Tuesday, January 1, 2013
ഡല്‍ഹി പെണ്‍കുട്ടിയില്‍ നിന്ന് സൂര്യനെല്ലി പെണ്‍കുട്ടിയിലേയ്ക്കുള്ള ദൂരം
ഇവിടെ ഡല്‍ഹി പെണ്‍കുട്ടിക്ക് മുഖാമുഖം നില്‍ക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയെ എത്രപേര്‍ കാണുന്നുണ്ട്? പീഡനം നടന്നിട്ട് 17 വര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലി പെണ്‍കുട്ടിക്കോ (ഇന്ന് 31 വയസ്സുള്ള യുവതി) സഹോദരിക്കോ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ക്കോ നീതി ലഭിച്ചില്ലെന്നു മാത്രമല്ല അവര്‍ നിരന്തരം സംഘടിതമായി വേട്ടയാടപ്പെടുകയുമാണ്.
പീഡനത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ആ കുട്ടിയും അധികാരികളാല്‍ വീണ്ടും അപമാനിതയാകുമായിരുന്നു എന്നാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വിലയിരുത്തല്‍. കരള്‍ കടയുന്ന ദുരന്താനുഭവങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവരെ കൊണ്ടെത്തിച്ചത്. അസാധാരണവും പ്രാണന്‍ പിളര്‍ത്തുന്നതുമായ ദുരനുഭവങ്ങളാണ് ഈ കുട്ടിയേയും മാതാപിതാക്കളേയും ,കഴിഞ്ഞ 17 വര്‍ഷമായി, വേട്ടയാടിക്കൊണ്ടിരിക്കുന്നത്.
ആതിരേ,ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജ്യോതിയുടെ അനുഭവവും ജ്യോതിയോട് അനുഭാവം പ്രകടിപ്പിച്ച് രാജ്യതലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളും പ്രതിരോധത്തിന്റെ അഗ്നിക്കോട്ടകള്‍ തീര്‍ക്കുമ്പോഴും സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക കടന്നാക്രമണത്തിന് ശമനമില്ല. ഉത്തര്‍പ്രദേശിലും കൊല്‍ക്കത്തയിലും ഡല്‍ഹിയില്‍ തന്നെ ബസിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അതിക്രമങ്ങള്‍ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ സ്ത്രീയുടെ സുരക്ഷിതത്വം എന്നത് പീഡകരുടെ മേച്ചില്‍പ്പുറം എന്നാണ്.ഡല്‍ഹിയിലെ വീട്ടമ്മമാര്‍ കൈത്തോക്കിലും വിദ്യാര്‍ത്ഥിനികള്‍ മുളകു പോടി സ്പ്രേയിലും അഭയം പ്രാപിക്കുമ്പോള്‍ ,സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്ക് സ്ത്രീസമൂഹം പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല എന്നാണവസ്ഥ!.
ദിവസം കഴിയുന്തോറും ലൈംഗികമായ ആക്രാന്തം തീര്‍ക്കാനുള്ള ഉപായമായി മാത്രം പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരും പരിണമിക്കുന്നതിന്റെ സ്തോഭജനകമായ വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് ബലാത്സംഗത്തിന് ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വിധിക്കാനുള്ള ബില്‍ പാസാക്കാനുള്ള ശ്രമം നടക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ നിയമം കൊണ്ട് നിരോധിക്കാം എന്ന ഭരണകര്‍ത്താക്കളുടെ പ്രതീക്ഷയോട് സാമൂഹികശാസ്ത്രകാരന്മാരും മനശാസ്ത്രകാരന്മാരും യോജിക്കുന്നില്ല. അതെന്തുമാകട്ടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്ന ധാരണ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചെറിയ കാര്യമല്ല തന്നെ
ആതിരേ, ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന ധാരണയാണ് പ്രധാനമന്ത്രി മുതലുള്ള നേതാക്കള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ അരുന്ധതി റോയി ചൂണ്ടിക്കാണിച്ച സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിമ നേടുകയാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ ഉന്നതന്മാരോ ഉന്നതകുല ജാതരോ ആയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധവും നിയമനിര്‍മ്മാണ താല്‍പര്യവും സൃഷ്ടിക്കപ്പെടുമായിരുന്നോ ? സന്ദേഹം അവസാനിക്കുന്നില്ല!
പറഞ്ഞു തുടങ്ങിയത് അതൊന്നുമല്ല, ആതിരേ,.ഇവിടെ ഡല്‍ഹി പെണ്‍കുട്ടിക്ക് മുഖാമുഖം നില്‍ക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയെ എത്രപേര്‍ കാണുന്നുണ്ട്? പീഡനം നടന്നിട്ട് 17 വര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലി പെണ്‍കുട്ടിക്കോ (ഇന്ന് 31 വയസ്സുള്ള യുവതി) സഹോദരിക്കോ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ക്കോ നീതി ലഭിച്ചില്ലെന്നു മാത്രമല്ല അവര്‍ നിരന്തരം സംഘടിതമായി വേട്ടയാടപ്പെടുകയുമാണ്.
പീഡനത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ആ കുട്ടിയും അധികാരികളാല്‍ വീണ്ടും അപമാനിതയാകുമായിരുന്നു എന്നാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വിലയിരുത്തല്‍. കരള്‍ കടയുന്ന ദുരന്താനുഭവങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവരെ കൊണ്ടെത്തിച്ചത്. അസാധാരണവും പ്രാണന്‍ പിളര്‍ത്തുന്നതുമായ ദുരനുഭവങ്ങളാണ് ഈ കുട്ടിയേയും മാതാപിതാക്കളേയും ,കഴിഞ്ഞ 17 വര്‍ഷമായി, വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഒരു കോണില്‍ നിന്നും ഇവര്‍ക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, കള്ളക്കേസും മാനസിക പീഡനവുമായി അവരെ ജീവച്ഛവങ്ങളാക്കി ഒതുക്കി ഒറ്റപ്പെടുത്തിയിരിക്കുകയാണ്. നീതിക്കായി ഒപ്പം നിന്നു പോരാടുമെന്ന് പ്രഖ്യാപിച്ച ചില വനിതാ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വന്തം കാര്യം തേടിപ്പോയപ്പോള്‍ ഈ നാലംഗകുടുംബം അധികാരികളുടെയും പീഡകരുടെയും സമ്മര്‍ദ്ദങ്ങളിലും ഭീഷണികളിലും ചതഞ്ഞരഞ്ഞ് ജീവിക്കുകയാണ്
പീഡനം അതി നീചമായി ഇപ്പോഴും തുടരുകയാണ്,ആതിരേ... രണ്ടുവര്‍ഷം മുന്‍പാണ് ഓഫീസിലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്. അന്ന് പൊതുജനങ്ങളുടെ മുന്‍പാകെ വീണ്ടും പെണ്‍കുട്ടിയെ ഹീനമായി അധിക്ഷേപിച്ചു. നടുറോഡില്‍ വച്ച് ഭീകരവാദികളെ കസ്റ്റഡിയില്‍ എടുക്കുന്ന രീതിയിലാണ് അറസ്റ്റ് ചെയ്തത്. ഏഴുദിവസം ജയിലിലടച്ച് നാണം കെടുത്തി. ഇതിനിടെ രണ്ടുപ്രാവശ്യം ജാമ്യം നിഷേധിച്ച് ആത്മാഭിമാനം മുറിപ്പെടുത്തി. ഒന്‍പതുമാസം ജോലിയില്ലാതെ പുറത്തു നിര്‍ത്തി.പിന്നീടാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. അതും മാധ്യമങ്ങളും ഇടത്പക്ഷ മഹിളാ പ്രസ്ഥാനവും ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടു മാത്രം. തിരികെ ജോലിയില്‍ കയറിയിട്ട് അധികനാളായില്ല. അടുത്ത കള്ളക്കേസ് എന്നാണ് കുത്തിപ്പൊക്കുന്നത് എന്ന ഭയത്തിലാണ് ഈ പെണ്‍കുട്ടിയും കുടുംബവും കഴിയുന്നത്.
സൂര്യനെല്ലി പീഡനക്കേസ് മറന്നുപോയവര്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ പറയട്ടെ. 17 വര്‍ഷം മുന്‍പ് ഇടുക്കി ജില്ലയിലെ സൂര്യനെല്ലി എന്ന കുടിയേറ്റ ഗ്രാമത്തില്‍ നിന്ന് ഒരു 15 വയസ്സുകാരി പെണ്‍കുട്ടിയെ ഒരു മാസത്തിലേറെ കാണാതായി. ഒടുവില്‍ ഒരു ദിവസം അവള്‍ മടങ്ങി വന്നു. ശരീരത്തിലും മനസ്സിനുമേറ്റ മുറിവുകളില്‍ നിന്ന് അപ്പോള്‍ രക്തം കിനിയുന്നുണ്ടായിരുന്നു. അത് ആ പെണ്‍കുട്ടിക്കും രണ്ടുവയസ്സിന് മൂത്ത സഹോദരിക്കും മാതാപിതാക്കള്‍ക്കും തീരാദുരന്തത്തുടക്കമായിരുന്നു. കടുത്ത മാനസിക സംഘര്‍ഷങ്ങളുടെയും വടുക്കള്‍ നിറച്ച ശാരീരിക യാതനകളുടെയും സംവത്സരാരംഭം.
40-ലേറെ ദിവസം 40-ലേറെ പേരുടെ ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും അന്നു മുതല്‍ വെട്ടപ്പട്ടികള്‍ക്ക് നടുവിലാണ്. ചില രാഷ്ട്രീയ പാര്‍ട്ടിക്കാരും അഭിഭാഷകരും പോലീസും കോടതിയുമെല്ലാം ഇവരെ ഇപ്പോഴും കടിച്ചു കീറിക്കുടയുകയാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് മാതാപിതാക്കള്‍ നിയമയുദ്ധത്തിനൊരുങ്ങിയത്. അതോടെ പ്രതിസന്ധികളും മൂര്‍ച്ഛിച്ചു. നിരന്തരം ഭീഷണികള്‍, വെല്ലുവിളികള്‍... . ബന്ധുക്കളില്‍ നിന്നും സ്വന്തക്കാരില്‍ നിന്നും നിന്ദിതരായി ഒറ്റപ്പെട്ടു. സൂര്യനെല്ലിയുടെ പേര് നശിപ്പിച്ചവര്‍ എന്നു പ്‌രാകി. ഗ്രാമീണര്‍ വീണ്ടും ശാപവചനങ്ങളും അപവാദപ്രചാരണങ്ങളും ആരംഭിച്ചപ്പോള്‍ വീടും സ്ഥലവും കിട്ടിയ വിലയ്ക്ക് വിറ്റൊഴിഞ്ഞ് കോട്ടയം ജില്ലയില്‍ ഒരിടത്ത് താമസമാക്കി. എന്നിട്ടും അവരെ വെറുതെ വിടുന്നില്ല അപവാദപ്രചാരകര്‍.
പെണ്‍കുട്ടിയെ വൈകൃതങ്ങളാല്‍ കടിച്ചു കുടഞ്ഞ 40 കാമാധന്മാര്‍ക്കും കോട്ടയത്തെ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും 2005-ല്‍ കേരള ഹൈക്കോടതി അവരെ വെറുതെ വിട്ടു. നീതി തേടി സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ആ കുടുംബത്തിന് മുന്നില്‍ ഉണ്ടായിരുന്നില്ല. അത്രയെങ്കിലും പ്രതിരോധം സ്വീകരിച്ചില്ലെങ്കില്‍ സമ്പന്നരും രാഷ്ട്രീയ-മത-സ്വാധീനവുമുള്ള വേട്ടക്കാര്‍ ഇവരെ ഞെരിച്ചുകൊല്ലും എന്നതായിരുന്നു അവസ്ഥ. ഇപ്പോഴും ആ ദുരവസ്തയ്ക്ക് മാറ്റമിള്ള.. സുപ്രീംകോടതിയില്‍ കേസ് വിചാരണയ്ക്ക് എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു കള്ളക്കേസില്‍ കുടുക്കി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യിച്ചത്.
ഇടതുപക്ഷ സര്‍ക്കാരാണ് പെണ്‍കുട്ടിക്ക് വാണിജ്യ നികുതി ഓഫീസില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി നല്‍കിയത്. എന്നാല്‍, തിന്മയുടെ ശക്തികള്‍ അവിടെയും ആ നിസ്സഹായയെ വെറുതെ വിട്ടില്ല. സിസ്റ്റര്‍ അഭയ കൊല്ലപ്പെടുമ്പോള്‍ 11 വയസ്സായിരുന്നു പെണ്‍കുട്ടിക്ക് പ്രായം. എന്നിട്ടും സിസ്റ്റര്‍ അഭയയുടെ കൊലയാളികളുമായി ബന്ധമുണ്ട് എന്നാരോപിച്ച് പോലീസും മാധ്യമങ്ങളും ഈ കുടുംബത്തെ ഇഞ്ചഞ്ചായി പിച്ചിച്ചീന്തിയതും മറക്കാറായിട്ടില്ല.
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതിക്കുവേണ്ടി ഉയരുന്ന രോഷവും ജ്വലിക്കുന്ന പ്രതിഷേധവുമെല്ലാം ബാഷ്പീകൃതമാകുകയാണ് സൂര്യനെല്ലിയിലെ രഞ്ജിതയുടെ തുല്യം ചൊല്ലാനില്ലാത്ത നോവുകള്‍ക്ക് മുന്നില്‍ ! ഇനിയും നീതി ലഭിക്കാത്ത ഈ പെണ്‍കുട്ടിയെപ്പോലെ വലിച്ചുകീറപ്പെട്ട എത്രയോ പെണ്‍ജന്മങ്ങള്‍ സാന്ത്വനത്തിനായി അലയുമ്പോഴാണ് ഒരു കോസ്മെറ്റിക് ട്രീറ്റ്മെന്റായി ബലാത്സംഗത്തിന് ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസും കേന്ദ്രഭരണകൂടവും ശ്രമിക്കുന്നത്. ജ്യോതിക്കുമാത്രം നീതി ലഭിച്ചാല്‍ പോരാ എന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ടാണ് നഗര സമൂഹം ഇത്തരം സമസ്യകളെ സമീപിക്കുന്നതെന്നതാണ്,അതിരേ, വേട്ടക്കാരന്റെ ക്രൗര്യം ആവാഹിക്കുന്ന മറ്റൊരു വാസ്തവം.
Subscribe to:
Post Comments (Atom)
No comments:
Post a Comment