Thursday, November 29, 2012

ആരാധനാലയങ്ങള്‍ക്കും ബാര്‍ ഹോട്ടലുകള്‍ക്കുമിടയില്‍ അലൈന്‍മെന്റ്‌ തെറ്റി സര്‍ക്കാര്‍

നിലവിലുള്ള ഭൂനിയമങ്ങള്‍ ലംഘിച്ചും പൊതുസ്ഥലങ്ങള്‍ കൈയ്യേറിയുമാണ്‌ കേരളത്തില്‍ ഭൂരിപക്ഷം ആരാധനാലയങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്‌. ദേശീയപാതയുടെ അലൈന്‍മെന്റ്‌ തിരിച്ചുവിടാന്‍ മനഃപൂര്‍വ്വം ആരാധനാലയങ്ങള്‍ സ്ഥാപിക്കുകയും അവയ്ക്ക്‌ രാഷ്ട്രാന്തര തീര്‍ത്ഥാടന കേന്ദ്രമെന്ന പദവി കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്നതും കേരളത്തില്‍ പതിവ്‌ സംഭവങ്ങളാണ്‌. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ നടക്കുന്ന സംഘടിതമായ നിയമലംഘനവും വെല്ലുവിളികളുമാണ്‌ ഇത്തരം നിര്‍മ്മാണങ്ങള്‍. ഏതെങ്കിലും ഒരു പട്ടിണിപ്പാവം ഒരു കൂരകെട്ടാന്‍ ഒരു സെന്റ്‌ എവിടെയെങ്കിലും വളച്ചുകെട്ടിയാല്‍ അവനെ കുടിയിറക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി എത്തുന്ന റവന്യൂ വകുപ്പും പോലീസ്‌ വകുപ്പും സര്‍ക്കാരുമാണ്‌ സംഘടിത മതങ്ങളുടെ ധാര്‍ഷ്ട്യത നിറഞ്ഞ ഈ നിയമലംഘനത്തെ അംഗീകരിക്കുന്നത്‌.
ആതിരേ,ആരുടെയൊക്കെ കണ്ണില്‍ പൊടിയിട്ടാലാണ്‌ ഒരു സര്‍ക്കാരിന്‌ പിടിച്ചു നില്‍ക്കാന്‍ കഴിയുകയെന്ന്‌ ഉമ്മന്‍ചാണ്ടിയ്ക്ക്‌ മാത്രമേ അറിയൂ. ഓരോ വിഭാഗത്തെയും സമുദായത്തെയും ഘടകകക്ഷികളെയും ഒപ്പം നിര്‍ത്താനും സര്‍ക്കാരിനെതിരെ തിരിയാതിരിക്കാനും ചില്ലറ തന്ത്രങ്ങളൊന്നുമല്ല ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നത്‌. അതിജീവന രാഷ്ട്രീയത്തിന്റെ ഏറ്റവും മ്ലേച്ഛമായ പ്രായോഗികതകളിലാണ്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ്‌ മന്ത്രിമാരും നേതാക്കന്മാരും അഭിരമിക്കുന്നത്‌ എന്നതാണ്‌ വര്‍ത്തമാനകാല ജനാധിപത്യ ഭരണത്തിന്റെ അസംബന്ധം. ഈ കപട ലോകത്തില്‍ എന്റെ കാപട്യം എല്ലാവരും അറിയുന്നതാണ്‌ എന്റെ ദുഃഖമെന്ന്‌ ചങ്ങമ്പുഴയെ തിരുത്തി കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞത്‌ ഉമ്മന്‍ചാണ്ടിയെ ദീര്‍ഘദര്‍ശനം ചെയ്തല്ലേ എന്ന്‌ സംശയിക്കാവുന്ന രീതിയിലാണ്‌ മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്ത ഒരു തീരുമാനം കേള്‍ക്കുന്ന വിവേകമുള്ളവരെല്ലാം മൂക്കത്ത്‌ വിരല്‍വെച്ച്‌ നിന്നുപോകും. ദേശീയ പാതയുടെ വികസനം സംബന്ധിച്ച വിഷയത്തില്‍ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ചെകുത്താനെയും കടലിനെയും ഒരുപോലെ സംരക്ഷിക്കുന്നതാണെന്ന്‌ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ദേശീയ പാതയുടെ വീതി 45 മീറ്ററാക്കണമന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ഒച്ചവെച്ച്‌ തോല്‍പ്പിക്കാന്‍ ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിച്ച നശീകരണ ദിനങ്ങള്‍, ആതിരേ, ആരും മറന്നിട്ടുണ്ടാവില്ല. ദേശീയ പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാന്‍ കൊടിയുടെ നിറഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നതും ഓര്‍മ്മയുണ്ടാകണം. 30 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള ദേശീയപാത കേരളത്തിന്‌ വേണ്ട എന്നായിരുന്നു വികസനത്തെക്കുറിച്ച്‌ പുതിയ പരിപ്രേക്ഷ്യങ്ങള്‍ രചിക്കുകയും വോട്ടര്‍മാര്‍ക്ക്‌ പുത്തന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഈ വഞ്ചക പരിഷകള്‍ എടുത്ത തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കേട്ട്‌ അന്തംവിട്ടു നിന്നുപോയിട്ടുണ്ടാകണം. മറ്റു സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക്‌ വീതിയേറിയ റോഡുകള്‍ വേണം അതിന്‌ സാമ്പത്തിക സഹായം നല്‍കണമെന്ന്‌ നിരന്തരം അഭ്യര്‍ത്ഥിക്കുമ്പോള്‍, പ്രായോഗിക മതികളെന്നും സാക്ഷരരെന്നും വികസനത്തിന്റെ കേരള മോഡല്‍ കണ്ടെത്തിയവര്‍ എന്നുമൊക്കെ അഹങ്കരിക്കുന്നവരായ തങ്ങള്‍ക്ക്‌ ഇടുങ്ങിയ റോഡുകള്‍ മതി എന്ന്‌ ശഠിച്ചത്‌. കമ്മീഷനുകളും പാര്‍ട്ടിഫണ്ടുമാണ്‌ വികസനത്തിന്റെ ക്രൈറ്റീരിയന്‍ എന്ന്‌ നിശ്ചയിച്ച വേതാളങ്ങള്‍ക്കുണ്ടോ വേഗതയേറിയതും വീതികൂടിയതുമായ റോഡുകളെക്കുറിച്ചുള്ള താല്‍പര്യം. അന്ന്‌ കേരളത്തിന്റെ പിടിവാശിയെ, അതേ നാണയത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ അഭിമുഖീകരിച്ചത്‌. 45 മീറ്റര്‍ വീതിയുള്ള ദേശീയ പാത വേണ്ടായെങ്കില്‍ ദേശീയ പാത വികസനത്തിനുള്ള ഫണ്ടും കേരളത്തിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ദേശീയ പാതയുടെ വീതി വര്‍ദ്ധിപ്പിക്കുന്നതില്‍ സ്വീകരിച്ച പ്രതിലോമ നിലപാടിനെ ലജ്ജിപ്പിക്കുന്ന തീരുമാനമാണ്‌ കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത്‌,ആതിരെ.. ദേശീയപാതയുടെ വീതി ഇപ്പോള്‍ ഉള്ളതില്‍ അല്‍പ്പംകൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഈ വര്‍ദ്ധന നടപ്പിലാക്കാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഹാസ്യാത്മകവും ഈ സര്‍ക്കാരിന്റെ സമുദായ-അബ്കാരി പ്രീണന സ്വഭാവം വ്യക്തമാക്കുന്നത്‌. 30 മീറ്റര്‍ വീതിയുള്ള റോഡിന്റെ മധ്യഭാഗത്തുനിന്ന്‌ ഇരുഭാഗത്തേക്കും ഏഴര മീറ്റര്‍ വീതി കൂടി വര്‍ദ്ധിപ്പിക്കാനാണ്‌ അനുമതി നല്‍കിയിട്ടുള്ളത്‌. ദേശീയപാത 47-ലും 17-ലുമാണ്‌ ഈ രീതിയില്‍ വീതി കൂട്ടുന്നത്‌. പക്ഷേ, ഇങ്ങനെ വീതി കൂട്ടുന്നത്‌ ആരാധനാലയങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കണമെന്നാണ്‌ ആദ്യത്തെ നിര്‍ദ്ദേശം. വീതി വര്‍ദ്ധിപ്പിക്കുന്ന സ്ഥലങ്ങളില്‍ എവിടെയെങ്കിലും ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയം ഉണ്ടെങ്കില്‍ അവിടെ റോഡിന്റെ അലൈന്‍മെന്റ്‌ മാറ്റാനാണ്‌ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്ഥലം കൈയ്യേറി റോഡിന്റെ തൊട്ടരുകിലായി ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ അറിഞ്ഞു കൊണ്ടു തന്നെയാണ്‌ സാമുദായിക വികാരങ്ങളുടെ പേരില്‍ ഈ നിയമ ലംഘനത്തിന്‌ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്‌. നിലവിലുള്ള ഭൂനിയമങ്ങള്‍ ലംഘിച്ചും പൊതുസ്ഥലങ്ങള്‍ കൈയ്യേറിയുമാണ്‌ കേരളത്തില്‍ ഭൂരിപക്ഷം ആരാധനാലയങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്‌. ദേശീയപാതയുടെ അലൈന്‍മെന്റ്‌ തിരിച്ചുവിടാന്‍ മനഃപൂര്‍വ്വം ആരാധനാലയങ്ങള്‍ സ്ഥാപിക്കുകയും അവയ്ക്ക്‌ രാഷ്ട്രാന്തര തീര്‍ത്ഥാടന കേന്ദ്രമെന്ന പദവി കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്നതും കേരളത്തില്‍ പതിവ്‌ സംഭവങ്ങളാണ്‌. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ നടക്കുന്ന സംഘടിതമായ നിയമലംഘനവും വെല്ലുവിളികളുമാണ്‌ ഇത്തരം നിര്‍മ്മാണങ്ങള്‍. ഏതെങ്കിലും ഒരു പട്ടിണിപ്പാവം ഒരു കൂരകെട്ടാന്‍ ഒരു സെന്റ്‌ എവിടെയെങ്കിലും വളച്ചുകെട്ടിയാല്‍ അവനെ കുടിയിറക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി എത്തുന്ന റവന്യൂ വകുപ്പും പോലീസ്‌ വകുപ്പും സര്‍ക്കാരുമാണ്‌ സംഘടിത മതങ്ങളുടെ ധാര്‍ഷ്ട്യത നിറഞ്ഞ ഈ നിയമലംഘനത്തെ അംഗീകരിക്കുന്നത്‌. ആതിരേ,മത കാര്യങ്ങളില്‍ ഏറ്റവും അധികം തീഷ്ണത പുലര്‍ത്തുന്നവരാണ്‌ മുസ്ലീങ്ങള്‍. എന്നാല്‍, ഗള്‍ഫ്‌ രാജ്യങ്ങളില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോഴും അവയ്ക്ക്‌ വീതി കൂട്ടുമ്പോഴും തടസമായി നില്‍ക്കുന്ന മോസ്ക്കുകള്‍ അവിടെ നിന്ന്‌ മാറ്റാന്‍ ഭരണാധികാരികള്‍ക്ക്‌ മടിയില്ല, അങ്ങനെ സംഭവിച്ചാല്‍ അത്‌ അംഗീകരിക്കാന്‍ അവിടുത്തെ വിശ്വാസികള്‍ തയ്യാറുമാണ്‌. വിശാല വീക്ഷണവും വിദ്യാഭ്യാസവും പ്രായോഗിക ബുദ്ധിയും ഏത്‌ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ കഴിവുണ്ടെന്നും മേനി നടിക്കുന്ന മലയാളികളാണ്‌ വികസനത്തിന്റെ വീഥിയില്‍ ഇത്തരം അശ്രീകരങ്ങള്‍ സൃഷ്ടിച്ച്‌ നാടിന്റെ പുരോഗതിയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ഹനിക്കുന്നത്‌. നിയമവിരുദ്ധമായി നടക്കുന്ന ഏതു പ്രവര്‍ത്തനവും തടയാനും പൗരന്മാര്‍ക്ക്‌ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം അടക്കമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും ബാധ്യസ്ഥമായ ഒരു ജനായത്ത ഭരണകൂടമാണ്‌ ഇത്തരം വിഭാഗീയ വികാരങ്ങള്‍ക്ക്‌ വഴങ്ങി ഭരണഘടനയെയും പൗരന്മാരെയും വിഡ്ഢികളാക്കുന്നത്‌. ആരാധനാലയങ്ങളുടെ മറവില്‍ ബാര്‍ ഹോട്ടലുകളെ സംരക്ഷിക്കാനുള്ള കുത്സിത ലക്ഷ്യവും ബുധനാഴ്ചത്തെ തീരുമാനത്തിലുണ്ട്‌, ആതിരേ... നേരത്തെ തന്നെ ദേശീയ പാതയോരത്തെ വ്യാപാരികളുടെ ശുഷ്കമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ 45 മീറ്റര്‍ വീതിയുള്ള റോഡുവേണ്ട എന്ന്‌ കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്‌. അന്നെടുത്ത തീരുമാനത്തിന്റെ മറ്റൊരു വികൃത മുഖമാണ്‌ ഇവിടെ തെളിയുന്നത്‌. ആരാധനാലയങ്ങള്‍ക്കുവേണ്ടി അലൈന്‍മെന്റ്‌ മാറ്റാന്‍ പറഞ്ഞാല്‍ ആരും ക്ഷോഭിക്കുകയില്ല എന്ന കൗശലബുദ്ധിയില്‍ നിന്നാണ്‌ ബാര്‍ ഹോട്ടലുകള്‍ക്ക്‌ കൂടി സഹായകമാകുന്ന തീരുമാനം കഴിഞ്ഞ ദിവസം കൈക്കൊണ്ടിട്ടുള്ളത്‌. അനധികൃത ഭൂമി കൈയ്യേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയാന്‍ മുഖ്യമന്ത്രിയുടെ കീഴില്‍ തന്നെ പ്രത്യേക വകുപ്പും ഉദ്യോഗസ്ഥരും ഉണ്ട്‌. അവരുടെ കൂടി സഹായത്തോടും ഉപദേശത്തോടുമാണ്‌ പാതയോരങ്ങളും ജലാശയ തീരങ്ങളും ആറ്റു തീരങ്ങളും തോട്ടുവക്കുകളും കൈയ്യേറി അനധികൃത റിസോര്‍ട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്‌. ഇത്തരം നിര്‍മ്മാണങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്‌ ദേശീയപാതയുടെ അലൈന്‍മെന്റ്‌ മാറ്റുന്നത്‌, ആരാധനാലയങ്ങള്‍ക്കുവേണ്ടിയാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കേരളീയരെല്ലാം കൊഞ്ഞാണന്മാരാണല്ലോ. അതുകൊണ്ട്‌ കണ്ണില്‍പ്പൊടിയിടുന്നവര്‍ക്ക്‌ എന്തുമാകാമല്ലോ. അതാണല്ലോ ആതിരേ,സുതാര്യവും അഴിമതിവിരുദ്ധവുമായ ഭരണം!

No comments: