Friday, August 22, 2014
ഹസനെന്ന കോമാളിയെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയുടെ കടും വെട്ട്
ചന്ദ്രിക മുഖപ്രസംഗമെഴുതിയും കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും പ്രസ്‌താവനകളിലൂടെയും സുധീരന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധി, സമ്പൂര്‍ണ മദ്യനിരോധനമെന്ന പ്രസ്‌താവനയായി ഹസനില്‍ നിന്നു പുറത്ത് വന്നത്.കരുണാകരനെ തകര്‍ക്കാന്‍ ഉപയോഗിച്ച കുതന്ത്രങ്ങളുടെ ഹീനമായ പുനര്‍ജനനം ഇനി, തുടര്‍ന്നു കാണാനാകും.അപ്രായോഗികമാണെന്നറിഞ്ഞിട്ടും ഹസന്‍ അങ്ങനെ പറഞ്ഞതിന്റേയും ഹസനെ കൊണ്ട് ഉമ്മന്‍ ചാണ്ടി അങ്ങനെ പറയിച്ചതിന്റേയും പൊരുള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്.കുഞ്ഞിന്റെ അവകാശ വാദവുമായി സോളമന്‍ രാജാവിനെ സമീപിച്ച രണ്ടു മാതാക്കളില്‍ ഒരാള്‍ കുഞ്ഞിനെ പകുത്തെടുക്കാന്‍ തയ്യാറായതിലെ ബീഭത്സ താത്‌പര്യമുണ്ടല്ലോ,അതിന് തുല്യമായ ഉന്മൂലന മനസ്സാണ് ഹസനിലൂടെ വെളിവായത്. സോളാര്‍,സരിത,ആറന്മുള വിമാനത്താവളം,പ്ലസ് ടു,418 ബാര്‍-ഖദറിനുള്ളിലെ ഉമ്മന്‍ ചാണ്ടിയുടെ കരാളത തെളിഞ്ഞു കൊണ്ടേയിരിക്കുകയാണ്
ആതിരേ,കോമാളികള്‍ സര്‍ക്കസിന്റെ അവിഭാജ്യ ഘടകമാണ്.പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതല്ല അവരുടെ പ്രാഥമിക ദൗത്യം.അതു കൊണ്ടാണ് ഹാസ്യകലയില്‍ സമ്പൂര്‍ണ പരാജയമായിട്ടും അവരെ ഉപേക്ഷിക്കാത്തത്.ഒരു ഐറ്റം കഴിഞ്ഞ് അടുത്ത ഐറ്റം തുടങ്ങുന്നതിനുള്ള വേദിയൊരുക്കാന്‍ അല്‍പം സമയം വേണം.മുഷിച്ചിലുളവാക്കുന്ന ഈ ഇടവേളയില്‍ നിന്ന് പ്രേക്ഷക ശ്രദ്ധ തിരിക്കാനാണവര്‍ പേക്കൂത്തുകളാടുന്നത്;കോപ്രായങ്ങള്‍ കണിക്കുന്നത്.അവരുടെ ആകാരവും വേഷഭൂഷകളും ഇതിന് അനുഗുണമാണ്.അവരുടെ വിഢിത്തങ്ങള്‍ പക്ഷെ സര്‍ക്കസ് കാണാനെത്തുന്ന കുഞ്ഞുങ്ങള്‍ക്കിഷ്ടമാണ്.കോമാളികളുടെ കോപ്രായങ്ങളില്‍ അവര്‍ ആര്‍ത്തു ചിരിക്കും.കുഞ്ഞുങ്ങള്‍ ചിരിക്കുന്നത് മുതിര്‍ന്നവര്‍ക്ക് ഇഷ്ടമാണ്.ഈ ഇഷ്ടങ്ങള്‍ക്കിടയില്‍ വേദിയൊരുക്കുന്നതിലെ ഇടവേളകള്‍ ശ്രദ്ധിക്കപ്പെടാതെ പോകും.
അത്തരത്തിലൊരു കോമാളിയായി കേരളീയരുടെ മുന്നില്‍ നില്‍ക്കുകയാണ് കെപിസിസി വൈസ് പ്രസിഡന്റും എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌ത വിധേയനുമായ എം.എം.ഹസന്‍.ബാറുടമകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഇതുവരെ നടത്തിയ ഗൂഢാലോചനകള്‍ എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ്,ആതിരേ, `പൊട്ടന്‍ വേഷം കെട്ടിച്ച്'ഹസനെ രംഗത്തിറക്കിയത്.ശിഖണ്ഡിയെ മുന്‍ നിറുത്തി പാഞ്ചാല രാജനായ ദ്രുപദനും മകന്‍ ധൃഷ്ടദ്യുമ്‌നനും നടത്തിയ കുരുക്ഷേത്രയുദ്ധത്തിന്റെ ഓര്‍മ്മയും ഹസന്‍ ഉണര്‍ത്തുന്നുണ്ട്.
നാലു മാസമായി 418 ബാര്‍ അടഞ്ഞുകിടക്കാനുണ്ടായ സാഹചര്യം വിവരിക്കേണ്ടതില്ല.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നയപരമായ തീരുമാനം കൊണ്ടല്ല അതുണ്ടായത്.സുപ്രീം കോടതി വിധിയും പാര്‍ലമന്റ് തെരഞ്ഞെടുപ്പും അതിന് ഹേതുവായി.ഘട്ടം ഘട്ടമായി മദ്യ നിരോധനമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാനും ഉമ്മന്‍ ചാണ്ടിയെ മൂലയ്‌ക്കിരുത്താനും ഇതാണ് അവസരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ തിരിച്ചറിയുകയും നിലപാടില്‍ കാര്‍ക്കശ്യം വരുത്തുകയും ചെയ്‌തു.മദ്യവിപത്തിന്റെ ഇരകളായ വീട്ടമ്മമാരും മദ്യവര്‍ജനത്തിന് വാദിക്കുന്ന കത്തോലിക്ക സഭയും കത്തോലിക്ക മെത്രാന്‍ സംഘവും സുധീരന്റെ നിലപാടിനെ സഹര്‍ഷം സ്വാഗതം ചെയ്‌തപ്പോള്‍ അത് പ്രതിച്ഛായ നിര്‍മാണത്തിന്റെ മാനം കൈവരിക്കുകയും ചെയ്‌തു.
സരിതയുടെ വായടയ്‌പ്പിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അതിന്റെയൊക്കെ മറവില്‍ സ്വന്തം അക്കൗണ്ട് വളര്‍ത്താനും ബാറുടമകളുടെ ഔദാര്യം സ്വീകരിച്ച ഉമ്മന്‍ ചാണ്ടിക്കും കെ.ബാബുവിനും കെ.സി.ജോസഫിനും പക്ഷേ പ്രതിച്ഛായയായിരുന്നില്ല,ആതിരേ, തുടക്കത്തില്‍ പ്രശ്‌നം.സരിതയ്‌ക്ക് വേണ്ടി പറ്റിയ പണത്തിന്റെ കണക്ക് പുറത്തു വരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു അവരുടെ അജണ്ട.പിന്നെ ബാറുകളിലുള്ള ബിനാമി ഇടപാടുകളും രഹസ്യമായി സൂക്ഷിക്കണമെന്ന ജാഗ്രതയുമുണ്ടായിരുന്നു.ഈ സമയം കൊണ്ട് സുധീരന്‍ മദ്യവിരുദ്ധരുടെ മുഴുവന്‍ `ധീരനായ നേതാവായി'കഴിഞ്ഞിരുന്നു.
മദ്യവ്യാപാരം വ്യക്തികളുടെ തൊഴില്‍ സ്വാതന്ത്ര്യമല്ലെന്നും അടിയന്തിരമായി പരിഹരിക്കേണ്ടതല്ല ബാറുടമകളുടെ ആവശ്യങ്ങളെന്നുമുള്ള കോടതി വിധികള്‍ വന്നപ്പോഴാണ് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും ആശ്വാസമായത്.ബാറുകള്‍ തുറക്കാനാവാത്തതിന്റെ ഉത്തരവാദിത്തം കോടതിയുടെ ചുമലില്‍ കെട്ടി വച്ച് ആശ്വാസിച്ചപ്പോഴാണ് ഈ വിഷയത്തില്‍ സുധീരന്‍ നേടിയെടുത്ത മെയിലേജ് ബോദ്ധ്യമായത്.അപ്പോഴും ബാറുകള്‍ അടച്ചിട്ടതു കൊണ്ട് കുടി കുറഞ്ഞില്ലെന്നതിന്റെ കണക്ക് നിരത്തി ബാറുടമകള്‍ക്ക് വേണ്ടി വിടുപണി ചെയ്യാനാണ് എക്‌സൈസ് മന്ത്രി നിയമസഭാതലം പോലും ഉപയോഗിച്ചത്.അപ്പോഴേയ്‌ക്കും നെല്ലും പതിരും കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അബ്‌കാരി മാഫിയയുടെ അഞ്ചാംപത്തികളാണെന്ന് കേരളത്തിലെ കൊച്ചു കുട്ടികള്‍ വരെ തിരിച്ചറിഞ്ഞു.മദ്യവര്‍ജനം സംബന്ധിച്ച കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തിന് ഒഴിഞ്ഞ മദ്യക്കുപ്പിയുടെ വിലപോലും മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നല്‍കുന്നില്ലെന്ന് അസന്ദിഗ്‌ധമായി തെളിയിക്കപ്പെട്ടു.ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും,ആതിരേ, സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാതെ ബാറുടമകള്‍ക്കായി മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഗൂഢാലോചന നടത്തി.അതിന് `നിയമപരവും പ്രായോഗികവുമായ` നിലപാട് എന്നവര്‍ പേരും കൊടുത്തു.
പക്ഷേ നിയമപരമായ ഈ പ്രായോഗികതയെ കേരളത്തിന്റെ പൊതുബോദ്ധ്യം പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോഴാണ് എത്രമാത്രം വഴുക്കലുള്ള പ്രതലത്തിലാണ് തങ്ങളുടെ നില്‍പ്പെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തിരിച്ചറിഞ്ഞത്.ആ വികല്‍പ്പത്തിലാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്ന് വയ്‌ക്കാനും യുഡിഎഫ് സര്‍ക്കാരിന് മടിയില്ലെന്ന പുലമ്പല്‍ പുറത്ത് വന്നത്.ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വക്താക്കള്‍ ഈ പ്രസ്‌താവനയിലൂന്നി മുഖ്യമന്ത്രിയെ മഹത്വവത്‌ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും കേരളം ചെവിക്കൊണ്ടില്ല.മദ്യനയം വ്യക്തമാക്കതെ ഒളിച്ചു കളിക്കുന്ന മുഖ്യമന്ത്രിയുടെ വിടുവായിത്തമായിട്ട് മാത്രമാണ് മലയാളികള്‍ ആ പ്രസ്‌താവനയെ വിലയിരുത്തിയത്.
ഇത്രയുമായപ്പോഴേയ്‌ക്കും,ആതിരേ, ബാര്‍ വിഷയത്തില്‍ സുധീരന്റെ അഭിപ്രായമാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിലപാടെന്ന് പൊതുസമൂഹം വായിച്ചെടുത്തു.നിലവാരമുള്ള ബാറുകള്‍ക്ക് തുറന്ന് പ്രവൃത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് പറഞ്ഞിരുന്ന കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും പൂര്‍ണമായി സുധീരന്റെ പക്ഷത്തെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി അപകടം മണത്തു.അങ്ങനെയാണ് ഹൈക്കമാന്‍ഡിനെ വിഷയത്തിലേയ്‌ക്ക് ,വിശ്വസ്‌തര്‍ വഴി ,വലിച്ചിഴച്ചത്.വെളുക്കാന്‍ തേച്ചത് പാണ്ടായി.പ്രായോഗികതയല്ല ജനവികാരമാണ് മാനിക്കേണ്ടതെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഒരിക്കല്‍ കൂടി സുധീരനൊപ്പം നിന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി,`ചണ്ടി'യായി.ആ സ്‌ന്ദിഗ്‌ധാവസ്ഥയില്‍ നിന്ന് കരകയറാനാണ് ഹസനെന്ന കോമാളിയെ അല്ലെങ്കില്‍ ശിഖണ്ഡിയെ ഉമ്മന്‍ ചാണ്ടി നിയോഗിച്ചത്.``യുഡിഎഫാണ് കേരളം ഭരിക്കുന്നത്.അതു കൊണ്ട് യുഡിഎഫിന്റെ നയങ്ങള്‍ക്കാണ് പ്രസക്തി.സുധീരന്റേത് ന്യൂനപക്ഷ അഭിപ്രായമാണ് അത് വോട്ടിനിട്ട് തള്ളാന്‍ കഴിയും. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അങ്ങനെ ഒരു നിലപാടില്ലാഞ്ഞതിനാലാണ് അതു ചെയ്യാഞ്ഞത്. സര്‍ക്കാരിന്റേത് നിയമപരവും പ്രായോഗികവുമായ നിലപാടാണ് . ഇതൊരു മുന്നണി സര്‍ക്കാരാണ് കോണ്‍ഗ്രസിന്റെ മാത്രം തീരുമാനത്തിന്റെ പുറത്തല്ല, ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ കൂടി കണക്കിലെടുത്തു വേണം തീരുമാനമെടുക്കാന്‍`` എന്നൊക്കെയാണ് തിങ്കളാഴ്‌ച ഹസന്‍ വിളിച്ചു കൂവിയത്.ബാറുടമകള്‍ക്കു വേണ്ടി ഹസനെ കൊണ്ട് സുധീരനെ വെട്ടിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
എന്നാല്‍ ചന്ദ്രിക മുഖപ്രസംഗമെഴുതിയും കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും പ്രസ്‌താവനകളിലൂടെയും സുധീരന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധി, സമ്പൂര്‍ണ മദ്യനിരോധനമെന്ന പ്രസ്‌താവനയായി ഹസനില്‍ നിന്നു പുറത്ത് വന്നത്.കരുണാകരനെ തകര്‍ക്കാന്‍ ഉപയോഗിച്ച കുതന്ത്രങ്ങളുടെ ഹീനമായ പുനര്‍ജനനം ഇനി, തുടര്‍ന്നു കാണാനാകും.അപ്രായോഗികമാണെന്നറിഞ്ഞിട്ടും ഹസന്‍ അങ്ങനെ പറഞ്ഞതിന്റേയും ഹസനെ കൊണ്ട് ഉമ്മന്‍ ചാണ്ടി അങ്ങനെ പറയിച്ചതിന്റേയും പൊരുള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്.ആതിരേ,കുഞ്ഞിന്റെ അവകാശ വാദവുമായി സോളമന്‍ രാജാവിനെ സമീപിച്ച രണ്ടു മാതാക്കളില്‍ ഒരാള്‍ കുഞ്ഞിനെ പകുത്തെടുക്കാന്‍ തയ്യാറായതിലെ ബീഭത്സ താത്‌പര്യമുണ്ടല്ലോ,അതിന് തുല്യമായ ഉന്മൂലന മനസ്സാണ് ഹസനിലൂടെ വെളിവായത്. സോളാര്‍,സരിത,ആറന്മുള വിമാനത്താവളം,പ്ലസ് ടു,418 ബാര്‍-ഖദറിനുള്ളിലെ ഉമ്മന്‍ ചാണ്ടിയുടെ കരാളത തെളിഞ്ഞു കൊണ്ടേയിരിക്കുകയാണ്.
.
Subscribe to:
Post Comments (Atom)
No comments:
Post a Comment