Friday, December 28, 2012

കൂട്ടബലാത്സംഗം:അരുന്ധതി റോയ്‌ പറഞ്ഞതാണ്‌ ശരി

ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളും കൗമാര പ്രായക്കാരും യുവതികളും വീട്ടമ്മമാരും വൃദ്ധകളും ലൈംഗിക പീഡനത്തിന്‌ ഇരയാകുന്നതും കൊല്ലപ്പെടുന്നതും നിത്യസംഭവമാണ്‌.. ഇവരില്‍ ഭൂരിപക്ഷവും അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയില്‍ നിന്നുള്ളവരോ ആണ്‌. വാര്‍ത്താ മാധ്യമങ്ങളില്‍ ഇവയില്‍ ചില സംഭവങ്ങള്‍ ഇടംനേടുന്നുണ്ട്‌ എന്നതിലപ്പുറം സ്ത്രീപീഡകര്‍ക്കെതിരെ ജനകീയ പ്രക്ഷോഭമോ പൊതുസമൂഹത്തിന്റെ പ്രതിഷേധമോ ഉയരുന്നില്ല എന്നതാണ്‌ പച്ചയായ വാസ്തവം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സവര്‍ണ ധന വര്‍ഗ്ഗത്തിന്റെ വൈകൃതങ്ങള്‍ക്ക്‌ വിധേയരായി നാണം കെട്ട്‌ ജീവിക്കുന്ന അധസ്ഥിത വര്‍ഗ്ഗ സ്ത്രീകള്‍ പതിനായിരക്കണക്കിനുണ്ട്‌. ധനിക-സവര്‍ണ മുഠാളത്തത്തിന്റെ കുത്തഴിഞ്ഞ ലൈംഗിക തൃഷ്ണകള്‍ക്ക്‌ വിധേയരായി കൊല്ലപ്പെടുന്നവര്‍ ആയിരക്കണക്കിനാണ്‌. ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍ മാത്രം മതി ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എത്ര ക്രൂരവും ബീഭത്സവും വ്യാപകവുമാണെന്ന്‌ ബോധ്യപ്പെടാന്‍. അവിടങ്ങളിലൊരിടത്തും ഇത്തരത്തിലുള്ള സമുഹിക ഇടപെടല്‍ ഉണ്ടാകാതിരിക്കുമ്പോഴാണ്‌ ഡല്‍ഹി സംഭവത്തിന്റെ പേരിലുള്ള പ്രക്ഷോഭം പ്രത്യേക വിശകലനത്തിന്‌ വിധേയമാക്കേണ്ടി വരുന്നത്‌. ആ വിശകലനം നമ്മെ കൊണ്ട്‌ എത്തിക്കുക അരുന്ധതി റോയിയുടെ നിരീക്ഷണങ്ങളിലുമാണ്‌.
ആതിരേ,ഓടുന്ന ബസ്സില്‍ വച്ച്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം രാജ്യതലസ്ഥാനം കണ്ട ഏറ്റവും രോഷാകുലമായ യുവജന-വനിതാ പ്രക്ഷോഭത്തിന്‌ കാരണമായി.ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്‌ ഒന്നിച്ചു കൂടിയ പ്രക്ഷോഭകര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍,ബലാത്സംഗത്തിന്‌ വധശിക്ഷ വിധിക്കാന്‍ നിയം ഭേദഗതി ചെയ്യാമെന്ന്‌ സര്‍ക്കാരിന്‌ ഉറപ്പു കൊടുക്കേണ്ടി വന്നു.പൗരസമൂഹത്തിന്റെ പ്രതിഷേധത്തിന്‌ മുന്നില്‍ അധികാരത്തിന്റെ കൊത്തളങ്ങള്‍ ഇളകുമെന്ന്‌ തെളിയിച്ച, 2012-ലെ ഏറ്റവും നിര്‍ണ്ണായകമായ ജനകീയമുന്നേറ്റമാണ്‌ ഡല്‍ഹിയില്‍ കണ്ടത്‌.. ഒരു നേതാവിന്റെ ആഹ്വാനമോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വമോ ഇല്ലാതെ വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള പതിനായിരക്കണക്കിന്‌ പ്രക്ഷോഭകര്‍, ദിവസങ്ങളൊളം,രാപകലില്ലാതെ തലസ്ഥാന നഗരി സ്തംഭിപ്പിച്ചത്‌ ഡല്‍ഹിയിലെ സമരങ്ങളുടെ ചരിത്രത്തില്‍ ജനരോഷമേറെത്തിളച്ച പ്രതികരണമായിരുന്നു.. കൂട്ടബലാത്സംഗത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്‌ അയക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതും ജനരോഷം ഭയന്നായിരുന്നു . പീഡിപ്പിക്കപ്പെട്ട ഒരു യുവതിക്കുവേണ്ടി ഇന്ത്യന്‍ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ കലാപ കലുഷിതമാകുകയായിരുന്നു. അഭിമാനകരമായ നേട്ടവും സാമൂഹിക ബോധം ഉന്നിദ്രമായ ജനകീയ ഇടപെടലുമായിരുന്നു ഈ ഐക്യദാര്‍ഢ്യപ്രകടനമെന്ന്‌ സമ്മതിക്കുമ്പോഴും, ആതിരേ, ഇന്ത്യയിലെ മധ്യവര്‍ഗ- സാമൂഹിക- സാമ്പത്തിക വൈരുദ്ധ്യം ഈ പ്രക്ഷോഭങ്ങളില്‍ മുഴച്ച്‌ നിന്നത്‌ കാണാതെ പോയിക്കൂട. സ്ത്രീകളുടെ സംരക്ഷണ വിഷയം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന്‌ പറഞ്ഞൊഴിയുകയും മൂന്നുപെണ്‍മക്കളുടെ പിതാവാണ്‌ ഞാനെന്നും അതുകൊണ്ട്‌ ജനകീയ വികാരം എനിക്ക്‌ മനസ്സിലാകുമെന്നും എന്നാല്‍ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന സമരരീതി ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ തലയൂരിയതും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുള്ള മനക്കരുത്തില്ല എന്നു പറഞ്ഞ്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്‌ ദുര്‍ബലയായതും സമരത്തില്‍ പങ്കെടുത്ത വനിതകളെ അധിക്ഷേപിച്ച്‌ രാഷ്ട്രപതിയുടെ പുത്രന്‍ പ്രസ്താവനയുമായി രംഗത്തെത്തിയതുമെല്ലാം കൂട്ടിവായിക്കുമ്പോഴാണ്‌ ഈ സമരത്തിന്റെ പിന്നിലെ സാമൂഹിക മനഃശാസ്ത്രം വ്യക്തമാകുകയുള്ളൂ. ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ചര്‍ച്ചയില്‍ വിശ്രുത ഇന്ത്യന്‍ നോവലിസ്റ്റ്‌ അരുന്ധതി റോയി ചൂണ്ടിക്കാണിച്ച വാസ്തവം ഇവിടെ ഏറെ തെളിമ നേടുന്നുണ്ട്‌. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സവര്‍ണ ജാതിയില്‍പ്പെട്ടവളും പീഡകരായ യുവാക്കള്‍ അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരുമായതുകൊണ്ടാണ്‌ ഇത്രയും അധികം ജനരോഷം തലസ്ഥാന നഗരിയില്‍ സൃഷ്ടിക്കപ്പെട്ടതെന്നായിരുന്നു അരുന്ധതി റോയിയുടെ നിരീക്ഷണം. ആതിരേ, ഈ നിരീക്ഷണത്തിന്‌ ഗൗരവമേറിയ സാംഗത്യമുണ്ടെന്ന്‌ പറഞ്ഞേ തീരൂ. കാരണം ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളും കൗമാര പ്രായക്കാരും യുവതികളും വീട്ടമ്മമാരും വൃദ്ധകളും ലൈംഗിക പീഡനത്തിന്‌ ഇരയാകുന്നതും കൊല്ലപ്പെടുന്നതും നിത്യസംഭവമാണ്‌.. ഇവരില്‍ ഭൂരിപക്ഷവും അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയില്‍ നിന്നുള്ളവരോ ആണ്‌. വാര്‍ത്താ മാധ്യമങ്ങളില്‍ ഇവയില്‍ ചില സംഭവങ്ങള്‍ ഇടംനേടുന്നുണ്ട്‌ എന്നതിലപ്പുറം സ്ത്രീപീഡകര്‍ക്കെതിരെ ജനകീയ പ്രക്ഷോഭമോ പൊതുസമൂഹത്തിന്റെ പ്രതിഷേധമോ ഉയരുന്നില്ല എന്നതാണ്‌ പച്ചയായ വാസ്തവം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സവര്‍ണ ധന വര്‍ഗ്ഗത്തിന്റെ വൈകൃതങ്ങള്‍ക്ക്‌ വിധേയരായി നാണം കെട്ട്‌ ജീവിക്കുന്ന അധസ്ഥിത വര്‍ഗ്ഗ സ്ത്രീകള്‍ പതിനായിരക്കണക്കിനുണ്ട്‌. ധനിക-സവര്‍ണ മുഠാളത്തത്തിന്റെ കുത്തഴിഞ്ഞ ലൈംഗിക തൃഷ്ണകള്‍ക്ക്‌ വിധേയരായി കൊല്ലപ്പെടുന്നവര്‍ ആയിരക്കണക്കിനാണ്‌. ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍ മാത്രം മതി ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എത്ര ക്രൂരവും ബീഭത്സവും വ്യാപകവുമാണെന്ന്‌ ബോധ്യപ്പെടാന്‍. അവിടങ്ങളിലൊരിടത്തും ഇത്തരത്തിലുള്ള സമുഹിക ഇടപെടല്‍ ഉണ്ടാകാതിരിക്കുമ്പോഴാണ്‌ ഡല്‍ഹി സംഭവത്തിന്റെ പേരിലുള്ള പ്രക്ഷോഭം പ്രത്യേക വിശകലനത്തിന്‌ വിധേയമാക്കേണ്ടി വരുന്നത്‌. ആ വിശകലനം നമ്മെ കൊണ്ട്‌ എത്തിക്കുക അരുന്ധതി റോയിയുടെ നിരീക്ഷണങ്ങളിലുമാണ്‌. നിയമം കര്‍ശനമാക്കിയാല്‍ ഇത്തരം കുറ്റകൃത്യങ്ങല്‍ കുറയുമെന്ന മുറവിളിയില്‍ കാര്യമില്ലാതില്ല.എന്നാല്‍ നിയമങ്ങളുടെ അഭാവമല്ലല്ലൊ, ആതിരേ, ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. നിയമ വ്യവസ്ഥകളെയും നീതി പീഠങ്ങളെയും ക്രമസമാധാന പാലന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയല്ലേ കാശ്മീരിലും ജാര്‍ഖണ്ഡിലും മിസോറാമിലും മണിപ്പൂരിലുമൊക്കെ സൈന്യവും ഭരണകൂടവും ദുര്‍ബല വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ മാന്യതയും ചാരിത്ര്യവും കടിച്ചുകുടഞ്ഞുകൊണ്ടിരിക്കുന്നത്‌. കാശ്മീരില്‍ മാത്രം ആയിരക്കണക്കിന്‌ സ്ത്രീകളാണ്‌ ഇന്ത്യന്‍ സൈനികരുടെ കാമാന്ധതയില്‍ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്നത്‌. മണിപ്പൂരില്‍ രണ്ടുവര്‍ഷം മുന്‍പ്‌ സൈന്യം ഒരു ഗ്രാമത്തിലെ സ്ത്രീകളെ മുഴുവന്‍ മാനഭംഗപ്പെടുത്തിയത്‌ മറന്നു പോകുന്നതെന്തു കൊണ്ട്‌?അന്ന്‌ തങ്ങള്‍ക്കേറ്റ അപമാനം ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടേയും പൊതു സമൂഹത്തിന്റേയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അവിടുത്തെ സ്ത്രീകള്‍ക്ക്‌ മണിപ്പൂരിലെ സൈനീക ആസ്ഥാനത്തിനു മുന്നില്‍ പൂര്‍ണ നഗ്നരായി പ്രതിഷേധ പ്രകടനം നടത്തേണ്ടി വന്നു. പ്രത്യേക സുരക്ഷാ നിയമത്തിന്റെ മറപറ്റി സൈന്യം മണിപ്പൂരില്‍ നടത്തുന്ന ലൈംഗിക ചൂഷണം അടക്കമുള്ള അധിനിവേശത്തിനെതിരെ ഇറോം ശര്‍മ്മിള തുടരുന്ന നിരാഹാര സത്യഗ്രഹം ഒരു ദശകം പിന്നിട്ടു. ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളോ സാംസ്കാരിക സംഘടനകളോ സന്നദ്ധ പ്രവര്‍ത്തകരോ വനിതാ സംഘടനാ പ്രവര്‍ത്തകരോ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടില്ല എന്നോര്‍ക്കണം. ബലാത്സംഗത്തിനും മാനഭംഗത്തിനും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമ്പത്തിക മാനം ഉണ്ട്‌ എന്നതാണ്‌, ആതിരേ, ഇവിടെ ശ്രദ്ധിക്കേണ്ട ഘടകം. ഗുജറാത്ത്‌ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകളെ പിച്ചിച്ചീന്തുന്നതില്‍ മത്സരിക്കുകയാണ്‌ രാഷ്ട്രീയക്കാരും മത-ജാതി സംഘടനാ പ്രവര്‍ത്തകരും. ജാതീയ ഉന്മൂലനത്തിന്റെ മറവില്‍ ഗുജറാത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തൃശൂലം കൊണ്ട്‌ ഗര്‍ഭിണികളുടെ വയര്‍ കുത്തി പിളര്‍ന്ന്‌ ഭ്രൂണങ്ങളെ ശൂലമുനയില്‍ കോര്‍ത്തുയര്‍ത്തിയപ്പോള്‍ പോലും ഇത്തരത്തില്‍ ഒരു ജനകീയ മുന്നേറ്റമോ ഇടപെടലോ ഉണ്ടായില്ല എന്നത്‌ കാണാതെ പോയിക്കൂട. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്‌ ബലാത്സംഗ വീരന്മാരായ ഗുണ്ടകളെയാണ്‌. ഈ പ്രത്യേക പശ്ചാത്തലത്തില്‍ വേണം ഡല്‍ഹിയിലെ ജനകീയ മുന്നേറ്റത്തെ നോക്കി കാണേണ്ടതും അതിന്‌ പ്രേരകമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളെ വ്യവച്ഛേദിക്കേണ്ടതും. പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടി അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടതും പീഡിപ്പിച്ചവര്‍ സവര്‍ണ ജാതിക്കാരോ രാഷ്ട്രീയ മേലാളന്മാരോ ആയിരുന്നുവെങ്കില്‍ ഇത്തരത്തിലൊരു ജനകീയ പ്രക്ഷോഭം ഉണ്ടാകുമായിരുന്നില്ല,തീര്‍ച്ച. അതുകൊണ്ടാണ്‌, ആതിരേ, ഈ വിഷയത്തില്‍ അരുന്ധതി റോയിയുടെ നിരീക്ഷണമാണ്‌ യുക്തിസഹവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോട്‌ കൂടിയതെന്നും ഞാന്‍ പറയുന്നത്‌. ********** ഇതെഴുതി 12 മണിക്കൂര്‍ കഴിയും മുന്‍പ്‌ വിടന്മാരാല്‍ പിച്ചി ചീന്തപ്പെട്ട ഡല്‍ഹിയിലെ പെണ്‍കുട്ടി,എല്ലാ പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി നിത്യവിശ്രമത്തിലായി.ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നത്‌ കുമാരനാശാന്റെ വീണപൂവിലെ ചില വരികളാണ്‌.ഡല്‍ഹിയിലെ ആ ദുരിത നായികയ്ക്ക്‌വേണ്ടി അതിവിടെ സമര്‍പ്പിക്കട്ടേ: ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ ശ്രീ ഭൂവിലസ്ഥിരഅസംശയമിന്നു നിന്റെ യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍ പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ; ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍ ******** ഹാ! പാപമോമല്‍മലരേ ബത! നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍ വ്യാപാരമേ ഹനനമാം വനവേടനുണ്ടോ വ്യാപന്നമായ്‌ കഴുകനെന്നു, കപോതമെന്നും? ********** ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ? *********** കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോള്‍; എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു കണ്ണീരിനാല്‍, അവനി വാഴ്‌വു കിനാവു, കഷ്ടം

No comments: