Wednesday, September 26, 2012

മൃത്യുവിനെയും തോല്‍പ്പിച്ച തിലകന്‍ താര ജാഡകള്‍ക്ക്‌ മുന്നില്‍ തോറ്റമ്പി

ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ മലയാളിക്ക്‌ ഒരുപാടൊരുപാട്‌ അസാധാരണ കഥാപാത്രങ്ങളെ സമ്മാനിച്ച ശേഷമാണ്‌ ജീവിതത്തില്‍ തന്റെ വേഷം തിലകന്‍ അഴിച്ചുവച്ചത്‌. മലയാള സിനിമയിലെ താരാധിപത്യത്തെ വെല്ലുവിളിച്ച പ്രതിഭയുടെ ആ ധിക്കാരത്തിന്‌, ശരീരഭാഷയുടെ അപാര സാധ്യതകള്‍ കൊണ്ട്‌ അരങ്ങിനെ കീഴടക്കിയ അഭിനയ പൂര്‍ണിമയ്ക്ക്‌, വിവാദങ്ങളില്‍പ്പോലും പൂത്തുലഞ്ഞ നടനവൈഭവത്തിന്‌ തിരസ്കാരങ്ങള്‍ക്ക്‌ തളര്‍ത്താനാവാത്ത ആ തന്റേടത്തിലകത്തിന്‌ ആദരം നിറഞ്ഞ അന്ത്യാഞ്ജലികള്‍.
മരണാനന്തര മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ്‌ തിലകന്‍ ഇപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്‌. ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ്‌ കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ്‌ ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്‌. തിലകന്‌ അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ്‌ വേണ്ടത്‌. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകന്‍." സംവിധായകന്‍ രഞ്ജിത്തിന്റെ ഈ നിരീക്ഷണം ,ആതിരേ,അക്ഷരം പ്രതി ശരിയാകുകയാണ്‌,ചാനലുകളിലെ താരദു:ഖപ്രകടനങ്ങളില്‍ ഹോ, ഇത്രയ്ക്കുണ്ടായിരുന്നല്ലെ,നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ക്കും അമ്മയുടെ നിയന്താക്കള്‍ക്കും ഉളുപ്പില്ലായ്മയും,തൊലിക്കട്ടിയും! ചാനല്‍ ചര്‍ച്ചകളില്‍,നല്ല നെയ്യില്‍ വറുത്തെടുത്ത വിശേഷണ-ബഹുമാന പദങ്ങള്‍ കൊണ്ട്‌ തിലകന്റെ മഹത്വവും നടന വൈഭവവും വിവരിച്ച്‌,തിലകനുമായി തനിക്കുണ്ടായിരുന്ന,( മറ്റാര്‍ക്കും ഇല്ലാതിരുന്ന ) ഹൃദയബന്ധം സൂചിപ്പിച്ച്‌ സൂപ്പര്‍ താരങ്ങള്‍ കപടവിരഹവേദന അഭിനയിക്കുന്നത്‌ കണ്ടപ്പോള്‍"ചത്തനെന്റേതെന്ന്‌ കൂറ്‌ ചേര്‍ക്കാന്‍ ചിലര്‍ ചാത്തിരാങ്കം നടത്തുന്നു" എന്ന നാറാണത്ത്‌ ഭ്രാന്തനിലെ വരികളാണോര്‍മ്മ വന്നത്‌ ഈ സൂപ്പര്‍ താരങ്ങളെ; താരസംഘടനഭാരവാഹികളെയോര്‍ത്ത്‌ നമുക്ക്‌ ലജ്ജിക്കാം-ബാസ്റ്റാര്‍ഡ്സ്‌. ആതിരേ,എന്നും ഒരു പോരാളിയായിരുന്നു തിലകന്‍. മരണത്തിനുപോലും തിലകനെ കീഴടക്കാന്‍ ഏറെ മല്ലിടേണ്ടി വന്നു. പക്ഷേ,മരണാനന്തരം സ്തുതിപാടുന്ന താര ജാഡകള്‍ക്കുമുന്നില്‍ ആ അതുല്യസ്വത്വപ്രഭാവന്‍ തോറ്റു തുന്നം പാടി! സ്വതന്ത്രമായ ചിന്തകളും ധിഷണാപരമായ നിലപാടുതറകളും സൂക്ഷിച്ചിരുന്ന തിലകന്‍ സ്വകാര്യ ജീവിതത്തിലും അഭിനയ ജീവിതത്തിലും മറ്റാര്‍ക്കും തുല്യം പറയാനാവാത്ത വ്യക്തിത്വമായിരുന്നു. എന്നും കലാരംഗത്തെ വ്യവസ്ഥാപിത പ്രവണതകളോട്‌ പടവെട്ടിയാണ്‌ നാടകരംഗം മുതല്‍ സിനിമ വരെയുള്ള അഭിനയ വേദികളെ തിലകന്‍ കീഴടക്കിയത്‌. നടനവേദികളിലെ മാമൂലുകളെ എതിര്‍ത്തതുകൊണ്ടും പൊയ്ക്കാലില്‍ നില്‍ക്കുന്ന താരാധിപത്യത്തെ ചോദ്യം ചെയ്തതുകൊണ്ടും എന്നും പലപ്പോഴുംവിവാദപുരുഷനും മുഖ്യധാരയില്‍ നിന്ന്‌ തിരസ്കൃതനുമായിരുന്നു ആ മഹാനടന്‍. എന്നാല്‍, ഈ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുമൊക്കെയായിരുന്നു തിലകന്‍ എന്ന വ്യക്തിയുടെയും നടന്റെയും അനുകരിക്കാനാവാത്ത സവിശേഷതയും വ്യക്തി വൈഭവവും. പോരാട്ടങ്ങളിലൂടെ ഉപരോധങ്ങളെ ഭേദിച്ചാണ്‌ ,ആതിരേ, മലയാള സിനിമയില്‍ മറ്റാര്‍ക്കും കൈയ്യടക്കാനാവാത്ത തന്റെ ഇടം തിലകന്‍ അടയാളപ്പെടുത്തിയത്‌. അസാമാന്യമായ ഈ അഭിനയ പ്രതിഭയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പകച്ചു പോയവരാണ്‌ വിവാദങ്ങളിലേക്ക്‌ തിലകനെ വലിച്ചിഴച്ച്‌, സംഘബലത്തില്‍ അദ്ദേഹത്തെ പാര്‍ശ്വവല്‍ക്കരിച്ച്‌ വിജയികളായി ഭാവിച്ചത്‌. എന്നാല്‍, മലയാള സിനിമയെയും നാടക വേദിയേയും ഇഷ്ടപ്പെടുന്ന ഒരാള്‍ പോലും ഒരിക്കല്‍ പോലും തിലകന്റെ നിലപാടുകളെ ചോദ്യം ചെയ്യുകയോ തള്ളികളയുകയോ ചെയ്തിരുന്നില്ല . ആ മഹാനടന്‌ മലയാളം നല്‍കിയ ബഹുമാനം എത്ര ഔന്നിത്യം നിറഞ്ഞതാണെന്ന്‌ ഇത്‌ ബോധ്യപ്പെടുത്തുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്കും ഉയര്‍ച്ചയ്ക്കും വേണ്ടി എന്ന പേരില്‍ രൂപംകൊടുത്ത അമ്മ എന്ന പൊയ്ക്കാല്‍ സംഘടന തിലകന്റെ അവസാന നിമിഷം വരെ അദ്ദേഹത്തിലെ നടനെ അകറ്റി നിര്‍ത്താനും ഒറ്റപ്പെടുത്തി നശിപ്പിക്കാനുമാണ്‌ ശ്രമിച്ചത്‌. കെട്ടുകാഴ്ചകളും ചായത്തേപ്പുകളുമായ ഒരു സംഘം അഭിനേതാക്കളുടെ ഇച്ഛയ്ക്കൊത്ത്‌ തുള്ളാന്‍ തിലകന്‍ തയ്യാറാകാതിരുന്നതാണ്‌ അദ്ദേഹത്തിനെതിരെ ഉപരോധം ചമയ്ക്കാന്‍ ഇവരെയൊക്കെ പ്രേരിപ്പിച്ചത്‌. വെടക്കാക്കി നശിപ്പിക്കാമെന്ന്‌ കരുതിയവരെ വെല്ലുവിളിച്ചുകൊണ്ട്‌ സിനിമ ഉപേക്ഷിച്ച്‌ വീണ്ടും തന്റെ തട്ടകമായ നാടകരംഗത്തേക്ക്‌ മടങ്ങി തന്റെ അഭിനയ പ്രതിഭയ്ക്ക്‌ പുതിയ പ്രദര്‍ശന വേദികള്‍ കണ്ടെത്തി സങ്കുചിത താരബോധങ്ങളെ വെല്ലുവിളിച്ച ആ ചങ്കൂറ്റത്തിന്‌ പകരം വയ്ക്കാന്‍ മറ്റൊരു വ്യക്തിത്വം ഇല്ല എന്നതാണ്‌ മലയാള സിനിമയുടെ ഏറ്റവും വലിയ ദുരന്തം; നഷ്ടം. തിലകന്‍ ജീവിച്ചിരുന്നപ്പോഴാണ്‌ അദ്ദേഹത്തെ ഒറ്റിക്കൊടുക്കാന്‍ തയ്യാറായി അക്ഷൗണികള്‍ തീര്‍ത്തവരുടെ നിരാസത ബോധ്യപ്പെടാന്‍ കഴിഞ്ഞത്‌. വേദിയിലെയും വെള്ളിത്തിരയിലെയും തിലകന്റെ സാന്നിദ്ധ്യത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പല സൂപ്പര്‍ താരങ്ങളുടെയും ചെമ്പു പുറത്താകുന്നതു കണ്ട്‌ കൈയ്യടിച്ചിട്ടുള്ളവരാണ്‌ മലയാള സിനിമ പ്രേക്ഷകര്‍. നല്ലതിനെ നല്ലതെന്ന്‌ ആദരിക്കാനും കെട്ടതിനെ കെട്ടതായി തിരസ്കരിക്കാനും മലയാളിക്കുള്ള ഈ കഴിവാണ്‌ പല സൂപ്പര്‍ താരങ്ങളുടെയും ബ്ലോക്‌ ബസ്റ്റര്‍ ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടാന്‍ കാരണം. അപ്പോഴും അഭിനയത്തിന്റെ അനന്യപൂര്‍ണിമയായ തിലകന്‍ തലയെടുപ്പോടു തന്നെ മലയാള സിനിമ വേദിയില്‍ വിരാജിച്ചിരുന്നു. ഇതില്‍ അസൂയപൂണ്ടവരാണ്‌ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുടെയും പിണ്ഡം വയ്ക്കലിന്റേയും ഉപജാപം നടത്തിയത്‌. ഇവരാണ്‌ ഇപ്പോള്‍ ചാനലുകളില്‍ കള്ളദുഃഖം അഭിനയിച്ച്‌ പച്ചക്കള്ളം പറയുന്നത്‌. "തിലകന്‍ എന്റെ സ്വകാര്യ അഹങ്കാരമെന്നും" "തിലകന്‍ എന്ന മഹാനടന്‍ മരിച്ചത്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും" "എനിക്ക്‌ ഏതെങ്കിലും ഒരു നടനോട്‌ അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത്‌ തിലകന്‍ മാത്രമാണെന്നും" "തിലകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായി കരുതുന്നുവെന്നും" "തിലകന്റെ നിര്യാണം കലാലോകത്തിന്‌ വന്‍ നഷ്ടമാണെന്നും" "തിലകന്‍ പകരം വയ്ക്കാന്‍ ആളില്ലാത്ത മലയാളത്തിന്റെ മഹാ നടനാണെന്നും" "താരതമ്യമില്ലാത്ത മഹാ നടനായിരുന്നുവെന്നും" "മലയാളിയുടെ മനസ്സില്‍ തൊട്ട നടനായിരുന്നു"മെന്നുമൊക്കെ ഉളുപ്പില്ലാതെ വിളമ്പുന്നത്‌. ഇത്‌ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ കൈയ്പ്പ്‌ നിറയുകയാണ്‌. മരണാനന്തര മഹത്വം പറയുന്ന ഈ നിസ്സാരന്മാര്‍ക്കിടയില്‍ തിലകനെപ്പോലെ അഭിനയത്തിലും വ്യക്തിത്വത്തിലും അനുപമമായ വൈശിഷ്ട്യം പുലര്‍ത്തിയ ഒരു നടന്‍ എങ്ങനെയാണ്‌ ജീവിച്ചതെന്ന്‌ അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. കുതികാല്‍ വെട്ടിന്റെയും കാക്കപിടുത്തത്തിന്റെയും ചതിക്കുഴി നിര്‍മ്മാണത്തിന്റെയും 916 ഹോള്‍മാര്‍ക്കുള്ള ഇവരൊക്കെയാണ്‌ തിലകനെ ഒതുക്കാന്‍ ശ്രമിച്ചത്‌. പക്ഷേ, പരാജയപ്പെട്ടത്‌ തിലകന്റെ ശത്രുക്കളും മരണവുമാണ്‌. മരണത്തിന്‌ പോലും തോല്‍പ്പിക്കാനാവാത്ത ഔന്നിത്യത്തിലാണ്‌ തിലകന്‍ എന്ന നടന്റെ അഭിനയ പ്രതിഭ. അതുകൊണ്ടു തന്നെ കാലം എത്ര കഴിഞ്ഞാലും മലയാളി തിലകനെ മറക്കുന്ന പ്രശ്നമേയില്ല. ഓര്‍ക്കണം,മരണാസന്നനായി രോഗക്കിടക്കയിലായിട്ടു പോലും തിലകന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പിന്‍വലിക്കാനുള്ള മാന്യതപോലും അമ്മയ്ക്കും അതിന്‌ അമ്മയെ പ്രേരിപ്പിക്കാനുള്ള ഔചിത്യം സൂപ്പര്‍ താരങ്ങള്‍ക്കും ഇല്ലാതെ പോയി.ഇല്ല ആതിരേ,ഈ ചതിയന്‍ ചന്തുമാരോട്‌ കലാകേരളം ക്ഷമിക്കുകയില്ല ആതിരേ,ഒരു ചട്ടക്കൂടിലും ഒതുങ്ങി നില്‍ക്കാതെ സത്യസന്ധവും നീതിബോധം നിറഞ്ഞതുമായ നിലപാടുകളിലൂടെയാണ്‌ തിലകന്‍ ജീവിച്ചതും നാടകരംഗത്തേക്കും സിനിമ രംഗത്തേക്കും കടന്നു വന്നതും. അതുകൊണ്ടു തന്നെ കാര്‍ക്കശ്യ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കുമില്ലാത്ത അയത്ന ലളിതമായ ശൈലി തിലകന്‌ സ്വന്തമായി ഉണ്ടായിരുന്നു. അനീതികള്‍ക്കെതിരെ ഗര്‍ജിക്കുന്ന കമ്യൂണിസ്റ്റുകാരനായി തുടങ്ങിയ അദ്ദേഹം അവസാനനിമിഷം വരെ ആ സ്ഥൈര്യവും ധൈര്യവും കൈവിട്ടില്ല . മുന്‍പ്‌ മരണത്തോട്‌ മല്ലിട്ട തിലകന്റെ ചരമവാര്‍ത്തയും എഡിറ്റോറിയലുമൊക്കെ തയ്യാറാക്കി വച്ച മാധ്യമ ധര്‍മങ്ങള്‍ക്കെതിരെ രോഗക്കിടക്ക വിട്ട്‌ എണീറ്റു വന്നപ്പോള്‍ ഗര്‍ജ്ജിക്കാന്‍ കഴിഞ്ഞത്‌ ഈ തനത്‌ സ്വഭാവ വിശേഷം കൊണ്ടായിരുന്നു. ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ മലയാളിക്ക്‌ ഒരുപാടൊരുപാട്‌ അസാധാരണ കഥാപാത്രങ്ങളെ സമ്മാനിച്ച ശേഷമാണ്‌ ജീവിതത്തില്‍ തന്റെ വേഷം തിലകന്‍ അഴിച്ചുവച്ചത്‌. മലയാള സിനിമയിലെ താരാധിപത്യത്തെ വെല്ലുവിളിച്ച പ്രതിഭയുടെ ആ ധിക്കാരത്തിന്‌, ശരീരഭാഷയുടെ അപാര സാധ്യതകള്‍ കൊണ്ട്‌ അരങ്ങിനെ കീഴടക്കിയ അഭിനയ പൂര്‍ണിമയ്ക്ക്‌, വിവാദങ്ങളില്‍പ്പോലും പൂത്തുലഞ്ഞ നടനവൈഭവത്തിന്‌ തിരസ്കാരങ്ങള്‍ക്ക്‌ തളര്‍ത്താനാവാത്ത ആ തന്റേടത്തിലകത്തിന്‌ ആദരം നിറഞ്ഞ അന്ത്യാഞ്ജലികള്‍. ഇനി ഈ വാര്‍ത്ത വായിക്കുക സൂപ്പര്‍ താരങ്ങള്‍ തിലകന്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയില്ല; തിലകന്‍റെ മരണത്തില്‍ ദുരൂഹതയെന്ന്‌ മകള്‍ ! തിരുവനന്തപുരത്തുണ്ടായിട്ടും പൃഥ്വിരാജും അവഗണിച്ചു ഹിമജ തിരുവനന്തപുരം:മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകള്‍ രംഗത്തെത്തിയത്‌ ആശയക്കുഴപ്പമുണ്ടാക്കി. മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട്‌ മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇടപെടുകയും കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാതെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. തിലകന്‌ ഭാര്യ സരോജത്തിലുണ്ടായ മകളാണ്‌ അച്ഛന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ചത്‌. മാത്രമല്ല, തിലകന്റെ മൃതദേഹം ഏതുവീട്ടിലേക്ക്‌ കൊണ്ടുപോകണമെന്നതിനെക്കുറിച്ചും തര്‍ക്കമുണ്ടായി. തിലകന്റെ പി ആര്‍ എസ്‌ കോര്‍ട്ടിലെ ഫ്ലാറ്റിലേക്ക്‌ കൊണ്ടുപോകണോ മകന്‍ ഷോബി തിലകന്റെ വീട്ടിലേക്ക്‌ കൊണ്ടുപോകണോ എന്നതായിരുന്നു തര്‍ക്കവിഷയം. മഹാനടനായ അച്ഛന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന മന്ത്രി ഗണേഷിന്റെ ഉപദേശം ഒടുവില്‍ എല്ലാവരും അംഗീകരിക്കുകയായിരുന്നു. ആദ്യം ഷമ്മിയുടെ വീട്ടിലേക്കും പിന്നീട്‌ പി ആര്‍ എസ്‌ കോര്‍ട്ടിലേക്കും കൊണ്ടുപോയതിന്‌ ശേഷമാണ്‌ തിലകന്റെ ഭൗതിക ശരീരം വി ജെ ടി ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ചത്‌. അതേസമയം സിനിമാ ലോകത്തെ വിലക്കുകളും വെല്ലുവിളികളും അതിജീവിച്ച്‌ മലയാളത്തിന്റെ പ്രിയപ്പെട്ട താരമായി മാറിയ തിലകന്‍ വിടപറഞ്ഞപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ മലയാളത്തിന്റെ കൊലകൊമ്പന്‍മാരായ സൂപ്പര്‍താരങ്ങളാരുമെത്തിയില്ല. ടിവി ചാനലുകളില്‍ പലരും കണ്ണീരൊഴിക്കിയെങ്കിലും നേരിട്ടെത്താന്‍ അവസാനമായി ഒന്നും കാണാന്‍ എന്തുകൊണ്ടായിരുന്നു താരങ്ങള്‍ എത്താതിരുന്നത്‌. തിലകന്റെ മരണത്തോടെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം അന്ത്യേപചാരമര്‍പ്പിക്കാന്‍ എത്തുമ്പോള്‍ രൂക്ഷമാകുമോ എന്ന ആശങ്കയാണ്‌ പലരും എത്താതിരുന്നതിന്‌ കാരണമായി പറയുന്നത്‌. തിലകന്റെ മൃതദേഹം പൊതു ദര്‍ശനത്തിന്‌ വച്ചിട്ടും മലയാള സിനിമയിലെ പല പ്രമുഖരും ആ വഴി തിരിഞ്ഞു പോലും നോക്കാതിരുന്നത്‌ തലസ്ഥാനത്തും ചര്‍ച്ചയായി. മോഹന്‍ലാല്‍,മമ്മൂട്ടി, ദിലീപ്‌, ജയറാം, സുരേഷ്‌ ഗോപി, പൃഥ്വിരാജ്‌ തുടങ്ങിയവരാരും തിലകനെ കാണാന്‍ വന്നില്ല. അന്തിമോപചാരമര്‍പ്പിക്കാന്‍ സിനിമാക്കാരേക്കാള്‍ കൂടുതലായി എത്തിയത്‌ രാഷ്ട്രീയക്കാരാണെന്നതും ശ്രദ്ധിക്കപ്പെട്ടു. തിലകന്‍ ആശുപത്രിയിലുന്നപ്പോള്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാനുമൊത്ത്‌ കണ്ടിരുന്നു.. 'സെല്ലുലോയ്ഡി'ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും പൃഥ്വിരാജ്‌ ആശുപത്രിയില്‍ പോയിരുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തിലകന്റെ പിന്തുണയും വാത്സല്യവും കിട്ടിയ നടനാണ്‌ പൃഥ്വിരാജ്‌. മരണത്തിലും സൂപ്പര്‍ താരങ്ങള്‍ തിലകനെ ഭയപ്പെട്ടിരുന്നു എന്നുവേണം കരുതാന്‍. എന്ത്‌ കൊണ്ട്‌ സൂപ്പര്‍താരങ്ങള്‍ എത്തിയില്ല എന്ന ചോദ്യത്തിന്‌ ഇതൊന്നും മറുപടിയാകില്ല. ആയിരങ്ങളുടെ സ്നേഹവായ്പ്പോടെ മലയാളത്തിന്റെ മഹാനടന്‍ യാത്രയായിട്ടും മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ഈ അവഗണന മലയാളികള്‍ക്ക്‌ മറക്കാന്‍ കഴിയുമോ? അഭിനേതാക്കളായ മധു, മണിയന്‍പിള്ള രാജു, പ്രതാപ്‌ പോത്തന്‍, നന്ദു, കൊല്ലം തുളസി, ജി.കെ.പിള്ള, മനോജ്‌ കെ.ജയന്‍, അശോകന്‍, ബാലചന്ദ്രമേനോന്‍, , ധന്യ മേരി വര്‍ഗീസ്‌, നെടുമുടി വേണു, സിതാര, പൂജപ്പുര രവി, പൂജപ്പുര രാധാകൃഷ്ണന്‍, മേനക, രജിത്‌ മേനോന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, മേക്കപ്മാന്‍ പട്ടണം റഷീദ്‌ തുടങ്ങിയവര്‍ മാത്രമാണ്‌ തിലകന്‌ അന്ത്യോദകം അര്‍പ്പിക്കാനെത്തിയത്‌

No comments: