Tuesday, October 14, 2014

യേശുദാസിനെന്താ കൊമ്പുണ്ടോ?

യേശുദാസിനെ മലയാളികളുടെ പൊതുജീവിതത്തിലെ അതിമാനുഷനായും നന്മകളുടെ ഉത്തുംഗതയായും വിശേഷിപ്പിക്കുന്നത്‌ ദാസ്യഭാവത്തിന്റെ നികൃഷ്ടതയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ സ്‌തുതിഗീതങ്ങള്‍ മാത്രം പാടുകയായിരുന്നു മലയാള മാധ്യമ രംഗവും സാംസ്‌കാരിക-സാമുഹിക പ്രവര്‍ത്തകരും ഇതുവരെ. ശാസ്ര്‌തീയ സംഗീതാവബോധത്തിന്റെ വിഷയത്തിലും ആലാപന രീതിയിലും യേശുദാസിനെ വെല്ലുന്ന ഗായകര്‍ ഇല്ല എന്ന്‌ സമ്മതിച്ചാല്‍ തന്നെയും ഒരു സിനിമ പിന്നണിഗായകന്‍ എന്നതിലുപരി എന്ത്‌ മഹത്വമാണ്‌ യേശുദാസിനുള്ളത്‌.ആസ്ഥാന ഗായകന്‍,ഗാനഗന്ധര്‍വന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിച്ചിട്ടാണോ അതൊക്കെ അദ്ദേഹത്തിന്‌ പേരച്ചമായി ചാര്‍ത്തിക്കൊടുത്തത്‌?ബധിര കുഞ്ഞുങ്ങള്‍ക്കായുള്ള കൊക്ലിയാര്‍ ട്രാന്‍സ്‌പ്ലാന്റേഷന്‌ വേണ്ടി അല്‍പകാലം പ്രവൃത്തിച്ചതും-സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന്‌ പറഞ്ഞ ആ പരിപാടി പിന്നീട്‌ ഉപേക്ഷിച്ചു-തന്റെ 70-ാം ജന്മദിനത്തില്‍ 70 പേര്‍ക്ക്‌ കണ്ണട ദാനം ചെയ്‌തതിനുമപ്പുറം എന്ത്‌ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടപെടലുകളാണ്‌ കേരളീയ പൊതു സമൂഹത്തില്‍ യേശുദാസിന്‌ അവകാശപ്പെടാനുള്ളത്‌?ആ അശ്ലീലതയുടെ പാരമ്യത്തിലാണ്‌,ഒരു പൊതു കൂട്ടയ്‌മയില്‍,വസ്‌ത്രധാരണത്തിന്റെ പേരില്‍ യേശുദാസ്‌ സ്‌ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കാന്‍ പോലീസ്‌ തയ്യാറാകാത്തത്‌
ആതിരേ,കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഓരോ മലയാളിയും സ്വയം ആയിത്തീരാന്‍ ആഗ്രഹിച്ച പൊതുസ്വീകാര്യതയുടെ പ്രതീകമായി യേസുദാസിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്നു വച്ച്‌ ദാസിനെ മലയാളികളുടെ പൊതുജീവിതത്തിലെ അതിമാനുഷനായും നന്മകളുടെ ഉത്തുംഗതയായും വിശേഷിപ്പിക്കുന്നത്‌ ദാസ്യഭാവത്തിന്റെ നികൃഷ്ടതയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ സ്‌തുതിഗീതങ്ങള്‍ മാത്രം പാടുകയായിരുന്നു മലയാള മാധ്യമ രംഗവും സാംസ്‌കാരിക-സാമുഹിക പ്രവര്‍ത്തകരും ഇതുവരെ. ശാസ്ര്‌തീയ സംഗീതാവബോധത്തിന്റെ വിഷയത്തിലും ആലാപന രീതിയിലും യേശുദാസിനെ വെല്ലുന്ന ഗായകര്‍ ഇല്ല എന്ന്‌ സമ്മതിച്ചാല്‍ തന്നെയും ഒരു സിനിമ പിന്നണിഗായകന്‍ എന്നതിലുപരി എന്ത്‌ മഹത്വമാണ്‌,ആതിരേ, യേശുദാസിനുള്ളത്‌.ആസ്ഥാന ഗായകന്‍,ഗാനഗന്ധര്‍വന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിച്ചിട്ടാണോ അതൊക്കെ അദ്ദേഹത്തിന്‌ പേരച്ചമായി ചാര്‍ത്തിക്കൊടുത്തത്‌?ബധിര കുഞ്ഞുങ്ങള്‍ക്കായുള്ള കൊക്ലിയാര്‍ ട്രാന്‍സ്‌പ്ലാന്റേഷന്‌ വേണ്ടി അല്‍പകാലം പ്രവൃത്തിച്ചതും-സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന്‌ പറഞ്ഞ ആ പരിപാടി പിന്നീട്‌ ഉപേക്ഷിച്ചു-തന്റെ 70-ാം ജന്മദിനത്തില്‍ 70 പേര്‍ക്ക്‌ കണ്ണട ദാനം ചെയ്‌തതിനുമപ്പുറം എന്ത്‌ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടപെടലുകളാണ്‌ കേരളീയ പൊതു സമൂഹത്തില്‍ യേശുദാസിന്‌ അവകാശപ്പെടാനുള്ളത്‌? എന്നിട്ടും അദ്ദേഹത്തിന്റെ വികല്‍പ്പങ്ങള്‍ക്കും ഉദീരണങ്ങള്‍ക്കും അശ്ലീലമായ പ്രാധാന്യം നല്‍കാനാണ്‌ കേരളത്തിലെ മാദ്ധ്യമ ലോകവും പൊതുസമൂഹത്തില്‍ ഭൂരിപക്ഷം പേരും ചെയ്‌തത്‌.തലമുടി ഡൈ ചെയ്യുന്നത്‌ നിര്‍ത്തിയെന്നും പേരക്കുട്ടിക്ക്‌ നരച്ച തലയുള്ള മുത്തച്ഛനെ ഇഷ്ടമല്ലാത്തത്‌ കൊണ്ട്‌ മുടി ഡൈ ചെയ്യല്‍ പൂര്‍വാധികം ഭംഗിയായി ആരംഭിച്ചു എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ മേനി പറച്ചിലുകള്‍ക്ക്‌ `അനധികൃത' പ്രധാന്യമാണ്‌ മാധ്യമ സമൂഹവും പൊതുസമൂഹത്തിലെ അല്‍പന്മാരും നല്‍കിയത്‌.ഇതല്ലാം കണ്ടപ്പോല്‍,കേട്ടപ്പോള്‍ കേരളീയന്റെ സദാചാര-മത ബോദ്ധ്യങ്ങളുടെ അംബാസഡറാണ്‌ താനെന്ന്‌ തോന്നിയെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ ഡംഭും അല്‍പത്വവും.ആ ഒരു അധികാരം അനുവദിച്ചു കൊടുത്തത്‌ സാക്ഷര കേരളത്തിന്റെ ദാസ്യഭാവം.കലാകാരന്‍ എന്ന നിലയ്‌ക്ക്‌ അദ്ദേഹം അനുവര്‍ത്തിച്ചു പോന്ന അനാശാസ്യമായ പല നിലപാടുകളെയും ചോദ്യം ചെയ്യാതിരുന്നതാണ്‌,ആതിരേ, അദേഹത്തിന്റെ അല്‍പത്വത്തേക്കാള്‍ ഓക്കാനമുണ്ടാക്കുന്നത്‌.സ്വാര്‍ത്ഥഭരിതവും വൈയക്തികവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളെ പ്രതിരോധിക്കാതിരുന്നത്‌ യേശുദാസിനോടുള്ള ദാസ്യഭാവവും സമൂഹത്തോടുള്ള ഉത്തരവാദിത്തമില്ലായ്‌മയും ആണെന്ന്‌ പറയാതിരിക്കാനാവില്ല. ഭാവിയുണ്ടായിരുന്ന എത്രയോ ഗായകരാണ്‌,ആതിരേ, യേശുദാസിന്റെ സാന്നിദ്ധ്യം മൂലം,ഹിഡന്‍ അജണ്ടകള്‍ മൂലം സിനിമയില്‍ ചാന്‍സ്‌ ലഭിക്കാതെ കലാ സപര്യതന്നെ അവസാനിപ്പിച്ചത്‌. പുതുമുഖങ്ങള്‍ക്ക്‌ അവസരം നിഷേധിക്കുന്നതില്‍ ദാസിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താന്‍ കഴിയുകയില്ലെങ്കിലും അദ്ദേഹം മനസ്സു വച്ചിരുന്നെങ്കില്‍ ഒരു പിടി ഗായകരെ മലയാളത്തിന്‌ ലഭിക്കുമായിരുന്നു. അദ്ദേഹത്തിനുവേണ്ടി ട്രാക്ക്‌ പാടിയ ഗായകരില്‍ അംഗീകാരവും ആദരവും അര്‍ഹിച്ചവര്‍ നിരവധിയായിരുന്നു. ഉണ്ണിമേനോനെപ്പോലെയുള്ള ഗായകര്‍ക്ക്‌ മലയാളത്തില്‍ സ്ഥാനം ലഭിക്കാതെ പോയത്‌ യേശുദാസിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. ദാസിനോടുള്ള അമിത ആരാധനയും ഭക്തിയും മൂലം മലയാളത്തിലെ സംഗീത സംവിധായകര്‍ തഴഞ്ഞ ഉണ്ണിമേനോന്‍ പക്ഷേ, തമിഴ്‌ സിനിമയില്‍ തന്റെ സിംഹാസനം ഉറപ്പിച്ചതു മാത്രം മതി,ആതിരേ, മലയാള ചലച്ചിത്ര സംഗീത മേഖലയില്‍ യേശുദാസ്‌ എന്ന മഹാശാപത്തിന്റെ സാന്നിദ്ധ്യം വ്യക്തമാകാന്‍. സ്വരശുദ്ധിയും ആലാപന വൈദഗ്‌ധ്യവും വൈവിദ്ധ്യവും സംഗീതബോധവും സമഞ്‌ജസമായി ലയം കൊണ്ട ഒരു ആലാപന ഭൂതകാലം യേശുദാസിനുണ്ടായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇന്ന്‌ ശാസ്ര്‌തസാങ്കേതിക സംവിധാനങ്ങളുടെ പിന്‍ബലത്തിലാണ്‌ യേശുദാസ്‌ എന്ന ഗായകന്‍ തന്റെ സ്വരശുദ്ധിയും ആലാപന സൗകുമാര്യവും നിലനിര്‍ത്തുന്നത്‌. വടക്കുംനാഥന്‍ എന്ന സിനിമയിലെ `ഗംഗേ... തുടിയില്‍ ഉണരും...' എന്ന ഗാനം ഇന്ന്‌ റിയാലിറ്റി ഷോകളില്‍ പാടാന്‍ ശ്രമിച്ച്‌ യുവഗായകര്‍ ശ്വാസം മുട്ടുകയാണ്‌. എന്നാല്‍, ഒന്നിലധികം ടേക്കുകളിലൂടെ സൗണ്ട്‌ എഞ്ചിനീയറിങ്ങിന്റെ മികവിലൂടെയാണ്‌ ആ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത്‌. ഇത്തരത്തില്‍ ദാസിന്റെ സാമ്പത്തിക സൗകര്യങ്ങളും അംഗീകാരവും അനുവദിച്ചുകൊടുക്കുന്ന സാങ്കേതിക സൗകര്യങ്ങളുടെ ബലത്തില്‍ അദ്ദേഹം 70ത്‌ വയസ്‌ പിന്നിട്ടിട്ടും ചലച്ചിത്രഗാനാലാപനരംഗത്ത്‌ `സജീവമായി' നിലനില്‍ക്കുകയാണ്‌. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ സിക്‌സിന്റെ ഒരു എപ്പിസോഡിനിടയില്‍ പഴയ മലയാള സിനിമ ഗാനങ്ങള്‍ പാടാന്‍ ശ്രമിച്ച യേശുദാസ്‌ ശ്വാസം കിട്ടാതെ വിമ്മിഷ്ടപ്പെട്ട്‌ ശ്രമം അവസാനിപ്പിച്ചത്‌ പ്രേക്ഷകര്‍ കണ്ടതാണ്‌. ആതിരേ, സംഗീതത്തിന്റെ സുവര്‍ണ ഭൂതകാലത്തിന്റെ ഉടമ മാത്രമാണ്‌ യേശുദാസ്‌. ആ യേശുദാസ്‌ വളര്‍ന്നു വരുന്ന സംഗീത യശഃപ്രാര്‍ത്ഥികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന അക്ഷന്തവ്യമായ അപരാധത്തിന്റെ പേരില്‍ പരസ്യ വിചാരണയ്‌ക്ക്‌ വിധേയനാകേണ്ടതായിരുന്നു. അതുണ്ടായില്ല.നേരത്തെ സൂചിപ്പിച്ചതുപോലെ മലയാളിക്ക്‌ ദാസിനോടുള്ള സവിശേഷമായ ആരാധന മനോഭാവവും അത്‌ സൃഷ്ടിച്ചെടുത്ത അനാശാസ്യമായ ദാസ്യ മനസ്സും കൊണ്ട്‌ യേശുദാസിനെ ചോദ്യം ചെയ്യാന്‍ മലയാളത്തിലെ മാധ്യമങ്ങള്‍ ആരും തന്റേടം കാണിച്ചിട്ടില്ല. ആ അശ്ലീലതയുടെ പാരമ്യത്തിലാണ്‌,ആതിരേ,ഒരു പൊതു കൂട്ടയ്‌മയില്‍,വസ്‌ത്രധാരണത്തിന്റെ പേരില്‍ യേശുദാസ്‌ സ്‌ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയുണ്ടാകാതെ തുടരുന്നത്‌.ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരത്ത്‌ നടന്ന ശുചിത്വ കേരളം പരിപാടിയില്‍ പങ്കെടുത്ത യേശുദാസ്‌ നടത്തിയ ആക്ഷേപകരമായ പ്രസ്‌താവം കേട്ടില്ലെന്ന്‌ നടിക്കുകയാണ്‌ നിയം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പത്‌ വട്ടം ഉരുക്കഴിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും രമേശ്‌ ചെന്നിത്തലയുടെ പൊലീസും.സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരെ മോശം ഭാഷയില്‍ പൊതുവേദിയില്‍ സംസാരിച്ച യേശുദാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്ന്‌ നിയമവിദഗ്‌ധരും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും ഉപദേശം നല്‍കിയിട്ടും,സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരെ വിവാദ പ്രസ്‌താവന നടത്തിയ ഗായകന്‍ കെ.ജെ. യേശുദാസിനെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേശീയ ജനതാദള്‍ മഹിളാ വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ പൊലീസില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാരും പൊലീസും ആട്ടുകല്ലിന്‌ കാറ്റുപിടിച്ചത്‌ പോലെ ഇരിക്കുന്നത്‌ കേരളത്തിലെ സ്‌ത്രീത്വത്തിനാകെ അപമാനമാണ്‌.
്‌സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ച്‌ മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും ജീന്‍സ്‌ ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നും മറച്ചുവെക്കേണ്ടത്‌ മറച്ചുവക്കണമെന്നുമുള്ള യേശുദാസിന്റെ പരാമര്‍ശങ്ങള്‍ സ്‌ത്രീകളുടെ അന്തസിനെ താഴ്‌ത്തിക്കെട്ടുന്നതാണ്‌ . ഒരു വസ്‌ത്രത്തോടുള്ള വിയോജിപ്പിനപ്പുറം, ആ വസ്‌ത്രം ധരിക്കുന്ന സ്‌ത്രീകളെ പരിഹസിക്കാന്‍ യേശുദാസ്‌ ശ്രമിച്ചു എന്ന വാദത്തില്‍ കഴമ്പുണ്ട്‌. സ്‌ത്രീകളുടെ അന്തസിന്‌ കോട്ടം വരുത്തുന്ന ആംഗ്യം പോലും നിയമവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന നിയമഭേദഗതി നിലവില്‍ വന്നിട്ട്‌ ഏറെയായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുവേദിയില്‍ നിരവധി സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാന്നിധ്യത്തില്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ അതീവ ഗുരുതരമായി വ്യാഖ്യാനിക്കേണ്ടതും കേസെടുക്കേണ്ടതുമായിരുന്നു.അതുണ്ടായില്ല. ആതിരേ,യേശുദാസിനെപ്പോലെ ജനാദരം ലഭിക്കുന്ന കലാകരനില്‍ നിന്ന്‌ ഇത്രയ്‌ക്ക്‌ ചീപ്പായ സ്‌ത്രീ വിരുദ്ധത ഉണ്ടാകാന്‍ പാടില്ലായിരുന്നു.എന്ന്‌ മാത്രമല്ല താന്‍ പറഞ്ഞത്‌ തിരുത്തിപ്പറയാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല.ഇതിനെതിരെ ചില വനിതാ സംഘടനാപ്രവര്‍ത്തകരുടെ ദുര്‍ബലമായ പ്രതികരണവും പ്രതിരോധവുമുണ്ടായതിനപ്പുറം സക്രിയമായ ഒരു നടപടിയുമുണ്ടായില്ല.മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും സംസ്‌കാരിക നായകരും ഓക്കാനമുണ്ടാക്കുന്ന മൗനം ഇപ്പോഴും തുടരുന്നു.ഫേസ്‌ബുക്കില്‍ കമന്റിടുന്നവനെ ഓടിച്ചിട്ട്‌ പിടിച്ച്‌ ലോക്കപ്പിലിടുന്ന നാട്ടിലാണ്‌ പൊലീസിന്റെ ഈ ഇരട്ടത്താപ്പ്‌.യേശുദാസിനെപ്പോലെ ലോക പ്രശസ്‌തനായ ഒരാളെ അറസ്റ്റു ചെയ്യുന്നതുപോയിട്ട്‌, അദ്ദേഹത്തിനെതിരേ കെസുടുക്കുന്നതുപോലും അനാവശ്യ കുഴപ്പം സൃഷ്ടിക്കുമെന്നാണ്‌ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്‌. സുപ്രീം കോടതി നിര്‍ദേശങ്ങളും നീതിന്യായ ചട്ടങ്ങളും എല്ലാപൗരന്മാര്‍ക്കും ഒരു പോലെ ബാധകമാണെന്ന്‌ പറയുമ്പോഴും യേശുദാസിന്‌ ഇളവനുവദിക്കാനാണ്‌ നമ്മുടെ സര്‍ക്കാരിനും നിയമപാലകര്‍ക്കും ഉത്സാഹം.ഇത്‌ നെറികേടാണ്‌.നിയമവാഴ്‌ചയോടും വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്‌.സര്‍വോപരി സ്‌ത്രീത്വത്തിന്‌ നേരെ നടന്ന അതിക്രമവും സ്‌ത്രീ പീഡനവുമാണ്‌.മുഖം നോക്കാതെ നിയമ നടപടി ആവശ്യപ്പെടുന്ന ക്രിമിനല്‍ കുറ്റമാണ്‌.എന്നിട്ടും എന്തുകൊണ്ടാണ്‌ നടപടിയുണ്ടാകാത്തത്‌?എവിടെപ്പോയി നമ്മുടെ നീതി ബോധം;സ്‌ത്രീസംരക്ഷണ ത്വര? പ്രശ്‌നത്തില്‍ തീരുമാനമെടുക്കേണ്ടത്‌ സര്‍ക്കാരാണ്‌,ആതിരേ. സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ സ്‌ത്രീ സംഘടനകള്‍ ആലോചിക്കുന്നതായാണ്‌ അറിയുന്നത്‌. അത്തരമൊരു സ്ഥിതി ഉണ്ടായാല്‍ കോടതിയില്‍ നിന്നു സര്‍ക്കാരിനും പോലീസിനും വിമര്‍ശനം കേള്‍ക്കേണ്ടി വരികയും കേസെടുക്കേണ്ടി വരികയും ചെയ്യുമെന്ന്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു അതേസമയം, യേശുദാസ്‌ പറഞ്ഞതിനോടു യുഡിഎഫില്‍ തന്നെ യോജിക്കുന്നവരുമുണ്ട്‌. മുസ്‌്‌ലിം ലീഗ്‌ നേതൃത്വം ഈ നിലപാടിലാണ്‌. പുരുഷനെപ്പോലെ വസ്‌ത്രം ധരിക്കുന്നത്‌ സ്‌ത്രീകള്‍ ഒഴിവാക്കണം എന്ന്‌ ലീഗ്‌ പക്ഷ മുസ്ലിം പണ്ഡിതന്മാര്‍ മുമ്പും പറഞ്ഞിട്ടുണ്ട്‌. അതുതന്നെയാണ്‌ യേശുദാസും പറഞ്ഞത്‌. യേശുദാസിനെതിരേ കേസ്‌ വേണോ വേണ്ടയോ എന്നല്ല , സ്വയം കേസ്‌ എടുക്കണോ കോടതി ഇടപെട്ടശേഷം മതിയോ എന്ന ആശയകക്കുഴപ്പത്തിലാണ്‌ സര്‍ക്കാരും പോലീസും. യേശുദാസാകട്ടെ കേരളീയരെ കൊഞ്ഞാണന്മാരാക്കിയതില്‍ അഭിമാനിച്ച്‌ ചിരിക്കുകയും ചെയ്യുന്നു!

No comments: