Thursday, September 11, 2014

ബാര്‍:വികലമായ സര്‍ക്കാര്‍ നയത്തേക്കാള്‍ ഭയാനകം തെറ്റായ കോടതി വിധികള്‍

സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും എടുത്ത തീരുമാനവും സങ്കീര്‍ണവും അതീവ ഗുരുതരവുമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌.അതില്‍ പ്രധാനം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ രൂപം നല്‍കുന്ന നയപരമായ വിഷയങ്ങളില്‍ കോടതികള്‍ക്ക്‌ ഇടപെടാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്‌.അതില്ലെന്ന്‌ സുപ്രീം കോടതി തന്നെ, അസന്ദിഗ്‌ധമായി, വിധി പറഞ്ഞിട്ടുള്ളതാണ്‌.അതിന്റെ ലംഘനമാണ്‌ ഇന്നലെ നടന്നത്‌.സമയ ബന്ധിതമായ സമ്പൂര്‍ണ മദ്യ നിരോധനമെന്ന സര്‍ക്കാരിന്റെ പുതിയ നയം എന്തു കൊണ്ട്‌ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാധകമാകുന്നില്ല എന്ന ചോദ്യം ഉന്നയിക്കാന്‍ പോലും സുപ്രീം കോടതിക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല എന്നതാണ്‌ വാസ്‌തവം.ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിച്ചുള്ള ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കേണ്ടതില്ല എന്ന കേരള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്‌തു കൊണ്ട്‌. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയതാണ്‌. ആ വിധി വിസ്‌മരിച്ചു കൊണ്ട്‌,അല്ലെങ്കില്‍ തമസ്‌ക്കരിച്ചു കൊണ്ട്‌ ഇപ്പോള്‍ ചോദ്യം ചോദിച്ചത്‌ നിയമപരമായി തെറ്റാണ്‌.എന്നാല്‍ ഈ തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ കേരളസര്‍ക്കാരിന്‌ വേണ്ടി ഹാജരായ കോണ്‍ഗ്രസുകാരന്‍ കൂടിയായ അഡ്വ.കപില്‍ സിബല്‍ തയ്യാറാകാതിരുന്നിടത്താണ്‌ ബാര്‍ ഉടമകള്‍ക്ക്‌ ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പും സമ്പൂര്‍ണ മദ്യനിരോധനം എന്ന നയം നടപ്പിലാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള ആര്‍ജവമില്ലായ്‌മയും ഉപരിതലത്തിലെത്തുന്നത്‌.
രോഗി ഇച്ഛിക്കുന്നത്‌ തന്നെ വൈദ്യന്‍ കല്‍പിച്ചാലുണ്ടാകുന്ന സന്തോഷത്തിലാണ്‌,ആതിരേ, കേരളത്തിലെ ബാര്‍ ഉടമകളും മദ്യപന്മാരും സര്‍ക്കാരും.എങ്കിലും ഏറ്റവും അധികം ആഹ്ലാദിക്കുന്നത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ്‌ മന്ത്രി കെ.ബാബുവുമായിരിക്കും.കാരണം കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ പ്രഖ്യാപിത നയത്തിന്‌ അനുസൃതമായിട്ടല്ലായിരുന്നു സമ്പൂര്‍ണ മദ്യനിരോധനമെന്ന നയപ്രഖ്യാപനമുണ്ടായത്‌.കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കില്‍ മേല്‍ക്കൈ നേടാന്‍ ഉമ്മന്‍ ചാണ്ടി പ്രയോഗിച്ച പത്തൊന്‍പതാമത്തെ അടവായിരുന്നു അത്‌.പൂട്ടിക്കിടക്കുന്ന 418 ബാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടിയ യുഡിഎഫ്‌ യോഗത്തില്‍ പങ്കെടുത്തവരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു കേരളത്തിലെ ബാറുകളെല്ലാം പൂട്ടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ `നയപ്രഖ്യാപന'മുണ്ടായത്‌.418 ബാറിന്റെ കാര്യത്തില്‍, തന്നെ കാഴ്‌ചക്കാരനാക്കി, കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍ കൈയ്യടി നേടുന്നത്‌ ഒഴിവാക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി ധൃതിപിടിച്ച്‌ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോഴെ,ആതിരേ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്‌ പോലൊരു തിരിച്ചടി കേരളം പ്രതീക്ഷിച്ചിരുന്നതാണ്‌.. ഈ മാസം 30ന്‌ മുമ്പ്‌ ബാറുകള്‍ അടച്ച്‌ പൂട്ടരുതെന്നും അതിന്‌ മുമ്പ്‌ ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവ്‌ പുറത്ത്‌ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉള്ളില്‍ ചിരിക്കുകയും വെളിയില്‍ ഞെട്ടല്‍ അഭിനയിക്കുകയും ചെയ്‌ത്‌ കേരളീയരെ ഒരിക്കല്‍ കൂടി വിഢികളാക്കി. ബാറുടമകളുടെ കേസ്‌ പരിഗണിച്ചപ്പോള്‍ ബുധനാഴ്‌ച സുപ്രീം കോടതി നടത്തിയ പരാമര്‍ശം-ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ നല്‍കുന്ന പ്രത്യേക അവകാശം സംബന്ധിച്ചത്‌ - ഇത്തരം ഒരു വിധിയുടെ സൂചനയായിരുന്നു സംസ്ഥാനത്തെ ബാറുകള്‍ക്ക്‌ സെപ്‌റ്റംബര്‍ 11ന്‌ രാത്രി 11 മണിക്ക്‌ താഴു വീഴും എന്ന്‌ പ്രതീക്ഷിച്ചിടത്താണ്‌ ,ആതിരേ,സുപ്രീം കോടതി ബാര്‍ ഉടമകളുടെയും രാഷ്ട്രീയക്കാരുടെയും രക്ഷക്കെത്തിയത്‌. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ആത്യന്തികമല്ല.അതു കൊണ്ട്‌ അഡ്വ.കാളീശ്വരം രാജ്‌ ചൂണ്ടിക്കാണിച്ചത്‌ പോലെ ആര്‍ക്കെങ്കിലുമൊക്കെ ആഹ്ലാദിക്കാനോ ആര്‍ക്കെങ്കിലുമൊക്കെ അനുശോചിക്കാനോ സമയമായിട്ടില്ല.എങ്കിലും സുപ്രീം കോടതിയുടെ ഈ നിലപാട്‌ ബാര്‍ വിഷയത്തില്‍ വ്യവഹാര വ്യവസായത്തിന്‌ തറക്കല്ലിടുകയാണ്‌.നിരന്തരവും ദീര്‍ഘവുമായ കോടതി നടപടികളാണ്‌ വരാന്‍ പോകുന്നത്‌. മദ്യപരായ മക്കളും ഭര്‍ത്താക്കന്മാരും ഉള്ള സ്‌ത്രീകള്‍ ഒഴിച്ച്‌ കേരളത്തിലെ മറ്റാരെങ്കിലും സുപ്രീം കോടതിയുടെ നിലപാടില്‍ ദു:ഖിക്കുന്നുണ്ടാകുമോ...? ഇല്ല.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരും ഇക്കാര്യത്തില്‍ ലവലേശം വിഷമിക്കുന്നുണ്ടാവില്ലെന്നുറപ്പാണ്‌. ബാറുകളുടെ നിലവാരം നോക്കാതെ ലൈസന്‍സ്‌ അനുവദിക്കണം എന്ന്‌ ആവശ്യപ്പെട്ട കക്ഷിയാണ്‌ ഉമ്മന്‍ ചാണ്ടി. (സുധീരന്‌ പണികൊടുക്കാന്‍ വേണ്ടിയായിരുന്നല്ലോ സമ്പൂര്‍ണ മദ്യ നിരോധനം പ്രഖ്യാപിച്ചത്‌.) മറുവശത്ത്‌ നിലവാരമില്ലാത്ത ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കരുതെന്ന്‌ ആവശ്യപ്പെട്ടായിരുന്നു സുധീരന്‍ നിലപാട്‌ കടുപ്പിച്ചത്‌ . സമ്പൂര്‍ണ മദ്യ നിരോധനത്തെക്കുറിച്ച്‌ അപ്പോള്‍ സുധീരനും ആലോചിച്ചിരുന്നില്ല. എന്നാല്‍ സുധീരന്‍ പോലും അറിയാതെ സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം ഉമ്മന്‍ ചാണ്ടി നടത്തിയപ്പോഴാണ്‌ ഗ്രൂപ്പ്‌ തര്‍ക്കത്തിന്റെ ഗതിമാറിയതും ബാര്‍ വിഷയം കൈവിട്ടുപോയതും. മദ്യ നിരോധനത്തോടെ സര്‍ക്കാരിന്റെ സാമ്പത്തിക നില പരുങ്ങലിലാകും എന്ന്‌ വിലപിക്കുന്ന കെഎം മാണിക്കും സംസ്ഥാനത്തിന്റെ ധനസ്ഥിതി ആലോചിക്കുമ്പോള്‍ സമ്പൂര്‍ണ മദ്യ നിരോധനം തെറ്റായിപ്പോയെന്നു കരുതുന്ന കുഞ്ഞാലിക്കുട്ടിക്കും ഈ വിധി ഒത്തിരി സന്തോഷം പകരും. അതു കൊണ്ട്‌ ഹൈക്കോടതിയുടെ വിധി വരുന്നത്‌ വരെ ,ഏറ്റവും കുറഞ്ഞത്‌ ഈ മാസം മുപ്പതാം തിയതി വരെയെങ്കിലും കേരളത്തിലെ മദ്യപര്‍ക്കും,ബാര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും `` ആനന്ദ ലബ്ധിക്ക്‌'' മറ്റൊന്നും വേണ്ടതില്ല. മറുവശത്ത്‌ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും എടുത്ത തീരുമാനവും സങ്കീര്‍ണവും അതീവ ഗുരുതരവുമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌,ആതിരേ..അതില്‍ പ്രധാനം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ രൂപം നല്‍കുന്ന നയപരമായ വിഷയങ്ങളില്‍ കോടതികള്‍ക്ക്‌ ഇടപെടാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്‌.അതില്ലെന്ന്‌ സുപ്രീം കോടതി തന്നെ, അസന്ദിഗ്‌ധമായി, വിധി പറഞ്ഞിട്ടുള്ളതാണ്‌.അതിന്റെ ലംഘനമാണ്‌ ഇന്നലെ നടന്നത്‌.സമയ ബന്ധിതമായ സമ്പൂര്‍ണ മദ്യ നിരോധനമെന്ന സര്‍ക്കാരിന്റെ പുതിയ നയം എന്തു കൊണ്ട്‌ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാധകമാകുന്നില്ല എന്ന ചോദ്യം ഉന്നയിക്കാന്‍ പോലും സുപ്രീം കോടതിക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല എന്നതാണ്‌ വാസ്‌തവം.ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിച്ചുള്ള ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കേണ്ടതില്ല എന്ന കേരള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്‌തു കൊണ്ട്‌. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയതാണ്‌. ആ വിധി വിസ്‌മരിച്ചു കൊണ്ട്‌,അല്ലെങ്കില്‍ തമസ്‌ക്കരിച്ചു കൊണ്ട്‌ ഇപ്പോള്‍ ചോദ്യം ചോദിച്ചത്‌ നിയമപരമായി തെറ്റാണ്‌.എന്നാല്‍ ഈ തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ കേരളസര്‍ക്കാരിന്‌ വേണ്ടി ഹാജരായ കോണ്‍ഗ്രസുകാരന്‍ കൂടിയായ അഡ്വ.കപില്‍ സിബല്‍ തയ്യാറാകാതിരുന്നിടത്താണ്‌ ബാര്‍ ഉടമകള്‍ക്ക്‌ ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പും സമ്പൂര്‍ണ മദ്യനിരോധനം എന്ന നയം നടപ്പിലാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള ആര്‍ജവമില്ലായ്‌മയും ഉപരിതലത്തിലെത്തുന്നത്‌. മറ്റൊരു തലത്തിലും,ആതിരേ, ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളെക്കുറിച്ചുള്ള സുപ്രീം കോടതി ബഞ്ചിന്റെ ചോദ്യം അപ്രസക്തമാണ്‌.ലൈസന്‍സിംഗ്‌,അത്‌ എത്‌ തരത്തിലുള്ളതായാലും ഏത്‌ മേഖലയിലുള്ളതായാലും വിവേചനപരമാണ്‌.മറ്റൊരു വാക്യത്തില്‍ പറഞ്ഞാല്‍ വിവേചനം ലൈസന്‍സിംഗില്‍ അന്തര്‍ലീനമാണ്‌.ബാര്‍ ഉടമകളുടെ അപ്പീലില്‍ വാദം കേട്ട സുപ്രീം കോടതി ബഞ്ചിന്‌ ഇക്കാര്യം അറിയില്ലെന്ന്‌ വിശ്വസിക്കാനാവില്ല.എന്നിട്ടും ബിവറേജസ്‌ കോര്‍പ്പറേഷന്റെ കാര്യത്തിലും ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തിലും കേരളസര്‍ക്കാര്‍ വിവേചനം കാണിക്കുന്നു എന്നാണ്‌ നിരീക്ഷണമുണ്ടായത്‌.അതിനെ പ്രതിരോധിക്കുന്നതില്‍, പക്ഷേ , അഡ്വ.കപില്‍ സിബല്‍ ജാഗ്രത കാണിച്ചില്ല.മറിച്ച്‌ ഹര്‍ജിക്കാര്‍ക്ക്‌ അനുകൂലമായ നിരീക്ഷണത്തിലേയ്‌ക്ക്‌ നയിക്കാന്‍ മാത്രം സഹായകമായ മദ്യവിപത്തിന്റെ പൊതുഘടകങ്ങളില്‍ അഭിരമിക്കാനാണ്‌ താത്‌പര്യപ്പെട്ടത്‌.അതായത്‌ സര്‍ക്കാരിന്റെ മദ്യനയത്തെ ബാര്‍ ഉടമകള്‍ക്കും രാഷ്ട്രാന്തരമദ്യ നിര്‍മാതാക്കള്‍ക്കും ഒപ്പം ചേര്‍ന്ന്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ അട്ടിമറിക്കുകയായിരുന്നു. സര്‍ക്കാരിന്റെ വികലമായ നയത്തേക്കാള്‍ ഭയക്കേണ്ടത്‌ കോടതികളുടെ തെറ്റായ വിധികളെ ആണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇന്നലത്തെ കോടതി നടപടികള്‍ .ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ അത്തരം വിധികളാണ്‌,ആതിരേ, പലപ്പോഴും രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടാകുന്നത്‌.

No comments: