Friday, January 11, 2013
നായ്ക്കുരണപ്പൊടി വിതറുന്ന അധ്യാപകരെ തെരണ്ടി വാലിനടിക്കണം
മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകള്‍ ആരംഭിക്കും. ജനുവരി മുതല്‍ രാപകല്യനെ റിവിഷനും മോഡല്‍ പരീക്ഷകളും നടത്തിയാണ് ഉത്തരവാദിത്തമുള്ള അധ്യാപകര്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് സ്പെഷല്‍ ടൂഷ്യന്‍ നല്‍കുന്ന നിരവധി അധ്യാപകരുണ്ട്. ഫീസ് വാങ്ങാതെ സമയം നോക്കാതെ വിദ്യാര്‍ത്ഥികളുടെ നന്മ മാത്രം കാംക്ഷിച്ച് ഗുരുദൗത്യം നിറവേറ്റുന്ന ഇവര്‍ക്കുനേരെയാണ് സമരാനുകൂലികള്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്.
ആതിരേ,മാതാവിനും പിതാവിനും ദൈവത്തിനും ഒപ്പമാണ് ഗുരുവിന്റെ സ്ഥാനം എന്ന് കുഞ്ഞുങ്ങളെ പറഞ്ഞ് പഠിപ്പിച്ചിരുന്ന സുഭാഷിതത്തിന് കെട്ടകാലത്തിന്റെ പാഠഭേദം ചമച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ അദ്ധ്യാപകര്‍.അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധവിശുദ്ധിയെ വൈകൃത തൃഷ്ണയുടെ ഉഷ്ണമേഖലകളില്‍ ബലാത്സംഗം ചെയ്യുന്ന ദുഷ്ടതയുടെ വാര്‍ത്തയില്ലാതെ നേരം പുലരാറില്ല, കേരളത്തിലിപ്പോള്‍. അക്ഷരം പഠിച്ച് മനസ്സ് തെളിയാന്‍ കുഞ്ഞുങ്ങളെ ഇനി എങ്ങനെ സ്കൂളില്‍ അയക്കും എന്ന വിഭ്രാന്തിയിലും വിഹ്വലതയിലുമാണ് രക്ഷാകര്‍ത്താക്കള്‍.അവരുടെ ആശങ്കള്‍ക്ക് മീതെ; അക്ഷര വെളിച്ചം തേടിയെത്തിയ കുരുന്നു വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ നായ്ക്കുരണപ്പൊടിയെറിഞ്ഞ് അട്ടഹസിക്കുകയാണ് സംഘടിത അദ്ധ്യാപക തെമ്മാടിത്തം.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ ആരംഭിച്ചിട്ടുള്ള സമരത്തില്‍ ,ആതിരേ, കറതീര്‍ന്ന ക്രിമിനലിസത്തിന്റെ പര്യായങ്ങളാകുകയാണ് അദ്ധ്യാപകര്‍. സമരം നാലു ദിവസം പിന്നിട്ടപ്പോള്‍ ഏറ്റവും അധികം ക്ഷതം ഏറ്റിട്ടുള്ളത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. അകക്കണ്ണ് തുറപ്പിക്കാന്‍ ബാല്യത്തില്‍ എത്തേണ്ട ഗുരുഭൂതന്മാര്‍ സ്കൂള്‍ പൂട്ടിയിട്ട് കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശവും അവസരവും നിഷേധിച്ച് സമരമുഖത്ത് അര്‍മാദിക്കുകയാണ്
പേരൂര്‍ക്കട അമ്പലമുക്ക് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു അധ്യാപികയെയാണ് പണിമുടക്ക് ഭൂതം ഗ്രസിച്ചത്.ആ രാക്ഷസി മതിയായിരുന്നു ഒരു സ്കൂളിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ നിഷേധിക്കാന്‍ ശൗര്യം കാട്ടിയ അവരും ഒരു അമ്മയാണ്.അവരെ ജാമ്യത്തിലിറക്കിയവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും തയ്യാറായവര്‍ക്ക് നേരെയുള്ള പുലയാട്ടലായിരുന്നു.
എട്ടാം തിയതി ആരംഭിച്ച സമരം വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ നിഷേധിക്കുക, അവരെ നായ്ക്കുരണപ്പൊടിയില്‍ അഭിഷേകം ചെയ്യുക തുടങ്ങിയ പാതകങ്ങള്‍ ചെയ്യാന്‍ ഉളുപ്പില്ലാത്ത ഈ അദ്ധ്യാപകരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ സാംശീകരിക്കുന്ന മൂല്യബോധം എന്തായിരിക്കും? ബുധനാഴ്ച പാലക്കാട് മോയന്‍സ് എല്‍പി സ്കൂളിലെ നായ്ക്കുരുണപ്പൊടി പ്രയോഗം നടത്തിയതില്‍ 11 പിഞ്ചു കുഞ്ഞുങ്ങളാണ് ചൊറിച്ചില്‍ സഹിക്കാനാവാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച കുറ്റൂര്‍ ചന്ദ്രമെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമരാനുകൂലികള്‍ വിതറിയ നായ്ക്കുരുണപ്പൊടി എട്ടാം ക്ലാസിലെ 20 വിദ്യാര്‍ത്ഥികളെയാണ് ദുരിതത്തിലാഴ്ത്തിയത്..
അന്യായമായ ആവശ്യമുന്നയിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതെന്ന് ഈ പംക്തിയില്‍ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. 2013-ല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പദ്ധതിയുടെ പേരിലാണ് കുഞ്ഞുങ്ങള്‍ക്ക് വിദ്യ നിഷേധിക്കുന്നതും അവരെ നായ്ക്കുരുണപ്പൊടി എറിഞ്ഞ് പീഡിപ്പിക്കുന്നതും.
തീരുന്നില്ല, ആതിരേ, അധ്യാപക സംഘടനാദ്രോഹങ്ങള്‍. സിപിഎം നേതൃത്വത്തിലുള്ള കെഎസ്ടി എന്ന അധ്യാപക സംഘടന എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഇന്നലെ പഠിപ്പ് മുടക്കിന് ഇറക്കിയാണ് സമരത്തിന്റെ വീറുകൂട്ടിയത്. എസ്‌എഫ്‌ഐവിദ്യാര്‍ത്ഥികളും സമരാനുകൂലികളായ അദ്ധ്യാപകര്‍റ്റും കൈകോര്‍ത്താണ് ഇന്നലെ വിദ്യാലയങ്ങളില്‍ പ്രശ്നം സൃഷ്ടിച്ചത്.. തിങ്കളാഴ്ച, മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോത്സവം തുടങ്ങുകയാണ്. അധ്യാപകസമരം കലോത്സവത്തിന്റെ നടത്തിപ്പിന് ഭീഷണിയാണ്. കലോത്സവ മത്സരങ്ങളില്‍ പലതിലും അനാശാസ്യപ്രവണതകള്‍ കടന്നു കൂട്ടിയിട്ടുണ്ടെങ്കിലും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി കലാമേളയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികാസത്തിന് തണലാകേണ്ട അധ്യാപകരാണ് സമരത്തിലൂടെ ഇത്തവണത്തെ കലോത്സവം അലങ്കോലപ്പെടുത്തുന്നത്. തിങ്കളാഴ്ച എസ്‌എഫ്‌ഐക്കാര്‍ സമരത്തിനിറങ്ങിയാല്‍ കലോത്സവം കലക്കി എന്ന പഴി അവര്‍ക്കും കെഎസ്ടിക്കാര്‍ക്കും വീഴുമെന്ന് തിരിച്ചറിഞ്ഞാണ് വെള്ളിയാഴ്ച തന്നെ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചൂടുചോറ് വാരിച്ചത്.
മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകള്‍ ആരംഭിക്കും. ജനുവരി മുതല്‍ രാപകല്യനെ റിവിഷനും മോഡല്‍ പരീക്ഷകളും നടത്തിയാണ് ഉത്തരവാദിത്തമുള്ള അധ്യാപകര്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് സ്പെഷല്‍ ടൂഷ്യന്‍ നല്‍കുന്ന നിരവധി അധ്യാപകരുണ്ട്. ഫീസ് വാങ്ങാതെ സമയം നോക്കാതെ വിദ്യാര്‍ത്ഥികളുടെ നന്മ മാത്രം കാംക്ഷിച്ച് ഗുരുദൗത്യം നിറവേറ്റുന്ന ഇവര്‍ക്കുനേരെയാണ് സമരാനുകൂലികള്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്.
പൊതുജനവും മാധ്യമങ്ങളും തിരസ്കരിച്ച ഒരു സമരം ശ്രദ്ധേയമാക്കാന്‍ സമരക്കാരും അദ്ധ്യാപകരും സ്വീകരിക്കുന്ന ,തുല്യം പറായാനില്ലാത്ത ക്രിമിനല്‍ താന്തോന്നിത്തത്തിനെതിരെ നടപടി സ്വീകരിക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ് സര്‍ക്കാരും പോലീസും,രക്ഷകര്‍ത്താക്കളും രക്ഷകര്‍തൃ സംഘടനകളും.!
ആതിരേ,ശൂദ്രന്‍ വേദം കേള്‍ക്കുന്നതുപോലും തടയാന്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന് നിഷ്കര്‍ഷിച്ച മനുവിന്റെ പിന്‍മുറക്കാരാണോ കേരളത്തിലെ അദ്ധ്യാപകര്‍? . സ്കൂള്‍ പൂട്ടിയും കരിയോയില്‍ ഒഴിച്ചും നായ്ക്കുരുണപ്പൊടി വിതറിയും വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നിഷേധിക്കുന്ന ഈ തെമ്മാടിപ്പറ്റത്തെ മുക്കാലിയില്‍ കെട്ടി തെരണ്ടി വാലുകൊണ്ട് തന്നെ അടിക്കണം. എന്നാല്‍പോലും ഇവര്‍ ചെയ്യുന്ന പാതകത്തിന് അനുപാതമാകുന്നില്ല ഈ അപരിഷ്കൃത ശിക്ഷ.
കടമ്മനിട്ടയുടെ ആകാംക്ഷയാണിപ്പോള്‍ പങ്കുവയ്ക്കാനുള്ളത്: " തലയിതിങ്ങനെ, മുറയതെങ്ങനെ നേരെയാകും..?!"
Subscribe to:
Post Comments (Atom)
No comments:
Post a Comment