Tuesday, September 11, 2012
അസിം ത്രിവേദിയുടെ അറസ്റ്റ്:പ്രതിഷേധിക്കുക,പ്രതികരിക്കുക
തന്റെ സമപ്രായക്കാരെല്ലാം അധികാരത്തിനും സമ്പത്തിനും സുഖഭോഗങ്ങള്‍ക്കും വെമ്പി ഉഴറുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല വികൃതമുഖത്തിന് നേരെ ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവും സമകാലീന സംഭവങ്ങളെ വിശകലനം ചെയ്യാനുള്ള വിവേകവും തിരിച്ചു പിടിച്ചപ്പോള്‍ ആ ദര്‍പ്പണത്തില്‍ അസിം ത്രിവേദി കണ്ട കാഴ്ചകള്‍ പ്രതിഷേധാര്‍ഹവും ക്ഷോഭജനകവുമായിരുന്നു. അതാണ് ' ഗ്യാങ്ങ് റേപ്പ് ഓഫ് മദര്‍ ഇന്ത്യ ' എന്ന കാര്‍ട്ടൂണിന്റെ വികാരമായത്. ത്രിവര്‍ണ്ണ സാരിയുടുത്തു നില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോ ക്രാറ്റുകളും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു കാര്‍ട്ടൂണില്‍ അശോകസ്തംഭത്തിലെ സിംഹങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം കുറുക്കന്മാരെ ചിത്രീകരിച്ചതും പാര്‍ലമെന്റിനെ പബ്ലിക് ടോയ്‌ലറ്റായി വരച്ചതും അസിമിലെ കലഹിക്കുന്ന സത്യസന്ധതയായിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് അധികാരപ്പരിഷകള്‍ അസിം ത്രിവേദിയെ രാജ്യദ്രോഹിയായി മുദ്രകുത്തിയത്. ഒരു സ്വകാര്യ അന്യായത്തിന്റെ മറപിടിച്ച് മുംബൈ കോടതി,അസിമിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച 14 ദിവസത്തേക്ക് റിമാന്റ് ചെയ്തപ്പോള്‍ ആ പൗരാവകാശ വിരുദ്ധതയ്ക്ക് ജെയ് വിളിക്കുകയും ദേശീയ രാഷ്ട്രിയദുഷ്ടതയക്ക് ഹല്ലേലുയ്യ പാടുകയുമായിരുന്നു ആ ന്യായാധിപന്‍.
ആതിരേ,ഒരു വരകൊണ്ടുപോലും വിമര്‍ശിക്കപ്പെടുന്നത് അസഹിഷ്ണുതയാകുന്ന അധികാരത്തിന്റെ അര്‍മാദങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയും ന്യായപീഠങ്ങളും അധാര്‍മ്മികമായ പിന്തുണ നല്‍കുമ്പോള്‍ അസീം ത്രിവേദിയെപ്പോലെയുള്ള ജനാധിപത്യ ബോധങ്ങള്‍ ജയിലഴിക്കുള്ളിലാകുമെന്നത് പുതിയ അറിവൊന്നുമല്ല. കോളനി വാഴ്ചക്കാലത്തെ അധികാരദുരയുടെ പ്രേതങ്ങളാണ് സ്വതന്ത്ര്യ ഇന്ത്യയിലെ ജനാധിപത്യ(?) ഭരണകൂടങ്ങളെയും അതിന്റെ സംവിധാനങ്ങളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് എന്നതും പുതിയ വെളിപാടല്ല.
അധികാരത്തിന്റെ തേര്‍വാഴ്ചയ്ക്കെതിരെയും,ഭരണകൂട ഭീകരതയ്ക്കെതിരേയും,കേന്ദ്രീകൃത അഴിമതിക്കെതിരേയും ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പൗരന്റെ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടുന്നവരെയെല്ലാം ഭീകരവാദികളായും ദേശദ്രോഹികളായും മുദ്രകുത്തുന്നത് കോളനിവാഴ്ചയുടെ രീതിശാസ്ത്രമായിരുന്നെങ്കില്‍ ആ അശ്ലീലതയും മുഠാളത്തവും അതേപടി പകര്‍ത്തി മദിക്കുകയാണ്, ആതിരേ,വര്‍ത്തമാനകാല ഭരണകൂടങ്ങളും .
ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചാല്‍ ഉദാഹരണങ്ങള്‍ മാത്രമേ നമ്മുടെ ചുറ്റുമുള്ളൂ. ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന തെമ്മാടികള്‍ ജനാധിപത്യ വാദികളും അവരുടെ നടപടികള്‍ ചോദ്യം ചെയ്യുന്നവര്‍ ഭീകരവാദികളുമാകുന്ന വഷളത്തരമാണ് സമകാലിക ഇന്ത്യന്‍ ജനായത്ത ഭരണത്തിന്റെ മുഖമുദ്ര;ഇന്ത്യന്‍ പൊതുസമൂഹത്തിന് അഭിമുഖം നില്‍ക്കുന്ന ബീഭത്സത. . ടു ജി സ്പെക്ട്രവും കല്‍ക്കരിപ്പാടം ഇടപാടുകളുമൊക്കെയായി. കോണ്‍ഗ്രസും അതിന്റെ ഭരണകൂടസഖാക്കളും കോടികളടിച്ചു മാറ്റി സമ്മതിദായകരേയും നികുതിദായകരേയും ക്രൂരമായി കബളിപ്പിച്ച് അര്‍മാദിക്കുമ്പോള്‍ പഞ്ചപുച്ഛമടക്കി അതെല്ലാം സഹിക്കണമെന്നാണ് മന്‍മോഹനും മരുമകള്‍ ഗാന്ധിയും ആവശ്യപ്പെടുന്നത്. ഓര്‍മ്മയുണ്ടാകണം ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ആ കരാള ദിനങ്ങള്‍;കാളരാത്രികള്‍! . നാവടക്കൂ പണിയെടുക്കൂ എന്നായിരുന്നല്ലോ , അന്ന് അമ്മയിയമ്മ ഗാന്ധിയുടെ പൈശാചിക ഉദ്ബോധനം ആ പരീക്ഷണങ്ങളെയും പരിഷയേയും ധീരമായി നേരിട്ടാണ്, ആതിരേ, ഇന്ത്യന്‍ ജനാധിപത്യ- പൗരാവകാശ ബോധങ്ങള്‍ 2012-ല്‍ എത്തി നില്‍ക്കുന്നത്. എന്നാല്‍ ഈ വാസ്തവം തിരിച്ചറിയാനുള്ള വിവേകമില്ലാത്ത വിഢ്യാസുരന്മാരാണ് സമകാലിക ഭരണകര്‍ത്താക്കളും ചില ന്യാധിപന്മാരുമെന്ന് അടിവരയിട്ട് സ്ഥാപിക്കുന്നതാണ് അസിം ത്രിവേദിയുടെ അറസ്റ്റ്.
അഴിമതിക്കെതിരായി അണ്ണാ ഹസാരെ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും ആ സമരങ്ങളില്‍ ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടേയും ജനാധിപത്യത്തിന്റെയും വഷളായ മുഖങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ വരച്ചു കാട്ടുകയും ചെയ്തതാണ് അസിം ത്രിവേദി ചെയ്ത തെറ്റ്. ഈ കാര്‍ട്ടൂണുകള്‍ തന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത് ലോകമെമ്പാടുമുള്ള ജനാധിപത്യവാദികളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും ആദരം നേടി, അസിം ത്രിവേദി.
ആതിരേ, തന്റെ സമപ്രായക്കാരെല്ലാം അധികാരത്തിനും സമ്പത്തിനും സുഖഭോഗങ്ങള്‍ക്കും വെമ്പി ഉഴറുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല വികൃതമുഖത്തിന് നേരെ ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവും സമകാലീന സംഭവങ്ങളെ വിശകലനം ചെയ്യാനുള്ള വിവേകവും തിരിച്ചു പിടിച്ചപ്പോള്‍ ആ ദര്‍പ്പണത്തില്‍ അസിം ത്രിവേദി കണ്ട കാഴ്ചകള്‍ പ്രതിഷേധാര്‍ഹവും ക്ഷോഭജനകവുമായിരുന്നു.
അതാണ് ' ഗ്യാങ്ങ് റേപ്പ് ഓഫ് മദര്‍ ഇന്ത്യ ' എന്ന കാര്‍ട്ടൂണിന്റെ വികാരമായത്. ത്രിവര്‍ണ്ണ സാരിയുടുത്തു നില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോ ക്രാറ്റുകളും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു കാര്‍ട്ടൂണില്‍ അശോകസ്തംഭത്തിലെ സിംഹങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം കുറുക്കന്മാരെ ചിത്രീകരിച്ചതും പാര്‍ലമെന്റിനെ പബ്ലിക് ടോയ്‌ലറ്റായി വരച്ചതും അസിമിലെ കലഹിക്കുന്ന സത്യസന്ധതയായിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് അധികാരപ്പരിഷകള്‍ അസിം ത്രിവേദിയെ രാജ്യദ്രോഹിയായി മുദ്രകുത്തിയത്. ഒരു സ്വകാര്യ അന്യായത്തിന്റെ മറപിടിച്ച് മുംബൈ കോടതി,അസിമിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച 14 ദിവസത്തേക്ക് റിമാന്റ് ചെയ്തപ്പോള്‍ ആ പൗരാവകാശ വിരുദ്ധതയ്ക്ക് ജെയ് വിളിക്കുകയും ദേശീയ രാഷ്ട്രിയദുഷ്ടതയക്ക് ഹല്ലേലുയ്യ പാടുകയുമായിരുന്നു ആ ന്യായാധിപന്‍.
സമകാലിക ഇന്ത്യയില്‍ പൗരാവകാശ ബോധത്തോടും ജനാധിപത്യാവബോധത്തോടും ജീവിക്കുന്ന വിവേകങ്ങള്‍ക്ക് അസിമിന്റെ കാര്‍ട്ടൂണുകളിലെ വികാരത്തോടയല്ലാതെ ഭരണകൂടത്തിന്റെ കരാള നടപടികളെ വിലയിരുത്താനും അത് അഭിപ്രായങ്ങളില്‍ വിന്ന്യസിപ്പിക്കാനും കഴിയുകയില്ല, ആതിരേ. ഈ അഴിമതിഭരണം, അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കണമെന്നും ജനാധിപത്യം അതിന്റെ പുഷ്കലതയില്‍ പുലരണമെന്നും ആശിക്കുന്നത് തെറ്റാകുന്നത് ഭരണകൂടവും അതിന്റെ സഹസംവിധാനങ്ങളും ജനവിരുദ്ധവും, അമിതാധികാരഭ്രമവുമാകുമ്പോഴാണ്. .
കോളനി വാഴ്ചക്കാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഇന്ത്യന്‍ പൗരന്റെ മാന്യതയ്ക്കും സ്വയം ശീര്‍ഷത്വത്തിനുംവേണ്ടി വാദിച്ച, പോരാടിയ പ്രക്ഷോഭങ്ങള്‍ നയിച്ച മഹാത്മജി മുതലുള്ള ദശലക്ഷക്കണക്കിന് ദേശസ്നേഹികള്‍ ബ്രിട്ടന് ദേശദ്രോഹികളും ഭീകരവാദികളുമായിരുന്നു. മര്‍ദ്ദിച്ചും വെടിവച്ചും ജയിലിലടച്ചും ഇന്ത്യയുടെ ജനാധിപത്യ ബോധത്തെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അന്ന് ബ്രിട്ടന്‍ നടത്തിയ പരാജിതമായ അധികാരദുരയാണ് ഇന്ന് ഇന്ത്യയിലെ ജനാധിപത്യ ഭരണാധികാരികളെയും ചില ന്യായാധിപന്മാരെയും ഗ്രസിച്ചിരിക്കുന്നത്. അവരുടെ കണ്ണില്‍ പൗരാവകാശ സംരക്ഷണ സമരങ്ങളും ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളാണ്;ദേശദ്രോഹനടപടികളാണ്. ഈ കുടില മുന്‍വിധികളെ ന്യായീകരിക്കാന്‍ ഭരണഘടനയില്‍ തന്നെ വകുപ്പുകളും അവര്‍ക്കുണ്ട്. വ്യാഖ്യാനിച്ച് വഷളാക്കിയ അത്തരം വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് അസിം ത്രിവേദിക്കെതിരെ മുംബൈ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.
ആതിരേ,ഇന്ത്യന്‍ ശിക്ഷാ നിയമം 124(എ) ആണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടങ്ങളും ന്യായാസനങ്ങളും പൗരനെതിരെ പ്രയോഗിക്കുന്ന ഭീകരായുധം. ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷയാണ് ഈ വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഈ വകുപ്പിന്റെ പ്രയോഗത്തില്‍ നിശിതമായ നിഷ്കര്‍ഷ പുലര്‍ത്തണമെന്ന് പലവട്ടം സുപ്രീംകോടതി ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. പ്രസംഗങ്ങളിലൂടെയോ പ്രചാരണങ്ങളിലൂടെയോ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ പ്രക്ഷുബ്ധരാക്കി ഭരണകൂടത്തിനെതിരായി തിരിച്ച് വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നവരെ മാത്രമേ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാന്‍ പാടുള്ളൂ എന്നതാണ് സുപ്രീംകോടതിയുടെ കര്‍ശനമായ ഉത്തരവ്.
ആ വകുപ്പിന്റെയും സുപ്രീംകോടതി ഉത്തരവിന്റെയും ലംഘനവും പൗരാവകാശ ധ്വംസനവും അഭിപ്രായസ്വാതന്ത്ര്യത്തിന് ഇന്ത്യന്‍ ഭരണകൂടം ഉറപ്പു നല്‍കിയിട്ടുള്ള അവകാശാധികാരങ്ങളുടെ അവമതിക്കലുമാണ് അസിം ത്രിവേദിയുടെ അറസ്റ്റിലൂടെ മുംബൈ കോടതി നടത്തിയിരിക്കുന്നത് .ഉത്തമനായ പൗരന്റെ ചിന്താശേഷിയെയും ജനാധിപത്യ ബോധത്തെയും പൗരാവകാശ സംരക്ഷണ ത്വരയെയും ഇത്തരം കരിനിയമങ്ങള്‍ കൊണ്ടോ കിരാതമായ ഉത്തരവുകള്‍ കൊണ്ടോ അടിച്ചമര്‍ത്താനാവുമെന്നു കരുതുന്ന ഭരണകര്‍ത്താക്കളും ന്യായാധിപന്മാരുമാണ് ജനധിപത്യത്തിന്റെ കശാപ്പുകാര്‍,ഭീകരവാദിക;ദേശദ്രോഹികള്‍.ഇക്കൂട്ടരേയാണ് 124(എ)പ്രകാരം കേസെടുത്ത് തടങ്കല്‍പ്പളയത്തിലടയ്ക്കേണ്ടത്
മനുഷ്യമോചന ചരിത്രത്തില്‍ ഇത്തരം സന്ദിഗ്ധാവസ്ഥകളും അധികാര ഭ്രാന്തിന്റെ അഴിഞ്ഞാട്ടവും അതിനെതിരെയുള്ള വ്യക്തിയുടെയും സംഘങ്ങളുടെയും പ്രക്ഷോഭങ്ങളും വിജയങ്ങളും വെന്നിക്കൊടി പാറിച്ച സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അത്തരം ഒരു വിജയത്തിലേക്കായിരിക്കും അസിം ത്രിവേദിയുടെ തടവുകാലം പരിണമിക്കുക എന്നതില്‍ സന്ദേഹത്തിനിടമില്ല.എങ്കിലും അമിതാധികാരഭ്രമവും അഴിമതിഭരണവും നടത്തുന്ന ഇത്തരം നൃസംശതയ്ക്കെതിരെ സംഘം ചേരേണ്ടതുണ്ട്; അസിമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഭരണകൂട-ന്യായാസന ഭീകരതകള്‍ തകര്‍ക്കപ്പെടേണ്ടതുണ്ട്.അതു കൊണ്ട്, ആതിരേ പ്രതിഷേധിക്കുക;പ്രതികരിക്കുക.അതിലൂടെ നിങ്ങളിലെ നീതിബോധവും പൗരാവകാശ വിവേകവും ഉന്നിദ്രമാക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment