Wednesday, April 28, 2010
മെട്രോ നഗരത്തിലെ വനിതകളുടെ ദുഃസ്ഥിതി
പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ് സ്ത്രീ പീഡകര്‍ക്കും സംരക്ഷണം നല്‍കുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രതയോടെ പ്രതികരിക്കുകയും പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയും ചെയ്യാതെ പോലീസിന്റെ ഭാഗത്ത് നിന്ന് ഇരകള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന് തോന്നുന്നില്ല. ഡിവൈഎഫ്‌ഐക്കാരും മാര്‍ക്സിസ്റ്റ് സഖാക്കളും വരച്ച വരയില്‍ പോലീസിനെ നിര്‍ത്തുന്ന നിലയിലേക്ക് പൊതുസമൂഹവും ഉയരണമെന്ന് തന്നെയാണ്, സ്ത്രീകള്‍ക്കെതിരായുള്ള പരാതി ലഭിച്ചിട്ടും അതില്‍ ഫലപ്രദമായ നടപടികളെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. അതേ ജനത്തെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് മെട്രോ നഗരത്തിലെ കുറേ പോലീസുകാരെങ്കിലും.
ഓരോ നഗരത്തിന്റെയും ഭൗതീക വളര്‍ച്ചയുടെ അനിവാര്യതയാണ്, ആതിരേ അതിന്റെ പരിസരങ്ങളില്‍ തെഴുത്ത് വളരുന്ന ക്രിമിനലിസം. മെട്രോ നഗരമായി വളരുന്ന കൊച്ചിയും ഈ ശാപത്തില്‍ നിന്ന് മുക്തമല്ല. എല്ലാ അധോലോക വ്യാപാരങ്ങളുടെയും കേന്ദ്രമായി കൊച്ചി പരിണമിച്ചിട്ട് വര്‍ഷങ്ങളായി. കഴിവും പ്രാപ്തിയും സത്യസന്ധതയുമുള്ള പോലീസ് ഓഫീസര്‍മാര്‍ ക്രമസാമാധാന പാലനത്തിന് ചുക്കാന്‍ പിടിക്കുമ്പോഴും ഈ അധോലോക ശക്തികള്‍ അവരുടെ സാമ്പത്തീകവും രാഷ്ട്രീയവുമായ പിന്‍ബലത്തില്‍ നഗരത്തില്‍ അഴിഞ്ഞാടുകയാണ്. നിരപരാധികളും സാധാരണക്കാരും വനിതകളുമാണ് ഈ ഗുണ്ടാവിളയാട്ടത്തിന്റെ ഇരകളില്‍ ഭൂരിപക്ഷവും. മോഷണവും പിടിച്ചുപറിയും കൊലപാതകവും പെണ്‍വാണിഭവും മയക്കമരുന്ന് കച്ചവടവും കള്ളക്കടത്തും ഹവാല ഇടപാടും മണല്‍ കടത്തും കള്ളച്ചാരായ വ്യാപാരവും തുടങ്ങി സമൂഹത്തിന്റെ സമാധാന ജീവിതം നശിപ്പിക്കുന്ന ശക്തികളെ കുറിച്ചുള്ള വാര്‍ത്തകളില്ലാതെ ഒരുദിവസവും മെട്രോ നഗരത്തില്‍ പുലരുന്നില്ല.
സിറ്റി പോലീസ് കമ്മീഷണറുടെ ശക്തമായ നിലപാടും പോലീസ് സേനയിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സേവനവും ഷാഡോപോലീസുമൊക്കെ ചേര്‍ന്നതോടെ നഗരത്തിലെ ഗുണ്ടാവിളയാട്ടത്തിന് സാരമായ വ്യത്യാസം വരുത്താന്‍ സാധിച്ചിട്ടുണ്ട്. അപ്പോള്‍ പോലും സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അതികക്രമങ്ങളും നിത്യേന വര്‍ധിച്ച് വരികയാണ്. യാത്രചെയ്യുന്ന ബസ്സില്‍ മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വരെ ഇവര്‍ ക്രൂരമായ പീഡനത്തിനും മുതലെടുപ്പിനും ഇരയാവുകയാണ്. മാന്യത ഓര്‍ത്ത് പലരും പലതും പുറത്ത് പറയുന്നില്ല എന്നേയുള്ളു.
അതേസമയം തങ്ങള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളെ കുറിച്ചും അക്രമങ്ങളെ കുറിച്ചും പരാതിപ്പെട്ടാലും നടപടിയുണ്ടാകുന്നില്ല എന്നതാണ് സ്ത്രീസമൂഹത്തിന്റെ പരാതി. ഒരു വനിതാ ഓഫീസര്‍ ഐജി സ്ഥാനത്തിരിക്കുന്ന ജില്ലയിലാണ് സ്ത്രീകള്‍ ഇങ്ങനെ പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്നത് എന്നത് ഈ മെട്രോനഗരത്തിന് ഒട്ടും ഭൂഷണമല്ല. പോലീസ് അധികൃതര്‍ പോലും ഇത്തരം വിഷയങ്ങളില്‍ ഇരകളെ വിട്ട് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ദാരുണാവസ്ഥയാണ് മെട്രോനഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഒരു സംഭവം ശ്രദ്ധിക്കുക. "കടവന്ത്രയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 24 കാരിയായ ഞാന്‍ ഇക്കഴിഞ്ഞ ഒമ്പതിനാണ് ആകെ തളര്‍ത്തിക്കളഞ്ഞ സംഭവമുണ്ടായത്. പത്രങ്ങളില്‍ കൊടുക്കാനുള്ള പരസ്യങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിക്കൊണ്ടുപോകാറുള്ള സതീഷ് എന്ന യുവാവ് രാവിലെ ഒമ്പതരയോടെ ഓഫീസില്‍ കയറിവന്നു. ഞാനവിടെ തനിച്ചായിരുന്നു. മേലുദ്യോഗസ്ഥന്‍ എത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ അവധിയിലുമായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞേവരികയുള്ളു എന്ന് മേലുദ്യോഗസ്ഥന്‍ സതീഷിനെ ഫോണിലൂടെ അറിയിച്ചു. എന്നാല്‍, ഫോണ്‍ വെച്ച ശേഷം സതീഷ് എന്റെ ദേഹത്ത് തൊട്ടപ്പോള്‍ എതിര്‍ത്തു. വല്ലാതെ ഭയപ്പെട്ടുപോയി. പെട്ടെന്ന് അകത്തെ മുറിയില്‍ ഫോണ്‍ ബെല്ലടിച്ചു. ഓടിപ്പോയി ഫോണെടുത്തപ്പോഴേക്കും പിന്നാലെ വന്ന അയാള്‍ കഥതകടച്ച ശേഷം എന്നെ കടന്നുപിടിച്ചു. ബലം പ്രയോഗിച്ച് വസ്ത്രങ്ങളഴിച്ചുകളയാനും മാനഭംഗപ്പെടുത്താനും ശ്രമിച്ചു. മല്‍പ്പിടുത്തത്തിനിടെ അയാളെ ചവിട്ടിവീഴ്ത്തി ഞാനൊരുവിധം പുറത്തുടന്നു. ഞാന്‍ കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. അയാള്‍ പെട്ടെന്ന് സ്ഥലം വിട്ടു. മേലുദ്യോഗസ്ഥനെ വിവരമറിയിച്ചപ്പോള്‍ അദ്ദേഹം ഉടനെത്തി എന്നെയും കൂട്ടി വനിതാസെല്ലിലും വനിതാപോലീസ് സ്റ്റേഷനിലുമെത്തി. തുടര്‍ന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. പിറ്റേന്ന് രാവിലെ കടവന്ത്ര എസ്‌ഐയും രണ്ട് പോലീസുകാരും ഞങ്ങളുടെ ഓഫീസിലെത്തി. വനിതാ പോലീസുകാര്‍ ഒപ്പമുണ്ടായിരുന്നില്ല എന്നത് എടുത്ത് പറയട്ടെ. "പരാതി പിന്‍വലിക്കണം പ്രതിയെ പിടിച്ച് കുറച്ച് തല്ല് കൊടുത്തുവിടാം കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്" ഇതായിരുന്നു പോലീസിന്റെ ഉപദേശം. ഞാന്‍ പരാതിയില്‍ ഉറച്ചുനിന്നു. ഇതിനിടെ ഞങ്ങളുടെ സ്ഥാപനത്തില്‍ വന്ന അഞ്ചുപേരെ എസ്‌ഐ മടക്കി അയച്ചു. "കേസുള്ള സ്ഥാപനമാണ് ഇവിടെ നില്‍ക്കണ്ട" എന്നായിരുന്നു എസ്‌ഐ പറഞ്ഞത് പിന്നീട് പലവട്ടം എസ്‌ഐ ഫോണില്‍ വിളിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുത് എന്നതായിരുന്നു ആവശ്യം...... അടുത്ത ദിവസം പ്രതി സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ജാമ്യം അനുവദിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത് എന്നറിയുന്നു. പോലീസ് കൈക്കൂലി വാങ്ങി പ്രതിയെ സഹായിക്കുകയായിരുന്നു എന്ന് ന്യായമായും ഞാന്‍ സംശയിക്കുന്നു. നടപടിയൊന്നും പിന്നീട് ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ ഐജി ഡോ. ബി സന്ധ്യയെ കണ്ട് പരാതിപ്പെട്ടു. കേസിന്റെ സ്ഥിതി അന്വേഷിക്കാമെന്ന് ഐജി പറഞ്ഞിരിക്കുകയാണ്. ഡിജിപിക്കും സിറ്റിപോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് ".
കടവന്ത്രയിലെ ജനമൈത്രി പോലീസ് സ്റ്റേഷനിലെ നീതി നിര്‍വ്വഹണമാണ് മുകളില്‍ വിവരിച്ചത്. നഗരമധ്യത്തിലുള്ള ഒരു സ്ഥാപനത്തിലെ വനിതാ ജീവനക്കാരിക്ക് പോലും സുരക്ഷയില്ല എന്നതിനൊപ്പം അവരെ പീഡിപ്പിച്ചവരെ രക്ഷിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുന്നു എന്നതാണ് ഈ സംഭവത്തിലെ അശ്ലീലത. മദ്യപിക്കാതിരുന്ന അഡ്വക്കറ്റിനെ മദ്യപിച്ചു എന്നാരോപിച്ച് ചെവിക്കല്ല് അടിച്ചുതകര്‍ത്ത മിടുക്കന്മാരാണ് കടവന്ത്രയിലെ ജനമൈത്രി പോലീസ് സ്റ്റേഷനിലെ നീതിപാലകര്‍.
ഈ സംഭവത്തിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് ബാക്കി ലഭിക്കാനുള്ള ഒന്നര രൂപ ചോദിച്ചതിന് പ്രൈവറ്റ് ബസിലെ കണ്ടക്ടറില്‍ നിന്ന് മുഖത്തടിയേറ്റ വീട്ടമ്മയുടെ അനുഭവം. കലൂരില്‍ നിന്ന് രണ്ടു പെണ്‍മക്കളോടൊപ്പം എറണാകുളത്തേക്കുള്ള ബസില്‍ കയറിയതാണ് ഈ വീട്ടമ്മ. ബാക്കി നല്‍കാനുള്ള ഒന്നര രൂപയെക്കുറിച്ച് പലവട്ടം വീട്ടമ്മ കണ്ടക്ടറെ ഓര്‍മ്മപ്പെടുത്തിയിരുന്നു. പക്ഷെ, നല്‍കിയില്ല. എന്നാല്‍, കച്ചേരിപ്പടി സ്റ്റോപ്പിലെത്തും മുമ്പ് ഒന്നര രൂപ ഡോര്‍ ചെക്കറുടെ കൈയില്‍ ഏല്‍പ്പിച്ച് വീട്ടമ്മക്ക് നല്‍കാനാണ് കണ്ടക്ടര്‍ പറഞ്ഞത്. എന്തിനാണ് പണം ഡോര്‍ ചെക്കറെ ഏല്‍പ്പിച്ചതെന്ന് ചോദിച്ചതും വീട്ടമ്മയുടെ ചെകിടടച്ച് അടിച്ചു വീഴുകയായിരുന്നു അവരെ കണ്ടക്ടര്‍. അടികൊണ്ട് വീട്ടമ്മ തളര്‍ന്നുവീണപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങിയോടിയ കണ്ടക്ടറെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ഈ സംഭവങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് മെട്രോ നഗരത്തില്‍ വനിതകളുടെ ജീവിതം എത്രമാത്രം അരക്ഷിതമാണ് എന്നതിലേക്കാണ്. പരാതി നല്‍കിയാലും, പ്രതി ആരെന്ന് തിരിച്ചറിഞ്ഞാലും വാദി സ്ഥാനത്ത് നില്‍ക്കുന്നത് സ്ത്രീ ആണെങ്കില്‍ നീതി നിര്‍വ്വഹണം ഒരു വഴിയായിരിക്കുമെന്നാണ് മേല്‍ സൂചിപ്പിച്ച രണ്ടുസംഭവങ്ങളും വ്യക്തമാക്കുന്നത്. ഇതിനിടയില്‍ വീട്ടമ്മയെ കണ്ടക്ടര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് വനിതാ കമ്മീഷന്‍ വീമ്പിളക്കുന്നതും കേട്ടു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടക്ടറെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നറിഞ്ഞിട്ടും മൗനം പാലിക്കുകയാണ് വനിതകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയെന്ന് അവകാശപ്പെടുന്ന വനിതാ കമ്മീഷന്‍. ആദ്യ സൂചിപ്പിച്ച യുവതിയുടെ ദുരന്തം വനിതാ കമ്മീഷന്‍ അറിഞ്ഞിട്ടുപോലുമില്ല എന്നാണ് തോന്നുന്നത്. ഈ രണ്ടു സംഭവവും അറിഞ്ഞമട്ടിലല്ല സിപി)എമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും വനിതാസംഘടനകളും അവരുടെ ബഹുമാന്യരായ നേതാക്കളും.
നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു വനിതാ ഐജിയായി ക്രമസമാധാന പാലനം നടത്തുന്ന നഗരത്തിലാണ് ഈ രണ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൊബെയില്‍ ഫോണിലൂടെയുള്ള ശല്യങ്ങളും മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുത്തുകൊണ്ടുള്ള ചൂഷണങ്ങളും നിര്‍ബാധം നഗരത്തില്‍ നടക്കുന്നുണ്ട്. പരാതി കിട്ടാതെ എങ്ങനെ നടപടിയെടുക്കുമെന്നാണ് പോലീസിന്റെ ചോദ്യം. മേല്‍ വിവരിച്ച രണ്ട് സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരും എങ്ങനെ പോലീസിനെ സമീപിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ് സ്ത്രീ പീഡകര്‍ക്കും സംരക്ഷണം നല്‍കുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രതയോടെ പ്രതികരിക്കുകയും പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയും ചെയ്യാതെ പോലീസിന്റെ ഭാഗത്ത് നിന്ന് ഇരകള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന് തോന്നുന്നില്ല. ഡിവൈഎഫ്‌ഐക്കാരും മാര്‍ക്സിസ്റ്റ് സഖാക്കളും വരച്ച വരയില്‍ പോലീസിനെ നിര്‍ത്തുന്ന നിലയിലേക്ക് പൊതുസമൂഹവും ഉയരണമെന്ന് തന്നെയാണ്, സ്ത്രീകള്‍ക്കെതിരായുള്ള പരാതി ലഭിച്ചിട്ടും അതില്‍ ഫലപ്രദമായ നടപടികളെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. അതേ ജനത്തെ നിയമം കൈയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് മെട്രോ നഗരത്തിലെ കുറേ പോലീസുകാരെങ്കിലും.
Subscribe to:
Post Comments (Atom)
No comments:
Post a Comment