Thursday, November 8, 2012
മറിയം റഷീദയും ഫൗസിയയും:നിയതിയുടെ നൊമ്പരപ്പൂക്കള്‍
വ്യസനങ്ങളുടെ വേനല്‍വഴികളിലൂടെയുള്ള ഏകാന്തയാത്ര..സാന്ത്വനം കൊതിച്ചപ്പോള്‍ സങ്കടങ്ങള്‍ മാത്രം പകുത്തു തന്നകന്ന ജീവിതപങ്കാളികള്‍.....ദുരിതങ്ങളുടേയും ദുരന്തങ്ങളുടേയും കനല്‍പഥങ്ങളേല്‍പിച്ച പൊള്ളലുകള്‍..ഇത്തിരി ശാന്തിക്കു വേണ്ടി കുടിച്ചു വറ്റിച്ച ചവര്‍പ്പിന്റെ പാരാവാരങ്ങള്‍..ശാപമായ് തീര്‍ന്ന മാദകസൗന്ദര്യം..മുക്കുപണ്ടങ്ങളായ സൗഹൃദങ്ങള്‍..ചതിക്കുഴികള്‍ തീര്‍ത്ത ചങ്ങാത്തങ്ങള്‍..
പെണ്‍ജന്മത്തിന്റെ കണ്ണീര്‍പര്‍വ്വം- അതായിരുന്നു മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസ്സനും.
അതിജീവനത്തിന്റെ പച്ചപ്പുല്‍മേട് തേടിയാണ് ഇന്ത്യയിലെത്തിയത്.ഇവിടെത്തിയപ്പോഴാണ് അക്കരെയാണ് പച്ചയെന്ന് ബോദ്ധ്യമായത്.നിസ്സഹായത..നിരാശത..തിരിച്ചടികളുടെ തീരാപ്പെയ്ത്തുകള്‍...
ആതിരേ,വ്യസനങ്ങളുടെ വേനല്‍വഴികളിലൂടെയുള്ള ഏകാന്തയാത്ര..സാന്ത്വനം കൊതിച്ചപ്പോള്‍ സങ്കടങ്ങള്‍ മാത്രം പകുത്തു തന്നകന്ന ജീവിതപങ്കാളികള്‍.....ദുരിതങ്ങളുടേയും ദുരന്തങ്ങളുടേയും കനല്‍പഥങ്ങളേല്‍പിച്ച പൊള്ളലുകള്‍..ഇത്തിരി ശാന്തിക്കു വേണ്ടി കുടിച്ചു വറ്റിച്ച ചവര്‍പ്പിന്റെ പാരാവാരങ്ങള്‍..ശാപമായ് തീര്‍ന്ന മാദകസൗന്ദര്യം..മുക്കുപണ്ടങ്ങളായ സൗഹൃദങ്ങള്‍..ചതിക്കുഴികള്‍ തീര്‍ത്ത ചങ്ങാത്തങ്ങള്‍..
പെണ്‍ജന്മത്തിന്റെ കണ്ണീര്‍പര്‍വ്വം- അതായിരുന്നു മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസ്സനും.
അതിജീവനത്തിന്റെ പച്ചപ്പുല്‍മേട് തേടിയാണ് ഇന്ത്യയിലെത്തിയത്.ഇവിടെത്തിയപ്പോഴാണ് അക്കരെയാണ് പച്ചയെന്ന് ബോദ്ധ്യമായത്.നിസ്സഹായത..നിരാശത..തിരിച്ചടികളുടെ തീരാപ്പെയ്ത്തുകള്‍...
ദാമ്പത്യത്തകര്‍ച്ചകളുടെ മനംകടച്ചിലുകളില്‍ തളരാതെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ ശ്രമിച്ചതാണ്, ആതിരേ, ഇന്ത്യയില്‍ മറിയം റഷീദയും ഫൗസിയ ഹസ്സനും ചെയ്ത കുറ്റം.പതിമൂന്നുകാരിയായ മകള്‍ സിലാ ഹംദിയെ ബാംഗ്ലൂരിലെ ബാള്‍ഡ്‌വിന്‍ ഗേള്‍സ് ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ച നിമിഷത്തെ,പതിനെട്ട് വര്‍ഷത്തിന് ശേഷവും മറിയവുംഫൗസിയയും ശപിക്കുന്നുണ്ടാകണം.അങ്ങനെ ഒരു ആവശ്യത്തിനായി ഇന്ത്യയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇരുവരുടേയും ജീവിതം മറ്റൊന്നാകുമായിരുന്നു.ആദ്യ ദാമ്പത്ത്യത്തകര്‍ച്ചയുടെ നൊമ്പരമപ്പാടെ ഉള്ളിലൊതുക്കി ഫൗസിയ കഴിഞ്ഞപ്പോള്‍,പ്രതീഷയോടെ വീണ്ടും ദാമ്പത്യത്തെ വരിക്കാനും സഹിക്കാനാവാത്ത തിരിച്ചടികളേറ്റു പിന്‍വാങ്ങാനുമായിരുന്നു മറിയം റഷീദയുടെ വിധി.
ആതിരേ,അപ്പോള്‍ പോലും പേരു ദോഷം കേള്‍പ്പിക്കാതെ നാട്ടില്‍ ജീവിച്ചവരാണ് ഓക്കാനമുണ്ടാക്കുന്ന രതിക്കഥയിലെ നായികമാരാക്കപ്പെട്ടത്..ചോദ്യം ചെയ്യലെന്ന പേരില്‍ പോലീസ് കാമങ്ങളുടെ വൈകൃതങ്ങള്‍ക്കിരയാക്കപ്പെട്ടത്...കഠിനഭേദ്യങ്ങളും പട്ടിണിയും ഉറങ്ങാനനുവദിക്കാത്ത രാത്രികളും അവരെ ഭ്രാന്തിന്റെ ലോകത്തെത്തിക്കാതിരുന്നത് ഉള്ളിലെ നേരിന്റെ വിശുദ്ധി കൊണ്ടായിരുന്നു എന്ന് ഇന്ന് ബോധ്യമാകുന്നു..
അമേരിക്കയുടെ സാമ്രാജ്യത്വ ത്വരയും ഐബിയിലെ ചെകുത്തന്മാരുടെ കാമക്കലിയും ചാരപ്പണിയുമൊക്കെ അത്രയ്ക്കാണ് സാധുക്കളായ ആ രണ്ട് മാലിവനിതകളെ കശക്കിയുടച്ചത്...പെണ്ണായിപ്പിറന്നാല്‍ മണ്ണായിത്തീരുവോളം കണ്ണീരു കുടിക്കണമെന്നത് ഏത് ഈശ്വരന്റെ നിശ്ചയമാണ്? ഈശ്വരന്‍ അമേരിക്കയുടെ അഞ്ചാംപത്തിയും യഥാര്‍ത്ഥ ചാരന്മാരുടെ സംരക്ഷകനും ആയതെങ്ങനെയാണ്.?.ആര്‍ക്കു വേണ്ടിയാണ്..? മറിയം റഷീദയുടെ ഉള്ളില്‍ രോഷത്തിന്റേയും അത്മനിന്ദയുടേയും ലാവ തിളച്ചു മറിഞ്ഞു കൊണ്ടേയിരുന്നു.വിയ്യൂര്‍ സെന്റ്രല്‍ ജയിലില്‍ നിന്ന് തിരുവനന്തപുരം വരെയുള്ള 312 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ഒരായിരം വട്ടം ഈ ചോദ്യങ്ങള്‍ അഗ്നിപര്‍വതങ്ങളായി പ്രാണനില്‍ പൊട്ടുന്നുണ്ടായിരുന്നു.ചെയ്യാത്ത തെറ്റിന്,വന്യമായ ചിന്തകളില്‍ പോലും കടന്നു വന്നിട്ടില്ലാത്ത കാരണങ്ങള്‍ക്കാണല്ലോ ശാരീരികമായും മാനസീകമായും കടിച്ചു കുടയപ്പെട്ടത്.അതവസാനിക്കുന്നില്ലല്ലോ..
ഐബിയിലെ അമേരിക്കന്‍ ചാരന്മാരുടെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത ചാരക്കേസില്‍ നിന്നും അനധികൃത പണമിടപാട് കേസില്‍ നിന്നും,അനുവാദമില്ലാതെ അധിക കാലം ഇന്ത്യയില്‍ കഴിഞ്ഞു എന്ന കേസില്‍ നിന്നും കോടതി ഇരുവരേയും മുക്തരാക്കിയെങ്കിലും വീണ്ടും ജയില്‍ വാസമായിരുന്നു നിയോഗം.
ഇത്രയൊക്കെ അനുഭവിപ്പിച്ചിട്ടും സ്മാര്‍ട്ട് വിജയന്റെ കാമക്കലിയില്‍ നിന്നുയിര്‍ കൊണ്ട പ്രതികാരം അടക്കം കൊണ്ടിരുന്നില്ല, ആതിരേ...അയാള്‍ കൊടുത്ത രണ്ട് മാനനഷ്ടക്കേസിനെതിരെ നല്‍കിയ അന്യായത്തിന്റെ വിധിയറിയാനാണ് മറിയം റഷീദയെ തിരുവനന്തപുരത്ത് കൊണ്ടു വന്നിരിക്കുന്നത്. ഇന്‍ഡ്യ റ്റുഡേയ്ക്കും സാവി മാഗസിനും നല്‍കിയ അഭിമുഖത്തില്‍, സ്മാര്‍ട്ട് വിജയന്റെ കാമമോഹിതങ്ങള്‍ക്ക് വഴങ്ങാതിരുന്നത് കൊണ്ടു മാത്രമാണ് താന്‍ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ടതെന്നും കസ്റ്റഡിയിലിരിക്കേ ചോദ്യം ചെയ്യലെന്ന പേരില്‍ തന്നെ ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കതെ പൂര്‍ണ നഗനായാക്കിനിത്തി തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നുമൊക്കെ ആ അഭിമുഖത്തില്‍ മറിയം വെളിപ്പെടുത്തിയിരുന്നു.
ഊതിപ്പെരുപ്പിച്ചെടുത്ത ചാരക്കഥ കോടതിയില്‍ ചീറ്റിപ്പോയപ്പോള്‍,മറിയവും ഫൗസിയയും കുറ്റമുക്തരായപ്പോള്‍ സ്മാര്‍ട്ട് വിജയന് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ഈ അഭിമുഖം.രണ്ട് മാനനഷ്ടക്കേസാണ് വിജയന്‍ നല്‍കിയത്.അതിനെതിരെ ,വിയ്യൂര്‍ സെന്റ്രല്‍ ജയിലിലെ 431-ാം നമ്പര്‍ വിചാരണത്തടവുകാരി മറിയം റഷീദ നല്‍കിയ അന്യായത്തിന്റെ വിധി പ്രഖ്യാപനമാണ് നടക്കാനിരിക്കുന്നത്.
***************************
സെപ്റ്റംബര്‍ 6 1997
തിരുവനന്തപുരം സെഷന്‍സ് കോടതി
ജഡ്ജ് എം.എ.നിസാര്‍ വിധിപ്രഖ്യാപനത്തിനൊരുങ്ങി..കോടതി മുറിയില്‍ നിശബ്ദതയുടെ ശിശിരം.
ജഡ്ജ് നിസാര്‍ വിധി വായിച്ചു:"പരാതിക്കാരിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു.ഉന്നയിക്കപ്പെട്ട കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ രണ്ട് വര്‍ഷത്തെ തടവാണ്.പരാതിക്കാരി രണ്ട് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണ്.അതു കൊണ്ട് സ്വന്തം ബോണ്ടില്‍ ജാമ്യം അനുവദിക്കാവുന്നതാണ്. പ്രതി ജാമ്യം ലംഘിച്ചാലും അതിനുള്ള തടവ് അനുഭവിച്ചു കഴിഞ്ഞു"
വിജയന്‍ അടക്കമുള്ള കാക്കിധാരികളായ ഔദ്യോഗിക ക്രിമിനലുകള്‍ വീണ്ടും ഞെട്ടി.
സത്യം ഒരിക്കല്‍ കൂടി ഉയര്‍ത്തെഴുന്നേറ്റു.
എന്നിട്ടു മറിയം റഷീദയുടെ മനസ് ആര്‍ദ്രമായില്ല.ക്രിമിനല്‍ കുരുട്ടു ബുദ്ധികളുടെ ഉസ്താദുമാരായ ഐബിയും കേരള പോലീസും എന്തു ചെറ്റത്തരവും കാണിച്ച് തന്നെ അകത്താക്കും,മറിയം ഭയന്നു.ഓര്‍മ്മകളില്‍ ഫൗസിയയുടെ ഗതി ഓടിയെത്തി.ചാര്‍ജ് ചെയ്യപ്പെട്ട എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി ഫൗസിയയെ കുറ്റവിമുക്തയാക്കിയപ്പോള്‍ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചാണ് അവരെ വീണ്ടും ജയിലിലടച്ചത്.മറിയം തന്റെ ആശങ്ക അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.
ജഡ്ജ് നിസാര്‍ മറ്റൊരു വിധി കൂടി പ്രഖ്യാപിച്ചു:" പരാതിക്കാരിക്കെതിരെ നിലവില്‍ മറ്റു കേസുകളൊന്നും ഇല്ലെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ച സ്ഥിതിക്ക് അറസ്റ്റുണ്ടാകുമെന്ന ഭയത്തിന് അടിസ്ഥാനമില്ല. അതു കൊണ്ട് ക്രിമിനല്‍ മിസെല്ലേനിയസ് കേസ് 1538/97 അവസിച്ചതായി കോടതി പ്രഖ്യാപിക്കുന്നു.."
കസ്റ്റഡിയിലെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി മറിയം റഷീദ മന്ദഹസിച്ചു.മൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായി ആശ്വാസത്തിന്റെ മടിത്തട്ടില്‍ മറിയം തലയണച്ചു.
312 കിലോമീറ്റര്‍ മടക്കയാത്രയില്‍ മറിയം റഷീദയുടെ മനസ്സ് പിന്നിട്ട ജീവിതത്തിലെ ലാഘവ മുഹൂര്‍ത്തങ്ങളെ ആശ്ലേഷിക്കുകയായിരുന്നു.ശാന്തിയുടെ താഴ്‌വാരത്തില്‍ പൂത്ത തങ്കക്കിനാക്കളെ മാടി വിളിക്കുകയായിരുന്നു....
പോലീസ് വാഹനം വഴിയില്‍ നിര്‍ത്തിയതും പോലീസുകാര്‍ ലഘുഭക്ഷണം കഴിക്കാന്‍ പോയതുമൊന്നും മറിയം റഷീദ അറിഞ്ഞതേയില്ല.ചായ വേണോ എന്ന ചോദ്യം ആവര്‍ത്തിച്ചു കേട്ടപ്പോഴാണ് കിനാവിന്റെ ലോകത്ത് നിന്ന് മറിയം മടങ്ങി വന്നത്.കൂട്ടത്തില്‍ മനുഷ്യപ്പറ്റുള്ള വനിതാപോലീസ് ചാരത്ത്.
" വേണം" മറിയം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ വലത് കാല്‍ മുട്ടിലെ നീര്‍ക്കെട്ടും വേദനയും അവരെ പിന്നാക്കം വലിച്ചു.
" കാല് വല്ലാതെ നോവുന്നു.ചായ ഇങ്ങോട്ട്.."
സഹാനുഭൂതിയുടെ കാക്കി രൂപം ചായ വാങ്ങിക്കൊണ്ടു വന്നു.
തുടര്‍ന്നുള്ള യാത്രയില്‍ കിനാവുകളല്ല കൊടും നോവിന്റെ ഭൂതകാലസ്മരണകളാണ്‍ മറിയം റഷീദയുടെ പ്രജ്ഞയില്‍ തിളച്ചത്.
**************************
നെറികെട്ട ചോദ്യം ചെയ്യലിന്റെ അശ്ലീലാവര്‍ത്തനം..നിസഹായയായ സ്ത്രീയുടെ നഗ്നതയാസ്വദിക്കുന്ന ആഭാസത്തരം ..ഭൂമി പിളര്‍ന്നെങ്കിലെന്ന് ആശിച്ച നിമിഷങ്ങള്‍.
പൂര്‍ണ നഗ്നയായി നില്‍ക്കുന്ന മറിയം റഷീദയ്ക്കരികിലേയ്ക്ക് വഷളനായ ആ ഐബി ഉദ്യോഗസ്ഥന്‍ വീണ്ടുമെത്തി.ചില ഫോട്ടോഗ്രഫുകള്‍ അയാളുടെ കൈവശമുണ്ടായിരുന്നു.രമണ്‍ ശ്രിവാസ്തവയുടെ ചിത്രങ്ങള്‍
" ഇയാളല്ലേ നിങ്ങളെ ആര്‍മി ക്ലബ്ബില്‍ കൊണ്ടു പോയ ബ്രിഗേഡിയര്‍ ശ്രിവാസ്തവ? "
ആദ്യം കാണുന്ന ചിത്രങ്ങള്‍.തികച്ചും അപരിചിതനായ വ്യക്തി.
" അല്ല" മറിയം റഷീദ പറഞ്ഞു.
" ആണ്" വഷളച്ചിരിയോടെ അയാള്‍ തുടര്‍ന്നു." ഞങ്ങള്‍ക്ക് നിങ്ങളെയല്ല .ഇവിടെയുള്ള ചാരന്മാരെയാണ്. വേണ്ടത് .നിങ്ങളിത് സമ്മതിച്ചാല്‍ നിങ്ങളെ ഞങ്ങള്‍ വെറുതേ വിട്ടേക്കാം"
"ഞാനെന്തിന് സമ്മതിക്കണം?എന്താണ് ഞാന്‍ ചെയ്ത കുറ്റം?നിങ്ങളുടെ ഇന്‍സ്പക്ടര്‍ക്ക് വഴങ്ങാതിരുന്നതോ?അതിനാണോ എന്നെ നഗനയാക്കി നിര്‍ത്തിയിരിക്കുന്നത്..? അതിനാണോ എനിക്കു ഭക്ഷണം തരാതെ,എന്നെ ഉറങ്ങാന്‍ അനുവദിക്കാതെ കൊല്ലാക്കൊല ചെയ്യുന്നത്..?നിങ്ങള്‍ പറയുന്നതൊന്നും ഞാന്‍ സമ്മതിക്കില്ല..എന്തു വന്നാലും.."മറിയം റഷീദ രോഷം കൊണ്ടിരമ്പുന്ന ആഗ്നേയശൈലമായിരുന്നു,അപ്പോള്‍.വേറെയും ചിലത് പറയാന്‍ മനസ്സൊരുമ്പെട്ടതാണ്.പക്ഷെ പൊട്ടിക്കരച്ചിലില്‍ മറിയം അടിയിടറി വീണു.
" ഇല്ലെങ്കില്‍ വേണ്ട.ഇവള്‍ടെ അമ്മേം കൊച്ചിനേം കൊണ്ടുവാ.. ഈ കൂത്തിച്ചിയെ അവരുടെ മുന്നിലിട്ട് റേപ്പ് ചെയ്താലെ ഇവളടങ്ങുകയുള്ളെന്നു തോന്നുന്നു.." വഷളന്‍ ഉദ്യോഗസ്ഥന്റെ അറുവഷളന്‍ ഉത്തരവ്.
പറഞ്ഞ് തീരും മുന്‍പ് ഇരുമ്പ് ദണ്ഡ് കൊണ്ടയാള്‍ മറിയം റഷീദയുടെ വലത് മുട്ടില്‍ ആഞ്ഞു പ്രഹരിച്ചു.
അടിതെറ്റി കൊടിയ വേദനയില്‍ മറിയം നിലത്തേയ്ക്ക് വീണു.
പിന്നെ അവര്‍ ആവശ്യപ്പെട്ടതു പോലെ തന്നെ വീഡിയോയ്ക്ക് മുന്നില്‍ മൊഴി നല്‍കി
***********
സാരിക്ക് മുകളിലൂടെ കാല്‍മുട്ടിലെ നീര്‍ക്കെട്ടില്‍ മറിയം റഷീദ വിരലോടിച്ചു.ഇല്ല ഈ നീര്‍ക്കെട്ട് ചികിത്സിച്ച് ഭേദപ്പെടുത്തില്ല.നിരപരാധിയായ രമണ്‍ ശ്രിവാസ്തവയ്ക്കെതിരെ നട്ടാല്‍ക്കുരുക്കാത്ത കള്ളം പറഞ്ഞതിന് ഈ വേദന പ്രായശ്ചിത്തമാകട്ടെ...മറിയം സ്വയം പറഞ്ഞു.അപ്പോള്‍ കാല്‍മുട്ടിലെ വേദന നിസാരമാകുന്നതായി അവര്‍ക്ക് തോന്നി.
തിരികെ സെല്ലിലെത്തിയ മറിയം റഷീദയെ സ്വീകരിക്കാന്‍ ഫൗസിയയുണ്ടായിരുന്നു; അവരുടെ കൈയ്യില്‍ രണ്ട് കത്തുകളുണ്ടായിരുന്നു.ഒന്ന് ബ്രൗണ്‍ കവറിലും മറ്റൊന്ന് വെള്ളക്കവറിലും.
ബ്രൗണ്‍ കവര്‍ തുറന്ന് മറിയം റഷീദ വായിച്ചു.
പൂര്‍ത്തിയാക്കും മുന്‍പേ അവര്‍ ബോധരഹിതയായി..
മറിയത്തെ തന്റെ മാറോട് ചേര്‍ത്ത് പിടിച്ച് ഫൗസിയ ആ കത്തു വായിച്ചെടുത്തു.
-ദേശീയ സുരക്ഷാനിയമപ്രകാരം ഒരു വര്‍ഷം കൂടി മറിയം റഷീദയ്ക്ക് തടവ്...
മറിയത്തിന്റെ കണ്ണീരില്‍ ഫൗസിയയുടെ മാറിടം കുതിര്‍ന്നു.
ഫൗസിയ മറ്റേ കവര്‍ പൊട്ടിച്ച് വായിച്ചു കേള്‍പ്പിച്ചു:"പ്രിയപ്പെട്ട അമ്മയ്ക്ക്,എന്തൊക്കെയാണ് വിശേഷങ്ങള്‍.എനിക്കിവിടെ സുഖമാണ്.എനിക്കൊരു പുതിയ കൂട്ടുകാരിയെ കിട്ടി.എന്നാണമ്മ തിരിച്ചു വരുന്നത്?അടുത്ത കത്തില്‍ വരുന്ന സമയം അറിയിക്കണം.അമ്മയെ കൂട്ടാന്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ വരാം.അമ്മയുടെ അസുഖം എങ്ങനെയുണ്ട്?കുറഞ്ഞോ?എന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്..?ഒറ്റയ്ക്ക് കഴിയാന്‍ എനിക്ക് പേടിയാ..എന്നാണമ്മ തിരിച്ചു വരുന്നത്..വേഗം വാ അമ്മേ..എനിക്കമ്മയെ കാണണം..ചക്കരയുമ്മകളോടെ അമ്മയുടെ നിഷ.."
" ഞാനിവിടെ ഹോസ്പിറ്റലിലാണെന്നാണവള്‍ വിശ്വസിക്കുന്നത്..പാവം..പാവം എന്റെ മോള്‍.."
മറിയം റഷീദയുടെ ഏങ്ങലടികളുടെ നെറുകിലേയ്ക്ക് ഫൗസിയ ഹസ്സന്റെ മിഴീനീരിറ്റിക്കൊണ്ടേയിരുന്നു
(തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment