Thursday, December 27, 2012

ബാര്‍ബറുടെ മകളോട്‌ ഇത്രയും വിധേയത്വം വേണോ...?

ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള ഈ അവകാശം അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ഇല്ലെന്ന്‌ വാദിക്കുമ്പോഴാണ്‌ ഭരണകൂടത്തിന്റെ ഭീകരമുഖവും ഒരു ബാര്‍ബറുടെ മകളോടുള്ള നാണം കെട്ട വധേയത്വവും വ്യക്തമാകുന്നത്‌. ഏതെങ്കിലും ഒരു പെരുന്നാള്‍ ദിവസം വീട്ടുകാരോടൊപ്പം പള്ളിയില്‍പോകാനും നിസ്കരിക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും എന്തുകൊണ്ടാണ്‌ മഅ്ദനിയെ അനുവദിക്കാത്തത്‌? ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള സ്വാതന്ത്ര്യം പോലും ഇന്ത്യയുടെ പൗരന്മാര്‍ക്കില്ല എന്ന്‌ പറയുമ്പോള്‍ എത്രമാത്രം ഭീകരവും മാനവ വിരുദ്ധവുമാണ്‌ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെന്ന്‌ തിരിച്ചറിയുക. ഉമ്മന്‍ചാണ്ടി മാത്രമല്ല, ഇവിടെ കുറ്റക്കാരന്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ മുതല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും ശക്തികളും ഇറ്റലിക്കാരിയുടെ പാദസേവകരായതുകൊണ്ടാണ്‌ ഇത്തരത്തില്‍ ഒരു അശ്രീകരമായ പരിണതി ഉണ്ടായത്‌. ഇറ്റാലിയന്‍ മറീനുകളെ ക്രിസ്മസ്‌ ആഘോഷിക്കാന്‍ നാട്ടിലേക്ക്‌ അയച്ചതില്‍ തെറ്റില്ലെന്ന്‌ ബിഷപ്പ്‌ സൂസപാക്യം കൂടി പറയുമ്പോള്‍ ഈ ചതിക്കു പിന്നിലെ വ്യാപകമായ സ്വാധീനം മനസ്സിലാക്കുക
ആതിരേ,സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയുടെ പൗരന്മാരുടെ ജീവനേക്കാള്‍ പ്രാധാന്യം ഇറ്റാലിയന്‍ നാവികക്കാരായ സാല്‍വത്തോറെ ജിറോണിനും ലത്തോറെ മാസിമിലിയാനോയ്ക്കുമാണെന്ന്‌ ഇന്ത്യന്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും വിധിക്കുമ്പോള്‍ വിധേയത്വത്തിന്റെ അശ്ലീലത എത്ര ഗര്‍ഹണീയമാണെന്ന്‌ ഊഹിക്കാമെങ്കില്‍ ഊഹിക്കുക. നിരപരാധികളായ മത്സ്യത്തൊഴിലാളികളെ, പ്രകോപനമില്ലാതെ വെടിവച്ചു കൊന്ന കേസിലെ പ്രതികളാണ്‌ സാല്‍വത്തോറെയും ലത്തോറെയും.മലയാളികളായ മത്സ്യത്തൊഴിലാളികളെ എന്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ ഈ സൈനീകര്‍ വെടിവച്ചു കൊന്നത്‌ കഴിഞ്ഞ ഫെബ്രുവരി 15-നാണ്‌. ആദ്യം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും പിന്നീട്‌ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും മലക്കം മറിയുകയായിരുന്നു. രാഷ്ട്രാന്തര കപ്പലോട്ട നിയമപ്രകാരം കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാതിരുന്നിടത്ത്‌ ആരംഭിച്ചു ഇറ്റലിയോടും ഇറ്റലിക്കാരിയായ സോണിയയോടുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിധേയത്വം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ഈ വകുപ്പുപ്രകാരം കേസെടുക്കാന്‍ കഴിയുകയുള്ളൂ. അത്‌ ചെയ്യാതെയും കേന്ദ്രാനുമതി തേടാതെയും പ്രതികള്‍ക്ക്‌ ജാമ്യം അനുവദിക്കാനാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ തിടുക്കം കൂട്ടിയത്‌. കേരള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ്‌ ഈ നീക്കത്തില്‍ നിന്ന്‌ ഉമ്മന്‍ചാണ്ടിയെ പിന്തിരിപ്പിച്ചത്‌. ആതിരേ,ഉമ്മന്‍ചാണ്ടി മാത്രമല്ല, ഇവിടെ കുറ്റക്കാരന്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ മുതല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും ശക്തികളും ഇറ്റലിക്കാരിയുടെ പാദസേവകരായതുകൊണ്ടാണ്‌ ഇത്തരത്തില്‍ ഒരു അശ്രീകരമായ പരിണതി ഉണ്ടായത്‌. ഇറ്റാലിയന്‍ മറീനുകളെ ക്രിസ്മസ്‌ ആഘോഷിക്കാന്‍ നാട്ടിലേക്ക്‌ അയച്ചതില്‍ തെറ്റില്ലെന്ന്‌ ബിഷപ്പ്‌ സൂസപാക്യം കൂടി പറയുമ്പോള്‍ ഈ ചതിക്കു പിന്നിലെ വ്യാപകമായ സ്വാധീനം തിരിച്ചറിയുക. തുടക്കം മുതല്‍ ഇറ്റാലിയന്‍ മറീനുകളെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നടന്നത്‌. കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കുന്ന തെളിവുകളും വാദമുഖങ്ങളും അനുസരിച്ച്‌ മാത്രമേ വിധി ന്യായം ഉണ്ടാകുകയുള്ളൂ. ഇന്ത്യന്‍ പൗരന്മാരുടെ ജീവനെക്കാള്‍ പ്രധാനം ഇറ്റാലിയന്‍ മറീനുകളുടെ മോചനമാണെന്ന്‌ ശഠിക്കുന്ന ഒരു ഭരണസംവിധാനത്തിനു മുന്നില്‍ നീതിന്യായ വ്യവസ്ഥ പോലും നിസ്സാഹയമായി നില്‍ക്കുന്ന കാഴ്ചയാണ്‌ നാം കണ്ടു കൊണ്ടിരുന്നത്‌. ക്രിസ്മസ്‌ ആഘോഷിക്കാനാണ്‌ സാല്‍വത്തോറെ ജിറോണിനെയും ലത്തോറെ മാസിമിലിയാനോയെയും ജാമ്യം നല്‍കി നാട്ടിലേക്ക്‌ അയച്ചത്‌. ജനുവരി 10-ന്‌ തിരിച്ചു വരണമെന്നാണ്‌ കോടതിയുടെ ഉത്തരവ്‌. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ്‌ ഈ കൊലയാളികളെ നാട്ടിലേക്ക്‌ കൊണ്ടുപോയത്‌. ഇവരെ കൊണ്ടുപോകാന്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികളായ ഗാന്‍സ പാസ്പുലാസഡ്‌ പ്രസ്യോസ ജിയോ കോമൈക്കിള്‍, കാര്‍ലോസിക, ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ ജറ്റ്കാ മൊഫാന്‍വിലേറ്റ, കോണ്‍സല്‍ ജനറല്‍ ജിയാം പോളോ കുട്ടീലിയോ എന്നിവരും എത്തിയിരുന്നു. ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള ഈ അവകാശം, ആതിരേ, അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ഇല്ലെന്ന്‌ വാദിക്കുമ്പോഴാണ്‌ ഭരണകൂടത്തിന്റെ ഭീകരമുഖവും ഒരു ബാര്‍ബറുടെ മകളോടുള്ള നാണം കെട്ട വധേയത്വവും വ്യക്തമാകുന്നത്‌. ഏതെങ്കിലും ഒരു പെരുന്നാള്‍ ദിവസം വീട്ടുകാരോടൊപ്പം പള്ളിയില്‍പോകാനും നിസ്കരിക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും എന്തുകൊണ്ടാണ്‌ മഅ്ദനിയെ അനുവദിക്കാത്തത്‌? ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള സ്വാതന്ത്ര്യം പോലും ഇന്ത്യയുടെ പൗരന്മാര്‍ക്കില്ല എന്ന്‌ പറയുമ്പോള്‍ എത്രമാത്രം ഭീകരവും മാനവ വിരുദ്ധവുമാണ്‌ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെന്ന്‌ തിരിച്ചറിയുക. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ കണക്കനുസരിച്ച്‌ ബഹറൈനില്‍ 133 ഇന്ത്യക്കാരാണ്‌ തടവിലുള്ളത്‌. കുവൈറ്റില്‍ 228, മലേഷ്യയില്‍ 458, സൗദി അറേബ്യയില്‍ 1226, യുഎഇയില്‍ 1092 എന്നിങ്ങനെ പോകുന്നു ഇന്ത്യന്‍ പൗരന്മാരായ തടവുകാര്‍. ഇവരില്‍ ഭൂരിപക്ഷവും മലയാളികളാണ്‌. ഇവരില്‍ ഒരാള്‍ക്കുപോലും നാട്ടില്‍ ഏതെങ്കിലും ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ പരോളില്‍ വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓണവും വിഷുവും ദീപാവലിയും നവരാത്രിയും ക്രിസ്മസും റംസാനും ബലി പെരുന്നാളും ഒക്കെ ഇന്ത്യയിലും കേരളത്തിലും ആഘോഷിക്കുന്നവ തന്നെയാണ്‌ അതില്‍ ഒന്നില്‍പ്പോലും പങ്കെടുക്കാന്‍ ഇന്ത്യന്‍ പൗരനായ കുറ്റവാളിയെ വിദേശരാജ്യങ്ങള്‍ അനുവദിക്കാതിരിക്കുമ്പോഴാണ്‌ വിധേയത്വത്തിന്റെ നാണം കെട്ട ഭാവം പ്രകടിപ്പിച്ച്‌ കൊലയാളികളായ ഇറ്റാലിയന്‍ മറീനുകളെ നാട്ടിലേക്ക്‌ അയച്ചത്‌. ആതിരേ,ഇറ്റലിയില്‍ തന്നെ 109 ഇന്ത്യക്കാര്‍ തടവിലുണ്ട്‌. ഇവരുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‌ അറിയില്ല. ഇതേക്കുറിച്ച്‌ മുന്‍പ്‌ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂര്‍ ലോകസഭയില്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്‌. "ഇറ്റാലിയന്‍ സര്‍ക്കാര്‍ തടവുകാരെക്കുറിച്ച്‌ രഹസ്യം സൂക്ഷിക്കുന്നവരാണ്‌. അവരോട്‌ ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ തയ്യാറായിട്ടില്ല". ഇങ്ങനെ മുഠാളത്തം പ്രകടിപ്പിക്കുന്ന ഒരു സര്‍ക്കാരിന്റെ കൊലയാളികളായ പൗരന്മാര്‍ക്ക്‌ സര്‍വ്വവിധ ആനുകൂല്യങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങളും നല്‍കിയാണ്‌, കേരളത്തില്‍ പാര്‍പ്പിച്ചത്‌. അവരുടെ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക്‌ കേരളത്തിലെ ജയിലില്‍ പ്രവേശിക്കാന്‍ വരെ അനുവാദം കൊടുത്തു. രാഷ്ട്രീയമായി അവര്‍ നടത്തിയ എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും ഇന്ത്യന്‍ ഭരണകൂടം വഴങ്ങിക്കൊടുത്തു. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊലയാളികളെ നാട്ടിലേക്ക്‌ അയക്കാന്‍ അനുമതിയും നല്‍കി. ഓര്‍മ്മയുണ്ടാകണം, കോടികളുടെ ബോഫോഴ്സ്‌ തോക്കിടപാടില്‍ ഇടനിലക്കാരനായിരുന്ന ഇറ്റാലിയന്‍ പൗരന്‍ ഒക്ടോവിയോ ക്വാത്തറോച്ചിക്ക്‌ അനുകൂലമായ നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതുകൊണ്ടാണ്‌ 1993-ല്‍ ആ രാജ്യദ്രോഹിക്ക്‌ ഇന്ത്യ വിടാന്‍ കഴിഞ്ഞത്‌. അന്വേഷണത്തിന്റെ ഭാഗമായി ക്വാത്തറോച്ചിയുടെ ബാങ്ക്‌ ഇടപാടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. അതും തുറന്നു കൊടുത്ത്‌ എല്ലാവിധ സൗകര്യത്തോടെയാണ്‌ അദ്ദേഹത്തെ നാട്ടിലേക്ക്‌ അയച്ചത്‌. കേസിന്റെ തുടരന്വേഷണത്തില്‍ സഹകരിക്കാം എന്ന ഉറപ്പിന്മേലായിരുന്നു ഈ ആനുകൂല്യങ്ങളെല്ലാം. പക്ഷേ, ക്വാത്തറോച്ച്‌ പോയവഴിക്ക്‌ പിന്നീട്‌ ഒരു പുല്ലുപോലും കിളിര്‍ത്തില്ല. അതോടെ ബോഫോഴ്സ്‌ തോക്കിടപാടിന്റെ അന്വേഷണവും മുടങ്ങി. ഇറ്റലിക്കാരിയായ സോണിയ യുപിഎ സര്‍ക്കാരിന്റെ പിന്‍സീറ്റ്‌ ഡ്രൈവറായി കഴിയുന്നതുകൊണ്ടല്ലേ ഈ വിധത്തിലുള്ള രാഷ്ട്ര വിരുദ്ധവും പൗരന്മാരെ വഞ്ചിക്കുന്നതുമായ വിധേയത്വ നിലപാട്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്‌? അല്ലെങ്കില്‍ നിരപരാധികളായ രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കൊലയാളികള്‍ക്ക്‌ ഇത്രയും രാജകീയമായ പരിഗണനയും പരിചരണവും ആനുകൂല്യങ്ങളും നല്‍കുമായിരുന്നില്ലല്ലോ. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിലെ പൗരന്മാരുടെ ജീവനെക്കാള്‍ പ്രധാനം വിദേശരാജ്യത്തിലെ പൗരന്റെ സ്വാതന്ത്ര്യത്തിനാണെന്ന്‌ മന്‍മോഹന്‍ സിംഗും കൂട്ടരും പറയുമ്പോള്‍ , ആതിരേ,ഒരു ബാര്‍ബറുടെ മകളുടെ മിടുക്ക്‌ എന്താണെന്ന്‌ ഊഹിക്കുക.

No comments: