Monday, December 29, 2014

'ഘര്‍ വാപസി':നടത്തുന്നവരും എതിര്‍ക്കുന്നവരും ദളിത്‌ നിലനില്‍പ്പിന്റെ `പാന്‍ ഇന്ത്യന്‍' ഭീഷണികള്‍

വറചട്ടിയില്‍ നിന്ന്‌ എരിതീയില്‍ പതിച്ചവര്‍ക്ക്‌ വറചട്ടി തന്നെ നീക്കുപോക്കില്ലാത്ത സ്വികാര്യതയാകുന്നു.അവിടെയ്‌ക്കാണ്‌ `ഘര്‍ വാപസി'യുടെ പ്രലോഭനവുമായി വിശ്വഹിന്ദു പരിഷത്തിന്റെ മറവില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട പതുങ്ങിയെത്തിയിരിക്കുന്നത്‌.വീട്ടിലേയ്‌ക്ക്‌ മടങ്ങിവരുന്ന ദളിത്‌ ക്രൈസ്‌തവരേയും മുസ്ലീമുകളേയും കാത്തിരിക്കുന്നത്‌ അയിത്തത്തിന്റേയും ജാതിവ്യവസ്ഥയുടെയും വെളിമ്പറമ്പുകള്‍ മാത്രമാണെന്നതാണ്‌ അനുരഞ്‌ജനമില്ലാത്ത മറ്റൊരു ദുര്യോഗം.സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും മിഷണറിമാരുടെയും മൊല്ലാക്കമാരുടേയും പ്രലോഭനങ്ങള്‍ക്കുമിടയില്‍ ഉഴലാതെ സ്വത്വബോധത്തോടെ,സ്വതന്ത്രരായി,മനുഷ്യരായി ജീവിക്കാനുള്ള ദളിത്‌ വിഭാഗങ്ങളുടെ അവകാശമാണ്‌ യഥാര്‍ത്ഥത്തില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടത്‌.ആ ഭൂമികയില്‍ `ഘര്‍ വാപസി'മാത്രമല്ല എല്ലാത്തരം മതപരിവര്‍ത്തനങ്ങളും നിരോധിക്കപ്പെടേണ്ടതാണ്‌.പക്ഷേ സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കളുടെ അധികാര-അതിജീവന കൗശലങ്ങളില്‍ ദളിതര്‍ കേവലം വോട്ടുകള്‍ മാത്രമാകുമ്പോള്‍ `ഘര്‍ വാപസി'ക്കാര്‍ക്കും `സ്വര്‍ഗരാജ്യം പ്രസംഗിക്കുന്നവര്‍ക്കും'അവരെ ഇട്ട്‌ വട്ടുതട്ടാം.അപ്പോള്‍ ദളിത്‌ വിമോചനം മാവോയിസ്റ്റുകളിലൂടെ മാത്രമാണെന്ന്‌ നാം വായിച്ചെടുക്കേണ്ടി വരുന്നു എന്നതാണ്‌ `ഘര്‍ വാപസി'യും അതിനെ എതിര്‍ക്കുന്നവരും മുന്നോട്ടു വയ്‌ക്കുന്ന രാഷ്ട്രീയ പാഠം.
ആതിരേ,വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവിന്റെ ഏറ്റവും കാല്‍പനീകമായ വിവരണമുള്ളത്‌ ബൈബിളിലാണ്‌.`ധൂര്‍ത്ത പുത്രന്റെ'കഥയിലൂടെ വരച്ചു കാണിക്കുന്നത്‌ കൂടിച്ചേരലിന്റെ ഉത്സവവും അലച്ചിലിന്റെ ഒടുക്കവും സ്വത്വസംരക്ഷണത്തിന്റെ കേവല നീതിയുമാണ്‌.``നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌;അതില്‍ നാരായണക്കിളിക്കൂടുപോലൊരു നാലുകാലോലപ്പുരയുമുണ്ട്‌..''എന്ന പി.ഭാസ്‌കരന്റെ വരികളും ``തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ട്‌''എന്ന അനില്‍ പനച്ചൂരാന്റെ ഗാനവും വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവിലെ പ്രവാസിമലയാളി സങ്കല്‍പ്പനത്തിന്റെ ഉദാത്തതയാണ്‌ ദൃശ്യമാകുന്നത്‌. രാഷ്ട്രീയ ലക്ഷ്യമോ ഇടപെടലുകളോ ഇല്ലാത്തതു കൊണ്ടാണ്‌ `ധൂര്‍ത്ത പുത്ര'ന്റേയും പ്രവാസി മലയാളിയുടെയും അവസ്ഥയോട്‌ നമുക്ക്‌ താദാത്മ്യം പ്രാപിക്കാനാവുന്നത്‌. തിരികെ പിടിക്കലായത്‌ കൊണ്ടല്ല,തിരിച്ചു വരവായത്‌ കൊണ്ടാണ്‌ പ്രവേശകനും സ്വീകര്‍ത്താവിനും വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ്‌ ഹൃദ്യമായ അനുഭവമാകുന്നത്‌.എന്നാല്‍ വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ്‌ എന്നര്‍ത്ഥമുള്ള `ഘര്‍ വാപസി' എന്ന ഹിന്ദി പ്രയോഗം പക്ഷെ നമ്മിലുയര്‍ത്തുന്നത്‌ ആശങ്കയാണ്‌.മതത്തിന്റെ മറവില്‍ ഒളിച്ചു വച്ചിട്ടുള്ള ഗൂഢവും ഹീനവുമായ ഹിന്ദുത്വ രാഷ്ട്രീയമാണ്‌ `ഘര്‍ വാപസി'.ഭീഷണമാണതിന്റെ പരിണതി. നിര്‍ബന്ധപൂര്‍വമല്ലാത്ത ,സ്വന്തം ഇഷ്ടത്തിനൊത്ത വിശ്വാസം ആചാരം ശീലം എന്നിവ തുടരാനും ഉപേക്ഷിക്കാനും മറ്റൊന്ന്‌ സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം,ആതിരേ, ഇന്ത്യന്‍ പൗരന്‌ ഭരണഘടനാദത്തമായ അവകാശമാണ്‌ . വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിയമപരമായ പരിരക്ഷയാണിത്‌. മാറുന്ന കാലത്തിനും സമ്പാദിക്കുന്ന വിജ്ഞാനത്തിനുമനുസരിച്ച്‌ മനുഷ്യന്റെ ചിന്തകളും ആശയങ്ങളും മാറുമെന്നും അപ്പോള്‍ പഴയവ പലതും ഉപേക്ഷിക്കപ്പെടുമെന്നും നവീനമായവയെ സ്വീകരിക്കുമെന്നുമുള്ള തിരിച്ചറിവിലാണ്‌ വ്യക്തിസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമായി ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നത്‌.ഉദാത്തമായ ജനാധിപത്യ ബോധത്തിന്റേയും ഉന്നിദ്രമായ സാമുഹികാവസ്ഥയുടെയും ലക്ഷണമാണത്‌.അതു കൊണ്ട്‌ ഒരു മതത്തില്‍ നിന്ന്‌ മാറുന്നതും പിന്നീട്‌ അതിലേയ്‌ക്ക്‌ തിരിച്ചു വരുന്നതും തര്‍ക്കിക്കേണ്ട വിഷയമേ അല്ല.
എന്നാല്‍ ഹിന്ദുമതത്തില്‍ നിന്ന്‌ മറ്റു മതങ്ങളിലേക്കോ വിശ്വാസങ്ങളിലേക്കോ മാറിപ്പോയവരെ തിരിച്ചു ഹിന്ദുമതത്തിലേക്ക്‌ പുനഃപ്രവേശിപ്പിക്കുന്ന`ഘര്‍ വാപസി' എന്ന പ്രയോഗത്തില്‍ മുഴങ്ങുന്ന രാഷ്ട്രീയ പ്രതിധ്വനികളും അവ ക്ഷണിച്ചു വരുത്തുന്ന മതപരമായ വിവേചനവുമാണ്‌,ആതിരേ, പൊള്ളിക്കുന്ന തിരിച്ചറിവാകുന്നത്‌. നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം `ഹൈന്ദവം' `ഹിന്ദു' എന്നീ സംജ്ഞകള്‍ക്ക്‌ സംഘപരിവാര്‍ നല്‍കിയിട്ടുള്ള കര്‍ശന രാഷ്ട്രീയ നിര്‍വചനവും അതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമാകുന്ന `ഹൈന്ദവവത്‌ക്കരണവു'മാണ്‌ അപായമണി മുഴക്കുന്നത്‌.സങ്കീര്‍ണമാണ്‌ ഭാരതത്തിന്റെ ജാതി-മത-ദേശീയ-സംസ്‌കാര ഭൂമിക.നാനാത്വത്തിലാണ്‌ അതിന്റെ ഏകത്വം.ആ വാസ്‌തവത്തെ തമസ്‌ക്കരിച്ചു കൊണ്ടുള്ള ചരിത്രത്തിന്റെ കാവിവത്‌ക്കരണവും, യാഗങ്ങളുടേയും യഞ്‌ജങ്ങളുടേയും പുനരുജ്ജീവനവും, പാഠ്യപദ്ധതികളിലെ സനാതന-വക്രീകരണവും മുതല്‍ ഭഗവത്‌ഗീത ഭാരതത്തിന്റെ ദേശീയ ഗ്രന്ഥമാക്കണം എന്ന ശാഠ്യം വരെ നീളുന്ന ഹിഡന്‍ അജണ്ടകളുടേയും ബാബറി മസ്‌ജിദ്‌ തകര്‍ത്ത `പിക്‌-ആക്‌സു'മായി താജ്‌ മഹലിനു നേരേ തിരിയുന്ന കര്‍സേവയുടേയും ഇങ്ങേത്തലയ്‌ക്കലായി `ഘര്‍ വാപസി'നില്‍ക്കുന്നതാണ്‌ ,ആതിരേ, ആകുലതകള്‍ പെരുക്കുന്നത്‌. ഹിന്ദുക്കളെ ക്രിസ്‌തുമതത്തിലേയ്‌ക്കും ഇസ്ലാമിലേയ്‌ക്കും മതംമാറ്റിക്കൊണ്ടിരിക്കുകയാണെന്നും അത്‌ തടയണമെന്നുമുള്ളത്‌ എക്കാലത്തേയും സംഘപരിവാര്‍ സംഘടനകളുടെ ആവശ്യമാണ്‌.ആ പശ്ചാത്തലത്തില്‍ കേവലമായ വ്യക്തിഗത ഇഷ്ടാനിഷ്ടത്തിന്റെ പ്രശ്‌നമല്ല `ഘര്‍ വാപസി'യുടെ ഉള്ളടക്കം.`ഘര്‍ വാപസി'യുടെ വ്യാപനത്തിലൂടെ മതം മാറ്റത്തിനെതിരായ വികാരം ആളിക്കത്തിച്ച്‌ ഒരു മതം മാറ്റവും ഇനി അനുവദനീയമല്ലെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള മൂര്‍ച്ചയേറിയ അജണ്ടയും വിശ്വഹിന്ദു പരിഷത്തിന്റെ `വീട്ടിലേയ്‌ക്കുള്ള മടങ്ങി വരവ്‌' കാമ്പെയിനിലുണ്ട്‌.അതാണ്‌ ഭീഷണി,അപായം. ഇപ്പോള്‍ `ഘര്‍ വാപസി' തുടങ്ങിയതിന്‌ മറ്റൊരു പശ്ചാത്തലവുമുണ്ട്‌ ,ആതിരേ . ഇസ്ലാമിക തീവ്രവാദികള്‍ ആഗോളതലത്തില്‍ ആളിക്കത്തിക്കുന്ന ഭയാശങ്കകളും നിഷ്‌ഠൂരമായ അവരുടെ മനുഷ്യക്കുരുതികളുമെല്ലാം പൊതുവെ ഒരു ഇസ്ലാമിക വിരുദ്ധ മാനസികാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്‌.അതിന്റെ മുതലെടുപ്പിലൂടെ `ഹിന്ദു വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ്‌' ഉത്സവമാക്കാനാണ്‌ വിശ്വഹിന്ദു പരിഷത്തിന്റെ നീക്കം. ന്യൂനപക്ഷ ഭീകരതയ്‌ക്കെതിരായ വെറുപ്പിനെ ഭൂരിപക്ഷ ഭീകരതയ്‌ക്കനുകൂലമായ മതവത്‌ക്കരണമാക്കുകയാണിവിടെ.അങ്ങനെ മതനിരപേക്ഷ ഇന്ത്യയുടെ സഹിഷ്‌ണുത ചിതറിക്കുന്ന ആര്‍ഡിഎക്‌സ്‌ ആകുകയാണ്‌ `ഘര്‍ വാപസി'
ആതിരേ,സനാതന ഹിന്ദുമതം നൂറ്റാണ്ടുകളോളം ആഘോഷമായി കൊണ്ടാടിയ അയിത്താചരണമാണ്‌ ദളിത്‌ വിഭാഗങ്ങളെ ക്രിസ്‌തു മതത്തിലേയ്‌ക്കും ഇസ്ലാമിലേയ്‌ക്കും ആട്ടിപ്പായിച്ചതെന്ന്‌ മറക്കണ്ട.ദളിത്‌ പെണ്ണിനെ മാറ്‌ മറയ്‌ക്കാന്‍ അനുവദിക്കാതെ,ദളിത്‌ ആണിനേയും പെണ്ണിനേയും പൊതുവഴിയിലൂടെ നടക്കാന്‍ സമ്മതിക്കാതെ,വിദ്യയാര്‍ജിക്കാന്‍ അനുവദിക്കാതെ,ദളിതര്‍ക്ക്‌ ക്ഷേത്രപ്രവേശനം നിഷേധിച്ചും അര്‍മാദിച്ച സനാതന സവര്‍ണാധിപത്യത്തോടുള്ള പ്രതിഷേധമായിരുന്നു ദളിത്‌ വിഭാഗങ്ങളുടെ മതം മാറ്റം.ഈ ചെറുത്തു നില്‍പ്പിനെ അല്ലെങ്കില്‍ പ്രതിഷേധത്തെ പ്രലോഭനങ്ങളാല്‍ ആളിക്കത്തിച്ചാണ്‌ മിഷണറിമാരും മൊല്ലാക്കമാരും മതപരിവര്‍ത്തനം വ്യാപകമാക്കിയത്‌.പ്രലോഭകരുടെ മതമൂല്യങ്ങളയിരുന്നില്ല മറിച്ച്‌ സ്വത്വ ബോധത്തോടെ സ്വതന്ത്ര മനുഷ്യരായി ജീവിക്കാമെന്ന മോഹമായിരുന്നു മതപരിവര്‍ത്തനത്തിന്‌ ദളിത്‌ വിഭാഗങ്ങളെ നിര്‍ബന്ധിച്ചത്‌. പക്ഷേ,ദളിതര്‍ക്കുള്ള സര്‍ക്കാര്‍ സംവരണം പോലും നിഷേധിക്കപ്പെട്ട്‌,മാര്‍ഗ വാസികളെന്നും പുതു ക്രിസ്‌ത്യാനികളെന്നുമുള്ള പുച്ഛം പേറി ക്രൈസ്‌തവ-ഇസ്ലാമിക പൊതുധാരയുടെ പിന്നമ്പുറത്ത്‌ കഴിയാനായിരുന്നു പരിവര്‍ത്തിതരുടെ നിയോഗം.അലപം ഭക്ഷണത്തില്‍,മരുന്നില്‍,പണത്തില്‍,പള്ളിപ്രവേശനത്തില്‍ ദളിതരെ മതം മാറ്റിയത്‌ ഭരണഘടനാദത്തമായ ന്യൂനപക്ഷ അവകാശമാണെന്ന്‌ വാദിക്കുന്ന അരമനകളും ദര്‍ഗകളും ഹിന്ദുക്കളെ മടക്കി വിളിക്കുന്നത്‌ വര്‍ഗീയതയും ഭരണഘടനാവിരുദ്ധവുമാണെന്ന്‌ ആക്രോശിക്കുന്നതാണ്‌,ആതിരേ, മതവത്‌ക്കരണത്തിലെ മറ്റൊരു ഭീകരത. അതു കൊണ്ടാണ്‌ വറചട്ടിയില്‍ നിന്ന്‌ എരിതീയില്‍ പതിച്ചവര്‍ക്ക്‌ വറചട്ടി തന്നെ നീക്കുപോക്കില്ലാത്ത സ്വികാര്യതയാകുന്നത്‌.അവിടെയ്‌ക്കാണ്‌ `ഘര്‍ വാപസി'യുടെ പ്രലോഭനവുമായി വിശ്വഹിന്ദു പരിഷത്തിന്റെ മറവില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട പതുങ്ങിയെത്തിയിരിക്കുന്നത്‌.വീട്ടിലേയ്‌ക്ക്‌ മടങ്ങിവരുന്ന ദളിത്‌ ക്രൈസ്‌തവരേയും മുസ്ലീമുകളേയും കാത്തിരിക്കുന്നത്‌ അയിത്തത്തിന്റേയും ജാതിവ്യവസ്ഥയുടെയും വെളിമ്പറമ്പുകള്‍ മാത്രമാണെന്നതാണ്‌ അനുരഞ്‌ജനമില്ലാത്ത മറ്റൊരു ദുര്യോഗം.
സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും മിഷണറിമാരുടെയും മൊല്ലാക്കമാരുടേയും പ്രലോഭനങ്ങള്‍ക്കുമിടയില്‍ ഉഴലാതെ സ്വത്വബോധത്തോടെ,സ്വതന്ത്രരായി,മനുഷ്യരായി ജീവിക്കാനുള്ള ദളിത്‌ വിഭാഗങ്ങളുടെ അവകാശമാണ്‌ യഥാര്‍ത്ഥത്തില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടത്‌.ആ ഭൂമികയില്‍ `ഘര്‍ വാപസി'മാത്രമല്ല എല്ലാത്തരം മതപരിവര്‍ത്തനങ്ങളും നിരോധിക്കപ്പെടേണ്ടതാണ്‌.പക്ഷേ സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കളുടെ അധികാര-അതിജീവന കൗശലങ്ങളില്‍ ദളിതര്‍ കേവലം വോട്ടുകള്‍ മാത്രമാകുമ്പോള്‍ `ഘര്‍ വാപസി'ക്കാര്‍ക്കും `സ്വര്‍ഗരാജ്യം പ്രസംഗിക്കുന്നവര്‍ക്കും'അവരെ ഇട്ട്‌ വട്ടുതട്ടാം.അപ്പോള്‍ ദളിത്‌ വിമോചനം മാവോയിസ്റ്റുകളിലൂടെ മാത്രമാണെന്ന്‌,ആതിരേ,നാം വായിച്ചെടുക്കേണ്ടി വരുന്നു എന്നതാണ്‌ `ഘര്‍ വാപസി'യും അതിനെ എതിര്‍ക്കുന്നവരും മുന്നോട്ടു വയ്‌ക്കുന്ന രാഷ്ട്രീയ പാഠം.

Friday, December 26, 2014

ഖദറിന്റെ വെണ്മയ്‌ക്കുള്ളില്‍ ഉമ്മന്‍ ചാണ്ടി ഒളിപ്പിക്കുന്ന കാളകൂടങ്ങള്‍

കോണ്‍ഗ്രസുകാരനായത്‌ കൊണ്ട്‌ ഖദര്‍ ധരിക്കുന്നു എന്നതൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടി എന്നും മദ്യത്തിന്റേയും മദ്യലോബിയുടെയും സുഹൃത്തായിരുന്നു.എല്ലാ മാഫിയകളുടെയും തലതൊട്ടപ്പനുമായിരുന്നു.നെറികേടിന്റെ,അഴിമതിയുടെ,ജനവിരുദ്ധതയുടെ എക്കാലത്തേയും കുതന്ത്രശാലിയായ കോണ്‍ഗ്രസുകാരനായിരുന്നു ഉമ്മന്‍ ചാണ്ടി.സ്‌തുതിപാഠകരായ മാധ്യമ സിന്‍ഡിക്കേറ്റും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവും കൂടിയായപ്പോള്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധൈര്യവും വന്നു. വി.എം സുധീരന്‍ ചൂണ്ടിക്കാട്ടിയത്‌ പോലെ `` ആരുടെയോ തിരക്കഥ അനുസരിച്ച്‌ രണ്ട്‌ സെക്രട്ടറിമാര്‍ ചേര്‍ന്ന്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും അംഗീകരിച്ച്‌ ജനതാത്‌പര്യത്തിന്‌ മുകളില്‍ മദ്യലോബിയുടെ താത്‌പര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്‌'' അങ്ങനെയാണ്‌.
ആതിരേ,ധരിക്കുന്ന ഖദറിന്റെ വെണ്മയ്‌ക്കുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒളിപ്പിക്കുന്ന കാളകൂടങ്ങള്‍ കണ്ട്‌ അന്തം വിട്ടു നില്‍ക്കുകയാണ്‌ മലയാളികള്‍. കാപട്യങ്ങളുടെയും കൗശലങ്ങളുടേയും ആചാര്യനായി,അധികാര-അതിജീവന രാഷ്ട്രീയ കലയില്‍ ജനവഞ്ചനയുടെ സര്‍വകാല റെക്കോര്‍ഡുമായി ഉമ്മന്‍ ചാണ്ടി മുന്നേറുമ്പോള്‍ കൊഞ്ഞാണന്മാരാക്കപ്പെടുകയാണ്‌ യുഡിഎഫിന്‌ വോട്ടു ചെയ്‌ത സമ്മതിദായകര്‍; ശുംഭന്മാരുമാക്കപ്പെടുകയാണ്‌ കേരളീയ പൊതുസമൂഹം. സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചുപയോഗിച്ച്‌ വക്കുടഞ്ഞ പ്രയോഗമാണെങ്കിലും `` ഇതു പോലൊരു നാറിയ ഭരണം കേരളമക്കള്‍ കണ്ടിട്ടില്ലെന്ന്‌'' പറയാതിരിക്കാന്‍ നിര്‍വാഹമില്ല,ആതിരേ.സര്‍വമാന അഴിമതിക്കാരുടേയും അധോലോക മാഫിയകളുടെയും രക്ഷകനായാണ്‌ പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞ്‌ പിറന്നതെന്ന്‌ ഈ ക്രിസ്‌മസ്‌ കാലത്ത്‌ കേരളീയര്‍ തിരിച്ചറിയുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത്‌ ജീവിക്കേണ്ടി വന്നത്‌ ഏത്‌ മുജ്ജന്മ പാപം കൊണ്ടാണെന്ന്‌ സ്‌തോഭത്തോടെ അന്വേഷിക്കുന്നു; ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത്‌ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്‌ ആകരുതേ എന്ന്‌ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഭരണത്തിലേറിയപ്പോഴെല്ലാം,ആതിരേ,മുന്നണി മര്യാദയുടെ മറവില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ജനാധിപത്യ മാരണ പ്രക്രിയകളെല്ലാം മറന്നിട്ടായിരുന്നു,വീണ്ടും ഒരു വട്ടം കൂടി കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സമ്മതിദായകര്‍ അദ്ദേഹത്തിനും യുഡിഎഫിനും വോട്ടു ചെയ്‌തത്‌.അവരെയെല്ലാം`പശ്വാലംഭന'ത്തിന്‌ വിധേയരാക്കിയാണ്‌ സോളാര്‍ കാലം മുതല്‍ ബാര്‍ കോഴ കാലം വരെ അദ്ദേഹം ഭരണം നടത്തിയത്‌.പൊതു സമൂഹത്തോടും സമ്മതിദായകാരോടും ഇതു പോലെ പച്ചക്കളം പറഞ്ഞിട്ടുള്ള,അവരെ ഇതു പോലെ വഞ്ചിച്ചിട്ടുള്ള ഭരണാധികാരികള്‍ കേരളത്തിലുണ്ടായിട്ടില്ല.അരുതാത്തിടത്ത്‌ വളരുന്ന അഴിമതിയുടെ ആല്‍ത്തണലില്‍ അഭിരമിക്കാന്‍ അദ്ദേഹത്തിനുള്ള ത്വരയ്‌ക്കും തൊലിക്കട്ടിക്കുമുള്ള മറ്റൊരു സര്‍വകാല റെക്കര്‍ഡാണ്‌,പ്രഖ്യാപിച്ച മദ്യനയത്തില്‍ വരുത്തിയ `പ്രായോഗിക തിരുത്തലുകള്‍'. നിലവാരമില്ലാത്തത്‌ കൊണ്ട്‌ 418 ബാര്‍ അടച്ചിടാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല,ആതിരേ.അക്കാര്യം പരിസോധിക്കാന്‍ മാത്രമാണ്‌ നിര്‍ദേശിച്ചത്‌. 312 ബാര്‍ കൂടി പൂട്ടാന്‍ വി.എം.സുധീരനോ കെസിബിസിയോ മുസ്ലീം ലീഗോ മദ്യവിരുദ്ധപ്രവര്‍ത്തകരോ ആഹ്വാനം ചെയ്‌തിരുന്നില്ല. ഞായറാഴ്‌ച `ഡ്രൈ ഡേ' ആക്കാന്‍ ഒരു കുഞ്ഞും ആഗ്രഹിച്ചിരുന്നില്ല.എന്നാല്‍ ഇതെല്ലാം കുഞ്ഞൂഞ്ഞ്‌ ആഗ്രഹിച്ചിരുന്നു.അതിന്‌ ഹീനമായ ലക്ഷ്യങ്ങളും നീചമായ താത്‌പര്യങ്ങളുമുണ്ടായിരുന്നു.സുധീരനെക്കാള്‍ വലിയ മദ്യവിരുദ്ധനാണെന്ന്‌ വരുത്തിത്തീര്‍ത്ത്‌ ഞെളിയുക,പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ സ്‌ത്രീസമൂഹത്തിന്റെ വോട്ടു തട്ടിയെടുക്കുക,ബാര്‍ തുറന്നു നല്‍കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന്‌ കോടികള്‍ കോഴവാങ്ങുക.ആഗസ്റ്റ്‌ ഇരുപത്തി ഒന്നിന്‌ സമ്പൂര്‍ണ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍,ആതിരേ, ഉമ്മന്‍ ചാണ്ടിയുടെ മനസ്‌ സഞ്ചരിച്ചത്‌ ഈ `കു'മാര്‍ഗങ്ങളിലൂടെയായിരുന്നു.അത്‌ മറച്ചു പിടിക്കാനാണ്‌ `` മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടന്നുവയ്‌ക്കാന്‍ മടിയില്ല '' ``മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ എത്രയോ ഇരട്ടി മദ്യപരെ ചികിത്സിക്കാന്‍ ആവശ്യമായി വരുന്നു'' ``എല്ലാ വശങ്ങളും ആലോചിച്ചെടുത്തതാണ്‌ 312 ബാര്‍ കൂടി പൂട്ടാനുള്ള തീരുമാനം'' എന്നൊക്കെയുള്ള വീണ്‍വാക്യങ്ങള്‍. എന്നാല്‍ ഒക്ടോബര്‍ 31 ന്‌ ബിജു രമേശ്‌, ചാനല്‍ ചര്‍ച്ചയ്‌ക്കിടയില്‍,ധനമന്തിക്ക്‌ ഒരു കോടി രൂപ കോഴ നല്‍കി എന്ന്‌ വെളിപ്പെടുത്തിയപ്പോള്‍ മാണിയടക്കം സര്‍വ മലയാളികളും ഞെട്ടിയെങ്കിലും ഉമ്മന്‍ ചാണ്ടി ഊറിച്ചിരിക്കുകയായിരുന്നു.മാണിയുടെ മുഖ്യമന്ത്രി മോഹവും ഇടതുപക്ഷത്തേയ്‌ക്കുള്ള ചായ്‌വും തരിപ്പണമാക്കിയെന്നതിലുപരി വി.എം.സുധീരന്റെ `ജനപക്ഷയാത്ര'യുടെ ശോഭകെടുത്താന്‍ ആ തീപ്പൊരിക്ക്‌ കഴിഞ്ഞു എന്നതിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആഹ്ലാദമത്രയും.ബാര്‍ കോഴയുടെ പേരില്‍ മാണിയെ മാധ്യമങ്ങളും പ്രതിപക്ഷവും നിറുത്തി പൊരിച്ചപ്പോള്‍ അശ്ലീല മൗനം പാലിച്ച ഉമ്മന്‍ ചാണ്ടിക്ക്‌ അപ്പോഴൊന്നും `പ്രായോഗിക ചിന്ത'ഉണര്‍ന്നില്ല.മാണിക്കെതിരെ വിജിലന്‍സിന്‌ തെളിവ്‌ നല്‍കാന്‍ ബാര്‍ ഉടമകള്‍ വിസമ്മതിച്ചപ്പോള്‍,കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ക്കും ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന്‌ വെളിപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടു ബുദ്ധിയുണര്‍ന്നു.കാരണം മാണിക്ക്‌ ഒരു കോടി കൊടുത്തെന്ന്‌ പറഞ്ഞവര്‍ മറ്റു ചില കണക്കുകളും പുറത്തു വിട്ടിരുന്നു.അതിപ്രകാരമായിരുന്നു:സുധീരനെ മെരുക്കാന്‍ അഹമ്മദ്‌ പട്ടേലിന്‌ 10 കോടി,എക്‌സൈസ്‌ മന്ത്രി കെ.ബാബുവിന്‌ 5 കോടി,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ 2.5 കോടി,വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക്‌ ഒരു കോടി (നോക്കു കൂലി),എംഎല്‍എമാരായ വി.ഡി.സതീശന്‍, വര്‍ക്കല കഹാര്‍ എന്നിവര്‍ക്ക്‌ 50 ലക്ഷം വീതം,സിപിഐക്ക്‌ 50 ലക്ഷം,പിണറായി വിജയന്‌ ഒരു കോടി (പക്ഷെ വാങ്ങിയില്ല)
ആതിരേ,ഭരണപക്ഷത്തിന്റെ കുഴലൂത്തുകാരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കണക്ക്‌ തമസ്‌ക്കരിച്ചത്‌ കൊണ്ട്‌ ഉമ്മന്‍ ചാണ്ടിയും `എ ഗ്രൂപ്പ്‌ കോണ്‍ഗ്രസ്‌' നേതാക്കളും ആശ്വസിച്ചിരിക്കേ മാണിക്കെതിരായ വിജിലന്‍സ്‌ അന്വേഷണത്തിനോട്‌ സഹകരിക്കാതെ ബാര്‍ ഉടമകള്‍ നിലപാട്‌ കടുപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക്‌ കുരു പൊട്ടി.സര്‍ക്കാരിനെ വളയ്‌ക്കാന്‍ തന്നെയാണ്‌ ബാര്‍ ഉടമകളുടെ നീക്കം.ചെറുത്തു നിന്നാല്‍ സര്‍ക്കാരും ഉമ്മന്‍ ചാണ്ടിയുടെ മദ്യവിരുദ്ധ ഇമേജും വട്ടം ഒടിയും.ആ പ്രതിസന്ധി മറികടക്കാന്‍ മാരണകൗശലങ്ങളുടെ തമ്പുരാനായ ഉമ്മന്‍ ചാണ്ടി കണ്ടെത്തിയതാണ്‌ `പ്രായോഗിക' തിരുത്തലുകള്‍.ബാര്‍ തൊഴിലാളികളായ പത്തു പേരുടെ ആത്മഹത്യയും ടൂറിസം രംഗത്തെ തിരിച്ചടിയുമൊക്കെ അങ്ങനെയാണ്‌ വിഷയമായത്‌.തുഗ്ലക്ക്‌ പരിഷ്‌കരണം പോലെ അടിച്ചേല്‍പ്പിച്ച ഞായറാഴ്‌ചകളിലെ `ഡ്രൈ ഡേ' പിന്‍വലിപ്പിക്കാന്‍ വിശ്വസ്‌തവിധേയനായ ഡോമിനിക്ക്‌ പ്രസന്റേഷനെ കൊണ്ട്‌ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചതിലെ സൃഗാല ബുദ്ധിയും ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു . അതിന്‌ സമാനമായ മറ്റൊരു തന്ത്രമായിരുന്നു ക്ലിഫ്‌ ഹൗസില്‍ നടന്ന കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ അനൗപചാരികമായ യോഗം.മദ്യനയവുമായി ബന്ധപ്പെട്ട്‌ സുധീരന്‍ സൃഷ്ടിക്കുന്ന തലവേദന സഹിക്കാന്‍ വയ്യാതെ എംഎല്‍എമാര്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും കണ്ട്‌ സങ്കടം പറയുകയായിരുന്നു എന്ന്‌ ബെന്നി ബെഹ്നാനും ശിവദാസന്‍ നായരും ജോസഫ്‌ വാഴയ്‌ക്കനുമൊക്കെ പറയുന്നുണ്ടെങ്കിലും എന്താണ്‌ നടന്നതെന്നും ആരാണ്‌ എംഎല്‍എമാരെ വിളിച്ചു കൂട്ടിയതെന്നും അരിയാഹാരം മാത്രമല്ല ഗോതമ്പ്‌ ആഹാരം കഴിക്കുന്ന മലയാളികളും തിരിച്ചറിയുന്നുണ്ട്‌,ആതിരേ.മുന്‍പ്‌ കരുണാകരന്‍ പയറ്റിയ തന്ത്രമാണ്‌ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും എടുത്തുപയോഗിക്കുന്നത്‌.അന്ന്‌ ആന്റണിയെ എതിര്‍ക്കാന്‍ കരുണാകര്‍ന്‍ ചുറ്റും നിര്‍ത്തിയ അതേ എംഎല്‍എമാരാണ്‌ അദ്ദേഹത്തിന്‌ വാരിക്കുഴി തീര്‍ത്തതെന്ന്‌ ഉമ്മന്‍ ചാണ്ടി ഓര്‍ക്കുന്നത്‌ നന്ന്‌.418 ബാര്‍ ബിയര്‍പാര്‍ലറാക്കാന്‍ തീരുമാനിച്ചപ്പോള്‍ ബിവറേജസ്‌ കോര്‍പ്പറേഷന്റെ 16 ഔട്ട്‌ ലെറ്റ്‌ പൂട്ടിയത്‌ സുധീരന്‍ കടുംപിടുത്തം നടത്തിയത്‌ കൊണ്ടാണോ?ഹൈക്കോടതി പറഞ്ഞത്‌ നാഷണല്‍ ഹൈവേയുടെ ഓരത്തെ ഔട്ട്‌ ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാനല്ലേ?അപ്പോള്‍ പൂട്ടിയത്‌ ആരാവശ്യപ്പെട്ടിട്ടാണ്‌?ബാര്‍ പൂട്ടിയാല്‍ ബിവറേജസ്‌ ഔട്ട്‌ ലെറ്റുകളും പൂട്ടണമെന്ന്‌ ശാഠ്യം പിടിച്ചത്‌ ബാര്‍ ഉടമകളല്ലേ?അവര്‍ക്കായി 418 ബാര്‍ തുറന്നു കൊടുക്കുകയും 16 ഔട്ട്‌ ലെറ്റ്‌ പൂട്ടുകയും ചെയ്‌ത ഉമ്മന്‍ ചാണ്ടിയുടെ ഹിഡന്‍ അജണ്ടയും കേരളം കണ്‍തുറന്നു കാണുന്നുണ്ട്‌.
ആതിരേ,കോണ്‍ഗ്രസുകാരനായത്‌ കൊണ്ട്‌ ഖദര്‍ ധരിക്കുന്നു എന്നതൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടി എന്നും മദ്യത്തിന്റേയും മദ്യലോബിയുടെയും സുഹൃത്തായിരുന്നു.എല്ലാ മാഫിയകളുടെയും തലതൊട്ടപ്പനുമായിരുന്നു.നെറികേടിന്റെ,അഴിമതിയുടെ,ജനവിരുദ്ധതയുടെ എക്കാലത്തേയും കുതന്ത്രശാലിയായ കോണ്‍ഗ്രസുകാരനായിരുന്നു ഉമ്മന്‍ ചാണ്ടി.സ്‌തുതിപാഠകരായ മാധ്യമ സിന്‍ഡിക്കേറ്റും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവും കൂടിയായപ്പോള്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധൈര്യവും വന്നു. വി.എം സുധീരന്‍ ചൂണ്ടിക്കാട്ടിയത്‌ പോലെ `` ആരുടെയോ തിരക്കഥ അനുസരിച്ച്‌ രണ്ട്‌ സെക്രട്ടറിമാര്‍ ചേര്‍ന്ന്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും അംഗീകരിച്ച്‌ ജനതാത്‌പര്യത്തിന്‌ മുകളില്‍ മദ്യലോബിയുടെ താത്‌പര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്‌'' അങ്ങനെയാണ്‌. 418 ബാറും,ബിയര്‍-വൈന്‍ പാര്‍ലറുകളാക്കാന്‍ അനുമതി നല്‍കിയതിലും അപാരമായ ഒരു ചതി ഉമ്മന്‍ ചാണ്ടി ഒളിപ്പിച്ചു വച്ചിട്ടുണ്ട്‌,ആതിരേ.കഴിഞ്ഞ മാര്‍ച്ച്‌ 31ന്‌ മുന്‍പുണ്ടായിരുന്ന ലൈസന്‍സിന്റെ തുടര്‍ച്ചയായിട്ടാണ്‌ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌.ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍ക്കാനുള്ള അനുവാദമായിരുന്നു മാര്‍ച്ച്‌ 31 ന്‌ മുന്‍പുണ്ടായിരുന്ന ലൈസന്‍സിന്റെ കാതല്‍.അപ്പോള്‍ അതേ ലൈസന്‍സിന്റെ തുടര്‍ച്ചയെന്നാല്‍ കോടതിയില്‍ നിന്ന്‌ ബാര്‍ ഉടമകള്‍ക്ക്‌ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍ക്കാനുള്ള അനുമതി നേടിയെടുക്കാനുള്ള കുറുക്കുവഴി എന്നാണര്‍ത്ഥം.അങ്ങനെ നോക്കില്‍,വാക്കില്‍,നയരൂപികരണത്തില്‍,അവയുടെ പ്രയോഗത്തില്‍ എന്തിനധികം ഉറക്കത്തില്‍ പോലും കേരളീയരെ വഞ്ചിക്കുന്ന,ഖദറിട്ട രാഷ്ട്രീയ വേതാളമായിരിക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി ഉമ്മന്‍ ചാണ്ടി
ഏറ്റവും ഒടുവില്‍ കത്തോലിക്ക സഭയുടെ മദ്യവിരുദ്ധ സമിതിയെ വെടക്കാക്കാന്‍ മന്ത്രിമാരായ കെ.സി.ജോസഫിനും കെ ബാബുവിനും ക്വട്ടേഷന്‍ കൊടുത്തും.ആഗസ്റ്റ്‌ 21ന്‌ മുന്‍പ്‌ സുധീരനൊപ്പം നിന്ന കെസിബിസി തലവന്‍ മോറാന്‍ മോര്‍ ബസേലിയോസ്‌ ക്ലീമിസിനെ കൊണ്ട്‌ കെസിബിസി മദ്യവിരുദ്ധസമിതിയുടെ നില്‍പ്പുസമരത്തെ തള്ളിപ്പറയിച്ചും അതിന്‌ മുന്‍പ്‌ ക്ലീമിസിനെ ദൂതനായി അയച്ച്‌ `പെരുന്നയിലെ പോപ്പിനെ'കൊണ്ട്‌ പ്രായോഗിക മദ്യനയത്തിന്‌ പിന്തുണ പ്രഖ്യാപിപ്പിച്ചും സുധീരനെ മൂലയ്‌ക്കിരുത്തിയിരിക്കുന്നു,ആതിരേ ഉമ്മന്‍ ചാണ്ടി. മാരണപ്രയോഗങ്ങളില്‍ ചാണ്ടിയെ തോല്‍പ്പിക്കാനാവില്ല മക്കളെ.....!

Monday, October 20, 2014

തരൂരിന്‌ പാര :ആശിര്‍വാദം ആന്റണി;അണിയറയില്‍ അഹമദ്‌ പട്ടേല്‍

തരൂരിന്റെ മോദി സ്‌തുതികള്‍ക്കെതിരേ കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചാണ്‌ പ്രതികരിച്ചത്‌.ഇതിന്‌ ചരട്‌ വലിച്ചത്‌ അഹമദ്‌ പട്ടേല്‍.സോനിയയേയും രാഹുലിനേയും തഴഞ്ഞ്‌ തരൂരിനെ ക്ലീന്‍ ചലഞ്ചില്‍ മോദി ഉള്‍പ്പെടുത്തിയതാണ്‌ അവരെ ചൊടുപ്പിച്ചത്‌.കുറച്ചൊന്നുമല്ല അതുണ്ടാക്കിയ അസ്വസ്ഥത.അതിന്റെ പ്രതികാരമായി അഹമദ്‌ പട്ടേലിലൂടെ രാഹുലിന്റെ കൗശല നിക്കം.പട്ടേല്‍ ഫോണ്‍ വിളിച്ചു പറഞ്ഞു.സുധീരന്‍ മുതല്‍ ലിജു വരെയുള്ളവര്‍ അതോടെ തരൂരിനെ വേട്ടയാടാനിറങ്ങി.പാര്‍ട്ടി വേദിയില്‍ പറയേണ്ട വിഷയം അങ്ങടിപ്പാട്ടാക്കി.വെടക്കാക്കി തരൂരിനെ പുറത്തെറിഞ്ഞു.തരൂരിന്റെ ദേശീയ ഇമേജ്‌ വര്‍ദ്ധിക്കുന്നതില്‍ അസൂയയുള്ള ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ്‌ ലോബിക്ക്‌ ഇവിടുത്തെ അസൂയപ്പറ്റങ്ങളായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ.
ആതിരേ,ശശി തരൂരിന്‌ ഇത്‌ രണ്ടാമത്തെ സ്ഥാന നഷ്ടം. ആദ്യം കേന്ദ്രമന്ത്രി സ്ഥാനം. ഇത്തവണ പാര്‍ട്ടി വക്താവ്‌ സ്ഥാനം.തരൂരിന്റെ രണ്ടു നഷ്ടങ്ങള്‍ക്കു പിന്നിലും എ.കെ. ആന്റണി.ഇത്തവണ ,രാഹുലിന്‌ വേണ്ടി,അണിയറയില്‍ കളിച്ചത്‌ അഹമദ്‌ പട്ടേല്‍ .ദൂഷിതവൃത്തം പൂര്‍ത്തിയായപ്പോള്‍ കെപിസിസിയുടെ പിടിവാശിക്കും രണ്ടാം ജയം കെപിസിസിയുടെ കടുത്ത നിലപാട്‌ കാരണം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെടുന്ന രണ്ടാമത്തെ നേതാവാണു ശശി തരൂര്‍. നേരത്തേ അഭിഷേക്‌ സിംഗ്‌വിക്ക്‌ കോണ്‍ഗ്രസ്‌ വക്താവിന്റെ കസേരയില്‍നിന്നും ഇറങ്ങിപ്പോകേണ്ടി വന്നിരുന്നു. കെപിസിസിയുടെ പിടിവാശിക്ക്‌ മുന്നില്‍ ആദ്യം കീഴടങ്ങേണ്ടിവന്നത്‌ അഭിഷേക്‌ സിംഗ്‌വിക്കായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു അത്‌ . ലോട്ടറി വിഷയത്തില്‍ സാന്റിയാഗോ മാര്‍ട്ടിനുമായി ചേര്‍ന്ന്‌ ഇടതു സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. അന്ന്‌ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായത്‌ കോണ്‍ഗ്രസ്‌ വക്താവായിരുന്ന സിംഗ്‌വി. തടയിടാന്‍ അന്നു കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കെപിസിസി ഒറ്റക്കെട്ടായി സിംവിക്കെതിരായ നിലപാടെടുക്കുകയായിരുന്നു. ആ നിര്‍ബന്ധബുദ്ധിക്കു മുന്നില്‍ ഹൈക്കമാന്‍ഡിനും അന്നു വഴങ്ങേണ്ടിവന്നു.ആതിരേ, തരൂരിന്റെ കാര്യത്തിലും കെപിസിസിയുടെ മറ്റൊന്നായിരുന്നില്ലല്ലോ.
തരൂരിന്റെ മോദി സ്‌തുതികള്‍ക്കെതിരേ കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചാണ്‌ പ്രതികരിച്ചത്‌.ഇതിന്‌ ചരട്‌ വലിച്ചത്‌ അഹമദ്‌ പട്ടേല്‍.സോനിയയേയും രാഹുലിനേയും തഴഞ്ഞ്‌ തരൂരിനെ ക്ലീന്‍ ചലഞ്ചില്‍ മോദി ഉള്‍പ്പെടുത്തിയതാണ്‌ അവരെ ചൊടുപ്പിച്ചത്‌.കുറച്ചൊന്നുമല്ല അതുണ്ടാക്കിയ അസ്വസ്ഥത.അതിന്റെ പ്രതികാരമായി അഹമദ്‌ പട്ടേലിലൂടെ രാഹുലിന്റെ കൗശല നിക്കം.പട്ടേല്‍ ഫോണ്‍ വിളിച്ചു പറഞ്ഞു.സുധീരന്‍ മുതല്‍ ലിജു വരെയുള്ളവര്‍ അതോടെ തരൂരിനെ വേട്ടയാടാനിറങ്ങി.പാര്‍ട്ടി വേദിയില്‍ പറയേണ്ട വിഷയം അങ്ങടിപ്പാട്ടാക്കി.വെടക്കാക്കി തരൂരിനെ പുറത്തെറിഞ്ഞു.ആതിരേ,തരൂരിന്റെ ദേശീയ ഇമേജ്‌ വര്‍ദ്ധിക്കുന്നതില്‍ അസൂയയുള്ള ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ്‌ ലോബിക്ക്‌ ഇവിടുത്തെ അസൂയപ്പറ്റങ്ങളായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ. അത്‌ തിരിച്ചറിഞ്ഞാണ്‌ ഹസന്‍ മുതല്‍ സുധീരന്‍ വരെയുള്ള നേതാക്കളെ ആക്ഷേപിക്കുന്ന നിലപാട്‌ തരൂര്‍ സ്വീകരിച്ചത്‌. താന്‍ എഴുതിയതൊക്കെ വായിച്ചുനോക്കണമെന്ന്‌ ഉപദേശിച്ചത്‌. തരൂരിനെതിരേ `കടുത്ത നിലപാടു സ്വീകരിക്കാന്‍' തരൂരിന്റെ ഈ നിലപാടും കേരള നേതാക്കളെ പ്രലോഭിപ്പിച്ചു.സോണിയയും രാഹുലും ഇച്ഛിച്ചു;സുധീരനടക്കമുള്ളവര്‍ വഴങ്ങി. തരൂരിനെതിരായ അച്ചടക്ക നടപടി താക്കീതില്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹിയില്‍ ദിഗ്വിജയ്‌ സിംഗ്‌ അടക്കമുള്ള ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമിച്ചപ്പോഴും,ആതിരേ, വിട്ടുവീഴ്‌ചയ്‌ക്കു സംസ്ഥാന ഘടകം തയാറാകാതിരുന്നത്‌ അതു കൊണ്ടാണ്‌. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു ശേഷം നടപടി ആലോചിക്കാമെന്ന നിര്‍ദേശത്തോടും കെപിസിസി അനൂകൂലിച്ചില്ല. ഒടുവില്‍ സംസ്ഥാന ഘടകത്തിനു വഴങ്ങിയെന്ന്‌ വരുത്തി രാഹുല്‍ തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു
ആദ്യതവണ തരൂരിന്റെ സ്ഥാനനഷ്ടത്തിനു കാരണമായത്‌ ഐപിഎല്‍ ക്രിക്കറ്റായിരുന്നു. കൊച്ചി ആസ്ഥാനമാക്കി രൂപീകരിച്ച കൊച്ചിന്‍ ടാസ്‌കേഴ്‌സില്‍ സുനന്ദ പുഷ്‌കറിനു `വിയര്‍പ്പോഹരി' ലഭിച്ച വിവാദമാണു തരൂരിന്റെ കേന്ദ്രമന്ത്രി സ്ഥാനം തെറിപ്പിച്ചത്‌. തരൂരിന്റെ അഴിമതി വിഹിതം അന്നു പ്രതിശ്രുത വധുവായിരുന്ന സുനന്ദ പുഷ്‌കറിന്റെ പേരില്‍ ഓഹരിയാക്കി വാങ്ങിയതാണെന്ന ആരോപണവും ഉയര്‍ന്നു. അന്ന്‌ പി.സി.ചക്കോയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.`വിശുദ്ധ പശുക്കള്‍'എന്ന ട്വീറ്റ്‌ വിവാദമാക്കിയതിലും പി.സി.ചാക്കോ മുന്നിലായിരുന്നു.ഒടുവില്‍ തരൂരിനു കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോഴാണ്‌ തരൂരിനു വീണ്ടും കേന്ദ്രമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞത്‌.ആതിരേ, സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം ഇപ്പോഴും തരൂരിനെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നതു കാവ്യനീതി! ഐപിഎല്‍ ക്രിക്കറ്റ്‌ വിവാദമുണ്ടായപ്പോള്‍ തരൂരിനോടു വിശദീകരണം തേടാനും എന്തു വേണമെന്നു തീരുമാനിക്കാനും എ.കെ. ആന്റണിയെയും പ്രണബ്‌ മുഖര്‍ജിയെയുമാണ്‌ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയത്‌. തരൂര്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്ന്‌ നിലപാടാണ്‌ പ്രണബും ആന്റണിയും അന്നു സ്വീകരിച്ചത്‌. തരൂര്‍ രാജി വയ്‌ക്കുകയും ചെയ്‌തു. ഇത്തവണ തീരുമാനമെടുത്ത അച്ചടക്ക സമിതി ചെയര്‍മാനും എ.കെ. ആന്റണിതന്നെ. മോത്തിലാല്‍ വോറയും സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ്‌ സമിതിയിലെ മറ്റംഗങ്ങള്‍.പക്ഷേ ഇത്തവണ വിശദീകരണം ചോദിക്കുകപോലും ചെയ്യാതെയാണ്‌ തരം താഴ്‌ത്തിയിരിക്കുന്നത്‌. വികസന കാര്യത്തില്‍ രാഷ്ട്രീയം മറന്ന്‌ ഒന്നിച്ചു നില്‍ക്കണമെന്ന സോണിയയുടേയും കോണ്‍ഗ്രസിന്റേയും ആഹ്വാനം മോദിയുടെ `സ്വഛ്‌ അഭിയാ'ന്റെ കാര്യത്തില്‍ പ്രസക്തമല്ലേ എന്ന്‌ ചോദിക്കരുത്‌;ഇറാഖില്‍ നിന്ന്‌ മലയാളി നഴ്‌സുമാരെ നാട്ടിലെത്തിച്ചതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി സുഷമ സ്വരാജിനെ അഭിനന്ദിച്ചത്‌ ചിന്തിക്കരുത്‌...കാഷ്‌മീര്‍ പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗുലാം നബി ആസാദ്‌ മോദിയെ പ്രകീര്‍ത്തിച്ചത്‌ ശ്രദ്ധിക്കരുത്‌...തരൂരിനെ ദിഗ്വിജയ്‌ സിംഗും ടി.സിദ്ദിഖും അനുകൂലിച്ചത്‌ കണ്ടതായി നടിക്കരുത്‌..രാഷ്ട്രത്തോടല്ല `വ്യാജ ഗാന്ധി' കുടുംബത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ്‌ ദേശ സ്‌നേഹമെന്നാണ്‌,ആതിരേ,കോണ്‍ഗ്രസിലെ നിര്‍വചനം സുധീരാ,നിങ്ങളുടെ നട്ടെല്ലും വാഴപ്പിണ്ടി കൊണ്ടുള്ളതോ?നിങ്ങളെ ഓര്‍ത്ത്‌ കേരളം ലജ്ജിക്കുന്നു

Tuesday, October 14, 2014

യേശുദാസിനെന്താ കൊമ്പുണ്ടോ?

യേശുദാസിനെ മലയാളികളുടെ പൊതുജീവിതത്തിലെ അതിമാനുഷനായും നന്മകളുടെ ഉത്തുംഗതയായും വിശേഷിപ്പിക്കുന്നത്‌ ദാസ്യഭാവത്തിന്റെ നികൃഷ്ടതയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ സ്‌തുതിഗീതങ്ങള്‍ മാത്രം പാടുകയായിരുന്നു മലയാള മാധ്യമ രംഗവും സാംസ്‌കാരിക-സാമുഹിക പ്രവര്‍ത്തകരും ഇതുവരെ. ശാസ്ര്‌തീയ സംഗീതാവബോധത്തിന്റെ വിഷയത്തിലും ആലാപന രീതിയിലും യേശുദാസിനെ വെല്ലുന്ന ഗായകര്‍ ഇല്ല എന്ന്‌ സമ്മതിച്ചാല്‍ തന്നെയും ഒരു സിനിമ പിന്നണിഗായകന്‍ എന്നതിലുപരി എന്ത്‌ മഹത്വമാണ്‌ യേശുദാസിനുള്ളത്‌.ആസ്ഥാന ഗായകന്‍,ഗാനഗന്ധര്‍വന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിച്ചിട്ടാണോ അതൊക്കെ അദ്ദേഹത്തിന്‌ പേരച്ചമായി ചാര്‍ത്തിക്കൊടുത്തത്‌?ബധിര കുഞ്ഞുങ്ങള്‍ക്കായുള്ള കൊക്ലിയാര്‍ ട്രാന്‍സ്‌പ്ലാന്റേഷന്‌ വേണ്ടി അല്‍പകാലം പ്രവൃത്തിച്ചതും-സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന്‌ പറഞ്ഞ ആ പരിപാടി പിന്നീട്‌ ഉപേക്ഷിച്ചു-തന്റെ 70-ാം ജന്മദിനത്തില്‍ 70 പേര്‍ക്ക്‌ കണ്ണട ദാനം ചെയ്‌തതിനുമപ്പുറം എന്ത്‌ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടപെടലുകളാണ്‌ കേരളീയ പൊതു സമൂഹത്തില്‍ യേശുദാസിന്‌ അവകാശപ്പെടാനുള്ളത്‌?ആ അശ്ലീലതയുടെ പാരമ്യത്തിലാണ്‌,ഒരു പൊതു കൂട്ടയ്‌മയില്‍,വസ്‌ത്രധാരണത്തിന്റെ പേരില്‍ യേശുദാസ്‌ സ്‌ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കാന്‍ പോലീസ്‌ തയ്യാറാകാത്തത്‌
ആതിരേ,കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഓരോ മലയാളിയും സ്വയം ആയിത്തീരാന്‍ ആഗ്രഹിച്ച പൊതുസ്വീകാര്യതയുടെ പ്രതീകമായി യേസുദാസിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്നു വച്ച്‌ ദാസിനെ മലയാളികളുടെ പൊതുജീവിതത്തിലെ അതിമാനുഷനായും നന്മകളുടെ ഉത്തുംഗതയായും വിശേഷിപ്പിക്കുന്നത്‌ ദാസ്യഭാവത്തിന്റെ നികൃഷ്ടതയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ സ്‌തുതിഗീതങ്ങള്‍ മാത്രം പാടുകയായിരുന്നു മലയാള മാധ്യമ രംഗവും സാംസ്‌കാരിക-സാമുഹിക പ്രവര്‍ത്തകരും ഇതുവരെ. ശാസ്ര്‌തീയ സംഗീതാവബോധത്തിന്റെ വിഷയത്തിലും ആലാപന രീതിയിലും യേശുദാസിനെ വെല്ലുന്ന ഗായകര്‍ ഇല്ല എന്ന്‌ സമ്മതിച്ചാല്‍ തന്നെയും ഒരു സിനിമ പിന്നണിഗായകന്‍ എന്നതിലുപരി എന്ത്‌ മഹത്വമാണ്‌,ആതിരേ, യേശുദാസിനുള്ളത്‌.ആസ്ഥാന ഗായകന്‍,ഗാനഗന്ധര്‍വന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിച്ചിട്ടാണോ അതൊക്കെ അദ്ദേഹത്തിന്‌ പേരച്ചമായി ചാര്‍ത്തിക്കൊടുത്തത്‌?ബധിര കുഞ്ഞുങ്ങള്‍ക്കായുള്ള കൊക്ലിയാര്‍ ട്രാന്‍സ്‌പ്ലാന്റേഷന്‌ വേണ്ടി അല്‍പകാലം പ്രവൃത്തിച്ചതും-സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന്‌ പറഞ്ഞ ആ പരിപാടി പിന്നീട്‌ ഉപേക്ഷിച്ചു-തന്റെ 70-ാം ജന്മദിനത്തില്‍ 70 പേര്‍ക്ക്‌ കണ്ണട ദാനം ചെയ്‌തതിനുമപ്പുറം എന്ത്‌ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടപെടലുകളാണ്‌ കേരളീയ പൊതു സമൂഹത്തില്‍ യേശുദാസിന്‌ അവകാശപ്പെടാനുള്ളത്‌? എന്നിട്ടും അദ്ദേഹത്തിന്റെ വികല്‍പ്പങ്ങള്‍ക്കും ഉദീരണങ്ങള്‍ക്കും അശ്ലീലമായ പ്രാധാന്യം നല്‍കാനാണ്‌ കേരളത്തിലെ മാദ്ധ്യമ ലോകവും പൊതുസമൂഹത്തില്‍ ഭൂരിപക്ഷം പേരും ചെയ്‌തത്‌.തലമുടി ഡൈ ചെയ്യുന്നത്‌ നിര്‍ത്തിയെന്നും പേരക്കുട്ടിക്ക്‌ നരച്ച തലയുള്ള മുത്തച്ഛനെ ഇഷ്ടമല്ലാത്തത്‌ കൊണ്ട്‌ മുടി ഡൈ ചെയ്യല്‍ പൂര്‍വാധികം ഭംഗിയായി ആരംഭിച്ചു എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ മേനി പറച്ചിലുകള്‍ക്ക്‌ `അനധികൃത' പ്രധാന്യമാണ്‌ മാധ്യമ സമൂഹവും പൊതുസമൂഹത്തിലെ അല്‍പന്മാരും നല്‍കിയത്‌.ഇതല്ലാം കണ്ടപ്പോല്‍,കേട്ടപ്പോള്‍ കേരളീയന്റെ സദാചാര-മത ബോദ്ധ്യങ്ങളുടെ അംബാസഡറാണ്‌ താനെന്ന്‌ തോന്നിയെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ ഡംഭും അല്‍പത്വവും.ആ ഒരു അധികാരം അനുവദിച്ചു കൊടുത്തത്‌ സാക്ഷര കേരളത്തിന്റെ ദാസ്യഭാവം.കലാകാരന്‍ എന്ന നിലയ്‌ക്ക്‌ അദ്ദേഹം അനുവര്‍ത്തിച്ചു പോന്ന അനാശാസ്യമായ പല നിലപാടുകളെയും ചോദ്യം ചെയ്യാതിരുന്നതാണ്‌,ആതിരേ, അദേഹത്തിന്റെ അല്‍പത്വത്തേക്കാള്‍ ഓക്കാനമുണ്ടാക്കുന്നത്‌.സ്വാര്‍ത്ഥഭരിതവും വൈയക്തികവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളെ പ്രതിരോധിക്കാതിരുന്നത്‌ യേശുദാസിനോടുള്ള ദാസ്യഭാവവും സമൂഹത്തോടുള്ള ഉത്തരവാദിത്തമില്ലായ്‌മയും ആണെന്ന്‌ പറയാതിരിക്കാനാവില്ല. ഭാവിയുണ്ടായിരുന്ന എത്രയോ ഗായകരാണ്‌,ആതിരേ, യേശുദാസിന്റെ സാന്നിദ്ധ്യം മൂലം,ഹിഡന്‍ അജണ്ടകള്‍ മൂലം സിനിമയില്‍ ചാന്‍സ്‌ ലഭിക്കാതെ കലാ സപര്യതന്നെ അവസാനിപ്പിച്ചത്‌. പുതുമുഖങ്ങള്‍ക്ക്‌ അവസരം നിഷേധിക്കുന്നതില്‍ ദാസിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താന്‍ കഴിയുകയില്ലെങ്കിലും അദ്ദേഹം മനസ്സു വച്ചിരുന്നെങ്കില്‍ ഒരു പിടി ഗായകരെ മലയാളത്തിന്‌ ലഭിക്കുമായിരുന്നു. അദ്ദേഹത്തിനുവേണ്ടി ട്രാക്ക്‌ പാടിയ ഗായകരില്‍ അംഗീകാരവും ആദരവും അര്‍ഹിച്ചവര്‍ നിരവധിയായിരുന്നു. ഉണ്ണിമേനോനെപ്പോലെയുള്ള ഗായകര്‍ക്ക്‌ മലയാളത്തില്‍ സ്ഥാനം ലഭിക്കാതെ പോയത്‌ യേശുദാസിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. ദാസിനോടുള്ള അമിത ആരാധനയും ഭക്തിയും മൂലം മലയാളത്തിലെ സംഗീത സംവിധായകര്‍ തഴഞ്ഞ ഉണ്ണിമേനോന്‍ പക്ഷേ, തമിഴ്‌ സിനിമയില്‍ തന്റെ സിംഹാസനം ഉറപ്പിച്ചതു മാത്രം മതി,ആതിരേ, മലയാള ചലച്ചിത്ര സംഗീത മേഖലയില്‍ യേശുദാസ്‌ എന്ന മഹാശാപത്തിന്റെ സാന്നിദ്ധ്യം വ്യക്തമാകാന്‍. സ്വരശുദ്ധിയും ആലാപന വൈദഗ്‌ധ്യവും വൈവിദ്ധ്യവും സംഗീതബോധവും സമഞ്‌ജസമായി ലയം കൊണ്ട ഒരു ആലാപന ഭൂതകാലം യേശുദാസിനുണ്ടായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇന്ന്‌ ശാസ്ര്‌തസാങ്കേതിക സംവിധാനങ്ങളുടെ പിന്‍ബലത്തിലാണ്‌ യേശുദാസ്‌ എന്ന ഗായകന്‍ തന്റെ സ്വരശുദ്ധിയും ആലാപന സൗകുമാര്യവും നിലനിര്‍ത്തുന്നത്‌. വടക്കുംനാഥന്‍ എന്ന സിനിമയിലെ `ഗംഗേ... തുടിയില്‍ ഉണരും...' എന്ന ഗാനം ഇന്ന്‌ റിയാലിറ്റി ഷോകളില്‍ പാടാന്‍ ശ്രമിച്ച്‌ യുവഗായകര്‍ ശ്വാസം മുട്ടുകയാണ്‌. എന്നാല്‍, ഒന്നിലധികം ടേക്കുകളിലൂടെ സൗണ്ട്‌ എഞ്ചിനീയറിങ്ങിന്റെ മികവിലൂടെയാണ്‌ ആ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത്‌. ഇത്തരത്തില്‍ ദാസിന്റെ സാമ്പത്തിക സൗകര്യങ്ങളും അംഗീകാരവും അനുവദിച്ചുകൊടുക്കുന്ന സാങ്കേതിക സൗകര്യങ്ങളുടെ ബലത്തില്‍ അദ്ദേഹം 70ത്‌ വയസ്‌ പിന്നിട്ടിട്ടും ചലച്ചിത്രഗാനാലാപനരംഗത്ത്‌ `സജീവമായി' നിലനില്‍ക്കുകയാണ്‌. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ സിക്‌സിന്റെ ഒരു എപ്പിസോഡിനിടയില്‍ പഴയ മലയാള സിനിമ ഗാനങ്ങള്‍ പാടാന്‍ ശ്രമിച്ച യേശുദാസ്‌ ശ്വാസം കിട്ടാതെ വിമ്മിഷ്ടപ്പെട്ട്‌ ശ്രമം അവസാനിപ്പിച്ചത്‌ പ്രേക്ഷകര്‍ കണ്ടതാണ്‌. ആതിരേ, സംഗീതത്തിന്റെ സുവര്‍ണ ഭൂതകാലത്തിന്റെ ഉടമ മാത്രമാണ്‌ യേശുദാസ്‌. ആ യേശുദാസ്‌ വളര്‍ന്നു വരുന്ന സംഗീത യശഃപ്രാര്‍ത്ഥികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന അക്ഷന്തവ്യമായ അപരാധത്തിന്റെ പേരില്‍ പരസ്യ വിചാരണയ്‌ക്ക്‌ വിധേയനാകേണ്ടതായിരുന്നു. അതുണ്ടായില്ല.നേരത്തെ സൂചിപ്പിച്ചതുപോലെ മലയാളിക്ക്‌ ദാസിനോടുള്ള സവിശേഷമായ ആരാധന മനോഭാവവും അത്‌ സൃഷ്ടിച്ചെടുത്ത അനാശാസ്യമായ ദാസ്യ മനസ്സും കൊണ്ട്‌ യേശുദാസിനെ ചോദ്യം ചെയ്യാന്‍ മലയാളത്തിലെ മാധ്യമങ്ങള്‍ ആരും തന്റേടം കാണിച്ചിട്ടില്ല. ആ അശ്ലീലതയുടെ പാരമ്യത്തിലാണ്‌,ആതിരേ,ഒരു പൊതു കൂട്ടയ്‌മയില്‍,വസ്‌ത്രധാരണത്തിന്റെ പേരില്‍ യേശുദാസ്‌ സ്‌ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയുണ്ടാകാതെ തുടരുന്നത്‌.ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരത്ത്‌ നടന്ന ശുചിത്വ കേരളം പരിപാടിയില്‍ പങ്കെടുത്ത യേശുദാസ്‌ നടത്തിയ ആക്ഷേപകരമായ പ്രസ്‌താവം കേട്ടില്ലെന്ന്‌ നടിക്കുകയാണ്‌ നിയം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പത്‌ വട്ടം ഉരുക്കഴിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും രമേശ്‌ ചെന്നിത്തലയുടെ പൊലീസും.സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരെ മോശം ഭാഷയില്‍ പൊതുവേദിയില്‍ സംസാരിച്ച യേശുദാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്ന്‌ നിയമവിദഗ്‌ധരും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും ഉപദേശം നല്‍കിയിട്ടും,സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരെ വിവാദ പ്രസ്‌താവന നടത്തിയ ഗായകന്‍ കെ.ജെ. യേശുദാസിനെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേശീയ ജനതാദള്‍ മഹിളാ വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ പൊലീസില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാരും പൊലീസും ആട്ടുകല്ലിന്‌ കാറ്റുപിടിച്ചത്‌ പോലെ ഇരിക്കുന്നത്‌ കേരളത്തിലെ സ്‌ത്രീത്വത്തിനാകെ അപമാനമാണ്‌.
്‌സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ച്‌ മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും ജീന്‍സ്‌ ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നും മറച്ചുവെക്കേണ്ടത്‌ മറച്ചുവക്കണമെന്നുമുള്ള യേശുദാസിന്റെ പരാമര്‍ശങ്ങള്‍ സ്‌ത്രീകളുടെ അന്തസിനെ താഴ്‌ത്തിക്കെട്ടുന്നതാണ്‌ . ഒരു വസ്‌ത്രത്തോടുള്ള വിയോജിപ്പിനപ്പുറം, ആ വസ്‌ത്രം ധരിക്കുന്ന സ്‌ത്രീകളെ പരിഹസിക്കാന്‍ യേശുദാസ്‌ ശ്രമിച്ചു എന്ന വാദത്തില്‍ കഴമ്പുണ്ട്‌. സ്‌ത്രീകളുടെ അന്തസിന്‌ കോട്ടം വരുത്തുന്ന ആംഗ്യം പോലും നിയമവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന നിയമഭേദഗതി നിലവില്‍ വന്നിട്ട്‌ ഏറെയായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുവേദിയില്‍ നിരവധി സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാന്നിധ്യത്തില്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ അതീവ ഗുരുതരമായി വ്യാഖ്യാനിക്കേണ്ടതും കേസെടുക്കേണ്ടതുമായിരുന്നു.അതുണ്ടായില്ല. ആതിരേ,യേശുദാസിനെപ്പോലെ ജനാദരം ലഭിക്കുന്ന കലാകരനില്‍ നിന്ന്‌ ഇത്രയ്‌ക്ക്‌ ചീപ്പായ സ്‌ത്രീ വിരുദ്ധത ഉണ്ടാകാന്‍ പാടില്ലായിരുന്നു.എന്ന്‌ മാത്രമല്ല താന്‍ പറഞ്ഞത്‌ തിരുത്തിപ്പറയാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല.ഇതിനെതിരെ ചില വനിതാ സംഘടനാപ്രവര്‍ത്തകരുടെ ദുര്‍ബലമായ പ്രതികരണവും പ്രതിരോധവുമുണ്ടായതിനപ്പുറം സക്രിയമായ ഒരു നടപടിയുമുണ്ടായില്ല.മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും സംസ്‌കാരിക നായകരും ഓക്കാനമുണ്ടാക്കുന്ന മൗനം ഇപ്പോഴും തുടരുന്നു.ഫേസ്‌ബുക്കില്‍ കമന്റിടുന്നവനെ ഓടിച്ചിട്ട്‌ പിടിച്ച്‌ ലോക്കപ്പിലിടുന്ന നാട്ടിലാണ്‌ പൊലീസിന്റെ ഈ ഇരട്ടത്താപ്പ്‌.യേശുദാസിനെപ്പോലെ ലോക പ്രശസ്‌തനായ ഒരാളെ അറസ്റ്റു ചെയ്യുന്നതുപോയിട്ട്‌, അദ്ദേഹത്തിനെതിരേ കെസുടുക്കുന്നതുപോലും അനാവശ്യ കുഴപ്പം സൃഷ്ടിക്കുമെന്നാണ്‌ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്‌. സുപ്രീം കോടതി നിര്‍ദേശങ്ങളും നീതിന്യായ ചട്ടങ്ങളും എല്ലാപൗരന്മാര്‍ക്കും ഒരു പോലെ ബാധകമാണെന്ന്‌ പറയുമ്പോഴും യേശുദാസിന്‌ ഇളവനുവദിക്കാനാണ്‌ നമ്മുടെ സര്‍ക്കാരിനും നിയമപാലകര്‍ക്കും ഉത്സാഹം.ഇത്‌ നെറികേടാണ്‌.നിയമവാഴ്‌ചയോടും വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്‌.സര്‍വോപരി സ്‌ത്രീത്വത്തിന്‌ നേരെ നടന്ന അതിക്രമവും സ്‌ത്രീ പീഡനവുമാണ്‌.മുഖം നോക്കാതെ നിയമ നടപടി ആവശ്യപ്പെടുന്ന ക്രിമിനല്‍ കുറ്റമാണ്‌.എന്നിട്ടും എന്തുകൊണ്ടാണ്‌ നടപടിയുണ്ടാകാത്തത്‌?എവിടെപ്പോയി നമ്മുടെ നീതി ബോധം;സ്‌ത്രീസംരക്ഷണ ത്വര? പ്രശ്‌നത്തില്‍ തീരുമാനമെടുക്കേണ്ടത്‌ സര്‍ക്കാരാണ്‌,ആതിരേ. സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ സ്‌ത്രീ സംഘടനകള്‍ ആലോചിക്കുന്നതായാണ്‌ അറിയുന്നത്‌. അത്തരമൊരു സ്ഥിതി ഉണ്ടായാല്‍ കോടതിയില്‍ നിന്നു സര്‍ക്കാരിനും പോലീസിനും വിമര്‍ശനം കേള്‍ക്കേണ്ടി വരികയും കേസെടുക്കേണ്ടി വരികയും ചെയ്യുമെന്ന്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു അതേസമയം, യേശുദാസ്‌ പറഞ്ഞതിനോടു യുഡിഎഫില്‍ തന്നെ യോജിക്കുന്നവരുമുണ്ട്‌. മുസ്‌്‌ലിം ലീഗ്‌ നേതൃത്വം ഈ നിലപാടിലാണ്‌. പുരുഷനെപ്പോലെ വസ്‌ത്രം ധരിക്കുന്നത്‌ സ്‌ത്രീകള്‍ ഒഴിവാക്കണം എന്ന്‌ ലീഗ്‌ പക്ഷ മുസ്ലിം പണ്ഡിതന്മാര്‍ മുമ്പും പറഞ്ഞിട്ടുണ്ട്‌. അതുതന്നെയാണ്‌ യേശുദാസും പറഞ്ഞത്‌. യേശുദാസിനെതിരേ കേസ്‌ വേണോ വേണ്ടയോ എന്നല്ല , സ്വയം കേസ്‌ എടുക്കണോ കോടതി ഇടപെട്ടശേഷം മതിയോ എന്ന ആശയകക്കുഴപ്പത്തിലാണ്‌ സര്‍ക്കാരും പോലീസും. യേശുദാസാകട്ടെ കേരളീയരെ കൊഞ്ഞാണന്മാരാക്കിയതില്‍ അഭിമാനിച്ച്‌ ചിരിക്കുകയും ചെയ്യുന്നു!

Monday, October 6, 2014

ഫ്‌ളക്‌സ്‌ നിരോധനം:സുധീരനെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ `സൃഗാല' കൗശലം

സമാനമായ മറ്റൊരു നെറികേടിന്റെ തുടക്കമാണ്‌ ഗാന്ധിജയന്തി ദിനത്തില്‍ കേരളം കണ്ടത്‌.കേരളത്തെ ഫ്‌ളക്‌സ്‌ മുക്തമാക്കാനായി സ്വന്തം ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ചു കൊണ്ടാരംഭിച്ച ഈ യത്‌നവും സുധീരനെ തോല്‍പ്പിക്കാനുള്ള കന്മഷ കൗശലമായിരുന്നു. സുധീരന്‍ ആരംഭിക്കാനിരിക്കുന്ന ജനപക്ഷയാത്രയ്‌ക്ക്‌ ഒരുമുഴം മുന്നിലെറിഞ്ഞ കപട ജനപക്ഷ നിലപാടാണ്‌ ഫ്‌ളക്‌സ്‌ നിരോധന പ്രഖ്യാപനവും. ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട്‌ ശേഖരണത്തിനുമായാണ്‌ വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര നവംബര്‍ നാലിന്‌ ആരംഭിക്കുന്നത്‌.ഫ്‌ളക്‌സ്‌ നിരോധനമായിരുന്നു ജനപക്ഷ യാത്ര മുന്നോട്ടുവയ്‌ക്കാനിരുന്ന ഏറ്റവും പ്രധാനമായ ജനകീയ പ്രശ്‌നം.സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം പോലെ സുധീരനെ കൊച്ചാക്കാനുള്ള കുഞ്ഞൂഞ്ഞിന്റെ പൊടിക്കൈ മാത്രമാണ്‌ ഫ്‌ളക്‌സ്‌ നിരോധനമെന്ന്‌ സാരം.അതു കൊണ്ട്‌ മാത്രമാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളക്‌സ്‌ നിരോധനം തൊഴിലാളികളെ പട്ടിണിക്കിട്ടും കൈയടി നേടുന്ന നെറികെട്ട രാഷ്ട്രീയമാണെന്ന്‌ ഐഎന്‍ടിയുസി വിമര്‍ശിക്കുന്നത്‌. പരസ്യമായി ഫ്‌ളക്‌സ്‌ നിരോധനത്തെ എതിര്‍ത്ത്‌ പറഞ്ഞതിലുമേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ്‌ വി എം സുധീരനും ഐഎന്‍ടിയുസി പ്രസിഡന്റ്‌ ചന്ദ്രശേഖരന്‍ കത്തയച്ചത്‌.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഐക്യരാഷ്ടസഭയുടെ വരെ ആദരം നേടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ജനകീയനാകാന്‍ സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും പാരയാകുന്ന വൈരുദ്ധ്യമാണ്‌ ആതിരേ,കേരളം കാണുന്നത്‌.ധരിക്കുന്ന ഖദറിന്റെ വെണ്മ ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതത്തിനുമുണ്ട്‌ എന്ന ധാരണയെ സ്വയംകൃതാനര്‍ത്ഥങ്ങളിലൂടെ തകര്‍ത്തെറിഞ്ഞത്‌ കൊണ്ടാണ്‌ അതിജീവനത്തിന്‌ കൗശലങ്ങളുടെ കൂട്ടുപിടിക്കേണ്ട ഗതികേടുണ്ടായത്‌.ആ കൗശലങ്ങളിലെ ഒടുവിലത്തേതാണ്‌ ഗാന്ധിജയന്തി ദിനത്തില്‍ സ്വന്തം ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ച `ഷോ'! `സോളാര്‍ ഗ്രഹണ'ത്തില്‍ നിന്ന്‌ മുക്തനാകാതെ കൂടുതല്‍ ഗുരുതരമായ അഴിമതിയുടെ ചെളിക്കുണ്ടിലേയ്‌ക്ക്‌ ഊളിയിടുന്ന മുഖ്യമന്ത്രിയായാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി ഇന്ന്‌ കേരളത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്‌.പ്രഥമശ്രവണത്തില്‍ വിശ്വസിക്കാന്‍ മടിച്ചവയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ കറകളഞ്ഞ കബളിപ്പിക്കലുകളായിരുന്നു എന്ന്‌ മലയാളികള്‍ ഇന്ന്‌ തിരിച്ചറിയുന്നു.സുധീരനെ കെപിസിസി അദ്ധ്യക്ഷനാക്കാതിരിക്കാന്‍ നടത്തിയ അടിവലികളും രമേശ്‌ ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാതിരിക്കാന്‍ പ്രയോഗിച്ച തന്ത്രങ്ങളും ജി.കാര്‍ത്തികേയനെ സ്‌പീക്കര്‍ സ്ഥാനത്ത്‌ നിന്ന്‌ രാജിവയ്‌പ്പിച്ച കുരുട്ടു ബുദ്ധിയുമൊക്കെ ഗ്രൂപ്പുകളിയുടെ അക്കൗണ്ടില്‍ കൊള്ളിച്ച്‌ പൊറുക്കാന്‍ തയ്യാറായ കേരളീയരെ കൊഞ്ഞാണന്മാരാക്കുന്നതായിരുന്നു പാമൊലിന്‍ കേസും ടൈറ്റാനിയം ഇടപാടും പ്ലസ്‌ ടു നടപടികളും ജോസ്‌ തെറ്റയില്‍ ടേപ്പ്‌ സംഭവവും ഒക്കെ.എന്തപമാനം സഹിച്ചും അധികാരത്തില്‍ തുടര്‍ന്ന്‌ കേരളത്തിലെ നികുതിദായകരേയും സമ്മതിദായകരേയും ഉളുപ്പില്ലാതെ വഞ്ചിക്കുമെന്നാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ നല്‍കുന്ന സന്ദേശം.തന്റെ നിലപാട്‌ സംരക്ഷിക്കാന്‍ എന്തു പോഴത്തരവും കാണുക്കുമെന്നാണ്‌ പ്രഖ്യാപനം. ഉമ്മന്‍ ചാണ്ടിയെന്ന കള്ള വിഗ്രഹത്തിന്റെ തനിനിറം ഈ പംക്തിയിലൂടെ പലവട്ടം തുറന്ന്‌ കാട്ടിയിട്ടുണ്ടെങ്കിലും സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനം വന്നപ്പോഴാണ്‌ കേരളം ഈ രാഷ്ട്രീയ ശകുനിയുടെ കള്ളച്ചൂത്‌ മികവ്‌ പൂര്‍ണമായി മനസ്സിലാക്കിയത്‌.നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ ഇനി തുറക്കരുതെന്നേ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ ശഠിച്ചുള്ളൂ.കേരളത്തിലെ വീട്ടമ്മമാരടക്കമുള്ള പൊതുസമൂഹവും അതാണ്‌ ആഗ്രഹിച്ചത്‌.എന്നാല്‍ മുന്നൊരുക്കങ്ങളില്ലാതെ,വേണ്ടത്ര ഗ്രഹപാഠം ചെയ്യാതെ, മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച്‌ സര്‍വരേയും ഞെട്ടിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.ആതിരേ,സാധാരണ ഗതിയില്‍ ജനഹിതമനുസരിച്ചും ജനപക്ഷത്ത്‌ നിന്നു കൊണ്ടുള്ളതുമായ നടപടികള്‍ക്കും നയരൂപീകരണത്തിനും സന്ദേഹരഹിതമായ സ്വീകരണം ലഭിക്കേണ്ടതാണ്‌.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തിന്‌ അതില്ലാതെ പോയി.എന്ന്‌ മാത്രമല്ല ലീഗടക്കമുള്ള ഘടകകക്ഷികള്‍ എതിര്‍ ചേരിയില്‍ നിന്ന്‌ ആ നയത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്യുകയുമുണ്ടായി.418 ബാറിന്റെ കാര്യത്തില്‍ സുധീരനെ പിന്തുണച്ചവര്‍ പോലും സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തെ എതിര്‍ക്കുകയായിരുന്നു.ഈ വിഷയത്തില്‍ വി.എം.സുധീരന്‌ ലഭിച്ച ജനകീയ പിന്തുണയില്‍ അസൂയപൂണ്ടെടുത്ത നടപടിയായതു കൊണ്ടായിരുന്നു ഈ മാറ്റം.കുരുട്ടു ബുദ്ധിയായ കാരണവര്‍ മരുമക്കളോടുള്ള അരിശം തീര്‍ക്കാന്‍ നടത്തുന്ന നെറികേടിന്‌ തുല്യമാണ്‌ ഈ നടപടിയെന്ന്‌ ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ചത്‌ അതു കൊണ്ടായിരുന്നു.മദ്യ വിപത്തില്‍ നിന്ന്‌ കേരളിയരെ രക്ഷിക്കുകയായിരുന്നില്ല മറിച്ച്‌ ഗ്രൂപ്പുകളിയില്‍ സുധീരനുമുകളില്‍ മേല്‍ക്കൈ നേടുക എന്ന ദുഷ്ടലക്ഷ്യം മാത്രമായിരുന്നു,ആതിരേ, സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തിന്‌ പിന്നിലുണ്ടായിരുന്നത്‌. സമാനമായ മറ്റൊരു നെറികേടിന്റെ തുടക്കമാണ്‌ ഗാന്ധിജയന്തി ദിനത്തില്‍ കേരളം കണ്ടത്‌.കേരളത്തെ ഫ്‌ളക്‌സ്‌ മുക്തമാക്കാനായി സ്വന്തം ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ചു കൊണ്ടാരംഭിച്ച ഈ യത്‌നവും സുധീരനെ തോല്‍പ്പിക്കാനുള്ള കന്മഷ കൗശലമായിരുന്നു. സുധീരന്‍ ആരംഭിക്കാനിരിക്കുന്ന ജനപക്ഷയാത്രയ്‌ക്ക്‌ ഒരുമുഴം മുന്നിലെറിഞ്ഞ കപട ജനപക്ഷ നിലപാടാണ്‌,ആതിരേ, ഫ്‌ളക്‌സ്‌ നിരോധന പ്രഖ്യാപനവും. ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട്‌ ശേഖരണത്തിനുമായാണ്‌ വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര നവംബര്‍ നാലിന്‌ ആരംഭിക്കുന്നത്‌.മഞ്ചേശ്വരത്ത്‌ നിന്ന്‌ ആരംഭിക്കുന്ന വാഹനജാഥ ഡിസംബര്‍ രണ്ടിന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. ദേശീയരാഷ്ട്രീയ സ്ഥിതിഗതികള്‍ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ഓരോ പ്രദേശങ്ങളിലെയും ജനകീയ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത്‌ പരിഹരിക്കുന്നതിനായി ഇടപെടുകയും ചെയ്യുകയെന്ന ലക്ഷ്യവും ജനപക്ഷ യാത്രയ്‌ക്കുണ്ട്‌. കേരളീയ ജനസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ച്‌ അവയ്‌ക്ക്‌ പരിഹാരം ഉണ്ടാക്കാനുള്ള പരിശ്രമമാണ്‌ ജനപക്ഷ യാത്രയിലൂടെ ഉണ്ടാവുകയെന്നാണ്‌ വി.എം സുധീരന്‍ അറിയിച്ചിരുന്നത്‌.ഫ്‌ളക്‌സ്‌ നിരോധനമായിരുന്നു ജനപക്ഷ യാത്ര മുന്നോട്ടുവയ്‌ക്കാനിരുന്ന ഏറ്റവും പ്രധാനമായ ജനകീയ പ്രശ്‌നം.സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം പോലെ,ആതിരേ, സുധീരനെ കൊച്ചാക്കാനുള്ള കുഞ്ഞൂഞ്ഞിന്റെ പൊടിക്കൈ മാത്രമാണ്‌ ഫ്‌ളക്‌സ്‌ നിരോധനമെന്ന്‌ സാരം.അതു കൊണ്ട്‌ മാത്രമാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളക്‌സ്‌ നിരോധനം തൊഴിലാളികളെ പട്ടിണിക്കിട്ടും കൈയടി നേടുന്ന നെറികെട്ട രാഷ്ട്രീയമാണെന്ന്‌ ഐഎന്‍ടിയുസി വിമര്‍ശിക്കുന്നത്‌. പരസ്യമായി ഫ്‌ളക്‌സ്‌ നിരോധനത്തെ എതിര്‍ത്ത്‌ പറഞ്ഞതിലുമേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ്‌ വി എം സുധീരനും ഐഎന്‍ടിയുസി പ്രസിഡന്റ്‌ ചന്ദ്രശേഖരന്‍ കത്തയച്ചത്‌. ഗാന്ധിജയന്തി ദിനത്തില്‍ മുഖ്യമന്ത്രി ടിവി ചാനലുകള്‍ക്കു മുന്നില്‍ സ്വന്തം പടമുള്ള ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ച്‌ `ഷോ' കാണിക്കുമ്പോള്‍ നൂറുകണക്കിന്‌ തൊഴിലാളികള്‍ ജീവിക്കാന്‍ വേറെന്തു വഴി കണ്ടെത്തും എന്നറിയാതെ നീറുകയായിരുന്നു എന്ന്‌ കത്തില്‍ പറയുന്നു. ഫ്‌ളക്‌സ്‌ സ്വന്തം കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക്‌ അതൊഴിവാക്കാം. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഓര്‍ക്കാതെ പൊടുന്നനെ നിരോധന തീരുമാനമെടുക്കുകയാണു സര്‍ക്കാര്‍ ചെയ്‌തത്‌. ഇക്കാര്യത്തിലെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടാണെന്നും അതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നുമുള്ള പരിഹാസവും കത്തിലുണ്ട്‌. കേന്ദ്രത്തില്‍ നരേന്ദ്ര മോദി റോഡ്‌ വൃത്തിയാക്കുന്നതും മറ്റും അനുകരിക്കാന്‍, അവിടെ തേങ്ങ ഉടയ്‌ക്കുമ്പോള്‍ ഇവിടെ ചിരട്ട ഉടയ്‌ക്കുകയെങ്കിലും ചെയ്യാനുള്ള പരിഹാസ്യമായ ശ്രമമാണ്‌ മുഖ്യമന്ത്രി നടത്തുന്നതെന്ന വ്യഖ്യാനത്തിലും,ആതിരേ, ഉണ്മയുണ്ടെന്ന്‌ വരുന്നു നിരോധനങ്ങള്‍ പലര്‍ക്കും അസൗകര്യകരവും ചിലര്‍ക്കെങ്കിലും അതിജീവന വിരുദ്ധവുമായിരിക്കും.എന്നാല്‍ സുതാര്യമായ നടപടികളോടെ സമൂഹത്തിന്റെ പൊതുവായ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ അത്തരം നിരോധനമെങ്കില്‍ നഷ്ടം സഹിച്ചും അതിനെ അനൂകൂലിക്കാന്‍ ജനങ്ങള്‍ക്ക്‌ നൂറുവട്ടം സമ്മതമായിരിക്കും. എ.കെ.ആന്റണിയുടെ ചാരായ നിരോധനത്തെ കേരളം ഒറ്റക്കെട്ടായി പിന്തുണച്ചത്‌ അതു കൊണ്ടാണ്‌.അന്നത്തെ ചാരായ തൊഴിലാളികളെ മുഴുവന്‍ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടും അതൊരു ശാപമായോ വീഴ്‌ചയായി പോലുമോ കേരളം വിലയിരുത്താത്തത്‌,ആതിരേ, അതിന്‌ പിന്നിലെ ഊദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞത്‌ കൊണ്ടാണ്‌.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്പൂര്‍ണ മദ്യനിരോധനവും ഇപ്പോഴത്തെ ഫ്‌ളക്‌സ്‌ നിരോധനവും ജനകീയമായി അംഗീകരിക്കപ്പെടുന്നില്ല.കാരണം ജനങ്ങളോടുള്ള പ്രതിബദ്ധയ്‌ക്കപ്പുറത്തുള്ള സ്വകാര്യ അതിജീവനത്തിന്റെ കുടില തന്ത്രങ്ങളാണ്‌ ഈ രണ്ട്‌ നിരോധനവും എന്ന്‌ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തിരിച്ചറിയുന്നു.```സത്യധര്‍മാദികള്‍ വെടിഞ്ഞീടിന പുരുഷനെ ദുഷ്ടനാം സര്‍പ്പത്തേക്കാളേറ്റവും പേടിക്കണ''മെന്ന `നീതിസാര'വാക്യം കുറിച്ചപ്പോള്‍,ആതിരേ, പൂന്താനത്തിന്‌ ഉമ്മന്‍ ചാണ്ടിയെന്നൊരു കപട ഗാന്ധിയന്‍ കേരളത്തിലെ മുഖ്യമന്ത്രിയയാകുമെന്ന ദീര്‍ഘദര്‍ശനം ലഭിച്ചിട്ടുണ്ടാകുമെന്നുറപ്പ്‌.

Sunday, September 28, 2014

ഐഎസ്‌ആര്‍ഒ ചാരക്കഥ:മംഗള്‍യാന്‍ വിജയകാലത്തെ പുനര്‍ വായന

ശുഷ്‌കമായ സ്വകാര്യ താത്‌പര്യങ്ങളുടേയും നീചമായ നിക്ഷിപ്‌ത താത്‌പര്യങ്ങളുടേയും അവിശുദ്ധബന്ധത്തില്‍ പിറന്ന അഭിശപ്‌തതയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ്‌.കേരളത്തില്‍ അധമ ലൈംഗീകാസക്തി തുളുമ്പിയ മാധ്യമ-പൊലീസ്‌ മനസ്സും കടലുകള്‍ക്കപ്പുറത്ത്‌ അമേരിക്കന്‍ സഞ്ചിത സാമ്രജ്യത്വ ഭീകരതയും അടയിരുന്നു വിരിയിച്ചെടുത്ത ആസുര സമ്പൂര്‍ണത.നിയമവിരുദ്ധവും സദാചാരവിരുദ്ധവുമായ നടപടികളില്‍ അവര്‍ അര്‍മാദിക്കുകയായിരുന്നു.നിരപരാധികളായ രണ്ട്‌ മാലി യുവതികളെ പൂര്‍ണനഗ്നരാക്കി അവരുടെ ഗുഹ്യപ്രദേശം ഞണ്ടുകളെ കൊണ്ട്‌ കടിപ്പിച്ച്‌ ഇന്ത്യന്‍ പൗരന്മാരായ മൂന്നു പേരെ ചിത്രവധം ചെയ്‌ത്‌,ഗ്ലാവ്‌കോദ്‌മോസിന്റെ മേധാവിയെ ചാരനാക്കി ചോദ്യം ചെയ്‌ത്‌ ഐബിയും റോയും കേരള പോലീസിലെ കുറേ ഉദ്യോഗസ്ഥരും അമേരിക്കയുടെ അഞ്ചാംപത്തികളായി തിമിര്‍ക്കുകയായിരുന്നു.അതു കൊണ്ട്‌ ഇന്ത്യയുടെ ഗവേഷണക്കുതിപ്പ്‌ രണ്ട്‌ പതിറ്റാണ്ട്‌ വൈകിച്ചു.അല്ലായിരുന്നെങ്കില്‍ 20 വര്‍ഷം മുന്‍പ്‌ മംഗള്‍യാന്‍ ചൊവ്വയിലെത്തുമായിരുന്നു
(നമ്പി നാരായണനോടും ശശികുമറിനോടും മാപ്പപേക്ഷ) റോക്കറ്റ്‌ വിക്ഷേപണ മേഖലയിലെ പഞ്ചശക്തികളായ അമേരിക്ക,ഫ്രാന്‍സ്‌,റഷ്യ,ചൈന,ജപ്പാന്‍ എന്നിവയെ വെല്ലുവിളിച്ച്‌ ദ്രവഇന്ധന സാങ്കേതിയക വിദ്യയിലൂടെ (ക്രയോജനിക്‌ ടെക്‌നോളജി )ശൂന്യാകാശത്ത്‌ 36000 കിലോമീറ്റര്‍ ഉയരത്തില്‍,ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യ വിജയിച്ചാല്‍ ഈ രംഗത്തെ അമേരിക്കയുടെ സാങ്കേതികവാണിജ്യ കുത്ത തകരുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ അട്ടിമറിക്കാന്‍ ` അങ്കിള്‍ സാം' കെട്ടിപ്പടുത്തതായിരിന്നു,ആതിരേ, `ഐഎസ്‌ആര്‍ഒ ചാരക്കഥ' ` വായുവി,ലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായിക്കാണ്മൂ സാമ്രജ്യത്വ,പണക്കൊതി ' എന്ന്‌ പാബ്ലോ നെരൂദ ചൂണ്ടിക്കാട്ടിയ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഈ മുഖം കാണാന്‍ മലയാളമാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകാതെ പോലീസിലേയും അതിലുപരി ഇന്റലിജന്‍സ്‌ ബ്യൂറോയിലേയും അമേരിക്കന്‍ അഞ്ചാംപത്തികള്‍ സൃഷ്ടിച്ചെടുത്ത കല്‍പിതകഥയക്ക്‌ രതിമേളനത്തിന്റെ മസാല ചേര്‍ക്കാനായിരുന്നു മത്സരിച്ചത്‌.അമേരിക്കക്കൊപ്പം നിന്ന്‌ ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രജ്ഞന്മാരേയും ബഹിരാകാശ ഗവേഷണ ഗവേഷണത്തേയും തകര്‍ക്കുന്നതായിരുന്നു 18 വര്‍ഷം മുന്‍പത്തെ ചാരക്കേസ്‌ സംബന്ധിച്ച മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം.അന്ന്‌ മാലിയിലൊക്കെ പോയി ഇക്കിളിക്കഥകള്‍ എഴുതിപ്പിടിപ്പിച്ചതില്‍ ഇന്നവര്‍ക്ക്‌ കുറ്റബോധം തോന്നുന്നുണ്ടാവണം. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പിന്റെ കുതികാല്‍ വെട്ടാന്‍ അമേരിക്ക എന്തിന്‌ തയ്യാറായി എന്നറിയണമെങ്കില്‍, ഭൂസ്ഥിരഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതിലെ വ്യാപാരവാണിജ്യ ഘടകങ്ങള്‍ അറിഞ്ഞിരിക്കണം.ഇന്ത്യ ക്രയോജനിക്‌ ടെക്‌നോളജിയിലൂടെ ജിഎസ്‌എല്‍വി റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്താല്‍ അമേരിക്കയടക്കമുള്ള റോക്ക്‌റ്റ്‌ വിക്ഷേപണ പഞ്ചശക്തികള്‍ക്കുണ്ടകാവുന്ന വരുമാന നഷ്ടവും അറിയണം. ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാന്‍ അമേരിക്ക മൂന്ന്‌ റോക്കറ്റാണ്‌ വികസിപ്പിച്ചെടുത്തിട്ടുള്ളത്‌.` ടൈറ്റാന്‍4 ;,' ഡെല്‍റ്റ ;.` അറ്റ്‌ലസ്‌ '.ഫ്രാന്‍സിന്റെ റോക്കറ്റാണ്‌ `അരിയാന്‍'.റഷ്യയുടേത്‌ `പ്രോട്ടോണ്‍ '.ചൈനയുടെ റോക്കറ്റ്‌ ` ലോങ്ങ്‌ മാര്‍ച്ച്‌3' ,ജപ്പാന്റേത്‌ `എച്ച്‌2 ' ഈ റോക്കറ്റുകള്‍ ഉപയോഗിച്ച്‌ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിരഭ്രമണ പഥത്തിലെത്തിക്കാന്‍ വേണ്ട ചെലവ്‌ ഇനി പറയുന്നു:ടൈറ്റാന്‍4 ഉപയോഗിച്ചാല്‍ 43000 ഡോളര്‍, ഡെല്‍റ്റക്ക്‌ 31000 ഡോളര്‍,അറ്റ്‌ലസ്‌ 35000 ഡോളര്‍.ഫ്രാന്‍സിന്റെ `അരിയാന്‍'റോക്കറ്റാകുമ്പോള്‍ അത്‌ 28000 ഡോളര്‍.റഷ്യയുടെ പ്രോട്ടോണ്‍ ` 22000 ഡോളര്‍.ജപ്പാന്റെ ' എച്ച്‌2 `33000 ഡോളരും ചൈനയുടെ ലോങ്ങ്‌ മാര്‍ച്ച്‌3'ന്‌ 20000 ഡോളര്‍.ഇന്ത്യയുടെ ജിഎസ്‌എല്‍വിയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അത്‌ കേവലം 18000 ഡോളര്‍ മാത്രം ( 1994 ലെ കണക്കാണിത്‌ ). ആതിരേ, ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ വിജയിച്ചാല്‍ റോക്കറ്റ്‌ വിക്ഷേപണ രംഗത്ത്‌ അമേരിക്കയ്‌ക്കും ഫ്രാന്‍സിനും വാണിജ്യപരമായ വന്‍ തിരിച്ചടി നേരിടും. ക്രയോജനിക്‌ റോക്ക്‌റ്റ്‌ നിര്‍മ്മാണവിക്ഷേപണ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുമായും ഫ്രാന്‍സുമായും സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ച്‌ കൂലങ്കക്ഷമായ ചര്‍ച്ചകളാണ്‌ നടത്തിയത്‌.1990കളുടെ മധ്യത്തിലാണ്‌ ഈ ചര്‍ച്ചകള്‍ നടന്നത്‌.ക്രയോജനിക്‌ റോക്കറ്റ്‌ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ കൈമാറുന്നതിന്‌ അമേരിക്കയിലെ `ജനറല്‍ ഡൈനാമിക്‌സ്‌ ' എന്ന സ്ഥാപനം ആവശ്യപ്പെട്ടത്‌ 950 കോടി ഡോളറാണ്‌.ഫ്രഞ്ച്‌ കമ്പനി ആവശ്യപ്പെട്ടത്‌ 650 കോടി ഡോളറും.ഈ ഘട്ടത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാനാവാതെ ഇന്ത്യ കുഴങ്ങി.കുറഞ്ഞ മുടക്കുള്ള ഫ്രാന്‍സിന്റെ സാങ്കേതിക വിദ്യ വാങ്ങണോ,അതോ കൂടുതല്‍ മുടക്കുള്ള അമേരിക്കന്‍ സാങ്കേതിക വിദ്യ വാങ്ങി പുതിയൊരു വാണിജ്യബന്ധം സ്ഥാപിക്കണമോ എന്നതായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്‌. ഭാഗ്യം,അവസാനവട്ട ചര്‍ച്ച തുടങ്ങും മുന്‍പ്‌ വളരെ ചീപ്‌ റേറ്റുമായി റഷ്യ മുന്നോട്ടുവന്നു.റഷ്യയിലെ ഗ്ലാവ്‌കോസ്‌മോസ്‌ കമ്പനിയാണ്‌ പ്രലോഭിപ്പിക്കുന്ന വാഗ്‌ദാനവുമായെത്തിയത്‌. 235 കോടി ഡോളറാണ്‌ അവര്‍ ആവശ്യപ്പെട്ടത്‌.പിന്നെ മറ്റൊന്നും ചിന്തിക്കാതെ ഇന്ത്യ ആ വാഗ്‌ദാനം സ്വീകരിച്ചു.1992 ജനുവരിയില്‍ ഐഎസ്‌ആര്‍ഒയും ഗ്ലാവ്‌കോസ്‌മോസും കരാറില്‍ ഒപ്പുവച്ചു.1996ല്‍ ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ വിജയകരമാകുമെന്നായിരുന്നു ധാരണ. ഗൊര്‍ബച്ചേവിന്റെ `ഗ്ലാസ്‌നസ്റ്റും'പെരിസ്‌ട്രോയിക്കയും` തരിപ്പണമാക്കിയ സോവ്യറ്റ്‌ യൂണിയനിലെ റഷ്യയടക്കമുള്ള രാഷ്ടങ്ങള്‍ വിദേശനാണയത്തിനായി വെമ്പുന്ന കാലം.അതിജീവനം മാത്രം ലക്ഷ്യമായിരുന്ന റഷ്യ ക്രയോജനിക്‌ ടെക്‌നോളജി കൈമാറുമ്പോള്‍ കിട്ടാവുന്ന ഉയര്‍ന്ന തുകയെക്കുറിച്ച്‌ ചിന്തിച്ചതേയില്ല.ഇന്ത്യയുടേയും റഷ്യയുടേയും ഈ വാണിജ്യ ബന്ധം അമേരിക്കയുടെ കണ്ട്രോള്‍ തെറ്റിച്ചില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ. പിന്നെ അവര്‍ അത്‌ തകര്‍ക്കാനുള്ള അടിവലി തുടങ്ങി.
ആതിരേ,ക്രയോജനിക്‌ സാങ്കേതിക വിദ്യ കൈമാറാന്‍ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ റഷ്യക്കു മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം രൂക്ഷമായി.റഷ്യ വഴങ്ങുന്നില്ലെന്ന്‌ കണ്ടപ്പോള്‍ ഒരു പെരുംകള്ളത്തിന്റെ മറവില്‍ ഭീഷണി ശക്തമാക്കി.അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ എംറ്റിസിആര്‍ ഉടമ്പടി (ങഠഇഞ ങശശൈഹല ഠലരവിീഹീഴ്യ ഇീിൃേീഹ ഞലഴശാല)യുടെ ലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി റഷ്യക്കു മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.അതില്‍ റഷ്യ വിരണ്ടു പോയി.കരാര്‍ റദ്ദാക്കപ്പെട്ടു. മിസെയില്‍ സാങ്കേതിക വിദ്യ കൈമാറുന്ന വിഷയത്തില്‍ മാത്രമാണ്‌ എംറ്റിസിആര്‍ ഉടമ്പടി പ്രസക്തമാകുന്നത്‌.ഇവിടെ റോക്കറ്റ്‌ വിക്ഷേപണസാങ്കേതിക വിദ്യയാണ്‌ കൈമാറുന്നത്‌.എന്നിട്ടും അങ്കിള്‍ സാമിന്റെ മുഷ്‌ക്കിന്‌ കുറവുണ്ടായില്ല അമേരിക്കന്‍ ഭീഷണിക്ക്‌ വഴങ്ങി ഗത്യന്തരമില്ലാതെ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കേണ്ടി വന്നെങ്കിലും വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ റഷ്യക്ക്‌ ഈ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ കൈമാറി കോടികള്‍ നേടേണ്ടത്‌ നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു.അതു കൊണ്ട്‌ അമേരിക്കയുടെ കണ്ണുവട്ടിച്ച്‌ സാങ്കേതിക വിദ്യ കൈമാറാന്‍ അവര്‍ ഒരു പദ്ധതിയിട്ടു.അതു കൂടിയായപ്പോള്‍ യാങ്കി അധിനിവേശത്തിന്റെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യക്കു നേരേയും തിരിഞ്ഞു.ആ പകയില്‍ നിന്ന്‌ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ തിരക്കഥ രചിക്കപ്പെട്ടു ആതിരേ,ശുഷ്‌കമായ സ്വകാര്യ താത്‌പര്യങ്ങളുടേയും നീചമായ നിക്ഷിപ്‌ത താത്‌പര്യങ്ങളുടേയും അവിശുദ്ധബന്ധത്തില്‍ പിറന്ന അഭിശപ്‌തതയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ്‌.കേരളത്തില്‍ അധമ ലൈംഗീകാസക്തി തുളുമ്പിയ മാധ്യമ-പൊലീസ്‌ മനസ്സും കടലുകള്‍ക്കപ്പുറത്ത്‌ അമേരിക്കന്‍ സഞ്ചിത സാമ്രജ്യത്വ ഭീകരതയും അടയിരുന്നു വിരിയിച്ചെടുത്ത ആസുര സമ്പൂര്‍ണത. രണ്ട്‌ പരമാധികാര രാഷ്ട്രങ്ങളിലെ സ്വയം ശീര്‍ഷത്വമുള്ള രണ്ട്‌ ബഹിരാകാകാശ ഗവേഷണ സ്ഥാപനങ്ങള്‍ നേരായമാര്‍ഗത്തില്‍ രൂപം കൊടുത്ത സാങ്കേതികവിദ്യാ കൈമാറ്റക്കരാറിനെ അമേരിക്കന്‍ വാണിജ്യാധിനിവേശ താത്‌പര്യങ്ങള്‍ ചിതറിച്ചിട്ടും പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരോ,ശാസ്ര്‌തസമൂഹമോ,രാഷ്ട്രിയനേതൃത്വങ്ങളോ തയ്യാറായില്ല.സഹജമായ യജമാന ഭയത്തില്‍ അവരെല്ലാം അശ്ലീലമായ മൗനം പാലിച്ചു.ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ വേണമായിരുന്നു സത്യം പുറത്തു കൊണ്ടുവരേണ്ടിയിരുന്നത്‌.അവരത്‌ ചെയ്‌തില്ലെന്ന്‌ മാത്രമല്ല രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അഭിരമിക്കുകയും ,ഇക്കിളിക്കഥാ രചനയില്‍ അന്യോന്യം മത്സരിച്ച്‌ ` അങ്കിള്‍ സാമി 'ന്റെ സാമ്രാജ്യത്വാധിനിവേശത്തെ പൊതുബോധത്തില്‍ നിന്ന്‌ തമസ്‌ക്കരിക്കുകയും ചെയ്‌തു. മിസെയില്‍ സാങ്കേതിക വിദ്യാകൈമാറ്റ നിയന്ത്രണ കരാറിന്റെ (MTCR- Missile Technology Control Regime) ലംഘനം എന്ന ഉമ്മാക്കി കാട്ടി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി റദ്ദാക്കിയ കരാറിന്‌ പകരം ഐഎസ്‌ആര്‍ഒയും ഗ്ലാവ്‌കോസ്‌മോസും 1993 പുതിയൊരു കരാറില്‍ ഏര്‍പ്പെട്ടു.ആദ്യ കരാറില്‍ പറഞ്ഞിരുന്ന ക്രയോജനിക്‌ ടെക്‌നോളജിക്ക്‌ പകരമായി ശീതീകരിച്ച ദ്രവ ഇന്ധനമുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന റോക്കറ്റിന്റെ നാല്‌ ഘടകങ്ങള്‍ റഷ്യ നല്‍കും എന്നായി പുതിയ കരാര്‍!ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന ജിഎസ്‌എല്‍വി റോക്കറ്റിന്റെ മൂന്നാം ഘട്ടമായി ഇവ ഉപയോഗിക്കാം.അങ്ങനെ നാല്‌ വിക്ഷേപണങ്ങള്‍ക്ക്‌ ശേഷം ജിഎസ്‌എല്‍വി പദ്ധതി തന്നെ ഉപേക്ഷിക്കണം .അതായിരുന്നു വ്യവസ്ഥകള്‍. റോക്കറ്റ്‌ നിര്‍മാണവും വിക്ഷേപണവും സങ്കിര്‍ണമായ നിരവധി ഘടകങ്ങളുടെ കൂട്ടായ്‌മയില്‍, വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെ,പരീക്ഷണങ്ങളിലൂടെയാണ്‌ സാക്ഷാത്‌കൃതമാകുന്നത്‌.ദീര്‍ഘകാല പരിശീലനവും പല ഘട്ടങ്ങളായുള്ള പരീക്ഷണവും അനുപേക്ഷണീയമാണ്‌. അറിയുക ബഹിരാകാശത്ത്‌ 817 കിലോ മീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്ന പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ (പിഎസ്‌എല്‍വി) വികസിപ്പിച്ചെടുക്കാന്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്ര്‌തജ്ഞന്മാര്‍ക്ക്‌ ഫ്രാന്‍സില്‍ 135 മനുഷ്യ വര്‍ഷത്തെ പരിശീലനം വേണ്ടിവന്നു.( 40 മണിക്കുര്‍ വീതമുള്ള 52 ആഴ്‌ചയിലെ പ്രയത്‌നമാണ്‌ ഒരു മനുഷ്യ വര്‍ഷം) ഫ്രാന്‍സിന്റെ വൈക്കിംഗ്‌ റോക്കറ്റ്‌ എഞ്ചിനില്‍ നിന്ന്‌ ഇന്ത്യയുടെ വികാസ്‌ റോക്കറ്റ്‌ എഞ്ചിന്‍ വികസിപ്പിച്ചെടുക്കാന്‍ 17 വര്‍ഷത്തെ നിസ്‌തന്ദ്രമായ അദ്ധ്വാനവും പരീക്ഷണങ്ങളും ആവശ്യമായി വന്നെങ്കില്‍ പിഎസ്‌എല്‍വിയുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ ഘടനയിലും പ്രവര്‍ത്തനങ്ങളിലും അതിസങ്കീര്‍ണവും ബൃഹത്തുമായ ജിഎസ്‌എല്‍വി , കേവലം നാല്‌ ക്രയോജനിക്ക്‌ ഘടകങ്ങളില്‍ നിന്ന്‌ വികസിപ്പിച്ചെടുക്കാന്‍ എത്രവര്‍ഷം വേണ്ടിവരുമെന്ന്‌ ഊഹിക്കുക.. അതു കൊണ്ട്‌ അമേരിക്കയുടെ കണ്ണുവെട്ടിച്ച്‌ ക്രയോജനിക്ക്‌ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ കൈമാറാന്‍ റഷ്യ ഒരു ബദല്‍ പദ്ധതി തയ്യാറാക്കി.235 കോടിയുടെ വിദേശനാണ്യമായിരുന്നു അവരുടെ പ്രലോഭനം. ഇന്ത്യയില്‍ ക്രയോജനിക്ക്‌ റോക്കറ്റ്‌ എഞ്ചിനുകള്‍ നിര്‍മ്മിക്കുക.അതിനായി സാങ്കേതിക മികവുള്ള ഒരു സ്ഥാപനത്തെ കണ്ടെത്തുക.റഷ്യ അവര്‍ക്ക്‌ നിര്‍മാണാവശ്യത്തിന്‌ കൈമാറുന്ന സാങ്കേതിക വിദ്യ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ ചോര്‍ത്തി നല്‍കുക.റോക്കറ്റ്‌ നിര്‍മാണത്തില്‍ മികവുള്ള ഒരു സംവിധാനത്തിന്‌ ക്രയോജനിക്ക്‌ സാങ്കേതിക വിദ്യ കൈമാറിയാല്‍ അത്‌ മിസെയില്‍ സാങ്കേതിക വിദ്യാ കൈമാറ്റ നിയന്ത്രണ കരാറിന്റെ ലംഘനാമാകില്ല ഇന്ത്യക്കും സ്വീകാര്യമായിരുന്നു ഈ നിര്‍ദേശം.
അങ്ങനെ റോക്കറ്റ്‌ ഫാബ്രിക്കേഷനില്‍ മികവ്‌ തെളിയിച്ച തിരുവനന്തപുരത്തെ കേരള ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്‌ ഈ ദൗത്യനിര്‍വഹണത്തിനുള്ള നറുക്ക്‌ വീണു.100 കോടി രൂപയുടേതായിരുന്നു പദ്ധതി.ഇതില്‍ 13 കോടി കേരള സര്‍ക്കാരും 13 കോടി ഗ്ലാവ്‌കോസ്‌മോസും മുടക്കും 25 കോടി ലോണായും ബാക്കി 51 കോടി ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും സമാഹരിക്കാനായിരുന്നു ധാരണ.ഇതിനായി നിരവധി എഴുത്തു കുത്തുകള്‍ നടന്നു.അവസനഘട്ട ചര്‍ച്ച 1994 നവംബര്‍ മദ്ധ്യത്തില്‍ തിരുവനന്തപുരത്ത്‌ നടത്താമെന്ന്‌ തീരുമാനവുമായി.ഇന്ത്യയുടേയും റഷ്യയുടേയും ഐസ്‌ആര്‍ഒയുടേയും ഗ്ലാവ്‌കോസ്‌മോസിന്റേയും ഈ നീക്കങ്ങള്‍ അതീവരഹസ്യമായിട്ടാണ്‌ നടന്നത്‌. എന്നിട്ടും അവസാനവട്ട ചര്‍ച്ച കഴിഞ്ഞ്‌ ഗ്ലാവ്‌കോസ്‌മോസിന്റെ ചെയര്‍മാന്‍ എ.ഐ.ഡുനേവ്‌ അടക്കമുള്ള റഷ്യന്‍ ഉന്നതതലസംഘം മടക്കയാത്രയ്‌ക്ക്‌ ബാംഗ്ലൂരിലെത്തിയപ്പോള്‍ ചാരക്കഥ ഫ്‌ളാഷായി.ഗ്ലാവ്‌കോസ്‌മോസുമായുള്ള ഇടപാടിലെ ഇടനിലക്കാരന്‍ ബാംഗ്ലൂരിലെ വ്യവാസായി കെ.ചന്ദ്രശേഖരനെ ,ഗ്ലാവ്‌കോസ്‌മോസ്‌ മേധാവിക്ക്‌ മുന്നില്‍ നിന്ന്‌ തന്നെ ഇന്ത്യയുടെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യാനൊരുമ്പെട്ടു. അതീവ രഹസ്യമായി നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും,കെട്ടിപ്പൊക്കിയ സ്വപ്‌നങ്ങളും അവിടെ പൊലിഞ്ഞു.ഐഎസ്‌ആര്‍ഒയുടേയും ഗ്ലാവ്‌കോസ്‌മോസിന്റേയും ഈ നീക്കം അമേരിക്ക എങ്ങനെയാണ്‌ നിര്‍ണായക മുഹൂര്‍ത്തത്തില്‍ മണത്തറിഞ്ഞതെന്ന അന്വേഷണത്തിലാണ്‌, അന്നത്തെ ഇന്റലിജന്‍സ്‌ ബ്യൂറോ തലവന്‍ എം.കെ.ധറിന്റെ,ഐബി തലവനായി തുടാരാനുള്ള അവിഹിത മോഹവും ഐബിക്കുള്ളിലെ അമേരിക്കന്‍ ചാരന്മാരുടെ പ്രവര്‍ത്തനവും ചാരക്കഥയിലുണ്ടാക്കിയ അപായകരമായ ഉള്‍പ്പിരിവുകള്‍ വ്യക്തമാകുന്നത്‌ ആതിരേ,വിശ്വകുപ്രസിദ്ധി നേടിയ ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ ഉള്‍പ്പിരിവുകളിലേയ്‌ക്ക്‌ കടക്കുമ്പോള്‍ കാഴ്‌ചപ്പുറങ്ങളില്‍ പ്രാഥമികമായി നിറയുന്നത്‌ ബാലിശമായ ഈഗോകളും നൈമഷിക ലൈംഗീക തൃഷ്‌ണകളും നിന്ദ്യമായ അധികാരവാഞ്ചകളും നീതികരണമില്ലാത്ത വ്യക്തിവിദ്വേഷങ്ങളുമൊക്കെയാണ്‌. എന്നാല്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പിനെ ഛിന്നഭിന്നമാക്കാന്‍ കാത്തിരുന്ന അമേരിക്കയ്‌ക്ക്‌ തങ്ങളുടെ നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഇവയെല്ലാം പശ്ചാത്തലമൊരുക്കി എന്നിടത്താണ്‌ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്‌. സ്‌മാര്‍ട്ട്‌ വിജയന്റെ കാമക്കലികലര്‍ന്ന പ്രതികാരനടപടികളുടെ വഴിത്താരയിലൊരിടത്ത്‌ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍ ശശികുമാരന്റെ ഫോണ്‍ നമ്പര്‍ തെളിഞ്ഞു വന്നപ്പോഴാണ്‌ ചാരക്കഥയുടെ ബീജാവാപം നടന്നത്‌.ദേശാഭിമാനിയും തനിനിറവും മാത്രമാണ്‌ ആ വാര്‍ത്ത സ്‌കൂപ്‌ ആയി കൊടുത്തത്‌.അത്തരം പത്രങ്ങളില്‍ വരാനുള്ള പ്രാധാന്യം മാത്രമേ യഥാര്‍ത്ഥത്തില്‍ സംഭവങ്ങള്‍ക്കുണ്ടായിരുന്നുള്ളു. എന്നാല്‍ ശശികുമാരനുമായി നിരന്തരം കൊമ്പു കോര്‍ത്തിരുന്ന ഐഎസ്‌ആര്‍ഒ ബാംഗ്ലൂര്‍ യൂണിറ്റിലെ ഒരു ഐഎഎസ്‌ ഓഫീസറുടെ ചെവിയില്‍ ഈ വാര്‍ത്ത എത്തിയതോടെയാണ്‌ പ്രശ്‌നത്തിന്‌ ആദ്യത്തെ വക്രീകരണം ഉണ്ടാകുന്നത്‌.
ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ സാക്ഷാത്‌ക്കരിക്കുമ്പോള്‍ റോക്കറ്റ്‌ നിര്‍മാണത്തിന്റെ ഫാബ്രിക്കേഷന്‍ ജോലികളുടെ കരാര്‍ ലഭിക്കാന്‍ എല്‍&ടി,ഗോദറേജ്‌,എംടിഎആര്‍,ഡബ്ല്യൂഐഎല്‍,എച്ച്‌എഎല്‍,കെല്‍ടെക്‌ എന്നി ആറ്‌ കമ്പനികളാണ്‌ ചരട്‌ വലിച്ചിരുന്നത്‌.ഇതില്‍ ആരെ ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്ന്‌ നിര്‍ണയിക്കാന്‍ ശശികുമാരനും നേരത്തെ സൂചിപ്പിച്ച ഐഎഎസ്‌ ഓഫീസറും അടക്കമുള്ള 15 അംഗകമ്മിറ്റി രൂപീകരിച്ചിരുന്നു.മാസങ്ങളായി കൂടിയാലോചിച്ചിട്ടും രണ്ട്‌ കമ്പനികളെ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.അതിന്‌ സവിശേഷമായ കാരണവുമുണ്ടായിരുന്നു. കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്‌ എംടിഎആര്‍ ആയിരുന്നു പഥ്യം.രവീന്ദ്ര റെഢിയായിരുന്നു ഉടമ.ഇയാള്‍ പക്ഷെ ബഹിരാകാശ ഉപകരണങ്ങളും സേവനങ്ങളും ഉപദേശവും നല്‍കാന്‍ രൂപീകരിച്ച്‌ ആന്റ്രിക്‌സ്‌ കോര്‍പ്പറേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമായിരുന്നു.കോണ്‍ട്രാക്ടറായും ഡയറക്ടറായും ഇരട്ട വേഷമുള്ള രവീന്ദ്ര റഢിയെ ഫാബ്രിക്കേഷന്‍ പണികള്‍ ഏല്‍പ്പിക്കുന്നതില്‍ ശശികുമാരന്‍ വിമുഖതകാട്ടി.ഇക്കാര്യം ശശികുമാരന്‍ രേഖാമുലം കമ്മിറ്റിയെ അറിയിക്കുകയും ചെയ്‌തു. ചാരക്കേസ്‌ പത്രവാര്‍ത്തയാകുന്നതിന്റെ 10 ദിവസം മുന്‍പ്‌ നടന്ന മീറ്റിംഗില്‍ രവീന്ദ്ര റഢിയുടേ പേരില്‍ ശശികുമാരനും ഈ ഐഎഎസ്‌ ഓഫീസറും തമ്മില്‍ കൊമ്പു കോര്‍ക്കുകയുണ്ടായി.അന്ന്‌ ഐഎഎസ്‌ ഓഫീസര്‍ക്ക്‌ ശശികുമാരന്റെ മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു.പ്രതികാരദാഹിയായി അയാള്‍ കാത്തിരിക്കുമ്പോഴാണ്‌ മറിയം റഷീദ എന്ന ചാരവനിതയുമായി ശശികുമാരനെ ബന്ധിപ്പിച്ചു കൊണ്ട്‌ വാര്‍ത്ത വന്നത്‌. ആതിരേ,രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ ആയപ്പോള്‍ ഐഎഎസ്‌ ഓഫീസര്‍ക്ക്‌ സന്തോഷമടക്കാനായില്ല.അയാള്‍ 1994 നവംബര്‍മൂന്ന്‌, നാല്‌ തിയതികളില്‍ തിരുവനന്തപുരത്ത്‌ താമസിച്ച്‌ കേരളത്തിലെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥരെ കണ്ട്‌ വിശദമായി ചര്‍ച്ച നടത്തി ഒരു റിപ്പോര്‍ട്ടുമായി ബാംഗ്ലൂരിലേയ്‌ക്ക്‌ മടങ്ങി. അതേസമയം മറിയം റഷീദ എന്ന ചാരവനിതയുടെ തിരുവനന്തപുരത്തെ താമസവും ശശികുമാരനുമായുള്ള ബന്ധവുമൊക്കെ തങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിയാതെ പോയതില്‍ അതീവ ഹതാശരായിരുന്നു ഐബിയുടെ കേരളാ ഘടകം.അതു കൊണ്ട്‌ തന്നെ ലോക്കല്‍ പോലീസ്‌ കണ്ടെത്തിയ ചാരപ്രവര്‍ത്തനം അവര്‍ ഏറ്റെടുക്കുകയും തങ്ങളുടെ മിടുക്കുകാട്ടാന്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുകയും ചെയ്‌തു.ഇവരുമായാണ്‌ ഐഎഎസ്‌ ഓഫീസര്‍ ചര്‍ച്ച ചെയ്‌ത്‌ റിപ്പോര്‍ട്ട്‌ ശേഖരിച്ചതെന്നോര്‍ക്കുക. ഈ സമയത്തു തന്നെയാണ്‌ അന്നത്തെ ഇന്റലിജന്‍സ്‌ ബ്യൂറോ ദേശീയ തലവന്‍ എം.കെ.ധര്‍, തന്റെ ഔദ്യോഗിക കാലാവധി നീട്ടിയെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നത്‌.അതിനായി നടത്തിയ രണ്ട്‌ ശക്തമായ ശ്രമങ്ങള്‍ ചീറ്റിപ്പോയതിനെ തുടര്‍ന്ന്‌ അദ്ദേഹവും നിരാശതയിലാഴന്നിരിക്കുകയായിരുന്നു.തിരുവനന്തപുരത്ത്‌ നടക്കുന്ന സംഭവങ്ങള്‍ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ സവിസ്‌തരം അറിയിക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരില്‍ തിരികയെത്തിയ ഐഎഎസ്‌ ഓഫീസര്‍ നീട്ടിപ്പിടിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കി ഇന്റലിജന്‍സ്‌ ബ്യൂറോ തലവന്‍ ധറിന്‌ അയച്ചു കൊടുത്തു.ശശികുമാരനോട്‌ പ്രതികാരം ചെയ്യാനാണ്‌ അയാള്‍ ആഗ്രഹിച്ചത്‌.അതു കൊണ്ട്‌ ഇന്ത്യയുടെ മിസെയില്‍ രഹസ്യങ്ങളാണ്‌ ശശികുമാരനും സംഘവും പാകിസ്ഥാനിലേയ്‌ക്ക്‌ കടത്താന്‍ ശ്രമിക്കുന്നതെന്ന്‌ ആ ഐഎഎസ്‌ ഓഫീസര്‍ ` ആധികാരികമായി 'എഴുതിയറിയിച്ചു.തന്റെ പദവിയില്‍ തുടരാന്‍ ഇതുതന്നെ പറ്റിയ സന്ദര്‍ഭമെന്ന്‌ ധറിന്റെ മനസ്സില്‍ `ലഡ്ഡു പൊട്ടി'! ധര്‍ തിരുവനന്തപുരത്ത്‌ പറന്നിറങ്ങി.ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം നേരിട്ടേറ്റെടുത്തു.അമേരിക്കയുടെ സമയമങ്ങനെ സുഗമമായി ആഗതമായി.ഐഎസ്‌ആറോയിലും ഐബിയിലും അമേരിക്കന്‍ ചാരസംഘടന പോറ്റിപ്പുലര്‍ത്തിയിരുന്നവര്‍ പുതിയ പേരുകള്‍ ധറിന്‌ നല്‍കി.ഇല്ലാക്കഥകളാല്‍ ഇന്റലിജന്‍സ്‌ ബ്യൂറോ തലവന്റെ കണ്ണുമഞ്ഞളിപ്പിച്ചു.അമേരിക്കയുടെ ഹിഡന്‍ അജണ്ട തിരിച്ചറിയാനാകാതിരുന്ന ധര്‍ തന്റെ ഐബി ചീഫ്‌ പദവി രണ്ട്‌ വര്‍ഷത്തേയ്‌ക്ക്‌ കൂടി നീട്ടിയെടുക്കാന്‍ കഴിയുമെന്ന്‌ തിരിച്ചറിഞ്ഞ്‌ അന്വേഷണവും ആരംഭിച്ചു. കാമമോഹിതനായ പോലീസ്‌ ഇന്‍സ്‌പെക്ടര്‍,ലോക്കല്‍ പോലീസിനെ `ഇരുത്താന്‍' ആഗ്രഹിച്ച കേരളത്തിലെ ഐബി ഘടകം,ശശികുമാരന്‌ പണികൊടുക്കാന്‍ ആഗ്രഹിച്ച ഐഎഎസ്‌ ഓഫീസര്‍,തന്റെ പദവിയില്‍ രണ്ടു വര്‍ഷം കൂടി തുടരാന്‍ കൊതിച്ച ധര്‍...ദൂഷിത വൃത്തമല്ല,ദൂഷിത ചതുഷ്‌കോണം തന്നെ തീര്‍ക്കപ്പെട്ടു. ഗ്ലാവ്‌കോസ്‌മോസില്‍ നിന്ന്‌ ഇന്ത്യ സ്വീകരിക്കുന്നത്‌ മിസെയില്‍ ടെക്‌നോളജിയല്ല,റോക്കറ്റ്‌ ടെക്‌നോളജിയാണെന്ന്‌ ഇവര്‍ വിസ്‌മരിച്ചു.ചിത്രങ്ങളും വിവരണങ്ങളും കൊണ്ട്‌ മാത്രം റോക്കറ്റ്‌ സംയോജനവും വിക്ഷേപണവും സാദ്ധ്യമല്ലെന്ന അടിസ്ഥാന വിവരം ഇവര്‍ ഗൗരവത്തിലെടുത്തില്ല.ഇന്ധനം നിറയ്‌ക്കാന്‍ 48 മണിക്കൂര്‍ വേണ്ടി വരുന്ന ഒരു യുദ്ധോപകരണം,യുദ്ധരംഗത്ത്‌ അനുചിതവും അസംബന്ധവുമാണെന്ന പ്രായോഗിക ജ്ഞാനം ഇവര്‍ക്കില്ലാതെ പോയി.ചാരക്കഥയുടെ അന്വേഷണത്തിനങ്ങനെ കൊഴുപ്പുകൂടി.
ഇതിനിടയില്‍ സ്‌മാര്‍ട്ട്‌ വിജയന്‍ മറിയം റഷീദയെ ഐബിക്ക്‌ കൈമാറി.ഐബിയുടെ നിര്‍ദേശപ്രകാരം കേരള പോലീസ്‌ ബാംഗ്ലൂരില്‍ നിന്ന്‌ മറിയം റഷീദയുടെ സുഹൃത്തായ ഫൗസിയയെ ബലമായി തിരുവനന്തപുരത്ത്‌ കൊണ്ടു വന്നു.ഐബിയുടെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ്‌ 246/94 എന്ന നമ്പറില്‍ എഫ്‌ഐആര്‍ തയ്യറാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഫൗസിയ ഒന്നാം പ്രതി.മറിയം റഷീദ രണ്ടാം പ്രതി.1923ലെ ഒഫിഷ്യല്‍ സീക്രട്ട്‌ ആക്ടിന്റെ മൂന്നും നാലും വകുപ്പുകളും ഐപിസി 34ാ?ം സെക്ഷനും അനുസരിച്ചാണ്‌ കുറ്റപത്രം തയ്യാറാക്കിയത്‌.ചാരക്കേസ്‌ അന്വേഷണത്തിന്‍ീ? ഔദ്യോഗിക തുടക്കം .പമ്പരവിഡ്ഡിത്തം നിറഞ്ഞ ഈ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ പിന്നീട്‌ കോടതി ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ കെട്ടുകഥയാണെന്ന്‌ വിധിയെഴുതിയതും അപക്വം,അവിവേകം,അജ്ഞത-ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ അന്വേഷിച്ച ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയുടേയും റോയുടേയും നടപടികളെ,നിലപാടുകളെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാനാകൂ.കുറ്റാന്വേഷണ മേഖലയില്‍ ഇന്ത്യയിലെ അതിബുദ്ധിശാലികള്‍ ഉള്‍പ്പെടുന്ന രണ്ട്‌ സംവിധാനങ്ങള്‍ എന്ന്‌ കരുതിയിരുന്ന ഐബിയും റോയും വിഢിക്കൂശ്‌മാണ്ഡങ്ങളുടെ ദേശീയ സംഘമാണെന്ന്‌ ഇതോടെ വ്യക്തമായി.നിയമങ്ങള്‍ അറിയാത്ത,ചട്ടങ്ങളും നടപടിക്രമങ്ങളും ബോദ്ധ്യമില്ലാത്ത വിഢ്യാസുരന്മാരാണ്‌ ഈ രണ്ട്‌ സംവിധാനങ്ങളിലുമിരുന്നു കൊണ്ട്‌ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്നതെന്നും വ്യക്തമായി. കേസന്വേഷണത്തിലും തെളിവുകള്‍ ശാസ്‌ത്രീയമായി സംയോജിപ്പിക്കുന്നതിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മാതൃക എന്നഹങ്കരിച്ചിരുന്ന കേരള പോലീസിലെ ഉന്നതന്മാരേയും ഐബിയിലേയും റോയിലേയും മന്ദബുദ്ധികളേയും ഒരു നുകത്തിന്‍ കീഴില്‍ കെട്ടാമെന്ന്‌ തെളിയിക്കുന്നതായിരുന്നു അന്വേഷണ രീതികളും കുറ്റപത്രം സമര്‍പ്പിക്കലും. ഒന്നാം പ്രതിയാക്കി വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ഫൗസിയ ഹസ്സനെക്കുറിച്ച്‌ തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ ഡിജിപി മധുസൂദന്‌ അയച്ച രഹസ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു:` ഞങ്ങളുടെ അന്വേഷണത്തില്‍ ഫൗസിയ ഹസ്സനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.ഈ വിദേശി ഏതെങ്കിലും വിധത്തിലുള്ള ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്‌ തെളിവുകളില്ല.വീസാ കാലാവധി കഴിഞ്ഞ്‌ ഇവിടെ തങ്ങിയാതായി പോലും പറായാന്‍ പറ്റില്ല.അതു കൊണ്ട്‌ അവരെ വിട്ടയച്ചു.അവര്‍ ബാംഗ്ലൂര്‍ക്ക്‌ പോയി' 1994 ഓക്ടോബര്‍ 19 ന്‌ ബാംഗ്ലൂരിലേയ്‌ക്ക്‌ തിരിച്ചു പോയ ഫൗസിയയെ പിന്നീട്‌ കസ്റ്റഡിയിലെടുക്കുന്നത്‌ നവംബര്‍ 11നാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌ 13നും.അതായത്‌ രണ്ടാമത്‌ അറസ്റ്റിലാകും മുന്‍പ്‌ ഫൗസിയ 22 ദിവസം ബാംഗ്ലൂരിലുണ്ടായിരുന്നു.ഈ ദിവസങ്ങളിലാണ്‌ ചാരക്കേസ്‌ മാധ്യമങ്ങളില്‍ ഇക്കിളിക്കഥകളായി പൊലിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്‌.അതില്‍ ഒന്നാം പ്രതിയായിരുന്നു ഫൗസിയ! ഏതെങ്കിലും ഒരു ചാരപ്രവര്‍ത്തകന്‍/പ്രവര്‍ത്തക ഇത്തരം പശ്ചാത്തലത്തില്‍ തന്നെ സംശയിക്കുന്ന ഒരു രാജ്യത്ത്‌ തങ്ങുമോ? ഐബിയിലേയും റോയിലേയും മന്ദബുദ്ധികള്‍ക്ക്‌ മാത്രമെ അങ്ങനെ ചിന്തിക്കാന്‍ കഴിയൂ!! നിര്‍ണായക നിയമങ്ങളെക്കുറിച്ചും അവയുടെ നടപടിക്രമങ്ങളെക്കുറിച്ചും ഒരു ചുക്കുമറിയാത്ത കൊഞ്ഞാണന്മാരാണ്‌ തങ്ങളെന്ന്‌ തെളിയിക്കുന്നതായിരുന്നു,ആതിരേ, കേരളപോലീസിന്റെ ,ഈ കേസ്‌ അന്വേഷണത്തിലെ പല തീരുമാനങ്ങളും. ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ അനുസരിച്ചാണ്‌ പോലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തത്‌.ചാരപ്രവര്‍ത്തനം ഈ നിയമത്തിന്‍ കീഴില്‍ വരും എന്ന പ്രാഥമിക അറിവുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ പ്രസ്‌തുത നിയമം `അങ്ങാടിമരുന്നാണോ,പച്ചമരുന്നാണോ'എന്നറിയാത്ത പമ്പര വിഢികളായിരുന്നു പോലീസ്‌ ഏമാന്മാര്‍.1920ലെ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ 3,4 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റകാരാണെന്നാണ്‌ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌.1920ല്‍ അങ്ങനെ ഒരു നിയമം ഇന്ത്യയില്‍ പാസ്സാക്കിയിരുന്നില്ല എന്ന പ്രാഥമികവും നിര്‍ണയകവുമയ ബോധം കേരള പോലീസിലെ ഉന്നതര്‍ക്കില്ലാതെ പോയി എന്നു പറയുമ്പോള്‍ 1923 ല്‍ പാസാക്കിയ ആ നിയം ഇവിടുത്തെ ഏമാന്മാരാരും വായിച്ചു പോലും നോക്കിയിട്ടില്ലെന്നര്‍ത്ഥം.! 1923ല്‍ പാസാക്കിയ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ അനുസരിച്ച്‌ കേസ്‌ റജിസ്റ്റര്‍ ചെയ്യേണ്ടത്‌ ഇനി പറയുന്ന പ്രകാരമാണ്‌: ക്രിമില്‍ പ്രോസീജ്യര്‍ കോഡ്‌ (സിആര്‍പിസി)വകുപ്പ്‌ 200 അനുസരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍, മജിസ്‌ട്രേറ്റ്‌ കോടതിയില്‍ പരാതി നലകണം.പരാതി പരിശോധിച്ച ശേഷം മജിസ്‌ട്രേറ്റാണ്‌ കേസ്‌ രജിസറ്റര്‍ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌. ഇതിന്റെ യുക്തി സിമ്പിളാണ്‌.ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു വിദേശപൗരനെ അറസ്റ്റ്‌ ചെയ്‌താല്‍ അത്‌ നയതന്ത്രമേഖലയില്‍ എന്ത്‌ പ്രത്യാഘാതമുണ്ടാക്കും എന്ന്‌ വിവേചിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാരിന്‌ മാത്രമേ കഴിയൂ.ചാരപ്രവര്‍ത്തനം നടത്തി എന്നു കണ്ടെത്തിയാല്‍ അന്വേഷണം പോലുമില്ലാതെ ആ വിദേശപൗരനെ നാടുകടത്താന്‍ കേന്ദ്ര സര്‍ക്കാരിന്‌ അധികാരമുണ്ട്‌.ഇത്‌ രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയത്രന്ത്ര ബന്ധത്തെ ബാധിക്കുന്ന, സങ്കീര്‍ണമായ വിഷയമാണ്‌ .അത്‌ ഒരു പോലീസ്‌ ഓഫീസര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയില്ല.അതു കൊണ്ടാണ്‌ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ അനുസരിച്ച്‌ നിയമനടപടി എടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ മാത്രം നിക്ഷിപ്‌തമാക്കിയിട്ടുള്ളത്‌.
ചാരക്കേസിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ അമേരിക്കയുടേയോ ബ്രിട്ടന്റേയോ പൗരത്വമുള്ള വനിതകള്‍ ആയിരുന്നെങ്കില്‍, അവര്‍ യഥാര്‍ത്ഥ ചാരവനിതകള്‍ ആയിരുന്നാലും ഇന്ത്യ വിവരമറിയുമായിരുന്നു.മറിയം റഷീദയും ഫൗസിയ ഹസ്സനും പാവങ്ങള്‍, മാലിക്കാരികള്‍.. ഇത്രയ്‌ക്ക്‌ വിഢ്യാസുരന്മാരായിരുന്നോ ഐബിയിലെ ബുദ്ധിരാക്ഷസന്മാര്‍ എന്നു ചോദിക്കാന്‍ വരട്ടെ. മനസ്സിലാക്കേണ്ടത്‌ മറ്റുചില ചുറ്റിക്കളികളാണ്‌;രാജ്യത്തെ ഒറ്റിക്കൊടുത്ത ഭീകര പ്രവര്‍ത്തനങ്ങളാണ്‌. മറിയം റഷീദയും ഫൗസിയ ഹസ്സനും ശശികുമാരനും നമ്പിനാരായണനും ചന്ദ്രശേഖരനുമൊന്നും ചാരന്മാരായിരുന്നില്ലെന്നും ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഐബിയിലെ ഉന്നതര്‍ക്ക്‌ അറിയാമായിരുന്നു!എന്നിട്ടും അവര്‍ ചാരക്കേസുമായി മുന്നോട്ടുപോയി,കേരള പോലീസിനെ കുരങ്ങ്‌ കളിപ്പിച്ച്‌ അറസ്റ്റുകള്‍ നടത്തി, ചോദ്യം ചെയ്‌തു,വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കി. ഇതൊക്കേയും ഒറ്റ പോയിന്റ്‌ അജണ്ടയുടെ ഭാഗമായ കള്ളക്കളികളായിരുന്നു ;ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പിനെ ചിതറിക്കാനുള്ള അമേരിക്കയുടെ അധിനിവേശത്വരയുടെ ഭാഗമായി നടന്ന അട്ടിമറികളായിരുന്നു .അറസ്റ്റ്‌ ചെയ്യപ്പെട്ടവരുടെ നിരപരാധിത്വം ഒരു നാള്‍ തെളിയിക്കപ്പെടും എന്ന്‌ എം.കെ. ധര്‍ അടക്കമുള്ള ഐബിയിലെ ഉന്നതര്‍ക്ക്‌ അറിയാമായിരുന്നു.എന്നാല്‍ അതു വരെയുള്ള സമയം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം പിന്നോട്ടടിക്കും.അമേരിക്കയും ഫ്രാന്‍സും ചൈനയും ജപ്പാനുമടങ്ങുന്ന ക്രയോജനിക്ക്‌ രാഷ്ടചതുഷ്ടയത്തിന്‌ കുറേക്കാലത്തേയ്‌ക്ക്‌ ഇന്ത്യ ഭീഷണിയാകുകയുമില്ല.അതിനു വേണ്ടിയുള്ള അടിവലിയായിരുന്നു ഇതുവരെ വിവരിച്ച സംഭവങ്ങള്‍. തീരുന്നില്ല,ആതിരേ, ഐബിയുടേയും റോയുടേയും അമേരിക്കയ്‌ക്കു വേണ്ടിയുള്ള ചാരപ്രവര്‍ത്തനം.നിയമവിരുദ്ധവും സദാചാരവിരുദ്ധവുമായ നടപടികളില്‍ അവര്‍ അര്‍മാദിക്കുകയായിരുന്നു.നിരപരാധികളായ രണ്ട്‌ മാലി യുവതികളെ പൂര്‍ണനഗ്നരാക്കി അവരുടെ ഗുഹ്യപ്രദേശം ഞണ്ടുകളെ കൊണ്ട്‌ കടിപ്പിച്ച്‌ ഇന്ത്യന്‍ പൗരന്മാരായ മൂന്നു പേരെ ചിത്രവധം ചെയ്‌ത്‌,ഗ്ലാവ്‌കോദ്‌മോസിന്റെ മേധാവിയെ ചാരനാക്കി ചോദ്യം ചെയ്‌ത്‌ ഐബിയും റോയും കേരള പോലീസിലെ കുറേ ഉദ്യോഗസ്ഥരും അമേരിക്കയുടെ അഞ്ചാംപത്തികളായി തിമിര്‍ക്കുകയായിരുന്നു ആടിനെ പട്ടിയാക്കുക,പട്ടിയെ പേപ്പട്ടിയാക്കുക;എന്നിട്ട്‌ തല്ലിക്കൊല്ലുകമലയാളത്തിലെ ഈ ശൈലിയുടെ നീചമായ വിവര്‍ത്തനമായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ എം.കെ.ധറിന്റെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉളുപ്പില്ലാതെ നടത്തിയത്‌.ഐബിയിലും ഐഎസ്‌ആര്‍ഒയിലും അമേരിക്കയ്‌ക്ക്‌ വേണ്ടി അടിവലി നടത്തിയ രാജ്യദ്രോഹികള്‍ക്ക്‌ അങ്ങനെ ഒരു പരിണതി ഉണ്ടാക്കിയെങ്കില്‍ മാത്രമെ അമേരിക്കന്‍ തിരക്കഥയനുസരിച്ചുള്ള ചാരക്കഥ കൊഴുപ്പിച്ചെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ഐഎസ്‌ആര്‍ഒബഹിരാകാശ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇന്ത്യയുടെ അഭിമാനസ്‌തംഭമാണെന്ന്‌ സ്‌മാര്‍ട്ട്‌ വിജയന്‌ വരെ അറിയാമായിരുന്നു, എന്നാല്‍ ചാരക്കഥ പൊലിപ്പിച്ചെടുക്കണമെങ്കില്‍ ഇത്തരത്തിലൊരു വക്രീകരണം കൂടിയേ തീരുമായിരുന്നുള്ളൂ.ചിത്രങ്ങളും ചില ഡേറ്റകളും കൈമാറിയാല്‍ റോക്കറ്റ്‌ നിര്‍മാണം സാദ്ധ്യമല്ലെന്നും ഇവര്‍ക്കറിയാമായിരുന്നു.അപ്പോള്‍ ആഗോള ശ്രദ്ധ തിരിച്ചു വിട്ട്‌ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തേയും ക്രയോജനിക്‌ ടെക്‌നോളജി മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയേയും ചിതറിക്കണമെങ്കില്‍ ഐഎസ്‌ആര്‍ഒയെ മിസെയില്‍ നിര്‍മാണ കേന്ദ്രമാക്കണമായിരുന്നു.എങ്കില്‍ മാത്രമേ പാകിസ്ഥാന്‌ മിസെയില്‍ രഹസ്യം വിറ്റുവെന്ന വാര്‍ത്തപ്രചരിപ്പിച്ച്‌ അമേരിക്കയുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ. പിറവി മുതല്‍ ശത്രുത പുലര്‍ത്തുന്ന പാകിസ്ഥാന്‌ ,ഇന്ത്യയെ ആക്രമിക്കാനുള്ള ശക്തി പകരാന്‍ ഇവിടെ ചിലരെല്ലാം ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അത്‌ ദേശസ്‌നേഹവുമായി ബന്ധപ്പെടുത്തി വായിക്കപ്പെടുമെന്നും പ്രതികളെന്ന്‌ പറയപ്പെടുന്നവര്‍ ദേശദ്രോഹികളാണെന്ന ചിന്ത ,വിവേകശാലികളില്‍ വരെ ഉദ്ദീപിപ്പിക്കാനാകുമെന്നും തിരിച്ചറിഞ്ഞായിരുന്നു ഈ പെരുങ്കള്ളത്തിന്റെ സംസ്ഥാപനം.അതില്‍ അമേരിക്കയും അമേരിക്കന്‍ ചാരന്മാരും വിജയിക്കുകയും ചെയ്‌തു. ആതിരേ,അവിശുദ്ധവും അധാര്‍മികവുമായ ഈ ആരൂഢത്തില്‍ നിന്നായിരുന്നു പിന്നീടങ്ങോട്ടുള്ള ഐബിയുടെ മുന്നേറ്റവും നിലപാടുകൊള്ളലും നിയമവിരുദ്ധമായ നടപടികളും പ്രചാരണവും. അറിയുക,ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോ ഒരു സിവിലിയന്‍ സംവിധാനമാണ്‌.ദേശവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ ഏതെങ്കിലും കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടോ എന്ന്‌ മണത്തറിഞ്ഞ്‌ അക്കാര്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെയും ആഭ്യന്തര വകുപ്പുകളെയും അറിയിക്കാന്‍ മാത്രമാണ്‌ ഐബിക്ക്‌ അധികാരമുള്ളത്‌.ആരേയെങ്കിലും പ്രതിയെന്ന്‌ ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്യാനോ, അവരെ കസ്റ്റഡിയില്‍ വയ്‌ക്കാനോ, ചോദ്യം ചെയ്യാനോ,തെളിവെടുക്കാനോ ഐബിക്ക്‌ അധികാരമില്ല.എന്നാല്‍ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നഗ്നമായ അധികാരലംഘനം നടത്തിയാണ്‌ ഐബിയുടെ കേരളഘടകം പ്രവര്‍ത്തിച്ചത്‌.ചെയ്യുന്നത്‌ നിയമലംഘനമാണെന്നറിഞ്ഞു കൊണ്ടാണ്‌ ധര്‍ അതിന്‌ അനുമതി നല്‍കിയത്‌.ഐപിഎസ്‌ ഓഫീസര്‍മാരില്‍ നീതി നിഷ്‌ഠനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സിബി മാത്യു പോലും നിയമവിരുദ്ധമായാണ്‌ ഇക്കാര്യത്തില്‍ പ്രവൃത്തിച്ചത്‌. കേരള ഹൈക്കോടതിയിലെ നിയമവിജ്ഞരായ ജസ്റ്റിസ്‌മാര്‍ ഈ നിയമവിരുദ്ധതയ്‌ക്ക്‌ അംഗീകാരം നല്‍കിയെന്നതാണ്‌ ഏറ്റവും പ്രതിഷേധാര്‍ഹമായ പരിണതി നിയമവിരുദ്ധം മാത്രമല്ല സദാചാരവിരുദ്ധമായ രീതിയിലുമായിരുന്നു ഐബിയുടെ ചോദ്യം ചെയ്യലും ഭേദ്യം ചെയ്യലും.മറിയം റഷീദയാണ്‌ ഐബി ഉദ്യോഗസ്ഥരുടെ ഹീനവും ക്രൂരവുമായ പീഡനത്തിന്‌ ഏറ്റവുമധികം ഇരയായത്‌.മദാലസയായ മറിയം റഷീദയെ പൂര്‍ണനഗനയാക്കി നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍.ഐബി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക്‌ അറിയില്ല എന്നാണ്‌ മറുപടിയെങ്കില്‍ അതി കഠിനമായ ഭേദ്യങ്ങളായിരുന്നു ഏല്‍പ്പിച്ചിരുന്നത്‌.ഒരു പറ്റം പുരുഷന്മാരുടെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ തെരുവു വേശ്യ പോലും തയ്യാറാകില്ലെന്നോര്‍ക്കണം. ഐബിയിലെ കാമപ്പിശാചുക്കളായ ഞെരമ്പ്‌ രോഗികളുടെ മുന്നില്‍ ദിവസങ്ങളോളമാണ്‌ മറിയം റഷീദയ്‌ക്ക്‌ നഗ്നയായി നില്‍ക്കേണ്ടി വന്നത്‌.രാജസദസില്‍ ചാരിത്ര്യശുദ്ധി ചോദ്യം ചെയ്യപ്പെട്ട്‌ നിസഹായയായി നിന്നപ്പോള്‍ ഭൂമി പിളര്‍ന്ന്‌ പാതാളത്തിലേയ്‌ക്ക്‌ പോകാന്‍ കൊതിച്ച സീതാദേവിയെപ്പോലെ ഭൂമി പിളര്‍ന്നു കിട്ടാന്‍ മറിയം റഷീദ ഈ ദിവസങ്ങളിലെല്ലാം പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം.പക്ഷെ നിന്ദിതയും നിസ്സഹായയും സര്‍വോപരി നിരപരാധിയുമായ ആ യുവതിയുടെ പ്രാര്‍ത്ഥന ഒരു ദൈവവും കേട്ടില്ല ! ഇടയ്‌ക്കിടെ ഏല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ക്ക്‌ പുറമെ ക്രൂരമായ `ലൈംഗീക പീഡന'ത്തിനും മറിയം വിധേയയായി. അവരുടെ സ്‌തനങ്ങളും നിതംബവും കശക്കി രസിച്ചവര്‍ നിരവധിയാണ്‌.സ്‌മാര്‍ട്ട്‌ വിജയനും അക്കൂട്ടത്തിലുണ്ടായിരുന്നു.നടക്കാതെ പോയ ഭോഗക്കൊതി, അങ്ങനെ അയാളും സ്‌തനനിതംബ താഡനങ്ങളിലൂടെ തീര്‍ത്തു.ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പ്ലെയറുകൊണ്ട്‌ മറിയം റഷീദയുടെ ഗുഹ്യരോമങ്ങള്‍ പിഴുതെടുത്ത്‌ അവരുടെ മുഖത്തെറിഞ്ഞു.വേദനയില്‍ പുളഞ്ഞ മറിയം റഷീദയെ നോക്കി ഐബിയിലെ ദുശാസനന്മാര്‍ അപ്പോള്‍ അട്ടഹസിച്ച്‌ ചിരിക്കുകയാണുണ്ടായത്‌.ആ ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമായിരുന്നു സ്‌മാര്‍ട്ട്‌ വിജയന്‍ മറിയം റഷീദയുടെ ഗുഹ്യഭാഗത്ത്‌ ഞണ്ടിനെ കൊണ്ട്‌ കടിപ്പിച്ചത്‌.ഊഹിക്കാനാവുമോ ആ യുവതിയുടെ അപ്പോഴത്തെ സങ്കടങ്ങള്‍? ആത്മ പീഡകള്‍?ഗുഹ്യഭാഗത്തെ നീറ്റലുകള്‍?ദിവസങ്ങളോളം ഇതേ നിലയില്‍, ഉറങ്ങാന്‍ പോലുമനുവദിക്കാതെ, നിര്‍ത്തിയാണ്‌ ഐബിയിലെ കാമക്കോമരങ്ങള്‍ അവരെ കൊണ്ട്‌ പലതും സമ്മതിപ്പിച്ചത്‌!
ഫൗസിയയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.മധ്യവയസ്സ്‌ കഴിഞ്ഞ സ്‌ത്രീയുടെ നഗ്നത അത്രയ്‌ക്കൊന്നും ഉദ്ദീപനദൃശ്യമല്ലാതിരുന്നത്‌ കൊണ്ട്‌ അവരെ ദിവസങ്ങളോളം നഗ്നയായി നിര്‍ത്തിയില്ലെന്ന്‌ മാത്രം.ഐബിയിലെ അമേരിക്കന്‍ ചാരന്മാര്‍ ആഗ്രഹിച്ച രീതിയില്‍ മറുപടി കിട്ടാതെ വന്നപ്പോള്‍ അവരേയും കൊടിയ ഭേദ്യങ്ങള്‍ക്കിരയാക്കി.മര്‍ദ്ദനം സഹിക്ക വയ്യാതെ ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം സമ്മതിക്കാന്‍ അവര്‍ തയ്യാറായി.എങ്കിലും പച്ചക്കള്ളങ്ങള്‍ മുഴുവന്‍ അംഗീകരിക്കാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.രമണ്‍ ശ്രിവാസ്‌തവയെ അറിയുമെന്നും ബാംഗ്ലൂരില്‍ ആര്‍മി ക്ലബില്‍ അദ്ദേഹത്തോടൊപ്പം പോയിയെന്നും സമ്മതിക്കാന്‍ അവരുടെ മനസ്സ്‌ കൂട്ടാക്കിയില്ല.ഒരിക്കലും കണ്ടിട്ടില്ലാത്ത,കേട്ടിട്ടില്ലാത്ത ഒരാളെക്കുറിച്ച്‌ നട്ടാല്‍ക്കുരുക്കാത്ത നുണകള്‍ പറയാന്‍ വിമുഖത കാട്ടിയപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന 13കാരിയായ മകളെ ഫൗസിയയുടെ മുന്നിലിട്ട്‌ കൂട്ടബലാത്‌ സംഘം നടത്തുമെന്നായിരുന്നു ഭീഷണി.വഷളത്തം നിറഞ്ഞ ആ ഭീഷണിയില്‍ ഫൗസിയയിലെ അമ്മ തകര്‍ന്നു പോയി.അവര്‍ ഐബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെല്ലാം സമ്മതിച്ചു.ഗ്ലാവ്‌കോസ്‌മോസിന്റെ ഇന്ത്യയിലെ പ്രതിനിധി കെ.ചന്ദ്രശേഖരനില്‍ നിന്ന്‌ ഐബിയിലെ അമേരിക്കന്‍ ചാരന്മാര്‍ ആഗ്രഹിച്ച പ്രകാരമുള്ള മൊഴി ലഭിക്കാന്‍ അവലംബിച്ചത്‌ അദ്ദേഹത്തിന്റെ ഭാര്യയും ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയുമായ വിജയമ്മയെ വേശ്യാലയം നടത്തിപ്പുകാരിയായി ചിത്രീകരിച്ച്‌ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിക്കുമെന്ന ഭീഷണിയായിരുന്നു.കഠിനമായ ഭേദ്യങ്ങളെ ചെറുത്തു നിന്ന ചന്ദ്രശേഖരന്‍ ആ ഭീഷണിയില്‍ ആകെ ചിതറിപ്പോയി.പിന്നെ ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം സമ്മതിക്കുകയായിരുന്നു. വക്കാലുള്ള ഭീഷണി ഫലിച്ചില്ലെങ്കില്‍ തെളിവായി കാണിക്കുവാന്‍ വൃത്തികെട്ട ഒരു നാടകം ഐബി ഉദ്യോഗസ്ഥര്‍ പ്ലാന്‍ ചെയ്‌ത്‌ നടപ്പാക്കിയിരുന്നു.പക്ഷേ വിജയിച്ചില്ലെന്ന്‌ മാത്രം. ബാംഗ്ലൂരിലുള്ള ചന്ദ്രശേഖരന്റെ വീട്ടില്‍,ഭര്‍ത്താവിന്റെ അവസ്ഥയോര്‍ത്ത്‌ ഖിന്നയായി,ഭയചകിതയായി വിജയമ്മ കഴിഞ്ഞിരുന്ന ഒരു രാത്രി ,ഒരു സ്‌ത്രീ വാതിലില്‍ മുട്ടി `രക്ഷിക്കണേ..'എന്നാവശ്യപ്പെട്ട്‌ ഉച്ചത്തില്‍ കരഞ്ഞു.ആ വിലാപം വിജയമ്മയെ ചിന്തകളില്‍ നിന്നും പ്രാര്‍ത്ഥനകളില്‍ നിന്നുമുണര്‍ത്തി.ആരാണ്‌ എന്താണ്‌ എന്ന ചോദ്യത്തിന്‌ മറുപടി നല്‍കാതെ രക്ഷിക്കണേ എന്നു മാത്രം ആ സ്‌ത്രീ അലമുറയിട്ടു കൊണ്ടിരുന്നു.നിങ്ങളാരാണ്‌ ,നിങ്ങളുടെ മുഖമൊന്നു കാണട്ടെ ജനലിനടുത്തു വരൂ എന്ന്‌ വിജയമ്മ ആവശ്യപ്പെട്ടിട്ടും ഉച്ചത്തില്‍ നിലവിളിച്ച്‌ കതകില്‍ മുട്ടിക്കൊണ്ടേയിരുന്നതേയുള്ളൂ. അപ്പോള്‍ വിജയമ്മ ഒരു അപകടം മണത്തു.അവര്‍ വാതില്‍ തുറന്നില്ല.അല്‍പം കഴിഞ്ഞപ്പോള്‍ പുറത്തെ കരച്ചില്‍ നിന്നു.പുറത്തുണ്ടായിരുന്ന സ്‌ത്രീ ഗെയ്‌റ്റ്‌ തുറന്ന്‌ കുറച്ചപ്പുറം മാറിന്നിന്ന പുരുഷ സംഘത്തോടൊപ്പം ചേര്‍ന്ന്‌ മറയുകയും ചെയ്‌തു.അടുത്ത നിമിഷം ഒരു പോലീസ്‌ വാഹനം അവിടെത്തുകയും അസാധാരണമായതൊന്നും ശ്രദ്ധയില്‍ പെടാതിരുന്നത്‌ കൊണ്ട്‌ ഓടിച്ചു പോകുകയും ചെയ്‌തു. ബാംഗ്ലൂര്‍ നഗരത്തിലെ ഒരു തെരുവു വേശ്യയായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്‌.വിജയമ്മ വാതില്‍ തുറന്നിരുന്നെങ്കില്‍ ആ സ്‌ത്രീക്കൊപ്പം പുരുഷ സംഘവും വീട്ടില്‍ കയറുമായിരുന്നു.അവര്‍ അവിടെ നില്‍ക്കുമ്പോള്‍ പോലീസുകാരെത്തി അവരെ അറസ്റ്റ്‌ ചെയ്‌ത്‌ ചന്ദ്രശേഖരന്റെ വീട്ടില്‍ വിജയമ്മ വേശ്യാലയം നടത്തുന്നതിന്റെ തെളിവ്‌ ശേഖരിക്കുമായിരുന്നു ****** സാന്ധ്യശോഭയ്‌ക്ക്‌ കളങ്കമായി പ്രേതഭവനം പോലെ ആ കെട്ടിടം നിന്നു. ചുറ്റും ഘനീഭൂതമായ മൗനത്തിന്റെ തണുപ്പു ഭേദിച്ച്‌ അവശമായൊരു ഞെരക്കം കെട്ടിടത്തിന്‌ പുറത്തേയ്‌ക്ക്‌ ഇഴഞ്ഞിറങ്ങുന്നുണ്ടായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ വിലങ്ങു വയ്‌ക്കപ്പെട്ട കൈകളുമായി ശശികുമാരനെ ആ കെട്ടിടത്തിലേക്ക്‌ കൊണ്ടുവന്നു. ശശികുമാരന്റെ കൈ വിലങ്ങില്‍ നിന്നുള്ള ചങ്ങല അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പിടിച്ചിരുന്നു. അറുക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ നിശബ്ദനായി,നിസ്സഹായനായി ശശികുമാരന്‍.. പുറത്തേയ്‌ക്ക്‌ കുമിഞ്ഞ വായുവില്‍ നിണത്തിന്റെ ലവണ ഗന്ധം. ശശികുമാര്‍ മുഖം തിരിച്ചു. വാതില്‍ പാതിതുറന്ന ഒരു മുറി. മുറിയില്‍ ഒരു ബഞ്ച്‌. ബഞ്ചില്‍ ഒരു മനുഷ്യന്‍ കമിഴ്‌ന്നു കിടക്കുന്നു. അര്‍ദ്ധനഗ്നനാണ്‌. കാലുകള്‍ അടി കൊണ്ട്‌ വീര്‍ത്ത്‌ പൊട്ടിയിട്ടുണ്ട്‌.അവയില്‍ നിന്ന്‌ രക്തമിറ്റുന്നു. വെളുത്ത ദേഹമാസകലം മര്‍ദ്ദനത്തിന്റെ തിണര്‍പ്പുകള്‍. അവയില്‍ നിന്നും ചോര കിനിയുന്നുണ്ടായിരുന്നു. വേദനയില്‍ പുളഞ്ഞ്‌ ആ മനുഷ്യന്‍ ഞരങ്ങുന്നത്‌ ശശികുമാര്‍ കേട്ടു. അയാളുടെ മുഖം ശശികുമാരന്‍ കണ്ടില്ല. പക്ഷേ, ആ രൂപത്തില്‍ നിന്ന്‌ ആളാരാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ഒരു നിമിഷം സ്‌തംഭിച്ചു നിന്നുപോയി ഇന്ത്യന്‍ ബഹിരാകാശ കുതിപ്പിന്റെ ഉത്തോലകമായി വിക്രം സാരാഭായി വിശേഷിപ്പിച്ച നമ്പി നാരായണന്‍! കാഴ്‌ചപ്പുറങ്ങളില്‍ കണ്ണീരിന്റെ നനവു പടര്‍ന്നു. ഈറന്‍ മിഴികളും വിളറിയ ചിരിയുമായി നമ്പി നാരായണന്‍ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ ശശികുമാരന്റെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചു. നിഷ്‌കളങ്കനായ ഈ മനുഷ്യന്‍ ചാരശൃംഖലയിലെ കണ്ണിയാണെന്ന്‌ സമ്മതിച്ച നിമിഷത്തെ അയാള്‍ മനസ്സറഞ്ഞ്‌ പ്‌രാകി. ഒന്നും ആഗ്രഹിച്ചതായിരുന്നില്ല. പക്ഷേ, നിരന്തര ഭേദ്യങ്ങളുടെ കൊടും വേദന അസഹ്യമായപ്പോള്‍ പറഞ്ഞു പോയതാണ്‌. കുറ്റബോധം ഒരു ചുണ്ടെലിയായി ശശികുമാരന്റെ പ്രജ്ഞയെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ശശികുമാരനെ ആ മുറിയിലേയ്‌ക്ക്‌ തള്ളിയശേഷം വാതിലടച്ച്‌ അന്വേഷണോദ്ദ്യോഗസ്ഥര്‍ തിരിച്ചു പോയി. മുറിയില്‍ പുതിയൊരാളെത്തിയതും വാതിലടയ്‌ക്കപ്പെട്ടതും നമ്പി നാരായണന്‍ ശ്രദ്ധിച്ചില്ല ഭിത്തിയില്‍ ചാരി പൊടിനിറഞ്ഞ തറയില്‍ ശശികുമാരന്‍ കാലുനീട്ടിയിരുന്നു.പേശികള്‍ തോറും അരിച്ചു കയറുന്ന മര്‍ദ്ദനത്തിന്റെ നീറ്റലിനേക്കാള്‍ നമ്പിനാരായണന്റെ ആ കിടപ്പാണ്‌ ശശികുമാരനെ തളര്‍ത്തിക്കൊണ്ടിരുന്നത്‌ എന്നാണ്‌ നമ്പി നാരായണനെ ആദ്യമായി കണ്ടത്‌..? ഓര്‍മ്മത്താഴ്‌വാരങ്ങളില്‍ വളര്‍ന്നു മുറ്റിയ ഞെരിഞ്ഞില്‍ മുള്ളുകളിലേക്ക്‌ ശശികുമാരന്റെ മനസ്സ്‌ മുഖമടച്ച്‌ വീണു. മുള്‍ക്കുത്തേറ്റ്‌ കിനിഞ്ഞ ചോരച്ചാലുകള്‍ക്കപ്പുറം കൊച്ചുവേളി-തുമ്പ റോഡ്‌ തെളിഞ്ഞു. കുപ്പിക്കഴുത്തുപോലുള്ള റോഡിലൂടെ വാഹനം ഓടിക്കുക ശ്രമകരമായ ജോലിയാണ്‌. എതിരെ ഒരു വാഹനം വന്നാലോ പുറകില്‍ നിന്ന്‌ ഒരു വാഹനം വന്നാലോ സൈഡ്‌ കൊടുക്കാന്‍ കഴിയാത്തത്ര ഇടുങ്ങിയ വീഥി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്കുള്ള വഴി സ്വര്‍ഗ്ഗത്തിലേക്കുള്ളതുപോലെഇടുങ്ങിയതും ഞെരുങ്ങിയതും!
അമ്പാസിഡര്‍ കാറില്‍ ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു ശശികുമാരന്‍. പുറകില്‍ നിന്ന്‌ ഒരു സ്‌കൂട്ടറിന്റെ ഹോണ്‍ ശബ്ദം നിരന്തരം മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ, സൈഡ്‌ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രമിച്ചതാണ്‌, സ്ഥലം ഇല്ലാതിരുന്നതുകൊണ്ട്‌ സാധിച്ചില്ല. ഏറെ ദൂരം ഇങ്ങനെ പോയി. അപ്പോഴെല്ലാം സ്‌കൂട്ടറിന്റെ, ഞരക്കം പോലെയുള്ള ഹോണടി മുഴങ്ങുന്നുണ്ടായിരുന്നു. അല്‍പം ഇടം കിട്ടിയപ്പോള്‍ കാര്‍ ഇടത്തോട്ട്‌ തിരിച്ച്‌ സ്‌കൂട്ടറിന്‌ കടന്നുപോകാന്‍ വഴിയൊരുക്കി. മുന്നിലെത്തിയ സ്‌കൂട്ടറുകാരന്‍ വണ്ടി കുറുകെ ഇട്ട്‌ ഇറങ്ങി വന്നു. പിന്നെ പുളിച്ച തെറിയുടെ അഭിഷേകമായിരുന്നു. മടിച്ചില്ല. ഉരുളയ്‌ക്ക്‌ ഉപ്പേരി പോലെ താനും മറുപടി കൊടുത്തു. മടുത്തതുകൊണ്ടാകണം. അല്ലെങ്കില്‍ തന്റെ പ്രയോഗങ്ങളിലെ രൂക്ഷതകൊണ്ടാവാം അയാള്‍ തല താഴ്‌ത്തി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്‌ത്‌ മുന്നോട്ടു പോയി. ദിവസങ്ങള്‍ കഴിഞ്ഞു. റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തിലെ ഒരു നിര്‍ണ്ണായക യോഗം. യോഗം നടക്കുന്ന മുറിയിലെത്തിയപ്പോള്‍ ശശികുമാരന്‍ ഒന്നു പകച്ചു. അധ്യക്ഷ സ്ഥാനത്ത്‌ ദിവസങ്ങള്‍ക്കു മുന്‍പ്‌ വഴിയില്‍ വച്ച്‌ അസഭ്യശരങ്ങളെയ്‌ത്‌ താന്‍ തോല്‍പിച്ച വ്യക്തി. ആത്മ നിന്ദയോടെയാണ്‌ അയാള്‍ക്ക്‌ എതിര്‍വശം, കേള്‍വിക്കാരനായി ശശികുമാരന്‍ ഇരുന്നത്‌. ഐഎസ്‌ആര്‍ഒ ഡയറക്ടറുടെ പ്രത്യേക താല്‍പര്യപ്രകാരം രൂപീകരിച്ച ഏകാംഗ കമ്മിറ്റിയുടെ തലവനായ അയാള്‍ ക്രയോജനിക്‌ റോക്കറ്റ്‌ വിക്ഷേപണ സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത്‌ സംബന്ധിച്ച്‌ റഷ്യയിലെ ഗ്ലാവ്‌ കോസ്‌മോസുമായി ഉണ്ടാക്കിയ ഉടമ്പടിയെക്കുറിച്ചും അതിനു മുന്‍പ്‌ ഇന്ത്യാ ഗവണ്‍മെന്റും റഷ്യന്‍ ഗവണ്‍മെന്റും തമ്മിലുണ്ടാക്കിയ കരാര്‍ അമേരിക്കയുടെ ഭീഷണി മൂലം റദ്ദാക്കേണ്ടി വന്നതുമെല്ലാം പതിഞ്ഞ സ്വരത്തില്‍ അയാള്‍ വിവരിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ താല്‍പര്യത്തിന്‌ ഇന്ത്യ ഒരിക്കലും വഴങ്ങുകയില്ലെന്നും പ്രതിഭാധനരും കര്‍മ്മകുശലരും സമര്‍പ്പണചേതസ്സുകളുമായ ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്മാരുടെ മനസ്ഥൈര്യവും ഇച്ഛാശക്തിയും ഈടുവയ്‌പ്പാക്കി, ഗ്ലാവ്‌കോസ്‌മോസിന്റെ സാങ്കേതിക സഹായത്തോടെ അധികം വൈകാതെ ഇന്ത്യ ക്രയോജനിക്‌ ടെക്‌നോളജി തദ്ദേശീയമായി വികസിപ്പിച്ചെടുക്കുമെന്നും അതിനായി ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ നിര്‍ലോഭമായ പിന്തുണ തനിക്ക്‌ വേണമെന്നുമൊക്കെയായിരുന്നു അന്ന്‌ അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്‌. വലിയമലയിലെ ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സെന്ററില്‍ ഫാബ്രിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ശശികുമാര്‍ നിയമിതനായിട്ട്‌ അധിക നാളുകളായിരുന്നില്ല. അന്ന്‌ വഴിയില്‍ തന്നോട്‌ കൊമ്പുകോര്‍ത്ത വ്യക്തി തന്റെ ഉന്നതോദ്യോഗസ്ഥനാണ്‌ എന്നറിഞ്ഞപ്പോള്‍ ശശികുമാരന്‌ വല്ലാത്ത സങ്കോചം തോന്നി. പക്ഷേ, അത്‌ മറച്ചുവച്ചാണ്‌ പിന്നീട്‌ യോഗത്തില്‍ ശശികുമാരന്‍ സംസാരിച്ചത്‌. ആ യോഗത്തിന്‌ ശേഷം വിരിഞ്ഞത്‌ സൗമ്യസൗഹൃദത്തിന്റെ സുരഭില വിശുദ്ധികളായിരുന്നു. രണ്ടുപതിറ്റാണ്ടിന്റെ സാന്ദ്രമായ സൗഹൃദം. ഔദ്യോഗിക ബന്ധത്തിനപ്പുറം പുഷ്‌കലമായ മാനസീകപ്പൊരുത്തം . ക്രയോജനിക്‌ റോക്കറ്റ്‌ ടെക്‌നോളജി വികസിപ്പിച്ചെടുക്കുന്നതില്‍ ഒരേ മനസ്സോടെയുള്ള അദ്ധ്വാനം; പ്രതീക്ഷ. പിരിയാനാവാത്ത ചങ്ങാത്തത്തിന്റെ ഇഴയടുപ്പങ്ങള്‍. ആ നമ്പി നാരായണനാണിപ്പോള്‍ .... താന്‍ കൂടി എതിരായി മൊഴി നല്‍കിയതുകൊണ്ടാവണം ഇത്രയും തല്ലിച്ചതയ്‌ക്കപ്പെട്ടതെന്ന്‌ ഓര്‍ത്തപ്പോള്‍ കുറ്റബോധത്തിന്റെ ചിതലുകള്‍ ശശികുമാരന്റെ പ്രജ്ഞയില്‍ കലമ്പല്‍ കൂട്ടി. ആയാസപ്പെട്ട്‌ ശശികുമാരന്‍ എഴുന്നേറ്റു.ലാത്തിയടിയേറ്റ്‌ വിങ്ങിയ കാല്‍പാദങ്ങള്‍ നിലത്തു കുത്തിയപ്പോള്‍ പ്രാണനെടുക്കുന്ന വേദന.അത്‌ കടിച്ചമര്‍ത്തി നമ്പി നാരായണന്റെ സമീപത്തേക്ക്‌ ചെന്നു. പിന്നെ നമ്പി നാരായണന്‍ കിടന്നിരുന്ന ബഞ്ചിനരികില്‍ ശശികുമാരന്‍ മുട്ടുകുത്തിനിന്നു. വേദനയുടെ കാഠിന്യത്തില്‍ നമ്പി നാരായണന്‍ ഞരങ്ങിക്കൊണ്ടേയിരുന്നു. ആ ഞരക്കം ആത്മാവിലേയ്‌ക്കേറ്റുവാങ്ങി വിലങ്ങുവച്ച കൈകൊണ്ട്‌ ശശികുമാരന്‍ നമ്പി നാരായണനെ തന്റെ മാറോട്‌ ചേര്‍ത്താഞ്ഞുപുല്‍കി. ശശികുമാരന്റെ ഹൃദയമിടിപ്പ്‌ നമ്പി നാരായണന്‍ തിരിച്ചറിഞ്ഞു. നോവുന്ന ഹൃദയങ്ങളുടെ ഇഴുകിച്ചേരല്‍. നമ്പി നാരായണന്‍ മെല്ലെ കണ്ണുയര്‍ത്തി ശശികുമാരനെ നോക്കി. ദൃഢനിശ്ചയമുള്ള, സംസാരത്തിലും പെരുമാറ്റത്തിലും കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന ഫാബ്രിക്കേഷന്‍ എഞ്ചിനീയര്‍ വാവിട്ട്‌ കരയുന്നത്‌ കണ്ടപ്പോള്‍ മര്‍ദ്ദനമേറ്റ്‌ തിണിര്‍ത്ത കൈകള്‍ കൊണ്ട്‌ നമ്പി നാരായണന്‍ ശശികുമാരന്റെ കണ്ണുനീര്‍ തുടച്ചു. * * * * നായനാര്‍ സര്‍ക്കാരിന്‌ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ അനുസരിച്ച്‌ കേസെടുക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലാതിരുന്നിട്ടും അതേ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ചാരക്കേസ്‌ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഇതു സംബന്ധിച്ച്‌ ഒരു ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്‌തു. നീതിയുടെ തുലാസ്‌ നിരപരാധികള്‍ക്ക്‌ അനുകൂലമായി ... കേസിന്റെ ഗതി തിരിയുകയാണ്‌. സര്‍ക്കാര്‍ ഉത്തരവിനെതിരെ ചാരക്കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവര്‍ ഓരോരുത്തരായി റിട്ട്‌ പെറ്റീഷനുകള്‍ സമര്‍പ്പിച്ചു. ബിജെപിയും സിപിഎമ്മും വ്യത്യസ്‌ത റിവിഷന്‍ പെറ്റീഷനുകളൊടെ കക്ഷിചേര്‍ന്നു. ഒപ്പം സ്‌മാര്‍ട്ട്‌ വിജയന്റെ റിവിഷന്‍ പെറ്റീഷനും പരിഗണനയ്‌ക്ക്‌ എത്തി .കോടതിയില്‍ മാസങ്ങള്‍ നീണ്ട വാഗ്‌വാദങ്ങള്‍... തെളിവുകള്‍... രേഖകള്‍... ഒടുവില്‍ നാലുമാസത്തിന്‌ ശേഷം നിര്‍ണായകമായ ആ വിധി വന്നു.. സ്‌മാര്‍ട്ട്‌ വിജയനും കേരളസര്‍ക്കാരും അടക്കമുള്ള വാദികള്‍ക്ക്‌ ആര്‍ക്കും ഈ കേസില്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കാന്‍ അര്‍ഹതയില്ല എന്ന്‌ അസന്ദിഗ്‌ധമായി ഹൈക്കോടതി വിധിച്ചു. കേരള സര്‍ക്കാരിന്‌ ചാരക്കേസ്‌ വീണ്ടും അന്വേഷിക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലായെന്ന്‌ ഹൈക്കോടതി അടിവരയിട്ട ഉത്തരവിട്ടു. ശശികുമാരനും നമ്പി നാരായണനും രമണ്‍ ശ്രിവാസ്‌തവയും കെ.ചന്ദ്രശേഖറും എസ്‌.കെ.ശര്‍മ്മയും മറിയം റഷീദയും ഫൗസിയ ഹസനും�കുറ്റവിമുക്തരാക്കപ്പെട്ടു. ആശ്വാസത്തിന്റെ തീരത്ത്‌ അണഞ്ഞതിന്റെ സന്തോഷം പക്ഷേ, ശശികുമാരന്‌ മാത്രം വിധി നല്‍കിയില്ല. കേരള പോലീസിന്റെ അപേക്ഷ പ്രകാരം വീണ്ടും ഒരു അന്വേഷണത്തിന്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ അനുമതി�നല്‍കി. വീണ്ടും പ്രതിയായി ശശികുമാരന്‍ വാര്‍ത്തകളില്‍ .. ഇതിനെതിരെ സുഹൃത്തുക്കളുടെ സഹായത്തോടെ സുപ്രീംകോടതിയില്‍ സ്‌പെഷല്‍ ലീവ്‌ പെറ്റീഷന്‍ ശശികുമാരന്‍ സമര്‍പ്പിച്ചു. മൂന്ന്‌ വര്‍ഷത്തെ ജയില്‍ വാസവും കോടതി നടപടികളും ഒരു സത്യം ശശികുമാരനെ ബോധിപ്പിച്ചു. അണിയുന്ന ഗൗണിനെക്കാള്‍ കറുപ്പു നിറഞ്ഞതാണ്‌ അഭിഭാഷകരുടെ മനസ്സ്‌. കേസ്‌ വിജയിപ്പിക്കുകയല്ല മറിച്ച്‌, നീട്ടിക്കൊണ്ടുപോവുകയാണ്‌ അവരുടെ ആവശ്യം. നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും വ്യാഖ്യാനിച്ച്‌ തങ്ങളുടെ കക്ഷികള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ നിന്ന്‌ അവരെ മുക്തരാക്കേണ്ടതിന്‌ പകരം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി കോടതി നടപടികള്‍ ദീര്‍ഘിപ്പിച്ച്‌ സ്വന്തം പോക്കറ്റ്‌ വീര്‍പ്പിക്കുക മാത്രമാണ്‌ അഭിഭാഷകരുടെ ലക്ഷ്യം. ആ തിരിച്ചറിവിലാണ്‌ ഇന്ത്യയുടെ പരമോന്നത കോടതിയില്‍ തന്റെ ഭാഗം താന്‍ തന്നെ വാദിക്കുമെന്ന്‌ ശശികുമാരന്‍ നിശ്ചയിച്ചത്‌. ******** ഏപ്രില്‍ ഒന്ന്‌, 1998. ലോകവിഡ്‌ഢിദിനം. അന്ന്‌ സുപ്രീംകോടതിയിലെ കൊലകൊമ്പന്മാരായ അഭിഭാഷകരെ സാക്ഷി നിര്‍ത്തി ശാസ്‌ത്രജ്ഞനായ ശശികുമാരന്‍ നിയമങ്ങള്‍ ഇഴകീറിക്കാട്ടി തന്റെ ഭാഗം ന്യായീകരിച്ചപ്പോള്‍ അഭിഭാഷകര്‍ അമ്പരന്നെങ്കിലും അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. വാദം കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ സിബിഐയുടെ ജോയിന്റ്‌ ഡയറക്ടര്‍ എം.എല്‍.ശര്‍മ്മ ശശികുമാരന്റെ ചാരത്തേക്ക്‌ വന്നു. ` നിങ്ങള്‍ വാദിച്ചു കുളമാക്കി ' എന്നായിരുന്നു പുച്ഛം കലര്‍ന്ന അദ്ദേഹത്തിന്റെ കമന്റ്‌. ശശികുമാരന്‍ അത്‌ കേട്ടതായി നടിച്ചില്ല. പുറത്ത്‌ കോടതി വരാന്തയില്‍, ഡിഐജി ടി.പി.സെന്‍കുമാര്‍ നീട്ടിയ ചായയും ബിസ്‌ക്കറ്റും പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഐജി സിബി മാത്യു രോഷത്തോടെ തട്ടിത്തെറിപ്പിക്കുന്നത്‌ ആശ്വാസത്തോടെ ശശികുമാരന്‍ കണ്ടു. കേസിന്റെ ഗതി എങ്ങോട്ടെന്ന്‌ വ്യകതമാക്കുന്നതായിരുന്നു സിബി മാത്യുവിന്റെ രോഷപ്രകടനം വര്‍ഷങ്ങള്‍ക്ക്‌ അന്നാദ്യമായി ശശികുമാരന്‍ പ്രശാന്തിയെന്തെന്നറിഞ്ഞു * * * * ഏപ്രില്‍ 29, 1998. സുപ്രീം കോടതി ജസ്റ്റിസുമാരായ എം.കെ.മുഖര്‍ജിയും സയ്യദ്‌ ഷാ മുഹമ്മദ്‌ ഖുറേഷിയും അംഗങ്ങളായ ഡിവിഷന്‍ ബഞ്ച്‌ ചാരക്കേസ്‌ അടിസ്ഥാന രഹിതവും ക്രമക്കേടുകള്‍ നിറഞ്ഞതും ദുഷ്ടലാക്കോടെ രൂപം കൊടുത്ത നീതി നിഷേധവുമായിരുന്നെന്ന്‌ വിധിച്ചു. കേരള സര്‍ക്കാരിനോ മറ്റ്‌ ഏതെങ്കിലും ഏജന്‍സിക്കോ ചാരക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും അസന്ദിഗ്‌ധമായി വിധിച്ചു. നാലുവര്‍ഷം നീണ്ടു നിന്ന ചാരക്കേസിന്റെ നിയമനടപടികള്‍ക്ക്‌ അങ്ങനെ അവസാനമായി. നാലുവര്‍ഷം നിരപരാധികളായ ആറുപേര്‍ അനുഭവിച്ചു തീര്‍ത്ത പീഡനങ്ങളും യാതനകളും അവഹേളനങ്ങളും പക്ഷെ അപ്പോഴേയ്‌ക്കും പൊതു മനസ്സില്‍ നിന്ന്‌ മായ്‌ക്കപ്പെട്ടിരുന്നു.മാധ്യമങ്ങളുടെ രതികഥനം തീര്‍ത്ത അശ്ലീലതയും ജനം മറന്നു. ശശികുമാരന്‍ ഇന്നില്ല. ഫൗസിയയും മറിയം റഷീദയും മാലിയിലേക്ക്‌ മടങ്ങിപ്പോയി. പിന്നീട്‌ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി മറിയം റഷീദ കേരളത്തില്‍ എത്തിയിരുന്നു. അന്നും ചാരക്കേസിനെക്കുറിച്ച്‌ ചോദിച്ച പത്രപ്രവര്‍ത്തകരോട്‌ മറിയം റഷീദയ്‌ക്ക്‌ പറയാനുണ്ടായിരുന്നത്‌ സ്‌മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ രതിവാഞ്ചയെക്കുറിച്ചായിരുന്നു. അന്ന്‌ അയാളുടെ മുഖത്തടിച്ച്‌ മുറിയില്‍ നിന്ന്‌ ഇറക്കി വിട്ടിരുന്നില്ലായെങ്കില്‍ ഇങ്ങനെയൊരു കേസ്‌ ഉണ്ടാകുമായിരുന്നില്ല എന്ന്‌ അന്നും മറിയം റഷീദ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി... 18 വര്‍ഷം പിന്നെയും കടന്നുപോയി. ചാരക്കേസില്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നമ്പി നാരായണന്‌ കേരള സര്‍ക്കാര്‍ നല്‍കണമെന്ന്‌ വിധിയായി. 18 വര്‍ഷം മുന്‍പ്‌ കേരളത്തെ പിടിച്ചുലച്ച, ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിനെ ചിതറിച്ച ചാരക്കേസിന്‌ പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ കളിയും തന്റെ പിതാവ്‌ കെ.കരുണാകരനെ ഒതുക്കാനുള്ള നീചശ്രമവും ഉണ്ടായിരുന്നു എന്ന പ്രസ്‌താവനയുമായി കെ.മുരളീധരന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ ഇന്നും ഈ വിഷയം സജീവ ചര്‍ച്ചയാണ്‌. ദേശാഭിമാനി കുത്തിപ്പൊക്കിക്കൊണ്ടു വന്ന അന്താരാഷ്ട്ര ഗൂഢാലോചന അങ്ങനെ ഉള്ളി പൊളിച്ചതുപോലെയായി. അന്ന്‌ നമ്പി നാരായണനെയും ശശികുമാരനെയും ചന്ദ്രശേഖരനെയും ശര്‍മ്മയെയും മറിയം റഷീദയെയും ഫൗസിയ ഹസനെയും അനധികൃതമായി തടഞ്ഞുവയ്‌ക്കുകയും മര്‍ദ്ദിച്ച്‌ അവശരാക്കുകയും ചെയ്‌ത സംഭവത്തില്‍ അന്നത്തെ ഡിഐജി സിബി മാത്യുവും സിറ്റി പോലീസ്‌ കമ്മീഷണര്‍ വി.ആര്‍.രാജീവനും സിറ്റി പോലീസ്‌ കമ്മീഷണര്‍ ഓഫീസിലെ വിദേശ പൗരവിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ വിജയനും കുറ്റക്കാരാണെന്ന്‌ സിബിഐ കണ്ടെത്തി. പക്ഷേ, അവരാരും ശിക്ഷിക്കപ്പെട്ടില്ല. മറിച്ച്‌, സിബി മാത്യുവിനും വി.ആര്‍.രാജീവനും പോലീസിന്റെ വിശിഷ്ട മെഡല്‍ നല്‍കി രാഷ്ട്രം ആദരിക്കുകയായിരുന്നു. ആഭാസങ്ങളും അസംബന്ധങ്ങളുമാണ്‌ എന്നും അധികാര രാഷ്ട്രീയത്തെ സജീവമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍. എന്നും എവിടെയും ജനാധിപത്യ രാഷ്ട്രങ്ങളുടെ സ്വയം ശീര്‍ഷത്വം നശിപ്പിച്ചൊടുക്കുക എന്നതാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒറ്റപ്പോയിന്റ്‌ അജണ്ട.ആ നൃശംസതയുടെ മുടയഴിച്ചാട്ടമായിരുന്നു മലയാള മാധ്യമങ്ങള്‍ കൊണ്ടാടിയ ഐഎസ്‌ആര്‍ഒ ചാരക്കഥ `വായുവിലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായികാണ്‍മൂ സാമ്രാജ്യപ്പണക്കൊതി...' (പാബ്ലോ നെരൂദ)

Wednesday, September 24, 2014

മംഗള്‍യാന്‍ :ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌

പാശ്ചാത്യ മൂലധനശക്തികളെ അമ്പരപ്പിച്ചു കൊണ്ട്‌ ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യ നടത്തിയ വന്‍ കുതിപ്പുകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ലോകനാശകമായ അമേരിക്കന്‍ സാമ്രാജ്യത്വ ധിക്കാരം നടത്തിയ ഹീനമായ അട്ടിമറിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌.പിഎസ്‌എല്‍വി (Polar Satellite Launch Vehicle)യുടെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തില്‍ (Geo Stationary Orbit))ശീതീകരിച്ച ദ്രവഇന്ധനം ഉപയോഗിച്ച്‌(Cryogenic Technology)എത്തിക്കാനുള്ള ജിഎസ്‌എല്‍വി(Geo synchronous Satellite Launch Vehicle )റോക്കറ്റുകളുടെ നിര്‍മാണവിജയത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്‌ ചാരക്കേസിന്റെ ഉത്ഭവം. അമേരിക്ക,റഷ്യ,ഫ്രാന്‍സ്‌,ചൈന,ജപ്പാന്‍ തുടങ്ങിയ രാഷ്ടങ്ങള്‍ക്ക്‌ മാത്രമെ ക്രയോജനിക്‌ ടെക്‌നോളജിയിലൂടെ റോക്കറ്റുകള്‍ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള നൈപുണ്യം (Technical know how)ഉള്ളു.ആ കുത്തക തകര്‍ത്തുകൊണ്ട്‌ ഇന്ത്യ ആ മേഖലയില്‍ എത്തുന്നത്‌ മേല്‍ സൂചിപ്പിച്ച രാഷ്ടങ്ങള്‍ക്ക്‌ പൊതുവേയും അമേരിക്കയ്‌ക്ക്‌ പ്രത്യേകിച്ചും അസഹനീയമായിരുന്നു.
ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച്‌ പ്രഥമ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഐഎസ്‌ആര്‍ഒ മംഗള്‍യാനെ എത്തിച്ചതില്‍ ഒരോ ഇന്ത്യാക്കാരനും അഭിമാനം കൊണ്ട്‌ വിജൃംഭിക്കുമ്പോള്‍,ആതിരേ,ഇന്ത്യയുടെ ബഹിരാകാശക്കുതിപ്പിനെ രണ്ട്‌ ദശാബ്ദം പിന്നോട്ടടിച്ച ഐഎസ്‌ആര്‍ഒ ചാരക്കേസാണ്‌ എന്റെ ഓര്‍മ്മയിലെത്തുന്നത്‌. 1994ല്‍ അങ്ങനെയൊരു കള്ളക്കേസുണ്ടയിരുന്നില്ലെങ്കില്‍, അല്ല,ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ എത്രയോ മുന്‍പ്‌ തന്നെ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്ന്‌ വിശ്വസിക്കുന്ന വ്യക്തിയാണ്‌ ഞാന്‍.കേരള പൊലീസിനേയും ഇന്ത്യയുടെ ഇന്റലിജന്‍സ്‌ ബ്യൂറോയേയും കരുവാക്കി അമേരിക്ക നടത്തിയ ബൃഹത്തായ ബഹിരാകാശ ഗവേഷണ അട്ടിമറിയായിരുന്നു ചാരക്കേസ്‌.അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി നമ്പിനാരായണനെന്ന ശാസ്‌ത്രജ്ഞന്‍ ഇന്ന്‌,തിരുവനന്തപുരത്ത്‌ ജീവിക്കുന്നു.ഇന്നലെ മംഗള്‍യാനിലെ മൊമന്റം വീല്‍ പ്രവര്‍ത്തിപ്പിച്ച്‌ പേടകത്തിന്റെ ദിശ തിരിച്ച്‌ ചൊവ്വയുടെ ഭ്രമണപഥത്തിലേയ്‌ക്കുള്ള യാത്ര ശാസ്‌ത്രജ്ഞര്‍ സുഗമമാക്കിയപ്പോള്‍,പുലര്‍ച്ചെ ആറരയ്‌ക്ക്‌ തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നാളികേരമുടച്ച്‌ മംഗള്‍യാന്‌ മംഗളം നേര്‍ന്ന സാത്വികനായ ശാസ്‌ത്രജ്ഞന്‍. പലരുമിപ്പോള്‍ നമ്പി നാരായണനെ ഓര്‍ക്കുന്നുണ്ടാവില്ല.ആരുടേയും ഓര്‍മ്മപ്പുറങ്ങളില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസുമുണ്ടാവില്ല.കാലം എല്ലാം മായ്‌ക്കുമെന്ന്‌ പറയുന്നത്‌ എത്രസത്യമാണ്‌ മംഗള്‍യാന്റെ വിജയം നല്‍കുന്ന ആനന്ദത്തിന്റെ എത്രയോ ഇരട്ടി വേദനയും അഭിമാനക്ഷതവും ആത്മനിന്ദയുമാണ്‌ ,ആതിരേ,ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ ഉണ്ടാക്കിയത്‌.1994ന്‌ ശേഷമുള്ള ഇന്ത്യയുടെ ഓരോ ബഹിരാകാശ വിജയവും യഥാര്‍ത്ഥത്തില്‍ ചാരക്കേസില്‍ പീഡിപ്പിക്കപ്പെട്ട ശാസ്‌ത്രജ്ഞന്മാരോടുള്ള ക്ഷമായാചനയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ആതിരേ,പാശ്ചാത്യ മൂലധനശക്തികളെ അമ്പരപ്പിച്ചു കൊണ്ട്‌ ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യ നടത്തിയ വന്‍ കുതിപ്പുകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ലോകനാശകമായ അമേരിക്കന്‍ സാമ്രാജ്യത്വ ധിക്കാരം നടത്തിയ ഹീനമായ അട്ടിമറിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌.പിഎസ്‌എല്‍വി (ജീഹമൃ ടമലേഹഹശലേ ഘമൗിരവ ഢലവശരഹല)യുടെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തില്‍ (ഇലീ ടമേശ്‌ിമൃ്യ ഛൃയശ)ശീതീകരിച്ച ദ്രവഇന്ധനം ഉപയോഗിച്ച്‌(ഇൃ്യീഴലിശര ഠലരവിീഹീഴ്യ)എത്തിക്കാനുള്ള ജിഎസ്‌എല്‍വി(ഇൃ്യീ ര്യിരവൃീിീൗ െടമലേഹഹശലേ ഘമൗിരവ ഢലവശരഹല )റോക്കറ്റുകളുടെ നിര്‍മാണവിജയത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്‌ ചാരക്കേസിന്റെ ഉത്ഭവം. അമേരിക്ക,റഷ്യ,ഫ്രാന്‍സ്‌,ചൈന,ജപ്പാന്‍ തുടങ്ങിയ രാഷ്ടങ്ങള്‍ക്ക്‌ മാത്രമെ ക്രയോജനിക്‌ ടെക്‌നോളജിയിലൂടെ റോക്കറ്റുകള്‍ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള നൈപുണ്യം (ഠലരവിശരമഹ സിീം വീം)ഉള്ളു.ആ കുത്തക തകര്‍ത്തുകൊണ്ട്‌ ഇന്ത്യ ആ മേഖലയില്‍ എത്തുന്നത്‌ മേല്‍ സൂചിപ്പിച്ച രാഷ്ടങ്ങള്‍ക്ക്‌ പൊതുവേയും അമേരിക്കയ്‌ക്ക്‌ പ്രത്യേകിച്ചും അസഹനീയമായിരുന്നു. രണ്ടുണ്ട്‌ കാരണങ്ങള്‍.1) റോക്കറ്റ്‌ വിക്ഷേപണകലയിലെ ഈ വിജയം ബഹിരാകാശ ഗവേഷണ മേഖലയില്‍ അമേരിക്കന്‍ കുത്തകയ്‌ക്ക്‌ തിരിച്ചടിയാകും.ആ ഭയത്തിന്‌ ശാസ്‌ത്രീയ അടിത്തറയുണ്ട്‌.ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതിയാണല്ലോ ആദ്യമായി ചന്ദ്രനില്‍ ജലസാന്നിദ്ധ്യത്തിന്റെ സൂചനകള്‍ നല്‍കിയത്‌.2)റോക്കറ്റ്‌ വിക്ഷേപണത്തിലെ വാണിജ്യമേഖലയില്‍ ഇന്ത്യ വന്‍ നേട്ടമുണ്ടാക്കും അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ജപ്പാന്റേയും ചൈനയുടേയും റോക്കറ്റുകള്‍ ഉപയോഗിച്ച്‌ ഉപഗ്രഹ വിക്ഷേപണം നടത്താന്‍ വേണ്ടിവരുന്ന ചെലവ്‌ നേര്‍പകുതികണ്ട്‌ ഇന്ത്യന്‍ റോക്കറ്റുകള്‍ ഉപയോഗിച്ചാല്‍ കുറയ്‌ക്കാന്‍ പറ്റും.അപ്പോള്‍ മറ്റു രാഷ്ടങ്ങള്‍ ഇന്ത്യയെ ആശ്രയിക്കും .ഇത്‌ ഇന്ത്യയുടേ സാമ്പത്തീക മേഖലയ്‌ക്ക്‌ വന്‍ കരുത്താകും;അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വരുമാനത്തില്‍ സാരമായ ഇടിവുണ്ടാക്കും. അതു കൊണ്ട്‌ ഇന്ത്യയുടെ ജിഎസ്‌എല്‍വി പദ്ധതി തകര്‍ക്കാന്‍ തുടക്കം മുതല്‍ ചരടുവലിക്കുകയായിരുന്നു അമേരിക്ക. ക്രയോജനിക്‌ ടെക്‌നോളജി ഇന്ത്യക്ക്‌ കൈമാറാന്‍ റഷ്യ തയ്യാറയപ്പോള്‍ റഷ്യക്ക്‌ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ്‌,ആതിരേ, അമേരിക്ക തിരിച്ചടി തുടങ്ങിയത്‌.അതിനെ വിജയകരമായി മറികടന്നപ്പോള്‍ അമേരിക്കയുടേ പ്രതികാരം ഇരട്ടിച്ചു.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളെ തകര്‍ക്കാന്‍ ഒരു നിസാര കാരണം കണ്ടെത്താന്‍ കണ്ണിലെണ്ണയൊഴിച്ച്‌ അമേരിക്ക കാത്തിരിക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ്‌ സ്റ്റേഷനിലെ സിഐ സ്‌മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ അവിഹിതബന്ധക്കൊതിയില്‍ നിന്ന്‌ മറിയം റഷീദയും ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍ ശശികുമാറും തമ്മിലുള്ള സൗഹൃദം വീണുകിട്ടിയത്‌.പിന്നീടെല്ലാം അമേരിക്കന്‍ അജണ്ട അനുസരിച്ചുള്ള തിരക്കഥയായിരുന്നു.ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലെ അമരിക്കന്‍ അഞ്ചാംപത്തികള്‍ അവസരത്തിനൊത്തുയര്‍ന്നു.ചാരക്കാഥയക്ക്‌ പൊടിപ്പും തൊങ്ങലും ലഭിച്ചു.അത്‌ രതിവര്‍ണനത്തിലേയ്‌ക്ക്‌ വഴുതി വീണു.മുഖ്യധാരാമലയാളം മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതേയോ അമേരിക്കന്‍ ഹിഡന്‍ അജണ്ട കൊഴുപ്പിച്ചു. അങ്ങനെ 1996ല്‍ നടക്കേണ്ടിയിരുന്ന ജിഎസ്‌എല്‍വി വിക്ഷേപണത്തിന്‌ 2001 വരെ ഇന്ത്യക്ക്‌ കാത്തിരിക്കേണ്ടി വന്നു. ആതിരേ,ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന്‌ മേലുണ്ടായ ഈ `യാങ്കി' അധിനിവേശത്തെ തിരിച്ചറിയാന്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിലെ ഇന്‍വെസ്റ്റിഗേറ്റിവ്‌ ശിങ്കങ്ങള്‍ക്ക്‌ കഴിയാതെ പോയി.റോക്കറ്റും മിസെയിലും തമ്മിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായ വ്യത്യാസം പോലും അവര്‍ തിരിച്ചറിഞ്ഞില്ല.അതിന്‌ മെനക്കെട്ടില്ല എന്ന്‌ പറയുന്നതാണ്‌ ശരി.അവര്‍ക്ക്‌ വേണ്ടിയിരുന്നത്‌ മറിയം റഷീദയുടേ അഴകളവുകളും രതിനിപുണിയും രതിനിര്‍വേദവും അവരുമൊത്ത്‌ ഇന്ത്യാക്കാരായ ചില പുരുഷന്മാര്‍ നടത്തിയെന്ന്‌ പറയപ്പെടുന്ന കിടപ്പറക്കേളികളുമായിരുന്നു.
ചാരക്കേസ്‌ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ.യുടെ താല്‍പര്യത്തിനു കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കുന്നതായിരുന്നു അമേരിക്കയില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നു റഷ്യയില്‍ അഭയംതേടിയ എഡ്വേര്‍ഡ്‌ സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ . ഐ.ബിയുടെ നിര്‍ദേശമനുസരിച്ച്‌ കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കെട്ടിപ്പടച്ച കൊടും വഞ്ചന;പെരുംകള്ളം.. വഞ്ചിയൂര്‍ പോലീസ്‌ സ്റ്റേഷനില്‍ ഇന്ത്യന്‍ ഔദ്യോഗിക രഹസ്യ നിയമം 3, 4, 5 വകുപ്പുകള്‍ അനുസരിച്ച്‌ 246/1994ാം നമ്പറായി രജിസ്റ്റര്‍ ചെയ്‌ത ക്രിമിനല്‍ കേസ്‌. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സിബിഐ. പിന്നീട്‌ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതു പോലെ തെറ്റായതും കെട്ടിച്ചമച്ചതുമാണ്‌. ഈ റിപ്പോര്‍ട്ട്‌ കേരളാ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിട്ടുണ്ട്‌. ക്രയോജനിക്‌ സാങ്കേതിക വിദ്യ, പാകിസ്‌താനു കൈമാറി എന്നാരോപിച്ച്‌ മാലി സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന്‍, ഐ.എസ്‌.ആര്‍.ഒയിലെ ശാസ്‌ത്രജ്ഞന്‍മാരായ നമ്പി നാരായണന്‍, ശശികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ എതിരേയാണു പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഇന്ത്യയില്‍ അന്ന്‌ സ്വായത്തമല്ലാതിരുന്ന സാങ്കേതിക വിദ്യാ രഹസ്യങ്ങള്‍ കൈമാറി എന്നായിരുന്നു കേസ്‌. 1994 ല്‍ ഐഎസ്‌ആര്‍ഒ ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കിയിരുന്നില്ല എന്നതാണ്‌ യഥാര്‍ത്ഥ്യം; ഇന്നും സ്വായത്തമല്ല. ഐഎസ്‌ആര്‍ഒയുടെ 2012-2013 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ക്രയോജനിക്‌ സാങ്കേതിക വിദ്യയെക്കുറിച്ച്‌ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഐബി. ഉദ്യോഗസ്ഥര്‍ക്കും പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ ഈ വിദ്യ കൈമാറിയെന്നു മനസിലാക്കാനായി എന്ന ചോദ്യത്തിന്‌ ഇന്നും ഉത്തരമില്ല. അന്വേഷണസംഘത്തില്‍ സാങ്കേതിക വിദഗ്‌ധരില്ലായിരുന്നു എന്നുമോര്‍ക്കണം. ഔദ്യോഗിക രഹസ്യനിയപ്രകാരം കേന്ദ്രസര്‍ക്കാരിനോ, കേന്ദ്രം പ്രത്യേകം ചുമതലപ്പെടുത്തിയ ഏജന്‍സിക്കോ മാത്രമേ ചാരവൃത്തി സംബന്ധിച്ച്‌ പരാതി നല്‍കാന്‍ അധികാരമുള്ളു. ഇക്കാര്യം ഹൈക്കോടതി തന്നെ വ്യക്തമാക്കിയിുണ്ട്‌. ഇതു സുപ്രീം കോടതി ശരിവച്ചിട്ടുമുണ്ട്‌. തങ്ങള്‍ക്കു കേസെടുക്കാന്‍ അധികാരമില്ലെന്ന്‌ അറിയാത്തവരല്ല കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥര്‍. എന്നിട്ടും ചാരക്കേസുണ്ടായി അമേരിക്ക ചാരവൃത്തി നടത്തുന്നതിനു സിഐഎ., എന്‍എസ്‌എ. മുതലായ ചാരസംഘടനകളെയാണ്‌,ആതിരേ, ഉപയോഗിക്കുത്‌. സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ പ്രകാരം അമേരിക്ക ചാരവൃത്തി നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശം, ആണവ പരീക്ഷണം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണിത്‌. റഷ്യ ഇന്‍ സ്‌പേസ്‌ എ ഫെയില്‍ഡ്‌ ഫ്രോണ്ടിയര്‍ എന്ന തന്റെ പുസ്‌തകത്തില്‍ ബി.ബി.സി. ലേഖകന്‍ ബ്രെയിന്‍ ഹാര്‍വേ ചാരക്കേസ്‌ ചമച്ചതില്‍ സി.ഐ.എയ്‌ക്കു പങ്കുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. പ്രമുഖ പത്രപ്രവര്‍ത്തകനായ ജെ. രാജശേഖരന്‍ നായര്‍ എഴുതിയ സ്‌പൈസ്‌ ഫ്രം സ്‌പേസ്‌ എന്ന പുസ്‌തകത്തിലും ഈ പങ്കിനെക്കുറിച്ച്‌ തെളിവു സഹിതം വിവരിക്കുന്നുണ്ട്‌. 1991 ലാണു ക്രയോജനിക്‌ സാങ്കേതിക വിദ്യ കൈമാറുന്നതിനു റഷ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസുമായി ഇന്ത്യന്‍ സ്‌പേസ്‌ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ കരാറുണ്ടാക്കുന്നത്‌. രാഷ്ട്രീയ കച്ചവട താല്‍പര്യങ്ങള്‍ക്ക്‌ എതിരായിരുന്നതു കൊണ്ട്‌ അമേരിക്ക ഇടപെട്ട്‌ കരാര്‍ തടയുകയായിരുന്നു. ഇക്കാര്യം 1993 ഓഗസ്റ്റ്‌ 18ന്‌ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. അതിനു ശേഷം 1993ല്‍ ഐഎസ്‌ആര്‍ഒ നാലു ക്രയോജനിക്‌ എന്‍ജിനുകള്‍ വാങ്ങാന്‍, ഗ്ലാവ്‌കോസ്‌മോസുമായി കരാറുണ്ടാക്കി. എന്‍ജിന്‍ കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ സാങ്കേതിക വിദ്യ പഠിക്കുതിന്‌ ഐഎസ്‌ആര്‍ഒ യ്‌ക്കു ചില സ്വകാര്യ പദ്ധതികളുണ്ടായിരുന്നു. അതു മനസിലാക്കിയ അമേരിക്ക കരാര്‍ അട്ടിമറിക്കുന്നതിനാണു സിഐഎ. ഉപയോഗിച്ച്‌ ഇന്ത്യയിലെ ഐബി. ഉദ്യോഗസ്ഥരെയും പോലീസ്‌ ഉദ്യോഗസ്ഥരെയും സ്വാധീനിച്ച്‌ 1994 ല്‍ ഈ ചാരക്കേസുണ്ടാക്കിയത്‌. ഇക്കാരണത്താല്‍ ഇന്ത്യക്കു ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കാനായില്ല. ക്രയോജനിക്‌ വിദ്യ രംഗത്തുണ്ടാകേണ്ട ഇരുപതു വര്‍ഷത്തെ പുരോഗതിയാണ്‌ അമേരിക്കയുടെ അഞ്ചാംപത്തികളായ ഈ ഉദ്യോഗസ്ഥര്‍ തടഞ്ഞത്‌.ഇവരുടെ നെറുകയിലല്ലെ,ആതിരേ നമ്പിനാരായണന്‍ ഇന്നലെ നാളികേരമുടച്ചത്‌?

Thursday, September 18, 2014

കെടുകാര്യസ്ഥതയ്‌ക്കും ജനങ്ങള്‍ നികുതി നല്‍കണമെന്നോ?

സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്‌ച അംഗീകരിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും കേരളീയര്‍ ബാദ്ധ്യസ്ഥരല്ല.ബജറ്റിനെ മറികടന്ന്‌ നികുതി കൂട്ടാന്‍ രണ്ട്‌ അവസരത്തില്‍ മാത്രമാണ്‌ ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ അവകാശവും അധികാരവുമുള്ളൂ-യുദ്ധവും ക്ഷാമവുമാണ്‌ ആ അനിവാര്യതകള്‍.അത്തരമൊരു നിര്‍ണായക സന്ധിയില്ലെങ്കില്‍ സംസ്ഥാന ബജറ്റിലൂടെയല്ലാതെ നികുതി ഉയര്‍ത്തുന്ന നടപടി രാഷ്ട്രീയ തെമ്മാടിത്തമാണ്‌;ഏകാധിപത്യ നടപടിയാണ്‌.അത്‌ അംഗീകാരിക്കാനും അനുസരിക്കാനും നികുതിദായകര്‍ക്ക്‌ ബാദ്ധ്യതയില്ല.അതു കൊണ്ടാണ്‌ അടിച്ചേല്‍പ്പിച്ച ഇപ്പോഴത്തെ നികുതി നല്‍കരുതെന്ന സിപിഎമ്മിന്റെ ആഹ്വാനം യുക്തിഭദ്രമാകുന്നത്‌.എന്നാല്‍ നികുതി നിഷേധം അഹ്വാനങ്ങളിലും പ്രഖ്യാപനങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞാല്‍ പോര.അത്‌ മൂര്‍ത്തമായ നടപടിയാകണം.അതാകട്ടെ പ്രായോഗികവും സാദ്ധ്യവുമാണെന്ന്‌ ഗാന്ധിജി മുതല്‍ ഡല്‍ഹി നിവാസികള്‍ വരെ തെളിയിച്ചതുമാണ്‌
മാര്‍ക്കോ റൂബിയോയെ ഉമ്മന്‍ ചാണ്ടിക്ക്‌ പരിചയമുണ്ടാകില്ല, ആതിരേ.ധനമന്ത്രി കെ.എം.മാണിക്കും അങ്ങനെയാവാനാണ്‌ സാദ്ധ്യത.യുദ്ധകാലത്തും ക്ഷാമകാലത്തും ബജറ്റ്‌ അവതരിപ്പിക്കാതെ നികുതി കുട്ടാനുള്ള അധികാരം ദുര്‍വിനിയോഗം ചെയ്‌ത്‌ കേരളീയരുടെ പിടലിക്ക്‌ 2000 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത അടിച്ചേല്‍പ്പിച്ച ഇവര്‍ക്ക്‌ മാര്‍ക്കോ റൂബിയോ അജ്ഞാതനായി നില്‍ക്കുന്നതാണ്‌ സൗകര്യപ്രദം. അമേരിക്കന്‍ സെനറ്റര്‍മാരിലെ `ബേബി'യാണ്‌ ഫ്‌ളോറിഡോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മാര്‍ക്കോ റൂബിയോ.നികുതി പിരിവിനെക്കുറിച്ചും ധന വിനിയോഗത്തെക്കുറിച്ചും മാര്‍ക്കോ റൂബിയോയുടെ നിരീക്ഷണം ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയുമടക്കമുള്ള മന്ത്രിമാര്‍ ഹൃദിസ്ഥമാക്കുകയും പ്രയോഗത്തില്‍ വരുത്തുകയും വേണം.`` കൂടുതല്‍ നികുതികള്‍ കൊണ്ടുവരുന്നതല്ല നികുതിദായകരില്‍ നിന്ന്‌ ലഭിക്കാനുള്ള നികുതി കൃത്യമായി പിരിച്ചെടുക്കുന്നതാണ്‌ ഭരണകൂടത്തിന്റെ ചുമതല.ഇങ്ങനെ പിരിച്ചെടുക്കുന്ന പണം അച്ചടക്കത്തോടെ വിനിയോഗിച്ച്‌ കമ്മി നികത്തുമ്പോളാണ്‌ ഭരണകൂടം കാര്യക്ഷമമാകുന്നത്‌''എന്നാണ്‌ മാര്‍ക്കോ റൂബിയോ നിരീക്ഷിക്കുന്നത്‌. പക്ഷേ,കാര്യക്ഷമതയല്ല കെടുകാര്യസ്ഥതയാണ്‌, ആതിരേ, ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ മുഖമുദ്ര.സാമ്പത്തിക അച്ചടക്കം തൊട്ടുതെറിച്ചിട്ടില്ലാത്ത തോന്ന്യാസികളുടെ കൂട്ടമാണ്‌ ഉമ്മന്‍ ചാണ്ടിയും 20 മന്ത്രിമാരും.ഇവരുടെ ധാര്‍ഷ്ട്യത നിറഞ്ഞ കെടുകാര്യസ്ഥതതയ്‌ക്ക്‌ നികുതി നല്‍കാനാണ്‌ കേരളീയരുടെ പുതിയ നിയോഗം. സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്‌ച അംഗീകരിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും കേരളീയര്‍ ബാദ്ധ്യസ്ഥരല്ല,ആതിരേ.ബജറ്റിനെ മറികടന്ന്‌ നികുതി കൂട്ടാന്‍ രണ്ട്‌ അവസരത്തില്‍ മാത്രമാണ്‌ ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ അവകാശവും അധികാരവുമുള്ളൂ-യുദ്ധവും ക്ഷാമവുമാണ്‌ ആ അനിവാര്യതകള്‍.അത്തരമൊരു നിര്‍ണായക സന്ധിയില്ലെങ്കില്‍ സംസ്ഥാന ബജറ്റിലൂടെയല്ലാതെ നികുതി ഉയര്‍ത്തുന്ന നടപടി രാഷ്ട്രീയ തെമ്മാടിത്തമാണ്‌;ഏകാധിപത്യ നടപടിയാണ്‌.അത്‌ അംഗീകാരിക്കാനും അനുസരിക്കാനും നികുതിദായകര്‍ക്ക്‌ ബാദ്ധ്യതയില്ല.അതു കൊണ്ടാണ്‌ അടിച്ചേല്‍പ്പിച്ച ഇപ്പോഴത്തെ നികുതി നല്‍കരുതെന്ന സിപിഎമ്മിന്റെ ആഹ്വാനം യുക്തിഭദ്രമാകുന്നത്‌.എന്നാല്‍ നികുതി നിഷേധം അഹ്വാനങ്ങളിലും പ്രഖ്യാപനങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞാല്‍ പോര.അത്‌ മൂര്‍ത്തമായ നടപടിയാകണം.അതാകട്ടെ പ്രായോഗികവും സാദ്ധ്യവുമാണെന്ന്‌ ഗാന്ധിജി മുതല്‍ ഡല്‍ഹി നിവാസികള്‍ വരെ തെളിയിച്ചതുമാണ്‌. ഉപ്പിന്‌ നികുതി വര്‍ദ്ധിപ്പിച്ചപ്പോഴാണ്‌ ദണ്ഡിയാത്രയിലൂടെ ഗാന്ധിജിയും കോണ്‍ഗ്രസും ബ്രിട്ടീഷ്‌ മേല്‍ക്കോയമയെ മുട്ടുകുത്തിച്ചത്‌.84 വര്‍ഷം മുന്‍പ്‌ 1930 മാര്‍ച്‌ 12 ന്‌ ആരംഭിച്ച ദണ്ഡിയാത്രയ്‌ക്ക്‌ മുന്‍പ്‌ ഗാന്ധിജി ചൂണ്ടിക്കാണിച്ച ഒരു വാസ്‌തവമാണ്‌ ഖദര്‍ധാരിയായ ഉമ്മന്‍ ചാണ്ടിയിലൂടെ പൈശാചികമായി ഉയിര്‍കൊള്ളുന്നത്‌.``ഇപ്പോള്‍ ബ്രിട്ടന്‍ ഉപ്പിന്‌ മാത്രമാണ്‌ നികുതി കൂട്ടുന്നത്‌.ഇതിനെ എതിര്‍ത്ത്‌ തോല്‍പ്പിച്ചില്ലെങ്കില്‍ നാളെ അത്‌ വായുവും ആകാശവുമാകാം''എന്നാണ്‌ അന്ന്‌ ഗാന്ധിജി ആഹ്വാനം ചെയ്‌തത്‌.ഉപ്പ്‌ സത്യഗ്രഹത്തോട്‌ നെഹൃവിനും പട്ടേലിനുമൊന്നും ഒട്ടും യോജിപ്പുണ്ടായിരുന്നില്ല.`` കേട്ടിട്ട്‌ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല'' എന്നെഴുതിയാണ്‌, ആതിരേ, `സ്റ്റേറ്റ്‌സ്‌മാന്‍' പത്രം ഗാന്ധിജിയെ അധിക്ഷേപിച്ചത്‌.എന്നാല്‍ ബ്രിട്ടന്റെ മാത്രമല്ല പാശ്ചാത്യ ലോകത്തിത്തിന്റെ തന്നെ മനോഭാവത്തെ മാറ്റിമറിക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചാലക ശക്തിയാകാനും ആ നിയമലംഘന പ്രസ്ഥാനത്തിന്‌ കഴിഞ്ഞു.ആ സാദ്ധ്യത സാര്‍ത്ഥകമാക്കാനുള്ള നട്ടെല്ലുറപ്പാണ്‌ കേരളത്തിലെ നികുതിദായകര്‍ പ്രദര്‍ശിപ്പിക്കേണ്ടത്‌. സമാനസ്വഭാവത്തിലുള്ള ജനകീയ നിയമലംഘനം അടുത്തകാലത്താണ്‌ ഡല്‍ഹി നിവാസികള്‍ നടത്തിയത്‌.ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച വൈദ്യുതിക്കരം നല്‍കാതെ അരവിന്ദ്‌ കേജ്രിവാളിന്റേയും ആം ആദ്‌മി പാര്‍ട്ടിയുടേയും നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ ചെറുത്തു നില്‍പ്പ്‌ വിജയം കണ്ടത്‌ കേരളീയര്‍ക്ക്‌ പ്രോത്സാഹനവും പ്രചോദനവുമാണ്‌. 1941 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ട്‌ ബജറ്റ്‌ മര്യാദകള്‍ ലംഘിച്ച്‌ പിരിക്കുന്ന നികുതി, ബജറ്റ്‌ വിഭാവനം ചെയ്‌ത റവന്യൂ വരവ്‌ കണക്കുകള്‍ മാറ്റി മറിക്കും എന്നറിഞ്ഞിട്ടും കേരളത്തിലെ നികുതിദായകന്റെ പിടലിക്ക്‌ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതേ ശൗര്യത്തോടെ അതിനെ ചെറുക്കുക തന്നെ വേണം.അതിനുള്ള മര്യാദ കേരളത്തിലെ നികുതിദായകര്‍ കാണിക്കണം.ഉമ്മന്‍ ചാണ്ടിയുടേയും മാണിയുടെയും സാമ്രാജ്യത്തിലെ അടിമകളൊന്നുമല്ല മലയാളികള്‍.
സുധീരന്‌ പണികൊടുക്കാന്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യനിരോധനമാണ്‌ റവന്യൂ വരുമാനം കുറച്ചതെന്ന കെ.എം.മാണിയുടെ വിലയിരുത്തല്‍ പരമാബദ്ധവും മലയാളികളെ വിഢികളാക്കുന്ന `കൊഞ്ഞാണത്തര'വുമാണ്‌.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്‌ ഇപ്പോള്‍ തന്നെ മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം.ബാറുകള്‍ പൂട്ടുമ്പോള്‍ ബിവ്‌റേജസ്‌ ഔട്ട്‌ ലെറ്റുകളിലൂടെയുള്ള വരുമാനം ഇരട്ടിയാകും.കാരണം ബാറുടമകള്‍ വെട്ടിക്കാവുന്നതിന്റെ പരമാവധി വെട്ടിച്ച ശേഷമാണ്‌ ഒരു വര്‍ഷം 8000 കോടി നികുതി നല്‍കിയിരുന്നതെന്നോര്‍ക്കണം.ബിവ്‌റേജസിലൂടെയുള്ള മദ്യവില്‍പ്പനയില്‍ ഈ വെട്ടിപ്പുണ്ടാകില്ല എന്നതാണ്‌ അതിന്റെ സാമാന്യമായ യുക്തി. അപ്പോള്‍ പിന്നെങ്ങനെ ഖജനാവ്‌ കാലിയായി? ഖജനാവിലേയ്‌ക്കു പണമെത്തിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ്‌ ,ആതിരേ ഒന്നാമത്തെ ഘടകം. അതേ സമയം ചെലവുകള്‍ ബജറ്റില്‍ വിഭാവനം ചെയ്‌തിരുന്നതിനെക്കാള്‍ ഉയരുകയും ചെയ്‌തു. കൃത്യമായ പരിശോധനയും അവലോകനവുമില്ലാതെ അധികച്ചെലവുകള്‍ ധനകാര്യ വകുപ്പ്‌ അംഗീകരിച്ചതോടെയാണ്‌ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ നിശ്ചിത പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ അകാരണമായി ഉയര്‍ത്തി . നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികം നടത്തിയെന്ന്‌ അവകാശപ്പെടുമ്പോഴും റോഡുകളുടെയും പാലങ്ങളുടെയും സ്ഥിതി ശോചനീയമായി തുടരുകയാണ്‌. ചെലവ്‌ 300 ഇരട്ടി വരെ വര്‍ധിച്ചെങ്കിലും ആനുപാതികമായ ഗുണഫലം ലഭിച്ചില്ല. ഇതു പരിശോധിക്കാന്‍ ധനവകുപ്പ്‌ കാര്യക്ഷമമായി നടപടികള്‍ സ്വീകരിച്ചില്ല.ധനവകുപ്പിന്റെ പരിശോധനയും അനുമതിയുമില്ലാതെ പുതുതായി സൃഷ്ടിച്ച തസ്‌തികകള്‍, പ്ലസ്‌ ടു സ്‌കൂളുകള്‍ക്ക്‌ അനുമതി നല്‍കിയത്‌, വ്യക്തമായ പദ്ധതി നിര്‍ദേശങ്ങളില്ലാതെ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ നടത്തിയ നീക്കങ്ങള്‍, നികുതി വരവിനെക്കുറിച്ചുള്ള പരിശോധനയില്ലായ്‌മയും നിയന്ത്രണമില്ലായ്‌മയും, വന്‍കിട നിക്ഷേപ സംരംഭങ്ങള്‍ ആകര്‍ഷിക്കാനെന്ന പേരില്‍ നടത്തിയിരുന്ന മേളകള്‍, അനിയന്ത്രിതമായി നല്‍കിയ ആനുകൂല്യങ്ങള്‍, ഭരണപരമായ ചെലവുകളിലുണ്ടായ വര്‍ധന, ദൈനംദിന ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്നത്‌ തുടങ്ങിയ നടപടി ദൂഷ്യങ്ങളാണ്‌,ആതിരേ, സര്‍ക്കാരിനെ കടക്കെണിയിലാക്കിയത്‌. തീര്‍ന്നില്ല മന്ത്രിമാര്‍ 20% ശമ്പളം വേണ്ടെന്നു വയ്‌ക്കുകയും വിദേശ യാത്രകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴും പേഴ്‌സനല്‍ സ്റ്റാഫുകളെ നിയന്ത്രിക്കാന്‍ തയാറായിട്ടില്ല. ഓരോ മന്ത്രിമാര്‍ക്കും ചീഫ്‌ വിപ്പിനും 30 പേഴ്‌സനല്‍ സ്റ്റാഫ്‌ അംഗങ്ങളുണ്ട്‌. സെക്രട്ടേറിയറ്റ്‌ അസിസ്റ്റന്റിന്റെ ശമ്പളവും ആനുകൂല്യവും മുതല്‍ അഡീഷണല്‍ സെക്രട്ടറിക്കു സമാനമായി ശമ്പളം പറ്റുന്ന പേഴ്‌സനല്‍ സ്റ്റാഫ്‌ അംഗങ്ങളുമുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനെ 16 ആയി ചുരുക്കിയപ്പോള്‍ കേരളം എണ്ണം കൂട്ടുകയായിരുന്നു. ആതിരേ,ഈ കെടുകാര്യസ്ഥതയ്‌ക്ക്‌ നമ്മള്‍ ഇനിയും നികുതി നല്‍കേണ്ടതുണ്ടോ? വെള്ളക്കരം വര്‍ദ്ധിപ്പിച്ചതിലൂടെ( നോക്കൂ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ ഗാന്ധിജിയുടെ അപായസൂചന നടപ്പിലായത്‌)200 കോടിയുടെ അധികവരുമാനമാണ്‌ ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും പ്രതീക്ഷിക്കുന്നത്‌.എന്നാല്‍ വാട്ടര്‍ അതോരിറ്റിക്ക്‌ നികുതിയിനത്തില്‍ നിലവില്‍ പിരിഞ്ഞു കിട്ടാനുള്ളത്‌ 400 കോടി.അതു കാര്യക്ഷമമായി പിരിച്ചെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ കുതിരകയറ്റം വേണ്ടി വരുമായിരുന്നോ?വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ സ്റ്റേ നല്‍കിയിട്ടുള്ള നികുതി 2000 കോടി വരും.അത്‌ പിരിച്ചെടുക്കുന്നതില്‍ ആരാണ്‌ വിഘാതം നില്‍ക്കുന്നത്‌?കണ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ കണക്ക്‌ പ്രകാരം വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത്‌ 16000 കോടി രൂപയാണ്‌.ഇതൊന്നും സാധാരണക്കാരന്റേതല്ല.ഇന്നാട്ടിലെ പ്രമാണിമാരുടേതാണ്‌.അവരെ തൊടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത ഒരു സര്‍ക്കാരിനും, ആതിരേ, കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ച്‌ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അവകാശമോ സ്വാതന്ത്ര്യമോ ഇല്ല. അതു കൊണ്ട്‌ ഗാന്ധിജി കാണിച്ചു തന്ന സമരമാര്‍ഗത്തിലൂടെ,സമധാനപരമായ നിയമലംഘനത്തിലൂടെ ഗാന്ധി ശിഷ്യനെന്നഭിമാനിക്കുന്ന ഉമ്മന്‍ ചാണ്ടിയെ മുട്ടുകുത്തിച്ച്‌ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന ഭരണ തെമ്മാടിത്തത്തെ നിലയ്‌ക്ക്‌ നിര്‍ത്താന്‍,ആതിരേ, കേരളത്തിലെ ഓരോ നികുതിദായകനും ബാദ്ധ്യസ്ഥനാണ്‌.