Wednesday, November 28, 2012
പേറിന്റെ പേരിലെ പോര്! നാണമില്ലേ...?
എന്താണ് ഒരാളെ വിമര്‍ശിക്കാനുള്ള യോഗ്യത എന്ന് കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉളുപ്പില്ലാത്ത നിലപാടുകളും എല്ലില്ലാത്ത നാവുമുണ്ടെങ്കില്‍ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം എന്നതിന്റെ വികടമായ, വികലമായ ദൃഷ്ടാന്തങ്ങളാണ് ശ്വേതമേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഒരു വ്യക്തിക്കുപോലും ശ്വേത മേനോനെ വിമര്‍ശിക്കാനോ ബ്ലസിയെ അധിക്ഷേപിക്കാനോ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. പ്രസവം എന്നത് ശ്വേതയുടെ സ്വകാര്യതയാണ്. അത് എവിടെവച്ച് എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും ശ്വേതയ്ക്കും ഭര്‍ത്താവിനും മാത്രമാണ്. അത് ചിത്രീകരിക്കാന്‍ അനുവദിക്കണമോ എന്ന് നിശ്ചയിക്കാനുള്ള അധികാരവും അവര്‍ക്കു മാത്രമാണുള്ളത്. അതുകൊണ്ട് തന്റെ പ്രസവം ചിത്രീകരിക്കാന്‍ സമ്മതിച്ചതിലൂടെ ശ്വേത ഭാരത സ്ത്രീയുടെ ഭാവശുദ്ധിയെ കളങ്കപ്പെടുത്തി എന്ന് പറയുന്ന കാപട്യങ്ങളെയാണ് സൂക്ഷിക്കേണ്ടത്, ഭയക്കേണ്ടത്...
ആതിരേ,മാസങ്ങള്‍ക്കു മുന്‍പ് മുംബൈയിലെ ആശുപത്രിയില്‍ നടന്ന സിനിമാ നടി ശ്വേതാ മേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ചകളും മാധ്യമങ്ങളിലും സിനിമാ വൃത്തങ്ങളിലും നാട്ടുകൂട്ടങ്ങളിലും ഇന്ന് ചൂടേറിയ ചര്‍ച്ചാവിഷയമാണ്.
കൃതഹസ്തനായ ചലച്ചിത്രകാരന്‍ ബ്ലസി തന്റെ കളിമണ്ണ് എന്ന ചിത്രത്തില്‍ നടി ശ്വേതാ മേനോന്റെ പ്രസവരംഗം ഉള്‍പ്പെടുത്തുവാന്‍ വേണ്ടി ആശുപത്രിയിലെ പ്രസവ മുറിയില്‍ നിന്ന് രംഗങ്ങള്‍ ഷൂട്ടു ചെയ്യുമെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് ഈ സദാചാര ധാര്‍മ്മിക ചൊറിച്ചിലും ചര്‍ച്ചയും.
മഹാപാതകമാണ് ശ്വേത മേനോനും ബ്ലസിയും നടത്തിയത് എന്ന മട്ടിലായിരുന്നു ആതിരേ,പ്രസവം കഴിഞ്ഞ ഉടന്‍ വന്ന ചില വാര്‍ത്തകളിലെ വികാരം. ശ്വേത പെറ്റെണീറ്റ് മറ്റുജീവിത വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയപ്പോള്‍ വീണ്ടും ആ പ്രസവം പൊതുചര്‍ച്ചയിലേക്ക് വലിച്ചിഴക്കപ്പെട്ടത് ഒട്ടും മാന്യമല്ല എന്നാണ് ആതിരേ, എന്റെ നിലപാട്
കേരള നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയനാണ് കോട്ടയത്ത് ഒരു യോഗത്തില്‍വച്ച് ക്യാമറയ്ക്കു മുന്നിലെ ശ്വേതയുടെ പ്രസവത്തെയും കൈക്കുഞ്ഞുമായി അവര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങാന്‍ എത്തിയതിനെയും നിശിതമായി വിമര്‍ശിച്ചത്. ആ യോഗത്തില്‍ പങ്കെടുത്ത മാധ്യമവിചാരകനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോളും പ്രസവ ചിത്രീകരണത്തിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടുകയുണ്ടായി.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സമാന്തരമായി പോകുന്ന മൗലികാവകാശമാണ്. അതില്‍ കൈകടത്താനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ , ആതിരേ,ആര്‍ക്കും അവകാശമില്ല. ഈ രണ്ട് സ്വാതന്ത്ര്യങ്ങളും ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന് ഭീഷണിയാകുന്നില്ലെങ്കില്‍ സമൂഹത്തിന്റെ സമാധാന ജീവിതത്തിന് ഭംഗംവരുത്തുന്നില്ലെങ്കില്‍ അതില്‍ ഇടപെടാന്‍ ഭരണഘടനയോ കോടതിയോ പോലും തയ്യാറാവുകയില്ല.
ശ്വേതയുടെ പ്രസവവും ബ്ലസിയുടെ ചിത്രീകരണവും മേല്‍പ്പറഞ്ഞ വകുപ്പുകളില്‍ ഒന്നും പെടുന്നതല്ലല്ലല്ലോ.പിന്നെന്തിനാണ് ഈ പുകിലൊക്കെ?. സമ്മതിക്കുന്നു, ഏത് വിഷയത്തെക്കുറിച്ച് എന്തു പറയണം എന്നുള്ളത് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ വ്യക്തിപരമായ അവകാശവും അധികാരവുമാണ്. അതിലും എനിക്ക് തര്‍ക്കമില്ല. ശ്വേതയുടെ പ്രസവത്തെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചും കൈക്കുഞ്ഞുമായി അവാര്‍ഡ് വാങ്ങാന്‍ എത്തിയതിനെക്കുറിച്ചുമൊക്കെ ജി.കാര്‍ത്തികേയന് അഭിപ്രായം പറയാം. എന്നാല്‍, കേരള നിയമസഭ സ്പീക്കര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സത്വര ശ്രദ്ധയും വിശകലനവും അഭിപ്രായ പ്രകടനവും ആവശ്യപ്പെടുന്ന ഒട്ടനവധി സാമൂഹിക സാമ്പത്തിക സമസ്യകള്‍ വര്‍ത്തമാനകാല കേരളം അഭിമുഖീകരിക്കുമ്പോള്‍ പ്രായേണ നിസ്സാരമായി തള്ളേണ്ട ഒരു വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തി അദ്ദേഹമാണ് ഇപ്പോള്‍ മാധ്യമ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടത്.. നാട്ടുകൂട്ടങ്ങളിലെ ചര്‍ച്ചകളിലെ പ്രധാന അജണ്ടയാക്കി ഈ വിഷയത്തെ വഷളാക്കിയത്.അതില്‍ എനിക്ക് കടുത്ത പ്രതിഷേധവും അമര്‍ഷവുമുണ്ട് ആതിരേ...
ശ്വേതയുടെയും ബ്ലസിയുടെയും നടപടി ധാര്‍മ്മികമായും സദാചാരപരമായും തെറ്റാണെന്നും ഇതിനെതിരെ വനിത സംഘടനകള്‍ പ്രതികരിക്കാത്തത് അത്യധികം കുണ്ഠിതം ഉണ്ടാകുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മനസിന്റെ വഷളത്തം പൊതുസമൂഹമറിഞ്ഞത് എന്നാണെന്റെ വിലയിരുത്തല്‍.ഒരു പെണ്ണിന്റെ ഈറ്റുപുരയില്‍ ഒളിഞ്ഞു നോക്കാന്‍ ഇവര്‍ക്കൊക്കെ നാണമില്ലതെ പോയല്ലോ,ആതിരേ!
ഇതുകേട്ടതോടെ വനിത കോണ്‍ഗ്രസും വനിത മോര്‍ച്ചയും അടക്കമുള്ള രാഷ്ട്രീയ വനിത സംഘടനകളും മറ്റു വനിത സംഘടനാ പ്രവര്‍ത്തകരും അമാന്യമായ ആക്രമണ സ്വഭാവത്തോടെ വാര്‍ത്തകളില്‍ ഇടം നേടി . ശ്വേതയുടെ നടപടി മാതൃത്വത്തിന്റെ സ്വകാര്യതയും മാന്യതയും നശിപ്പിക്കുന്നതും ബ്ലസിയുടെ നടപടി ഭാരതീയ പാരമ്പര്യത്തിനും സംസ്കൃതിക്കും വിരുദ്ധമാണെന്നും ഒക്കെയുള്ള അഭിപ്രായങ്ങളാണ് മാന്യ മഹിളാ നേതാക്കന്മാരില്‍ നിന്ന് ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. , അമ്മ നടിമാര്‍ ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും ഈ വിഷയം ഏറ്റുപിടിച്ച് അവരുടെ മനസിന്റെ അശ്ലീലത തുറന്നു വച്ചു.
തന്റേടത്തിന്റെ പെണ്‍രൂപമായ രഞ്ജിനി ഹരിദാസ് പോലും തനിക്ക് ഈ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ചെയ്യില്ലെന്ന് പറഞ്ഞ്‌വച്ചതിലൂടെ പുതുതലമുറ പെണ്ണുങ്ങള്‍പോലും ശ്വേതയുടെ പേറിനെ ഇച്ചീച്ചിയായാണ് കാണുന്നതെന്ന് വ്യക്തമാണ്. നടി ഉര്‍വ്വശി ഒരുപടികൂടി മുന്നോട്ടു പോയാണ് അഭിപ്രായപ്രകടനം നടത്തിയത്. ഈ ആവശ്യം ഉന്നയിച്ച് ഏതെങ്കിലും ഒരു സംവിധായകന്‍ തന്നെ സമീപിച്ചിരുന്നുവെങ്കില്‍ ചെരുപ്പൂരി അടിക്കുമായിരുന്നു ഉര്‍വ്വശി തുറന്നടിച്ചത്. ഉര്‍വ്വശിക്കും രഞ്ജിനി ഹരിദാസിനുമൊക്കെ ശ്വേതയുടെ മാതൃത്വത്തെക്കുറിച്ച് പറയാന്‍ അവകാശമാണുള്ളത്? മദ്യാസക്തിമൂലം ദാമ്പത്യം തകരുകയും മദ്യപയായ അമ്മയോടൊപ്പം പോകാന്‍ മനസ്സില്ലെന്ന് കുഞ്ഞാറ്റ പറഞ്ഞതും നാലുകാലില്‍ കോടതിയിലെത്തിയതും ഒക്കെ ഉര്‍വ്വശി മറന്നിട്ടുണ്ടെങ്കിലും കേരളം മറന്നിട്ടില്ല,ആതിരേ..
എന്താണ് ഒരാളെ വിമര്‍ശിക്കാനുള്ള യോഗ്യത എന്ന് കേരളം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉളുപ്പില്ലാത്ത നിലപാടുകളും എല്ലില്ലാത്ത നാവുമുണ്ടെങ്കില്‍ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം എന്നതിന്റെ വികടമായ, വികലമായ ദൃഷ്ടാന്തങ്ങളാണ് ശ്വേതമേനോന്റെ പ്രസവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഒരു വ്യക്തിക്കുപോലും ശ്വേത മേനോനെ വിമര്‍ശിക്കാനോ ബ്ലസിയെ അധിക്ഷേപിക്കാനോ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. പ്രസവം എന്നത് ശ്വേതയുടെ സ്വകാര്യതയാണ്. അത് എവിടെവച്ച് എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും ശ്വേതയ്ക്കും ഭര്‍ത്താവിനും മാത്രമാണ്. അത് ചിത്രീകരിക്കാന്‍ അനുവദിക്കണമോ എന്ന് നിശ്ചയിക്കാനുള്ള അധികാരവും അവര്‍ക്കു മാത്രമാണുള്ളത്. അതുകൊണ്ട് തന്റെ പ്രസവം ചിത്രീകരിക്കാന്‍ സമ്മതിച്ചതിലൂടെ ശ്വേത ഭാരത സ്ത്രീയുടെ ഭാവശുദ്ധിയെ കളങ്കപ്പെടുത്തി എന്ന് പറയുന്ന കാപട്യങ്ങളെയാണ് സൂക്ഷിക്കേണ്ടത്, ഭയക്കേണ്ടത്...
പ്രസവരംഗം ചിത്രീകരിച്ചെങ്കിലും അതില്‍ ഏതെല്ലാം ഭാഗങ്ങള്‍ തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തുമെന്ന് ബ്ലസി ഇപ്പോഴും മനസ്സ് തുറന്നിട്ടില്ല. ചിത്രം പൂര്‍ത്തിയായിട്ടുമില്ല. അതിനു മുന്‍പ് കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ആഭാസത്തരമാണ് കേരളത്തിലെ സാംസ്കാരിക വനിത പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.ദുഗന്ധപൂരിതമായ സ്കവാര്യതകാളാണ് ഇവരെല്ലാം തെരുവില്‍ മലര്‍ക്കെ തുറക്കുന്നത്..
ഇതിനിടെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍, കേരളത്തിലെ തിയറ്ററുകളെ ലേബര്‍ റൂം ആക്കാന്‍ അനുവദിക്കുകയില്ല എന്ന വഷളന്‍ ന്യായവുമായി ശ്വേതയെയും ബ്ലസിയെയും അധിക്ഷേപിക്കുന്നത് കേട്ടു. സ്ത്രീയുടെ നഗ്നത ചിത്രീകരിക്കുന്ന സിനിമ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും അതിലൂടെ പോക്കറ്റ് വീര്‍പ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ സിനിമ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും അതില്‍ അഭിനയിക്കുന്നവര്‍ക്കും ശ്വേതയുടെയും ബ്ലസിയുടെയും നടപടികളെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല,ആതിരേ..
സദാചാരത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചുമൊക്കെ എന്നും മലയാളി പുറത്തു പറയുന്നത് കാപട്യങ്ങള്‍ മാത്രമാണെന്ന് ചുറ്റുപാടും കണ്ണോടിച്ചാല്‍ ബോധ്യമാകുന്നതാണ്. ചെയ്യരുതെന്ന് പറയുകയും കണ്ണടച്ച് ഇരുട്ടാക്കി അത് ചെയ്യുകയും ആണ് മലയാളിയുടെ സ്വഭാവം. ആ വികടത്തരത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടാണ് ശ്വേതയുടെ പ്രസവത്തെയും ബ്ലസിയുടെ ചിത്രീകരണത്തെയും ആഭാസമെന്ന് അവഹേളിക്കുന്നത്. ഒരു പേറിന്റെ പേരില്‍ ഇത്തരം ഒച്ചപ്പാടുണ്ടാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ലജ്ജയില്ലേ ?. നാണക്കേടിന്റെ, വികലമായ സദാചാര ബോധത്തിന്റെ വിഷലിപ്തമായ ധാര്‍മ്മിക ചിന്തയുടെ പ്രതിഫലനം മാത്രമാണ് ഈ ചര്‍ച്ച എന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമൊട്ടുമില്ല ആതിരേ.എന്നു മാത്രമല്ല കളിമണ്ണ് റിലീസ് ചെയ്താല്‍ ആദ്യം അതുകാണാന്‍,ശേതയുടെ നഗ്നത ആസ്വദിക്കാനുള്ള അശ്ലീല മനസുമായി ഇടിച്ചു കയറുന്നത് ഇവരൊക്കെ തന്നെയായിരിക്കും ,സംശയമുണ്ടോ..?
Subscribe to:
Post Comments (Atom)
No comments:
Post a Comment