Tuesday, September 2, 2014

എന്ത്‌ അപമാനം സഹിച്ചും അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ രണ്ട്‌ കോടതി വിധി

ആ ഉമ്മന്‍ ചാണ്ടിയാണിപ്പോള്‍ കേരളത്തിലെ പൊതുബോദ്ധ്യത്തിന്റെ തോളില്‍ക്കയറിയിരുന്ന്‌ അഴിമതിയും അഹന്തയും വിസര്‍ജിക്കുന്നത്‌.ഇരുപത്തി രണ്ട്‌ വര്‍ഷമായി,അധികാരത്തിന്റെ കൗശലങ്ങളെല്ലാം പ്രയോഗിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്ക്‌ മുക്തികിട്ടാത്തതാണ്‌ പാമൊലിന്‍ കേസ്‌.അതങ്ങനയേ വരൂ.അന്ന്‌ കരുണാകരനെ കുഴിയില്‍ ചാടിക്കാന്‍ പാമൊലിന്‍ ഇറക്കുമതിയുടെ പിന്നാമ്പുറക്കഥകള്‍ മാദ്ധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയത്‌ ഉമ്മന്‍ ചാണ്ടിയായിരുന്നു.ഗ്രൂപ്പ്‌ കളിയിലെ മേല്‍ക്കൈക്കും ശുഷ്‌കവും താത്‌കാലികവുമായ രാഷ്ട്രീയ നേട്ടത്തിനും വേണ്ടി നടത്തിയ അടിവലി ഇങ്ങനെ പാരയായി ഭവിക്കുമെന്ന്‌ അന്ന്‌ ഉമ്മന്‍ ചാണ്ടി കരുതിയിട്ടുണ്ടാവില്ല.പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന നാട്ടുചൊല്ലിന്റെ ചാട്ടവാറടിയില്‍ ഉമ്മന്‍ ചാണ്ടി പുളയുന്നത്‌ അനല്‍പമല്ലാത്ത സന്തോഷത്തോടെയാണ്‌ കേരളം കാണുന്നത്‌.
ഉമ്മന്‍ ചാണ്ടിയെന്ന ജനാധിപത്യ കാപട്യത്തിന്റേയും അധികാര ദുര്‍മദത്വത്തിന്റേയും നെറുകുപിളര്‍ത്തുന്ന വിധികളാണ്‌,ആതിരേ,തിങ്കളാഴ്‌ച സുപ്രീം കോടതിയില്‍ നിന്നും കേരള ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്‌.എന്നാല്‍ നീതിന്യായ വ്യവസ്ഥകളിലും ജനാധിപത്യമൂല്യങ്ങളിലും തരിമ്പെങ്കിലും വിശ്വാസമുള്ള ആരേയും അധികാരമൊഴിഞ്ഞ്‌,അഗ്നിശുദ്ധിവരുത്താന്‍ നിര്‍ബധിക്കുന്ന നീതിബോധത്തിന്‌ നേര്‍ക്കും തന്നെ മുഖ്യമന്ത്രിയാക്കിയ കേരളത്തിലെ സമ്മതിദായകര്‍ക്ക്‌ നേരെയും കൊഞ്ഞനം കുത്തി അധികാരക്കസേരയില്‍ ഉടുമ്പിനെ പോലെ അള്ളിപ്പിടിച്ചിരിക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി.``ഏതന്വേഷണവും നേരിടാമെന്ന'' കപടോക്തിയുടെ ബലത്തിലെ ഈ ഞാണിന്മേല്‍ക്കളി അപഹാസ്യവും അമാന്യവും അശ്ലീലവുമാണെന്ന്‌ ബോദ്ധ്യപ്പെടുത്തി കഴുത്തിന്‌ പിടിച്ചിറക്കിവിടാനുള്ള ആര്‍ജവവും നട്ടെല്ലുറപ്പും കോണ്‍ഗ്രസ്‌ ഹൈക്കാമാന്റ്‌ പ്രദര്‍ശിപ്പിക്കേണ്ടിയിരിക്കുന്നു. തുടര്‍ച്ചയായി,അഴിമതിക്കേസില്‍ കോടതിയുടെ നിശിതവിമര്‍ശനത്തിന്‌ ഇങ്ങനെ വിധേയനായ ഒരു മുഖ്യമന്ത്രി സമീപ ഭൂതകാലത്ത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലുമില്ല,ആതിരേ!.ഉമ്മന്‍ ചാണ്ടിയുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ ഝാര്‍ഖണ്ഡിലെ ഷിബു സൊറനൊക്കെ എത്ര മാന്യന്മാരാണെന്ന്‌ സമ്മതിക്കേണ്ടിവരുന്നു!പാമൊലിന്‍ കേസിലും പ്ലസ്‌ ടു കേസിലുമുണ്ടായ കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്ത്‌ നിന്ന്‌ മാറ്റാന്‍ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിക്കും ഐക്യ ജനധിപത്യ മുന്നണിക്കും ബാദ്ധ്യതയുണ്ട്‌.ഒന്നോര്‍ക്കണം,മനസ്സില്ലാ മനസോടെയാണ്‌ കേരളം ഉമ്മന്‍ ചാണ്ടിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും അനുകൂലമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയത്‌.കേവലഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റുമാത്രമാണ്‌ ഐക്യജനാധിപത്യ മുന്നണിക്ക്‌ കിട്ടിയത്‌.അതാകട്ടെ ഐക്യജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയുടെ മികവുകൊണ്ടോ,മുന്നണിയെ നയിച്ച ഉമ്മന്‍ ചാണ്ടിയുടെ മിടുക്കു കൊണ്ടോ ആയിരുന്നില്ല.ആ നേട്ടത്തിന്‌,ആതിരേ, ഉമ്മന്‍ ചാണ്ടിയും മുന്നണിയും പിണറായി വിജയനോട്‌ കടപ്പെട്ടിരിക്കുന്നു. ആതിരേ,ആ ഉമ്മന്‍ ചാണ്ടിയാണിപ്പോള്‍ കേരളത്തിലെ പൊതുബോദ്ധ്യത്തിന്റെ തോളില്‍ക്കയറിയിരുന്ന്‌ അഴിമതിയും അഹന്തയും വിസര്‍ജിക്കുന്നത്‌.ഇരുപത്തി രണ്ട്‌ വര്‍ഷമായി,അധികാരത്തിന്റെ കൗശലങ്ങളെല്ലാം പ്രയോഗിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്ക്‌ മുക്തികിട്ടാത്തതാണ്‌ പാമൊലിന്‍ കേസ്‌.അതങ്ങനയേ വരൂ.അന്ന്‌ കരുണാകരനെ കുഴിയില്‍ ചാടിക്കാന്‍ പാമൊലിന്‍ ഇറക്കുമതിയുടെ പിന്നാമ്പുറക്കഥകള്‍ മാദ്ധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയത്‌ ഉമ്മന്‍ ചാണ്ടിയായിരുന്നു.ഗ്രൂപ്പ്‌ കളിയിലെ മേല്‍ക്കൈക്കും ശുഷ്‌കവും താത്‌കാലികവുമായ രാഷ്ട്രീയ നേട്ടത്തിനും വേണ്ടി നടത്തിയ അടിവലി ഇങ്ങനെ പാരയായി ഭവിക്കുമെന്ന്‌ അന്ന്‌ ഉമ്മന്‍ ചാണ്ടി കരുതിയിട്ടുണ്ടാവില്ല.പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന നാട്ടുചൊല്ലിന്റെ ചാട്ടവാറടിയില്‍ ഉമ്മന്‍ ചാണ്ടി പുളയുന്നത്‌ അനല്‍പമല്ലാത്ത സന്തോഷത്തോടെയാണ്‌ കേരളം കാണുന്നത്‌. കാവ്യനീതിയില്‍ ഒതുക്കാവുന്നതല്ല ഉമ്മന്‍ ചാണ്ടിയുടെ പാതകം.അതിന്‌ അധികാര ദുര്‍വിനിയോഗത്തിന്റെ ദുര്‍ഗന്ധമുണ്ടെന്നും അനീതിയുടെ അശ്ലീലതയുണ്ടെന്നുമാണ്‌ രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയത്‌.എന്നിട്ടും,``പത്ത്‌ വര്‍ഷം ഇടതുപക്ഷം ഭരിച്ചിട്ടും എന്നെ കുടുക്കാന്‍ കഴിഞ്ഞോ '' എന്ന നെറികെട്ട ചോദ്യമാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി ഉന്നയിക്കുന്നത്‌.പാമൊലിന്‍ കേസ്‌ ഒതുക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നികൃഷ്ടനീക്കങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ കഴിയുന്ന പ്രബുദ്ധ ജനതയുടെ മുഖത്ത്‌ നോക്കി അങ്ങനെ ചോദിക്കാന്‍ തൊലിക്കട്ടി കാണ്ടാമൃഗത്തിന്റെ പോര.പാമൊലിന്‍ കേസ്‌ ഇല്ലാതാക്കാനുള്ള തീരുമാനം രണ്ടുവട്ടം സ്വന്തം മന്ത്രിസഭയെക്കൊണ്ട്‌ എടുപ്പിച്ച കൗശലമാണ്‌ ഉമ്മന്‍ ചാണ്ടി. വിജിലന്‍സ്‌ വകുപ്പ്‌ മന്ത്രി എഴുതിയ വിയോജനക്കുറിപ്പ്‌ കാറ്റില്‍പറത്തി,മുഖ്യമന്ത്രിയെന്ന അധികാരമുപയോഗിച്ച്‌ തനിക്കു കീഴിലെ വിജിലന്‍സിനെക്കൊണ്ട്‌ തനിക്കിതില്‍ പങ്കില്ല എന്നു കാട്ടുന്ന റിപ്പോര്‍ട്ട്‌ എഴുതിച്ച്‌, ആ റിപ്പോര്‍ട്ട്‌ കോടതിയില്‍ കൊടുത്ത്‌ കേസ്‌ പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച ചാണക്യനാണ്‌ ചാണ്ടി.തനിക്കെതിരെ ``ഒരു കുഞ്ഞു തെളിവു പോലുമില്ലെന്ന്‌'' അഹങ്കരിക്കുന്ന ഉമ്മന്‍ ചാണ്ടി മറന്ന്‌ പോകുന്ന വാസ്‌തവങ്ങള്‍ നിരവധിയാണ്‌. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ഉമ്മന്‍ചാണ്ടി ഒപ്പുവച്ചാണ്‌ മന്ത്രിസഭയില്‍ വച്ചത്‌ എന്നതാണ്‌ അതില്‍ പ്രധാനം. പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ നിശ്ചയിച്ച 1991-92 കാലയളവില്‍ ധനസെക്രട്ടറിയായിരുന്ന എന്‍ വി മാധവന്‍, ഭക്ഷ്യപൊതുവിതരണ അണ്ടര്‍ സെക്രട്ടറി സോമരാജന്‍, പൊതുവിതരണ സെക്രട്ടറി സഖറിയാ മാത്യു എന്നിവരുടെ മൊഴികളാണ്‌ അനുബന്ധത്തെളിവുകള്‍.കോടതി അത്‌ മറന്നിട്ടില്ല.അതു കൊണ്ടാണ്‌ 22 വര്‍ഷം കഴിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി ഇങ്ങനെ വിചാരണ ചെയ്യപ്പെടുന്നത്‌. ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ തുടരന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാന്‍ നിര്‍ദേശിച്ച വിജിലന്‍സ്‌ ജഡ്‌ജിയെ യുഡിഎഫ്‌ നേതാക്കളെക്കൊണ്ട്‌ ഭര്‍ത്സിച്ചൊതിക്കി ആ കേസ്‌ ആ ജഡ്‌ജി കേള്‍ക്കില്ല എന്നുറപ്പാക്കിയതും പാമൊലിന്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ക്ക്‌ രാജിവച്ച്‌ ഒഴിയേണ്ട അവസ്ഥ സൃഷ്ടിച്ചതുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ `തൊട്ടിത്തരങ്ങളാണെ'ന്ന്‌ വിളിച്ചു പറയുകയായിരുന്നു,ആതിരേ, സുപ്രീം കോടതി. പ്ലസ്‌ ടു കേസില്‍ കോടതി വിധിയേയും ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ശിപാര്‍ശയേയും പുറംകാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ച്‌ ലീഗീന്റെ പണക്കൊതിക്കൊപ്പം നിന്നതാണ്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ ആദ്യവും ഡിവിഷന്‍ ബഞ്ച്‌ തിങ്കളാഴ്‌ചയും അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ തുറന്ന്‌ കാട്ടിയത്‌.അഞ്ചാം മന്ത്രിയെ അനുവദിക്കുന്നിടം തൊട്ട്‌ ലീഗിന്റെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമനാ'യിരുന്നു ഉമ്മന്‍ ചാണ്ടി.ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ മറവില്‍ കോടികളുടെ അഴിമതിക്കാണ്‌ മുഖ്യമന്ത്രി എന്ന നിലയ്‌ക്ക്‌ ഉമ്മന്‍ ചാണ്ടി അവസരമൊരുക്കാന്‍ അക്ഷീണം യത്‌നിച്ചത്‌.പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതിലെ അഴിമതി ചൂണ്ടിക്കാണിച്ചവരോട്‌ ``തെളിവ്‌ കൊണ്ടുവരൂ''എന്ന്‌ ഞെളിഞ്ഞ്‌ നിന്ന്‌ വെല്ലുവിളിച്ചതും കേരളം മറന്നിട്ടില്ല.കൈക്കൂലിക്ക്‌ തെളിവുണ്ടാകില്ല എന്ന പ്രഥമിക ബോദ്ധ്യത്തില്‍ നിന്നുകൊണ്ട്‌ മലയാളികളെ വിഢികളാക്കിയ രാഷ്ട്രീയ കൗശലത്തിന്റെ നഗ്നതയാണ്‌ ഹൈക്കോടതി തുറന്ന്‌ കാട്ടിയത്‌.സിംഗിള്‍ ബഞ്ച്‌ വിധിവന്നപ്പോള്‍ തങ്ങളുടെ ഭാഗം കെട്ടില്ലെന്ന ആരോപണവും സുതാര്യമായി വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ക്കണ്ടാണ്‌ നടപടിയെടുത്തതെന്ന അവകാശ വാദവും പെരുംകള്ളങ്ങളാണെന്ന്‌ അന്നേ ബോദ്ധ്യമായതാണ്‌.ആതിരേ,അഴിമതിയുടേയും അനീതിയുടേയും എല്ലാ ശക്തികളുമായി സമരസപ്പെട്ട്‌ അവരെ സംരക്ഷിക്കുന്ന ഭരണഭീഷണിയാണ്‌ ഉമ്മന്‍ ചാണ്ടിയെന്ന്‌ ഹൈക്കോടതി ഒരു വട്ടം കൂടി സ്ഥാപിക്കുകയായിരുന്നു തിങ്കളാഴ്‌ച. സോളാര്‍ കേസില്‍,സലിം രാജിന്റെ ഭൂമിതട്ടിപ്പ്‌ കേസില്‍,ടൈറ്റാനിയം കേസിലൊക്കെ ഇത്തരത്തില്‍ കോടതി ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ചെയ്‌തികളെ നിശിതമായി വിമര്‍ശിച്ച്‌ ഈ മനുഷ്യന്‍ ജനാധിപത്യ ഭരണക്രമത്തിലെ ഭീകരനാണെന്ന്‌ നിസംശയം വിധിയെഴുതിയതാണ്‌.അന്നൊക്കെ ``നിയമം നിയമത്തിന്റെ വഴിക്ക്‌ പോകും.എനിക്ക്‌ ഭയക്കാനൊന്നുമില്ലെന്ന്‌'' വീമ്പിളക്കുകയും ``ഏത്‌ അപമാനം സഹിച്ചും അധികാരത്തില്‍ തുടരുമെന്ന്‌'' പ്രഖ്യാപിക്കുകയും ചെയ്‌ത ഉളുപ്പില്ലായമായാണ്‌ ഉമ്മന്‍ ചാണ്ടി.അതു കൊണ്ട്‌ തിങ്കളാഴ്‌ചത്തെ വിധികളെ മാനിക്കാനുള്ള ജനാധിപത്യ മര്യാദ ഉമ്മന്‍ ചാണ്ടിക്കുണ്ടാവില്ല.അതു കൊണ്ട്‌ മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയുമില്ല.പക്ഷേ ഒന്നുറപ്പ്‌.കരുണാകരന്‌ സംഭവിച്ചതിലും ഹീനവും ഭീകരവുമായ പരിണതിയാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത്‌.അതിനിനി അധികം താമസവുമില്ല

No comments: