Friday, December 7, 2012

ചേംബര്‍ കോംപ്ലക്സ്‌:7 കോടിയുടെ വെട്ടിപ്പ്‌:അഡ്വക്കേറ്റ്‌ കെ.എല്‍ വര്‍ഗീസിന്റെ വരവും പണത്തിന്റെ പോക്കും

പിന്‍വാതിലിലൂടെ കടന്നു വരുന്നവന്‍ കള്ളനാണെന്ന ബൈബിള്‍ വചനത്തിന്റെ നീറവേറ്റലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേമ്പര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ കോര്‍ കമ്മിറ്റിയിലേയ്ക്കുള്ള അഡ്വക്കേറ്റ്‌ കെ.എല്‍.വര്‍ഗീസിന്റെ കടന്ന്‌ വരവ്‌.കോര്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമാദരന്റെ പ്രവേശനവും ഇത്തരത്തില്‍ അനധികൃതമായിരുന്നല്ലോ." മരപ്പട്ടിക്ക്‌ ഇനാംപേച്ചി കൂട്ട്‌ " എന്ന ഗ്രാമ്യവായ്മൊഴിവഴക്കത്തിന്‌ സാധൂകരണം.
ആതിരേ,പിന്‍വാതിലിലൂടെ കടന്നു വരുന്നവന്‍ കള്ളനാണെന്ന ബൈബിള്‍ വചനത്തിന്റെ നീറവേറ്റലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേമ്പര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ കോര്‍ കമ്മിറ്റിയിലേയ്ക്കുള്ള അഡ്വക്കേറ്റ്‌ കെ.എല്‍.വര്‍ഗീസിന്റെ കടന്ന്‌ വരവ്‌.കോര്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമാദരന്റെ പ്രവേശനവും ഇത്തരത്തില്‍ അനധികൃതമായിരുന്നല്ലോ." മരപ്പട്ടിക്ക്‌ ഇനാംപേച്ചി കൂട്ട്‌ " എന്ന ഗ്രാമ്യവായ്മൊഴിവഴക്കത്തിന്‌ സാധൂകരണം. ബില്‍ഡിംഗ്‌ കമ്മിറ്റിയേയും ജനറല്‍ ബോഡിയേയും കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷനേയും പമ്പര വിഡ്ഢികളാക്കിയാണ്‌ ഇരുവരും കോര്‍ കമ്മിറ്റിയില്‍ ഇടം പിടിച്ചത്‌." സത്യധര്‍മാദികള്‍ വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സര്‍പ്പത്തേക്കാളേറ്റവും പേടിക്കണം" എന്ന നീതിസാര വചനം അക്ഷരംപ്രതി ശരിയാണെന്ന്‌ ഇവരുടെ തുടര്‍ന്നുള്ള പ്രവൃത്തികള്‍ വ്യക്തമാക്കുന്നു. 11-06-2008 ല്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി മീറ്റിംഗില്‍ അഡ്വ.കെ.എല്‍.വര്‍ഗീസ്‌ പങ്കെടുത്തത്‌ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും നഗ്നമായി ലംഘിച്ചു കൊണ്ടായിരുന്നു.ഒട്ടകത്തിന്‌ ഇടം കൊടുത്ത അവസ്ഥ.ഇവിടം മുതല്‍ ചേമ്പര്‍ കോംപ്ലക്സ്‌ നിര്‍മാണത്തിന്റെ നിര്‍ണായക തീരുമാനങ്ങളെല്ലാം അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ നേതൃത്വത്തിലോ സജീവമായ പങ്കാളിത്തത്തോടെയുമാണുണ്ടായത്‌. ചേംബര്‍ കോംപ്ലക്സിന്റെ പ്ലാന്‍ പരിശോധിച്ച്‌ അന്തിമ തീരുമാനമെടുക്കാനുള്ള സബ്‌ കമ്മിറ്റിയില്‍ അഡ്വക്കേറ്റ്മാരായ എം.കെ.ദാമോദരന്‍,ജേക്കബ്‌ വര്‍ഗീസ്‌,ജി.ശ്രീകുമാര്‍,പീയൂസ്‌ എ.കൊറ്റം എന്നിവര്‍ക്കൊപ്പം അഡ്വ.കെ.എല്‍.വര്‍ഗീസും ഇടം പിടിച്ചു.ജിബു തോമസ്‌ സമര്‍പ്പിച്ച പ്ലാനിന്റെ നേട്ടങ്ങളും കോട്ടങ്ങളും കമ്മിറ്റിയില്‍ അവതരിപ്പിച്ചത്‌ അഡ്വ.കെ.എല്‍.വര്‍ഗീസായിരുന്നു.അദ്ദേഹത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കൊന്നും മെനക്കെടാതെ കമ്മിറ്റി പ്ലാന്‍ അംഗീകരിക്കുകയും ചെയ്തു!പിന്നീട്‌ പ്ലാന്‍ സ്ക്രൂട്ടിനസിം കമ്മിറ്റിയിലും അഡ്വ.കെ.എല്‍.വര്‍ഗീസ്‌ അവിഭാജ്യ ഘടകമായി.ഈ കമ്മിറ്റിയില്‍ അഡ്വ.ഷിറാസ്‌ അബ്ദുള്ള എം.എസും അംഗമായി.ഈ കമ്മിറ്റിയുടെ തലവന്‍ അഡ്വ.എം.കെ ദാമോദരായിരുന്നെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലൊ. ആതിരേ,പ്ലാന്‍ പരിശോധനയക്ക്‌ ദേവീധരന്‍ എന്ന ഒരു എഞ്ചിനീയര്‍ ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടു.മുന്‍പ്‌ ഏതെങ്കിലും കമ്മിറ്റിയോ,മീറ്റിംഗുകളോ പ്ലാന്‍ പരിശോധനയക്കായി ഒരു എഞ്ചിനീയറുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന്‌ നിര്‍ദേശിച്ചിരുന്നില്ല.നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നോട്ടീസ്‌ തയ്യറാക്കി മലയാളമനോരമയിലും ഇന്ത്യന്‍ എക്സ്പ്രസിലും പ്രസിദ്ധീകരിക്കാനുള്ള ചുമതലയും ഈ ആറംഗ കമ്മിറ്റിക്കായിരുന്നു.25-09-2008ല്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി ദേവീധരനെ, 15000 രൂപ പ്രതിമാസ ശമ്പളത്തില്‍ ഓണററി കണ്‍സള്‍ട്ടന്റായി നിയമിക്കാനും തീരുമാനിച്ചു.കൂടാതെ 25000 രൂപ പ്രതിമാസ ശമ്പളത്തില്‍ ഒരു റിട്ടയേര്‍ഡ്‌ എഞ്ചിനീയറെ എക്സ്പെര്‍ട്ട്‌ എഞ്ചിനിയാറായി നിയമിക്കാനും പെയിലിംഗ്‌ ജോലികളുടെ കരാര്‍ ജിയോ ഫൗണ്ടേഷന്‍ ആന്റ്‌ സ്ട്രക്ചേഴ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെ ഏല്‍പ്പിക്കാനും തീരുമാനമായി. കീഴ്‌വഴ്ക്കങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു ആതിരേ, ഈ കമ്പനിക്ക്‌ പെയിലിംഗ്‌ കരാര്‍ ഈ കമ്പനിക്ക്‌ നല്‍കിയത്‌.ഏറ്റവും കുറഞ്ഞ തുക ക്വാട്ട്‌ ചെയ്യുന്നവര്‍ക്ക്‌ കരാര്‍ നല്‍കുകയെന്നതാണ്‌ നാട്ടു നടപ്പ്‌.പക്ഷേ മെട്രിക്‌ ടണ്ണിന്‌ 4500 രൂപ ക്വാട്ട്‌ ചെയ്ത കെ.വി.ജെ കണ്‍സ്ട്രക്ഷന്‍സിനെ തഴഞ്ഞ്‌ 5300 രൂപ ക്വാട്ട്‌ ചെയ്ത ജിയോ ഫൗണ്ടേഷന്‌ കരാര്‍ നല്‍കിയത്‌ അഡ്വ. കെ.എല്‍.വര്‍ഗീസിന്റെ വിദഗ്ദോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.വലിയ ജോലികള്‍ ഏറ്റെടുത്ത്‌ നടത്തിയതിന്റെ പരിചയം കെ.വി.ജെ കണ്‍സ്ട്രക്ഷന്‍സിനില്ല എന്നതായിരുന്നു അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ അപ്പീലില്ലാത്ത ' വിധി '!എന്നുമാത്രമല്ല പെയിലിംഗ്‌ ജോലികള്‍ ആരംഭിക്കും മുന്‍പ്‌ തന്നെ ജിയോ ഫൗണ്ടേഷനുള്ള 'പ്രോത്സാഹനം' എന്ന നിലയ്ക്ക്‌ 25 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു !! അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ സൊസൈറ്റിയും കരാറുകാരനും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ചാണ്‌ 25 ലക്ഷം നല്‍കുന്നതെന്നായിരുന്നു വിശദീകരണം.എന്നാല്‍ അത്തരത്തില്‍ ഒരു കരറോ ധാരണയോ ജിയോ ഫൗണ്ടേഷനുമായി ഉണ്ടാക്കിയിരുന്നില്ല എന്നതാണ്‌ വാസ്തവം.പിന്നീട്‌ 06-11-2008 ല്‍ കൂടിയ കോര്‍ കമ്മിറ്റിയോഗം നിര്‍മാണ സ്ഥലത്ത്‌ വേലികെട്ടാന്‍ കരാറുകാരനോട്‌ ആവശ്യപ്പെട്ടു.ഇതും ചട്ടവിരുദ്ധവും കരാറുകാരന്റെ പോക്കറ്റ്‌ വീര്‍പ്പിക്കാനുള്ള തരികിടയുമായിരുന്നു. 11-11-2008ല്‍ ചേര്‍ന്ന,അഡ്വക്കേറ്റുമാരായ കെ.എല്‍.വര്‍ഗീസ്‌,ഷിറാസ്‌ അബ്ദുള്ള,ദേവീധരന്‍,പീയൂസ്‌ എ.കൊറ്റം,എ.കെ.സെയ്ദ്‌ മുഹമദ്‌ എന്നിവരടങ്ങുന്ന സബ്‌ കമ്മിറ്റി കെ.കെ.അബ്ദുള്‍ റഹിമാനെ സൈറ്റ്‌ എഞ്ചിനീയറായി നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു ഉഡായിപ്പാണ്‌ സാക്ഷാത്ക്കരിച്ചത്‌.ഏതൊരു നിയമനത്തിന്‌ മുന്‍പും,പ്രഹസനമായെങ്കിലും മുഖാമുഖം നടത്തുന്നതും നാട്ടുനടപ്പാണ്‌.ആ മര്യാദയും ഇവിടെ ലംഘിച്ചു.കോര്‍ കമ്മിറ്റിയുടെ നിബന്ധനകളും അട്ടിമറിച്ചു.അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം ഏകപക്ഷീയമായി സബ്‌ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.ഇതിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌.അഡ്വ.എ.കെ.സെയ്ദ്‌ മുഹമദിന്റെ അടുത്ത ബന്ധുവാണ്‌ കെ.കെ.അബ്ദുള്‍ റഹിം.കറതീര്‍ന്ന സ്വജനപക്ഷപാതം. സൈറ്റ്‌ എഞ്ചിനീയര്‍ക്ക്‌ കണ്‍സള്‍ട്ടന്റ്‌ എഞ്ചിനീയറില്ലെങ്കില്‍ ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണം വെടിപ്പുള്ളതാകില്ല എന്നതായിരുന്നു കോര്‍ കമ്മിറ്റിയുടെ മറ്റൊരു കണ്ടുപിടുത്തം.അതു കൊണ്ട്‌ ഒരു കണ്‍സള്‍ട്ടന്റ്‌ എഞ്ചിനീയറെ നിയമിക്കാന്‍ 02-01-2009 ല്‍ കൂടിയ കോര്‍കമ്മിറ്റി തീരുമാനിച്ചു.ആര്‍ക്കിടെക്ടിനാണ്‌ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയെന്നിരിക്കെ ഇത്തരം ഒരു നിയമനത്തിന്റെ നിയമസാധുതയും ആവശ്യകതയും എന്താണ്‌?ചോദ്യങ്ങള്‍ക്കല്ല പത്ത്‌ പുത്തനുണ്ടാക്കുന്നതിനാണ്‌ ഇവിടെ പ്രസക്തി.അതിനായി അട്ടിമറിക്കാനുള്ളതാണ്‌ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും!അത്‌ വിജയകരമായി എം.കെ.ദാമോദരന്റേയും അഡ്വ.കെ.എല്‍.വര്‍ഗീസിന്റേയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുകയും ചെയ്തു. അതിനായി മിനിറ്റ്സ്‌ ബുക്ക്‌ എഴുതുന്നതിലും ഇവര്‍ പരിഷ്ക്കാരം വരുത്തി.മീറ്റിംഗ്‌ കഴിഞ്ഞ്‌ തീരുമാനം.അത്‌ നന്നായി ടൈപ്‌ ചെയ്ത്‌ മിനിറ്റ്സ്‌ ബുക്കില്‍ ഒട്ടിച്ചു വയ്ക്കുക.കോര്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ കണ്ണിലും പൊടിയിട്ടാണ്‌ അഡ്വ.കെ.എല്‍.വര്‍ഗീസ്‌ അടങ്ങിയ സബ്‌ കമ്മിറ്റി അടിവലികള്‍ നടത്തിയത്‌. 2009 ല്‍ അഡ്വ.എം.പി. അശോക്‌ കുമാറിന്റെ നേതൃത്വത്തില്‍പുതിയ ഭരണസമിതി നിലവില്‍ വന്നു.02-01-2009ല്‍ ചേര്‍ന്ന വിപുലമായ യോഗത്തിലെ പ്രധാന അജണ്ട ജിയോ ഫൗണ്ടേഷന്‌ നല്‍കാനുള്ള ' കുടിശിക' കൊടുത്തു തീര്‍ക്കുക എന്നതായിരുന്നു.സെക്രട്ടറിയുടെ കണക്കനുസരിച്ച്‌ ജിയോ ഫൗണ്ടേഷന്‌ 46,90,263 രൂപ കൊടുക്കേണ്ടതുണ്ട്‌.അതു കൊണ്ട്‌ 15 ലക്ഷം ഉടന്‍ കൈമാറാന്‍ തീരുമാനമായി.പരിചയക്കുറവ്‌,വിധേയത്വം എന്നിവയായിരുന്നു പുതിയ ഭരണ സമിതിയുടെ ഹാള്‍ മാര്‍ക്ക്‌.അത്‌ മുതലെടുത്ത്‌ കരാറുകാരനെ സഹായിക്കാന്‍ സബ്കമ്മിറ്റിയിലെ അംഗങ്ങള്‍ മുതിര്‍ന്നെങ്കില്‍ അതിനു പിന്നിലെ ഉദ്ദേശ്യം തിരിച്ചറിയാന്‍ പഴൂര്‍ പടിപ്പുരവരെ പോകേണ്ടതുണ്ടോ?സമയബന്ധിതമായി,സുതാര്യമായി, അനാവശ്യ ചെലവുകള്‍ ഒഴിവാക്കി ചേംബര്‍ നിര്‍മാണം പൂര്‍ത്തിയക്കുന്നതിലുപരി , ചില സ്വകാര്യ താത്പര്യങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു കോര്‍ കമ്മിറ്റിയുടെയും സബ്കമ്മിറ്റിയുടെയും ഹിഡന്‍ അജണ്ട.കോണ്ട്രാക്ടര്‍ ആവശ്യപ്പെടുമ്പോള്‍ പണം വാരിക്കോരി കൊടുത്തത്‌ അതു കൊണ്ടാണ്‌. ആതിരേ, ഒരു ചെറിയ വീട്‌ നിര്‍മ്മിക്കുമ്പോള്‍ പോലും നിര്‍മാണം സംബന്ധിച്ച വിശദാംശങ്ങള്‍ക്കൊപ്പം സ്ട്രക്ചറല്‍ ഡ്രോയിംഗ്‌,എലവേഷന്‍,ഫ്ലോര്‍ പ്ലാന്‍,പ്ലംബിംഗ്‌,വയറിംഗ്‌ എന്നിവയുടെ രൂപരേഖയും ആര്‍ക്കിടക്ട്‌ ഉടമസ്ഥന്‌ നല്‍കും.പക്ഷെ നിയമം തലനാരിഴ കീറിപ്പരിശോധിക്കുന്ന അഭിഭാഷകര്‍ക്കായി നിര്‍മിക്കുന്ന ചേംബര്‍ കോംപ്ലക്സിന്റെ കാര്യത്തില്‍ ഈ അടിസ്ഥാന രേഖകള്‍ കൈമാറിയിരുന്നില്ല.ബീമുകളും തൂണുകളും സ്ലാബുകളും വാര്‍ത്തു തുടങ്ങിയപ്പോഴാണ്‌ ഇവയെല്ലാം കൈമാറിയത്‌.അപ്പോള്‍ പ്ലാന്‍ പരിശോധിച്ച്‌ അംഗീകരം നല്‍കാന്‍ നിശ്ചയിക്കപ്പെട്ട സബ്‌ കമ്മിറ്റി എന്തടിസ്ഥാനത്തിലാണ്‌ നിര്‍മാണം തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന ചോദ്യത്തിനും ഉത്തരമില്ല.അതേസമയം ഇതിനിടയില്‍ ലക്ഷങ്ങള്‍ കരാറുകാരന്‌ കൈമാറുകയും ചെയ്തു.അഡ്വ.കെ.എല്‍ വര്‍ഗീസിന്‌ ബോധിച്ചാല്‍, കരാറുകാരന്‍ ആവശ്യപ്പെടുന്ന തുക ആ ദിവസം തന്നെ കരാറുകാരന്‌ ലഭിച്ചിരുന്നു. അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ തീരുമാനങ്ങളും ശിപാര്‍ശകളും സബ്‌ കമ്മിറ്റിക്കും കോര്‍ കമ്മിറ്റിക്കും സംഗീതം പോലെ ആസ്വാദ്യകരമായിരുന്നു. നാളെ: പെയിലിംഗ്‌ കരാറിലെ ആഴം കാണാനാവാത്ത അഴിമതികള്‍

No comments: