Friday, December 28, 2012

കൂട്ടബലാത്സംഗം:അരുന്ധതി റോയ്‌ പറഞ്ഞതാണ്‌ ശരി

ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളും കൗമാര പ്രായക്കാരും യുവതികളും വീട്ടമ്മമാരും വൃദ്ധകളും ലൈംഗിക പീഡനത്തിന്‌ ഇരയാകുന്നതും കൊല്ലപ്പെടുന്നതും നിത്യസംഭവമാണ്‌.. ഇവരില്‍ ഭൂരിപക്ഷവും അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയില്‍ നിന്നുള്ളവരോ ആണ്‌. വാര്‍ത്താ മാധ്യമങ്ങളില്‍ ഇവയില്‍ ചില സംഭവങ്ങള്‍ ഇടംനേടുന്നുണ്ട്‌ എന്നതിലപ്പുറം സ്ത്രീപീഡകര്‍ക്കെതിരെ ജനകീയ പ്രക്ഷോഭമോ പൊതുസമൂഹത്തിന്റെ പ്രതിഷേധമോ ഉയരുന്നില്ല എന്നതാണ്‌ പച്ചയായ വാസ്തവം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സവര്‍ണ ധന വര്‍ഗ്ഗത്തിന്റെ വൈകൃതങ്ങള്‍ക്ക്‌ വിധേയരായി നാണം കെട്ട്‌ ജീവിക്കുന്ന അധസ്ഥിത വര്‍ഗ്ഗ സ്ത്രീകള്‍ പതിനായിരക്കണക്കിനുണ്ട്‌. ധനിക-സവര്‍ണ മുഠാളത്തത്തിന്റെ കുത്തഴിഞ്ഞ ലൈംഗിക തൃഷ്ണകള്‍ക്ക്‌ വിധേയരായി കൊല്ലപ്പെടുന്നവര്‍ ആയിരക്കണക്കിനാണ്‌. ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍ മാത്രം മതി ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എത്ര ക്രൂരവും ബീഭത്സവും വ്യാപകവുമാണെന്ന്‌ ബോധ്യപ്പെടാന്‍. അവിടങ്ങളിലൊരിടത്തും ഇത്തരത്തിലുള്ള സമുഹിക ഇടപെടല്‍ ഉണ്ടാകാതിരിക്കുമ്പോഴാണ്‌ ഡല്‍ഹി സംഭവത്തിന്റെ പേരിലുള്ള പ്രക്ഷോഭം പ്രത്യേക വിശകലനത്തിന്‌ വിധേയമാക്കേണ്ടി വരുന്നത്‌. ആ വിശകലനം നമ്മെ കൊണ്ട്‌ എത്തിക്കുക അരുന്ധതി റോയിയുടെ നിരീക്ഷണങ്ങളിലുമാണ്‌.
ആതിരേ,ഓടുന്ന ബസ്സില്‍ വച്ച്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം രാജ്യതലസ്ഥാനം കണ്ട ഏറ്റവും രോഷാകുലമായ യുവജന-വനിതാ പ്രക്ഷോഭത്തിന്‌ കാരണമായി.ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്‌ ഒന്നിച്ചു കൂടിയ പ്രക്ഷോഭകര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍,ബലാത്സംഗത്തിന്‌ വധശിക്ഷ വിധിക്കാന്‍ നിയം ഭേദഗതി ചെയ്യാമെന്ന്‌ സര്‍ക്കാരിന്‌ ഉറപ്പു കൊടുക്കേണ്ടി വന്നു.പൗരസമൂഹത്തിന്റെ പ്രതിഷേധത്തിന്‌ മുന്നില്‍ അധികാരത്തിന്റെ കൊത്തളങ്ങള്‍ ഇളകുമെന്ന്‌ തെളിയിച്ച, 2012-ലെ ഏറ്റവും നിര്‍ണ്ണായകമായ ജനകീയമുന്നേറ്റമാണ്‌ ഡല്‍ഹിയില്‍ കണ്ടത്‌.. ഒരു നേതാവിന്റെ ആഹ്വാനമോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വമോ ഇല്ലാതെ വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള പതിനായിരക്കണക്കിന്‌ പ്രക്ഷോഭകര്‍, ദിവസങ്ങളൊളം,രാപകലില്ലാതെ തലസ്ഥാന നഗരി സ്തംഭിപ്പിച്ചത്‌ ഡല്‍ഹിയിലെ സമരങ്ങളുടെ ചരിത്രത്തില്‍ ജനരോഷമേറെത്തിളച്ച പ്രതികരണമായിരുന്നു.. കൂട്ടബലാത്സംഗത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്‌ അയക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതും ജനരോഷം ഭയന്നായിരുന്നു . പീഡിപ്പിക്കപ്പെട്ട ഒരു യുവതിക്കുവേണ്ടി ഇന്ത്യന്‍ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ കലാപ കലുഷിതമാകുകയായിരുന്നു. അഭിമാനകരമായ നേട്ടവും സാമൂഹിക ബോധം ഉന്നിദ്രമായ ജനകീയ ഇടപെടലുമായിരുന്നു ഈ ഐക്യദാര്‍ഢ്യപ്രകടനമെന്ന്‌ സമ്മതിക്കുമ്പോഴും, ആതിരേ, ഇന്ത്യയിലെ മധ്യവര്‍ഗ- സാമൂഹിക- സാമ്പത്തിക വൈരുദ്ധ്യം ഈ പ്രക്ഷോഭങ്ങളില്‍ മുഴച്ച്‌ നിന്നത്‌ കാണാതെ പോയിക്കൂട. സ്ത്രീകളുടെ സംരക്ഷണ വിഷയം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന്‌ പറഞ്ഞൊഴിയുകയും മൂന്നുപെണ്‍മക്കളുടെ പിതാവാണ്‌ ഞാനെന്നും അതുകൊണ്ട്‌ ജനകീയ വികാരം എനിക്ക്‌ മനസ്സിലാകുമെന്നും എന്നാല്‍ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന സമരരീതി ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ തലയൂരിയതും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുള്ള മനക്കരുത്തില്ല എന്നു പറഞ്ഞ്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്‌ ദുര്‍ബലയായതും സമരത്തില്‍ പങ്കെടുത്ത വനിതകളെ അധിക്ഷേപിച്ച്‌ രാഷ്ട്രപതിയുടെ പുത്രന്‍ പ്രസ്താവനയുമായി രംഗത്തെത്തിയതുമെല്ലാം കൂട്ടിവായിക്കുമ്പോഴാണ്‌ ഈ സമരത്തിന്റെ പിന്നിലെ സാമൂഹിക മനഃശാസ്ത്രം വ്യക്തമാകുകയുള്ളൂ. ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ചര്‍ച്ചയില്‍ വിശ്രുത ഇന്ത്യന്‍ നോവലിസ്റ്റ്‌ അരുന്ധതി റോയി ചൂണ്ടിക്കാണിച്ച വാസ്തവം ഇവിടെ ഏറെ തെളിമ നേടുന്നുണ്ട്‌. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സവര്‍ണ ജാതിയില്‍പ്പെട്ടവളും പീഡകരായ യുവാക്കള്‍ അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരുമായതുകൊണ്ടാണ്‌ ഇത്രയും അധികം ജനരോഷം തലസ്ഥാന നഗരിയില്‍ സൃഷ്ടിക്കപ്പെട്ടതെന്നായിരുന്നു അരുന്ധതി റോയിയുടെ നിരീക്ഷണം. ആതിരേ, ഈ നിരീക്ഷണത്തിന്‌ ഗൗരവമേറിയ സാംഗത്യമുണ്ടെന്ന്‌ പറഞ്ഞേ തീരൂ. കാരണം ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളും കൗമാര പ്രായക്കാരും യുവതികളും വീട്ടമ്മമാരും വൃദ്ധകളും ലൈംഗിക പീഡനത്തിന്‌ ഇരയാകുന്നതും കൊല്ലപ്പെടുന്നതും നിത്യസംഭവമാണ്‌.. ഇവരില്‍ ഭൂരിപക്ഷവും അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയില്‍ നിന്നുള്ളവരോ ആണ്‌. വാര്‍ത്താ മാധ്യമങ്ങളില്‍ ഇവയില്‍ ചില സംഭവങ്ങള്‍ ഇടംനേടുന്നുണ്ട്‌ എന്നതിലപ്പുറം സ്ത്രീപീഡകര്‍ക്കെതിരെ ജനകീയ പ്രക്ഷോഭമോ പൊതുസമൂഹത്തിന്റെ പ്രതിഷേധമോ ഉയരുന്നില്ല എന്നതാണ്‌ പച്ചയായ വാസ്തവം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സവര്‍ണ ധന വര്‍ഗ്ഗത്തിന്റെ വൈകൃതങ്ങള്‍ക്ക്‌ വിധേയരായി നാണം കെട്ട്‌ ജീവിക്കുന്ന അധസ്ഥിത വര്‍ഗ്ഗ സ്ത്രീകള്‍ പതിനായിരക്കണക്കിനുണ്ട്‌. ധനിക-സവര്‍ണ മുഠാളത്തത്തിന്റെ കുത്തഴിഞ്ഞ ലൈംഗിക തൃഷ്ണകള്‍ക്ക്‌ വിധേയരായി കൊല്ലപ്പെടുന്നവര്‍ ആയിരക്കണക്കിനാണ്‌. ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍ മാത്രം മതി ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എത്ര ക്രൂരവും ബീഭത്സവും വ്യാപകവുമാണെന്ന്‌ ബോധ്യപ്പെടാന്‍. അവിടങ്ങളിലൊരിടത്തും ഇത്തരത്തിലുള്ള സമുഹിക ഇടപെടല്‍ ഉണ്ടാകാതിരിക്കുമ്പോഴാണ്‌ ഡല്‍ഹി സംഭവത്തിന്റെ പേരിലുള്ള പ്രക്ഷോഭം പ്രത്യേക വിശകലനത്തിന്‌ വിധേയമാക്കേണ്ടി വരുന്നത്‌. ആ വിശകലനം നമ്മെ കൊണ്ട്‌ എത്തിക്കുക അരുന്ധതി റോയിയുടെ നിരീക്ഷണങ്ങളിലുമാണ്‌. നിയമം കര്‍ശനമാക്കിയാല്‍ ഇത്തരം കുറ്റകൃത്യങ്ങല്‍ കുറയുമെന്ന മുറവിളിയില്‍ കാര്യമില്ലാതില്ല.എന്നാല്‍ നിയമങ്ങളുടെ അഭാവമല്ലല്ലൊ, ആതിരേ, ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. നിയമ വ്യവസ്ഥകളെയും നീതി പീഠങ്ങളെയും ക്രമസമാധാന പാലന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയല്ലേ കാശ്മീരിലും ജാര്‍ഖണ്ഡിലും മിസോറാമിലും മണിപ്പൂരിലുമൊക്കെ സൈന്യവും ഭരണകൂടവും ദുര്‍ബല വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ മാന്യതയും ചാരിത്ര്യവും കടിച്ചുകുടഞ്ഞുകൊണ്ടിരിക്കുന്നത്‌. കാശ്മീരില്‍ മാത്രം ആയിരക്കണക്കിന്‌ സ്ത്രീകളാണ്‌ ഇന്ത്യന്‍ സൈനികരുടെ കാമാന്ധതയില്‍ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്നത്‌. മണിപ്പൂരില്‍ രണ്ടുവര്‍ഷം മുന്‍പ്‌ സൈന്യം ഒരു ഗ്രാമത്തിലെ സ്ത്രീകളെ മുഴുവന്‍ മാനഭംഗപ്പെടുത്തിയത്‌ മറന്നു പോകുന്നതെന്തു കൊണ്ട്‌?അന്ന്‌ തങ്ങള്‍ക്കേറ്റ അപമാനം ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടേയും പൊതു സമൂഹത്തിന്റേയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അവിടുത്തെ സ്ത്രീകള്‍ക്ക്‌ മണിപ്പൂരിലെ സൈനീക ആസ്ഥാനത്തിനു മുന്നില്‍ പൂര്‍ണ നഗ്നരായി പ്രതിഷേധ പ്രകടനം നടത്തേണ്ടി വന്നു. പ്രത്യേക സുരക്ഷാ നിയമത്തിന്റെ മറപറ്റി സൈന്യം മണിപ്പൂരില്‍ നടത്തുന്ന ലൈംഗിക ചൂഷണം അടക്കമുള്ള അധിനിവേശത്തിനെതിരെ ഇറോം ശര്‍മ്മിള തുടരുന്ന നിരാഹാര സത്യഗ്രഹം ഒരു ദശകം പിന്നിട്ടു. ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളോ സാംസ്കാരിക സംഘടനകളോ സന്നദ്ധ പ്രവര്‍ത്തകരോ വനിതാ സംഘടനാ പ്രവര്‍ത്തകരോ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടില്ല എന്നോര്‍ക്കണം. ബലാത്സംഗത്തിനും മാനഭംഗത്തിനും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമ്പത്തിക മാനം ഉണ്ട്‌ എന്നതാണ്‌, ആതിരേ, ഇവിടെ ശ്രദ്ധിക്കേണ്ട ഘടകം. ഗുജറാത്ത്‌ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകളെ പിച്ചിച്ചീന്തുന്നതില്‍ മത്സരിക്കുകയാണ്‌ രാഷ്ട്രീയക്കാരും മത-ജാതി സംഘടനാ പ്രവര്‍ത്തകരും. ജാതീയ ഉന്മൂലനത്തിന്റെ മറവില്‍ ഗുജറാത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തൃശൂലം കൊണ്ട്‌ ഗര്‍ഭിണികളുടെ വയര്‍ കുത്തി പിളര്‍ന്ന്‌ ഭ്രൂണങ്ങളെ ശൂലമുനയില്‍ കോര്‍ത്തുയര്‍ത്തിയപ്പോള്‍ പോലും ഇത്തരത്തില്‍ ഒരു ജനകീയ മുന്നേറ്റമോ ഇടപെടലോ ഉണ്ടായില്ല എന്നത്‌ കാണാതെ പോയിക്കൂട. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്‌ ബലാത്സംഗ വീരന്മാരായ ഗുണ്ടകളെയാണ്‌. ഈ പ്രത്യേക പശ്ചാത്തലത്തില്‍ വേണം ഡല്‍ഹിയിലെ ജനകീയ മുന്നേറ്റത്തെ നോക്കി കാണേണ്ടതും അതിന്‌ പ്രേരകമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളെ വ്യവച്ഛേദിക്കേണ്ടതും. പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടി അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടതും പീഡിപ്പിച്ചവര്‍ സവര്‍ണ ജാതിക്കാരോ രാഷ്ട്രീയ മേലാളന്മാരോ ആയിരുന്നുവെങ്കില്‍ ഇത്തരത്തിലൊരു ജനകീയ പ്രക്ഷോഭം ഉണ്ടാകുമായിരുന്നില്ല,തീര്‍ച്ച. അതുകൊണ്ടാണ്‌, ആതിരേ, ഈ വിഷയത്തില്‍ അരുന്ധതി റോയിയുടെ നിരീക്ഷണമാണ്‌ യുക്തിസഹവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോട്‌ കൂടിയതെന്നും ഞാന്‍ പറയുന്നത്‌. ********** ഇതെഴുതി 12 മണിക്കൂര്‍ കഴിയും മുന്‍പ്‌ വിടന്മാരാല്‍ പിച്ചി ചീന്തപ്പെട്ട ഡല്‍ഹിയിലെ പെണ്‍കുട്ടി,എല്ലാ പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി നിത്യവിശ്രമത്തിലായി.ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നത്‌ കുമാരനാശാന്റെ വീണപൂവിലെ ചില വരികളാണ്‌.ഡല്‍ഹിയിലെ ആ ദുരിത നായികയ്ക്ക്‌വേണ്ടി അതിവിടെ സമര്‍പ്പിക്കട്ടേ: ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ ശ്രീ ഭൂവിലസ്ഥിരഅസംശയമിന്നു നിന്റെ യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍ പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ; ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍ ******** ഹാ! പാപമോമല്‍മലരേ ബത! നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍ വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ്‌ കഴുകനെന്നു, കപോതമെന്നും? ********** ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ? *********** കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോള്‍; എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു കണ്ണീരിനാല്‍, അവനി വാഴ്‌വു കിനാവു, കഷ്ടം

Thursday, December 27, 2012

ബാര്‍ബറുടെ മകളോട്‌ ഇത്രയും വിധേയത്വം വേണോ...?

ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള ഈ അവകാശം അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ഇല്ലെന്ന്‌ വാദിക്കുമ്പോഴാണ്‌ ഭരണകൂടത്തിന്റെ ഭീകരമുഖവും ഒരു ബാര്‍ബറുടെ മകളോടുള്ള നാണം കെട്ട വധേയത്വവും വ്യക്തമാകുന്നത്‌. ഏതെങ്കിലും ഒരു പെരുന്നാള്‍ ദിവസം വീട്ടുകാരോടൊപ്പം പള്ളിയില്‍പോകാനും നിസ്കരിക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും എന്തുകൊണ്ടാണ്‌ മഅ്ദനിയെ അനുവദിക്കാത്തത്‌? ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള സ്വാതന്ത്ര്യം പോലും ഇന്ത്യയുടെ പൗരന്മാര്‍ക്കില്ല എന്ന്‌ പറയുമ്പോള്‍ എത്രമാത്രം ഭീകരവും മാനവ വിരുദ്ധവുമാണ്‌ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെന്ന്‌ തിരിച്ചറിയുക. ഉമ്മന്‍ചാണ്ടി മാത്രമല്ല, ഇവിടെ കുറ്റക്കാരന്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ മുതല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും ശക്തികളും ഇറ്റലിക്കാരിയുടെ പാദസേവകരായതുകൊണ്ടാണ്‌ ഇത്തരത്തില്‍ ഒരു അശ്രീകരമായ പരിണതി ഉണ്ടായത്‌. ഇറ്റാലിയന്‍ മറീനുകളെ ക്രിസ്മസ്‌ ആഘോഷിക്കാന്‍ നാട്ടിലേക്ക്‌ അയച്ചതില്‍ തെറ്റില്ലെന്ന്‌ ബിഷപ്പ്‌ സൂസപാക്യം കൂടി പറയുമ്പോള്‍ ഈ ചതിക്കു പിന്നിലെ വ്യാപകമായ സ്വാധീനം മനസ്സിലാക്കുക
ആതിരേ,സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയുടെ പൗരന്മാരുടെ ജീവനേക്കാള്‍ പ്രാധാന്യം ഇറ്റാലിയന്‍ നാവികക്കാരായ സാല്‍വത്തോറെ ജിറോണിനും ലത്തോറെ മാസിമിലിയാനോയ്ക്കുമാണെന്ന്‌ ഇന്ത്യന്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും വിധിക്കുമ്പോള്‍ വിധേയത്വത്തിന്റെ അശ്ലീലത എത്ര ഗര്‍ഹണീയമാണെന്ന്‌ ഊഹിക്കാമെങ്കില്‍ ഊഹിക്കുക. നിരപരാധികളായ മത്സ്യത്തൊഴിലാളികളെ, പ്രകോപനമില്ലാതെ വെടിവച്ചു കൊന്ന കേസിലെ പ്രതികളാണ്‌ സാല്‍വത്തോറെയും ലത്തോറെയും.മലയാളികളായ മത്സ്യത്തൊഴിലാളികളെ എന്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ ഈ സൈനീകര്‍ വെടിവച്ചു കൊന്നത്‌ കഴിഞ്ഞ ഫെബ്രുവരി 15-നാണ്‌. ആദ്യം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും പിന്നീട്‌ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും മലക്കം മറിയുകയായിരുന്നു. രാഷ്ട്രാന്തര കപ്പലോട്ട നിയമപ്രകാരം കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാതിരുന്നിടത്ത്‌ ആരംഭിച്ചു ഇറ്റലിയോടും ഇറ്റലിക്കാരിയായ സോണിയയോടുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിധേയത്വം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ഈ വകുപ്പുപ്രകാരം കേസെടുക്കാന്‍ കഴിയുകയുള്ളൂ. അത്‌ ചെയ്യാതെയും കേന്ദ്രാനുമതി തേടാതെയും പ്രതികള്‍ക്ക്‌ ജാമ്യം അനുവദിക്കാനാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ തിടുക്കം കൂട്ടിയത്‌. കേരള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ്‌ ഈ നീക്കത്തില്‍ നിന്ന്‌ ഉമ്മന്‍ചാണ്ടിയെ പിന്തിരിപ്പിച്ചത്‌. ആതിരേ,ഉമ്മന്‍ചാണ്ടി മാത്രമല്ല, ഇവിടെ കുറ്റക്കാരന്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ മുതല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും ശക്തികളും ഇറ്റലിക്കാരിയുടെ പാദസേവകരായതുകൊണ്ടാണ്‌ ഇത്തരത്തില്‍ ഒരു അശ്രീകരമായ പരിണതി ഉണ്ടായത്‌. ഇറ്റാലിയന്‍ മറീനുകളെ ക്രിസ്മസ്‌ ആഘോഷിക്കാന്‍ നാട്ടിലേക്ക്‌ അയച്ചതില്‍ തെറ്റില്ലെന്ന്‌ ബിഷപ്പ്‌ സൂസപാക്യം കൂടി പറയുമ്പോള്‍ ഈ ചതിക്കു പിന്നിലെ വ്യാപകമായ സ്വാധീനം തിരിച്ചറിയുക. തുടക്കം മുതല്‍ ഇറ്റാലിയന്‍ മറീനുകളെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നടന്നത്‌. കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കുന്ന തെളിവുകളും വാദമുഖങ്ങളും അനുസരിച്ച്‌ മാത്രമേ വിധി ന്യായം ഉണ്ടാകുകയുള്ളൂ. ഇന്ത്യന്‍ പൗരന്മാരുടെ ജീവനെക്കാള്‍ പ്രധാനം ഇറ്റാലിയന്‍ മറീനുകളുടെ മോചനമാണെന്ന്‌ ശഠിക്കുന്ന ഒരു ഭരണസംവിധാനത്തിനു മുന്നില്‍ നീതിന്യായ വ്യവസ്ഥ പോലും നിസ്സാഹയമായി നില്‍ക്കുന്ന കാഴ്ചയാണ്‌ നാം കണ്ടു കൊണ്ടിരുന്നത്‌. ക്രിസ്മസ്‌ ആഘോഷിക്കാനാണ്‌ സാല്‍വത്തോറെ ജിറോണിനെയും ലത്തോറെ മാസിമിലിയാനോയെയും ജാമ്യം നല്‍കി നാട്ടിലേക്ക്‌ അയച്ചത്‌. ജനുവരി 10-ന്‌ തിരിച്ചു വരണമെന്നാണ്‌ കോടതിയുടെ ഉത്തരവ്‌. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ്‌ ഈ കൊലയാളികളെ നാട്ടിലേക്ക്‌ കൊണ്ടുപോയത്‌. ഇവരെ കൊണ്ടുപോകാന്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികളായ ഗാന്‍സ പാസ്പുലാസഡ്‌ പ്രസ്യോസ ജിയോ കോമൈക്കിള്‍, കാര്‍ലോസിക, ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ ജറ്റ്കാ മൊഫാന്‍വിലേറ്റ, കോണ്‍സല്‍ ജനറല്‍ ജിയാം പോളോ കുട്ടീലിയോ എന്നിവരും എത്തിയിരുന്നു. ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള ഈ അവകാശം, ആതിരേ, അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ഇല്ലെന്ന്‌ വാദിക്കുമ്പോഴാണ്‌ ഭരണകൂടത്തിന്റെ ഭീകരമുഖവും ഒരു ബാര്‍ബറുടെ മകളോടുള്ള നാണം കെട്ട വധേയത്വവും വ്യക്തമാകുന്നത്‌. ഏതെങ്കിലും ഒരു പെരുന്നാള്‍ ദിവസം വീട്ടുകാരോടൊപ്പം പള്ളിയില്‍പോകാനും നിസ്കരിക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും എന്തുകൊണ്ടാണ്‌ മഅ്ദനിയെ അനുവദിക്കാത്തത്‌? ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള സ്വാതന്ത്ര്യം പോലും ഇന്ത്യയുടെ പൗരന്മാര്‍ക്കില്ല എന്ന്‌ പറയുമ്പോള്‍ എത്രമാത്രം ഭീകരവും മാനവ വിരുദ്ധവുമാണ്‌ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെന്ന്‌ തിരിച്ചറിയുക. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ കണക്കനുസരിച്ച്‌ ബഹറൈനില്‍ 133 ഇന്ത്യക്കാരാണ്‌ തടവിലുള്ളത്‌. കുവൈറ്റില്‍ 228, മലേഷ്യയില്‍ 458, സൗദി അറേബ്യയില്‍ 1226, യുഎഇയില്‍ 1092 എന്നിങ്ങനെ പോകുന്നു ഇന്ത്യന്‍ പൗരന്മാരായ തടവുകാര്‍. ഇവരില്‍ ഭൂരിപക്ഷവും മലയാളികളാണ്‌. ഇവരില്‍ ഒരാള്‍ക്കുപോലും നാട്ടില്‍ ഏതെങ്കിലും ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ പരോളില്‍ വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓണവും വിഷുവും ദീപാവലിയും നവരാത്രിയും ക്രിസ്മസും റംസാനും ബലി പെരുന്നാളും ഒക്കെ ഇന്ത്യയിലും കേരളത്തിലും ആഘോഷിക്കുന്നവ തന്നെയാണ്‌ അതില്‍ ഒന്നില്‍പ്പോലും പങ്കെടുക്കാന്‍ ഇന്ത്യന്‍ പൗരനായ കുറ്റവാളിയെ വിദേശരാജ്യങ്ങള്‍ അനുവദിക്കാതിരിക്കുമ്പോഴാണ്‌ വിധേയത്വത്തിന്റെ നാണം കെട്ട ഭാവം പ്രകടിപ്പിച്ച്‌ കൊലയാളികളായ ഇറ്റാലിയന്‍ മറീനുകളെ നാട്ടിലേക്ക്‌ അയച്ചത്‌. ആതിരേ,ഇറ്റലിയില്‍ തന്നെ 109 ഇന്ത്യക്കാര്‍ തടവിലുണ്ട്‌. ഇവരുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‌ അറിയില്ല. ഇതേക്കുറിച്ച്‌ മുന്‍പ്‌ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂര്‍ ലോകസഭയില്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്‌. "ഇറ്റാലിയന്‍ സര്‍ക്കാര്‍ തടവുകാരെക്കുറിച്ച്‌ രഹസ്യം സൂക്ഷിക്കുന്നവരാണ്‌. അവരോട്‌ ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ തയ്യാറായിട്ടില്ല". ഇങ്ങനെ മുഠാളത്തം പ്രകടിപ്പിക്കുന്ന ഒരു സര്‍ക്കാരിന്റെ കൊലയാളികളായ പൗരന്മാര്‍ക്ക്‌ സര്‍വ്വവിധ ആനുകൂല്യങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങളും നല്‍കിയാണ്‌, കേരളത്തില്‍ പാര്‍പ്പിച്ചത്‌. അവരുടെ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക്‌ കേരളത്തിലെ ജയിലില്‍ പ്രവേശിക്കാന്‍ വരെ അനുവാദം കൊടുത്തു. രാഷ്ട്രീയമായി അവര്‍ നടത്തിയ എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും ഇന്ത്യന്‍ ഭരണകൂടം വഴങ്ങിക്കൊടുത്തു. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊലയാളികളെ നാട്ടിലേക്ക്‌ അയക്കാന്‍ അനുമതിയും നല്‍കി. ഓര്‍മ്മയുണ്ടാകണം, കോടികളുടെ ബോഫോഴ്സ്‌ തോക്കിടപാടില്‍ ഇടനിലക്കാരനായിരുന്ന ഇറ്റാലിയന്‍ പൗരന്‍ ഒക്ടോവിയോ ക്വാത്തറോച്ചിക്ക്‌ അനുകൂലമായ നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതുകൊണ്ടാണ്‌ 1993-ല്‍ ആ രാജ്യദ്രോഹിക്ക്‌ ഇന്ത്യ വിടാന്‍ കഴിഞ്ഞത്‌. അന്വേഷണത്തിന്റെ ഭാഗമായി ക്വാത്തറോച്ചിയുടെ ബാങ്ക്‌ ഇടപാടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. അതും തുറന്നു കൊടുത്ത്‌ എല്ലാവിധ സൗകര്യത്തോടെയാണ്‌ അദ്ദേഹത്തെ നാട്ടിലേക്ക്‌ അയച്ചത്‌. കേസിന്റെ തുടരന്വേഷണത്തില്‍ സഹകരിക്കാം എന്ന ഉറപ്പിന്മേലായിരുന്നു ഈ ആനുകൂല്യങ്ങളെല്ലാം. പക്ഷേ, ക്വാത്തറോച്ച്‌ പോയവഴിക്ക്‌ പിന്നീട്‌ ഒരു പുല്ലുപോലും കിളിര്‍ത്തില്ല. അതോടെ ബോഫോഴ്സ്‌ തോക്കിടപാടിന്റെ അന്വേഷണവും മുടങ്ങി. ഇറ്റലിക്കാരിയായ സോണിയ യുപിഎ സര്‍ക്കാരിന്റെ പിന്‍സീറ്റ്‌ ഡ്രൈവറായി കഴിയുന്നതുകൊണ്ടല്ലേ ഈ വിധത്തിലുള്ള രാഷ്ട്ര വിരുദ്ധവും പൗരന്മാരെ വഞ്ചിക്കുന്നതുമായ വിധേയത്വ നിലപാട്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്‌? അല്ലെങ്കില്‍ നിരപരാധികളായ രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കൊലയാളികള്‍ക്ക്‌ ഇത്രയും രാജകീയമായ പരിഗണനയും പരിചരണവും ആനുകൂല്യങ്ങളും നല്‍കുമായിരുന്നില്ലല്ലോ. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിലെ പൗരന്മാരുടെ ജീവനെക്കാള്‍ പ്രധാനം വിദേശരാജ്യത്തിലെ പൗരന്റെ സ്വാതന്ത്ര്യത്തിനാണെന്ന്‌ മന്‍മോഹന്‍ സിംഗും കൂട്ടരും പറയുമ്പോള്‍ , ആതിരേ,ഒരു ബാര്‍ബറുടെ മകളുടെ മിടുക്ക്‌ എന്താണെന്ന്‌ ഊഹിക്കുക.

Sunday, December 23, 2012

കസബിന്‌ നല്‍കിയ പരിഗണനപോലും മഅ്ദനിക്ക്‌ നിഷേധിക്കുന്ന ഭരണകൂട ഭീകരത

ശരിയാണ്‌, ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം തീവ്ര ന്യൂനപക്ഷ വികാരത്തിന്റെ ആളിക്കത്തലായിരുന്നു മഅ്ദനി. മഅ്ദനി അങ്ങനെ ആയിത്തീരാന്‍ ആഗ്രഹിച്ചതല്ല. മറിച്ച്‌, മഅ്ദനിയെ ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളും ഭൂരിപക്ഷ ഭീകരതയും ആ അപകടകരമായ അവസ്ഥയിലേയ്ക്ക്‌ മഅ്ദനിയെ പരിണമിപ്പിക്കുകയായിരുന്നു എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അന്ന്‌ മുസ്ലീം ന്യൂനപക്ഷത്തിനുവേണ്ടി മഅ്ദനി സ്വീകരിച്ച നിലപാട്‌ പക്ഷേ, ഇന്ന്‌ മുസ്ലീംങ്ങളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ട്‌ ഭരണത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച്‌ എല്ലാവിധ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗിന്റേതുപോലെ സമുദായത്തെ വഞ്ചിക്കുന്നതോ ഭരണഘടനയെ അവഹേളിക്കുന്നതോ വോട്ടര്‍മാരെ നിന്ദിക്കുന്നതോ ആയിരുന്നില്ല. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മതനിരപേക്ഷതയുടെ താഴികക്കുടങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന ഒരു ഇസ്ലാം അടയാളപ്പെടുത്തലിനെ കാവിക്കൊടികളും കുന്തവും ത്രിശൂലവും പിക്കാക്സുമേന്തിയ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കര്‍സേവകര്‍ ഇടിച്ചു നിരത്തിയപ്പോഴുണ്ടായ ഒരു ശരാശരി മുസ്ലീമിന്റെ രോഷം, അത്‌ അതിതീവ്രമായ തലത്തില്‍ മഅ്ദനി വികസിപ്പിച്ചെടുത്തു എന്ന്‌ മാത്രമേയുള്ളൂ. മഅ്ദനിയെക്കാള്‍ എത്രയോ ഭീകരന്മാരായ രാഷ്ട്രീയ നേതാക്കളാണ്‌ ഇസഡ്‌ കാറ്റഗറി സുരക്ഷയില്‍ നാട്ടില്‍ നെഞ്ചുവിരിച്ച്‌ നടന്ന്‌ ബലാത്സംഗം മുതലുള്ള സര്‍വ്വ സാമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത്‌! അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മഅ്ദനിയുടെ ഭീകരവാദം എത്രയോ ലഘുവായിരുന്നുവെന്ന്‌ തിരിച്ചറിയാനാവും.
ആതിരേ, ഒരു കാര്യം ഉറപ്പ്‌. മഅ്ദനിക്ക്‌ ഇനി അധികനാളുകളില്ല. മഅ്ദനിയുടെ അന്ത്യം അടുത്തു എന്ന്‌ ആരും തുറന്നു പറയുന്നില്ലെങ്കിലും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച്‌ മടങ്ങിയവര്‍ക്കെല്ലാം അക്കാര്യത്തില്‍ സന്ദേഹം ഒട്ടുമില്ല. ആ സത്യം തിരിച്ചറിഞ്ഞാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസും ലീഗും മഅ്ദനിക്ക്‌ വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്‌. ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്ക്‌,ആതിരേ, നീതിന്യായ വ്യവസ്ഥകള്‍ക്ക്‌ അബ്ദുള്‍ നാസര്‍ മഅ്ദനി കൊടുംഭീകരനാണ്‌. എന്നാല്‍, മഅ്ദനി ചെയ്ത ഭീകരപ്രവര്‍ത്തനം എന്താണെന്ന്‌ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കാന്‍ പ്രോസിക്യൂഷനോ ഭരണകൂടങ്ങള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ഒരു ദശകമാണ്‌ മഅ്ദനിയെ വിചാരണ തടവുകാരനായി ജയിലില്‍ അടച്ച്‌ പീഡിപ്പിച്ചത്‌. കുറ്റവാളിയെന്ന്‌ കോടതി വിധി പറയും വരെ നിരപരാധിയായി കണക്കാക്കേണ്ട ഒരു ഇന്ത്യന്‍ പൗരനോടാണ്‌ ഭരണകൂടങ്ങളും നീതിന്യായ വ്യവസ്ഥയും ഈ കൊടുക്രൂരത കാട്ടിയത്‌. അനീതിയുടെ ആഘാതം ഏറെയേറെ സഹിച്ച്‌ തളര്‍ന്നപ്പോഴാണ്‌ മഅ്ദനി ആ കേസില്‍ പ്രതിയല്ലെന്ന്‌ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക്‌ ബോധ്യമായത്‌. അഹങ്കരിക്കാനും അഭിമാനിക്കാനും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും അതിനെ പിന്താങ്ങുന്നവരും എല്ലായ്പ്പോഴും മൂലമന്ത്രം പോലെ ഉരുവിടുന്ന ഒന്നാണല്ലോ ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന്‌. എന്നാല്‍, മഅ്ദനിയുടെ കാര്യത്തില്‍ തെളിയിക്കപ്പെടാത്ത അപരാധങ്ങളുടെ പേരില്‍ എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട്‌ മരണത്തെ മുന്നില്‍ കണ്ട്‌ ജയിലറയ്ക്കുള്ളില്‍ കഴിയാനാണ്‌ ഇന്ത്യയിലെ വിവിധ ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും ശഠിക്കുന്നത്‌. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നിന്ന്‌ മോചിതനായി അധികനാള്‍ കഴിയും മുന്‍പാണ്‌ ബംഗളൂരു സ്ഫോടന കേസില്‍ മഅ്ദനിയെ അറസ്റ്റ്‌ ചെയ്ത്‌ ജയിലില്‍ അടച്ചത്‌. രണ്ടരവര്‍ഷമായി വിചാരണയും ജാമ്യവുമില്ലാതെ ഏകാന്ത തടവ്‌ അനുഭവിക്കുകയാണ്‌ മഅ്ദനി. ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ അതീവ ഗുരുതരമായ അവസ്ഥയിലാണ്‌ മഅ്ദനി. അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന്‌ തന്നെ പറയാം. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലില്‍ 24 മണിക്കൂറും പ്രകാശിക്കുന്ന 600 വാട്ട്‌ ബള്‍ബിന്റെയും ചുറ്റുമുള്ള കാമറകളുടെയും നടുവില്‍ ജീവച്ഛവം പോലെ കഴിയുകയാണ്‌ ഒരു കാലത്ത്‌ കേരളത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട മുസ്ലീം നേതാവ്‌ അബ്ദുള്‍ നാസര്‍ മഅ്ദനി. കേശാദിപാദം രോഗഗ്രസ്തമാണ്‌ മഅ്ദനിയുടെ ശരീരം. നട്ടെല്ലുപോലും നിവര്‍ത്താനാവാതെ വായും വയറും നിറയെ വ്രണങ്ങളുമായി അദ്ദേഹം നാളുകള്‍ തള്ളിനീക്കുന്നു. ശരിയാണ്‌, ആതിരേ, ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം തീവ്ര ന്യൂനപക്ഷ വികാരത്തിന്റെ ആളിക്കത്തലായിരുന്നു മഅ്ദനി. മഅ്ദനി അങ്ങനെ ആയിത്തീരാന്‍ ആഗ്രഹിച്ചതല്ല. മറിച്ച്‌, മഅ്ദനിയെ ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളും ഭൂരിപക്ഷ ഭീകരതയും ആ അപകടകരമായ അവസ്ഥയിലേയ്ക്ക്‌ മഅ്ദനിയെ പരിണമിപ്പിക്കുകയായിരുന്നു എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അന്ന്‌ മുസ്ലീം ന്യൂനപക്ഷത്തിനുവേണ്ടി മഅ്ദനി സ്വീകരിച്ച നിലപാട്‌ പക്ഷേ, ഇന്ന്‌ മുസ്ലീംങ്ങളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ട്‌ ഭരണത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച്‌ എല്ലാവിധ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗിന്റേതുപോലെ സമുദായത്തെ വഞ്ചിക്കുന്നതോ ഭരണഘടനയെ അവഹേളിക്കുന്നതോ വോട്ടര്‍മാരെ നിന്ദിക്കുന്നതോ ആയിരുന്നില്ല. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മതനിരപേക്ഷതയുടെ താഴികക്കുടങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന ഒരു ഇസ്ലാം അടയാളപ്പെടുത്തലിനെ കാവിക്കൊടികളും കുന്തവും ത്രിശൂലവും പിക്കാക്സുമേന്തിയ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കര്‍സേവകര്‍ ഇടിച്ചു നിരത്തിയപ്പോഴുണ്ടായ ഒരു ശരാശരി മുസ്ലീമിന്റെ രോഷം, അത്‌ അതിതീവ്രമായ തലത്തില്‍ മഅ്ദനി വികസിപ്പിച്ചെടുത്തു എന്ന്‌ മാത്രമേയുള്ളൂ. മഅ്ദനിയെക്കാള്‍ എത്രയോ ഭീകരന്മാരായ രാഷ്ട്രീയ നേതാക്കളാണ്‌ ഇസഡ്‌ കാറ്റഗറി സുരക്ഷയില്‍ നാട്ടില്‍ നെഞ്ചുവിരിച്ച്‌ നടന്ന്‌ ബലാത്സംഗം മുതലുള്ള സര്‍വ്വ സാമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത്‌! അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മഅ്ദനിയുടെ ഭീകരവാദം എത്രയോ ലഘുവായിരുന്നുവെന്ന്‌ തിരിച്ചറിയാനാവും. ആതിരേ,ശ്രദ്ധിക്കണം. മുംബൈ കൂട്ടക്കൊലയ്ക്കെത്തിയ അജ്മല്‍ കസബിന്‌ മുംബൈയിലെ ജയിലില്‍ നല്‍കിയ പരിഗണനയും അവന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭരണകൂടവും പോലീസും നീതിന്യായ വ്യവസ്ഥയും പ്രദര്‍ശിപ്പിച്ച വ്യഗ്രതയും എന്തു കൊണ്ടാണ്‌ മഅ്ദനിക്ക്‌ നിഷേധിക്കുന്നത്‌.. എന്തൊക്കെ പറഞ്ഞാലും അജ്മല്‍ കസബിന്റെ ജാനസ്സില്‍പ്പെടുന്ന ഭീകരവാദിയല്ല അബ്ദുള്‍ നാസര്‍ മഅ്ദനി. 92 ഡിസംബര്‍ ആറിന്‌ ശേഷം മഅ്ദനി സ്വീകരിച്ച തീവ്രവാദ നിലപാടുകളെ അദ്ദേഹം പാടെ ഉപേക്ഷിച്ചതാണ്‌. പക്ഷേ, യുഡിഎഫിനും മുസ്ലീം ലീഗിനുമാണ്‌ മഅ്ദനി തീവ്രവാദി. മഅ്ദനി ജയിലിന്‌ പുറത്താണെങ്കില്‍ ഇന്ന്‌ അധികാര കസേരയില്‍ ഇരിക്കുന്ന പല മുസ്ലീം ലീഗ്‌ മന്ത്രിമാര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുകയില്ല. മുസ്ലീം ലീഗ്‌ നേതൃത്വത്തിന്റെ വഞ്ചനയിലും കാപട്യത്തിലും അമര്‍ഷം പൂണ്ടുകഴിയുന്ന അണികള്‍ തീര്‍ച്ചയായും മഅ്ദനിയുടെ പിന്നില്‍ ഉറച്ച്‌ നിന്ന്‌ ഇന്നത്തെ ലീഗ്‌ നേതൃത്വത്തിനെതിരെ ജനാധിപത്യ രീതിയില്‍ തന്നെ വിപ്ലവം ഉണ്ടാക്കുമെന്ന്‌ ഭയന്നാണ്‌ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ഉമ്മന്‍ചാണ്ടിയുടെ ഭരണകൂടം അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജയിലില്‍ അടച്ച്‌ മൃഗീയമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. 24 മണിക്കൂറും കത്തിനില്‍ക്കുന്ന 600 വാട്ട്‌ ബള്‍ബിന്റെ കടുത്ത പ്രകാശത്തിലാണ്‌ കഴിഞ്ഞ രണ്ടരവര്‍ഷമായി ഒരു ഇടുങ്ങിയ മുറിയില്‍ രോഗിയായ ഈ മനുഷ്യനെ അടച്ചിട്ടിരിക്കുന്നത്‌. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട മഅ്ദനിക്ക്‌ രണ്ടാമത്തെ കണ്ണില്‍ അവശേഷിക്കുന്നത്‌ 10 ശതമാനം കാഴ്ച മാത്രമാണ്‌. മക്കളെപ്പോലും തിരിച്ചറിയാനാവാത്ത നിസ്സഹായാവസ്ഥയിലാണ്‌ മഅ്ദനി. മുട്ടിനു താഴെ മുറിച്ചു മാറ്റിയ വലതുകാലിന്റെ സ്പര്‍ശന ശേഷി പൂര്‍ണമായി നഷ്ടമായി. ഇടതുകാലില്‍ നീരുവന്ന്‌ വീര്‍ത്ത്‌ അതിന്റെ സ്പര്‍ശന ശേഷിയും നശിച്ചുകൊണ്ടിരിക്കുകയാണ്‌. വൃക്കസംബന്ധമായ രോഗം മൂലം ശരീരത്തില്‍ പലയിടത്തും നീരുണ്ട്‌. വലതുകാലിലെ കൃത്രിമ കാല്‍ തേഞ്ഞു തീര്‍ന്നതുകൊണ്ട്‌ രണ്ടുകാലും ഒരേ ക്രമത്തില്‍ ഉറപ്പിക്കാനാവാതെ നട്ടെല്ലിന്റെ കശേരുക്കള്‍ ക്രമം തെറ്റി തേഞ്ഞുപോയി ഇപ്പോള്‍ സര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ്‌ എന്ന രോഗത്തിന്‌ അടിപ്പെട്ട്‌ നോവ്‌ തിന്ന്‌ കഴിയുകയാണ്‌ മഅ്ദനി. ഈ രോഗാവസ്ഥയില്‍ ജയിലില്‍ നിന്ന്‌ നല്‍കുന്ന ഭക്ഷണം കൃത്യമായി കഴിക്കാന്‍ സാധിക്കാത്തതുകൊണ്ട്‌ പെപ്റ്റിക്‌ അള്‍സര്‍ വന്ന്‌ വയറും വായും വ്രണങ്ങള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ഇങ്ങനെ അടിമുടി രോഗഗ്രസ്തനായി ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും കരുണയറ്റ മുന്‍വിധികള്‍ക്ക്‌ ബലിയാടായി ഇടയ്ക്കിടെ മൂര്‍ച്ഛിക്കുന്ന പ്രമേഹത്തില്‍ ബോധരഹിതനായി അബ്ദുള്‍ നാസര്‍ മഅ്ദനി പരപ്പ ജയിലില്‍ തന്റെ അന്ത്യനിമിഷങ്ങള്‍ എണ്ണി കഴിയുകയാണ്‌. മഅ്ദനിയുടെ മരണം സംഭവിച്ചാല്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്നാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസും ലീഗുമെല്ലാം അദ്ദേഹത്തിന്റെ പക്ഷം ചേര്‍ന്ന്‌ സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. മഅ്ദനിക്ക്‌ മാനവിക നീതി ലഭിക്കണമെന്നും മഅ്ദനിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പ്രസ്താവനകള്‍ ഇറക്കുയല്ല വേണ്ടത്‌ അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിട്ടുള്ള ഇതുവരെ തെളിയിക്കാനാവാത്ത കേസുകള്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ചെലവില്‍ അദ്ദേഹത്തിന്‌ വിദഗ്ധ ചികിത്സ നല്‍കുകയാണ്‌ ഇവരെല്ലാം പറയുന്ന വാക്കുകളില്‍ അല്‍പമെങ്കിലും മനുഷ്യപ്പറ്റുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചെയ്യേണ്ടത്‌. ഇല്ലങ്കില്‍...,ആതിരേ, വരാനിരിക്കുന്ന നാളുകള്‍ കനത്ത തിരിച്ചടിയുടെയും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളുടേതുമായിരിക്കും.അതിന്‌ മഅ്ദനി ഉത്തരവാദിയാകുകയുമില്ല...

Friday, December 21, 2012

ബ്രഹ്മാവ്‌ മുതല്‍ മരട്‌ സുബ്രഹ്മണ്യന്‍ വരെ;പിതൃത്വത്തെ അശ്ലീലമാക്കിയ പിതാക്കന്മാര്‍

ബ്രഹ്മാവുമുതല്‍ ആരംഭിക്കുന്നു, സ്വന്തം മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രാക്ഷസപിതാക്കന്മാരുടെ ചരിത്രം. ലോകസൃഷ്ടിക്കായി പ്രജാപതികളെയും സന്ധ്യ എന്ന മകളെയും സൃഷ്ടിച്ച ശേഷം തന്റെ മനസ്സില്‍ നിന്ന്‌ കാമദേവനെയും ബ്രഹ്മാവ്‌ സൃഷ്ടിച്ചു. ക്രാമബാണം അയച്ച്‌ പജാപതികളെ സൃഷ്ട്യുന്മുഖരാക്കാന്‍ ബ്രഹ്മാവ്‌ കാമദേവനോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ പഞ്ചബാണന്‍ മലരമ്പുകളെയ്തു തുടങ്ങി. ബ്രഹ്മാവിലുമേറ്റു ചില പുഷ്പസായകങ്ങള്‍. അതേത്തുടര്‍ന്ന്‌ മകളോട്‌ അത്യധികമായ ആസക്തി തോന്നിയ ബ്രഹ്മാവ്‌ സന്ധ്യയെ പ്രാപിക്കാനണഞ്ഞു.പിതാവില്‍ നിന്ന്‌ രക്ഷപെടാന്‍ സന്ധ്യ നിരവധി വേഷങ്ങളെടുത്തതിന്റേയും അതിനൊപ്പം വേഷം മാറി ബ്രഹ്മാവ്‌ സന്ധ്യയ്ക്ക്‌ നിത്യഭീഷണിയായതിന്റേയും വിവരണങ്ങള്‍ കലികപുരാണത്തിലും രുദ്രസംഹിതയിലുമുണ്ട്‌. ഒടുവില്‍ പിതാവിന്റെ ആസക്തികളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ സന്ധ്യ ആത്മഹത്യ ചെയ്തു എന്നാണ്‌ പറയുന്നത്‌. ഇന്നത്തെ പെണ്‍കുട്ടികളുടെ അവസ്ഥയും മറ്റൊന്നല്ലല്ലോ. എന്തു കൊണ്ടാണ്‌ , ഈ കൗമാരരോദനങ്ങള്‍ ഈശ്വരന്റെ കാതില്‍ പതിക്കാതെ പോകുന്നത്‌..?
ആതിരേ,പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു പുരുഷന്മാര്‍ക്ക്‌ കാഴ്ചവയ്ക്കുകയും ചെയ്യുന്ന കാമവെറിയന്മാരായ പിതാക്കന്മാരുടെയും പെണ്‍മക്കളെ കാമുകന്മാര്‍ക്കും പണത്തിനും വേണ്ടി കൂട്ടിക്കൊടുക്കുന്ന പുംശ്ചലികളായ മാതാക്കളുടെയും വാര്‍ത്തയില്ലാതെ ഒരുദിവസം പോലും ,ദൈവത്തിന്റെ നാട്ടില്‍ പുലരുന്നില്ല...! ഈ ലോകത്തിന്റെ പോക്കെങ്ങോട്ടെന്ന്‌ അത്ഭുതപ്പെട്ട്‌ മൂക്കത്ത്‌ വിരല്‍ വച്ച്‌ , നടുങ്ങി നിന്നു പോകുന്ന കെട്ടകാലമാണിപ്പോള്‍ കേരളത്തില്‍. മാതാവിനെയും പിതാവിനെയും സംശയത്തോടെയല്ലാതെ പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ വീക്ഷിക്കാനാവാത്തത്ര തൃഷ്ണ നിറഞ്ഞ പരിസരങ്ങള്‍. മാതാവും പിതാവും കഴിഞ്ഞാല്‍ ദൈവത്തിന്റെ തൊട്ടടുത്ത സ്ഥാനമുള്ള ഗുരുഭൂതന്മാരും ഒട്ടും മോശക്കാരല്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ നശിപ്പിക്കുന്നതില്‍ പ്രത്യേക വിരുതാണ്‌ ഈ കുടില ജന്മങ്ങള്‍ക്ക്‌. ആതിരേ, ഏകപത്നീ-ഏകഭര്‍തൃ വ്രതത്തോടെയുള്ള ദാമ്പത്യം തുടങ്ങിയ കാലം മുതല്‍ ഇത്തരം വഷള ലൈംഗീക ചൂഷണങ്ങളും ആരംഭിച്ചു എന്നതിന്‌ നമ്മുടെ പുരാണങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും നിരവധി തെളിവുകള്‍ നിരത്തുന്നുണ്ട്‌. അന്നെല്ലാം സംഭവങ്ങള്‍ വളരെ ഗോപ്യമായി വച്ചിരുന്നതുകൊണ്ടോ അന്ന്‌ ഇത്രയധികം വാര്‍ത്താവിനിമയ- മാധ്യമ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടോ ആകാം കഥകള്‍ ഇങ്ങനെ നാട്ടിലാകെ പാട്ടാകാതിരുന്നത്‌.എന്നാലും ഇത്തരം സാമദ്രോഹികള്‍ക്ക്‌ അന്നും പഞ്ഞമുണ്ടായിരുന്നില്ല! ബ്രഹ്മാവുമുതല്‍ ആരംഭിക്കുന്നു, ആതിരേ, സ്വന്തം മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രാക്ഷസപിതാക്കന്മാരുടെ ചരിത്രം. ലോകസൃഷ്ടിക്കായി പ്രജാപതികളെയും സന്ധ്യ എന്ന മകളെയും സൃഷ്ടിച്ച ശേഷം തന്റെ മനസ്സില്‍ നിന്ന്‌ കാമദേവനെയും ബ്രഹ്മാവ്‌ സൃഷ്ടിച്ചു. ക്രാമബാണം അയച്ച്‌ പജാപതികളെ സൃഷ്ട്യുന്മുഖരാക്കാന്‍ ബ്രഹ്മാവ്‌ കാമദേവനോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ പഞ്ചബാണന്‍ മലരമ്പുകളെയ്തു തുടങ്ങി. ബ്രഹ്മാവിലുമേറ്റു ചില പുഷ്പസായകങ്ങള്‍. അതേത്തുടര്‍ന്ന്‌ മകളോട്‌ അത്യധികമായ ആസക്തി തോന്നിയ ബ്രഹ്മാവ്‌ സന്ധ്യയെ പ്രാപിക്കാനണഞ്ഞു.പിതാവില്‍ നിന്ന്‌ രക്ഷപെടാന്‍ സന്ധ്യ നിരവധി വേഷങ്ങളെടുത്തതിന്റേയും അതിനൊപ്പം വേഷം മാറി ബ്രഹ്മാവ്‌ സന്ധ്യയ്ക്ക്‌ നിത്യഭീഷണിയായതിന്റേയും വിവരണങ്ങള്‍ കലികപുരാണത്തിലും രുദ്രസംഹിതയിലുമുണ്ട്‌. ഒടുവില്‍ പിതാവിന്റെ ആസക്തികളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ സന്ധ്യ ആത്മഹത്യ ചെയ്തു എന്നാണ്‌ പറയുന്നത്‌. ഇന്നത്തെ പെണ്‍കുട്ടികളുടെ അവസ്ഥയും മറ്റൊന്നല്ലല്ലോ. പറഞ്ഞുവന്നത്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന നീചന്മാരുടെ വംശം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല എന്നാണ്‌. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ 2011-ല്‍ 423 പെണ്‍കുഞ്ഞുങ്ങളാണ്‌ ബലാത്സംഗത്തിന്‌ വിധേയരായത്‌. 47 കുട്ടികള്‍ കൊല്ലപ്പെട്ടു. 129 കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി. 2011-ല്‍ കുട്ടികള്‍ക്കെതിരെ ആകെ 1456 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി. 2012 സെപ്തംബര്‍ വരെ 286 പെണ്‍കുഞ്ഞുങ്ങളാണ്‌ ബലാത്സംഗത്തിന്‌ വിധേയരായത്‌. 2011-നും അതിനുശേഷവും 24 ശതമാനം വര്‍ദ്ധനവാണ്‌ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉണ്ടായിട്ടുള്ളത്‌. പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ആണ്‍കുഞ്ഞുങ്ങളും സുരക്ഷിതരല്ല. 40 ശതമാനം ആണ്‍കുട്ടികളും 39 ശമതാനം പെണ്‍കുട്ടികളും കൗമാരപ്രായത്തിന്‌ മുന്‍പ്‌ ലൈംഗികമായ പീഡനത്തിന്‌ വിധേയരാകുന്നു എന്നാണ്‌ ഏറ്റവും ഒടുവിലത്തെ കണക്ക്‌. 95 ശതമാനം ബാലപീഡനങ്ങളിലും പ്രതിസ്ഥാനത്ത്‌ വരുന്നത്‌ രക്ഷിതാക്കളും അധ്യാപകരും അടുത്ത ബന്ധുക്കളുമാണ്‌. പ്രായം കുറയും തോറും പെണ്‍കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്നതിന്റെ തോത്‌ വര്‍ദ്ധിക്കുന്നു എന്നതാണ്‌ സ്തോഭമുളവാക്കുന്ന വാസ്തവം. ചെയില്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരുടെ കണക്കുകള്‍ പ്രകാരം ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന 80 ശതമാനം കുട്ടികളും 15 വയസ്സില്‍ താഴെയുളളവരാണ്‌. അതായത്‌, മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും സ്നേഹവും കരുതലും ലഭിക്കേണ്ട പ്രായത്തിലാണ്‌ പെണ്‍കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളും വീട്ടിലും സ്കൂളിലും മറ്റുമായി ഇങ്ങനെ പിച്ചിചീന്തപ്പെടുന്നത്‌. ആതിരേ,ശിഥിലമായ ദാമ്പത്യവും മാതാപിതാക്കളുടെ ലഹരി ആസക്തിയും പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ആര്‍ത്തിയുമൊക്കെയാണ്‌ കൗമാരത്തിനു മുന്‍പ്‌ പെണ്‍കുഞ്ഞുങ്ങളെ കശക്കിയെറിയുന്ന സാമൂഹിക ഘടകങ്ങള്‍ . ഇവിടെ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വാസ്തവം ഉണ്ട്‌. ആണ്‍കുഞ്ഞുങ്ങളെ തങ്ങളുടെ ലൈംഗിക തൃഷ്ണകള്‍ക്ക്‌ ഇരയാക്കുന്ന മാതാക്കളുടെ എണ്ണവും അപായകരമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണത്‌.. ഇന്ന്‌ മനഃശാസ്ത്രകാരന്മാരുടെ ചികിത്സയ്ക്കെത്തുന്ന കൗമാരക്കാരായ ആണ്‍കുട്ടികളില്‍ 30 ശതമാനത്തിന്‌ ഇത്തരം പീഡനങ്ങളുടെ പൊള്ളലേറ്റിട്ടുണ്ട്‌. എങ്ങോട്ടാണ്‌ നമ്മുടെ കുടുംബജീവിത ഭദ്രത പരിണമിക്കുന്നത്‌? എവിടെയൊക്കെയാണ്‌ മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും വിശുദ്ധികള്‍ കളഞ്ഞു പോകുന്നത്‌? എന്തിനുവേണ്ടിയാണ്‌ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ കാമപിശാചുകള്‍ക്ക്‌ കാഴ്ചവയ്ക്കാന്‍ മാതാവും പിതാവും മത്സരിക്കുന്നത്‌? എവിടെ തൂകിപ്പോയി നമ്മിലെ സദാചാരബോധവും ധാര്‍മ്മിക ചിന്തകളും?... മുതിര്‍ന്നവരിലെ പ്രത്യേകിച്ച്‌ പുതുതലമുറയിലെ ദമ്പതിമാര്‍ക്കിടയിലെ ഈഗോ ക്ലാഷും അപഥസഞ്ചാരവും സൃഷ്ടിക്കുന്ന ദാമ്പത്യ തകര്‍ച്ചയാണ്‌ യഥാര്‍ത്ഥത്തില്‍ ആണ്‍കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും കൗമാരപ്രായത്തിന്‌ മുമ്പ്‌ കാമകോമരങ്ങളുടെ ഇരകളാക്കുന്നത്‌ . കേരളത്തില്‍ പ്രതിദിനം 70-ഓളം വിവാഹമോചനങ്ങളാണ്‌ നടക്കുന്നത്‌. പ്രതിവര്‍ഷം 40000വും! വിവാഹ മോചനം നേടുന്ന ദമ്പതികളുടെ ശരാശരി പ്രായം 30-35നും ഇടയിലാണ്‌. അതായത്‌ വിവാഹം കഴിഞ്ഞ്‌ അഞ്ച്‌ വര്‍ഷത്തിനും 10 വര്‍ഷത്തിനുമിടയില്‍ സാക്ഷര കേരളത്തിലെ ദമ്പതികള്‍ അടിച്ചു പിരിയുന്നു എന്നര്‍ത്ഥം. മുതിര്‍ന്നവരുടെ ഈ ദുശാഠ്യവും ഈഗോ ക്ലാഷും ലഹരി ആസക്തിയും അപഥ സഞ്ചാരവും മൂലം 40000 കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ നിത്യജീവിതവും മാനസികാവസ്ഥയും ഭാവിയുമാണ്‌ , ആതിരേ, പിച്ചിചീന്തപ്പെടുന്നത്‌. കഴിഞ്ഞദിവസം പുറത്തുവന്ന മരട്‌ പീഡനക്കേസിലെ കുട്ടിയുടെയും ദുരന്തത്തിന്‌ കാരണം മാതാപിതാക്കളുടെ അസാന്മാര്‍ഗ്ഗിക ജീവിതവും വേര്‍പിരിയലും പണത്തിനോടുള്ള ആര്‍ത്തിയുമായിരുന്നു. 300 രൂപയ്ക്ക്‌ വേണ്ടി ഒരമ്മ തന്റെ മകളെ ഒരു കാമാന്ധന്‌ കാഴ്ചവയ്ക്കാന്‍ തയ്യാറായി എന്ന്‌ പറയുമ്പോള്‍ നാമൊക്കെ വാഴ്ത്തിപ്പാടുന്ന മാതൃത്വത്തിന്റെ മഹത്വം എത്ര അശ്ലീലമാണ്‌!. ഹായ്്‌ ടെക്‌ വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ വഴിപിഴക്കലിന്‌ കാരണമാകുന്നുണ്ട്‌. മൊബെയില്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെ വിവേചനമില്ലാതെ ഉപയോഗിക്കാന്‍ മക്കളെ അനുവദിക്കുന്ന മാതാപിതാക്കള്‍ അവരെ നയിക്കുന്നത്‌ നരകനാശത്തിലേയ്ക്കാണെന്ന്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കാന്‍ ഇവിടെ നിയമമില്ല എന്നതാണ്‌ ക്ഷോഭജനകമായ യാഥാര്‍ത്ഥ്യം. കൂടി വന്നാല്‍ മൂന്നുമാസത്തെയോ ആറുമാസത്തെയോ തടവ്‌ ശിക്ഷ മാത്രമാണ്‌ ഈ കാമക്കുറ്റവാളികള്‍ക്ക്‌ ഇന്ത്യന്‍ ശിക്ഷാ നിയമം നല്‍കുന്നത്‌. ജാമ്യമില്ലാത്ത വകുപ്പോടെ വധശിക്ഷ തന്നെ ഇത്തരം സമൂഹവിരുദ്ധര്‍ക്ക്‌ നല്‍കണമെന്ന്‌ പറയുമ്പോള്‍ അത്‌ സാഡിസമല്ല മറിച്ച്‌, പിച്ചിച്ചീന്തപ്പെടുന്ന കൗമാരങ്ങളോടുള്ള കനിവാണെന്ന്‌ കരുതുക. . ഇത്തരം കേസുകള്‍ അട്ടിമറിച്ച്‌ അതിന്റെ പങ്ക്‌ പറ്റി പോക്കറ്റ്‌ വീര്‍പ്പിക്കുന്ന പോലീസുകാരും ഇത്തരം കുറ്റവാളികളെ രക്ഷിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന രാഷ്ട്രീയക്കാരുമാണ്‌ വര്‍ത്തമാനകാല കേരളത്തിലെ കൗമാരങ്ങളുടെ മറ്റൊരു അന്തക വര്‍ഗം. ഈ ദുരവസ്ഥയില്‍ നിന്ന്‌ ഒരു മാറ്റം ആഗ്രഹിക്കാനെങ്കിലും നമുക്കു കഴിയുമോ...? അതിന്‌ അനുഗുണമാകുമാറ്‌ നമ്മുടെ നാട്ടിലെ നീതിനിര്‍വ്വഹണവും ന്യായപാലനവും സത്യസന്ധവും സുതാര്യവും കര്‍ക്കശവുമാകുമോ?... എന്തു കൊണ്ടാണ്‌ ആതിരേ, ഈ കൗമാര രോദനങ്ങള്‍ ഈശ്വരന്റെ കാതില്‍ പതിക്കാതെ പോകുന്നത്‌..?

Wednesday, December 19, 2012

ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണം: 7 കോടിയുടെ അഴിമതി;മലര്‍ക്കെ തുറന്നു കിടക്കുന്ന അഴിമതിയുടെ വാതായനങ്ങള്‍

കാട്ടിലെ തടി,തേവരുടെ ആന എന്ന ലൈനിലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണം.കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ക്കുകയും ഇതിനെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ്‌ ജനറലുമായ എം.കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയും അവര്‍ പിന്നീട്‌ നിയമിച്ച സബ്‌ കമ്മിറ്റികളും ആശിര്‍വദിക്കുകയും ചെയ്തതു കൊണ്ടാണ്‌ ഏഴ്‌ കോടിയുടെ അഴിമതി നടന്നതെന്നാണ്‌ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗത്തിന്റെ വിലയിരുത്തല്‍.
ആതിരേ,കാട്ടിലെ തടി,തേവരുടെ ആന എന്ന ലൈനിലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണം.കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ക്കുകയും ഇതിനെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ്‌ ജനറലുമായ എം.കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയും അവര്‍ പിന്നീട്‌ നിയമിച്ച സബ്‌ കമ്മിറ്റികളും ആശിര്‍വദിക്കുകയും ചെയ്തതു കൊണ്ടാണ്‌ ഏഴ്‌ കോടിയുടെ അഴിമതി നടന്നതെന്നാണ്‌ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗത്തിന്റെ വിലയിരുത്തല്‍. കരാറുകാരുടെ ഇഷ്ടത്തിന്‌ തുള്ളുകയും അവര്‍ ആവശ്യപ്പെട്ടാപ്പോഴെല്ലാം ചട്ടങ്ങള്‍ ലംഘിച്ച്‌ പണം അനുവദിക്കുകയും ചെയ്തതാണ്‌ അഴിമതിക്ക്‌ വളമായത്‌.വഴിവിട്ട ഈ സാമ്പത്തിക ഇടപാടുകള്‍ കോര്‍കമ്മിറ്റിയിലേയും സബ്‌ കമ്മിറ്റിയിലേയും സ്വാധീനമുള്ള അഭിഭാഷകരുടെ അഭീഷ്ടപ്രകാരമാണ്‌ നടന്നതെന്നും ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം കണ്ടെത്തിയിട്ടുണ്ട്‌. ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം ചൂണ്ടിക്കാണിച്ച ക്രമക്കേടുകളെക്കുറിച്ച്‌ സമഗ്രമായി അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അധികം കൈപ്പറ്റിയ തുക കരാറുകാരില്‍ നിന്ന്‌ സൊസൈറ്റിയിലേയ്ക്ക്‌ തിരിച്ചെത്തിക്കാന്‍ നിയമ നടപടി എടുക്കുകയും ചെയ്യേണ്ടതിന്‌ പകരം ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ തള്ളി കൊണ്ട്‌ അഴിമതിക്കാരേയും അതിന്‌ കൂട്ടുനിന്നവരേയും വെള്ളപൂശുന്ന നിലപാടാണ്‌ തത്പര കക്ഷികള്‍ സ്വീകരിച്ചത്‌. ആതിരേ,541 അഭിഭാഷകര്‍ക്കാണ്‌ ചേംബര്‍ കോംപ്ലക്സില്‍ ചേംബരുകള്‍ അനുവദിച്ചിട്ടുള്ളത്‌.ഇവരടങ്ങുന്നതാണ്‌ ബില്‍ഡിംഗ്‌ നിര്‍മാണ കമ്മിറ്റി.എന്നാല്‍ ഇവരില്‍ ബഹുപൂരിപക്ഷം പേരും ജനറല്‍ ബോദി മീറ്റിംഗില്‍ പോലും പങ്കെടുക്കാറില്ല.സീനിയര്‍ അഭിഭാഷകരടങ്ങുന്നതാണ്‌ കോര്‍ കമ്മിറ്റി. ആ കമ്മിറ്റിമീറ്റിംഗിലും ഭൂരിപക്ഷം പേരും പങ്കെടുക്കാറില്ല.അങ്ങനെ അഭിഭാഷക സമൂഹത്തിന്റെ സജീവവും സക്രിയവുമായ പങ്കാളിത്തമില്ലാതെ ചില പ്രത്യേക വ്യക്തികളുടെ നേതൃത്വത്തില്‍, അവരുടെ താത്പര്യ പ്രകാരമാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌.അവയാകട്ടെ മാന്യമായി പൂര്‍ട്ഠ്തിയാക്കിയിട്ടുമില്ല.ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നത്‌ സിവില്‍ വര്‍ക്കുകളിലാണ്‌.ശില്‍പ കണ്‍സ്ട്രക്ഷന്‍സും ഷൈന്‍ ഇലക്ട്രിക്കല്‍സുമാണ്‌ അതിന്റെ ഗുണഭോക്താക്കള്‍.ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗത്തിന്റെ കണ്ടെത്തല്‍ അനുസരിച്ച്‌ അര്‍ഹതപ്പെട്ടതില്‍ കൂടുതല്‍ തുക അവര്‍ കൈപ്പറ്റിയിട്ടുണ്ട്‌.എന്നിട്ടും തങ്ങള്‍ക്ക്‌ പണം കിട്ടാനുണ്ട്‌ എന്നവകാശപ്പെട്ട്‌ അവര്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.കടുവയെ കിടുവ പിടിച്ച അവസ്ഥ. സ്ടക്ചറല്‍ ഗ്ലൈസിംഗ്‌ വര്‍ക്കുകള്‍ നിലവാരം കുറഞ്ഞതും നിര്‍ദിഷ്ട രീതിയിലും അല്ലാതിരുന്നത്‌ കൊണ്ട്‌ വായൂ സഞ്ചാരം പോലും ഹനിക്കപ്പെട്ടു.അതു കൊണ്ട്‌ അതിപ്പോള്‍ പൊളിച്ചു പണിയുകയാണ്‌. ഒര്‍ജിനല്‍ എസ്റ്റിമേറ്റിലുണ്ടായിരുന്ന പല നിര്‍മാണപ്രവര്‍ത്തനവും പിന്നീട്‌ തത്പരകക്ഷികളുടെ ഇഷ്ടപ്രകാരം ഒഴിവാക്കുകയും സ്വതന്റ്രമായ ടെന്‍ഡര്‍ ക്ഷണിച്ച്‌ പണി ഏല്‍പ്പിക്കുകയും ചെയ്തതിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ്‌ ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലുള്ളത്‌.ഇവിടേയും ശില്‍പ കണ്‍സ്ട്രക്ഷനെ വഴിവിട്ട്‌ സഹായിച്ചതായി ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ അക്കമിട്ട്‌ നിരത്തി വിവരിക്കുന്നു.സിവില്‍ വര്‍ക്കുകളുടെ കരാര്‍ ഏറ്റെടുത്ത ശില്‍പ കണ്‍സ്ട്രക്ഷന്‍സ്‌ തന്നെയായിരുന്നു ചേംബറുകളുടെ വാതില്‍ നിര്‍മാണവും നടത്തേണ്ടിയിരുന്നത്‌.എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ടെന്‍ഡര്‍ വിളിച്ചാണ്‌ കരാര്‍ നല്‍കിയത്‌. മൂന്ന്‌ കോണ്‍ട്രാക്ടര്‍മാരാണ്‌ വാതില്‍ നിര്‍മാണത്തിന്റെ ടെന്‍ഡര്‍ സമര്‍പ്പിച്ചത്‌.കോണ്ട്രാക്ടര്‍മാരും ടെന്‍ഡര്‍ തുകയും ഇനി പറയുന്നു.1) ജേക്കബ്‌ ജോസഫ്‌-63,15,738 രൂപ.2)ജോണ്‍ കെ.ആന്റണി-23,75,835 രൂപ.3) ശില്‍പ പ്രോജക്ട്സ്‌-49,05,945 രൂപ.ഇവിടെയും കുറഞ്ഞ തുക ക്വാട്ട്‌ ചെയ്തവരെ ഒഴിവാക്കി കൂടുതല്‍ തുക ക്വാട്ട്‌ ചെയ്ത ശില്‍പയ്ക്ക്‌ തന്നെ കരാര്‍ നല്‍കി! 571 വാതിലുകളാണ്‌ പണിതത്‌.ഒരു വാതലിന്‌ 4000 രൂപയാണ്‌ ഒര്‍ജിനല്‍ എസ്റ്റിമേറ്റിലെ തുക.എന്നാല്‍ ശില്‍പ പ്രോജക്ട്സ്‌ 13,152 രൂപയ്ക്കാണ്‌ വാതിലുകള്‍ പീടിപ്പിച്ചത്‌.നിര്‍മാണം നടക്കുമ്പോള്‍ എസ്റ്റിമേറ്റ്‌ കാലത്തെ തുകയേക്കാള്‍ കൂടുതല്‍ തുക വാതില്‍ നിര്‍മാണത്തിന്‌ വേണ്ടി വന്നു.2000 രൂപ അധിക.അതായത്‌ ഒരു വാതലിന്‌ 6000 രൂപ.വിജാഗിരി,കൊളുത്ത്‌,പൂട്ട്‌,ദോര്‍ ക്ലോസര്‍ എന്നിവ ഐഎസ്‌ഐ മാര്‍ക്കുള്‍ലവയാകുമ്പോഴാണ്‌ ഈ തുക.നിലവാരകാര്യ്ത്തിലെ നിബന്ധനകള്‍ കാറ്റില്‍ പറത്തി നിര്‍മിച്ച വാതില്‍ ഓരോന്നിലും ( 13,152- 6000=)7,152 രൂപയുടെ നസ്ടമാണൂണ്ടായത്‌.അതായത്‌ ആകെ നഷ്ടം ( 7,152ഃ571=30,842,42 രൂപ എന്ന്‌ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം വിലയിരുത്തുന്നു. ഈ നഷ്ടങ്ങള്‍ക്കും ക്രമക്കേടുകളൂം അഴിമതിക്കും ഉത്തരം പറയേണ്ടത്‌ അഡ്വക്കേറ്റ്മാരായ കെ.എല്‍.വര്‍ഗീസ്‌,ജി.ശ്രീകുമാര്‍,എം.കെ.ദാമോദരന്‍,പീയൂസ്‌ എ.കൊറ്റം,എ.കെ.സെയ്ത്‌ മുഹമദ്‌,കെ.വി.സോഹന്‍,ബാബു പോള്‍,ജേക്കബ്‌ വര്‍ഗീസ്‌,ഷിറാസ്‌ അബ്ദുള്ള,എസ്‌.പി.ചാലി,കൃഷ്ണന്‍ നായര്‍ എന്നിവരാണെന്ന്‌ അഡ്വക്കേറ്റ്മാരായ ജി.ഭഗവത്‌ സിംഗ്‌,കെ.ആര്‍.ബി.കൈമള്‍,ജോളിമ ജോര്‍ജ്‌ എന്നിവര്‍ തയ്യാറാക്കിയ ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു ( പരമ്പര അവസാനിച്ചു-)

Sunday, December 16, 2012

ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണം;7 കോടിയുടെ തട്ടിപ്പ്‌;കാമധേനുവായ സിവില്‍ വര്‍ക്കുകള്‍

അനധികൃത തത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍മാണ കരാറുകള്‍ നല്‍കിയതാണ്‌ ഏഴ്‌ കോടി രൂപയുടെ അഴിമതിക്ക്‌ കാരണമെന്ന്‌ അഡ്വക്കേറ്റ്മാരായ ജി.ഭഗവത്‌ സിംഗ്‌,കെ.ആര്‍.ബി.കൈമള്‍,ജോളിമ ജോര്‍ജ്‌ എന്നിവരടങ്ങിയ ഇന്റേണല്‍ ഓഡിറ്റ്‌ കമ്മിറ്റി കണ്ടെത്തിയിരുന്നു.ഈ കണ്ടെത്തലുകളടങ്ങുന്ന ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചിരുന്നു.ചര്‍ച്ച പലവട്ടം നീട്ടി വച്ച ശേഷം കഴിഞ്ഞ വ്യാഴാഴ്ച കൂടിയ യോഗം ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ തള്ളി.ഇത്‌ അഴിമതി നടത്തിയവര്‍ക്ക്‌ അംഗീകാരം നല്‍കിയതിന്‌ തുല്യമാണെന്ന്‌ അഭിഭാഷകര്‍ തന്നെ ആരോപിക്കുന്നു.ക്രമക്കേടുകല്‍ അക്കമിട്ട്‌ നിരത്തുന്ന ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ തിരസ്ക്കരിക്കാനുള്ള തീരുമാനം അംഗീകരിച്ച്‌ ഇപ്പോഴത്തെ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയും അഴിമതിക്കാരെ വെള്ള പൂശിയെന്നാണ്‌ അഭിഭാഷകരുടെ വാദം.സുതാര്യമായ പ്രവര്‍ത്തന പാരമ്പര്യമുള്ള അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട്‌ അഭിഭാഷകര്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുകയാണ്‌.
ആതിരേ,കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ കരാറുകള്‍ നല്‍കുന്നതില്‍ മുന്‍ അഡ്വകേറ്റ്‌ ജനറല്‍ എം.കെ.ദാമോദരന്‍ ജനറല്‍ കണ്‍വീനറായ കോര്‍ കമ്മിറ്റിയും സബ്‌ കമ്മിറ്റികളും ടെന്‍ഡര്‍ സ്ക്രൂട്ടിനി കമ്മിറ്റിയുമൊക്കെ അനധികൃത തത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍മാണ കരാറുകള്‍ നല്‍കിയതാണ്‌ ഏഴ്‌ കോടി രൂപയുടെ അഴിമതിക്ക്‌ കാരണമെന്ന്‌ അഡ്വക്കേറ്റ്മാരായ ജി.ഭഗവത്‌ സിംഗ്‌,കെ.ആര്‍.ബി.കൈമള്‍,ജോളിമ ജോര്‍ജ്‌ എന്നിവരടങ്ങിയ ഇന്റേണല്‍ ഓഡിറ്റ്‌ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളടങ്ങുന്ന ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചിരുന്നു.ചര്‍ച്ച പലവട്ടം നീട്ടി വച്ച ശേഷം കഴിഞ്ഞ വ്യാഴാഴ്ച കൂടിയ യോഗം ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ തള്ളി.ഇത്‌ അഴിമതി നടത്തിയവര്‍ക്ക്‌ അംഗീകാരം നല്‍കിയതിന്‌ തുല്യമാണെന്ന്‌ അഭിഭാഷകര്‍ തന്നെ ആരോപിക്കുന്നു.ക്രമക്കേടുകല്‍ അക്കമിട്ട്‌ നിരത്തുന്ന ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ തിരസ്ക്കരിക്കാനുള്ള തീരുമാനം അംഗീകരിച്ച്‌ ഇപ്പോഴത്തെ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയും അഴിമതിക്കാരെ വെള്ള പൂശിയെന്നാണ്‌ അഭിഭാഷകരുടെ വാദം.സുതാര്യമായ പ്രവര്‍ത്തന പാരമ്പര്യമുള്ള അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട്‌ അഭിഭാഷകര്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുകയാണ്‌. 541 അംഗങ്ങളില്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ 100 പേരാണ്‌ പങ്കെടുത്തത്‌.ഇതില്‍ എം.കെ.ദാമോദരനെ അനുകൂലിക്കുന്ന വിഭാഗം ബഹളം കൂട്ടി യോഗം കലക്കി.ഇതിനിടയിലാണ്‌ ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ റിപ്പോര്‍ട്ട്‌ തള്ളിയതായി തീരുമാനിച്ചത്‌. കോര്‍കമ്മിറ്റി ജനറല്‍ കണ്‍വീനറാകാന്‍ എം.കെ.ദാമോദരനും ടെന്‍ഡര്‍ സ്ക്രൂട്ടിനി കമ്മിറ്റിയില്‍ കയറിപ്പറ്റാന്‍ അഡ്വ.കെ.എല്‍.വര്‍ഗീസും അവലംബിച്ച തരികിടകളുടെ ആവര്‍ത്തനം തന്നെയായിരുന്നു വ്യാഴാഴ്ച നടന്ന യോഗത്തിലും കണ്ടതെന്ന്‌ ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിലെ അഴിമതിയെ എതിര്‍ക്കുന്ന അഭിഭാഷകര്‍ ചൂണ്ടിക്കട്ടുന്നു. ആതിരേ,സിവില്‍ വര്‍ക്കുകളുടെ മറവില്‍ നടന്ന വെട്ടിപ്പുകള്‍ ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ അക്കമിട്ട്‌ നിരത്തിയത്‌ ഇങ്ങനെ: സിവില്‍ വര്‍ക്കുകളുടെ കറര്‍ ഏറ്റെടുക്കനായി 16 പേര്‍ ടെന്‍ണ്ടര്‍ രേഖകള്‍ വാങ്ങിയെങ്കിലും 13 പേരാണ്‌ ടെണ്ടര്‍ സമര്‍പ്പിച്ചത്‌.അവരുടെ പേരുകള്‍ ഇനി പറയുന്നു: (1) വെള്ളാപ്പള്ളി & അസോസിയേറ്റ്സ്‌- 13,26,97,847.50. (2) നിര്‍മാണ്‍ എഞ്ചിനീയേഴ്സ്‌- 12,19,12,790.00. (3) ജികെ കോണ്‍ട്രാക്ടേഴ്സ്‌- 12,12,56,815.00. (4) ശില്‍പി കണ്‍സ്ട്രക്ഷന്‍സ്‌ ആന്റ്‌ കോണ്‍ട്രാക്ടേഴ്സ്‌- 12,13,85,325.00. (5) കണ്‍സോളിഡേറ്റഡ്‌ കണ്‍സ്ട്രക്ഷന്‍ കണ്‍സോഷ്യം ലിമിറ്റഡ്‌- 18,83,59,687.00. (6) ഹാരിസണ്‍സ്‌ മലയാളം ലിമിറ്റഡ്‌- 12,48,40,594.00. (7) ടി.സി.കുര്യന്‍- 9,24,80,300.00. (8) ആര്‍ഡിഎസ്‌ പ്രോജക്ട്‌ ലിമിറ്റഡ്‌- 14,81,00,667.00. (9) എംഎം കണ്‍സ്ട്രക്ഷന്‍സ്‌- 14,18,31,860.00. (10) പിജെ കണ്‍സ്ട്രക്ഷന്‍സ്‌- 11,21,15,320.00. (11) സിമക്സ്‌ എഞ്ചിനീയേഴ്സ്‌- 15,81,44,325.00. (12) ഷെറീഫ്‌ ആന്റ്‌ കമ്പനി- 16,01,05,585.00. ഇതില്‍ നിന്ന്‌ അഞ്ച്‌ കമ്പനികളെ ടെണ്ടര്‍ സ്ക്രൂട്ടിനി കമ്മിറ്റി ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്ത്‌ കോര്‍ കമ്മിറ്റി മുന്‍പാകെ തീരുമാനത്തിന്‌ വച്ചു. ഈ അഞ്ചു കമ്പനികളില്‍ നിന്ന്‌ റിവൈസ്ഡ്‌ ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ സിമക്സ്‌ എഞ്ചിനീയേഴ്സും ശില്‍പ കണ്‍സ്ട്രക്ഷന്‍സും പുതുക്കിയ ടെണ്ടറുകള്‍ സമര്‍പ്പിച്ചു. ഇതില്‍ രസകരമായ വസ്തുത ശില്‍പ കണ്‍സ്ട്രക്ഷന്‍സ്‌ രണ്ട്‌ പുതിയ ടെണ്ടറുകളാണ്‌ വച്ചത്‌. അവ യഥാക്രമം 11,08,67,703 രൂപയുടേതും 10,79,62,470 രൂപയുടേതുമായിരുന്നു. സിമക്സിന്റെ പുതുക്കിയ ടെണ്ടര്‍ 10,40,00,000 രൂപയുടേതായിരുന്നു. സിമക്സിന്റെയും ടി.സി.കുര്യന്റെയും ടെണ്ടറുകള്‍ താരതമ്യേന കുറഞ്ഞ തുകയ്ക്കുള്ളവയായിരുന്നിട്ടും ടെണ്ടര്‍ സ്ക്രൂട്ടിനി കമ്മിറ്റി തെരഞ്ഞെടുത്തത്‌ ശില്‍പ കണ്‍സ്ട്രക്ഷനെയായിരുന്നു. കോര്‍ കമ്മിറ്റിയിലെ ചില സീനിയര്‍ അഭിഭാഷകരുടെ സമ്മര്‍ദ്ദമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ വ്യ്കതമാക്കുന്നു. അതേസമയം, ശില്‍പ കണ്‍സ്ട്രക്ഷന്‌ കോണ്‍ട്രാക്ട്‌ നല്‍കുന്നതില്‍ അഡ്വ. സെയ്തു മുഹമ്മദ്‌ തന്റെ എതിര്‍പ്പ്‌ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അറിയുന്നത്‌ മറ്റു പല മെമ്പര്‍മാരും ശില്‍പ കണ്‍സ്ട്രക്ഷന്‍സിന്‌ കോണ്‍ട്രാക്ട്‌ നല്‍കുന്നതില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍, അവ മിനിറ്റ്സില്‍ രേഖപ്പെടുത്തിയില്ല എന്നുമാണ്‌. ശില്‍പ കണ്‍സ്ട്രക്ഷന്‌ ടെണ്ടര്‍ ഉറപ്പിക്കും മുന്‍പ്‌ മറ്റു ചില തിരിമറികള്‍ കൂടി നടന്നു. നേരത്തെ സമര്‍പ്പിച്ച ടെണ്ടറുകളില്‍ ഉള്‍പ്പെട്ടിരുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ്‌ പുതിയ ടെണ്ടറുകള്‍ ക്ഷണിച്ചത്‌. ഇത്തരം ഗൂഢാലോചനയുടെ ഒടുവിലാണ്‌ ശില്‍പ കണ്‍സ്ട്രക്ഷന്‍സിന്‌ 10,79,62,470 രൂപയ്ക്ക്‌ ചേംബര്‍ കോംപ്ലക്സ്‌ നിര്‍മ്മാണത്തിന്റെ സിവില്‍ ജോലികളുടെ കരാര്‍ നല്‍കിയത്‌. നേരത്തെ സൂചിപ്പിച്ച, ചില നിര്‍മ്മാണ ജോലികള്‍ ടെണ്ടറില്‍ നിന്ന്‌ ഒഴിവാക്കിയതിന്റെ ഉദ്ദേശ്യവും കാരണങ്ങളും കോര്‍ കമ്മിറ്റിയിലെ ചില പ്രത്യേക അംഗങ്ങള്‍ക്കു മാത്രമേ അറിയുകയുള്ളൂ. ഇവരുടെ അവിഹിതമായ താല്‍പര്യം അനുസരിച്ചാണ്‌ ടി.സി.കുര്യനെയും സിമക്സിനെയും പിന്‍തള്ളി സിവില്‍ ജോലികളുടെ കരാര്‍ ശില്‍പ കണ്‍സ്ട്രക്ഷന്‌ നല്‍കിയത്‌. താഴെ പറയും പ്രകാരമാണ്‌ ശില്‍പ കണ്‍സ്ട്രക്ഷന്‍സിന്‌ നിര്‍മ്മാണ കരാര്‍ നല്‍കിയത്‌. ആകെ തുക 10,79,65,470.00 രൂപ. 1. വാതിലുകളും ജനലുകളും- 66,04,500.00 2. അലൂമിനിയം ജനലുകള്‍- 16,20,000.00 3. പുറത്തെ സിമന്റ്‌ പൂശല്‍- 14,17,500.00 4. സീലിങ്ങ്‌ സിമന്റ്‌ പൂശല്‍- 21,23,200.00 5. ലീക്ക്‌ പ്രൂഫിങ്ങ്‌- 6,32,250.00 6. പെയിന്റിങ്ങ്‌- 3,75,000.00 ഇതിനുശേഷം പ്ലംബിങ്ങ്‌ ജോലികളും ശില്‍പ കണ്‍സ്ട്രക്ഷന്‍സിന്‌ 40,43,094 രൂപയ്ക്ക്‌ കരാര്‍ നല്‍കി. വെട്രിഫൈഡ്‌ ടെയിലുകള്‍ (അസോസിയേഷന്‍ നല്‍കുന്നവ) വിരിക്കുന്നതിനും പോയിന്റിങ്ങിനും ആസിഡ്‌ വാഷിങ്ങിനുമുള്ള കരാര്‍ ജോലിയും ശില്‍പ കണ്‍സ്ട്രക്ഷന്‍സ്‌ തന്നെ അനുവദിച്ചു .. പണി പൂര്‍ത്തിയാകും മുന്‍പെ ശില്‍പ കണ്‍സ്ട്രക്ഷന്‍സിന്‌ 10,74,62,157.94 രൂപ അനുവദിച്ചുകൊണ്ട്‌ മറ്റൊരു വലിയ ക്രമക്കേടും കോര്‍ കമ്മിറ്റി നടത്തി. ഈ ഇനത്തില്‍ രണ്ടുകോടിയിലധികം രൂപയുടെ നഷ്ടമാണ്‌ സംഭവിച്ചിട്ടുള്ളത്‌. കൃത്യമായി പറഞ്ഞാല്‍ 2,22,69,137.94 രൂപയുടെ നഷ്ടം. ഷൈന്‍ ഇലക്ട്രിക്കല്‍സിനാണ്‌ വൈദ്യുതീകരണ ജോലികളുടെ കരാര്‍ നല്‍കിയത്‌. 2,02,84,642 രൂപയ്ക്കായിരുന്നു കരാര്‍ ഉറപ്പിച്ചത്‌. ഇവിടെയും ടെണ്ടര്‍ സ്ക്രൂട്ടിനി കമ്മിറ്റിയും കോര്‍ കമ്മിറ്റിയിലെ ചില ഉന്നതരും ഒത്തുകളിച്ചണ്‌ ഷൈന്‍ ഇലക്ട്രിക്കല്‍സിന്‌ കരാര്‍ ഉറപ്പിച്ചത്‌. അഞ്ചു കമ്പനികളാണ്‌ വൈദ്യുതീകരണ കരാറിന്‌ അപേക്ഷിച്ചത്‌. പ്രാഥമിക പരിഗണനയ്ക്കുശേഷം ഇവരോടും പുതുക്കിയ ടെണ്ടര്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ ഷൈന്‍ ഇലക്ട്രിക്കല്‍സും ഗിരീഷ്‌ ഇലക്ട്രിക്കല്‍സുമാണ്‌ പുതിയ ടെണ്ടറുകള്‍ വച്ചത്‌. ഇതില്‍ ഗിരീഷ്‌ ഇലക്ട്രിക്കല്‍സാണ്‌ കുറഞ്ഞ തുക ക്വാട്ട്‌ ചെയ്തത്‌. ഈ വസ്തുത തമസ്ക്കരിച്ചും , വൈദ്യൂതീകരണ ജോലികള്‍ ഏറ്റെടുത്ത്‌ നടത്തുന്നതില്‍ ഷൈന്‍ ഇലക്ട്രിക്കല്‍സിനുള്ള മുന്‍ പരിചയം കണക്കിലെടുക്കാതെയുമാണ്‌ കരാര്‍ ജോലി ഇവരെ ഏല്‍പ്പിച്ചത്‌. വൈദ്യൂതീകരണ കരാര്‍ ഉറപ്പിക്കുമ്പോള്‍ ഒരുകാര്യം പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം അനുസരിച്ച്‌ ടെണ്ടര്‍ തുകയില്‍ വ്യത്യാസം വരാം. ചില ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ഉപേക്ഷിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇങ്ങനെ ചെയ്താലും നല്‍കിയിരിക്കുന്ന കരാര്‍ തുകയില്‍ അധികമായി ഒന്നും ആവശ്യപ്പെടാവുന്നതല്ല അനുവദിക്കപ്പെടുന്നതുമല്ല. വ്യവസ്ഥ ഇതായാരുന്നിട്ടും പല ഘട്ടങ്ങളിലായി അഡീഷണല്‍ വര്‍ക്കുകള്‍ എന്ന നിലയ്ക്ക്‌ ബില്ലുകള്‍ സമര്‍പ്പിച്ച്‌ ഷൈന്‍ ഇലക്ര്ടിക്കല്‍സ്‌ പണം വാങ്ങിയതായാണ്‌ രേഖകള്‍ സൂചിപ്പിക്കുന്നത്‌. എല്ലാ ചേംബറുകളിലും രണ്ട്‌ ഡിജി സെറ്റുകള്‍ സ്ഥാപിച്ചതും ഇതിനായി എല്ലാ ചേംബറുകളിലേക്കും പ്രത്യേക കേബിള്‍ വലിച്ചതുമാണ്‌ ഇടണമെന്നതാണ്‌ യഥാര്‍ത്ഥത്തില്‍ ആദ്യം നല്‍കിയ കരാറില്‍ നിന്ന്‌ വിഭിന്നമായി നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം. ഡിജി സെറ്റൊന്നിന്‌ 15,72,500 രൂപയും ഡിജി വയറിങ്ങ്‌ സെറ്റിന്‌ 15,00,000 രൂപയുമാണ്‌ വില. എന്നാല്‍ വൈദ്യുതീകരണ ജോലികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ കണ്‍സള്‍ട്ടന്റ്‌ എഞ്ചിനീയറും സൈറ്റ്‌ എഞ്ചിനീയറും വന്‍ തുകകള്‍ പല ഘട്ടങ്ങളിലായി ഷൈന്‍ ഇലക്ട്രിക്കല്‍സിന്‌ അനുവദിച്ചു കൊടുത്തിട്ടുണ്ട്‌. അഞ്ച്‌ ഘട്ടങ്ങളിലായി ഷൈന്‍ ഇലക്ട്രിക്കല്‍സ്‌ 2,51,14,405.38 രൂപയാണ്‌ അവകാശപ്പെട്ടത്‌. എന്നാല്‍, അഞ്ചാമത്തെ ബില്ലില്‍ അവകാശപ്പെട്ടതാകട്ടെ 2,43,04,686.38 രൂപയാണ്‌. ഡിജി സെറ്റിനും ഡിജി വയറിങ്ങിനും കൂടി 30,72,500 രൂപയേ ആകുകയുള്ളൂ. അതുകൂടി ഉള്‍പ്പെടുത്തിയാല്‍ 2,33,57,142 രൂപ മാത്രമേ ഷൈന്‍ ഇലക്ട്രിക്കല്‍സിന്‌ അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. പക്ഷേ, അവകാശപ്പെട്ടത്‌ 2,51,14,405 രൂപയാണ്‌. യഥാര്‍ത്ഥത്തില്‍ 2,33,57,142 രൂപയ്ക്കുള്ള വൈദ്യുതീകരണ ജോലി മാത്രമേ ആവശ്യമായിരുന്നുള്ളൂ. ഈ ബില്ല്‌ സമര്‍പ്പിക്കുമ്പോഴും ആകെ വൈദ്യുതീകരണത്തിന്റെ 90 ശതമാനം ജോലി മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. അതില്‍ 70 ശതമാനം ജോലി മാത്രമാണ്‌ സര്‍ട്ടിഫൈ ചെയ്തത്‌. അങ്ങനെ വരുമ്പോള്‍ ഷൈന്‍ ഇലക്ട്രിക്കല്‍സിന്‌ 1,47,14,999.60 രൂപയാണ്‌ നല്‍കേണ്ടത്‌. പക്ഷേ, ഈ സമയത്തിനിടയില്‍ 2,19,17,893 രൂപ നല്‍കിയിരുന്നു. (2,00,38,504 രൂപയും 18,79,389 രൂപയ്ക്കുള്ള വൈദ്യുതി സാമഗ്രികളും അടക്കം) ഇവിടത്തന്നെ 72,02,893.40 രൂപ അധികമായി നല്‍കിയിട്ടുണ്ടെന്ന്‌ ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. . ഇവര്‍ക്ക്‌ കരാര്‍പ്പണി നല്‍കിയതുകൊണ്ട്‌ ഏകദേശം 1,64,036.62 രൂപയുടെ അധിക ബാധ്യതയാണ്‌ അസോസിയേഷന്‌ ഉണ്ടായിട്ടുള്ളത്‌. അതേസമയം, ഈ ജോലി ഗിരീഷ്‌ ഇലക്ട്രിക്കല്‍സിന്‌ നല്‍കിയിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതില്‍ കുറഞ്ഞ തുകയ്ക്ക്‌ പൂര്‍ത്തിയാവുകയും അസോസിയേഷന്‌ വലിയൊരു തുക ലാഭമാകുകയും ചെയ്യുമായിരുന്നു. പക്ഷേ, ചേംബര്‍ കോംപ്ലക്സ്‌ നിര്‍മ്മാണത്തിന്റെ മറവില്‍ പോക്കറ്റ്‌ വീര്‍പ്പിക്കാന്‍ ശ്രമിച്ച തല്‍പ്പര കക്ഷികള്‍ അടങ്ങിയ കോര്‍ കമ്മിറ്റിയും സബ്‌ കമ്മിറ്റികളും ടെണ്ടര്‍ സ്ക്രൂട്ടനൈസിംഗ്‌ കമ്മിറ്റികളുമൊക്കെ ചേര്‍ന്ന്‌ വന്‍ സാമ്പത്തിക അഴിമതിയാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. (തുടരും)

Monday, December 10, 2012

ചേംബര്‍ കോംപ്ലെക്സ്‌ 7 കോടിയുടെ വെട്ടിപ്പ്‌: പെയിലിംഗ്‌ കരാറിലെ ആഴം കാണാനാവാത്ത അഴിമതികള്‍

ഭൂമിക്ക്‌ ബ്രഹ്മ വച്ചതിനും കേരളത്തില്‍ സ്മാരകം.അതാണ്‌ കേരള ഹൈക്കോടതിക്ക്‌ സമീപം തലയുയര്‍ത്തി നില്‍ക്കുന്ന കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ്‌! അമ്മയ്ക്ക്‌ ആഭരണം പണിഞ്ഞാലും നഖത്തിനിടയില്‍ പൊന്നൊളിപ്പിച്ച്‌ അടിച്ചു മാറ്റുന്ന ആര്‍ത്തിപെരുത്ത തട്ടാനെപ്പോലെയുള്ള കുറെ അഭിഭാഷകരും കുറെ കരാര്‍ പണിക്കാരും നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടേയും ആഴമറിയാത്ത അഴിമതികളുടേയും ജാരസന്തതി കൂടിയാണ്‌ ഈ ബഹുനില മന്ദിരം!!മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരന്‍,അഡ്വക്കേറ്റുമാരായ ജേക്കബ്‌ വര്‍ഗീസ്‌,ജി.ശ്രീകുമാര്‍,പീയൂസ്‌ എ.കൊറ്റം,കെ.എല്‍.വര്‍ഗീസ്‌ എന്നിവരടങ്ങിയ സബ്‌ കമ്മിറ്റിയാണ്‌ ചേംബര്‍ കോംപ്ലക്സിന്റെ പ്ലാന്‍ പരിശോധിച്ചതും നിര്‍മാണത്തിന്‌ അനുമതി നല്‍കിയതും
ആതിരേ,ഭൂമിക്ക്‌ ബ്രഹ്മ വച്ചതിനും കേരളത്തില്‍ സ്മാരകം.അതാണ്‌ കേരള ഹൈക്കോടതിക്ക്‌ സമീപം തലയുയര്‍ത്തി നില്‍ക്കുന്ന കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ്‌! അമ്മയ്ക്ക്‌ ആഭരണം പണിഞ്ഞാലും നഖത്തിനിടയില്‍ പൊന്നൊളിപ്പിച്ച്‌ അടിച്ചു മാറ്റുന്ന ആര്‍ത്തിപെരുത്ത തട്ടാനെപ്പോലെയുള്ള കുറെ അഭിഭാഷകരും കുറെ കരാര്‍ പണിക്കാരും നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടേയും ആഴമറിയാത്ത അഴിമതികളുടേയും ജാരസന്തതി കൂടിയാണ്‌ ഈ ബഹുനില മന്ദിരം!! മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരന്‍,അഡ്വക്കേറ്റുമാരായ ജേക്കബ്‌ വര്‍ഗീസ്‌,ജി.ശ്രീകുമാര്‍,പീയൂസ്‌ എ.കൊറ്റം,കെ.എല്‍.വര്‍ഗീസ്‌ എന്നിവരടങ്ങിയ സബ്‌ കമ്മിറ്റിയാണ്‌ ചേംബര്‍ കോംപ്ലക്സിന്റെ പ്ലാന്‍ പരിശോധിച്ചതും നിര്‍മാണത്തിന്‌ അനുമതി നല്‍കിയതും പെയിലിംഗ്‌ ജോലികള്‍ക്കായി 2.26.26.648 രൂപയുടെ എസ്റ്റിമേറ്റ്‌ ആണ്‌ തയ്യാറാക്കിയത്‌.കമ്പിക്ക്‌ മെട്രിക്‌ ടണ്ണിന്‌ 45000 രൂപയും സിമന്റിന്‌ ചാക്കൊന്നിന്‌ 260 രൂപയും എന്ന നിഗമനത്തില്‍,മണ്ണു പരിശോധന നടത്തിയ സെന്റ്‌ മേരീസ്‌ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന കരാറുകാരുടെ നിര്‍ദേശങ്ങളും കണക്കിലെടുത്താണ്‌ ഈ തുക നിശ്ചയിച്ചത്‌.എന്നാല്‍ ചേംബര്‍ കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ കമ്പിയുടെ വിലയില്‍ ഗണ്യമായ ഇടിവുണ്ടായി.അപ്പോള്‍ സ്വാഭാവികമായും പെയിലിംഗ്‌ ജോലിയുടെ തുക കുറയേണ്ടതിന്‌ പകരം ലക്ഷങ്ങളുടെ നഷ്ടമാണ്‌ സംഭവിച്ചിരിക്കുന്നത്‌.ടെന്‍ഡര്‍ അനുവാദിച്ചതില്‍ നടത്തിയ അട്ടിമറിയാണ്‌ ഈ നഷ്ടത്തിന്‌ കാരണം. പത്രപരസ്യം ചെയ്തതു കൊണ്ട്‌ ആറ്‌ ടെന്‍ഡറുകളാണ്‌ കോര്‍ കമ്മിറ്റിക്ക്‌ ലഭിച്ചത്‌.കമ്പനികളും അവര്‍ ക്വാട്ട്‌ ചെയ്ത തുകയും ഇനി പറയുന്നു.(1)കോസ്റ്റല്‍ ഫൗണ്ടേഷന്‍സ്‌-3,65,43,300,(2)കെ.വി.ജെ.ബില്‍ഡേഴ്സ്‌-3,30,02,540,(3)കേരള കോണ്ട്രാക്ടിംഗ്‌ കമ്പനി-3,95,11.000,(4)ജിയോ ഫൗണ്ടേഷന്‍സ്‌-3,71,16,775,(5)ലീ ബില്‍ഡേഴ്സ്‌-3,89,92,155,(6)റെല്‍ക്കണ്‍ ഫൗണ്ടേഷന്‍സ്‌-3,83,11.750. ഇതില്‍ ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച കെ.വി.ജെ ബില്‍ഡേഴ്സിനെ തഴഞ്ഞ്‌ ജിയോ ഫൗണ്ടേഷന്‍സിനാണ്‌ കരാര്‍ കൊടുത്തത്‌.കെ.വി.ജെ ബില്‍ഡേഴ്‌ ,കമ്പിക്ക്‌ എസ്റ്റിമേറ്റിലെ തുക തന്നെ ക്വാട്ട്‌ ചെയ്തപ്പോല്‍ ജിയോ ഫൗണ്ടേഷന്‍സ്‌ 53000 രൂപയാണ്‌ ക്വാട്ട്‌ ചെയ്തത്‌.ചേംബര്‍ കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിക്കുമ്പോള്‍ കമ്പിക്ക്‌ മെട്രിക്‌ ടണ്ണിന്‌ 45000 രൂപയില്‍ താഴെയായിരുന്നു മാര്‍ക്കറ്റ്‌ വില.എന്നിട്ടും 53000 രൂപ ക്വട്ട്‌ ചെയ്തവര്‍ക്ക്‌ നിര്‍മാണാനുമതി നല്‍കി. ആതിരേ,കെ.വി.ജെ ബില്‍ഡേഴ്സ്‌ മറ്റൊരു നിര്‍ദേശവും വച്ചിരുന്നു.പെയിലിങ്ങിന്റെ യഥാര്‍ത്ഥ ആഴം അനുസരിച്ച്‌ ചെലവ്‌ കണാക്കാക്കിയാല്‍ മതി എന്ന്‌.അതായത്‌ എസ്റ്റിമേറ്റിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക്‌ പെയിലിംഗ്‌ പണികള്‍ തീര്‍ക്കാമായിരുന്നു എന്ന്‌ സാരം .പക്ഷെ.. കെ.വി.ജെ ബില്‍ഡേഴ്സിനെ തഴഞ്ഞ്‌ ജിയോ ഫൗണ്ടേഷന്‍സിന്‌ കരാര്‍ നല്‍കിയതിന്റെ പിന്നിലെ കറുത്ത ബുദ്ധി അഡ്വ,കെ.എല്‍.വര്‍ഗീസ്‌ ആയിരുന്നു.കെ.വി.ജെ ബില്‍ഡേഴ്സിന്‌ ബൃഹത്തായ ജോലികള്‍ ചെയ്ത്‌ പരിചയമില്ല എന്നതായിരുന്നു അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ വിലയിരുത്തല്‍.എങ്കില്‍ ജിയോ ഫൗണ്ടേഷന്‍സിനെക്കാള്‍ കുറഞ്ഞ തുക ക്വാട്ട്‌ ചെയ്ത കോസ്റ്റല്‍ ഫൗണ്ടേഷന്‍സിനെ എന്തു കൊണ്ട്‌ പരിഗണിച്ചില്ല എന്ന ചോദ്യത്തിനൊന്നും ഉത്തരം കിട്ടില്ല. മറ്റൊരു തിരിമറിയും പിന്നീട്‌ നടന്നു.05-08-2009ല്‍ കൂടിയ കമ്മിറ്റി എസ്റ്റിമേറ്റ്‌ തുക 2,26,26,648ല്‍ നിന്നും 2,61,00,000 ആക്കി വര്‍ദ്ധിപ്പിച്ചു,കമ്പിക്ക്‌ ഗണ്യമായ നിലയിലും സിമന്റിന്‌ നാമമാത്രമായും വില കുറഞ്ഞ സമയത്താണ്‌ എസ്റ്റിമേറ്റ്‌ തുക ഇങ്ങനെ വര്‍ദ്ധിപ്പിച്ചതെന്നോര്‍ക്കണം.2,63,44,110 രൂപയ്ക്കാണ്‌ ജിയോ ഫൗണ്ടേഷന്‍സ്‌ പെയിലിംഗ്‌ പണി പൂര്‍ത്തിയക്കിയത്‌.ഇതിലൂടെ നഷ്ടം 37,17,462 രൂപയാണ്‌.കമ്പി മെട്രിക്ക്‌ ടണ്ണിന്‌ 45000 രൂപ എന്ന കെ.വി.ജെ. ബില്‍ഡേഴ്സിന്റെ ക്വട്ടേഷന്‍ സ്വീകരിച്ചിരുന്നെങ്കില്‍ മറ്റൊരു 35 ലക്ഷം രൂപ കൂടി ലാഭിക്കാമായിരുന്നു.അതായത്‌ പെയിലിംഗ്‌ ജോലികളില്‍ 'വരുത്തി വച്ച നഷ്ടം 72 ലക്ഷം രൂപ നാളെ സിവില്‍ ജോലികള്‍ എന്ന കാമധേനു

Friday, December 7, 2012

ചേംബര്‍ കോംപ്ലക്സ്‌:7 കോടിയുടെ വെട്ടിപ്പ്‌:അഡ്വക്കേറ്റ്‌ കെ.എല്‍ വര്‍ഗീസിന്റെ വരവും പണത്തിന്റെ പോക്കും

പിന്‍വാതിലിലൂടെ കടന്നു വരുന്നവന്‍ കള്ളനാണെന്ന ബൈബിള്‍ വചനത്തിന്റെ നീറവേറ്റലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേമ്പര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ കോര്‍ കമ്മിറ്റിയിലേയ്ക്കുള്ള അഡ്വക്കേറ്റ്‌ കെ.എല്‍.വര്‍ഗീസിന്റെ കടന്ന്‌ വരവ്‌.കോര്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമാദരന്റെ പ്രവേശനവും ഇത്തരത്തില്‍ അനധികൃതമായിരുന്നല്ലോ." മരപ്പട്ടിക്ക്‌ ഇനാംപേച്ചി കൂട്ട്‌ " എന്ന ഗ്രാമ്യവായ്മൊഴിവഴക്കത്തിന്‌ സാധൂകരണം.
ആതിരേ,പിന്‍വാതിലിലൂടെ കടന്നു വരുന്നവന്‍ കള്ളനാണെന്ന ബൈബിള്‍ വചനത്തിന്റെ നീറവേറ്റലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേമ്പര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ കോര്‍ കമ്മിറ്റിയിലേയ്ക്കുള്ള അഡ്വക്കേറ്റ്‌ കെ.എല്‍.വര്‍ഗീസിന്റെ കടന്ന്‌ വരവ്‌.കോര്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമാദരന്റെ പ്രവേശനവും ഇത്തരത്തില്‍ അനധികൃതമായിരുന്നല്ലോ." മരപ്പട്ടിക്ക്‌ ഇനാംപേച്ചി കൂട്ട്‌ " എന്ന ഗ്രാമ്യവായ്മൊഴിവഴക്കത്തിന്‌ സാധൂകരണം. ബില്‍ഡിംഗ്‌ കമ്മിറ്റിയേയും ജനറല്‍ ബോഡിയേയും കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷനേയും പമ്പര വിഡ്ഢികളാക്കിയാണ്‌ ഇരുവരും കോര്‍ കമ്മിറ്റിയില്‍ ഇടം പിടിച്ചത്‌." സത്യധര്‍മാദികള്‍ വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സര്‍പ്പത്തേക്കാളേറ്റവും പേടിക്കണം" എന്ന നീതിസാര വചനം അക്ഷരംപ്രതി ശരിയാണെന്ന്‌ ഇവരുടെ തുടര്‍ന്നുള്ള പ്രവൃത്തികള്‍ വ്യക്തമാക്കുന്നു. 11-06-2008 ല്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി മീറ്റിംഗില്‍ അഡ്വ.കെ.എല്‍.വര്‍ഗീസ്‌ പങ്കെടുത്തത്‌ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും നഗ്നമായി ലംഘിച്ചു കൊണ്ടായിരുന്നു.ഒട്ടകത്തിന്‌ ഇടം കൊടുത്ത അവസ്ഥ.ഇവിടം മുതല്‍ ചേമ്പര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ നിര്‍ണായക തീരുമാനങ്ങളെല്ലാം അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ നേതൃത്വത്തിലോ സജീവമായ പങ്കാളിത്തത്തോടെയുമാണുണ്ടായത്‌. ചേംബര്‍ കോംപ്ലക്സിന്റെ പ്ലാന്‍ പരിശോധിച്ച്‌ അന്തിമ തീരുമാനമെടുക്കാനുള്ള സബ്‌ കമ്മിറ്റിയില്‍ അഡ്വക്കേറ്റ്മാരായ എം.കെ.ദാമോദരന്‍,ജേക്കബ്‌ വര്‍ഗീസ്‌,ജി.ശ്രീകുമാര്‍,പീയൂസ്‌ എ.കൊറ്റം എന്നിവര്‍ക്കൊപ്പം അഡ്വ.കെ.എല്‍.വര്‍ഗീസും ഇടം പിടിച്ചു.ജിബു തോമസ്‌ സമര്‍പ്പിച്ച പ്ലാനിന്റെ നേട്ടങ്ങളും കോട്ടങ്ങളും കമ്മിറ്റിയില്‍ അവതരിപ്പിച്ചത്‌ അഡ്വ.കെ.എല്‍.വര്‍ഗീസായിരുന്നു.അദ്ദേഹത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കൊന്നും മെനക്കെടാതെ കമ്മിറ്റി പ്ലാന്‍ അംഗീകരിക്കുകയും ചെയ്തു!പിന്നീട്‌ പ്ലാന്‍ സ്ക്രൂട്ടിനസിം കമ്മിറ്റിയിലും അഡ്വ.കെ.എല്‍.വര്‍ഗീസ്‌ അവിഭാജ്യ ഘടകമായി.ഈ കമ്മിറ്റിയില്‍ അഡ്വ.ഷിറാസ്‌ അബ്ദുള്ള എം.എസും അംഗമായി.ഈ കമ്മിറ്റിയുടെ തലവന്‍ അഡ്വ.എം.കെ ദാമോദരായിരുന്നെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലൊ. ആതിരേ,പ്ലാന്‍ പരിശോധനയക്ക്‌ ദേവീധരന്‍ എന്ന ഒരു എഞ്ചിനീയര്‍ ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടു.മുന്‍പ്‌ ഏതെങ്കിലും കമ്മിറ്റിയോ,മീറ്റിംഗുകളോ പ്ലാന്‍ പരിശോധനയക്കായി ഒരു എഞ്ചിനീയറുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന്‌ നിര്‍ദേശിച്ചിരുന്നില്ല.നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നോട്ടീസ്‌ തയ്യറാക്കി മലയാളമനോരമയിലും ഇന്ത്യന്‍ എക്സ്പ്രസിലും പ്രസിദ്ധീകരിക്കാനുള്ള ചുമതലയും ഈ ആറംഗ കമ്മിറ്റിക്കായിരുന്നു.25-09-2008ല്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി ദേവീധരനെ, 15000 രൂപ പ്രതിമാസ ശമ്പളത്തില്‍ ഓണററി കണ്‍സള്‍ട്ടന്റായി നിയമിക്കാനും തീരുമാനിച്ചു.കൂടാതെ 25000 രൂപ പ്രതിമാസ ശമ്പളത്തില്‍ ഒരു റിട്ടയേര്‍ഡ്‌ എഞ്ചിനീയറെ എക്സ്പെര്‍ട്ട്‌ എഞ്ചിനിയാറായി നിയമിക്കാനും പെയിലിംഗ്‌ ജോലികളുടെ കരാര്‍ ജിയോ ഫൗണ്ടേഷന്‍ ആന്റ്‌ സ്ട്രക്ചേഴ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെ ഏല്‍പ്പിക്കാനും തീരുമാനമായി. കീഴ്‌വഴ്ക്കങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു ആതിരേ, ഈ കമ്പനിക്ക്‌ പെയിലിംഗ്‌ കരാര്‍ ഈ കമ്പനിക്ക്‌ നല്‍കിയത്‌.ഏറ്റവും കുറഞ്ഞ തുക ക്വാട്ട്‌ ചെയ്യുന്നവര്‍ക്ക്‌ കരാര്‍ നല്‍കുകയെന്നതാണ്‌ നാട്ടു നടപ്പ്‌.പക്ഷേ മെട്രിക്‌ ടണ്ണിന്‌ 4500 രൂപ ക്വാട്ട്‌ ചെയ്ത കെ.വി.ജെ കണ്‍സ്ട്രക്ഷന്‍സിനെ തഴഞ്ഞ്‌ 5300 രൂപ ക്വാട്ട്‌ ചെയ്ത ജിയോ ഫൗണ്ടേഷന്‌ കരാര്‍ നല്‍കിയത്‌ അഡ്വ. കെ.എല്‍.വര്‍ഗീസിന്റെ വിദഗ്ദോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.വലിയ ജോലികള്‍ ഏറ്റെടുത്ത്‌ നടത്തിയതിന്റെ പരിചയം കെ.വി.ജെ കണ്‍സ്ട്രക്ഷന്‍സിനില്ല എന്നതായിരുന്നു അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ അപ്പീലില്ലാത്ത ' വിധി '!എന്നുമാത്രമല്ല പെയിലിംഗ്‌ ജോലികള്‍ ആരംഭിക്കും മുന്‍പ്‌ തന്നെ ജിയോ ഫൗണ്ടേഷനുള്ള 'പ്രോത്സാഹനം' എന്ന നിലയ്ക്ക്‌ 25 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു !! അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ സൊസൈറ്റിയും കരാറുകാരനും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ചാണ്‌ 25 ലക്ഷം നല്‍കുന്നതെന്നായിരുന്നു വിശദീകരണം.എന്നാല്‍ അത്തരത്തില്‍ ഒരു കരറോ ധാരണയോ ജിയോ ഫൗണ്ടേഷനുമായി ഉണ്ടാക്കിയിരുന്നില്ല എന്നതാണ്‌ വാസ്തവം.പിന്നീട്‌ 06-11-2008 ല്‍ കൂടിയ കോര്‍ കമ്മിറ്റിയോഗം നിര്‍മാണ സ്ഥലത്ത്‌ വേലികെട്ടാന്‍ കരാറുകാരനോട്‌ ആവശ്യപ്പെട്ടു.ഇതും ചട്ടവിരുദ്ധവും കരാറുകാരന്റെ പോക്കറ്റ്‌ വീര്‍പ്പിക്കാനുള്ള തരികിടയുമായിരുന്നു. 11-11-2008ല്‍ ചേര്‍ന്ന,അഡ്വക്കേറ്റുമാരായ കെ.എല്‍.വര്‍ഗീസ്‌,ഷിറാസ്‌ അബ്ദുള്ള,ദേവീധരന്‍,പീയൂസ്‌ എ.കൊറ്റം,എ.കെ.സെയ്ദ്‌ മുഹമദ്‌ എന്നിവരടങ്ങുന്ന സബ്‌ കമ്മിറ്റി കെ.കെ.അബ്ദുള്‍ റഹിമാനെ സൈറ്റ്‌ എഞ്ചിനീയറായി നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു ഉഡായിപ്പാണ്‌ സാക്ഷാത്ക്കരിച്ചത്‌.ഏതൊരു നിയമനത്തിന്‌ മുന്‍പും,പ്രഹസനമായെങ്കിലും മുഖാമുഖം നടത്തുന്നതും നാട്ടുനടപ്പാണ്‌.ആ മര്യാദയും ഇവിടെ ലംഘിച്ചു.കോര്‍ കമ്മിറ്റിയുടെ നിബന്ധനകളും അട്ടിമറിച്ചു.അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം ഏകപക്ഷീയമായി സബ്‌ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.ഇതിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌.അഡ്വ.എ.കെ.സെയ്ദ്‌ മുഹമദിന്റെ അടുത്ത ബന്ധുവാണ്‌ കെ.കെ.അബ്ദുള്‍ റഹിം.കറതീര്‍ന്ന സ്വജനപക്ഷപാതം. സൈറ്റ്‌ എഞ്ചിനീയര്‍ക്ക്‌ കണ്‍സള്‍ട്ടന്റ്‌ എഞ്ചിനീയറില്ലെങ്കില്‍ ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണം വെടിപ്പുള്ളതാകില്ല എന്നതായിരുന്നു കോര്‍ കമ്മിറ്റിയുടെ മറ്റൊരു കണ്ടുപിടുത്തം.അതു കൊണ്ട്‌ ഒരു കണ്‍സള്‍ട്ടന്റ്‌ എഞ്ചിനീയറെ നിയമിക്കാന്‍ 02-01-2009 ല്‍ കൂടിയ കോര്‍കമ്മിറ്റി തീരുമാനിച്ചു.ആര്‍ക്കിടെക്ടിനാണ്‌ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയെന്നിരിക്കെ ഇത്തരം ഒരു നിയമനത്തിന്റെ നിയമസാധുതയും ആവശ്യകതയും എന്താണ്‌?ചോദ്യങ്ങള്‍ക്കല്ല പത്ത്‌ പുത്തനുണ്ടാക്കുന്നതിനാണ്‌ ഇവിടെ പ്രസക്തി.അതിനായി അട്ടിമറിക്കാനുള്ളതാണ്‌ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും!അത്‌ വിജയകരമായി എം.കെ.ദാമോദരന്റേയും അഡ്വ.കെ.എല്‍.വര്‍ഗീസിന്റേയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുകയും ചെയ്തു. അതിനായി മിനിറ്റ്സ്‌ ബുക്ക്‌ എഴുതുന്നതിലും ഇവര്‍ പരിഷ്ക്കാരം വരുത്തി.മീറ്റിംഗ്‌ കഴിഞ്ഞ്‌ തീരുമാനം.അത്‌ നന്നായി ടൈപ്‌ ചെയ്ത്‌ മിനിറ്റ്സ്‌ ബുക്കില്‍ ഒട്ടിച്ചു വയ്ക്കുക.കോര്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ കണ്ണിലും പൊടിയിട്ടാണ്‌ അഡ്വ.കെ.എല്‍.വര്‍ഗീസ്‌ അടങ്ങിയ സബ്‌ കമ്മിറ്റി അടിവലികള്‍ നടത്തിയത്‌. 2009 ല്‍ അഡ്വ.എം.പി. അശോക്‌ കുമാറിന്റെ നേതൃത്വത്തില്‍പുതിയ ഭരണസമിതി നിലവില്‍ വന്നു.02-01-2009ല്‍ ചേര്‍ന്ന വിപുലമായ യോഗത്തിലെ പ്രധാന അജണ്ട ജിയോ ഫൗണ്ടേഷന്‌ നല്‍കാനുള്ള ' കുടിശിക' കൊടുത്തു തീര്‍ക്കുക എന്നതായിരുന്നു.സെക്രട്ടറിയുടെ കണക്കനുസരിച്ച്‌ ജിയോ ഫൗണ്ടേഷന്‌ 46,90,263 രൂപ കൊടുക്കേണ്ടതുണ്ട്‌.അതു കൊണ്ട്‌ 15 ലക്ഷം ഉടന്‍ കൈമാറാന്‍ തീരുമാനമായി.പരിചയക്കുറവ്‌,വിധേയത്വം എന്നിവയായിരുന്നു പുതിയ ഭരണ സമിതിയുടെ ഹാള്‍ മാര്‍ക്ക്‌.അത്‌ മുതലെടുത്ത്‌ കരാറുകാരനെ സഹായിക്കാന്‍ സബ്കമ്മിറ്റിയിലെ അംഗങ്ങള്‍ മുതിര്‍ന്നെങ്കില്‍ അതിനു പിന്നിലെ ഉദ്ദേശ്യം തിരിച്ചറിയാന്‍ പഴൂര്‍ പടിപ്പുരവരെ പോകേണ്ടതുണ്ടോ?സമയബന്ധിതമായി,സുതാര്യമായി, അനാവശ്യ ചെലവുകള്‍ ഒഴിവാക്കി ചേംബര്‍ നിര്‍മാണം പൂര്‍ത്തിയക്കുന്നതിലുപരി , ചില സ്വകാര്യ താത്പര്യങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു കോര്‍ കമ്മിറ്റിയുടെയും സബ്കമ്മിറ്റിയുടെയും ഹിഡന്‍ അജണ്ട.കോണ്ട്രാക്ടര്‍ ആവശ്യപ്പെടുമ്പോള്‍ പണം വാരിക്കോരി കൊടുത്തത്‌ അതു കൊണ്ടാണ്‌. ആതിരേ, ഒരു ചെറിയ വീട്‌ നിര്‍മ്മിക്കുമ്പോള്‍ പോലും നിര്‍മാണം സംബന്ധിച്ച വിശദാംശങ്ങള്‍ക്കൊപ്പം സ്ട്രക്ചറല്‍ ഡ്രോയിംഗ്‌,എലവേഷന്‍,ഫ്ലോര്‍ പ്ലാന്‍,പ്ലംബിംഗ്‌,വയറിംഗ്‌ എന്നിവയുടെ രൂപരേഖയും ആര്‍ക്കിടക്ട്‌ ഉടമസ്ഥന്‌ നല്‍കും.പക്ഷെ നിയമം തലനാരിഴ കീറിപ്പരിശോധിക്കുന്ന അഭിഭാഷകര്‍ക്കായി നിര്‍മിക്കുന്ന ചേംബര്‍ കോംപ്ലക്സിന്റെ കാര്യത്തില്‍ ഈ അടിസ്ഥാന രേഖകള്‍ കൈമാറിയിരുന്നില്ല.ബീമുകളും തൂണുകളും സ്ലാബുകളും വാര്‍ത്തു തുടങ്ങിയപ്പോഴാണ്‌ ഇവയെല്ലാം കൈമാറിയത്‌.അപ്പോള്‍ പ്ലാന്‍ പരിശോധിച്ച്‌ അംഗീകരം നല്‍കാന്‍ നിശ്ചയിക്കപ്പെട്ട സബ്‌ കമ്മിറ്റി എന്തടിസ്ഥാനത്തിലാണ്‌ നിര്‍മാണം തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന ചോദ്യത്തിനും ഉത്തരമില്ല.അതേസമയം ഇതിനിടയില്‍ ലക്ഷങ്ങള്‍ കരാറുകാരന്‌ കൈമാറുകയും ചെയ്തു.അഡ്വ.കെ.എല്‍ വര്‍ഗീസിന്‌ ബോധിച്ചാല്‍, കരാറുകാരന്‍ ആവശ്യപ്പെടുന്ന തുക ആ ദിവസം തന്നെ കരാറുകാരന്‌ ലഭിച്ചിരുന്നു. അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ തീരുമാനങ്ങളും ശിപാര്‍ശകളും സബ്‌ കമ്മിറ്റിക്കും കോര്‍ കമ്മിറ്റിക്കും സംഗീതം പോലെ ആസ്വാദ്യകരമായിരുന്നു. നാളെ: പെയിലിംഗ്‌ കരാറിലെ ആഴം കാണാനാവാത്ത അഴിമതികള്‍

Wednesday, December 5, 2012

ചേംബര്‍ കോംപ്ലെക്സ്‌ നിര്‍മാണ തട്ടിപ്പ്‌:ഉഡായിപ്പ്‌ കമ്മിറ്റികള്‍,തരികിട തീരുമാനങ്ങള്‍;അഴിമതിയുടെ പേക്കൂത്ത്‌

കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലെക്സിന്റെ നിര്‍മാണത്തില്‍ മാത്രമല്ല,നിര്‍മാണത്തിനായി രൂപീകരിച്ച കമ്മിറ്റികളില്‍ തന്നെ അധിനിവേശവും അട്ടിമറിയും അടിവലിയും അനധികൃത പണമിടപാടുകളും നടന്നു എന്നതാണ്‌ ശ്രദ്ധേയമായ വസ്തുത.അഭിഭാഷക രംഗത്തെ പാരമ്പര്യവും പരിചയവും അതിലൂടെ നേടിയെടുത്ത സ്വാധീനവുമെല്ലാം ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണത്തില്‍ അതീവ കൗശലത്തോടെ ഉപയോഗിച്ചു കൊണ്ടാണ്‌ എം.കെ.ദാമോദ്രന്റെ നേതൃത്വത്തിലെ ഉപജാപക സംഘം സഹപ്രവര്‍ത്തകരെ പോലും വഞ്ചിച്ചത്‌;അഴിമതിയിലൂടെ ലക്ഷങ്ങള്‍ പോക്കറ്റിലാക്കിയത്‌.രാഷ്ട്രീയ ബന്ധങ്ങളും ഗുണ്ടാമാഫിയ സൗഹൃദവും പുറത്തെടുത്താണ്‌,വിവിധ ഘട്ടങ്ങളില്‍ ,നിയമപരമായല്ലാതെ രൂപീകരിച്ച കമ്മിറ്റികളുടെ വഴിവിട്ട പോക്കിനെ ചോദ്യം ചെയ്തവരെ അടിച്ചിരുത്തിയതും ക്രമക്കേടുകള്‍ക്ക്‌ ചുവന്ന പരവതാനി വിരിച്ചതും.
ആതിരേ," ഞാനോര്‍ത്തു പോകയാണീ നഗരത്തിലെ വാനോളമെത്തും അനീതികളൊക്കേയും"എന്ന കവി നിരീക്ഷണത്തിന്റെ നേര്‍സാക്ഷ്യമായി,കോടികളുടെ അഴിമതി സ്തംഭമായ കേരള ഹെക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ , നഗര ഹൃദയത്തില്‍,നീതി പാലനത്തിന്റെ ഉന്നത ന്യായാസനങ്ങള്‍ക്കരികില്‍ അഴിമതിയുടെ ജാരസന്തതിയായി നില്‍ക്കുമ്പോള്‍ ജസ്റ്റിസ്‌ ജാനകിയമ്മയുടെ ഒരു വിധി വാചകത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ അഡ്വ.എം.കെ.ദാമോദരനടക്കമുള്ള അഴിമതി വീരന്മാര്‍ "നഗരത്തില്‍ നെഞ്ചു വിരിച്ചു നടക്കുകയാണ്‌ " നീതിയുടേയും ന്യായത്തിന്റേയും നിയമത്തിന്റേയും കാവല്‍ഭടന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഭിഭാഷക കുലത്തിലെ ചില ആര്‍ത്തിപ്പണ്ടാരങ്ങളുടെ ധനാര്‍ത്തി മൂലം ഈ ബഹുനില മന്ദിരം , ആതിരേ അഭിഭാഷക വൃത്തിയുടെ പരിപാവനത്വത്തിന്‌ തന്നെ സര്‍വകാല കളങ്കമായി അവശേഷിക്കുമന്നതാണ്‌ നീക്കുപോക്കില്ലാത്ത ദുരന്തം. നിയമം ഇഴകീറി പരിശോധിച്ച്‌ അപരാധിത്വവും നിരപരാധിത്വവും സ്ഥാപിച്ചെടുക്കുന്നവരെന്ന്‌ പൊതുസമൂഹം ആദരവോടെ ഗണിച്ചിരുന്നവരില്‍ ചിലരാണ്‌ മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ,ദാമോദരന്റെ കുത്സിത നേതൃത്വത്തില്‍ കോടികളുടെ അഴിമതിക്ക്‌ കൂട്ടു നിന്നതും അഭിഭാഷക വൃന്ദത്തെ പരിഹാസ പത്രങ്ങളാക്കിയതും. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലെക്സിന്റെ നിര്‍മാണത്തില്‍ മാത്രമല്ല,നിര്‍മാണത്തിനായി രൂപീകരിച്ച കമ്മിറ്റികളില്‍ തന്നെ അധിനിവേശവും അട്ടിമറിയും അടിവലിയും അനധികൃത പണമിടപാടുകളും നടന്നു എന്നതാണ്‌ ശ്രദ്ധേയമായ വസ്തുത.അഭിഭാഷക രംഗത്തെ പാരമ്പര്യവും പരിചയവും അതിലൂടെ നേടിയെടുത്ത സ്വാധീനവുമെല്ലാം ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണത്തില്‍ അതീവ കൗശലത്തോടെ ഉപയോഗിച്ചു കൊണ്ടാണ്‌ എം.കെ.ദാമോദ്രന്റെ നേതൃത്വത്തിലെ ഉപജാപക സംഘം സഹപ്രവര്‍ത്തകരെ പോലും വഞ്ചിച്ചത്‌;അഴിമതിയിലൂടെ ലക്ഷങ്ങള്‍ പോക്കറ്റിലാക്കിയത്‌.രാഷ്ട്രീയ ബന്ധങ്ങളും ഗുണ്ടാമാഫിയ സൗഹൃദവും പുറത്തെടുത്താണ്‌,വിവിധ ഘട്ടങ്ങളില്‍ ,നിയമപരമായല്ലാതെ രൂപീകരിച്ച കമ്മിറ്റികളുടെ വഴിവിട്ട പോക്കിനെ ചോദ്യം ചെയ്തവരെ അടിച്ചിരുത്തിയതും ക്രമക്കേടുകള്‍ക്ക്‌ ചുവന്ന പരവതാനി വിരിച്ചതും. ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സിന്റെ നിര്‍മാണത്തിനായി തുടക്കത്തില്‍ 51 അംഗ ബില്‍ഡിംഗ്‌ കമ്മിറ്റി രൂപീകരിച്ചു.ഈ കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ ( 18-12-2006 )ഡോ.കെ.ബി.സുരേഷിന്റെ നേതൃതവ്ത്തില്‍ ഒരു സബ്‌ കമ്മിറ്റി രൂപീകരിച്ചു.20-07-2007 നോ അതിന്‌ മുന്‍പോ ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ ഡ്രാഫ്റ്റ്‌ തയ്യറാക്കുക എന്നതായിരുന്നു ഈ കമ്മിറ്റിയുടെ ചുമതല.17-09-2007ല്‍ കൂടിയ ബില്‍ഡിംഗ്‌ കമ്മിറ്റിയോഗത്തില്‍ അഡ്വക്കേറ്റുമാരായ തോമസ്‌ എബ്രഹാം,ആശാ ചെറിയാന്‍,ശ്രീജിത്ത്‌ എന്നിവരടങ്ങുന്ന ഒരു സബ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു.ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ പ്ലാന്‍ തയ്യാറാക്കുക എന്നതായിരുന്നു ഇവരുടെ ചുമതല. ഇവിടം വരെ ബില്‍ഡിംഗ്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനം സുതാര്യവും നിയമപരവുമായിരുന്നെങ്കില്‍ ഇവിടം മുതല്‍ അട്ടിമറികളും അടിവലികളും അനധികൃത ഇടപെടലുകളും നിര്‍ബാധം അരങ്ങേറുകയാണ്‌.ബില്‍ഡിംഗ്‌ കമ്മിറ്റിയുടെ അറിവോ അംഗീകാരമോ ഇല്ലാത്ത ഒരു തീരുമാനത്തിലൂടെ 20 അംഗ കോര്‍ കമ്മിറ്റി രൂപീകരിച്ച്‌ .എം.കെ.ദാമോദരനെ കോര്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി 'തെരഞ്ഞെടുക്കുകയും ' ചെയ്തു! ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ അവസാനം വരെ ഈ കോര്‍ കമ്മിറ്റി നിലവിലുണ്ടാകുമെന്ന്‌ ആരുമറിയാതെ മിനിറ്റ്സും എഴുതി ചേര്‍ത്തു. പ്ലാനുണ്ടാക്കാന്‍ രൂപീകരിച്ച സബ്‌ കമ്മിറ്റി നിലവിലിരിക്കെ തന്നെ ബില്‍ഡിംഗ്‌ കമ്മിറ്റിയുടെ ആറാമത്‌ യോഗത്തില്‍, അതേ ലക്ഷ്യത്തിനായി മറ്റൊരു സബ്‌ കമ്മിറ്റി കൂടി രൂപീകരിച്ചു.പ്ലാനുണ്ടാക്കാന്‍ ഇപ്പോള്‍ രണ്ട്‌ സബ്‌ കമ്മിറ്റി. 13-11-2007 മുതല്‍ കോര്‍ കമ്മിറ്റി മാത്രമാണ്‌ കൂടിയിട്ടുള്ളത്‌.ഇവരാണ്‌ ചട്ടങ്ങള്‍ രൂപീകരിച്ചത്‌.ഇവരാണ്‌ ബെയിലോ എഴുതിയുണ്ടാക്കിയത്‌.ഇവരാണ്‌ ചേബര്‍ കോംപ്ലെക്സിന്റെ പ്ലാന്‍ തീര്‍ച്ചപ്പെടുത്തിയത്‌.ഇവരാണ്‌ സോസൈറ്റി റജിസ്റ്റര്‍ ചെയ്തത്‌.എം.കെ.ദാമോദരന്‍ ജനറല്‍ കണ്‍വീനറായ ഈ കോര്‍ കമ്മിറ്റി അങ്ങനെ ചേബര്‍ കോംപ്ലെക്സ്‌ നിര്‍മാണത്തിന്റെ എല്ലാമെല്ലാമായി.ബാക്കിയുള്ളവരെല്ലാം കാഴ്ചക്കാരും! 04-02-2008 ല്‍ കൂടിയ കോര്‍ കമ്മിറ്റിയോഗത്തില്‍ ബെയിലോ ചര്‍ച്ചയ്ക്ക്‌ വന്നു.ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടാതെ കോര്‍ കമ്മിറ്റിയിലൂടെ ബെയിലോ പാസാക്കുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ അഡ്വ.തോമസ്‌ എബ്രഹാം വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.ബില്‍ഡിംഗ്‌ കമ്മിറ്റി മുന്‍പാകെയെങ്കിലും ബെയിലോ സമര്‍പ്പിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന അഡ്വ.തോമസ്‌ എബ്രഹാമിന്റെ നിലപാട്‌ അര്‍ദ്ധസമ്മതത്തോടെ സ്വീകരിക്കുകയും 14-04-2008 ല്‍ ബില്‍ഡിംഗ്‌ കമ്മിറ്റി വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്യാതെ തന്നെ, കോര്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച ബെയിലോ പാസാക്കിയെടുക്കുകയും ചെയ്തു. ആതിരേ,ഇവിടം മുതല്‍ അനധികൃത പണമിടപാടുകളുടെ കുത്തൊഴുക്കാണ്‌..ചട്ടങ്ങളും കീഴ്‌വഴ്ക്കങ്ങളും അട്ടിമറിച്ച്‌ തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍,തങ്ങള്‍ക്കിഷ്ടമുള്ളവര്‍ ആവശ്യപ്പെടുന്നതനുസരിച്ച്‌ ,മേലും കീഴും നോക്കാതെ ലക്ഷക്കണക്കിന്‌ രൂപയാണ്‌ പാസാക്കി കൊടുത്തത്‌.അങ്ങനെയാണ്‌ സോയില്‍ ടെസ്റ്റിംഗ്‌ നടത്തിയ സെന്റ്‌ മേരീസ്‌ സോയില്‍ ഇന്‍വസ്റ്റിഗേഷന്‌ 71,350 രൂപ അനുവദിച്ചത്‌.കൂടാതെ അന്നത്തെ മീറ്റിംഗില്‍ മറ്റൊരു പ്ലാന്‍+പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ സംഘടിപ്പിക്കാന്‍ അഡ്വക്കേറ്റുമാരായ പിയൂസ്‌ എ.കൊറ്റം,സൈബി ജോസ്‌ കിടങ്ങൂര്‍,ഷിറാസ്‌ അബ്ദുള്ള എം.എസ്‌ അന്നിവരെ ചുമതലപ്പെടുത്തി.ഇതോടെ പ്ലാനുണ്ടാക്കാന്‍ കമ്മിറ്റികള്‍ മൂന്നായി! നാളെ: അഡ്വക്കേറ്റ്‌ കെ.എല്‍.വര്‍ഗീസിന്റെ വരവും പണത്തിന്റെ പോക്കും

Monday, December 3, 2012

മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരനും എട്ട്‌ അഭിഭാഷകരും 7 കോടി അഴിമതി വിവാദത്തില്‍

കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ത്തപ്പോള്‍ കോടികളുടെ അഴിമതി.അഴിമതിക്കാര്‍ക്ക്‌ കൂൂ‍ട്ട്‌ മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരനും കേരള ഹൈക്കോടതിയിലെ എട്ട്‌ സീനിയര്‍ അഭിഭാഷകരും.അഴിമതി ചോദ്യം ചെയ്യാന്‍ ആരെങ്കിലും ഒരുമ്പെട്ടാല്‍ "അവരെ തട്ടിയേരെ,ഞാന്‍ കേസ്‌ നടത്തിക്കൊള്ളാമെന്ന്‌ " എം.കെ.ദാമോദരന്റെ ഉറപ്പ്‌. നഗര ഹൃദയത്തില്‍,കേരള ഹൈക്കോടതിക്ക്‌ സമീപത്ത്‌ അഭിഭാഷകര്‍ക്കായി നിര്‍മിച്ച 'അഡ്വക്കേറ്റ്സ്‌ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍'എന്ന ബഹുനില മന്ദിരമാണ്‌ വാനോളം ഉയരുന്ന അഴിമതിയുടെ സ്മാരകം
ആതിരേ,കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ത്തപ്പോള്‍ കോടികളുടെ അഴിമതി.അഴിമതിക്കാര്‍ക്ക്‌ കൂൂ‍ട്ട്‌ മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരനും കേരള ഹൈക്കോടതിയിലെ എട്ട്‌ സീനിയര്‍ അഭിഭാഷകരും.അഴിമതി ചോദ്യം ചെയ്യാന്‍ ആരെങ്കിലും ഒരുമ്പെട്ടാല്‍ "അവരെ തട്ടിയേരെ,ഞാന്‍ കേസ്‌ നടത്തിക്കൊള്ളാമെന്ന്‌ " എം.കെ.ദാമോദരന്റെ ഉറപ്പ്‌. നഗര ഹൃദയത്തില്‍,കേരള ഹൈക്കോടതിക്ക്‌ സമീപത്ത്‌ അഭിഭാഷകര്‍ക്കായി നിര്‍മിച്ച 'അഡ്വക്കേറ്റ്സ്‌ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍'എന്ന ബഹുനില മന്ദിരമാണ്‌ വാനോളം ഉയരുന്ന അഴിമതിയുടെ സ്മാരകം.18 കോടി രൂപയില്‍ എല്ലാ ആധിനീക സൗകര്യങ്ങളൊടും സംവിധാനങ്ങളൊടും പണികഴിപ്പിക്കാമായിരുന്ന ഈ ബഹുനില മന്ദിരത്തിന്‌ ഇപ്പോള്‍ ചെലവാക്കിയത്‌ 25 കോടി.എന്നിട്ടും പണി പൂര്‍ത്തിയായിട്ടില്ല.അഡ്വക്കേറ്റുമാര്‍ക്കായി നിര്‍മിച്ച ചേംബറുകളിലേയ്ക്ക്‌ വായൂ സഞ്ചാരമുണ്ടാകാന്‍ നിര്‍മാണം പുര്‍ത്തിയാക്കിയ സ്ട്രക്ചറല്‍ ഗ്ലേസിംഗ്‌ ഇപ്പോള്‍ പൊളിച്ചു പണിയുന്നു. മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരന്‍,സീനിയര്‍ അഡ്വക്കേറ്റ്മാരായ കെ.എല്‍.വര്‍ഗീസ്‌,ജി.ശ്രീകുമാര്‍.പിയൂസ്‌.എ.കൊറ്റ,ജേക്കബ്‌ വര്‍ഗീസ്‌,കെ.വി.സോഹന്‍,എസ്‌.പി.ചാലി,ഷിറാസ്‌ അബ്ദുള്ള,കീര്‍ത്തി നായര്‍ എന്നിവരടങ്ങിയ കണ്‍സ്റ്റ്രക്ഷന്‍ കമ്മിറ്റിയുടെ കെടുകാരുസ്ഥതയും ചില സ്വകാര്യ നിര്‍മാണ കമ്പനികളോട്‌ ഇവര്‍ക്കുണ്ടായിരുന്ന പക്ഷപാദിത്വവുമാണ്‌ നിര്‍മാണ വ്ചെലവേറ്റിയതും കോടികളുടെ അഴിമതിക്ക്‌ കളമൊരുക്കിയതും. അഡ്വക്കേറ്റ്സ്‌ ചേംബറിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പെയിലിംഗ്‌ വര്‍ക്കുകള്‍,സിവില്‍ വര്‍ക്കുകള്‍ എന്നിവയില്‍ ടെന്‍ഡറിലും കൂടിയ തുകകള്‍,വിവിധ കാരണങ്ങളാല്‍ നിര്‍മാണ കമ്പനികള്‍ക്ക്‌ അനുവദിച്ചു കൊണ്ടാണ്‌ മുന്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ നേതൃത്വത്തില്‍ കോടികളുടെ അഴിമതിക്ക്‌ വഴിയൊരുക്കിയത്‌. പെയിലിംഗ്‌ ജോലിക്ക്‌ ടെന്‍ഡര്‍ നല്‍കിയവരില്‍ ഒടുവില്‍ പരിഗണനയ്ക്ക്‌ വന്നത്‌ കെ.വി.ജെ ബില്‍ഡേഴ്സ്‌,ജിയോ ഫൗണ്ടേഷന്‍ എന്നീ കമ്പനികളായിരുന്നു.ഇവര്‍ പെയിലിംഗുമായി ബന്ധപ്പെട്ട സ്റ്റീല്‍ കമ്പികള്‍ക്ക്‌ യഥാക്രമം മെട്രിക്‌ ടണ്ണിന്‌5300രൂപ,4500രൂപയായിരുന്നു ക്വാട്ട്‌ ചെയ്തത്‌.ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട്‌ ചെയ്യുന്ന കമ്പനിയെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുക എന്നതാണ്‌ പൊതു നിയമം.ആ നിയം അട്ടിമറിച്ച്‌ 5300 രൂപ ക്വാട്ട്‌ ചെയ്തവര്‍ക്ക്‌ നല്‍കുകയായിരുന്നു.ആതിരേ,ഇതിന്‌ അഡ്വ.കെ.എല്‍.വര്‍ഗീസ്‌ മുന്നോട്ടു വച്ച ന്യായം അവര്‍ക്ക്‌ വലിയ വര്‍ക്കുകള്‍ ഏറ്റെടുത്ത്‌ പരിചയം ഉണ്ട്‌ എന്നാണ്‌.ഈ പരിഗണനമൂലം നഷ്ടമായത്‌ എഴുപത്‌ കോടി രൂപ! ആതിരേ,സിവില്‍ വര്‍ക്കുകളില്‍ കേട്ടാല്‍ ഞെട്ടുന്ന അഴിമതിയാണ്‌ നടന്നിട്ടുള്ളത്‌.ഒന്‍പത്‌ കോടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമായിരുന്നിട്ടും 14 കോടിയോളം വഴിവിട്ട്‌ ചെലവാക്കാന്‍ അനുവദിച്ചതിലൂടെ ഏറ്റവും ചുരുങ്ങിയത്‌ അഞ്ച്‌ കോടിയുടെ നഷ്ടം സംഭവിച്ചതായാണ്‌ ഇന്റേണല്‍ ഓഡിറ്റിംഗില്‍ കണ്ടെത്തിയത്‌.ശിലപ കണ്‍സ്ട്രക്ഷന്‍സ്‌,ഷൈന്‍ ഇലക്ട്രിക്കല്‍സ്‌ എന്നീ രണ്ട്‌ സ്വകാര്യ കമ്പനികള്‍ക്കാണ്‌ ഇത്‌ മൂലം കോടികളുടെ ലാഭം ഉണ്ടായത്‌.ഒര്‍ജിനല്‍ എസ്റ്റിമേറ്റിലുണ്ടായിരുന്ന ചില ജോലികള്‍ ടെന്‍ഡറില്‍ ഉള്‍പ്പെടുത്താതെ ടെന്‍ഡര്‍ ഉറപ്പിക്കുകയും ഇവ പിന്നീട്‌ അഡിഷനല്‍ വര്‍ക്കുകളായി അനുവദിച്ചുമാണ്‌ ബില്‍ഡിംഗ്‌ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി അഴിമതിക്ക്‌ വഴിതുറന്നത്‌. 13 കമ്പനികളാണ്‌ സിവില്‍ വര്‍ക്കുകള്‍ക്ക്‌ ടെന്‍ഡര്‍ സമര്‍പ്പിച്ചത്‌.ഇതില്‍ നിന്ന്‌ നാല്‌ കമ്പനികളെ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്തു.പിന്നീട്‌ മറ്റു ചില പരിഗണനകളുടെ പേരില്‍ രണ്ട്‌ കമ്പനികളെ ഒഴിവാക്കി ശില്‍പ കണ്‍സ്ട്രക്ഷന്‍സിനും ഷൈന്‍ ഇലക്ര്ടിക്കല്‍സിനും നിര്‍മാണ ചുമതല നല്‍കുകയായിരുന്നു.നെടുമ്പാശേരി രാഷ്ട്രാന്തര വിമാനത്താവള നിര്‍മാണത്തില്‍ പങ്കുണ്ടായിരുന്നവരെ പോലും ഒഴിവാക്കിയാണ്‌ ഈ രണ്ട്‌ കമ്പനികളെ നിര്‍മാണ ചുമതലയേല്‍പ്പിച്ചത്‌. ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ അഡീഷണല്‍ വര്‍ക്കുകള്‍ എന്ന പേരില്‍ അടിസ്ഥാന നിര്‍മാണ ജോലികള്‍ തന്നെ അനുവദിച്ച്‌ കോടികള്‍ നല്‍കിയിട്ടും ആ കമ്പനികള്‍ തങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട പണം നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു നാളെ:അഴിമതിയുടെ ഉള്‍പ്പിരിവുകള്‍

Thursday, November 29, 2012

ആരാധനാലയങ്ങള്‍ക്കും ബാര്‍ ഹോട്ടലുകള്‍ക്കുമിടയില്‍ അലൈന്‍മെന്റ്‌ തെറ്റി സര്‍ക്കാര്‍

നിലവിലുള്ള ഭൂനിയമങ്ങള്‍ ലംഘിച്ചും പൊതുസ്ഥലങ്ങള്‍ കൈയ്യേറിയുമാണ്‌ കേരളത്തില്‍ ഭൂരിപക്ഷം ആരാധനാലയങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്‌. ദേശീയപാതയുടെ അലൈന്‍മെന്റ്‌ തിരിച്ചുവിടാന്‍ മനഃപൂര്‍വ്വം ആരാധനാലയങ്ങള്‍ സ്ഥാപിക്കുകയും അവയ്ക്ക്‌ രാഷ്ട്രാന്തര തീര്‍ത്ഥാടന കേന്ദ്രമെന്ന പദവി കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്നതും കേരളത്തില്‍ പതിവ്‌ സംഭവങ്ങളാണ്‌. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ നടക്കുന്ന സംഘടിതമായ നിയമലംഘനവും വെല്ലുവിളികളുമാണ്‌ ഇത്തരം നിര്‍മ്മാണങ്ങള്‍. ഏതെങ്കിലും ഒരു പട്ടിണിപ്പാവം ഒരു കൂരകെട്ടാന്‍ ഒരു സെന്റ്‌ എവിടെയെങ്കിലും വളച്ചുകെട്ടിയാല്‍ അവനെ കുടിയിറക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി എത്തുന്ന റവന്യൂ വകുപ്പും പോലീസ്‌ വകുപ്പും സര്‍ക്കാരുമാണ്‌ സംഘടിത മതങ്ങളുടെ ധാര്‍ഷ്ട്യത നിറഞ്ഞ ഈ നിയമലംഘനത്തെ അംഗീകരിക്കുന്നത്‌.
ആതിരേ,ആരുടെയൊക്കെ കണ്ണില്‍ പൊടിയിട്ടാലാണ്‌ ഒരു സര്‍ക്കാരിന്‌ പിടിച്ചു നില്‍ക്കാന്‍ കഴിയുകയെന്ന്‌ ഉമ്മന്‍ചാണ്ടിയ്ക്ക്‌ മാത്രമേ അറിയൂ. ഓരോ വിഭാഗത്തെയും സമുദായത്തെയും ഘടകകക്ഷികളെയും ഒപ്പം നിര്‍ത്താനും സര്‍ക്കാരിനെതിരെ തിരിയാതിരിക്കാനും ചില്ലറ തന്ത്രങ്ങളൊന്നുമല്ല ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നത്‌. അതിജീവന രാഷ്ട്രീയത്തിന്റെ ഏറ്റവും മ്ലേച്ഛമായ പ്രായോഗികതകളിലാണ്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ്‌ മന്ത്രിമാരും നേതാക്കന്മാരും അഭിരമിക്കുന്നത്‌ എന്നതാണ്‌ വര്‍ത്തമാനകാല ജനാധിപത്യ ഭരണത്തിന്റെ അസംബന്ധം. ഈ കപട ലോകത്തില്‍ എന്റെ കാപട്യം എല്ലാവരും അറിയുന്നതാണ്‌ എന്റെ ദുഃഖമെന്ന്‌ ചങ്ങമ്പുഴയെ തിരുത്തി കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞത്‌ ഉമ്മന്‍ചാണ്ടിയെ ദീര്‍ഘദര്‍ശനം ചെയ്തല്ലേ എന്ന്‌ സംശയിക്കാവുന്ന രീതിയിലാണ്‌ മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്ത ഒരു തീരുമാനം കേള്‍ക്കുന്ന വിവേകമുള്ളവരെല്ലാം മൂക്കത്ത്‌ വിരല്‍വെച്ച്‌ നിന്നുപോകും. ദേശീയ പാതയുടെ വികസനം സംബന്ധിച്ച വിഷയത്തില്‍ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ചെകുത്താനെയും കടലിനെയും ഒരുപോലെ സംരക്ഷിക്കുന്നതാണെന്ന്‌ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ദേശീയ പാതയുടെ വീതി 45 മീറ്ററാക്കണമന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ഒച്ചവെച്ച്‌ തോല്‍പ്പിക്കാന്‍ ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിച്ച നശീകരണ ദിനങ്ങള്‍, ആതിരേ, ആരും മറന്നിട്ടുണ്ടാവില്ല. ദേശീയ പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാന്‍ കൊടിയുടെ നിറഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നതും ഓര്‍മ്മയുണ്ടാകണം. 30 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള ദേശീയപാത കേരളത്തിന്‌ വേണ്ട എന്നായിരുന്നു വികസനത്തെക്കുറിച്ച്‌ പുതിയ പരിപ്രേക്ഷ്യങ്ങള്‍ രചിക്കുകയും വോട്ടര്‍മാര്‍ക്ക്‌ പുത്തന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഈ വഞ്ചക പരിഷകള്‍ എടുത്ത തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കേട്ട്‌ അന്തംവിട്ടു നിന്നുപോയിട്ടുണ്ടാകണം. മറ്റു സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക്‌ വീതിയേറിയ റോഡുകള്‍ വേണം അതിന്‌ സാമ്പത്തിക സഹായം നല്‍കണമെന്ന്‌ നിരന്തരം അഭ്യര്‍ത്ഥിക്കുമ്പോള്‍, പ്രായോഗിക മതികളെന്നും സാക്ഷരരെന്നും വികസനത്തിന്റെ കേരള മോഡല്‍ കണ്ടെത്തിയവര്‍ എന്നുമൊക്കെ അഹങ്കരിക്കുന്നവരായ തങ്ങള്‍ക്ക്‌ ഇടുങ്ങിയ റോഡുകള്‍ മതി എന്ന്‌ ശഠിച്ചത്‌. കമ്മീഷനുകളും പാര്‍ട്ടിഫണ്ടുമാണ്‌ വികസനത്തിന്റെ ക്രൈറ്റീരിയന്‍ എന്ന്‌ നിശ്ചയിച്ച വേതാളങ്ങള്‍ക്കുണ്ടോ വേഗതയേറിയതും വീതികൂടിയതുമായ റോഡുകളെക്കുറിച്ചുള്ള താല്‍പര്യം. അന്ന്‌ കേരളത്തിന്റെ പിടിവാശിയെ, അതേ നാണയത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ അഭിമുഖീകരിച്ചത്‌. 45 മീറ്റര്‍ വീതിയുള്ള ദേശീയ പാത വേണ്ടായെങ്കില്‍ ദേശീയ പാത വികസനത്തിനുള്ള ഫണ്ടും കേരളത്തിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ദേശീയ പാതയുടെ വീതി വര്‍ദ്ധിപ്പിക്കുന്നതില്‍ സ്വീകരിച്ച പ്രതിലോമ നിലപാടിനെ ലജ്ജിപ്പിക്കുന്ന തീരുമാനമാണ്‌ കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത്‌,ആതിരെ.. ദേശീയപാതയുടെ വീതി ഇപ്പോള്‍ ഉള്ളതില്‍ അല്‍പ്പംകൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഈ വര്‍ദ്ധന നടപ്പിലാക്കാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഹാസ്യാത്മകവും ഈ സര്‍ക്കാരിന്റെ സമുദായ-അബ്കാരി പ്രീണന സ്വഭാവം വ്യക്തമാക്കുന്നത്‌. 30 മീറ്റര്‍ വീതിയുള്ള റോഡിന്റെ മധ്യഭാഗത്തുനിന്ന്‌ ഇരുഭാഗത്തേക്കും ഏഴര മീറ്റര്‍ വീതി കൂടി വര്‍ദ്ധിപ്പിക്കാനാണ്‌ അനുമതി നല്‍കിയിട്ടുള്ളത്‌. ദേശീയപാത 47-ലും 17-ലുമാണ്‌ ഈ രീതിയില്‍ വീതി കൂട്ടുന്നത്‌. പക്ഷേ, ഇങ്ങനെ വീതി കൂട്ടുന്നത്‌ ആരാധനാലയങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കണമെന്നാണ്‌ ആദ്യത്തെ നിര്‍ദ്ദേശം. വീതി വര്‍ദ്ധിപ്പിക്കുന്ന സ്ഥലങ്ങളില്‍ എവിടെയെങ്കിലും ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയം ഉണ്ടെങ്കില്‍ അവിടെ റോഡിന്റെ അലൈന്‍മെന്റ്‌ മാറ്റാനാണ്‌ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്ഥലം കൈയ്യേറി റോഡിന്റെ തൊട്ടരുകിലായി ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ അറിഞ്ഞു കൊണ്ടു തന്നെയാണ്‌ സാമുദായിക വികാരങ്ങളുടെ പേരില്‍ ഈ നിയമ ലംഘനത്തിന്‌ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്‌. നിലവിലുള്ള ഭൂനിയമങ്ങള്‍ ലംഘിച്ചും പൊതുസ്ഥലങ്ങള്‍ കൈയ്യേറിയുമാണ്‌ കേരളത്തില്‍ ഭൂരിപക്ഷം ആരാധനാലയങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്‌. ദേശീയപാതയുടെ അലൈന്‍മെന്റ്‌ തിരിച്ചുവിടാന്‍ മനഃപൂര്‍വ്വം ആരാധനാലയങ്ങള്‍ സ്ഥാപിക്കുകയും അവയ്ക്ക്‌ രാഷ്ട്രാന്തര തീര്‍ത്ഥാടന കേന്ദ്രമെന്ന പദവി കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്നതും കേരളത്തില്‍ പതിവ്‌ സംഭവങ്ങളാണ്‌. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ നടക്കുന്ന സംഘടിതമായ നിയമലംഘനവും വെല്ലുവിളികളുമാണ്‌ ഇത്തരം നിര്‍മ്മാണങ്ങള്‍. ഏതെങ്കിലും ഒരു പട്ടിണിപ്പാവം ഒരു കൂരകെട്ടാന്‍ ഒരു സെന്റ്‌ എവിടെയെങ്കിലും വളച്ചുകെട്ടിയാല്‍ അവനെ കുടിയിറക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി എത്തുന്ന റവന്യൂ വകുപ്പും പോലീസ്‌ വകുപ്പും സര്‍ക്കാരുമാണ്‌ സംഘടിത മതങ്ങളുടെ ധാര്‍ഷ്ട്യത നിറഞ്ഞ ഈ നിയമലംഘനത്തെ അംഗീകരിക്കുന്നത്‌. ആതിരേ,മത കാര്യങ്ങളില്‍ ഏറ്റവും അധികം തീഷ്ണത പുലര്‍ത്തുന്നവരാണ്‌ മുസ്ലീങ്ങള്‍. എന്നാല്‍, ഗള്‍ഫ്‌ രാജ്യങ്ങളില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോഴും അവയ്ക്ക്‌ വീതി കൂട്ടുമ്പോഴും തടസമായി നില്‍ക്കുന്ന മോസ്ക്കുകള്‍ അവിടെ നിന്ന്‌ മാറ്റാന്‍ ഭരണാധികാരികള്‍ക്ക്‌ മടിയില്ല, അങ്ങനെ സംഭവിച്ചാല്‍ അത്‌ അംഗീകരിക്കാന്‍ അവിടുത്തെ വിശ്വാസികള്‍ തയ്യാറുമാണ്‌. വിശാല വീക്ഷണവും വിദ്യാഭ്യാസവും പ്രായോഗിക ബുദ്ധിയും ഏത്‌ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ കഴിവുണ്ടെന്നും മേനി നടിക്കുന്ന മലയാളികളാണ്‌ വികസനത്തിന്റെ വീഥിയില്‍ ഇത്തരം അശ്രീകരങ്ങള്‍ സൃഷ്ടിച്ച്‌ നാടിന്റെ പുരോഗതിയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ഹനിക്കുന്നത്‌. നിയമവിരുദ്ധമായി നടക്കുന്ന ഏതു പ്രവര്‍ത്തനവും തടയാനും പൗരന്മാര്‍ക്ക്‌ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം അടക്കമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും ബാധ്യസ്ഥമായ ഒരു ജനായത്ത ഭരണകൂടമാണ്‌ ഇത്തരം വിഭാഗീയ വികാരങ്ങള്‍ക്ക്‌ വഴങ്ങി ഭരണഘടനയെയും പൗരന്മാരെയും വിഡ്ഢികളാക്കുന്നത്‌. ആരാധനാലയങ്ങളുടെ മറവില്‍ ബാര്‍ ഹോട്ടലുകളെ സംരക്ഷിക്കാനുള്ള കുത്സിത ലക്ഷ്യവും ബുധനാഴ്ചത്തെ തീരുമാനത്തിലുണ്ട്‌, ആതിരേ... നേരത്തെ തന്നെ ദേശീയ പാതയോരത്തെ വ്യാപാരികളുടെ ശുഷ്കമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ 45 മീറ്റര്‍ വീതിയുള്ള റോഡുവേണ്ട എന്ന്‌ കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്‌. അന്നെടുത്ത തീരുമാനത്തിന്റെ മറ്റൊരു വികൃത മുഖമാണ്‌ ഇവിടെ തെളിയുന്നത്‌. ആരാധനാലയങ്ങള്‍ക്കുവേണ്ടി അലൈന്‍മെന്റ്‌ മാറ്റാന്‍ പറഞ്ഞാല്‍ ആരും ക്ഷോഭിക്കുകയില്ല എന്ന കൗശലബുദ്ധിയില്‍ നിന്നാണ്‌ ബാര്‍ ഹോട്ടലുകള്‍ക്ക്‌ കൂടി സഹായകമാകുന്ന തീരുമാനം കഴിഞ്ഞ ദിവസം കൈക്കൊണ്ടിട്ടുള്ളത്‌. അനധികൃത ഭൂമി കൈയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയാന്‍ മുഖ്യമന്ത്രിയുടെ കീഴില്‍ തന്നെ പ്രത്യേക വകുപ്പും ഉദ്യോഗസ്ഥരും ഉണ്ട്‌. അവരുടെ കൂടി സഹായത്തോടും ഉപദേശത്തോടുമാണ്‌ പാതയോരങ്ങളും ജലാശയ തീരങ്ങളും ആറ്റു തീരങ്ങളും തോട്ടുവക്കുകളും കൈയ്യേറി അനധികൃത റിസോര്‍ട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്‌. ഇത്തരം നിര്‍മ്മാണങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്‌ ദേശീയപാതയുടെ അലൈന്‍മെന്റ്‌ മാറ്റുന്നത്‌, ആരാധനാലയങ്ങള്‍ക്കുവേണ്ടിയാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കേരളീയരെല്ലാം കൊഞ്ഞാണന്മാരാണല്ലോ. അതുകൊണ്ട്‌ കണ്ണില്‍പ്പൊടിയിടുന്നവര്‍ക്ക്‌ എന്തുമാകാമല്ലോ. അതാണല്ലോ ആതിരേ,സുതാര്യവും അഴിമതിവിരുദ്ധവുമായ ഭരണം!

Wednesday, November 28, 2012

പേറിന്റെ പേരിലെ പോര്‌! നാണമില്ലേ...?

എന്താണ്‌ ഒരാളെ വിമര്‍ശിക്കാനുള്ള യോഗ്യത എന്ന്‌ കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉളുപ്പില്ലാത്ത നിലപാടുകളും എല്ലില്ലാത്ത നാവുമുണ്ടെങ്കില്‍ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം എന്നതിന്റെ വികടമായ, വികലമായ ദൃഷ്ടാന്തങ്ങളാണ്‌ ശ്വേതമേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഒരു വ്യക്തിക്കുപോലും ശ്വേത മേനോനെ വിമര്‍ശിക്കാനോ ബ്ലസിയെ അധിക്ഷേപിക്കാനോ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതാണ്‌ യഥാര്‍ത്ഥ വസ്തുത. പ്രസവം എന്നത്‌ ശ്വേതയുടെ സ്വകാര്യതയാണ്‌. അത്‌ എവിടെവച്ച്‌ എങ്ങനെ ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും ശ്വേതയ്ക്കും ഭര്‍ത്താവിനും മാത്രമാണ്‌. അത്‌ ചിത്രീകരിക്കാന്‍ അനുവദിക്കണമോ എന്ന്‌ നിശ്ചയിക്കാനുള്ള അധികാരവും അവര്‍ക്കു മാത്രമാണുള്ളത്‌. അതുകൊണ്ട്‌ തന്റെ പ്രസവം ചിത്രീകരിക്കാന്‍ സമ്മതിച്ചതിലൂടെ ശ്വേത ഭാരത സ്ത്രീയുടെ ഭാവശുദ്ധിയെ കളങ്കപ്പെടുത്തി എന്ന്‌ പറയുന്ന കാപട്യങ്ങളെയാണ്‌ സൂക്ഷിക്കേണ്ടത്‌, ഭയക്കേണ്ടത്‌...
ആതിരേ,മാസങ്ങള്‍ക്കു മുന്‍പ്‌ മുംബൈയിലെ ആശുപത്രിയില്‍ നടന്ന സിനിമാ നടി ശ്വേതാ മേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ചകളും മാധ്യമങ്ങളിലും സിനിമാ വൃത്തങ്ങളിലും നാട്ടുകൂട്ടങ്ങളിലും ഇന്ന്‌ ചൂടേറിയ ചര്‍ച്ചാവിഷയമാണ്‌. കൃതഹസ്തനായ ചലച്ചിത്രകാരന്‍ ബ്ലസി തന്റെ കളിമണ്ണ്‌ എന്ന ചിത്രത്തില്‍ നടി ശ്വേതാ മേനോന്റെ പ്രസവരംഗം ഉള്‍പ്പെടുത്തുവാന്‍ വേണ്ടി ആശുപത്രിയിലെ പ്രസവ മുറിയില്‍ നിന്ന്‌ രംഗങ്ങള്‍ ഷൂട്ടു ചെയ്യുമെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ്‌ ഈ സദാചാര ധാര്‍മ്മിക ചൊറിച്ചിലും ചര്‍ച്ചയും. മഹാപാതകമാണ്‌ ശ്വേത മേനോനും ബ്ലസിയും നടത്തിയത്‌ എന്ന മട്ടിലായിരുന്നു ആതിരേ,പ്രസവം കഴിഞ്ഞ ഉടന്‍ വന്ന ചില വാര്‍ത്തകളിലെ വികാരം. ശ്വേത പെറ്റെണീറ്റ്‌ മറ്റുജീവിത വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയപ്പോള്‍ വീണ്ടും ആ പ്രസവം പൊതുചര്‍ച്ചയിലേക്ക്‌ വലിച്ചിഴക്കപ്പെട്ടത്‌ ഒട്ടും മാന്യമല്ല എന്നാണ്‌ ആതിരേ, എന്റെ നിലപാട്‌ കേരള നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയനാണ്‌ കോട്ടയത്ത്‌ ഒരു യോഗത്തില്‍വച്ച്‌ ക്യാമറയ്ക്കു മുന്നിലെ ശ്വേതയുടെ പ്രസവത്തെയും കൈക്കുഞ്ഞുമായി അവര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ വാങ്ങാന്‍ എത്തിയതിനെയും നിശിതമായി വിമര്‍ശിച്ചത്‌. ആ യോഗത്തില്‍ പങ്കെടുത്ത മാധ്യമവിചാരകനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോളും പ്രസവ ചിത്രീകരണത്തിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടുകയുണ്ടായി. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സമാന്തരമായി പോകുന്ന മൗലികാവകാശമാണ്‌. അതില്‍ കൈകടത്താനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ , ആതിരേ,ആര്‍ക്കും അവകാശമില്ല. ഈ രണ്ട്‌ സ്വാതന്ത്ര്യങ്ങളും ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന്‌ ഭീഷണിയാകുന്നില്ലെങ്കില്‍ സമൂഹത്തിന്റെ സമാധാന ജീവിതത്തിന്‌ ഭംഗംവരുത്തുന്നില്ലെങ്കില്‍ അതില്‍ ഇടപെടാന്‍ ഭരണഘടനയോ കോടതിയോ പോലും തയ്യാറാവുകയില്ല. ശ്വേതയുടെ പ്രസവവും ബ്ലസിയുടെ ചിത്രീകരണവും മേല്‍പ്പറഞ്ഞ വകുപ്പുകളില്‍ ഒന്നും പെടുന്നതല്ലല്ലല്ലോ.പിന്നെന്തിനാണ്‌ ഈ പുകിലൊക്കെ?. സമ്മതിക്കുന്നു, ഏത്‌ വിഷയത്തെക്കുറിച്ച്‌ എന്തു പറയണം എന്നുള്ളത്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ വ്യക്തിപരമായ അവകാശവും അധികാരവുമാണ്‌. അതിലും എനിക്ക്‌ തര്‍ക്കമില്ല. ശ്വേതയുടെ പ്രസവത്തെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചും കൈക്കുഞ്ഞുമായി അവാര്‍ഡ്‌ വാങ്ങാന്‍ എത്തിയതിനെക്കുറിച്ചുമൊക്കെ ജി.കാര്‍ത്തികേയന്‌ അഭിപ്രായം പറയാം. എന്നാല്‍, കേരള നിയമസഭ സ്പീക്കര്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്റെ സത്വര ശ്രദ്ധയും വിശകലനവും അഭിപ്രായ പ്രകടനവും ആവശ്യപ്പെടുന്ന ഒട്ടനവധി സാമൂഹിക സാമ്പത്തിക സമസ്യകള്‍ വര്‍ത്തമാനകാല കേരളം അഭിമുഖീകരിക്കുമ്പോള്‍ പ്രായേണ നിസ്സാരമായി തള്ളേണ്ട ഒരു വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തി അദ്ദേഹമാണ്‌ ഇപ്പോള്‍ മാധ്യമ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടത്‌.. നാട്ടുകൂട്ടങ്ങളിലെ ചര്‍ച്ചകളിലെ പ്രധാന അജണ്ടയാക്കി ഈ വിഷയത്തെ വഷളാക്കിയത്‌.അതില്‍ എനിക്ക്‌ കടുത്ത പ്രതിഷേധവും അമര്‍ഷവുമുണ്ട്‌ ആതിരേ... ശ്വേതയുടെയും ബ്ലസിയുടെയും നടപടി ധാര്‍മ്മികമായും സദാചാരപരമായും തെറ്റാണെന്നും ഇതിനെതിരെ വനിത സംഘടനകള്‍ പ്രതികരിക്കാത്തത്‌ അത്യധികം കുണ്ഠിതം ഉണ്ടാകുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ്‌ അദ്ദേഹത്തിന്റെ മനസിന്റെ വഷളത്തം പൊതുസമൂഹമറിഞ്ഞത്‌ എന്നാണെന്റെ വിലയിരുത്തല്‍.ഒരു പെണ്ണിന്റെ ഈറ്റുപുരയില്‍ ഒളിഞ്ഞു നോക്കാന്‍ ഇവര്‍ക്കൊക്കെ നാണമില്ലതെ പോയല്ലോ,ആതിരേ! ഇതുകേട്ടതോടെ വനിത കോണ്‍ഗ്രസും വനിത മോര്‍ച്ചയും അടക്കമുള്ള രാഷ്ട്രീയ വനിത സംഘടനകളും മറ്റു വനിത സംഘടനാ പ്രവര്‍ത്തകരും അമാന്യമായ ആക്രമണ സ്വഭാവത്തോടെ വാര്‍ത്തകളില്‍ ഇടം നേടി . ശ്വേതയുടെ നടപടി മാതൃത്വത്തിന്റെ സ്വകാര്യതയും മാന്യതയും നശിപ്പിക്കുന്നതും ബ്ലസിയുടെ നടപടി ഭാരതീയ പാരമ്പര്യത്തിനും സംസ്കൃതിക്കും വിരുദ്ധമാണെന്നും ഒക്കെയുള്ള അഭിപ്രായങ്ങളാണ്‌ മാന്യ മഹിളാ നേതാക്കന്മാരില്‍ നിന്ന്‌ ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. , അമ്മ നടിമാര്‍ ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും ഈ വിഷയം ഏറ്റുപിടിച്ച്‌ അവരുടെ മനസിന്റെ അശ്ലീലത തുറന്നു വച്ചു. തന്റേടത്തിന്റെ പെണ്‍രൂപമായ രഞ്ജിനി ഹരിദാസ്‌ പോലും തനിക്ക്‌ ഈ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്യില്ലെന്ന്‌ പറഞ്ഞ്‌വച്ചതിലൂടെ പുതുതലമുറ പെണ്ണുങ്ങള്‍പോലും ശ്വേതയുടെ പേറിനെ ഇച്ചീച്ചിയായാണ്‌ കാണുന്നതെന്ന്‌ വ്യക്തമാണ്‌. നടി ഉര്‍വ്വശി ഒരുപടികൂടി മുന്നോട്ടു പോയാണ്‌ അഭിപ്രായപ്രകടനം നടത്തിയത്‌. ഈ ആവശ്യം ഉന്നയിച്ച്‌ ഏതെങ്കിലും ഒരു സംവിധായകന്‍ തന്നെ സമീപിച്ചിരുന്നുവെങ്കില്‍ ചെരുപ്പൂരി അടിക്കുമായിരുന്നു ഉര്‍വ്വശി തുറന്നടിച്ചത്‌. ഉര്‍വ്വശിക്കും രഞ്ജിനി ഹരിദാസിനുമൊക്കെ ശ്വേതയുടെ മാതൃത്വത്തെക്കുറിച്ച്‌ പറയാന്‍ അവകാശമാണുള്ളത്‌? മദ്യാസക്തിമൂലം ദാമ്പത്യം തകരുകയും മദ്യപയായ അമ്മയോടൊപ്പം പോകാന്‍ മനസ്സില്ലെന്ന്‌ കുഞ്ഞാറ്റ പറഞ്ഞതും നാലുകാലില്‍ കോടതിയിലെത്തിയതും ഒക്കെ ഉര്‍വ്വശി മറന്നിട്ടുണ്ടെങ്കിലും കേരളം മറന്നിട്ടില്ല,ആതിരേ.. എന്താണ്‌ ഒരാളെ വിമര്‍ശിക്കാനുള്ള യോഗ്യത എന്ന്‌ കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉളുപ്പില്ലാത്ത നിലപാടുകളും എല്ലില്ലാത്ത നാവുമുണ്ടെങ്കില്‍ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം എന്നതിന്റെ വികടമായ, വികലമായ ദൃഷ്ടാന്തങ്ങളാണ്‌ ശ്വേതമേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഒരു വ്യക്തിക്കുപോലും ശ്വേത മേനോനെ വിമര്‍ശിക്കാനോ ബ്ലസിയെ അധിക്ഷേപിക്കാനോ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതാണ്‌ യഥാര്‍ത്ഥ വസ്തുത. പ്രസവം എന്നത്‌ ശ്വേതയുടെ സ്വകാര്യതയാണ്‌. അത്‌ എവിടെവച്ച്‌ എങ്ങനെ ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും ശ്വേതയ്ക്കും ഭര്‍ത്താവിനും മാത്രമാണ്‌. അത്‌ ചിത്രീകരിക്കാന്‍ അനുവദിക്കണമോ എന്ന്‌ നിശ്ചയിക്കാനുള്ള അധികാരവും അവര്‍ക്കു മാത്രമാണുള്ളത്‌. അതുകൊണ്ട്‌ തന്റെ പ്രസവം ചിത്രീകരിക്കാന്‍ സമ്മതിച്ചതിലൂടെ ശ്വേത ഭാരത സ്ത്രീയുടെ ഭാവശുദ്ധിയെ കളങ്കപ്പെടുത്തി എന്ന്‌ പറയുന്ന കാപട്യങ്ങളെയാണ്‌ സൂക്ഷിക്കേണ്ടത്‌, ഭയക്കേണ്ടത്‌... പ്രസവരംഗം ചിത്രീകരിച്ചെങ്കിലും അതില്‍ ഏതെല്ലാം ഭാഗങ്ങള്‍ തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തുമെന്ന്‌ ബ്ലസി ഇപ്പോഴും മനസ്സ്‌ തുറന്നിട്ടില്ല. ചിത്രം പൂര്‍ത്തിയായിട്ടുമില്ല. അതിനു മുന്‍പ്‌ കാളപെറ്റു എന്ന്‌ കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ആഭാസത്തരമാണ്‌ കേരളത്തിലെ സാംസ്കാരിക വനിത പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.ദുഗന്ധപൂരിതമായ സ്കവാര്യതകാളാണ്‌ ഇവരെല്ലാം തെരുവില്‍ മലര്‍ക്കെ തുറക്കുന്നത്‌.. ഇതിനിടെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്‌ ഫെഡറേഷന്‍ പ്രസിഡണ്ട്‌ ലിബര്‍ട്ടി ബഷീര്‍, കേരളത്തിലെ തിയറ്ററുകളെ ലേബര്‍ റൂം ആക്കാന്‍ അനുവദിക്കുകയില്ല എന്ന വഷളന്‍ ന്യായവുമായി ശ്വേതയെയും ബ്ലസിയെയും അധിക്ഷേപിക്കുന്നത്‌ കേട്ടു. സ്ത്രീയുടെ നഗ്നത ചിത്രീകരിക്കുന്ന സിനിമ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും അതിലൂടെ പോക്കറ്റ്‌ വീര്‍പ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ സിനിമ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും അതില്‍ അഭിനയിക്കുന്നവര്‍ക്കും ശ്വേതയുടെയും ബ്ലസിയുടെയും നടപടികളെ വിമര്‍ശിക്കാന്‍ എന്ത്‌ അര്‍ഹതയാണുള്ളതെന്ന്‌ എത്ര ചിന്തിച്ചിട്ടും എനിക്ക്‌ മനസ്സിലാകുന്നില്ല,ആതിരേ.. സദാചാരത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചുമൊക്കെ എന്നും മലയാളി പുറത്തു പറയുന്നത്‌ കാപട്യങ്ങള്‍ മാത്രമാണെന്ന്‌ ചുറ്റുപാടും കണ്ണോടിച്ചാല്‍ ബോധ്യമാകുന്നതാണ്‌. ചെയ്യരുതെന്ന്‌ പറയുകയും കണ്ണടച്ച്‌ ഇരുട്ടാക്കി അത്‌ ചെയ്യുകയും ആണ്‌ മലയാളിയുടെ സ്വഭാവം. ആ വികടത്തരത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാണ്‌ ശ്വേതയുടെ പ്രസവത്തെയും ബ്ലസിയുടെ ചിത്രീകരണത്തെയും ആഭാസമെന്ന്‌ അവഹേളിക്കുന്നത്‌. ഒരു പേറിന്റെ പേരില്‍ ഇത്തരം ഒച്ചപ്പാടുണ്ടാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്‌ ലജ്ജയില്ലേ ?. നാണക്കേടിന്റെ, വികലമായ സദാചാര ബോധത്തിന്റെ വിഷലിപ്തമായ ധാര്‍മ്മിക ചിന്തയുടെ പ്രതിഫലനം മാത്രമാണ്‌ ഈ ചര്‍ച്ച എന്ന കാര്യത്തില്‍ എനിക്ക്‌ സന്ദേഹമൊട്ടുമില്ല ആതിരേ.എന്നു മാത്രമല്ല കളിമണ്ണ്‌ റിലീസ്‌ ചെയ്താല്‍ ആദ്യം അതുകാണാന്‍,ശേതയുടെ നഗ്നത ആസ്വദിക്കാനുള്ള അശ്ലീല മനസുമായി ഇടിച്ചു കയറുന്നത്‌ ഇവരൊക്കെ തന്നെയായിരിക്കും ,സംശയമുണ്ടോ..?

Tuesday, November 27, 2012

ഹരിചന്ദനക്കുളിരായി ഗോവിന്ദപിള്ള സാര്‍ എന്ന ഗുരുപ്രസാദം

എന്റെ അക്ഷരങ്ങള്‍ക്ക്‌ മൂര്‍ച്ചയും , ചിന്തകള്‍ക്ക്‌ കാര്‍ക്കശ്യവും നിലപാടുകളില്‍ അനുരഞ്ജനമില്ലായ്മയും നല്‍കി അനുഗ്രഹിച്ച മറ്റൊരു ഗുരുപ്രസാദത്തെയാണ്‌ കൃപയറ്റ കാലം കവര്‍ന്നെടുത്തിരിക്കുന്നത്‌. എന്റെ വലിയ നഷ്ടമാണ്‌ സാറിന്റെ വിയോഗം. പക്ഷേ, കരയാനോ തളരാനോ ഞാനില്ല. ഇനി ഇങ്ങനെയൊരു സന്മനസ്സിനെ, കന്മഷമില്ലത്ത കരുതലിനെ കണ്ടുകിട്ടില്ലല്ലോ എന്ന നൊമ്പരത്തോടെ , അമരത്വമാര്‍ന്ന ആ മഹിതസ്മരണയ്ക്ക്‌ മുന്നില്‍ നീരാജനമായി ഈ ഏകലവ്യന്‍... ...
ആതിരേ കാല്‍നൂറ്റാണ്ടിനും മൂന്നു വര്‍ഷത്തിനുമപ്പുറത്ത്‌ പ്രസാദപൂര്‍ണമായ ഒരു പ്രഭാതം. സ്ഥലം തിരുവനന്തപുരം. ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ ഓഫീസ്‌. സമയം രാവിലെ 10.30. 11 മണിക്കാണ്‌ പി.ഗോവിന്ദപിള്ള സാര്‍ അഭിമുഖം അനുവദിച്ചിരിക്കുന്നത്‌. 10.30-ന്‌ തന്നെ സാറിന്റെ ഓഫീസില്‍ ഞാനും ഫോട്ടോഗ്രാഫര്‍ നസീര്‍ റാവുത്തറും എത്തി. ചെയര്‍മാന്റെ മുറിയില്‍ പി.ഗോവിന്ദപിള്ള സാര്‍ ഫയലുകള്‍ നോക്കുന്ന തിരക്കില്‍. പുറത്ത്‌ ആകാംക്ഷയും കടുത്ത സമ്മര്‍ദ്ദവുമായി ഞാന്‍. വിജ്ഞാനത്തിന്റെ മഹാമേരു... പത്രപ്രവര്‍ത്തന രംഗത്തെ ധീക്ഷണയുടെ സൂര്യതേജസ്‌. ചലച്ചിത്രം അടക്കമുള്ള സുകുമാര കലകളെ മാര്‍ക്സിയന്‍ പ്രത്യയ ശാസ്ത്രത്തിന്‌ മുഖാമുഖം നിര്‍ത്തി പുതിയൊരു ലാവണ്യശാസ്ത്രം രചിച്ച പ്രതിഭാ കുബേരന്‍. അദ്ദേഹത്തെയാണ്‌ പ്രസിദ്ധീകരണം തുടങ്ങിയിട്ടുപോലുമില്ലാത്ത ഒരു സിനിമ വാരികയ്ക്കുവേണ്ടി അഭിമുഖം നടത്താന്‍ എത്തിയിരിക്കുന്നത്‌. ആതിരേ,പി.ഗോവിന്ദപിള്ള സാറിന്റെ അഭിമുഖം ആവശ്യപ്പെട്ട്‌ കത്തെഴുതിയപ്പോള്‍, പച്ചമഷിയില്‍ മറുപടി ലഭിച്ചത്‌ "എന്നെ ഒഴിവാക്കുക. സൂപ്പര്‍ താരം അടക്കമുള്ള സിനിമാ താരങ്ങളായിരിക്കും നിങ്ങള്‍ക്ക്‌ യോജിക്കുക" എന്നായിരുന്നു. സാറിന്റെ അഭിമുഖത്തോടെയാണ്‌ പ്രസിദ്ധീകരണം ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌ എന്ന്‌ മറുകുറിയെഴുതിയപ്പോള്‍ സസന്തോഷം അതംഗീകരിക്കുകയായിരുന്നു പി.ഗോവിന്ദപിള്ള സാര്‍. (ആനുഷംഗീകമായി പറയട്ടെ,പി.ഗോവിന്ദപിള്ള സാര്‍ പറയുന്നതിന്‌ മുന്‍പു തന്നെ അന്നത്തെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളോട്‌ ഞങ്ങള്‍ അഭിമുഖം ആവശ്യപ്പെട്ടിരുന്നു. "പ്രസിദ്ധീകരണം ആരംഭിച്ച ശേഷം വാരികയുമായി വരിക. കണ്ടു കഴിഞ്ഞ്‌ അഭിമുഖത്തെക്കുറിച്ച്‌ സംസാരിക്കാം " എന്നായിരുന്നു ധിക്കാരപൂര്‍വ്വമുള്ള മറുപടി. പിന്നിട്ട മുപ്പത്‌ വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനിടയില്‍ അദ്ദേഹത്തെ ഞാനും ബോധപൂര്‍വം അവഗണിച്ചിരിക്കുകയാണ്‌ ) അന്തരിച്ച തോമസ്‌ ടി.അമ്പാട്ടിന്റെ മുഖ്യ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ജനനി വാരികയുടെ സഹോദര പ്രസിദ്ധീകരണമായിട്ടായിരുന്നു സിനിമ വാരിക തുടങ്ങാന്‍ ആഗ്രഹിച്ചത്‌. 'ആലിപ്പഴം' എന്നായിരുന്നു വാരികയുടെ പേര്‌. അന്ന്‌ കുട്ടികളുടെ ചിത്രകഥയ്ക്ക്‌ നല്ല മാര്‍ക്കറ്റുള്ള കാലമായിരുന്നു. മലയാളത്തിലെ ക്ലാസിക്കുകള്‍ക്ക്‌ ചിത്രകഥാരൂപം നല്‍കി അവതരിപ്പിക്കാം എന്ന ഉദ്ദേശ്യത്തോടെയാണ്‌ ആലിപ്പഴം എന്ന ടൈറ്റില്‍ സ്വന്തമാക്കിയത്‌. ആദ്യ ദൗത്യമായി വയലാര്‍ രാമവര്‍മ്മയുടെ ആയിഷ ചിത്രകഥയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികള്‍ക്കുള്ള ചിത്രകഥാപ്രസിദ്ധീകരണങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുകയും രംഗം പൂരിതമാകുകയും ചെയ്തപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചാണ്‌ 'ആലിപ്പഴം' സിനിമ വാരികയാക്കാന്‍ തീരുമാനിച്ചത്‌. ചോദ്യങ്ങള്‍ മനസ്സില്‍ അടുക്കിയടുക്കി ഞാനിരുന്നു. 11 മണിയാകുന്തോറും എന്റെ ആകാംക്ഷയും സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു. കൈകാലുകളില്‍ ഒരുതരം വിറയല്‍ കുടിയേറി. തുടകള്‍ക്കിടയില്‍പ്പോലും വിയര്‍പ്പുണര്‍ന്നു.പത്രപ്രവര്‍ത്തന രംഗത്ത്‌ ശിശുവാണ്‍ഞ്ഞാന്‍.ഇത്രയും ഔന്നത്യമുള്ള ഒരു പ്രതിഭയെ നേരിടുന്നത്‌ ആദ്യവും. എങ്ങനെ എന്റെ ചോദ്യങ്ങള്‍ക്ക്‌ ഗോവിന്ദപിള്ള സാറില്‍ നിന്ന്‌ മറുപടി നേടിയെടുക്കാനാകും എന്ന ആകാംക്ഷ വിറയലായി കോശങ്ങള്‍ തോറും പടരാന്‍ തുടങ്ങിയിരുന്നു,അപ്പോള്‍. പ്രകോപനപരമായ ചോദ്യം ചോദിച്ചുകൊണ്ട്‌ അഭിമുഖം തുടങ്ങുന്നതായിരുന്നു, ആതിരേ, എന്റെ രീതി. ജര്‍ണലിസം ക്ലാസില്‍ എഡിറ്റിംഗ്‌ പഠിപ്പിച്ച ജയകുമാര്‍ സാറാണ്‌ ഈ തന്ത്രം പറഞ്ഞു തന്നത്‌. പ്രകോപിപ്പിച്ചാല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക്‌ അഭിമുഖം കൊണ്ടുപോകാനാകൂ എന്നായിരുന്നു ഒരു സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു തന്നത്‌. പത്രപ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷം പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഈ തന്ത്രം ഞാന്‍ ഫലപ്രദമായി പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പി.ഗോവിന്ദപിള്ള സാറിനെപ്പോലെ മഹത്വമേറിയ ഒരു വ്യക്തിത്വത്തെ പ്രകോപിപ്പിച്ചാല്‍ എന്തായിരിക്കും പരിണതി എന്ന ആശങ്ക ധമനികളില്‍ തിളയ്ക്കാനാരംഭിച്ചിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം പി.ഗോവിന്ദപിള്ള സാറിനുള്ള അംഗീകാരമോ സാറിന്‌ ഭൂഷണമോ ആയിരുന്നില്ല. എല്ലാ തിന്മകളുടെയും കുതികാല്‍ വെട്ടുകളുടെയും പാരകളുടെയും ലോകത്ത്‌ പി.ഗോവിന്ദപിള്ളസാറിനെപ്പോലെയുള്ള മഹത്വസാന്നിദ്ധ്യങ്ങള്‍ക്ക്‌ എന്ത്‌ പ്രസക്തി എന്നതായിരുന്നു എന്റെ ചിന്ത. ആ ചിന്തയില്‍ നിന്നുരുവം കൊണ്ട ചോദ്യങ്ങളുമായാണ്‌ ഞാനെത്തിയിരിക്കുന്നത്‌. . കൃത്യം 11 മണിക്കു തന്നെ പ്യൂണിനെ വിട്ട്‌ പി.ഗോവിന്ദപിള്ള സാര്‍ ഞങ്ങളെ വിളിപ്പിച്ചു. ഉപചാരങ്ങള്‍ക്ക്‌ ശേഷം പ്രസിദ്ധീകരണത്തിന്റെ പേരിലെ കൗതുകം ആയിരുന്നു സാര്‍ ആദ്യം പങ്കുവച്ചത്‌. നേരത്തെ സൂചിപ്പിച്ച പശ്ചാത്തലം ഞാന്‍ അദ്ദേഹത്തോട്‌ വിവരിച്ചു. അത്‌ ശ്രദ്ധാപൂര്‍വ്വം കേട്ട ശേഷം അദ്ദേഹം ആവര്‍ത്തിച്ചു: " എന്നെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. എന്റെ നിലപാടുകള്‍ നിങ്ങളുടെ വായനക്കാര്‍ക്ക്‌ ദഹിച്ചെന്ന്‌ വരില്ല. അതുകൊണ്ട്‌ ആദ്യലക്കം തന്നെ വായനക്കാരെ മുഷിപ്പിക്കണ്ട എന്നുണ്ടെങ്കില്‍ എന്നെ ഒഴിവാക്കുന്നതാണ്‌ ഉചിതം " ഇല്ല,ഞാന്‍ വഴങ്ങിയില്ല . "സാറിന്റെ അഭിമുഖം അനിവാര്യവും അനുപേക്ഷണീീ‍യവുമാണ്‌ "ഞാന്‍ എന്റെ നിലപാടിലുറച്ചു നിന്നു എന്നാല്‍ ചോദ്യം ചെയ്യലാകാം എന്ന്‌ ചെറുചിരിയോടെ സാര്‍ അനുവാദം നല്‍കി. മുഖവുരയില്ലതെ,ശബ്ദം പതറാതെ,ആ കണ്ണുകളിലേയ്ക്കുറ്റു നോക്കി ഞാന്‍ ആദ്യചോദ്യമെയ്തു. Sir your appointment as the chairman of film development corporation is a political appointment.To me you are a square peg in the round hole.. ഒരു നിമിഷം അദ്ദേഹം നിശബ്ദനായി എന്റെ ചലനങ്ങളും ഭാവങ്ങളും വിലയിരുത്തി. പിന്നെ എന്റെ നേരെ കൈനീട്ടി. അദ്ദേഹം പറഞ്ഞു: "ആരും എന്നോട്‌ ഈ സത്യം പറഞ്ഞില്ല. നിയമനം ലഭിച്ചപ്പോള്‍ മുതല്‍ എന്റെയും ആശങ്ക ഇതു തന്നെയാണ്‌ . ശരിയാണ്‌ ഇന്നത്തെ സിനിമാ ലോകത്തിന്‌ അനുഗുണമല്ല ഞാനും എന്റെ ചിന്തയും." എനിക്ക്‌ തുള്ളിച്ചാടണമെന്ന്‌ തോന്നി, ആതിരേ... എന്റെ ആകാംക്ഷകളും സമ്മര്‍ദ്ദങ്ങളും അപ്പൂപ്പന്‍ താടിപോലെ പറന്നകന്നു. ഇനി മനസ്സില്‍ കരുതിയ ചോദ്യങ്ങളെല്ലാം ഒന്നൊന്നായി വെടിയുണ്ടപോലെ തന്നെ സാറിന്‌ നേരെ പായിക്കാമെന്ന ആത്മവിശ്വാസം എന്നില്‍ വര്‍ദ്ധിച്ചു. അങ്ങനെ ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാനായ പി.ഗോവിന്ദപിള്ള സാറിനെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ ഒന്നൊന്നായി ഞാന്‍ ഉന്നയിച്ചു.മറ്റാരാണെങ്കിലും കോപിഷ്ടനായി എന്നെ തല്ലിയിറക്കി വിടാവുന്ന സ്വഭാവത്തിലുള്ള ചോദ്യങ്ങള്‍ക്കും ശാന്തനായി,വസ്തുതകളുടെ അകമ്പടിയോടെ അദ്ദേഹം മറുപടി തന്നപ്പോള്‍ ചൂളിപ്പോയത്‌ ഞാനായിരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും അവ അര്‍ഹിക്കുന്ന ഗൗരവത്തോടെ സാറിന്റേതായ വിശകലനവും ചേര്‍ത്ത്‌ മറുപടി തന്നുകൊണ്ടിരുന്നു. അരമണിക്കൂറാണ്‌ ഞങ്ങള്‍ക്ക്‌ അനുവദിച്ചിരുന്നത്‌. പക്ഷെ അഭിമുഖം അവസാനിച്ചപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. അത്യപൂര്‍വമായ സുകൃതമായി ഇന്നും ഞാനാ നിമിഷങ്ങളെ തലോലിക്കുന്നു ചോദ്യങ്ങളുടെ മൂര്‍ച്ച കൂടിയ ഒരു ഘട്ടത്തില്‍ ഓഫ്‌ ദ റക്കോര്‍ഡായി മാത്രമേ ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ കഴിയൂ എന്ന്‌.അദ്ദേഹം പറഞ്ഞു അന്ന്‌ ഒരു മോണോ ടേപ്പ്‌ റിക്കാര്‍ഡില്‍ ഞാന്‍ അഭിമുഖം റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടായിരുന്നു. സാര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ ടേപ്പ്‌ റെക്കോര്‍ഡര്‍ ഓഫ്‌ ചെയ്തു. ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ കീഴിലുള്ള തീയറ്ററുകളായ വെള്ളാനകളെക്കുറിച്ചായിരുന്നു എന്റെ ചോദ്യം. അതിന്‌ ഉത്തരം നല്‍കാന്‍ ഒരു ഫയല്‍ തിരഞ്ഞ്‌ സാര്‍ സീറ്റില്‍ നിന്ന്‌ എഴുന്നേറ്റപ്പോള്‍ ഞാന്‍ ടേപ്പ്‌ റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു. തിരിച്ച്‌ സീറ്റില്‍ വന്നിരുന്ന്‌ സര്‍ക്കാര്‍ തീയറ്ററുകളുടെ നടത്തിപ്പിലെ ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും അവ ഖജനാവിനുണ്ടാക്കുന്ന നഷ്ടവുമൊക്കെ സാര്‍ വിശദമായി ,കണക്കുകള്‍ സഹിതം വിശദീകരിച്ച്‌ തന്നു. എനിക്ക്‌ ലഭിക്കേണ്ടത്‌ അവ തന്നെയായിരുന്നു. എന്റെ ഹൃദയം അഭിമാനം കൊണ്ട്‌ വിജൃംഭിതമായി. ആദ്യ ലക്കം ഒരു സ്കൂപ്പ്‌ സ്റ്റോറിയോട്‌ കൂടി പുറത്തിറക്കാന്‍ കഴിയുമെന്നതിന്റെ ത്രില്ലിലായിരുന്നു പിന്നീട്‌ ചോദ്യങ്ങളുന്നയിച്ചത്‌. സാറിന്റെ മുറിവിട്ടിറങ്ങുമ്പോള്‍ തന്നെ റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം മനത്തുമ്പില്‍,വിരല്‍ത്തുമ്പില്‍ ഇലവീശിത്തളിര്‍ത്തു. -"വെള്ളാനകളെ പോറ്റാന്‍ മനസ്സില്ല;വില്‍ക്കാനുണ്ട്‌ സര്‍ക്കാര്‍ തിയറ്ററുകള്‍-പി.ഗോവിന്ദപിള്ള" എന്ന ശീര്‍ഷകം ഞാന്‍ ഫോട്ടോ ഗ്രാഫര്‍ നസീറിനോട്‌ പറഞ്ഞപ്പോള്‍.ബോംബിടുമെന്ന്‌ (കലക്കുമെന്ന്‌ )നസീറിന്റെ പ്രോത്സാഹനം സാറ്‌ പങ്കുവച്ച കണക്കുകള്‍ സഹിതം ഞാന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി. അത്‌ കവര്‍ സ്റ്റോറിയായി ആലിപ്പഴത്തിന്റെ ആദ്യലക്കം പുറത്തിറങ്ങി. എന്റെ കൗതുകം അവിടെ അവസാനിച്ചില്ല. ഞാനും നസീറും വീണ്ടും തിരുവനന്തപുരത്തേക്ക്‌ തിരിച്ചു. കുതിച്ചു എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി. മുന്നറിയിപ്പൊന്നും കൂടാതെ സാറിന്റെ ഓഫീസില്‍ ചെന്നു. ആദ്യ പതിപ്പ്‌ സാറിന്‌ നല്‍കി അഭിപ്രായമറിയാന്‍ മനസ്സ്‌ കൂര്‍പ്പിച്ചു നിന്നു. അദ്ദേഹം റിപ്പോര്‍ട്ട്‌ സശ്രദ്ധം വായിച്ചു. ആകാംക്ഷയും സമ്മര്‍ദ്ദവും ഒരിക്കല്‍ കൂടി എന്നെ പിടിച്ചുലച്ചു. വിയര്‍പ്പിന്റെ നീര്‍ഝരികള്‍ രോമകൂപങ്ങളില്‍ നിന്നുണരാന്‍ തുടങ്ങി. ആറുപേജുണ്ടായിരുന്ന റിപ്പോര്‍ട്ട്‌ ഒരക്ഷരം വിടാതെ അദ്ദേഹം വായിച്ച്‌ തീര്‍ത്തശേഷം എന്റെ മുഖത്തേക്ക്‌ സകൂതം നോക്കി. ആതിരേ,ആദ്യ ചോദ്യം ഉന്നയിച്ചപ്പോള്‍ എന്നെ അളന്ന അതേ നോട്ടം. ഉള്ളില്‍ ഞാന്‍ ഭയം കൊണ്ടു. സര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി: "ടൈറ്റസ്‌ എന്നോട്‌ നീതികേട്‌ കാണിച്ചു. ഞാന്‍ ഓഫ്‌ ദ റെക്കോര്‍ഡ്‌ എന്ന്‌ പറഞ്ഞ കാര്യങ്ങളാണ്‌ നിങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. അത്‌ ധാര്‍മ്മികമായി ശരില്ല. പക്ഷേ, നിങ്ങളിലെ പത്രപ്രവര്‍ത്തകന്റെ കൗശലത്തെ ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പറഞ്ഞത്‌ പരമാര്‍ത്ഥമാണ്‌. ആരെങ്കിലും വാങ്ങാന്‍ വന്നാല്‍ വന്നാല്‍ ഈ തിയേറ്ററുകള്‍ ഞാന്‍ അവര്‍ക്ക്‌ കൊടുക്കും. നല്ല സിനിമകള്‍ സര്‍ക്കാര്‍ തിയറ്ററുകളിലൂടെ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ചാര്‍ജെടുത്ത്‌ കഴിഞ്ഞ്‌ ഈ നിലയ്ക്കുള്ള ഒരു ആലോചന ഞാന്‍ മുന്നോട്ട്‌ വച്ചപ്പോള്‍ എന്റെ സ്റ്റാഫിലുള്ളവരടക്കം അത്‌ പുച്ഛിച്ച്‌ തള്ളുകയായിരുന്നു. ഇവിടെ ആര്‍ക്കും ക്ലാസിക്കൊന്നും കാണണ്ട സാറേ. വല്ല എ പടം കണ്ട്‌ തൃപ്തിയടയാനാണ്‌ അവര്‍ക്കിഷ്ടം എന്നാണ്‌ എനിക്ക്‌ ലഭിച്ച മറുപടി. അതേ, ടൈറ്റസ്‌ പറഞ്ഞതാണ്‌ ശരി. ഐ ആം എ സ്ക്വയര്‍ പെഗ്‌ ഇന്‍ ദ റൗണ്ട്‌ ഹോള്‍ വിസാവിസ്‌ ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്‍. അഭിനന്ദനങ്ങള്‍..." അദ്ദേഹം സീറ്റില്‍ നിന്ന്‌ എഴുന്നേറ്റു. ഹസ്തദാനം ചെയ്തു. പിന്നെ തലയില്‍ കൈവച്ചനുഗ്രഹിച്ചു. "നന്നായി വരും. ഈ ധൈര്യവും എഴുത്തിലെ മൂര്‍ച്ചയും ഒരിക്കലും കൈമോശം വരരുത്‌."മൂലമന്ത്രമോതും പോലെ ഗോവിന്ദപ്പിള്ള സാറിന്റെ മനസ്സ്‌ നിറഞ്ഞ അനുഗ്രഹം ആതിരേ,എന്റെ കണ്ണ്‌ നിറയുന്നുണ്ടായിരുന്നു. മറുപടി തൊണ്ടയില്‍ കെട്ടി. നിറഞ്ഞ കണ്ണുകളോടെ നമ്രശിരസ്കനായി ഞാന്‍സാറിന്റെ മുറിവിട്ടിറങ്ങി. ******* 1994. എന്റെ മറ്റൊരു സുഹൃത്ത്‌ ഏറ്റെടുത്ത ദേശനാദം എന്ന ദ്വൈവാരികയുടെ പത്രാധിപരായി ചാര്‍ജേറ്റ ശേഷം കേരളത്തിലെ എല്ലാ സാഹിത്യകാരന്മാര്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ ലേഖനകര്‍ത്താക്കള്‍ക്കും ഇങ്ങനെയൊരു പ്രസിദ്ധീകരണം തുടങ്ങുന്നതിനെക്കുറിച്ചും സഹകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും ഞാന്‍ കത്തെഴുതിയിരുന്നു. അന്ന്‌ ഉപയോഗിച്ചത്‌ നേരത്തെ അച്ചടിച്ചു വച്ചിരുന്ന ലെറ്റര്‍ ഹെഡായിരുന്നു. അതില്‍ ദേശനാദം എന്ന്‌ ആംഗലേയത്തില്‍ അച്ചടിച്ചിരുന്നത്‌ DESANATHAM എന്നായിരുന്നു. കത്തുകിട്ടിയ ഒരാളും എനിക്ക്‌ മറുപടി തന്നില്ല. എന്നാല്‍, പി.ഗോവിന്ദപിള്ള സാറിന്റെ മഹാമനസ്കതയും ഗുരു കൃപയും ഒരിക്കല്‍ കൂടി എന്നെത്തേടിയെത്തി. ഒരു പോസ്റ്റു കാര്‍ഡില്‍ പച്ച മഷികൊണ്ട്‌ കുനുകുനയുള്ള ചെറിയ അക്ഷരങ്ങളില്‍ സാറിന്റെ മറുപടി : "പ്രസിദ്ധീകരണം തുടങ്ങുക. വിജയിപ്പിക്കുക. ഇപ്പോള്‍ നിങ്ങള്‍ക്കായി എഴുതാന്‍ ഒട്ടും സമയമില്ല. സാന്ദര്‍ഭികമായി നേരില്‍ കണ്ടാല്‍ ചിലതെല്ലാം പറഞ്ഞു തരാം. ദേശനാദം എന്നതിന്‌ ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ്‌ സ്പെല്ലിങ്ങ്‌ തെറ്റാണ്‌. DESANADAM എന്ന്‌ തിരുത്തണം ". ഒട്ടും പ്രശസ്തനല്ലാത്ത ഒരു പത്രപ്രവര്‍ത്തകന്റെ ആദ്യ സംരംഭങ്ങളോട്‌ പി.ഗോവിന്ദപിള്ള എന്ന മഹാമനിഷയുടെ കരുതലിന്റെയും സഹകരണത്തിന്റെയും രണ്ടുദാഹരണങ്ങളാണ്‌ ഞാന്‍ പങ്കുവച്ചത്‌.എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഗുരുകൃപയുടെ നേര്‍ചിത്രങ്ങള്‍ വിജ്ഞാനം മനുഷ്യനെ എത്രമാത്രം വിനയാന്വിതനാക്കുമെന്നതിന്റെ,വിദ്യ എത്രമാത്രം മനുഷ്യപ്പറ്റ്‌ വളര്‍ത്തുമെന്നതിന്റെ സനാതനമായ ദൃഷ്ടാന്തമായിരുന്നു പി.ഗോവിന്ദപിള്ള സാര്‍. ആതിരേ,എന്റെ അക്ഷരങ്ങള്‍ക്ക്‌ മൂര്‍ച്ചയും , ചിന്തകള്‍ക്ക്‌ കാര്‍ക്കശ്യവും നിലപാടുകളില്‍ അനുരഞ്ജനമില്ലായ്മയും നല്‍കി അനുഗ്രഹിച്ച മറ്റൊരു ഗുരുപ്രസാദത്തെയാണ്‌ കൃപയറ്റ കാലം കവര്‍ന്നെടുത്തിരിക്കുന്നത്‌. എന്റെ വലിയ നഷ്ടമാണ്‌ സാറിന്റെ വിയോഗം. പക്ഷേ, കരയാനോ തളരാനോ ഞാനില്ല. ഇനി ഇങ്ങനെയൊരു സന്മനസ്സിനെ, കന്മഷമില്ലത്ത കരുതലിനെ കണ്ടുകിട്ടില്ലല്ലോ എന്ന നൊമ്പരത്തോടെ , അമരത്വമാര്‍ന്ന ആ മഹിതസ്മരണയ്ക്ക്‌ മുന്നില്‍ നീരാജനമായി ഈ ഏകലവ്യന്‍... ...

Monday, November 26, 2012

ഈ അമ്പലം വിഴുങ്ങികള്‍ ശാസ്താവിനെ ആരൂഢത്തോടെ വിഴുങ്ങാത്തതാണ്‌ അതിശയം

കറുപ്പുടുത്ത്‌ വ്രതം നോറ്റ്‌ കല്ലുംമുള്ളും ചവുട്ടി കലിയുഗവരദനെ ദര്‍ശിക്കാനെത്തുന്ന അയ്യപ്പ ഭക്തന്മാരെയും ഈശ്വരനെ തന്നെയും വിഡ്ഢികളാക്കുന്ന മിടുക്കിന്റെ ക്രിമിനല്‍ സ്വഭാവമാണ്‌ ഓരോ വര്‍ഷവും ശബരിമലയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌. ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുന്ന മറ്റു ആരാധനാ കേന്ദ്രങ്ങള്‍ം, വിവിധ മതസ്ഥരുടേതായി ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം ഉണ്ട്‌. അവിടെയെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത അഴിമതിയും ക്രമക്കേടുകളും അവഗണനയും പുച്ഛവും അഹങ്കാരവുമൊക്കെയാണ്‌ ശബരിമലയില്‍ നിന്ന്‌ വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. വ്രതമെടുത്ത്‌ മല ചവിട്ടുന്നതുകൊണ്ടാണ്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതരുടെയും ശബരിമലയിലെ കരാര്‍ ജീവനക്കാരുടെയും അഹങ്കാരത്തോടും പ്രകോപനപരമായ നിലപാടുകളോടും പ്രതികരിക്കാന്‍ അയ്യപ്പന്മാര്‍ക്ക്‌ കഴിയാത്തത്‌. ഈ നിസ്സഹായവസ്ഥ മുതലെടുത്തുകൊണ്ടാണ്‌ ഈ വര്‍ഷവും അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടായുള്ള ദേവസ്വം ബോര്‍ഡ്‌ ദൈവത്തേയും ഭക്തരേയും കൊഞ്ഞാണന്മാരാക്കുന്നത്‌.
ആതിരേ,കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ്‌, അഴിമതിയുടെ കാര്യത്തില്‍, ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ലക്ഷക്കണക്കിന്‌ അയ്യപ്പന്മാരെ വഞ്ചിക്കുന്ന വിഷയത്തില്‍, മാറി മാറി വരുന്ന ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം. ശബരിമല എന്ന ചക്കരകുടത്തില്‍ കൈയ്യിട്ടു വാരാന്‍ വേണ്ടിയാണ്‌ ഓരോ ന്യായങ്ങള്‍ പറഞ്ഞ്‌ നായരും ഈഴവനും നമ്പൂതിരിയുമൊക്കെ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളാകുന്നതും ശബരിമലയുമായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളില്‍ കയറിപ്പറ്റുന്നതും. ആതിരേ,ഭക്തലക്ഷങ്ങള്‍ ഹരിഹരസുതന്‌ വഴിപാടായി അര്‍പ്പിക്കുന്ന തുക അടിച്ചു മാറ്റാനും അവര്‍ക്ക്‌ പ്രസാദമായി നല്‍കുന്ന അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരയും അരിയും മറ്റും വാങ്ങിക്കുന്നതു മുതല്‍ വെട്ടിപ്പു നടത്താനുമാണ്‌ ഇവരെല്ലാം ഈശ്വരവിശ്വാസത്തിന്റെ പേരുപറഞ്ഞ്‌ ദേവസ്വം ബോര്‍ഡില്‍ കയറിപ്പറ്റുന്നത്‌. കോടിക്കണക്കിന്‌ രൂപയാണ്‌ ഓരോ മണ്ഡല മകരവിളക്ക്‌ കാലത്തും സന്നിധാനത്തില്‍ വഴിപാടായും പ്രസാദത്തിനായും ഭക്തന്മാര്‍ നല്‍കുന്നത്‌. ഈ തുക ഉപയോഗിച്ച്‌ ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തന്മാര്‍ക്ക്‌ മാന്യമായി മലമൂത്ര വിസര്‍ജനം ചെയ്യാനുള്ള സംവിധാനം പോലും ഒരുക്കാതെ അയ്യപ്പനെയും അയ്യപ്പ ഭക്തന്മാരെയും ഉളുപ്പില്ലാതെ വഞ്ചിക്കാന്‍ ദേവപ്രശ്നം നടത്തുന്ന തസ്കരവീരന്മാരാണ്‌ ഓരോ വര്‍ഷവും ദേവസ്വം ബോര്‍ഡ്‌ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്‌. ആതിരേ,കാനനവാസനെ കുളിപ്പിച്ച്‌ കിടത്താന്‍ മിടുക്കുള്ള അമ്പലം വിഴുങ്ങികള്‍ ദേവസ്വം ബോര്‍ഡ്‌ ഭരിക്കുമ്പോള്‍ ഭക്തര്‍ക്ക്‌ പ്രസാദമായി നല്‍കുന്ന അപ്പവും അരവണയും വിഷലിപ്തമായില്ലെങ്കില്‍ അതിശയിച്ചാല്‍ മതി. എല്ലാവര്‍ഷവും അപ്പം, അരവണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട്‌ വിവാദവും സാമ്പത്തിക ക്രമക്കേടുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും അവ പരിഹരിക്കാനോ ഭക്തന്മാരെ വഞ്ചിക്കുന്ന ഇടപാട്‌ നിര്‍ത്തലാക്കാനോ ദേവസ്വം ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും കേരള സര്‍ക്കാരിനും ഒട്ടും താല്‍പര്യമില്ല. വെട്ടിപ്പാണ്‌ ഇവര്‍ക്ക്‌ ഇഷ്ടവിഷയം. അതിന്‌ പറ്റിയ ഇടമാണ്‌ ശബരിമലയും സന്നിധാനവും മാളികപ്പുറവും. ഐഹിക ജീവിതപാപങ്ങള്‍ പരിഹരിച്ച്‌ മോക്ഷം ലഭിക്കുന്നതിന്‌ കറുപ്പുടുത്ത്‌ വ്രതം നോറ്റ്‌ കല്ലുംമുള്ളും ചവുട്ടി കലിയുഗവരദനെ ദര്‍ശിക്കാനെത്തുന്ന അയ്യപ്പ ഭക്തന്മാരെയും ഈശ്വരനെ തന്നെയും വിഡ്ഢികളാക്കുന്ന മിടുക്കിന്റെ ക്രിമിനല്‍ സ്വഭാവമാണ്‌ ഓരോ വര്‍ഷവും ശബരിമലയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക്‌ പിന്നിലുള്ളത്‌. ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുന്ന മറ്റു ആരാധനാ കേന്ദ്രങ്ങള്‍ം, വിവിധ മതസ്ഥരുടേതായി ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം ഉണ്ട്‌. അവിടെയെങ്ങും കേട്ടുകേള്‍വി ഇല്ലാത്ത അഴിമതിയും ക്രമക്കേടുകളും അവഗണനയും പുച്ഛവും അഹങ്കാരവുമൊക്കെയാണ്‌ ശബരിമലയില്‍ നിന്ന്‌ വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. വ്രതമെടുത്ത്‌ മല ചവിട്ടുന്നതുകൊണ്ടാണ്‌ ദേവസ്വം ബോര്‍ഡ്‌ അധികൃതരുടെയും ശബരിമലയിലെ കരാര്‍ ജീവനക്കാരുടെയും അഹങ്കാരത്തോടും പ്രകോപനപരമായ നിലപാടുകളോടും പ്രതികരിക്കാന്‍ അയ്യപ്പന്മാര്‍ക്ക്‌ കഴിയാത്തത്‌. ഈ നിസ്സഹായവസ്ഥ മുതലെടുത്തുകൊണ്ടാണ്‌ ഈ വര്‍ഷവും അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടായുള്ള ദേവസ്വം ബോര്‍ഡ്‌ ദൈവത്തേയും ഭക്തരേയും കൊഞ്ഞാണന്മാരാക്കുന്നത്‌. പല്ലിയും പാറ്റയും പാറ്റക്കുഞ്ഞും ചത്തു വീണ അരവണയും വിഷപൂപ്പല്‍ ബാധിച്ച അപ്പവും ഇത്തവണയും ശബരിമലയില്‍ നിന്ന്‌ ഭക്തര്‍ക്ക്‌ പ്രസാദമായി ലഭിച്ചു എന്നു പറയുമ്പോള്‍, ആതിരേ, ഇവരുടെയൊക്കെ ജാഗ്രതയും ഉത്തരവാദിത്തവും ഈശ്വര ഭക്തിയുമൊക്കെ എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന്‌ തിരിച്ചറിയണം. സന്നിധാനത്തുനിന്ന്‌ വിതരണം ചെയ്യുന്ന അപ്പവും അരവണയും അടങ്ങുന്ന പ്രസാദം വിശുദ്ധമാണെന്ന്‌ കരുതിയാണ്‌ മണിക്കൂറുകളോളം ക്യൂ നിന്ന്‌ ഉന്തും തള്ളും സഹിച്ച്‌ അയ്യപ്പ ഭക്തന്മാര്‍ ഇവ വിലകൊടുത്ത്‌ വാങ്ങുന്നത്‌. അതില്‍ ഇഴ ജന്തുക്കളും ഷഡ്പദങ്ങളും ചത്തുകിടക്കുകയും വിഷപൂപ്പല്‍ ബാധിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും ചുരുങ്ങിയത്‌ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിനെയും മെമ്പര്‍മാരെയും അപ്പം, അരവണ നിര്‍മ്മാണത്തിന്‌ കരാര്‍ എടുത്തിട്ടുള്ളവരെയും അവ നിര്‍മ്മിക്കുന്ന കരാര്‍ തൊഴിലാളികളെയും തല്‍സ്ഥാനങ്ങളില്‍ നിന്ന്‌ പിരിച്ചുവിട്ട്‌ ക്രിമിനല്‍ കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്ത്‌ മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ്‌. അങ്ങനെയൊന്ന്‌ സംഭവിക്കുകയില്ല എന്ന്‌ ഉറപ്പുള്ളതുകൊണ്ട്‌ പൂര്‍വ്വാധികം ഭംഗിയായാണ്‌ മാറി മാറി വരുന്ന ദേവസ്വം ബോര്‍ഡും അനുബന്ധ ഉദ്യോഗസ്ഥരും കരാറുകാരും ഭക്തസഹസ്രങ്ങളേയും ശാസ്താവിനേയും വഞ്ചിച്ച്‌ മുടിച്ചുകൊണ്ടിരിക്കുന്നത്‌. എറണാകുളം ജില്ലയില്‍ പറവൂരിന്‌ സമീപം കൊട്ടുവള്ളിക്കാട്‌ നീലിമത്തറ വീട്ടില്‍ എന്‍.കെ.വിനോബയും സംഘവും ശബരിമലയില്‍ നിന്ന്‌ വാങ്ങിയ അരവണയിലാണ്‌ ഇത്തവണ ചത്ത പല്ലിയും പാറ്റയും പാറ്റക്കുഞ്ഞും ഉണ്ടായിരുന്നത്‌. ഡിസിസി മെമ്പര്‍ കൂടിയാണ്‌ വിനോബ. തന്റെ പാര്‍ട്ടിക്കാര്‍ കേരളവും ദേവസ്വം വകുപ്പും ഭരിച്ചിട്ടും ഇത്തരം തോന്ന്യാസങ്ങളാണ്‌ ശബരിമലയില്‍ നടക്കുന്നത്‌ എന്ന തിരിച്ചറിവ്‌ ഒരു കോണ്‍ഗ്രസുകാരനായും ഈശ്വരവിശ്വാസിയുമായി ജീവികുന്നതില്‍ വിനോബയെ നാണം കെടുത്തുന്നുണ്ടാകണം. ഇതുപോലെ വ്രതം നോറ്റ്‌ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച്‌ ദര്‍ശനം നടത്തിയശേഷം പണം നല്‍കി വാങ്ങുന്ന അപ്പവും അരവണയും അടങ്ങുന്ന പ്രസാദം വിഷലിപ്തമാണെന്ന്‌ അറിയുമ്പോള്‍ ഓരോ അയ്യപ്പ ഭക്തന്റെ മനസ്സിലും പ്രതിഷേധം തിളയ്ക്കുന്നുണ്ട്‌. മറവപ്പടയെ ഒറ്റയ്ക്ക്‌ ഉന്മൂലനം ചെയ്ത അയ്യപ്പന്‌ എന്തുകൊണ്ട്‌ വര്‍ഷങ്ങളായി ഭക്തജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ദേവസ്വം വേതാളങ്ങളെ ഉന്മൂലനം കഴിയുന്നില്ല അല്ലെങ്കില്‍ അതിന്‌ മനസ്സു വയ്ക്കുന്നില്ല എന്ന സന്ദേഹമാണ്‌, ആതിരേ, ഭക്തമനസ്സുകളില്‍ രോഷമായി പുകയുന്നത്‌. ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ കീഴ്പ്പള്ളിപ്പറമ്പ്‌ ജയനും സംഘവും വാങ്ങിയ ഉണ്ണിയപ്പത്തിലാണ്‌ പൂപ്പല്‍ കണ്ടെത്തിയത്‌. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ രണ്ടുലക്ഷത്തോളം അപ്പത്തിലാണ്‌ പൂപ്പല്‍ കാണപ്പെട്ടത്‌. കുട്ടികളില്‍ മരണകാരണവും മുതിര്‍ന്നവരില്‍ കരള്‍ രോഗം വയറിളക്കം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നതാണ്‌ അപ്പത്തില്‍ കണ്ടെത്തിയ പൂപ്പലെന്ന്‌ കോന്നി സിഎഫ്‌ആര്‍ഡി ലാബിലെ പരിശോധനയില്‍ വ്യക്തമായി. എന്നിട്ടും മുട്ടാപ്പോക്ക്‌ ന്യായങ്ങള്‍ പറഞ്ഞ്‌ പൂപ്പലിനെ ന്യായീകരിക്കാനും വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമങ്ങളെ ഭര്‍ത്സിക്കാനുമാണ്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ അടക്കമുള്ള മറവപ്പട ശ്രമിക്കുന്നത്‌. ഇത്രയൊക്കെ തെളിവുകള്‍ ലഭിച്ചിട്ടും ഈ അമ്പലം വിഴുങ്ങികള്‍ക്കെതിരെ നടപടി എടുക്കാന്‍ ദേവസ്വം മന്ത്രിക്കോ കേരള സര്‍ക്കാരിനോ നട്ടെല്ലില്ല എന്ന്‌ പറയുമ്പോള്‍ അവരെ അധികാരത്തിലേറ്റാന്‍ വോട്ടു ചെയ്ത ഹൈന്ദവ വിശ്വാസികളെ മുഴുവന്‍ അധിക്ഷേപിക്കുകയാണ്‌ വി.എസ്‌.ശിവകുമാറും ഉമ്മന്‍ചാണ്ടിയും. ദേവസ്വം ബോര്‍ഡില്‍ അംഗമാകണമെങ്കില്‍ ഈശ്വരവിശ്വാസമുള്ള ഹിന്ദുവാകണമെന്ന്‌ ഓര്‍ഡിനന്‍സ്‌ ഇറക്കിയവരാണ്‌ ഈശ്വരവിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന ഈ കൊള്ളരുതായ്മകള്‍ കാണാന്‍ കൂട്ടാക്കാത്തതും കള്ളത്തിരുമാലികള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നതും. പുലിപ്പുറത്തേറി ഒരിക്കല്‍ കൂടി അയ്യപ്പന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആസ്ഥാനത്തേയ്ക്കും ദേവസ്വം മന്ത്രിയുടെ ഓഫീസിലേയ്ക്കും ശബരിമലയിലേയ്ക്കും എത്തി ഈ മാടന്മാരെ ഉന്മൂലനം ചെയ്തില്ലെങ്കില്‍ അടുത്ത മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ ശബരിമലയിലെ അയ്യപ്പവിഗ്രഹം അതിന്റെ അരൂഢത്തോടെ ഇവര്‍ വിഴുങ്ങുമെന്ന കാര്യത്തില്‍, ആതിരേ, എനിക്ക്‌ സംശയമില്ല.