Thursday, November 15, 2012
ഓപ്പറേഷന്‍ ശ്രീവാസ്തവ
വ്യക്തിവിദ്വേഷവും അധികാര കൊതിയും ലൈംഗിക ആസക്തിയും ഒക്കെ ഇതില്‍ ഊടും പാവുമായിട്ടുണ്ട്. ഇത്തരം നികൃഷ്ട താല്‍പര്യങ്ങളുള്ള ചെന്നായ്ക്കളാണ് ഒരു തെറ്റും ചെയ്യാത്ത ശാസ്ത്രജ്ഞന്മാരെയും മാലിക്കാരായ രണ്ട് യുവതികളെയും രമണ്‍ ശ്രീവാസ്തവ അടക്കമുള്ള മറ്റുള്ളവരെയും ചാരക്കേസില്‍ പ്രതികളാക്കി കടിച്ച് കുടഞ്ഞ് രസിച്ചത്. ഇതില്‍ മാധ്യമങ്ങളുടെ പങ്ക് നിഷേധിക്കാനാവില്ല. സത്യം തെളിയിക്കാനും നീതിക്കുവേണ്ടി നിലകൊള്ളാനും നിര്‍ബന്ധിതമായിട്ടുള്ള മാധ്യമങ്ങള്‍ ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ കാര്യത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന അഞ്ചാംപത്തികളായി അധപതിക്കുകയായിരുന്നു.
ആതിരേ, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കുതിപ്പിനെയും ക്രയോജനിക്ക് റോക്കറ്റ് നിര്‍മ്മാമ മേഖലയിലെ മികവിനെയും ചിതറിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ത്വര കണ്ടെത്തിയ കുറുക്കു വഴിയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ അതീവ കൗശലത്തോടെ ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയെയും റോയെയും കേരള പോലീസിനെയും ഉപയോഗിച്ച് സര്‍ജിക്കല്‍ പ്രിസഷനോടെയാണ് നടപ്പിലാക്കിയത്. അതിന്റെ പ്രകടനപരതയായിരുന്നു മലയാള മാധ്യമങ്ങളില്‍ നിറഞ്ഞ രതിക്കഥകള്‍.
ഇല്ലാക്കഥകളിലൂടെ ഒരു രാഷ്ട്രത്തിന്റെ ശാസ്ത്രസാങ്കേതിക മേഖലയിലെ കുതിപ്പിനെ ഛിന്നഭിന്നമാക്കാന്‍, ഇന്ത്യയിലെ മികച്ച അന്വേഷണ സംവിധാനങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐബിയിലെയും റോയിലെയും ചാരന്മാരാണ് അമേരിക്കക്കയ്ക്ക് കൂട്ടു നിന്നത്. ഒരു തിരക്കഥയുണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ അഭിനേതാക്കളെ കണ്ടെത്തുന്ന രീതിയില്‍ തന്നെയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണവും തെളിവെടുപ്പും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കലും.
വ്യക്തിവിദ്വേഷവും അധികാര കൊതിയും ലൈംഗിക ആസക്തിയും ഒക്കെ ഇതില്‍ ഊടും പാവുമായിട്ടുണ്ട്. ഇത്തരം നികൃഷ്ട താല്‍പര്യങ്ങളുള്ള ചെന്നായ്ക്കളാണ് ഒരു തെറ്റും ചെയ്യാത്ത ശാസ്ത്രജ്ഞന്മാരെയും മാലിക്കാരായ രണ്ട് യുവതികളെയും രമണ്‍ ശ്രീവാസ്തവ അടക്കമുള്ള മറ്റുള്ളവരെയും ചാരക്കേസില്‍ പ്രതികളാക്കി കടിച്ച് കുടഞ്ഞ് രസിച്ചത്. ഇതില്‍ മാധ്യമങ്ങളുടെ പങ്ക് നിഷേധിക്കാനാവില്ല. സത്യം തെളിയിക്കാനും നീതിക്കുവേണ്ടി നിലകൊള്ളാനും നിര്‍ബന്ധിതമായിട്ടുള്ള മാധ്യമങ്ങള്‍ ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ കാര്യത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന അഞ്ചാംപത്തികളായി അധപതിക്കുകയായിരുന്നു.
ആതിരേ,ചാരക്കേസില്‍ അന്ന് ദക്ഷിണമേഖല ഐജിയായിരുന്ന രമണ്‍ശ്രീവാസ്തവയെ കേന്ദ്രകഥാപാത്രമാക്കിയത് കേരളകൗമുദിയുടെ അന്നത്തെ എഡിറ്റര്‍ എം.എസ്.മണിക്ക് രമണ്‍ശ്രീവാസ്തവയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമായിരുന്നു. കേരള കൗമുദിയുടെ സ്വത്ത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ നിന്ന് ഉയര്‍ന്ന നിയമനടപടികളില്‍ മുഖം നോക്കാതെ, നിഷ്പക്ഷനായി നീതി നിര്‍വ്വഹണം നടത്തിയതാണ് രമണ്‍ ശ്രീവാസ്തവ ചെയ്ത തെറ്റ്. കോടതി വിധി അനുസരിച്ച് എം.എസ്.മണിയെ കേരള കൗമുദി ഓഫീസില്‍ നിന്ന് ഇറക്കിവിട്ട് സഹോദരന്‍ എം.എസ്.മധുസൂദനന് അവസരം ഒരുക്കിയതാണ് മണിയുടെ ക്രോധത്തിനും പ്രതികാരത്തിനും കാരണം.
അവിടെ നിന്ന് ആരംഭിക്കുന്നു ഓപ്പറേഷന്‍ ശ്രീവാസ്തവ.
1994 ഒക്ടോബര്‍ 22-ാം തീയതി കേരള കൗമുദിയാണ് രമണ്‍ ശ്രീവാസ്തവയ്ക്ക് ചാരക്കഥയില്‍ പങ്കുണ്ടെന്ന ഞെട്ടിക്കുന്ന ആദ്യം പുറത്തു വിട്ടത്. തുടര്‍ന്ന് മറ്റു മാധ്യമങ്ങളും, ഐബിയില്‍ നിന്ന് ചോര്‍ന്നു കിട്ടിയ വാര്‍ത്തകളുടെ ചുവടുപിടിച്ച് അടിസ്ഥാന രഹിതവും അശ്ലീലവുമായ കഥകളാണ് രമണ്‍ ശ്രീവാസ്തവയുടെ പേരില്‍ വായനക്കാരില്‍ എത്തിച്ചത്. ഇന്ത്യന്‍ എക്സ്പ്രസിന്റെ മുന്‍പേജിലെ സ്കൂപ്പ് സ്റ്റോറി- "ചാരക്കേസ് ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരായ വല മുറുകുന്നു"- പ്രസിദ്ധീകരിച്ചതോടെ രമണ്‍ ശ്രീവാസ്തവയ്ക്ക് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥ ഐബി സൃഷ്ടിച്ചെടുത്തു.
ഇന്ത്യന്‍ എക്സ്പ്രസിലെ വാര്‍ത്ത വായിച്ച രമണ്‍ ശ്രീവാസ്തവയുടെ പിതാവും റിട്ടയേര്‍ഡ് ഐജിയുമായ .......... അയുക്തിപരവും നീതിരഹിതവുമായ ഒരു നടപടിയും ശ്രീവാസ്തവയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഉപദേശിച്ചിരുന്നു. അതേസമയം, നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാളയെ അതിന്റെ കൊമ്പില്‍ പിടിച്ച് കീഴടക്കാന്‍ തന്നെ ശ്രീവാസ്തവ തീരുമാനിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്ത് മാധ്യമങ്ങള്‍ക്ക് കൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനായി ഡിജിപി മധുസൂദനന്റെ അനുവാദം വാങ്ങി. പിന്നീട് തന്റെ വിശദീകരണം ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, അന്ന് ഔദ്യോഗിക ടൂറിലായിരുന്ന മുഖ്യമന്ത്രി കെ.കരുണാകരന്‍ തിരിച്ചു വരുന്നതുവരെ കാത്തിരിക്കാനായിരുന്നു ഡിജിപിയുടെ ഉപദേശം.
എന്നാല്‍, മുഖ്യമന്ത്രി കരുണാകരന്‍ തിരിച്ചെത്തുന്നതിന് മുന്‍പ് സിബിഐ ഓഫീസര്‍മാര്‍ തിരുവനന്തപുരത്ത് വിമാനം ഇറങ്ങി. അന്വേഷണം സിബിഐ ഏറ്റെടുത്തു. അതുകൊണ്ട് രമണ്‍ ശ്രീവാസ്തവയുടെ വിശദീകരണം മാധ്യമങ്ങള്‍ക്ക് ലഭിക്കാതെ പോയി.
ഇന്റലിജന്‍സ് ബ്യൂറോയിലെ ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണും സംഘവും ശ്രീവാസ്തവയെ കുടുക്കാനും ചോദ്യം ചെയ്ത് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാനും പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും സാധിക്കാതെ പോയി. എന്നാല്‍, സിബിഐ രണ്ടുവട്ടം രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്തു. ആദ്യവട്ടം എം.എല്‍.ശര്‍മ്മയും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍ പി.എം.നായരും ചേര്‍ന്നാണ് രമണ്‍ ശ്രീവാസ്തവയെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംമ്പില്‍ വച്ച് ചോദ്യം ചെയ്തത്.
സിബിഐയില്‍ ഭീകരവാദികളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന സെല്ലിന്റെ തലവനായ ശര്‍മ്മ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനാണെന്ന് രമണ്‍ ശ്രീവാസ്തവ നേരത്തെ കേട്ടിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലില്‍ സംഭവങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാതെ പൊതുവായ കാര്യങ്ങളാണ് എം.എല്‍.ശര്‍മ്മ രമണ്‍ ശ്രീവാസ്തവയോട് തിരക്കിയത്.
ഭയന്നതുപോലെ ഒന്നും സംഭവിക്കാതിരുന്നതുകൊണ്ട് സംഘര്‍ഷം ഒഴിഞ്ഞ മനസ്സുമായിട്ടാണ്, ആതിരേ, സിആര്‍പിഎഫ് ക്യാമ്പില്‍ നിന്ന് രമണ്‍ ശ്രീവാസ്തവ തിരിച്ച് വീട്ടിലേക്ക് പോയത്. എന്നാല്‍, ഈ ശാന്തത, ലാഘവത്വം ആറുദിവസം പോലും നിലനിന്നില്ല. അപ്പോഴേക്കും രണ്ടാമത്തെ സംഘം രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്യാന്‍ തിരുവനന്തപുരത്ത് എത്തി. ഇത്തവണ ആര്‍.സി.ശര്‍മ്മയും സിബിഐയിലെ സൂപ്രണ്ട് അശോക് കുമാറുമാണ് രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു രണ്ടാംവട്ട ചോദ്യം ചെയ്യല്‍.
ഈ ചോദ്യം ചെയ്യല്‍ ക്രൂരവും രമണ്‍ ശ്രീവാസ്തവ എന്ന പോലീസ് ഓഫീസറുടെ എല്ലാ ഡിഗ്നിറ്റിയും ചീന്തിയെറിയുന്നതും അദ്ദേഹത്തെ ചാരക്കഥയിലെ അവിഭാജ്യ ഘടകമാണെന്ന് വരുത്തി തീര്‍ക്കാനും ഉള്ളതായിരുന്നു.
* * * *
മുഖത്തടിക്കുന്നതുപോലെയായിരുന്നു ആര്‍.സി.ശര്‍മ്മയുടെ ചോദ്യങ്ങള്‍. സിബിഐയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള മൂര്‍ച്ഛയും രൂക്ഷതയും ഈ ചോദ്യങ്ങള്‍ക്ക് ഉണ്ടായിരുന്നു. നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാതെ ഒറ്റവാക്കില്‍ ഉത്തരങ്ങള്‍ തേടിക്കൊണ്ടുള്ള ഒരു ഗിമ്മിക്കായിരുന്നു ആര്‍.സി.ശര്‍മ്മ അവലംബിച്ചത്.
"ഫൗസിയ ഹസനും മറിയം റഷീദയും ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരുമെല്ലാം സമ്മതിച്ചിട്ടുണ്ട്. നിങ്ങള്‍ ചാരസംഘത്തിലെ മുതിര്‍ന്ന ഓഫീസറായിരുന്നു എന്ന്."
രമണ്‍ശ്രീവാസ്തവയുടെ ഓര്‍മ്മകള്‍ പിന്നിലേക്ക് മറിഞ്ഞു. അപ്പോള്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി.ആര്‍.രാജീവനായിരുന്നു ഫോണിന്റെ അങ്ങേ തലയ്ക്കല്‍. മറിയം റഷീദ എന്ന മാലിക്കാരിയെ അനുവാദമില്ലാതെ കേരളത്തില്‍ തങ്ങിയതിന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഐബിയുടെയും റോയുടെയും സ്പെഷല്‍ ബ്രാഞ്ചിന്റെയും ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് എന്തോ ചാരപ്രവര്‍ത്തനം ഉണ്ടെന്നാണ് മനസ്സിലായത്. അതുകൊണ്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്" എന്നായിരുന്നു രാജീവന്റെ ഫോണ്‍കോള്‍.
ഇത്തരം കേസുകളില്‍ സ്വാഭാവികമായും ഉന്നത പോലീസ് ഓഫീസര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ ചോദ്യം ചെയ്യലുമായി മുന്നോട്ടുപോകാനായിരുന്നു രമണ്‍ ശ്രീവാസ്തവ രാജീവനോട് പറഞ്ഞത്. അന്നാണ് ആദ്യമായി മറിയം റഷീദ എന്ന പേരുപോലും കേള്‍ക്കുന്നത്. പിറ്റേന്ന് കേരള കൗമുദി രമണ്‍ശ്രീവാസ്തവയെ ചാരക്കേസിലെ കേന്ദ്ര കഥാപാത്രമാക്കിയപ്പോഴും വളരെ ലാഘവത്വത്തോടെയാണ് അദ്ദേഹം ആ വാര്‍ത്തയെ കണ്ടത്. സഹപ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കെതിരെ നിയമനടപടി എടുക്കണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിര്‍ബന്ധിച്ചപ്പോഴും അടിസ്ഥാന രഹിതമായ, സത്യവിരുദ്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു രമണ്‍ ശ്രീവാസ്തവയ്ക്ക് എന്നു മാത്രമല്ല, തന്റെ പേര് ചാരക്കഥയുമായി ബന്ധപ്പെട്ട് ഒരു പത്രം കൂട്ടിയിണക്കിയതുകൊണ്ട് ഈ കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഡിജിപിയെ നേരിട്ട് കണ്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പുറത്തുവന്ന വാര്‍ത്തകള്‍ അത്രമാത്രം അബദ്ധജഡിലവും അസത്യവും ആണെന്ന് രമണ്‍ ശ്രീവാസ്തവയ്ക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സത്യം ഉടന്‍ തെളിയുമെന്നും രമണ്‍ ശ്രീവാസ്തവ വിശ്വസിച്ചു. പക്ഷേ...
* * * *
വീണ്ടും ആര്‍.സി.ശര്‍മ്മയുടെ ചോദ്യം ഉയര്‍ന്നു.
"ഇല്ല എനിക്ക് ഇവരെ ആരെയും അറിയില്ല."
"മദ്രാസിലെ ലൂസിയ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ചല്ലേ ഇവരെ കണ്ടത്?"
"ലൂസിയ ഹോട്ടലിന്റെ ഉടമ എന്റെ സുഹൃത്താണ്. പക്ഷേ, മദ്രാസിലെ ലൂസിയ ഹോട്ടലില്‍ പോയിട്ടില്ല. ഇവരെ ആരെയും ലൂസിയ ഹോട്ടലില്‍ വച്ച് കണ്ടിട്ടുമില്ല."
"ബാംഗ്ലൂരിലെ ആര്‍മി ക്ലബില്‍ വച്ച് ഇവരെ കണ്ടിട്ടില്ലേ?"
"ഞാന്‍ ഒരിക്കലും അവിടെ പോയിട്ടില്ല."
"നിങ്ങള്‍ ഇടയ്ക്കെല്ലാം കോട്ട് ധരിക്കാറുണ്ട്. അല്ലേ?"
"എനിക്ക് കോട്ട് ഇല്ല. ഞാന്‍ സാധാരണ സഫാരി ഷര്‍ട്ടും പാന്റ്സും ആണ് ഉപയോഗിക്കുക. ഷില്ലോങ്ങില്‍ പരിശീലന കാലത്താണ് ഞാന്‍ കോട്ട് ഉപയോഗിച്ചിട്ടുള്ളത്."
"നമ്പി നാരായണനെ നല്ല പരിചയമുണ്ടല്ലേ? പലവട്ടം അയാളുടെ വീട്ടില്‍ പോയിട്ടില്ലേ?"
"ഇല്ല. പരിചയമില്ല. എന്നാല്‍, അയാളെക്കുറിച്ച് വാര്‍ത്തകളില്‍ നിന്ന് ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെയും അദ്ദേഹത്തിന്റെയും ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിനും ചിലപ്പോള്‍ എന്നെ അറിയാമായിരിക്കും."
"അവരെല്ലാം നിങ്ങളെ അറിയുമെന്ന് പറയുന്നതോ?"
"അതൊരു ഗൂഢാലോചനയായിരിക്കണം."
"ആരുടെ?"
"അത് എനിക്കറിയില്ല. പക്ഷേ, എനിക്ക് കുറേ ശത്രുക്കളുണ്ട്."
"ആരെല്ലാം?"
ഒരു നിമിഷം രമണ്‍ ശ്രീവാസ്തവ ആലോചനയില്‍ മുഴുകി. ലോക്കല്‍ പോലീസിലും ഐബിയിലും സ്പെഷല്‍ ബ്രാഞ്ചിലുമുള്ള തന്റെ ശത്രുക്കളുടെ എണ്ണം എടുത്തു. ലിസ്റ്റ് നീണ്ട് നീണ്ടുപോയപ്പോള്‍ രമണ്‍ ശ്രീവാസ്തവയ്ക്കു തന്നെ ചിരി വന്നു.
"ചോദിച്ചത് കേട്ടില്ല.?"
"ഐബിയിലെ മാത്യു ജോണിന് എന്നോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. അതുകൊണ്ടാണല്ലോ എന്നെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കാതിരുന്ന ഡിജിപിയോട് ക്ഷോഭിച്ചതും ദേശീയ സുരക്ഷാ നിയമം അനുസരിച്ച് എന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതും."
"ഐബി നിങ്ങളുടെ ഡിജിപിയെ ഭീഷണിപ്പെടുത്തിയെന്നോ?" ശര്‍മ്മയുടെ ചുണ്ടില്‍ ഒരു പുച്ഛച്ചിരി വിരിഞ്ഞു. അയാള്‍ കസേര കുറച്ചുകൂടി ശ്രീവാസ്തവയ്ക്ക് അടുത്തേയ്ക്ക് നീക്കി. പിന്നെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
"ഫൗസിയ നിങ്ങള്‍ക്ക് എത്ര ലക്ഷം ഡോളറാണ് തന്നിട്ടുള്ളത്?"
"ഒന്നും തന്നിട്ടില്ല."
"ശശികുമാരനും ചന്ദ്രശേഖര്‍ക്കുമൊപ്പം ബുള്ളറ്റ് പ്രൂഫ് വസ്ത്രം നിര്‍മ്മിക്കാനുള്ള പരിപാടി എവിടംവരെയായി?"
"എനിക്കറിയില്ല. ഈ പേരു പറഞ്ഞവരെ എനിക്ക് പരിചയവുമില്ല."
"14 കോടി രൂപയുടെ മുതല്‍മുടക്കുള്ള ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ ഉണ്ടാക്കാനുള്ള പ്രോജക്ടിന് നിങ്ങള്‍ മൂന്നുപേരും നാലുകോടി രൂപ വീതം മുടക്കിയിട്ടില്ലേ?"
"14 കോടിയോ ഈശ്വരാ..."
"നിങ്ങളുടെ കൈയ്യില്‍ ഏതെല്ലാം ആയുധങ്ങളാണ് ഉള്ളത്?"
"1981-ല്‍ ഞാന്‍ .22 റൈഫിള്‍ സിംഗപ്പൂരില്‍ നിന്ന് വാങ്ങിയിരുന്നു. അത് തൃശൂരിലെ ഒരു ആയുധ വില്‍പ്പന ശാലയ്ക്ക് 8000 രൂപയ്ക്ക് വിറ്റു. പിന്നീട് ഒരു പിസ്റ്റള്‍ വാങ്ങി. അത് 3000 രൂപയ്ക്കും വിറ്റു."
".30 അമേരിക്കന്‍ റൈഫിള്‍ എവിടെ?"
"അത് എന്റെ പിതാവിന്റെ സ്വന്തമാണ്. അരുണാചല്‍ പ്രദേശില്‍ ഐജിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചതാണ്. അത് എനിക്ക് സമ്മാനമായി കിട്ടിയിട്ടുണ്ട്. ഞാന്‍ അത് സൂക്ഷിക്കുന്നുമുണ്ട്. കൂടാതെ, എനിക്കും ഭാര്യക്കും ഓരോ ഗണ്‍ ഉണ്ട്. അവയ്ക്ക് ലൈസന്‍സുമുണ്ട്."
രൂക്ഷമായ നോട്ടത്തോടെ ആര്‍.സി.ശര്‍മ്മ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ബാംഗ്ലൂരില്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ച് അദ്ദേഹം മുറി വിട്ടിറങ്ങി.
നാളെ: മറിയം റഷീദ രമണ്‍ ശ്രിവാസ്തവയെ തിരിച്ചറിഞ്ഞപ്പോള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment