Friday, December 26, 2014

ഖദറിന്റെ വെണ്മയ്‌ക്കുള്ളില്‍ ഉമ്മന്‍ ചാണ്ടി ഒളിപ്പിക്കുന്ന കാളകൂടങ്ങള്‍

കോണ്‍ഗ്രസുകാരനായത്‌ കൊണ്ട്‌ ഖദര്‍ ധരിക്കുന്നു എന്നതൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടി എന്നും മദ്യത്തിന്റേയും മദ്യലോബിയുടെയും സുഹൃത്തായിരുന്നു.എല്ലാ മാഫിയകളുടെയും തലതൊട്ടപ്പനുമായിരുന്നു.നെറികേടിന്റെ,അഴിമതിയുടെ,ജനവിരുദ്ധതയുടെ എക്കാലത്തേയും കുതന്ത്രശാലിയായ കോണ്‍ഗ്രസുകാരനായിരുന്നു ഉമ്മന്‍ ചാണ്ടി.സ്‌തുതിപാഠകരായ മാധ്യമ സിന്‍ഡിക്കേറ്റും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവും കൂടിയായപ്പോള്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധൈര്യവും വന്നു. വി.എം സുധീരന്‍ ചൂണ്ടിക്കാട്ടിയത്‌ പോലെ `` ആരുടെയോ തിരക്കഥ അനുസരിച്ച്‌ രണ്ട്‌ സെക്രട്ടറിമാര്‍ ചേര്‍ന്ന്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും അംഗീകരിച്ച്‌ ജനതാത്‌പര്യത്തിന്‌ മുകളില്‍ മദ്യലോബിയുടെ താത്‌പര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്‌'' അങ്ങനെയാണ്‌.
ആതിരേ,ധരിക്കുന്ന ഖദറിന്റെ വെണ്മയ്‌ക്കുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒളിപ്പിക്കുന്ന കാളകൂടങ്ങള്‍ കണ്ട്‌ അന്തം വിട്ടു നില്‍ക്കുകയാണ്‌ മലയാളികള്‍. കാപട്യങ്ങളുടെയും കൗശലങ്ങളുടേയും ആചാര്യനായി,അധികാര-അതിജീവന രാഷ്ട്രീയ കലയില്‍ ജനവഞ്ചനയുടെ സര്‍വകാല റെക്കോര്‍ഡുമായി ഉമ്മന്‍ ചാണ്ടി മുന്നേറുമ്പോള്‍ കൊഞ്ഞാണന്മാരാക്കപ്പെടുകയാണ്‌ യുഡിഎഫിന്‌ വോട്ടു ചെയ്‌ത സമ്മതിദായകര്‍; ശുംഭന്മാരുമാക്കപ്പെടുകയാണ്‌ കേരളീയ പൊതുസമൂഹം. സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചുപയോഗിച്ച്‌ വക്കുടഞ്ഞ പ്രയോഗമാണെങ്കിലും `` ഇതു പോലൊരു നാറിയ ഭരണം കേരളമക്കള്‍ കണ്ടിട്ടില്ലെന്ന്‌'' പറയാതിരിക്കാന്‍ നിര്‍വാഹമില്ല,ആതിരേ.സര്‍വമാന അഴിമതിക്കാരുടേയും അധോലോക മാഫിയകളുടെയും രക്ഷകനായാണ്‌ പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞ്‌ പിറന്നതെന്ന്‌ ഈ ക്രിസ്‌മസ്‌ കാലത്ത്‌ കേരളീയര്‍ തിരിച്ചറിയുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത്‌ ജീവിക്കേണ്ടി വന്നത്‌ ഏത്‌ മുജ്ജന്മ പാപം കൊണ്ടാണെന്ന്‌ സ്‌തോഭത്തോടെ അന്വേഷിക്കുന്നു; ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത്‌ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്‌ ആകരുതേ എന്ന്‌ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഭരണത്തിലേറിയപ്പോഴെല്ലാം,ആതിരേ,മുന്നണി മര്യാദയുടെ മറവില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ജനാധിപത്യ മാരണ പ്രക്രിയകളെല്ലാം മറന്നിട്ടായിരുന്നു,വീണ്ടും ഒരു വട്ടം കൂടി കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സമ്മതിദായകര്‍ അദ്ദേഹത്തിനും യുഡിഎഫിനും വോട്ടു ചെയ്‌തത്‌.അവരെയെല്ലാം`പശ്വാലംഭന'ത്തിന്‌ വിധേയരാക്കിയാണ്‌ സോളാര്‍ കാലം മുതല്‍ ബാര്‍ കോഴ കാലം വരെ അദ്ദേഹം ഭരണം നടത്തിയത്‌.പൊതു സമൂഹത്തോടും സമ്മതിദായകാരോടും ഇതു പോലെ പച്ചക്കളം പറഞ്ഞിട്ടുള്ള,അവരെ ഇതു പോലെ വഞ്ചിച്ചിട്ടുള്ള ഭരണാധികാരികള്‍ കേരളത്തിലുണ്ടായിട്ടില്ല.അരുതാത്തിടത്ത്‌ വളരുന്ന അഴിമതിയുടെ ആല്‍ത്തണലില്‍ അഭിരമിക്കാന്‍ അദ്ദേഹത്തിനുള്ള ത്വരയ്‌ക്കും തൊലിക്കട്ടിക്കുമുള്ള മറ്റൊരു സര്‍വകാല റെക്കര്‍ഡാണ്‌,പ്രഖ്യാപിച്ച മദ്യനയത്തില്‍ വരുത്തിയ `പ്രായോഗിക തിരുത്തലുകള്‍'. നിലവാരമില്ലാത്തത്‌ കൊണ്ട്‌ 418 ബാര്‍ അടച്ചിടാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല,ആതിരേ.അക്കാര്യം പരിസോധിക്കാന്‍ മാത്രമാണ്‌ നിര്‍ദേശിച്ചത്‌. 312 ബാര്‍ കൂടി പൂട്ടാന്‍ വി.എം.സുധീരനോ കെസിബിസിയോ മുസ്ലീം ലീഗോ മദ്യവിരുദ്ധപ്രവര്‍ത്തകരോ ആഹ്വാനം ചെയ്‌തിരുന്നില്ല. ഞായറാഴ്‌ച `ഡ്രൈ ഡേ' ആക്കാന്‍ ഒരു കുഞ്ഞും ആഗ്രഹിച്ചിരുന്നില്ല.എന്നാല്‍ ഇതെല്ലാം കുഞ്ഞൂഞ്ഞ്‌ ആഗ്രഹിച്ചിരുന്നു.അതിന്‌ ഹീനമായ ലക്ഷ്യങ്ങളും നീചമായ താത്‌പര്യങ്ങളുമുണ്ടായിരുന്നു.സുധീരനെക്കാള്‍ വലിയ മദ്യവിരുദ്ധനാണെന്ന്‌ വരുത്തിത്തീര്‍ത്ത്‌ ഞെളിയുക,പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ സ്‌ത്രീസമൂഹത്തിന്റെ വോട്ടു തട്ടിയെടുക്കുക,ബാര്‍ തുറന്നു നല്‍കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന്‌ കോടികള്‍ കോഴവാങ്ങുക.ആഗസ്റ്റ്‌ ഇരുപത്തി ഒന്നിന്‌ സമ്പൂര്‍ണ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍,ആതിരേ, ഉമ്മന്‍ ചാണ്ടിയുടെ മനസ്‌ സഞ്ചരിച്ചത്‌ ഈ `കു'മാര്‍ഗങ്ങളിലൂടെയായിരുന്നു.അത്‌ മറച്ചു പിടിക്കാനാണ്‌ `` മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടന്നുവയ്‌ക്കാന്‍ മടിയില്ല '' ``മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ എത്രയോ ഇരട്ടി മദ്യപരെ ചികിത്സിക്കാന്‍ ആവശ്യമായി വരുന്നു'' ``എല്ലാ വശങ്ങളും ആലോചിച്ചെടുത്തതാണ്‌ 312 ബാര്‍ കൂടി പൂട്ടാനുള്ള തീരുമാനം'' എന്നൊക്കെയുള്ള വീണ്‍വാക്യങ്ങള്‍. എന്നാല്‍ ഒക്ടോബര്‍ 31 ന്‌ ബിജു രമേശ്‌, ചാനല്‍ ചര്‍ച്ചയ്‌ക്കിടയില്‍,ധനമന്തിക്ക്‌ ഒരു കോടി രൂപ കോഴ നല്‍കി എന്ന്‌ വെളിപ്പെടുത്തിയപ്പോള്‍ മാണിയടക്കം സര്‍വ മലയാളികളും ഞെട്ടിയെങ്കിലും ഉമ്മന്‍ ചാണ്ടി ഊറിച്ചിരിക്കുകയായിരുന്നു.മാണിയുടെ മുഖ്യമന്ത്രി മോഹവും ഇടതുപക്ഷത്തേയ്‌ക്കുള്ള ചായ്‌വും തരിപ്പണമാക്കിയെന്നതിലുപരി വി.എം.സുധീരന്റെ `ജനപക്ഷയാത്ര'യുടെ ശോഭകെടുത്താന്‍ ആ തീപ്പൊരിക്ക്‌ കഴിഞ്ഞു എന്നതിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആഹ്ലാദമത്രയും.ബാര്‍ കോഴയുടെ പേരില്‍ മാണിയെ മാധ്യമങ്ങളും പ്രതിപക്ഷവും നിറുത്തി പൊരിച്ചപ്പോള്‍ അശ്ലീല മൗനം പാലിച്ച ഉമ്മന്‍ ചാണ്ടിക്ക്‌ അപ്പോഴൊന്നും `പ്രായോഗിക ചിന്ത'ഉണര്‍ന്നില്ല.മാണിക്കെതിരെ വിജിലന്‍സിന്‌ തെളിവ്‌ നല്‍കാന്‍ ബാര്‍ ഉടമകള്‍ വിസമ്മതിച്ചപ്പോള്‍,കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ക്കും ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന്‌ വെളിപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടു ബുദ്ധിയുണര്‍ന്നു.കാരണം മാണിക്ക്‌ ഒരു കോടി കൊടുത്തെന്ന്‌ പറഞ്ഞവര്‍ മറ്റു ചില കണക്കുകളും പുറത്തു വിട്ടിരുന്നു.അതിപ്രകാരമായിരുന്നു:സുധീരനെ മെരുക്കാന്‍ അഹമ്മദ്‌ പട്ടേലിന്‌ 10 കോടി,എക്‌സൈസ്‌ മന്ത്രി കെ.ബാബുവിന്‌ 5 കോടി,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ 2.5 കോടി,വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക്‌ ഒരു കോടി (നോക്കു കൂലി),എംഎല്‍എമാരായ വി.ഡി.സതീശന്‍, വര്‍ക്കല കഹാര്‍ എന്നിവര്‍ക്ക്‌ 50 ലക്ഷം വീതം,സിപിഐക്ക്‌ 50 ലക്ഷം,പിണറായി വിജയന്‌ ഒരു കോടി (പക്ഷെ വാങ്ങിയില്ല)
ആതിരേ,ഭരണപക്ഷത്തിന്റെ കുഴലൂത്തുകാരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കണക്ക്‌ തമസ്‌ക്കരിച്ചത്‌ കൊണ്ട്‌ ഉമ്മന്‍ ചാണ്ടിയും `എ ഗ്രൂപ്പ്‌ കോണ്‍ഗ്രസ്‌' നേതാക്കളും ആശ്വസിച്ചിരിക്കേ മാണിക്കെതിരായ വിജിലന്‍സ്‌ അന്വേഷണത്തിനോട്‌ സഹകരിക്കാതെ ബാര്‍ ഉടമകള്‍ നിലപാട്‌ കടുപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക്‌ കുരു പൊട്ടി.സര്‍ക്കാരിനെ വളയ്‌ക്കാന്‍ തന്നെയാണ്‌ ബാര്‍ ഉടമകളുടെ നീക്കം.ചെറുത്തു നിന്നാല്‍ സര്‍ക്കാരും ഉമ്മന്‍ ചാണ്ടിയുടെ മദ്യവിരുദ്ധ ഇമേജും വട്ടം ഒടിയും.ആ പ്രതിസന്ധി മറികടക്കാന്‍ മാരണകൗശലങ്ങളുടെ തമ്പുരാനായ ഉമ്മന്‍ ചാണ്ടി കണ്ടെത്തിയതാണ്‌ `പ്രായോഗിക' തിരുത്തലുകള്‍.ബാര്‍ തൊഴിലാളികളായ പത്തു പേരുടെ ആത്മഹത്യയും ടൂറിസം രംഗത്തെ തിരിച്ചടിയുമൊക്കെ അങ്ങനെയാണ്‌ വിഷയമായത്‌.തുഗ്ലക്ക്‌ പരിഷ്‌കരണം പോലെ അടിച്ചേല്‍പ്പിച്ച ഞായറാഴ്‌ചകളിലെ `ഡ്രൈ ഡേ' പിന്‍വലിപ്പിക്കാന്‍ വിശ്വസ്‌തവിധേയനായ ഡോമിനിക്ക്‌ പ്രസന്റേഷനെ കൊണ്ട്‌ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചതിലെ സൃഗാല ബുദ്ധിയും ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു . അതിന്‌ സമാനമായ മറ്റൊരു തന്ത്രമായിരുന്നു ക്ലിഫ്‌ ഹൗസില്‍ നടന്ന കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ അനൗപചാരികമായ യോഗം.മദ്യനയവുമായി ബന്ധപ്പെട്ട്‌ സുധീരന്‍ സൃഷ്ടിക്കുന്ന തലവേദന സഹിക്കാന്‍ വയ്യാതെ എംഎല്‍എമാര്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും കണ്ട്‌ സങ്കടം പറയുകയായിരുന്നു എന്ന്‌ ബെന്നി ബെഹ്നാനും ശിവദാസന്‍ നായരും ജോസഫ്‌ വാഴയ്‌ക്കനുമൊക്കെ പറയുന്നുണ്ടെങ്കിലും എന്താണ്‌ നടന്നതെന്നും ആരാണ്‌ എംഎല്‍എമാരെ വിളിച്ചു കൂട്ടിയതെന്നും അരിയാഹാരം മാത്രമല്ല ഗോതമ്പ്‌ ആഹാരം കഴിക്കുന്ന മലയാളികളും തിരിച്ചറിയുന്നുണ്ട്‌,ആതിരേ.മുന്‍പ്‌ കരുണാകരന്‍ പയറ്റിയ തന്ത്രമാണ്‌ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും എടുത്തുപയോഗിക്കുന്നത്‌.അന്ന്‌ ആന്റണിയെ എതിര്‍ക്കാന്‍ കരുണാകര്‍ന്‍ ചുറ്റും നിര്‍ത്തിയ അതേ എംഎല്‍എമാരാണ്‌ അദ്ദേഹത്തിന്‌ വാരിക്കുഴി തീര്‍ത്തതെന്ന്‌ ഉമ്മന്‍ ചാണ്ടി ഓര്‍ക്കുന്നത്‌ നന്ന്‌.418 ബാര്‍ ബിയര്‍പാര്‍ലറാക്കാന്‍ തീരുമാനിച്ചപ്പോള്‍ ബിവറേജസ്‌ കോര്‍പ്പറേഷന്റെ 16 ഔട്ട്‌ ലെറ്റ്‌ പൂട്ടിയത്‌ സുധീരന്‍ കടുംപിടുത്തം നടത്തിയത്‌ കൊണ്ടാണോ?ഹൈക്കോടതി പറഞ്ഞത്‌ നാഷണല്‍ ഹൈവേയുടെ ഓരത്തെ ഔട്ട്‌ ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാനല്ലേ?അപ്പോള്‍ പൂട്ടിയത്‌ ആരാവശ്യപ്പെട്ടിട്ടാണ്‌?ബാര്‍ പൂട്ടിയാല്‍ ബിവറേജസ്‌ ഔട്ട്‌ ലെറ്റുകളും പൂട്ടണമെന്ന്‌ ശാഠ്യം പിടിച്ചത്‌ ബാര്‍ ഉടമകളല്ലേ?അവര്‍ക്കായി 418 ബാര്‍ തുറന്നു കൊടുക്കുകയും 16 ഔട്ട്‌ ലെറ്റ്‌ പൂട്ടുകയും ചെയ്‌ത ഉമ്മന്‍ ചാണ്ടിയുടെ ഹിഡന്‍ അജണ്ടയും കേരളം കണ്‍തുറന്നു കാണുന്നുണ്ട്‌.
ആതിരേ,കോണ്‍ഗ്രസുകാരനായത്‌ കൊണ്ട്‌ ഖദര്‍ ധരിക്കുന്നു എന്നതൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടി എന്നും മദ്യത്തിന്റേയും മദ്യലോബിയുടെയും സുഹൃത്തായിരുന്നു.എല്ലാ മാഫിയകളുടെയും തലതൊട്ടപ്പനുമായിരുന്നു.നെറികേടിന്റെ,അഴിമതിയുടെ,ജനവിരുദ്ധതയുടെ എക്കാലത്തേയും കുതന്ത്രശാലിയായ കോണ്‍ഗ്രസുകാരനായിരുന്നു ഉമ്മന്‍ ചാണ്ടി.സ്‌തുതിപാഠകരായ മാധ്യമ സിന്‍ഡിക്കേറ്റും ഷണ്ഡത്വം ബാധിച്ച പ്രതിപക്ഷവും കൂടിയായപ്പോള്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധൈര്യവും വന്നു. വി.എം സുധീരന്‍ ചൂണ്ടിക്കാട്ടിയത്‌ പോലെ `` ആരുടെയോ തിരക്കഥ അനുസരിച്ച്‌ രണ്ട്‌ സെക്രട്ടറിമാര്‍ ചേര്‍ന്ന്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും അംഗീകരിച്ച്‌ ജനതാത്‌പര്യത്തിന്‌ മുകളില്‍ മദ്യലോബിയുടെ താത്‌പര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്‌'' അങ്ങനെയാണ്‌. 418 ബാറും,ബിയര്‍-വൈന്‍ പാര്‍ലറുകളാക്കാന്‍ അനുമതി നല്‍കിയതിലും അപാരമായ ഒരു ചതി ഉമ്മന്‍ ചാണ്ടി ഒളിപ്പിച്ചു വച്ചിട്ടുണ്ട്‌,ആതിരേ.കഴിഞ്ഞ മാര്‍ച്ച്‌ 31ന്‌ മുന്‍പുണ്ടായിരുന്ന ലൈസന്‍സിന്റെ തുടര്‍ച്ചയായിട്ടാണ്‌ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌.ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍ക്കാനുള്ള അനുവാദമായിരുന്നു മാര്‍ച്ച്‌ 31 ന്‌ മുന്‍പുണ്ടായിരുന്ന ലൈസന്‍സിന്റെ കാതല്‍.അപ്പോള്‍ അതേ ലൈസന്‍സിന്റെ തുടര്‍ച്ചയെന്നാല്‍ കോടതിയില്‍ നിന്ന്‌ ബാര്‍ ഉടമകള്‍ക്ക്‌ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്‍ക്കാനുള്ള അനുമതി നേടിയെടുക്കാനുള്ള കുറുക്കുവഴി എന്നാണര്‍ത്ഥം.അങ്ങനെ നോക്കില്‍,വാക്കില്‍,നയരൂപികരണത്തില്‍,അവയുടെ പ്രയോഗത്തില്‍ എന്തിനധികം ഉറക്കത്തില്‍ പോലും കേരളീയരെ വഞ്ചിക്കുന്ന,ഖദറിട്ട രാഷ്ട്രീയ വേതാളമായിരിക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി ഉമ്മന്‍ ചാണ്ടി
ഏറ്റവും ഒടുവില്‍ കത്തോലിക്ക സഭയുടെ മദ്യവിരുദ്ധ സമിതിയെ വെടക്കാക്കാന്‍ മന്ത്രിമാരായ കെ.സി.ജോസഫിനും കെ ബാബുവിനും ക്വട്ടേഷന്‍ കൊടുത്തും.ആഗസ്റ്റ്‌ 21ന്‌ മുന്‍പ്‌ സുധീരനൊപ്പം നിന്ന കെസിബിസി തലവന്‍ മോറാന്‍ മോര്‍ ബസേലിയോസ്‌ ക്ലീമിസിനെ കൊണ്ട്‌ കെസിബിസി മദ്യവിരുദ്ധസമിതിയുടെ നില്‍പ്പുസമരത്തെ തള്ളിപ്പറയിച്ചും അതിന്‌ മുന്‍പ്‌ ക്ലീമിസിനെ ദൂതനായി അയച്ച്‌ `പെരുന്നയിലെ പോപ്പിനെ'കൊണ്ട്‌ പ്രായോഗിക മദ്യനയത്തിന്‌ പിന്തുണ പ്രഖ്യാപിപ്പിച്ചും സുധീരനെ മൂലയ്‌ക്കിരുത്തിയിരിക്കുന്നു,ആതിരേ ഉമ്മന്‍ ചാണ്ടി. മാരണപ്രയോഗങ്ങളില്‍ ചാണ്ടിയെ തോല്‍പ്പിക്കാനാവില്ല മക്കളെ.....!

No comments: