Friday, November 16, 2012

മറിയം റഷീദ രമണ്‍ ശ്രീവാസ്തവയെ തിരിച്ചറിഞ്ഞപ്പോള്‍

അപ്പോഴാണ്‌ ചാരക്കഥയ്ക്ക്‌ കൊഴുപ്പും മാദകത്വവുമേകിയ മറിയ റഷീദയെ ആ മുറിയിലേക്ക്‌ കൊണ്ടു വന്നത്‌. ഇയാളെ അറിയുമോ എന്ന്‌ ചോദിക്കുന്നതിന്‌ മുന്‍പു തന്നെ "ഇത്‌ രമണ്‍ ശ്രീവാസ്തവയല്ലേ" എന്ന്‌ മറിയം റഷീദയുടെ അത്ഭുതം കലര്‍ന്ന ചോദ്യം ഉയര്‍ന്നു. രമണ്‍ ശ്രീവാസ്തവയുടെ ഹൃദയമിടിപ്പ്‌ ഒരു നിമിഷത്തേക്ക്‌ നിന്നുപോയത്‌ പോലെ. തൊണ്ട വരണ്ടു. ഭാര്യ അഞ്ജലിയുടെയും മക്കളായ ജിത്തുവിന്റെയും ഋതുവിന്റെയും മുഖം ഓര്‍മ്മകളില്‍ മിന്നി മറഞ്ഞു. താന്‍ കുടുങ്ങി എന്ന്‌ തന്നെ രമണ്‍ ശ്രീവാസ്തവ വിശ്വസിച്ചു. എന്നാല്‍, വീണ്ടും മറിയം റഷീദ എല്ലാവരേയും ഞെട്ടിച്ചു "ഇന്‍സ്പെക്ടര്‍ വിജയന്‍ (സ്മാര്‍ട്ട്‌ വിജയന്‍) ഫോട്ടോകള്‍ കാണിച്ച്‌ എന്നെ പരിചയപ്പെടുത്തിയതാണ്‌. യൂണിഫോമിലുള്ളതും അല്ലാത്തതുമായ ഫോട്ടോകള്‍ കാണിച്ച്‌ രമണ്‍ ശ്രീവാസ്തവയെ പരിചയപ്പെടുത്തുകയും ആവശ്യപ്പെടുമ്പോള്‍ പരിചയമുണ്ടെന്ന്‌ പറയണമെന്ന്‌ നിര്‍ബന്ധിക്കുകയും ചെയ്തു. പറ്റില്ലെന്ന്‌ പറഞ്ഞപ്പോള്‍ എന്റെ വലതു മുട്ട്‌ അവര്‍ അടിച്ചു തകര്‍ത്തു." മറിയം റഷീദയുടെ വാക്കുകളില്‍ മിഴിനീരുപ്പ്‌ പടര്‍ന്നു.
ആതിരേ, അമേരിക്കന്‍ താല്‍പര്യത്തിന്‌ മെനഞ്ഞെടുത്ത ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ അന്വേഷണത്തില്‍ ലോക്കല്‍ പോലീസും സ്പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സ്‌ ബ്യൂറോയും റോയും നിയമലംഘനത്തിന്റെ വഴികളിലൂടെയാണ്‌ ചോദ്യം ചെയ്യല്‍ നടത്തിയതെങ്കില്‍ മാന്യവും ഉന്നതവുമായ രീതിയിലായിരുന്നു സിബിഐയുടെ ചോദ്യം ചെയ്യലുകള്‍. ചാരക്കഥയില്‍ ഐബി വിളക്കിച്ചേര്‍ത്ത കഥാപാത്രങ്ങളെക്കുറിച്ചുള്ള കള്ളക്കഥകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തും അവരെ മൂന്നാംമുറയ്ക്ക്‌ വിധേയരാക്കിയും ഐബിയും കേരള പോലീസും സ്പെഷല്‍ ബ്രാഞ്ചും നീതി നിഷേധത്തിന്റെ അര്‍മ്മാദങ്ങളായപ്പോള്‍ ഒരു പോലീസ്‌ ഓഫീസര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെയും മാന്യതയോടെയുമാണ്‌ സിബിഐ രമണ്‍ ശ്രീവാസ്തവയോട്‌ പെരുമാറിയത്‌. കൂടുതല്‍ ചോദ്യം ചെയ്യാനായി രമണ്‍ ശ്രീവാസ്തവയെ സിബിഐ മദ്രാസിലെ മല്ലികൈയിലേയ്ക്ക്‌ വിളിപ്പിച്ച വിവരം ഐബി മലയാളത്തിലെ പത്രങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കി. ഐബി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനപരമായി വികലമായിരുന്നുവെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ കഥകള്‍ മെനയാനാണ്‌ അന്നത്തെ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ ഉത്സാഹം കാണിച്ചത്‌. രാജീവ്‌ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള ഭീകരവാദികളെ പാര്‍പ്പിച്ചിട്ടുള്ള ജയിലില്‍ വച്ച്‌ രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലും കാണും എന്ന നിഗമനത്തിലായിരുന്നു വാര്‍ത്തകള്‍ പടച്ചുവിട്ടത്‌. അതുകൊണ്ട്‌ തന്നെ ആ വാര്‍ത്തയില്‍ വസ്തുതാപരമായ തെറ്റുകള്‍ സംഭവിക്കുകയും ചെയ്തു. ചാരക്കേസുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ച്‌ അന്ന്‌ മലയാള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച എല്ലാ ഇക്കിളികഥകള്‍ക്കും ഈ വൈകല്യം സംഭവിച്ചിരുന്നു. എന്നാല്‍, ലേഖകരോ വായനക്കാരോ അത്തരം സാങ്കേതിക തെറ്റുകള്‍ ശ്രദ്ധിക്കാതെ ചാരക്കഥ സൃഷ്ടിച്ച ഉന്മാദത്തില്‍ അഭിരമിക്കുകയായിരുന്നു. (കൂടുതല്‍ ചോദ്യം ചെയ്യാന്‍ രമണ്‍ ശ്രീവാസ്തവയോട്‌ ബാംഗ്ലൂരിലേക്ക്‌ ചെല്ലാന്‍ സിബിഐ ആവശ്യപ്പെട്ടു എന്ന്‌ ഇന്നലെ സൂചിപ്പിച്ചത്‌ തെറ്റാണ്‌.) രമണ്‍ ശ്രീവാസ്തവയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ തമിഴ്‌നാട്ടിലേക്ക്‌ വിളിപ്പിച്ചത്‌ ചാരകേസില്‍ അദ്ദേഹത്തിനുള്ള നിര്‍ണ്ണായകമായ പങ്ക്‌ സിബിഐക്ക്‌ ബോധ്യമായതുകൊണ്ടാണെന്നും കേരളത്തിന്‌ പുറത്ത്‌ വച്ച്‌ ചോദ്യം ചെയ്താലെ വസ്തുതകള്‍ രമണ്‍ ശ്രീവാസ്തവ വെളിപ്പെടുത്തുകയുള്ളൂ എന്നുമൊക്കെയായിരുന്നു പത്രവാര്‍ത്തകള്‍. ഇത്‌ സിബിഐയുടെ ശ്രദ്ധയിലും പെട്ടിരുന്നു. അതുകൊണ്ടു തന്നെ എയര്‍പോര്‍ട്ട്‌ മുതല്‍ പ്രത്യേക ജാഗ്രത സിബിഐ പുലര്‍ത്തിയിരുന്നു. രമണ്‍ശ്രീവാസ്തവയെ സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിന്ന്‌ കൂട്ടിക്കൊണ്ടു പോകുന്നത്‌ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരുടെ നീണ്ട നിര തന്നെ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. നിരവധി പത്രപ്രവര്‍ത്തകരും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. ഇത്‌ തിരിച്ചറിഞ്ഞ്‌ രമണ്‍ ശ്രീവാസ്തവയെ മാധ്യമ കണ്ണുകളില്‍ നിന്ന്‌ തമസ്കരിച്ചാണ്‌ സിബിഐ ചോദ്യം ചെയ്യാനായി തങ്ങളുടെ സങ്കേതത്തിലേക്ക്‌ കൊണ്ടുപോയത്‌. വിമാനം റണ്‍വേയില്‍ സ്പര്‍ശിച്ച ഉടന്‍ സിബിഐ ജോയിന്റ്‌ ഡയറക്ടര്‍ എം.എല്‍.ശര്‍മ്മ തന്റെ കീഴ്‌ ഉദ്യോഗസ്ഥനും ഡിഐജിയുമായ പി.എം.നായര്‍ക്ക്‌ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. അദ്ദേഹം ഈ നിര്‍ദ്ദേശങ്ങള്‍ വിമാനത്താവളത്തിലേക്ക്‌ കൈമാറി. റണ്‍വേയില്‍ നിന്ന്‌ ടെര്‍മിനലിലേക്ക്‌ പതിയെ നീങ്ങിക്കൊണ്ടിരുന്ന വിമാനം പെട്ടെന്ന്‌ നിന്നു. എന്തു സംഭവിച്ചു എന്നറിയാതെ യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍, മാധ്യമങ്ങള്‍ക്കു മുന്നില്‍ നിന്ന്‌ രമണ്‍ ശ്രീവാസ്തവയെ രക്ഷിക്കാന്‍ വേണ്ടിയുള്ള സിബിഐയുടെ ജാഗ്രതാപൂര്‍വ്വമുള്ള നടപടിയായിരുന്നു അത്‌. വിമാനത്തില്‍ നിന്ന്‌ രമണ്‍ ശ്രീവാസ്തവയുടെ ബാഗേജ്‌ തെരഞ്ഞെടുത്ത്‌ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന്‌ ഇറക്കി ടാര്‍മാക്കില്‍ വച്ചു തന്നെ സിബിഐയുടെ കാറില്‍ കയറ്റി വിമാനത്താവളത്തിന്റെ പിന്‍വശത്തുകൂടെയാണ്‌ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിച്ചത്‌. രമണ്‍ ശ്രീവാസ്തവയെ സിബിഐ ചോദ്യം ചെയ്യാന്‍ കൂട്ടിക്കൊണ്ടുപോകുന്നത്‌ ക്യാമറയില്‍ പകര്‍ത്താന്‍ കാത്തിരുന്ന ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക്‌ കടുത്ത നിരാശത നല്‍കി സിബിഐ രമണ്‍ ശ്രീവാസ്തവയെ അക്ഷരാര്‍ത്ഥത്തില്‍ 'ഒളിപ്പിച്ചു' കടത്തുകയായിരുന്നു. അപ്പോള്‍ സമയം രാത്രി 8.30 കഴിഞ്ഞിരുന്നു. കനത്ത മതില്‍ക്കെട്ടും തോക്കേന്തിയ പാറാവുകാരും ഉള്ള ഒരു വലിയ കെട്ടിട സമുച്ചയത്തിലേക്കാണ്‌ സിബിഐ രമണ്‍ ശ്രീവാസ്തവയെ കൊണ്ടുപോയത്‌. എന്നാല്‍, ഒന്നാം നിലയിലെ ഒരു കുടുസുമുറിയില്‍ വച്ചാണ്‌ അവര്‍ രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്തത്‌. ദക്ഷിണ മേഖലാ ഐജിയായിരുന്നിട്ടു കൂടി സിബിഐയുടെ ഈ നടപടികള്‍ രമണ്‍ ശ്രീവാസ്തവയില്‍ ആവശ്യത്തിലധികം സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന്‌ ഒളിപ്പിച്ച്‌ കടത്തിയതു മുതല്‍ ഈ കുടുസുമുറിയില്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചതു വരെയുള്ള നടപടികള്‍ അദ്ദേഹത്തില്‍ സന്ദേഹങ്ങള്‍ പെരുക്കി. എന്തിനാണ്‌ ഇത്രയധികം ജാഗ്രതയെന്ന്‌ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ മനസ്സിലായിരുന്നില്ല. അതുകൊണ്ട്‌ കുടുസുമുറിക്കുള്ളില്‍ കയറിയ ഉടന്‍ ആദ്യം ചോദ്യം ചോദിച്ചത്‌ ശ്രീവാസ്തവയായിരുന്നു. "എന്തിനാണ്‌ സാര്‍ ഈ സന്നാഹങ്ങളെല്ലാം?" "നമ്മള്‍ കഥയുടെ പരിണാമഗുപ്തിയിലേക്ക്‌ എത്തുകയാണ്‌. ഇനി ചില വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മതി" അമര്‍ത്തിയാ ചിരിയോടെ എം.എല്‍.ശര്‍മ്മ മറുപടി കൊടുത്തു. വീണ്ടും ചോദ്യങ്ങളുടെ ആവര്‍ത്തനം. നേരത്തെ ഉത്തരം കൊടുത്ത ചോദ്യങ്ങള്‍ തന്നെ എം.എല്‍.ശര്‍മ്മ ആവര്‍ത്തിച്ചു. ആരെയും തനിക്ക്‌ അറിയില്ല എന്ന ഉത്തരത്തില്‍ രമണ്‍ ശ്രീവാസ്തവ ഉറച്ചു നിന്നു. അല്‍പ്പനേരം കൂടി ചോദ്യം ചെയ്യല്‍ തുടര്‍ന്നശേഷം ശര്‍മ്മ പി.എം.നായരെ നോക്കി. അദ്ദേഹം മുറിവിട്ടുപോയി. തിരിച്ചു വന്നപ്പോള്‍ കൂടെ മറ്റൊരാള്‍ ഉണ്ടായിരുന്നു. "ഇയാളെ അറിയുമോ?" ശര്‍മ്മ ചോദിച്ചു. പി.എം.നായര്‍ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടു വന്ന വ്യക്തിയെ രമണ്‍ ശ്രീവാസ്തവ സൂക്ഷിച്ചു നോക്കി. നരച്ച താടിവളര്‍ന്ന ഒരു സാത്വികന്‍. ഇയാളാണോ ഇന്ത്യയുടെ മിസെയില്‍ ടെക്നോളജി പാകിസ്ഥാന്‌ ചോര്‍ത്തിക്കൊടുത്ത ചാരനെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ രമണ്‍ ശ്രീവാസ്തവ തന്നോട്‌ തന്നെ ചോദിച്ചു കൊണ്ടേയിരുന്നു. "ചോദിച്ചത്‌ കേട്ടില്ലേ? ഇയാളെ അറിയുമോ?" "അറിയും. നമ്പി നാരായണന്‍. നേരത്തെ ഫോട്ടോ കണ്ടിട്ടുണ്ട്‌." രമണ്‍ ശ്രീവാസ്തവ ഉത്തരം നല്‍കി. "അത്രയേയുള്ളോ?" "ഉം..." ശര്‍മ്മ വീണ്ടും പി.എം.നായര്‍ക്ക്‌ സംജ്ഞ നല്‍കി. ഇത്തവണ കൂട്ടിക്കൊണ്ടു വന്നത്‌ താടിയും മുടിയും നീണ്ട അരോഗദൃഢഗാത്രനായ ഒരാളെയായിരുന്നു. ഇരുണ്ട നിറത്തില്‍ മധ്യവയസ്കന്‍. ശ്രീവാസ്തവയ്ക്ക്‌ അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്‌ ശ്രീവാസ്തവയെയും മനസ്സിലായില്ല. തുടര്‍ന്ന്‌ മെല്ലിച്ച ഒരു മധ്യവയസ്കയെയാണ്‌ പി.എം.നായര്‍ ആ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടു വന്നത്‌. "ഇവരെ അറിയുമായിരിക്കും?" "ഇല്ല." ഉറച്ച ശബ്ദത്തില്‍ രമണ്‍ ശ്രീവാസ്തവ മറുപടി പറഞ്ഞു. ചോദ്യം പിന്നീട്‌ ആ സ്ത്രീയോടായിരുന്നു. അവര്‍ക്കും രമണ്‍ ശ്രീവാസ്തവയെ പരിചയമില്ലായിരുന്നു. "പിന്നെന്തിനാണ്‌ രമണ്‍ ശ്രീവാസ്തവയെ അറിയുമെന്ന്‌ നിങ്ങള്‍ ഐബിക്ക്‌ മൊഴി കൊടുത്തത്‌?" ആ ചോദ്യം കേട്ട്‌ ശ്രീവാസ്തവ ഒന്നു ഞെട്ടി. തന്നെ അറിയുമെന്ന്‌ ഇവര്‍ ഐബിക്ക്‌ മൊഴി കൊടുത്തിട്ടുണ്ടെന്നോ! അദ്ദേഹം ഒന്ന്‌ പകച്ചു. "അങ്ങനെ ചെയ്തിട്ടില്ല." പറഞ്ഞു തുടങ്ങിയത്‌ നമ്പി നാരായണനായിരുന്നു. "ഐബി ആവശ്യപ്പെട്ട പേരുകള്‍ പറയാന്‍ തയ്യാറാകാതിരുന്നതുകൊണ്ട്‌ ക്രൂരമായ മര്‍ദ്ദനമാണ്‌ ഏറ്റു വാങ്ങേണ്ടി വന്നത്‌. യു.ആര്‍.റാവു, ഡോ. എ.ഇ.മുത്തുനായകം, രമണ്‍ ശ്രീവാസ്തവ ഇവരെയെല്ലാം അറിയുമെന്ന്‌ പറയാനായിരുന്നു ഹൈബിയുടെ നിര്‍ദ്ദേശം. അതിന്‌ വഴങ്ങാതിരുന്നപ്പോള്‍ സഹിക്കാനാവാത്ത മര്‍ദ്ദനമാണ്‌ ഐബി ഏല്‍പ്പിച്ചത്‌. അപ്പോള്‍ സമ്മതിച്ചു പോയതാണ്‌." നമ്പി നാരായണന്റെ സ്വരം ഇടറി. സാത്വികനായ ആ മനുഷ്യന്നോട്ടത്താല്‍ മിഴികളോടെ രമണ്‍ ശ്രീവാസ്തവ തഴുകി. പി.എം.നായര്‍ കൂട്ടിക്കൊണ്ടു വന്ന മറ്റു മൂന്നുപേരും ഇതേ സംഭവം തന്നെ ആവര്‍ത്തിച്ചപ്പോള്‍ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ അത്ഭുതം അടക്കാനായില്ല. സത്യം പറയിപ്പിക്കാന്‍ ലോക്കല്‍ പോലീസ്‌ മൂന്നാം മുറ പ്രയോഗിക്കുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. എന്നാല്‍, ഒരു സിവിലിയന്‍ സംവിധാനമായ ഇന്റലിജന്‍സ്‌ ബ്യൂറോ, പ്രതികളെന്ന്‌ പറയുന്നവരെ ക്രൂരമായി മര്‍ദ്ദിച്ചാണ്‌ വിവരങ്ങള്‍ ശേഖരിച്ചതെന്ന്‌ കേട്ടപ്പോള്‍ അദ്ദേഹത്തിലെ പോലീസുകാരനുപോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ്‌ ചാരക്കഥയ്ക്ക്‌ കൊഴുപ്പും മാദകത്വവുമേകിയ മറിയ റഷീദയെ ആ മുറിയിലേക്ക്‌ കൊണ്ടു വന്നത്‌. ഇയാളെ അറിയുമോ എന്ന്‌ ചോദിക്കുന്നതിന്‌ മുന്‍പു തന്നെ "ഇത്‌ രമണ്‍ ശ്രീവാസ്തവയല്ലേ" എന്ന്‌ മറിയം റഷീദയുടെ അത്ഭുതം കലര്‍ന്ന ചോദ്യം ഉയര്‍ന്നു. മറിയം റഷീദ എല്ലാവരെയും പിടിച്ചുലച്ചു. രമണ്‍ ശ്രീവാസ്തവയുടെ ഹൃദയമിടിപ്പ്‌ ഒരു നിമിഷത്തേക്ക്‌ നിന്നുപോയത്‌ പോലെ. തൊണ്ട വരണ്ടു. ഭാര്യ അഞ്ജലിയുടെയും മക്കളായ ജിത്തുവിന്റെയും ഋതുവിന്റെയും മുഖം ഓര്‍മ്മകളില്‍ മിന്നി മറഞ്ഞു. താന്‍ കുടുങ്ങി എന്ന്‌ തന്നെ രമണ്‍ ശ്രീവാസ്തവ വിശ്വസിച്ചു. എന്നാല്‍, വീണ്ടും മറിയം റഷീദ എല്ലാവരേയും ഞെട്ടിച്ചു "ഇന്‍സ്പെക്ടര്‍ വിജയന്‍ (സ്മാര്‍ട്ട്‌ വിജയന്‍) ഫോട്ടോകള്‍ കാണിച്ച്‌ എന്നെ പരിചയപ്പെടുത്തിയതാണ്‌. യൂണിഫോമിലുള്ളതും അല്ലാത്തതുമായ ഫോട്ടോകള്‍ കാണിച്ച്‌ രമണ്‍ ശ്രീവാസ്തവയെ പരിചയപ്പെടുത്തുകയും ആവശ്യപ്പെടുമ്പോള്‍ പരിചയമുണ്ടെന്ന്‌ പറയണമെന്ന്‌ നിര്‍ബന്ധിക്കുകയും ചെയ്തു. പറ്റില്ലെന്ന്‌ പറഞ്ഞപ്പോള്‍ എന്റെ വലതു മുട്ട്‌ അവര്‍ അടിച്ചു തകര്‍ത്തു." മറിയം റഷീദയുടെ വാക്കുകളില്‍ മിഴിനീരുപ്പ്‌ പടര്‍ന്നു. ശ്രീവാസ്തവയ്ക്കത്‌ പുനര്‍ജന്മമായാണ്‌ തോന്നിയത്‌. അടുത്ത ക്ഷണം മറ്റൊരു അത്ഭുതത്തിലേക്ക്‌ അദ്ദേഹം എടുത്തെറിയപ്പെട്ടു. -ഇപ്പോള്‍ കണ്‍മുന്നില്‍ സ്മാര്‍ട്ട്‌ വിജയന്‍. ഒരു വാര്‍ത്ത ചോര്‍ത്തിയെടുത്തിട്ടാണ്‌ വരവ്‌. ചാരക്കേസില്‍ തനിക്ക്‌ പങ്കുണ്ടെന്ന്‌ മറിയം റഷീദ ഐബിയോട്‌ വെളിപ്പെടുത്തി എന്ന രഹസ്യ വാര്‍ത്ത അറിയിക്കാനാണ്‌ വിജയന്‍ എത്തിയത്‌. ആ വിജയനാണ്‌ തന്നെ തിരിച്ചറിയാന്‍ മറിയം റഷീദയുടെ കാല്‍ അടിച്ചു തകര്‍ത്തതെന്ന്‌ കേട്ടപ്പോള്‍ രമണ്‍ ശ്രീവാസ്തവയിലെ പോലീസുകാരന്‍ ഒരിക്കല്‍ കൂടി അമ്പരപ്പിലമര്‍ന്നു. തിരിച്ചറിയല്‍ പരേഡ്‌ കഴിഞ്ഞു. ******** തിരുവനന്തപുരത്ത്‌ എത്തിക്കഴിഞ്ഞാല്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ വി.ആര്‍.രാജീവന്‍ ഡിജിപി ടി.വി.മധുസുദനന്‌ അയച്ച രഹസ്യ കത്ത്‌ തനിക്ക്ഫാക്സ്‌ ചെയ്ത്‌ തരണമെന്ന്‌ ശര്‍മ്മ രമണ്‍ ശ്രീവാസ്തവയോട്‌ ആവശ്യപ്പെട്ടു. പരീക്ഷണങ്ങളുടെ അഗ്നിനിമിഷങ്ങളൊഴിഞ്ഞതില്‍ രമണ്‍ശ്രിവാസ്തവയുടെ മനസ്സ്‌ ഈശ്വര ചിന്തയില്‍ നമ്രശീര്‍ഷമായി. ആശ്വാസതീരത്തണഞ്ഞ നാവികന്റെ സ്വാസ്ഥ്യം രമണ്‍ ശ്രീവാസ്തവയറിഞ്ഞു. അന്ന്‌ വൈകീട്ട്‌ ശര്‍മ്മയോടൊപ്പമായിരുന്നു രമണ്‍ ശ്രീവാസ്തവയുടെ അത്താഴം. അത്താഴശേഷം രമണ്‍ ശ്രിവാസ്തവയുടെ സിഗററ്റിലേയ്ക്ക്‌ തീപകരുന്നതിനിടയില്‍ ശര്‍മ്മ ചോദിച്ചു: "പറയൂ ആരാണ്‌ നിങ്ങളെ ഈ കേസില്‍ കുടുക്കിയത്‌,രമണ്‍ ." "കേരള കൗമുദിയാണ്‌ എനിക്കെതിരെ ആദ്യത്തെ വെടിപൊട്ടിച്ചത്‌. എഡിറ്റര്‍ മണിക്ക്‌ എന്നോടുള്ള ദേഷ്യത്തിന്റെ, പ്രതികാരം." പുകയൂതിപ്പരത്തി ശര്‍മ്മ തലയാട്ടി. "ഡിജിപിയെ വിളിച്ച്‌ അസംബന്ധമായ ഈ ചാരക്കഥ തകര്‍ത്തവിവരം അങ്ങേയ്ക്ക്‌ പറഞ്ഞു കൂടെ?" രമണ്‍ ശ്രീവാസ്തവ ചോദിച്ചു. ഒരു കവിള്‍ പുക അകത്തേയ്ക്കെടുത്ത്‌ ഊറി വന്ന ചിരി മറച്ച്‌ ശര്‍മ്മ പറഞ്ഞു. "എന്റെയും ഡിജിപിയുടെയും വരെ ഫോണുകള്‍ ഐബി ചോര്‍ത്തുന്നുണ്ട്‌." രമണ്‍ ശ്രീവാസ്തവ സ്തംഭിച്ചു പോയി. * * * * 1995 ജനുവരി 13. കേരള ഹൈക്കോടതി. ചാരക്കേസില്‍ പ്രതിയായ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊച്ചിയിലെ ഒരു സംഘടന സമര്‍പ്പിച്ച റിട്ട്‌ ഓഫ്‌ മണ്ടാമസിന്റെ വിധി ദിവസം. സിങ്കിള്‍ ബഞ്ച്‌ ഈ ആവശ്യം തള്ളിയിരുന്നു. അതേത്തുടര്‍ന്ന്‌ സംഘടന ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. ്‌ ചാരക്കേസ്‌ സംബന്ധിച്ച്‌ രമണ്‍ ശ്രീവാസ്തവയെ ചോദ്യം ചെയ്തതിന്റെ ഫയല്‍ ഹാജരാക്കാന്‍ 1994 ഡിസംബര്‍ 28-നഡിവിഷന്‍ ബഞ്ച്‌ ഉത്തരവിട്ടു. ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ എന്തെങ്കിലും പങ്കുണ്ടെന്ന്‌ സംശയിക്കുന്നുണ്ടെങ്കില്‍ അത്‌ വിശദീകരിക്കുന്ന സത്യവാങ്ങ്‌ മൂലം പ്രത്യേകം പ്രത്യേകം സമര്‍പ്പിക്കാനാണ്‌ കോടതി അന്വേഷണ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടിരുന്നത്‌. അവര്‍ നല്‍കിയ സത്യവാങ്ങ്‌ മൂലത്തില്‍ അതൃപ്തി തോന്നി ഡിവിഷന്‍ ബഞ്ച്‌ അന്നത്തെ സിബിഐയുടെ ഡയറക്ടര്‍ കെ.വിജയരാമറാവുവിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിലും ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവയെ സംശയിക്കത്തക്ക യാതൊന്നും ചോദ്യം ചെയ്യലിലോ അന്വേഷണത്തിലോ ലഭിച്ചിട്ടില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്‍പതിനായിരുന്നു സിബിഐ ഡയറക്ടര്‍ ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്‌. കോടതി കൂടി. 212 കിലോമീറ്റര്‍ അകലെ തിരുവനന്തപുരത്ത്‌ വിധി കേള്‍ക്കാനുള്ള ആകാംക്ഷയോടെ, ദൈവങ്ങളോടെല്ലാം പ്രാര്‍ത്ഥിച്ച്‌ രമണ്‍ ശ്രീവാസ്തവയും ഭാര്യ അഞ്ജലിയും വീട്ടില്‍ ഉണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ അസുഖബാധിതയായി കഴിയുന്ന അമ്മയെ കാണാന്‍ പോകാന്‍ കഴിയാത്തതിന്റെ വ്യസനം അഞ്ജലിയുടെ മുഖത്ത്‌ നിന്ന്‌ വായിച്ചെടുക്കാം.. വിധി വന്നശേഷം പോകാനായിരുന്നു അഞ്ജലിയുടെ തീരുമാനം. ജഡ്ജി വിധി വാചകം വായിച്ചു തുടങ്ങി. "രമണ്‍ ശ്രീവാസ്തവയെ ചാരക്കേസില്‍ അറസ്റ്റ്‌ ചെയ്യാന്‍ സിബിഐക്ക്‌ നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ട്‌ നല്‍കിയ റിട്ട്‌ ഓഫ്‌ മണ്ടാമസ്‌ കോടതി തള്ളുന്നു... പോലീസ്‌ പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും മുന്‍പ്‌ ഒരാളെ പ്രതിയാക്കണമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെടാന്‍ ഒരു കോടതിക്കും അവകാശമില്ല..." റേഡിയോയിലൂടെ വന്ന വാര്‍ത്ത സ്വര്‍ഗത്തില്‍ നിന്നുള്ള സ്വരമായി അഞ്ജലിക്ക്‌ തോന്നി. അവര്‍ അഞ്ജലി ബദ്ധയായി പ്രാര്‍ത്ഥനയില്‍ മുഴുകി. തൊട്ടടുത്ത നിമിഷം നരകത്തില്‍ നിന്നുള്ള ശബ്ദം അവരെ ചൂഴ്‌ന്നു: "അതേസമയം ഇന്റലിജന്‍സ്‌ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക്‌ ചാരക്കേസില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌..." രമണ്‍ ശ്രീവാസ്തവയുടെ പ്രാര്‍ത്ഥനയും മുറിഞ്ഞു അഞ്ജലി കണ്ണീരായൊഴുകി. പതിവുപോലെ രാത്രി എത്തി. പക്ഷേ, അന്നത്തെ രാത്രിക്ക്‌ ദുരൂഹതകളേറെയുള്ളതുപോലെ രമണ്‍ ശ്രീവാസ്തവയ്ക്കും അഞ്ജലിക്കും തോന്നി. രാപ്പാതി കഴിഞ്ഞു. സമയം 12.30. വാതില്‍ക്കല്‍ ഒരു മുട്ട്‌ ആഭ്യന്തരവകുപ്പില്‍ നിന്നുള്ള പ്രത്യേക ദൂതന്‍. "രമണ്‍ ശ്രീവാസ്തവയെ സസ്പെന്‍ഡ്‌ ചെയ്തു" എന്ന വാര്‍ത്ത അറിച്ചു തീരും മുന്‍പ്‌ നിമിഷം ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചു. വികാരവിക്ഷുബ്ധമായ മനസ്സോടെയാണ്‌ അഞ്ജലി ഫോണ്‍ എടുത്തത്‌. "എല്ലാം തീര്‍ന്നു." ന്യൂഡല്‍ഹിയില്‍ നിന്ന്‌ എത്തിയ സ്വരത്തില്‍ മൃത്യുവിന്റെ തണുപ്പ്‌ ഘനീഭൂതമാകുന്നത്‌ അഞ്ജലിയറിഞ്ഞു. നാളെ: ഡി .ശശികുമാരന്‍ താണ്ടിയ അഗ്നിപഥങ്ങള്‍

No comments: