Wednesday, November 14, 2012
രമണ്‍ ശ്രിവാസ്തവയുടെ അഗ്നിപരീക്ഷണങ്ങള്‍
രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തേ അടങ്ങൂ എന്ന വാശിയിലായിരുന്നു ഐബിയുടെ ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണ്‍. എന്നാല്‍, ഉന്നതനായ ഒരു പോലീസ് ഓഫീസറെ കേവലം ചില മൊഴികളുടെ അടിസ്ഥാനത്തില്‍, അറസ്റ്റ് ചെയ്യുന്നത് നിയമപരമായി ശരിയല്ല എന്ന വാദമായിരുന്നു സിബി മാത്യു മുന്നോട്ട് വച്ചത്. വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ഡിജിപി ഇടപെടുകയും താന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം വ്യക്തമായ തെളിവുകളില്ലാതെ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുന്ന പ്രശ്നമേയില്ലെന്ന ഡിജിപി അറുത്തു മുറിച്ചു പറഞ്ഞു.ഈ നിലപാട് മാത്യു ജോണിന് ദഹിക്കുന്നതായിരുന്നില്ല. അദ്ദേഹം വീണ്ടും രോഷാകുലനായി. "തെളിവില്ലാത്തതുകൊണ്ട് രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യില്ല എന്നല്ലേ നിങ്ങള്‍ പറയുന്നത്. എന്നാല്‍ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അയാളെ കൈവിലങ്ങ് വയ്ക്കുന്നത് ഞാന്‍ കാണിച്ചു തരാം " ഭീഷണിപ്പെടുത്തിയാണ് അന്ന് മാത്യു ജോണ്‍ ആ മുറി വിട്ടുപോയത്.
ആതിരേ, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കുതിപ്പ് ചിതറിക്കാനും ക്രയോജനിക്ക് ടെക്നോളജി മേഖലയിലെ ഉയര്‍ച്ച തകര്‍ക്കാനും വേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വ ത്വര രചിച്ച തിരക്കഥയ്ക്കനുസരിച്ചായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ് ചാര്‍ജ് ചെയ്തതും ലോക്കല്‍ പോലീസും ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയും റോയും അന്വേഷണം നടത്തിയതെന്ന് നേരത്തെ സൂചിപ്പിച്ചു.
ആ തിരക്കഥയ്ക്ക് അനുസരിച്ച് ചില കഥാപാത്രങ്ങളെ കണ്ടെത്തി കഥകള്‍ മെനഞ്ഞ് കൊടിയ മര്‍ദ്ദനങ്ങളിലൂടെ അവരെക്കൊണ്ട് അതെല്ലാം സമ്മതിപ്പിച്ച് വീഡിയോഗ്രാഫ് ചെയ്ത് കാട് ഇളക്കുക മാത്രമായിരുന്നു ഐബി ചെയ്തത്. ഇതിനിടയില്‍ അവര്‍ നേരിട്ടും കേരള പോലീസിലെ ചില അഞ്ചാം പത്തികളെ ഉപയോഗിച്ചും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് ചാരക്കഥയുടെ ടെമ്പോ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ചോര്‍ന്നു കിട്ടിയ വാര്‍ത്തകളുടെ തുമ്പു പിടിച്ച് രതിക്കഥകള്‍ എഴുതിക്കൂട്ടി മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വായനക്കാരന്റെ ഉദ്വേഗം ഹിമാലയത്തോളം ഉയര്‍ത്തുകയും ചെയ്തു. ഇത്തരം ഒരു വൈകാരിക പശ്ചാത്തലം സൃഷ്ടിക്കുക മാത്രമായിരുന്നു ഐബിയുടെ ഉദ്ദേശ്യം. ഇതിലൂടെ അവര്‍ ആഗ്രഹിച്ച രീതിയില്‍ അട്ടിമറി സാധ്യമാകുമെന്ന് അമേരിക്കയുടെ ചാരന്മാര്‍ ഐബിയിലെ ഏജന്റുമാര്‍ക്ക് ഉപദേശം നല്‍കിയിരുന്നു. ആ ഉപദേശത്തിന്റെ ചുവടുപിടിച്ച് കോപ്പി ബുക്ക് സ്റ്റെയിലില്‍ തന്നെയായിരുന്നു അന്വേഷണവും അറസ്റ്റും പീഡനവും.
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ചാരക്കഥ തെളിയിക്കാന്‍ ഒരിക്കല്‍ പോലും ഐബി ശ്രമിച്ചില്ല എന്നതാണ് അതിന്റെ ആദ്യത്തെ തെളിവ്. അത് അവര്‍ ആഗ്രഹിച്ചിരുന്നതുമില്ല. മറിയം റഷീദയുടെ ഫോണ്‍ കോള്‍ ലിസ്റ്റുകളില്‍ നിന്ന് സ്മാര്‍ട്ട് വിജയന്‍ ആദ്യം കണ്ടെടുത്ത 'ചാരന്‍' ക്രയോജനിക് റോക്കറ്റ് വിഭാഗത്തിലെ ശാസ്ത്രജ്ഞന്‍ ഡി.ശശികുമാരനായിരുന്നു. എന്നാല്‍, ശശികുമാരനെ അറസ്റ്റ് ചെയ്യുന്നത് 1994 നവംബര്‍ 21ന് അഹമ്മദാബാദില്‍ വച്ചായിരുന്നു.
ശശികുമാരനും ഐഎസ്‌ആര്‍ഒയുടെ ബാംഗ്ലൂര്‍ യൂണിറ്റിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഒരു ഐഎഎസ് ഓഫീസറും തമ്മിലുണ്ടായിരുന്ന തര്‍ക്കം നേരത്തെ സൂചിപ്പിച്ചിരുന്നു. ചാരക്കേസ് മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ച ഉടന്‍ തന്നെ ഈ ഉദ്യോഗസ്ഥന്‍ ശശികുമാരനെ തിരുവനന്തപുരത്തു നിന്ന് അഹമ്മദാബാദിലേക്ക്, പണിഷ്മെന്റ് എന്ന നിലയ്ക്ക് സ്ഥലം മാറ്റിയിരുന്നു. അതുകൊണ്ടാണ് ശശികുമാറിനെ അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ചാരക്കേസിലെ ഏറ്റവും നിര്‍ണ്ണായക കണ്ണിയായ ശാസ്ത്രജ്ഞന്‍ എന്ന് ഐബിയും മാധ്യമങ്ങളും പ്രചരിപ്പിച്ചിട്ടും ശശികുമാരനെ അറസ്റ്റ് ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തത്. മറ്റൊരു ശാസ്ത്രജ്ഞനും ചാരകണ്ണിയിലെ പ്രമുഖനുമായ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുന്നത് നവംബര്‍ 30-ന്. എന്നാല്‍, അദ്ദേഹത്തിന്റെ വീട് സര്‍ച്ചു ചെയ്യാന്‍ പോലും ഐബി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല!
അമേരിക്കന്‍ താല്‍പര്യമനുസരിച്ച് ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കി അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി വൈകാരിക വിക്ഷോഭത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അതിലൂടെ അരാജകത്വം നടപ്പിലാക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ഐബി ചെയ്തത്. ഇവരുടെ പ്രധാന ഇര രമണ്‍ ശ്രീവാസ്തവയായിരുന്നു. കേരള കൗമുദി എഡിറ്റര്‍ എം.എസ്.മണിയുടെ പ്രതികാര ചിന്തയില്‍ നിന്നാണ് രമണ്‍ശ്രീവാസ്തവ ചാരക്കഥയിലെ പ്രധാന കഥാപാത്രമാകുന്നത്. അക്കാര്യം നേരത്തെ വിവരിച്ചതാണ്. കേരള കൗമുദിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഐബി , രമണ്‍ ശ്രീവാസ്തവ വേട്ടയ്ക്ക് തുടക്കമിട്ടത്. ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്നാണ് ചാരക്കഥയില്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന സ്ഥാനവും പേരും. ഇന്ത്യന്‍ മിസെയില്‍ നിര്‍മ്മാണ രഹസ്യം പാക്കിസ്ഥാന് മറിയം റഷീദയിലൂടെയും ഫൗസിയയിലൂടെയും കൈമാറിയതിന് ചുക്കാന്‍ പിടിച്ചത് രമണ്‍ ശ്രീവാസ്തവയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഐബി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാനോ ചോദ്യം ചെയ്യാനോ ഭേദ്യം ചെയ്യാനോ അവസരം ലഭിച്ചില്ല. അന്നത്തെ ഡിജിപി ടി.വി.മധു സൂദനനും പ്രത്യേക അന്വേഷണ സംഘം തലവന്‍ ഡിഐജി സിബിമാത്യുവും എടുത്ത കര്‍ക്കശ നിലപാടാണ് ഐബിയുടെ നീക്കം ചിതറിച്ചത്.
യഥാര്‍ത്ഥത്തില്‍ മറിയം റഷീദയെയും ഫൗസിയയെയും ബാംഗ്ലൂരിലെ ആര്‍മി ക്ലബില്‍ കൊണ്ടുപോയത് സ്ക്വാഡ്രന്‍ ലീഡര്‍ കെ.എല്‍.ഭാസിനായിരുന്നു. ഫൗസിയയുടെ മകള്‍ക്ക് ബോള്‍ഡ്വിന്‍ സ്കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തിയ ശേഷം അവരെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ഫൗസിയയ്ക്ക് ടോയ്‌ലറ്റില്‍ പോകേണ്ടി വന്നതുകൊണ്ടാണ് ആര്‍മി ക്ലബില്‍ കയറിയത്. ഇതും നേരത്തെ സൂചിപ്പിച്ചതാണ്. എന്നാല്‍, രമണ്‍ ശ്രീവാസ്തവ ഈ ചാരവനിതകളുമായി സ്ഥിരം ആര്‍മി ക്ലബ് സന്ദര്‍ശിച്ചിരുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ഐബി ശ്രമിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഡിവൈഎസ്പി ബാബുരാജ് ബാംഗ്ലൂരില്‍ നേരിട്ട് ചെന്ന് രമണ്‍ ശ്രീവാസ്തവയുടെ ആര്‍മി ക്ലബിലെ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തില്‍ നിന്നാണ് സ്ക്വാഡ്രന്‍ ലീഡര്‍ കെ.എല്‍.ഭാസിനെ കണ്ടെത്തുന്നത്. എന്നാല്‍ ഇക്കാര്യം കേസ് ഡയറിയില്‍ രേഖപ്പെടുത്തരുത് എന്നായിരുന്നു ഐബിയുടെ ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണിന്റെ നിര്‍ദ്ദേശം.അങ്ങനെ ചെയ്താല്‍ രമണ്‍ ശ്രിവാസ്തവയെ കുറ്റവാളിപ്പട്ടികയില്‍ പെടുത്താന്‍ കഴിയുമായിരുന്നില്ല
അതേസമയം, രമണ്‍ ശ്രീവാസ്തവയാണ് ചാരക്കേസിലെ പ്രധാന വില്ലന്‍ എന്ന് വിശദീകരിക്കുന്ന ഒരു കത്ത് മാത്യു ജോണ്‍ ഐബിയുടെ ദേശീയ തലവന്‍ എം.കെ.ധര്‍ന് അയച്ചിരുന്നു. (ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതി ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവയ്ക്കും പങ്കുണ്ട് എന്ന അടിസ്ഥാന രഹിതവും അനീതിപരവുമായ കണ്ടെത്തല്‍ നടത്തിയത്.) രമണ്‍ ശ്രീവാസ്തവയുടെ കാര്യത്തില്‍ എന്ന പോലെ നമ്പി നാരായണന്റെയും മറ്റും അറസ്റ്റിലും ഡിവൈഎസ്പി ജി.ബാബുരാജ് ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇനി സംശയങ്ങള്‍ ഉന്നയിച്ചാല്‍ തന്നെയായിരിക്കും ആദ്യം അറസ്റ്റ് ചെയ്യുക എന്ന് ഭീഷണിപ്പെടുത്തിയാണ് മാത്യു ജോണ്‍ ആ ഡിവൈഎസ്പിയുടെ നീതി ബോധത്തെ കശക്കിയെറിഞ്ഞത്.
മാത്യു ജോണിന്റെ താല്‍പര്യപ്രകാരം രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ സിബി മാത്യു തയ്യാറല്ല എന്നു ബോധ്യപ്പെട്ടപ്പോള്‍ ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവയ്ക്കുള്ള പങ്ക് വിവരിച്ചുകൊണ്ട് ഒരു വാര്‍ത്ത മാത്യു ജോണ്‍ തന്നെ ഇന്ത്യന്‍ എക്സ്പ്രസിന് ചോര്‍ത്തിക്കൊടുത്തു. അതുകിട്ടേണ്ട താമസം പിറ്റേദിവസത്തെ, (1994 ഡിസംബര്‍ 2 ) പത്രത്തിന്റെ മുന്‍പേജില്‍ ഇന്ത്യന്‍ എക്സ്പ്രസ് ഒരു എക്സ്ക്ലൊാസെവ് സ്റ്റോറി പബ്ലിഷ് ചെയ്തു.
"ചാരക്കേസ് ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വല മുറുകുന്നു" എന്നായിരുന്നു അതിന്റെ ശീര്‍ഷകം.
ഈ വാര്‍ത്ത വരുന്നതിന്റെ തലേദിവസം. അതായത് ഡിസംബര്‍ ഒന്നാം തീയതി ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണും ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാറും അന്നത്തെ ഡിജിപി ടി.വി.മധുസൂദനനെ നേരിട്ട് കണ്ട് രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ സിബി മാത്യുവും ഡിവൈഎസ്പി ബാബുരാജും അവിടെ സന്നിഹിതരായിരുന്നു. തലേദിവസം സിബി മാത്യു ഡിജിപിക്ക് ഒരു കത്തയച്ചിരുന്നു. ചാരക്കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണം എന്നായിരുന്നു ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് മധുസൂദനന്‍ അവരെ വിളിപ്പിച്ചത്.
ഡിജിപിയുടെ സാന്നിദ്ധ്യത്തില്‍, രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റിന്റെ കാര്യത്തില്‍ മാത്യു ജോണും സിബി മാത്യുവും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തേ അടങ്ങൂ എന്ന വാശിയിലായിരുന്നു മാത്യു ജോണ്‍. എന്നാല്‍, ഉന്നതനായ ഒരു പോലീസ് ഓഫീസറെ കേവലം ചില മൊഴികളുടെ അടിസ്ഥാനത്തില്‍, അറസ്റ്റ് ചെയ്യുന്നത് നിയമപരമായി ശരിയല്ല എന്ന വാദമായിരുന്നു സിബി മാത്യു മുന്നോട്ട് വച്ചത്. വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ഡിജിപി ഇടപെടുകയും താന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം വ്യക്തമായ തെളിവുകളില്ലാതെ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുന്ന പ്രശ്നമേയില്ലെന്ന ഡിജിപി അറുത്തു മുറിച്ചു പറഞ്ഞു.
ഈ നിലപാട് മാത്യു ജോണിന് ദഹിക്കുന്നതായിരുന്നില്ല. അദ്ദേഹം വീണ്ടും രോഷാകുലനായി. "തെളിവില്ലാത്തതുകൊണ്ട് രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യില്ല എന്നല്ലേ നിങ്ങള്‍ പറയുന്നത്. എന്നാല്‍ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അയാളെ കൈവിലങ്ങ് വയ്ക്കുന്നത് ഞാന്‍ കാണിച്ചു തരാം " ഭീഷണിപ്പെടുത്തിയാണ് അന്ന് മാത്യു ജോണ്‍ ആ മുറി വിട്ടുപോയത്.
ഇത്രയൊക്കെ കരുക്കള്‍ നീക്കിയിട്ടും, വല മുറുക്കിയിട്ടും ഐബിക്ക് രമണ്‍ ശ്രീവാസ്തവയെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞില്ല. എനാല്‍, സിബിഐ രമണ്‍ ശ്രീവാസ്തവയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് തകര്‍ക്കുകയും ചെയ്തു.
നാളെ : ഓപ്പറേഷന്‍ രമണ്‍ ശ്രീവാസ്തവ
Subscribe to:
Post Comments (Atom)
No comments:
Post a Comment