Monday, October 6, 2014
ഫ്‌ളക്‌സ് നിരോധനം:സുധീരനെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ `സൃഗാല' കൗശലം
സമാനമായ മറ്റൊരു നെറികേടിന്റെ തുടക്കമാണ് ഗാന്ധിജയന്തി ദിനത്തില്‍ കേരളം കണ്ടത്.കേരളത്തെ ഫ്‌ളക്‌സ് മുക്തമാക്കാനായി സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു കൊണ്ടാരംഭിച്ച ഈ യത്‌നവും സുധീരനെ തോല്‍പ്പിക്കാനുള്ള കന്മഷ കൗശലമായിരുന്നു. സുധീരന്‍ ആരംഭിക്കാനിരിക്കുന്ന ജനപക്ഷയാത്രയ്‌ക്ക് ഒരുമുഴം മുന്നിലെറിഞ്ഞ കപട ജനപക്ഷ നിലപാടാണ് ഫ്‌ളക്‌സ് നിരോധന പ്രഖ്യാപനവും. ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനുമായാണ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര നവംബര്‍ നാലിന് ആരംഭിക്കുന്നത്.ഫ്‌ളക്‌സ് നിരോധനമായിരുന്നു ജനപക്ഷ യാത്ര മുന്നോട്ടുവയ്‌ക്കാനിരുന്ന ഏറ്റവും പ്രധാനമായ ജനകീയ പ്രശ്‌നം.സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം പോലെ സുധീരനെ കൊച്ചാക്കാനുള്ള കുഞ്ഞൂഞ്ഞിന്റെ പൊടിക്കൈ മാത്രമാണ് ഫ്‌ളക്‌സ് നിരോധനമെന്ന് സാരം.അതു കൊണ്ട് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളക്‌സ് നിരോധനം തൊഴിലാളികളെ പട്ടിണിക്കിട്ടും കൈയടി നേടുന്ന നെറികെട്ട രാഷ്ട്രീയമാണെന്ന് ഐഎന്‍ടിയുസി വിമര്‍ശിക്കുന്നത്. പരസ്യമായി ഫ്‌ളക്‌സ് നിരോധനത്തെ എതിര്‍ത്ത് പറഞ്ഞതിലുമേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരന്‍ കത്തയച്ചത്.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഐക്യരാഷ്ടസഭയുടെ വരെ ആദരം നേടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ജനകീയനാകാന്‍ സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും പാരയാകുന്ന വൈരുദ്ധ്യമാണ് ആതിരേ,കേരളം കാണുന്നത്.ധരിക്കുന്ന ഖദറിന്റെ വെണ്മ ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതത്തിനുമുണ്ട് എന്ന ധാരണയെ സ്വയംകൃതാനര്‍ത്ഥങ്ങളിലൂടെ തകര്‍ത്തെറിഞ്ഞത് കൊണ്ടാണ് അതിജീവനത്തിന് കൗശലങ്ങളുടെ കൂട്ടുപിടിക്കേണ്ട ഗതികേടുണ്ടായത്.ആ കൗശലങ്ങളിലെ ഒടുവിലത്തേതാണ് ഗാന്ധിജയന്തി ദിനത്തില്‍ സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച `ഷോ'!
`സോളാര്‍ ഗ്രഹണ'ത്തില്‍ നിന്ന് മുക്തനാകാതെ കൂടുതല്‍ ഗുരുതരമായ അഴിമതിയുടെ ചെളിക്കുണ്ടിലേയ്‌ക്ക് ഊളിയിടുന്ന മുഖ്യമന്ത്രിയായാണ്,ആതിരേ, ഉമ്മന്‍ ചാണ്ടി ഇന്ന് കേരളത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്.പ്രഥമശ്രവണത്തില്‍ വിശ്വസിക്കാന്‍ മടിച്ചവയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ കറകളഞ്ഞ കബളിപ്പിക്കലുകളായിരുന്നു എന്ന് മലയാളികള്‍ ഇന്ന് തിരിച്ചറിയുന്നു.സുധീരനെ കെപിസിസി അദ്ധ്യക്ഷനാക്കാതിരിക്കാന്‍ നടത്തിയ അടിവലികളും രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാതിരിക്കാന്‍ പ്രയോഗിച്ച തന്ത്രങ്ങളും ജി.കാര്‍ത്തികേയനെ സ്‌പീക്കര്‍ സ്ഥാനത്ത് നിന്ന് രാജിവയ്‌പ്പിച്ച കുരുട്ടു ബുദ്ധിയുമൊക്കെ ഗ്രൂപ്പുകളിയുടെ അക്കൗണ്ടില്‍ കൊള്ളിച്ച് പൊറുക്കാന്‍ തയ്യാറായ കേരളീയരെ കൊഞ്ഞാണന്മാരാക്കുന്നതായിരുന്നു പാമൊലിന്‍ കേസും ടൈറ്റാനിയം ഇടപാടും പ്ലസ് ടു നടപടികളും ജോസ് തെറ്റയില്‍ ടേപ്പ് സംഭവവും ഒക്കെ.എന്തപമാനം സഹിച്ചും അധികാരത്തില്‍ തുടര്‍ന്ന് കേരളത്തിലെ നികുതിദായകരേയും സമ്മതിദായകരേയും ഉളുപ്പില്ലാതെ വഞ്ചിക്കുമെന്നാണ്,ആതിരേ, ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ നല്‍കുന്ന സന്ദേശം.തന്റെ നിലപാട് സംരക്ഷിക്കാന്‍ എന്തു പോഴത്തരവും കാണുക്കുമെന്നാണ് പ്രഖ്യാപനം.
ഉമ്മന്‍ ചാണ്ടിയെന്ന കള്ള വിഗ്രഹത്തിന്റെ തനിനിറം ഈ പംക്തിയിലൂടെ പലവട്ടം തുറന്ന് കാട്ടിയിട്ടുണ്ടെങ്കിലും സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനം വന്നപ്പോഴാണ് കേരളം ഈ രാഷ്ട്രീയ ശകുനിയുടെ കള്ളച്ചൂത് മികവ് പൂര്‍ണമായി മനസ്സിലാക്കിയത്.നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ ഇനി തുറക്കരുതെന്നേ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ ശഠിച്ചുള്ളൂ.കേരളത്തിലെ വീട്ടമ്മമാരടക്കമുള്ള പൊതുസമൂഹവും അതാണ് ആഗ്രഹിച്ചത്.എന്നാല്‍ മുന്നൊരുക്കങ്ങളില്ലാതെ,വേണ്ടത്ര ഗ്രഹപാഠം ചെയ്യാതെ, മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് സര്‍വരേയും ഞെട്ടിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.ആതിരേ,സാധാരണ ഗതിയില്‍ ജനഹിതമനുസരിച്ചും ജനപക്ഷത്ത് നിന്നു കൊണ്ടുള്ളതുമായ നടപടികള്‍ക്കും നയരൂപീകരണത്തിനും സന്ദേഹരഹിതമായ സ്വീകരണം ലഭിക്കേണ്ടതാണ്.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തിന് അതില്ലാതെ പോയി.എന്ന് മാത്രമല്ല ലീഗടക്കമുള്ള ഘടകകക്ഷികള്‍ എതിര്‍ ചേരിയില്‍ നിന്ന് ആ നയത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്യുകയുമുണ്ടായി.418 ബാറിന്റെ കാര്യത്തില്‍ സുധീരനെ പിന്തുണച്ചവര്‍ പോലും സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തെ എതിര്‍ക്കുകയായിരുന്നു.ഈ വിഷയത്തില്‍ വി.എം.സുധീരന് ലഭിച്ച ജനകീയ പിന്തുണയില്‍ അസൂയപൂണ്ടെടുത്ത നടപടിയായതു കൊണ്ടായിരുന്നു ഈ മാറ്റം.കുരുട്ടു ബുദ്ധിയായ കാരണവര്‍ മരുമക്കളോടുള്ള അരിശം തീര്‍ക്കാന്‍ നടത്തുന്ന നെറികേടിന് തുല്യമാണ് ഈ നടപടിയെന്ന് ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ചത് അതു കൊണ്ടായിരുന്നു.മദ്യ വിപത്തില്‍ നിന്ന് കേരളിയരെ രക്ഷിക്കുകയായിരുന്നില്ല മറിച്ച് ഗ്രൂപ്പുകളിയില്‍ സുധീരനുമുകളില്‍ മേല്‍ക്കൈ നേടുക എന്ന ദുഷ്ടലക്ഷ്യം മാത്രമായിരുന്നു,ആതിരേ, സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തിന് പിന്നിലുണ്ടായിരുന്നത്.
സമാനമായ മറ്റൊരു നെറികേടിന്റെ തുടക്കമാണ് ഗാന്ധിജയന്തി ദിനത്തില്‍ കേരളം കണ്ടത്.കേരളത്തെ ഫ്‌ളക്‌സ് മുക്തമാക്കാനായി സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു കൊണ്ടാരംഭിച്ച ഈ യത്‌നവും സുധീരനെ തോല്‍പ്പിക്കാനുള്ള കന്മഷ കൗശലമായിരുന്നു. സുധീരന്‍ ആരംഭിക്കാനിരിക്കുന്ന ജനപക്ഷയാത്രയ്‌ക്ക് ഒരുമുഴം മുന്നിലെറിഞ്ഞ കപട ജനപക്ഷ നിലപാടാണ്,ആതിരേ, ഫ്‌ളക്‌സ് നിരോധന പ്രഖ്യാപനവും. ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനുമായാണ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര നവംബര്‍ നാലിന് ആരംഭിക്കുന്നത്.മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന വാഹനജാഥ ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കും. ദേശീയരാഷ്ട്രീയ സ്ഥിതിഗതികള്‍ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ഓരോ പ്രദേശങ്ങളിലെയും ജനകീയ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കുന്നതിനായി ഇടപെടുകയും ചെയ്യുകയെന്ന ലക്ഷ്യവും ജനപക്ഷ യാത്രയ്‌ക്കുണ്ട്. കേരളീയ ജനസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ച് അവയ്‌ക്ക് പരിഹാരം ഉണ്ടാക്കാനുള്ള പരിശ്രമമാണ് ജനപക്ഷ യാത്രയിലൂടെ ഉണ്ടാവുകയെന്നാണ് വി.എം സുധീരന്‍ അറിയിച്ചിരുന്നത്.ഫ്‌ളക്‌സ് നിരോധനമായിരുന്നു ജനപക്ഷ യാത്ര മുന്നോട്ടുവയ്‌ക്കാനിരുന്ന ഏറ്റവും പ്രധാനമായ ജനകീയ പ്രശ്‌നം.സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം പോലെ,ആതിരേ, സുധീരനെ കൊച്ചാക്കാനുള്ള കുഞ്ഞൂഞ്ഞിന്റെ പൊടിക്കൈ മാത്രമാണ് ഫ്‌ളക്‌സ് നിരോധനമെന്ന് സാരം.അതു കൊണ്ട് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളക്‌സ് നിരോധനം തൊഴിലാളികളെ പട്ടിണിക്കിട്ടും കൈയടി നേടുന്ന നെറികെട്ട രാഷ്ട്രീയമാണെന്ന് ഐഎന്‍ടിയുസി വിമര്‍ശിക്കുന്നത്. പരസ്യമായി ഫ്‌ളക്‌സ് നിരോധനത്തെ എതിര്‍ത്ത് പറഞ്ഞതിലുമേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരന്‍ കത്തയച്ചത്.
ഗാന്ധിജയന്തി ദിനത്തില്‍ മുഖ്യമന്ത്രി ടിവി ചാനലുകള്‍ക്കു മുന്നില്‍ സ്വന്തം പടമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച് `ഷോ' കാണിക്കുമ്പോള്‍ നൂറുകണക്കിന് തൊഴിലാളികള്‍ ജീവിക്കാന്‍ വേറെന്തു വഴി കണ്ടെത്തും എന്നറിയാതെ നീറുകയായിരുന്നു എന്ന് കത്തില്‍ പറയുന്നു. ഫ്‌ളക്‌സ് സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അതൊഴിവാക്കാം. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഓര്‍ക്കാതെ പൊടുന്നനെ നിരോധന തീരുമാനമെടുക്കുകയാണു സര്‍ക്കാര്‍ ചെയ്‌തത്. ഇക്കാര്യത്തിലെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടാണെന്നും അതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നുമുള്ള പരിഹാസവും കത്തിലുണ്ട്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി റോഡ് വൃത്തിയാക്കുന്നതും മറ്റും അനുകരിക്കാന്‍, അവിടെ തേങ്ങ ഉടയ്‌ക്കുമ്പോള്‍ ഇവിടെ ചിരട്ട ഉടയ്‌ക്കുകയെങ്കിലും ചെയ്യാനുള്ള പരിഹാസ്യമായ ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന വ്യഖ്യാനത്തിലും,ആതിരേ, ഉണ്മയുണ്ടെന്ന് വരുന്നു
നിരോധനങ്ങള്‍ പലര്‍ക്കും അസൗകര്യകരവും ചിലര്‍ക്കെങ്കിലും അതിജീവന വിരുദ്ധവുമായിരിക്കും.എന്നാല്‍ സുതാര്യമായ നടപടികളോടെ സമൂഹത്തിന്റെ പൊതുവായ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനാണ് അത്തരം നിരോധനമെങ്കില്‍ നഷ്ടം സഹിച്ചും അതിനെ അനൂകൂലിക്കാന്‍ ജനങ്ങള്‍ക്ക് നൂറുവട്ടം സമ്മതമായിരിക്കും. എ.കെ.ആന്റണിയുടെ ചാരായ നിരോധനത്തെ കേരളം ഒറ്റക്കെട്ടായി പിന്തുണച്ചത് അതു കൊണ്ടാണ്.അന്നത്തെ ചാരായ തൊഴിലാളികളെ മുഴുവന്‍ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടും അതൊരു ശാപമായോ വീഴ്‌ചയായി പോലുമോ കേരളം വിലയിരുത്താത്തത്,ആതിരേ, അതിന് പിന്നിലെ ഊദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞത് കൊണ്ടാണ്.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്പൂര്‍ണ മദ്യനിരോധനവും ഇപ്പോഴത്തെ ഫ്‌ളക്‌സ് നിരോധനവും ജനകീയമായി അംഗീകരിക്കപ്പെടുന്നില്ല.കാരണം ജനങ്ങളോടുള്ള പ്രതിബദ്ധയ്‌ക്കപ്പുറത്തുള്ള സ്വകാര്യ അതിജീവനത്തിന്റെ കുടില തന്ത്രങ്ങളാണ് ഈ രണ്ട് നിരോധനവും എന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തിരിച്ചറിയുന്നു.```സത്യധര്‍മാദികള്‍ വെടിഞ്ഞീടിന പുരുഷനെ ദുഷ്ടനാം സര്‍പ്പത്തേക്കാളേറ്റവും പേടിക്കണ''മെന്ന `നീതിസാര'വാക്യം കുറിച്ചപ്പോള്‍,ആതിരേ, പൂന്താനത്തിന് ഉമ്മന്‍ ചാണ്ടിയെന്നൊരു കപട ഗാന്ധിയന്‍ കേരളത്തിലെ മുഖ്യമന്ത്രിയയാകുമെന്ന ദീര്‍ഘദര്‍ശനം ലഭിച്ചിട്ടുണ്ടാകുമെന്നുറപ്പ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment