്‍ മുഖര്‍ജി, എ.കെ.ആന്റണി തുടങ്ങി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളെ മാറ്റി നിര്‍ത്തി പി.ചിദംബരം, കപില്‍ സിബല്‍, അംബിക സോണി എന്നിവരായിരുന്നു ഇക്കാര്യത്തില്‍ ടീം സോണിയയുടെ നയം രൂപീകരിച്ചത്‌. എന്നാല്‍, ആ നടപടി തിരിച്ചടിയായെന്നും അണ്ണാ ഹസാരെയെ മുന്‍പ്‌ പിന്തുണയ്ക്കാത്തവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണി നിരക്കുന്നു എന്നും തിരിച്ചറിഞ്ഞ രാഹുലാണ്‌ അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. ഒരു പകല്‍ മുഴുവന്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്കു മുന്‍പിലും ലോകജനതയ്ക്കു മുമ്പിലും തന്ത്രപരമായി നഗ്നരായി നില്‍ക്കുകയായിരുന്നു ടീം സോണിയ. 1975-ല്‍ സമാന സ്വഭാവമുള്ള ഭരണപരവും തന്ത്രപരവുമായ ലോപാവസ്ഥയിലാണ്ടാപ്പോഴാണ്‌ ഇന്ദിരയില്‍ അമിതാദികാര ത്വരയും ജനാധിപത്യ ധ്വംസന വാസനയും ശക്തമായതും ജയപ്രകാശ്‌ നാരായണ്‍ന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സമ്പൂര്‍ണ്ണ വിപ്ലവ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും. സ്വതന്ത്ര്യ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത നാളുകളായിരുന്നു അത്‌. ആ അഭിശപ്തതയിലേക്കുള്ള ടീം സോണിയയുടെ അന്ധമായ നീക്കത്തിന്റെ സൂചനയായിട്ടുവേണം, ആതിരേ, അണ്ണാ ഹസാരെ പ്രശ്നത്തെ ഇപ്പോള്‍ കൈകാര്യം ചെയ്ത രീതിയെ വിലയിരുത്തേണ്ടത്‌.
നിയമനിര്‍മ്മാണത്തിലുള്ള പാര്‍ലമെന്റിന്റെ അധികാരത്തില്‍ അണ്ണാ ഹസാരെയും പൗരസമൂഹവും അനധികൃതമായി കൈകടത്തുകയാണെന്നും അത്‌ അനുവദിക്കാന്‍ കഴിയുകയില്ലെന്നുമാണ്‌ ടീം സോണിയയുടെ തിങ്ക്‌ ടാങ്കുകളുടെ ഭാഷ്യം. അണ്ണാഹസാരയെ അറസ്റ്റുചെയ്ത സംഭവത്തെ പാര്‍ലമെന്റില്‍ ന്യായീകരിച്ച്‌ പ്രസംഗിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഇതേ നിലപാടാണ്‌ സ്വീകരിച്ചത്‌. വാസ്തവത്തില്‍ ജന്‍ ലോക്പാല്‍ ബില്‍ വിഷയത്തില്‍ ടീം സോണിയ അകപ്പെട്ട നാണംകെട്ട കുരുക്കില്‍ നിന്ന്‌ എങ്ങനെയെങ്കിലും തലയൂരുക എന്ന ലക്ഷ്യത്തോടെയുള്ള അവാസ്ഥവ പ്രസ്താവവും ആരോപണവുമാണ്‌ ഇത്‌. നിയമനിര്‍മ്മാണത്തിലുള്ള പാര്‍ലമെന്റിന്റെ അധികാരം അംഗീകരിച്ചുകൊണ്ടു തന്നെയാണ്‌ അണ്ണാ ഹസാരയും പൗരസമൂഹവും ജന്‍ ലോക്പാല്‍ ബില്ലിനുവേണ്ടി പ്രക്ഷോഭം നടത്തുന്നത്‌. 1969-ല്‍ അവതരിപ്പിച്ച പ്രസ്തുത ബില്‍ 51 വര്‍ഷത്തിനുശേഷവും നിയമമാക്കാന്‍ കഴിയാത്ത നിഷേധാത്മക നിലപാടിനെതിരായാണ്‌ അണ്ണാ ഹസാരയും പൗരസമൂഹവും ഇപ്പോള്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നത്‌. എന്നു മാത്രമല്ല, ജൂലൈയിലെ അണ്ണാ ഹസാരയുടെ സമരത്തിനുശേഷം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഭരണ രംഗത്തെ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിക്കുന്നവരെ ഒഴിവാക്കിയിരിക്കുകയാണ്‌. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഏത്‌ വ്യക്തിയും ജനങ്ങളോട്‌ അക്കൗണ്ടബിളാണ്‌ എന്ന്‌ അണ്ണാ ഹസാരയും പൗരസമൂഹവും വാദിക്കുന്നു. നികുതിദായകന്റെ പണം ശമ്പളമാക്കി കൈപ്പറ്റുകയും അഴിമതിയും കള്ളപ്പണ സംസ്കാരവും സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ അതിനെ, ആതിരേ, അംഗീകരിക്കാന്‍ കഴിയുന്നതെങ്ങനെ?. പ്രധാനമന്ത്രി, ജനപ്രതിനിധികള്‍, ന്യായാധിപന്മാര്‍ എന്നിവരൊക്കെ ഭരണ പ്രക്രിയയുടെ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്നവരാണ്‌. ഇവരെ ജന്‍ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുമ്പോള്‍ ഇവര്‍ക്ക്‌ കീഴിലുള്ള ജീവനക്കാര്‍,അഴിമതി സംബന്ധമായ നിയമക്കുരുക്കില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഇവരെ ആശ്രയിക്കുമെന്ന കാര്യത്തില്‍ ടീം സോണിയ ഒഴിച്ചുള്ള ആര്‍ക്കും സംശയമില്ല. അതായത്‌, ഒരു നിയമം പാസാക്കിയെടുത്ത്‌ അതിന്റെ മറവില്‍ അഴിമതിയും കള്ളപ്പണ സംസ്കാരവും തുടരാം എന്നാണ്‌ ടീം സോണിയയുടെ വിചാരം. അത്‌ നടപ്പില്ല എന്ന്‌ അസന്ദിഗ്ധമായി ഇന്ത്യയിലെ സാധാരണക്കാര്‍ പ്രഖ്യാപിക്കുന്നു എന്നതാണ്‌, ആതിരേ, അണ്ണാ ഹസാരയുടെ പ്രക്ഷോഭത്തിന്റെ സന്ദേശം.

No comments: