Monday, April 19, 2010

തരൂരിനെ ബലികൊടുക്കാന്‍ ആന്റണി കൂട്ടുനില്‍ക്കരുതായിരുന്നു


തങ്ങള്‍ ഇതുവരെ ചെയ്ത്‌ പോന്നതുപോലെ ജനങ്ങളെ വഞ്ചിക്കാതെ അവരുടെ ആവശ്യം നിറവേറ്റാന്‍ ശശിതരൂര്‍ മുന്നില്‍ നിന്നതും ഇവര്‍ക്കാര്‍ക്കും രുചിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തിരുവനന്തപുരം നഗരത്തെ സ്റ്റോക്ക്‌ ഹോം പട്ടണം പോലെയാക്കിതീര്‍ക്കുമെന്ന ശശിതരൂരിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്‌. സ്റ്റോക്ക്‌ ഹോമില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയതുമാണ്‌. ഇത്തരത്തില്‍ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക്‌ ജനങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തിയും ഒരു നയതന്ത്ര വിദഗ്ധനെന്ന നിലയ്ക്ക്‌ ഐപിഎല്‍ രൂപീകരണത്തില്‍ തന്റെ സഹായം വാഗ്ദാനം ചെയ്തും ശശിതരൂര്‍ തന്റെ നിലപാട്‌ വ്യക്തമാക്കിയതാണ്‌ ഇവരെയെല്ലാം ചൊടിപ്പിച്ചത്‌. ഈ സത്യം തിരിച്ചറിഞ്ഞിട്ടും ശശിതരൂരിനെ പ്രതിരോധീക്കാന്‍, പ്രതിരോധ മന്ത്രി എ.കെ ആന്റണി മനസ്സുകാണിക്കാതിരുന്നത്‌ കേരളത്തോടുള്ള അപമാനമായിട്ടാണ്‌ വിലയിരുത്തേണ്ടത്‌




ഒരിക്കലും താഴാതിരുന്ന ഒരു തല ഉരുളുന്നതും കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ സ്വാധീനമുറപ്പിച്ചവര്‍ മാന്യന്മാരായി ചമയുന്നതുമാണ്‌, ആതിരേ ഐപിഎല്‍ വിവാദത്തിന്റെയും ശശി തരൂരിന്റെ രാജിയുടെയും ബാക്കിപത്രം. ശശിതരൂരിനെ സംഘടിതമായി വളഞ്ഞ്‌ ബലിയാക്കുകയായിരുന്നു. ഇത്തരമൊരു നടപടിക്ക്‌ എ.കെ. ആന്റണി പോലും കൂട്ടു നിന്നപ്പോഴാണ്‌ രാഷ്ട്രീയത്തിലെ ചതിക്കുഴികളുടെ ആഴം എത്ര ബൃഹത്താണെന്ന്‌ ബോധ്യമായത്‌.
യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി ശശി തരൂര്‍ നടത്തിയ സേവനത്തിന്റെ ഏഴ്‌ അയല്‍വക്കത്തുപോലും എത്തുന്ന മികവുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഇന്ന്‌ ഇന്ത്യയില്‍ ജീവിച്ചിരിപ്പില്ല. നയതന്ത്രജ്ഞനെന്ന നിലക്കും എഴുത്തുകാരനെന്ന നിലയ്ക്കും സംശുദ്ധമായ ഔദ്യോഗിക ജീവിതത്തിന്‌ ഉടമയെന്ന നിലയ്ക്കും രാഷ്ട്രാന്തര തലത്തില്‍ ശശിതരൂര്‍ നേടിയ ഖ്യാതിയുടെ ബലത്തിലാണ്‌ കഴിഞ്ഞവട്ടം യുഎന്‍ സെക്രട്ടറി ജനറല്‍ പദത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി, അഭിമാനപൂര്‍വം ഇന്ത്യ തരൂരിനെ നിര്‍ദേശിച്ചത്‌. എന്നാല്‍, രാഷ്ട്രാന്തര രാഷ്ട്രീയത്തിലെ ചില അടിവലികള്‍ മൂലം മത്സരത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌ പിന്‍വാങ്ങേണ്ടിവന്നു. നയതന്ത്രജ്ഞനെന്ന നിലയ്ക്കും കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയ്ക്കുമുള്ള ശശി തരൂരിനുള്ള അംഗീകാരമാണ്‌ അദ്ദേഹത്തെ തിരുവനന്തപുരത്തുനിന്ന്‌ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിനെ നിര്‍ബന്ധിച്ചതും പ്രേരിപ്പിച്ചതും. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ നിക്ഷിപ്ത താത്പര്യങ്ങളുള്ള, അധികാര ദുര്‍മോഹികളായായ, വികസന കാര്യത്തില്‍ വക്ര ബുദ്ധികളുമായ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്‌ സ്വീകാര്യമാകാതെ പോയത്‌ സ്വാഭാവികം. എന്നാല്‍,ജയിച്ചാല്‍ തരൂരിനെ വിദേശകാര്യമന്ത്രിയാക്കുമെന്ന വാഗ്ദാനം നല്‍കിയണ്‌ ഹൈക്കമാന്‍ഡ്‌ ഈ അവസരവാദികളുടെ വായടച്ചത്‌.
ഇന്ത്യയിലെയും കേരളത്തിലെയും പരമ്പരാഗത രാഷ്ട്രീയക്കാരില്‍ നിന്ന്‌ ഏറെ വ്യത്യസ്ഥനാണ്‌ ശശിതരൂര്‍. നയതന്ത്ര രംഗത്ത്‌ പ്രവര്‍ത്തിച്ച്‌ മികവ്‌ തെളിയിച്ച വ്യക്തിത്വവും എഴുത്തിന്റെയും പ്രസംഗത്തിന്റെയും മേഖലകളിലെ പ്രാവീണ്യവും ഒഴുക്കോടെ ഇംഗ്ലീഷ്‌ സംസാരിക്കാനുള്ള കഴിവും എന്തിനധികം സൗന്ദര്യവും ചേര്‍ന്ന്‌ വേറിട്ട ഒരു സാന്നിധ്യമായിട്ടാണ്‌ ശശിതരൂര്‍ രാഷ്ട്രീയത്തിലെത്തിയത്‌. മേല്‍സൂചിപ്പിച്ച അദ്ദേഹത്തിന്റെ മികവുകളെല്ലാം ഖദര്‍ ദാരികളായ പരമ്പരാഗത കോണ്‍ഗ്രസുകാര്‍ക്കും അഴിമതിയും കെടുകാര്യസ്ഥതയും മാത്രം മുഖമുദ്രയുള്ള മറ്റ്‌ രാഷ്ട്രീയക്കാര്‍ക്കും അസൂയയുടെ ഭൂമികയായതില്‍ അതിശയിക്കാനില്ല. അതുകൊണ്ടാണ്‌ തുടക്കം മുതല്‍ അദ്ദേഹത്തെ വിവാദകേന്ദ്രമാക്കി മാറ്റാന്‍ ഈ വിവരം കെട്ട രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളായ ചില മുഖ്യധാരാ മാധ്യമങ്ങളും ശ്രമിച്ചത്‌. തന്റെ നയതന്ത്രജ്ഞതകൊണ്ട്‌ ആ വിവാദങ്ങളില്‍ നിന്നെല്ലാം പരിക്കേല്‍ക്കാതെ വിജയിച്ച തരൂരിന്റെ വിക്കറ്റ്‌ തെറിപ്പിച്ചിരിക്കുകയാണ്‌ ഈ ശക്തികളെല്ലാം ചേര്‍ന്ന്‌ ഐപിഎല്‍ വിവാദത്തിലൂടെ.
കേരളത്തിന്‌ ഒരു ഐപിഎല്‍ ടീം നേടിയെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള ഒരു എംപി എന്ന നിലയ്ക്ക്‌ ശശിതരൂര്‍ പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്തപ്പോള്‍ അസഹിഷ്ണുക്കളായ രാഷ്ട്രീയക്കാരുടെ അസഹനീയത വര്‍ധിച്ചു, ആതിരേ.... കേരളം സ്വന്തമാക്കിയ ഐപിഎല്‍ ടീമിനെ തന്റെ ഇഷ്ടക്കാരായ ചില വ്യവസായ പ്രമുഖര്‍ക്കും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും സ്വന്തമായി നല്‍കാനാണ്‌ ഐപിഎല്‍ കമ്മീഷണറായ ലളിത്‌ മോഡി ഗൂഢശ്രമങ്ങള്‍ നടത്തിയത്‌. മോഹന്‍ലാലും പ്രിയദര്‍ശനും മുത്തൂറ്റ്‌ ഗ്രൂപ്പുമൊക്കെ കേരളത്തിന്‌ വേണ്ടി ഒരു ഐപിഎല്‍ ടീം രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവയെല്ലാം പാരവെച്ച്‌ തകര്‍ത്തത്‌ ലളിത്‌ മോഡിയായിരുന്നു. മോഡിയുടെ ഈ കൗശലത്തെ തന്റെ നയതന്ത്രജ്ഞത കൊണ്ട്‌ ശശിതരൂര്‍ തോല്‍പ്പിച്ച്‌ ടീമിനെ കേരളത്തിന്‌ നല്‍കിയപ്പോഴാണ്‌ ലളിത്‌ മോഡി മറ്റൊരു ആരോപണവുമായി രംഗത്തെത്തിയത്‌.
ശശിതരൂര്‍ വിവാഹം കഴിക്കാന്‍ പോകുന്ന സുനന്ദ പുഷ്കര്‍ണ എന്ന കാശ്മീരി യുവതിയിലൂടെ കേരളത്തിന്റെ ഐപിഎല്‍ ടീം സ്വന്തമാക്കിയ റോംഡീവു കണ്‍സോര്‍ഷ്യത്തില്‍ ശശിതരൂരിന്‌ ഉടമസ്ഥാവകാശമുണ്ടെന്നും കേരളാ ഐപിഎല്‍ ടീം സാര്‍ത്ഥകമാക്കുന്ന കാര്യത്തില്‍ തരൂര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നുമൊക്കെയായിരുന്നു മോഡിയുടെ ദുരാരോപണങ്ങള്‍. ഈ ആരോപണങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വിവാദമാക്കിയപ്പോള്‍ ഐപിഎല്‍ ഗ്രൗണ്ടില്‍ രാഷ്ട്രീയക്കാരുടെ ട്വന്റി 20 ആരംഭിക്കുകയായിരുന്നു.ഒപ്പം തരൂരിന്റെ സ്വകാര്യ ജീവിതം പൊതു വായനയ്ക്കായി തുറക്കുകയുമായിരുന്നു, മോഡിയും മാധ്യമങ്ങളും.മുന്‍പ്‌ രണ്ടു വിവാഹം കഴിച്ച ( ഇക്കാര്യം കേറളീയര്‍ക്ക്‌ അറിയില്ലായിരുന്നു.അതു കൊണ്ടു തന്നെ ചുളിച്ച മുഖത്തോടെയാണ്‌ ഈ യാഥാര്‍ത്ഥ്യം കേട്റ്റതും വായിച്ചതും) തരൂര്‍ സുനന്ദയെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും പ്രചാരണമുണ്ടായി.വിവാഹമോചനത്തെ കടുത്ത അരുതായ്കയായോ പാപമായോ കരുതുന്ന യാഥാസ്ഥിതിക മനസ്സില്‍ തരൂരിനെതിരായ വികാരം മുളപ്പിക്കുക എന്നതായിരുന്നു മോഡിയുടെ ലക്ഷ്യം.ദാമ്പത്യത്തിന്റെ പവിത്രതയെ കുറിച്ച്‌ വാചാലരാകുകയും തരം കിട്ടുമ്പോള്‍ കുഞ്ഞാലിക്കുട്ടിമാരും എന്‍.ഡി തിവാരിമാരുമാകുന്ന ഖദര്‍ധാരികള്‍ക്ക്‌ തരൂരിന്റെ ഇണസങ്കല്‍പ്പം ദഹിക്കാതെ പോയില്ലെങ്കില്‍ അത്ഭുതപ്പേട്ടാല്‍ മതിയല്ലോ.എന്നാല്‍ തരൂര്‍ സ്ത്രീജിതനാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ഈ കുത്സിത ശ്രമങ്ങളും പാളിപ്പോകുന്നതാണ്‌ ആതിരേ, പിന്നീട്‌ കണ്ടത്‌.
കഴിഞ്ഞയാഴ്ച ഐപിഎല്‍ പ്രശ്നം ഉന്നയിച്ച്‌ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ്‌ സ്തംഭിപ്പിച്ചതോടെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ വെട്ടിലാവുകയായിരുന്നു. പ്രതിപക്ഷത്തിന്റെ കൂടി സഹായമില്ലെങ്കില്‍ ധനവിനിയോഗ ബില്‍ പാസാക്കിയെടുക്കാന്‍ കഴിയുകയില്ലെന്നിരിക്കെ പ്രതിപക്ഷത്തെ പിണക്കി നിര്‍ത്തുന്നത്‌ യുക്തിയല്ല എന്ന അതിജീവന രാഷ്ട്രീയ തന്ത്രം മാന്യതയ്ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഉപരിയായി മേല്‍ക്കൈ നേടിയപ്പോള്‍ ശശിതരൂരിന്റെ മന്ത്രിസ്ഥാനം തെറിച്ചു ; അല്ല തെറിപ്പിച്ചു.
ടീം രൂപീകരണത്തിലോ അതിന്റെ ഉടമസ്ഥതയിലോ തനിക്കൊരു പങ്കുമില്ലെന്നും ഈ ഇടപാടില്‍ എന്നല്ല മറ്റൊരു ഇടപാടിലും താന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്നും ശശിതരൂര്‍ വിശദീകരിച്ചിട്ടും അതംഗീകരിക്കാന്‍ സോണിയയോ മന്‍മോഹനോ പ്രണാബ്‌ കുമാറോ എ.കെ. ആന്റണിയോ മനസ്സുകാട്ടിയില്ല. മറിച്ച്‌ ശശിതരൂരിനെ ബലിയാടാക്കാനായിരുന്നു ഇവരുടെ കൂട്ടായ തീരുമാനം. ആദര്‍ശ ശാലിയെന്ന്‌ അഭിമാനിക്കുന്ന എ.കെ ആന്റണിയുടെ അതിജീവന തന്ത്രങ്ങള്‍ എല്ലായ്പ്പോഴും അതിനീചമായവയായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്‌ അടിവരയിടുന്നതു കൂടിയായിരുന്നു, ആതിരേ ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട്‌.
സമാന്തരമായി മറ്റൊരു ഗൂഢ നീക്കവും നടന്നു.ഐപിഎലിന്റെ കാര്യത്തില്‍ ബിജെപിക്ക്‌ ഒരു ഹിഡന്‍ അജണ്ടയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ നിസാരമായ ഈ പ്രശ്നം അവര്‍ ഇത്ര വഷളാക്കിയത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ഈ ടീമിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിനായുള്ള കരുക്കളെല്ലാം അദ്ദേഹം നീക്കുകയും ചെയ്തിരുന്നു. ലളിത്‌ മോഡിയുടെ പിന്തുണയുണ്ടായിരുന്നിട്ടുകൂടി ആ നീക്കങ്ങളെ പരാജയപ്പെടുത്തിയാണ്‌ തരൂരിന്റെ കൂടി സഹായത്തോടെ കേരളം ഐപിഎല്‍ ടീം സ്വന്തമാക്കിയത്‌. രണ്ടാമത്തെ കാര്യം നരേന്ദ്രമോഡിയും വസുന്ധര രാജെ സിന്ധ്യയുമായും അടുത്ത ബന്ധം പുലര്‍ത്തുകയും ബിജെപിക്കുവേണ്ടി കോടികള്‍ സംഭാവന നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ്‌ ലളിത്‌ മോഡി. അതുകൊണ്ട്‌ മോഡിയെ വെറുപ്പിക്കുന്നത്‌ ബുദ്ധിപൂര്‍വ്വകമല്ല എന്ന്‌ ബിജെപിക്കറിയാം. മോഡിയെ പിന്തുണയ്ക്കാനും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനും ബിജെപി നടത്തിയ അശ്ലീല രാഷ്ട്രീയ നാടകങ്ങളാണ്‌ പാര്‍ലമെന്റില്‍ കണ്ടത്‌.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഈ സമയത്താണ്‌ വിവാദങ്ങളില്‍ അണിചേര്‍ന്നത്‌. കേരളത്തിനാവശ്യം ഐപിഎല്‍ അല്ലെന്നും കേരളത്തിന്റെ പ്രശ്നം ബിപിഎല്‍ ആണെന്നും സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. കേരളത്തിന്‌ വേണ്ടത്‌ ക്രിക്കറ്റ്‌ ടീമല്ലെന്നും വെട്ടിക്കുറച്ച റേഷനരി പുനഃസ്ഥാപിക്കുകയാണ്‌ വേണ്ടതെന്നും ധനമന്ത്രി തോമസ്‌ ഐസക്കും ഏറ്റുപിടിച്ചു. ഇവരും നേരത്തെ സൂചിപ്പിച്ച ശശിതരൂരിന്റെ വ്യക്തിപരമായ മികവുകളില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന വിപ്ലവ വായാടികളാണ്‌. ഇവരുടെ പിന്തുണയോടെ കോണ്‍ഗ്രസ്‌ കേന്ദ്രം ഭരിച്ചപ്പോള്‍ ഈ പ്രശ്നങ്ങളൊന്നും എന്തുകൊണ്ടാണ്‌ പരിഹരിക്കാന്‍ കഴിയാതെ പോയത്‌? കേന്ദ്രം നല്‍കിയ റേഷന്‍ ഗോതമ്പും പയറും കടലയുമുള്‍പ്പെടെയുള്ളവ വിലകൂട്ടി പൊതുവിപണിയില്‍ വിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിച്ചവര്‍ക്കും അനുവദിച്ച റേഷന്‍ എടുക്കാതെ മടക്കിയവര്‍ക്കും ഇപ്പോള്‍ ഇക്കാര്യം പറയാന്‍ എന്തര്‍ഹതയാണുള്ളത്‌? വിസ്മയാ പാര്‍ക്ക്‌ നിര്‍മ്മിച്ചപ്പോഴും പാര്‍ട്ടി ഓഫീസുകളില്‍ സെന്‍ട്രലൈസ്ഡ്‌ എസി സിസ്റ്റം ഏര്‍പ്പെടുത്തിയപ്പോഴും കണ്ടല്‍ കാട്‌ വെട്ടിത്തെളിച്ച്‌ തീംപാര്‍ക്ക്‌ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴും ജയരാജന്‍ അടക്കമുള്ളവരോട്‌ കേരളത്തിന്റെ പ്രശ്നങ്ങള്‍ ഇതൊന്നുമല്ലെന്ന്‌ പറയാനുള്ള ചങ്കുറപ്പ്‌ യെച്ചൂരിക്കുണ്ടായിരുന്നില്ലല്ലോ, ആതിരേ.. അപ്പോള്‍ യെച്ചൂരിയുടെയും തോമസ്‌ ഐസക്കിന്റെയും സിപിഎമ്മിന്റെയും ലക്ഷ്യവും വ്യക്തമായി.
ഒരു എംപി എന്ന നിലയ്ക്ക്‌ തന്റെ സംസ്ഥാനത്തിന്റെ ഒരാവശ്യത്തിന്‌ വേണ്ടി നിന്നതാണ്‌ ഇപ്പോള്‍ ശശിതരൂരിന്റെ പേരില്‍ അപരാധമായി ഇവരെല്ലാം വെച്ചുകെട്ടുന്നത്‌. ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എത്രയെത്ര കേന്ദ്രമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കുമാണ്‌ പങ്കുള്ളത്‌. അക്കാര്യങ്ങളെല്ലാം തമസ്കരിച്ചുകൊണ്ടാണ്‌ ഈ നേതാക്കന്മാരെല്ലാം ശശിതരൂരിനെ ബലിയാടാക്കിയത്‌. സംസ്ഥാനത്തിന്‌ വേണ്ടി, തന്റെ മണ്ഡലത്തിന്‌ വേണ്ടി ഒരു ചെറിയ വികസനപ്രവര്‍ത്തനം നടപ്പിലാക്കിയാല്‍ അതില്‍ നിന്ന്‌ കമ്മീഷന്‍ പറ്റുന്ന നേതാക്കന്മാര്‍ക്കല്ലാതെ ഐപിഎല്‍ രൂപീകരണ കാര്യത്തില്‍ ശശിതരൂരിന്റെ നിലപാടിനെ അവിശ്വസിക്കാന്‍ കഴിയുകയില്ല. തങ്ങള്‍ ഇതുവരെ ചെയ്ത്‌ പോന്നതുപോലെ ജനങ്ങളെ വഞ്ചിക്കാതെ അവരുടെ ആവശ്യം നിറവേറ്റാന്‍ ശശിതരൂര്‍ മുന്നില്‍ നിന്നതും ഇവര്‍ക്കാര്‍ക്കും രുചിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തിരുവനന്തപുരം നഗരത്തെ സ്റ്റോക്ക്‌ ഹോം പട്ടണം പോലെയാക്കിതീര്‍ക്കുമെന്ന ശശിതരൂരിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്‌. സ്റ്റോക്ക്‌ ഹോമില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയതുമാണ്‌. ഇത്തരത്തില്‍ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക്‌ ജനങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തിയും ഒരു നയതന്ത്ര വിദഗ്ധനെന്ന നിലയ്ക്ക്‌ ഐപിഎല്‍ രൂപീകരണത്തില്‍ തന്റെ സഹായം വാഗ്ദാനം ചെയ്തുമാണ്‌ ഇവരെയെല്ലാം ചൊടിപ്പിച്ചത്‌. ഈ സത്യം തിരിച്ചറിഞ്ഞിട്ടും ശശിതരൂരിനെ പ്രതിരോധീക്കാന്‍, പ്രതിരോധ മന്ത്രി എ.കെ ആന്റണി മനസ്സുകാണിക്കാതിരുന്നത്‌ കേരളത്തോടുള്ള അപമാനമായിട്ടാണ്‌ ആതിരേ, വിലയിരുത്തേണ്ടത്‌. നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഈ ജനവഞ്ചകര്‍ക്കിടയില്‍ ശശിതരൂരിനെ പോലെ ക്രാന്തദര്‍ശിത്വമുള്ള ആര്‍ക്കും അതിജീവിക്കാന്‍ കഴിയുകയില്ല, ആതിരേ... അതിന്റെ തെളിവ്‌ കൂടിയാണ്‌ ഈ ബലി നല്‍കല്‍.

1 comment:

Unknown said...

You said it, the Truth. See friend, The face of truth is not beautiful, the liar will fear it always.