Monday, November 12, 2012
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഗസ്റ്റ് ഹൗസിലെ കരാളതകള്‍
ചീന്തി വീണ ഒരു തേങ്ങല്‍ ശബ്ദം ഫൗസിയയെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.സെല്ലിലാകെ ഇരുട്ടു വ്യാപിച്ചു തുടങ്ങി.മറിയം റഷീദ അതേ സ്ഥാനത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു;തേങ്ങലടക്കാന്‍ കഴിയാതെ....ഫൗസിയയുടെ പ്രാണനില്‍ മാതൃസ്നേഹം കിനിഞ്ഞു.അവര്‍ മറിയത്തിന്റെ ചാരേയ്ക്ക് നിരങ്ങിയിരുന്നു.ഭിത്തിയില്‍ ചാരിയിരുന്ന് ഉറങ്ങുന്ന മറിയത്തെ കരുണാര്‍ദ്രയായി ഫൗസിയ നോക്കി.ഉറക്കത്തിലും മറിയം വിതുമ്പുകയായിരുന്നു.അവര്‍ അവളെ മാറത്തേയ്ക്കണച്ചു പിടിച്ചു;കവിളത്തെ കണ്ണീരൊപ്പി .നെറുകില്‍ മാതൃസ്നേഹത്തോടെ മുഖം ചേര്‍ത്തു..." കരയൂ..മറിയം കരയൂ..അതൊരനുഗ്രഹമാണ്.പ്രാണ നൊമ്പരങ്ങളില്‍ നിന്നുള്ള മോചനമാണ്.."
ആതിരേ,പ്രാണന്‍ പിളര്‍ത്തിയെടുത്ത കൊടിയ മര്‍ദ്ദനങ്ങളുടെ പകലസ്തമിക്കുകയാണ്.
ശരീരവും മനസ്സും വിങ്ങിവീര്‍ത്തു പൊട്ടാറായി നില്‍ക്കുന്നു.
അപ്പോഴും ഫൗസിയ ഹസ്സന് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.
വിശപ്പ് കുടലുകളെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി.പ്രാതലെന്ന പേരില്‍ ഏന്തോ കഴിച്ചു എന്നു മാത്രം.വിശപ്പടങ്ങിയിരുന്നില്ല.പിന്നെ പോയ മണിക്കൂറുകള്‍ക്കിടയില്‍ തുള്ളി വെള്ളം പോലും കിട്ടിയിട്ടില്ല.അടിയേറ്റ് തിണര്‍ത്ത കവിളുകളില്‍ മെല്ലിച്ച വിരലോടിച്ചപ്പോല്‍ വായില്‍ പിന്നേയും നിണത്തിന്റെ ലവണ രുചി..
എന്തിനാണീ മര്‍ദ്ദനമെല്ലാം
എന്താണിവര്‍ സമ്മതിക്കാന്‍ ആവശ്യപ്പെടുന്നത്..?
നമ്പിനാരായണനെ അറിയില്ല.രമണ്‍ ശ്രിവാസ്തവയെ കണ്ടിട്ടില്ല.ശശികുമാരനെ അറിയാം-മറിയം റഷീദയുടെ ചങ്ങാതിയായി.എസ്.കെ.ശര്‍മ്മയേയും പരിചയമുണ്ട്- മകള്‍ സില്ലയ്ക്ക് ബോള്‍ഡ്വിന്‍ സ്കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തിയത് ആ നല്ല മനുഷ്യനായിരുന്നല്ലോ.
ഇവരെല്ലാം ചാരന്മാരായിരുന്നെന്നോ..! ഇവരെയെല്ലാം തനിക്ക് മുന്‍പേ പരിചയമുണ്ടെന്നോ..!! എന്താണ് ഈ പോലീസുകാര്‍ പറഞ്ഞൊപ്പിക്കാന്‍ ശ്രമിക്കുന്നത്? തന്നെ കൊണ്ട് എന്തു സമ്മതിപ്പിക്കാനാണ് ഇങ്ങനെയിട്ട് തല്ലിച്ചതയ്ക്കുന്നത്?.!
ഇല്ല..ഫൗസിയയ്ക്ക് ഒന്നുമറിയില്ല..ഒന്നും...
പോലീസ് ആവശ്യപ്പെടുന്നത് പോലെ വീഡിയോ കാമറയ്ക്ക് മുന്നില്‍ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം എന്നാണ് വാഗ്ദാനം.എന്താണ് ഈ മാപ്പുസാക്ഷിയെന്നാല്‍..? ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തികളെക്കുറിച്ച് അവര്‍ ചാരന്മാരാണെന്നും തനിക്ക് അവരുമായി നേരത്തെ ബന്ധമുണ്ടെന്നും അവരില്‍ നിന്ന് മിസെയില്‍ രഹസ്യങ്ങള്‍ സ്വീകരിച്ച് ലക്ഷക്കണക്കിന് ഡോളറുകള്‍ പ്രതിഫലമായി നല്‍കിയിട്ടുണ്ടെന്നും എങ്ങനെയാണ് സമ്മതിക്കുക? മനസാക്ഷിക്കുത്തില്ലാതെ പറയാന്‍ കഴിയുക?
സംത്രാസങ്ങളില്‍ മുങ്ങിയും പൊങ്ങിയും വിവശയായപ്പോള്‍ ഫൗസിയ മുറിയുടെ മറുവശത്തേയ്ക്ക് കണ്ണോടിച്ചു.
കണ്ണ് പൊള്ളിയിട്ടെന്നവണ്ണം അടുത്ത ക്ഷണം നോട്ടം പിന്‍വലിച്ചു.
പതിവു പോലെ നഗ്നയായി മറിയം റഷീദ!
ചോദ്യം ചെയ്യലെന്ന പേരില്‍ അവളുടെ നഗ്നതയിലെ കൈയേറ്റങ്ങള്‍.
-" പാവം..ന്റെ മറിയം..."
കോശങ്ങളിലേയ്ക്ക് തറച്ചിറങ്ങുന്ന നോവുകള്‍ക്കിടയിലും ഫൗസിയയുടെ മനസ്സില്‍ അനുകമ്പയുടെ ഉറവയുണര്‍ന്നു.തന്റെ മകളാകാന്‍ മാത്രം പ്രായമുള്ള മറിയം.അവളുടെ ശാപമായ മാദക സൗന്ദര്യം..തന്നെ സഹായിക്കാനെത്തിയതിന് എന്തു വേദനയാണവള്‍ പച്ച മാംസത്തിലേറ്റു വാങ്ങുന്നത്..!
എന്തിനാണിങ്ങണെ,തങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്?തങ്ങളുടെ സ്ത്രീത്വത്തെ അവമതിക്കുന്നത്? ഇവര്‍ക്കാര്‍ക്കും അമ്മയും പെങ്ങന്മാരും ഭാര്യയും പെണ്മക്കളുമില്ലന്നാണോ? വഷളത്തം നിറഞ്ഞ എന്തെന്തു കൈയേറ്റങ്ങളാണ് മെല്ലിച്ചുണങ്ങിയ തന്റെ ശരീരത്തില്‍ പോലും ഈ പിശാചുക്കളേല്‍പ്പിച്ചത്...
രോഷവും സങ്കടവും ഫൗസിയയുടെ തലച്ചോറില്‍ ചിലമ്പി..
" പറഞ്ഞത് കേട്ടില്ലേടി കൂത്തിച്ചി..നിനക്ക് നമ്പിയെ അറിയാം മറ്റേ -മോന്‍ ശ്രിവാസ്തവയെ അറിയാം.നിങ്ങളെല്ലാം പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുകയായിരുന്നു.അവന്മാര്‍ തന്ന രഹസ്യ രേഖകള്‍ക്ക് ലക്ഷക്കണക്കിന് ഡോളര്‍ നീ കൈമാറി..നിന്റെ കൂട്ടുകാരി മറ്റേ -മോളുണ്ടല്ലോ,സുഹേറിയ അവളും ഈ സംഘത്തിലെ കൂത്തിച്ചിയാണ്..നിങ്ങളെല്ലാം കൂടി ചാരപ്പണി ചെയ്യുകയായിരുന്നു..നീയതങ്ങ് സമ്മതിച്ച് ഞങ്ങള്‍ പറഞ്ഞു തരുന്നത് പോലെ പറഞ്ഞാല്‍ നിനക്ക് ജീവനും കൊണ്ട് ഇവിടുന്ന് പോകാം.അല്ലെങ്കില്‍ നിന്റെ ശവമാകും കടലില്‍ പൊങ്ങുക..കേട്ടല്ലോ.."പരുക്കന്‍ സ്വരത്തില്‍ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു നിര്‍ത്തി.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം ഫൗസിയ പറഞ്ഞു: "ക്ഷമിക്കണം.എനിക്കറിയാത്ത കാര്യങ്ങള്‍ ഞാനെങ്ങനെ സമ്മതിക്കാനാണ്..?"
ക്രൗര്യം കത്തുന്ന കണ്ണുകളോടെ ആ രാക്ഷസന്‍ തന്റെ നേരെ വരുന്നത് ഫൗസിയ കണ്ടു.പ്ലയറു കൊണ്ട് ഗുഹ്യാരോമം പിഴുതെടുത്ത് രസിക്കുന്ന കൊടും ക്രൂരന്‍.
അടുത്ത ക്ഷണം ഫൗസിയയുടെ ഇടത്തെക്കവിളില്‍ വെള്ളിടി പോലെ അയാളുടെ പരുക്കന്‍ കൈത്തലം വീണു.
കണ്ണില്‍ ഇരുട്ടു കയറി .
ഫൗസിയ നിലതെറ്റിപ്പിടഞ്ഞു.
വായില്‍ വീണ്ടും ചോരച്ചവര്‍പ്പ് നിറഞ്ഞു..
" ഇനിയൊന്നും ആലോചിക്കാനില്ല.അവളെ കൊണ്ടുവാ.ഈ - മോളുടെ മുന്നിലിട്ട് അവളെ റേപ്പ് ചെയ്താലെ ഇവള്‍ അടങ്ങുകയുള്ളെന്നു തോന്നുന്നു.."
" ആരേ.."ഇടത് കടവായിലൂടൂറിയ ചോരച്ചാല്‍ പുറം കൈകൊണ്ട് തുടച്ച് ഫൗസിയ ചോദിച്ചു
" നിന്റെ പുന്നാര മോള്‍ സില്ല.."അറുവഷളന്‍ ചിരിയോടെ അയാള്‍ മുരണ്ടു.
ഒരുമാത്ര, തന്റെ പൊന്നു മോള്‍ നഗ്നയായി നില്‍ക്കുന്നതും അവളെ പോലീസുകാര്‍ കടിച്ചു കീറുന്നതും പിന്നെ രഹസ്യഭാഗത്ത് നിന്ന് ചോരയൊലിപ്പിച്ച് ഏങ്ങലടികളൊടെ തളര്‍ന്ന് കിടക്കുന്നതും കണ്മുന്നില്‍ കണ്ട് ഫൗസിയ ഞെട്ടിപ്പിടഞ്ഞു
" വേണ്ടാ..ഞാനെല്ലാം സമ്മതിക്കാം..പറയാം..." ഭ്രാന്തമായ അലര്‍ച്ചയായിരുന്നു അത്.
"അങ്ങനെ വഴിക്കു വാടി - മോളേ.." വീണ്ടും വഷളത്തം നിറഞ്ഞ മുരളല്‍.
ആത്മാവ് നഷ്ടപ്പെട്ട വാക്കുകളിലൂടെ ഐബിയിലെ ഭീകരന്മാര്‍ പ്രോമ്പ്റ്റ് ചെയ്തതെല്ലാം ഫൗസിയ ഏറ്റു പറഞ്ഞു.
കുറ്റസമ്മതത്തിന്റെ പാതി വഴിയില്‍ , തന്റെ വാക്കുകള്‍ നിര്‍മ്മിച്ചെടുത്ത മുള്‍ക്കിരീടം ചൂടി രക്തമൊലിപ്പിച്ച് നമ്പിനാരായണനും ശ്രിവാസ്തവയും ശശികുമാരനും എസ്.കെ.ശര്‍മ്മയും ചന്ദ്രശേഖറും നില്‍ക്കുന്നത് കണ്ടപ്പോള്‍ ഫൗസിയ ഞെട്ടിപ്പോയി
" ഇല്ല ഇനിയൊന്നും പറയാന്‍ വയ്യ..എനിക്കൊന്നുമറിയില്ല..അറിയില്ലാ..:കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു ഫൗസിയ അപ്പോള്‍"...ഞാന്‍ പറഞ്ഞതെല്ലാം കള്ളമാണ്..പെരുംകള്ളം..നിങ്ങള്‍ക്കെങ്ങനെയാണിത് തെളിയിക്കാന്‍ കഴിയുക..എന്തിനാണെന്റെ മകളെ ബലാത്സംഘം ചെയ്യുമെന്നു പറഞ്ഞെന്നെ പേടിപ്പിക്കുന്നത്..പ്ലീസ് എനിക്കൊന്നുമറിയില്ല്..പ്ലീസ്.."
മുരള്‍ച്ചയോടെ ആ വഷളന്‍ വീണ്ടും ഫൗസിയയ്ക്ക് നേരെ നടന്നെത്തി.
വീണ്ടും ഇടത് കവിളത്ത് ഇടിവെട്ടി.
നോവിന്റെ തീക്ഷ്ണതയില്‍,അപമാനത്തിന്റെ രൂക്ഷതയില്‍ ഫൗസിയ നിലതെറ്റി തറയിലേയ്ക്കെറിയപ്പെട്ടു..
" തെളിവോ..നീയെന്തിനാടി അതോര്‍ത്ത് തല പുണ്ണാക്കുന്നത്..അത് ഞങ്ങളുണ്ടാക്കി കൊള്ളാം..അതിനുള്ള ആള്‍ക്കാരേം ഞങ്ങളുണ്ടാക്കും.നീ ബാക്കി കൂടി പറഞ്ഞ് തൊലയ്ക്കടി...ഇല്ലെങ്കീ നിന്റെ മോളെ ഞങ്ങള്‍..."
ഫൗസിയയിലെ നീതിബോധം നിമിഷനേരം കൊണ്ട് ബാഷ്പമായി.
കുഞ്ഞുമോളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ ആ അമ്മ പെരുംകള്ളങ്ങളുടെ ചിറപൊട്ടലായി.
അമേരിക്കന്‍ തിരക്കഥയക്ക് അനുസൃതമായ മൊഴി വീഡിയോയില്‍ പകര്‍ത്തി കഴിഞ്ഞപ്പോള്‍ ഫൗസിയ ചോദിച്ചു:" ഇനിയെനിക്ക് പോകാമോ..?"
" പോകാലോ..അതിനു മുന്‍പ് ഒരു ചെറിയ കാര്യം കൂടി ചെയ്യാനുണ്ട്..വാ" അവര്‍ ഫൗസിയയെ അടുത്ത മുറിയിലേയ്ക്ക് കൊണ്ടു പോയി.
അവിടുത്തെ കാഴ്ച, കാല്‍വിരല്‍ തുമ്പത്തുനിന്നൊരു തരിപ്പായി തലച്ചോറിലെത്തിച്ചിതറി.
മുഷിഞ്ഞ് കീറിപ്പറിഞ്ഞ വേഷത്തില്‍,താടിരോമങ്ങള്‍ ക്രമംകെട്ട് വളര്‍ന്നിറങ്ങി ഭിക്ഷക്കാരനെപ്പോലെ ചന്ദ്രശേഖര്‍..
അടിയേറ്റ് വീര്‍ത്ത മുഖവുമായി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ചന്ദ്രശേഖര്‍ വിതുമ്പുന്നുണ്ടായിരുന്നു..ആ കാഴ്ച, അല്‍പം മുന്‍പ് വരെയേറ്റ ഭേദ്യങ്ങളെക്കാള്‍ ആസുരമായി ഫൗസിയയ്ക്ക് തോന്നി.
" ഞങ്ങള്‍ പറഞ്ഞു തന്നത് പോലെ ചോദിക്കടി ഈ പട്ടിയോട്" വീണ്ടു മുരള്‍ച്ച അടുത്തെത്തുന്നതറിഞ്ഞ് ഫൗസിയ നടുങ്ങി വിറച്ചു.ഈ മനുഷ്യനോട് ,തന്റെ മകളെ സഹായിച്ച സ്നേഹവാത്സല്യത്തോട് താനെങ്ങനെ..
അടുത്ത നിമിഷം മകളുടെ ചാരിത്യവും തന്റെ മോചനവും ഓര്‍മ്മയിലെത്തിയപ്പോള്‍ ഐബിയിലെ ഭീകരന്മാര്‍ പറഞ്ഞ് കൊടുത്തതു പോലെ ഫൗസിയ ചന്ദ്രശേഖറോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
ഐബിയുടെ കാമറമാന്‍ അത് വിഡിയോയില്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു.....
*******
ചീന്തി വീണ ഒരു തേങ്ങല്‍ ശബ്ദം ഫൗസിയയെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.സെല്ലിലാകെ ഇരുട്ടു വ്യാപിച്ചു തുടങ്ങി.മറിയം റഷീദ അതേ സ്ഥാനത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു;തേങ്ങലടക്കാന്‍ കഴിയാതെ..
ഫൗസിയയുടെ പ്രാണനില്‍ മാതൃസ്നേഹം കിനിഞ്ഞു.അവര്‍ മറിയത്തിന്റെ ചാരേയ്ക്ക് നിരങ്ങിയിരുന്നു.
ഭിത്തിയില്‍ ചാരിയിരുന്ന് ഉറങ്ങുന്ന മറിയത്തെ കരുണാര്‍ദ്രയായി ഫൗസിയ നോക്കി
ഉറക്കത്തിലും മറിയം വിതുമ്പുകയായിരുന്നു.
അവര്‍ അവളെ മാറത്തേയ്ക്കണച്ചു പിടിച്ചു;കവിളത്തെ കണ്ണീരൊപ്പി .
നെറുകില്‍ മാതൃസ്നേഹത്തോടെ മുഖം ചേര്‍ത്തു
" കരയൂ..മറിയം കരയൂ..അതൊരനുഗ്രഹമാണ്.പ്രാണ നൊമ്പരങ്ങളില്‍ നിന്നുള്ള മോചനമാണ്.."
സില്ലയെ എന്നോണം മറിയം റഷീദയെ അല്‍പ്പം കൂടി ഫൗസിയ ചേര്‍ത്തു പിടിച്ചു ( തുടരും)
നാളെ: രമണ്‍ ശ്രിവാസ്തവയുടെ അഗ്നി പരീക്ഷകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment