Friday, December 21, 2012

ബ്രഹ്മാവ്‌ മുതല്‍ മരട്‌ സുബ്രഹ്മണ്യന്‍ വരെ;പിതൃത്വത്തെ അശ്ലീലമാക്കിയ പിതാക്കന്മാര്‍

ബ്രഹ്മാവുമുതല്‍ ആരംഭിക്കുന്നു, സ്വന്തം മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രാക്ഷസപിതാക്കന്മാരുടെ ചരിത്രം. ലോകസൃഷ്ടിക്കായി പ്രജാപതികളെയും സന്ധ്യ എന്ന മകളെയും സൃഷ്ടിച്ച ശേഷം തന്റെ മനസ്സില്‍ നിന്ന്‌ കാമദേവനെയും ബ്രഹ്മാവ്‌ സൃഷ്ടിച്ചു. ക്രാമബാണം അയച്ച്‌ പജാപതികളെ സൃഷ്ട്യുന്മുഖരാക്കാന്‍ ബ്രഹ്മാവ്‌ കാമദേവനോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ പഞ്ചബാണന്‍ മലരമ്പുകളെയ്തു തുടങ്ങി. ബ്രഹ്മാവിലുമേറ്റു ചില പുഷ്പസായകങ്ങള്‍. അതേത്തുടര്‍ന്ന്‌ മകളോട്‌ അത്യധികമായ ആസക്തി തോന്നിയ ബ്രഹ്മാവ്‌ സന്ധ്യയെ പ്രാപിക്കാനണഞ്ഞു.പിതാവില്‍ നിന്ന്‌ രക്ഷപെടാന്‍ സന്ധ്യ നിരവധി വേഷങ്ങളെടുത്തതിന്റേയും അതിനൊപ്പം വേഷം മാറി ബ്രഹ്മാവ്‌ സന്ധ്യയ്ക്ക്‌ നിത്യഭീഷണിയായതിന്റേയും വിവരണങ്ങള്‍ കലികപുരാണത്തിലും രുദ്രസംഹിതയിലുമുണ്ട്‌. ഒടുവില്‍ പിതാവിന്റെ ആസക്തികളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ സന്ധ്യ ആത്മഹത്യ ചെയ്തു എന്നാണ്‌ പറയുന്നത്‌. ഇന്നത്തെ പെണ്‍കുട്ടികളുടെ അവസ്ഥയും മറ്റൊന്നല്ലല്ലോ. എന്തു കൊണ്ടാണ്‌ , ഈ കൗമാരരോദനങ്ങള്‍ ഈശ്വരന്റെ കാതില്‍ പതിക്കാതെ പോകുന്നത്‌..?
ആതിരേ,പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു പുരുഷന്മാര്‍ക്ക്‌ കാഴ്ചവയ്ക്കുകയും ചെയ്യുന്ന കാമവെറിയന്മാരായ പിതാക്കന്മാരുടെയും പെണ്‍മക്കളെ കാമുകന്മാര്‍ക്കും പണത്തിനും വേണ്ടി കൂട്ടിക്കൊടുക്കുന്ന പുംശ്ചലികളായ മാതാക്കളുടെയും വാര്‍ത്തയില്ലാതെ ഒരുദിവസം പോലും ,ദൈവത്തിന്റെ നാട്ടില്‍ പുലരുന്നില്ല...! ഈ ലോകത്തിന്റെ പോക്കെങ്ങോട്ടെന്ന്‌ അത്ഭുതപ്പെട്ട്‌ മൂക്കത്ത്‌ വിരല്‍ വച്ച്‌ , നടുങ്ങി നിന്നു പോകുന്ന കെട്ടകാലമാണിപ്പോള്‍ കേരളത്തില്‍. മാതാവിനെയും പിതാവിനെയും സംശയത്തോടെയല്ലാതെ പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ വീക്ഷിക്കാനാവാത്തത്ര തൃഷ്ണ നിറഞ്ഞ പരിസരങ്ങള്‍. മാതാവും പിതാവും കഴിഞ്ഞാല്‍ ദൈവത്തിന്റെ തൊട്ടടുത്ത സ്ഥാനമുള്ള ഗുരുഭൂതന്മാരും ഒട്ടും മോശക്കാരല്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ നശിപ്പിക്കുന്നതില്‍ പ്രത്യേക വിരുതാണ്‌ ഈ കുടില ജന്മങ്ങള്‍ക്ക്‌. ആതിരേ, ഏകപത്നീ-ഏകഭര്‍തൃ വ്രതത്തോടെയുള്ള ദാമ്പത്യം തുടങ്ങിയ കാലം മുതല്‍ ഇത്തരം വഷള ലൈംഗീക ചൂഷണങ്ങളും ആരംഭിച്ചു എന്നതിന്‌ നമ്മുടെ പുരാണങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും നിരവധി തെളിവുകള്‍ നിരത്തുന്നുണ്ട്‌. അന്നെല്ലാം സംഭവങ്ങള്‍ വളരെ ഗോപ്യമായി വച്ചിരുന്നതുകൊണ്ടോ അന്ന്‌ ഇത്രയധികം വാര്‍ത്താവിനിമയ- മാധ്യമ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടോ ആകാം കഥകള്‍ ഇങ്ങനെ നാട്ടിലാകെ പാട്ടാകാതിരുന്നത്‌.എന്നാലും ഇത്തരം സാമദ്രോഹികള്‍ക്ക്‌ അന്നും പഞ്ഞമുണ്ടായിരുന്നില്ല! ബ്രഹ്മാവുമുതല്‍ ആരംഭിക്കുന്നു, ആതിരേ, സ്വന്തം മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രാക്ഷസപിതാക്കന്മാരുടെ ചരിത്രം. ലോകസൃഷ്ടിക്കായി പ്രജാപതികളെയും സന്ധ്യ എന്ന മകളെയും സൃഷ്ടിച്ച ശേഷം തന്റെ മനസ്സില്‍ നിന്ന്‌ കാമദേവനെയും ബ്രഹ്മാവ്‌ സൃഷ്ടിച്ചു. ക്രാമബാണം അയച്ച്‌ പജാപതികളെ സൃഷ്ട്യുന്മുഖരാക്കാന്‍ ബ്രഹ്മാവ്‌ കാമദേവനോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ പഞ്ചബാണന്‍ മലരമ്പുകളെയ്തു തുടങ്ങി. ബ്രഹ്മാവിലുമേറ്റു ചില പുഷ്പസായകങ്ങള്‍. അതേത്തുടര്‍ന്ന്‌ മകളോട്‌ അത്യധികമായ ആസക്തി തോന്നിയ ബ്രഹ്മാവ്‌ സന്ധ്യയെ പ്രാപിക്കാനണഞ്ഞു.പിതാവില്‍ നിന്ന്‌ രക്ഷപെടാന്‍ സന്ധ്യ നിരവധി വേഷങ്ങളെടുത്തതിന്റേയും അതിനൊപ്പം വേഷം മാറി ബ്രഹ്മാവ്‌ സന്ധ്യയ്ക്ക്‌ നിത്യഭീഷണിയായതിന്റേയും വിവരണങ്ങള്‍ കലികപുരാണത്തിലും രുദ്രസംഹിതയിലുമുണ്ട്‌. ഒടുവില്‍ പിതാവിന്റെ ആസക്തികളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ സന്ധ്യ ആത്മഹത്യ ചെയ്തു എന്നാണ്‌ പറയുന്നത്‌. ഇന്നത്തെ പെണ്‍കുട്ടികളുടെ അവസ്ഥയും മറ്റൊന്നല്ലല്ലോ. പറഞ്ഞുവന്നത്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന നീചന്മാരുടെ വംശം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല എന്നാണ്‌. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ 2011-ല്‍ 423 പെണ്‍കുഞ്ഞുങ്ങളാണ്‌ ബലാത്സംഗത്തിന്‌ വിധേയരായത്‌. 47 കുട്ടികള്‍ കൊല്ലപ്പെട്ടു. 129 കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി. 2011-ല്‍ കുട്ടികള്‍ക്കെതിരെ ആകെ 1456 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി. 2012 സെപ്തംബര്‍ വരെ 286 പെണ്‍കുഞ്ഞുങ്ങളാണ്‌ ബലാത്സംഗത്തിന്‌ വിധേയരായത്‌. 2011-നും അതിനുശേഷവും 24 ശതമാനം വര്‍ദ്ധനവാണ്‌ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉണ്ടായിട്ടുള്ളത്‌. പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ആണ്‍കുഞ്ഞുങ്ങളും സുരക്ഷിതരല്ല. 40 ശതമാനം ആണ്‍കുട്ടികളും 39 ശമതാനം പെണ്‍കുട്ടികളും കൗമാരപ്രായത്തിന്‌ മുന്‍പ്‌ ലൈംഗികമായ പീഡനത്തിന്‌ വിധേയരാകുന്നു എന്നാണ്‌ ഏറ്റവും ഒടുവിലത്തെ കണക്ക്‌. 95 ശതമാനം ബാലപീഡനങ്ങളിലും പ്രതിസ്ഥാനത്ത്‌ വരുന്നത്‌ രക്ഷിതാക്കളും അധ്യാപകരും അടുത്ത ബന്ധുക്കളുമാണ്‌. പ്രായം കുറയും തോറും പെണ്‍കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്നതിന്റെ തോത്‌ വര്‍ദ്ധിക്കുന്നു എന്നതാണ്‌ സ്തോഭമുളവാക്കുന്ന വാസ്തവം. ചെയില്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരുടെ കണക്കുകള്‍ പ്രകാരം ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന 80 ശതമാനം കുട്ടികളും 15 വയസ്സില്‍ താഴെയുളളവരാണ്‌. അതായത്‌, മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും സ്നേഹവും കരുതലും ലഭിക്കേണ്ട പ്രായത്തിലാണ്‌ പെണ്‍കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളും വീട്ടിലും സ്കൂളിലും മറ്റുമായി ഇങ്ങനെ പിച്ചിചീന്തപ്പെടുന്നത്‌. ആതിരേ,ശിഥിലമായ ദാമ്പത്യവും മാതാപിതാക്കളുടെ ലഹരി ആസക്തിയും പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ആര്‍ത്തിയുമൊക്കെയാണ്‌ കൗമാരത്തിനു മുന്‍പ്‌ പെണ്‍കുഞ്ഞുങ്ങളെ കശക്കിയെറിയുന്ന സാമൂഹിക ഘടകങ്ങള്‍ . ഇവിടെ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വാസ്തവം ഉണ്ട്‌. ആണ്‍കുഞ്ഞുങ്ങളെ തങ്ങളുടെ ലൈംഗിക തൃഷ്ണകള്‍ക്ക്‌ ഇരയാക്കുന്ന മാതാക്കളുടെ എണ്ണവും അപായകരമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണത്‌.. ഇന്ന്‌ മനഃശാസ്ത്രകാരന്മാരുടെ ചികിത്സയ്ക്കെത്തുന്ന കൗമാരക്കാരായ ആണ്‍കുട്ടികളില്‍ 30 ശതമാനത്തിന്‌ ഇത്തരം പീഡനങ്ങളുടെ പൊള്ളലേറ്റിട്ടുണ്ട്‌. എങ്ങോട്ടാണ്‌ നമ്മുടെ കുടുംബജീവിത ഭദ്രത പരിണമിക്കുന്നത്‌? എവിടെയൊക്കെയാണ്‌ മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും വിശുദ്ധികള്‍ കളഞ്ഞു പോകുന്നത്‌? എന്തിനുവേണ്ടിയാണ്‌ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ കാമപിശാചുകള്‍ക്ക്‌ കാഴ്ചവയ്ക്കാന്‍ മാതാവും പിതാവും മത്സരിക്കുന്നത്‌? എവിടെ തൂകിപ്പോയി നമ്മിലെ സദാചാരബോധവും ധാര്‍മ്മിക ചിന്തകളും?... മുതിര്‍ന്നവരിലെ പ്രത്യേകിച്ച്‌ പുതുതലമുറയിലെ ദമ്പതിമാര്‍ക്കിടയിലെ ഈഗോ ക്ലാഷും അപഥസഞ്ചാരവും സൃഷ്ടിക്കുന്ന ദാമ്പത്യ തകര്‍ച്ചയാണ്‌ യഥാര്‍ത്ഥത്തില്‍ ആണ്‍കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും കൗമാരപ്രായത്തിന്‌ മുമ്പ്‌ കാമകോമരങ്ങളുടെ ഇരകളാക്കുന്നത്‌ . കേരളത്തില്‍ പ്രതിദിനം 70-ഓളം വിവാഹമോചനങ്ങളാണ്‌ നടക്കുന്നത്‌. പ്രതിവര്‍ഷം 40000വും! വിവാഹ മോചനം നേടുന്ന ദമ്പതികളുടെ ശരാശരി പ്രായം 30-35നും ഇടയിലാണ്‌. അതായത്‌ വിവാഹം കഴിഞ്ഞ്‌ അഞ്ച്‌ വര്‍ഷത്തിനും 10 വര്‍ഷത്തിനുമിടയില്‍ സാക്ഷര കേരളത്തിലെ ദമ്പതികള്‍ അടിച്ചു പിരിയുന്നു എന്നര്‍ത്ഥം. മുതിര്‍ന്നവരുടെ ഈ ദുശാഠ്യവും ഈഗോ ക്ലാഷും ലഹരി ആസക്തിയും അപഥ സഞ്ചാരവും മൂലം 40000 കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ നിത്യജീവിതവും മാനസികാവസ്ഥയും ഭാവിയുമാണ്‌ , ആതിരേ, പിച്ചിചീന്തപ്പെടുന്നത്‌. കഴിഞ്ഞദിവസം പുറത്തുവന്ന മരട്‌ പീഡനക്കേസിലെ കുട്ടിയുടെയും ദുരന്തത്തിന്‌ കാരണം മാതാപിതാക്കളുടെ അസാന്മാര്‍ഗ്ഗിക ജീവിതവും വേര്‍പിരിയലും പണത്തിനോടുള്ള ആര്‍ത്തിയുമായിരുന്നു. 300 രൂപയ്ക്ക്‌ വേണ്ടി ഒരമ്മ തന്റെ മകളെ ഒരു കാമാന്ധന്‌ കാഴ്ചവയ്ക്കാന്‍ തയ്യാറായി എന്ന്‌ പറയുമ്പോള്‍ നാമൊക്കെ വാഴ്ത്തിപ്പാടുന്ന മാതൃത്വത്തിന്റെ മഹത്വം എത്ര അശ്ലീലമാണ്‌!. ഹായ്്‌ ടെക്‌ വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ വഴിപിഴക്കലിന്‌ കാരണമാകുന്നുണ്ട്‌. മൊബെയില്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെ വിവേചനമില്ലാതെ ഉപയോഗിക്കാന്‍ മക്കളെ അനുവദിക്കുന്ന മാതാപിതാക്കള്‍ അവരെ നയിക്കുന്നത്‌ നരകനാശത്തിലേയ്ക്കാണെന്ന്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കാന്‍ ഇവിടെ നിയമമില്ല എന്നതാണ്‌ ക്ഷോഭജനകമായ യാഥാര്‍ത്ഥ്യം. കൂടി വന്നാല്‍ മൂന്നുമാസത്തെയോ ആറുമാസത്തെയോ തടവ്‌ ശിക്ഷ മാത്രമാണ്‌ ഈ കാമക്കുറ്റവാളികള്‍ക്ക്‌ ഇന്ത്യന്‍ ശിക്ഷാ നിയമം നല്‍കുന്നത്‌. ജാമ്യമില്ലാത്ത വകുപ്പോടെ വധശിക്ഷ തന്നെ ഇത്തരം സമൂഹവിരുദ്ധര്‍ക്ക്‌ നല്‍കണമെന്ന്‌ പറയുമ്പോള്‍ അത്‌ സാഡിസമല്ല മറിച്ച്‌, പിച്ചിച്ചീന്തപ്പെടുന്ന കൗമാരങ്ങളോടുള്ള കനിവാണെന്ന്‌ കരുതുക. . ഇത്തരം കേസുകള്‍ അട്ടിമറിച്ച്‌ അതിന്റെ പങ്ക്‌ പറ്റി പോക്കറ്റ്‌ വീര്‍പ്പിക്കുന്ന പോലീസുകാരും ഇത്തരം കുറ്റവാളികളെ രക്ഷിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന രാഷ്ട്രീയക്കാരുമാണ്‌ വര്‍ത്തമാനകാല കേരളത്തിലെ കൗമാരങ്ങളുടെ മറ്റൊരു അന്തക വര്‍ഗം. ഈ ദുരവസ്ഥയില്‍ നിന്ന്‌ ഒരു മാറ്റം ആഗ്രഹിക്കാനെങ്കിലും നമുക്കു കഴിയുമോ...? അതിന്‌ അനുഗുണമാകുമാറ്‌ നമ്മുടെ നാട്ടിലെ നീതിനിര്‍വ്വഹണവും ന്യായപാലനവും സത്യസന്ധവും സുതാര്യവും കര്‍ക്കശവുമാകുമോ?... എന്തു കൊണ്ടാണ്‌ ആതിരേ, ഈ കൗമാര രോദനങ്ങള്‍ ഈശ്വരന്റെ കാതില്‍ പതിക്കാതെ പോകുന്നത്‌..?

No comments: