Friday, April 23, 2010

പവാറിനെയും പ്രഫുല്‍ പട്ടേലിനെയും തൊടാന്‍ മാഡത്തിനും മന്‍മോഹനും ധൈര്യമുണ്ടോ

രാജ്യത്തെ ജനങ്ങളെയും നിയമ സംഹിതകളെയും തൃണവല്‍ഗണിച്ച്‌, വിഡ്ഢികളാക്കിയാണ്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ പരാജിതനായ ഒരു വ്യവസായിയായിരുന്ന ലളിത്‌ മോഡി ഇന്ന്‌ കോടീശ്വരനായി ഉയര്‍ന്നു വന്നിട്ടുള്ളത്‌. ഈ ഉയര്‍ച്ചയില്‍ പവാറും പട്ടേലും അടക്കം നിരവധി നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ട്‌. എന്നിട്ടും ശക്തമായ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയുന്നില്ല. ലളിത്‌ മോഡിയും പവാറും പട്ടേലുമൊക്കെ ക്രിക്കറ്റ്‌ പ്രേമികളെയും രാജ്യത്തെ സാമ്പത്തിക നിയമങ്ങളെയും നിഷ്ഭ്രപമാക്കിയതിനേക്കാളും ഹീനമായ രീതിയിലാണ്‌ ഇപ്പോള്‍ ഈ വിഷയം കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ്‌ നേതൃത്വവും കൈകാര്യം ചെയ്യുന്നത്‌. അതേ, പണത്തിന്‌ മീതെ മാഡവും മന്‍മോഹനും പ്രണാബും ആന്റണിയുമൊന്നും പറക്കുകയില്ലെന്ന്‌ തന്നെ അര്‍ത്ഥം.



ഐപിഎല്‍ വിവാദം ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ വിട്ട്‌ ഇപ്പോള്‍ രാഷ്ട്രീയത്തിന്റെ പിച്ചിലാണ്‌, ആതിരേ ബാറ്റിംഗും ബോളിങ്ങും. വിദേശ സഹമന്ത്രി ശശിതരൂരിന്റെ കസേര തെറിപ്പിച്ച ആ വിവാദത്തില്‍ നിന്ന്‌ രാഷ്ട്രീയ മെയിലേജുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും അടക്കമുള്ള ദേശീയ കക്ഷികള്‍.
തരൂരിന്റെ വിക്കറ്റ്‌ തെറിപ്പിച്ച്‌ ബിജെപി ആദ്യത്തെ ആഘാതം ഏല്‍പ്പിക്കുന്നതില്‍ വിജയിച്ചെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ശശിതരൂരിനെ മാഡവും മന്‍മോഹനും പ്രണാബും ആന്റണിയും പവാറും പട്ടേലുമൊക്കെ അടങ്ങുന്ന രാഷ്ട്രീയ കാലുവാരികള്‍ ബലിയാടാക്കുകയായിരുന്നു എന്ന്‌ അന്നുതന്നെ വ്യക്തമായതാണ്‌.
തരൂരിനെ മാറ്റിനിര്‍ത്തുന്നതോടെ ഈ വിവാദം കെട്ടടങ്ങുമെന്നാണ്‌ മന്‍മോഹന്‍ അടക്കമുള്ളവര്‍ കരുതിയതെന്ന്‌ തോന്നുന്നു. എന്നാല്‍, ഈ ക്രീസില്‍ ഇനിയും നേട്ടത്തിന്റെ വിക്കറ്റുകള്‍ കൊയ്യാനുണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള കക്ഷികള്‍ ഫാസ്റ്റ്‌ ബോളിംഗും സ്പിന്‍ ബോളിംഗും മാറിമാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. തരൂരിന്റെ വിക്കറ്റു തെറിപ്പിച്ച ലളിത്‌ മോഡിയെ ക്ലീന്‍ ബൗള്‍ ചെയ്തേ അടങ്ങൂ എന്ന വാശിയിലാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍. എന്നാല്‍, പൊരുതാനുറച്ച്‌ നില്‍ക്കുന്ന വാലറ്റക്കാരന്‍ ബാറ്റ്സ്മാന്റെ ചങ്കൂറ്റത്തോടെ മോഡി കോണ്‍ഗ്രസിന്റെ നീക്കങ്ങളെ ചെറുത്തു നില്‍ക്കുകയാണ്‌.
അതോടെ ഐപിഎല്‍ വിവാദ ക്ലൈമാക്സ്‌ പ്രവചനാതീതമായിരിക്കുകയാണ്‌. കോടികളുടെ ബിസിനസ്‌ നടക്കുന്ന ഐപിഎല്ലിന്റെ പരമാധികാരസ്ഥാനത്ത്‌ നിന്ന്‌ ഒഴിയില്ല എന്ന വാശിയിലാണ്‌ മോഡി. എന്നാല്‍, മോഡിയെ മാറ്റിയേ തീരു എന്ന പിടിവാശിയിലാണ്‌ കോണ്‍ഗ്രസിനൊപ്പം ബിസിസിഐ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍. മാറ്റാമെങ്കില്‍ മാറ്റ്‌ എന്നാണ്‌ ഇതിന്‌ മോഡിയുടെ മറുപടി. അടുത്ത തിങ്കളാഴ്ച നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ മോഡിയുടെ വിക്കറ്റ്‌ എടുക്കുമെന്ന്‌ തന്നെയാണ്‌ ശശാങ്ക്‌ മനോഹറിന്റെ തീരുമാനം.
ഇങ്ങനെ വിവാദങ്ങള്‍ അനസ്യൂതം തുടരുമ്പോഴാണ്‌, ആതിരേ ഐപിഎല്ലിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്‍ഫോഴ്സമെന്റ്‌ വിഭാഗം ചികഞ്ഞ്‌ പുറത്തിട്ടിരിക്കുന്നത്‌. നിയമവിരുദ്ധമായ മാര്‍ഗ്ഗത്തിലാണ്‌ മൗറീഷ്യസ്‌ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന്‌ ഐപിഎല്‍ അക്കൗണ്ടിലേക്ക്‌ കോടികള്‍ ഒഴുകിയെത്തിയെന്നാണ്‌ എന്‍ഫോഴ്സമെന്റ്‌ വിഭാഗത്തിന്റെ കണ്ടെത്തല്‍. എല്ലാ ടീമുകളും താരങ്ങള്‍ക്ക്‌ നല്‍കിയ പണത്തിന്റെ മാത്രമല്ല. തുടര്‍ന്ന്‌ നടത്തിയ സല്‍ക്കാരങ്ങളുടെയും ആഘോഷങ്ങളുടെയും ചെലവ്‌ വിവരവും ഉല്ലാസ സുന്ദരികള്‍ക്ക്‌ (ചിയര്‍ ലീഡേഴ്സ്‌) നല്‍കിയ വേതന വിവരവും പുറത്തുവരുമ്പോള്‍ ബൃഹത്തായ സാമ്പത്തിക ക്രമക്കേട്‌ വെളിവാകുമെന്നാണ്‌ ഇപ്പോഴുള്ള സൂചനകള്‍. മൗറീഷ്യസില്‍ നിന്ന്‌ മാത്രമല്ല, കുക്സ്‌ ഐലന്റ്‌, കേമാന്‍ ഐലന്റ്‌ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍, നിയമവിരുദ്ധമായി പണമൊഴുകിയെത്തിട്ടുണ്ട്‌.
ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും, ആതിരേ ഈ ക്രമക്കേട്‌ നിറഞ്ഞുനില്‍ക്കുന്നു. സംപ്രേക്ഷണാവകാശം മറിച്ചുവിറ്റതിലും വന്‍തിരിമറി നടന്നിട്ടുണ്ട്‌ എന്നാണ്‌ ഇപ്പോഴത്തെ വിവരം. വാതുവെയ്പിലൂടെയും കോടികളാണ്‌ ഒഴുകിയെത്തിയിട്ടുള്ളത്‌. വാതുവെയ്പ്പില്‍ സാക്ഷാല്‍ ലളിത്‌ മോഡിക്ക്‌ നിര്‍ണായകമായ പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌. എന്നുമാത്രമല്ല, ഓരോ ടീമിന്റെയും ഉടമസ്ഥതയ്ക്ക്‌ പിന്നിലും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും അതിന്‌ സംരക്ഷണം നല്‍കാന്‍ കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അടക്കമുള്ളവര്‍ ഇപ്പോഴും സജീവമാണെന്നും വ്യക്തമായിട്ടുണ്ട്‌.
ഐപിഎല്ലിന്റെ സാമ്പത്തിക ഇടപാടുകളുമായി അഭേദ്യമായ ബന്ധമാണ്‌ കേന്ദ്രകൃഷിമന്ത്രി ശരത്പവാറിനും വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനുള്ളതെന്നും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കമ്മിറ്റയുടെ തലവനാകാന്‍ ശ്രമിക്കുന്ന ശരത്‌ പവാറിന്‌ ഈ പുതിയ വെളിപ്പെടുത്തലുകള്‍ കുറച്ചൊന്നുമല്ല തലവേദനയുണ്ടാക്കിയിട്ടുള്ളത്‌. ശശി തരൂരിനെ പുകയ്ക്കാന്‍ കേരള ഐപിഎല്‍ ടീമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ട മോഡിയെ പവാറിനും ഭയമാണ്‌. അതുകൊണ്ട്‌ അണ്‍സെറിമോണിയസായി മോഡിയെ പുറത്താക്കാനോ ഐപിഎല്ലിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള അന്വേഷണം സമഗ്രമായി മുന്നേറാനോ പവാര്‍ ഇഷ്ടപ്പെടുന്നില്ല. ശശിതരൂര്‍ വിവാദം ഉയര്‍ന്നപ്പോള്‍ മോഡിക്കൊപ്പം നിന്ന പവാര്‍ പിന്നീട്‌ തന്റെ നിലപാട്‌ മാറ്റിയത്‌ അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഗൂഗ്ലിയേറായിട്ടു വേണം വിലയിരുത്തേണ്ടത്‌.
തങ്ങളുടെ മിടുക്കനായ മന്ത്രിയുടെ കസേര തെറിപ്പിച്ച മോഡിയെ ഐപിഎല്ലിന്റെ പരമാധികാര സ്ഥാനത്ത്‌ നിന്ന്‌ ചവിട്ടി പുറത്താക്കിയെ തീരു എന്ന വാശിയിലാണ്‌ കോണ്‍ഗ്രസില്‍ ഒരുവിഭാഗം. എന്നാല്‍, ഇവരെയും സമവായത്തിന്റെ മാര്‍ഗത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ പവാര്‍ ഇപ്പോള്‍. അതിന്റെ അടിസ്ഥാനത്തിലാണ്‌ ലളിത്‌ മോഡിയെ തല്‍സ്ഥാനത്ത്‌ നിന്ന്‌ മാറ്റാനുള്ള ഫോര്‍മുലയ്ക്ക്‌ പവാര്‍ തന്ത്രം മെനഞ്ഞത്‌.
ഇതിനിടയിലാണ്‌, ആതിരേ മറ്റൊരു എന്‍സിപി മന്ത്രിയായ പ്രഫുല്‍ പട്ടേലിനും പുത്രി പൂര്‍ണയ്ക്കും ഐപിഎല്ലുമായുള്ള അവിഹിത സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്ന്‌ പുറത്തെത്തിയിട്ടുള്ളത്‌. അതുമാത്രമല്ല പവാറിനെ വിഷമവൃത്തത്തിലാക്കുന്നത്‌ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം ലഭിച്ച മള്‍ട്ടി സ്ക്രീന്‍ മീഡിയയില്‍ തന്റെ ഭര്‍ത്താവിന്‌ പത്ത്‌ ശതമാനം പ്രോക്സി ഓഹരിയുണ്ടെന്ന്‌ പവാറിന്റെ മകള്‍ സുപ്രിയ തന്നെ സമ്മതിച്ചിട്ടുണ്ട്‌. സോണി ടിവിയുടെ ചെയര്‍മാനായി ഭര്‍ത്തൃപിതാവ്‌ ജോലിചെയ്തിരുന്നതുകൊണ്ടാണ്‌ ഈ ഓഹരി ലഭിച്ചതെന്നും സുപ്രിയ വ്യക്തമാക്കിയിട്ടുണ്ട്‌.അതെസമയം ഐപിഎല്ലിന്റെ മാനേജരാണ്‌ പട്ടേലിന്റെ മകള്‍ പൂര്‍ണ. കേരള ടീമിന്റെ ലേലത്തിന്‌ രണ്ടുദിവസം മുമ്പ്‌ ഐപിഎല്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ സുന്ദര രാമന്റെ മെയില്‍ തരൂരിന്‌ പട്ടേല്‍ ഫോര്‍വേഡ്‌ ചെയ്തിരുന്നു. ഇതെല്ലാം ഐപിഎല്ലുമായുള്ള പട്ടേലിന്റെ അടുത്ത ബന്ധത്തിന്റെ നിഷേധിക്കാനാവാത്ത തെളിവുകളാണ്‌.
ഓരോ ദിവസം കഴിയും തോറും സാമ്പത്തീക ക്രമക്കേടിന്റെ പുതിയ പുതിയ വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സഹാറ ഗ്രൂപ്പിന്റെ ലക്നൗ ഓഫീസില്‍ നിന്നും ഷാരൂഖ്‌ ഖാന്റെ റെഡ്‌ ചില്ലീസ്‌ എന്റര്‍ടെയിന്‍മെന്റിന്റെ മുംബൈ ഓഫീസില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വന്‍ തിരിമറിയുടെയും വന്‍ തോക്കുകള്‍ക്കുള്ള ബന്ധത്തിന്റെയും തെളിവുകളാണ്‌. ഇതിനിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സിന്റെ രേഖകളിലും കൃത്രിമമുണ്ടെന്ന്‌ കണ്ടെത്തിക്കഴിഞ്ഞു.
രാഷ്ട്രത്തെയും ജനങ്ങളെയും വഞ്ചിക്കുന്ന ബിസിസിഐ ഇന്ത്യന്‍ ജനതയോട്‌ ഉത്തരം പറയണമെന്നാണ്‌ സ്പോര്‍ട്സ്‌ മന്ത്രി എം.എസ്‌ ഗില്‍ അഭിപ്രായപ്പെട്ടത്‌. ഇതിനിടയിലാണ്‌ ഐപിഎല്‍ മത്സരങ്ങള്‍ക്ക്‌ വിനോദ നികുതി ഇളവുകള്‍ അനുവദിച്ചതിനെതിരെ മുംബൈ ഹൈക്കോടതി വിധി പ്രഖ്യാപിച്ചതും മുംബൈ മത്സരങ്ങളുടെ വരുമാന വിവരം ഹാജരാക്കാന്‍ ഉത്തരവിട്ടതും.
ഇതില്‍ നിന്നെല്ലാം, ആതിരേ വ്യക്തമാകുന്നത്‌ ഇതുവരെ പുറത്തുവന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ' ഹിമാനി' യുടെ തുമ്പുമാത്രമാണെന്നാണ്‌. ഊഹങ്ങള്‍ക്കും അപ്പുറമുള്ള ക്രമക്കേടുകളാണ്‌ അരങ്ങേറിയിട്ടുള്ളതെന്ന്‌ വ്യക്തം. കേന്ദ്ര മന്ത്രിമാരുടെയും ദേശീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സഹായവും സഹകരണവും സംരക്ഷണവുമില്ലാതെ മോഡിക്കും കൂട്ടര്‍ക്കും ഇത്തരത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്താന്‍ കഴിയുകയില്ല എന്നത്‌ മറ്റൊരു വാസ്തവം.. മോഡിയെ സഹായിച്ചവരുടെ കൂട്ടത്തില്‍ ഒന്നുംരണ്ടും സ്ഥാനത്ത്‌ ഇപ്പോള്‍ നില്‍ക്കുന്നത്‌ ശരത്പവാറും പ്രഫുല്‍ പട്ടേലുമാണ്‌.
ചോദ്യമിതാണ്‌, കേരളാ ഐപിഎല്‍ ടീമിന്റെ രൂപീകരണത്തില്‍ സാമ്പത്തികമായ തിരിമറികള്‍ നടന്നെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍- ആ തിരിമറികളിലൊന്നും ബന്ധമില്ലാതിരുന്നിട്ടും- ശശിതരൂരിനെ മന്ത്രിസ്ഥാനത്ത്‌ നിന്ന്‌ നീക്കം ചെയ്ത മാഡത്തിനും മന്‍മോഹന്‍ സിംഗിനും പവാറിനെതിരെയും പ്രഫുല്‍ പട്ടേലിനെതിരെയും നടപടിയെടുക്കാനുള്ള നട്ടെല്ലുറപ്പുണ്ടോ ?. രാഷ്ട്രീയത്തിലെന്നപോലെ ക്രിക്കറ്റ്‌ ക്രീസിലും നല്ലൊരു തന്ത്രശാലിയായ കളിക്കാരനാണ്‌ ശരത്‌ പവാര്‍. അതുകൊണ്ടുതന്നെ വലിയ പരിക്കുകൂടാതെ അദ്ദേഹം ഇതുവരെ ഈ രണ്ടുമേഖലകളിലും തന്റെ ആധിപത്യം സൂക്ഷിച്ചുപോന്നിരുന്നു. എന്നാല്‍, ഇത്രയധികം വിവാദങ്ങളും രഹസ്യങ്ങളും ഐപിഎല്‍ ക്രമക്കേടുകളെ കുറിച്ച്‌ പുറത്തുവന്ന സ്ഥിതിക്കും ശശിതരൂരിനെ ബലികൊടുത്ത സ്ഥിതിക്കും പവാറിനെതിരെയും പ്രഫുല്‍ പട്ടേലിനെതിരെയും നടപടിവേണമെന്നാണ്‌ ഇപ്പോള്‍ ബിജെപിയുടെ ആവശ്യം. ഈ കളിയില്‍ രണ്ടും മൂന്നും വിക്കറ്റുകള്‍ കൂടി നേടാനുള്ള ശ്രമത്തിലാണ്‌ ബിജെപി. തങ്ങളുടെ ഇഷ്ടക്കാരനായ മോഡിയെ ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്ത്‌ നിന്ന്‌, ഏത്‌ അടിസ്ഥാനത്തിലാണെങ്കിലും, മാറ്റിയാല്‍ പവാറിനെതിരെയും പട്ടേലിനെതിരെയും ആഞ്ഞടിക്കാനാണ്‌ അവരുടെ തീരുമാനം.
പവാറിനെതിരെ നടപടി സ്വീകരിക്കുക എന്നുവച്ചാല്‍ മഹാരാഷ്ട്രയില്‍ എന്‍സിപിയുമായുള്ള രാഷ്ട്രീയ ബാന്ധവം അവസാനിപ്പിക്കുക എന്നതാണ്‌. അങ്ങനെ സംഭവിച്ചാല്‍ , കോണ്‍ഗ്രസ്‌ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന്‌ പിടിച്ചു നില്‍ക്കാന്‍ പവാറിന്‌ കെല്‍പ്പുണ്ട്‌. അതുകൊണ്ട്‌ പവാറിനെതിരെയോ പട്ടേലിനെതിരെയോ കടുത്ത നടപടി സ്വീകരിക്കാന്‍ തത്ക്കാലം കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറാവുകയില്ല. എന്നുമാത്രമല്ല, ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള അന്വേഷണങ്ങള്‍ സമഗ്രമായി പൂര്‍ത്തിയാവുന്ന പക്ഷം മറ്റു പല പ്രമുഖരുടെ തലയും ഉരുളും. അതും അത്രയ്ക്കൊന്നും സഹനീയമായിരിക്കുകയില്ല കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌. അതുകൊണ്ട്‌ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പവാറിന്റെ പവറിന്‌ മൂക്ക്‌ കയറിടാം എന്നുമാത്രമാണ്‌ കോണ്‍ഗ്രസിന്റെ ലക്ഷ്യം.
രാജ്യത്തെ ജനങ്ങളെയും നിയമ സംഹിതകളെയും തൃണവല്‍ഗണിച്ച്‌, വിഡ്ഢികളാക്കിയാണ്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ പരാജിതനായ ഒരു വ്യവസായിയായിരുന്ന ലളിത്‌ മോഡി ഇന്ന്‌ കോടീശ്വരനായി ഉയര്‍ന്നു വന്നിട്ടുള്ളത്‌. ഈ ഉയര്‍ച്ചയില്‍ പവാറും പട്ടേലും അടക്കം നിരവധി നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ട്‌. എന്നിട്ടും ശക്തമായ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയുന്നില്ല. ലളിത്‌ മോഡിയും പവാറും പട്ടേലുമൊക്കെ ക്രിക്കറ്റ്‌ പ്രേമികളെയും രാജ്യത്തെ സാമ്പത്തിക നിയമങ്ങളെയും നിഷ്ഭ്രപമാക്കിയതിനേക്കാളും ഹീനമായ രീതിയിലാണ്‌ ഇപ്പോള്‍ ഈ വിഷയം കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ്‌ നേതൃത്വവും കൈകാര്യം ചെയ്യുന്നത്‌. അതേ, ആതിരേ പണത്തിന്‌ മീതെ മാഡവും മന്‍മോഹനും പ്രണാബും ആന്റണിയുമൊന്നും പറക്കുകയില്ലെന്ന്‌ തന്നെ അര്‍ത്ഥം.

No comments: