Friday, August 26, 2011

ഇറോം ശര്‍മ്മിളയെ മറന്ന്‌ അണ്ണാ ഹസാരേയ്ക്ക്‌ സ്തുതി പാടുന്നവരോട്‌...


അഴിമതിയും അനീതിയും കള്ളപ്പണവും പോലെ തന്നെ, ഒരുവേള അതിലുപരി ശക്തമായും സംഘടിതമായും, എതിര്‍ക്കപ്പെടേണ്ടതാണ്‌ പൗരന്റെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ ലംഘിക്കുന്നതും പൗരനെ തീവ്രവാദിയായി ചിത്രീകരിച്ച്‌ കള്ളക്കേസില്‍ കുടുക്കി തടവിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നൊടുക്കുന്നതും. ഈ മൃഗീയതയ്ക്കെതിരെ ഉയര്‍ന്ന സ്ത്രൈണ-ധീര പ്രതിഷേധമാണ്‌ ഇറോം ശര്‍മ്മിള. പക്ഷേ, അത്‌ തിരിച്ചറിയാനും അംഗീകരിക്കാനും അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കഴിയാത്ത വിധം അര്‍ബനൈസ്ഡ്‌- ഇലീറ്റ്‌-ഇഡിയറ്റുകളായി പരിണമിച്ചു കഴിഞ്ഞു ഇന്ത്യയിലെ പൗരസമൂഹവും പൊതുപ്രവര്‍ത്തകരും.ഇതാണ്‌ എതിര്‍ത്ത്‌ തോല്‍പ്പിക്കപ്പെടേണ്ട ഏറ്റവും ദുഷ്ടതനിറഞ്ഞ അഴിമതി.

എല്ലാ കണ്ണുകളും, എല്ലാ മാധ്യമശ്രദ്ധയും എല്ലാ ചാനല്‍ ക്യാമറകളും, ആതിരേ, ഇന്ന്‌ അണ്ണാ ഹസാരയില്‍ . ഹസാരയുടെ ഓരോ ചെറു നീക്കവും വാക്കും തത്സമയവാര്‍ത്ത. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അണ്ണാ ഹസാരേയ്ക്ക്‌ നാഗരീക യുവാക്കള്‍ അടക്കം പതിനായിരങ്ങളുടെ തത്സമയ പിന്തുണാപ്രകടനം. നഗരങ്ങളില്‍ കോര്‍ണര്‍ മീറ്റിങ്ങുകള്‍.നിരാഹാര-സഹാര സത്യഗ്രഹങ്ങള്‍.എസ്‌എംസുകളിലൂടെ,സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ടീം ഹസാരേയ്ക്ക്‌ സ്തോത്രഗീതങ്ങള്‍.ടീം മന്മോഹന്‌ പുളിച്ച തെറിയഭിഷേകം.ഈവന്റ്‌ മാനേജ്മന്റ്‌ ഗ്രൂപ്പിന്റെ സംവിധാനത്തില്‍ ഹൈടെക്‌ പ്രചാരണം, സംഘാടനം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു സത്യഗ്രഹ സമരം അങ്ങനെ അനന്യവും അനുപമവുമായ ദൃശ്യാനുഭവമാകുന്നു..! സമ്മതിച്ചേ തീരൂ.
ഭരണകൂടങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും ന്യായാധിപന്മാരും ധനാര്‍ത്തിപെരുത്ത ദുരയോടെ നടത്തുന്ന അഴിമതികള്‍ക്കും, പൗരസമൂഹത്തെ വഞ്ചിച്ച്‌, കള്ളപ്പണക്കാരോട്‌ കൈകോര്‍ത്ത്‌ അധികാരദുര്‍മദത്തോടെ നടത്തുന്ന ഭരണഘടനാ ലംഘനങ്ങള്‍ക്കും എതിരെയാണ്‌ അണ്ണാ ഹസാരയുടെ ഉപവാസ സമരവും' ടീം മന്മോഹനു'ള്ള അന്ത്യശാസനകളും.
ഭരണകൂടങ്ങളുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും നീതിനിര്‍വഹണ സംവിധാനത്തിന്റേയും നേതൃമ്മന്യന്മാരുടേയും കൊടിയ ചൂഷണങ്ങള്‍ക്കും ബീഭത്സ ചതിപ്രയോഗങ്ങള്‍ക്കും വിധേയരായതുമൂലം അണ്ണാ ഹസാരയുടെ പ്രതിഷേധ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്‌,ആതിരേ, ഇന്ത്യയിലെ നഗര-പൗരസമൂഹം.
എന്നാല്‍,ആതിരേ, ഭരണകൂടവും അധികാരരാഷ്ട്രീയ ദല്ലാള്‍മാരും സൈനീകരും ചേര്‍ന്ന്‌ തന്റെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടനാ ദത്തമായ എല്ലാ മൗലികാവകാശങ്ങളും തച്ചുതകര്‍ക്കുന്നതിനെതിരെ, മണിപ്പൂരില്‍ ഇറോം ചാനു ശര്‍മിള പത്തുവര്‍ഷം മുന്‍പ്‌ ആരംഭിച്ചതും ഇന്നും തുടരുന്നതുമായ നിരാഹാര സത്യഗ്രഹം പക്ഷേ, അണ്ണാ ഹസാരയ്ക്കു പിന്നില്‍ വന്‍ ശക്തിയായി നില്‍ക്കുന്ന പൗരസമൂഹം കണ്ടതായി പോലും നടിക്കുന്നില്ല. ടീം ഹസാരയുടെ ഓരോ വാക്കിനും ടീം മന്‍മോഹന്റെ ഓരോ ചെയ്തിക്കും ക്രമത്തിലധികം 'ഹൈപ്‌' നല്‍കുന്ന മാധ്യമ സമൂഹവും മണിപ്പൂരികളുടെ മൗലികാവകാശ സംരക്ഷണത്തിനായുള്ള ഇറോം ശര്‍മ്മിളയുടെ ജീവന്മരണ സമരത്തെ പുച്ഛിച്ച്‌ തള്ളിയിരിക്കുകയാണ്‌.
ഇന്ത്യയുടെ തലസ്ഥാന നഗരിയാണ്‌ അണ്ണാ ഹസാരയുടെ,അഴിമതിക്കെതിരെയുള്ള നിരാഹാര പ്രക്ഷോഭ ഭൂമിക. വടക്കു കിഴക്കന്‍ സംസ്ഥാനവും ഇന്ത്യയുടെ ദേശീയ ഗാനത്തില്‍ ഇടം ലഭിക്കാത്തതുമായ മണിപ്പൂരിന്റെ തലസ്ഥാനത്ത്‌, ഇംഫാലിലാണ്‌ ഇറോം ശര്‍മ്മിളയുടെ മൗലീകാവകാശ സമരഭൂമി. ഭൂമിശാസ്ത്രപരമായ ഈ വ്യത്യാസം ഇറോം ശര്‍മ്മിളയുടെ, സമാനതകളില്ലാത്ത , വിശുദ്ധദൗത്യത്തിന്‌ അര്‍ഹിക്കുന്ന ശ്രദ്ധ ഇല്ലാതെയാക്കിയിട്ടുണ്ട്‌.
കാശ്മീര്‍ അടക്കമുള്ള ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കരസേനയുടെയും സമാന്തര സൈനീക സേനകളുടെയും കാടത്തം നിറഞ്ഞ പൗരാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ നിറഞ്ഞിട്ടും ആ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും മൗലീകവകാശ സംരക്ഷണത്തിനും വേണ്ടി ശബ്ദമുയര്‍ത്താന്‍, ഒരിക്കല്‍ പോലും അണ്ണാ ഹസാരെ മനസ്സ്‌ വച്ചിട്ടില്ല.ദേശസ്നേഹത്തിന്റേയും രാജ്യസംരക്ഷണത്തിനേയും പേരില്‍, വിവിധങ്ങളായ അടിച്ചമര്‍ത്തല്‍ നിയമങ്ങളുടെ മറവില്‍ പുരുഷന്മാരെ ദയാരഹിതമായി വെടിവച്ചു കൊന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായി ബലാത്സംഗം ചെയ്തും സൈനീകര്‍ നടത്തുന്ന ഭീകരതയാണ്‌ യഥാര്‍ത്ഥത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന്‌ ഉണ്ടെന്ന്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവകാശപ്പെടുന്ന വിഘടന പ്രവര്‍ത്തനങ്ങളെക്കാള്‍ ബീഭത്സവും പൗരവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഭീഷണവും...!
ആതിരേ, മണിപ്പൂരില്‍, തീവ്രവാദികളെ നേരിടാന്‍ 1958-ല്‍ രൂപം കൊടുത്ത ആംഡ്‌ ഫോഴ്സ്‌ (സ്പെഷ്യല്‍ പവേഴ്സ്‌) ആക്ടി- (അഎടജഅ)) ന്റെ മറവിലാണ്‌ സൈന്യത്തിന്റെ മൃഗീയമായ അഴിഞ്ഞാട്ടം നടക്കുന്നത്‌. കേവലമനുഷ്യരായി മണിപ്പൂരികളെ അംഗീകരിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ കിരാത ശത്രുക്കളായും തങ്ങള്‍ക്ക്‌ കടിച്ചു കീറാനുള്ള ലൈംഗിക ഇരകളും മാത്രമായാണ്‌ ഇന്ത്യന്‍ സൈന്യം സ്വീകരിക്കുന്നത്‌. ഇതുസംബന്ധിച്ച അതീവ സങ്കീര്‍ണ്ണവും സ്ഫോടനാത്മകവുമായ വാര്‍ത്തകളും സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കോ അവ ചതുര്‍ത്ഥിയായി തന്നെ തുടരുകയാണ്‌. സൈന്യത്തിന്റെ കപട- ഏറ്റുമുട്ടല്‍-കൊലകളെ അടുത്ത ദിവസമാണ്‌ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്‌.
2002 നവംബര്‍ രണ്ടാം തീയതി സൈന്യം മണിപ്പൂരില്‍ നടത്തിയ പൈശാചികമായ ഒരു കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചുകൊണ്ടാണ്‌ ഇറോം ശര്‍മ്മിളയുടെ നിരാഹാര സമരം . മണിപ്പൂരിലെ ഇംഫാന്‍ താഴ്‌വരയിലെ മലോം എന്ന നഗരത്തില്‍ അന്ന്‌ പത്ത്‌ പേരെയാണ്‌, യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ സൈന്യം പോയിന്റ്‌ ബ്ലാങ്കില്‍ വെടിവെച്ച്‌ കൊന്നത്‌. ബസ്‌ കാത്തു നിന്ന യാത്രക്കാരായിരുന്നു ഇവര്‍. തീവ്രവാദികള്‍ എന്ന്‌ ആരോപിച്ച്‌ സൈന്യം നടത്തിയതും 'മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക്‌ അനുസൃതവുമായ ഏറ്റുമുട്ടലാ'യിരുന്നു ഇത്‌. 62 വയസ്സുള്ള ലീസംഗ്‌ ബാം ഇബടോമി എന്ന വൃദ്ധയും 1988-ല്‍ ധീരതയ്ക്കുള്ള കുട്ടികളുടെ ദേശീയ പുരസ്കാരത്തിന്‌ അര്‍ഹനായ സിനാം ചന്ദ്രമണിയും ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
സൈന്യത്തിന്റേയും അവരെ കയറൂരി വിട്ടിരിക്കുന്ന ഭരണകൂടങ്ങളുടേയും ഈ ഭീകരപ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ്‌ 2000 നവംബര്‍ നാലു മുതല്‍ ഇറോം ശര്‍മ്മിള സഹനസമരം ആരംഭിച്ചത്‌. നിരവധി തവണ ഇന്ത്യന്‍ ശിക്ഷാ നിയമം 309-ാ‍ം വകുപ്പിന്റെ അടിസ്ഥാനത്തില്‍ 'ആത്മഹത്യാ ശ്രമ'ത്തിന്‌ ഇറോം ശര്‍മ്മിളയെ അറസ്റ്റ്‌ ചെയ്ത്‌ മാനസികമായി തളര്‍ത്താനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ശ്രമിച്ചിട്ടുള്ളത്‌. ആത്മഹത്യാ ശ്രമത്തിന്‌ ഒരു വര്‍ഷം വരെയാണ്‌ ഇന്ത്യയില്‍ നിര്‍ണ്ണയിക്കപ്പെട്ട തടവ്‌.ഈ കാട്ടുനിയമത്തിനെ ദയാരാഹിത്യത്തിന്‌ നിരവധി തവണയാണ്‌ ഇറോം ഇരയായിട്ടുള്ളത്‌. ഒരു ജനതയുടെ അഭിമാനം സംരക്ഷിക്കാനും ഇന്ത്യന്‍ പൗരന്മാരായി മാന്യമായി ജീവിക്കാനുള്ള ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ നേടിയെടുക്കാനും ഇറോം ശര്‍മ്മിള നടത്തുന്ന ചരിത്രപ്രസിദ്ധമായ സഹനസമരത്തെ അംഗീകരിക്കാനോ അവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ അണ്ണാ ഹസാരയ്ക്കും അദ്ദേഹത്തിന്‍പിന്നാലെ കൂടിയിരിക്കുന്ന പൗരസമൂഹത്തിനും മാധ്യമ വൃന്ദത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.അതേ സമയം,മറുപുറത്ത്‌, അണ്ണാ ഹസാരേയുടെ തലസ്ഥാന നഗര സമരത്തിന്‌ ഇറോം ശര്‍മിളയുടെ പിന്തുണ നേടിയെടുക്കാന്‍ ടീം ഹസാരെയിലെ ഈവന്റ്‌ മാനേജ്മന്റ്‌ കൗശലങ്ങല്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.അഴിമതിക്കും അധികാര ദുരുപയോഗത്തിനുമെതിരായ ധര്‍മസമരത്തിലെ ദുസഃഹ കാപട്യം ഹിമവാനോളം ഉയര്‍ന്നു നില്‍ക്കുന്നു.
തികച്ചും പക്ഷപാതപരമായ നിലപാടാണ്‌, ആതിരേ, ഇറോം ശര്‍മിളയുടെ ദൗത്യത്തോട്‌ ഇന്ത്യയിലെ അര്‍ബന്‍ ഇലീറ്റും അവരുടെ മാധ്യമസംഘവും പുലര്‍ത്തുന്നതെന്ന്‌ ആവര്‍ത്തിച്ച്‌, അടിവരയിട്ടു തന്നെ പറയണം. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരന്മാരുടെ അവകാശങ്ങളോടും അവസ്ഥകളോടും ആവശ്യങ്ങളോടും, ചിന്താശക്തിയുണ്ടെന്ന്‌ അഭിമാനിക്കുന്ന സാക്ഷരസമൂഹം പുലര്‍ത്തുന്ന അവജ്ഞയുടെയും അവഗണനയുടെയും സൂചിക കൂടിയാണ്‌ ഇറോം ശര്‍മ്മിളയുടെ പ്രതിരോധ സമരത്തിനെതിരെയുള്ള ഈ സംഘടിത പ്രതിലോമ നിലപാട്‌.
അഴിമതിയും അനീതിയും കള്ളപ്പണവും പോലെ തന്നെ, ഒരുവേള അതിലുപരി ശക്തമായും സംഘടിതമായും, എതിര്‍ക്കപ്പെടേണ്ടതാണ്‌ പൗരന്റെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ ലംഘിക്കുന്നതും പൗരനെ തീവ്രവാദിയായി ചിത്രീകരിച്ച്‌ കള്ളക്കേസില്‍ കുടുക്കി തടവിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നൊടുക്കുന്നതും. ഈ മൃഗീയതയ്ക്കെതിരെ ഉയര്‍ന്ന സ്ത്രൈണ-ധീര പ്രതിഷേധമാണ്‌ ഇറോം ശര്‍മ്മിള. പക്ഷേ, അത്‌ തിരിച്ചറിയാനും അംഗീകരിക്കാനും അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കഴിയാത്ത വിധം അര്‍ബനൈസ്ഡ്‌- ഇലീറ്റ്‌-ഇഡിയറ്റുകളായി പരിണമിച്ചു കഴിഞ്ഞു ഇന്ത്യയിലെ പൗരസമൂഹവും പൊതുപ്രവര്‍ത്തകരും.ഇതാണ്‌ എതിര്‍ത്ത്‌ തോല്‍പ്പിക്കപ്പെടേണ്ട ഏറ്റവും ദുഷ്ടതനിറഞ്ഞ അഴിമതി.അതിനു മനസ്സില്ലതെയാണ്‌ വാര്‍ത്താ പ്രാധാന്യമുള്ള അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കവലകള്‍ തോറും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി അഴിമതി വിരുദ്ധരെന്ന്‌ മേനി നടിക്കുന്നത്‌. ഇന്ത്യന്‍പൗരസമൂഹത്തിന്റെ രാഷ്ട്രീയ-സാമുഹിക പ്രതിബദ്ധതയുടെയുടെ ദൂഷിത ദ്വന്ദ്വമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഫെഡറല്‍ സ്വഭാവമാണ്‌ ഇന്ത്യയ്ക്കുള്ളതെന്ന്‌ അവകാശപ്പെടുമ്പോഴും മറ്റ്‌ സംസ്ഥാനങ്ങളില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ട്‌ കീടങ്ങളെപ്പോലെ ചത്തൊടുങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്കുവേണ്ടി പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും ചെറിയൊരു സ്വരമുയര്‍ത്താന്‍ പോലും കഴിയാത്ത വിധം നാം എങ്ങനെയാണ്‌ ആതിരേ, ഇത്രയ്ക്ക്‌ ഇഡിയറ്റുകളായത്‌..!?


No comments: