Wednesday, September 10, 2014

പുലയ -ഈഴവ വോട്ട്‌ തട്ടാന്‍ മോദി ചരിത്രത്തെ വക്രീകരിക്കുമ്പോള്‍

2000ത്തില്‍ മുരളിമനോഹര്‍ ജോഷി കേന്ദ്ര മാനവ വിഭശേഷി വകുപ്പ്‌ മന്ത്രിയായിരുന്നപ്പോളാണ്‌ ചരിത്രത്തെ വളച്ചോടിക്കാനുള്ള ശ്രമം സംഘപരിവാര്‍ ആരംഭിച്ചത്‌.നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഏജ്യോൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയ്‌നിംഗ്‌ (എന്‍സിഇആര്‍ടി )അന്ന്‌ പുറത്തിറക്കിയ ടെക്‌സ്റ്റ്‌ ബുക്കുകളില്‍ നിന്ന്‌ ഗാന്ധിജിയുടെ ഘാതകന്‍ നാദുറാം ഗോദ്‌സെയുടെ പേര്‌ നിക്കം ചെയ്‌തുകൊണ്ടായിരുന്നു സംഘപരിവാര്‍ താത്‌പര്യപ്രകാരം ഇന്ത്യാ ചരിത്രത്തെ ആദ്യമായി വക്രീകരിച്ചത്‌.1942ലെ ക്വിറ്റ്‌ ഇന്ത്യാസമരത്തെ കമ്മ്യൂണിസ്റ്റുകളും ജിന്നയുടെ മുസ്ലിം ലീഗും മാത്രമാണ്‌ എതിര്‍ത്തതെന്നും എന്‍സിഇആര്‍ടിയെ കൊണ്ട്‌,പാഠപുസ്‌തകങ്ങളില്‍ പറയിപ്പിച്ചു .യഥാര്‍ത്ഥത്തില്‍ ആര്‍എസ്‌എസും ഹിന്ദുമഹാസഭയും ക്വിറ്റ്‌ ഇന്ത്യ സമരത്തെ എതിര്‍ത്തവരായിരുന്നു.കൂടാതെ ഹാരപ്പന്‍ സംസ്‌കാരത്തെ ഇന്‍ഡസ്‌-സരസ്വതി സംസ്‌കാരമെന്ന്‌ പുനര്‍നാമകരണം ചെയ്‌തും ഇന്‍ഡസ്‌ വാലി സംസ്‌കാരത്തിലും വേദിക്ക്‌ സംസ്‌കാരത്തിലും ദ്രാവിഡ ജനതയ്‌ക്കുള്ള പങ്ക്‌ തമസ്‌ക്കരിച്ചും മുന്നേറിയ ആ അട്ടിമറിയില്‍ വേദകാലത്തെ ഗണിതശാസ്‌ത്രവും ചികിത്സാരീതികളും കരിക്കുലത്തിന്റെ ഭാഗമാകാനുള്ള ശ്രമവും ഉണ്ടായിരുന്നു.ഇതിന്റെയൊക്കെ തുടര്‍ച്ചയാണ്‌ വിജ്ഞാന്‍ ഭവനില്‍ മുഴങ്ങിയത്‌. വരാനിരിക്കുന്നത്‌ ``അച്ചേദിന്‍''അല്ലെന്നും ചരിത്രത്തേപ്പോലും അട്ടിമറിക്കുന്ന സവര്‍ണ ഫാസിസിറ്റ്‌ അധിനിവേശമാണെന്നുമുള്ളതിന്റെ സൂചനകളാണ്‌ ഇവയെല്ലാം.
``വെടക്കാക്കി തനിക്കാക്കുക''എന്ന മലയാളത്തിലെ ചൊല്ല്‌,നിശിതമായ കൗശലത്തോടെ നടപ്പിലാക്കി ഇന്ത്യന്‍ ചരിത്രത്തെ വക്രീച്ച്‌ അതിന്‌ സവര്‍ണഹൈന്ദവ മുഖമേകാന്‍ 2000 മുതല്‍ സംഘപരിവാര്‍ നേതൃത്വം ആരംഭിച്ച അട്ടിമറിയുടെ തുടര്‍ച്ചയായിരുന്നു,ആതിരേ, ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ കേരള പുലയര്‍ മഹാസഭ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 152-ാം ജന്മദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള പണ്ഡിറ്റ്‌ കറുപ്പന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന കായല്‍ സമരം അയ്യങ്കാളിയുടെ നേതൃത്വത്തിലാണ്‌ സംഘടിപ്പിച്ചതെന്ന്‌ മോദി പറഞ്ഞത്‌, ആതിരേ, ചരിത്രത്തിലുള്ള തന്റെ അവഗാഹമില്ലായ്‌മ കൊണ്ട്‌ മാത്രമായിരുന്നില്ല,മറിച്ച്‌ കേരളത്തിലെ പുലയ-ഈഴവ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടുകൂടിയായിരുന്നു. അതിന്റെ തെളിവാണ്‌ നായര്‍ സമുദായ പരിഷ്‌കര്‍ത്താവായ മന്നത്ത്‌ പത്മനാഭന്റെയും ഈഴവ സമുദായ നേതാവായ ഡോ. പല്‍പുവിന്റെയും വാഗ്‌ഭടാനന്ദ ഗുരുവിന്റെയും പേരുകള്‍ എടുത്തുപറഞ്ഞ മോദി കായല്‍ സമരവുമായി ബന്ധപ്പെട്ട കെ പി വള്ളോന്റേയും കൃഷ്‌ണാതിയുടേയും പേരുകള്‍ തമസ്‌ക്കരിച്ചത്‌. കെപിഎംഎസിന്റെയും എസ്‌എന്‍ഡിപി യോഗത്തിന്റെയും പേരുകള്‍ ഊന്നിപ്പറഞ്ഞ മോദി അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റേയും കായല്‍ സമ്മേളനം സംഘടിപ്പിച്ച കൊച്ചി പുലയമഹാസഭയുടേയും പേരുകള്‍ ഒഴിവാക്കിയത്‌ ശരിയാണ്‌,ഗാന്ധിജിക്ക്‌ മുന്‍പേ രാഷ്ട്രീയ-സാമുഹിക വിപ്ലവത്തിന്റെ അഗ്നിശലാകയായ ധീരതയായിരുന്നു അയ്യങ്കാളി. വിദ്യാഭ്യാസത്തിലൂടെ സാമുഹിക സ്വാതന്ത്ര്യം എന്ന ആശയവുമായി 1905ലാണ്‌ അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിക്കുന്നത്‌ അങ്ങനെയാണ്‌. ദളിത്‌ പെണ്‍കുട്ടിക്ക്‌ പള്ളിക്കൂടത്തില്‍ പഠിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ 1907ല്‍ നെയ്യാറ്റിങ്കരയില്‍ നടന്ന സമരത്തിന്റെ സൂത്രധാരനും അയ്യങ്കാളിയാണ്‌. ഈ കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ കര്‍ഷകത്തൊഴിലാളികള്‍ പാടത്തിറങ്ങില്ല എന്ന നിലപാട്‌, അയ്യങ്കാളി സ്വീകരിച്ചു.തിരുവിതാംകൂറിലെ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരമായി ഇതു മാറി. പാടം തരിശ്ശിട്ട്‌ തൊഴില്‍ നിഷേധിച്ചുകൊണ്ടാണ്‌ മാടമ്പിമാര്‍ സമരത്തെ നേരിട്ടതെങ്കിലും ഒടുവില്‍, മാടമ്പിമാര്‍ക്ക്‌, തൊഴിലവകാശങ്ങള്‍ വകവച്ചു കൊടുക്കേണ്ടിവന്നു. ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ്‌ പിന്നീടു കേരളത്തിലുടനീളം കര്‍ഷത്തൊഴിലാളി മുന്നേറ്റത്തിനു ഊര്‍ജ്ജം പകര്‍ന്നത്‌.ഈ ചരിത്ര സമരകാലത്ത്‌ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു.1915ലാണ്‌, ആതിരേ, ഗാന്ധിജി ഇന്ത്യയിലെത്തുന്നതും അമിതമായ ഭൂകരം പിരിവിനെതിരെ കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും ഗ്രാമീണത്തൊഴിലാളികളേയും സംഘടിപ്പിച്ച്‌ സമരം ചെയ്യുന്നത്‌
സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ തിരുവനന്തപുരത്തെ രാജവീഥിയിലൂടെ വില്ലുവണ്ടിയിലേറി യാത്ര ചെയ്‌തുകൊണ്ട്‌ അധികാരത്തെ വെല്ലുവിളിച്ച അയ്യങ്കാളിയാണ്‌, ആതിരേ, തൊഴിലാളി സ്‌ത്രീകള്‍ക്ക്‌ മേല്‍മുണ്ടു ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയും പോരാടിയത്‌. തന്റെ ജാതിയിലുള്ള സ്‌ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. അയ്യങ്കാളിയെ അനുസരിച്ച സാധുജനങ്ങളെ അയിത്താചരണത്തിന്റെ വക്താക്കള്‍ നിഷ്‌ഠൂരമായി വേട്ടയാടി. അധഃസ്ഥിത സ്‌ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകള്‍ അറുത്തെറിഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മാടമ്പി ഭീകരതയ്‌ക്കെതിരെ പ്രതിഷേദിക്കാനായി കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്‌തു. മാടമ്പിമാരുടെ ആക്രമണത്തെത്തുടര്‍ന്ന്‌ നാടും വീടും വിട്ടവര്‍ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസമ്മേളനത്തില്‍ വച്ചാണ്‌ ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്‌തത്‌. ആഹ്വാനം കേട്ട സ്‌ത്രീകള്‍ ആവേശത്തോടെ കല്ലുമാലകള്‍ പൊട്ടിച്ചെറിഞ്ഞു. കീഴാള ജനവിഭാഗങ്ങള്‍ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്‌. കല്ലുമാല സമരം എന്ന പേരിലാണ്‌ ഈ സമരം അറിയപ്പെടുന്നത്‌.ഇതൊന്നും, ആതിരേ, മോദി പറഞ്ഞില്ല അല്ലെങ്കില്‍ മോദി ബോധപൂര്‍വം തമസ്‌ക്കരിച്ചു
കൊച്ചി രാജ്യത്തും ഇതേ കാലഘട്ടത്തില്‍ ദളിത്‌ മുന്നേറ്റങ്ങളുണ്ടായി . കൃഷ്‌ണാതി, പണ്ഡിറ്റ്‌ കെ പി കറുപ്പര്‍ എന്നിവരായിരുന്നു മുന്നണിപ്പോരാളികള്‍.അവര്‍ രൂപീകരിച്ച കൊച്ചി പുലയ മഹാസഭയാണ്‌ 1914 ഫെബ്രുവരി 14ന്‌ കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ കായല്‍ സമ്മേളനം നടത്തിയത്‌.(മോദി പറയുന്നതുപോലെ 1913ലല്ല കായല്‍ സമരം).അന്ന്‌ കൊച്ചിയില്‍ നടന്ന കാര്‍ഷിക മേളയില്‍ പുലയരെ പങ്കെടുപ്പിച്ചില്ല.ഇതിനെതിരെ പ്രതിഷേധിക്കാനായി പുലയര്‍ക്ക്‌ കരയില്‍ യോഗം ചേരാന്‍ ആരും സ്ഥലം നല്‍കിയില്ല. അതിനാല്‍ മീന്‍പിടുത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്തുകെട്ടിയും വള്ളങ്ങള്‍ കൂട്ടിക്കെട്ടി മുകളില്‍ പലകവിരിച്ചുമാണ്‌ കായല്‍ സമ്മേളനത്തിന്‌ വേദിയൊരുക്കിയത്‌. കൊച്ചി പുലയ മഹാസഭയുടെ സ്ഥാപകനുമായ പണ്ഡിറ്റ്‌ കറുപ്പനും കെ പി വള്ളോനുമാണ്‌ ഈ സമരത്തിന്റെ പ്രധാന സംഘാടകര്‍.അല്ലാതെ മോദി അവകാശപ്പെടുന്നത്‌ പോലെ അയ്യങ്കാളിയല്ല. കേരളത്തിലെ ദളിത്‌ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട കായല്‍ സമരത്തിന്റെ നേതാക്കളായ കൃഷ്‌ണാതിയേയും പണ്ഡിറ്റ്‌ കെ.പി.കറുപ്പനേയും തമസ്‌ക്കരിച്ച്‌, പുലയര്‍ക്ക്‌ അധികം നേതാക്കളില്ലായിരുന്നുവെന്നും അയ്യങ്കാളി മാത്രമായിരുന്നു, ദളിതര്‍ക്കിടയില്‍ നിന്ന്‌ ഉയര്‍ന്നുവന്ന ഏക വിപ്ലവകാരി എന്നും വരുത്തിത്തീര്‍ത്ത നെറികേടായിരുന്നു,ആതിരേ, വിജ്ഞാന്‍ ഭവനിലെ മോദിയുടെ അയ്യങ്കാളി സ്‌മരണ.ഇത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ത്ഥം മോദി കേരളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍ കെപിഎംഎസിന്റെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ തുടര്‍ച്ചയായിട്ടുവേണം കണക്കാക്കേണ്ടത്‌. ആതിരേ,കൈയ്യടികിട്ടാനും വോട്ടുതട്ടാനും ഇതാദ്യമല്ല, നരേന്ദ്ര മോദി ചരിത്രവും തീയതിയും മറ്റ്‌ അടിസ്ഥാന വിവരങ്ങളും തെറ്റിച്ചുപറയുന്നത്‌. ഒരു കാലത്തും ഗംഗാ സമതലത്തില്‍ പ്രവേശിച്ചിട്ടില്ലാത്ത അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ബീഹാറിലെത്തി യുദ്ധത്തില്‍ പരാജയപ്പെട്ടുവെന്ന്‌ പ്രസംഗിച്ചതും മൗര്യവംശരാജാവായ ചന്ദ്രഗുപ്‌ത മൗര്യനെ, ഗുപ്‌ത സാമ്രാജ്യാധിപനെന്ന്‌ വിശേഷിപ്പിച്ചതും യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാനിലുള്ള തക്ഷശില ബീഹാറിലാണെന്ന്‌ പറഞ്ഞതും ശ്യാമാജി കൃഷ്‌ണ വര്‍മ്മയെ അനുസ്‌മരിക്കേണ്ടിടത്ത്‌, ശ്യാമ പ്രസാദ്‌ മുഖര്‍ജിയെക്കുറിച്ച്‌ വാചാലനായതുമെല്ലാം ഉദാഹരണങ്ങള്‍. സര്‍ദാര്‍ വല്ലഭായി പട്ടേലാണ്‌ 1919ല്‍ അഹമ്മദാബാദ്‌ മുനിസിപ്പാലിറ്റിയില്‍ വനിതാ സംവരണത്തിനു ശിപാര്‍ശ ചെയ്‌തതെന്ന്‌ അവകാശപ്പെട്ടതും ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹൃ, ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേലിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തില്ലെന്ന്‌ ആരോപിച്ചതും പട്ടേലിനെ മുന്‍ നിറുത്തിയുള്ള നീച വോട്ടുരാഷ്ട്രിയത്തിനായുള്ള, ചരിത്രത്തിന്റെ ,മറ്റൊരു ഗുരുതര വക്രീകരണമായിരുന്നു. ആതിരേ,മോദിക്ക്‌ മുന്‍പേ,2000ത്തില്‍ മുരളിമനോഹര്‍ ജോഷി കേന്ദ്ര മാനവ വിഭശേഷി വകുപ്പ്‌ മന്ത്രിയായിരുന്നപ്പോളാണ്‌ ചരിത്രത്തെ വളച്ചോടിക്കാനുള്ള ശ്രമം സംഘപരിവാര്‍ ആരംഭിച്ചത്‌.നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഏജ്യൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയ്‌നിംഗ്‌ (എന്‍സിഇആര്‍ടി )അന്ന്‌ പുറത്തിറക്കിയ ടെക്‌സ്റ്റ്‌ ബുക്കുകളില്‍ നിന്ന്‌ ഗാന്ധിജിയുടെ ഘാതകന്‍ നാദുറാം ഗോദ്‌സെയുടെ പേര്‌ നിക്കം ചെയ്‌തുകൊണ്ടായിരുന്നു സംഘപരിവാര്‍ താത്‌പര്യപ്രകാരം ഇന്ത്യാ ചരിത്രത്തെ ആദ്യമായി വക്രീകരിച്ചത്‌.1942ലെ ക്വിറ്റ്‌ ഇന്ത്യാസമരത്തെ കമ്മ്യൂണിസ്റ്റുകളും ജിന്നയുടെ മുസ്ലിം ലീഗും മാത്രമാണ്‌ എതിര്‍ത്തതെന്നും എന്‍സിഇആര്‍ടിയെ കൊണ്ട്‌,പാഠപുസ്‌തകങ്ങളില്‍ പറയിപ്പിച്ചു .യഥാര്‍ത്ഥത്തില്‍ ആര്‍എസ്‌എസും ഹിന്ദുമഹാസഭയും ക്വിറ്റ്‌ ഇന്ത്യ സമരത്തെ എതിര്‍ത്തവരായിരുന്നു.കൂടാതെ ഹാരപ്പന്‍ സംസ്‌കാരത്തെ ഇന്‍ഡസ്‌-സരസ്വതി സംസ്‌കാരമെന്ന്‌ പുനര്‍നാമകരണം ചെയ്‌തും ഇന്‍ഡസ്‌ വാലി സംസ്‌കാരത്തിലും വേദിക്ക്‌ സംസ്‌കാരത്തിലും ദ്രാവിഡ ജനതയ്‌ക്കുള്ള പങ്ക്‌ തമസ്‌ക്കരിച്ചും മുന്നേറിയ ആ അട്ടിമറിയില്‍ വേദകാലത്തെ ഗണിതശാസ്‌ത്രവും ചികിത്സാരീതികളും കരിക്കുലത്തിന്റെ ഭാഗമാകാനുള്ള ശ്രമവും ഉണ്ടായിരുന്നു.ഇതിന്റെയൊക്കെ തുടര്‍ച്ചയാണ്‌ വിജ്ഞാന്‍ ഭവനില്‍ മുഴങ്ങിയത്‌. വരാനിരിക്കുന്നത്‌ ``അച്ചേദിന്‍''അല്ലെന്നും ചരിത്രത്തേപ്പോലും അട്ടിമറിക്കുന്ന സവര്‍ണ ഫാസിസിറ്റ്‌ അധിനിവേശമാണെന്നുമുള്ളതിന്റെ സൂചനകളാണ്‌ ,ആതിരേ,ഇവയെല്ലാം.

No comments: