Sunday, December 23, 2012

കസബിന്‌ നല്‍കിയ പരിഗണനപോലും മഅ്ദനിക്ക്‌ നിഷേധിക്കുന്ന ഭരണകൂട ഭീകരത

ശരിയാണ്‌, ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം തീവ്ര ന്യൂനപക്ഷ വികാരത്തിന്റെ ആളിക്കത്തലായിരുന്നു മഅ്ദനി. മഅ്ദനി അങ്ങനെ ആയിത്തീരാന്‍ ആഗ്രഹിച്ചതല്ല. മറിച്ച്‌, മഅ്ദനിയെ ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളും ഭൂരിപക്ഷ ഭീകരതയും ആ അപകടകരമായ അവസ്ഥയിലേയ്ക്ക്‌ മഅ്ദനിയെ പരിണമിപ്പിക്കുകയായിരുന്നു എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അന്ന്‌ മുസ്ലീം ന്യൂനപക്ഷത്തിനുവേണ്ടി മഅ്ദനി സ്വീകരിച്ച നിലപാട്‌ പക്ഷേ, ഇന്ന്‌ മുസ്ലീംങ്ങളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ട്‌ ഭരണത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച്‌ എല്ലാവിധ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗിന്റേതുപോലെ സമുദായത്തെ വഞ്ചിക്കുന്നതോ ഭരണഘടനയെ അവഹേളിക്കുന്നതോ വോട്ടര്‍മാരെ നിന്ദിക്കുന്നതോ ആയിരുന്നില്ല. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മതനിരപേക്ഷതയുടെ താഴികക്കുടങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന ഒരു ഇസ്ലാം അടയാളപ്പെടുത്തലിനെ കാവിക്കൊടികളും കുന്തവും ത്രിശൂലവും പിക്കാക്സുമേന്തിയ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കര്‍സേവകര്‍ ഇടിച്ചു നിരത്തിയപ്പോഴുണ്ടായ ഒരു ശരാശരി മുസ്ലീമിന്റെ രോഷം, അത്‌ അതിതീവ്രമായ തലത്തില്‍ മഅ്ദനി വികസിപ്പിച്ചെടുത്തു എന്ന്‌ മാത്രമേയുള്ളൂ. മഅ്ദനിയെക്കാള്‍ എത്രയോ ഭീകരന്മാരായ രാഷ്ട്രീയ നേതാക്കളാണ്‌ ഇസഡ്‌ കാറ്റഗറി സുരക്ഷയില്‍ നാട്ടില്‍ നെഞ്ചുവിരിച്ച്‌ നടന്ന്‌ ബലാത്സംഗം മുതലുള്ള സര്‍വ്വ സാമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത്‌! അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മഅ്ദനിയുടെ ഭീകരവാദം എത്രയോ ലഘുവായിരുന്നുവെന്ന്‌ തിരിച്ചറിയാനാവും.
ആതിരേ, ഒരു കാര്യം ഉറപ്പ്‌. മഅ്ദനിക്ക്‌ ഇനി അധികനാളുകളില്ല. മഅ്ദനിയുടെ അന്ത്യം അടുത്തു എന്ന്‌ ആരും തുറന്നു പറയുന്നില്ലെങ്കിലും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച്‌ മടങ്ങിയവര്‍ക്കെല്ലാം അക്കാര്യത്തില്‍ സന്ദേഹം ഒട്ടുമില്ല. ആ സത്യം തിരിച്ചറിഞ്ഞാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസും ലീഗും മഅ്ദനിക്ക്‌ വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്‌. ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്ക്‌,ആതിരേ, നീതിന്യായ വ്യവസ്ഥകള്‍ക്ക്‌ അബ്ദുള്‍ നാസര്‍ മഅ്ദനി കൊടുംഭീകരനാണ്‌. എന്നാല്‍, മഅ്ദനി ചെയ്ത ഭീകരപ്രവര്‍ത്തനം എന്താണെന്ന്‌ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കാന്‍ പ്രോസിക്യൂഷനോ ഭരണകൂടങ്ങള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ഒരു ദശകമാണ്‌ മഅ്ദനിയെ വിചാരണ തടവുകാരനായി ജയിലില്‍ അടച്ച്‌ പീഡിപ്പിച്ചത്‌. കുറ്റവാളിയെന്ന്‌ കോടതി വിധി പറയും വരെ നിരപരാധിയായി കണക്കാക്കേണ്ട ഒരു ഇന്ത്യന്‍ പൗരനോടാണ്‌ ഭരണകൂടങ്ങളും നീതിന്യായ വ്യവസ്ഥയും ഈ കൊടുക്രൂരത കാട്ടിയത്‌. അനീതിയുടെ ആഘാതം ഏറെയേറെ സഹിച്ച്‌ തളര്‍ന്നപ്പോഴാണ്‌ മഅ്ദനി ആ കേസില്‍ പ്രതിയല്ലെന്ന്‌ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക്‌ ബോധ്യമായത്‌. അഹങ്കരിക്കാനും അഭിമാനിക്കാനും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും അതിനെ പിന്താങ്ങുന്നവരും എല്ലായ്പ്പോഴും മൂലമന്ത്രം പോലെ ഉരുവിടുന്ന ഒന്നാണല്ലോ ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന്‌. എന്നാല്‍, മഅ്ദനിയുടെ കാര്യത്തില്‍ തെളിയിക്കപ്പെടാത്ത അപരാധങ്ങളുടെ പേരില്‍ എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട്‌ മരണത്തെ മുന്നില്‍ കണ്ട്‌ ജയിലറയ്ക്കുള്ളില്‍ കഴിയാനാണ്‌ ഇന്ത്യയിലെ വിവിധ ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും ശഠിക്കുന്നത്‌. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നിന്ന്‌ മോചിതനായി അധികനാള്‍ കഴിയും മുന്‍പാണ്‌ ബംഗളൂരു സ്ഫോടന കേസില്‍ മഅ്ദനിയെ അറസ്റ്റ്‌ ചെയ്ത്‌ ജയിലില്‍ അടച്ചത്‌. രണ്ടരവര്‍ഷമായി വിചാരണയും ജാമ്യവുമില്ലാതെ ഏകാന്ത തടവ്‌ അനുഭവിക്കുകയാണ്‌ മഅ്ദനി. ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ അതീവ ഗുരുതരമായ അവസ്ഥയിലാണ്‌ മഅ്ദനി. അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന്‌ തന്നെ പറയാം. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലില്‍ 24 മണിക്കൂറും പ്രകാശിക്കുന്ന 600 വാട്ട്‌ ബള്‍ബിന്റെയും ചുറ്റുമുള്ള കാമറകളുടെയും നടുവില്‍ ജീവച്ഛവം പോലെ കഴിയുകയാണ്‌ ഒരു കാലത്ത്‌ കേരളത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട മുസ്ലീം നേതാവ്‌ അബ്ദുള്‍ നാസര്‍ മഅ്ദനി. കേശാദിപാദം രോഗഗ്രസ്തമാണ്‌ മഅ്ദനിയുടെ ശരീരം. നട്ടെല്ലുപോലും നിവര്‍ത്താനാവാതെ വായും വയറും നിറയെ വ്രണങ്ങളുമായി അദ്ദേഹം നാളുകള്‍ തള്ളിനീക്കുന്നു. ശരിയാണ്‌, ആതിരേ, ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം തീവ്ര ന്യൂനപക്ഷ വികാരത്തിന്റെ ആളിക്കത്തലായിരുന്നു മഅ്ദനി. മഅ്ദനി അങ്ങനെ ആയിത്തീരാന്‍ ആഗ്രഹിച്ചതല്ല. മറിച്ച്‌, മഅ്ദനിയെ ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളും ഭൂരിപക്ഷ ഭീകരതയും ആ അപകടകരമായ അവസ്ഥയിലേയ്ക്ക്‌ മഅ്ദനിയെ പരിണമിപ്പിക്കുകയായിരുന്നു എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അന്ന്‌ മുസ്ലീം ന്യൂനപക്ഷത്തിനുവേണ്ടി മഅ്ദനി സ്വീകരിച്ച നിലപാട്‌ പക്ഷേ, ഇന്ന്‌ മുസ്ലീംങ്ങളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ട്‌ ഭരണത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച്‌ എല്ലാവിധ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗിന്റേതുപോലെ സമുദായത്തെ വഞ്ചിക്കുന്നതോ ഭരണഘടനയെ അവഹേളിക്കുന്നതോ വോട്ടര്‍മാരെ നിന്ദിക്കുന്നതോ ആയിരുന്നില്ല. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മതനിരപേക്ഷതയുടെ താഴികക്കുടങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന ഒരു ഇസ്ലാം അടയാളപ്പെടുത്തലിനെ കാവിക്കൊടികളും കുന്തവും ത്രിശൂലവും പിക്കാക്സുമേന്തിയ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കര്‍സേവകര്‍ ഇടിച്ചു നിരത്തിയപ്പോഴുണ്ടായ ഒരു ശരാശരി മുസ്ലീമിന്റെ രോഷം, അത്‌ അതിതീവ്രമായ തലത്തില്‍ മഅ്ദനി വികസിപ്പിച്ചെടുത്തു എന്ന്‌ മാത്രമേയുള്ളൂ. മഅ്ദനിയെക്കാള്‍ എത്രയോ ഭീകരന്മാരായ രാഷ്ട്രീയ നേതാക്കളാണ്‌ ഇസഡ്‌ കാറ്റഗറി സുരക്ഷയില്‍ നാട്ടില്‍ നെഞ്ചുവിരിച്ച്‌ നടന്ന്‌ ബലാത്സംഗം മുതലുള്ള സര്‍വ്വ സാമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത്‌! അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മഅ്ദനിയുടെ ഭീകരവാദം എത്രയോ ലഘുവായിരുന്നുവെന്ന്‌ തിരിച്ചറിയാനാവും. ആതിരേ,ശ്രദ്ധിക്കണം. മുംബൈ കൂട്ടക്കൊലയ്ക്കെത്തിയ അജ്മല്‍ കസബിന്‌ മുംബൈയിലെ ജയിലില്‍ നല്‍കിയ പരിഗണനയും അവന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭരണകൂടവും പോലീസും നീതിന്യായ വ്യവസ്ഥയും പ്രദര്‍ശിപ്പിച്ച വ്യഗ്രതയും എന്തു കൊണ്ടാണ്‌ മഅ്ദനിക്ക്‌ നിഷേധിക്കുന്നത്‌.. എന്തൊക്കെ പറഞ്ഞാലും അജ്മല്‍ കസബിന്റെ ജാനസ്സില്‍പ്പെടുന്ന ഭീകരവാദിയല്ല അബ്ദുള്‍ നാസര്‍ മഅ്ദനി. 92 ഡിസംബര്‍ ആറിന്‌ ശേഷം മഅ്ദനി സ്വീകരിച്ച തീവ്രവാദ നിലപാടുകളെ അദ്ദേഹം പാടെ ഉപേക്ഷിച്ചതാണ്‌. പക്ഷേ, യുഡിഎഫിനും മുസ്ലീം ലീഗിനുമാണ്‌ മഅ്ദനി തീവ്രവാദി. മഅ്ദനി ജയിലിന്‌ പുറത്താണെങ്കില്‍ ഇന്ന്‌ അധികാര കസേരയില്‍ ഇരിക്കുന്ന പല മുസ്ലീം ലീഗ്‌ മന്ത്രിമാര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുകയില്ല. മുസ്ലീം ലീഗ്‌ നേതൃത്വത്തിന്റെ വഞ്ചനയിലും കാപട്യത്തിലും അമര്‍ഷം പൂണ്ടുകഴിയുന്ന അണികള്‍ തീര്‍ച്ചയായും മഅ്ദനിയുടെ പിന്നില്‍ ഉറച്ച്‌ നിന്ന്‌ ഇന്നത്തെ ലീഗ്‌ നേതൃത്വത്തിനെതിരെ ജനാധിപത്യ രീതിയില്‍ തന്നെ വിപ്ലവം ഉണ്ടാക്കുമെന്ന്‌ ഭയന്നാണ്‌ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ഉമ്മന്‍ചാണ്ടിയുടെ ഭരണകൂടം അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജയിലില്‍ അടച്ച്‌ മൃഗീയമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. 24 മണിക്കൂറും കത്തിനില്‍ക്കുന്ന 600 വാട്ട്‌ ബള്‍ബിന്റെ കടുത്ത പ്രകാശത്തിലാണ്‌ കഴിഞ്ഞ രണ്ടരവര്‍ഷമായി ഒരു ഇടുങ്ങിയ മുറിയില്‍ രോഗിയായ ഈ മനുഷ്യനെ അടച്ചിട്ടിരിക്കുന്നത്‌. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട മഅ്ദനിക്ക്‌ രണ്ടാമത്തെ കണ്ണില്‍ അവശേഷിക്കുന്നത്‌ 10 ശതമാനം കാഴ്ച മാത്രമാണ്‌. മക്കളെപ്പോലും തിരിച്ചറിയാനാവാത്ത നിസ്സഹായാവസ്ഥയിലാണ്‌ മഅ്ദനി. മുട്ടിനു താഴെ മുറിച്ചു മാറ്റിയ വലതുകാലിന്റെ സ്പര്‍ശന ശേഷി പൂര്‍ണമായി നഷ്ടമായി. ഇടതുകാലില്‍ നീരുവന്ന്‌ വീര്‍ത്ത്‌ അതിന്റെ സ്പര്‍ശന ശേഷിയും നശിച്ചുകൊണ്ടിരിക്കുകയാണ്‌. വൃക്കസംബന്ധമായ രോഗം മൂലം ശരീരത്തില്‍ പലയിടത്തും നീരുണ്ട്‌. വലതുകാലിലെ കൃത്രിമ കാല്‍ തേഞ്ഞു തീര്‍ന്നതുകൊണ്ട്‌ രണ്ടുകാലും ഒരേ ക്രമത്തില്‍ ഉറപ്പിക്കാനാവാതെ നട്ടെല്ലിന്റെ കശേരുക്കള്‍ ക്രമം തെറ്റി തേഞ്ഞുപോയി ഇപ്പോള്‍ സര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ്‌ എന്ന രോഗത്തിന്‌ അടിപ്പെട്ട്‌ നോവ്‌ തിന്ന്‌ കഴിയുകയാണ്‌ മഅ്ദനി. ഈ രോഗാവസ്ഥയില്‍ ജയിലില്‍ നിന്ന്‌ നല്‍കുന്ന ഭക്ഷണം കൃത്യമായി കഴിക്കാന്‍ സാധിക്കാത്തതുകൊണ്ട്‌ പെപ്റ്റിക്‌ അള്‍സര്‍ വന്ന്‌ വയറും വായും വ്രണങ്ങള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ഇങ്ങനെ അടിമുടി രോഗഗ്രസ്തനായി ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും കരുണയറ്റ മുന്‍വിധികള്‍ക്ക്‌ ബലിയാടായി ഇടയ്ക്കിടെ മൂര്‍ച്ഛിക്കുന്ന പ്രമേഹത്തില്‍ ബോധരഹിതനായി അബ്ദുള്‍ നാസര്‍ മഅ്ദനി പരപ്പ ജയിലില്‍ തന്റെ അന്ത്യനിമിഷങ്ങള്‍ എണ്ണി കഴിയുകയാണ്‌. മഅ്ദനിയുടെ മരണം സംഭവിച്ചാല്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്നാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസും ലീഗുമെല്ലാം അദ്ദേഹത്തിന്റെ പക്ഷം ചേര്‍ന്ന്‌ സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. മഅ്ദനിക്ക്‌ മാനവിക നീതി ലഭിക്കണമെന്നും മഅ്ദനിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പ്രസ്താവനകള്‍ ഇറക്കുയല്ല വേണ്ടത്‌ അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിട്ടുള്ള ഇതുവരെ തെളിയിക്കാനാവാത്ത കേസുകള്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ ചെലവില്‍ അദ്ദേഹത്തിന്‌ വിദഗ്ധ ചികിത്സ നല്‍കുകയാണ്‌ ഇവരെല്ലാം പറയുന്ന വാക്കുകളില്‍ അല്‍പമെങ്കിലും മനുഷ്യപ്പറ്റുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചെയ്യേണ്ടത്‌. ഇല്ലങ്കില്‍...,ആതിരേ, വരാനിരിക്കുന്ന നാളുകള്‍ കനത്ത തിരിച്ചടിയുടെയും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളുടേതുമായിരിക്കും.അതിന്‌ മഅ്ദനി ഉത്തരവാദിയാകുകയുമില്ല...

No comments: