Monday, December 29, 2014

'ഘര്‍ വാപസി':നടത്തുന്നവരും എതിര്‍ക്കുന്നവരും ദളിത്‌ നിലനില്‍പ്പിന്റെ `പാന്‍ ഇന്ത്യന്‍' ഭീഷണികള്‍

വറചട്ടിയില്‍ നിന്ന്‌ എരിതീയില്‍ പതിച്ചവര്‍ക്ക്‌ വറചട്ടി തന്നെ നീക്കുപോക്കില്ലാത്ത സ്വികാര്യതയാകുന്നു.അവിടെയ്‌ക്കാണ്‌ `ഘര്‍ വാപസി'യുടെ പ്രലോഭനവുമായി വിശ്വഹിന്ദു പരിഷത്തിന്റെ മറവില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട പതുങ്ങിയെത്തിയിരിക്കുന്നത്‌.വീട്ടിലേയ്‌ക്ക്‌ മടങ്ങിവരുന്ന ദളിത്‌ ക്രൈസ്‌തവരേയും മുസ്ലീമുകളേയും കാത്തിരിക്കുന്നത്‌ അയിത്തത്തിന്റേയും ജാതിവ്യവസ്ഥയുടെയും വെളിമ്പറമ്പുകള്‍ മാത്രമാണെന്നതാണ്‌ അനുരഞ്‌ജനമില്ലാത്ത മറ്റൊരു ദുര്യോഗം.സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും മിഷണറിമാരുടെയും മൊല്ലാക്കമാരുടേയും പ്രലോഭനങ്ങള്‍ക്കുമിടയില്‍ ഉഴലാതെ സ്വത്വബോധത്തോടെ,സ്വതന്ത്രരായി,മനുഷ്യരായി ജീവിക്കാനുള്ള ദളിത്‌ വിഭാഗങ്ങളുടെ അവകാശമാണ്‌ യഥാര്‍ത്ഥത്തില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടത്‌.ആ ഭൂമികയില്‍ `ഘര്‍ വാപസി'മാത്രമല്ല എല്ലാത്തരം മതപരിവര്‍ത്തനങ്ങളും നിരോധിക്കപ്പെടേണ്ടതാണ്‌.പക്ഷേ സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കളുടെ അധികാര-അതിജീവന കൗശലങ്ങളില്‍ ദളിതര്‍ കേവലം വോട്ടുകള്‍ മാത്രമാകുമ്പോള്‍ `ഘര്‍ വാപസി'ക്കാര്‍ക്കും `സ്വര്‍ഗരാജ്യം പ്രസംഗിക്കുന്നവര്‍ക്കും'അവരെ ഇട്ട്‌ വട്ടുതട്ടാം.അപ്പോള്‍ ദളിത്‌ വിമോചനം മാവോയിസ്റ്റുകളിലൂടെ മാത്രമാണെന്ന്‌ നാം വായിച്ചെടുക്കേണ്ടി വരുന്നു എന്നതാണ്‌ `ഘര്‍ വാപസി'യും അതിനെ എതിര്‍ക്കുന്നവരും മുന്നോട്ടു വയ്‌ക്കുന്ന രാഷ്ട്രീയ പാഠം.
ആതിരേ,വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവിന്റെ ഏറ്റവും കാല്‍പനീകമായ വിവരണമുള്ളത്‌ ബൈബിളിലാണ്‌.`ധൂര്‍ത്ത പുത്രന്റെ'കഥയിലൂടെ വരച്ചു കാണിക്കുന്നത്‌ കൂടിച്ചേരലിന്റെ ഉത്സവവും അലച്ചിലിന്റെ ഒടുക്കവും സ്വത്വസംരക്ഷണത്തിന്റെ കേവല നീതിയുമാണ്‌.``നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌;അതില്‍ നാരായണക്കിളിക്കൂടുപോലൊരു നാലുകാലോലപ്പുരയുമുണ്ട്‌..''എന്ന പി.ഭാസ്‌കരന്റെ വരികളും ``തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ട്‌''എന്ന അനില്‍ പനച്ചൂരാന്റെ ഗാനവും വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവിലെ പ്രവാസിമലയാളി സങ്കല്‍പ്പനത്തിന്റെ ഉദാത്തതയാണ്‌ ദൃശ്യമാകുന്നത്‌. രാഷ്ട്രീയ ലക്ഷ്യമോ ഇടപെടലുകളോ ഇല്ലാത്തതു കൊണ്ടാണ്‌ `ധൂര്‍ത്ത പുത്ര'ന്റേയും പ്രവാസി മലയാളിയുടെയും അവസ്ഥയോട്‌ നമുക്ക്‌ താദാത്മ്യം പ്രാപിക്കാനാവുന്നത്‌. തിരികെ പിടിക്കലായത്‌ കൊണ്ടല്ല,തിരിച്ചു വരവായത്‌ കൊണ്ടാണ്‌ പ്രവേശകനും സ്വീകര്‍ത്താവിനും വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ്‌ ഹൃദ്യമായ അനുഭവമാകുന്നത്‌.എന്നാല്‍ വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ്‌ എന്നര്‍ത്ഥമുള്ള `ഘര്‍ വാപസി' എന്ന ഹിന്ദി പ്രയോഗം പക്ഷെ നമ്മിലുയര്‍ത്തുന്നത്‌ ആശങ്കയാണ്‌.മതത്തിന്റെ മറവില്‍ ഒളിച്ചു വച്ചിട്ടുള്ള ഗൂഢവും ഹീനവുമായ ഹിന്ദുത്വ രാഷ്ട്രീയമാണ്‌ `ഘര്‍ വാപസി'.ഭീഷണമാണതിന്റെ പരിണതി. നിര്‍ബന്ധപൂര്‍വമല്ലാത്ത ,സ്വന്തം ഇഷ്ടത്തിനൊത്ത വിശ്വാസം ആചാരം ശീലം എന്നിവ തുടരാനും ഉപേക്ഷിക്കാനും മറ്റൊന്ന്‌ സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം,ആതിരേ, ഇന്ത്യന്‍ പൗരന്‌ ഭരണഘടനാദത്തമായ അവകാശമാണ്‌ . വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിയമപരമായ പരിരക്ഷയാണിത്‌. മാറുന്ന കാലത്തിനും സമ്പാദിക്കുന്ന വിജ്ഞാനത്തിനുമനുസരിച്ച്‌ മനുഷ്യന്റെ ചിന്തകളും ആശയങ്ങളും മാറുമെന്നും അപ്പോള്‍ പഴയവ പലതും ഉപേക്ഷിക്കപ്പെടുമെന്നും നവീനമായവയെ സ്വീകരിക്കുമെന്നുമുള്ള തിരിച്ചറിവിലാണ്‌ വ്യക്തിസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമായി ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നത്‌.ഉദാത്തമായ ജനാധിപത്യ ബോധത്തിന്റേയും ഉന്നിദ്രമായ സാമുഹികാവസ്ഥയുടെയും ലക്ഷണമാണത്‌.അതു കൊണ്ട്‌ ഒരു മതത്തില്‍ നിന്ന്‌ മാറുന്നതും പിന്നീട്‌ അതിലേയ്‌ക്ക്‌ തിരിച്ചു വരുന്നതും തര്‍ക്കിക്കേണ്ട വിഷയമേ അല്ല.
എന്നാല്‍ ഹിന്ദുമതത്തില്‍ നിന്ന്‌ മറ്റു മതങ്ങളിലേക്കോ വിശ്വാസങ്ങളിലേക്കോ മാറിപ്പോയവരെ തിരിച്ചു ഹിന്ദുമതത്തിലേക്ക്‌ പുനഃപ്രവേശിപ്പിക്കുന്ന`ഘര്‍ വാപസി' എന്ന പ്രയോഗത്തില്‍ മുഴങ്ങുന്ന രാഷ്ട്രീയ പ്രതിധ്വനികളും അവ ക്ഷണിച്ചു വരുത്തുന്ന മതപരമായ വിവേചനവുമാണ്‌,ആതിരേ, പൊള്ളിക്കുന്ന തിരിച്ചറിവാകുന്നത്‌. നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം `ഹൈന്ദവം' `ഹിന്ദു' എന്നീ സംജ്ഞകള്‍ക്ക്‌ സംഘപരിവാര്‍ നല്‍കിയിട്ടുള്ള കര്‍ശന രാഷ്ട്രീയ നിര്‍വചനവും അതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമാകുന്ന `ഹൈന്ദവവത്‌ക്കരണവു'മാണ്‌ അപായമണി മുഴക്കുന്നത്‌.സങ്കീര്‍ണമാണ്‌ ഭാരതത്തിന്റെ ജാതി-മത-ദേശീയ-സംസ്‌കാര ഭൂമിക.നാനാത്വത്തിലാണ്‌ അതിന്റെ ഏകത്വം.ആ വാസ്‌തവത്തെ തമസ്‌ക്കരിച്ചു കൊണ്ടുള്ള ചരിത്രത്തിന്റെ കാവിവത്‌ക്കരണവും, യാഗങ്ങളുടേയും യഞ്‌ജങ്ങളുടേയും പുനരുജ്ജീവനവും, പാഠ്യപദ്ധതികളിലെ സനാതന-വക്രീകരണവും മുതല്‍ ഭഗവത്‌ഗീത ഭാരതത്തിന്റെ ദേശീയ ഗ്രന്ഥമാക്കണം എന്ന ശാഠ്യം വരെ നീളുന്ന ഹിഡന്‍ അജണ്ടകളുടേയും ബാബറി മസ്‌ജിദ്‌ തകര്‍ത്ത `പിക്‌-ആക്‌സു'മായി താജ്‌ മഹലിനു നേരേ തിരിയുന്ന കര്‍സേവയുടേയും ഇങ്ങേത്തലയ്‌ക്കലായി `ഘര്‍ വാപസി'നില്‍ക്കുന്നതാണ്‌ ,ആതിരേ, ആകുലതകള്‍ പെരുക്കുന്നത്‌. ഹിന്ദുക്കളെ ക്രിസ്‌തുമതത്തിലേയ്‌ക്കും ഇസ്ലാമിലേയ്‌ക്കും മതംമാറ്റിക്കൊണ്ടിരിക്കുകയാണെന്നും അത്‌ തടയണമെന്നുമുള്ളത്‌ എക്കാലത്തേയും സംഘപരിവാര്‍ സംഘടനകളുടെ ആവശ്യമാണ്‌.ആ പശ്ചാത്തലത്തില്‍ കേവലമായ വ്യക്തിഗത ഇഷ്ടാനിഷ്ടത്തിന്റെ പ്രശ്‌നമല്ല `ഘര്‍ വാപസി'യുടെ ഉള്ളടക്കം.`ഘര്‍ വാപസി'യുടെ വ്യാപനത്തിലൂടെ മതം മാറ്റത്തിനെതിരായ വികാരം ആളിക്കത്തിച്ച്‌ ഒരു മതം മാറ്റവും ഇനി അനുവദനീയമല്ലെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള മൂര്‍ച്ചയേറിയ അജണ്ടയും വിശ്വഹിന്ദു പരിഷത്തിന്റെ `വീട്ടിലേയ്‌ക്കുള്ള മടങ്ങി വരവ്‌' കാമ്പെയിനിലുണ്ട്‌.അതാണ്‌ ഭീഷണി,അപായം. ഇപ്പോള്‍ `ഘര്‍ വാപസി' തുടങ്ങിയതിന്‌ മറ്റൊരു പശ്ചാത്തലവുമുണ്ട്‌ ,ആതിരേ . ഇസ്ലാമിക തീവ്രവാദികള്‍ ആഗോളതലത്തില്‍ ആളിക്കത്തിക്കുന്ന ഭയാശങ്കകളും നിഷ്‌ഠൂരമായ അവരുടെ മനുഷ്യക്കുരുതികളുമെല്ലാം പൊതുവെ ഒരു ഇസ്ലാമിക വിരുദ്ധ മാനസികാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്‌.അതിന്റെ മുതലെടുപ്പിലൂടെ `ഹിന്ദു വീട്ടിലേയ്‌ക്കുള്ള മടങ്ങിവരവ്‌' ഉത്സവമാക്കാനാണ്‌ വിശ്വഹിന്ദു പരിഷത്തിന്റെ നീക്കം. ന്യൂനപക്ഷ ഭീകരതയ്‌ക്കെതിരായ വെറുപ്പിനെ ഭൂരിപക്ഷ ഭീകരതയ്‌ക്കനുകൂലമായ മതവത്‌ക്കരണമാക്കുകയാണിവിടെ.അങ്ങനെ മതനിരപേക്ഷ ഇന്ത്യയുടെ സഹിഷ്‌ണുത ചിതറിക്കുന്ന ആര്‍ഡിഎക്‌സ്‌ ആകുകയാണ്‌ `ഘര്‍ വാപസി'
ആതിരേ,സനാതന ഹിന്ദുമതം നൂറ്റാണ്ടുകളോളം ആഘോഷമായി കൊണ്ടാടിയ അയിത്താചരണമാണ്‌ ദളിത്‌ വിഭാഗങ്ങളെ ക്രിസ്‌തു മതത്തിലേയ്‌ക്കും ഇസ്ലാമിലേയ്‌ക്കും ആട്ടിപ്പായിച്ചതെന്ന്‌ മറക്കണ്ട.ദളിത്‌ പെണ്ണിനെ മാറ്‌ മറയ്‌ക്കാന്‍ അനുവദിക്കാതെ,ദളിത്‌ ആണിനേയും പെണ്ണിനേയും പൊതുവഴിയിലൂടെ നടക്കാന്‍ സമ്മതിക്കാതെ,വിദ്യയാര്‍ജിക്കാന്‍ അനുവദിക്കാതെ,ദളിതര്‍ക്ക്‌ ക്ഷേത്രപ്രവേശനം നിഷേധിച്ചും അര്‍മാദിച്ച സനാതന സവര്‍ണാധിപത്യത്തോടുള്ള പ്രതിഷേധമായിരുന്നു ദളിത്‌ വിഭാഗങ്ങളുടെ മതം മാറ്റം.ഈ ചെറുത്തു നില്‍പ്പിനെ അല്ലെങ്കില്‍ പ്രതിഷേധത്തെ പ്രലോഭനങ്ങളാല്‍ ആളിക്കത്തിച്ചാണ്‌ മിഷണറിമാരും മൊല്ലാക്കമാരും മതപരിവര്‍ത്തനം വ്യാപകമാക്കിയത്‌.പ്രലോഭകരുടെ മതമൂല്യങ്ങളയിരുന്നില്ല മറിച്ച്‌ സ്വത്വ ബോധത്തോടെ സ്വതന്ത്ര മനുഷ്യരായി ജീവിക്കാമെന്ന മോഹമായിരുന്നു മതപരിവര്‍ത്തനത്തിന്‌ ദളിത്‌ വിഭാഗങ്ങളെ നിര്‍ബന്ധിച്ചത്‌. പക്ഷേ,ദളിതര്‍ക്കുള്ള സര്‍ക്കാര്‍ സംവരണം പോലും നിഷേധിക്കപ്പെട്ട്‌,മാര്‍ഗ വാസികളെന്നും പുതു ക്രിസ്‌ത്യാനികളെന്നുമുള്ള പുച്ഛം പേറി ക്രൈസ്‌തവ-ഇസ്ലാമിക പൊതുധാരയുടെ പിന്നമ്പുറത്ത്‌ കഴിയാനായിരുന്നു പരിവര്‍ത്തിതരുടെ നിയോഗം.അലപം ഭക്ഷണത്തില്‍,മരുന്നില്‍,പണത്തില്‍,പള്ളിപ്രവേശനത്തില്‍ ദളിതരെ മതം മാറ്റിയത്‌ ഭരണഘടനാദത്തമായ ന്യൂനപക്ഷ അവകാശമാണെന്ന്‌ വാദിക്കുന്ന അരമനകളും ദര്‍ഗകളും ഹിന്ദുക്കളെ മടക്കി വിളിക്കുന്നത്‌ വര്‍ഗീയതയും ഭരണഘടനാവിരുദ്ധവുമാണെന്ന്‌ ആക്രോശിക്കുന്നതാണ്‌,ആതിരേ, മതവത്‌ക്കരണത്തിലെ മറ്റൊരു ഭീകരത. അതു കൊണ്ടാണ്‌ വറചട്ടിയില്‍ നിന്ന്‌ എരിതീയില്‍ പതിച്ചവര്‍ക്ക്‌ വറചട്ടി തന്നെ നീക്കുപോക്കില്ലാത്ത സ്വികാര്യതയാകുന്നത്‌.അവിടെയ്‌ക്കാണ്‌ `ഘര്‍ വാപസി'യുടെ പ്രലോഭനവുമായി വിശ്വഹിന്ദു പരിഷത്തിന്റെ മറവില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട പതുങ്ങിയെത്തിയിരിക്കുന്നത്‌.വീട്ടിലേയ്‌ക്ക്‌ മടങ്ങിവരുന്ന ദളിത്‌ ക്രൈസ്‌തവരേയും മുസ്ലീമുകളേയും കാത്തിരിക്കുന്നത്‌ അയിത്തത്തിന്റേയും ജാതിവ്യവസ്ഥയുടെയും വെളിമ്പറമ്പുകള്‍ മാത്രമാണെന്നതാണ്‌ അനുരഞ്‌ജനമില്ലാത്ത മറ്റൊരു ദുര്യോഗം.
സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും മിഷണറിമാരുടെയും മൊല്ലാക്കമാരുടേയും പ്രലോഭനങ്ങള്‍ക്കുമിടയില്‍ ഉഴലാതെ സ്വത്വബോധത്തോടെ,സ്വതന്ത്രരായി,മനുഷ്യരായി ജീവിക്കാനുള്ള ദളിത്‌ വിഭാഗങ്ങളുടെ അവകാശമാണ്‌ യഥാര്‍ത്ഥത്തില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടത്‌.ആ ഭൂമികയില്‍ `ഘര്‍ വാപസി'മാത്രമല്ല എല്ലാത്തരം മതപരിവര്‍ത്തനങ്ങളും നിരോധിക്കപ്പെടേണ്ടതാണ്‌.പക്ഷേ സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കളുടെ അധികാര-അതിജീവന കൗശലങ്ങളില്‍ ദളിതര്‍ കേവലം വോട്ടുകള്‍ മാത്രമാകുമ്പോള്‍ `ഘര്‍ വാപസി'ക്കാര്‍ക്കും `സ്വര്‍ഗരാജ്യം പ്രസംഗിക്കുന്നവര്‍ക്കും'അവരെ ഇട്ട്‌ വട്ടുതട്ടാം.അപ്പോള്‍ ദളിത്‌ വിമോചനം മാവോയിസ്റ്റുകളിലൂടെ മാത്രമാണെന്ന്‌,ആതിരേ,നാം വായിച്ചെടുക്കേണ്ടി വരുന്നു എന്നതാണ്‌ `ഘര്‍ വാപസി'യും അതിനെ എതിര്‍ക്കുന്നവരും മുന്നോട്ടു വയ്‌ക്കുന്ന രാഷ്ട്രീയ പാഠം.

No comments: