Sunday, September 28, 2014
ഐഎസ്‌ആര്‍ഒ ചാരക്കഥ:മംഗള്‍യാന്‍ വിജയകാലത്തെ പുനര്‍ വായന
ശുഷ്‌കമായ സ്വകാര്യ താത്‌പര്യങ്ങളുടേയും നീചമായ നിക്ഷിപ്‌ത താത്‌പര്യങ്ങളുടേയും അവിശുദ്ധബന്ധത്തില്‍ പിറന്ന അഭിശപ്‌തതയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ്.കേരളത്തില്‍ അധമ ലൈംഗീകാസക്തി തുളുമ്പിയ മാധ്യമ-പൊലീസ് മനസ്സും കടലുകള്‍ക്കപ്പുറത്ത് അമേരിക്കന്‍ സഞ്ചിത സാമ്രജ്യത്വ ഭീകരതയും അടയിരുന്നു വിരിയിച്ചെടുത്ത ആസുര സമ്പൂര്‍ണത.നിയമവിരുദ്ധവും സദാചാരവിരുദ്ധവുമായ നടപടികളില്‍ അവര്‍ അര്‍മാദിക്കുകയായിരുന്നു.നിരപരാധികളായ രണ്ട് മാലി യുവതികളെ പൂര്‍ണനഗ്നരാക്കി അവരുടെ ഗുഹ്യപ്രദേശം ഞണ്ടുകളെ കൊണ്ട് കടിപ്പിച്ച് ഇന്ത്യന്‍ പൗരന്മാരായ മൂന്നു പേരെ ചിത്രവധം ചെയ്‌ത്,ഗ്ലാവ്‌കോദ്‌മോസിന്റെ മേധാവിയെ ചാരനാക്കി ചോദ്യം ചെയ്‌ത് ഐബിയും റോയും കേരള പോലീസിലെ കുറേ ഉദ്യോഗസ്ഥരും അമേരിക്കയുടെ അഞ്ചാംപത്തികളായി തിമിര്‍ക്കുകയായിരുന്നു.അതു കൊണ്ട് ഇന്ത്യയുടെ ഗവേഷണക്കുതിപ്പ് രണ്ട് പതിറ്റാണ്ട് വൈകിച്ചു.അല്ലായിരുന്നെങ്കില്‍ 20 വര്‍ഷം മുന്‍പ് മംഗള്‍യാന്‍ ചൊവ്വയിലെത്തുമായിരുന്നു
(നമ്പി നാരായണനോടും ശശികുമറിനോടും മാപ്പപേക്ഷ)
റോക്കറ്റ് വിക്ഷേപണ മേഖലയിലെ പഞ്ചശക്തികളായ അമേരിക്ക,ഫ്രാന്‍സ്,റഷ്യ,ചൈന,ജപ്പാന്‍ എന്നിവയെ വെല്ലുവിളിച്ച് ദ്രവഇന്ധന സാങ്കേതിയക വിദ്യയിലൂടെ (ക്രയോജനിക് ടെക്‌നോളജി )ശൂന്യാകാശത്ത് 36000 കിലോമീറ്റര്‍ ഉയരത്തില്‍,ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യ വിജയിച്ചാല്‍ ഈ രംഗത്തെ അമേരിക്കയുടെ സാങ്കേതികവാണിജ്യ കുത്ത തകരുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പ് അട്ടിമറിക്കാന്‍ ` അങ്കിള്‍ സാം' കെട്ടിപ്പടുത്തതായിരിന്നു,ആതിരേ, `ഐഎസ്‌ആര്‍ഒ ചാരക്കഥ' ` വായുവി,ലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായിക്കാണ്മൂ സാമ്രജ്യത്വ,പണക്കൊതി ' എന്ന് പാബ്ലോ നെരൂദ ചൂണ്ടിക്കാട്ടിയ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഈ മുഖം കാണാന്‍ മലയാളമാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകാതെ പോലീസിലേയും അതിലുപരി ഇന്റലിജന്‍സ് ബ്യൂറോയിലേയും അമേരിക്കന്‍ അഞ്ചാംപത്തികള്‍ സൃഷ്ടിച്ചെടുത്ത കല്‍പിതകഥയക്ക് രതിമേളനത്തിന്റെ മസാല ചേര്‍ക്കാനായിരുന്നു മത്സരിച്ചത്.അമേരിക്കക്കൊപ്പം നിന്ന് ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രജ്ഞന്മാരേയും ബഹിരാകാശ ഗവേഷണ ഗവേഷണത്തേയും തകര്‍ക്കുന്നതായിരുന്നു 18 വര്‍ഷം മുന്‍പത്തെ ചാരക്കേസ് സംബന്ധിച്ച മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം.അന്ന് മാലിയിലൊക്കെ പോയി ഇക്കിളിക്കഥകള്‍ എഴുതിപ്പിടിപ്പിച്ചതില്‍ ഇന്നവര്‍ക്ക് കുറ്റബോധം തോന്നുന്നുണ്ടാവണം.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പിന്റെ കുതികാല്‍ വെട്ടാന്‍ അമേരിക്ക എന്തിന് തയ്യാറായി എന്നറിയണമെങ്കില്‍, ഭൂസ്ഥിരഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതിലെ വ്യാപാരവാണിജ്യ ഘടകങ്ങള്‍ അറിഞ്ഞിരിക്കണം.ഇന്ത്യ ക്രയോജനിക് ടെക്‌നോളജിയിലൂടെ ജിഎസ്‌എല്‍വി റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്താല്‍ അമേരിക്കയടക്കമുള്ള റോക്ക്‌റ്റ് വിക്ഷേപണ പഞ്ചശക്തികള്‍ക്കുണ്ടകാവുന്ന വരുമാന നഷ്ടവും അറിയണം. ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാന്‍ അമേരിക്ക മൂന്ന് റോക്കറ്റാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.` ടൈറ്റാന്‍4 ;,' ഡെല്‍റ്റ ;.` അറ്റ്‌ലസ് '.ഫ്രാന്‍സിന്റെ റോക്കറ്റാണ് `അരിയാന്‍'.റഷ്യയുടേത് `പ്രോട്ടോണ്‍ '.ചൈനയുടെ റോക്കറ്റ് ` ലോങ്ങ് മാര്‍ച്ച്3' ,ജപ്പാന്റേത് `എച്ച്2 ' ഈ റോക്കറ്റുകള്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങള്‍ ഭൂസ്ഥിരഭ്രമണ പഥത്തിലെത്തിക്കാന്‍ വേണ്ട ചെലവ് ഇനി പറയുന്നു:ടൈറ്റാന്‍4 ഉപയോഗിച്ചാല്‍ 43000 ഡോളര്‍, ഡെല്‍റ്റക്ക് 31000 ഡോളര്‍,അറ്റ്‌ലസ് 35000 ഡോളര്‍.ഫ്രാന്‍സിന്റെ `അരിയാന്‍'റോക്കറ്റാകുമ്പോള്‍ അത് 28000 ഡോളര്‍.റഷ്യയുടെ പ്രോട്ടോണ്‍ ` 22000 ഡോളര്‍.ജപ്പാന്റെ ' എച്ച്2 `33000 ഡോളരും ചൈനയുടെ ലോങ്ങ് മാര്‍ച്ച്3'ന് 20000 ഡോളര്‍.ഇന്ത്യയുടെ ജിഎസ്‌എല്‍വിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് കേവലം 18000 ഡോളര്‍ മാത്രം ( 1994 ലെ കണക്കാണിത് ).
ആതിരേ, ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട് വിജയിച്ചാല്‍ റോക്കറ്റ് വിക്ഷേപണ രംഗത്ത് അമേരിക്കയ്‌ക്കും ഫ്രാന്‍സിനും വാണിജ്യപരമായ വന്‍ തിരിച്ചടി നേരിടും. ക്രയോജനിക് റോക്ക്‌റ്റ് നിര്‍മ്മാണവിക്ഷേപണ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുമായും ഫ്രാന്‍സുമായും സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ച് കൂലങ്കക്ഷമായ ചര്‍ച്ചകളാണ് നടത്തിയത്.1990കളുടെ മധ്യത്തിലാണ് ഈ ചര്‍ച്ചകള്‍ നടന്നത്.ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നതിന് അമേരിക്കയിലെ `ജനറല്‍ ഡൈനാമിക്‌സ് ' എന്ന സ്ഥാപനം ആവശ്യപ്പെട്ടത് 950 കോടി ഡോളറാണ്.ഫ്രഞ്ച് കമ്പനി ആവശ്യപ്പെട്ടത് 650 കോടി ഡോളറും.ഈ ഘട്ടത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാനാവാതെ ഇന്ത്യ കുഴങ്ങി.കുറഞ്ഞ മുടക്കുള്ള ഫ്രാന്‍സിന്റെ സാങ്കേതിക വിദ്യ വാങ്ങണോ,അതോ കൂടുതല്‍ മുടക്കുള്ള അമേരിക്കന്‍ സാങ്കേതിക വിദ്യ വാങ്ങി പുതിയൊരു വാണിജ്യബന്ധം സ്ഥാപിക്കണമോ എന്നതായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്.
ഭാഗ്യം,അവസാനവട്ട ചര്‍ച്ച തുടങ്ങും മുന്‍പ് വളരെ ചീപ് റേറ്റുമായി റഷ്യ മുന്നോട്ടുവന്നു.റഷ്യയിലെ ഗ്ലാവ്‌കോസ്‌മോസ് കമ്പനിയാണ് പ്രലോഭിപ്പിക്കുന്ന വാഗ്‌ദാനവുമായെത്തിയത്. 235 കോടി ഡോളറാണ് അവര്‍ ആവശ്യപ്പെട്ടത്.പിന്നെ മറ്റൊന്നും ചിന്തിക്കാതെ ഇന്ത്യ ആ വാഗ്‌ദാനം സ്വീകരിച്ചു.1992 ജനുവരിയില്‍ ഐഎസ്‌ആര്‍ഒയും ഗ്ലാവ്‌കോസ്‌മോസും കരാറില്‍ ഒപ്പുവച്ചു.1996ല്‍ ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട് വിജയകരമാകുമെന്നായിരുന്നു ധാരണ. ഗൊര്‍ബച്ചേവിന്റെ `ഗ്ലാസ്‌നസ്റ്റും'പെരിസ്‌ട്രോയിക്കയും` തരിപ്പണമാക്കിയ സോവ്യറ്റ് യൂണിയനിലെ റഷ്യയടക്കമുള്ള രാഷ്ടങ്ങള്‍ വിദേശനാണയത്തിനായി വെമ്പുന്ന കാലം.അതിജീവനം മാത്രം ലക്ഷ്യമായിരുന്ന റഷ്യ ക്രയോജനിക് ടെക്‌നോളജി കൈമാറുമ്പോള്‍ കിട്ടാവുന്ന ഉയര്‍ന്ന തുകയെക്കുറിച്ച് ചിന്തിച്ചതേയില്ല.ഇന്ത്യയുടേയും റഷ്യയുടേയും ഈ വാണിജ്യ ബന്ധം അമേരിക്കയുടെ കണ്ട്രോള്‍ തെറ്റിച്ചില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ. പിന്നെ അവര്‍ അത് തകര്‍ക്കാനുള്ള അടിവലി തുടങ്ങി.
ആതിരേ,ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറാന്‍ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ റഷ്യക്കു മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം രൂക്ഷമായി.റഷ്യ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു പെരുംകള്ളത്തിന്റെ മറവില്‍ ഭീഷണി ശക്തമാക്കി.അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ എംറ്റിസിആര്‍ ഉടമ്പടി (ങഠഇഞ ങശശൈഹല ഠലരവിീഹീഴ്യ ഇീിൃേീഹ ഞലഴശാല)യുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി റഷ്യക്കു മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.അതില്‍ റഷ്യ വിരണ്ടു പോയി.കരാര്‍ റദ്ദാക്കപ്പെട്ടു. മിസെയില്‍ സാങ്കേതിക വിദ്യ കൈമാറുന്ന വിഷയത്തില്‍ മാത്രമാണ് എംറ്റിസിആര്‍ ഉടമ്പടി പ്രസക്തമാകുന്നത്.ഇവിടെ റോക്കറ്റ് വിക്ഷേപണസാങ്കേതിക വിദ്യയാണ് കൈമാറുന്നത്.എന്നിട്ടും അങ്കിള്‍ സാമിന്റെ മുഷ്‌ക്കിന് കുറവുണ്ടായില്ല അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങി ഗത്യന്തരമില്ലാതെ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കേണ്ടി വന്നെങ്കിലും വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ റഷ്യക്ക് ഈ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറി കോടികള്‍ നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു.അതു കൊണ്ട് അമേരിക്കയുടെ കണ്ണുവട്ടിച്ച് സാങ്കേതിക വിദ്യ കൈമാറാന്‍ അവര്‍ ഒരു പദ്ധതിയിട്ടു.അതു കൂടിയായപ്പോള്‍ യാങ്കി അധിനിവേശത്തിന്റെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യക്കു നേരേയും തിരിഞ്ഞു.ആ പകയില്‍ നിന്ന്‌ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ തിരക്കഥ രചിക്കപ്പെട്ടു
ആതിരേ,ശുഷ്‌കമായ സ്വകാര്യ താത്‌പര്യങ്ങളുടേയും നീചമായ നിക്ഷിപ്‌ത താത്‌പര്യങ്ങളുടേയും അവിശുദ്ധബന്ധത്തില്‍ പിറന്ന അഭിശപ്‌തതയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ്.കേരളത്തില്‍ അധമ ലൈംഗീകാസക്തി തുളുമ്പിയ മാധ്യമ-പൊലീസ് മനസ്സും കടലുകള്‍ക്കപ്പുറത്ത് അമേരിക്കന്‍ സഞ്ചിത സാമ്രജ്യത്വ ഭീകരതയും അടയിരുന്നു വിരിയിച്ചെടുത്ത ആസുര സമ്പൂര്‍ണത. രണ്ട് പരമാധികാര രാഷ്ട്രങ്ങളിലെ സ്വയം ശീര്‍ഷത്വമുള്ള രണ്ട് ബഹിരാകാകാശ ഗവേഷണ സ്ഥാപനങ്ങള്‍ നേരായമാര്‍ഗത്തില്‍ രൂപം കൊടുത്ത സാങ്കേതികവിദ്യാ കൈമാറ്റക്കരാറിനെ അമേരിക്കന്‍ വാണിജ്യാധിനിവേശ താത്‌പര്യങ്ങള്‍ ചിതറിച്ചിട്ടും പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരോ,ശാസ്ര്‌തസമൂഹമോ,രാഷ്ട്രിയനേതൃത്വങ്ങളോ തയ്യാറായില്ല.സഹജമായ യജമാന ഭയത്തില്‍ അവരെല്ലാം അശ്ലീലമായ മൗനം പാലിച്ചു.ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ വേണമായിരുന്നു സത്യം പുറത്തു കൊണ്ടുവരേണ്ടിയിരുന്നത്.അവരത് ചെയ്‌തില്ലെന്ന് മാത്രമല്ല രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അഭിരമിക്കുകയും ,ഇക്കിളിക്കഥാ രചനയില്‍ അന്യോന്യം മത്സരിച്ച് ` അങ്കിള്‍ സാമി 'ന്റെ സാമ്രാജ്യത്വാധിനിവേശത്തെ പൊതുബോധത്തില്‍ നിന്ന് തമസ്‌ക്കരിക്കുകയും ചെയ്‌തു.
മിസെയില്‍ സാങ്കേതിക വിദ്യാകൈമാറ്റ നിയന്ത്രണ കരാറിന്റെ (MTCR- Missile Technology Control Regime) ലംഘനം എന്ന ഉമ്മാക്കി കാട്ടി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി റദ്ദാക്കിയ കരാറിന് പകരം ഐഎസ്‌ആര്‍ഒയും ഗ്ലാവ്‌കോസ്‌മോസും 1993 പുതിയൊരു കരാറില്‍ ഏര്‍പ്പെട്ടു.ആദ്യ കരാറില്‍ പറഞ്ഞിരുന്ന ക്രയോജനിക് ടെക്‌നോളജിക്ക് പകരമായി ശീതീകരിച്ച ദ്രവ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോക്കറ്റിന്റെ നാല് ഘടകങ്ങള്‍ റഷ്യ നല്‍കും എന്നായി പുതിയ കരാര്‍!ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന ജിഎസ്‌എല്‍വി റോക്കറ്റിന്റെ മൂന്നാം ഘട്ടമായി ഇവ ഉപയോഗിക്കാം.അങ്ങനെ നാല് വിക്ഷേപണങ്ങള്‍ക്ക് ശേഷം ജിഎസ്‌എല്‍വി പദ്ധതി തന്നെ ഉപേക്ഷിക്കണം .അതായിരുന്നു വ്യവസ്ഥകള്‍. റോക്കറ്റ് നിര്‍മാണവും വിക്ഷേപണവും സങ്കിര്‍ണമായ നിരവധി ഘടകങ്ങളുടെ കൂട്ടായ്‌മയില്‍, വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെ,പരീക്ഷണങ്ങളിലൂടെയാണ് സാക്ഷാത്‌കൃതമാകുന്നത്.ദീര്‍ഘകാല പരിശീലനവും പല ഘട്ടങ്ങളായുള്ള പരീക്ഷണവും അനുപേക്ഷണീയമാണ്.
അറിയുക ബഹിരാകാശത്ത് 817 കിലോ മീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്ന പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്‌എല്‍വി) വികസിപ്പിച്ചെടുക്കാന്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്ര്‌തജ്ഞന്മാര്‍ക്ക് ഫ്രാന്‍സില്‍ 135 മനുഷ്യ വര്‍ഷത്തെ പരിശീലനം വേണ്ടിവന്നു.( 40 മണിക്കുര്‍ വീതമുള്ള 52 ആഴ്‌ചയിലെ പ്രയത്‌നമാണ് ഒരു മനുഷ്യ വര്‍ഷം) ഫ്രാന്‍സിന്റെ വൈക്കിംഗ് റോക്കറ്റ് എഞ്ചിനില്‍ നിന്ന് ഇന്ത്യയുടെ വികാസ് റോക്കറ്റ് എഞ്ചിന്‍ വികസിപ്പിച്ചെടുക്കാന്‍ 17 വര്‍ഷത്തെ നിസ്‌തന്ദ്രമായ അദ്ധ്വാനവും പരീക്ഷണങ്ങളും ആവശ്യമായി വന്നെങ്കില്‍ പിഎസ്‌എല്‍വിയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഘടനയിലും പ്രവര്‍ത്തനങ്ങളിലും അതിസങ്കീര്‍ണവും ബൃഹത്തുമായ ജിഎസ്‌എല്‍വി , കേവലം നാല് ക്രയോജനിക്ക് ഘടകങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുക്കാന്‍ എത്രവര്‍ഷം വേണ്ടിവരുമെന്ന് ഊഹിക്കുക.. അതു കൊണ്ട് അമേരിക്കയുടെ കണ്ണുവെട്ടിച്ച് ക്രയോജനിക്ക് സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാന്‍ റഷ്യ ഒരു ബദല്‍ പദ്ധതി തയ്യാറാക്കി.235 കോടിയുടെ വിദേശനാണ്യമായിരുന്നു അവരുടെ പ്രലോഭനം. ഇന്ത്യയില്‍ ക്രയോജനിക്ക് റോക്കറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കുക.അതിനായി സാങ്കേതിക മികവുള്ള ഒരു സ്ഥാപനത്തെ കണ്ടെത്തുക.റഷ്യ അവര്‍ക്ക് നിര്‍മാണാവശ്യത്തിന് കൈമാറുന്ന സാങ്കേതിക വിദ്യ ഐഎസ്‌ആര്‍ഒയ്‌ക്ക് ചോര്‍ത്തി നല്‍കുക.റോക്കറ്റ് നിര്‍മാണത്തില്‍ മികവുള്ള ഒരു സംവിധാനത്തിന് ക്രയോജനിക്ക് സാങ്കേതിക വിദ്യ കൈമാറിയാല്‍ അത് മിസെയില്‍ സാങ്കേതിക വിദ്യാ കൈമാറ്റ നിയന്ത്രണ കരാറിന്റെ ലംഘനാമാകില്ല ഇന്ത്യക്കും സ്വീകാര്യമായിരുന്നു ഈ നിര്‍ദേശം.
അങ്ങനെ റോക്കറ്റ് ഫാബ്രിക്കേഷനില്‍ മികവ് തെളിയിച്ച തിരുവനന്തപുരത്തെ കേരള ഹൈടെക് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന് ഈ ദൗത്യനിര്‍വഹണത്തിനുള്ള നറുക്ക് വീണു.100 കോടി രൂപയുടേതായിരുന്നു പദ്ധതി.ഇതില്‍ 13 കോടി കേരള സര്‍ക്കാരും 13 കോടി ഗ്ലാവ്‌കോസ്‌മോസും മുടക്കും 25 കോടി ലോണായും ബാക്കി 51 കോടി ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും സമാഹരിക്കാനായിരുന്നു ധാരണ.ഇതിനായി നിരവധി എഴുത്തു കുത്തുകള്‍ നടന്നു.അവസനഘട്ട ചര്‍ച്ച 1994 നവംബര്‍ മദ്ധ്യത്തില്‍ തിരുവനന്തപുരത്ത് നടത്താമെന്ന് തീരുമാനവുമായി.ഇന്ത്യയുടേയും റഷ്യയുടേയും ഐസ്‌ആര്‍ഒയുടേയും ഗ്ലാവ്‌കോസ്‌മോസിന്റേയും ഈ നീക്കങ്ങള്‍ അതീവരഹസ്യമായിട്ടാണ് നടന്നത്. എന്നിട്ടും അവസാനവട്ട ചര്‍ച്ച കഴിഞ്ഞ് ഗ്ലാവ്‌കോസ്‌മോസിന്റെ ചെയര്‍മാന്‍ എ.ഐ.ഡുനേവ് അടക്കമുള്ള റഷ്യന്‍ ഉന്നതതലസംഘം മടക്കയാത്രയ്‌ക്ക് ബാംഗ്ലൂരിലെത്തിയപ്പോള്‍ ചാരക്കഥ ഫ്‌ളാഷായി.ഗ്ലാവ്‌കോസ്‌മോസുമായുള്ള ഇടപാടിലെ ഇടനിലക്കാരന്‍ ബാംഗ്ലൂരിലെ വ്യവാസായി കെ.ചന്ദ്രശേഖരനെ ,ഗ്ലാവ്‌കോസ്‌മോസ് മേധാവിക്ക് മുന്നില്‍ നിന്ന് തന്നെ ഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യാനൊരുമ്പെട്ടു. അതീവ രഹസ്യമായി നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും,കെട്ടിപ്പൊക്കിയ സ്വപ്‌നങ്ങളും അവിടെ പൊലിഞ്ഞു.ഐഎസ്‌ആര്‍ഒയുടേയും ഗ്ലാവ്‌കോസ്‌മോസിന്റേയും ഈ നീക്കം അമേരിക്ക എങ്ങനെയാണ് നിര്‍ണായക മുഹൂര്‍ത്തത്തില്‍ മണത്തറിഞ്ഞതെന്ന അന്വേഷണത്തിലാണ്, അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ എം.കെ.ധറിന്റെ,ഐബി തലവനായി തുടാരാനുള്ള അവിഹിത മോഹവും ഐബിക്കുള്ളിലെ അമേരിക്കന്‍ ചാരന്മാരുടെ പ്രവര്‍ത്തനവും ചാരക്കഥയിലുണ്ടാക്കിയ അപായകരമായ ഉള്‍പ്പിരിവുകള്‍ വ്യക്തമാകുന്നത്
ആതിരേ,വിശ്വകുപ്രസിദ്ധി നേടിയ ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ ഉള്‍പ്പിരിവുകളിലേയ്‌ക്ക് കടക്കുമ്പോള്‍ കാഴ്‌ചപ്പുറങ്ങളില്‍ പ്രാഥമികമായി നിറയുന്നത് ബാലിശമായ ഈഗോകളും നൈമഷിക ലൈംഗീക തൃഷ്‌ണകളും നിന്ദ്യമായ അധികാരവാഞ്ചകളും നീതികരണമില്ലാത്ത വ്യക്തിവിദ്വേഷങ്ങളുമൊക്കെയാണ്. എന്നാല്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പിനെ ഛിന്നഭിന്നമാക്കാന്‍ കാത്തിരുന്ന അമേരിക്കയ്‌ക്ക് തങ്ങളുടെ നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഇവയെല്ലാം പശ്ചാത്തലമൊരുക്കി എന്നിടത്താണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്. സ്‌മാര്‍ട്ട് വിജയന്റെ കാമക്കലികലര്‍ന്ന പ്രതികാരനടപടികളുടെ വഴിത്താരയിലൊരിടത്ത് ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍ ശശികുമാരന്റെ ഫോണ്‍ നമ്പര്‍ തെളിഞ്ഞു വന്നപ്പോഴാണ് ചാരക്കഥയുടെ ബീജാവാപം നടന്നത്.ദേശാഭിമാനിയും തനിനിറവും മാത്രമാണ് ആ വാര്‍ത്ത സ്‌കൂപ് ആയി കൊടുത്തത്.അത്തരം പത്രങ്ങളില്‍ വരാനുള്ള പ്രാധാന്യം മാത്രമേ യഥാര്‍ത്ഥത്തില്‍ സംഭവങ്ങള്‍ക്കുണ്ടായിരുന്നുള്ളു. എന്നാല്‍ ശശികുമാരനുമായി നിരന്തരം കൊമ്പു കോര്‍ത്തിരുന്ന ഐഎസ്‌ആര്‍ഒ ബാംഗ്ലൂര്‍ യൂണിറ്റിലെ ഒരു ഐഎഎസ് ഓഫീസറുടെ ചെവിയില്‍ ഈ വാര്‍ത്ത എത്തിയതോടെയാണ് പ്രശ്‌നത്തിന് ആദ്യത്തെ വക്രീകരണം ഉണ്ടാകുന്നത്.
ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട് സാക്ഷാത്‌ക്കരിക്കുമ്പോള്‍ റോക്കറ്റ് നിര്‍മാണത്തിന്റെ ഫാബ്രിക്കേഷന്‍ ജോലികളുടെ കരാര്‍ ലഭിക്കാന്‍ എല്‍&ടി,ഗോദറേജ്,എംടിഎആര്‍,ഡബ്ല്യൂഐഎല്‍,എച്ച്‌എഎല്‍,കെല്‍ടെക് എന്നി ആറ് കമ്പനികളാണ് ചരട് വലിച്ചിരുന്നത്.ഇതില്‍ ആരെ ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്ന് നിര്‍ണയിക്കാന്‍ ശശികുമാരനും നേരത്തെ സൂചിപ്പിച്ച ഐഎഎസ് ഓഫീസറും അടക്കമുള്ള 15 അംഗകമ്മിറ്റി രൂപീകരിച്ചിരുന്നു.മാസങ്ങളായി കൂടിയാലോചിച്ചിട്ടും രണ്ട് കമ്പനികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.അതിന് സവിശേഷമായ കാരണവുമുണ്ടായിരുന്നു. കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് എംടിഎആര്‍ ആയിരുന്നു പഥ്യം.രവീന്ദ്ര റെഢിയായിരുന്നു ഉടമ.ഇയാള്‍ പക്ഷെ ബഹിരാകാശ ഉപകരണങ്ങളും സേവനങ്ങളും ഉപദേശവും നല്‍കാന്‍ രൂപീകരിച്ച് ആന്റ്രിക്‌സ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമായിരുന്നു.കോണ്‍ട്രാക്ടറായും ഡയറക്ടറായും ഇരട്ട വേഷമുള്ള രവീന്ദ്ര റഢിയെ ഫാബ്രിക്കേഷന്‍ പണികള്‍ ഏല്‍പ്പിക്കുന്നതില്‍ ശശികുമാരന്‍ വിമുഖതകാട്ടി.ഇക്കാര്യം ശശികുമാരന്‍ രേഖാമുലം കമ്മിറ്റിയെ അറിയിക്കുകയും ചെയ്‌തു. ചാരക്കേസ് പത്രവാര്‍ത്തയാകുന്നതിന്റെ 10 ദിവസം മുന്‍പ് നടന്ന മീറ്റിംഗില്‍ രവീന്ദ്ര റഢിയുടേ പേരില്‍ ശശികുമാരനും ഈ ഐഎഎസ് ഓഫീസറും തമ്മില്‍ കൊമ്പു കോര്‍ക്കുകയുണ്ടായി.അന്ന് ഐഎഎസ് ഓഫീസര്‍ക്ക് ശശികുമാരന്റെ മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു.പ്രതികാരദാഹിയായി അയാള്‍ കാത്തിരിക്കുമ്പോഴാണ് മറിയം റഷീദ എന്ന ചാരവനിതയുമായി ശശികുമാരനെ ബന്ധിപ്പിച്ചു കൊണ്ട് വാര്‍ത്ത വന്നത്.
ആതിരേ,രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ ആയപ്പോള്‍ ഐഎഎസ് ഓഫീസര്‍ക്ക് സന്തോഷമടക്കാനായില്ല.അയാള്‍ 1994 നവംബര്‍മൂന്ന്, നാല് തിയതികളില്‍ തിരുവനന്തപുരത്ത് താമസിച്ച് കേരളത്തിലെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ കണ്ട് വിശദമായി ചര്‍ച്ച നടത്തി ഒരു റിപ്പോര്‍ട്ടുമായി ബാംഗ്ലൂരിലേയ്‌ക്ക് മടങ്ങി. അതേസമയം മറിയം റഷീദ എന്ന ചാരവനിതയുടെ തിരുവനന്തപുരത്തെ താമസവും ശശികുമാരനുമായുള്ള ബന്ധവുമൊക്കെ തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാതെ പോയതില്‍ അതീവ ഹതാശരായിരുന്നു ഐബിയുടെ കേരളാ ഘടകം.അതു കൊണ്ട് തന്നെ ലോക്കല്‍ പോലീസ് കണ്ടെത്തിയ ചാരപ്രവര്‍ത്തനം അവര്‍ ഏറ്റെടുക്കുകയും തങ്ങളുടെ മിടുക്കുകാട്ടാന്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുകയും ചെയ്‌തു.ഇവരുമായാണ് ഐഎഎസ് ഓഫീസര്‍ ചര്‍ച്ച ചെയ്‌ത് റിപ്പോര്‍ട്ട് ശേഖരിച്ചതെന്നോര്‍ക്കുക. ഈ സമയത്തു തന്നെയാണ് അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ദേശീയ തലവന്‍ എം.കെ.ധര്‍, തന്റെ ഔദ്യോഗിക കാലാവധി നീട്ടിയെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നത്.അതിനായി നടത്തിയ രണ്ട് ശക്തമായ ശ്രമങ്ങള്‍ ചീറ്റിപ്പോയതിനെ തുടര്‍ന്ന് അദ്ദേഹവും നിരാശതയിലാഴന്നിരിക്കുകയായിരുന്നു.തിരുവനന്തപുരത്ത് നടക്കുന്ന സംഭവങ്ങള്‍ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ സവിസ്‌തരം അറിയിക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരില്‍ തിരികയെത്തിയ ഐഎഎസ് ഓഫീസര്‍ നീട്ടിപ്പിടിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ ധറിന് അയച്ചു കൊടുത്തു.ശശികുമാരനോട് പ്രതികാരം ചെയ്യാനാണ് അയാള്‍ ആഗ്രഹിച്ചത്.അതു കൊണ്ട് ഇന്ത്യയുടെ മിസെയില്‍ രഹസ്യങ്ങളാണ് ശശികുമാരനും സംഘവും പാകിസ്ഥാനിലേയ്‌ക്ക് കടത്താന്‍ ശ്രമിക്കുന്നതെന്ന് ആ ഐഎഎസ് ഓഫീസര്‍ ` ആധികാരികമായി 'എഴുതിയറിയിച്ചു.തന്റെ പദവിയില്‍ തുടരാന്‍ ഇതുതന്നെ പറ്റിയ സന്ദര്‍ഭമെന്ന് ധറിന്റെ മനസ്സില്‍ `ലഡ്ഡു പൊട്ടി'! ധര്‍ തിരുവനന്തപുരത്ത് പറന്നിറങ്ങി.ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം നേരിട്ടേറ്റെടുത്തു.അമേരിക്കയുടെ സമയമങ്ങനെ സുഗമമായി ആഗതമായി.ഐഎസ്‌ആറോയിലും ഐബിയിലും അമേരിക്കന്‍ ചാരസംഘടന പോറ്റിപ്പുലര്‍ത്തിയിരുന്നവര്‍ പുതിയ പേരുകള്‍ ധറിന് നല്‍കി.ഇല്ലാക്കഥകളാല്‍ ഇന്റലിജന്‍സ് ബ്യൂറോ തലവന്റെ കണ്ണുമഞ്ഞളിപ്പിച്ചു.അമേരിക്കയുടെ ഹിഡന്‍ അജണ്ട തിരിച്ചറിയാനാകാതിരുന്ന ധര്‍ തന്റെ ഐബി ചീഫ് പദവി രണ്ട് വര്‍ഷത്തേയ്‌ക്ക് കൂടി നീട്ടിയെടുക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ് അന്വേഷണവും ആരംഭിച്ചു. കാമമോഹിതനായ പോലീസ് ഇന്‍സ്‌പെക്ടര്‍,ലോക്കല്‍ പോലീസിനെ `ഇരുത്താന്‍' ആഗ്രഹിച്ച കേരളത്തിലെ ഐബി ഘടകം,ശശികുമാരന് പണികൊടുക്കാന്‍ ആഗ്രഹിച്ച ഐഎഎസ് ഓഫീസര്‍,തന്റെ പദവിയില്‍ രണ്ടു വര്‍ഷം കൂടി തുടരാന്‍ കൊതിച്ച ധര്‍...ദൂഷിത വൃത്തമല്ല,ദൂഷിത ചതുഷ്‌കോണം തന്നെ തീര്‍ക്കപ്പെട്ടു. ഗ്ലാവ്‌കോസ്‌മോസില്‍ നിന്ന് ഇന്ത്യ സ്വീകരിക്കുന്നത് മിസെയില്‍ ടെക്‌നോളജിയല്ല,റോക്കറ്റ് ടെക്‌നോളജിയാണെന്ന് ഇവര്‍ വിസ്‌മരിച്ചു.ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് മാത്രം റോക്കറ്റ് സംയോജനവും വിക്ഷേപണവും സാദ്ധ്യമല്ലെന്ന അടിസ്ഥാന വിവരം ഇവര്‍ ഗൗരവത്തിലെടുത്തില്ല.ഇന്ധനം നിറയ്‌ക്കാന്‍ 48 മണിക്കൂര്‍ വേണ്ടി വരുന്ന ഒരു യുദ്ധോപകരണം,യുദ്ധരംഗത്ത് അനുചിതവും അസംബന്ധവുമാണെന്ന പ്രായോഗിക ജ്ഞാനം ഇവര്‍ക്കില്ലാതെ പോയി.ചാരക്കഥയുടെ അന്വേഷണത്തിനങ്ങനെ കൊഴുപ്പുകൂടി.
ഇതിനിടയില്‍ സ്‌മാര്‍ട്ട് വിജയന്‍ മറിയം റഷീദയെ ഐബിക്ക് കൈമാറി.ഐബിയുടെ നിര്‍ദേശപ്രകാരം കേരള പോലീസ് ബാംഗ്ലൂരില്‍ നിന്ന് മറിയം റഷീദയുടെ സുഹൃത്തായ ഫൗസിയയെ ബലമായി തിരുവനന്തപുരത്ത് കൊണ്ടു വന്നു.ഐബിയുടെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ് 246/94 എന്ന നമ്പറില്‍ എഫ്‌ഐആര്‍ തയ്യറാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഫൗസിയ ഒന്നാം പ്രതി.മറിയം റഷീദ രണ്ടാം പ്രതി.1923ലെ ഒഫിഷ്യല്‍ സീക്രട്ട് ആക്ടിന്റെ മൂന്നും നാലും വകുപ്പുകളും ഐപിസി 34ാ?ം സെക്ഷനും അനുസരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്.ചാരക്കേസ് അന്വേഷണത്തിന്‍ീ? ഔദ്യോഗിക തുടക്കം .പമ്പരവിഡ്ഡിത്തം നിറഞ്ഞ ഈ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പിന്നീട് കോടതി ഐഎസ്‌ആര്‍ഒ ചാരക്കേസ് കെട്ടുകഥയാണെന്ന് വിധിയെഴുതിയതും
അപക്വം,അവിവേകം,അജ്ഞത-ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയുടേയും റോയുടേയും നടപടികളെ,നിലപാടുകളെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാനാകൂ.കുറ്റാന്വേഷണ മേഖലയില്‍ ഇന്ത്യയിലെ അതിബുദ്ധിശാലികള്‍ ഉള്‍പ്പെടുന്ന രണ്ട് സംവിധാനങ്ങള്‍ എന്ന് കരുതിയിരുന്ന ഐബിയും റോയും വിഢിക്കൂശ്‌മാണ്ഡങ്ങളുടെ ദേശീയ സംഘമാണെന്ന് ഇതോടെ വ്യക്തമായി.നിയമങ്ങള്‍ അറിയാത്ത,ചട്ടങ്ങളും നടപടിക്രമങ്ങളും ബോദ്ധ്യമില്ലാത്ത വിഢ്യാസുരന്മാരാണ് ഈ രണ്ട് സംവിധാനങ്ങളിലുമിരുന്നു കൊണ്ട് ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്നതെന്നും വ്യക്തമായി. കേസന്വേഷണത്തിലും തെളിവുകള്‍ ശാസ്‌ത്രീയമായി സംയോജിപ്പിക്കുന്നതിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക എന്നഹങ്കരിച്ചിരുന്ന കേരള പോലീസിലെ ഉന്നതന്മാരേയും ഐബിയിലേയും റോയിലേയും മന്ദബുദ്ധികളേയും ഒരു നുകത്തിന്‍ കീഴില്‍ കെട്ടാമെന്ന് തെളിയിക്കുന്നതായിരുന്നു അന്വേഷണ രീതികളും കുറ്റപത്രം സമര്‍പ്പിക്കലും.
ഒന്നാം പ്രതിയാക്കി വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ഫൗസിയ ഹസ്സനെക്കുറിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപി മധുസൂദന് അയച്ച രഹസ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു:` ഞങ്ങളുടെ അന്വേഷണത്തില്‍ ഫൗസിയ ഹസ്സനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.ഈ വിദേശി ഏതെങ്കിലും വിധത്തിലുള്ള ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് തെളിവുകളില്ല.വീസാ കാലാവധി കഴിഞ്ഞ് ഇവിടെ തങ്ങിയാതായി പോലും പറായാന്‍ പറ്റില്ല.അതു കൊണ്ട് അവരെ വിട്ടയച്ചു.അവര്‍ ബാംഗ്ലൂര്‍ക്ക് പോയി' 1994 ഓക്ടോബര്‍ 19 ന് ബാംഗ്ലൂരിലേയ്‌ക്ക് തിരിച്ചു പോയ ഫൗസിയയെ പിന്നീട് കസ്റ്റഡിയിലെടുക്കുന്നത് നവംബര്‍ 11നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് 13നും.അതായത് രണ്ടാമത് അറസ്റ്റിലാകും മുന്‍പ് ഫൗസിയ 22 ദിവസം ബാംഗ്ലൂരിലുണ്ടായിരുന്നു.ഈ ദിവസങ്ങളിലാണ് ചാരക്കേസ് മാധ്യമങ്ങളില്‍ ഇക്കിളിക്കഥകളായി പൊലിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്.അതില്‍ ഒന്നാം പ്രതിയായിരുന്നു ഫൗസിയ! ഏതെങ്കിലും ഒരു ചാരപ്രവര്‍ത്തകന്‍/പ്രവര്‍ത്തക ഇത്തരം പശ്ചാത്തലത്തില്‍ തന്നെ സംശയിക്കുന്ന ഒരു രാജ്യത്ത് തങ്ങുമോ? ഐബിയിലേയും റോയിലേയും മന്ദബുദ്ധികള്‍ക്ക് മാത്രമെ അങ്ങനെ ചിന്തിക്കാന്‍ കഴിയൂ!!
നിര്‍ണായക നിയമങ്ങളെക്കുറിച്ചും അവയുടെ നടപടിക്രമങ്ങളെക്കുറിച്ചും ഒരു ചുക്കുമറിയാത്ത കൊഞ്ഞാണന്മാരാണ് തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു,ആതിരേ, കേരളപോലീസിന്റെ ,ഈ കേസ് അന്വേഷണത്തിലെ പല തീരുമാനങ്ങളും. ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് അനുസരിച്ചാണ് പോലീസ് കേസ് ചാര്‍ജ് ചെയ്‌തത്.ചാരപ്രവര്‍ത്തനം ഈ നിയമത്തിന്‍ കീഴില്‍ വരും എന്ന പ്രാഥമിക അറിവുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ പ്രസ്‌തുത നിയമം `അങ്ങാടിമരുന്നാണോ,പച്ചമരുന്നാണോ'എന്നറിയാത്ത പമ്പര വിഢികളായിരുന്നു പോലീസ് ഏമാന്മാര്‍.1920ലെ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് 3,4 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റകാരാണെന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്.1920ല്‍ അങ്ങനെ ഒരു നിയമം ഇന്ത്യയില്‍ പാസ്സാക്കിയിരുന്നില്ല എന്ന പ്രാഥമികവും നിര്‍ണയകവുമയ ബോധം കേരള പോലീസിലെ ഉന്നതര്‍ക്കില്ലാതെ പോയി എന്നു പറയുമ്പോള്‍ 1923 ല്‍ പാസാക്കിയ ആ നിയം ഇവിടുത്തെ ഏമാന്മാരാരും വായിച്ചു പോലും നോക്കിയിട്ടില്ലെന്നര്‍ത്ഥം.! 1923ല്‍ പാസാക്കിയ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യേണ്ടത് ഇനി പറയുന്ന പ്രകാരമാണ്: ക്രിമില്‍ പ്രോസീജ്യര്‍ കോഡ് (സിആര്‍പിസി)വകുപ്പ് 200 അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍, മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നലകണം.പരാതി പരിശോധിച്ച ശേഷം മജിസ്‌ട്രേറ്റാണ് കേസ് രജിസറ്റര്‍ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്. ഇതിന്റെ യുക്തി സിമ്പിളാണ്.ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു വിദേശപൗരനെ അറസ്റ്റ് ചെയ്‌താല്‍ അത് നയതന്ത്രമേഖലയില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കും എന്ന് വിവേചിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ കഴിയൂ.ചാരപ്രവര്‍ത്തനം നടത്തി എന്നു കണ്ടെത്തിയാല്‍ അന്വേഷണം പോലുമില്ലാതെ ആ വിദേശപൗരനെ നാടുകടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്.ഇത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയത്രന്ത്ര ബന്ധത്തെ ബാധിക്കുന്ന, സങ്കീര്‍ണമായ വിഷയമാണ് .അത് ഒരു പോലീസ് ഓഫീസര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല.അതു കൊണ്ടാണ് ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് അനുസരിച്ച് നിയമനടപടി എടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ മാത്രം നിക്ഷിപ്‌തമാക്കിയിട്ടുള്ളത്.
ചാരക്കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് അമേരിക്കയുടേയോ ബ്രിട്ടന്റേയോ പൗരത്വമുള്ള വനിതകള്‍ ആയിരുന്നെങ്കില്‍, അവര്‍ യഥാര്‍ത്ഥ ചാരവനിതകള്‍ ആയിരുന്നാലും ഇന്ത്യ വിവരമറിയുമായിരുന്നു.മറിയം റഷീദയും ഫൗസിയ ഹസ്സനും പാവങ്ങള്‍, മാലിക്കാരികള്‍.. ഇത്രയ്‌ക്ക് വിഢ്യാസുരന്മാരായിരുന്നോ ഐബിയിലെ ബുദ്ധിരാക്ഷസന്മാര്‍ എന്നു ചോദിക്കാന്‍ വരട്ടെ. മനസ്സിലാക്കേണ്ടത് മറ്റുചില ചുറ്റിക്കളികളാണ്;രാജ്യത്തെ ഒറ്റിക്കൊടുത്ത ഭീകര പ്രവര്‍ത്തനങ്ങളാണ്. മറിയം റഷീദയും ഫൗസിയ ഹസ്സനും ശശികുമാരനും നമ്പിനാരായണനും ചന്ദ്രശേഖരനുമൊന്നും ചാരന്മാരായിരുന്നില്ലെന്നും ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഐബിയിലെ ഉന്നതര്‍ക്ക് അറിയാമായിരുന്നു!എന്നിട്ടും അവര്‍ ചാരക്കേസുമായി മുന്നോട്ടുപോയി,കേരള പോലീസിനെ കുരങ്ങ് കളിപ്പിച്ച് അറസ്റ്റുകള്‍ നടത്തി, ചോദ്യം ചെയ്‌തു,വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. ഇതൊക്കേയും ഒറ്റ പോയിന്റ് അജണ്ടയുടെ ഭാഗമായ കള്ളക്കളികളായിരുന്നു ;ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പിനെ ചിതറിക്കാനുള്ള അമേരിക്കയുടെ അധിനിവേശത്വരയുടെ ഭാഗമായി നടന്ന അട്ടിമറികളായിരുന്നു .അറസ്റ്റ് ചെയ്യപ്പെട്ടവരുടെ നിരപരാധിത്വം ഒരു നാള്‍ തെളിയിക്കപ്പെടും എന്ന് എം.കെ. ധര്‍ അടക്കമുള്ള ഐബിയിലെ ഉന്നതര്‍ക്ക് അറിയാമായിരുന്നു.എന്നാല്‍ അതു വരെയുള്ള സമയം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം പിന്നോട്ടടിക്കും.അമേരിക്കയും ഫ്രാന്‍സും ചൈനയും ജപ്പാനുമടങ്ങുന്ന ക്രയോജനിക്ക് രാഷ്ടചതുഷ്ടയത്തിന് കുറേക്കാലത്തേയ്‌ക്ക് ഇന്ത്യ ഭീഷണിയാകുകയുമില്ല.അതിനു വേണ്ടിയുള്ള അടിവലിയായിരുന്നു ഇതുവരെ വിവരിച്ച സംഭവങ്ങള്‍.
തീരുന്നില്ല,ആതിരേ, ഐബിയുടേയും റോയുടേയും അമേരിക്കയ്‌ക്കു വേണ്ടിയുള്ള ചാരപ്രവര്‍ത്തനം.നിയമവിരുദ്ധവും സദാചാരവിരുദ്ധവുമായ നടപടികളില്‍ അവര്‍ അര്‍മാദിക്കുകയായിരുന്നു.നിരപരാധികളായ രണ്ട് മാലി യുവതികളെ പൂര്‍ണനഗ്നരാക്കി അവരുടെ ഗുഹ്യപ്രദേശം ഞണ്ടുകളെ കൊണ്ട് കടിപ്പിച്ച് ഇന്ത്യന്‍ പൗരന്മാരായ മൂന്നു പേരെ ചിത്രവധം ചെയ്‌ത്,ഗ്ലാവ്‌കോദ്‌മോസിന്റെ മേധാവിയെ ചാരനാക്കി ചോദ്യം ചെയ്‌ത് ഐബിയും റോയും കേരള പോലീസിലെ കുറേ ഉദ്യോഗസ്ഥരും അമേരിക്കയുടെ അഞ്ചാംപത്തികളായി തിമിര്‍ക്കുകയായിരുന്നു
ആടിനെ പട്ടിയാക്കുക,പട്ടിയെ പേപ്പട്ടിയാക്കുക;എന്നിട്ട് തല്ലിക്കൊല്ലുകമലയാളത്തിലെ ഈ ശൈലിയുടെ നീചമായ വിവര്‍ത്തനമായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ എം.കെ.ധറിന്റെ ഇന്റലിജന്‍സ് ബ്യൂറോ ഉളുപ്പില്ലാതെ നടത്തിയത്.ഐബിയിലും ഐഎസ്‌ആര്‍ഒയിലും അമേരിക്കയ്‌ക്ക് വേണ്ടി അടിവലി നടത്തിയ രാജ്യദ്രോഹികള്‍ക്ക് അങ്ങനെ ഒരു പരിണതി ഉണ്ടാക്കിയെങ്കില്‍ മാത്രമെ അമേരിക്കന്‍ തിരക്കഥയനുസരിച്ചുള്ള ചാരക്കഥ കൊഴുപ്പിച്ചെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ഐഎസ്‌ആര്‍ഒബഹിരാകാശ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇന്ത്യയുടെ അഭിമാനസ്‌തംഭമാണെന്ന് സ്‌മാര്‍ട്ട് വിജയന് വരെ അറിയാമായിരുന്നു, എന്നാല്‍ ചാരക്കഥ പൊലിപ്പിച്ചെടുക്കണമെങ്കില്‍ ഇത്തരത്തിലൊരു വക്രീകരണം കൂടിയേ തീരുമായിരുന്നുള്ളൂ.ചിത്രങ്ങളും ചില ഡേറ്റകളും കൈമാറിയാല്‍ റോക്കറ്റ് നിര്‍മാണം സാദ്ധ്യമല്ലെന്നും ഇവര്‍ക്കറിയാമായിരുന്നു.അപ്പോള്‍ ആഗോള ശ്രദ്ധ തിരിച്ചു വിട്ട് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തേയും ക്രയോജനിക് ടെക്‌നോളജി മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയേയും ചിതറിക്കണമെങ്കില്‍ ഐഎസ്‌ആര്‍ഒയെ മിസെയില്‍ നിര്‍മാണ കേന്ദ്രമാക്കണമായിരുന്നു.എങ്കില്‍ മാത്രമേ പാകിസ്ഥാന് മിസെയില്‍ രഹസ്യം വിറ്റുവെന്ന വാര്‍ത്തപ്രചരിപ്പിച്ച് അമേരിക്കയുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ. പിറവി മുതല്‍ ശത്രുത പുലര്‍ത്തുന്ന പാകിസ്ഥാന് ,ഇന്ത്യയെ ആക്രമിക്കാനുള്ള ശക്തി പകരാന്‍ ഇവിടെ ചിലരെല്ലാം ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അത് ദേശസ്‌നേഹവുമായി ബന്ധപ്പെടുത്തി വായിക്കപ്പെടുമെന്നും പ്രതികളെന്ന് പറയപ്പെടുന്നവര്‍ ദേശദ്രോഹികളാണെന്ന ചിന്ത ,വിവേകശാലികളില്‍ വരെ ഉദ്ദീപിപ്പിക്കാനാകുമെന്നും തിരിച്ചറിഞ്ഞായിരുന്നു ഈ പെരുങ്കള്ളത്തിന്റെ സംസ്ഥാപനം.അതില്‍ അമേരിക്കയും അമേരിക്കന്‍ ചാരന്മാരും വിജയിക്കുകയും ചെയ്‌തു.
ആതിരേ,അവിശുദ്ധവും അധാര്‍മികവുമായ ഈ ആരൂഢത്തില്‍ നിന്നായിരുന്നു പിന്നീടങ്ങോട്ടുള്ള ഐബിയുടെ മുന്നേറ്റവും നിലപാടുകൊള്ളലും നിയമവിരുദ്ധമായ നടപടികളും പ്രചാരണവും. അറിയുക,ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ ഒരു സിവിലിയന്‍ സംവിധാനമാണ്.ദേശവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ ഏതെങ്കിലും കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടോ എന്ന് മണത്തറിഞ്ഞ് അക്കാര്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെയും ആഭ്യന്തര വകുപ്പുകളെയും അറിയിക്കാന്‍ മാത്രമാണ് ഐബിക്ക് അധികാരമുള്ളത്.ആരേയെങ്കിലും പ്രതിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യാനോ, അവരെ കസ്റ്റഡിയില്‍ വയ്‌ക്കാനോ, ചോദ്യം ചെയ്യാനോ,തെളിവെടുക്കാനോ ഐബിക്ക് അധികാരമില്ല.എന്നാല്‍ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നഗ്നമായ അധികാരലംഘനം നടത്തിയാണ് ഐബിയുടെ കേരളഘടകം പ്രവര്‍ത്തിച്ചത്.ചെയ്യുന്നത് നിയമലംഘനമാണെന്നറിഞ്ഞു കൊണ്ടാണ് ധര്‍ അതിന് അനുമതി നല്‍കിയത്.ഐപിഎസ് ഓഫീസര്‍മാരില്‍ നീതി നിഷ്‌ഠനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിബി മാത്യു പോലും നിയമവിരുദ്ധമായാണ് ഇക്കാര്യത്തില്‍ പ്രവൃത്തിച്ചത്. കേരള ഹൈക്കോടതിയിലെ നിയമവിജ്ഞരായ ജസ്റ്റിസ്‌മാര്‍ ഈ നിയമവിരുദ്ധതയ്‌ക്ക് അംഗീകാരം നല്‍കിയെന്നതാണ് ഏറ്റവും പ്രതിഷേധാര്‍ഹമായ പരിണതി
നിയമവിരുദ്ധം മാത്രമല്ല സദാചാരവിരുദ്ധമായ രീതിയിലുമായിരുന്നു ഐബിയുടെ ചോദ്യം ചെയ്യലും ഭേദ്യം ചെയ്യലും.മറിയം റഷീദയാണ് ഐബി ഉദ്യോഗസ്ഥരുടെ ഹീനവും ക്രൂരവുമായ പീഡനത്തിന് ഏറ്റവുമധികം ഇരയായത്.മദാലസയായ മറിയം റഷീദയെ പൂര്‍ണനഗനയാക്കി നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍.ഐബി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് അറിയില്ല എന്നാണ് മറുപടിയെങ്കില്‍ അതി കഠിനമായ ഭേദ്യങ്ങളായിരുന്നു ഏല്‍പ്പിച്ചിരുന്നത്.ഒരു പറ്റം പുരുഷന്മാരുടെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ തെരുവു വേശ്യ പോലും തയ്യാറാകില്ലെന്നോര്‍ക്കണം. ഐബിയിലെ കാമപ്പിശാചുക്കളായ ഞെരമ്പ് രോഗികളുടെ മുന്നില്‍ ദിവസങ്ങളോളമാണ് മറിയം റഷീദയ്‌ക്ക് നഗ്നയായി നില്‍ക്കേണ്ടി വന്നത്.രാജസദസില്‍ ചാരിത്ര്യശുദ്ധി ചോദ്യം ചെയ്യപ്പെട്ട് നിസഹായയായി നിന്നപ്പോള്‍ ഭൂമി പിളര്‍ന്ന് പാതാളത്തിലേയ്‌ക്ക് പോകാന്‍ കൊതിച്ച സീതാദേവിയെപ്പോലെ ഭൂമി പിളര്‍ന്നു കിട്ടാന്‍ മറിയം റഷീദ ഈ ദിവസങ്ങളിലെല്ലാം പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം.പക്ഷെ നിന്ദിതയും നിസ്സഹായയും സര്‍വോപരി നിരപരാധിയുമായ ആ യുവതിയുടെ പ്രാര്‍ത്ഥന ഒരു ദൈവവും കേട്ടില്ല ! ഇടയ്‌ക്കിടെ ഏല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ക്ക് പുറമെ ക്രൂരമായ `ലൈംഗീക പീഡന'ത്തിനും മറിയം വിധേയയായി. അവരുടെ സ്‌തനങ്ങളും നിതംബവും കശക്കി രസിച്ചവര്‍ നിരവധിയാണ്.സ്‌മാര്‍ട്ട് വിജയനും അക്കൂട്ടത്തിലുണ്ടായിരുന്നു.നടക്കാതെ പോയ ഭോഗക്കൊതി, അങ്ങനെ അയാളും സ്‌തനനിതംബ താഡനങ്ങളിലൂടെ തീര്‍ത്തു.ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പ്ലെയറുകൊണ്ട് മറിയം റഷീദയുടെ ഗുഹ്യരോമങ്ങള്‍ പിഴുതെടുത്ത് അവരുടെ മുഖത്തെറിഞ്ഞു.വേദനയില്‍ പുളഞ്ഞ മറിയം റഷീദയെ നോക്കി ഐബിയിലെ ദുശാസനന്മാര്‍ അപ്പോള്‍ അട്ടഹസിച്ച് ചിരിക്കുകയാണുണ്ടായത്.ആ ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമായിരുന്നു സ്‌മാര്‍ട്ട് വിജയന്‍ മറിയം റഷീദയുടെ ഗുഹ്യഭാഗത്ത് ഞണ്ടിനെ കൊണ്ട് കടിപ്പിച്ചത്.ഊഹിക്കാനാവുമോ ആ യുവതിയുടെ അപ്പോഴത്തെ സങ്കടങ്ങള്‍? ആത്മ പീഡകള്‍?ഗുഹ്യഭാഗത്തെ നീറ്റലുകള്‍?ദിവസങ്ങളോളം ഇതേ നിലയില്‍, ഉറങ്ങാന്‍ പോലുമനുവദിക്കാതെ, നിര്‍ത്തിയാണ് ഐബിയിലെ കാമക്കോമരങ്ങള്‍ അവരെ കൊണ്ട് പലതും സമ്മതിപ്പിച്ചത്!
ഫൗസിയയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.മധ്യവയസ്സ് കഴിഞ്ഞ സ്‌ത്രീയുടെ നഗ്നത അത്രയ്‌ക്കൊന്നും ഉദ്ദീപനദൃശ്യമല്ലാതിരുന്നത് കൊണ്ട് അവരെ ദിവസങ്ങളോളം നഗ്നയായി നിര്‍ത്തിയില്ലെന്ന് മാത്രം.ഐബിയിലെ അമേരിക്കന്‍ ചാരന്മാര്‍ ആഗ്രഹിച്ച രീതിയില്‍ മറുപടി കിട്ടാതെ വന്നപ്പോള്‍ അവരേയും കൊടിയ ഭേദ്യങ്ങള്‍ക്കിരയാക്കി.മര്‍ദ്ദനം സഹിക്ക വയ്യാതെ ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം സമ്മതിക്കാന്‍ അവര്‍ തയ്യാറായി.എങ്കിലും പച്ചക്കള്ളങ്ങള്‍ മുഴുവന്‍ അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.രമണ്‍ ശ്രിവാസ്‌തവയെ അറിയുമെന്നും ബാംഗ്ലൂരില്‍ ആര്‍മി ക്ലബില്‍ അദ്ദേഹത്തോടൊപ്പം പോയിയെന്നും സമ്മതിക്കാന്‍ അവരുടെ മനസ്സ് കൂട്ടാക്കിയില്ല.ഒരിക്കലും കണ്ടിട്ടില്ലാത്ത,കേട്ടിട്ടില്ലാത്ത ഒരാളെക്കുറിച്ച് നട്ടാല്‍ക്കുരുക്കാത്ത നുണകള്‍ പറയാന്‍ വിമുഖത കാട്ടിയപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന 13കാരിയായ മകളെ ഫൗസിയയുടെ മുന്നിലിട്ട് കൂട്ടബലാത് സംഘം നടത്തുമെന്നായിരുന്നു ഭീഷണി.വഷളത്തം നിറഞ്ഞ ആ ഭീഷണിയില്‍ ഫൗസിയയിലെ അമ്മ തകര്‍ന്നു പോയി.അവര്‍ ഐബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെല്ലാം സമ്മതിച്ചു.ഗ്ലാവ്‌കോസ്‌മോസിന്റെ ഇന്ത്യയിലെ പ്രതിനിധി കെ.ചന്ദ്രശേഖരനില്‍ നിന്ന് ഐബിയിലെ അമേരിക്കന്‍ ചാരന്മാര്‍ ആഗ്രഹിച്ച പ്രകാരമുള്ള മൊഴി ലഭിക്കാന്‍ അവലംബിച്ചത് അദ്ദേഹത്തിന്റെ ഭാര്യയും ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയുമായ വിജയമ്മയെ വേശ്യാലയം നടത്തിപ്പുകാരിയായി ചിത്രീകരിച്ച് ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിക്കുമെന്ന ഭീഷണിയായിരുന്നു.കഠിനമായ ഭേദ്യങ്ങളെ ചെറുത്തു നിന്ന ചന്ദ്രശേഖരന്‍ ആ ഭീഷണിയില്‍ ആകെ ചിതറിപ്പോയി.പിന്നെ ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം സമ്മതിക്കുകയായിരുന്നു.
വക്കാലുള്ള ഭീഷണി ഫലിച്ചില്ലെങ്കില്‍ തെളിവായി കാണിക്കുവാന്‍ വൃത്തികെട്ട ഒരു നാടകം ഐബി ഉദ്യോഗസ്ഥര്‍ പ്ലാന്‍ ചെയ്‌ത് നടപ്പാക്കിയിരുന്നു.പക്ഷേ വിജയിച്ചില്ലെന്ന് മാത്രം. ബാംഗ്ലൂരിലുള്ള ചന്ദ്രശേഖരന്റെ വീട്ടില്‍,ഭര്‍ത്താവിന്റെ അവസ്ഥയോര്‍ത്ത് ഖിന്നയായി,ഭയചകിതയായി വിജയമ്മ കഴിഞ്ഞിരുന്ന ഒരു രാത്രി ,ഒരു സ്‌ത്രീ വാതിലില്‍ മുട്ടി `രക്ഷിക്കണേ..'എന്നാവശ്യപ്പെട്ട് ഉച്ചത്തില്‍ കരഞ്ഞു.ആ വിലാപം വിജയമ്മയെ ചിന്തകളില്‍ നിന്നും പ്രാര്‍ത്ഥനകളില്‍ നിന്നുമുണര്‍ത്തി.ആരാണ് എന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ രക്ഷിക്കണേ എന്നു മാത്രം ആ സ്‌ത്രീ അലമുറയിട്ടു കൊണ്ടിരുന്നു.നിങ്ങളാരാണ് ,നിങ്ങളുടെ മുഖമൊന്നു കാണട്ടെ ജനലിനടുത്തു വരൂ എന്ന് വിജയമ്മ ആവശ്യപ്പെട്ടിട്ടും ഉച്ചത്തില്‍ നിലവിളിച്ച് കതകില്‍ മുട്ടിക്കൊണ്ടേയിരുന്നതേയുള്ളൂ. അപ്പോള്‍ വിജയമ്മ ഒരു അപകടം മണത്തു.അവര്‍ വാതില്‍ തുറന്നില്ല.അല്‍പം കഴിഞ്ഞപ്പോള്‍ പുറത്തെ കരച്ചില്‍ നിന്നു.പുറത്തുണ്ടായിരുന്ന സ്‌ത്രീ ഗെയ്‌റ്റ് തുറന്ന് കുറച്ചപ്പുറം മാറിന്നിന്ന പുരുഷ സംഘത്തോടൊപ്പം ചേര്‍ന്ന് മറയുകയും ചെയ്‌തു.അടുത്ത നിമിഷം ഒരു പോലീസ് വാഹനം അവിടെത്തുകയും അസാധാരണമായതൊന്നും ശ്രദ്ധയില്‍ പെടാതിരുന്നത് കൊണ്ട് ഓടിച്ചു പോകുകയും ചെയ്‌തു. ബാംഗ്ലൂര്‍ നഗരത്തിലെ ഒരു തെരുവു വേശ്യയായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്.വിജയമ്മ വാതില്‍ തുറന്നിരുന്നെങ്കില്‍ ആ സ്‌ത്രീക്കൊപ്പം പുരുഷ സംഘവും വീട്ടില്‍ കയറുമായിരുന്നു.അവര്‍ അവിടെ നില്‍ക്കുമ്പോള്‍ പോലീസുകാരെത്തി അവരെ അറസ്റ്റ് ചെയ്‌ത് ചന്ദ്രശേഖരന്റെ വീട്ടില്‍ വിജയമ്മ വേശ്യാലയം നടത്തുന്നതിന്റെ തെളിവ് ശേഖരിക്കുമായിരുന്നു
******
സാന്ധ്യശോഭയ്‌ക്ക് കളങ്കമായി പ്രേതഭവനം പോലെ ആ കെട്ടിടം നിന്നു. ചുറ്റും ഘനീഭൂതമായ മൗനത്തിന്റെ തണുപ്പു ഭേദിച്ച് അവശമായൊരു ഞെരക്കം കെട്ടിടത്തിന് പുറത്തേയ്‌ക്ക് ഇഴഞ്ഞിറങ്ങുന്നുണ്ടായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ വിലങ്ങു വയ്‌ക്കപ്പെട്ട കൈകളുമായി ശശികുമാരനെ ആ കെട്ടിടത്തിലേക്ക് കൊണ്ടുവന്നു. ശശികുമാരന്റെ കൈ വിലങ്ങില്‍ നിന്നുള്ള ചങ്ങല അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പിടിച്ചിരുന്നു. അറുക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ നിശബ്ദനായി,നിസ്സഹായനായി ശശികുമാരന്‍..
പുറത്തേയ്‌ക്ക് കുമിഞ്ഞ വായുവില്‍ നിണത്തിന്റെ ലവണ ഗന്ധം. ശശികുമാര്‍ മുഖം തിരിച്ചു. വാതില്‍ പാതിതുറന്ന ഒരു മുറി. മുറിയില്‍ ഒരു ബഞ്ച്. ബഞ്ചില്‍ ഒരു മനുഷ്യന്‍ കമിഴ്‌ന്നു കിടക്കുന്നു. അര്‍ദ്ധനഗ്നനാണ്. കാലുകള്‍ അടി കൊണ്ട് വീര്‍ത്ത് പൊട്ടിയിട്ടുണ്ട്.അവയില്‍ നിന്ന് രക്തമിറ്റുന്നു. വെളുത്ത ദേഹമാസകലം മര്‍ദ്ദനത്തിന്റെ തിണര്‍പ്പുകള്‍. അവയില്‍ നിന്നും ചോര കിനിയുന്നുണ്ടായിരുന്നു. വേദനയില്‍ പുളഞ്ഞ് ആ മനുഷ്യന്‍ ഞരങ്ങുന്നത് ശശികുമാര്‍ കേട്ടു. അയാളുടെ മുഖം ശശികുമാരന്‍ കണ്ടില്ല. പക്ഷേ, ആ രൂപത്തില്‍ നിന്ന് ആളാരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു നിമിഷം സ്‌തംഭിച്ചു നിന്നുപോയി ഇന്ത്യന്‍ ബഹിരാകാശ കുതിപ്പിന്റെ ഉത്തോലകമായി വിക്രം സാരാഭായി വിശേഷിപ്പിച്ച നമ്പി നാരായണന്‍! കാഴ്‌ചപ്പുറങ്ങളില്‍ കണ്ണീരിന്റെ നനവു പടര്‍ന്നു.
ഈറന്‍ മിഴികളും വിളറിയ ചിരിയുമായി നമ്പി നാരായണന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ശശികുമാരന്റെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചു. നിഷ്‌കളങ്കനായ ഈ മനുഷ്യന്‍ ചാരശൃംഖലയിലെ കണ്ണിയാണെന്ന് സമ്മതിച്ച നിമിഷത്തെ അയാള്‍ മനസ്സറഞ്ഞ് പ്‌രാകി. ഒന്നും ആഗ്രഹിച്ചതായിരുന്നില്ല. പക്ഷേ, നിരന്തര ഭേദ്യങ്ങളുടെ കൊടും വേദന അസഹ്യമായപ്പോള്‍ പറഞ്ഞു പോയതാണ്. കുറ്റബോധം ഒരു ചുണ്ടെലിയായി ശശികുമാരന്റെ പ്രജ്ഞയെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ശശികുമാരനെ ആ മുറിയിലേയ്‌ക്ക് തള്ളിയശേഷം വാതിലടച്ച് അന്വേഷണോദ്ദ്യോഗസ്ഥര്‍ തിരിച്ചു പോയി. മുറിയില്‍ പുതിയൊരാളെത്തിയതും വാതിലടയ്‌ക്കപ്പെട്ടതും നമ്പി നാരായണന്‍ ശ്രദ്ധിച്ചില്ല ഭിത്തിയില്‍ ചാരി പൊടിനിറഞ്ഞ തറയില്‍ ശശികുമാരന്‍ കാലുനീട്ടിയിരുന്നു.പേശികള്‍ തോറും അരിച്ചു കയറുന്ന മര്‍ദ്ദനത്തിന്റെ നീറ്റലിനേക്കാള്‍ നമ്പിനാരായണന്റെ ആ കിടപ്പാണ് ശശികുമാരനെ തളര്‍ത്തിക്കൊണ്ടിരുന്നത്
എന്നാണ് നമ്പി നാരായണനെ ആദ്യമായി കണ്ടത്..? ഓര്‍മ്മത്താഴ്‌വാരങ്ങളില്‍ വളര്‍ന്നു മുറ്റിയ ഞെരിഞ്ഞില്‍ മുള്ളുകളിലേക്ക് ശശികുമാരന്റെ മനസ്സ് മുഖമടച്ച് വീണു. മുള്‍ക്കുത്തേറ്റ് കിനിഞ്ഞ ചോരച്ചാലുകള്‍ക്കപ്പുറം കൊച്ചുവേളി-തുമ്പ റോഡ് തെളിഞ്ഞു. കുപ്പിക്കഴുത്തുപോലുള്ള റോഡിലൂടെ വാഹനം ഓടിക്കുക ശ്രമകരമായ ജോലിയാണ്. എതിരെ ഒരു വാഹനം വന്നാലോ പുറകില്‍ നിന്ന് ഒരു വാഹനം വന്നാലോ സൈഡ് കൊടുക്കാന്‍ കഴിയാത്തത്ര ഇടുങ്ങിയ വീഥി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്കുള്ള വഴി സ്വര്‍ഗ്ഗത്തിലേക്കുള്ളതുപോലെഇടുങ്ങിയതും ഞെരുങ്ങിയതും!
അമ്പാസിഡര്‍ കാറില്‍ ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു ശശികുമാരന്‍. പുറകില്‍ നിന്ന് ഒരു സ്‌കൂട്ടറിന്റെ ഹോണ്‍ ശബ്ദം നിരന്തരം മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ, സൈഡ് കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രമിച്ചതാണ്, സ്ഥലം ഇല്ലാതിരുന്നതുകൊണ്ട് സാധിച്ചില്ല. ഏറെ ദൂരം ഇങ്ങനെ പോയി. അപ്പോഴെല്ലാം സ്‌കൂട്ടറിന്റെ, ഞരക്കം പോലെയുള്ള ഹോണടി മുഴങ്ങുന്നുണ്ടായിരുന്നു. അല്‍പം ഇടം കിട്ടിയപ്പോള്‍ കാര്‍ ഇടത്തോട്ട് തിരിച്ച് സ്‌കൂട്ടറിന് കടന്നുപോകാന്‍ വഴിയൊരുക്കി. മുന്നിലെത്തിയ സ്‌കൂട്ടറുകാരന്‍ വണ്ടി കുറുകെ ഇട്ട് ഇറങ്ങി വന്നു. പിന്നെ പുളിച്ച തെറിയുടെ അഭിഷേകമായിരുന്നു. മടിച്ചില്ല. ഉരുളയ്‌ക്ക് ഉപ്പേരി പോലെ താനും മറുപടി കൊടുത്തു. മടുത്തതുകൊണ്ടാകണം. അല്ലെങ്കില്‍ തന്റെ പ്രയോഗങ്ങളിലെ രൂക്ഷതകൊണ്ടാവാം അയാള്‍ തല താഴ്‌ത്തി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്‌ത് മുന്നോട്ടു പോയി. ദിവസങ്ങള്‍ കഴിഞ്ഞു. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ഒരു നിര്‍ണ്ണായക യോഗം. യോഗം നടക്കുന്ന മുറിയിലെത്തിയപ്പോള്‍ ശശികുമാരന്‍ ഒന്നു പകച്ചു. അധ്യക്ഷ സ്ഥാനത്ത് ദിവസങ്ങള്‍ക്കു മുന്‍പ് വഴിയില്‍ വച്ച് അസഭ്യശരങ്ങളെയ്‌ത് താന്‍ തോല്‍പിച്ച വ്യക്തി. ആത്മ നിന്ദയോടെയാണ് അയാള്‍ക്ക് എതിര്‍വശം, കേള്‍വിക്കാരനായി ശശികുമാരന്‍ ഇരുന്നത്. ഐഎസ്‌ആര്‍ഒ ഡയറക്ടറുടെ പ്രത്യേക താല്‍പര്യപ്രകാരം രൂപീകരിച്ച ഏകാംഗ കമ്മിറ്റിയുടെ തലവനായ അയാള്‍ ക്രയോജനിക് റോക്കറ്റ് വിക്ഷേപണ സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത് സംബന്ധിച്ച് റഷ്യയിലെ ഗ്ലാവ് കോസ്‌മോസുമായി ഉണ്ടാക്കിയ ഉടമ്പടിയെക്കുറിച്ചും അതിനു മുന്‍പ് ഇന്ത്യാ ഗവണ്‍മെന്റും റഷ്യന്‍ ഗവണ്‍മെന്റും തമ്മിലുണ്ടാക്കിയ കരാര്‍ അമേരിക്കയുടെ ഭീഷണി മൂലം റദ്ദാക്കേണ്ടി വന്നതുമെല്ലാം പതിഞ്ഞ സ്വരത്തില്‍ അയാള്‍ വിവരിക്കുന്നുണ്ടായിരുന്നു.
അമേരിക്കയുടെ താല്‍പര്യത്തിന് ഇന്ത്യ ഒരിക്കലും വഴങ്ങുകയില്ലെന്നും പ്രതിഭാധനരും കര്‍മ്മകുശലരും സമര്‍പ്പണചേതസ്സുകളുമായ ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്മാരുടെ മനസ്ഥൈര്യവും ഇച്ഛാശക്തിയും ഈടുവയ്‌പ്പാക്കി, ഗ്ലാവ്‌കോസ്‌മോസിന്റെ സാങ്കേതിക സഹായത്തോടെ അധികം വൈകാതെ ഇന്ത്യ ക്രയോജനിക് ടെക്‌നോളജി തദ്ദേശീയമായി വികസിപ്പിച്ചെടുക്കുമെന്നും അതിനായി ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ നിര്‍ലോഭമായ പിന്തുണ തനിക്ക് വേണമെന്നുമൊക്കെയായിരുന്നു അന്ന് അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്. വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്ററില്‍ ഫാബ്രിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ശശികുമാര്‍ നിയമിതനായിട്ട് അധിക നാളുകളായിരുന്നില്ല. അന്ന് വഴിയില്‍ തന്നോട് കൊമ്പുകോര്‍ത്ത വ്യക്തി തന്റെ ഉന്നതോദ്യോഗസ്ഥനാണ് എന്നറിഞ്ഞപ്പോള്‍ ശശികുമാരന് വല്ലാത്ത സങ്കോചം തോന്നി. പക്ഷേ, അത് മറച്ചുവച്ചാണ് പിന്നീട് യോഗത്തില്‍ ശശികുമാരന്‍ സംസാരിച്ചത്. ആ യോഗത്തിന് ശേഷം വിരിഞ്ഞത് സൗമ്യസൗഹൃദത്തിന്റെ സുരഭില വിശുദ്ധികളായിരുന്നു. രണ്ടുപതിറ്റാണ്ടിന്റെ സാന്ദ്രമായ സൗഹൃദം. ഔദ്യോഗിക ബന്ധത്തിനപ്പുറം പുഷ്‌കലമായ മാനസീകപ്പൊരുത്തം . ക്രയോജനിക് റോക്കറ്റ് ടെക്‌നോളജി വികസിപ്പിച്ചെടുക്കുന്നതില്‍ ഒരേ മനസ്സോടെയുള്ള അദ്ധ്വാനം; പ്രതീക്ഷ. പിരിയാനാവാത്ത ചങ്ങാത്തത്തിന്റെ ഇഴയടുപ്പങ്ങള്‍. ആ നമ്പി നാരായണനാണിപ്പോള്‍ ....
താന്‍ കൂടി എതിരായി മൊഴി നല്‍കിയതുകൊണ്ടാവണം ഇത്രയും തല്ലിച്ചതയ്‌ക്കപ്പെട്ടതെന്ന് ഓര്‍ത്തപ്പോള്‍ കുറ്റബോധത്തിന്റെ ചിതലുകള്‍ ശശികുമാരന്റെ പ്രജ്ഞയില്‍ കലമ്പല്‍ കൂട്ടി. ആയാസപ്പെട്ട് ശശികുമാരന്‍ എഴുന്നേറ്റു.ലാത്തിയടിയേറ്റ് വിങ്ങിയ കാല്‍പാദങ്ങള്‍ നിലത്തു കുത്തിയപ്പോള്‍ പ്രാണനെടുക്കുന്ന വേദന.അത് കടിച്ചമര്‍ത്തി നമ്പി നാരായണന്റെ സമീപത്തേക്ക് ചെന്നു. പിന്നെ നമ്പി നാരായണന്‍ കിടന്നിരുന്ന ബഞ്ചിനരികില്‍ ശശികുമാരന്‍ മുട്ടുകുത്തിനിന്നു. വേദനയുടെ കാഠിന്യത്തില്‍ നമ്പി നാരായണന്‍ ഞരങ്ങിക്കൊണ്ടേയിരുന്നു. ആ ഞരക്കം ആത്മാവിലേയ്‌ക്കേറ്റുവാങ്ങി വിലങ്ങുവച്ച കൈകൊണ്ട് ശശികുമാരന്‍ നമ്പി നാരായണനെ തന്റെ മാറോട് ചേര്‍ത്താഞ്ഞുപുല്‍കി. ശശികുമാരന്റെ ഹൃദയമിടിപ്പ് നമ്പി നാരായണന്‍ തിരിച്ചറിഞ്ഞു. നോവുന്ന ഹൃദയങ്ങളുടെ ഇഴുകിച്ചേരല്‍. നമ്പി നാരായണന്‍ മെല്ലെ കണ്ണുയര്‍ത്തി ശശികുമാരനെ നോക്കി. ദൃഢനിശ്ചയമുള്ള, സംസാരത്തിലും പെരുമാറ്റത്തിലും കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന ഫാബ്രിക്കേഷന്‍ എഞ്ചിനീയര്‍ വാവിട്ട് കരയുന്നത് കണ്ടപ്പോള്‍ മര്‍ദ്ദനമേറ്റ് തിണിര്‍ത്ത കൈകള്‍ കൊണ്ട് നമ്പി നാരായണന്‍ ശശികുമാരന്റെ കണ്ണുനീര്‍ തുടച്ചു.
* * * *
നായനാര്‍ സര്‍ക്കാരിന് ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് അനുസരിച്ച് കേസെടുക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലാതിരുന്നിട്ടും അതേ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ചാരക്കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതു സംബന്ധിച്ച് ഒരു ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്‌തു. നീതിയുടെ തുലാസ് നിരപരാധികള്‍ക്ക് അനുകൂലമായി ... കേസിന്റെ ഗതി തിരിയുകയാണ്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ചാരക്കേസിലെ പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ ഓരോരുത്തരായി റിട്ട് പെറ്റീഷനുകള്‍ സമര്‍പ്പിച്ചു. ബിജെപിയും സിപിഎമ്മും വ്യത്യസ്‌ത റിവിഷന്‍ പെറ്റീഷനുകളൊടെ കക്ഷിചേര്‍ന്നു. ഒപ്പം സ്‌മാര്‍ട്ട് വിജയന്റെ റിവിഷന്‍ പെറ്റീഷനും പരിഗണനയ്‌ക്ക് എത്തി .കോടതിയില്‍ മാസങ്ങള്‍ നീണ്ട വാഗ്‌വാദങ്ങള്‍... തെളിവുകള്‍... രേഖകള്‍... ഒടുവില്‍ നാലുമാസത്തിന് ശേഷം നിര്‍ണായകമായ ആ വിധി വന്നു.. സ്‌മാര്‍ട്ട് വിജയനും കേരളസര്‍ക്കാരും അടക്കമുള്ള വാദികള്‍ക്ക് ആര്‍ക്കും ഈ കേസില്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കാന്‍ അര്‍ഹതയില്ല എന്ന് അസന്ദിഗ്‌ധമായി ഹൈക്കോടതി വിധിച്ചു. കേരള സര്‍ക്കാരിന് ചാരക്കേസ് വീണ്ടും അന്വേഷിക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലായെന്ന് ഹൈക്കോടതി അടിവരയിട്ട ഉത്തരവിട്ടു. ശശികുമാരനും നമ്പി നാരായണനും രമണ്‍ ശ്രിവാസ്‌തവയും കെ.ചന്ദ്രശേഖറും എസ്.കെ.ശര്‍മ്മയും മറിയം റഷീദയും ഫൗസിയ ഹസനും�കുറ്റവിമുക്തരാക്കപ്പെട്ടു.
ആശ്വാസത്തിന്റെ തീരത്ത് അണഞ്ഞതിന്റെ സന്തോഷം പക്ഷേ, ശശികുമാരന് മാത്രം വിധി നല്‍കിയില്ല. കേരള പോലീസിന്റെ അപേക്ഷ പ്രകാരം വീണ്ടും ഒരു അന്വേഷണത്തിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി�നല്‍കി. വീണ്ടും പ്രതിയായി ശശികുമാരന്‍ വാര്‍ത്തകളില്‍ .. ഇതിനെതിരെ സുഹൃത്തുക്കളുടെ സഹായത്തോടെ സുപ്രീംകോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ശശികുമാരന്‍ സമര്‍പ്പിച്ചു. മൂന്ന് വര്‍ഷത്തെ ജയില്‍ വാസവും കോടതി നടപടികളും ഒരു സത്യം ശശികുമാരനെ ബോധിപ്പിച്ചു. അണിയുന്ന ഗൗണിനെക്കാള്‍ കറുപ്പു നിറഞ്ഞതാണ് അഭിഭാഷകരുടെ മനസ്സ്. കേസ് വിജയിപ്പിക്കുകയല്ല മറിച്ച്, നീട്ടിക്കൊണ്ടുപോവുകയാണ് അവരുടെ ആവശ്യം. നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും വ്യാഖ്യാനിച്ച് തങ്ങളുടെ കക്ഷികള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ നിന്ന് അവരെ മുക്തരാക്കേണ്ടതിന് പകരം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി കോടതി നടപടികള്‍ ദീര്‍ഘിപ്പിച്ച് സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യം. ആ തിരിച്ചറിവിലാണ് ഇന്ത്യയുടെ പരമോന്നത കോടതിയില്‍ തന്റെ ഭാഗം താന്‍ തന്നെ വാദിക്കുമെന്ന് ശശികുമാരന്‍ നിശ്ചയിച്ചത്.
********
ഏപ്രില്‍ ഒന്ന്, 1998. ലോകവിഡ്‌ഢിദിനം. അന്ന് സുപ്രീംകോടതിയിലെ കൊലകൊമ്പന്മാരായ അഭിഭാഷകരെ സാക്ഷി നിര്‍ത്തി ശാസ്‌ത്രജ്ഞനായ ശശികുമാരന്‍ നിയമങ്ങള്‍ ഇഴകീറിക്കാട്ടി തന്റെ ഭാഗം ന്യായീകരിച്ചപ്പോള്‍ അഭിഭാഷകര്‍ അമ്പരന്നെങ്കിലും അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. വാദം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സിബിഐയുടെ ജോയിന്റ് ഡയറക്ടര്‍ എം.എല്‍.ശര്‍മ്മ ശശികുമാരന്റെ ചാരത്തേക്ക് വന്നു. ` നിങ്ങള്‍ വാദിച്ചു കുളമാക്കി ' എന്നായിരുന്നു പുച്ഛം കലര്‍ന്ന അദ്ദേഹത്തിന്റെ കമന്റ്. ശശികുമാരന്‍ അത് കേട്ടതായി നടിച്ചില്ല. പുറത്ത് കോടതി വരാന്തയില്‍, ഡിഐജി ടി.പി.സെന്‍കുമാര്‍ നീട്ടിയ ചായയും ബിസ്‌ക്കറ്റും പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഐജി സിബി മാത്യു രോഷത്തോടെ തട്ടിത്തെറിപ്പിക്കുന്നത് ആശ്വാസത്തോടെ ശശികുമാരന്‍ കണ്ടു. കേസിന്റെ ഗതി എങ്ങോട്ടെന്ന് വ്യകതമാക്കുന്നതായിരുന്നു സിബി മാത്യുവിന്റെ രോഷപ്രകടനം വര്‍ഷങ്ങള്‍ക്ക് അന്നാദ്യമായി ശശികുമാരന്‍ പ്രശാന്തിയെന്തെന്നറിഞ്ഞു
* * * *
ഏപ്രില്‍ 29, 1998. സുപ്രീം കോടതി ജസ്റ്റിസുമാരായ എം.കെ.മുഖര്‍ജിയും സയ്യദ് ഷാ മുഹമ്മദ് ഖുറേഷിയും അംഗങ്ങളായ ഡിവിഷന്‍ ബഞ്ച് ചാരക്കേസ് അടിസ്ഥാന രഹിതവും ക്രമക്കേടുകള്‍ നിറഞ്ഞതും ദുഷ്ടലാക്കോടെ രൂപം കൊടുത്ത നീതി നിഷേധവുമായിരുന്നെന്ന് വിധിച്ചു. കേരള സര്‍ക്കാരിനോ മറ്റ് ഏതെങ്കിലും ഏജന്‍സിക്കോ ചാരക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും അസന്ദിഗ്‌ധമായി വിധിച്ചു. നാലുവര്‍ഷം നീണ്ടു നിന്ന ചാരക്കേസിന്റെ നിയമനടപടികള്‍ക്ക് അങ്ങനെ അവസാനമായി. നാലുവര്‍ഷം നിരപരാധികളായ ആറുപേര്‍ അനുഭവിച്ചു തീര്‍ത്ത പീഡനങ്ങളും യാതനകളും അവഹേളനങ്ങളും പക്ഷെ അപ്പോഴേയ്‌ക്കും പൊതു മനസ്സില്‍ നിന്ന് മായ്‌ക്കപ്പെട്ടിരുന്നു.മാധ്യമങ്ങളുടെ രതികഥനം തീര്‍ത്ത അശ്ലീലതയും ജനം മറന്നു.
ശശികുമാരന്‍ ഇന്നില്ല. ഫൗസിയയും മറിയം റഷീദയും മാലിയിലേക്ക് മടങ്ങിപ്പോയി. പിന്നീട് ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി മറിയം റഷീദ കേരളത്തില്‍ എത്തിയിരുന്നു. അന്നും ചാരക്കേസിനെക്കുറിച്ച് ചോദിച്ച പത്രപ്രവര്‍ത്തകരോട് മറിയം റഷീദയ്‌ക്ക് പറയാനുണ്ടായിരുന്നത് സ്‌മാര്‍ട്ട് വിജയന്റെ നടക്കാതെ പോയ രതിവാഞ്ചയെക്കുറിച്ചായിരുന്നു. അന്ന് അയാളുടെ മുഖത്തടിച്ച് മുറിയില്‍ നിന്ന് ഇറക്കി വിട്ടിരുന്നില്ലായെങ്കില്‍ ഇങ്ങനെയൊരു കേസ് ഉണ്ടാകുമായിരുന്നില്ല എന്ന് അന്നും മറിയം റഷീദ മാധ്യമങ്ങളോട് വെളിപ്പെടുത്തി...
18 വര്‍ഷം പിന്നെയും കടന്നുപോയി. ചാരക്കേസില്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നമ്പി നാരായണന് കേരള സര്‍ക്കാര്‍ നല്‍കണമെന്ന് വിധിയായി. 18 വര്‍ഷം മുന്‍പ് കേരളത്തെ പിടിച്ചുലച്ച, ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിനെ ചിതറിച്ച ചാരക്കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയും തന്റെ പിതാവ് കെ.കരുണാകരനെ ഒതുക്കാനുള്ള നീചശ്രമവും ഉണ്ടായിരുന്നു എന്ന പ്രസ്‌താവനയുമായി കെ.മുരളീധരന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ ഇന്നും ഈ വിഷയം സജീവ ചര്‍ച്ചയാണ്. ദേശാഭിമാനി കുത്തിപ്പൊക്കിക്കൊണ്ടു വന്ന അന്താരാഷ്ട്ര ഗൂഢാലോചന അങ്ങനെ ഉള്ളി പൊളിച്ചതുപോലെയായി. അന്ന് നമ്പി നാരായണനെയും ശശികുമാരനെയും ചന്ദ്രശേഖരനെയും ശര്‍മ്മയെയും മറിയം റഷീദയെയും ഫൗസിയ ഹസനെയും അനധികൃതമായി തടഞ്ഞുവയ്‌ക്കുകയും മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്‌ത സംഭവത്തില്‍ അന്നത്തെ ഡിഐജി സിബി മാത്യുവും സിറ്റി പോലീസ് കമ്മീഷണര്‍ വി.ആര്‍.രാജീവനും സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ വിദേശ പൗരവിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ വിജയനും കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തി. പക്ഷേ, അവരാരും ശിക്ഷിക്കപ്പെട്ടില്ല. മറിച്ച്, സിബി മാത്യുവിനും വി.ആര്‍.രാജീവനും പോലീസിന്റെ വിശിഷ്ട മെഡല്‍ നല്‍കി രാഷ്ട്രം ആദരിക്കുകയായിരുന്നു.
ആഭാസങ്ങളും അസംബന്ധങ്ങളുമാണ് എന്നും അധികാര രാഷ്ട്രീയത്തെ സജീവമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍. എന്നും എവിടെയും ജനാധിപത്യ രാഷ്ട്രങ്ങളുടെ സ്വയം ശീര്‍ഷത്വം നശിപ്പിച്ചൊടുക്കുക എന്നതാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒറ്റപ്പോയിന്റ് അജണ്ട.ആ നൃശംസതയുടെ മുടയഴിച്ചാട്ടമായിരുന്നു മലയാള മാധ്യമങ്ങള്‍ കൊണ്ടാടിയ ഐഎസ്‌ആര്‍ഒ ചാരക്കഥ
`വായുവിലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായികാണ്‍മൂ സാമ്രാജ്യപ്പണക്കൊതി...' (പാബ്ലോ നെരൂദ)
Subscribe to:
Post Comments (Atom)
No comments:
Post a Comment