Wednesday, August 24, 2011

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അഗസ്ത്യമുനിയുടെ സമാധി സ്ഥാനമോ...?

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ്‌, നിര്‍ണായകമായ ഒരു വിവരം പുറത്തു വിട്ടുകൊണ്ട്‌ ജ്യോതിഷികളായ സുഭാഷ്‌ ചെറുകുന്നും എം.കെ ദാമോദരനും ( ഇരിട്ടി ) വിവാദത്തിന്റെ പുതിയ നിലവറകള്‍ തുറക്കുന്നത്‌.ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ ഇവര്‍ ക്ഷേത്രത്തിലെ യഥാര്‍ത്ഥ ചൈതന്യം പദ്മനാഭ സ്വാമിയുടേതല്ലെന്നും അത്‌ മറ്റൊരു ഋഷിപരമ്പരയില്‍ പെട്ട അഗസ്ത്യമുനിയുടേതാണെന്നും ആ വാസ്തവം വെളിപ്പെടുത്താന്‍ സാക്ഷാല്‍ ശ്രീ പദ്മനാഭന്‍ തന്നെയാണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ സൃഷ്ടിച്ചതെന്നും സ്ഥാപിക്കുന്നത്‌.

സാത്വിക വിശുദ്ധിയുടെ പാല്‍ക്കടലില്‍ ഭക്തിസാന്ദ്രമായ പശ്ചാത്തലത്തില്‍ അനന്ത ശയനത്തിലാണ്‌,ആതിരേ, ശ്രീപത്മനാഭന്‍ . പക്ഷേ, വിശ്വാസികളും അവിശ്വാസികളും ചരിത്ര കുതുകികള്‍ക്കും ഇപ്പോള്‍ നിദ്രാവിഹീനമായ രാവുകള്‍.!ഉറക്കമൊഴിച്ച്‌ ശ്രീപത്മനാഭ സ്വാമിയെ സംബന്ധിച്ച പുതിയ വിവരങ്ങളുടെയും വിവാദങ്ങളുടെയും ഇഴകീറി പരിശോധിക്കുകയാണവര്‍...
നിലവറകളില്‍ കണ്ടെത്തിയ ഒരുലക്ഷം കോടി രൂപയുടെ കണ്ണഞ്ചിപ്പിക്കുന്ന സുവര്‍ണ്ണ ശേഖരത്തെപ്പറ്റിയുള്ള വാര്‍ത്തകളില്‍ അതിശയോക്തിയും അമ്പരപ്പും ആവേശവുമൊക്കെ ലയിച്ചു ചേര്‍ന്നിട്ടുണ്ട്‌; സംശയമില്ല. വര്‍ണ്ണനയിലൂടെ കവികള്‍ ശ്രീപത്മനാഭനെ പാടിപ്പുകഴ്ത്തിയെങ്കില്‍ ഇന്ന്‌ ജനങ്ങള്‍ അഴിച്ചാലും അഴിച്ചാലും തീരാത്ത കെട്ടുകഥകള്‍ കൊണ്ട്‌ ശ്രീപത്മനാഭന്‌ ശരപ്പൊളി മാല തീര്‍ക്കുകയാണ്‌. ഇതിലൂടെ വിശ്വാസവും വികാരവും ഇടകലര്‍ന്ന അവാച്യമായ അനുഭൂതി വിശ്വാസികള്‍ അനുഭവിക്കുമ്പോള്‍, ആതിരേ, ക്ഷേത്ര കഴകക്കാരും കാവല്‍ക്കാരും രാജകുടുംബവും പോലീസ്‌ സേനയും സംസ്ഥാന സര്‍ക്കാരും വിവാദങ്ങളുടെയും ഒരര്‍ത്ഥത്തില്‍ ഭയത്തിന്റെയും കൊടുമുടിയിലാണ്‌.
കണ്ടകശനിയും പന്ത്രണ്ടില്‍ വ്യാഴവും രാജയോഗവും ഒക്കെ ദൈവത്തിനും ബാധകമാണെന്ന്‌ പുരാണം നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. ഇതില്‍ ഏതാണ്‌ ഇപ്പോള്‍ ശ്രീപത്മനാഭനെ ബാധിച്ചിരിക്കുന്നത്‌...? " ശിലാമയമില്ലാതെ, ശരീരാഭ്യന്തരസ്ഥങ്ങളായ സ്വര്‍ണ്ണം, വെള്ളി എന്നീ ലോഹങ്ങളാല്‍ നിര്‍മ്മിതമായ കമ്പി കൊണ്ട്‌ കെട്ടിച്ചമച്ച്‌ ഹൃദയാസ്ഥിതി സ്ഥാനങ്ങളില്‍ വിധിപ്രകാരം നേപ്പാളിലെ ഗന്ധകീ നദിയില്‍ നിന്നെടുത്ത പന്തിരായിരം സാളഗ്രാമങ്ങള്‍ ഇട്ട്‌ കങ്കാളം പോലെ നിര്‍മ്മിച്ച ശേഷം അഷ്ടബന്ധത്തിന്‌ തുല്യമായ കുടുശാര്‍ക്കര യോഗമുണ്ടാക്കി അതില്‍ ജീഹവാഹന ചെയ്ത " അത്ഭുത വിഗ്രഹമാണ്‌ ശ്രീപത്മനാഭന്റേത്‌, അറിയാമോ..?
ഏഴു നിലയുള്ള ഗോപുരത്തിന്‌ കീഴെ നാലുപുറമായി ചെത്തി മിനുക്കിയ കരിങ്കല്‍ മതിലുകള്‍ക്കുള്ളില്‍ ക്ഷേത്രം നിലകൊള്ളുന്നു. അതുകൊണ്ട്‌ ദൈവത്തിന്റെ ഇടം 'മതിലകമായി'. ആ മതിലുകള്‍ക്കുള്ളില്‍ സംഭവിച്ച ഓരോ മുഹൂര്‍ത്തങ്ങളെയും താളിയോലകളില്‍ രേഖപ്പെടുത്തി സൂക്ഷിച്ചത്‌ 'മതിലകം രേഖകളു'മായി. ഒരു മണി നെല്ല്‌ ആരെങ്കിലും സംഭാവനയായി കൊടുത്താല്‍ അതുപോലും പേരും നാളും നക്ഷത്രവും തിഥിയും നാഴികയും വിനാഴികയും ഒക്കെ വ്യക്തമായി രേഖപ്പെടുത്തിയ ഇത്തരം ഒരു കണക്കെഴുത്ത്‌ ലോകത്ത്‌ ശ്രീപത്മനാഭ സ്വാമിക്ക്‌ മാത്രമേ ഉള്ളൂ.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ പരിശോധനയില്‍ കണ്ടെത്തിയ നിധി ശേഖരത്തിന്റെ മൂല്യം ഒരുലക്ഷം കോടിയാണെന്ന്‌ കണക്കാക്കപ്പെടുന്നു.ഇതിന്റെ സ്രോതസ്‌..? അതാര്‍ക്കും തിട്ടമില്ല.
ഈ നിധിശേഖരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ്‌, ആതിരേ, നിര്‍ണായകമായ ഒരു വിവരം പുറത്തു വിട്ടുകൊണ്ട്‌ ജ്യോതിഷികളായ സുഭാഷ്‌ ചെറുകുന്നും എം.കെ ദാമോദരനും വിവാദത്തിന്റെ പുതിയ നിലവറകള്‍ തുറക്കുന്നത്‌.ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ ഇവര്‍ ക്ഷേത്രത്തിലെ യഥാര്‍ത്ഥ ചൈതന്യം പദ്മനാഭ സ്വാമിയുടേതല്ലെന്നും അത്‌ മറ്റൊരു ഋഷിപരമ്പരയില്‍ പെട്ടതാണെന്നും ആ വാസ്തവം വെളിപ്പെടുത്താന്‍ സാക്ഷാല്‍ ശ്രീ പദ്മനാഭന്‍ തന്നെയാണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ സൃഷ്ടിച്ചതെന്നും സ്ഥാപിക്കുന്നത്‌.
ആതിരേ,നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന്‌ കരുതപ്പെടുന്ന 'ബി' നിലവറയും നിത്യാദി നിലവറയായ 'എഫും' സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം തുറക്കാനിരിക്കെയാണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഓഗസ്റ്റ്‌ എട്ട്‌ തിങ്കളാഴ്ച മുതല്‍ ദേവപ്രശ്നം നടന്നത്‌. തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ്‌ ദേവപ്രശ്നം നടത്തിയത്‌. ക്ഷേത്രത്തിലെ കണക്കെടുപ്പ്‌ നടത്തുന്ന വിദഗ്ധ സമിതിയുടെ അഭിപ്രായം ആരായാതെ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ നാടകശാലയില്‍ വച്ചായിരുന്നു തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍,മാധൂര്‍ നാരായണ രംഗ ഭട്ട്‌ പ്രധാന പ്രശ്ന വിചാരകനായി,ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മ,പുതുവായ പരിദാസ്‌ നമ്പൂതിരി,പഞ്ച ഭാസ്കര ഭട്ട്‌,ഇടയ്ക്കാട്‌ ദേവിദാസ്‌ ഗുരുക്കള്‍,ജയരാജ്‌ പണിക്കര്‍,ഗണപതി ശര്‍മ എന്നിവര്‍ സഹ പ്രശ്ന വിചാരകരായി ദേവപ്രശ്നം നടന്നത്‌.
ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുക്കുന്നതിനുവേണ്ടി നിലവറകള്‍ തുറക്കും മുന്‍പ്‌ ദേവപ്രശ്നം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നിലവറകള്‍ തുറക്കുന്നതില്‍ അഹിതമുണ്ടോ എന്നും ഇനിയും തുറക്കാത്ത 'ബി' നിലവറ തുറക്കുന്നതിന്‌ തടസ്സമുണ്ടോ എന്നും അറിയാനായിരുന്നു ദേവപ്രശ്നം നടത്തിയത്‌.
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ ഭീതി ജനിപ്പിക്കുന്ന കണ്ടെത്തലുകളാണ്‌ ഈ ദേവപ്രശ്നത്തിലുണ്ടായത്‌. രാജകുടുംബാംഗങ്ങള്‍ക്കും രാജ്യത്തിനും കൊടിയ നാശങ്ങള്‍ ഉണ്ടാകുമെന്നാണ്‌ നാലുദിവസം ദീര്‍ഘിച്ച ദേവപ്രശ്നത്തില്‍ കണ്ടെത്തിയത്‌. എന്നാല്‍, ഈ ദേവപ്രശ്നം സൂക്ഷ്മമായി നടന്നതല്ലെന്നും അതുകൊണ്ട്‌ ദേവപ്രശ്നത്തില്‍ കണ്ടതിലും ഭീകരമായ അനുഭവങ്ങള്‍ ഉണ്ടാകും എന്നുമാണ്‌ ജ്യോതിഷികളായ കണ്ണൂര്‍ സുഭാഷ്‌ ചെറുകുന്നും ( കണ്ണൂര്‍ ) എം.പി.ഗംഗാധരനും ( ഇരിട്ടി ) തറപ്പിച്ചു പറയുന്നത്‌.
പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ ഒരര്‍ത്ഥത്തില്‍ ഈശ്വരഹിതമായിരുന്നു എന്നും ആ വിവാദങ്ങളിലൂടെ പത്മനാഭ സ്വാമിക്ഷേത്രത്തിലെ അടിസ്ഥാന ദൈവിക തേജസ്‌ കണ്ടെത്താന്‍ ഇടയാകേണ്ടതായിരുന്നു എന്നുമാണ്‌ ഇവരുടെ സുചിന്തിതമായ അഭിപ്രായം.
എന്നാല്‍,ആതിരേ, ധൃതി വെച്ച്‌ ദേവപ്രശ്നം നടത്തിയതുകൊണ്ട്‌ ക്ഷേത്രത്തില്‍ മറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ തേജസ്‌ എന്താണെന്ന്‌ വ്യക്തമാക്കുന്നതിനോ അമൂല്യ നിധിയായി കണക്കാക്കി ആരാധിക്കപ്പെട്ടിരുന്ന ഒരു ശ്രീചക്രം എവിടെയാണെന്ന്‌ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
സിദ്ധപരമ്പരയില്‍പ്പെട്ട ഋഷിസാന്നിദ്ധ്യം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉണ്ട്‌ എന്നാണ്‌ സുഭാഷും ഗംഗാധരനും ജ്യോതിഷ വിധിപ്രകാരം സ്ഥാപിക്കുന്നത്‌. അഗസ്ത്യ പരമ്പരയാണ്‌ ഇതെന്നും അഗസ്ത്യ മുനിയുടെ സമാധി സ്ഥാനത്താണ്‌ ഇന്ന്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കുടികൊള്ളുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു.
വൃശ്ചിക രാശിയിലാണ്‌ ദേവപ്രശ്നത്തിന്‌ തുടക്കമായ സ്വര്‍ണ്ണ നാണയം വെയ്ക്കപ്പെട്ടത്‌. ജ്യോതിഷത്തിലെ ആറു യോഗങ്ങളായ ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂര്‍ത്തം, ഗണിതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇതിനെ വിശദീകരിക്കുമ്പോള്‍ വൃശ്ചികം രാശി എന്ന ഉപാസനാ സ്ഥാനം ബാധരാശിയാകുകയും ബാധാതിപതിയായ ചന്ദ്രന്‍ നീചസ്ഥാനത്ത്‌ സ്വര്‍ണ്ണാരൂഢത്തില്‍ പാപയോഗ ദൃഷ്ടികളോടു കൂടി ഉദയം ചെയ്തതുകൊണ്ടും തീര്‍ത്ഥാന്തമാണ്‌ ഇവിടെ വ്യക്തമാകുന്നതെന്ന്‌ സുഭാഷ്‌ ചെറുകുന്നും എം.പി.ഗംഗാധരനും പറയുന്നു. ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്ന സ്വര്‍ണ്ണ പ്രശ്നത്തിലെ ദൃക്‌സാക്ഷികളായിരുന്നു ഇവരും ഇവരുടെ ശിഷ്യന്മാരും. കോടതി നിര്‍ദ്ദേശപ്രകാരം വിവരങ്ങള്‍ കൊടുക്കാനുള്ളതുകൊണ്ടാവണം നാലു ദിവസത്തെ ദേവപ്രശ്നം നടത്തിയതെന്നാണ്‌ ഇവരുടെ വിലയിരുത്തല്‍. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ദേവപ്രശ്നത്തിലൂടെ മാത്രമേ ശ്രീപത്മനാഭ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ചൈതന്യമേതെന്ന്‌ വ്യക്തമാകുകയുള്ളൂ എന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ നടത്തിയ ദേവപ്രശ്നം സൂക്ഷ്മമല്ല. അതുകൊണ്ടു തന്നെ ദേവപ്രശ്നത്തില്‍ കണ്ട പ്രശ്നങ്ങളെ വെല്ലുന്ന പ്രതിസന്ധികള്‍ ഉണ്ടാകാനാണ്‌ സാധ്യതയെന്ന്‌ ഇവര്‍ പറയുന്നു.
ക്ഷേത്രേശ പതിയായ രാജകുടുംബത്തിന്‌ അധഃപതനം,ദൈന്യം,ദുരാചാരം,ഋണഭാരം,നീചാശ്രയം,അയോഗ്യമായ ദേശ വാസം,ഭൃത്യത്വം എന്നിവയുണ്ടാകുമെന്ന്‌ ഇവര്‍ സമര്‍ത്ഥിക്കുന്നു.കുടുംബച്ഛിദ്രം,സന്താനഭാഗ്യമില്ലായമ,ദാമ്പത്യദോഷം തുടങ്ങി ഇന്ന്‌ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നനങ്ങള്‍ അധീകരിക്കും.വംശനാശവും സംഭവിക്കും.
ഇനിയും തുറക്കാത്ത നിലവറകള്‍ തുറക്കരുതെന്ന്‌ ദേവപ്രശ്നത്തില്‍ കണ്ടു എന്നു പറയുന്നത്‌ ശാസ്ത്രത്തിന്‌ വിപരീതമായ ഭയപ്പെടുത്തലാണെന്ന്‌ സുഭാഷ്‌ ചെറുകുന്ന്‌ ചൂണ്ടിക്കാട്ടി.അതിന്‌ ഗോചരം ഇല്ല.എന്ന്‌ മാത്രമല്ല ഈ ദേവപ്രശ്നത്തില്‍ കണ്ടെത്തിയതിലും ഘോരമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന്‌ എം.പി.ഗംഗാധരനും വ്യക്തമാക്കി.
ഇനിയും തുറക്കാത്ത നിലവറകളിലെ നിധിയുടെ മൂല്യനിര്‍ണ്ണയം തീര്‍ച്ചയായും സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നടക്കുമെന്ന കാര്യത്തില്‍ നടക്കുമെന്ന്‌ സംശയമില്ലെന്ന്‌ ഇരുവരും പറയുന്നു. ഇപ്പോള്‍ നടത്തിയ ദേവപ്രശ്നത്തിലൂടെ സുപ്രീംകോടതിയുടെ ആ ഇടപെടലിനെ പ്രതിരോധിക്കാന്‍ കഴിയുകയില്ല. നിലവറയിലെ ആഭരണങ്ങള്‍ അടക്കമുള്ളവയുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, ആ നിധി അവിടെ നിന്ന്‌ മാറ്റുകയോ മറ്റ്‌ ഏതെങ്കിലും ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുകയോ ചെയ്താല്‍ അത്‌ ഈശ്വരഹിതമായിരിക്കുകയില്ല എന്നാണ്‌ സുഭാഷ്‌ ചെറുകുന്നിന്റെയും ഗംഗാധരന്റെയും അഭിപ്രായം.
ആതിരേ,അഗസ്ത്യ മുനിയുടെ സമാധി സ്ഥാനത്താണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചതെന്ന്‌ ഇരുവരും ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്നു. അഗസ്ത്യമുനി ഭക്തിപുരസരം ആരാധിച്ചിരുന്ന ഒരു ശ്രീചക്രം ഈ നിലവറകളിലൊന്നില്‍ തീര്‍ച്ചയായും ഉണ്ട്‌. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും ഐശ്വര്യത്തിനും ശ്രേയസ്സിനും കാരണമായത്‌ ഈ ശ്രീ ചക്രമായിരുന്നു. മുന്‍കാലങ്ങളില്‍ ഈ ശ്രീ ചക്രത്തെയായിരുന്നു ആരാധിച്ചിരുന്നത്‌. അന്ന്‌ അഗസ്ത്യനെയും ആരാധിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ നാട്ടു രാജാക്കന്മാര്‍ തമ്മിലുള്ള തര്‍ക്കവും യുദ്ധവും മുഖ്യവിഷയമായപ്പോള്‍ അഗസ്ത്യ ഋഷിയെയും അദ്ദേഹം ആരാധിച്ചിരുന്ന ശ്രീ ചക്രത്തെയും രാജകുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിസ്മരിക്കുകയായിരുന്നു എന്നാണ്‌ സുഭാഷിന്റെയും ഗംഗാധരന്റെയും വിലയിരുത്തല്‍.
സമയാചാര സമ്പ്രദായത്തിലുള്ള ശ്രീവിദ്യോപസനയാണ്‌ അഗസ്ത്യമുനിയാല്‍ സൃഷിടിക്കപ്പെട്ടിരുന്നത്‌.മഹാവിഷ്ണുവിന്റെ അവതാരമായ ഹയഗ്രിവനാണ്‌ ശ്രീവിദ്യോപാസന അല്ലെങ്കില്‍ ശ്രിചക്രോപാസന അഗസ്ത്യമുനിയാള്‍ക്ക്‌ ഉപദേശിച്ചു കൊടുത്തത്‌.ഏരെ ദശാബ്ധത്തോളം ഈ രീതിയിലുള്ള ആരാധനയാണ്‌ ഈ ക്ഷേത്രത്തില്‍ നടന്നു പോന്നത്‌.അവഗണിക്കപ്പെട്ട ഈ ചൈതന്യവും ഐശ്വര്യത്തിന്റെ ശ്രീചക്രവും വീണ്ടും കണ്ടെത്താനും വിശുദ്ധിയോടെ അവയെ ആരാധിക്കാനും ഒരവസരം ഉണ്ടാക്കാനാണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ ഉണ്ടായതെന്നാണ്‌ ഇരുവരും വിലയിരുത്തുന്നത്‌. വിശ്വാസികളില്‍ ചിലര്‍ക്ക്‌ ഇപ്പോഴത്തെ വിവാദങ്ങളില്‍ മനഃക്ഷോഭമുണ്ടെങ്കിലും ഈ വിവാദം ശ്രേയസ്കരമായ ഒരു തിരിച്ചറിവിന്‌ കാരണമാകുമെന്നാണ്‌ ഇവര്‍ പറയുന്നത്‌.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തിലൂടെ മറഞ്ഞു കിടക്കുന്ന ഈ ഋഷി ചൈതന്യം തിരിച്ചറിയാനും അഗസ്ത്യമുനി ആരാധിച്ചിരുന്ന ശ്രീചക്രം കണ്ടെത്താനും കഴിയേണ്ടതായിരുന്നു. അത്‌ ഉണ്ടായില്ല. അതുകൊണ്ടാണ്‌ ഇപ്പോള്‍ നടന്ന ദേവപ്രശ്നം അപൂര്‍ണ്ണമാണെന്ന്‌ അല്ലെങ്കില്‍ സൂക്ഷ്മമല്ലെന്ന്‌ പറയേണ്ടി വരുന്നതെന്ന്‌ ഇരുവരും ചൂണ്ടിക്കാട്ടുന്നു. ഋഷി പരമ്പരയിലുള്ള ആരാധന സ്ഥാപിക്കുകയും ഐശ്വര്യത്തിന്റെ ശ്രീ ചക്രം കണ്ടെത്തി പ്രതിഷ്ഠിക്കുകയും ചെയ്താല്‍ രാജകുടുംബാംഗങ്ങള്‍ക്കും നാടിനും ശ്രേയസ്സും ഐശ്വര്യവും ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും, ആതിരേ, ജ്യോതിഷ വിധികള്‍ ഉദ്ധരിച്ച്‌ സുഭാഷ്‌ ചെറുകുന്നും എം.പി. ഗംഗാധരനും വിശദീകരിക്കുന്നു.

No comments: