Thursday, April 29, 2010

ലെറ്റ് അസ് ഡാന്‍സ്


ഇന്ന്‌ ലോക നൃത്ത ദിനമാണ് ആതിരേ
ഫ്രാന്‍സിലെ നര്‍ത്തകനായിരുന്ന ജീന്‍ ജോര്‍ജെസ്‌ നോവെറെ ( 29 ഏപ്രില്‍ 1727-19 ഒക്ടോബര്‍ 1810 )യുടെ ജന്മദിനമണിന്ന്‌.ഈ ദിനം രാജ്യാന്തര ഡാന്‍സ്‌ കൗണ്‍സില്‍ നൃത്തദിനമായി ആചരിക്കുന്നു.വിവിധ ദേശങ്ങളിലെ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനായി യുനെസ്കോ 1982-ല്‍ ലോക നൃത്ത ദിനത്തിന്‌ തുടക്കം കുറിച്ചു

Wednesday, April 28, 2010

മെട്രോ നഗരത്തിലെ വനിതകളുടെ ദുഃസ്ഥിതി


പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ മറ്റ്‌ കുറ്റകൃത്യങ്ങള്‍ക്ക്‌ നേരെ കണ്ണടയ്ക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ്‌ സ്ത്രീ പീഡകര്‍ക്കും സംരക്ഷണം നല്‍കുന്നു എന്നാണ്‌ ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. ഇതിനെതിരെ പൊതുസമൂഹം ജാഗ്രതയോടെ പ്രതികരിക്കുകയും പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയും ചെയ്യാതെ പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ ഇരകള്‍ക്ക്‌ അനുകൂലമായ നടപടിയുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഡിവൈഎഫ്‌ഐക്കാരും മാര്‍ക്സിസ്റ്റ്‌ സഖാക്കളും വരച്ച വരയില്‍ പോലീസിനെ നിര്‍ത്തുന്ന നിലയിലേക്ക്‌ പൊതുസമൂഹവും ഉയരണമെന്ന്‌ തന്നെയാണ്‌, സ്ത്രീകള്‍ക്കെതിരായുള്ള പരാതി ലഭിച്ചിട്ടും അതില്‍ ഫലപ്രദമായ നടപടികളെടുക്കാത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്‌. അതേ ജനത്തെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ മെട്രോ നഗരത്തിലെ കുറേ പോലീസുകാരെങ്കിലും.



ഓരോ നഗരത്തിന്റെയും ഭൗതീക വളര്‍ച്ചയുടെ അനിവാര്യതയാണ്‌, ആതിരേ അതിന്റെ പരിസരങ്ങളില്‍ തെഴുത്ത്‌ വളരുന്ന ക്രിമിനലിസം. മെട്രോ നഗരമായി വളരുന്ന കൊച്ചിയും ഈ ശാപത്തില്‍ നിന്ന്‌ മുക്തമല്ല. എല്ലാ അധോലോക വ്യാപാരങ്ങളുടെയും കേന്ദ്രമായി കൊച്ചി പരിണമിച്ചിട്ട്‌ വര്‍ഷങ്ങളായി. കഴിവും പ്രാപ്തിയും സത്യസന്ധതയുമുള്ള പോലീസ്‌ ഓഫീസര്‍മാര്‍ ക്രമസാമാധാന പാലനത്തിന്‌ ചുക്കാന്‍ പിടിക്കുമ്പോഴും ഈ അധോലോക ശക്തികള്‍ അവരുടെ സാമ്പത്തീകവും രാഷ്ട്രീയവുമായ പിന്‍ബലത്തില്‍ നഗരത്തില്‍ അഴിഞ്ഞാടുകയാണ്‌. നിരപരാധികളും സാധാരണക്കാരും വനിതകളുമാണ്‌ ഈ ഗുണ്ടാവിളയാട്ടത്തിന്റെ ഇരകളില്‍ ഭൂരിപക്ഷവും. മോഷണവും പിടിച്ചുപറിയും കൊലപാതകവും പെണ്‍വാണിഭവും മയക്കമരുന്ന്‌ കച്ചവടവും കള്ളക്കടത്തും ഹവാല ഇടപാടും മണല്‍ കടത്തും കള്ളച്ചാരായ വ്യാപാരവും തുടങ്ങി സമൂഹത്തിന്റെ സമാധാന ജീവിതം നശിപ്പിക്കുന്ന ശക്തികളെ കുറിച്ചുള്ള വാര്‍ത്തകളില്ലാതെ ഒരുദിവസവും മെട്രോ നഗരത്തില്‍ പുലരുന്നില്ല.
സിറ്റി പോലീസ്‌ കമ്മീഷണറുടെ ശക്തമായ നിലപാടും പോലീസ്‌ സേനയിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സേവനവും ഷാഡോപോലീസുമൊക്കെ ചേര്‍ന്നതോടെ നഗരത്തിലെ ഗുണ്ടാവിളയാട്ടത്തിന്‌ സാരമായ വ്യത്യാസം വരുത്താന്‍ സാധിച്ചിട്ടുണ്ട്‌. അപ്പോള്‍ പോലും സ്ത്രീകള്‍ക്ക്‌ നേരെ നടത്തുന്ന അക്രമങ്ങളും അതികക്രമങ്ങളും നിത്യേന വര്‍ധിച്ച്‌ വരികയാണ്‌. യാത്രചെയ്യുന്ന ബസ്സില്‍ മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വരെ ഇവര്‍ ക്രൂരമായ പീഡനത്തിനും മുതലെടുപ്പിനും ഇരയാവുകയാണ്‌. മാന്യത ഓര്‍ത്ത്‌ പലരും പലതും പുറത്ത്‌ പറയുന്നില്ല എന്നേയുള്ളു.
അതേസമയം തങ്ങള്‍ക്ക്‌ നേരെയുണ്ടാവുന്ന അതിക്രമങ്ങളെ കുറിച്ചും അക്രമങ്ങളെ കുറിച്ചും പരാതിപ്പെട്ടാലും നടപടിയുണ്ടാകുന്നില്ല എന്നതാണ്‌ സ്ത്രീസമൂഹത്തിന്റെ പരാതി. ഒരു വനിതാ ഓഫീസര്‍ ഐജി സ്ഥാനത്തിരിക്കുന്ന ജില്ലയിലാണ്‌ സ്ത്രീകള്‍ ഇങ്ങനെ പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്നത്‌ എന്നത്‌ ഈ മെട്രോനഗരത്തിന്‌ ഒട്ടും ഭൂഷണമല്ല. പോലീസ്‌ അധികൃതര്‍ പോലും ഇത്തരം വിഷയങ്ങളില്‍ ഇരകളെ വിട്ട്‌ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ദാരുണാവസ്ഥയാണ്‌ മെട്രോനഗരത്തില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌.
ഒരു സംഭവം ശ്രദ്ധിക്കുക. "കടവന്ത്രയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 24 കാരിയായ ഞാന്‍ ഇക്കഴിഞ്ഞ ഒമ്പതിനാണ്‌ ആകെ തളര്‍ത്തിക്കളഞ്ഞ സംഭവമുണ്ടായത്‌. പത്രങ്ങളില്‍ കൊടുക്കാനുള്ള പരസ്യങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‌ വാങ്ങിക്കൊണ്ടുപോകാറുള്ള സതീഷ്‌ എന്ന യുവാവ്‌ രാവിലെ ഒമ്പതരയോടെ ഓഫീസില്‍ കയറിവന്നു. ഞാനവിടെ തനിച്ചായിരുന്നു. മേലുദ്യോഗസ്ഥന്‍ എത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ അവധിയിലുമായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞേവരികയുള്ളു എന്ന്‌ മേലുദ്യോഗസ്ഥന്‍ സതീഷിനെ ഫോണിലൂടെ അറിയിച്ചു. എന്നാല്‍, ഫോണ്‍ വെച്ച ശേഷം സതീഷ്‌ എന്റെ ദേഹത്ത്‌ തൊട്ടപ്പോള്‍ എതിര്‍ത്തു. വല്ലാതെ ഭയപ്പെട്ടുപോയി. പെട്ടെന്ന്‌ അകത്തെ മുറിയില്‍ ഫോണ്‍ ബെല്ലടിച്ചു. ഓടിപ്പോയി ഫോണെടുത്തപ്പോഴേക്കും പിന്നാലെ വന്ന അയാള്‍ കഥതകടച്ച ശേഷം എന്നെ കടന്നുപിടിച്ചു. ബലം പ്രയോഗിച്ച്‌ വസ്ത്രങ്ങളഴിച്ചുകളയാനും മാനഭംഗപ്പെടുത്താനും ശ്രമിച്ചു. മല്‍പ്പിടുത്തത്തിനിടെ അയാളെ ചവിട്ടിവീഴ്ത്തി ഞാനൊരുവിധം പുറത്തുടന്നു. ഞാന്‍ കരഞ്ഞുകൊണ്ട്‌ ഓടുകയായിരുന്നു. അയാള്‍ പെട്ടെന്ന്‌ സ്ഥലം വിട്ടു. മേലുദ്യോഗസ്ഥനെ വിവരമറിയിച്ചപ്പോള്‍ അദ്ദേഹം ഉടനെത്തി എന്നെയും കൂട്ടി വനിതാസെല്ലിലും വനിതാപോലീസ്‌ സ്റ്റേഷനിലുമെത്തി. തുടര്‍ന്ന്‌ കടവന്ത്ര പോലീസ്‌ സ്റ്റേഷനിലും പരാതി നല്‍കി. പിറ്റേന്ന്‌ രാവിലെ കടവന്ത്ര എസ്‌ഐയും രണ്ട്‌ പോലീസുകാരും ഞങ്ങളുടെ ഓഫീസിലെത്തി. വനിതാ പോലീസുകാര്‍ ഒപ്പമുണ്ടായിരുന്നില്ല എന്നത്‌ എടുത്ത്‌ പറയട്ടെ. "പരാതി പിന്‍വലിക്കണം പ്രതിയെ പിടിച്ച്‌ കുറച്ച്‌ തല്ല്‌ കൊടുത്തുവിടാം കേസ്‌ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌" ഇതായിരുന്നു പോലീസിന്റെ ഉപദേശം. ഞാന്‍ പരാതിയില്‍ ഉറച്ചുനിന്നു. ഇതിനിടെ ഞങ്ങളുടെ സ്ഥാപനത്തില്‍ വന്ന അഞ്ചുപേരെ എസ്‌ഐ മടക്കി അയച്ചു. "കേസുള്ള സ്ഥാപനമാണ്‌ ഇവിടെ നില്‍ക്കണ്ട" എന്നായിരുന്നു എസ്‌ഐ പറഞ്ഞത്‌ പിന്നീട്‌ പലവട്ടം എസ്‌ഐ ഫോണില്‍ വിളിച്ചു. കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുത്‌ എന്നതായിരുന്നു ആവശ്യം...... അടുത്ത ദിവസം പ്രതി സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ജാമ്യം അനുവദിക്കാവുന്ന വകുപ്പുകളാണ്‌ ചുമത്തിയിരുന്നത്‌ എന്നറിയുന്നു. പോലീസ്‌ കൈക്കൂലി വാങ്ങി പ്രതിയെ സഹായിക്കുകയായിരുന്നു എന്ന്‌ ന്യായമായും ഞാന്‍ സംശയിക്കുന്നു. നടപടിയൊന്നും പിന്നീട്‌ ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ ഐജി ഡോ. ബി സന്ധ്യയെ കണ്ട്‌ പരാതിപ്പെട്ടു. കേസിന്റെ സ്ഥിതി അന്വേഷിക്കാമെന്ന്‌ ഐജി പറഞ്ഞിരിക്കുകയാണ്‌. ഡിജിപിക്കും സിറ്റിപോലീസ്‌ കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌ ".
കടവന്ത്രയിലെ ജനമൈത്രി പോലീസ്‌ സ്റ്റേഷനിലെ നീതി നിര്‍വ്വഹണമാണ്‌ മുകളില്‍ വിവരിച്ചത്‌. നഗരമധ്യത്തിലുള്ള ഒരു സ്ഥാപനത്തിലെ വനിതാ ജീവനക്കാരിക്ക്‌ പോലും സുരക്ഷയില്ല എന്നതിനൊപ്പം അവരെ പീഡിപ്പിച്ചവരെ രക്ഷിക്കാന്‍ പോലീസ്‌ കൂട്ടുനില്‍ക്കുന്നു എന്നതാണ്‌ ഈ സംഭവത്തിലെ അശ്ലീലത. മദ്യപിക്കാതിരുന്ന അഡ്വക്കറ്റിനെ മദ്യപിച്ചു എന്നാരോപിച്ച്‌ ചെവിക്കല്ല്‌ അടിച്ചുതകര്‍ത്ത മിടുക്കന്മാരാണ്‌ കടവന്ത്രയിലെ ജനമൈത്രി പോലീസ്‌ സ്റ്റേഷനിലെ നീതിപാലകര്‍.
ഈ സംഭവത്തിനോട്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌ ബാക്കി ലഭിക്കാനുള്ള ഒന്നര രൂപ ചോദിച്ചതിന്‌ പ്രൈവറ്റ്‌ ബസിലെ കണ്ടക്ടറില്‍ നിന്ന്‌ മുഖത്തടിയേറ്റ വീട്ടമ്മയുടെ അനുഭവം. കലൂരില്‍ നിന്ന്‌ രണ്ടു പെണ്‍മക്കളോടൊപ്പം എറണാകുളത്തേക്കുള്ള ബസില്‍ കയറിയതാണ്‌ ഈ വീട്ടമ്മ. ബാക്കി നല്‍കാനുള്ള ഒന്നര രൂപയെക്കുറിച്ച്‌ പലവട്ടം വീട്ടമ്മ കണ്ടക്ടറെ ഓര്‍മ്മപ്പെടുത്തിയിരുന്നു. പക്ഷെ, നല്‍കിയില്ല. എന്നാല്‍, കച്ചേരിപ്പടി സ്റ്റോപ്പിലെത്തും മുമ്പ്‌ ഒന്നര രൂപ ഡോര്‍ ചെക്കറുടെ കൈയില്‍ ഏല്‍പ്പിച്ച്‌ വീട്ടമ്മക്ക്‌ നല്‍കാനാണ്‌ കണ്ടക്ടര്‍ പറഞ്ഞത്‌. എന്തിനാണ്‌ പണം ഡോര്‍ ചെക്കറെ ഏല്‍പ്പിച്ചതെന്ന്‌ ചോദിച്ചതും വീട്ടമ്മയുടെ ചെകിടടച്ച്‌ അടിച്ചു വീഴുകയായിരുന്നു അവരെ കണ്ടക്ടര്‍. അടികൊണ്ട്‌ വീട്ടമ്മ തളര്‍ന്നുവീണപ്പോള്‍ ബസില്‍ നിന്ന്‌ ഇറങ്ങിയോടിയ കണ്ടക്ടറെ ഇതുവരെ പിടികൂടാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല.
ഈ സംഭവങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്‌ മെട്രോ നഗരത്തില്‍ വനിതകളുടെ ജീവിതം എത്രമാത്രം അരക്ഷിതമാണ്‌ എന്നതിലേക്കാണ്‌. പരാതി നല്‍കിയാലും, പ്രതി ആരെന്ന്‌ തിരിച്ചറിഞ്ഞാലും വാദി സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ സ്ത്രീ ആണെങ്കില്‍ നീതി നിര്‍വ്വഹണം ഒരു വഴിയായിരിക്കുമെന്നാണ്‌ മേല്‍ സൂചിപ്പിച്ച രണ്ടുസംഭവങ്ങളും വ്യക്തമാക്കുന്നത്‌. ഇതിനിടയില്‍ വീട്ടമ്മയെ കണ്ടക്ടര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ്‌ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്വമേധയാ കേസ്‌ എടുക്കുമെന്ന്‌ വനിതാ കമ്മീഷന്‍ വീമ്പിളക്കുന്നതും കേട്ടു. സംഭവം നടന്ന്‌ ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടക്ടറെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നറിഞ്ഞിട്ടും മൗനം പാലിക്കുകയാണ്‌ വനിതകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയെന്ന്‌ അവകാശപ്പെടുന്ന വനിതാ കമ്മീഷന്‍. ആദ്യ സൂചിപ്പിച്ച യുവതിയുടെ ദുരന്തം വനിതാ കമ്മീഷന്‍ അറിഞ്ഞിട്ടുപോലുമില്ല എന്നാണ്‌ തോന്നുന്നത്‌. ഈ രണ്ടു സംഭവവും അറിഞ്ഞമട്ടിലല്ല സിപി)എമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും വനിതാസംഘടനകളും അവരുടെ ബഹുമാന്യരായ നേതാക്കളും.
നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു വനിതാ ഐജിയായി ക്രമസമാധാന പാലനം നടത്തുന്ന നഗരത്തിലാണ്‌ ഈ രണ്ട്‌ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്‌. മൊബെയില്‍ ഫോണിലൂടെയുള്ള ശല്യങ്ങളും മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച്‌ ഫോട്ടോ എടുത്തുകൊണ്ടുള്ള ചൂഷണങ്ങളും നിര്‍ബാധം നഗരത്തില്‍ നടക്കുന്നുണ്ട്‌. പരാതി കിട്ടാതെ എങ്ങനെ നടപടിയെടുക്കുമെന്നാണ്‌ പോലീസിന്റെ ചോദ്യം. മേല്‍ വിവരിച്ച രണ്ട്‌ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരും എങ്ങനെ പോലീസിനെ സമീപിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ മറ്റ്‌ കുറ്റകൃത്യങ്ങള്‍ക്ക്‌ നേരെ കണ്ണടയ്ക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ്‌ സ്ത്രീ പീഡകര്‍ക്കും സംരക്ഷണം നല്‍കുന്നു എന്നാണ്‌ ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. ഇതിനെതിരെ പൊതുസമൂഹം ജാഗ്രതയോടെ പ്രതികരിക്കുകയും പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയും ചെയ്യാതെ പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ ഇരകള്‍ക്ക്‌ അനുകൂലമായ നടപടിയുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഡിവൈഎഫ്‌ഐക്കാരും മാര്‍ക്സിസ്റ്റ്‌ സഖാക്കളും വരച്ച വരയില്‍ പോലീസിനെ നിര്‍ത്തുന്ന നിലയിലേക്ക്‌ പൊതുസമൂഹവും ഉയരണമെന്ന്‌ തന്നെയാണ്‌, സ്ത്രീകള്‍ക്കെതിരായുള്ള പരാതി ലഭിച്ചിട്ടും അതില്‍ ഫലപ്രദമായ നടപടികളെടുക്കാത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്‌. അതേ ജനത്തെ നിയമം കൈയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ മെട്രോ നഗരത്തിലെ കുറേ പോലീസുകാരെങ്കിലും.

Monday, April 26, 2010

ലാവലിനും പിണറായിയും പിന്നെ തച്ചങ്കരിയും

പുതിയ സാക്ഷിമൊഴി സിബിഐയ്ക്ക്‌ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട.്‌ രണ്ടുകോടി രൂപയാണ്‌ നേരിട്ട്‌ പിണറായി വിജയന്‌ നല്‍കിയതെന്നാണ്‌ ആരോപണം. ദിലീപ്‌ രാഹുലന്‍, നാസര്‍, ബീന തുടങ്ങിയവരിലൂടെയാണ്‌ ഈ പണം പിണറായിക്ക്‌ ലഭിച്ചതെന്നും രേഖാമൂലമുള്ള പുതിയ ആരോപണത്തില്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തേണ്ടത്‌ സിബിഐയാണ്‌. ലാവലിന്‍ ഇടപാടില്‍ പാര്‍ട്ടിക്ക്‌ നേരത്തെ തന്നെ ഏഴ്‌ കോടിയോളം രൂപ ലഭിച്ചിരുന്നു. ഇഎംഎസ്‌ ജീവിച്ചിരുന്ന കാലത്താണ്‌ ഈ തുക ലഭിച്ചത്‌. അത്‌ പാര്‍ട്ടിയുടെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന്‌ അന്ന്‌ ഇഎംഎസ്‌ തന്നെ വ്യക്തമാക്കിയതാണ്‌. ഈ പണം ഉപയോഗിച്ചാണ്‌ എകെജി സെന്റര്‍ മോഡിഫിക്കേഷനും സെക്രട്ടേറിയേറ്റ്‌ അംഗങ്ങള്‍ക്ക്‌ ഫ്ലാറ്റും പാര്‍ട്ടി ചാനലിന്റെ പ്രാരംഭ നടപടികളും ആരംഭിച്ചത്‌. എന്നാല്‍, ഇഎംഎസിന്റെ കൗശലബുദ്ധിയില്‍ ഈ പണം മറയ്ക്കാന്‍ ഒരു തന്ത്രം രൂപം കൊള്ളുകയും ചെയ്തു. പാര്‍ട്ടി ചാനലിനു വേണ്ടി നടത്തിയ ബക്കറ്റ്‌ പിരിവാണിത്‌. സഖാക്കള്‍ അവകാശപ്പെടുന്നത്‌ ഒറ്റദിവസം കൊണ്ട്‌ ഏഴ്‌ കോടി രൂപ ഇങ്ങനെ ബക്കറ്റ്‌ പിരിവിലൂടെ സമാഹരിച്ചു എന്നാണ്‌. സത്യത്തെ തമസ്കരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്കുള്ള വിരുത്‌ ഒന്നുവേറെ തന്നെയാണ്‌.


തന്റെ കൈകള്‍ ശുദ്ധമായതുകൊണ്ടാണ്‌ ലാവലിന്‍ അഴിമതിക്കേസില്‍ സിബിഐയ്ക്ക്‌ താന്‍ കോഴ വാങ്ങി എന്നതിന്‌ തെളിവ്‌ ലഭിക്കാതിരുന്നതെന്ന പിണറായി വിജയന്റെ അഭിമാനവും പിണറായിയെ ന്യായീകരിച്ച്‌ ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവനയും പാര്‍ട്ടി പത്രത്തില്‍ പിണറായിയുടെ നിരപരാധിത്വത്തിനുവേണ്ടി വാദിക്കുകയും സിബിഐയെ പുലഭ്യം പറയുകയും ചെയ്ത വെളിയം ഭാര്‍ഗവന്‍, ടി.ജെ ചന്ദ്രചൂഡന്‍, പി.ജെ ജോസഫ്‌ എന്നിവരുടെ നിലപാടുകളുമെല്ലാം, ആതിരേ വസ്തുതകള്‍ മറച്ചുവെയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും പിണറായിയെ വെള്ള പൂശാനുള്ള യജമാനഭക്തിയുമായിരുന്നെന്ന്‌ തെളിഞ്ഞ്‌ കഴിഞ്ഞു.
ലാവലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ സിബിഐ നല്‍കിയ സത്യവാങ്മൂലത്തിലെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു പിണറായിയും പിണറായിയുടെ പിണിയാളുകളും ആഹ്ലാദിച്ചതും പ്രസ്താവനകളിറക്കിയതും സിബിഐയെ ഭര്‍ത്സിച്ചതും. എന്നാല്‍, ലാവലിന്‍ അഴിമതിക്കേസില്‍ ആരേയും കുറ്റവിമുക്തരാക്കിയിട്ടില്ലെന്നും ആര്‍ക്കും ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടില്ലെന്നും സിബിഐ വെളിപ്പെടുത്തുകയും ഹര്‍ജിക്കാരനായ ടി.പി. നന്ദകുമാര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണം തുടരേണ്ടതാണെന്ന കോടതിവിധിയും വന്നതോടെ പിണറായി ഭക്തരുടെ വായടഞ്ഞിരിക്കുകയാണ്‌. അപ്പോള്‍ പോലും, ആതിരേ പിണറായി സ്വന്തം കൈകൊണ്ട്‌ കോഴ വാങ്ങിയതിന്‌ തെളിവില്ല എന്ന്‌ ഊറ്റം കൊണ്ട്‌ സത്യത്തെ തമസ്കരിക്കാനാണ്‌ ഈ പാദസേവകരുടെ ശ്രമം.
ഇവിടെ ലാവലിന്‍ അഴിമതിക്കേസിലെ കേന്ദ്രവിഷയങ്ങളില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളാണ്‌ പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രസ്താവനകളിലൂടെ പയറ്റുന്നത്‌. അവിഹിതമായി പണം അഥവാ കൈക്കൂലി കൈപ്പറ്റി എന്നതല്ല ലാവലിന്‍ കേസിലെ കേന്ദ്രവിഷയം. സിബിഐയുടെ ചാര്‍ജ്‌ ഷീറ്റില്‍ ഏഴാം പ്രതിയായിരിക്കുന്ന പിണറായി അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരെ ഇത്തരത്തിലൊരു ആരോപണം സിബിഐ ഉന്നയിച്ചിട്ടുമില്ല. 1988 -ലെ അഴിമതി നിരോധന നിയമം ഏഴാം വകുപ്പാണ്‌ പൊതുജനസേവകര്‍ കൈക്കൂലിയും മറ്റ്‌ അവിഹിത ധനവും കൈപ്പറ്റുന്നത്‌ കുറ്റകരമാണെന്ന്‌ പറയുന്നത്‌. എന്നാല്‍, പിണറായി അടക്കമുള്ളവര്‍ക്ക്‌ ഈ വകുപ്പനുസരിച്ചുള്ള ചാര്‍ജ്‌ ഷീറ്റല്ല നല്‍കിയിട്ടുള്ളത്‌. മറിച്ച്‌ അഴിമതി നിരോധന നിയമത്തിലെ 13(1)(സി),(ഡി),13(2)വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ്‌ ആരോപിച്ചിട്ടുള്ളത്‌. ഈ വാസ്തവം മറച്ചുവെച്ചുകൊണ്ടാണ്‌ "പണം കൈപ്പറ്റിയതിന്‌ തെളിവില്ല" എന്ന സിബിഐയുടെ സത്യവാങ്മൂലത്തിലെ ഒരു വാക്യമുദ്ധരിച്ച്‌ പിണറായി അടക്കമുള്ളവര്‍ പ്രചാരണം നടത്തുന്നത്‌. ഇത്‌ നിയമത്തെ നിഷേധിക്കുന്നതും ജനങ്ങളെ വഞ്ചിക്കുന്നതുമായ നിലപാടാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ഇത്‌ തിരിച്ചറിയാതെയാണ്‌ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും പിണറായിയെ ന്യായീകരിച്ച്‌ വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളത്‌.
പിണറായി അടക്കമുള്ളവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള, അഴിമതി നിരോധന നിയമത്തിലെ പതിമൂന്നാം വകുപ്പിന്‌ ഏറെ പ്രത്യേകതകളുണ്ട്‌, ആതിരേ... ആരെങ്കിലും അവിഹിതമായി കൈക്കൂലി പണം കൈപ്പറ്റിയെന്ന്‌ ആരോപിക്കപ്പെടേണ്ട ആവശ്യം പോലും ഈ വകുപ്പനുസരിച്ചില്ല. അതുകൊണ്ട്‌ അത്‌ തെളിയിക്കേണ്ട ബാധ്യത സിബിഐയ്ക്കുമില്ല.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്‌. അഴിമതി നിരോധന നിയമത്തിന്‌ ഏഴാം വകുപ്പിന്‌ പുറമെ പതിമൂന്നാം വകുപ്പുകൂടി ഉള്‍പ്പെടുത്തിയതിന്റെ സാംഗത്യമാണത്‌. ഇതിന്‌ സവിശേഷമായ ഒരു ലക്ഷ്യമുണ്ട്‌. ആരും കൈക്കൂലി നേരിട്ട്‌ വാങ്ങണമെന്നില്ല. ഇനി വാങ്ങിയാല്‍ തന്നെ അതിന്‌ രേഖകള്‍ ഉണ്ടാവുകയുമില്ല. അതുകൊണ്ടാണ്‌ പതിമൂന്നാം വകുപ്പുകൂടി നിയമനിര്‍മാണ വിദഗ്ധര്‍ എഴുതി ചേര്‍ത്തത്‌. പിണറായി അടക്കമുള്ളവര്‍ക്കെതിരെ ചാര്‍ജ്‌ ഷീറ്റില്‍ ആരോപിക്കപ്പെട്ടിട്ടുള്ള 13 (1) (സി), (ഡി) വകുപ്പുകള്‍ പ്രകാരം സത്യസന്ധമല്ലാത്ത, വഞ്ചനാപരമായ ഇടപാടുകളിലൂടെ ആര്‍ക്കെങ്കിലും നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തിചെയ്യുന്നതും അധികാരസ്ഥാനം ദുരുപയോഗപ്പെടുത്തി മറ്റാര്‍ക്കെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതും കുറ്റകരമാണ്‌. ഇതിന്‌ കൈക്കൂലിയുമായും പണം പറ്റലുമായും ബന്ധമൊന്നുമില്ല. അതേസമയം ആരും തന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ഇത്തരം സഹായങ്ങളും സേവനങ്ങളും വെറുതെ ചെയ്യുകയില്ല എന്നുള്ള അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌, ആതിരേ പതിമൂന്നാം വകുപ്പുകൂടി നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അതില്ലായിരുന്നെങ്കില്‍ കൈക്കൂലി വാങ്ങിയതിന്‌ രസീത്‌ നല്‍കിയാല്‍ മാത്രമേ അഴിമതിക്കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടി സാധ്യമാകുമായിരുന്നുള്ളു. എന്നാല്‍ അതല്ല ലാവലിന്‍ കേസില്‍ പിണറായി അടക്കമുള്ളവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്‌.
മേല്‍പ്പറഞ്ഞ വകുപ്പനുസരിച്ചുള്ള കുറ്റം കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വിവരിച്ചിട്ടുള്ള മറ്റു കുറ്റങ്ങളും സിബിഐയുടെ ചാര്‍ജ്‌ ഷീറ്റിലുണ്ട്‌. ക്രിമിനല്‍ ഗൂഢാലോചന (120 ബി), ക്രിമിനല്‍ സ്വഭാവമുള്ള വിശ്വാസലംഘനം (409), വഞ്ചന (420) രേഖകളിലെ കൃത്രിമത്വവും വ്യാജരേഖ പ്രയോഗവും (465, 468, 471) വകുപ്പുകള്‍) എന്നിവയാണവ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലിയില്‍ നിന്നും അനധികൃത പണസമ്പാദനത്തില്‍ നിന്നും വ്യത്യസ്ഥമായാണ്‌ മന്ത്രിമാരടക്കമുള്ള പൊതുപ്രവര്‍ത്തകരുടെ സാമ്പത്തിക അഴിമതിയെന്ന്‌ തിരിച്ചറിഞ്ഞിട്ടാണ്‌ നിയമത്തില്‍ ഇത്തരം വകുപ്പുകള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്‌. ആ വകുപ്പുകള്‍ അനുസരിച്ചാണ്‌ ലാവലിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്‌. ഈ കേന്ദ്ര വിഷയങ്ങള്‍ തമസ്കരിച്ചുകൊണ്ട്‌ കേവലം പണാപഹരണത്തിന്റെ ലഘുതയിലേക്ക്‌ ലാവലിന്‍ കേസ്‌ ഒതുക്കാനുള്ള ശ്രമമാണ്‌ കഴിഞ്ഞദിവസങ്ങളില്‍ കണ്ടതും കോടതിയുടെ സമയോജിതമായ വിശദീകരണത്തിലൂടെ അതിന്‌ ശ്രമിച്ചവരുടെ വായടപ്പിച്ചതും. ഇത്‌ തിരിച്ചറിയാതെ അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന്‌ ഭാവിച്ചാണ്‌ ചന്ദ്രചൂഡനും വെളിയം ഭാര്‍ഗവനും പിജെ ജോസഫും അടക്കമുള്ളവര്‍ പിണറായിയെ ന്യായീകരിക്കാന്‍ ശ്രമിച്ചത്‌. ഇത്‌ കോഴി കട്ടവന്‍ തലയില്‍ പൂട തപ്പിനോക്കുന്നതിന്‌ തുല്ല്യമാണ്‌.
എന്നാല്‍,ആതിരേ, ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റുന്നത്‌ നേരിട്ട്‌ കണ്ടു എന്ന പുതിയ സാക്ഷിമൊഴി സിബിഐയ്ക്ക്‌ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്‌.തിരുവനന്തപുറം സ്വദേശി ദീപക്‌ കുമാറാണ്‌ ഇതു വെളിപ്പെടുത്തിയിട്ടുള്ളത്‌. രണ്ടുകോടി രൂപയാണ്‌ നേരിട്ട്‌ പിണറായി വിജയന്‌ നല്‍കിയതെന്നാണ്‌ ആരോപണം. ദിലീപ്‌ രാഹുലന്‍, നാസര്‍, ബീന തുടങ്ങിയവരിലൂടെയാണ്‌ ഈ പണം പിണറായിക്ക്‌ ലഭിച്ചതെന്നും സ്വന്തം കൈപ്പടയിലെഴുതിയ 60 പേജുള്ള വിശാദികരണത്തില്‍ ദീപക്‌ കുമാര്‍ വ്യക്തമാക്കുന്നു.സിബിഐയുടെ ചെന്നൈ ഓഫീസിലാലാണ്‌ ദീപക്‌ കുമാര്‍ ഈ വിശദീകരണം നല്‍കിയിട്ടുള്ളത്‌.. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തേണ്ടത്‌ സിബിഐയാണ്‌.
ലാവലിന്‍ ഇടപാടില്‍ പാര്‍ട്ടിക്ക്‌ നേരത്തെ തന്നെ ഏഴ്‌ കോടിയോളം രൂപ ലഭിച്ചിരുന്നു, ആതിരേ..!. ഇഎംഎസ്‌ ജീവിച്ചിരുന്ന കാലത്താണ്‌ ഈ തുക ലഭിച്ചത്‌. അത്‌ പാര്‍ട്ടിയുടെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന്‌ അന്ന്‌ ഇഎംഎസ്‌ തന്നെ വ്യക്തമാക്കിയതാണ്‌. ഈ പണം ഉപയോഗിച്ചാണ്‌ എകെജി സെന്റര്‍ മോഡിഫിക്കേഷനും സെക്രട്ടേറിയേറ്റ്‌ അംഗങ്ങള്‍ക്ക്‌ ഫ്ലാറ്റും പാര്‍ട്ടി ചാനലിന്റെ പ്രാരംഭ നടപടികളും ആരംഭിച്ചത്‌. എന്നാല്‍, ഇഎംഎസിന്റെ കൗശലബുദ്ധിയില്‍ ഈ പണം മറയ്ക്കാന്‍ ഒരു തന്ത്രം രൂപം കൊള്ളുകയും ചെയ്തു. പാര്‍ട്ടി ചാനലിനു വേണ്ടി നടത്തിയ ബക്കറ്റ്‌ പിരിവാണിത്‌. സഖാക്കള്‍ അവകാശപ്പെടുന്നത്‌ ഒറ്റദിവസം കൊണ്ട്‌ ഏഴ്‌ കോടി രൂപ ഇങ്ങനെ ബക്കറ്റ്‌ പിരിവിലൂടെ സമാഹരിച്ചു എന്നാണ്‌. സത്യത്തെ തമസ്കരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്കുള്ള വിരുത്‌ ഒന്നുവേറെ തന്നെയാണ്‌.
ആതിരേ, ഇതിന്‌ സമാന്തരമായി വായിക്കേണ്ടതാണ്‌ പിണറായി വിജയന്‍ ഇപ്പോള്‍ നടത്തിയ വിദേശ പര്യടനവും അതിനിടയില്‍ തച്ചങ്കരിയുടെതായി ഉണ്ടായ വിദേശത്തെ സാന്നിധ്യവും. കേരളത്തിലെ നേതാക്കള്‍ക്ക്‌ വിദേശത്ത്‌ സഞ്ചരിക്കാന്‍ കേരള പോലീസിന്റെ വഴിയൊരുക്കല്‍ ആവശ്യമില്ല എന്ന്‌ പിണറായി ഇപ്പോള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും തച്ചങ്കരിയുടെ വിവാദ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം പിണറായിക്കും തച്ചങ്കരിക്കും ബന്ധപ്പെട്ട ചിലര്‍ക്കും വ്യക്തമായി അറിയാവുന്നതാണ്‌. പൊതുസമൂഹത്തിന്‌ അത്‌ സംബന്ധിച്ച ധാരണയുമുണ്ട്‌.
ഈ സന്ദര്‍ശനം നേതാക്കന്മാരുടെ അറിവോടും ആശീര്‍വാദത്തോടും ആയിരുന്നു നടന്നത്‌ എന്നതിന്റെ തെളിവാണ്‌ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ നടപടി. പെരുമാറ്റച്ചട്ടം ലംഘിച്ച്‌ വിദേശ യാത്ര നടത്തിയതിന്റെ പേരിലാണ്‌ തച്ചങ്കരിയെ സസ്പെന്റ്‌ ചെയ്തത്‌. പാര്‍ട്ടിയിലെ പടലപ്പിണക്കത്തിന്റെ ഇരയാണ്‌ താനെന്നും ഏകപക്ഷീയമായാണ്‌ തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും ആരോപിച്ച്‌ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണില്‍ തച്ചങ്കരി നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ്‌ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്‌. ഈ ഹര്‍ജിയുടെ വാദത്തിനിടയില്‍ ഹാജരാക്കേണ്ടിയിരുന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലം യഥാസമയത്ത്‌ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലിന്‌ കൈമാറാതിരുന്നതുകൊണ്ടാണ്‌ തച്ചങ്കരിക്ക്‌ അനുകൂലമായ വിധിയുണ്ടായത്‌. ഇക്കാര്യത്തില്‍ അഡ്വ. ജനറല്‍ സുധാകര പ്രസാദിന്റെ ഓഫീസ്‌ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പാര്‍ട്ടിയിലെ ഉന്നതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നു.. തന്നോടുകൂടി ആലോചിച്ച ശേഷമാണ്‌ തച്ചങ്കരിയെ സസ്പെന്റ്‌ ചെയ്തതെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി സമ്മതിച്ചതാണ്‌. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലില്‍ ഹാജരാക്കിയില്ലെങ്കില്‍ അതിന്റെ ഉദ്ദേശ്യം വ്യക്തമാണ്‌. അതിനു പിന്നിലുള്ള ശക്തികള്‍ ആരൊക്കെയാണെന്നും വ്യക്തമാണ്‌. വാസ്തവങ്ങള്‍ ഇതായിരിക്കെയാണ്‌ പിണറായി വിജയന്‍ നിരപരാധി ചമയുന്നതും അദ്ദേഹത്തിന്റെ പിണിയാളുകള്‍ അനുകൂല പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ നിറയുന്നതും. എന്നാല്‍, യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ കഴിയുന്നുണ്ട്‌ എന്നതും ഈ തിരിച്ചറിവിലേക്ക്‌ അവരെ എത്തിക്കാന്‍ കോടതികള്‍ സഹായകമാവുന്നു എന്നതുമാണ്‌ ആതിരേ ആശാവഹമായ പരിണാമം.

Friday, April 23, 2010

പവാറിനെയും പ്രഫുല്‍ പട്ടേലിനെയും തൊടാന്‍ മാഡത്തിനും മന്‍മോഹനും ധൈര്യമുണ്ടോ

രാജ്യത്തെ ജനങ്ങളെയും നിയമ സംഹിതകളെയും തൃണവല്‍ഗണിച്ച്‌, വിഡ്ഢികളാക്കിയാണ്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ പരാജിതനായ ഒരു വ്യവസായിയായിരുന്ന ലളിത്‌ മോഡി ഇന്ന്‌ കോടീശ്വരനായി ഉയര്‍ന്നു വന്നിട്ടുള്ളത്‌. ഈ ഉയര്‍ച്ചയില്‍ പവാറും പട്ടേലും അടക്കം നിരവധി നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ട്‌. എന്നിട്ടും ശക്തമായ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയുന്നില്ല. ലളിത്‌ മോഡിയും പവാറും പട്ടേലുമൊക്കെ ക്രിക്കറ്റ്‌ പ്രേമികളെയും രാജ്യത്തെ സാമ്പത്തിക നിയമങ്ങളെയും നിഷ്ഭ്രപമാക്കിയതിനേക്കാളും ഹീനമായ രീതിയിലാണ്‌ ഇപ്പോള്‍ ഈ വിഷയം കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ്‌ നേതൃത്വവും കൈകാര്യം ചെയ്യുന്നത്‌. അതേ, പണത്തിന്‌ മീതെ മാഡവും മന്‍മോഹനും പ്രണാബും ആന്റണിയുമൊന്നും പറക്കുകയില്ലെന്ന്‌ തന്നെ അര്‍ത്ഥം.



ഐപിഎല്‍ വിവാദം ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ വിട്ട്‌ ഇപ്പോള്‍ രാഷ്ട്രീയത്തിന്റെ പിച്ചിലാണ്‌, ആതിരേ ബാറ്റിംഗും ബോളിങ്ങും. വിദേശ സഹമന്ത്രി ശശിതരൂരിന്റെ കസേര തെറിപ്പിച്ച ആ വിവാദത്തില്‍ നിന്ന്‌ രാഷ്ട്രീയ മെയിലേജുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും അടക്കമുള്ള ദേശീയ കക്ഷികള്‍.
തരൂരിന്റെ വിക്കറ്റ്‌ തെറിപ്പിച്ച്‌ ബിജെപി ആദ്യത്തെ ആഘാതം ഏല്‍പ്പിക്കുന്നതില്‍ വിജയിച്ചെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ശശിതരൂരിനെ മാഡവും മന്‍മോഹനും പ്രണാബും ആന്റണിയും പവാറും പട്ടേലുമൊക്കെ അടങ്ങുന്ന രാഷ്ട്രീയ കാലുവാരികള്‍ ബലിയാടാക്കുകയായിരുന്നു എന്ന്‌ അന്നുതന്നെ വ്യക്തമായതാണ്‌.
തരൂരിനെ മാറ്റിനിര്‍ത്തുന്നതോടെ ഈ വിവാദം കെട്ടടങ്ങുമെന്നാണ്‌ മന്‍മോഹന്‍ അടക്കമുള്ളവര്‍ കരുതിയതെന്ന്‌ തോന്നുന്നു. എന്നാല്‍, ഈ ക്രീസില്‍ ഇനിയും നേട്ടത്തിന്റെ വിക്കറ്റുകള്‍ കൊയ്യാനുണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള കക്ഷികള്‍ ഫാസ്റ്റ്‌ ബോളിംഗും സ്പിന്‍ ബോളിംഗും മാറിമാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. തരൂരിന്റെ വിക്കറ്റു തെറിപ്പിച്ച ലളിത്‌ മോഡിയെ ക്ലീന്‍ ബൗള്‍ ചെയ്തേ അടങ്ങൂ എന്ന വാശിയിലാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍. എന്നാല്‍, പൊരുതാനുറച്ച്‌ നില്‍ക്കുന്ന വാലറ്റക്കാരന്‍ ബാറ്റ്സ്മാന്റെ ചങ്കൂറ്റത്തോടെ മോഡി കോണ്‍ഗ്രസിന്റെ നീക്കങ്ങളെ ചെറുത്തു നില്‍ക്കുകയാണ്‌.
അതോടെ ഐപിഎല്‍ വിവാദ ക്ലൈമാക്സ്‌ പ്രവചനാതീതമായിരിക്കുകയാണ്‌. കോടികളുടെ ബിസിനസ്‌ നടക്കുന്ന ഐപിഎല്ലിന്റെ പരമാധികാരസ്ഥാനത്ത്‌ നിന്ന്‌ ഒഴിയില്ല എന്ന വാശിയിലാണ്‌ മോഡി. എന്നാല്‍, മോഡിയെ മാറ്റിയേ തീരു എന്ന പിടിവാശിയിലാണ്‌ കോണ്‍ഗ്രസിനൊപ്പം ബിസിസിഐ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍. മാറ്റാമെങ്കില്‍ മാറ്റ്‌ എന്നാണ്‌ ഇതിന്‌ മോഡിയുടെ മറുപടി. അടുത്ത തിങ്കളാഴ്ച നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ മോഡിയുടെ വിക്കറ്റ്‌ എടുക്കുമെന്ന്‌ തന്നെയാണ്‌ ശശാങ്ക്‌ മനോഹറിന്റെ തീരുമാനം.
ഇങ്ങനെ വിവാദങ്ങള്‍ അനസ്യൂതം തുടരുമ്പോഴാണ്‌, ആതിരേ ഐപിഎല്ലിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്‍ഫോഴ്സമെന്റ്‌ വിഭാഗം ചികഞ്ഞ്‌ പുറത്തിട്ടിരിക്കുന്നത്‌. നിയമവിരുദ്ധമായ മാര്‍ഗ്ഗത്തിലാണ്‌ മൗറീഷ്യസ്‌ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന്‌ ഐപിഎല്‍ അക്കൗണ്ടിലേക്ക്‌ കോടികള്‍ ഒഴുകിയെത്തിയെന്നാണ്‌ എന്‍ഫോഴ്സമെന്റ്‌ വിഭാഗത്തിന്റെ കണ്ടെത്തല്‍. എല്ലാ ടീമുകളും താരങ്ങള്‍ക്ക്‌ നല്‍കിയ പണത്തിന്റെ മാത്രമല്ല. തുടര്‍ന്ന്‌ നടത്തിയ സല്‍ക്കാരങ്ങളുടെയും ആഘോഷങ്ങളുടെയും ചെലവ്‌ വിവരവും ഉല്ലാസ സുന്ദരികള്‍ക്ക്‌ (ചിയര്‍ ലീഡേഴ്സ്‌) നല്‍കിയ വേതന വിവരവും പുറത്തുവരുമ്പോള്‍ ബൃഹത്തായ സാമ്പത്തിക ക്രമക്കേട്‌ വെളിവാകുമെന്നാണ്‌ ഇപ്പോഴുള്ള സൂചനകള്‍. മൗറീഷ്യസില്‍ നിന്ന്‌ മാത്രമല്ല, കുക്സ്‌ ഐലന്റ്‌, കേമാന്‍ ഐലന്റ്‌ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍, നിയമവിരുദ്ധമായി പണമൊഴുകിയെത്തിട്ടുണ്ട്‌.
ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും, ആതിരേ ഈ ക്രമക്കേട്‌ നിറഞ്ഞുനില്‍ക്കുന്നു. സംപ്രേക്ഷണാവകാശം മറിച്ചുവിറ്റതിലും വന്‍തിരിമറി നടന്നിട്ടുണ്ട്‌ എന്നാണ്‌ ഇപ്പോഴത്തെ വിവരം. വാതുവെയ്പിലൂടെയും കോടികളാണ്‌ ഒഴുകിയെത്തിയിട്ടുള്ളത്‌. വാതുവെയ്പ്പില്‍ സാക്ഷാല്‍ ലളിത്‌ മോഡിക്ക്‌ നിര്‍ണായകമായ പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌. എന്നുമാത്രമല്ല, ഓരോ ടീമിന്റെയും ഉടമസ്ഥതയ്ക്ക്‌ പിന്നിലും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും അതിന്‌ സംരക്ഷണം നല്‍കാന്‍ കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അടക്കമുള്ളവര്‍ ഇപ്പോഴും സജീവമാണെന്നും വ്യക്തമായിട്ടുണ്ട്‌.
ഐപിഎല്ലിന്റെ സാമ്പത്തിക ഇടപാടുകളുമായി അഭേദ്യമായ ബന്ധമാണ്‌ കേന്ദ്രകൃഷിമന്ത്രി ശരത്പവാറിനും വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനുള്ളതെന്നും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കമ്മിറ്റയുടെ തലവനാകാന്‍ ശ്രമിക്കുന്ന ശരത്‌ പവാറിന്‌ ഈ പുതിയ വെളിപ്പെടുത്തലുകള്‍ കുറച്ചൊന്നുമല്ല തലവേദനയുണ്ടാക്കിയിട്ടുള്ളത്‌. ശശി തരൂരിനെ പുകയ്ക്കാന്‍ കേരള ഐപിഎല്‍ ടീമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ട മോഡിയെ പവാറിനും ഭയമാണ്‌. അതുകൊണ്ട്‌ അണ്‍സെറിമോണിയസായി മോഡിയെ പുറത്താക്കാനോ ഐപിഎല്ലിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള അന്വേഷണം സമഗ്രമായി മുന്നേറാനോ പവാര്‍ ഇഷ്ടപ്പെടുന്നില്ല. ശശിതരൂര്‍ വിവാദം ഉയര്‍ന്നപ്പോള്‍ മോഡിക്കൊപ്പം നിന്ന പവാര്‍ പിന്നീട്‌ തന്റെ നിലപാട്‌ മാറ്റിയത്‌ അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഗൂഗ്ലിയേറായിട്ടു വേണം വിലയിരുത്തേണ്ടത്‌.
തങ്ങളുടെ മിടുക്കനായ മന്ത്രിയുടെ കസേര തെറിപ്പിച്ച മോഡിയെ ഐപിഎല്ലിന്റെ പരമാധികാര സ്ഥാനത്ത്‌ നിന്ന്‌ ചവിട്ടി പുറത്താക്കിയെ തീരു എന്ന വാശിയിലാണ്‌ കോണ്‍ഗ്രസില്‍ ഒരുവിഭാഗം. എന്നാല്‍, ഇവരെയും സമവായത്തിന്റെ മാര്‍ഗത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ പവാര്‍ ഇപ്പോള്‍. അതിന്റെ അടിസ്ഥാനത്തിലാണ്‌ ലളിത്‌ മോഡിയെ തല്‍സ്ഥാനത്ത്‌ നിന്ന്‌ മാറ്റാനുള്ള ഫോര്‍മുലയ്ക്ക്‌ പവാര്‍ തന്ത്രം മെനഞ്ഞത്‌.
ഇതിനിടയിലാണ്‌, ആതിരേ മറ്റൊരു എന്‍സിപി മന്ത്രിയായ പ്രഫുല്‍ പട്ടേലിനും പുത്രി പൂര്‍ണയ്ക്കും ഐപിഎല്ലുമായുള്ള അവിഹിത സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്ന്‌ പുറത്തെത്തിയിട്ടുള്ളത്‌. അതുമാത്രമല്ല പവാറിനെ വിഷമവൃത്തത്തിലാക്കുന്നത്‌ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം ലഭിച്ച മള്‍ട്ടി സ്ക്രീന്‍ മീഡിയയില്‍ തന്റെ ഭര്‍ത്താവിന്‌ പത്ത്‌ ശതമാനം പ്രോക്സി ഓഹരിയുണ്ടെന്ന്‌ പവാറിന്റെ മകള്‍ സുപ്രിയ തന്നെ സമ്മതിച്ചിട്ടുണ്ട്‌. സോണി ടിവിയുടെ ചെയര്‍മാനായി ഭര്‍ത്തൃപിതാവ്‌ ജോലിചെയ്തിരുന്നതുകൊണ്ടാണ്‌ ഈ ഓഹരി ലഭിച്ചതെന്നും സുപ്രിയ വ്യക്തമാക്കിയിട്ടുണ്ട്‌.അതെസമയം ഐപിഎല്ലിന്റെ മാനേജരാണ്‌ പട്ടേലിന്റെ മകള്‍ പൂര്‍ണ. കേരള ടീമിന്റെ ലേലത്തിന്‌ രണ്ടുദിവസം മുമ്പ്‌ ഐപിഎല്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ സുന്ദര രാമന്റെ മെയില്‍ തരൂരിന്‌ പട്ടേല്‍ ഫോര്‍വേഡ്‌ ചെയ്തിരുന്നു. ഇതെല്ലാം ഐപിഎല്ലുമായുള്ള പട്ടേലിന്റെ അടുത്ത ബന്ധത്തിന്റെ നിഷേധിക്കാനാവാത്ത തെളിവുകളാണ്‌.
ഓരോ ദിവസം കഴിയും തോറും സാമ്പത്തീക ക്രമക്കേടിന്റെ പുതിയ പുതിയ വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സഹാറ ഗ്രൂപ്പിന്റെ ലക്നൗ ഓഫീസില്‍ നിന്നും ഷാരൂഖ്‌ ഖാന്റെ റെഡ്‌ ചില്ലീസ്‌ എന്റര്‍ടെയിന്‍മെന്റിന്റെ മുംബൈ ഓഫീസില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വന്‍ തിരിമറിയുടെയും വന്‍ തോക്കുകള്‍ക്കുള്ള ബന്ധത്തിന്റെയും തെളിവുകളാണ്‌. ഇതിനിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സിന്റെ രേഖകളിലും കൃത്രിമമുണ്ടെന്ന്‌ കണ്ടെത്തിക്കഴിഞ്ഞു.
രാഷ്ട്രത്തെയും ജനങ്ങളെയും വഞ്ചിക്കുന്ന ബിസിസിഐ ഇന്ത്യന്‍ ജനതയോട്‌ ഉത്തരം പറയണമെന്നാണ്‌ സ്പോര്‍ട്സ്‌ മന്ത്രി എം.എസ്‌ ഗില്‍ അഭിപ്രായപ്പെട്ടത്‌. ഇതിനിടയിലാണ്‌ ഐപിഎല്‍ മത്സരങ്ങള്‍ക്ക്‌ വിനോദ നികുതി ഇളവുകള്‍ അനുവദിച്ചതിനെതിരെ മുംബൈ ഹൈക്കോടതി വിധി പ്രഖ്യാപിച്ചതും മുംബൈ മത്സരങ്ങളുടെ വരുമാന വിവരം ഹാജരാക്കാന്‍ ഉത്തരവിട്ടതും.
ഇതില്‍ നിന്നെല്ലാം, ആതിരേ വ്യക്തമാകുന്നത്‌ ഇതുവരെ പുറത്തുവന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ' ഹിമാനി' യുടെ തുമ്പുമാത്രമാണെന്നാണ്‌. ഊഹങ്ങള്‍ക്കും അപ്പുറമുള്ള ക്രമക്കേടുകളാണ്‌ അരങ്ങേറിയിട്ടുള്ളതെന്ന്‌ വ്യക്തം. കേന്ദ്ര മന്ത്രിമാരുടെയും ദേശീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സഹായവും സഹകരണവും സംരക്ഷണവുമില്ലാതെ മോഡിക്കും കൂട്ടര്‍ക്കും ഇത്തരത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്താന്‍ കഴിയുകയില്ല എന്നത്‌ മറ്റൊരു വാസ്തവം.. മോഡിയെ സഹായിച്ചവരുടെ കൂട്ടത്തില്‍ ഒന്നുംരണ്ടും സ്ഥാനത്ത്‌ ഇപ്പോള്‍ നില്‍ക്കുന്നത്‌ ശരത്പവാറും പ്രഫുല്‍ പട്ടേലുമാണ്‌.
ചോദ്യമിതാണ്‌, കേരളാ ഐപിഎല്‍ ടീമിന്റെ രൂപീകരണത്തില്‍ സാമ്പത്തികമായ തിരിമറികള്‍ നടന്നെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍- ആ തിരിമറികളിലൊന്നും ബന്ധമില്ലാതിരുന്നിട്ടും- ശശിതരൂരിനെ മന്ത്രിസ്ഥാനത്ത്‌ നിന്ന്‌ നീക്കം ചെയ്ത മാഡത്തിനും മന്‍മോഹന്‍ സിംഗിനും പവാറിനെതിരെയും പ്രഫുല്‍ പട്ടേലിനെതിരെയും നടപടിയെടുക്കാനുള്ള നട്ടെല്ലുറപ്പുണ്ടോ ?. രാഷ്ട്രീയത്തിലെന്നപോലെ ക്രിക്കറ്റ്‌ ക്രീസിലും നല്ലൊരു തന്ത്രശാലിയായ കളിക്കാരനാണ്‌ ശരത്‌ പവാര്‍. അതുകൊണ്ടുതന്നെ വലിയ പരിക്കുകൂടാതെ അദ്ദേഹം ഇതുവരെ ഈ രണ്ടുമേഖലകളിലും തന്റെ ആധിപത്യം സൂക്ഷിച്ചുപോന്നിരുന്നു. എന്നാല്‍, ഇത്രയധികം വിവാദങ്ങളും രഹസ്യങ്ങളും ഐപിഎല്‍ ക്രമക്കേടുകളെ കുറിച്ച്‌ പുറത്തുവന്ന സ്ഥിതിക്കും ശശിതരൂരിനെ ബലികൊടുത്ത സ്ഥിതിക്കും പവാറിനെതിരെയും പ്രഫുല്‍ പട്ടേലിനെതിരെയും നടപടിവേണമെന്നാണ്‌ ഇപ്പോള്‍ ബിജെപിയുടെ ആവശ്യം. ഈ കളിയില്‍ രണ്ടും മൂന്നും വിക്കറ്റുകള്‍ കൂടി നേടാനുള്ള ശ്രമത്തിലാണ്‌ ബിജെപി. തങ്ങളുടെ ഇഷ്ടക്കാരനായ മോഡിയെ ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്ത്‌ നിന്ന്‌, ഏത്‌ അടിസ്ഥാനത്തിലാണെങ്കിലും, മാറ്റിയാല്‍ പവാറിനെതിരെയും പട്ടേലിനെതിരെയും ആഞ്ഞടിക്കാനാണ്‌ അവരുടെ തീരുമാനം.
പവാറിനെതിരെ നടപടി സ്വീകരിക്കുക എന്നുവച്ചാല്‍ മഹാരാഷ്ട്രയില്‍ എന്‍സിപിയുമായുള്ള രാഷ്ട്രീയ ബാന്ധവം അവസാനിപ്പിക്കുക എന്നതാണ്‌. അങ്ങനെ സംഭവിച്ചാല്‍ , കോണ്‍ഗ്രസ്‌ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന്‌ പിടിച്ചു നില്‍ക്കാന്‍ പവാറിന്‌ കെല്‍പ്പുണ്ട്‌. അതുകൊണ്ട്‌ പവാറിനെതിരെയോ പട്ടേലിനെതിരെയോ കടുത്ത നടപടി സ്വീകരിക്കാന്‍ തത്ക്കാലം കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറാവുകയില്ല. എന്നുമാത്രമല്ല, ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള അന്വേഷണങ്ങള്‍ സമഗ്രമായി പൂര്‍ത്തിയാവുന്ന പക്ഷം മറ്റു പല പ്രമുഖരുടെ തലയും ഉരുളും. അതും അത്രയ്ക്കൊന്നും സഹനീയമായിരിക്കുകയില്ല കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌. അതുകൊണ്ട്‌ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പവാറിന്റെ പവറിന്‌ മൂക്ക്‌ കയറിടാം എന്നുമാത്രമാണ്‌ കോണ്‍ഗ്രസിന്റെ ലക്ഷ്യം.
രാജ്യത്തെ ജനങ്ങളെയും നിയമ സംഹിതകളെയും തൃണവല്‍ഗണിച്ച്‌, വിഡ്ഢികളാക്കിയാണ്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ പരാജിതനായ ഒരു വ്യവസായിയായിരുന്ന ലളിത്‌ മോഡി ഇന്ന്‌ കോടീശ്വരനായി ഉയര്‍ന്നു വന്നിട്ടുള്ളത്‌. ഈ ഉയര്‍ച്ചയില്‍ പവാറും പട്ടേലും അടക്കം നിരവധി നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ട്‌. എന്നിട്ടും ശക്തമായ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയുന്നില്ല. ലളിത്‌ മോഡിയും പവാറും പട്ടേലുമൊക്കെ ക്രിക്കറ്റ്‌ പ്രേമികളെയും രാജ്യത്തെ സാമ്പത്തിക നിയമങ്ങളെയും നിഷ്ഭ്രപമാക്കിയതിനേക്കാളും ഹീനമായ രീതിയിലാണ്‌ ഇപ്പോള്‍ ഈ വിഷയം കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ്‌ നേതൃത്വവും കൈകാര്യം ചെയ്യുന്നത്‌. അതേ, ആതിരേ പണത്തിന്‌ മീതെ മാഡവും മന്‍മോഹനും പ്രണാബും ആന്റണിയുമൊന്നും പറക്കുകയില്ലെന്ന്‌ തന്നെ അര്‍ത്ഥം.

ഉണര്‍ത്തുപാട്ടായി പത്താമുദയം

Wednesday, April 21, 2010

എന്നിട്ടും തച്ചങ്കരിയെ രക്ഷിക്കാന്‍ കോടിയേരി ശ്രമിക്കുമ്പോള്‍


പിണറായി വിജയനൊപ്പം പണം പിരിക്കാനാണ്‌ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന ആരോപണം വ്യാപകമാണ്‌. തീവ്രവാദ കേസുകളില്‍ പ്രതികളായി ഗള്‍ഫില്‍ കഴിയുന്നവരെ തച്ചങ്കരി നേരിട്ട്‌ കണ്ടുവെന്നും കേസില്‍ നിന്നൊഴിവാക്കാന്‍ അവരില്‍ നിന്ന്‌ വന്‍ തുക ആവ്യപ്പെട്ടു എന്നും മുസ്ലീം യൂത്ത്‌ ലീഗാണ്‌ നേതാക്കളാണ്‌ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്‌. ക്രിമിനലായ പൊലീസ്‌ ഉദ്യേഗ്സഥനാണ്‌ തച്ചങ്കരി എന്ന്‌ പറഞ്ഞതിന്റെ പേരില്‍ ടി. എം. ജേക്കബിനെതിരെ മാനനഷ്ടത്തിന്‌ കേസുകൊടുത്ത തച്ചങ്കരി പക്ഷെ, മുസ്ലീം ലീഗ്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ ആരോപണം കേട്ടതായി പോലും ഭാവിക്കുന്നില്ല. ഇവിടെ കൂട്ടിവായിക്കേണ്ട ഒരു സംഗതിയുണ്ട്‌. തടിയന്റവിട നസീര്‍ അറസ്റ്റിലായപ്പോള്‍ തീവ്രവാദ സ്ക്വാഡ്‌ തലവന്‍ ടി. കെ വിനോദ്‌ കാമറിനെ മറികടന്ന്‌ നസീറിനെ ചോദ്യം ചെയ്യാന്‍ തച്ചങ്കരിയാണ്‌ ബാംഗ്ലൂരിലേക്ക്‌ പോയത്‌. ആഭ്യന്തരവകുപ്പ്‌ മന്ത്രിയുടെയും പാര്‍ട്ടിയിലെ പ്രമുഖരുടെയും പിന്തുണയില്ലാതെ ഒരു പോലീസ്‌ ഓഫീസര്‍ക്ക്‌ ഇങ്ങനെ ചെയ്യാന്‍ കഴിയുകയില്ലഎന്നത്‌ പകല്‍പോലെയുള്ള വാസ്തവം.



ഒരു പെരുംകള്ളനെ പിടിച്ചാല്‍ കൂട്ടുകള്ളന്മാരെ വലയിലാക്കാമെന്നതാണ്‌ പോലീസ്‌ അന്വേഷണത്തിന്റെ ഒരു രീതി. അത്‌ ശരിയാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ , ആതിരേ കണ്ണൂര്‍ റെയ്ഞ്ച്‌ ഐജി ടോമിന്‍ ജെ തച്ചങ്കരി.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്‌ ആ 'ഏമാന്‍' ഏമാന്റെ യാത്ര വിവാദമായപ്പോഴാണ്‌ അദ്ദേഹത്തെ പോലെ മുപ്പതോളം ഐഎഎസ്‌ - ഐപിഎസ്‌ ഉദ്യോഗസ്ഥരും അറുന്നൂറോളം സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന വാസ്തവം പുറത്തുവന്നത്‌. ഏമാന്‍ തന്നെയാണ്‌ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. ഐപിഎസ്‌ ഉദ്യോഗസ്ഥരായ ആര്‍. ശ്രീലേഖ, ടി. വിക്രം, ജയപ്രകാശ്‌, ഐഎസ്‌ ഉദ്യോഗസ്ഥരായ ജയതിലക്‌, ഇഷിത റോയ്‌, ടി.സി സനല്‍കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നാണ്‌ തച്ചങ്കരി ഡിജിപിയെ ബോധ്യപ്പെടുത്തിയിത്‌. ഇവരടക്കം 630 ഓളം പേര്‍ ചട്ടം ലംഘിച്ച്‌ വിദേശയാത്ര നടത്തിയിട്ടും "ഒരാള്‍ക്കെതിരെ പോലും അച്ചടക്കനടപടി സ്വീകരിച്ചിട്ടില്ലെന്നും അവരോട്‌ കാണിച്ച സാമാന്യ നീതി തന്നോട്‌ കാണിക്കണം" എന്നുമാണ്‌ തച്ചങ്കരി ഡിജിപിയോട്‌ ആവശ്യപ്പെട്ടത്‌.
ഒരു മോഷ്ടാവോ കുറ്റവാളിയോ ആണ്‌ ഇത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കുന്നതെങ്കില്‍ അവരോട്‌ തച്ചങ്കരി എങ്ങനെ പെരുമാറുമെന്ന്‌ ആലോചിച്ചു നോക്കുന്നത്‌ രസകരമായിരിക്കും. ആലപ്പുഴയിലെ ഒരു കൊലപാതക കേസ്‌ തെളിയിക്കാന്‍ മിടുക്കനായ തച്ചങ്കരി സ്വീകരിച്ച ക്രിമിനല്‍ മാര്‍ഗങ്ങള്‍ അപ്പോള്‍ നാം ഓര്‍ത്ത്‌ പോകും. ഈ സംഭവത്തിന്റെ പേരിലുള്ള കേസിപ്പോള്‍ സുപ്രീം കോടതി വരെ എത്തിയിരിക്കുകയാണ്‌. കുറ്റം ചെയ്താല്‍, മറ്റു കുറ്റവാളികള്‍ പിടിക്കപ്പെട്ടില്ലെങ്കില്‍ തന്നെയും പിടിക്കരുതെന്ന്‌ രേഖാമൂലം ആവശ്യപ്പെടുന്ന ഈ റെയ്ഞ്ച്‌ ഐജിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ ആലോചിച്ചു നോക്കുക.
ആതിരേ, കേരള പോലീസില്‍ ക്രിമിനലുകളുടെ വിളയാട്ടം തുടങ്ങിയത്‌ പോലീസ്‌ സേനയുടെ ആരംഭം മുതല്‍ തന്നെയാണെന്ന്‌ .തെളിവുകള്‍ നിരവധി... കാക്കിയുടെ കരുത്തില്‍ എന്ത്‌ തോന്ന്യാസവും കാണിക്കാമെന്ന അഹന്തയാണ്‌ പല പോലീസുകാര്‍ക്കും ഏമാന്മാര്‍ക്കുമുള്ളത്‌. ഈ ക്രിമിനലുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌ ചേര്‍ക്കാവുന്ന പേരാണ്‌ ടോമിന്‍ ജെ. തച്ചങ്കരിയുടേത്‌. അദ്ദേഹത്തിന്റെ ട്രാക്ക്‌ റെക്കോര്‍ഡ്‌ തന്നെയാണ്‌ അതിന്റെ സാക്ഷ്യപത്രം. വ്യാപാര രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്‍പ്പെടെ തച്ചങ്കരിയുടെ പേരിന്‌ പിന്നാലെ എഴുതിചേര്‍ത്തിട്ടുള്ള ആരോപണങ്ങള്‍ നിരവധിയാണ്‌. ജോലിയില്‍ പ്രവേശിച്ച കാലം മുതല്‍ തച്ചങ്കരിയെ വേട്ടയാടിയ ആരോപണവും തച്ചങ്കരി സൃഷ്ടിച്ച വിവാങ്ങളും ചില്ലറയല്ല. ആ പരമ്പരയില്‍ ഒടുവിലത്തേതാണ്‌ ചട്ടം ലംഘിച്ചുള്ള വിദേശയാത്ര.
മൂവാറ്റുപുഴ ആര്‍ഡിഒ ആയിരുന്ന പി.എസ്‌ സന്തോഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടാണ്‌ ആതിരേ, തച്ചങ്കരിക്കെതിരെ ആദ്യത്തെ ഗുരുതര ആരോപണം ഉണ്ടായത്‌. കെ. കരുണാകരന്റെ മുതല്‍ പത്മജാ വേണുഗോപാലും എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ തോമസ്‌ മാത്യുവും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ 'ചലിക്കുന്ന തെളിവുകള്‍' അന്ന്‌ മനോരമയില്‍ ലേഖകനായിരുന്ന സന്തോഷിന്റെ കൈവശം ലഭിച്ചു. ഈ രേഖ കൈക്കലാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഒടുവിലാണ്‌ സന്തോഷ്‌ ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. കാല്‍ ഡസനിലധികം സിബിഐ സംഘങ്ങള്‍ ഈ കൊലപാതകം അന്വേഷിച്ചെങ്കിലും സന്തോഷിന്റെ കൊലയാളികളെ കണ്ടെത്താന്‍ അവര്‍ക്ക്‌ 'കഴിയാതെ വന്നതുകൊണ്ട്‌' കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സന്തോഷിന്റെ വൃദ്ധയായ മാതാവ്‌ ലീല മാത്രമായിരുന്നു നീതിക്കുവേണ്ടിയുള്ള ഏകാങ്ക പോരാട്ടം തുടര്‍ന്നത്‌. സന്തോഷിന്റെ ദുരൂഹ മരണത്തെ കുറിച്ച്‌ നട്ടാല്‍ കുരുക്കാത്ത കള്ളങ്ങള്‍ പത്രസമ്മേളനത്തില്‍ വിളമ്പി മിടുക്കനായ ഓഫീസറാണ്‌ തച്ചങ്കരി. അന്ന്‌ മൂവാറ്റുപുഴ എഎസ്പിയായിരുന്നു തച്ചങ്കരി.
തന്റെ കൈയില്‍ ലഭിച്ച അനാശാസ്യ ബന്ധത്തിന്റെ തെളിവുകളെ കുറിച്ച്‌ സന്തോഷ്‌ അന്ന്‌ മൂവാറ്റുപുഴയിലെ മനോരമയിലെ ലേഖകന്‍ ജോണ്‍സണ്‍ മാമലശേരിയോട്‌ അതീവരഹസ്യമായി സൂചിപ്പിക്കുകയുണ്ടായി. മാമലശേരി ഈ വിവരം തച്ചങ്കരിയെ അറിയിക്കുകയും തച്ചങ്കരി കളക്ടര്‍ തോമസ്‌ മാത്യുവിന്‌ വിവരം നല്‍കുകയും ചെയ്തു. സംഘടിതമായി ഈ ഉദ്യോഗസ്ഥ വൃന്ദം ആ തെളിവ്‌ കൈക്കലാക്കാന്‍ ശ്രമിച്ചെങ്കിലും സന്തോഷ്‌ വഴങ്ങിയില്ല. അതാണ്‌ ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചതെന്നാണ്‌ പറയപ്പെടുന്നത്‌.
ഒരു ഐപിഎസ്‌ ഓഫീസര്‍ ഒരു ഐഎഎസ്‌ ഓഫീസര്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഒരു എംഎല്‍എ എന്നിവര്‍ക്ക്‌ സന്തോഷിന്റെ മരണത്തില്‍ പങ്കുണ്ടെന്ന്‌ സിബിഐ അന്വേഷണസംഘങ്ങളില്‍ ഒന്ന്‌ കണ്ടെത്തിയതാണ്‌. എന്നാല്‍, രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങളിലൂടെ ഈ കണ്ടെത്തല്‍ ഇല്ലാതാക്കുന്നതില്‍ തച്ചങ്കരിയും തോമസ്‌ മാത്യുവും ജോണി നെല്ലൂര്‍ എംഎല്‍എയും വിജയിച്ചതുകൊണ്ട്‌, ആതിരേ, സന്തോഷിന്റെ കൊലപാതകികള്‍ ഇന്നും നെഞ്ചുവിരിച്ച്‌ സമൂഹത്തില്‍ നടക്കുന്നു.
(പത്മജാ വേണുഗോപാലുമായി തോമസ്‌ മാത്യുവിനുണ്ടായിരുന്ന അവിഹിത ബന്ധം മൂലമാണ്‌ അദ്ദേഹത്തിന്റെ കുടുംബജീവിതം തകര്‍ന്നത്‌. ജെഎന്‍യുവില്‍ തോമസ്‌ മാത്യുവിനൊപ്പം പഠിച്ചിരുന്ന ഡല്‍ഹി സ്വദേശി അലീഖ ഖോസ്ലെയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പത്മജയുമായുള്ള അവിഹിത ബന്ധം സഹിക്കവയ്യാതെയാണ്‌ അലീഖ ഖോസ്ലെ ഡല്‍ഹി ഹൈക്കോടതിയില്‍ വിവാഹമോചനത്തിന്‌ റിട്ട്‌ ഫയല്‍ ചെയ്തതും അലീഖയുടെ ആരോപണങ്ങള്‍ സത്യമാണെന്ന്‌ ബോധ്യപ്പെട്ട കോടതി വിവാഹ മോചനം അനുവദിച്ചതും.)
തച്ചങ്കരിയുടെ വിളയാട്ടം അപ്പോഴും തുടരുകയായിരുന്നു. ആലപ്പുഴ എസ്പിയായിരുന്നപ്പോള്‍ ഒരു കൊലപാതകം തെളിയിക്കാന്‍ മിടുക്ക്‌ കാണിച്ച്‌ നിരപരാധിയായ യുവാവിനെ തല്ലച്ചതച്ച്‌ വാര്‍ത്താപ്രാധാന്യം നേടിയ കാക്കിക്കുള്ളിലെ നരാധമനാണ്‌ തച്ചങ്കരി. ആ കേസാണ്‌ ഇപ്പോള്‍ സുപ്രീകം കോടതിയില്‍ നടക്കുന്നത്‌. തച്ചങ്കരി നല്‍കിയ അപ്പീല്‍ കോടതി തള്ളിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിട്ടേ മതിയാകൂ.
വീരപ്പന്‍ കേരളത്തിലെ കാടുകളിലുണ്ട്‌ എന്നവകാശപ്പെട്ട്‌ തച്ചങ്കരിയുടെ നേതൃത്വത്തില്‍ പോലീസ്‌ ഇടുക്കിയിലെ വനാന്തരം അരിച്ചുപെറുക്കിയത്‌ പോലീസ്‌ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിഹാസ്യതയായി ഇന്നും അവശേഷിക്കുന്നു. കാക്കിക്കുള്ളിലെ കലാകാരനാണ്‌ താന്നെന്‌ അഭിമാനിക്കാന്‍ തച്ചങ്കരിക്ക്‌ ഒട്ടും ഉളുപ്പുമില്ല. പോട്ട ധ്യാനകേന്ദ്രത്തിന്‌ വേണ്ടി ചില ക്രിസ്തീയ ഗാനകാസറ്റുകള്‍ക്ക്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ച്‌ ആശ്രമാധികാരികളുടെ അംഗീകാരം നേടിയ ശേഷം സ്വന്തമായി പോട്ട ആശ്രമത്തിന്റെ പേരില്‍ സംഗീത ക്യാസറ്റുകള്‍ ഇറക്കി എസ്പി നിലയ്ക്കുള്ള അധികാരം ഉപയോഗിച്ച്‌ വിറ്റഴിച്ച കറതീര്‍ന്ന കച്ചവടക്കാരനാണ്‌ തച്ചങ്കരി. ഇത്‌ പോട്ട ആശ്രമ അധീകൃതരുടെ അനിഷ്ടത്തിന്‌ കാരണമാവുകയും സിബി മാത്യൂസ്‌, ലിഡ ജേക്കബ്‌, എന്നിവരടങ്ങുന്ന അഴിമതി വിരുദ്ധരായ ഉദ്യേഗസ്ഥരുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ നിന്ന്‌ തച്ചങ്കരിയെ തെറിപ്പിക്കുകയും ചെയ്തു.
ആതിരേ, ഏറ്റവും അധികം വിദേശ സഞ്ചാരം നടത്തിയിട്ടുള്ള പോലീസ്‌ ഓഫീസറാണ്‌ തച്ചങ്കരി. ഓരോ സന്ദര്‍ശനത്തിന്‌ ശേഷവും ലക്ഷക്കണക്കിന്‌ രൂപയുടെ ഇലക്ട്രോണിക്‌ ഉപകരണങ്ങളാണ്‌ അദ്ദേഹം കേരളത്തിലേക്ക്‌ കടത്തിക്കൊണ്ടുവന്നിട്ടുള്ളത്‌. ഒരിക്കല്‍ ഇത്തരത്തില്‍ അനധികൃതമായി കൊണ്ടുവന്ന ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ നെടുമ്പാശേരി വിമാനാധികൃതര്‍ പിടിച്ചെടുത്താണ്‌.എങ്കിലും കേസില്‍ നിന്ന്‌ തച്ചങ്കരി വിദഗ്ധമായി തലയൂരി. പാര്‍ട്ടി ചാനലുനിവേണ്ടി തച്ചങ്കരി ഇത്തരതതില്‍ കോടിക്കണക്കിന്‌ രൂപയുടെ ഇലക്ട്രോണിക്ക്‌ ഉപകരണങ്ങളാണ്‌ കൊണ്ടുവന്നിട്ടുള്ളതെന്ന ആരോപണം ഇന്നും ശക്തമാണ്‌. ഈ സഹായത്തിലൂടെ പിണറായി അടക്കമുള്ള നേതാക്കന്മാരുടെ ഇഷ്ടക്കാരനായി മാറിയ തച്ചങ്കരി തോന്ന്യാസിയായ ഐപിഎസ്‌ ഓഫീസറായി പരിണമിച്ചില്ലെങ്കില്‍ അതിശയിച്ചാല്‍ മതിയല്ലോ.
അച്യുതാനന്ദന്‍ അധീകാരമേറ്റശേഷം തച്ചങ്കരിയുടെ ഭാര്യയുടെ പേരിലുള്ള റിയാന്‍ സസ്റ്റുഡിയോയില്‍ നടന്ന വ്യാജ സിഡി വേട്ട ഏറെ വിവാദമുയര്‍ത്തിയതാണ്‌. അതിന്‌ നേതൃത്വം കൊടുത്ത ഋഷിരാജ്‌ സിംഗിനെ മണിക്കൂറുകള്‍ക്കുള്ളില്‍ ആ സ്ഥാനത്തുനിന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി തെറിപ്പിച്ചു. എന്നാല്‍, വി.എസിന്റെ കടുംപിടുത്തം മൂലം ഋഷിരാജ്‌ സിംഗിനെ പഴയ ലാവണത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. അന്ന്‌ റിയാന്‍ സ്റ്റുഡിയില്‍ റെയ്ഡിനെത്തിയ സംഘത്തെ പോലീസ്‌ തടഞ്ഞതിന്റെ പേരില്‍ അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവ പ്രതിക്കൂട്ടില്‍ ആയതുമാണ്‌. പാട്ടുപാടിയും ആല്‍ബം ഇറക്കിയും വ്യാജസിഡി നിര്‍മ്മിച്ചുമാണ്‌ കാക്കിക്കുള്ളിലെ ഈ കലാകാരന്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നത്‌.
ഈ സംഭവത്തിന്‌ മുമ്പ്‌ ആന്റി പൈറസി തലവന്‍ എന്ന നിലയില്‍, തന്റെ വ്യാജസിഡി വ്യാപാരത്തിന്‌ തടയിട്ട്‌ നില്‍ക്കുന്ന തിരുവനന്തപുരം ഭീമാപള്ളിയിലെ വ്യാജസിഡി വില്‍പ്പനക്കാരെ റെയ്ഡ്‌ ചെയ്ത്‌ ഒതുക്കാന്‍ ചെന്ന തച്ചങ്കരിയെ വ്യാപാരികള്‍ അവിടെ പൂട്ടിയിട്ട ഒരു സംഭവവും തച്ചങ്കരിയുട ട്രാക്‌ റിക്കാര്‍ഡിലുണ്ട്‌.
പിണറായി വിജയനൊപ്പം പണം പിരിക്കാനാണ്‌ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന ആരോപണം വ്യാപകമാണ്‌. തീവ്രവാദ കേസുകളില്‍ പ്രതികളായി ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നവരെ തച്ചങ്കരി നേരിട്ട്‌ കണ്ടുവെന്നും കേസില്‍ നിന്നൊഴിവാക്കാന്‍ അവരില്‍ നിന്ന്‌ വന്‍ തുക ആവ്യപ്പെട്ടു എന്നും മുസ്ലീം യൂത്ത്‌ ലീഗ്‌ നേതാക്കളാണ്‌ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്‌. ക്രിമിനലായ പൊലീസ്‌ ഉദ്യേഗ്സഥനാണ്‌ തച്ചങ്കരി എന്ന്‌ പറഞ്ഞതിന്റെ പേരില്‍ ടി. എം. ജേക്കബിനെതിരെ മാനനഷ്ടത്തിന്‌ കേസുകൊടുത്ത തച്ചങ്കരി പക്ഷെ, മുസ്ലീം യൂത്ത്‌ ലീഗീന്റെ ആരോപണം കേട്ടതായി പോലും ഭാവിക്കുന്നില്ല. ഇവിടെ കൂട്ടിവായിക്കേണ്ട ഒരു സംഗതി കൂടിയുണ്ട്‌ ആതിരേ... തടിയന്റവിട നസീര്‍ അറസ്റ്റിലായപ്പോള്‍ തീവ്രവാദ സ്ക്വാഡ്‌ തലവന്‍ ടി. കെ വിനോദ്‌ കാമറിനെ മറികടന്ന്‌ നസീറിനെ ചോദ്യം ചെയ്യാന്‍ തച്ചങ്കരിയാണ്‌ ബാംഗ്ലൂരിലേക്ക്‌ പോയത്‌. ആഭ്യന്തര മന്ത്രിയുടെയും പാര്‍ട്ടിയിലെ പ്രമുഖരുടെയും പിന്തുണയില്ലാതെ ഒരു പോലീസ്‌ ഓഫീസര്‍ക്ക്‌ ഇങ്ങനെ ചെയ്യാന്‍ കഴിയുകയില്ലഎന്നത്‌ പകല്‍പോലെയുള്ള വാസ്തവം. മുസ്ലീം യൂത്ത്‌ ലീഗിന്റെ ആരോപണവും തച്ചങ്കരിയുടെ വിദേശയാത്രയെ കുറിച്ചുള്ള ആരോപണങ്ങളും ഇവിടെ കൈകോര്‍ത്ത്‌ നില്‍ക്കുന്നതായി കാണുന്നില്ലേ..!.
ഈ തച്ചങ്കരിയെ രക്ഷിക്കാനണ്‌ കോടിയേരി പാര്‍ട്ടിതലത്തിലൂടെ ശ്രമിക്കുന്നതെന്നു പറയുമ്പോള്‍ ,ആതിരേ, എന്തൊക്കെ വായിച്ചെടുക്കാന്‍ കഴിയും..?!!!

Monday, April 19, 2010

തരൂരിനെ ബലികൊടുക്കാന്‍ ആന്റണി കൂട്ടുനില്‍ക്കരുതായിരുന്നു


തങ്ങള്‍ ഇതുവരെ ചെയ്ത്‌ പോന്നതുപോലെ ജനങ്ങളെ വഞ്ചിക്കാതെ അവരുടെ ആവശ്യം നിറവേറ്റാന്‍ ശശിതരൂര്‍ മുന്നില്‍ നിന്നതും ഇവര്‍ക്കാര്‍ക്കും രുചിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തിരുവനന്തപുരം നഗരത്തെ സ്റ്റോക്ക്‌ ഹോം പട്ടണം പോലെയാക്കിതീര്‍ക്കുമെന്ന ശശിതരൂരിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്‌. സ്റ്റോക്ക്‌ ഹോമില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയതുമാണ്‌. ഇത്തരത്തില്‍ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക്‌ ജനങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തിയും ഒരു നയതന്ത്ര വിദഗ്ധനെന്ന നിലയ്ക്ക്‌ ഐപിഎല്‍ രൂപീകരണത്തില്‍ തന്റെ സഹായം വാഗ്ദാനം ചെയ്തും ശശിതരൂര്‍ തന്റെ നിലപാട്‌ വ്യക്തമാക്കിയതാണ്‌ ഇവരെയെല്ലാം ചൊടിപ്പിച്ചത്‌. ഈ സത്യം തിരിച്ചറിഞ്ഞിട്ടും ശശിതരൂരിനെ പ്രതിരോധീക്കാന്‍, പ്രതിരോധ മന്ത്രി എ.കെ ആന്റണി മനസ്സുകാണിക്കാതിരുന്നത്‌ കേരളത്തോടുള്ള അപമാനമായിട്ടാണ്‌ വിലയിരുത്തേണ്ടത്‌




ഒരിക്കലും താഴാതിരുന്ന ഒരു തല ഉരുളുന്നതും കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ സ്വാധീനമുറപ്പിച്ചവര്‍ മാന്യന്മാരായി ചമയുന്നതുമാണ്‌, ആതിരേ ഐപിഎല്‍ വിവാദത്തിന്റെയും ശശി തരൂരിന്റെ രാജിയുടെയും ബാക്കിപത്രം. ശശിതരൂരിനെ സംഘടിതമായി വളഞ്ഞ്‌ ബലിയാക്കുകയായിരുന്നു. ഇത്തരമൊരു നടപടിക്ക്‌ എ.കെ. ആന്റണി പോലും കൂട്ടു നിന്നപ്പോഴാണ്‌ രാഷ്ട്രീയത്തിലെ ചതിക്കുഴികളുടെ ആഴം എത്ര ബൃഹത്താണെന്ന്‌ ബോധ്യമായത്‌.
യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി ശശി തരൂര്‍ നടത്തിയ സേവനത്തിന്റെ ഏഴ്‌ അയല്‍വക്കത്തുപോലും എത്തുന്ന മികവുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഇന്ന്‌ ഇന്ത്യയില്‍ ജീവിച്ചിരിപ്പില്ല. നയതന്ത്രജ്ഞനെന്ന നിലക്കും എഴുത്തുകാരനെന്ന നിലയ്ക്കും സംശുദ്ധമായ ഔദ്യോഗിക ജീവിതത്തിന്‌ ഉടമയെന്ന നിലയ്ക്കും രാഷ്ട്രാന്തര തലത്തില്‍ ശശിതരൂര്‍ നേടിയ ഖ്യാതിയുടെ ബലത്തിലാണ്‌ കഴിഞ്ഞവട്ടം യുഎന്‍ സെക്രട്ടറി ജനറല്‍ പദത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി, അഭിമാനപൂര്‍വം ഇന്ത്യ തരൂരിനെ നിര്‍ദേശിച്ചത്‌. എന്നാല്‍, രാഷ്ട്രാന്തര രാഷ്ട്രീയത്തിലെ ചില അടിവലികള്‍ മൂലം മത്സരത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌ പിന്‍വാങ്ങേണ്ടിവന്നു. നയതന്ത്രജ്ഞനെന്ന നിലയ്ക്കും കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയ്ക്കുമുള്ള ശശി തരൂരിനുള്ള അംഗീകാരമാണ്‌ അദ്ദേഹത്തെ തിരുവനന്തപുരത്തുനിന്ന്‌ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിനെ നിര്‍ബന്ധിച്ചതും പ്രേരിപ്പിച്ചതും. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ നിക്ഷിപ്ത താത്പര്യങ്ങളുള്ള, അധികാര ദുര്‍മോഹികളായായ, വികസന കാര്യത്തില്‍ വക്ര ബുദ്ധികളുമായ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്‌ സ്വീകാര്യമാകാതെ പോയത്‌ സ്വാഭാവികം. എന്നാല്‍,ജയിച്ചാല്‍ തരൂരിനെ വിദേശകാര്യമന്ത്രിയാക്കുമെന്ന വാഗ്ദാനം നല്‍കിയണ്‌ ഹൈക്കമാന്‍ഡ്‌ ഈ അവസരവാദികളുടെ വായടച്ചത്‌.
ഇന്ത്യയിലെയും കേരളത്തിലെയും പരമ്പരാഗത രാഷ്ട്രീയക്കാരില്‍ നിന്ന്‌ ഏറെ വ്യത്യസ്ഥനാണ്‌ ശശിതരൂര്‍. നയതന്ത്ര രംഗത്ത്‌ പ്രവര്‍ത്തിച്ച്‌ മികവ്‌ തെളിയിച്ച വ്യക്തിത്വവും എഴുത്തിന്റെയും പ്രസംഗത്തിന്റെയും മേഖലകളിലെ പ്രാവീണ്യവും ഒഴുക്കോടെ ഇംഗ്ലീഷ്‌ സംസാരിക്കാനുള്ള കഴിവും എന്തിനധികം സൗന്ദര്യവും ചേര്‍ന്ന്‌ വേറിട്ട ഒരു സാന്നിധ്യമായിട്ടാണ്‌ ശശിതരൂര്‍ രാഷ്ട്രീയത്തിലെത്തിയത്‌. മേല്‍സൂചിപ്പിച്ച അദ്ദേഹത്തിന്റെ മികവുകളെല്ലാം ഖദര്‍ ദാരികളായ പരമ്പരാഗത കോണ്‍ഗ്രസുകാര്‍ക്കും അഴിമതിയും കെടുകാര്യസ്ഥതയും മാത്രം മുഖമുദ്രയുള്ള മറ്റ്‌ രാഷ്ട്രീയക്കാര്‍ക്കും അസൂയയുടെ ഭൂമികയായതില്‍ അതിശയിക്കാനില്ല. അതുകൊണ്ടാണ്‌ തുടക്കം മുതല്‍ അദ്ദേഹത്തെ വിവാദകേന്ദ്രമാക്കി മാറ്റാന്‍ ഈ വിവരം കെട്ട രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളായ ചില മുഖ്യധാരാ മാധ്യമങ്ങളും ശ്രമിച്ചത്‌. തന്റെ നയതന്ത്രജ്ഞതകൊണ്ട്‌ ആ വിവാദങ്ങളില്‍ നിന്നെല്ലാം പരിക്കേല്‍ക്കാതെ വിജയിച്ച തരൂരിന്റെ വിക്കറ്റ്‌ തെറിപ്പിച്ചിരിക്കുകയാണ്‌ ഈ ശക്തികളെല്ലാം ചേര്‍ന്ന്‌ ഐപിഎല്‍ വിവാദത്തിലൂടെ.
കേരളത്തിന്‌ ഒരു ഐപിഎല്‍ ടീം നേടിയെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള ഒരു എംപി എന്ന നിലയ്ക്ക്‌ ശശിതരൂര്‍ പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്തപ്പോള്‍ അസഹിഷ്ണുക്കളായ രാഷ്ട്രീയക്കാരുടെ അസഹനീയത വര്‍ധിച്ചു, ആതിരേ.... കേരളം സ്വന്തമാക്കിയ ഐപിഎല്‍ ടീമിനെ തന്റെ ഇഷ്ടക്കാരായ ചില വ്യവസായ പ്രമുഖര്‍ക്കും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും സ്വന്തമായി നല്‍കാനാണ്‌ ഐപിഎല്‍ കമ്മീഷണറായ ലളിത്‌ മോഡി ഗൂഢശ്രമങ്ങള്‍ നടത്തിയത്‌. മോഹന്‍ലാലും പ്രിയദര്‍ശനും മുത്തൂറ്റ്‌ ഗ്രൂപ്പുമൊക്കെ കേരളത്തിന്‌ വേണ്ടി ഒരു ഐപിഎല്‍ ടീം രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവയെല്ലാം പാരവെച്ച്‌ തകര്‍ത്തത്‌ ലളിത്‌ മോഡിയായിരുന്നു. മോഡിയുടെ ഈ കൗശലത്തെ തന്റെ നയതന്ത്രജ്ഞത കൊണ്ട്‌ ശശിതരൂര്‍ തോല്‍പ്പിച്ച്‌ ടീമിനെ കേരളത്തിന്‌ നല്‍കിയപ്പോഴാണ്‌ ലളിത്‌ മോഡി മറ്റൊരു ആരോപണവുമായി രംഗത്തെത്തിയത്‌.
ശശിതരൂര്‍ വിവാഹം കഴിക്കാന്‍ പോകുന്ന സുനന്ദ പുഷ്കര്‍ണ എന്ന കാശ്മീരി യുവതിയിലൂടെ കേരളത്തിന്റെ ഐപിഎല്‍ ടീം സ്വന്തമാക്കിയ റോംഡീവു കണ്‍സോര്‍ഷ്യത്തില്‍ ശശിതരൂരിന്‌ ഉടമസ്ഥാവകാശമുണ്ടെന്നും കേരളാ ഐപിഎല്‍ ടീം സാര്‍ത്ഥകമാക്കുന്ന കാര്യത്തില്‍ തരൂര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നുമൊക്കെയായിരുന്നു മോഡിയുടെ ദുരാരോപണങ്ങള്‍. ഈ ആരോപണങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വിവാദമാക്കിയപ്പോള്‍ ഐപിഎല്‍ ഗ്രൗണ്ടില്‍ രാഷ്ട്രീയക്കാരുടെ ട്വന്റി 20 ആരംഭിക്കുകയായിരുന്നു.ഒപ്പം തരൂരിന്റെ സ്വകാര്യ ജീവിതം പൊതു വായനയ്ക്കായി തുറക്കുകയുമായിരുന്നു, മോഡിയും മാധ്യമങ്ങളും.മുന്‍പ്‌ രണ്ടു വിവാഹം കഴിച്ച ( ഇക്കാര്യം കേറളീയര്‍ക്ക്‌ അറിയില്ലായിരുന്നു.അതു കൊണ്ടു തന്നെ ചുളിച്ച മുഖത്തോടെയാണ്‌ ഈ യാഥാര്‍ത്ഥ്യം കേട്റ്റതും വായിച്ചതും) തരൂര്‍ സുനന്ദയെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും പ്രചാരണമുണ്ടായി.വിവാഹമോചനത്തെ കടുത്ത അരുതായ്കയായോ പാപമായോ കരുതുന്ന യാഥാസ്ഥിതിക മനസ്സില്‍ തരൂരിനെതിരായ വികാരം മുളപ്പിക്കുക എന്നതായിരുന്നു മോഡിയുടെ ലക്ഷ്യം.ദാമ്പത്യത്തിന്റെ പവിത്രതയെ കുറിച്ച്‌ വാചാലരാകുകയും തരം കിട്ടുമ്പോള്‍ കുഞ്ഞാലിക്കുട്ടിമാരും എന്‍.ഡി തിവാരിമാരുമാകുന്ന ഖദര്‍ധാരികള്‍ക്ക്‌ തരൂരിന്റെ ഇണസങ്കല്‍പ്പം ദഹിക്കാതെ പോയില്ലെങ്കില്‍ അത്ഭുതപ്പേട്ടാല്‍ മതിയല്ലോ.എന്നാല്‍ തരൂര്‍ സ്ത്രീജിതനാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ഈ കുത്സിത ശ്രമങ്ങളും പാളിപ്പോകുന്നതാണ്‌ ആതിരേ, പിന്നീട്‌ കണ്ടത്‌.
കഴിഞ്ഞയാഴ്ച ഐപിഎല്‍ പ്രശ്നം ഉന്നയിച്ച്‌ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ്‌ സ്തംഭിപ്പിച്ചതോടെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ വെട്ടിലാവുകയായിരുന്നു. പ്രതിപക്ഷത്തിന്റെ കൂടി സഹായമില്ലെങ്കില്‍ ധനവിനിയോഗ ബില്‍ പാസാക്കിയെടുക്കാന്‍ കഴിയുകയില്ലെന്നിരിക്കെ പ്രതിപക്ഷത്തെ പിണക്കി നിര്‍ത്തുന്നത്‌ യുക്തിയല്ല എന്ന അതിജീവന രാഷ്ട്രീയ തന്ത്രം മാന്യതയ്ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഉപരിയായി മേല്‍ക്കൈ നേടിയപ്പോള്‍ ശശിതരൂരിന്റെ മന്ത്രിസ്ഥാനം തെറിച്ചു ; അല്ല തെറിപ്പിച്ചു.
ടീം രൂപീകരണത്തിലോ അതിന്റെ ഉടമസ്ഥതയിലോ തനിക്കൊരു പങ്കുമില്ലെന്നും ഈ ഇടപാടില്‍ എന്നല്ല മറ്റൊരു ഇടപാടിലും താന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്നും ശശിതരൂര്‍ വിശദീകരിച്ചിട്ടും അതംഗീകരിക്കാന്‍ സോണിയയോ മന്‍മോഹനോ പ്രണാബ്‌ കുമാറോ എ.കെ. ആന്റണിയോ മനസ്സുകാട്ടിയില്ല. മറിച്ച്‌ ശശിതരൂരിനെ ബലിയാടാക്കാനായിരുന്നു ഇവരുടെ കൂട്ടായ തീരുമാനം. ആദര്‍ശ ശാലിയെന്ന്‌ അഭിമാനിക്കുന്ന എ.കെ ആന്റണിയുടെ അതിജീവന തന്ത്രങ്ങള്‍ എല്ലായ്പ്പോഴും അതിനീചമായവയായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്‌ അടിവരയിടുന്നതു കൂടിയായിരുന്നു, ആതിരേ ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട്‌.
സമാന്തരമായി മറ്റൊരു ഗൂഢ നീക്കവും നടന്നു.ഐപിഎലിന്റെ കാര്യത്തില്‍ ബിജെപിക്ക്‌ ഒരു ഹിഡന്‍ അജണ്ടയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ നിസാരമായ ഈ പ്രശ്നം അവര്‍ ഇത്ര വഷളാക്കിയത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ഈ ടീമിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിനായുള്ള കരുക്കളെല്ലാം അദ്ദേഹം നീക്കുകയും ചെയ്തിരുന്നു. ലളിത്‌ മോഡിയുടെ പിന്തുണയുണ്ടായിരുന്നിട്ടുകൂടി ആ നീക്കങ്ങളെ പരാജയപ്പെടുത്തിയാണ്‌ തരൂരിന്റെ കൂടി സഹായത്തോടെ കേരളം ഐപിഎല്‍ ടീം സ്വന്തമാക്കിയത്‌. രണ്ടാമത്തെ കാര്യം നരേന്ദ്രമോഡിയും വസുന്ധര രാജെ സിന്ധ്യയുമായും അടുത്ത ബന്ധം പുലര്‍ത്തുകയും ബിജെപിക്കുവേണ്ടി കോടികള്‍ സംഭാവന നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ്‌ ലളിത്‌ മോഡി. അതുകൊണ്ട്‌ മോഡിയെ വെറുപ്പിക്കുന്നത്‌ ബുദ്ധിപൂര്‍വ്വകമല്ല എന്ന്‌ ബിജെപിക്കറിയാം. മോഡിയെ പിന്തുണയ്ക്കാനും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനും ബിജെപി നടത്തിയ അശ്ലീല രാഷ്ട്രീയ നാടകങ്ങളാണ്‌ പാര്‍ലമെന്റില്‍ കണ്ടത്‌.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഈ സമയത്താണ്‌ വിവാദങ്ങളില്‍ അണിചേര്‍ന്നത്‌. കേരളത്തിനാവശ്യം ഐപിഎല്‍ അല്ലെന്നും കേരളത്തിന്റെ പ്രശ്നം ബിപിഎല്‍ ആണെന്നും സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. കേരളത്തിന്‌ വേണ്ടത്‌ ക്രിക്കറ്റ്‌ ടീമല്ലെന്നും വെട്ടിക്കുറച്ച റേഷനരി പുനഃസ്ഥാപിക്കുകയാണ്‌ വേണ്ടതെന്നും ധനമന്ത്രി തോമസ്‌ ഐസക്കും ഏറ്റുപിടിച്ചു. ഇവരും നേരത്തെ സൂചിപ്പിച്ച ശശിതരൂരിന്റെ വ്യക്തിപരമായ മികവുകളില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന വിപ്ലവ വായാടികളാണ്‌. ഇവരുടെ പിന്തുണയോടെ കോണ്‍ഗ്രസ്‌ കേന്ദ്രം ഭരിച്ചപ്പോള്‍ ഈ പ്രശ്നങ്ങളൊന്നും എന്തുകൊണ്ടാണ്‌ പരിഹരിക്കാന്‍ കഴിയാതെ പോയത്‌? കേന്ദ്രം നല്‍കിയ റേഷന്‍ ഗോതമ്പും പയറും കടലയുമുള്‍പ്പെടെയുള്ളവ വിലകൂട്ടി പൊതുവിപണിയില്‍ വിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിച്ചവര്‍ക്കും അനുവദിച്ച റേഷന്‍ എടുക്കാതെ മടക്കിയവര്‍ക്കും ഇപ്പോള്‍ ഇക്കാര്യം പറയാന്‍ എന്തര്‍ഹതയാണുള്ളത്‌? വിസ്മയാ പാര്‍ക്ക്‌ നിര്‍മ്മിച്ചപ്പോഴും പാര്‍ട്ടി ഓഫീസുകളില്‍ സെന്‍ട്രലൈസ്ഡ്‌ എസി സിസ്റ്റം ഏര്‍പ്പെടുത്തിയപ്പോഴും കണ്ടല്‍ കാട്‌ വെട്ടിത്തെളിച്ച്‌ തീംപാര്‍ക്ക്‌ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴും ജയരാജന്‍ അടക്കമുള്ളവരോട്‌ കേരളത്തിന്റെ പ്രശ്നങ്ങള്‍ ഇതൊന്നുമല്ലെന്ന്‌ പറയാനുള്ള ചങ്കുറപ്പ്‌ യെച്ചൂരിക്കുണ്ടായിരുന്നില്ലല്ലോ, ആതിരേ.. അപ്പോള്‍ യെച്ചൂരിയുടെയും തോമസ്‌ ഐസക്കിന്റെയും സിപിഎമ്മിന്റെയും ലക്ഷ്യവും വ്യക്തമായി.
ഒരു എംപി എന്ന നിലയ്ക്ക്‌ തന്റെ സംസ്ഥാനത്തിന്റെ ഒരാവശ്യത്തിന്‌ വേണ്ടി നിന്നതാണ്‌ ഇപ്പോള്‍ ശശിതരൂരിന്റെ പേരില്‍ അപരാധമായി ഇവരെല്ലാം വെച്ചുകെട്ടുന്നത്‌. ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എത്രയെത്ര കേന്ദ്രമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കുമാണ്‌ പങ്കുള്ളത്‌. അക്കാര്യങ്ങളെല്ലാം തമസ്കരിച്ചുകൊണ്ടാണ്‌ ഈ നേതാക്കന്മാരെല്ലാം ശശിതരൂരിനെ ബലിയാടാക്കിയത്‌. സംസ്ഥാനത്തിന്‌ വേണ്ടി, തന്റെ മണ്ഡലത്തിന്‌ വേണ്ടി ഒരു ചെറിയ വികസനപ്രവര്‍ത്തനം നടപ്പിലാക്കിയാല്‍ അതില്‍ നിന്ന്‌ കമ്മീഷന്‍ പറ്റുന്ന നേതാക്കന്മാര്‍ക്കല്ലാതെ ഐപിഎല്‍ രൂപീകരണ കാര്യത്തില്‍ ശശിതരൂരിന്റെ നിലപാടിനെ അവിശ്വസിക്കാന്‍ കഴിയുകയില്ല. തങ്ങള്‍ ഇതുവരെ ചെയ്ത്‌ പോന്നതുപോലെ ജനങ്ങളെ വഞ്ചിക്കാതെ അവരുടെ ആവശ്യം നിറവേറ്റാന്‍ ശശിതരൂര്‍ മുന്നില്‍ നിന്നതും ഇവര്‍ക്കാര്‍ക്കും രുചിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തിരുവനന്തപുരം നഗരത്തെ സ്റ്റോക്ക്‌ ഹോം പട്ടണം പോലെയാക്കിതീര്‍ക്കുമെന്ന ശശിതരൂരിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്‌. സ്റ്റോക്ക്‌ ഹോമില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയതുമാണ്‌. ഇത്തരത്തില്‍ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക്‌ ജനങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തിയും ഒരു നയതന്ത്ര വിദഗ്ധനെന്ന നിലയ്ക്ക്‌ ഐപിഎല്‍ രൂപീകരണത്തില്‍ തന്റെ സഹായം വാഗ്ദാനം ചെയ്തുമാണ്‌ ഇവരെയെല്ലാം ചൊടിപ്പിച്ചത്‌. ഈ സത്യം തിരിച്ചറിഞ്ഞിട്ടും ശശിതരൂരിനെ പ്രതിരോധീക്കാന്‍, പ്രതിരോധ മന്ത്രി എ.കെ ആന്റണി മനസ്സുകാണിക്കാതിരുന്നത്‌ കേരളത്തോടുള്ള അപമാനമായിട്ടാണ്‌ ആതിരേ, വിലയിരുത്തേണ്ടത്‌. നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഈ ജനവഞ്ചകര്‍ക്കിടയില്‍ ശശിതരൂരിനെ പോലെ ക്രാന്തദര്‍ശിത്വമുള്ള ആര്‍ക്കും അതിജീവിക്കാന്‍ കഴിയുകയില്ല, ആതിരേ... അതിന്റെ തെളിവ്‌ കൂടിയാണ്‌ ഈ ബലി നല്‍കല്‍.