Wednesday, August 28, 2013
യേശുദാസ്, നിങ്ങള്‍ ഇത്ര ചീപ്പ് ആകരുത്
(ആതിരേ,എട്ട് മാസത്തിന് ശേഷം വീണ്ടും...ബൈബിളില്‍ പറയുന്ന ‘റിട്ടേണ്‍ ഓഫ് ദ് പ്രോഡിഗല്‍’ എന്നോ തോമസ് ഹാര്‍ഡിയുടെ ‘റിട്ടേണ്‍ ഓഫ് ദ് നേറ്റീവ് ‘ എന്നോ വിശേഷിപ്പിച്ചോളൂ...മനുഷ്യ ശരീരം രോഗഗ്രസ്തമല്ലേ..അതു തന്നെ സംഭവം..ഇപ്പോള്‍ ഒക്കെ ശരിയായി.. ഇനി നമുക്ക് പഴയത് പോലെ മിണ്ടിക്കൊണ്ടിരിക്കാം..ഈ എട്ടുമാസത്തിനിടെയില്‍ സുബോധമുള്ള മസ്തിഷ്ക്കങ്ങളെ പ്രക്ഷുബ്ധമാക്കുന്ന എത്രയെത്ര സംഭവങ്ങള്‍ ...ആശുപത്രിക്കിടക്കയിലും വിശ്രമ വേളയിലും ഇവയെല്ലാം വല്ലാതെ മഥിച്ചിരുന്നു..പക്ഷേ സമയ-സാഗരസീമകള്‍ക്കപ്പുറമിപ്പുറം മിണ്ടാനാവാതെ...ഗോണ്‍ ആര്‍ ദ് ഡെയ്സ്...നമുക്കിവിടെ തുടങ്ങാം..)
ആതിരേ,1963 മുതലുള്ള പാട്ടുകള്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തുമ്പോള്‍ മലയാളത്തില്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്തക്കള്‍ യേശുദാസും കെ.എസ്.ചിത്രയുമാണ്.സിനിമ പാട്ടുപാടിമാത്രം കോടികള്‍ സമ്പാദിച്ചവരാണവരാണിവര്‍ . ഇവരുടെ ഹിറ്റായ പാട്ടുകള്‍ ഉണ്ടായിരുന്ന എത്രയോ സിനിമകള്‍, ആതിരേ, ബോക്‌സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയിട്ടുണ്ട്. ..! തിയേറ്റര്‍ കാണാത്ത ചിത്രങ്ങളുമുണ്ട്. ..!! എന്നിട്ടും, ഇനിയും, റോയറ്റിവേണമെന്ന ശാഠ്യം സംഗീതം ദൈവദത്തമാണെന്ന ഗന്ധര്‍വ ഗായകന്റെ എളിമയെ പരിഹസിക്കുന്നതും പാടാനുള്ള കഴിവുകൊടുത്ത ദൈവത്തെ തെരുവില്‍ വിറ്റ്‌കാശാക്കുന്നതിന് തുല്യവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.ആതിരേ, യേശുദാസിന്റെ ‘ തരംഗിണി ‘സ്റ്റുഡിയോ പുറത്തി റക്കിയ പാട്ടുകള്‍ക്ക് റോയറ്റി അവകാശപ്പെട്ടു കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ശാഠ്യം നടക്കാതെ പോയതിന്റെ’ കലിപ്പ് ‘തീര്‍ക്കുകയല്ലെ ഈ അവകാശവാദത്തിലൂടെ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയുന്നതെങ്ങനെ? ശ്രീനാരായണ ഗുരു ക്ഷമിക്കുക;യേശുദാസിന്റെ ആദ്യത്തെ സിനിമാഗാനാലാപനം അദ്ദേഹം തനീ തിരുത്തുന്നത് കേള്‍ക്കുക: “ ജാതി ഭേദം,മതദ്വേഷം ഏതുമില്ലാതെ ഗായകര്‍ സോദരത്വേനെ തേടുന്നു അര്‍ഹതയില്ലാത്ത റോയല്‍റ്റി..”.
തങ്ങള്‍ ആലപിച്ച സിനിമ ഗാനങ്ങള്‍ ` കോമേഴ്‌സ്യല്‍ പര്‍പ്പസി'ന് ഉപയോഗിക്കാന്‍ ഇനിമുതല്‍ റോയല്‍റ്റി അനിവാര്യമാണെന്ന ഗായകസംഘടനയായ ഇസ്ര ( ഇന്ത്യന്‍ സിങ്ങേഴ്‌സ് റൈറ്റ്‌സ് അസോസിയേഷന്‍ )യുടെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നത് ആതിരേ അറിയുന്നുണ്ടാകുമല്ലോ... പണത്തിന് വേണ്ടി എന്ത് ചെറ്റത്തരവും ചെയ്യാന്‍ തങ്ങള്‍ക്ക് ഒട്ടും ഉളുപ്പില്ലെന്ന് വ്യക്തമാക്കുകയാണ്, ഇതുവരെ നാം ആദരം കൊണ്ടും ബഹുമാനം കൊണ്ടും മാനിച്ചിരുന്ന മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോ.കെ.ജെ.യേശുദാസും വാനമ്പാടി കെ.എസ്.ചിത്രയുമടക്കമുള്ളവര്‍. .ഒരു മലയാളിയായതില്‍, ഇവര്‍ പാടിയപാട്ടുകള്‍ മൂളിനടന്നതില്‍ എനിക്കിപ്പോള്‍ ജീവിതത്തില്‍ ഇതുവരെ തോന്നാത്ത ആത്മനിന്ദ അനുഭവപ്പെടുന്നു.ഇവരെല്ലാമടങ്ങുന്ന ‘ഇസ്ര’യെന്ന സംഘടനയുടെ ബലത്തിലാണിവര്‍ തിണ്ണമിടുക്ക് കാട്ടുന്നത് .ഇവരുടെ ഈ സംഗീത വിരുദ്ധതയ്ക്കെതിരെ,പണാര്‍ത്തിക്കെതിരെ സംഗീത സംവിധായകരയ ശരത്ത്,ഔസേപ്പച്ചന്‍ , മോഹന്‍ സിതാര എന്നിവരടങ്ങുന്ന സിനിമാപ്രവര്‍ത്തകരും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ആതിരേ,1963 മുതല്‍ റെക്കോര്‍ഡ് ചെയ്‌ത പാട്ടുകള്‍ക്കാണ് ഇസ്ര റോയറ്റി അവശ്യപ്പെടുന്നത്. .കഴിഞ്ഞ തിങ്കളാഴ്‌ച ( ആഗസ്റ്റ് 21,2013)ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഒരു പട്ടിന് 10 രൂപയാണ് റോയറ്റിയായി അവകാശപ്പെടുന്നത്. . സെപ്‌റ്റംബര്‍ അഞ്ച് മുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ് ഇസ്ര ഭാരവാഹികള്‍ അറിയിച്ചത്.
ഈ തീരുമാനം വന്നതോടെ സംഗീത സംവിധായകരടക്കമുള്ള സിനിമ പ്രവര്‍ത്തകരും പൊതുജനങ്ങളും കടുത്ത അതൃപ്‌തിയുമായാണ് രംഗത്തെത്തിയിട്ടുള്ളത് കൂട്ടാ യ്‌മയുടെ ഉത്‌പന്നമായ സിനിമയില്‍ ഏറ്റവും കുറവ് അദ്ധ്വാനമുള്ള ജോലിയാണ് , ആതിരേ,ആലാപനം.രണ്ട് മണിക്കൂര്‍ മതി പഠിച്ച് പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ .സംഗീത സംവിധായകന്റെ നിര്‍ദേശമനുസരിച്ച് പാടുകമാത്രമാണ് ഗായകരുടെ ജോലി.ഗായകരുടെ സിദ്ധിയും സാധനയും പാട്ടിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടെങ്കിലും അവരുടെ അദ്ധ്വാനം ഒരു മിമിക്രി ആര്‍ട്ടിസ്റ്റിനേക്കാള്‍ വളരെ കുറവാണെന്നറിയുക
ആഴ്‌ചകളും മാസങ്ങളും കൊണ്ടാണ്, ആതിരേ, ഒരു സംഗീത സംവിധായകന്‍ ഈണം ചിട്ടപ്പെടുത്തുന്നത്. പലപ്പോഴും ഒന്നിലധികം ഈണങ്ങളില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തണം.എന്നാല്‍ പോലും അത് സംവിധായകന് സ്വികാര്യമാകണമെന്നില്ല.അപ്പോള്‍ വീണ്ടും പുതിയൊരു ഈണം കണ്ടെത്തണം.ഗാന രചനയിലും ഇതു പോലെയുള്ള അദ്ധ്വാനമുണ്ട്. ഇത്രയൊക്കെ ക്ലേശങ്ങള്‍ സഹിച്ചാലാണ് ഒരു സിനിമാഗാനം പിറക്കുന്നത്. . എന്നാല്‍ സംഗീത സംവിധായകന്റെ നിര്‍ദേശത്തിനൊത്ത് പാടുന്നതോടെ ഗായകന്റെ അദ്ധ്വാനം കഴിയുന്നു.ആ ജോലിക്ക് തങ്ങളുടെ പോപ്പുലാരിറ്റി അനുസരിച്ച് ഗായകര്‍ പ്രതിഫലവും കൈപറ്റും.പിന്നേയും റോയല്‍റ്റി വേണമെന്ന ആവശ്യം കറതീര്‍ന്ന നെറികേടല്ലേ ആതിരേ..?
``സിനിമയുടെ പ്രചരണാര്‍ത്ഥമാണ് റേഡിയോയിലും ടിവിയിലുമൊക്കെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതും സംപ്രേക്ഷണം ചെയ്യുന്നതും.അതിനിപ്പോള്‍ ഗായകര്‍ റോയറ്റി വാങ്ങുന്നുമുണ്ട്. . ഗാനമേളകളില്‍ ഈ പാട്ടുകള്‍ പാടി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ട്.എന്നിട്ടും, കുഞ്ചന്‍ നമ്പ്യാര്‍ നിരീക്ഷിച്ചത് പോലെ ‘ റോയറ്റിക്ക് ചുറ്റും മണ്ടിനടക്കുകയാണ് ഗാനഗന്ധര്‍വനും വാനമ്പാടിയുമൊക്കെ.ആതിരേ, യഥാര്‍ത്ഥത്തില്‍ സിനിമയിലെ പാട്ടുകള്‍ക്ക് ആര്‍ക്കെങ്കിലും റോയല്‍റ്റി ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ അത് സിനിമാ നിര്‍മാതാവിനാണ്. സിനിമാ നിര്‍മാണം മുതല്‍ റിലീസിംഗ് വരെ കച്ചവടക്കണ്ണോടെയാണ് നിര്‍മാതാവ് ഇടപെടുന്നത്. .ആ നിര്‍മാതാവിന് തന്റെ സിനിമയിലെ ഗാനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല.അയാള്‍ക്ക് റോയല്‍റ്റിയും വേണ്ട.ഈ സാഹചര്യത്തില്‍ ഗായകര്‍ റോയല്‍റ്റി അവകാശപ്പെടുന്നത് ഏറ്റവും മാന്യമായി പറഞ്ഞാല്‍ ‘പിതൃരാഹിത്യമാണ്, ആതിരേ,പിതൃരാഹിത്യമാണ്..!.
സംഗീത സംവിധായകരെക്കാളും രചയിതാക്കളേക്കാളും വലിയവര്‍ ഗായകരാണെന്ന മിഥ്യാധാരണ ആദ്യം മാറ്റണമെന്ന സംഗീത സംവിധായകന്‍ ശരത്തിന്റെ അഭിപ്രായത്തോട് വിവേകമുള്ളവരെല്ലാം യോജിക്കും . പാട്ട് ഹിറ്റായാല്‍ താരമാകുന്നതും അതില്‍ നിന്ന് വന്‍ വരുമാനുണ്ടാക്കുന്നതും ഗായകര്‍ മാത്രമാണ്.ടിവി ചാനലുകള്‍ , റേഡിയോ എന്നിവയില്‍ വാണിജ്യാവശ്യത്താനായി പാട്ടുപയോഗിക്കുന്നവരില്‍ നിന്നും റോയല്‍റ്റി പിരിച്ചെടുക്കാനുള്ള ഗായകരുടെ സംഘടനയായ ഇസ്രയുടെ തീരുമാനം മലയാള ചലച്ചിത്രഗാനരംഗത്തെ തകര്‍ക്കുമെന്നും ഗായകര്‍ക്ക് മാത്രമല്ല ഓര്‍ക്കസ്‌ട്ര, സൗണ്ട് എഞ്ചിനീയര്‍ തുടങ്ങി ഇതിനുപിന്നില്‍ അധ്വാനിച്ച എല്ലാവര്‍ക്കും റോയല്‍റ്റിക്കവകാശമുണ്ട് എന്ന നിലപാടിനോട് , യേശുദാസടക്കമുള്ള ഗായകരൊഴിച്ചുള്ളവരെല്ലാം യോജിക്കും.
ആതിരേ, ചലചിത്ര ഗാനങ്ങള്‍ ടിവി ചാനലുകളിലൂടെയും റേഡിയോകളിലൂടെയും സംപ്രേഷണം ചെയ്യുന്നത് സിനിമകളുടെ വിജയത്തിനുവേണ്ടിയാണെങ്കിലും അതിലൂടെ താരങ്ങളാകുന്നത് ഗായകരാണ്.അവര്‍ക്കാണ് താരമൂല്യം വര്‍ദ്ധിക്കുന്നതും .ആതിരേ, യേശുദാസ് അടക്കമുള്ളവര്‍ കോടീശ്വരന്മാരായി വിലസുമ്പോള്‍ പല സംഗീത സംവിധായകരുടേയും സാമ്പത്തീകാവസ്ഥ, ഗായകരേക്കാള്‍ എത്രയോ ദുര്‍ബലമാണ്.ഇന്നും മലയാളിമനസുകളില്‍ ഗൃഹാതുരത്വത്തിന്റെ സാന്ദ്രമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന ,സംഗീത സംവിധായകന്‍ ബാബുക്കയുടെ ( ബാബു രാജ് ) ദാരുണമായ ജീവിതാന്ത്യം ഒരു നിമിഷം യേശുദാസെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ....മദ്രാസിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ അവശനായിക്കിടന്നതും തനിക്കേറെ ഇഷ്ടപ്പെട്ട “ താമസന്തേ വരുവാന്‍ പ്രാണസഖി എന്റെ മുന്നില്‍..” എന്ന ഗാനം അടുത്ത ബഡിലെ രോഗിയേക്കൊണ്ട് പാടിപ്പിച്ച് കേള്‍ക്കുന്നതിനിടെ, ആ ഗാനം പൂര്‍ത്തിയാകും മുന്‍പ് അവസാന ശ്വാസം വലിച്ച , ദരിദ്രനായി കഥാവശേഷനായ ബാബുക്ക...
ആതിരേ,1963 മുതലുള്ള പാട്ടുകള്‍ക്ക് റോയല്‍റ്റി ഏര്‍പ്പെടുത്തുമ്പോള്‍ മലയാളത്തില്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്തക്കള്‍ യേശുദാസും കെ.എസ്.ചിത്രയുമാണ്.സിനിമ പാട്ടുപാടിമാത്രം കോടികള്‍ സമ്പാദിച്ചവരാണവരാണിവര്‍ . ഇവരുടെ ഹിറ്റായ പാട്ടുകള്‍ ഉണ്ടായിരുന്ന എത്രയോ സിനിമകള്‍, ആതിരേ, ബോക്‌സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയിട്ടുണ്ട്. ..! തിയേറ്റര്‍ കാണാത്ത ചിത്രങ്ങളുമുണ്ട്. ..!! എന്നിട്ടും, ഇനിയും, റോയറ്റിവേണമെന്ന ശാഠ്യം സംഗീതം ദൈവദത്തമാണെന്ന ഗന്ധര്‍വ ഗായകന്റെ എളിമയെ പരിഹസിക്കുന്നതും പാടാനുള്ള കഴിവുകൊടുത്ത ദൈവത്തെ തെരുവില്‍ വിറ്റ്‌കാശാക്കുന്നതിന് തുല്യവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.ആതിരേ, യേശുദാസിന്റെ ‘ തരംഗിണി ‘സ്റ്റുഡിയോ പുറത്തി റക്കിയ പാട്ടുകള്‍ക്ക് റോയറ്റി അവകാശപ്പെട്ടു കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ശാഠ്യം നടക്കാതെ പോയതിന്റെ’ കലിപ്പ് ‘തീര്‍ക്കുകയല്ലെ ഈ അവകാശവാദത്തിലൂടെ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയുന്നതെങ്ങനെ? ശ്രീനാരായണ ഗുരു ക്ഷമിക്കുക;യേശുദാസിന്റെ ആദ്യത്തെ സിനിമാഗാനാലാപനം അദ്ദേഹം തനീ തിരുത്തുന്നത് കേള്‍ക്കുക: “ ജാതി ഭേദം,മതദ്വേഷം ഏതുമില്ലാതെ ഗായകര്‍ സോദരത്വേനെ തേടുന്നു അര്‍ഹതയില്ലാത്ത റോയല്‍റ്റി..”
Subscribe to:
Post Comments (Atom)
No comments:
Post a Comment