Friday, September 14, 2012
കൂടംകുളം:ഉത്തിഷ്ഠത,ജാഗ്രത;പ്രാപ്യവരാന്നിബോധത
ഇന്ധന പ്രതിസന്ധിയുടെ പേരില്‍ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കണമെന്ന് ഈ സര്‍ക്കാരുകള്‍ക്ക് എന്താണിത്ര നിര്‍ബന്ധം?! അവരെ തെരഞ്ഞെടുക്കുകയും നേതാക്കളായി വാഴിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുന്നതും ഭാവി തലമുറകളെപ്പോലും നിത്യദുരിതത്തിലേക്ക് തള്ളിയിടുന്നതുമായ ഇത്തരം ഭീകരപദ്ധതികള്‍ എന്തുകൊണ്ടാണ് നിസ്വജനതയുടെ ആവാസമേഖലയില്‍ തന്നെ ഇവരൊക്കെ നിര്‍മ്മിക്കുന്നത്? എന്തുകൊണ്ട് പാര്‍ലമെന്റിന് സമീപം അല്ലെങ്കില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്ക് സമീപം, സംസ്ഥാനത്തെ നിയമസഭാ മന്ദിരങ്ങള്‍ക്ക് സമീപം ഇത്തരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാത്തത് ?. അവിടങ്ങളില്‍ നിര്‍മ്മിച്ചാലും ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമല്ലോ. എന്നിട്ടും അതിന് തയ്യാറാകാതിരിക്കുന്നതിനു പിന്നില്‍ ചില സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ട്. ആ സുരക്ഷയും മാനദണ്ഡങ്ങളും എന്തുകൊണ്ട് സാധാരണ പൗരന്റെ കാര്യത്തില്‍ നിഷ്കര്‍ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല എന്ന് അന്വേഷിക്കുമ്പോഴാണ് പാശ്ചാത്യ മൂലധന ശക്തികളുടെ വാലാട്ടികളായി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടെ ഏറ്റവും നികൃഷ്ടവും പ്രതിഷേധാര്‍ഹവുമായ മുഖം നാം കണ്ടെത്തുക.
എംഗല്‍സില്‍നിന്ന് തുടങ്ങണം: "മുതലാളിത്തത്തിന്റെ ഒരു സവിശേഷത അത് നിലനില്‍ക്കുന്നത് പെരുങ്കള്ളങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച തൂണുകളിന്മേലാണ് എന്നതാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പടപ്പാട്ടു പാടി ജനിച്ചു വീണ ഈ വ്യവസ്ഥിതി മുതലാളിമാരുടെ സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് വാസ്തവത്തില്‍ പാടിയിരുന്നതെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു" (സോഷ്യലിസം: ശാസ്ത്രീയവും സാങ്കല്‍പികവും-ഫെഡറിക് എംഗല്‍സ്).
ആതിരേ,കൂടംകുളത്തുനിന്നുയരുന്ന നിലവിളികളും അതിജീവനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ പ്രക്ഷോഭവും പോലീസിന്റെ കിരാത ശക്തികൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ജയലളിത സര്‍ക്കാരും അതിന് പിന്തുണ നല്‍കുന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാരും ആണവ മാലിന്യങ്ങള്‍ മൂന്നാംലോക ജനതയുടെ പിടലിക്ക് കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുടെ പാദസേവകരാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
പൗരന്റെ ജീവനും സ്വത്തിനും മാന്യതയ്ക്കും ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന അവന് സുരക്ഷിതത്വത്തോടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നുണ്ട്. ഈ അവകാശത്തിന്റെ ലംഘനമാണ് കൂടംകുളത്ത് നടക്കുന്നത്. അതിനെതിരെ വിദ്യാവിഹീനരും നിസ്വരുമായ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനും തമിഴ്‌നാട്ടിലേയും കേരളത്തിലെയും ജനങ്ങളെ ഗ്രസിക്കാനിരിക്കുന്ന ആണവ ദുരന്തത്തിനെതിരെ പോരാടാനും മലയാളികള്‍ക്ക് ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. എന്നാല്‍, ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒഴിച്ച് മറ്റാരും ഈ വിഷയത്തില്‍ ഉത്കണ്ഠാകുലരല്ല എന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. തെരുവില്‍ പട്ടി ചത്തുവീണാല്‍ പ്രതികരിച്ചുകൊണ്ടിരുന്ന സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളെ കൂടംകുളം ഉയര്‍ത്തുന്ന അതിഭീകരമായ ഭീഷണിയുടെ വിഷയത്തില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ല എന്നത് മലയാളിയുടെ കാപട്യത്തിന്റെയും നിലനില്‍പ്പിനുവേണ്ടിയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും കാക്കപിടുത്തം നടത്തുന്ന ദുഷ്ടതയുടെയും കത്തുന്ന തെളിവുകളാണ്.
ആതിരേ,വികസനമെന്ന പേരില്‍ ഏത് കൊടും വിഷവും മാരണവും സാധാരണ ജനങ്ങളുടെ ജീവിതത്തിനുമേല്‍ കെട്ടിവയ്ക്കാമെന്ന അഹന്തയോടെയാണ് ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിരോധിച്ചും അവകാശങ്ങള്‍ കവര്‍ന്നെടുത്തും പൗരനെ വഞ്ചിക്കുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും ബീഭത്സമായ മുഖമാണ് കൂടംകുളത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആണവ റിയാക്ടര്‍ പ്ലാന്റ്.
ആതിരേ,ഇന്ധന പ്രതിസന്ധിയുടെ പേരില്‍ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കണമെന്ന് ഈ സര്‍ക്കാരുകള്‍ക്ക് എന്താണിത്ര നിര്‍ബന്ധം?! അവരെ തെരഞ്ഞെടുക്കുകയും നേതാക്കളായി വാഴിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുന്നതും ഭാവി തലമുറകളെപ്പോലും നിത്യദുരിതത്തിലേക്ക് തള്ളിയിടുന്നതുമായ ഇത്തരം ഭീകരപദ്ധതികള്‍ എന്തുകൊണ്ടാണ് നിസ്വജനതയുടെ ആവാസമേഖലയില്‍ തന്നെ ഇവരൊക്കെ നിര്‍മ്മിക്കുന്നത്? എന്തുകൊണ്ട് പാര്‍ലമെന്റിന് സമീപം അല്ലെങ്കില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്ക് സമീപം, സംസ്ഥാനത്തെ നിയമസഭാ മന്ദിരങ്ങള്‍ക്ക് സമീപം ഇത്തരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാത്തത് ?. അവിടങ്ങളില്‍ നിര്‍മ്മിച്ചാലും ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമല്ലോ. എന്നിട്ടും അതിന് തയ്യാറാകാതിരിക്കുന്നതിനു പിന്നില്‍ ചില സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ട്. ആ സുരക്ഷയും മാനദണ്ഡങ്ങളും എന്തുകൊണ്ട് സാധാരണ പൗരന്റെ കാര്യത്തില്‍ നിഷ്കര്‍ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല എന്ന് അന്വേഷിക്കുമ്പോഴാണ് പാശ്ചാത്യ മൂലധന ശക്തികളുടെ വാലാട്ടികളായി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടെ ഏറ്റവും നികൃഷ്ടവും പ്രതിഷേധാര്‍ഹവുമായ മുഖം നാം കണ്ടെത്തുക.
ആണവ നിലയങ്ങള്‍ ഓരോ ദേശവും വഹിക്കുന്ന ആറ്റംബോംബുകളായിരിക്കുമെന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ ഡി.ഡി.കൊസാംബി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുകയായിരുന്നു,ആതിരേ, റഷ്യയിലെ ചെര്‍ണോബിലിലും ജപ്പാനിലെ ഫുക്കുഷിമയിലും. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങളെ ഈ ആണവ നിലയങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കി ഭൂമുഖത്തുനിന്ന് തുടച്ചു നീക്കി. എന്നിട്ടും പാഠം പഠിക്കാന്‍ ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകുന്നില്ല. ഫുക്കുഷിമ അടക്കമുള്ള ദുരന്തങ്ങളും അപായങ്ങളും ദുരിതങ്ങളും കണ്ട് ഭയന്നു വിറച്ച് ജര്‍മ്മനി അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ആണവ നിലയങ്ങള്‍ ഡിസ്മാന്റില്‍ ചെയ്യാന്‍ തിടുക്കം കൂട്ടുമ്പോഴാണ് പൗരനെ വെടിവച്ചുകൊന്ന്, പൗരപ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ മന്‍മോഹന്‍ സിംഗും മാഡവും എ.കെ.ആന്റണിയും പ്രണാബ്കുമാര്‍ മുഖര്‍ജിയും ജയലളിതയുമൊക്കെ മത്സരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ആണവ മാലിന്യങ്ങള്‍ ഇവിടത്തെ സാധാരണക്കാരും ദരിദ്രരുമായ പൗരസമൂഹത്തിന്റെ തലയില്‍ കെട്ടിവച്ചെങ്കില്‍ മാത്രമേ വികസനം വരികയുള്ളൂ എന്ന് പുലമ്പുന്നവര്‍ യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വ ശക്തികളോട് സമരസപ്പെട്ട് പൗരന്മാരെ വഞ്ചിച്ച് കൊല്ലുന്ന ആരാച്ചര്‍മാര്‍ തന്നെയാണ്.
ആതിരേ,കൂടംകുളത്തെ ആണവ ഭീഷണിക്കെതിരെ അവിടത്തെ മത്സ്യത്തൊഴിലാളികളായ സാധാരണക്കാര്‍ നടത്തുന്ന പ്രക്ഷോഭം കേരളീയരായ നമ്മെ രക്ഷിക്കാന്‍ കൂടിയാണെന്ന യാഥാര്‍ത്ഥ്യം കാണാതെ പോകുന്നത് എന്തുകൊണ്ടാണ്. കൂടംകുളത്തു നിന്ന് ജയലളിത വസിക്കുന്ന ചെന്നൈ നഗരത്തിലേക്ക് ആണവ വിഗീരണങ്ങള്‍ എത്തുന്നതിന് മുന്‍പ് കേരളത്തിലാകെ ആണവ വിഗീരണത്തിന്റെ കൂട്ടക്കൊല നടന്നിരിക്കുമെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടാണ് വിദ്യാസമ്പന്നരായ മലയാളികള്‍ മനസ്സിലാക്കാതെ പോകുന്നത്. പ്രബുദ്ധതയുടെ കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയായ കേരളം കൂടംകുളത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ പരിസ്ഥിതി ബോധത്തിനു മുന്‍പില്‍ സഹജീവി സ്നേഹത്തിന് മുന്‍പില്‍ സംഘബോധത്തിനു മുന്‍പില്‍ ഭാവി തലമുറയെ സംരക്ഷിക്കാനുള്ള സത്യസന്ധമായ ആകാംക്ഷയ്ക്കു മുന്‍പില്‍ ലജ്ജിച്ചേ മതിയാകൂ.
ഇന്ത്യയെ വികസനത്തിന്റെ 'അഗ്നിച്ചിറകി'ലേറ്റി പറപ്പിക്കാന്‍ പുസ്തകമെഴുതിയ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ആണ് കൂടംകുളം ആണവ നിലയത്തിന് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് അറിയുമ്പോള്‍ നാം തിരിച്ചറിയേണ്ടത് സാമ്രാജ്യത്വ ശക്തികളുടെ നീരാളി കൈകള്‍ ഏതെല്ലാം വിധത്തില്‍ ആരിലെല്ലാം കൂടിയാണ് സാധാരണക്കാരായ നമ്മുടെയൊക്കെ സുരക്ഷിതത്വം നിറഞ്ഞ ജീവിതം എന്ന ആഗ്രഹത്തെ പിടിച്ചു മുറുക്കുന്നതെന്ന്! ഈ കൊടുംപാതകത്തിന് കൂട്ടുനില്‍ക്കുന്ന തമിഴ്‌നാട്ട് കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന പ്രതിരോധ സമരത്തില്‍ ഒപ്പം നില്‍ക്കാനും ആ പോരാട്ടത്തിന് ശക്തിപകരാനും നിര്‍ബന്ധിതരാണ് നാം ഓരോരുത്തരും. ഓര്‍ക്കുക നമ്മുടെ ദാരുണമരണം ഒഴിവാക്കാനാണ് കൂടംകുളത്തെ മത്സ്യത്തൊഴിലാളികള്‍ പോലീസന്റെ വെടിയേറ്റ് മരിക്കുന്നത്; ലാത്തിയടിയേറ്റ് ജീവച്ഛവങ്ങളായി മാറുന്നത്.
ഉത്തിഷ്ഠത,ജാഗ്രത;പ്രാപ്യവരാന്നിബോധത-ഉണരുക,എഴുന്നേല്‍ക്കുക,ലക്ഷ്യത്തിലെത്തും വരെ വിശ്രമിക്കാതിരിക്കുക എന്ന കഠോപനിഷത്തിലെ ആഹ്വാനം കൂടംകുളത്തേയും ദീര്‍ഘദര്‍ശനം ചെയ്തു കൊണ്ടായിരുന്നെന്ന് ആതിരേ,നീയെങ്കിലും മനസ്സിലാക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment