Thursday, September 18, 2014
കെടുകാര്യസ്ഥതയ്‌ക്കും ജനങ്ങള്‍ നികുതി നല്‍കണമെന്നോ?
സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്‌ച അംഗീകരിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും കേരളീയര്‍ ബാദ്ധ്യസ്ഥരല്ല.ബജറ്റിനെ മറികടന്ന് നികുതി കൂട്ടാന്‍ രണ്ട് അവസരത്തില്‍ മാത്രമാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന് അവകാശവും അധികാരവുമുള്ളൂ-യുദ്ധവും ക്ഷാമവുമാണ് ആ അനിവാര്യതകള്‍.അത്തരമൊരു നിര്‍ണായക സന്ധിയില്ലെങ്കില്‍ സംസ്ഥാന ബജറ്റിലൂടെയല്ലാതെ നികുതി ഉയര്‍ത്തുന്ന നടപടി രാഷ്ട്രീയ തെമ്മാടിത്തമാണ്;ഏകാധിപത്യ നടപടിയാണ്.അത് അംഗീകാരിക്കാനും അനുസരിക്കാനും നികുതിദായകര്‍ക്ക് ബാദ്ധ്യതയില്ല.അതു കൊണ്ടാണ് അടിച്ചേല്‍പ്പിച്ച ഇപ്പോഴത്തെ നികുതി നല്‍കരുതെന്ന സിപിഎമ്മിന്റെ ആഹ്വാനം യുക്തിഭദ്രമാകുന്നത്.എന്നാല്‍ നികുതി നിഷേധം അഹ്വാനങ്ങളിലും പ്രഖ്യാപനങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞാല്‍ പോര.അത് മൂര്‍ത്തമായ നടപടിയാകണം.അതാകട്ടെ പ്രായോഗികവും സാദ്ധ്യവുമാണെന്ന് ഗാന്ധിജി മുതല്‍ ഡല്‍ഹി നിവാസികള്‍ വരെ തെളിയിച്ചതുമാണ്
മാര്‍ക്കോ റൂബിയോയെ ഉമ്മന്‍ ചാണ്ടിക്ക് പരിചയമുണ്ടാകില്ല, ആതിരേ.ധനമന്ത്രി കെ.എം.മാണിക്കും അങ്ങനെയാവാനാണ് സാദ്ധ്യത.യുദ്ധകാലത്തും ക്ഷാമകാലത്തും ബജറ്റ് അവതരിപ്പിക്കാതെ നികുതി കുട്ടാനുള്ള അധികാരം ദുര്‍വിനിയോഗം ചെയ്‌ത് കേരളീയരുടെ പിടലിക്ക് 2000 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത അടിച്ചേല്‍പ്പിച്ച ഇവര്‍ക്ക് മാര്‍ക്കോ റൂബിയോ അജ്ഞാതനായി നില്‍ക്കുന്നതാണ് സൗകര്യപ്രദം.
അമേരിക്കന്‍ സെനറ്റര്‍മാരിലെ `ബേബി'യാണ് ഫ്‌ളോറിഡോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മാര്‍ക്കോ റൂബിയോ.നികുതി പിരിവിനെക്കുറിച്ചും ധന വിനിയോഗത്തെക്കുറിച്ചും മാര്‍ക്കോ റൂബിയോയുടെ നിരീക്ഷണം ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയുമടക്കമുള്ള മന്ത്രിമാര്‍ ഹൃദിസ്ഥമാക്കുകയും പ്രയോഗത്തില്‍ വരുത്തുകയും വേണം.`` കൂടുതല്‍ നികുതികള്‍ കൊണ്ടുവരുന്നതല്ല നികുതിദായകരില്‍ നിന്ന് ലഭിക്കാനുള്ള നികുതി കൃത്യമായി പിരിച്ചെടുക്കുന്നതാണ് ഭരണകൂടത്തിന്റെ ചുമതല.ഇങ്ങനെ പിരിച്ചെടുക്കുന്ന പണം അച്ചടക്കത്തോടെ വിനിയോഗിച്ച് കമ്മി നികത്തുമ്പോളാണ് ഭരണകൂടം കാര്യക്ഷമമാകുന്നത്''എന്നാണ് മാര്‍ക്കോ റൂബിയോ നിരീക്ഷിക്കുന്നത്.
പക്ഷേ,കാര്യക്ഷമതയല്ല കെടുകാര്യസ്ഥതയാണ്, ആതിരേ, ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ മുഖമുദ്ര.സാമ്പത്തിക അച്ചടക്കം തൊട്ടുതെറിച്ചിട്ടില്ലാത്ത തോന്ന്യാസികളുടെ കൂട്ടമാണ് ഉമ്മന്‍ ചാണ്ടിയും 20 മന്ത്രിമാരും.ഇവരുടെ ധാര്‍ഷ്ട്യത നിറഞ്ഞ കെടുകാര്യസ്ഥതതയ്‌ക്ക് നികുതി നല്‍കാനാണ് കേരളീയരുടെ പുതിയ നിയോഗം.
സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്‌ച അംഗീകരിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും കേരളീയര്‍ ബാദ്ധ്യസ്ഥരല്ല,ആതിരേ.ബജറ്റിനെ മറികടന്ന് നികുതി കൂട്ടാന്‍ രണ്ട് അവസരത്തില്‍ മാത്രമാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന് അവകാശവും അധികാരവുമുള്ളൂ-യുദ്ധവും ക്ഷാമവുമാണ് ആ അനിവാര്യതകള്‍.അത്തരമൊരു നിര്‍ണായക സന്ധിയില്ലെങ്കില്‍ സംസ്ഥാന ബജറ്റിലൂടെയല്ലാതെ നികുതി ഉയര്‍ത്തുന്ന നടപടി രാഷ്ട്രീയ തെമ്മാടിത്തമാണ്;ഏകാധിപത്യ നടപടിയാണ്.അത് അംഗീകാരിക്കാനും അനുസരിക്കാനും നികുതിദായകര്‍ക്ക് ബാദ്ധ്യതയില്ല.അതു കൊണ്ടാണ് അടിച്ചേല്‍പ്പിച്ച ഇപ്പോഴത്തെ നികുതി നല്‍കരുതെന്ന സിപിഎമ്മിന്റെ ആഹ്വാനം യുക്തിഭദ്രമാകുന്നത്.എന്നാല്‍ നികുതി നിഷേധം അഹ്വാനങ്ങളിലും പ്രഖ്യാപനങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞാല്‍ പോര.അത് മൂര്‍ത്തമായ നടപടിയാകണം.അതാകട്ടെ പ്രായോഗികവും സാദ്ധ്യവുമാണെന്ന് ഗാന്ധിജി മുതല്‍ ഡല്‍ഹി നിവാസികള്‍ വരെ തെളിയിച്ചതുമാണ്.
ഉപ്പിന് നികുതി വര്‍ദ്ധിപ്പിച്ചപ്പോഴാണ് ദണ്ഡിയാത്രയിലൂടെ ഗാന്ധിജിയും കോണ്‍ഗ്രസും ബ്രിട്ടീഷ് മേല്‍ക്കോയമയെ മുട്ടുകുത്തിച്ചത്.84 വര്‍ഷം മുന്‍പ് 1930 മാര്‍ച് 12 ന് ആരംഭിച്ച ദണ്ഡിയാത്രയ്‌ക്ക് മുന്‍പ് ഗാന്ധിജി ചൂണ്ടിക്കാണിച്ച ഒരു വാസ്‌തവമാണ് ഖദര്‍ധാരിയായ ഉമ്മന്‍ ചാണ്ടിയിലൂടെ പൈശാചികമായി ഉയിര്‍കൊള്ളുന്നത്.``ഇപ്പോള്‍ ബ്രിട്ടന്‍ ഉപ്പിന് മാത്രമാണ് നികുതി കൂട്ടുന്നത്.ഇതിനെ എതിര്‍ത്ത് തോല്‍പ്പിച്ചില്ലെങ്കില്‍ നാളെ അത് വായുവും ആകാശവുമാകാം''എന്നാണ് അന്ന് ഗാന്ധിജി ആഹ്വാനം ചെയ്‌തത്.ഉപ്പ് സത്യഗ്രഹത്തോട് നെഹൃവിനും പട്ടേലിനുമൊന്നും ഒട്ടും യോജിപ്പുണ്ടായിരുന്നില്ല.`` കേട്ടിട്ട് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല'' എന്നെഴുതിയാണ്, ആതിരേ, `സ്റ്റേറ്റ്‌സ്‌മാന്‍' പത്രം ഗാന്ധിജിയെ അധിക്ഷേപിച്ചത്.എന്നാല്‍ ബ്രിട്ടന്റെ മാത്രമല്ല പാശ്ചാത്യ ലോകത്തിത്തിന്റെ തന്നെ മനോഭാവത്തെ മാറ്റിമറിക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചാലക ശക്തിയാകാനും ആ നിയമലംഘന പ്രസ്ഥാനത്തിന് കഴിഞ്ഞു.ആ സാദ്ധ്യത സാര്‍ത്ഥകമാക്കാനുള്ള നട്ടെല്ലുറപ്പാണ് കേരളത്തിലെ നികുതിദായകര്‍ പ്രദര്‍ശിപ്പിക്കേണ്ടത്.
സമാനസ്വഭാവത്തിലുള്ള ജനകീയ നിയമലംഘനം അടുത്തകാലത്താണ് ഡല്‍ഹി നിവാസികള്‍ നടത്തിയത്.ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച വൈദ്യുതിക്കരം നല്‍കാതെ അരവിന്ദ് കേജ്രിവാളിന്റേയും ആം ആദ്‌മി പാര്‍ട്ടിയുടേയും നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ ചെറുത്തു നില്‍പ്പ് വിജയം കണ്ടത് കേരളീയര്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമാണ്. 1941 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ട് ബജറ്റ് മര്യാദകള്‍ ലംഘിച്ച് പിരിക്കുന്ന നികുതി, ബജറ്റ് വിഭാവനം ചെയ്‌ത റവന്യൂ വരവ് കണക്കുകള്‍ മാറ്റി മറിക്കും എന്നറിഞ്ഞിട്ടും കേരളത്തിലെ നികുതിദായകന്റെ പിടലിക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ അതേ ശൗര്യത്തോടെ അതിനെ ചെറുക്കുക തന്നെ വേണം.അതിനുള്ള മര്യാദ കേരളത്തിലെ നികുതിദായകര്‍ കാണിക്കണം.ഉമ്മന്‍ ചാണ്ടിയുടേയും മാണിയുടെയും സാമ്രാജ്യത്തിലെ അടിമകളൊന്നുമല്ല മലയാളികള്‍.
സുധീരന് പണികൊടുക്കാന്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യനിരോധനമാണ് റവന്യൂ വരുമാനം കുറച്ചതെന്ന കെ.എം.മാണിയുടെ വിലയിരുത്തല്‍ പരമാബദ്ധവും മലയാളികളെ വിഢികളാക്കുന്ന `കൊഞ്ഞാണത്തര'വുമാണ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ തന്നെ മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം.ബാറുകള്‍ പൂട്ടുമ്പോള്‍ ബിവ്‌റേജസ് ഔട്ട് ലെറ്റുകളിലൂടെയുള്ള വരുമാനം ഇരട്ടിയാകും.കാരണം ബാറുടമകള്‍ വെട്ടിക്കാവുന്നതിന്റെ പരമാവധി വെട്ടിച്ച ശേഷമാണ് ഒരു വര്‍ഷം 8000 കോടി നികുതി നല്‍കിയിരുന്നതെന്നോര്‍ക്കണം.ബിവ്‌റേജസിലൂടെയുള്ള മദ്യവില്‍പ്പനയില്‍ ഈ വെട്ടിപ്പുണ്ടാകില്ല എന്നതാണ് അതിന്റെ സാമാന്യമായ യുക്തി.
അപ്പോള്‍ പിന്നെങ്ങനെ ഖജനാവ് കാലിയായി?
ഖജനാവിലേയ്‌ക്കു പണമെത്തിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ് ,ആതിരേ ഒന്നാമത്തെ ഘടകം. അതേ സമയം ചെലവുകള്‍ ബജറ്റില്‍ വിഭാവനം ചെയ്‌തിരുന്നതിനെക്കാള്‍ ഉയരുകയും ചെയ്‌തു. കൃത്യമായ പരിശോധനയും അവലോകനവുമില്ലാതെ അധികച്ചെലവുകള്‍ ധനകാര്യ വകുപ്പ് അംഗീകരിച്ചതോടെയാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്. പൊതുമരാമത്ത് വകുപ്പ് നിശ്ചിത പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ അകാരണമായി ഉയര്‍ത്തി . നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികം നടത്തിയെന്ന് അവകാശപ്പെടുമ്പോഴും റോഡുകളുടെയും പാലങ്ങളുടെയും സ്ഥിതി ശോചനീയമായി തുടരുകയാണ്. ചെലവ് 300 ഇരട്ടി വരെ വര്‍ധിച്ചെങ്കിലും ആനുപാതികമായ ഗുണഫലം ലഭിച്ചില്ല. ഇതു പരിശോധിക്കാന്‍ ധനവകുപ്പ് കാര്യക്ഷമമായി നടപടികള്‍ സ്വീകരിച്ചില്ല.ധനവകുപ്പിന്റെ പരിശോധനയും അനുമതിയുമില്ലാതെ പുതുതായി സൃഷ്ടിച്ച തസ്‌തികകള്‍, പ്ലസ് ടു സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയത്, വ്യക്തമായ പദ്ധതി നിര്‍ദേശങ്ങളില്ലാതെ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ നടത്തിയ നീക്കങ്ങള്‍, നികുതി വരവിനെക്കുറിച്ചുള്ള പരിശോധനയില്ലായ്‌മയും നിയന്ത്രണമില്ലായ്‌മയും, വന്‍കിട നിക്ഷേപ സംരംഭങ്ങള്‍ ആകര്‍ഷിക്കാനെന്ന പേരില്‍ നടത്തിയിരുന്ന മേളകള്‍, അനിയന്ത്രിതമായി നല്‍കിയ ആനുകൂല്യങ്ങള്‍, ഭരണപരമായ ചെലവുകളിലുണ്ടായ വര്‍ധന, ദൈനംദിന ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് തുടങ്ങിയ നടപടി ദൂഷ്യങ്ങളാണ്,ആതിരേ, സര്‍ക്കാരിനെ കടക്കെണിയിലാക്കിയത്.
തീര്‍ന്നില്ല മന്ത്രിമാര്‍ 20% ശമ്പളം വേണ്ടെന്നു വയ്‌ക്കുകയും വിദേശ യാത്രകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴും പേഴ്‌സനല്‍ സ്റ്റാഫുകളെ നിയന്ത്രിക്കാന്‍ തയാറായിട്ടില്ല. ഓരോ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും 30 പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെ ശമ്പളവും ആനുകൂല്യവും മുതല്‍ അഡീഷണല്‍ സെക്രട്ടറിക്കു സമാനമായി ശമ്പളം പറ്റുന്ന പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനെ 16 ആയി ചുരുക്കിയപ്പോള്‍ കേരളം എണ്ണം കൂട്ടുകയായിരുന്നു.
ആതിരേ,ഈ കെടുകാര്യസ്ഥതയ്‌ക്ക് നമ്മള്‍ ഇനിയും നികുതി നല്‍കേണ്ടതുണ്ടോ?
വെള്ളക്കരം വര്‍ദ്ധിപ്പിച്ചതിലൂടെ( നോക്കൂ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ ഗാന്ധിജിയുടെ അപായസൂചന നടപ്പിലായത്)200 കോടിയുടെ അധികവരുമാനമാണ് ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും പ്രതീക്ഷിക്കുന്നത്.എന്നാല്‍ വാട്ടര്‍ അതോരിറ്റിക്ക് നികുതിയിനത്തില്‍ നിലവില്‍ പിരിഞ്ഞു കിട്ടാനുള്ളത് 400 കോടി.അതു കാര്യക്ഷമമായി പിരിച്ചെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ കുതിരകയറ്റം വേണ്ടി വരുമായിരുന്നോ?വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്റ്റേ നല്‍കിയിട്ടുള്ള നികുതി 2000 കോടി വരും.അത് പിരിച്ചെടുക്കുന്നതില്‍ ആരാണ് വിഘാതം നില്‍ക്കുന്നത്?കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് പ്രകാരം വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത് 16000 കോടി രൂപയാണ്.ഇതൊന്നും സാധാരണക്കാരന്റേതല്ല.ഇന്നാട്ടിലെ പ്രമാണിമാരുടേതാണ്.അവരെ തൊടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത ഒരു സര്‍ക്കാരിനും, ആതിരേ, കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അവകാശമോ സ്വാതന്ത്ര്യമോ ഇല്ല.
അതു കൊണ്ട് ഗാന്ധിജി കാണിച്ചു തന്ന സമരമാര്‍ഗത്തിലൂടെ,സമധാനപരമായ നിയമലംഘനത്തിലൂടെ ഗാന്ധി ശിഷ്യനെന്നഭിമാനിക്കുന്ന ഉമ്മന്‍ ചാണ്ടിയെ മുട്ടുകുത്തിച്ച് ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന ഭരണ തെമ്മാടിത്തത്തെ നിലയ്‌ക്ക് നിര്‍ത്താന്‍,ആതിരേ, കേരളത്തിലെ ഓരോ നികുതിദായകനും ബാദ്ധ്യസ്ഥനാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment