Tuesday, November 27, 2012

ഹരിചന്ദനക്കുളിരായി ഗോവിന്ദപിള്ള സാര്‍ എന്ന ഗുരുപ്രസാദം

എന്റെ അക്ഷരങ്ങള്‍ക്ക്‌ മൂര്‍ച്ചയും , ചിന്തകള്‍ക്ക്‌ കാര്‍ക്കശ്യവും നിലപാടുകളില്‍ അനുരഞ്ജനമില്ലായ്മയും നല്‍കി അനുഗ്രഹിച്ച മറ്റൊരു ഗുരുപ്രസാദത്തെയാണ്‌ കൃപയറ്റ കാലം കവര്‍ന്നെടുത്തിരിക്കുന്നത്‌. എന്റെ വലിയ നഷ്ടമാണ്‌ സാറിന്റെ വിയോഗം. പക്ഷേ, കരയാനോ തളരാനോ ഞാനില്ല. ഇനി ഇങ്ങനെയൊരു സന്മനസ്സിനെ, കന്മഷമില്ലത്ത കരുതലിനെ കണ്ടുകിട്ടില്ലല്ലോ എന്ന നൊമ്പരത്തോടെ , അമരത്വമാര്‍ന്ന ആ മഹിതസ്മരണയ്ക്ക്‌ മുന്നില്‍ നീരാജനമായി ഈ ഏകലവ്യന്‍... ...
ആതിരേ കാല്‍നൂറ്റാണ്ടിനും മൂന്നു വര്‍ഷത്തിനുമപ്പുറത്ത്‌ പ്രസാദപൂര്‍ണമായ ഒരു പ്രഭാതം. സ്ഥലം തിരുവനന്തപുരം. ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ ഓഫീസ്‌. സമയം രാവിലെ 10.30. 11 മണിക്കാണ്‌ പി.ഗോവിന്ദപിള്ള സാര്‍ അഭിമുഖം അനുവദിച്ചിരിക്കുന്നത്‌. 10.30-ന്‌ തന്നെ സാറിന്റെ ഓഫീസില്‍ ഞാനും ഫോട്ടോഗ്രാഫര്‍ നസീര്‍ റാവുത്തറും എത്തി. ചെയര്‍മാന്റെ മുറിയില്‍ പി.ഗോവിന്ദപിള്ള സാര്‍ ഫയലുകള്‍ നോക്കുന്ന തിരക്കില്‍. പുറത്ത്‌ ആകാംക്ഷയും കടുത്ത സമ്മര്‍ദ്ദവുമായി ഞാന്‍. വിജ്ഞാനത്തിന്റെ മഹാമേരു... പത്രപ്രവര്‍ത്തന രംഗത്തെ ധീക്ഷണയുടെ സൂര്യതേജസ്‌. ചലച്ചിത്രം അടക്കമുള്ള സുകുമാര കലകളെ മാര്‍ക്സിയന്‍ പ്രത്യയ ശാസ്ത്രത്തിന്‌ മുഖാമുഖം നിര്‍ത്തി പുതിയൊരു ലാവണ്യശാസ്ത്രം രചിച്ച പ്രതിഭാ കുബേരന്‍. അദ്ദേഹത്തെയാണ്‌ പ്രസിദ്ധീകരണം തുടങ്ങിയിട്ടുപോലുമില്ലാത്ത ഒരു സിനിമ വാരികയ്ക്കുവേണ്ടി അഭിമുഖം നടത്താന്‍ എത്തിയിരിക്കുന്നത്‌. ആതിരേ,പി.ഗോവിന്ദപിള്ള സാറിന്റെ അഭിമുഖം ആവശ്യപ്പെട്ട്‌ കത്തെഴുതിയപ്പോള്‍, പച്ചമഷിയില്‍ മറുപടി ലഭിച്ചത്‌ "എന്നെ ഒഴിവാക്കുക. സൂപ്പര്‍ താരം അടക്കമുള്ള സിനിമാ താരങ്ങളായിരിക്കും നിങ്ങള്‍ക്ക്‌ യോജിക്കുക" എന്നായിരുന്നു. സാറിന്റെ അഭിമുഖത്തോടെയാണ്‌ പ്രസിദ്ധീകരണം ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌ എന്ന്‌ മറുകുറിയെഴുതിയപ്പോള്‍ സസന്തോഷം അതംഗീകരിക്കുകയായിരുന്നു പി.ഗോവിന്ദപിള്ള സാര്‍. (ആനുഷംഗീകമായി പറയട്ടെ,പി.ഗോവിന്ദപിള്ള സാര്‍ പറയുന്നതിന്‌ മുന്‍പു തന്നെ അന്നത്തെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളോട്‌ ഞങ്ങള്‍ അഭിമുഖം ആവശ്യപ്പെട്ടിരുന്നു. "പ്രസിദ്ധീകരണം ആരംഭിച്ച ശേഷം വാരികയുമായി വരിക. കണ്ടു കഴിഞ്ഞ്‌ അഭിമുഖത്തെക്കുറിച്ച്‌ സംസാരിക്കാം " എന്നായിരുന്നു ധിക്കാരപൂര്‍വ്വമുള്ള മറുപടി. പിന്നിട്ട മുപ്പത്‌ വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനിടയില്‍ അദ്ദേഹത്തെ ഞാനും ബോധപൂര്‍വം അവഗണിച്ചിരിക്കുകയാണ്‌ ) അന്തരിച്ച തോമസ്‌ ടി.അമ്പാട്ടിന്റെ മുഖ്യ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ജനനി വാരികയുടെ സഹോദര പ്രസിദ്ധീകരണമായിട്ടായിരുന്നു സിനിമ വാരിക തുടങ്ങാന്‍ ആഗ്രഹിച്ചത്‌. 'ആലിപ്പഴം' എന്നായിരുന്നു വാരികയുടെ പേര്‌. അന്ന്‌ കുട്ടികളുടെ ചിത്രകഥയ്ക്ക്‌ നല്ല മാര്‍ക്കറ്റുള്ള കാലമായിരുന്നു. മലയാളത്തിലെ ക്ലാസിക്കുകള്‍ക്ക്‌ ചിത്രകഥാരൂപം നല്‍കി അവതരിപ്പിക്കാം എന്ന ഉദ്ദേശ്യത്തോടെയാണ്‌ ആലിപ്പഴം എന്ന ടൈറ്റില്‍ സ്വന്തമാക്കിയത്‌. ആദ്യ ദൗത്യമായി വയലാര്‍ രാമവര്‍മ്മയുടെ ആയിഷ ചിത്രകഥയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികള്‍ക്കുള്ള ചിത്രകഥാപ്രസിദ്ധീകരണങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുകയും രംഗം പൂരിതമാകുകയും ചെയ്തപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചാണ്‌ 'ആലിപ്പഴം' സിനിമ വാരികയാക്കാന്‍ തീരുമാനിച്ചത്‌. ചോദ്യങ്ങള്‍ മനസ്സില്‍ അടുക്കിയടുക്കി ഞാനിരുന്നു. 11 മണിയാകുന്തോറും എന്റെ ആകാംക്ഷയും സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു. കൈകാലുകളില്‍ ഒരുതരം വിറയല്‍ കുടിയേറി. തുടകള്‍ക്കിടയില്‍പ്പോലും വിയര്‍പ്പുണര്‍ന്നു.പത്രപ്രവര്‍ത്തന രംഗത്ത്‌ ശിശുവാണ്‍ഞ്ഞാന്‍.ഇത്രയും ഔന്നത്യമുള്ള ഒരു പ്രതിഭയെ നേരിടുന്നത്‌ ആദ്യവും. എങ്ങനെ എന്റെ ചോദ്യങ്ങള്‍ക്ക്‌ ഗോവിന്ദപിള്ള സാറില്‍ നിന്ന്‌ മറുപടി നേടിയെടുക്കാനാകും എന്ന ആകാംക്ഷ വിറയലായി കോശങ്ങള്‍ തോറും പടരാന്‍ തുടങ്ങിയിരുന്നു,അപ്പോള്‍. പ്രകോപനപരമായ ചോദ്യം ചോദിച്ചുകൊണ്ട്‌ അഭിമുഖം തുടങ്ങുന്നതായിരുന്നു, ആതിരേ, എന്റെ രീതി. ജര്‍ണലിസം ക്ലാസില്‍ എഡിറ്റിംഗ്‌ പഠിപ്പിച്ച ജയകുമാര്‍ സാറാണ്‌ ഈ തന്ത്രം പറഞ്ഞു തന്നത്‌. പ്രകോപിപ്പിച്ചാല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക്‌ അഭിമുഖം കൊണ്ടുപോകാനാകൂ എന്നായിരുന്നു ഒരു സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു തന്നത്‌. പത്രപ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷം പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഈ തന്ത്രം ഞാന്‍ ഫലപ്രദമായി പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പി.ഗോവിന്ദപിള്ള സാറിനെപ്പോലെ മഹത്വമേറിയ ഒരു വ്യക്തിത്വത്തെ പ്രകോപിപ്പിച്ചാല്‍ എന്തായിരിക്കും പരിണതി എന്ന ആശങ്ക ധമനികളില്‍ തിളയ്ക്കാനാരംഭിച്ചിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം പി.ഗോവിന്ദപിള്ള സാറിനുള്ള അംഗീകാരമോ സാറിന്‌ ഭൂഷണമോ ആയിരുന്നില്ല. എല്ലാ തിന്മകളുടെയും കുതികാല്‍ വെട്ടുകളുടെയും പാരകളുടെയും ലോകത്ത്‌ പി.ഗോവിന്ദപിള്ളസാറിനെപ്പോലെയുള്ള മഹത്വസാന്നിദ്ധ്യങ്ങള്‍ക്ക്‌ എന്ത്‌ പ്രസക്തി എന്നതായിരുന്നു എന്റെ ചിന്ത. ആ ചിന്തയില്‍ നിന്നുരുവം കൊണ്ട ചോദ്യങ്ങളുമായാണ്‌ ഞാനെത്തിയിരിക്കുന്നത്‌. . കൃത്യം 11 മണിക്കു തന്നെ പ്യൂണിനെ വിട്ട്‌ പി.ഗോവിന്ദപിള്ള സാര്‍ ഞങ്ങളെ വിളിപ്പിച്ചു. ഉപചാരങ്ങള്‍ക്ക്‌ ശേഷം പ്രസിദ്ധീകരണത്തിന്റെ പേരിലെ കൗതുകം ആയിരുന്നു സാര്‍ ആദ്യം പങ്കുവച്ചത്‌. നേരത്തെ സൂചിപ്പിച്ച പശ്ചാത്തലം ഞാന്‍ അദ്ദേഹത്തോട്‌ വിവരിച്ചു. അത്‌ ശ്രദ്ധാപൂര്‍വ്വം കേട്ട ശേഷം അദ്ദേഹം ആവര്‍ത്തിച്ചു: " എന്നെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. എന്റെ നിലപാടുകള്‍ നിങ്ങളുടെ വായനക്കാര്‍ക്ക്‌ ദഹിച്ചെന്ന്‌ വരില്ല. അതുകൊണ്ട്‌ ആദ്യലക്കം തന്നെ വായനക്കാരെ മുഷിപ്പിക്കണ്ട എന്നുണ്ടെങ്കില്‍ എന്നെ ഒഴിവാക്കുന്നതാണ്‌ ഉചിതം " ഇല്ല,ഞാന്‍ വഴങ്ങിയില്ല . "സാറിന്റെ അഭിമുഖം അനിവാര്യവും അനുപേക്ഷണീീ‍യവുമാണ്‌ "ഞാന്‍ എന്റെ നിലപാടിലുറച്ചു നിന്നു എന്നാല്‍ ചോദ്യം ചെയ്യലാകാം എന്ന്‌ ചെറുചിരിയോടെ സാര്‍ അനുവാദം നല്‍കി. മുഖവുരയില്ലതെ,ശബ്ദം പതറാതെ,ആ കണ്ണുകളിലേയ്ക്കുറ്റു നോക്കി ഞാന്‍ ആദ്യചോദ്യമെയ്തു. Sir your appointment as the chairman of film development corporation is a political appointment.To me you are a square peg in the round hole.. ഒരു നിമിഷം അദ്ദേഹം നിശബ്ദനായി എന്റെ ചലനങ്ങളും ഭാവങ്ങളും വിലയിരുത്തി. പിന്നെ എന്റെ നേരെ കൈനീട്ടി. അദ്ദേഹം പറഞ്ഞു: "ആരും എന്നോട്‌ ഈ സത്യം പറഞ്ഞില്ല. നിയമനം ലഭിച്ചപ്പോള്‍ മുതല്‍ എന്റെയും ആശങ്ക ഇതു തന്നെയാണ്‌ . ശരിയാണ്‌ ഇന്നത്തെ സിനിമാ ലോകത്തിന്‌ അനുഗുണമല്ല ഞാനും എന്റെ ചിന്തയും." എനിക്ക്‌ തുള്ളിച്ചാടണമെന്ന്‌ തോന്നി, ആതിരേ... എന്റെ ആകാംക്ഷകളും സമ്മര്‍ദ്ദങ്ങളും അപ്പൂപ്പന്‍ താടിപോലെ പറന്നകന്നു. ഇനി മനസ്സില്‍ കരുതിയ ചോദ്യങ്ങളെല്ലാം ഒന്നൊന്നായി വെടിയുണ്ടപോലെ തന്നെ സാറിന്‌ നേരെ പായിക്കാമെന്ന ആത്മവിശ്വാസം എന്നില്‍ വര്‍ദ്ധിച്ചു. അങ്ങനെ ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാനായ പി.ഗോവിന്ദപിള്ള സാറിനെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ ഒന്നൊന്നായി ഞാന്‍ ഉന്നയിച്ചു.മറ്റാരാണെങ്കിലും കോപിഷ്ടനായി എന്നെ തല്ലിയിറക്കി വിടാവുന്ന സ്വഭാവത്തിലുള്ള ചോദ്യങ്ങള്‍ക്കും ശാന്തനായി,വസ്തുതകളുടെ അകമ്പടിയോടെ അദ്ദേഹം മറുപടി തന്നപ്പോള്‍ ചൂളിപ്പോയത്‌ ഞാനായിരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും അവ അര്‍ഹിക്കുന്ന ഗൗരവത്തോടെ സാറിന്റേതായ വിശകലനവും ചേര്‍ത്ത്‌ മറുപടി തന്നുകൊണ്ടിരുന്നു. അരമണിക്കൂറാണ്‌ ഞങ്ങള്‍ക്ക്‌ അനുവദിച്ചിരുന്നത്‌. പക്ഷെ അഭിമുഖം അവസാനിച്ചപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. അത്യപൂര്‍വമായ സുകൃതമായി ഇന്നും ഞാനാ നിമിഷങ്ങളെ തലോലിക്കുന്നു ചോദ്യങ്ങളുടെ മൂര്‍ച്ച കൂടിയ ഒരു ഘട്ടത്തില്‍ ഓഫ്‌ ദ റക്കോര്‍ഡായി മാത്രമേ ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ കഴിയൂ എന്ന്‌.അദ്ദേഹം പറഞ്ഞു അന്ന്‌ ഒരു മോണോ ടേപ്പ്‌ റിക്കാര്‍ഡില്‍ ഞാന്‍ അഭിമുഖം റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടായിരുന്നു. സാര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ ടേപ്പ്‌ റെക്കോര്‍ഡര്‍ ഓഫ്‌ ചെയ്തു. ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ കീഴിലുള്ള തീയറ്ററുകളായ വെള്ളാനകളെക്കുറിച്ചായിരുന്നു എന്റെ ചോദ്യം. അതിന്‌ ഉത്തരം നല്‍കാന്‍ ഒരു ഫയല്‍ തിരഞ്ഞ്‌ സാര്‍ സീറ്റില്‍ നിന്ന്‌ എഴുന്നേറ്റപ്പോള്‍ ഞാന്‍ ടേപ്പ്‌ റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു. തിരിച്ച്‌ സീറ്റില്‍ വന്നിരുന്ന്‌ സര്‍ക്കാര്‍ തീയറ്ററുകളുടെ നടത്തിപ്പിലെ ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും അവ ഖജനാവിനുണ്ടാക്കുന്ന നഷ്ടവുമൊക്കെ സാര്‍ വിശദമായി ,കണക്കുകള്‍ സഹിതം വിശദീകരിച്ച്‌ തന്നു. എനിക്ക്‌ ലഭിക്കേണ്ടത്‌ അവ തന്നെയായിരുന്നു. എന്റെ ഹൃദയം അഭിമാനം കൊണ്ട്‌ വിജൃംഭിതമായി. ആദ്യ ലക്കം ഒരു സ്കൂപ്പ്‌ സ്റ്റോറിയോട്‌ കൂടി പുറത്തിറക്കാന്‍ കഴിയുമെന്നതിന്റെ ത്രില്ലിലായിരുന്നു പിന്നീട്‌ ചോദ്യങ്ങളുന്നയിച്ചത്‌. സാറിന്റെ മുറിവിട്ടിറങ്ങുമ്പോള്‍ തന്നെ റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം മനത്തുമ്പില്‍,വിരല്‍ത്തുമ്പില്‍ ഇലവീശിത്തളിര്‍ത്തു. -"വെള്ളാനകളെ പോറ്റാന്‍ മനസ്സില്ല;വില്‍ക്കാനുണ്ട്‌ സര്‍ക്കാര്‍ തിയറ്ററുകള്‍-പി.ഗോവിന്ദപിള്ള" എന്ന ശീര്‍ഷകം ഞാന്‍ ഫോട്ടോ ഗ്രാഫര്‍ നസീറിനോട്‌ പറഞ്ഞപ്പോള്‍.ബോംബിടുമെന്ന്‌ (കലക്കുമെന്ന്‌ )നസീറിന്റെ പ്രോത്സാഹനം സാറ്‌ പങ്കുവച്ച കണക്കുകള്‍ സഹിതം ഞാന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി. അത്‌ കവര്‍ സ്റ്റോറിയായി ആലിപ്പഴത്തിന്റെ ആദ്യലക്കം പുറത്തിറങ്ങി. എന്റെ കൗതുകം അവിടെ അവസാനിച്ചില്ല. ഞാനും നസീറും വീണ്ടും തിരുവനന്തപുരത്തേക്ക്‌ തിരിച്ചു. കുതിച്ചു എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി. മുന്നറിയിപ്പൊന്നും കൂടാതെ സാറിന്റെ ഓഫീസില്‍ ചെന്നു. ആദ്യ പതിപ്പ്‌ സാറിന്‌ നല്‍കി അഭിപ്രായമറിയാന്‍ മനസ്സ്‌ കൂര്‍പ്പിച്ചു നിന്നു. അദ്ദേഹം റിപ്പോര്‍ട്ട്‌ സശ്രദ്ധം വായിച്ചു. ആകാംക്ഷയും സമ്മര്‍ദ്ദവും ഒരിക്കല്‍ കൂടി എന്നെ പിടിച്ചുലച്ചു. വിയര്‍പ്പിന്റെ നീര്‍ഝരികള്‍ രോമകൂപങ്ങളില്‍ നിന്നുണരാന്‍ തുടങ്ങി. ആറുപേജുണ്ടായിരുന്ന റിപ്പോര്‍ട്ട്‌ ഒരക്ഷരം വിടാതെ അദ്ദേഹം വായിച്ച്‌ തീര്‍ത്തശേഷം എന്റെ മുഖത്തേക്ക്‌ സകൂതം നോക്കി. ആതിരേ,ആദ്യ ചോദ്യം ഉന്നയിച്ചപ്പോള്‍ എന്നെ അളന്ന അതേ നോട്ടം. ഉള്ളില്‍ ഞാന്‍ ഭയം കൊണ്ടു. സര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി: "ടൈറ്റസ്‌ എന്നോട്‌ നീതികേട്‌ കാണിച്ചു. ഞാന്‍ ഓഫ്‌ ദ റെക്കോര്‍ഡ്‌ എന്ന്‌ പറഞ്ഞ കാര്യങ്ങളാണ്‌ നിങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. അത്‌ ധാര്‍മ്മികമായി ശരില്ല. പക്ഷേ, നിങ്ങളിലെ പത്രപ്രവര്‍ത്തകന്റെ കൗശലത്തെ ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പറഞ്ഞത്‌ പരമാര്‍ത്ഥമാണ്‌. ആരെങ്കിലും വാങ്ങാന്‍ വന്നാല്‍ വന്നാല്‍ ഈ തിയേറ്ററുകള്‍ ഞാന്‍ അവര്‍ക്ക്‌ കൊടുക്കും. നല്ല സിനിമകള്‍ സര്‍ക്കാര്‍ തിയറ്ററുകളിലൂടെ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ചാര്‍ജെടുത്ത്‌ കഴിഞ്ഞ്‌ ഈ നിലയ്ക്കുള്ള ഒരു ആലോചന ഞാന്‍ മുന്നോട്ട്‌ വച്ചപ്പോള്‍ എന്റെ സ്റ്റാഫിലുള്ളവരടക്കം അത്‌ പുച്ഛിച്ച്‌ തള്ളുകയായിരുന്നു. ഇവിടെ ആര്‍ക്കും ക്ലാസിക്കൊന്നും കാണണ്ട സാറേ. വല്ല എ പടം കണ്ട്‌ തൃപ്തിയടയാനാണ്‌ അവര്‍ക്കിഷ്ടം എന്നാണ്‌ എനിക്ക്‌ ലഭിച്ച മറുപടി. അതേ, ടൈറ്റസ്‌ പറഞ്ഞതാണ്‌ ശരി. ഐ ആം എ സ്ക്വയര്‍ പെഗ്‌ ഇന്‍ ദ റൗണ്ട്‌ ഹോള്‍ വിസാവിസ്‌ ഫിലിം ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്‍. അഭിനന്ദനങ്ങള്‍..." അദ്ദേഹം സീറ്റില്‍ നിന്ന്‌ എഴുന്നേറ്റു. ഹസ്തദാനം ചെയ്തു. പിന്നെ തലയില്‍ കൈവച്ചനുഗ്രഹിച്ചു. "നന്നായി വരും. ഈ ധൈര്യവും എഴുത്തിലെ മൂര്‍ച്ചയും ഒരിക്കലും കൈമോശം വരരുത്‌."മൂലമന്ത്രമോതും പോലെ ഗോവിന്ദപ്പിള്ള സാറിന്റെ മനസ്സ്‌ നിറഞ്ഞ അനുഗ്രഹം ആതിരേ,എന്റെ കണ്ണ്‌ നിറയുന്നുണ്ടായിരുന്നു. മറുപടി തൊണ്ടയില്‍ കെട്ടി. നിറഞ്ഞ കണ്ണുകളോടെ നമ്രശിരസ്കനായി ഞാന്‍സാറിന്റെ മുറിവിട്ടിറങ്ങി. ******* 1994. എന്റെ മറ്റൊരു സുഹൃത്ത്‌ ഏറ്റെടുത്ത ദേശനാദം എന്ന ദ്വൈവാരികയുടെ പത്രാധിപരായി ചാര്‍ജേറ്റ ശേഷം കേരളത്തിലെ എല്ലാ സാഹിത്യകാരന്മാര്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ ലേഖനകര്‍ത്താക്കള്‍ക്കും ഇങ്ങനെയൊരു പ്രസിദ്ധീകരണം തുടങ്ങുന്നതിനെക്കുറിച്ചും സഹകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും ഞാന്‍ കത്തെഴുതിയിരുന്നു. അന്ന്‌ ഉപയോഗിച്ചത്‌ നേരത്തെ അച്ചടിച്ചു വച്ചിരുന്ന ലെറ്റര്‍ ഹെഡായിരുന്നു. അതില്‍ ദേശനാദം എന്ന്‌ ആംഗലേയത്തില്‍ അച്ചടിച്ചിരുന്നത്‌ DESANATHAM എന്നായിരുന്നു. കത്തുകിട്ടിയ ഒരാളും എനിക്ക്‌ മറുപടി തന്നില്ല. എന്നാല്‍, പി.ഗോവിന്ദപിള്ള സാറിന്റെ മഹാമനസ്കതയും ഗുരു കൃപയും ഒരിക്കല്‍ കൂടി എന്നെത്തേടിയെത്തി. ഒരു പോസ്റ്റു കാര്‍ഡില്‍ പച്ച മഷികൊണ്ട്‌ കുനുകുനയുള്ള ചെറിയ അക്ഷരങ്ങളില്‍ സാറിന്റെ മറുപടി : "പ്രസിദ്ധീകരണം തുടങ്ങുക. വിജയിപ്പിക്കുക. ഇപ്പോള്‍ നിങ്ങള്‍ക്കായി എഴുതാന്‍ ഒട്ടും സമയമില്ല. സാന്ദര്‍ഭികമായി നേരില്‍ കണ്ടാല്‍ ചിലതെല്ലാം പറഞ്ഞു തരാം. ദേശനാദം എന്നതിന്‌ ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ്‌ സ്പെല്ലിങ്ങ്‌ തെറ്റാണ്‌. DESANADAM എന്ന്‌ തിരുത്തണം ". ഒട്ടും പ്രശസ്തനല്ലാത്ത ഒരു പത്രപ്രവര്‍ത്തകന്റെ ആദ്യ സംരംഭങ്ങളോട്‌ പി.ഗോവിന്ദപിള്ള എന്ന മഹാമനിഷയുടെ കരുതലിന്റെയും സഹകരണത്തിന്റെയും രണ്ടുദാഹരണങ്ങളാണ്‌ ഞാന്‍ പങ്കുവച്ചത്‌.എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഗുരുകൃപയുടെ നേര്‍ചിത്രങ്ങള്‍ വിജ്ഞാനം മനുഷ്യനെ എത്രമാത്രം വിനയാന്വിതനാക്കുമെന്നതിന്റെ,വിദ്യ എത്രമാത്രം മനുഷ്യപ്പറ്റ്‌ വളര്‍ത്തുമെന്നതിന്റെ സനാതനമായ ദൃഷ്ടാന്തമായിരുന്നു പി.ഗോവിന്ദപിള്ള സാര്‍. ആതിരേ,എന്റെ അക്ഷരങ്ങള്‍ക്ക്‌ മൂര്‍ച്ചയും , ചിന്തകള്‍ക്ക്‌ കാര്‍ക്കശ്യവും നിലപാടുകളില്‍ അനുരഞ്ജനമില്ലായ്മയും നല്‍കി അനുഗ്രഹിച്ച മറ്റൊരു ഗുരുപ്രസാദത്തെയാണ്‌ കൃപയറ്റ കാലം കവര്‍ന്നെടുത്തിരിക്കുന്നത്‌. എന്റെ വലിയ നഷ്ടമാണ്‌ സാറിന്റെ വിയോഗം. പക്ഷേ, കരയാനോ തളരാനോ ഞാനില്ല. ഇനി ഇങ്ങനെയൊരു സന്മനസ്സിനെ, കന്മഷമില്ലത്ത കരുതലിനെ കണ്ടുകിട്ടില്ലല്ലോ എന്ന നൊമ്പരത്തോടെ , അമരത്വമാര്‍ന്ന ആ മഹിതസ്മരണയ്ക്ക്‌ മുന്നില്‍ നീരാജനമായി ഈ ഏകലവ്യന്‍... ...

No comments: